മഹാപ്രഭുവായ മീഖായേലിന്റെ അന്തിമ വിജയം
“ആ കാലത്തു നിന്റെ സ്വജാതിക്കാർക്കു തുണനില്ക്കുന്ന മഹാപ്രഭുവായ മീഖായേൽ എഴുന്നേല്ക്കും.”—ദാനീയേൽ 12:1
1. യഹോവയുടെ പരമാധികാരത്തിനു നേരെ അനേകം ലോക നേതാക്കൻമാർ ഏതു മനോഭാവം പ്രകടിപ്പിച്ചിരിക്കുന്നു, വടക്കെ ദേശത്തെ രാജാവ് ഇതിൽനിന്നു വ്യത്യസ്തനല്ലാത്തത് എങ്ങനെ?
“യിസ്രായേലിനെ വിട്ടയപ്പാൻ തക്കവണ്ണം ഞാൻ യഹോവയുടെ വാക്കു കേൾക്കേണ്ടതിന്നു അവൻ ആർ?” (പുറപ്പാടു 5:2) ഇതു മോശയോടുള്ള ഫറവോന്റെ ആക്ഷേപ വാക്കുകളായിരുന്നു. യഹോവയുടെ പരമാധീശ ദൈവത്വത്തെ അംഗീകരിക്കാൻ കൂട്ടാക്കാതെ ഫറവോൻ ഇസ്രയേലിനെ അടിമത്തത്തിൽത്തന്നെ തളച്ചിടാൻ നിശ്ചയിച്ചുറച്ചിരുന്നു. മററു ഭരണാധിപൻമാരും യഹോവയോടു സമാനമായ നിന്ദ പ്രകടമാക്കിയിട്ടുണ്ട്. ദാനിയേൽ പ്രവചനത്തിലെ രാജാക്കൻമാർ ഇതിന് ഒരപവാദമല്ല. (യെശയ്യാവു 36:13-20) നിശ്ചയമായും വടക്കെ ദേശത്തെ രാജാവ് ഇതിലും ഒരു പടി മുന്നോട്ടു പോയി. ദൂതൻ പറയുന്നു: “അവൻ തന്നെത്താൻ ഉയർത്തി, ഏതു ദേവന്നും മേലായി മഹത്വീകരിക്കയും ദൈവാധിദൈവത്തിന്റെ നേരെ അപൂർവ്വകാര്യങ്ങളെ സംസാരിക്കയും . . . അവൻ എല്ലാററിന്നും മേലായി തന്നെത്താൻ മഹത്വീകരിക്കയാൽ തന്റെ പിതാക്കൻമാരുടെ ദേവൻമാരെയും സ്ത്രീകളുടെ ഇഷ്ടദേവനെയും യാതൊരു ദേവനെയും കൂട്ടാക്കുകയില്ല.”—ദാനീയേൽ 11:36, 37.
2, 3. മറെറാരു “ദേവ”നെ ആരാധിക്കുന്നതിനുവേണ്ടി വടക്കെ ദേശത്തെ രാജാവ് ‘തന്റെ പിതാക്കൻമാരുടെ ദേവ’നെ ഏതു വിധത്തിൽ തിരസ്കരിച്ചു?
2 ഈ പ്രാവചനിക വാക്കുകൾ നിവർത്തിച്ചുകൊണ്ടു വടക്കെ ദേശത്തെ രാജാവ് “പിതാക്കൻമാരുടെ ദേവൻമാരെ” (അഥവാ “അവന്റെ കുലദൈവങ്ങളെ,” ദ ന്യൂ ഇംഗ്ലീഷ് ബൈബിൾ) തിരസ്കരിച്ചു, അതു റോമിലെ പുറജാതി ദേവൻമാരോ ക്രൈസ്തവലോകത്തിന്റെ ത്രിയേക ദൈവത്വമോ എന്തുമായിക്കൊള്ളട്ടെ. ഹിററ്ലർ തന്റെ ലക്ഷ്യങ്ങൾക്കുവേണ്ടി ക്രൈസ്തവലോകത്തെ ഉപയോഗിച്ചു, എന്നാൽ തെളിവനുസരിച്ച് അവളെ മാററി തൽസ്ഥാനത്ത് ഒരു പുതിയ ജർമൻ സഭയെ പ്രതിഷ്ഠിക്കാൻ അദ്ദേഹം പരിപാടിയിട്ടിരുന്നു. അദ്ദേഹത്തിന്റെ പിൻഗാമി കറതീർന്ന നിരീശ്വരവാദത്തെ പ്രോത്സാഹിപ്പിച്ചു. അങ്ങനെ “എല്ലാററിന്നും മേലായി തന്നെത്താൻ മഹത്വീകരി”ച്ചുകൊണ്ടു വടക്കെ ദേശത്തെ രാജാവു സ്വയം ഒരു ദൈവമാക്കി.
3 പ്രവചനം ഇങ്ങനെ തുടരുന്നു: “അതിന്നു പകരം അവൻ കോട്ടകളുടെ ദേവനെ ബഹുമാനിക്കും; അവന്റെ പിതാക്കൻമാർ അറിയാത്ത ഒരു ദേവനെ അവൻ പൊന്നുകൊണ്ടും വെള്ളികൊണ്ടും രത്നങ്ങൾകൊണ്ടും മനോഹരവസ്തുക്കൾകൊണ്ടും ബഹുമാനിക്കും.” (ദാനീയേൽ 11:38) വാസ്തവത്തിൽ, വടക്കെ ദേശത്തെ രാജാവു തന്റെ വിശ്വാസമർപ്പിച്ചത് ആധുനിക-ശാസ്ത്രീയ-സൈനികപദ്ധതി എന്ന “കോട്ടകളുടെ ദേവ”നിലായിരുന്നു. അന്ത്യകാലത്തിലുടനീളം അതിന്റെ യാഗപീഠത്തിൻമേൽ ഭീമമായ സമ്പത്തു ബലിയർപ്പിച്ചുകൊണ്ട് അവൻ ഈ “ദേവ”നിലൂടെ രക്ഷ തേടിയിരിക്കുന്നു.
4. വടക്കെ ദേശത്തെ രാജാവിന് എന്തു നേട്ടം ഉണ്ടായിരിക്കുന്നു?
4 “അവൻ ഒരു അന്യദേവന്റെ ജനത്തെ കോട്ടകളുടെ കൊത്തളങ്ങളിൻമേൽ ആക്കിവെക്കും; അവനെ സ്വീകരിക്കുന്നവന്നു അവൻ മഹത്വം വർദ്ധിപ്പിക്കും; അവൻ അവരെ പലർക്കും അധിപതികളാക്കി ദേശത്തെ പ്രതിഫലമായി വിഭാഗിച്ചുകൊടുക്കും.” (ദാനീയേൽ 11:39) സൈനികമായ “അന്യദേവ”നിൽ ആശ്രയമർപ്പിച്ചുകൊണ്ട് വടക്കെ ദേശത്തെ രാജാവ് ഏററവും “ഫലപ്രദമായി” പ്രവർത്തിച്ചിരിക്കുന്നു, “അന്ത്യകാല”ത്തെ ഒരു അജയ്യമായ സൈനിക ശക്തിയായിക്കൊണ്ടുതന്നെ. (2 തിമൊഥെയൊസ് 3:1) അയാളുടെ പ്രത്യയശാസ്ത്രത്തെ പിന്താങ്ങിയവർക്ക് അവൻ രാഷ്ട്രീയവും സാമ്പത്തികവും ചിലപ്പോൾ സൈനികവുമായ പിന്തുണ നൽകി.
“അന്ത്യകാലത്ത്”
5, 6. തെക്കെ ദേശത്തെ രാജാവ് ‘തള്ളിക്കയററം’ നടത്തിയിരിക്കുന്നത് എങ്ങനെ, വടക്കെ ദേശത്തെ രാജാവ് പ്രതികരിച്ചിരിക്കുന്നത് എങ്ങനെ?
5 ദാനീയേൽ 11:40എ ഇങ്ങനെ വായിക്കുന്നു: “അന്ത്യകാലത്തു തെക്കെദേശത്തിലെ രാജാവു അവനോടു എതിർത്തുമുട്ടും [“തള്ളിക്കയറും,” NW].” ഇതിനും പിൻവരുന്ന വാക്യത്തിനും നമ്മുടെ ഭാവിനാളിൽ നിവൃത്തിയുള്ളതായി വീക്ഷിക്കപ്പെടുന്നു. എന്നിരുന്നാലും, “അന്ത്യകാലം” ഇവിടെ അർഥമാക്കുന്നതു ദാനീയേൽ 12:4, 9-ൽ അർഥമാക്കുന്നതു തന്നെയാണെങ്കിൽ ഈ വാക്കുകളുടെ നിവൃത്തിക്കായി നാം അന്ത്യകാലത്തിൽ ഉടനീളം പരതിനോക്കണം. ഈ കാലഘട്ടത്തു തെക്കെ ദേശത്തെ രാജാവ് വടക്കെ ദേശത്തെ രാജാവിനെതിരെ ‘തള്ളിക്കയററം’ നടത്തിയിട്ടുണ്ടോ? നിശ്ചയമായും ഉണ്ട്. ഒന്നാം ലോകമഹായുദ്ധത്തിനുശേഷം, എതിർകക്ഷിയെ ശിക്ഷിച്ചൊതുക്കാൻ ചമച്ച സമാധാന ഉടമ്പടി തീർച്ചയായും, തിരിച്ചടിക്കുള്ള ഒരു ഉത്തേജനം എന്നനിലയിൽ, ഒരു ‘തള്ളിക്കയററ’മായിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിലെ വിജയത്തിനുശേഷം തെക്കെ ദേശത്തെ രാജാവ് ഭീതിജനകമായ ആണവായുധങ്ങൾ തന്റെ എതിരാളിയെ ലക്ഷ്യമാക്കി നിർത്തുകയും നാറേറാ എന്ന പേരിൽ ഒരു ശക്തമായ സൈനിക സഖ്യത്തെ അയാൾക്കെതിരായി സംഘടിപ്പിക്കുകയും ചെയ്തു. വർഷങ്ങൾ കടന്നുപോയതോടെ, അയാളുടെ ‘തള്ളിക്കയററ’ത്തിൽ നയതന്ത്രപരവും സൈനികവുമായ പ്രഹരപരിപാടികൾ കൂടാതെ ഉന്നത-സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ചാരപ്പണിയും ഉൾപ്പെട്ടു.
6 വടക്കെ ദേശത്തെ രാജാവ് എങ്ങനെ പ്രതികരിച്ചു? “വടക്കെദേശത്തിലെ രാജാവു രഥങ്ങളോടും കുതിരച്ചേവകരോടും വളരെ കപ്പലുകളോടും കൂടെ ചുഴലിക്കാററുപോലെ അവന്റെ നേരെ വരും; അവൻ ദേശങ്ങളിലേക്കു വന്നു കവിഞ്ഞു കടന്നുപോകും.” (ദാനീയേൽ 11:40ബി) പിന്നിട്ട നാളുകളുടെ ചരിത്രം വടക്കെ ദേശത്തെ രാജാവിന്റെ വ്യാപനത്തെ ചിത്രീകരിച്ചിരിക്കുന്നു. രണ്ടാം ലോകമഹായുദ്ധത്തിൽ നാസി “രാജാവ്” തന്റെ അതിർത്തി കടന്ന് അയൽരാജ്യങ്ങളിലേക്ക് ഇരച്ചുകയറി. യുദ്ധം തീർന്നപ്പോൾ പിൻഗാമി “രാജാവു” തന്റെ അതിർത്തിക്കു പുറത്ത് ഒരു ശക്തമായ സാമ്രാജ്യം പടുത്തുയർത്തി. ശീതയുദ്ധകാലത്ത്, വടക്കെ ദേശത്തെ രാജാവ് തന്റെ പ്രതിയോഗിയുമായി നേരിട്ട് ഏററുമുട്ടിയില്ല, പകരം മററുള്ള രാജ്യങ്ങളെക്കൊണ്ടു യുദ്ധം ചെയ്യിച്ചും ആഫ്രിക്കയിലും ഏഷ്യയിലും ലാററിൻ അമേരിക്കയിലും കലാപങ്ങൾ ഉയർത്തിവിട്ടുംകൊണ്ട് പരോക്ഷമായി ഏററുമുട്ടി. യഥാർഥ ക്രിസ്ത്യാനികളുടെ പ്രവർത്തനത്തിനു കടിഞ്ഞാണിട്ടുകൊണ്ട് (എന്നാൽ അവസാനിപ്പിച്ചുകൊണ്ടല്ല) അയാൾ അവരെ പീഡിപ്പിച്ചു. അയാളുടെ സൈനികവും രാഷ്ട്രീയവുമായ കടന്നാക്രമണങ്ങൾ അനേകം രാജ്യങ്ങളെ അയാളുടെ വരുതിയിലാക്കി. ഇതു കൃത്യമായും ദൂതൻ പ്രവചിച്ചതുപോലെ തന്നെയായിരുന്നു: “അവൻ മനോഹരദേശത്തിലേക്കും [ദൈവജനത്തിന്റെ ആത്മീയ സ്വത്ത്] കടക്കും; പതിനായിരം പതിനായിരം പേർ [“അനേകം രാജ്യങ്ങൾ,” NW] ഇടറിവീഴും.”—ദാനീയേൽ 11:41എ.
7. വടക്കെ ദേശത്തെ രാജാവിന്റെ വ്യാപനപദ്ധതിക്ക് എന്തു പരിമിതികളുണ്ടായിരുന്നു?
7 എന്നുവരികിലും, എതിരാളികളുടെ കാഴ്ചപ്പാടിൽനിന്നു നോക്കുമ്പോൾ വടക്കെ ദേശത്തെ രാജാവിന്റെ ദ്രോഹസാന്നിധ്യം ബീഭത്സരൂപം പ്രാപിച്ചെങ്കിലും അവനു ലോകം കീഴടക്കാനായില്ല. “എങ്കിലും ഏദോമും മോവാബും അമ്മോന്യശ്രേഷ്ഠൻമാരും അവന്റെ കയ്യിൽനിന്നു വഴുതിപ്പോകും.” (ദാനീയേൽ 11:41ബി) പുരാതന നാളുകളിൽ ഏദോം, മോവാബ്, അമ്മോൻ എന്നിവ ഏതാണ്ട് ഈജിപ്ററിനും സിറിയക്കും ഇടയിൽ സ്ഥിതിചെയ്തിരുന്നു. വടക്കെ ദേശത്തെ രാജാവ് നോട്ടമിട്ടെങ്കിലും തന്റെ സ്വാധീനത്തിൽ കൊണ്ടുവരാൻ കഴിയാഞ്ഞ ജനതകളെയും സംഘടനകളെയും ആയിരിക്കാം അത് അർഥമാക്കുന്നത്.
‘മിസ്രയീംദേശവും ഒഴിഞ്ഞുപോകയില്ല’
8, 9. വടക്കെ ദേശത്തെ രാജാവിന്റെ സ്വാധീനം അയാളുടെ പ്രധാന എതിരാളിക്കുപോലും അനുഭവപ്പെട്ടിരിക്കുന്നതെങ്ങനെ?
8 ദൂതൻ തുടർന്ന് ഇങ്ങനെ പറയുന്നു: “അവൻ ദേശങ്ങളുടെ നേരെ കൈ നീട്ടും; മിസ്രയീംദേശവും ഒഴിഞ്ഞുപോകയില്ല. അവൻ പൊന്നും വെള്ളിയുമായ നിക്ഷേപങ്ങളെയും മിസ്രയീമിലെ മനോഹരവസ്തുക്കളെയും കൈവശമാക്കും [“മനോഹരവസ്തുക്കളുടെ മേൽ ആധിപത്യം നടത്തും,” NW]; ലൂബ്യരും കൂശ്യരും അവന്റെ അനുചാരികൾ [“കാൽക്കീഴിൽ,” NW] ആയിരിക്കും.” (ദാനീയേൽ 11:42, 43) തെക്കെ ദേശത്തെ രാജാവായ “മിസ്രയീം” [ഈജിപ്ററ്] പോലും വടക്കെ ദേശത്തെ രാജാവിന്റെ സാമ്രാജ്യവ്യാപന നയങ്ങളുടെ ഫലങ്ങളിൽനിന്നു മുക്തമായിരുന്നില്ല. ഉദാഹരണത്തിന്, അവനു വിയററ്നാമിൽ കനത്ത പരാജയം ഏററുവാങ്ങേണ്ടിവന്നു. “ലൂബ്യ”രെയും “കൂശ്യ”രെയും സംബന്ധിച്ചെന്ത്? ഭൂമിശാസ്ത്രപരമായി പറയുകയാണെങ്കിൽ, പുരാതന ഈജിപ്ററിന്റെ ഈ അയൽക്കാർ ആധുനിക “ഈജിപ്ററി”ന്റെ അയൽക്കാരായ രാജ്യങ്ങളെ നന്നായി മുൻനിഴലാക്കുകയും ചിലപ്പോഴെല്ലാം വടക്കെ ദേശത്തെ രാജാവിന്റെ ‘കാൽക്കീഴിൽ’ അനുചാരികൾ ആയിരിക്കുകയും ചെയ്തിട്ടുണ്ട്.
9 വടക്കെ ദേശത്തെ രാജാവ് ‘മിസ്രയീമിന്റെ മറഞ്ഞിരിക്കുന്ന നിധിക’ളുടെ [NW] മേലും ആധിപത്യം നടത്തിയിട്ടുണ്ടോ? കൊള്ളാം, അയാൾ തെക്കെ ദേശത്തെ രാജാവിനെ തീർച്ചയായും പരാജയപ്പെടുത്തിയിട്ടില്ല, 1993 വരെയുള്ള ലോകത്തിന്റെ സ്ഥിതിവിശേഷം കണക്കിലെടുക്കുമ്പോൾ അയാൾ അതു ചെയ്യാനുള്ള സാധ്യതയുണ്ടെന്നു തോന്നുന്നുമില്ല. പക്ഷേ തെക്കെ ദേശത്തെ രാജാവ് തന്റെ സ്വന്തം സാമ്പത്തികവിഭവങ്ങൾ ഉപയോഗിച്ച വിധത്തിൻമേൽ അവനു ശക്തമായ സ്വാധീനമുണ്ടായിരുന്നു. എതിരാളിയെക്കുറിച്ചുള്ള ഭയം നിമിത്തം തെക്കെ ദേശത്തെ രാജാവ് ഒരു വൻ പട്ടാളത്തെയും നാവികസേനയെയും വ്യോമസേനയെയും നിലനിർത്തുന്നതിന് ഓരോ വർഷവും ഭീമമായ സംഖ്യ മാററിവെച്ചു. ഈ അർഥത്തിൽ വടക്കെ ദേശത്തെ രാജാവ് തെക്കെ ദേശത്തെ രാജാവിന്റെ സമ്പത്തിന്റെ വിനിയോഗത്തെ നിയന്ത്രിച്ചിരിക്കുന്നു, അതിനു മേൽ “ആധിപത്യം” നടത്തിയിരിക്കുന്നു എന്നു പറയാം.
വടക്കെ ദേശത്തെ രാജാവിന്റെ അവസാന സൈനികനടപടി
10. രണ്ടു രാജാക്കൻമാർക്കിടയിലെ കിടമത്സരത്തിന്റെ അന്ത്യത്തെക്കുറിച്ചു ദൂതൻ വർണിക്കുന്നതെങ്ങനെ?
10 ഇരു രാജാക്കൻമാർക്കുമിടയിലെ കിടമത്സരം അനിശ്ചിത കാലത്തോളം തുടരുമോ? ഇല്ല. ദൂതൻ ദാനിയേലിനോട് ഇപ്രകാരം പറഞ്ഞു: “എന്നാൽ കിഴക്കുനിന്നും വടക്കുനിന്നും ഉള്ള വർത്തമാനങ്ങളാൽ അവൻ പരവശനാകും; അങ്ങനെ അവൻ പലരെയും നശിപ്പിച്ചു നിർമ്മൂലനാശം വരുത്തേണ്ടതിന്നു മഹാ ക്രോധത്തോടെ പുറപ്പെടും. പിന്നെ അവൻ സമുദ്രത്തിന്നും മഹത്വമുള്ള വിശുദ്ധ പർവ്വതത്തിന്നും മദ്ധ്യേ മണിപ്പന്തൽ ഇടും; അവിടെ അവൻ അന്തരിക്കും; ആരും അവനെ രക്ഷിക്കയുമില്ല.”—ദാനീയേൽ 11:44.
11, 12. വടക്കെ ദേശത്തെ രാജാവിനും തെക്കെ ദേശത്തെ രാജാവിനും ഇടയിലെ കിടമത്സരവുമായി സമീപകാല രാഷ്ട്രീയ സംഭവവികാസങ്ങൾക്ക് എന്തു ബന്ധമാണുള്ളത്, നാം ഇനിയും എന്തു പഠിക്കാനുണ്ട്?
11 ഈ സംഭവങ്ങൾ ഇനിയും ഭാവിയിൽ നടക്കാനുള്ളതാണ്, അതുകൊണ്ടു പ്രവചനം എങ്ങനെ നിവർത്തിയാകും എന്നതു വിശദമായി പറയാൻ നമുക്കാവില്ല. ഈയിടെ രണ്ടു രാജാക്കൻമാരെ സംബന്ധിക്കുന്ന രാഷ്ട്രീയ സ്ഥിതിഗതികൾക്കു മാററം സംഭവിച്ചിട്ടുണ്ട്. ഐക്യനാടുകളും പൂർവയൂറോപ്യൻ രാജ്യങ്ങളും തമ്മിലുണ്ടായിരുന്ന കടുത്ത കിടമത്സരം തണുത്ത് ആറിക്കഴിഞ്ഞിരിക്കുന്നു. അതിലുപരി, സോവിയററ് യൂണിയനാണെങ്കിൽ 1991-ൽ ശിഥിലമായി, ഇപ്പോൾ അതു സ്ഥിതി ചെയ്യുന്നുമില്ല.—1992 ജൂൺ 1, വീക്ഷാഗോപുരം 4, 5 പേജുകൾ കാണുക.
12 അതുകൊണ്ട് ഇപ്പോൾ വടക്കെ ദേശത്തെ രാജാവ് ആരാണ്? അതു പഴയ സോവിയററ് യൂണിയന്റെ ഭാഗമായിരുന്ന രാജ്യങ്ങളിൽ ഒന്നാണെന്നു കരുതണമോ? അല്ലെങ്കിൽ മുൻകാലങ്ങളിൽ പലതവണ സംഭവിച്ചിരിക്കുന്നതുപോലെ ആൾ തന്നെ സമൂലം മാറിവരുകയാണോ? നമുക്ക് അതു പറയാനാവില്ല. ദാനീയേൽ 11:44 നിവർത്തിയാകുന്ന സമയത്ത് ആരായിരിക്കും വടക്കെ ദേശത്തെ രാജാവ്? ഇരു രാജാക്കൻമാർക്കുമിടയിലെ മത്സരം പെട്ടെന്നു വീണ്ടും ആളിക്കത്തുമോ? അനവധി രാജ്യങ്ങളിൽ ഇപ്പോഴും സൂക്ഷിച്ചിരിക്കുന്ന ബൃഹത്തായ ആണവായുധ കൂമ്പാരങ്ങളെ സംബന്ധിച്ചെന്ത്? കാലത്തിനു മാത്രമേ ഈവക ചോദ്യങ്ങൾക്ക് ഉത്തരം നൽകാനാവൂ.
13, 14. രണ്ടു രാജാക്കൻമാരുടെയും ഭാവി സംബന്ധിച്ചു നമുക്ക് എന്തറിയാം?
13 ഒരു കാര്യം നമുക്ക് ഉറപ്പായും അറിയാം. “കിഴക്കുനിന്നും വടക്കുനിന്നും ഉള്ള വർത്തമാനങ്ങളാൽ . . . പരവശ”നായ വടക്കെ ദേശത്തെ രാജാവ് പെട്ടെന്നുള്ള ആവേശത്തിൽ ഒരു കടന്നാക്രമണം നടത്തും. അയാളുടെ “അന്ത്യ”ത്തിനു തൊട്ടു മുമ്പുള്ള പ്രവൃത്തിയായിരിക്കും ഈ സൈനികനടപടി. നാം ബൈബിളിലെ മററു പ്രവചനങ്ങൾ പരിചിന്തിക്കുന്നെങ്കിൽ ഈ “വർത്തമാനങ്ങ”ളെ സംബന്ധിച്ചു നമുക്കു കൂടുതൽ പഠിക്കാൻ കഴിയും.
14 എങ്കിലും, വടക്കെ ദേശത്തെ രാജാവിന്റെ ഈ പ്രവൃത്തികൾ തെക്കെ ദേശത്തെ രാജാവിന് എതിരായിട്ടാണെന്നു പറയുന്നില്ല എന്നത് ആദ്യമേ ശ്രദ്ധിക്കുക. അയാളുടെ അന്ത്യം സംഭവിക്കുന്നത് അയാളുടെ ബദ്ധ വൈരിയുടെ കൈകളിൽനിന്നല്ല. അതുപോലെ, വടക്കെ ദേശത്തെ രാജാവ് തെക്കെ ദേശത്തെ രാജാവിനെ നശിപ്പിക്കുന്നുമില്ല. (മററു പ്രവചനങ്ങളിൽ കാട്ടുമൃഗത്തിൻമേൽ പ്രത്യക്ഷപ്പെടാനിരുന്ന അവസാനത്തെ കൊമ്പായി പ്രതിനിധാനം ചെയ്യപ്പെടുന്ന) തെക്കെ ദേശത്തെ രാജാവിനെ “[മനുഷ്യ]കൈ തൊടാതെ” ദൈവരാജ്യമാണു നശിപ്പിക്കുന്നത്. (ദാനീയേൽ 7:26; 8:25) വാസ്തവത്തിൽ അർമഗെദോൻ യുദ്ധത്തിൽ ഭൂമിയിലെ എല്ലാ രാജാക്കൻമാരെയും ദൈവരാജ്യം ഒടുവിൽ നശിപ്പിക്കുന്നു, വടക്കെ ദേശത്തെ രാജാവിനു സംഭവിക്കുന്നതു ന്യായമായും അതുതന്നെയാണ്. (ദാനീയേൽ 2:44; 12:1; വെളിപ്പാടു 16:14, 16) ആ അന്ത്യയുദ്ധത്തിലേക്കു നയിക്കുന്ന സംഭവങ്ങളാണു ദാനീയേൽ 11:44-ൽ വിവരിക്കുന്നത്. വടക്കെ ദേശത്തെ രാജാവു തന്റെ അന്ത്യത്തോട് അടുക്കുമ്പോൾ ‘ആരും അവനെ രക്ഷിക്കയില്ല’ എന്നു പറയുന്നതിൽ അത്ഭുതപ്പെടാനില്ല!
15. ചർച്ച ചെയ്യേണ്ടതായ ഏതു പ്രധാന ചോദ്യങ്ങളാണ് അവശേഷിക്കുന്നത്?
15 അപ്പോൾ “പലരെയും നശിപ്പിച്ചു നിർമ്മൂലനാശം വരുത്തേണ്ടതിന്നു” പുറപ്പെടാൻതക്കവണ്ണം വടക്കെ ദേശത്തെ രാജാവിനെ പ്രേരിപ്പിക്കുന്ന “വർത്തമാനങ്ങ”ളിൻമേൽ വെളിച്ചം വീശുന്ന മററു പ്രവചനങ്ങൾ ഏതെല്ലാമാണ്? അയാൾ നശിപ്പിക്കാൻ ആഗ്രഹിക്കുന്ന ‘പലർ’ ആരാണ്?
കിഴക്കുനിന്നുള്ള വർത്തമാനം
16. (എ) അർമഗെദോനു മുമ്പ് ഏതു സുപ്രധാന സംഭവം നടക്കണം? (ബ) “കിഴക്കുനിന്നു വരുന്ന രാജാക്കൻമാർ” ആരൊക്കെയാണ്?
16 അന്ത്യയുദ്ധമായ അർമഗെദോനു മുമ്പു സത്യാരാധനയുടെ ഒരു പ്രബലശത്രുവായ, ലോകവ്യാപക വ്യാജമത-സാമ്രാജ്യമെന്ന, വേശ്യാതുല്യ മഹാബാബിലോൻ നശിപ്പിക്കപ്പെടണം. (വെളിപ്പാടു 18:3-8) യൂഫ്രട്ടീസ് എന്ന പ്രതീകാത്മക നദിയിൽ ദൈവക്രോധത്തിന്റെ ആറാമത്തെ കലശം ഒഴിക്കുന്നത് അവളുടെ നാശത്തെ മുൻനിഴലാക്കുന്നു. “കിഴക്കുനിന്നു വരുന്ന രാജാക്കൻമാർക്കു വഴി ഒരുങ്ങേണ്ടതിന്നു” നദി വററിവരളുന്നു. (വെളിപ്പാടു 16:12) ഈ രാജാക്കൻമാർ ആരൊക്കെയാണ്? യഹോവയാം ദൈവവും യേശുക്രിസ്തുവും അല്ലാതെ മററാരുമല്ല!a
17. (എ) മഹാബാബിലോന്റെ നാശത്തെക്കുറിച്ചു ബൈബിൾ നമ്മോട് എന്തു പറയുന്നു? (ബി) ‘കിഴക്കുനിന്നും ഉള്ള’ വർത്തമാനം പരാമർശിക്കുന്നത് എന്തിനെ ആയിരിക്കാം?
17 മഹാബാബിലോന്റെ നാശം ഭംഗ്യന്തരേണ വെളിപ്പാടു പുസ്തകത്തിൽ വർണിക്കുന്നുണ്ട്. “നീ കണ്ട പത്തു കൊമ്പും [അന്ത്യകാലത്തു ഭരണം നടത്തുന്ന ‘രാജാക്കൻമാർ’] മൃഗവും [ഐക്യരാഷ്ട്രസംഘടനയെ പ്രതിനിധാനം ചെയ്യുന്ന കടുഞ്ചുവപ്പു മൃഗം] വേശ്യയെ ദ്വേഷിച്ചു ശൂന്യവും നഗ്നവുമാക്കി അവളുടെ മാംസം തിന്നുകളയും; അവളെ തീകൊണ്ടു ദഹിപ്പിക്കയും ചെയ്യും.” (വെളിപ്പാടു 17:16) സത്യമായും, രാഷ്ട്രങ്ങൾ ‘മാംസം ധാരാളം തിന്നുക’ളയും! (ദാനീയേൽ 7:5) എന്നാൽ എന്തുകൊണ്ടായിരിക്കും വടക്കെ ദേശത്തെ രാജാവ് ഉൾപ്പെടെയുള്ള ഭരണാധിപൻമാർ മഹാബാബിലോനെ നശിപ്പിക്കുന്നത്? എന്തുകൊണ്ടെന്നാൽ, ‘തന്റെ ചിന്തകൾ നടപ്പാക്കാൻ ദൈവം അവരുടെ ഹൃദയത്തിൽ തോന്നിച്ചു.’ (വെളിപ്പാടു 17:17) “കിഴക്കുനിന്നും . . . ഉള്ള” വർത്തമാനം സൂചിപ്പിക്കുന്നതു മഹാമതവേശ്യയെ ഉൻമൂലനാശം വരുത്താൻ യഹോവ തനിക്കു ബോധിച്ചവിധം മനുഷ്യ നേതാക്കളുടെ ഹൃദയത്തിൽ തോന്നിപ്പിക്കുന്ന അവിടുത്തെ ഈ പ്രവർത്തനത്തെയാകാം.—ദാനീയേൽ 11:44എ.
വടക്കുനിന്നുള്ള വർത്തമാനം
18. വടക്കെ ദേശത്തെ രാജാവിനു വേറെ ഏതു ലക്ഷ്യമുണ്ട്, അതു തന്റെ നാശത്തോട് അടുക്കുമ്പോൾ അയാളെ എവിടെ കൊണ്ടുനിർത്തും?
18 എന്നാൽ വടക്കെ ദേശത്തെ രാജാവിന്റെ ക്രോധത്തിനു മറെറാരു ലക്ഷ്യവുമുണ്ട്. “അവൻ സമുദ്രത്തിന്നും [“മഹാസമുദ്രം,” NW] മഹത്വമുള്ള വിശുദ്ധ പർവ്വതത്തിന്നും മദ്ധ്യേ മണിപ്പന്തൽ ഇടും” എന്നു ദൂതൻ പറയുന്നു. (ദാനീയേൽ 11:44ബി) ദാനിയേലിന്റെ നാളിൽ മഹാസമുദ്രം മെഡിറററേനിയൻ സമുദ്രവും മഹത്വമുള്ള വിശുദ്ധ പർവ്വതം ദൈവത്തിന്റെ ആലയം അന്നു സ്ഥിതിചെയ്തിരുന്ന സീയോനുമായിരുന്നു. അതുകൊണ്ട്, പ്രവചനം നിവൃത്തിയേറുന്ന സമയത്തു കോപാക്രാന്തനായ വടക്കെ ദേശത്തെ രാജാവ് ദൈവജനത്തിനു നേരെ ഒരു സൈനിക നടപടി നിർവഹിക്കുന്നു! “സമുദ്രത്തിന്നും മഹത്വമുള്ള വിശുദ്ധ പർവ്വതത്തിന്നും മദ്ധ്യേ” എന്ന പ്രയോഗം അയാളെ [വടക്കെ ദേശത്തെ രാജാവിനെ] ദൈവത്തിന്റെ അഭിഷിക്ത ദാസൻമാരുടെ ആത്മീയ നിവാസമേഖലയിൽ കൊണ്ടുനിർത്തുന്നു. ഈ അഭിഷിക്ത ദാസരാകട്ടെ, അന്യപ്പെട്ട മനുഷ്യവർഗമെന്ന “സമുദ്ര”ത്തിൽനിന്നു പുറത്തു വന്നിരിക്കുന്നവരും യേശുക്രിസ്തുവിനോടൊപ്പം സ്വർഗീയ സീയോനിൽനിന്നു ഭരിക്കാൻ പ്രത്യാശയുള്ളവരുമാണ്.—യെശയ്യാവു 57:20; എബ്രായർ 12:22; വെളിപ്പാടു 14:1.
19. യെഹെസ്കേൽ പ്രവചനം സൂചിപ്പിക്കുന്നപ്രകാരം ഗോഗിന്റെ ആക്രമണത്തെ ഇളക്കിവിടുന്ന വർത്തമാനത്തെ നമുക്ക് എങ്ങനെ തിരിച്ചറിയാം? (അടിക്കുറിപ്പ് കാണുക.)
19 “അന്ത്യകാലത്ത്” ദൈവജനത്തിനു നേരെ ഉണ്ടാകുവാനുള്ള ഒരു ആക്രമണത്തെക്കുറിച്ചു ദാനിയേലിന്റെ ഒരു സമകാലികനായിരുന്ന യെഹെസ്കേലും പ്രവചിച്ചു. സാത്താനെ പ്രതിനിധാനം ചെയ്യുന്ന മാഗോഗിലെ ഗോഗ് ആക്രമണങ്ങൾക്കു തുടക്കമിടുമെന്ന് അദ്ദേഹം പറഞ്ഞു. (യെഹെസ്കേൽ 38:16) പ്രതീകാത്മകമായി പറഞ്ഞാൽ, ഏതു ദിശയിൽനിന്നായിരിക്കും ഗോഗ് വരുക? യെഹെസ്കേലിലൂടെ യഹോവ പറയുന്നു: “നിന്റെ ദിക്കിൽനിന്നു, വടക്കെ അററത്തുനിന്നു തന്നേ, വരും.” (ചെരിച്ചെഴുത്ത് ഞങ്ങളുടേത്. [യെഹെസ്കേൽ 38:15]) അതുകൊണ്ട്, “വടക്കുനിന്നും ഉള്ള” വർത്തമാനം സൂചിപ്പിക്കുന്നതു യഹോവയുടെ ജനത്തെ ആക്രമിക്കേണ്ടതിനായി വടക്കെ ദേശത്തെ രാജാവിനെയും മററു രാജാക്കൻമാരെയും ഇളക്കിവിടുന്ന സാത്താന്റെ പ്രചാരണത്തെയാകാം.b—വെളിപ്പാടു 16:13, 14; 17:14 താരതമ്യപ്പെടുത്തുക.
20, 21. (എ) ദൈവജനത്തെ ആക്രമിക്കാൻ വടക്കെ ദേശത്തെ രാജാവ് ഉൾപ്പെടെയുള്ള രാഷ്ട്രങ്ങളെ ഗോഗ് ഇളക്കിവിടുന്നത് എന്തുകൊണ്ട്? (ബി) അയാളുടെ ആക്രമണം വിജയിക്കുമോ?
20 വേറെ ആടുകളുടെ മഹാപുരുഷാരത്തോടൊപ്പം മേലാൽ ലോകത്തിന്റെ ഭാഗമല്ലാത്ത “ദൈവത്തിന്റെ ഇസ്രയേൽ” അനുഭവിക്കുന്ന സമൃദ്ധിയാണ് ഗോഗ് സകല ശക്തിയോടുംകൂടിയുള്ള ഈ ആക്രമണം സംഘടിപ്പിക്കാനുള്ള കാരണം. (ഗലാത്യർ 6:16; യോഹന്നാൻ 10:16; 17:15, 16; 1 യോഹന്നാൻ 5:19) ‘ജാതികളുടെ ഇടയിൽനിന്നു ശേഖരിക്കപ്പെട്ടും . . . [ആത്മീയ] ധനത്തെ . . . സമ്പാദിച്ചും . . . ഇരിക്കുന്ന ഒരു ജനത്തെ’ ഗോഗ് ഒളികണ്ണിട്ടു നോക്കുന്നു. (യെഹെസ്കേൽ 38:11; വെളിപ്പാടു 5:9; വെളിപ്പാടു 7:9) ഈ വാക്കുകളുടെ നിവൃത്തിയെന്നോണം യഹോവയുടെ ജനം മുമ്പെങ്ങുമില്ലാത്തവിധം ഇന്നു തഴച്ചുവളരുന്നു. യൂറോപ്പിലെയും ആഫ്രിക്കയിലെയും ഏഷ്യയിലെയും ഒരിക്കൽ വേല നിരോധിക്കപ്പെട്ടിരുന്ന പല രാജ്യങ്ങളിൽ അവർ ഇപ്പോൾ സ്വതന്ത്രമായി ആരാധന നടത്തുന്നു. ജാതികളിൽനിന്ന് 1987-നും 1992-നും ഇടയിൽ പത്തു ലക്ഷത്തിലധികം “മനോഹരവസ്തു”ക്കൾ യഹോവയുടെ സത്യാരാധനാലയത്തിലേക്കു വന്നിരിക്കുന്നു. ആത്മീയമായി അവർ സമ്പന്നരും ശാന്തശീലരുമാണ്.—ഹഗ്ഗായി 2:7; യെശയ്യാവു 2:2-4; 2 കൊരിന്ത്യർ 8:9.
21 അനായാസം കീഴടക്കാൻ സാധിക്കുമാറു “മതിലില്ലാത്ത ഗ്രാമ”മായി ക്രിസ്ത്യാനികളുടെ ആത്മീയ നിവാസമേഖലയെ വീക്ഷിച്ചുകൊണ്ട് മനുഷ്യവർഗത്തിൻമേലുള്ള തന്റെ സമ്പൂർണ നിയന്ത്രണത്തിന് എതിരായുള്ള ഈ വിലങ്ങുതടിയെ തുടച്ചുമാററാൻ ഗോഗ് ഒരു അവസാന ശ്രമം നടത്തുന്നു. (യെഹെസ്കേൽ 38:11) പക്ഷേ അവൻ പരാജയപ്പെടുന്നു. ഭൂമിയിലെ രാജാക്കൻമാർ യഹോവയുടെ ജനത്തെ ആക്രമിക്കുമ്പോൾ ‘അവർ വന്നുചേരുന്നത് അവരുടെതന്നെ അന്ത്യ’ത്തിലായിരിക്കും. [NW] എങ്ങനെ?
മൂന്നാമത് ഒരു രാജാവ്
22, 23. ഗോഗ് ആക്രമിക്കുമ്പോൾ ദൈവജനത്തിനുവേണ്ടി ആർ എഴുന്നേൽക്കുന്നു, എന്തു ഫലങ്ങളോടെ?
22 ഗോഗിന്റെ ആക്രമണം തന്റെ ജനത്തിനുവേണ്ടി എഴുന്നേററ് ഗോഗിന്റെ സൈന്യങ്ങളെ “യിസ്രായേൽപർവ്വതങ്ങളിൽ”വെച്ചു നശിപ്പിക്കാൻ യഹോവയാം ദൈവത്തിനുള്ള സിഗ്നലായിരിക്കുമെന്നു യെഹെസ്കേൽ പറയുന്നു. (യെഹെസ്കേൽ 38:18; 39:4) ഇതു നമ്മെ ദൂതൻ ദാനിയേലിനോടു പറഞ്ഞത് ഓർമിപ്പിക്കുന്നു: “ആ കാലത്തു നിന്റെ സ്വജാതിക്കാർക്കു തുണനില്ക്കുന്ന മഹാപ്രഭുവായ മീഖായേൽ എഴുന്നേല്ക്കും; ഒരു ജാതി ഉണ്ടായതുമുതൽ ഈ കാലംവരെ സംഭവിച്ചിട്ടില്ലാത്ത കഷ്ടകാലം ഉണ്ടാകും; അന്നു നിന്റെ ജനം, പുസ്തകത്തിൽ എഴുതിക്കാണുന്ന ഏവന്നുംതന്നേ, രക്ഷ പ്രാപിക്കും.”—ദാനീയേൽ 12:1.
23 സ്വർഗീയ യോദ്ധാവായ മീഖായേൽ എന്ന യേശുക്രിസ്തു 1914-ൽ ദൈവത്തിന്റെ സ്വർഗീയ രാജ്യത്തിന്റെ രാജാവായിത്തീർന്നു. (വെളിപ്പാടു 11:15; 12:7-9) അന്നുമുതൽ അവിടുന്നു ‘ദാനിയേലിന്റെ ജനത്തിന്റെ പുത്രൻമാർക്കു’ തുണനിൽക്കുകയാണ്. അദൃശ്യനായ ഒരു യോദ്ധാവും രാജാവുമെന്ന നിലയിൽ പെട്ടെന്നുതന്നെ അവിടുന്നു യഹോവയുടെ നാമത്തിൽ “എഴുന്നേല്ക്കു”കയും “ദൈവത്തെ അറിയാത്തവർക്കും നമ്മുടെ കർത്താവായ യേശുവിന്റെ സുവിശേഷം അനുസരിക്കാത്തവർക്കും പ്രതികാരം കൊടുക്കു”കയും ചെയ്യും. (2 തെസ്സലൊനീക്യർ 1:7) ദാനിയേൽ പ്രവചനത്തിലെ രാജാക്കൻമാർ ഉൾപ്പെടെ ഭൂമിയിലെ സകല രാഷ്ട്രങ്ങളും “പ്രലപി”ക്കും. (മത്തായി 24:30) ‘ദാനിയേലിന്റെ ജന’ത്തിനു നേരെ അപ്പോഴും ഹൃദയത്തിൽ ദുഷ്ചിന്ത വച്ചുകൊണ്ടിരിക്കുന്ന അവർ ‘മഹാപ്രഭുവായ മീഖായേലി’ന്റെ കൈകളാൽ എന്നന്നേക്കുമായി നശിക്കും.—വെളിപ്പാടു 19:11-21.
24. ദാനിയേൽ പ്രവചനത്തെ സംബന്ധിച്ച ഈ പഠനം നമ്മിൽ എന്തു ഫലമുണ്ടാക്കണം?
24 മീഖായേലിന്റെയും അവിടുത്തെ ദൈവമായ യഹോവയുടെയും മഹാവിജയം കാണാൻ നാം അതിയായി ആഗ്രഹിക്കുന്നില്ലേ? എന്തുകൊണ്ടെന്നാൽ, ആ വിജയം സത്യക്രിസ്ത്യാനികൾക്കു “രക്ഷ പ്രാപിക്ക”ലിനെ, അതിജീവനത്തെ അർഥമാക്കും. (മലാഖി 4:1-3 താരതമ്യപ്പെടുത്തുക.) അതുകൊണ്ട്, ആകാംക്ഷാനിർഭരമായി ഭാവിയിലേക്കു നോക്കുമ്പോൾ നാം പൗലോസ് അപ്പോസ്തലന്റെ ഈ വാക്കുകൾ അനുസ്മരിക്കുന്നു: “വചനം പ്രസംഗിക്ക; സമയത്തിലും അസമയത്തിലും ഒരുങ്ങിനില്ക്കുക.” (2 തിമൊഥെയൊസ് 4:2) നമുക്കു ജീവന്റെ വചനത്തിൻമേൽ ഒരു ദൃഢമായ പിടി നേടുകയും അനുകൂല കാലം തുടരുന്നിടത്തോളം യഹോവയുടെ ചെമ്മരിയാടുകളെ തെരയുകയും ചെയ്യാം. ജീവനുവേണ്ടിയുള്ള ഓട്ടപ്പന്തയത്തിന്റെ അന്തിമ-മൂർധന്യദശയിലാണു നാം. പ്രതിഫലം നമ്മുടെ ദൃഷ്ടിപഥത്തിലുണ്ട്. അവസാനംവരെ സഹിച്ചുനിൽക്കാൻ നമുക്കു ദൃഢനിശ്ചയം ചെയ്യുകയും അങ്ങനെ നമുക്കു രക്ഷ പ്രാപിക്കുന്നവരുടെ ഇടയിലായിരിക്കുകയും ചെയ്യാം.—മത്തായി 24:13; എബ്രായർ 12:1.
[അടിക്കുറിപ്പുകൾ]
a വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്ററ് സൊസൈററി പ്രസിദ്ധീകരിച്ച വെളിപ്പാട്—അതിന്റെ മഹത്തായ പാരമ്യം സമീപിച്ചിരിക്കുന്നു! എന്ന ലഘുപത്രികയുടെ 7-ാം ഭാഗത്തിന്റെ 8, 9 പേജുകൾ കാണുക.
b മറെറാരു സാധ്യതയുമുണ്ട്, ഗോഗിനോടുള്ള യഹോവയുടെ പിൻവരുന്ന വാക്കുകളുടെ വീക്ഷണത്തിൽ “വടക്കുനിന്നും ഉള്ള” വർത്തമാനം എന്നതു യഹോവയിൽനിന്ന് ഉത്ഭവിക്കുന്നതുമാകാം. “ഞാൻ . . . നിന്റെ താടിയെല്ലിൽ ചൂണ്ടൽ കൊളുത്തി നിന്നെ . . . പുറപ്പെടുമാറാക്കും.” “ഞാൻ നിന്നെ . . . വടക്കെ അററത്തുനിന്നു പുറപ്പെടുവിച്ചു, യിസ്രായേൽ പർവ്വതങ്ങളിൽ വരുത്തും”—യെഹെസ്കേൽ 38:4, 6; 39:2; സങ്കീർത്തനം 48:2 താരതമ്യപ്പെടുത്തുക.
നിങ്ങൾ ഗ്രഹിക്കുന്നുവോ?
◻ അന്ത്യകാലത്തിലുടനീളം തെക്കെ ദേശത്തെ രാജാവ് വടക്കെ ദേശത്തെ രാജാവിനു നേരെ തള്ളിക്കയററം നടത്തിയിരിക്കുന്നതെങ്ങനെ?
◻ രണ്ടു രാജാക്കൻമാർക്കിടയിലെ കിടമത്സരത്തിന്റെ അന്തിമപരിണാമം സംബന്ധിച്ചു നമുക്ക് ഇനിയും എന്തു പഠിക്കാനുണ്ട്?
◻ അർമഗെദോനു മുമ്പുള്ള ഏതു രണ്ടു സംഭവങ്ങളിലായിരിക്കും നിശ്ചയമായും വടക്കെ ദേശത്തെ രാജാവും ഉൾപ്പെടുക?
◻ ‘മഹാപ്രഭുവായ മീഖായേൽ’ ദൈവജനത്തെ എങ്ങനെ സംരക്ഷിക്കും?
◻ ദാനിയേൽ പ്രവചനത്തെ സംബന്ധിച്ച നമ്മുടെ പഠനത്തോടു നാം എങ്ങനെ പ്രതികരിക്കണം?
[19-ാം പേജിലെ ചിത്രം]
വടക്കെ ദേശത്തെ രാജാവ് തന്റെ പൂർവപിതാക്കൻമാരുടെ ദൈവങ്ങളിൽനിന്നു വ്യത്യസ്തമായ ഒരു ദൈവത്തെ ആരാധിച്ചിരിക്കുന്നു
[കടപ്പാട്]
Top left and middle: UPI/Bettmann; bottom left: Reuters/Bettmann; bottom right: Jasmin/Gamma Liaison