ലോകത്തിന്റെ രഹസ്യഭരണാധിപൻ വെളിപ്പെട്ടിരിക്കുന്നു
യേശു ഒരിക്കൽ ആളുകളോട് പറഞ്ഞു: “ഈ ലോകത്തിന്റെ അധിപതിയെ പുറന്തള്ളും.” പിന്നീട് അവൻ: ‘ഈ ലോകത്തിന്റെ അധിപതിക്ക് എന്റെമേൽ ഒരധികാരവുമില്ല,’ ‘ഈ ലോകത്തിന്റെ അധിപതി വിധിക്കപ്പെട്ടിരിക്കുന്നു’ എന്നെല്ലാം പറയുകയുണ്ടായി. (യോഹന്നാൻ 12:31; 14:30; 16:11) ആരെക്കുറിച്ചാണ് യേശു ഇവിടെ പരാമർശിച്ചത്?
“ഈ ലോകത്തിന്റെ അധിപതി”യെക്കുറിച്ച് യേശു പറഞ്ഞ കാര്യങ്ങളിൽനിന്ന് അവൻ തന്റെ പിതാവായ യഹോവയാംദൈവത്തെ പരാമർശിക്കുകയായിരുന്നില്ല എന്നു വ്യക്തം. അപ്പോൾപ്പിന്നെ ആരാണ് “ഈ ലോകത്തിന്റെ അധിപതി?” എങ്ങനെയാണ് അവൻ “പുറന്തള്ള”പ്പെടുന്നത്? അവൻ “വിധിക്കപ്പെട്ടി”രിക്കുന്നത് എങ്ങനെ?
“ഈ ലോകത്തിന്റെ അധിപതി” സ്വയം വെളിപ്പെടുത്തുന്നു
അതിവിദഗ്ധനായ ഒരു കുറ്റവാളി പലപ്പോഴും തന്റെ ശക്തിയിൽ ഊറ്റംകൊള്ളാറുണ്ട്. ദൈവപുത്രനായ യേശുവിനെ പരീക്ഷിച്ചപ്പോൾ പിശാചും അതുതന്നെയാണ് ചെയ്തത്. “സകല രാജ്യങ്ങളും” യേശുവിനെ കാണിച്ചുകൊണ്ട്, “ഈ സകല അധികാരവും അവയുടെ മഹത്ത്വവും ഞാൻ നിനക്കു തരാം; എന്തെന്നാൽ ഇതെല്ലാം എനിക്കു നൽകപ്പെട്ടിരിക്കുന്നു; എനിക്ക് ഇഷ്ടമുള്ളവനു ഞാൻ അതു കൊടുക്കുകയും ചെയ്യുന്നു. ആകയാൽ നീ എന്റെ മുമ്പാകെ വീണ് എന്നെയൊന്നു നമസ്കരിച്ചാൽ ഇതെല്ലാം നിന്റേതാകും” എന്ന് പിശാച് പറഞ്ഞു.—ലൂക്കോസ് 4:5-7.
ചില ആളുകൾ പറയുന്നതുപോലെ, പിശാച് ഒരു വ്യക്തിയുടെ മനസ്സിൽ കുടികൊള്ളുന്ന തിന്മയാണെങ്കിൽ യേശുവിന് ഉണ്ടായ പ്രലോഭനത്തെ എങ്ങനെ വിശദീകരിക്കും? തന്നിലുണ്ടായിരുന്ന ഏതെങ്കിലും ദുഷ്ചിന്തയാൽ അല്ലെങ്കിൽ സ്നാനശേഷം തന്റെ ഉള്ളിലുണ്ടായ ഏതെങ്കിലും വികാരവിക്ഷോഭത്താൽ യേശു പ്രലോഭിതനാകുകയായിരുന്നോ? അങ്ങനെയായിരുന്നെങ്കിൽ, “അവനിൽ പാപം ഇല്ല” എന്ന് എങ്ങനെ പറയാൻ കഴിയും? (1 യോഹന്നാൻ 3:5) മനുഷ്യവർഗത്തിന്മേലുള്ള പിശാചിന്റെ അധികാരം യേശു നിഷേധിച്ചില്ല. പകരം അവനെ “കൊലപാതകി,” “ഭോഷ്കാളി” എന്നെല്ലാം വിളിച്ചുകൊണ്ട് അവൻ “ഈ ലോകത്തിന്റെ അധിപതി”യാണെന്ന കാര്യം സ്ഥിരീകരിക്കുകയാണ് യേശു ചെയ്തത്.—യോഹന്നാൻ 14:30; 8:44.
യേശുവും പിശാചും തമ്മിലുണ്ടായ കൂടിക്കാഴ്ച കഴിഞ്ഞ് അറുപതിലേറെ വർഷങ്ങൾക്കുശേഷം, യോഹന്നാൻ അപ്പൊസ്തലൻ പിശാചിന്റെ വശീകരണശക്തിയെക്കുറിച്ച് ക്രിസ്ത്യാനികളെ ഇപ്രകാരം ഓർമിപ്പിച്ചു: “സർവലോകവും ദുഷ്ടന്റെ അധീനതയിൽ കിടക്കുന്നു.” ആ ദുഷ്ടനെക്കുറിച്ച് “ഭൂതലത്തെ മുഴുവൻ വഴിതെറ്റിക്കുന്ന”വനെന്നും യോഹന്നാൻ എഴുതി. (1 യോഹന്നാൻ 5:19; വെളിപാട് 12:9) അതെ, അദൃശ്യനായ ഒരു ആത്മവ്യക്തിയാണ് “ഈ ലോകത്തിന്റെ അധിപതി” എന്ന് ബൈബിൾ വ്യക്തമാക്കുന്നു. എന്നാൽ അവൻ തനിച്ചാണോ പ്രവർത്തിക്കുന്നത്?
ലോകാധിപതി അധികാരം പങ്കുവെക്കുന്നു
വിശ്വാസത്തിനുവേണ്ടിയുള്ള ക്രിസ്ത്യാനികളുടെ പോരാട്ടത്തെക്കുറിച്ച് പറഞ്ഞപ്പോൾ അവരുടെ ക്രൂരരായ ശത്രുക്കൾ ആരാണെന്ന് പൗലോസ് അപ്പൊസ്തലൻ സ്പഷ്ടമാക്കി. “നമുക്കു പോരാട്ടമുള്ളത് മാംസരക്തങ്ങളോടല്ല, വാഴ്ചകളോടും അധികാരങ്ങളോടും ഈ അന്ധകാരത്തിന്റെ ലോകാധിപതികളോടും സ്വർലോകങ്ങളിലെ ദുഷ്ടാത്മസേനകളോടുമത്രേ,” അവൻ പറഞ്ഞു. (എഫെസ്യർ 6:12) ക്രിസ്ത്യാനികൾക്കുള്ള ഈ പോരാട്ടം മാനുഷതലത്തിൽമാത്രം ഒതുങ്ങിനിൽക്കുന്നതല്ല. കാരണം പോരാട്ടം നടത്തേണ്ടത് “മാംസരക്തങ്ങളോടല്ല” പകരം “ദുഷ്ടാത്മസേന”കളോടാണ്.
“ദുഷ്ടാത്മസേന”കളെന്ന് പരാമർശിച്ചിരിക്കുന്നത് മനസ്സിലെ തിന്മയെയല്ല മറിച്ച് അതിശക്തരായ ദുഷ്ട ആത്മവ്യക്തികളെയാണ് എന്ന് മിക്ക ആധുനികകാല ബൈബിൾ ഭാഷാന്തരങ്ങളും സൂചിപ്പിക്കുന്നു. ഉദാഹരണത്തിന്, ചില ബൈബിൾ ഭാഷാന്തരങ്ങൾ ഇതിനെ “സ്വർഗ്ഗീയ ഇടങ്ങളിൽ വർത്തിക്കുന്ന തിൻമയുടെ ദുരാത്മാക്കൾ” (പി.ഒ.സി. ബൈബിൾ), “സ്വർല്ലോകങ്ങളിലെ ദുഷ്ടാത്മസേന” (സത്യവേദപുസ്തകം) എന്നൊക്കെ പരിഭാഷപ്പെടുത്തിയിരിക്കുന്നു. അതെ, തന്റെ ഉദ്ദേശ്യം നടപ്പാക്കാൻ പിശാച് “തങ്ങൾക്കായുള്ള വാസസ്ഥലം” വിട്ടുപോന്ന മത്സരികളായ ദൂതന്മാരെയും ഉപയോഗിച്ചുകൊണ്ടിരിക്കുന്നു.—യൂദാ 6.
പുരാതനകാലംമുതൽ ഈ ‘ലോകാധിപതികൾ’ ഭൂമിയുടെമേൽ അധികാരം പ്രയോഗിച്ചിരിക്കുന്നത് എങ്ങനെയെന്ന് ദാനീയേൽ എന്ന പ്രാവചനിക ബൈബിൾ പുസ്തകം വെളിപ്പെടുത്തുന്നുണ്ട്. ബി.സി. 537-ൽ ബാബിലോണിയൻ പ്രവാസത്തിൽനിന്ന് യെരുശലേമിലേക്കു മടങ്ങിപ്പോയ യഹൂദന്മാരെക്കുറിച്ച് ദാനീയേൽ വളരെയധികം വ്യാകുലപ്പെട്ടു. അവർക്കുവേണ്ടി മൂന്നാഴ്ച പ്രാർഥനകഴിച്ച അവനെ ബലപ്പെടുത്താൻ ദൈവം ഒരു ദൂതനെ അയയ്ക്കുകയുണ്ടായി; എന്നാൽ ദാനീയേലിന്റെ അടുക്കൽ എത്താൻ വൈകിയ ദൂതൻ അതിന്റെ കാരണം അവനോട് വിശദീകരിക്കുന്നത് ഇങ്ങനെയാണ്: “പാർസിരാജ്യത്തിന്റെ പ്രഭു ഇരുപത്തൊന്നുദിവസം എന്നോടു എതിർത്തുനിന്നു.”—ദാനീയേൽ 10:2, 13.
ആരായിരുന്നു ഈ “പാർസിരാജ്യത്തിന്റെ പ്രഭു?” പേർഷ്യൻ രാജാവായ കോരെശിനെയല്ല ദൂതൻ ഇവിടെ പരാമർശിച്ചത് എന്നു വ്യക്തമാണ്. കാരണം ദാനീയേലും അവന്റെ ജനവും ആ സമയത്ത് രാജാവിന്റെ പ്രീതിക്കു പാത്രമായിരുന്നു. ഇനി, ഒരു രാത്രികൊണ്ട് ശൂരന്മാരായ 1,85,000 പോരാളികളെ വധിച്ചത് ഒരൊറ്റ ദൂതനാണെന്ന് ഓർക്കുക! (യെശയ്യാവു 37:36) ആ സ്ഥിതിക്ക്, ഒരു മനുഷ്യരാജാവിന് ഒരു ആത്മവ്യക്തിയോട് മൂന്നാഴ്ച എങ്ങനെ ചെറുത്തുനിൽക്കാൻ കഴിയും? അതുകൊണ്ട്, ദൂതനോട് എതിരിട്ടുനിന്ന “പാർസിരാജ്യത്തിന്റെ പ്രഭു” പിശാചിന്റെ ഒരു പ്രതിനിധിയായിരുന്നിരിക്കണം; അതായത്, പേർഷ്യൻ സാമ്രാജ്യത്തിന്മേൽ നിയന്ത്രണമുണ്ടായിരുന്ന ഒരു ദുഷ്ടദൂതൻ. തുടർന്നുള്ള വിവരണത്തിൽ, തനിക്ക് ഒരിക്കൽക്കൂടി “പാർസിരാജ്യത്തിന്റെ പ്രഭു”വിനോടും അതിനുശേഷം മറ്റൊരു ഭൂതപ്രഭുവായ “യവനപ്രഭു”വിനോടും പോരാടേണ്ടതുണ്ടെന്ന് ദൈവത്തിന്റെ ദൂതൻ പറയുന്നു.—ദാനീയേൽ 10:20.
ഇതിൽനിന്നെല്ലാം എന്താണ് വെളിവാകുന്നത്? അദൃശ്യരായ ‘ലോകാധിപതികൾ’ അതായത് ഭൂതപ്രഭുക്കന്മാർ സ്ഥിതിചെയ്യുന്നു. അവർ തങ്ങളുടെ നേതാവായ പിശാചായ സാത്താന്റെ അധികാരത്തിൻകീഴിൽ ഈ ലോകത്തിന്റെ നിയന്ത്രണം പങ്കിട്ടെടുത്തിരിക്കുകയാണ്. പക്ഷേ എന്താണ് അവരുടെ ലക്ഷ്യം?
ലോകാധിപതി തന്റെ നയം വെളിപ്പെടുത്തിയിരിക്കുന്നു
ബൈബിളിലെ അവസാന പുസ്തകമായ വെളിപാടിൽ പ്രധാനദൂതനായ മീഖായേൽ എന്ന നിലയിൽ യേശു പിശാചിനെയും അവന്റെ ഭൂതങ്ങളെയും പരാജയപ്പെടുത്തുന്നതായി യോഹന്നാൻ അപ്പൊസ്തലൻ വിവരിക്കുന്നു. അവരെ സ്വർഗത്തിൽനിന്ന് തള്ളിക്കളഞ്ഞതിന്റെ ദാരുണഫലങ്ങളെക്കുറിച്ച് യോഹന്നാൻ പറയുന്നത് ശ്രദ്ധിക്കുക: ‘ഭൂമിക്ക് അയ്യോ കഷ്ടം! പിശാച് തനിക്ക് അൽപ്പകാലമേയുള്ളൂ എന്നറിഞ്ഞ് മഹാക്രോധത്തോടെ നിങ്ങളുടെ അടുക്കലേക്ക് ഇറങ്ങിവന്നിരിക്കുന്നു.’—വെളിപാട് 12:9, 12.
എങ്ങനെയാണ് പിശാച് തന്റെ മഹാക്രോധം പ്രകടമാക്കിയിരിക്കുന്നത്? ഗത്യന്തരമില്ലാതെ വരുമ്പോൾ ഏതു മാർഗവും സ്വീകരിക്കാൻ കുറ്റവാളികൾക്ക് മടികാണില്ല. സമാനമായി, പിശാചും അവന്റെ ഭൂതങ്ങളും ‘ഭരിക്കുക അല്ലെങ്കിൽ മുടിക്കുക’ എന്ന നയമാണ് സ്വീകരിച്ചിരിക്കുന്നത്. തങ്ങൾ നശിക്കുന്നതിനോടൊപ്പം ഭൂമിയെയും അതിലെ നിവാസികളെയും നശിപ്പിക്കാൻ അവർ നിശ്ചയിച്ചുറച്ചിരിക്കുന്നു. തനിക്ക് അൽപ്പകാലമേയുള്ളൂ എന്ന് അറിയാവുന്ന പിശാച് തന്റെ നിയന്ത്രണത്തിലുള്ള ഒരു മുഖ്യഘടകത്തെ, അതായത് വൻബിസിനസ്സുകളെ ഇതിനായി ഉപയോഗിച്ചുകൊണ്ടാണിരിക്കുന്നത്. ഇതിലൂടെ, സാധനങ്ങൾ വാങ്ങിക്കൂട്ടുക എന്ന ഉപഭോക്തൃസംസ്കാരത്തിന്റെ ഭ്രാന്തമായ ത്വര ആളുകളിൽ ഉളവാക്കുന്നതിൽ അവൻ വിജയിച്ചിരിക്കുന്നു. പ്രകൃതിവിഭവങ്ങളുടെ ശോഷണത്തിനും പരിസ്ഥിതിയുടെ നാശത്തിനും ഇത് വഴിതെളിച്ചിരിക്കുന്നു. അങ്ങനെ മനുഷ്യവർഗത്തിന്റെ നിലനിൽപ്പുതന്നെ ഇപ്പോൾ ഭീഷണിയിലാണ്.—വെളിപാട് 11:18; 18:11-17.
അധികാരത്തോടുള്ള പിശാചിന്റെ ദുര മാനവചരിത്രത്തിന്റെ തുടക്കംമുതൽ രാഷ്ട്രീയ-മത ഘടകങ്ങളിലും ദൃശ്യമാണ്. പിശാച് ‘വലിയ അധികാരം’ കൊടുത്തിരിക്കുന്ന കാട്ടുമൃഗമായിട്ടാണ് രാഷ്ട്രീയ ശക്തികളെ വെളിപാട് പുസ്തകം ചിത്രീകരിച്ചിരിക്കുന്നത്. മതവും രാഷ്ട്രീയവും തമ്മിലുള്ള അവിശുദ്ധബന്ധത്തെ ആത്മീയ വ്യഭിചാരമായും ഈ പുസ്തകം പരാമർശിക്കുന്നു. (വെളിപാട് 13:2; 17:1, 2) കഴിഞ്ഞ നൂറ്റാണ്ടുകളിൽ ദശലക്ഷങ്ങളുടെ ജീവൻ അപഹരിച്ച യുദ്ധം, അടിമത്തം, അടിച്ചമർത്തൽ, വംശീയ പോരാട്ടങ്ങൾ എന്നിവയെക്കുറിച്ചൊന്ന് ചിന്തിക്കുക. മനുഷ്യചരിത്രത്തിന്റെ ഏടുകളിൽ കളങ്കം ചാർത്തിയ ഇത്തരം ഞെട്ടിപ്പിക്കുന്ന സംഭവങ്ങൾ വെറും സാധാരണ മനുഷ്യന്റെ പ്രവൃത്തികളാണെന്ന് സത്യസന്ധമായി ആർക്കെങ്കിലും പറയാനാകുമോ? അതോ അദൃശ്യ ആത്മവ്യക്തികളുടെ കരുനീക്കങ്ങളാണോ ഇവയ്ക്കുപിന്നിൽ?
മാനുഷ നേതാക്കളുടെയും ലോകശക്തികളുടെയും പിന്നിൽനിന്ന് ചരടുവലിക്കുന്ന വ്യക്തിയെ ബൈബിൾ തുറന്നുകാട്ടുന്നു. അറിഞ്ഞോ അറിയാതെയോ മാനവസമൂഹം ആ ഭരണാധികാരിയുടെ മനോഭാവവും ‘ഭരിക്കുക അല്ലെങ്കിൽ മുടിക്കുക’ എന്ന നയവുമാണ് പ്രതിഫലിപ്പിക്കുന്നത്. എന്നാൽ ഇനി എത്രനാൾകൂടി മനുഷ്യവർഗം പിശാചിന്റെ ഭരണത്തിൻകീഴിൽ ദുരിതം അനുഭവിക്കേണ്ടിവരും?
പിശാചിന്റെ മരണമണി മുഴങ്ങിയിരിക്കുന്നു!
പിശാചിന്റെയും അവന്റെ ഭൂതങ്ങളുടെയും അന്ത്യം സമീപമാണെന്ന് ഭൂമിയിലായിരുന്നപ്പോഴുള്ള യേശുവിന്റെ പ്രവർത്തനങ്ങൾ സൂചിപ്പിച്ചു. അദൃശ്യരായ ഭൂതാത്മാക്കളെ പുറത്താക്കിയ ശിഷ്യന്മാർ അക്കാര്യം യേശുവിനോട് വിവരിച്ചപ്പോൾ അവൻ അവരോട് ഇങ്ങനെ പറഞ്ഞു: “സാത്താൻ ആകാശത്തുനിന്നു മിന്നൽപോലെ വീണതു ഞാൻ കണ്ടു.” (ലൂക്കോസ് 10:18) ഈ വാക്കുകൾ പറഞ്ഞപ്പോൾ, ലോകത്തിന്റെ അധിപതിയുടെമേലുള്ള തന്റെ ഭാവിവിജയം, അതായത് സ്വർഗാരോഹണം ചെയ്തശേഷം പ്രധാനദൂതനായ മീഖായേൽ എന്നനിലയിൽ താൻ ചെയ്യേണ്ടിയിരുന്നത് യേശു മനസ്സിൽക്കാണുകയായിരുന്നു. (വെളിപാട് 12:7-9) സാത്താന്റെമേലുള്ള ഈ ജയിച്ചടക്കൽ 1914-ൽ അല്ലെങ്കിൽ അധികം താമസിയാതെ സ്വർഗത്തിൽ നടന്നെന്ന് ബൈബിൾ പ്രവചനങ്ങളെക്കുറിച്ചുള്ള സമഗ്രപഠനം തെളിയിക്കുന്നു.a
അന്നുമുതൽ, തന്റെ അന്ത്യം സമീപമാണെന്ന് പിശാചിന് അറിയാം. ‘സർവലോകവും അവന്റെ അധീനതയിൽ’ ആണെങ്കിലും അവന്റെ നിയന്ത്രണത്തിന് വഴിപ്പെടാതെയിരിക്കുന്ന ദശലക്ഷങ്ങൾ ഇന്നുണ്ട്; എന്തിനും തുനിഞ്ഞിറങ്ങിയിരിക്കുന്ന അവന്റെ ഉഗ്രശ്രമങ്ങൾക്കുപോലും അവരെ സ്വാധീനിക്കാൻ കഴിഞ്ഞിട്ടില്ല. കാരണം, ബൈബിൾ അവന്റെ തനിനിറവും തന്ത്രങ്ങളും അവർക്ക് മറനീക്കിക്കൊടുത്തിരിക്കുന്നു. (2 കൊരിന്ത്യർ 2:11) സഹക്രിസ്ത്യാനികളോടുള്ള പൗലോസ് അപ്പൊസ്തലന്റെ ഈ വാക്കുകൾ അവർക്ക് പ്രത്യാശ പകരുന്നു: “സമാധാനം നൽകുന്ന ദൈവം ഉടൻതന്നെ സാത്താനെ നിങ്ങളുടെ കാൽക്കീഴെ ചതച്ചുകളയും.”b—റോമർ 16:20.
ഉടൻതന്നെ പിശാച് നശിപ്പിക്കപ്പെടും! ക്രിസ്തുവിന്റെ സ്നേഹനിർഭരമായ ഭരണത്തിൻകീഴിൽ നീതിഹൃദയരായ ആളുകൾ ദൈവത്തിന്റെ പാദപീഠമായ ഭൂമിയെ ഒരു പറുദീസയാക്കി മാറ്റും. ക്രൂരതയും വിദ്വേഷവും അത്യാഗ്രഹവും എല്ലാം എന്നേയ്ക്കുമായി പൊയ്പ്പോകും. “മുമ്പിലെത്തവ ആരും ഓർക്കുകയില്ല.” (യെശയ്യാവു 65:17) ഈ ലോകത്തിന്റെ രഹസ്യ ഭരണാധിപനിൽനിന്നും അവന്റെ അധികാരത്തിൽനിന്നും സ്വതന്ത്രരാകുന്നവർക്ക് എത്ര വലിയ ആശ്വാസമായിരിക്കും അത്! (w11-E 09/01)
[അടിക്കുറിപ്പുകൾ]
a ഈ വർഷത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്തകത്തിന്റെ 215-218 പേജുകൾ കാണുക.
b പിശാചിന്റെ അന്തിമനാശത്തെക്കുറിച്ചുള്ള ബൈബിളിലെ ആദ്യപ്രവചനമായ ഉല്പത്തി 3:15-ന്റെ പ്രതിധ്വനിയാണ് പൗലോസിന്റെ ഈ വാക്കുകൾ. ആ സംഭവം വിവരിക്കാൻ പൗലോസ് ഉപയോഗിച്ചിരിക്കുന്ന ഗ്രീക്ക് പദത്തിന്റെ അർഥം “തകർത്തു തരിപ്പണമാക്കുക, പൊടിച്ചുകളയുക, ഛിന്നഭിന്നമാക്കുക” എന്നൊക്കെയാണ്.—വൈൻസ് കംപ്ലിറ്റ് എക്സ്പോസിറ്ററി ഡിക്ഷണറി ഓഫ് ഓൾഡ് ആൻഡ് ന്യൂ ടെസ്റ്റമെന്റ് വേർഡ്സ്.
[29-ാം പേജിലെ ആകർഷക വാക്യം]
ക്രിസ്തുവിന്റെ സ്നേഹനിർഭരമായ ഭരണത്തിൻകീഴിൽ നീതിഹൃദയരായ ആളുകൾ ഭൂമിയെ ഒരു പറുദീസയാക്കി മാറ്റും