അധ്യായം പതിമൂന്ന്
രണ്ടു രാജാക്കന്മാർ പോരാട്ടത്തിൽ
1, 2. ദാനീയേൽ 11-ാം അധ്യായത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രവചനത്തിൽ നാം തത്പരർ ആയിരിക്കേണ്ടത് എന്തുകൊണ്ട്?
പരമാധികാരത്തിനു വേണ്ടിയുള്ള അതിതീവ്രമായ ഒരു മത്സരത്തിൽ രണ്ടു ശത്രു രാജാക്കന്മാർ പരസ്പരം ഏറ്റുമുട്ടുന്നു. വർഷങ്ങൾ കടന്നുപോകവെ, അവർ മാറിമാറി മേധാവിത്വം നേടുന്നു. ചില അവസരങ്ങളിൽ, ഒരുവൻ പരമാധികാരിയായി ഭരിക്കുമ്പോൾ മറ്റവൻ നിഷ്ക്രിയനാകുന്നു, പോരാട്ടം ഇല്ലാത്ത കാലഘട്ടങ്ങളുമുണ്ട്. എന്നാൽ, അപ്പോൾ പെട്ടെന്നു മറ്റൊരു യുദ്ധം പൊട്ടിപ്പുറപ്പെടുന്നു, പോരാട്ടം തുടരുകയും ചെയ്യുന്നു. ഈ നാടകത്തിൽ സിറിയൻ രാജാവായ സെല്യൂക്കസ് ഒന്നാമൻ നൈക്കേറ്റർ, ഈജിപ്ഷ്യൻ രാജാവായ ടോളമി ലാഗസ്, സിറിയൻ രാജകുമാരിയും ഈജിപ്ഷ്യൻ റാണിയുമായ ഒന്നാം ക്ലിയോപാട്ര, റോമൻ ചക്രവർത്തിമാരായ അഗസ്റ്റസ്, തീബെര്യൊസ്, പാൽമൈറയിലെ രാജ്ഞിയായ സെനോബിയ എന്നിവർ പങ്കെടുക്കുന്നു. പോരാട്ടം അതിന്റെ അവസാനത്തോട് അടുക്കവെ നാസി ജർമനി, കമ്മ്യൂണിസ്റ്റ് രാഷ്ട്രങ്ങളുടെ ചേരി, ആംഗ്ലോ-അമേരിക്കൻ ലോകശക്തി, സർവരാജ്യസഖ്യം, ഐക്യരാഷ്ട്രങ്ങൾ എന്നിവയും അതിൽ ഉൾപ്പെട്ടിരിക്കുന്നു. എന്നാൽ, ഈ നാടകത്തിന്റെ പരിസമാപ്തി പ്രസ്തുത രാഷ്ട്രീയ ഘടകങ്ങളൊന്നും മുൻകൂട്ടി കാണാത്ത ഒന്നാണ്. ഏതാണ്ട് 2,500 വർഷം മുമ്പ് യഹോവയുടെ ദൂതൻ ദാനീയേലിനോട് ഈ ആവേശജനകമായ പ്രവചനം പ്രഖ്യാപിച്ചു.—ദാനീയേൽ 11-ാം അധ്യായം.
2 വരാനിരുന്ന രണ്ടു രാജാക്കന്മാർക്കിടയിലെ മത്സരം ദൂതൻ വിശദമായി തനിക്കു വെളിപ്പെടുത്തിയപ്പോൾ ദാനീയേൽ എത്ര പുളകിതൻ ആയിരുന്നിരിക്കണം! ആ നാടകം നമുക്കും താത്പര്യജനകമാണ്. കാരണം, ആ രണ്ടു രാജാക്കന്മാർ തമ്മിലുള്ള അധികാര വടംവലി നമ്മുടെ നാളിലേക്കും നീളുന്നു. ആ പ്രവചനത്തിന്റെ ആദ്യ ഭാഗം സത്യമായിരുന്നെന്നു ചരിത്രം പ്രകടമാക്കിയിരിക്കുന്നത് എങ്ങനെയെന്നു പരിശോധിക്കുന്നത് ആ പ്രാവചനിക വിവരണത്തിന്റെ അവസാന ഭാഗത്തിന്റെ നിവൃത്തിയുടെ സുനിശ്ചിതത്വത്തിലുള്ള നമ്മുടെ വിശ്വാസവും ഉറപ്പും ബലിഷ്ഠമാക്കും. ഈ പ്രവചനത്തിനു ശ്രദ്ധ കൊടുക്കുന്നത്, കാലത്തിന്റെ നീരൊഴുക്കിൽ നാം എവിടെ ആണെന്നുള്ളതു സംബന്ധിച്ചു വ്യക്തമായ ഒരു വീക്ഷണം നൽകും. ദൈവം നമുക്കുവേണ്ടി പ്രവർത്തിക്കാൻ നാം ക്ഷമാപൂർവം കാത്തിരിക്കവെ, പ്രസ്തുത പോരാട്ടത്തിൽ നിഷ്പക്ഷരായി നിലകൊള്ളാനുള്ള നമ്മുടെ ദൃഢനിശ്ചയത്തെ അതു ബലിഷ്ഠമാക്കുകയും ചെയ്യും. (സങ്കീർത്തനം 146:3, 5) അതുകൊണ്ട് യഹോവയുടെ ദൂതൻ ദാനീയേലിനോടു സംസാരിക്കുമ്പോൾ നമുക്കു സൂക്ഷ്മ ശ്രദ്ധ കൊടുക്കാം.
ഗ്രീസിന് എതിരെ
3. “മേദ്യനായ ദാര്യാവേശിന്റെ ഒന്നാം ആണ്ടിൽ” ആരെയാണു ദൂതൻ പിന്തുണച്ചത്?
3 “ഞാനോ മേദ്യനായ ദാര്യാവേശിന്റെ ഒന്നാം ആണ്ടിൽ [പൊ.യു.മു. 539/538] അവനെ ഉറപ്പിപ്പാനും ബലപ്പെടുത്തുവാനും എഴുന്നേററുനിന്നു” എന്ന് ദൂതൻ പറഞ്ഞു. (ദാനീയേൽ 11:1) ദാര്യാവേശ് അതിനോടകം മരിച്ചു പോയിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ വാഴ്ചയെയാണ് ഈ പ്രാവചനിക സന്ദേശത്തിന്റെ ആരംഭ ഘട്ടമായി ദൂതൻ പരാമർശിക്കുന്നത്. ദാനീയേലിനെ സിംഹങ്ങളുടെ ഗുഹയിൽനിന്നു പുറത്തു കൊണ്ടുവരാൻ കൽപ്പിച്ചത് ആ രാജാവായിരുന്നു. തന്റെ പ്രജകൾ എല്ലാവരും ദാനീയേലിന്റെ ദൈവത്തെ ഭയപ്പെടണമെന്നും ദാര്യാവേശ് കൽപ്പിച്ചിരുന്നു. (ദാനീയേൽ 6:21-27) എന്നിരുന്നാലും, ദാര്യാവേശിനെ അല്ല, മറിച്ച് തന്റെ കൂട്ടാളിയും ദാനീയേലിന്റെ ജനത്തിന്റെ പ്രഭുവുമായ മീഖായേലിനെ പിന്തുണയ്ക്കാൻ വേണ്ടിയാണ് ആ ദൂതൻ എഴുന്നേറ്റുനിന്നത്. (ദാനീയേൽ 10:12-14 താരതമ്യം ചെയ്യുക.) മേദോ-പേർഷ്യയുടെ ഭൂതപ്രഭുവുമായി മീഖായേൽ ഏറ്റുമുട്ടിയപ്പോഴായിരുന്നു ദൈവ ദൂതൻ ഈ പിന്തുണ നൽകിയത്.
4, 5. പേർഷ്യയിലെ മുൻകൂട്ടി പറയപ്പെട്ട നാലു രാജാക്കന്മാർ ആരെല്ലാം ആയിരുന്നു?
4 ദൈവ ദൂതൻ തുടർന്നു: “പാർസിദേശത്തു ഇനി മൂന്നു രാജാക്കന്മാർ എഴുന്നേല്ക്കും; നാലാമത്തവൻ എല്ലാവരിലും അധികം ധനവാനായിരിക്കും; അവൻ ധനംകൊണ്ടു ശക്തിപ്പെട്ടുവരുമ്പോൾ എല്ലാവരെയും യവനരാജ്യത്തിന്നു നേരെ ഉദ്യോഗിപ്പിക്കും.” (ദാനീയേൽ 11:2) ആരായിരുന്നു ഈ പേർഷ്യൻ ഭരണാധിപന്മാർ?
5 മഹാനായ കോരെശ്, കാംബിസസ്സ് രണ്ടാമൻ, ദാര്യാവേശ് ഒന്നാമൻ എന്നിവരായിരുന്നു ആദ്യത്തെ മൂന്നു രാജാക്കന്മാർ. ബാർഡിയ (അല്ലെങ്കിൽ ഒരുപക്ഷേ ഗുമാട്ടാ എന്ന പേരോടു കൂടിയ ഒരു നാട്യക്കാരൻ) ഭരണം നടത്തിയത് വെറും ഏഴു മാസം മാത്രം ആയിരുന്നതിനാൽ പ്രവചനം അദ്ദേഹത്തിന്റെ ഹ്രസ്വകാല ഭരണത്തെ പരിഗണനയിൽ എടുത്തില്ല. പൊ.യു.മു. 490-ൽ മൂന്നാമത്തെ രാജാവായ ദാര്യാവേശ് ഒന്നാമൻ രണ്ടാം തവണ ഗ്രീസിനെ കീഴടക്കാൻ ശ്രമിച്ചു. പക്ഷേ, മാരത്തോണിൽ വെച്ച് നിർണായക പരാജയം ഏറ്റുവാങ്ങിയ പേർഷ്യക്കാർ ഏഷ്യാമൈനറിലേക്കു പിൻവാങ്ങി. ഗ്രീസിന് എതിരെ വീണ്ടും ഒരു സൈനിക നടപടിക്കു ദാര്യാവേശ് ശ്രദ്ധാപൂർവകമായ ഒരുക്കങ്ങൾ നടത്തിയെങ്കിലും തന്റെ മരണത്തിനു മുമ്പ്—നാലു വർഷം കഴിഞ്ഞപ്പോൾ ദാര്യാവേശ് മരണമടഞ്ഞു—അതു നടപ്പാക്കാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല. അത് ഇപ്പോൾ അദ്ദേഹത്തിന്റെ പുത്രനും പിൻഗാമിയും ‘നാലാമത്തെ’ രാജാവുമായ സെർക്സിസിനെ ആശ്രയിച്ചിരുന്നു. എസ്ഥേറിനെ വിവാഹം കഴിച്ച അഹശ്വേരോശ് രാജാവായിരുന്നു അദ്ദേഹം.—എസ്ഥേർ 1:1; 2:15-17.
6, 7. (എ) നാലാമത്തെ രാജാവ് “എല്ലാവരെയും യവനരാജ്യത്തിന്നു നേരെ ഉദ്യോഗിപ്പി”ച്ചത് എങ്ങനെ? (ബി) ഗ്രീസിന് എതിരെയുള്ള സെർക്സിസിന്റെ സൈനിക നീക്കത്തിന്റെ ഫലം എന്തായിരുന്നു?
6 സെർക്സിസ് ഒന്നാമൻ “എല്ലാവരെയും യവനരാജ്യത്തിന്നു”—സ്വതന്ത്ര ഗ്രീക്കു രാഷ്ട്രങ്ങളുടെ കൂട്ടത്തിന്—“നേരെ ഉദ്യോഗിപ്പിക്കു”കതന്നെ ചെയ്തു. “ഉത്കർഷേച്ഛുക്കളായ രാജസേവകരുടെ പ്രേരണയാൽ സെർക്സിസ് കരയിലൂടെയും കടലിലൂടെയും ഒരു കടന്നാക്രമണം നടത്തി” എന്ന് മേദ്യരും പേർഷ്യരും—ജയിച്ചടക്കലുകാരും നയതന്ത്രവിദഗ്ധരും (ഇംഗ്ലീഷ്) എന്ന പുസ്തകം പറയുന്നു. “മറ്റൊരു യുദ്ധ പ്രയാണത്തിനും ഇതിനെ കടത്തിവെട്ടാനാകില്ല” എന്ന് പൊ.യു.മു. അഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഗ്രീക്കു ചരിത്രകാരനായ ഹിറോഡോട്ടസ് എഴുതുന്നു. ആ നാവിക സേനയിൽ “മൊത്തം 5,17,610 പേർ ഉണ്ടായിരുന്നു” എന്ന് അദ്ദേഹത്തിന്റെ രേഖ പറയുന്നു. “കാലാളിന്റെ എണ്ണം 17,00,000-ഉം അശ്വഭടന്മാരുടെ എണ്ണം 80,000-ഉം ആയിരുന്നു. ഒട്ടകപ്പുറത്തു സഞ്ചരിച്ചിരുന്ന അറബികളെയും തേരിൽനിന്നു യുദ്ധം ചെയ്തിരുന്ന ലിബിയക്കാരെയും അതിൽ ഉൾപ്പെടുത്തേണ്ടതാണ്. അവർ 20,000 പേർ വരുമെന്നാണ് എന്റെ കണക്കുകൂട്ടൽ. അതുകൊണ്ട് കര-നാവിക സേനകളിലായി മൊത്തം 23,17,610 പടയാളികൾ ഉണ്ടായിരുന്നു.”
7 പൊ.യു.മു. 480-ൽ സെർക്സിസ് ഒന്നാമൻ സമ്പൂർണമായ ജയിച്ചടക്കൽ ലക്ഷ്യം വെച്ചുകൊണ്ട് ഗ്രീസിന് എതിരെ തന്റെ വമ്പിച്ച സേനയെ അയച്ചു. തെർമൊപ്പിലെയിൽ വെച്ച് ഗ്രീക്കുകാരുടെ കാലതാമസം വരുത്തൽ തന്ത്രത്തെ അതിജീവിച്ച പേർഷ്യക്കാർ ഏഥൻസിൽ സംഹാരതാണ്ഡവമാടി. എന്നാൽ സലമീസിൽ അവർക്കു കനത്ത പരാജയം നേരിട്ടു. പൊ.യു.മു. 479-ൽ പ്ലാറ്റേയിൽവെച്ച് ഗ്രീക്കുകാർ മറ്റൊരു വിജയംകൂടെ നേടി. സെർക്സിസിനു ശേഷം പേർഷ്യൻ സാമ്രാജ്യത്തിന്റെ സിംഹാസനത്തിൽ എത്തിയ ഏഴു രാജാക്കന്മാരിൽ ഒരുവൻപോലും, 143 വർഷം നീണ്ട ആ കാലയളവിൽ ഗ്രീസിനെ ആക്രമിച്ചില്ല. എന്നാൽ അപ്പോൾ ശക്തനായ ഒരു രാജാവ് ഗ്രീസിൽ അധികാരത്തിൽ വന്നു.
ഒരു വലിയ രാജ്യം നാലായി വിഭജിക്കപ്പെട്ടു
8. ‘വിക്രമനായ ഏതു രാജാവാ’ണ് എഴുന്നേറ്റത്, അദ്ദേഹം “വലിയ അധികാരത്തോടെ വാണ”തെങ്ങനെ?
8 “പിന്നെ വിക്രമനായൊരു രാജാവു എഴുന്നേല്ക്കും; അവൻ വലിയ അധികാരത്തോടെ വാണു ഇഷ്ടംപോലെ പ്രവർത്തിക്കും” എന്നു ദൂതൻ പറഞ്ഞു. (ദാനീയേൽ 11:3) പൊ.യു.മു. 336-ൽ, ഇരുപതുകാരനായ അലക്സാണ്ടർ മാസിഡോണിയയിലെ രാജാവായി ‘എഴുന്നേറ്റു.’ അദ്ദേഹം ‘വിക്രമനായൊരു രാജാവ്’—മഹാനായ അലക്സാണ്ടർ—ആയിത്തീർന്നു. തന്റെ പിതാവായ ഫിലിപ്പ് രണ്ടാമന്റെ ഒരു പദ്ധതിയാൽ പ്രേരിതനായി അദ്ദേഹം മധ്യപൂർവ ദേശത്തെ പേർഷ്യൻ പ്രവിശ്യകൾ പിടിച്ചെടുത്തു. 47,000 പേർ അടങ്ങിയ അദ്ദേഹത്തിന്റെ സൈന്യം യൂഫ്രട്ടീസ്-ടൈഗ്രീസ് നദികൾ കടന്ന് ഗ്വാഗാമെലയിൽവെച്ച് ദാര്യാവേശ് മൂന്നാമന്റെ 2,50,000 പേർ അടങ്ങിയ സൈന്യത്തെ നാലുപാടും ചിതറിച്ചു. അതേത്തുടർന്ന് ദാര്യാവേശ് പലായനം ചെയ്യുകയും വധിക്കപ്പെടുകയും ചെയ്തു. അങ്ങനെ പേർഷ്യൻ രാജവംശം അവസാനിച്ചു. ഗ്രീസ് ഇപ്പോൾ ലോകശക്തി ആയിത്തീർന്നു. അലക്സാണ്ടർ ‘വലിയ അധികാരത്തോടെ വാണ് ഇഷ്ടംപോലെ പ്രവർത്തിച്ചു.’
9, 10. അലക്സാണ്ടറിന്റെ രാജ്യം ‘അവന്റെ അനന്തരഗാമികൾക്ക് ലഭിക്കയില്ല’ എന്നുള്ള പ്രവചനം സത്യമെന്നു തെളിഞ്ഞത് എങ്ങനെ?
9 അലക്സാണ്ടറിന്റെ ലോകഭരണാധിപത്യം ഹ്രസ്വകാലത്തേക്ക് ആയിരിക്കണമായിരുന്നു. കാരണം ദൈവത്തിന്റെ ദൂതൻ ഇങ്ങനെ കൂട്ടിച്ചേർത്തു: “അവൻ ഉയർന്നുവന്ന ശേഷം അവന്റെ രാജ്യം ഛിന്നഭിന്നമായി ആകാശത്തിലെ നാലു കാറ്റിലേക്കും ചിതറിപ്പോകും. അവന്റെ അനന്തരഗാമികൾക്ക് അതു ലഭിക്കയില്ല. അവന്റെ അധികാരം അതിന് ഉണ്ടാവുകയുമില്ല. കാരണം, അത് ഉന്മൂലനം ചെയ്യപ്പെട്ട് അന്യാധീനമാകും.” (ദാനീയേൽ 11:4, NIBV) പൊ.യു.മു. 323-ൽ ബാബിലോണിൽ വെച്ചു പെട്ടെന്നു രോഗബാധിതൻ ആയിത്തീർന്ന അലക്സാണ്ടർ 33 വയസ്സു തികയും മുമ്പേ മരണമടഞ്ഞു.
10 അലക്സാണ്ടറിന്റെ വിശാലമായ സാമ്രാജ്യം “അവന്റെ അനന്തരഗാമികൾക്ക്” ലഭിച്ചില്ല. അദ്ദേഹത്തിന്റെ സഹോദരനായ ഫിലിപ്പ് മൂന്നാമൻ അറീഡിയസ് ഏഴു വർഷത്തിൽ കുറഞ്ഞകാലം ഭരിച്ചു. എന്നാൽ പൊ.യു.മു. 317-ൽ, അലക്സാണ്ടറിന്റെ അമ്മയായ ഒളിമ്പിയസിന്റെ അഭ്യർഥനപ്രകാരം അദ്ദേഹം വധിക്കപ്പെട്ടു. അലക്സാണ്ടറിന്റെ പുത്രനായ അലക്സാണ്ടർ നാലാമൻ പൊ.യു.മു. 311 വരെ ഭരണം നടത്തി. ആ വർഷം, തന്റെ പിതാവിന്റെ ജനറൽമാരിൽ ഒരുവനായിരുന്ന കസ്സാണ്ടറിന്റെ കൈകളാൽ അദ്ദേഹം വധിക്കപ്പെട്ടു. അലക്സാണ്ടറിന്റെ അവിഹിത പുത്രനായിരുന്ന ഹിറാക്ലിസ് തന്റെ പിതാവിന്റെ പേരിൽ ഭരണം നടത്താൻ ശ്രമിച്ചെങ്കിലും പൊ.യു.മു. 309-ൽ അവനും വധിക്കപ്പെട്ടു. അങ്ങനെ അലക്സാണ്ടറിന്റെ രാജവംശം അവസാനിച്ചു, “അവന്റെ രാജ്യം” അവന്റെ കുടുംബത്തിൽനിന്നു കൈവിട്ടു പോയി.
11. അലക്സാണ്ടറിന്റെ രാജ്യം “ആകാശത്തിലെ നാലു കാറ്റിലേക്കും ചിതറിപ്പോ”യത് എങ്ങനെ?
11 അലക്സാണ്ടറിന്റെ മരണത്തെ തുടർന്ന്, അവന്റെ രാജ്യം ‘ആകാശത്തിലെ നാലു കാറ്റിലേക്കും ചിതറിപ്പോയി.’ പ്രദേശങ്ങൾ പിടിച്ചെടുക്കാനുള്ള ശ്രമത്തിൽ അദ്ദേഹത്തിന്റെ പല ജനറൽമാരും പരസ്പരം പോരാടി. ഒറ്റക്കണ്ണനായ ജനറൽ ആന്റിഗോണസ് ഒന്നാമൻ അലക്സാണ്ടറിന്റെ മുഴു സാമ്രാജ്യവും തന്റെ നിയന്ത്രണത്തിലാക്കാൻ ശ്രമിച്ചു. എന്നാൽ പ്രുഗ്യയിലെ ഇപ്സെസിൽവെച്ചു നടന്ന ഒരു യുദ്ധത്തിൽ അദ്ദേഹം കൊല്ലപ്പെട്ടു. പൊ.യു.മു. 301-ഓടെ അലക്സാണ്ടറിന്റെ ജനറൽമാരിൽ നാലുപേർ, തങ്ങളുടെ കമാൻഡർ വെട്ടിപ്പിടിച്ച വിശാലമായ പ്രദേശത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിൽ അധികാരം കൈയാളിയിരുന്നു. കസ്സാണ്ടർ മാസിഡോണിയയും ഗ്രീസും ഭരിച്ചു. ലൈസിമാക്കസ് ഏഷ്യാമൈനറിന്റെയും ത്രാസിന്റെയും നിയന്ത്രണം കയ്യടക്കി. സെല്യൂക്കസ് ഒന്നാമൻ നൈക്കേറ്റർ മെസൊപ്പൊത്താമ്യയും സിറിയയും കൈവശമാക്കി. ടോളമി ലാഗസ് ഈജിപ്തിലും പാലസ്തീനിലും വാഴ്ച നടത്തി. പ്രാവചനിക വചനം സത്യമെന്നു തെളിയിച്ചുകൊണ്ട്, അലക്സാണ്ടറിന്റെ വലിയ സാമ്രാജ്യം നാലു യവന രാജ്യങ്ങളായി വിഭജിക്കപ്പെട്ടു.
രണ്ട് ശത്രു രാജാക്കന്മാർ ഉയർന്നു വരുന്നു
12, 13. (എ) നാലു യവന രാജ്യങ്ങൾ രണ്ടായി ചുരുങ്ങിയത് എങ്ങനെ? (ബി) സെല്യൂക്കസ് സിറിയയിൽ സ്ഥാപിച്ച രാജവംശം ഏത്?
12 അധികാരത്തിൽ വന്ന് ഏതാനും വർഷം കഴിഞ്ഞപ്പോൾ കസ്സാണ്ടർ മരിച്ചു. പൊ.യു.മു. 285-ൽ ലൈസിമാക്കസ് ഗ്രീക്കു സാമ്രാജ്യത്തിന്റെ യൂറോപ്യൻ ഭാഗം കൈവശമാക്കി. പൊ.യു.മു. 281-ൽ സെല്യൂക്കസ് ഒന്നാമൻ നൈക്കേറ്ററുമായുള്ള യുദ്ധത്തിൽ ലൈസിമാക്കസ് കൊല്ലപ്പെട്ടു. അങ്ങനെ സെല്യൂക്കസിന് ഏഷ്യാറ്റിക് പ്രദേശങ്ങളിൽ ഭൂരിഭാഗത്തിന്റെയും മേൽ നിയന്ത്രണം ലഭിച്ചു. പൊ.യു.മു. 276-ൽ, അലക്സാണ്ടറിന്റെ ജനറൽമാരിൽ ഒരുവന്റെ പൗത്രനായ ആന്റിഗോണസ് രണ്ടാമൻ ഗോണാറ്റസ് മാസിഡോണിയൻ സിംഹാസനത്തിൽ അവരോധിതനായി. കാലക്രമത്തിൽ, റോമിന്റെ ആശ്രിത രാജ്യമായിത്തീർന്ന മാസിഡോണിയ പൊ.യു.മു. 146-ൽ ഒരു റോമൻ പ്രവിശ്യയായി.
13 ആ നാലു യവന രാജ്യങ്ങളിൽ രണ്ടെണ്ണം മാത്രമാണ് ഇപ്പോൾ പ്രബല രാജ്യങ്ങളായി അവശേഷിച്ചത്—സെല്യൂക്കസ് ഒന്നാമൻ നൈക്കേറ്ററിന്റെയും ടോളമി ലാഗസിന്റെയും കീഴിലുള്ള രാജ്യങ്ങൾ. സെല്യൂക്കസ് സിറിയയിൽ സെല്യൂസിഡ് രാജവംശം സ്ഥാപിച്ചു. അദ്ദേഹം സ്ഥാപിച്ച നഗരങ്ങളിൽ പെടുന്നവയാണ് അന്ത്യോക്യയും സെല്യൂക്യാ തുറമുഖ നഗരവും. അന്ത്യോക്യ ആയിരുന്നു സിറിയയുടെ പുതിയ തലസ്ഥാനം. പിൽക്കാലത്ത് പൗലൊസ് അപ്പൊസ്തലൻ അന്ത്യോക്യയിൽ പഠിപ്പിച്ചിരുന്നു. അവിടെ വെച്ചാണ് യേശുവിന്റെ അനുഗാമികൾ ആദ്യമായി ക്രിസ്ത്യാനികൾ എന്നു വിളിക്കപ്പെടാൻ ഇടയായത്. (പ്രവൃത്തികൾ 11:25, 26; 13:1-4) പൊ.യു.മു. 281-ൽ സെല്യൂക്കസ് വധിക്കപ്പെട്ടു. എന്നാൽ അദ്ദേഹത്തിന്റെ രാജവംശം പൊ.യു.മു. 64 വരെ ഭരണം നടത്തി. അന്ന് റോമൻ ജനറൽ ഗ്നിയസ് പോംപി സിറിയയെ റോമൻ പ്രവിശ്യയാക്കി.
14. ടോളമി രാജവംശം ഈജിപ്തിൽ സ്ഥാപിതമായത് എന്ന്?
14 പൊ.യു.മു. 305-ൽ രാജപദവി നേടിയ ടോളമി ലാഗസിന്റെ അഥവാ ടോളമി ഒന്നാമന്റെ രാജ്യമായിരുന്നു ആ നാലു യവന രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ കാലം നിലനിന്നത്. അദ്ദേഹം സ്ഥാപിച്ച ടോളമി രാജവംശം, പൊ.യു.മു. 30-ൽ ഈജിപ്ത് റോമിന് അടിയറവു പറയുന്നതുവരെ അവിടെ ഭരണം നടത്തി.
15. നാലു യവന രാജ്യങ്ങളിൽനിന്ന് ഉദയം ചെയ്ത രണ്ടു രാജാക്കന്മാർ ആരായിരുന്നു, അവർ ഏതു പോരാട്ടം ആരംഭിച്ചു?
15 അങ്ങനെ, ആ നാലു യവന രാജ്യങ്ങളിൽ നിന്ന് ശക്തരായ രണ്ടു രാജാക്കന്മാർ ഉയർന്നു വന്നു—സിറിയയിൽ സെല്യൂക്കസ് ഒന്നാമൻ നൈക്കേറ്ററും ഈജിപ്തിൽ ടോളമി ഒന്നാമനും. ദാനീയേൽ പുസ്തകം 11-ാം അധ്യായത്തിൽ വിവരിച്ചിരിക്കുന്ന, “വടക്കേദേശത്തെ രാജാ”വും “തെക്കേദേശത്തെ രാജാ”വും [NW] തമ്മിലുള്ള സുദീർഘമായ പോരാട്ടം ആരംഭിക്കുന്നത് ഈ രണ്ടു രാജാക്കന്മാരോടെയാണ്. യഹോവയുടെ ദൂതൻ ഈ രാജാക്കന്മാരുടെ പേരു പറയുന്നില്ല. കാരണം നൂറ്റാണ്ടുകൾ കടന്നു പോകുന്നതോടെ അവരുടെ തനിമയ്ക്കും ദേശീയതയ്ക്കും മാറ്റം ഭവിക്കുമായിരുന്നു. അനാവശ്യമായ വിശദീകരണങ്ങൾ ഒഴിവാക്കിക്കൊണ്ട് പോരാട്ടത്തിൽ പങ്കുള്ള ഭരണാധിപരെയും സംഭവങ്ങളെയും മാത്രം ദൂതൻ പരാമർശിച്ചു.
പോരാട്ടം ആരംഭിക്കുന്നു
16. (എ) രണ്ടു രാജാക്കന്മാർ ആരുടെ വടക്കും തെക്കും ആയിരുന്നു? (ബി) “വടക്കേദേശത്തെ രാജാ”വിന്റെയും “തെക്കേദേശത്തെ രാജാ”വിന്റെയും റോൾ ആദ്യം ലഭിച്ചത് ഏതു രാജാക്കന്മാർക്കാണ്?
16 ശ്രദ്ധിക്കൂ! ഈ നാടകീയ പോരാട്ടത്തിന്റെ ആരംഭം വർണിച്ചുകൊണ്ട് യഹോവയുടെ ദൂതൻ പറയുന്നു: “അവന്റെ [അലക്സാണ്ടറിന്റെ] പ്രഭുക്കന്മാരിൽ ഒരുവനായ തെക്കേദേശത്തെ രാജാവു ശക്തനായിത്തീരും; അവൻ [വടക്കേദേശത്തെ രാജാവ്] അവന്റെമേൽ ആധിപത്യം നേടുകയും തീർച്ചയായും അവന്റെ ഭരണാധികാരത്തെക്കാൾ വ്യാപകമായ അധികാരത്തോടെ ഭരിക്കുകയും ചെയ്യും.” (ദാനീയേൽ 11:5, NW) “വടക്കേദേശത്തെ രാജാവ്,” “തെക്കേദേശത്തെ രാജാവ്” എന്നീ സംജ്ഞകൾ, ആ സമയം ആയപ്പോഴേക്കും ബാബിലോണിയൻ പ്രവാസത്തിൽ നിന്നു സ്വതന്ത്രരായി യഹൂദാദേശത്തു പുനഃസ്ഥിതീകരിക്കപ്പെട്ടിരുന്ന, ദാനീയേലിന്റെ ജനത്തിന്റെ വടക്കും തെക്കുമുള്ള രാജാക്കന്മാരെ പരാമർശിക്കുന്നു. ഈജിപ്തിലെ ടോളമി ഒന്നാമൻ ആയിരുന്നു ആദ്യത്തെ “തെക്കേദേശത്തെ രാജാവ്”. അലക്സാണ്ടറിന്റെ ജനറൽമാരിൽ, ടോളമി ഒന്നാമന്റെ മേൽ ആധിപത്യം നേടുകയും “വ്യാപകമായ അധികാരത്തോടെ” ഭരിക്കുകയും ചെയ്തത് സിറിയൻ രാജാവായ സെല്യൂക്കസ് ഒന്നാമൻ നൈക്കേറ്റർ ആയിരുന്നു. അദ്ദേഹം “വടക്കേദേശത്തെ രാജാ”വിന്റെ റോൾ ഏറ്റെടുത്തു.
17. വടക്കേദേശത്തെ രാജാവും തെക്കേദേശത്തെ രാജാവും തമ്മിലുള്ള പോരാട്ടം ആരംഭിച്ചപ്പോൾ യഹൂദാ ദേശം ഏതു രാജാവിന്റെ ആധിപത്യത്തിൽ ആയിരുന്നു?
17 പോരാട്ടത്തിന്റെ തുടക്കത്തിൽ യഹൂദാ ദേശം തെക്കേദേശത്തെ രാജാവിന്റെ ആധിപത്യത്തിൽ ആയിരുന്നു. ഏകദേശം പൊ.യു.മു. 320 മുതൽ, ഈജിപ്തിലേക്കു കോളനി വാസക്കാരായി വരാൻ ടോളമി ഒന്നാമൻ യഹൂദന്മാരെ പ്രേരിപ്പിച്ചു. അങ്ങനെ അലക്സാൻഡ്രിയയിൽ ഒരു യഹൂദ കോളനി തഴച്ചു വളർന്നു. ടോളമി ഒന്നാമൻ അവിടെ വിഖ്യാതമായ ഒരു ഗ്രന്ഥശാല സ്ഥാപിക്കുകയും ചെയ്തു. യഹൂദയിലെ യഹൂദന്മാർ പൊ.യു.മു. 198 വരെ ടോളമിയുടെ ഈജിപ്തിന്റെ അഥവാ തെക്കേദേശത്തെ രാജാവിന്റെ നിയന്ത്രണത്തിൽ തുടർന്നു.
18, 19. കാലക്രമത്തിൽ ഈ ശത്രു രാജാക്കന്മാർ പരസ്പരം “ന്യായയുക്തമായ ഒരു ക്രമീകരണം” ഉണ്ടാക്കിയത് എങ്ങനെ?
18 ഈ രണ്ടു രാജാക്കന്മാരെ കുറിച്ച് ദൂതൻ ഇങ്ങനെ പ്രവചിച്ചു: “കുറെ വർഷം കഴിയുമ്പോൾ അവർ പരസ്പരം സഖ്യത്തിലാകും, ന്യായയുക്തമായ ഒരു ക്രമീകരണം ഉണ്ടാക്കാനായി തെക്കേദേശത്തെ രാജാവിന്റെ പുത്രിതന്നെ വടക്കേദേശത്തെ രാജാവിന്റെ അടുക്കൽ വരും. എന്നാൽ അവൾ തന്റെ കൈയുടെ ശക്തി നിലനിർത്തില്ല; അവനോ അവന്റെ കൈയോ നിലനിൽക്കില്ല; അവൾ, അവൾതന്നെയും അവളെ കൊണ്ടുവന്നവരും അവളുടെ ജനയിതാവും ആ കാലത്ത് അവളെ ശക്തയാക്കുന്നവനും ഉപേക്ഷിക്കപ്പെടും.” (ദാനീയേൽ 11:6, NW) എന്നാൽ അത് സംഭവിച്ചത് എങ്ങനെയായിരുന്നു?
19 സെല്യൂക്കസ് ഒന്നാമൻ നൈക്കേറ്ററിന്റെ പുത്രനും പിൻഗാമിയുമായ ആന്റിയോക്കസ് ഒന്നാമനെ പ്രവചനം കണക്കിലെടുത്തില്ല. തെക്കേദേശത്തെ രാജാവിന് എതിരെ അദ്ദേഹം നിർണായകമായ ഒരു യുദ്ധവും നടത്തിയില്ല എന്നതാണ് അതിന്റെ കാരണം. എന്നാൽ അദ്ദേഹത്തിന്റെ പിൻഗാമിയായ ആന്റിയോക്കസ് രണ്ടാമൻ, ടോളമി ഒന്നാമന്റെ പുത്രനായ ടോളമി രണ്ടാമനുമായി ദീർഘമായ ഒരു യുദ്ധം നടത്തി. അങ്ങനെ ആന്റിയോക്കസ് രണ്ടാമനും ടോളമി രണ്ടാമനും യഥാക്രമം വടക്കേദേശത്തെ രാജാവും തെക്കേദേശത്തെ രാജാവും ആയിത്തീർന്നു. ആന്റിയോക്കസ് രണ്ടാമൻ ലവോദിസിനെ വിവാഹം കഴിച്ചു. അവരുടെ പുത്രന് സെല്യൂക്കസ് രണ്ടാമൻ എന്നു പേരിട്ടു. അതേസമയം ടോളമി രണ്ടാമന് ബെറനൈസി എന്ന ഒരു പുത്രി ഉണ്ടായിരുന്നു. പൊ.യു.മു. 250-ൽ ഈ രാജാക്കന്മാർ ഇരുവരും തമ്മിൽ “ന്യായയുക്തമായ ഒരു ക്രമീകരണം” ഉണ്ടാക്കി. ആ സഖ്യത്തിന്റെ വിലയായി, ആന്റിയോക്കസ് രണ്ടാമൻ ഭാര്യയായ ലവോദിസിനെ ഉപേക്ഷിച്ച് “തെക്കേദേശത്തെ രാജാവിന്റെ പുത്രി”യായ ബെറനൈസിയെ വിവാഹം കഴിച്ചു. ബെറനൈസിയിൽ അദ്ദേഹത്തിന് ഉണ്ടായ പുത്രൻ ലവോദിസിന്റെ പുത്രന്മാർക്കു പകരം സിറിയൻ സിംഹാസനത്തിന്റെ അവകാശിയായി.
20. (എ) ബെറനൈസിയുടെ “കൈ” നിലനിൽക്കാതിരുന്നത് എങ്ങനെ? (ബി) ബെറനൈസിയും “അവളെ കൊണ്ടുവന്നവരും” “അവളെ ശക്തയാക്കുന്നവനും” ഉപേക്ഷിക്കപ്പെട്ടത് എങ്ങനെ? (സി) ആന്റിയോക്കസ് രണ്ടാമന് ‘തന്റെ കൈ’ അഥവാ ശക്തി നഷ്ടപ്പെട്ട ശേഷം ആരാണു സിറിയയുടെ രാജാവ് ആയത്?
20 ബെറനൈസിയുടെ “കൈ,” അഥവാ പിൻബലം പിതാവായ ടോളമി രണ്ടാമൻ ആയിരുന്നു. പൊ.യു.മു. 246-ൽ അദ്ദേഹം മരിച്ചപ്പോൾ തന്റെ ഭർത്താവുമായുള്ള ബന്ധത്തിൽ അവൾ “തന്റെ കൈയുടെ ശക്തി നിലനിർത്തി”യില്ല. ആന്റിയോക്കസ് രണ്ടാമൻ അവളെ ഉപേക്ഷിച്ച് ലവോദിസിനെ പുനർവിവാഹം ചെയ്യുകയും അവരുടെ പുത്രനെ പിൻഗാമിയായി പ്രഖ്യാപിക്കുകയും ചെയ്തു. ലവോദിസിന്റെ പദ്ധതിപ്രകാരം ബെറനൈസിയും പുത്രനും കൊലചെയ്യപ്പെട്ടു. തെളിവ് അനുസരിച്ച്, “അവളെ കൊണ്ടുവന്നവരു”ടെയും, അതായത് അവളെ ഈജിപ്തിൽനിന്ന് സിറിയയിലേക്കു കൊണ്ടുവന്ന സേവകരുടെയും ഗതി അതുതന്നെ ആയിരുന്നു. ലവോദിസ് ആന്റിയോക്കസ് രണ്ടാമന് വിഷം കൊടുക്കുകപോലും ചെയ്തു. തത്ഫലമായി “അവന്റെ കൈ”യും അഥവാ ശക്തിയും ‘നിലനിന്നില്ല.’ അങ്ങനെ, “അവളുടെ ജനയിതാവും,” അതായത് ബെറനൈസിയുടെ പിതാവും അവളെ താത്കാലികമായി “ശക്ത”യാക്കിയ സിറിയക്കാരനായ ഭർത്താവും മരണമടഞ്ഞു. ലവോദിസിന്റെ പുത്രനായ സെല്യൂക്കസ് രണ്ടാമൻ സിറിയയുടെ രാജാവ് ആകുകയും ചെയ്തു. എന്നാൽ ടോളമി വംശത്തിലെ അടുത്ത രാജാവ് ഇതിനോടെല്ലാം എങ്ങനെ പ്രതികരിക്കുമായിരുന്നു?
ഒരു രാജാവ് തന്റെ സഹോദരിയുടെ കൊലപാതകത്തിനു പ്രതികാരം ചെയ്യുന്നു
21. (എ) ബെറനൈസിയുടെ “വേരിൽ”നിന്നു “മുളെച്ച തൈ” ആരായിരുന്നു, അദ്ദേഹം ‘എഴുന്നേറ്റത്’ എങ്ങനെ? (ബി) ടോളമി മൂന്നാമൻ “വടക്കെദേശത്തിലെ രാജാവിന്റെ കോട്ട”യ്ക്കു നേരെ വന്നത് എങ്ങനെ, അദ്ദേഹത്തെ ‘ജയിച്ചത്’ എങ്ങനെ?
21 ദൂതൻ പറഞ്ഞു: “അവളുടെ വേരിൽനിന്നു മുളെച്ച തൈയായ ഒരുവൻ എഴുന്നേല്ക്കും; അവൻ ബലം പ്രാപിച്ചു വടക്കെദേശത്തിലെ രാജാവിന്റെ കോട്ടയിൽ കടന്നു അവരുടെ നേരെ പ്രവർത്തിച്ചു ജയിക്കും.” (ദാനീയേൽ 11:7) ബെറനൈസിയുടെ “വേരിൽ”നിന്ന്, അഥവാ മാതാപിതാക്കളിൽ നിന്ന് “മുളെച്ച തൈയായ ഒരുവൻ” അവളുടെ സഹോദരൻ ആയിരുന്നു. പിതാവു മരിച്ചപ്പോൾ, അദ്ദേഹം തെക്കേദേശത്തെ രാജാവ്, ഈജിപ്തിലെ ഫറവോനായ ടോളമി മൂന്നാമൻ, എന്ന നിലയിൽ ‘എഴുന്നേറ്റു.’ ഉടൻതന്നെ അദ്ദേഹം തന്റെ സഹോദരിയുടെ കൊലപാതകത്തിനു പ്രതികാരം ചെയ്യാൻ പുറപ്പെട്ടു. ബെറനൈസിയെയും പുത്രനെയും കൊല്ലാൻ ലവോദിസ് ഉപയോഗിച്ച സിറിയൻ രാജാവായ സെല്യൂക്കസ് രണ്ടാമന് എതിരെ പടനയിച്ചുകൊണ്ട് അദ്ദേഹം “വടക്കെദേശത്തിലെ രാജാവിന്റെ കോട്ട”യ്ക്കു നേരെ വന്നു. ടോളമി മൂന്നാമൻ അന്ത്യോക്യയുടെ കോട്ടകെട്ടിയുറപ്പിച്ച ഭാഗം പിടിച്ചെടുക്കുകയും ലവോദിസിനെ വധിക്കുകയും ചെയ്തു. വടക്കേദേശത്തെ രാജാവിന്റെ പ്രദേശത്തുകൂടെ കിഴക്കോട്ടു നീങ്ങിയ അദ്ദേഹം ബാബിലോൺ കൊള്ളയടിക്കുകയും ഇന്ത്യയിലേക്കു മുന്നേറുകയും ചെയ്തു.
22. ടോളമി മൂന്നാമൻ ഈജിപ്തിലേക്കു മടക്കിക്കൊണ്ടുവന്നത് എന്ത്, അദ്ദേഹം “കുറെ സംവത്സരത്തോളം വടക്കെദേശത്തിലെ രാജാവിനോടു പൊരുതാതി”രുന്നത് എന്തുകൊണ്ട്?
22 തുടർന്ന് എന്തു സംഭവിച്ചു? ദൈവദൂതൻ നമ്മോടു പറയുന്നു: “അവരുടെ ദേവന്മാരെയും ബിംബങ്ങളെയും വെള്ളിയും പൊന്നുംകൊണ്ടുള്ള മനോഹരവസ്തുക്കളെയും അവൻ എടുത്തു മിസ്രയീമിലേക്കു കൊണ്ടുപോകും; പിന്നെ അവൻ കുറെ സംവത്സരത്തോളം വടക്കെദേശത്തിലെ രാജാവിനോടു പൊരുതാതിരിക്കും.” (ദാനീയേൽ 11:8) 200-ലധികം വർഷം മുമ്പ് പേർഷ്യൻ രാജാവായ കാംബിസസ്സ് രണ്ടാമൻ ഈജിപ്തിനെ കീഴടക്കി ഈജിപ്ഷ്യൻ ദേവന്മാരെയും ഉരുക്കിയുണ്ടാക്കിയ “ബിംബങ്ങളെയും” സ്വദേശത്തേക്കു കൊണ്ടുവന്നിരുന്നു. എന്നാൽ പേർഷ്യയുടെ പഴയ രാജതലസ്ഥാനം ആയിരുന്ന സുസ കൊള്ളയടിച്ച ടോളമി മൂന്നാമൻ ആ ദേവന്മാരെ വീണ്ടെടുത്ത് ഈജിപ്തിലേക്കു ‘കൊണ്ടുപോയി.’ യുദ്ധത്തിൽ പിടിച്ചെടുത്ത, “വെള്ളിയും പൊന്നുംകൊണ്ടുള്ള” അനേകം “മനോഹരവസ്തുക്ക”ളും അദ്ദേഹം കൊണ്ടുപോയി. ആഭ്യന്തര കലാപം അടിച്ചമർത്താനായി സ്വദേശത്തേക്കു മടങ്ങേണ്ടി വന്നതിനാൽ ടോളമി മൂന്നാമൻ “വടക്കെദേശത്തിലെ രാജാവിനോടു പൊരുതാതി”രുന്നു, അദ്ദേഹത്തിന്റെ മേൽ കൂടുതലായ ക്ഷതം ഏൽപ്പിച്ചില്ല.
സിറിയൻ രാജാവ് പകരം വീട്ടുന്നു
23. വടക്കേദേശത്തെ രാജാവ് തെക്കേദേശത്തെ രാജാവിന്റെ രാജ്യത്തു വന്നശേഷം “സ്വദേശത്തേക്കു മടങ്ങിപ്പോ”യത് എന്തുകൊണ്ട്?
23 വടക്കേദേശത്തെ രാജാവ് എങ്ങനെ പ്രതികരിച്ചു? ദാനീയേലിനോട് ഇങ്ങനെ പറയപ്പെട്ടു: “അവൻ തെക്കെദേശത്തിലെ രാജാവിന്റെ രാജ്യത്തേക്കു ചെന്നു സ്വദേശത്തേക്കു മടങ്ങിപ്പോരും.” (ദാനീയേൽ 11:9) വടക്കേദേശത്തെ രാജാവായിരുന്ന സിറിയയിലെ സെല്യൂക്കസ് രണ്ടാമൻ രാജാവ് തിരിച്ചടിച്ചു. അദ്ദേഹം തെക്കേദേശത്തെ രാജാവിന്റെ ‘രാജ്യത്ത്,’ അഥവാ മണ്ഡലത്തിൽ പ്രവേശിച്ചെങ്കിലും പരാജയമടഞ്ഞു. ശേഷിച്ച ചെറിയൊരു കൂട്ടം സൈന്യവുമായി സെല്യൂക്കസ് രണ്ടാമൻ പൊ.യു.മു. ഏകദേശം 242-ൽ സിറിയയുടെ തലസ്ഥാനമായ അന്ത്യോക്യയിലേക്കു പിൻവാങ്ങിക്കൊണ്ട് ‘സ്വദേശത്തേക്കു മടങ്ങിപ്പോന്നു.’ അദ്ദേഹം മരിച്ചപ്പോൾ പുത്രനായ സെല്യൂക്കസ് മൂന്നാമൻ അദ്ദേഹത്തിന്റെ പിൻഗാമിയായി.
24. (എ) സെല്യൂക്കസ് മൂന്നാമന് എന്തു സംഭവിച്ചു? (ബി) സിറിയൻ രാജാവായ ആന്റിയോക്കസ് മൂന്നാമൻ തെക്കേദേശത്തെ രാജാവിന്റെ രാജ്യത്ത് “വന്നു കവിഞ്ഞു കടന്നുപോ”യത് എങ്ങനെ?
24 സിറിയൻ രാജാവായ സെല്യൂക്കസ് രണ്ടാമന്റെ സന്തതിയെ കുറിച്ച് എന്താണ് പ്രവചിക്കപ്പെട്ടത്? ദൂതൻ ദാനീയേലിനോട് ഇങ്ങനെ പറഞ്ഞു: “അവന്റെ പുത്രന്മാരോ വീണ്ടും യുദ്ധം ആരംഭിക്കയും ബഹുപുരുഷാരം അടങ്ങിയ മഹാസൈന്യങ്ങളെ ശേഖരിക്കയുംചെയ്യും; അതു വന്നു കവിഞ്ഞു കടന്നുപോകും; പിന്നെ അവൻ മടങ്ങിച്ചെന്നു അവന്റെ കോട്ടവരെ യുദ്ധം നടത്തും” (ദാനീയേൽ 11:10) സെല്യൂക്കസ് മൂന്നാമൻ വധിക്കപ്പെട്ടതിനാൽ മൂന്നു വർഷത്തിനുള്ളിൽ അദ്ദേഹത്തിന്റെ വാഴ്ച അവസാനിച്ചു. അദ്ദേഹത്തിന്റെ സഹോദരനായ ആന്റിയോക്കസ് മൂന്നാമൻ സിറിയൻ സിംഹാസനത്തിൽ അദ്ദേഹത്തിന്റെ പിൻഗാമിയായി. സെല്യൂക്കസ് രണ്ടാമന്റെ ഈ പുത്രൻ, അന്നു തെക്കേദേശത്തെ രാജാവായിരുന്ന ടോളമി നാലാമനെ ആക്രമിക്കാനായി വലിയൊരു സൈന്യത്തെ കൂട്ടിവരുത്തി. ഈജിപ്തിന് എതിരെ വിജയകരമായി പോരാടിയ വടക്കേദേശത്തെ പുതിയ സിറിയൻ രാജാവ് സെലൂക്യാ തുറമുഖവും കോയ്ലി-സിറിയ പ്രവിശ്യയും സോർ, ടോളമിയസ് എന്നീ നഗരങ്ങളും സമീപ പട്ടണങ്ങളും തിരിച്ചു പിടിച്ചു. ടോളമി നാലാമൻ രാജാവിന്റെ ഒരു സൈന്യത്തെ തുരത്തിയ അദ്ദേഹം യഹൂദയിലെ അനേകം നഗരങ്ങൾ പിടിച്ചെടുത്തു. പൊ.യു.മു. 217-ലെ വസന്ത കാലത്ത് ആന്റിയോക്കസ് മൂന്നാമൻ ടോളമിയസ് വിട്ട് വടക്കോട്ട് സിറിയയിലെ “അവന്റെ കോട്ടവരെ” പോയി. എന്നാൽ ഒരു മാറ്റം ആസന്നമായിരുന്നു.
തിരിച്ചടിക്കുന്നു
25. എവിടെ വെച്ചായിരുന്നു ടോളമി നാലാമൻ ആന്റിയോക്കസ് മൂന്നാമനെ നേരിട്ടത്, തെക്കേദേശത്തെ ഈജിപ്ഷ്യൻ രാജാവിന്റെ “കയ്യിൽ ഏല്പിക്കപ്പെ”ട്ടത് എന്ത്?
25 ദാനീയേലിനെപ്പോലെ നാമും, യഹോവയുടെ ദൂതൻ അടുത്തതായി പറയുന്നതു പ്രതീക്ഷാപൂർവം കേൾക്കുന്നു: “അപ്പോൾ തെക്കെദേശത്തിലെ രാജാവു ദ്വേഷ്യംപൂണ്ടു പുറപ്പെട്ടു വടക്കെദേശത്തിലെ രാജാവിനോടു യുദ്ധം ചെയ്യും; അവൻ [വടക്കെദേശത്തിലെ രാജാവ്] വലിയോരു സമൂഹത്തെ അണിനിരത്തും; എന്നാൽ ആ സമൂഹം മററവന്റെ കയ്യിൽ ഏല്പിക്കപ്പെടും.” (ദാനീയേൽ 11:11) 75,000 പേരുടെ ഒരു സൈന്യവുമായി തെക്കേദേശത്തെ രാജാവായ ടോളമി നാലാമൻ തന്റെ ശത്രുവിന് എതിരായി വടക്കോട്ടു നീങ്ങി. അവനോട് എതിർത്തു നിൽക്കാനായി വടക്കേദേശത്തെ സിറിയൻ രാജാവായ ആന്റിയോക്കസ് മൂന്നാമൻ 68,000 പേരുടെ “വലിയോരു സമൂഹത്തെ” അണിനിരത്തിയിരുന്നു. എന്നാൽ, ഈജിപ്തിന്റെ അതിർത്തിക്ക് അടുത്തുള്ള തീരദേശ നഗരമായ റാഫിയയിൽ വെച്ചു നടന്ന യുദ്ധത്തിൽ ആ “സമൂഹം” തെക്കേദേശത്തെ രാജാവിന്റെ ‘കയ്യിൽ ഏല്പിക്കപ്പെട്ടു.’
26. (എ) റാഫിയയിൽ വെച്ച് നടന്ന യുദ്ധത്തിൽ തെക്കേദേശത്തെ രാജാവ് കൊണ്ടുപോയ ‘സമൂഹം’ ഏത്, അവിടെവെച്ച് ഉണ്ടാക്കിയ സമാധാന ഉടമ്പടിയുടെ വ്യവസ്ഥകൾ എന്തെല്ലാം? (ബി) ടോളമി നാലാമൻ “തന്റെ ശക്തമായ നില ഉപയോഗപ്പെടു”ത്താതിരുന്നത് എങ്ങനെ? (സി) തെക്കേദേശത്തെ അടുത്ത രാജാവായിത്തീർന്നത് ആര്?
26 പ്രവചനം ഇങ്ങനെ തുടരുന്നു: “ആ ജനസമൂഹം തീർച്ചയായും കൊല്ലപ്പെടും. അവന്റെ ഹൃദയം ഗർവിച്ചിട്ട് അവൻ പതിനായിരങ്ങളെ വീഴുമാറാക്കും; എങ്കിലും അവൻ തന്റെ ശക്തമായ നില ഉപയോഗപ്പെടുത്തുകയില്ല.” (ദാനീയേൽ 11:12, NW) തെക്കേദേശത്തെ രാജാവായ ടോളമി നാലാമൻ 10,000 സിറിയൻ കാലാൾഭടന്മാരെയും 300 അശ്വഭടന്മാരെയും ‘കൊന്ന്’ 4,000 പേരെ തടവുകാരായി പിടിച്ചു. തുടർന്ന് ആ രാജാക്കന്മാർ ഒരു ഉടമ്പടി ഉണ്ടാക്കി. അത് അനുസരിച്ച്, ആന്റിയോക്കസ് മൂന്നാമൻ തന്റെ സിറിയൻ തുറമുഖ നഗരമായ സെലൂക്യ കൈവശം വെച്ചു. എന്നാൽ ഫൊയ്നിക്യയും (ഫിനീഷ്യ) കോയ്ലി-സിറിയയും അദ്ദേഹത്തിനു നഷ്ടമായി. ഈ വിജയത്തിൽ തെക്കേദേശത്തെ ഈജിപ്ഷ്യൻ രാജാവ് ‘ഗർവിച്ചു,’ വിശേഷിച്ചും യഹോവയ്ക്കെതിരെ. യഹൂദ ടോളമി നാലാമന്റെ നിയന്ത്രണത്തിൽ തുടർന്നു. എന്നിരുന്നാലും, വടക്കേദേശത്തെ സിറിയൻ രാജാവിന് എതിരായി തുടർന്നും വിജയം നേടാൻ അദ്ദേഹം “തന്റെ ശക്തമായ നില ഉപയോഗപ്പെടു”ത്തിയില്ല. പകരം, ടോളമി നാലാമൻ ഒരു വിഷയാസക്ത ജീവിതത്തിലേക്കു തിരിഞ്ഞു. അദ്ദേഹത്തിന്റെ അഞ്ചു വയസ്സുള്ള പുത്രനായ ടോളമി അഞ്ചാമൻ തെക്കേദേശത്തെ അടുത്ത രാജാവായി. ആന്റിയോക്കസ് മൂന്നാമന്റെ മരണത്തിനു വർഷങ്ങൾ മുമ്പായിരുന്നു അത്.
ആ വീരപരാക്രമി തിരിച്ചു വരുന്നു
27. വടക്കേദേശത്തെ രാജാവ് ഈജിപ്തിൽനിന്നു പ്രദേശം വീണ്ടെടുക്കാനായി “സമയങ്ങളുടെ അന്ത്യത്തിൽ” മടങ്ങിവന്നത് എങ്ങനെ?
27 തന്റെ വീരപരാക്രമങ്ങൾ നിമിത്തം ആന്റിയോക്കസ് മൂന്നാമൻ മഹാനായ ആന്റിയോക്കസ് എന്നു വിളിക്കപ്പെടാൻ ഇടയായി. അദ്ദേഹത്തെ കുറിച്ചു ദൂതൻ പറഞ്ഞു: “വടക്കേദേശത്തെ രാജാവു മടങ്ങിവന്ന് ആദ്യത്തേതിനെക്കാൾ വലിയോരു സമൂഹത്തെ അണിനിരത്തേണ്ടതുതന്നെ; സമയങ്ങളുടെ അന്ത്യത്തിൽ, കുറെ വർഷങ്ങൾ കഴിഞ്ഞിട്ട്, അവൻ വരും, അത് വലിയ സൈനിക ശക്തിയോടെയും വളരെയേറെ വസ്തുക്കളോടെയും ആയിരിക്കും.” (ദാനീയേൽ 11:13, NW) ഈ ‘സമയങ്ങൾ,’ ഈജിപ്തുകാർ റാഫിയയിൽ വെച്ച് സിറിയക്കാരെ പരാജയപ്പെടുത്തിയതിനു ശേഷമുള്ള 16-ഓ അതിലേറെയോ വർഷങ്ങൾ ആയിരുന്നു. ബാലനായ ടോളമി അഞ്ചാമൻ തെക്കേദേശത്തെ രാജാവായപ്പോൾ, തെക്കേദേശത്തെ ഈജിപ്ഷ്യൻ രാജാവിന്റെ കൈകളിലായിപ്പോയ തന്റെ പ്രദേശങ്ങൾ വീണ്ടെടുക്കാനായി ആന്റിയോക്കസ് മൂന്നാമൻ “ആദ്യത്തേതിനെക്കാൾ വലിയോരു സമൂഹത്തെ” അണിനിരത്തി. ആ ലക്ഷ്യത്തിൽ അദ്ദേഹം മാസിഡോണിയൻ രാജാവായ ഫിലിപ്പ് അഞ്ചാമനുമായി സഖ്യം ചേർന്നു.
28. തെക്കേദേശത്തെ ബാലരാജാവിന് ഏതു പ്രശ്നങ്ങൾ നേരിട്ടു?
28 തെക്കേദേശത്തെ രാജാവിന് ആഭ്യന്തര പ്രശ്നങ്ങളും ഉണ്ടായിരുന്നു. “ആ കാലത്തു പലരും തെക്കെദേശത്തിലെ രാജാവിന്റെ നേരെ എഴുന്നേല്ക്കും” എന്ന് ദൂതൻ പറഞ്ഞു. (ദാനീയേൽ 11:14എ) അനേകർ “തെക്കെദേശത്തിലെ രാജാവിന്റെ നേരെ എഴുന്നേല്ക്കു”കതന്നെ ചെയ്തു. ആന്റിയോക്കസ് മൂന്നാമന്റെയും അദ്ദേഹവുമായി സഖ്യത്തിൽ ആയിരുന്ന മാസിഡോണിയൻ രാജാവിന്റെയും സൈന്യങ്ങളെ നേരിടുന്നതിനു പുറമേ സ്വദേശമായ ഈജിപ്തിലെ പ്രശ്നങ്ങളെയും തെക്കേദേശത്തെ ബാലരാജാവിന് നേരിടേണ്ടി വന്നു. അവന്റെ പേരിൽ ഭരണം നടത്തിയിരുന്ന, രക്ഷാകർത്താവായ അഗത്തോക്ലിസ് ഈജിപ്തുകാരോടു ധിക്കാരപൂർവം ഇടപെട്ടിരുന്നതു നിമിത്തം അനേകർ മത്സരിച്ചു. ദൂതൻ ഇങ്ങനെ കൂട്ടിച്ചേർത്തു: “നിന്റെ ജനത്തിലുള്ള അക്രമികൾ ദർശനത്തെ [“സ്വപ്നം,” NW] നിവർത്തിപ്പാൻ തക്കവണ്ണം മത്സരിക്കും; എങ്കിലും അവർ ഇടറിവീഴും.” (ദാനീയേൽ 11:14ബി) ദാനീയേലിന്റെ ജനത്തിലെ ചിലർ പോലും “അക്രമികൾ,” അഥവാ വിപ്ലവകാരികൾ ആയിത്തീർന്നു. എന്നാൽ തങ്ങളുടെ മാതൃദേശത്തിന്മേലുള്ള വിജാതീയ ആധിപത്യം അവസാനിപ്പിക്കാമെന്ന ആ യഹൂദന്മാരുടെ ‘സ്വപ്നം’ വ്യർഥമായിരുന്നു, അവർ പരാജയപ്പെടുമായിരുന്നു അഥവാ “ഇടറിവീഴു”മായിരുന്നു.
29, 30. (എ) ‘തെക്കെപടക്കൂട്ടങ്ങൾ’ വടക്കേദേശത്തുനിന്നുള്ള ആക്രമണത്തിനു മുന്നിൽ കീഴടങ്ങിയത് എങ്ങനെ? (ബി) വടക്കേദേശത്തെ രാജാവ് ‘മനോഹരദേശത്തു നിൽക്കാൻ’ വന്നത് എങ്ങനെ?
29 യഹോവയുടെ ദൂതൻ തുടർന്ന് ഇങ്ങനെ മുൻകൂട്ടി പറഞ്ഞു: “എന്നാൽ വടക്കെദേശത്തിലെ രാജാവു വന്നു വാടകോരി [“വേഗം ഉപരോധ മതിൽ ഉയർത്തി,” NW] ഉറപ്പുള്ള പട്ടണങ്ങളെ പിടിക്കും; തെക്കെപടക്കൂട്ടങ്ങളും അവന്റെ ശ്രേഷ്ഠജനവും ഉറെച്ചുനില്ക്കയില്ല; ഉറെച്ചുനില്പാൻ അവർക്കു ശക്തിയുണ്ടാകയുമില്ല. അവന്റെ നേരെ വരുന്നവൻ ഇഷ്ടംപോലെ പ്രവർത്തിക്കും; ആരും അവന്റെ മുമ്പാകെ നില്ക്കയില്ല; അവൻ മനോഹരദേശത്തു നില്ക്കും; അവന്റെ കയ്യിൽ സംഹാരം ഉണ്ടായിരിക്കും.”—ദാനീയേൽ 11:15, 16.
30 ടോളമി അഞ്ചാമന്റെ കീഴിലുള്ള സേനകൾ, അഥവാ ‘തെക്കെപടക്കൂട്ടങ്ങൾ’ വടക്കേദേശത്തുനിന്നുള്ള ആക്രമണത്തിനു മുന്നിൽ കീഴടങ്ങി. പാനിയസിൽ (ഫിലിപ്പിന്റെ കൈസര്യയിൽ) വെച്ച് ആന്റിയോക്കസ് മൂന്നാമൻ ഈജിപ്തിലെ ജനറൽ സ്കോപസിനെയും തിരഞ്ഞെടുക്കപ്പെട്ടവരായ അഥവാ “ശ്രേഷ്ഠജന”ങ്ങളായ 10,000 പേരെയും “ഉറപ്പുള്ള പട്ടണ”മായ സീദോനിലേക്ക് ഓടിച്ചു. അവിടെ “വേഗം ഉപരോധ മതിൽ ഉയർത്തി”യ ആന്റിയോക്കസ് മൂന്നാമൻ പൊ.യു.മു. 198-ൽ ഫൊയ്നിക്യൻ തുറമുഖം പിടിച്ചെടുത്തു. അദ്ദേഹം തന്റെ “ഇഷ്ടംപോലെ” പ്രവർത്തിച്ചു. കാരണം തെക്കേദേശത്തെ ഈജിപ്ഷ്യൻ രാജാവിന് അദ്ദേഹത്തിന്റെ മുമ്പാകെ നിൽപ്പാൻ കഴിഞ്ഞില്ല. തുടർന്ന്, ആന്റിയോക്കസ് മൂന്നാമൻ “മനോഹരദേശ”മായ യഹൂദയുടെ തലസ്ഥാനമായ യെരൂശലേമിനു നേരെ പുറപ്പെട്ടു. പൊ.യു.മു. 198-ൽ യെരൂശലേമിന്റെയും യഹൂദയുടെയും മേലുള്ള ആധിപത്യം തെക്കേദേശത്തെ ഈജിപ്ഷ്യൻ രാജാവിൽനിന്നു വടക്കേദേശത്തെ സിറിയൻ രാജാവിലേക്കു കൈമാറ്റം ചെയ്യപ്പെട്ടു. അങ്ങനെ വടക്കേദേശത്തെ രാജാവായ ആന്റിയോക്കസ് മൂന്നാമൻ ‘മനോഹരദേശത്തു നിൽക്കാൻ’ തുടങ്ങി. എതിർത്തുനിന്ന സകല യഹൂദന്മാർക്കും ഈജിപ്തുകാർക്കും വേണ്ടി “അവന്റെ കയ്യിൽ സംഹാരം ഉണ്ടായി”രുന്നു. വടക്കേദേശത്തെ ഈ രാജാവിന് എത്രകാലം സ്വന്തം ഇഷ്ടംപോലെ പ്രവർത്തിക്കാൻ കഴിയുമായിരുന്നു?
റോം വീരപരാക്രമിയുടെമേൽ സമ്മർദം ചെലുത്തുന്നു
31, 32. വടക്കേദേശത്തെ രാജാവ് തെക്കേദേശത്തെ രാജാവുമായി ഒരു സമാധാന “ഉടമ്പടി”യിൽ ഏർപ്പെട്ടത് എന്തുകൊണ്ട്?
31 യഹോവയുടെ ദൂതൻ നമുക്ക് ഇങ്ങനെ ഉത്തരം നൽകുന്നു: “അവൻ [വടക്കേദേശത്തെ രാജാവ്] തന്റെ സർവ്വരാജ്യത്തിന്റെയും ശക്തിയോടുകൂടെ വരുവാൻ താല്പര്യം വെക്കും; എന്നാൽ അവൻ അവനോടു ഒരു ഉടമ്പടി ചെയ്തു, അവന്നു നാശത്തിന്നായി തന്റെ മകളെ ഭാര്യയായികൊടുക്കും; എങ്കിലും അവൾ നില്ക്കയില്ല; അവന്നു ഇരിക്കയുമില്ല.”—ദാനീയേൽ 11:17.
32 വടക്കേദേശത്തെ രാജാവായ ആന്റിയോക്കസ് മൂന്നാമൻ “തന്റെ സർവ്വരാജ്യത്തിന്റെയും ശക്തിയോടുകൂടെ” ഈജിപ്തിന്മേൽ ആധിപത്യം പുലർത്താൻ ‘താത്പര്യം വെച്ചു.’ എന്നാൽ അത്, തെക്കേദേശത്തെ രാജാവായ ടോളമി അഞ്ചാമനുമായുള്ള ഒരു സമാധാന “ഉടമ്പടി”യിൽ അവസാനിച്ചു. റോമിന്റെ സമ്മർദം തന്റെ പദ്ധതിക്കു മാറ്റം വരുത്താൻ ആന്റിയോക്കസ് മൂന്നാമനെ പ്രേരിപ്പിച്ചിരുന്നു. അദ്ദേഹവും മാസിഡോണിയയിലെ ഫിലിപ്പ് അഞ്ചാമൻ രാജാവും ഈജിപ്തിലെ ബാലരാജാവിന്റെ പ്രദേശങ്ങൾ പിടിച്ചെടുക്കാനായി സഖ്യം ചേർന്നപ്പോൾ ടോളമി അഞ്ചാമന്റെ രക്ഷാകർത്താവ് സംരക്ഷണാർഥം റോമിന്റെ സഹായം തേടി. സ്വാധീന വലയം വികസിപ്പിക്കാനുള്ള ഈ അവസരം മുതലെടുത്തുകൊണ്ടു റോം അതിന്റെ കരുത്തു കാട്ടി.
33. (എ) ആന്റിയോക്കസ് മൂന്നാമനും ടോളമി അഞ്ചാമനും തമ്മിലുള്ള സമാധാന ഉടമ്പടിയിലെ വ്യവസ്ഥകൾ ഏവ? (ബി) ഒന്നാം ക്ലിയോപാട്രയും ടോളമി അഞ്ചാമനും തമ്മിലുള്ള വിവാഹത്തിന്റെ ഉദ്ദേശ്യം എന്തായിരുന്നു, ആ പദ്ധതി പരാജയപ്പെട്ടത് എന്തുകൊണ്ട്?
33 റോമിന്റെ നിർബന്ധത്തിനു വഴങ്ങി ആന്റിയോക്കസ് മൂന്നാമൻ തെക്കേദേശത്തെ രാജാവുമായി ഒരു സമാധാന സന്ധി ചെയ്തു. കീഴടക്കിയ പ്രദേശങ്ങൾ റോം ആവശ്യപ്പെട്ടത് അനുസരിച്ച് വിട്ടു കൊടുക്കുന്നതിനു പകരം തന്റെ “മകളെ”—ഒന്നാം ക്ലിയോപാട്രയെ—ടോളമി അഞ്ചാമനു വിവാഹം ചെയ്തു കൊടുത്തുകൊണ്ട് ആ പ്രദേശങ്ങൾ നാമമാത്രമായി കൈമാറ്റം ചെയ്യുക എന്നതായിരുന്നു ആന്റിയോക്കസ് മൂന്നാമന്റെ പദ്ധതി. അവളുടെ സ്ത്രീധനമായി, “മനോഹരദേശ”മായ യഹൂദ ഉൾപ്പെടെയുള്ള പ്രവിശ്യകൾ നൽകണമായിരുന്നു. എന്നാൽ പൊ.യു.മു. 193-ൽ വിവാഹം നടന്നപ്പോൾ, ഈ പ്രവിശ്യകൾ ടോളമി അഞ്ചാമനു നൽകാൻ സിറിയയിലെ രാജാവ് കൂട്ടാക്കിയില്ല. ഈജിപ്തിനെ സിറിയയുടെ കീഴിലാക്കാനുള്ള ഒരു രാഷ്ട്രീയ വിവാഹമായിരുന്നു ഇത്. എന്നാൽ ആ പദ്ധതി പരാജയപ്പെട്ടു. കാരണം ഒന്നാം ക്ലിയോപാട്ര ‘അവന് ഇരുന്നില്ല,’ അവൾ പിന്നീടു ഭർത്താവിന്റെ പക്ഷം ചേർന്നു. ആന്റിയോക്കസ് മൂന്നാമനും റോമാക്കാരും തമ്മിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ ഈജിപ്ത് റോമിന്റെ പക്ഷത്തു നിന്നു.
34, 35. (എ) ഏതു“തീരപ്രദേശങ്ങ”ളിലേക്കാണ് വടക്കേദേശത്തെ രാജാവ് തന്റെ മുഖം തിരിച്ചത്? (ബി) വടക്കേദേശത്തെ രാജാവിൽനിന്നുള്ള “നിന്ദ” റോം അവസാനിപ്പിച്ചത് എങ്ങനെ? (സി) ആന്റിയോക്കസ് മൂന്നാമൻ മരിച്ചത് എങ്ങനെ, തുടർന്ന് വടക്കേദേശത്തു രാജാവായത് ആർ?
34 വടക്കേദേശത്തെ രാജാവിന്റെ പരാജയത്തെ പരാമർശിച്ചുകൊണ്ടു ദൂതൻ ഇങ്ങനെ കൂട്ടിച്ചേർത്തു: “പിന്നെ അവൻ [ആന്റിയോക്കസ് മൂന്നാമൻ] തീരപ്രദേശങ്ങളിലേക്കു മുഖം തിരിച്ചു പലതുംപിടിക്കും; എന്നാൽ അവൻ കാണിച്ച നിന്ദ ഒരു അധിപതി [റോം] നിർത്തലാക്കും; അത്രയുമല്ല, [റോം] അവന്റെ [ആന്റിയോക്കസ് മൂന്നാമന്റെ] നിന്ദ അവന്റെമേൽ തന്നേ വരുത്തും. പിന്നെ അവൻ [ആന്റിയോക്കസ് മൂന്നാമൻ] സ്വദേശത്തിലെ കോട്ടകളുടെ നേരെ മുഖം തിരിക്കും; എങ്കിലും അവൻ ഇടറിവീണു, ഇല്ലാതെയാകും.”—ദാനീയേൽ 11:18, 19.
35 മാസിഡോണിയ, ഗ്രീസ്, ഏഷ്യാമൈനർ എന്നിവ ആയിരുന്നു ആ ‘തീരപ്രദേശങ്ങൾ.’ പൊ.യു.മു. 192-ൽ ഗ്രീസിൽ ഒരു യുദ്ധം പൊട്ടിപ്പുറപ്പെട്ടു. ഗ്രീസിലേക്കു വരാൻ ആന്റിയോക്കസ് മൂന്നാമൻ പ്രേരിതനായി. അവിടെ കൂടുതൽ പ്രദേശങ്ങൾ പിടിച്ചെടുക്കാനുള്ള സിറിയൻ രാജാവിന്റെ ശ്രമങ്ങളിൽ അതൃപ്തരായ റോമാക്കാർ അദ്ദേഹത്തിനെതിരെ ഔദ്യോഗികമായി യുദ്ധം പ്രഖ്യാപിച്ചു. തെർമൊപ്പിലെയിൽ വെച്ച്, റോമാക്കാരുടെ കൈകളിൽനിന്ന് അദ്ദേഹം പരാജയം ഏറ്റുവാങ്ങി. ഏതാണ്ട് ഒരു വർഷം കഴിഞ്ഞ്, പൊ.യു.മു. 190-ൽ മഗ്നേഷ്യയിലെ യുദ്ധത്തിൽ പരാജയമടഞ്ഞ അദ്ദേഹത്തിന് ഗ്രീസിലും ഏഷ്യാമൈനറിലും തൗറസ് മലകളുടെ പശ്ചിമ പ്രദേശങ്ങളിലുമുള്ള സകലതും ഉപേക്ഷിക്കേണ്ടി വന്നു. വടക്കേദേശത്തെ സിറിയൻ രാജാവിൽനിന്നു റോം ഭീമമായ കപ്പം ഈടാക്കുകയും അദ്ദേഹത്തിന്റെമേൽ ആധിപത്യം സ്ഥാപിക്കുകയും ചെയ്തു. ഗ്രീസിൽനിന്നും ഏഷ്യാമൈനറിൽനിന്നും തുരത്തപ്പെടുകയും കപ്പൽവ്യൂഹങ്ങളിൽ മിക്കതും നഷ്ടപ്പെടുകയും ചെയ്ത ആന്റിയോക്കസ് മൂന്നാമൻ “സ്വദേശത്തിലെ [സിറിയയിലെ] കോട്ടകളുടെ നേരെ മുഖം തിരി”ച്ചു. റോമാക്കാർ തങ്ങൾക്ക് എതിരായ ‘അവന്റെ നിന്ദ അവന്റെമേൽ തന്നേ വരുത്തി.’ പൊ.യു.മു. 187-ൽ പേർഷ്യയിലെ എലിമസിലുള്ള ഒരു ക്ഷേത്രം കൊള്ളയടിക്കാനുള്ള ശ്രമത്തിൽ ആന്റിയോക്കസ് മൂന്നാമൻ മരിച്ചു. അങ്ങനെ അദ്ദേഹം “വീണു.” അദ്ദേഹത്തിന്റെ പുത്രനായ സെല്യൂക്കസ് നാലാമൻ വടക്കേദേശത്തെ അടുത്ത രാജാവായി.
പോരാട്ടം തുടരുന്നു
36. (എ) തെക്കേദേശത്തെ രാജാവ് പോരാട്ടം തുടരാൻ ശ്രമിച്ചത് എങ്ങനെ, എന്നാൽ അദ്ദേഹത്തിന് എന്തു സംഭവിച്ചു? (ബി) സെല്യൂക്കസ് നാലാമൻ വീണത് എങ്ങനെ, അദ്ദേഹത്തിന്റെ പിൻഗാമിയായത് ആർ?
36 ക്ലിയോപാട്രയുടെ സ്ത്രീധനം എന്ന നിലയിൽ തനിക്കു ലഭിക്കേണ്ടിയിരുന്ന പ്രവിശ്യകൾ പിടിച്ചെടുക്കാൻ തെക്കേദേശത്തെ രാജാവായ ടോളമി അഞ്ചാമൻ ശ്രമിച്ചെങ്കിലും വിഷം അദ്ദേഹത്തിന്റെ ജീവനൊടുക്കി. ടോളമി ആറാമൻ അദ്ദേഹത്തിന്റെ പിൻഗാമിയായി. എന്നാൽ സെല്യൂക്കസ് നാലാമന്റെ കാര്യമോ? റോമിനോടു കടപ്പെട്ടിരുന്ന ഭീമമായ കപ്പം കൊടുക്കാൻ നിവൃത്തിയില്ലാതായ അദ്ദേഹം യെരൂശലേം ദേവാലയത്തിൽ ശേഖരിച്ചു വെച്ചിരുന്നുവെന്നു പറയപ്പെട്ടിരുന്ന സമ്പത്തു പിടിച്ചെടുക്കാനായി തന്റെ ഖജാൻജി ആയിരുന്ന ഹെലിയോഡോറസിനെ അയച്ചു. പക്ഷേ, സിംഹാസനത്തിൽ കണ്ണുണ്ടായിരുന്ന ഹെലിയോഡോറസ് സെല്യൂക്കസ് നാലാമനെ വധിച്ചു. എന്നാൽ പെർഗ്ഗമൊസിലെ രാജാവായിരുന്ന യൂമൻസും സഹോദരനായ അറ്റാലസും ചേർന്ന്, വധിക്കപ്പെട്ട രാജാവിന്റെ സഹോദരനായ ആന്റിയോക്കസ് നാലാമനെ സിംഹാസനത്തിൽ അവരോധിച്ചു.
37. (എ) താൻ യഹോവയാം ദൈവത്തെക്കാൾ ശക്തനാണെന്നു പ്രകടമാക്കാൻ ആന്റിയോക്കസ് നാലാമൻ ശ്രമിച്ചത് എങ്ങനെ? (ബി) ആന്റിയോക്കസ് നാലാമൻ യെരൂശലേമിലെ ആലയത്തെ അപവിത്രീകരിച്ചത് എന്തിലേക്കു നയിച്ചു?
37 വടക്കേദേശത്തെ പുതിയ രാജാവായ ആന്റിയോക്കസ് നാലാമൻ യഹോവയുടെ ആരാധനാ ക്രമീകരണത്തെ തുടച്ചുനീക്കാൻ ശ്രമിച്ചുകൊണ്ട് താൻ ദൈവത്തെക്കാൾ ശക്തനാണെന്നു പ്രകടമാക്കാൻ നോക്കി. യഹോവയെ വെല്ലുവിളിച്ചുകൊണ്ട് അദ്ദേഹം യെരൂശലേം ദേവാലയത്തെ സീയൂസിന്, അഥവാ ജൂപ്പിറ്ററിന് സമർപ്പിച്ചു. യഹോവയ്ക്കു ദിവസേന ഹോമയാഗം അർപ്പിച്ചുകൊണ്ടിരുന്ന ആലയ പ്രാകാരത്തിലെ വലിയ യാഗപീഠത്തിനു മീതെ പൊ.യു.മു. 167 ഡിസംബറിൽ ഒരു പുറജാതീയ യാഗപീഠം നിർമിക്കപ്പെട്ടു. പത്തു ദിവസം കഴിഞ്ഞ് ഈ പുറജാതീയ യാഗപീഠത്തിൽ സീയൂസിനു ബലി അർപ്പിക്കുകയുണ്ടായി. ഈ അപവിത്രീകരണം മക്കബായരുടെ നേതൃത്വത്തിലുള്ള യഹൂദ വിപ്ലവത്തിനു കാരണമായി. ആന്റിയോക്കസ് നാലാമൻ മൂന്നു വർഷം അവരോടു പോരാടി. പൊ.യു.മു. 164-ൽ, അപവിത്രീകരണത്തിന്റെ വാർഷിക ദിനത്തിൽ, ജൂഡസ് മക്കബീസ് ആലയം യഹോവയ്ക്കു പുനഃസമർപ്പിക്കുകയും പ്രതിഷ്ഠോത്സവം—ഹനുക്കാ—ഏർപ്പെടുത്തുകയും ചെയ്തു.—യോഹന്നാൻ 10:22.
38. മക്കബായ ഭരണം അവസാനിച്ചത് എങ്ങനെ?
38 സാധ്യതയനുസരിച്ച്, പൊ.യു.മു. 161-ൽ മക്കബായർ റോമുമായി ഒരു ഉടമ്പടി ഉണ്ടാക്കുകയും പൊ.യു.മു. 104-ൽ ഒരു രാജ്യം സ്ഥാപിക്കുകയും ചെയ്തു. എന്നാൽ അവരും വടക്കേദേശത്തെ സിറിയൻ രാജാവും തമ്മിലുള്ള ഉരസൽ തുടർന്നു. ഒടുവിൽ റോം ഇടപെടേണ്ടി വന്നു. റോമൻ ജനറലായ ഗ്നിയസ് പോംപി മൂന്നു മാസത്തെ ഉപരോധത്തിനു ശേഷം പൊ.യു.മു. 63-ൽ യെരൂശലേം പിടിച്ചെടുത്തു. പൊ.യു.മു. 39-ൽ, റോമൻ സെനറ്റ് ഏദോമ്യനായ ഹെരോദാവിനെ യഹൂദയുടെ രാജാവായി നിയമിച്ചു. പൊ.യു.മു. 37-ൽ യെരൂശലേം പിടിച്ചെടുത്തുകൊണ്ട് അദ്ദേഹം മക്കബായ ഭരണം അവസാനിപ്പിച്ചു.
39. ദാനീയേൽ 11:1-19 പരിചിന്തിച്ചതിൽ നിന്നു നിങ്ങൾക്ക് എങ്ങനെ പ്രയോജനം ലഭിച്ചിരിക്കുന്നു?
39 പോരാട്ടത്തിൽ ഏർപ്പെട്ടിരിക്കുന്ന രണ്ടു രാജാക്കന്മാരെ കുറിച്ചുള്ള പ്രവചനത്തിന്റെ ആദ്യ ഭാഗം അതിന്റെ സകല വിശദാംശങ്ങളിലും നിവൃത്തിയേറിയതു കാണുന്നത് എത്ര പുളകപ്രദമാണ്! തീർച്ചയായും, ദാനീയേലിനു പ്രാവചനിക സന്ദേശം ലഭിച്ച ശേഷമുള്ള 500 വർഷത്തെ ചരിത്രത്തിലേക്കു ചുഴിഞ്ഞിറങ്ങി വടക്കേദേശത്തെ രാജാവിന്റെയും തെക്കേദേശത്തെ രാജാവിന്റെയും സ്ഥാനങ്ങൾ അലങ്കരിച്ച ഭരണാധിപന്മാരെ തിരിച്ചറിയാൻ കഴിയുന്നത് എത്ര ഉദ്വേഗജനകമാണ്! എന്നിരുന്നാലും, ഈ രണ്ടു രാജാക്കന്മാർ തമ്മിലുള്ള യുദ്ധം യേശു ഭൂമിയിലായിരുന്ന കാലത്തും നമ്മുടെ ഈ നാൾവരെയും തുടരവെ, ഇരുവരുടെയും രാഷ്ട്രീയ തനിമയ്ക്കു മാറ്റം ഭവിക്കുന്നു. പ്രവചനത്തിൽ വെളിപ്പെടുത്തിയിരിക്കുന്ന തികച്ചും ചേതോഹരമായ വിശദാംശങ്ങളുമായി ചരിത്ര സംഭവങ്ങളെ ചേരുംപടി ചേർത്തുകൊണ്ട്, പരസ്പരം പോരടിക്കുന്ന ഈ രണ്ടു രാജാക്കന്മാരെ നമുക്കു തിരിച്ചറിയാൻ കഴിയും.
നിങ്ങൾ എന്തു ഗ്രഹിച്ചു?
• യവന രാജ്യങ്ങളിൽനിന്ന് പ്രബലരായ രാജാക്കന്മാരുടെ ഏതു രണ്ടു വംശങ്ങളാണ് ഉദയം ചെയ്തത്, ആ രാജാക്കന്മാർ ഏതു പോരാട്ടം ആരംഭിച്ചു?
• ദാനീയേൽ 11:6-ൽ പ്രവചിക്കപ്പെട്ടിരിക്കുന്നതുപോലെ, രണ്ടു രാജാക്കന്മാർ “ഒരു ന്യായയുക്തമായ ക്രമീകരണത്തിൽ” ഏർപ്പെട്ടത് എങ്ങനെ?
• പിൻവരുന്നവർ തമ്മിലുള്ള പോരാട്ടം തുടർന്നത് എങ്ങനെ,
സെല്യൂക്കസ് രണ്ടാമനും ടോളമി മൂന്നാമനും (ദാനീയേൽ 11:7-9)?
ആന്റിയോക്കസ് മൂന്നാമനും ടോളമി നാലാമനും (ദാനീയേൽ 11:10-12)?
ആന്റിയോക്കസ് മൂന്നാമനും ടോളമി അഞ്ചാമനും (ദാനീയേൽ 11:13-16)?
• ഒന്നാം ക്ലിയോപാട്രയും ടോളമി അഞ്ചാമനും തമ്മിലുള്ള വിവാഹത്തിന്റെ ലക്ഷ്യം എന്തായിരുന്നു, ആ പദ്ധതി പരാജയപ്പെട്ടത് എന്തുകൊണ്ട് (ദാനീയേൽ 11:17-19)?
• ദാനീയേൽ 11:1-19-ന് ശ്രദ്ധ കൊടുത്തതു നിങ്ങൾക്ക് എങ്ങനെ പ്രയോജനം ചെയ്തിരിക്കുന്നു?
[228-ാം പേജിലെ ചാർട്ട്/ചിത്രങ്ങൾ]
ദാനീയേൽ 11:5-19-ലെ രാജാക്കന്മാർ
വടക്കേദേശത്തെ രാജാവ് തെക്കേദേശത്തെ രാജാവ്
ദാനീയേൽ 11:5 സെല്യൂക്കസ് ഒന്നാമൻ നൈക്കേറ്റർ ടോളമി ഒന്നാമൻ
ദാനീയേൽ 11:6 ആന്റിയോക്കസ് രണ്ടാമൻ ടോളമി രണ്ടാമൻ (ഭാര്യ ലവോദിസ്) (പുത്രി ബെറനൈസി)
ദാനീയേൽ 11:7-9 സെല്യൂക്കസ് രണ്ടാമൻ ടോളമി മൂന്നാമൻ
ദാനീയേൽ 11:10-12 ആന്റിയോക്കസ് മൂന്നാമൻ ടോളമി നാലാമൻ
ദാനീയേൽ 11:13-19 ആന്റിയോക്കസ് മൂന്നാമൻ ടോളമി അഞ്ചാമൻ (പുത്രിയായ ഒന്നാം ക്ലിയോപാട്ര) പിൻഗാമി: പിൻഗാമികൾ: ടോളമി ആറാമൻ സെല്യൂക്കസ് നാലാമനും ആന്റിയോക്കസ് നാലാമനും
[ചിത്രം]
ടോളമി രണ്ടാമനെയും ഭാര്യയെയും ചിത്രീകരിക്കുന്ന നാണയം
[ചിത്രം]
സെല്യൂക്കസ് ഒന്നാമൻ നൈക്കേറ്റർ
[ചിത്രം]
ആന്റിയോക്കസ് മൂന്നാമൻ
[ചിത്രം]
ടോളമി ആറാമൻ
[ചിത്രം]
ടോളമി മൂന്നാമനും പിൻഗാമികളും ഉത്തര ഈജിപ്തിലെ ഇഡ്ഫൂവിൽ പണികഴിപ്പിച്ച ഹോറസ് ക്ഷേത്രം
[216, 217 പേജുകളിലെ ഭൂപടം/ചിത്രങ്ങൾ]
(പൂർണരൂപത്തിൽ കാണുന്നതിനു പ്രസിദ്ധീകരണം നോക്കുക.)
“വടക്കേദേശത്തെ രാജാവ്,” “തെക്കേദേശത്തെ രാജാവ്” എന്നീ സംജ്ഞകൾ ദാനീയേലിന്റെ ജനത്തിന്റെ വടക്കും തെക്കുമുള്ള രാജാക്കന്മാരെ പരാമർശിക്കുന്നു
മാസിഡോണിയ
ഗ്രീസ്
ഏഷ്യാമൈനർ
ഇസ്രായേൽ
ലിബിയ
ഈജിപ്ത്
എത്യോപ്യ
സിറിയ
ബാബിലോൺ
അറേബ്യ
[ചിത്രം]
ടോളമി രണ്ടാമൻ
[ചിത്രം]
മഹാനായ ആന്റിയോക്കസ്
[ചിത്രം]
മഹാനായ ആന്റിയോക്കസിന്റെ ഔദ്യോഗിക കൽപ്പന ആലേഖനം ചെയ്ത ഒരു കൽഫലകം
[ചിത്രം]
ടോളമി അഞ്ചാമനെ ചിത്രീകരിക്കുന്ന നാണയം
[ചിത്രം]
ഈജിപ്തിലെ കാർനക്കിലുള്ള ഗേറ്റ് ഓഫ് ടോളമി തേർഡ്
[210-ാം പേജ് നിറയെയുള്ള ചിത്രം]
[215-ാം പേജിലെ ചിത്രം]
സെല്യൂക്കസ് ഒന്നാമൻ നൈക്കേറ്റർ
[218-ാം പേജിലെ ചിത്രം]
ടോളമി ഒന്നാമൻ