അധ്യായം ഒൻപത്
ലോകാവസാനം അടുത്ത് എത്തിയോ?
1. ഭാവിയെപ്പറ്റി നമുക്ക് എവിടെനിന്ന് മനസ്സിലാക്കാം?
ലോകത്ത് നടക്കുന്ന കാര്യങ്ങൾ കേട്ടിട്ട്, ‘ഈ പോക്കു പോയാൽ ഇത് എവിടെച്ചെന്ന് അവസാനിക്കും’ എന്നു നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ദുരന്തങ്ങളും ക്രൂരതകളും പെരുകുന്നതു കാണുമ്പോൾ ലോകാവസാനം ഇങ്ങെത്തിയെന്നു ചിലർ കരുതുന്നു. അതു ശരിയാണോ? ഭാവിയിൽ എന്താണു നടക്കാൻപോകുന്നതെന്ന് അറിയാൻ എന്തെങ്കിലും വഴിയുണ്ടോ? ഉണ്ട്. ഭാവിയിൽ എന്തു സംഭവിക്കുമെന്നു മനുഷ്യർക്കു കൃത്യമായി പറയാൻ കഴിയില്ലെങ്കിലും ദൈവമായ യഹോവയ്ക്കു കഴിയും. നമ്മുടെയും ഭൂമിയുടെയും ഭാവിയെപ്പറ്റി ബൈബിളിൽ ദൈവം പറഞ്ഞിട്ടുണ്ട്.—യശയ്യ 46:10; യാക്കോബ് 4:14.
2, 3. യേശുവിന്റെ ശിഷ്യന്മാർ എന്ത് അറിയാൻ ആഗ്രഹിച്ചു, യേശു അവരോട് എന്തു പറഞ്ഞു?
2 ബൈബിളിൽ ലോകത്തിന്റെ അവസാനത്തെക്കുറിച്ച് പറയുമ്പോൾ ഈ ഭൂമിയുടെ അവസാനത്തെയല്ല, മറിച്ച് ദുഷ്ടതയുടെ അവസാനത്തെയാണ് അത് അർഥമാക്കുന്നത്. യേശു ആളുകളെ പഠിപ്പിച്ചത് ദൈവത്തിന്റെ രാജ്യം ഭൂമിയെ ഭരിക്കുമെന്നാണ്. (ലൂക്കോസ് 4:43) ദൈവരാജ്യം എപ്പോൾ വരുമെന്ന് അറിയാൻ യേശുവിന്റെ ശിഷ്യന്മാർക്ക് ആകാംക്ഷയുണ്ടായിരുന്നു. അവർ ചോദിച്ചു: “ഇതെല്ലാം എപ്പോഴായിരിക്കും സംഭവിക്കുക? അങ്ങയുടെ സാന്നിധ്യത്തിന്റെയും വ്യവസ്ഥിതി അവസാനിക്കാൻപോകുന്നു എന്നതിന്റെയും അടയാളം എന്തായിരിക്കും?” (മത്തായി 24:3) യേശു അവരോടു കൃത്യമായ ഒരു തീയതി പറഞ്ഞില്ല. എന്നാൽ ഈ ലോകം അവസാനിക്കുന്നതിനു തൊട്ടുമുമ്പ് സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ച് പറഞ്ഞു. അതെല്ലാം ഇപ്പോൾ സംഭവിച്ചുകൊണ്ടാണിരിക്കുന്നത്.
3 ലോകാവസാനത്തിനു തൊട്ടുമുമ്പുള്ള കാലത്താണു നമ്മൾ ജീവിക്കുന്നത് എന്നതിന്റെ തെളിവുകളെക്കുറിച്ച് ഈ അധ്യായത്തിൽ നമ്മൾ ചർച്ച ചെയ്യും. ഭൂമിയിലെ അവസ്ഥകൾ ഇത്ര മോശമായിരിക്കുന്നതിന്റെ കാരണം മനസ്സിലാകാൻ സ്വർഗത്തിൽ നടന്ന ഒരു യുദ്ധത്തെക്കുറിച്ച് നമ്മൾ ആദ്യംതന്നെ പഠിക്കണം.
സ്വർഗത്തിൽ നടന്ന യുദ്ധം
4, 5. (എ) യേശു രാജാവായ ഉടനെ സ്വർഗത്തിൽ എന്തു സംഭവിച്ചു? (ബി) സാത്താനെ ഭൂമിയിലേക്ക് എറിഞ്ഞു കഴിയുമ്പോൾ ഭൂമിയിൽ എന്തു സംഭവിക്കുമെന്നാണു വെളിപാട് 12:12 പറയുന്നത്?
4 യേശു 1914-ൽ സ്വർഗത്തിൽ രാജാവായെന്ന് 8-ാം അധ്യായത്തിൽ നമ്മൾ പഠിച്ചു. (ദാനിയേൽ 7:13, 14) അപ്പോൾ എന്തു സംഭവിച്ചെന്നു വെളിപാട് പുസ്തകം പറയുന്നു: “സ്വർഗത്തിൽ ഒരു യുദ്ധം ഉണ്ടായി. മീഖായേലും (യേശു എന്ന് അർഥം) മീഖായേലിന്റെ ദൂതന്മാരും ആ ഭീകരസർപ്പത്തോടു (സാത്താനോടു) പോരാടി. തന്റെ ദൂതന്മാരോടൊപ്പം സർപ്പവും പോരാടി.”a സാത്താനും ഭൂതങ്ങളും യുദ്ധത്തിൽ പരാജയപ്പെട്ടു. അവരെ ഭൂമിയിലേക്ക് എറിഞ്ഞുകളഞ്ഞു. അപ്പോൾ ദൈവദൂതന്മാർക്കുണ്ടായ സന്തോഷം ഒന്ന് ആലോചിച്ചുനോക്കൂ! എന്നാൽ ഭൂമിയിലെ മനുഷ്യരുടെ കാര്യമോ? അവർക്ക് അതു കഷ്ടതയുടെ കാലമായിരിക്കുമെന്നു ബൈബിൾ പറയുന്നു. എന്തുകൊണ്ട്? കാരണം “തനിക്കു കുറച്ച് കാലമേ ബാക്കിയുള്ളൂ” എന്ന് അറിയാവുന്നതുകൊണ്ട് പിശാച് ഉഗ്രകോപത്തിലാണ്.—വെളിപാട് 12:7, 9, 12.
5 ഭൂമിയിൽ പരമാവധി കഷ്ടത വരുത്താനാണു പിശാചു ശ്രമിക്കുന്നത്. അവൻ ഉഗ്രകോപത്തിലാണ്. കാരണം അവന് ഇനി കുറച്ച് കാലമേ ബാക്കിയുള്ളൂ. ദൈവം അവനെ ഇല്ലാതാക്കാൻ പോകുകയാണ്. നമുക്ക് ഇപ്പോൾ, അവസാനകാലത്ത് നടക്കുമെന്നു യേശു പറഞ്ഞ കാര്യങ്ങൾ ഒന്നു നോക്കാം.—പിൻകുറിപ്പ് 24 കാണുക.
അവസാനകാലം
6, 7. യുദ്ധവും പട്ടിണിയും ഉണ്ടാകുമെന്ന യേശുവിന്റെ വാക്കുകൾ ഇന്നു നിറവേറുന്നത് എങ്ങനെ?
6 യുദ്ധം. “ജനത ജനതയ്ക്ക് എതിരെയും രാജ്യം രാജ്യത്തിന് എതിരെയും എഴുന്നേൽക്കും” എന്ന് യേശു പറഞ്ഞു. (മത്തായി 24:7) നമ്മുടെ നാളിലേതുപോലെ യുദ്ധത്തിൽ ഇത്രയധികം ആളുകൾ മുമ്പ് ഒരിക്കലും കൊല്ലപ്പെട്ടിട്ടില്ല. ലോകസംഭവങ്ങളെക്കുറിച്ച് പഠിക്കുന്ന ഒരു സംഘടന (Worldwatch Institute) പറയുന്നത് 1914-നു ശേഷം 10 കോടിയിലധികം ആളുകൾ യുദ്ധത്തിൽ കൊല്ലപ്പെട്ടെന്നാണ്. 1900-ത്തിനും 2000-ത്തിനും ഇടയ്ക്കുള്ള 100 വർഷത്തിനിടയിൽ യുദ്ധത്തിൽ കൊല്ലപ്പെട്ട ആളുകളുടെ എണ്ണം, അതിനു മുമ്പുള്ള 1,900 വർഷംകൊണ്ട് മരിച്ചവരുടെ എണ്ണത്തിന്റെ മൂന്നിരട്ടിയാണ്. യുദ്ധം കോടിക്കണക്കിന് ആളുകൾക്കു വരുത്തിവെച്ചിട്ടുള്ള ദുരിതവും വേദനയും ഒന്ന് ഓർത്തുനോക്കൂ!
7 പട്ടിണി. “ഭക്ഷ്യക്ഷാമങ്ങ”ളുണ്ടാകുമെന്നും യേശു പറഞ്ഞു. (മത്തായി 24:7) മുമ്പെന്നത്തെക്കാൾ അധികം ആഹാരസാധനങ്ങൾ ഇന്ന് ഉത്പാദിപ്പിക്കുന്നുണ്ടെങ്കിലും അനേകർ ഇന്നും പട്ടിണിയിലാണ്. എന്തുകൊണ്ട്? അവർക്ക് ആഹാരസാധനങ്ങൾ വാങ്ങാൻ ആവശ്യത്തിനു പണമോ കൃഷി ചെയ്യാൻ നിലമോ ഇല്ല. 100 കോടിയിലധികം ആളുകൾ ദിവസവും 70 രൂപയിൽ (ഒരു ഡോളർ) കുറഞ്ഞ വരുമാനംകൊണ്ടാണു കഴിഞ്ഞുകൂടുന്നത്. ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് അനുസരിച്ച് ഓരോ വർഷവും കോടിക്കണക്കിനു കുട്ടികൾ മരിക്കുന്നതിന്റെ പ്രധാനകാരണം അവർക്ക് ആരോഗ്യം നിലനിറുത്താൻ ആവശ്യമായ ആഹാരം കിട്ടാത്തതാണ്.
8, 9. ഭൂകമ്പത്തെയും രോഗത്തെയും കുറിച്ച് യേശു പറഞ്ഞതു നിറവേറിയിട്ടുണ്ടെന്നു നമുക്ക് എങ്ങനെ അറിയാം?
8 ഭൂകമ്പങ്ങൾ. “വലിയ ഭൂകമ്പങ്ങളു”ണ്ടാകുമെന്നു യേശു മുൻകൂട്ടിപ്പറഞ്ഞു. (ലൂക്കോസ് 21:11) അതിശക്തമായ എത്രയെത്ര ഭൂകമ്പങ്ങളാണ് ഇപ്പോൾ ഓരോ വർഷവും ഉണ്ടാകുന്നത്! 1900 എന്ന വർഷംമുതൽ ഇങ്ങോട്ടു ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 20 ലക്ഷത്തിലധികമാണ്. ഭൂകമ്പമുണ്ടാകാനുള്ള സാധ്യത ഇപ്പോൾ സാങ്കേതികവിദ്യയുടെ സഹായത്താൽ നേരത്തേതന്നെ കണ്ടുപിടിക്കുന്നുണ്ടെങ്കിലും അനേകമാളുകൾ ഇപ്പോഴും ഭൂകമ്പത്തിൽ മരിക്കുന്നു.
9 രോഗം. “മാരകമായ പകർച്ചവ്യാധി”കളുണ്ടാകുമെന്നും യേശു മുൻകൂട്ടിപ്പറഞ്ഞു. മാരകമായ രോഗങ്ങൾ പെട്ടെന്നു പടർന്നുപിടിച്ച് അനേകരെ കൊല്ലുന്നു. (ലൂക്കോസ് 21:11) പല രോഗങ്ങൾക്കുമുള്ള ചികിത്സ കണ്ടുപിടിച്ചിട്ടുണ്ടെങ്കിലും സുഖപ്പെടുത്താനാകാത്ത രോഗങ്ങൾ ഇപ്പോഴുമുണ്ട്. ഒരു റിപ്പോർട്ട് പറയുന്നതനുസരിച്ച് ഓരോ വർഷവും ലക്ഷക്കണക്കിന് ആളുകളാണ് ക്ഷയം, മലമ്പനി, കോളറ എന്നിവപോലുള്ള രോഗങ്ങൾ പിടിപെട്ട് മരിക്കുന്നത്. അതു മാത്രമല്ല കഴിഞ്ഞ കുറെ വർഷത്തിനുള്ളിൽ പുതുതായി 30 രോഗങ്ങളെങ്കിലും ഡോക്ടർമാർ കണ്ടെത്തിയിരിക്കുന്നു. അവയിൽ പലതും ഭേദമാക്കാൻ പറ്റാത്തവയാണ്.
അവസാനകാലത്തെ ആളുകൾ
10. ഇന്നു 2 തിമൊഥെയൊസ് 3:1-5 നിറവേറുന്നത് എങ്ങനെ?
10 ബൈബിൾ 2 തിമൊഥെയൊസ് 3:1-5-ൽ പറയുന്നു: “അവസാനകാലത്ത് ബുദ്ധിമുട്ടു നിറഞ്ഞ സമയങ്ങൾ ഉണ്ടാകുമെന്നു മനസ്സിലാക്കിക്കൊള്ളുക.” അവസാനകാലത്ത് ആളുകളുടെ സ്വഭാവരീതികൾ എങ്ങനെയുള്ളതായിരിക്കുമെന്ന് പൗലോസ് അപ്പോസ്തലൻ വിവരിച്ചു. പൗലോസ് പറഞ്ഞത് ഇതാണ്:
സ്വാർഥർ
പണക്കൊതിയന്മാർ
മാതാപിതാക്കളെ അനുസരിക്കാത്തവർ
വിശ്വസിക്കാൻ കൊള്ളാത്തവർ
കുടുംബത്തോടു സ്നേഹമില്ലാത്തവർ
ആത്മനിയന്ത്രണമില്ലാത്തവർ
അക്രമസ്വഭാവമുള്ളവർ
ദൈവത്തെക്കാൾ ജീവിതസുഖങ്ങൾ പ്രിയപ്പെടുന്നവർ
ദൈവത്തെ സ്നേഹിക്കുന്നതായി നടിക്കുകയും അനുസരിക്കാൻ വിസമ്മതിക്കുകയും ചെയ്യുന്നവർ
11. സങ്കീർത്തനം 92:7-ൽ പറയുന്നതുപോലെ ദുഷ്ടന്മാർക്ക് എന്തു സംഭവിക്കും?
11 നിങ്ങൾ താമസിക്കുന്നിടത്തും ആളുകൾ ഇതുപോലെ പെരുമാറുന്നുണ്ടോ? ലോകമെമ്പാടും ഇത്തരക്കാർ ധാരാളമുണ്ട്. അവരുടെ കാര്യത്തിൽ ദൈവം ഉടൻതന്നെ നടപടിയെടുക്കും. ദൈവം ഈ ഉറപ്പു തരുന്നു: “ദുഷ്ടന്മാർ പുല്ലുപോലെ മുളച്ചുപൊങ്ങുന്നതും ദുഷ്പ്രവൃത്തിക്കാരെല്ലാം തഴച്ചുവളരുന്നതും എന്നേക്കുമായി നശിച്ചുപോകാനാണ്.”—സങ്കീർത്തനം 92:7.
സന്തോഷവാർത്ത—അവസാനകാലത്ത്
12, 13. അവസാനകാലത്ത് യഹോവ നമ്മളെ എന്തെല്ലാം പഠിപ്പിച്ചിരിക്കുന്നു?
12 അവസാനകാലത്ത് ലോകത്തെങ്ങും വേദനകളും കഷ്ടപ്പാടുകളും ആയിരിക്കുമെന്നു ബൈബിൾ മുൻകൂട്ടിപ്പറഞ്ഞു. എന്നാൽ നല്ല കാര്യങ്ങൾ നടക്കുമെന്നും ബൈബിൾ പറയുന്നു.
13 ബൈബിൾസത്യം മനസ്സിലാക്കുന്നു. അവസാനകാലത്തെക്കുറിച്ച് എഴുതിയപ്പോൾ ദാനിയേൽ പ്രവാചകൻ പറഞ്ഞു: “ശരിയായ അറിവ് സമൃദ്ധമാകും.” (ദാനിയേൽ 12:4) മുമ്പെന്നത്തെക്കാൾ, ബൈബിൾസത്യങ്ങൾ കൂടുതൽ വ്യക്തമായി മനസ്സിലാക്കാനുള്ള കഴിവ് ദൈവം തന്റെ ജനത്തിനു കൊടുക്കും. വിശേഷാൽ 1914 മുതൽ യഹോവ അതു ചെയ്തിരിക്കുന്നു. ഉദാഹരണത്തിന് ദൈവനാമത്തിന്റെയും ഭൂമിയെക്കുറിച്ചുള്ള ദൈവത്തിന്റെ ഉദ്ദേശ്യത്തിന്റെയും പ്രാധാന്യം ദൈവം നമ്മളെ പഠിപ്പിച്ചിരിക്കുന്നു. കൂടാതെ മോചനവില, മരിച്ചവരുടെ അവസ്ഥ, പുനരുത്ഥാനം എന്നീ കാര്യങ്ങളെക്കുറിച്ചുള്ള സത്യവും ദൈവം വെളിപ്പെടുത്തിത്തന്നു. ദൈവരാജ്യത്തിനു മാത്രമേ നമ്മുടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ കഴിയൂ എന്നു നമ്മൾ പഠിച്ചു. എങ്ങനെ സന്തോഷമുള്ളവരായിരിക്കാമെന്നും ദൈവത്തെ സന്തോഷിപ്പിക്കുന്ന രീതിയിൽ എങ്ങനെ ജീവിക്കാമെന്നും നമുക്ക് ഇപ്പോൾ അറിയാം. എന്നാൽ ഇക്കാര്യങ്ങൾ മനസ്സിലാക്കുന്നതോടൊപ്പം ദൈവദാസന്മാർ മറ്റ് എന്തുകൂടി ചെയ്യുന്നു? വേറൊരു പ്രവചനം അതിനുള്ള ഉത്തരം തരുന്നു.—പിൻകുറിപ്പ് 21-ഉം 25-ഉം കാണുക.
14. ദൈവരാജ്യത്തെക്കുറിച്ചുള്ള സന്തോഷവാർത്ത ഇന്ന് എത്ര വ്യാപകമായി അറിയിക്കുന്നു, ആരാണ് അതു ചെയ്യുന്നത്?
14 ലോകമെങ്ങുമുള്ള പ്രസംഗപ്രവർത്തനം. അവസാനകാലത്തെക്കുറിച്ച് സംസാരിച്ചപ്പോൾ യേശു ഇങ്ങനെ പറഞ്ഞു: “ദൈവരാജ്യത്തിന്റെ ഈ സന്തോഷവാർത്ത . . . ഭൂലോകത്തെങ്ങും പ്രസംഗിക്കപ്പെടും.” (മത്തായി 24:3, 14) ദൈവരാജ്യത്തെക്കുറിച്ചുള്ള സന്തോഷവാർത്ത ഇന്ന് 230-ലേറെ ദേശങ്ങളിൽ 700-ലധികം ഭാഷകളിൽ അറിയിച്ചുകൊണ്ടിരിക്കുന്നു. അതെ, ലോകമെമ്പാടുമായി “എല്ലാ ജനതകളിലും ഗോത്രങ്ങളിലും” നിന്നുള്ള യഹോവയുടെ സാക്ഷികൾ ദൈവരാജ്യം എന്താണെന്നും അതു മനുഷ്യർക്കുവേണ്ടി എന്തു ചെയ്യുമെന്നും മനസ്സിലാക്കാൻ ആളുകളെ സഹായിക്കുന്നു. (വെളിപാട് 7:9) സൗജന്യമായിട്ടാണ് അവർ ഇതു ചെയ്യുന്നത്. യേശു മുൻകൂട്ടിപ്പറഞ്ഞതുപോലെ അവർ അനേകരുടെ വെറുപ്പിനും ഉപദ്രവത്തിനും ഇരയാകുന്നുണ്ടെങ്കിലും പ്രസംഗപ്രവർത്തനത്തിനു തടയിടാൻ ആർക്കും, ഒന്നിനും കഴിയില്ല!—ലൂക്കോസ് 21:17.
നിങ്ങൾ എന്തു ചെയ്യും?
15. (എ) നമ്മൾ അവസാനകാലത്താണു ജീവിക്കുന്നതെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ, എന്തുകൊണ്ട്? (ബി) യഹോവയെ അനുസരിക്കുന്നവർക്കും അനുസരിക്കാത്തവർക്കും എന്തു സംഭവിക്കും?
15 നമ്മൾ അവസാനകാലത്താണു ജീവിക്കുന്നതെന്നു നിങ്ങൾ വിശ്വസിക്കുന്നുണ്ടോ? അവസാനകാലത്തെക്കുറിച്ചുള്ള അനേകം ബൈബിൾപ്രവചനങ്ങളും നിറവേറിക്കൊണ്ടിരിക്കുകയാണ്. പെട്ടെന്നുതന്നെ, ദൈവരാജ്യത്തെക്കുറിച്ചുള്ള സന്തോഷവാർത്ത ലോകമെങ്ങും പ്രസംഗിക്കുന്നതു നിറുത്താൻ യഹോവ തീരുമാനിക്കും, “അവസാന”വും വരും. (മത്തായി 24:14) എന്താണ് അവസാനം? അർമഗെദോൻ! ആ യുദ്ധത്തിൽ ദൈവം എല്ലാ ദുഷ്ടതയും നീക്കം ചെയ്യും. യഹോവ യേശുവിനെയും ശക്തരായ ദൈവദൂതന്മാരെയും ഉപയോഗിച്ച്, തന്നെയും പുത്രനെയും അനുസരിക്കാൻ കൂട്ടാക്കാത്തവരെ നശിപ്പിക്കും. (2 തെസ്സലോനിക്യർ 1:6-9) അതിനു ശേഷം സാത്താനും ഭൂതങ്ങളും ആളുകളെ വഴിതെറ്റിക്കില്ല. ദൈവത്തെ അനുസരിക്കാനും ദൈവരാജ്യത്തെ പിന്തുണയ്ക്കാനും ആഗ്രഹിക്കുന്നവർ ദൈവത്തിന്റെ എല്ലാ വാഗ്ദാനങ്ങളും നിറവേറുന്നതു കാണും.—വെളിപാട് 20:1-3; 21:3-5.
16. അവസാനം ഇത്ര അടുത്ത് എത്തിയിരിക്കുന്നതുകൊണ്ട് നിങ്ങൾ എന്തു ചെയ്യണം?
16 സാത്താൻ ഭരിക്കുന്ന ഈ ലോകം ഉടൻതന്നെ ഇല്ലാതാകും. അതുകൊണ്ട് ‘ഞാൻ എന്താണു ചെയ്യേണ്ടത്’ എന്നു നമ്മൾ ഓരോരുത്തരും നമ്മളോടുതന്നെ ചോദിക്കുന്നതു വളരെ പ്രധാനമാണ്. നിങ്ങൾ ബൈബിൾ നന്നായി പഠിക്കാൻ യഹോവ ആഗ്രഹിക്കുന്നു. ആ പഠനം നിങ്ങൾ ഗൗരവമായി കാണണം. (യോഹന്നാൻ 17:3) ബൈബിൾ മനസ്സിലാക്കാൻ ആളുകളെ സഹായിക്കുന്നതിന് യഹോവയുടെ സാക്ഷികൾക്ക് ആഴ്ചതോറും മീറ്റിങ്ങുകളുണ്ട്. അതിനു ക്രമമായി വരാൻ ശ്രമിക്കുക. (എബ്രായർ 10:24, 25 വായിക്കുക.) ജീവിതത്തിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്തേണ്ടതുണ്ടെന്നു മനസ്സിലായാൽ മടി കൂടാതെ അതു ചെയ്യുക. അങ്ങനെ ചെയ്യുമ്പോൾ യഹോവയുമായുള്ള നിങ്ങളുടെ സുഹൃദ്ബന്ധം കൂടുതൽ ശക്തമാകും.—യാക്കോബ് 4:8.
17. അവസാനം വരുമ്പോൾ അനേകരും അതിശയിച്ചുപോകുന്നത് എന്തുകൊണ്ട്?
17 ദുഷ്ടന്മാരുടെ നാശം “രാത്രിയിൽ കള്ളൻ വരുന്നതുപോലെ,” മിക്കവരും പ്രതീക്ഷിക്കാത്ത സമയത്ത് വരുമെന്നു പൗലോസ് അപ്പോസ്തലൻ പറഞ്ഞു. (1 തെസ്സലോനിക്യർ 5:2) നമ്മൾ ജീവിക്കുന്നത് അവസാനകാലത്താണ് എന്നതിന്റെ തെളിവുകൾ അനേകരും അവഗണിക്കുമെന്നു യേശു സൂചിപ്പിച്ചു. യേശു പറഞ്ഞു: “നോഹയുടെ നാളുകൾപോലെതന്നെ ആയിരിക്കും മനുഷ്യപുത്രന്റെ സാന്നിധ്യവും (അതായത്, അവസാനകാലവും). ജലപ്രളയത്തിനു മുമ്പുള്ള നാളുകളിൽ, നോഹ പെട്ടകത്തിൽ കയറിയ നാൾവരെ അവർ തിന്നും കുടിച്ചും പുരുഷന്മാർ വിവാഹം കഴിച്ചും സ്ത്രീകളെ വിവാഹം കഴിച്ചുകൊടുത്തും പോന്നു. ജലപ്രളയം വന്ന് അവരെ എല്ലാവരെയും തുടച്ചുനീക്കുന്നതുവരെ അവർ ശ്രദ്ധ കൊടുത്തതേ ഇല്ല. മനുഷ്യപുത്രന്റെ സാന്നിധ്യവും അങ്ങനെതന്നെയായിരിക്കും.”—മത്തായി 24:37-39.
18. ഏതു മുന്നറിയിപ്പാണു യേശു നമുക്കു തന്നത്?
18 “അമിതമായ തീറ്റിയും കുടിയും ജീവിതത്തിലെ ഉത്കണ്ഠകളും കാരണം” നമ്മുടെ ശ്രദ്ധ പതറിപ്പോകരുതെന്നു യേശു മുന്നറിയിപ്പു നൽകി. അവസാനം വരുന്നതു “കെണിപോലെ” ഓർക്കാപ്പുറത്ത് പെട്ടെന്നായിരിക്കുമെന്നും “അതു ഭൂമുഖത്തുള്ള എല്ലാവരുടെ മേലും” വരുമെന്നും യേശു പറഞ്ഞു. “അതുകൊണ്ട് സംഭവിക്കാനിരിക്കുന്ന ഇക്കാര്യങ്ങളിൽനിന്നെല്ലാം രക്ഷപ്പെടാനും മനുഷ്യപുത്രന്റെ മുന്നിൽ നിൽക്കാനും കഴിയേണ്ടതിന് എപ്പോഴും ഉള്ളുരുകി പ്രാർഥിച്ചുകൊണ്ട് ഉണർന്നിരിക്ക”ണമെന്നും യേശു പറഞ്ഞു. (ലൂക്കോസ് 21:34-36) യേശുവിന്റെ മുന്നറിയിപ്പു ശ്രദ്ധിക്കേണ്ടത് ഇത്ര പ്രധാനമായിരിക്കുന്നത് എന്തുകൊണ്ടാണ്? കാരണം പെട്ടെന്നുതന്നെ സാത്താന്റെ ദുഷ്ടലോകത്തെ നശിപ്പിക്കും. യഹോവയുടെയും യേശുവിന്റെയും അംഗീകാരമുള്ളവർ മാത്രമായിരിക്കും അവസാനത്തെ അതിജീവിച്ച് പുതിയ ലോകത്തിൽ എന്നെന്നും ജീവിക്കുന്നത്.—യോഹന്നാൻ 3:16; 2 പത്രോസ് 3:13.
a യേശുക്രിസ്തുവിന്റെ മറ്റൊരു പേരാണു മീഖായേൽ. കൂടുതൽ വിവരങ്ങൾക്കു ദയവായി പിൻകുറിപ്പ് 23 കാണുക.