അധ്യായം 3
യഹോവ തന്റെ ഉദ്ദേശ്യം വെളിപ്പെടുത്തുന്നു
1, 2. മനുഷ്യകുടുംബത്തെക്കുറിച്ചുള്ള തന്റെ ഉദ്ദേശ്യം യഹോവ എങ്ങനെയാണു വെളിപ്പെടുത്തിയിരിക്കുന്നത്?
കരുതലുള്ള മാതാപിതാക്കൾ, കുടുംബകാര്യങ്ങളെക്കുറിച്ചുള്ള ചർച്ചകളിൽ കുട്ടികളെയും ഉൾപ്പെടുത്താറുണ്ട്. പക്ഷേ അവരോട് എത്രത്തോളം കാര്യങ്ങൾ പറയണമെന്ന് അവർ ശ്രദ്ധിച്ചാണു തീരുമാനിക്കാറ്. കുട്ടികൾക്ക് അവരുടെ പക്വതയനുസരിച്ച് ഉൾക്കൊള്ളാനാകുന്ന കാര്യങ്ങൾ മാത്രമേ അവർ വെളിപ്പെടുത്തൂ.
2 അതുപോലെതന്നെ യഹോവയും മനുഷ്യകുടുംബത്തെക്കുറിച്ചുള്ള തന്റെ ഉദ്ദേശ്യം പടിപടിയായാണു വെളിപ്പെടുത്തിയിരിക്കുന്നത്. പക്ഷേ അതിന് ഏറ്റവും പറ്റിയതെന്നു തോന്നിയ സമയത്ത് മാത്രമാണ് യഹോവ അതു ചെയ്തിട്ടുള്ളത്. ചരിത്രത്തിലുടനീളം യഹോവ, ദൈവരാജ്യത്തെക്കുറിച്ചുള്ള സത്യങ്ങൾ വെളിപ്പെടുത്തിയത് എങ്ങനെയാണെന്നു നമുക്കു ഹ്രസ്വമായൊന്ന് അവലോകനം ചെയ്യാം.
എന്തിന് ഒരു ദൈവരാജ്യം?
3, 4. യഹോവ മനുഷ്യചരിത്രത്തിന്റെ ഗതി മുൻകൂട്ടി തീരുമാനിച്ചുവെച്ചിരുന്നോ? വിശദീകരിക്കുക.
3 തുടക്കത്തിൽ മിശിഹൈകരാജ്യം യഹോവയുടെ ഉദ്ദേശ്യത്തിന്റെ ഭാഗമായിരുന്നില്ല. എന്തുകൊണ്ട്? കാരണം, മനുഷ്യചരിത്രത്തിന്റെ ഗതി യഹോവ മുൻകൂട്ടി തീരുമാനിച്ചുവെച്ചിരുന്നില്ല. സ്വന്തമായി തീരുമാനങ്ങളെടുക്കാനുള്ള കഴിവോടെയാണല്ലോ യഹോവ മനുഷ്യരെ സൃഷ്ടിച്ചത്. മനുഷ്യകുടുംബത്തെക്കുറിച്ചുള്ള തന്റെ ഉദ്ദേശ്യത്തെപ്പറ്റി ആദാമിനോടും ഹവ്വയോടും യഹോവ പറഞ്ഞത് ഇതായിരുന്നു: ‘നിങ്ങൾ സന്താനസമൃദ്ധിയുള്ളവരായി പെരുകി ഭൂമിയിൽ നിറഞ്ഞ് അതിനെ അടക്കിഭരിക്കുക.’ (ഉൽപ. 1:28) ശരിതെറ്റുകളെക്കുറിച്ചുള്ള തന്റെ നിലവാരങ്ങളെ അവർ ആദരിക്കണമെന്നും യഹോവ ആവശ്യപ്പെട്ടിരുന്നു. (ഉൽപ. 2:16, 17) വേണമെങ്കിൽ ആദാമിനും ഹവ്വയ്ക്കും വിശ്വസ്തരായിരിക്കാൻ തീരുമാനിക്കാമായിരുന്നു. അവരുടെയും അവരുടെ പിൻതലമുറക്കാരുടെയും തീരുമാനം അതായിരുന്നെങ്കിൽ, ദൈവത്തിന്റെ ഉദ്ദേശ്യം നടപ്പിലാക്കാൻ ക്രിസ്തു ഭരിക്കുന്ന ഒരു ദൈവരാജ്യത്തിന്റെ ആവശ്യം വരില്ലായിരുന്നു; ഈ സമയംകൊണ്ട് ഭൂമി മുഴുവൻ, യഹോവയെ ആരാധിക്കുന്ന പൂർണമനുഷ്യരെക്കൊണ്ട് നിറയുകയും ചെയ്തേനേ.
4 സാത്താനും ആദാമും ഹവ്വയും തന്നെ ധിക്കരിച്ചെന്ന കാരണത്താൽ, പൂർണതയുള്ള മനുഷ്യകുടുംബത്തെക്കൊണ്ട് ഭൂമി നിറയ്ക്കാനുള്ള തന്റെ ഉദ്ദേശ്യം യഹോവ ഉപേക്ഷിച്ചുകളഞ്ഞില്ല. പകരം അതു നിറവേറ്റാനുള്ള തന്റെ രീതിക്ക്, ആവശ്യാനുസരണം യഹോവ ചില മാറ്റങ്ങൾ വരുത്തി. ലക്ഷ്യസ്ഥാനത്ത് എത്താൻ ഒരു പ്രത്യേക പാളത്തിലൂടെ മാത്രം ഓടുന്ന ഒരു തീവണ്ടിപോലെയല്ല യഹോവയുടെ ഉദ്ദേശ്യം. മറ്റുള്ളവർ എന്തെങ്കിലും ചെയ്താൽ പാളം തെറ്റുന്ന ഒരു തീവണ്ടിപോലെയുമല്ല അത്. ഒരിക്കൽ യഹോവ തന്റെ ഉദ്ദേശ്യം പ്രഖ്യാപിച്ചാൽ പ്രപഞ്ചത്തിലെ ഒരു ശക്തിക്കും അതു തടുക്കാനാകില്ല. (യശയ്യ 55:11 വായിക്കുക.) ഏതെങ്കിലും വെല്ലുവിളി ഒരു പാളത്തിൽ തടസ്സം സൃഷ്ടിക്കുമെന്നു വന്നാൽ യഹോവ മറ്റൊന്നിലൂടെ മുന്നോട്ടു നീങ്ങും.a (പുറ. 3:14, 15) ഉചിതമെന്നു തോന്നുന്ന സമയത്ത്, തന്റെ ഉദ്ദേശ്യം നിറവേറ്റാനുള്ള പുതിയ രീതിയെക്കുറിച്ച് യഹോവ തന്റെ വിശ്വസ്തസേവകരെ അറിയിക്കുകയും ചെയ്യും.
5. ഏദെനിലെ ധിക്കാരത്തിനുള്ള യഹോവയുടെ മറുപടി എന്തായിരുന്നു?
5 ഏദെനിലെ ധിക്കാരത്തിനു മറുപടിയായി, ദൈവരാജ്യം സ്ഥാപിക്കുന്ന കാര്യംകൂടെ യഹോവ തന്റെ ഉദ്ദേശ്യത്തിൽ ഉൾപ്പെടുത്തി. (മത്താ. 25:34) മനുഷ്യചരിത്രത്തിലെ ഒരു കറുത്ത അധ്യായമായിരുന്നു അത്. എങ്കിലും, മനുഷ്യകുടുംബത്തെ പൂർവസ്ഥിതിയിലാക്കാനും അധികാരം തട്ടിയെടുക്കാനുള്ള സാത്താന്റെ പാഴ്ശ്രമം വരുത്തിയ മുറിവ് ഉണക്കാനും വേണ്ടി താൻ ഉപയോഗിക്കാൻപോകുന്ന ഉപാധിയെക്കുറിച്ച് യഹോവ അപ്പോൾമുതൽ കൂടുതൽക്കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്തിത്തുടങ്ങി. (ഉൽപ. 3:14-19) എങ്കിലും ദൈവരാജ്യത്തെക്കുറിച്ചുള്ള വിവരങ്ങളെല്ലാം യഹോവ ഒറ്റയടിക്കു വെളിപ്പെടുത്തിയില്ല.
യഹോവ ദൈവരാജ്യത്തെക്കുറിച്ചുള്ള സത്യങ്ങൾ വെളിപ്പെടുത്തിത്തുടങ്ങുന്നു
6. യഹോവ ഏതു കാര്യം വാഗ്ദാനം ചെയ്തു, പക്ഷേ എന്തു വെളിപ്പെടുത്തിയില്ല?
6 ഒരു “സന്തതി” സാത്താനെ തകർക്കുമെന്ന കാര്യം യഹോവ ആദ്യത്തെ പ്രവചനത്തിലൂടെത്തന്നെ വാഗ്ദാനം ചെയ്തു. (ഉൽപത്തി 3:15 വായിക്കുക.) പക്ഷേ ആ സന്തതിയെയോ സർപ്പത്തിന്റെ സന്തതിയെയോ തിരിച്ചറിയാനുള്ള അടയാളങ്ങളൊന്നും യഹോവ അന്നു വെളിപ്പെടുത്തിയില്ല. ശരിക്കും പറഞ്ഞാൽ, അടുത്ത 2,000 വർഷത്തോളം യഹോവ അത്തരം വിശദാംശങ്ങളൊന്നും വെളിപ്പെടുത്തിയില്ല.b
7. അബ്രാഹാമിനെ തിരഞ്ഞെടുത്തത് എന്തുകൊണ്ടാണ്, അതിൽനിന്ന് നമുക്ക് ഏതു പ്രധാനപ്പെട്ട പാഠം പഠിക്കാം?
7 കാലം കടന്നുപോയി. വാഗ്ദാനം ചെയ്ത സന്തതി ആരിലൂടെയായിരിക്കും വരുക? യഹോവ അതിനായി അബ്രാഹാമിനെ തിരഞ്ഞെടുത്തു. തന്റെ ‘വാക്കു കേട്ടനുസരിച്ചതുകൊണ്ടാണ്’ യഹോവ അബ്രാഹാമിനെ തിരഞ്ഞെടുത്തത്. (ഉൽപ. 22:18) അതിൽനിന്ന് വളരെ പ്രധാനപ്പെട്ട ഒരു പാഠം പഠിക്കാനുണ്ട്. തന്നോടു ഭയാദരവുള്ളവരോടു മാത്രമേ യഹോവ തന്റെ ഉദ്ദേശ്യം വെളിപ്പെടുത്താറുള്ളൂ.—സങ്കീർത്തനം 25:14 വായിക്കുക.
8, 9. വാഗ്ദത്തസന്തതിയെക്കുറിച്ചുള്ള ഏതെല്ലാം കാര്യങ്ങളാണ് യഹോവ അബ്രാഹാമിനോടും യാക്കോബിനോടും വെളിപ്പെടുത്തിയത്?
8 യഹോവ ഒരു ദൂതനിലൂടെ തന്റെ സ്നേഹിതനായ അബ്രാഹാമിനോടു സംസാരിച്ചപ്പോൾ, വാഗ്ദത്തസന്തതിയെക്കുറിച്ചുള്ള വളരെ പ്രധാനപ്പെട്ട ഈ വിവരം ആദ്യമായി വെളിപ്പെടുത്തി: ആ സന്തതി ഒരു മനുഷ്യനായിരിക്കും. (ഉൽപ. 22:15-17; യാക്കോ. 2:23) പക്ഷേ ഈ മനുഷ്യൻ സർപ്പത്തെ തകർക്കുന്നത് എങ്ങനെയായിരിക്കും? ആരാണു സർപ്പം? ആ ചോദ്യങ്ങൾക്കുള്ള ഉത്തരം പിന്നീടു വെളിപ്പെടുത്തുമായിരുന്നു.
9 വാഗ്ദത്തസന്തതി വരുന്നത് അബ്രാഹാമിന്റെ കൊച്ചുമകനായ യാക്കോബിലൂടെയായിരിക്കണമെന്ന് യഹോവ തീരുമാനിച്ചു. ദൈവത്തിൽ വലിയ വിശ്വാസമുണ്ടെന്നു തെളിയിച്ചവനായിരുന്നു യാക്കോബ്. (ഉൽപ. 28:13-22) വാഗ്ദാനം ചെയ്ത സന്തതി യാക്കോബിന്റെ മകനായ യഹൂദയിലൂടെയായിരിക്കും വരുന്നതെന്ന് യഹോവ യാക്കോബിലൂടെ വെളിപ്പെടുത്തി. യഹൂദയുടെ വംശക്കാരനായ ഈ വ്യക്തിക്കു രാജാധികാരത്തിന്റെ പ്രതീകമായ “ചെങ്കോൽ” ലഭിക്കുമെന്നും “ജനങ്ങളുടെ അനുസരണം അവനോടാകും” എന്നും യാക്കോബ് പ്രവചിച്ചു. (ഉൽപ. 49:1, 10) ആ പ്രഖ്യാപനത്തിലൂടെ, ഈ വാഗ്ദത്തസന്തതി ഒരു ഭരണാധികാരി അഥവാ രാജാവ് ആകുമെന്നുള്ള സൂചനയാണ് യഹോവ തന്നത്.
10, 11. യഹോവ ദാവീദിനോടും ദാനിയേലിനോടും തന്റെ ഉദ്ദേശ്യം വെളിപ്പെടുത്താനുള്ള കാരണം എന്താണ്?
10 യഹൂദയുടെ കാലത്തിനും 650 വർഷങ്ങൾക്കു ശേഷം യഹോവ, തന്റെ ഉദ്ദേശ്യത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ യഹൂദയുടെ വംശത്തിൽപ്പെട്ട ദാവീദ് രാജാവിനോടു വെളിപ്പെടുത്തി. തന്റെ ‘മനസ്സിന് ഇണങ്ങിയ ഒരാൾ’ എന്നാണ് യഹോവ ദാവീദിനെ വിശേഷിപ്പിച്ചത്. (1 ശമു. 13:14; 17:12; പ്രവൃ. 13:22) ദാവീദിനു തന്നോടു ഭയാദരവുണ്ടായിരുന്നതുകൊണ്ട് യഹോവ ദാവീദുമായി ഒരു ഉടമ്പടി ചെയ്യാൻ തീരുമാനിച്ചു. ദാവീദിന്റെ പിൻതലമുറക്കാരിൽ ഒരാൾ എന്നേക്കും ഭരണം നടത്തുമെന്നു ദൈവം ദാവീദിനു വാക്കു കൊടുത്തു.—2 ശമു. 7:8, 12-16.
11 പിന്നെയും ഏകദേശം 500 വർഷം കടന്നുപോയി. ആ അഭിഷിക്തൻ അഥവാ മിശിഹ ഭൂമിയിൽ പ്രത്യക്ഷനാകുന്ന കൃത്യമായ വർഷം, യഹോവ ദാനിയേൽ പ്രവാചകനെ ഉപയോഗിച്ച് വെളിപ്പെടുത്തി. (ദാനി. 9:25) യഹോവ ദാനിയേലിനെ ‘വളരെ പ്രിയപ്പെട്ടവനായാണു’ കണ്ടത്. എന്തുകൊണ്ട്? കാരണം, ദാനിയേലിന് യഹോവയോട് ആഴമായ ആദരവുണ്ടായിരുന്നു. ദൈവത്തെ നിരന്തരം സേവിച്ചിരുന്നയാളായിരുന്നു അദ്ദേഹം.—ദാനി. 6:16; 9:22, 23.
12. എന്തു ചെയ്യാനാണു ദാനിയേലിനോടു പറഞ്ഞത്, എന്തുകൊണ്ട്?
12 വാഗ്ദത്തസന്തതിയായ മിശിഹായെക്കുറിച്ചുള്ള ധാരാളം വിശദാംശങ്ങൾ രേഖപ്പെടുത്താൻ യഹോവ ദാനിയേലിനെപ്പോലുള്ള വിശ്വസ്തപ്രവാചകന്മാരെ ഉപയോഗിച്ചെന്നതു ശരിയാണ്. എങ്കിലും തങ്ങളെക്കൊണ്ട് ദൈവം എഴുതിച്ച കാര്യങ്ങളുടെ പ്രാധാന്യം ആ ദൈവസേവകർക്കുതന്നെ മുഴുവനായി മനസ്സിലാകാനുള്ള യഹോവയുടെ സമയം അതുവരെ വന്നിട്ടില്ലായിരുന്നു. ഉദാഹരണത്തിന്, ദൈവരാജ്യം സ്ഥാപിതമാകുന്നതിനെക്കുറിച്ചുള്ള ഒരു ദിവ്യദർശനം നൽകിയശേഷം, ആ പ്രവചനം യഹോവ നിയമിച്ച സമയമാകുന്നതുവരെ മുദ്രയിട്ട് വെക്കാനാണു ദാനിയേലിനോടു പറഞ്ഞത്. ഭാവിയിൽ ആ സമയമാകുമ്പോൾ, ‘ശരിയായ അറിവ് സമൃദ്ധമാകുമായിരുന്നു.’—ദാനി. 12:4.
ദൈവോദ്ദേശ്യം വ്യക്തമാക്കുന്നതിൽ യേശുവിന്റെ പങ്ക്
13. (എ) വാഗ്ദത്തസന്തതി ആരായിരുന്നു? (ബി) ഉൽപത്തി 3:15-ൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രവചനത്തിന്റെ അർഥം യേശു വ്യക്തമാക്കിയത് എങ്ങനെ?
13 ദാവീദിന്റെ വംശപരമ്പരയിൽ വരാനിരുന്ന ആ ഭാവിരാജാവ്, ആ വാഗ്ദത്തസന്തതി, യേശുതന്നെയാണെന്ന് യഹോവ വ്യക്തമാക്കി. (ലൂക്കോ. 1:30-33; 3:21, 22) യേശു ശുശ്രൂഷ ആരംഭിച്ചപ്പോൾ ദൈവോദ്ദേശ്യത്തെക്കുറിച്ചുള്ള മനുഷ്യരുടെ അറിവിന്മേൽ ഒരു സൂര്യൻ ഉദിച്ചുയർന്നെന്നുതന്നെ പറയാം. (മത്താ. 4:13-17) ഉദാഹരണത്തിന്, പിശാചിനെ “കൊലപാതകി” എന്നും ‘നുണയുടെ അപ്പൻ’ എന്നും യേശു വിളിച്ചതോടെ ഉൽപത്തി 3:14, 15 വാക്യങ്ങളിൽ പറഞ്ഞിരിക്കുന്ന ‘സർപ്പം’ ആരാണെന്നത് ഒരു സംശയത്തിനും ഇടയില്ലാതെ വ്യക്തമായി. (യോഹ. 8:44) അതുപോലെ, ‘പഴയ പാമ്പ്’ എന്നു വിളിച്ചിരിക്കുന്നതും ‘പിശാച് എന്നും സാത്താൻ എന്നും അറിയപ്പെടുന്നവനെയാണെന്നു’ യോഹന്നാനു കാണിച്ചുകൊടുത്ത ദിവ്യദർശനത്തിൽ യേശു വെളിപ്പെടുത്തി.c (വെളിപാട് 1:1; 12:9 വായിക്കുക.) വാഗ്ദത്തസന്തതിയായ താൻ ഒടുവിൽ ഏദെനിലെ പ്രവചനം നിറവേറ്റി സാത്താനെ തകർത്ത് ഇല്ലാതാക്കുന്നത് എങ്ങനെയെന്നും യേശു അതേ വെളിപാടിൽ വ്യക്തമാക്കിക്കൊടുത്തു.—വെളി. 20:7-10.
14-16. യേശു വെളിപ്പെടുത്തിയ സത്യങ്ങളുടെ പ്രാധാന്യം മുഴുവനായി മനസ്സിലാക്കാൻ ഒന്നാം നൂറ്റാണ്ടിലെ ശിഷ്യന്മാർക്ക് എപ്പോഴും കഴിഞ്ഞിരുന്നോ? വിശദീകരിക്കുക.
14 ഈ പുസ്തകത്തിന്റെ ഒന്നാം അധ്യായത്തിൽ കണ്ടതുപോലെ യേശു ദൈവരാജ്യത്തെക്കുറിച്ച് ധാരാളം കാര്യങ്ങൾ സംസാരിച്ചു. പക്ഷേ ശിഷ്യന്മാർക്ക് അറിയാൻ ആഗ്രഹമുണ്ടായിരുന്ന എല്ലാ കാര്യങ്ങളും യേശു എപ്പോഴും വെളിപ്പെടുത്തിയില്ല. യേശു സൂക്ഷ്മമായ വിശദാംശങ്ങൾ നൽകിയപ്പോൾപ്പോലും തങ്ങളുടെ യജമാനൻ വെളിപ്പെടുത്തിയ സത്യങ്ങളുടെ പ്രാധാന്യം യേശുവിന്റെ അനുഗാമികൾക്കു മുഴുവനായി മനസ്സിലായതു കുറെ കാലം കഴിഞ്ഞിട്ടാണ്. ചിലപ്പോഴൊക്കെ അതിനു നൂറ്റാണ്ടുകൾപോലുമെടുത്തു. ചില ഉദാഹരണങ്ങൾ നോക്കാം.
15 ദൈവരാജ്യത്തിന്റെ രാജാവിനെ സഹായിക്കുന്ന സഹഭരണാധികാരികളെ ഭൂമിയിൽനിന്ന് എടുത്ത് സ്വർഗത്തിലെ ആത്മസൃഷ്ടികളെന്ന നിലയിലുള്ള ജീവനിലേക്ക് ഉയിർപ്പിക്കുമെന്ന് എ.ഡി. 33-ൽ യേശു വ്യക്തമാക്കിയിരുന്നു. പക്ഷേ യേശുവിന്റെ ശിഷ്യന്മാർക്ക് ഈ വെളിപ്പെടുത്തൽ അത്ര പെട്ടെന്നൊന്നും മനസ്സിലായില്ല. (ദാനി. 7:18; യോഹ. 14:2-5) താൻ സ്വർഗാരോഹണം ചെയ്ത് കുറെയധികം കാലം കഴിഞ്ഞിട്ടേ ദൈവരാജ്യം സ്ഥാപിതമാകുകയുള്ളൂ എന്നും അതേ വർഷംതന്നെ യേശു ദൃഷ്ടാന്തങ്ങളിലൂടെ സൂചിപ്പിച്ചിരുന്നു. (മത്താ. 25:14, 19; ലൂക്കോ. 19:11, 12) വളരെ പ്രധാനപ്പെട്ട ഈ കാര്യവും ശിഷ്യന്മാർക്കു മനസ്സിലായില്ല. അതുകൊണ്ടാണു പുനരുത്ഥാനപ്പെട്ട യേശുവിനോട് അവർ പിന്നീട് ഇങ്ങനെ ചോദിച്ചത്: “അങ്ങ് ഇസ്രായേലിനു രാജ്യം പുനഃസ്ഥാപിച്ചുകൊടുക്കുന്നത് ഇപ്പോഴാണോ?” പക്ഷേ ആ സമയത്ത് യേശു കൂടുതൽ വിശദീകരണങ്ങൾക്കു മുതിർന്നില്ല. (പ്രവൃ. 1:6, 7) തന്റെ സഹഭരണാധികാരികളായ ‘ചെറിയ ആട്ടിൻകൂട്ടത്തിൽ’ ഉൾപ്പെടാത്ത “വേറെ ആടുകളും” ഉണ്ടായിരിക്കുമെന്നും യേശു പഠിപ്പിച്ചിരുന്നു. (യോഹ. 10:16; ലൂക്കോ. 12:32) പക്ഷേ 1914-ൽ ദൈവരാജ്യം സ്ഥാപിതമായി ഏറെ നാളുകൾക്കു ശേഷം മാത്രമാണ് ഈ രണ്ടു കൂട്ടങ്ങളിൽ ആരെല്ലാം ഉൾപ്പെടുമെന്നു ക്രിസ്തുവിന്റെ അനുഗാമികൾക്കു വ്യക്തമായി മനസ്സിലായത്.
16 ഭൂമിയിലായിരുന്നപ്പോൾ യേശുവിനു വേണമെങ്കിൽ തന്റെ ശിഷ്യന്മാരോടു ധാരാളം കാര്യങ്ങൾ പറയാമായിരുന്നു. പക്ഷേ അവർക്ക് അതൊന്നും ഉൾക്കൊള്ളാൻ പറ്റില്ലെന്നു യേശു മനസ്സിലാക്കി. (യോഹ. 16:12) ഒന്നാം നൂറ്റാണ്ടിൽ ദൈവരാജ്യത്തെക്കുറിച്ചുള്ള ധാരാളം കാര്യങ്ങൾ വെളിപ്പെടുത്തിക്കിട്ടി എന്നതിനു സംശയമില്ല. എങ്കിലും, അതിനെക്കുറിച്ചുള്ള അറിവ് സമൃദ്ധമാകാനുള്ള സമയം അപ്പോഴും വന്നിട്ടില്ലായിരുന്നു.
‘അവസാനകാലത്ത്’ ശരിയായ അറിവ് സമൃദ്ധമാകുന്നു
17. ദൈവരാജ്യത്തെക്കുറിച്ചുള്ള സത്യങ്ങൾ മനസ്സിലാക്കാൻ നമ്മൾ എന്തു ചെയ്യണം, പക്ഷേ അതു മാത്രം മതിയോ?
17 ‘അവസാനകാലത്ത്’ പലരും ‘ഓടിനടക്കുമെന്നും’ അന്നു ദൈവത്തിന്റെ ഉദ്ദേശ്യത്തെക്കുറിച്ചുള്ള “ശരിയായ അറിവ്” സമൃദ്ധമാകുമെന്നും യഹോവ ദാനിയേലിന് ഉറപ്പുകൊടുത്തു. (ദാനി. 12:4) അത്തരം അറിവ് നേടാൻ ഒരു വ്യക്തി കഠിനമായി ശ്രമിക്കണം. ഒരു ആധികാരികഗ്രന്ഥം പറയുന്നതനുസരിച്ച്, ‘ഓടിനടക്കുക’ എന്ന എബ്രായക്രിയയുടെ ഒരു വകഭേദത്തിന്, ഒരാൾ വളരെ ശ്രദ്ധയോടെയും വിശദമായും ഒരു പുസ്തകം പരിശോധിക്കുന്നതിനെ അർഥമാക്കാനാകും. എന്നാൽ നമ്മൾ ബൈബിൾ എത്രതന്നെ വിശദമായി പരിശോധിച്ചാലും ശരി, യഹോവ അനുവദിക്കാത്തിടത്തോളം നമുക്കു ദൈവരാജ്യത്തെക്കുറിച്ചുള്ള സത്യങ്ങൾ ശരിയായി മനസ്സിലാക്കാൻ കഴിയില്ല എന്നതാണു സത്യം.—മത്തായി 13:11 വായിക്കുക.
18. യഹോവയോടു ഭയാദരവുള്ളവർ വിശ്വാസവും താഴ്മയും കാണിച്ചിരിക്കുന്നത് എങ്ങനെ?
18 1914-നു മുമ്പുള്ള വർഷങ്ങളിൽ ദൈവരാജ്യത്തെക്കുറിച്ചുള്ള സത്യങ്ങൾ പടിപടിയായി വെളിപ്പെടുത്തിയ യഹോവ അവസാനകാലത്തും അതുതന്നെ ചെയ്യുന്നുണ്ട്. ഈ പുസ്തകത്തിന്റെ നാലും അഞ്ചും അധ്യായങ്ങളിൽ കാണാൻപോകുന്നതുപോലെ, കഴിഞ്ഞ 100 വർഷത്തിനിടെ പല സന്ദർഭങ്ങളിലും ദൈവജനത്തിന്, തങ്ങൾ ഗ്രഹിച്ചുവെച്ച കാര്യങ്ങളിൽ ചില മാറ്റങ്ങൾ വരുത്തേണ്ടിവന്നിട്ടുണ്ട്. അവർക്ക് യഹോവയുടെ പിന്തുണയില്ലെന്നാണോ ഇതു സൂചിപ്പിക്കുന്നത്? ഒരിക്കലുമല്ല! യഹോവ അവരെ പിന്തുണയ്ക്കുന്നുണ്ട്. എന്തുകൊണ്ട്? കാരണം യഹോവയോടു ഭയാദരവുള്ള അവർ, യഹോവ ഇഷ്ടപ്പെടുന്ന ഗുണങ്ങളായ വിശ്വാസവും താഴ്മയും കാണിച്ചിരിക്കുന്നു. (എബ്രാ. 11:6; യാക്കോ. 4:6) ദൈവവചനത്തിലെ വാഗ്ദാനങ്ങളെല്ലാം നിറവേറുമെന്ന വിശ്വാസമുള്ളവരാണ് യഹോവയുടെ ദാസന്മാർ. ആ വാഗ്ദാനങ്ങൾ കൃത്യമായി എങ്ങനെ നിറവേറുമെന്ന കാര്യത്തിൽ തെറ്റിദ്ധാരണകളുണ്ടായെന്ന് അംഗീകരിച്ചുകൊണ്ട് അവർ താഴ്മയും കാണിക്കുന്നു. 1925 മാർച്ച് 1 ലക്കം വീക്ഷാഗോപുരത്തിലെ ഈ അഭിപ്രായം അവരുടെ താഴ്മയാണു വെളിപ്പെടുത്തുന്നത്: “കർത്താവ് പറഞ്ഞ കാര്യങ്ങൾ വ്യാഖ്യാനിക്കാനുള്ള അധികാരം കർത്താവിനുതന്നെയാണെന്നു നമുക്ക് അറിയാം. തന്റേതായ രീതിയിൽ, തന്റേതായ സമയത്ത് കർത്താവ് തന്റെ വചനം തന്റെ ജനത്തിനു വെളിപ്പെടുത്തിക്കൊടുക്കുകയും ചെയ്യും.”
‘തന്റേതായ രീതിയിൽ, തന്റേതായ സമയത്ത് കർത്താവ് തന്റെ വചനം തന്റെ ജനത്തിനു വെളിപ്പെടുത്തിക്കൊടുക്കും’
19. ഇന്ന് എന്തു മനസ്സിലാക്കാൻ യഹോവ നമ്മളെ അനുവദിച്ചിരിക്കുന്നു, എന്തുകൊണ്ട്?
19 1914-ൽ ദൈവരാജ്യം സ്ഥാപിതമായ സമയത്ത്, അതുമായി ബന്ധപ്പെട്ട പ്രവചനങ്ങൾ എങ്ങനെ നിറവേറുമെന്ന കാര്യത്തിൽ ദൈവജനത്തിനു ഭാഗികമായ അറിവേ ഉണ്ടായിരുന്നുള്ളൂ. (1 കൊരി. 13:9, 10, 12) ദൈവത്തിന്റെ വാഗ്ദാനങ്ങൾ നിറവേറിക്കാണാനുള്ള വ്യഗ്രത കാരണം ചിലപ്പോഴൊക്കെ നമ്മൾ പല കാര്യങ്ങളും തെറ്റായി നിഗമനം ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഖണ്ഡികയിൽ പറഞ്ഞ വീക്ഷാഗോപുരത്തിൽ വന്ന മറ്റൊരു വാചകം എത്ര ശരിയാണെന്നു കാലം തെളിയിച്ചിരിക്കുന്നു. ആ ലേഖനം പറഞ്ഞത് ഇതാണ്: “ഒരു പ്രവചനം നിറവേറിത്തുടങ്ങുകയോ നിറവേറിക്കഴിയുകയോ ചെയ്യുന്നതിനു മുമ്പ് അതിനെക്കുറിച്ച് മനസ്സിലാക്കാനാകില്ല എന്നു ചിന്തിക്കുന്നതായിരിക്കില്ലേ സുരക്ഷിതം?” ഇപ്പോൾ അവസാനകാലം ആരംഭിച്ചിട്ട് ഏറെ നാളുകളായി. ദൈവരാജ്യത്തെക്കുറിച്ചുള്ള പല പ്രവചനങ്ങളും നിറവേറിക്കഴിഞ്ഞു, പലതും നിറവേറിക്കൊണ്ടിരിക്കുകയുമാണ്. ദൈവജനത്തിനു താഴ്മയുള്ളതുകൊണ്ടും തിരുത്തലുകൾ അംഗീകരിക്കാൻ മനസ്സുള്ളതുകൊണ്ടും തന്റെ ഉദ്ദേശ്യത്തെക്കുറിച്ച് നമുക്കുള്ള ഗ്രാഹ്യം മുമ്പെന്നത്തേതിലും വ്യക്തമാകാൻ യഹോവ അനുവദിച്ചിരിക്കുന്നു. അതെ, ശരിയായ അറിവ് സമൃദ്ധമായിരിക്കുകയാണ്!
ഗ്രാഹ്യത്തിൽ വന്ന മാറ്റങ്ങൾ ദൈവജനത്തെ പരിശോധിക്കുന്നു
20, 21. ഗ്രാഹ്യത്തിൽ വന്ന മാറ്റങ്ങൾ ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികളെ ബാധിച്ചത് എങ്ങനെ?
20 സത്യത്തെക്കുറിച്ച് നമുക്കുള്ള ഗ്രാഹ്യം കൂടുതൽ വ്യക്തമാക്കിത്തരുമ്പോൾ യഹോവ നമ്മുടെ ഹൃദയനില പരിശോധിക്കുകയാണെന്നു പറയാം. അത്തരം മാറ്റങ്ങൾ അംഗീകരിക്കാൻ വിശ്വാസവും താഴ്മയും നമ്മളെ സഹായിക്കില്ലേ? ഒന്നാം നൂറ്റാണ്ടിന്റെ മധ്യത്തിൽ ജീവിച്ചിരുന്ന ക്രിസ്ത്യാനികൾക്ക് അത്തരമൊരു പരിശോധനയെ നേരിടേണ്ടിവന്നു. ഉദാഹരണത്തിന്, അക്കാലത്ത് ജീവിച്ചിരുന്ന ഒരു ജൂതക്രിസ്ത്യാനിയാണു നിങ്ങളെന്നു ചിന്തിക്കുക. മോശയിലൂടെ ദൈവം കൊടുത്ത നിയമങ്ങളോടു നിങ്ങൾക്കു വലിയ ആദരവാണ്. ഇസ്രായേൽ ജനതയുടെ ഭാഗമായതിൽ നിങ്ങൾക്ക് അഭിമാനവുമുണ്ട്. എന്നാൽ അങ്ങനെയിരിക്കെ, അപ്പോസ്തലനായ പൗലോസ് ദൈവപ്രചോദിതമായി എഴുതിയ ചില കത്തുകൾ നിങ്ങൾക്കു കിട്ടുന്നു. മേലാൽ നിങ്ങൾ മോശയിലൂടെ ദൈവം കൊടുത്ത നിയമത്തിൻകീഴിലല്ലെന്നും യഹോവ ഇസ്രായേൽ ജനതയെ തള്ളിക്കളഞ്ഞ്, പകരം ജൂതന്മാരും ജനതകളിൽപ്പെട്ടവരും അടങ്ങുന്ന ആത്മീയ ഇസ്രായേലിനെ തിരഞ്ഞെടുത്തെന്നും അവയിൽ എഴുതിയിരിക്കുന്നതായി നിങ്ങൾ വായിക്കുന്നു. (റോമ. 10:12; 11:17-24; ഗലാ. 6:15, 16; കൊലോ. 2:13, 14) നിങ്ങൾ എങ്ങനെ പ്രതികരിച്ചേനേ?
21 ദൈവപ്രചോദിതമായി പൗലോസ് വിശദീകരിച്ചതെല്ലാം അംഗീകരിച്ച താഴ്മയുള്ള ക്രിസ്ത്യാനികൾ യഹോവയുടെ അനുഗ്രഹം നേടി. (പ്രവൃ. 13:48) എന്നാൽ മറ്റുള്ളവർക്ക് ഈ മാറ്റങ്ങൾ അത്ര രസിച്ചില്ല. അതുവരെ ഗ്രഹിച്ചുവെച്ചിരുന്ന കാര്യങ്ങളിൽ അവർ കടിച്ചുതൂങ്ങി. (ഗലാ. 5:7-12) അവർ ആ കാഴ്ചപ്പാടു മാറ്റിയില്ലായിരുന്നെങ്കിൽ ക്രിസ്തുവിന്റെ സഹഭരണാധികാരികളായിരിക്കാനുള്ള അവസരമാണ് അവർക്കു നഷ്ടമാകുമായിരുന്നത്.—2 പത്രോ. 2:1.
22. നമുക്കു ദൈവോദ്ദേശ്യം കൂടുതൽ വ്യക്തമാക്കിക്കിട്ടുന്നതിനെക്കുറിച്ച് നിങ്ങൾക്ക് എന്തു തോന്നുന്നു?
22 ഇക്കഴിഞ്ഞ ദശകങ്ങളിൽ, ദൈവരാജ്യത്തെക്കുറിച്ചുള്ള നമ്മുടെ ഗ്രാഹ്യത്തിന് യഹോവ കൂടുതൽ വ്യക്തത പകർന്നിട്ടുണ്ട്. ഉദാഹരണത്തിന്, കോലാടുകളിൽനിന്ന് ചെമ്മരിയാടുകളെ വേർതിരിക്കുന്നതുപോലെ, ദൈവരാജ്യസന്ദേശത്തോടു പ്രതികരിക്കാത്ത ആളുകളിൽനിന്ന് ദൈവരാജ്യത്തിന്റെ പ്രജകളാകാൻപോകുന്നവരെ വേർതിരിക്കുന്നത് എപ്പോഴാണെന്ന് യഹോവ നമുക്കു കൂടുതൽ വ്യക്തമാക്കിത്തന്നിട്ടുണ്ട്. അതുപോലെ, 1,44,000 പേരുടെ എണ്ണം എപ്പോൾ തികയും, യേശു ദൈവരാജ്യത്തെക്കുറിച്ച് പറഞ്ഞ ദൃഷ്ടാന്തങ്ങളുടെ അർഥം എന്താണ്, അഭിഷിക്തരിൽ ശേഷിക്കുന്ന അവസാനത്തെയാളെ എപ്പോഴാണു സ്വർഗീയജീവനിലേക്ക് ഉയിർപ്പിക്കുക എന്നീ ചോദ്യങ്ങൾക്കെല്ലാമുള്ള ഉത്തരം യഹോവ നമ്മളെ പഠിപ്പിച്ചിട്ടുണ്ട്.d കാര്യങ്ങൾ അങ്ങനെ കൂടുതൽ വ്യക്തമാക്കിക്കിട്ടുമ്പോൾ നിങ്ങളുടെ പ്രതികരണം എന്താണ്? നിങ്ങളുടെ വിശ്വാസം കൂടുതൽ ശക്തമാകാറുണ്ടോ? താഴ്മയുള്ളവരായ തന്റെ ജനത്തെ യഹോവ പഠിപ്പിച്ചുകൊണ്ടിരിക്കുന്നതിന്റെ തെളിവായാണോ നിങ്ങൾ അതിനെ കാണുന്നത്? തന്നോടു ഭയാദരവുള്ളവർക്ക് യഹോവ തന്റെ ഉദ്ദേശ്യം പടിപടിയായി വെളിപ്പെടുത്തിക്കൊടുക്കുമെന്നുള്ള നമ്മുടെ ബോധ്യം ശക്തമാകാൻ തുടർന്നുള്ള ഭാഗങ്ങൾ സഹായിക്കും.
a “ആയിത്തീരുക” എന്ന് അർഥമുള്ള ഒരു എബ്രായക്രിയയിൽനിന്നാണ് ദൈവത്തിന്റെ പേര് വന്നത്. യഹോവ തന്റെ വാഗ്ദാനങ്ങൾ നിറവേറ്റുന്നവനാണെന്ന് ആ പേര് സൂചിപ്പിക്കുന്നു. 4-ാം അധ്യായത്തിലെ, “ദൈവനാമത്തിന്റെ അർഥം” എന്ന ചതുരം കാണുക.
b അത് ഒരു നീണ്ട കാലഘട്ടമാണെന്ന് ഇന്നു നമുക്കു തോന്നിയേക്കാം. പക്ഷേ അന്നൊക്കെ മനുഷ്യന്റെ ആയുസ്സ് ഇന്നത്തേതിലും വളരെ കൂടുതലായിരുന്നെന്ന് ഓർക്കണം. വെറും മൂന്നു മനുഷ്യരുടെ ആയുസ്സു കൂട്ടിയാൽ, ആദാം മുതൽ അബ്രാഹാം വരെയുള്ള കാലഘട്ടത്തിന്റെ ഏകദേശദൈർഘ്യം കിട്ടും. അത് എങ്ങനെ? ആദാം മരിക്കുന്നതിനു മുമ്പ് ജനിച്ചയാളാണു നോഹയുടെ അപ്പനായ ലാമെക്ക്. ലാമെക്ക് മരിക്കുന്നതിനു മുമ്പ് ജനിച്ചയാളാണു നോഹയുടെ മകനായ ശേം. ശേം മരിക്കുന്നതിനു മുമ്പ് ജനിച്ചയാളാണ് അബ്രാഹാം.—ഉൽപ. 5:5, 31; 9:29; 11:10, 11; 25:7.
c എബ്രായതിരുവെഴുത്തുകളിൽ, “സാത്താൻ” എന്ന പദം ഒരു വ്യക്തിയെ കുറിക്കാനായി 18 പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. എന്നാൽ ഗ്രീക്ക് തിരുവെഴുത്തുകളിൽ “സാത്താൻ” എന്ന പദം 30-ലധികം പ്രാവശ്യം പ്രത്യക്ഷപ്പെടുന്നുണ്ട്. എണ്ണത്തിലുള്ള ഈ വ്യത്യാസംപോലെതന്നെ, എബ്രായതിരുവെഴുത്തുകൾ സാത്താന് ഒരു പരിധിയിൽ കവിഞ്ഞ ഊന്നൽ കൊടുത്ത് സംസാരിച്ചിട്ടില്ല. മിശിഹ ആരാണെന്നു തിരിച്ചറിയാൻ സഹായിക്കുന്നതിലാണ് അതിന്റെ മുഖ്യശ്രദ്ധ. എന്നാൽ മിശിഹ വന്നപ്പോൾ സാത്താനെ പൂർണമായും മറ നീക്കി പുറത്ത് കൊണ്ടുവന്നെന്നു പറയാം. ഗ്രീക്ക് തിരുവെഴുത്തുകൾ അതിനു സാക്ഷ്യമേകുന്നു.
d ഗ്രാഹ്യത്തിൽ വന്ന ചില മാറ്റങ്ങളെക്കുറിച്ച് കൂടുതൽ അറിയാൻ വീക്ഷാഗോപുരത്തിന്റെ പിൻവരുന്ന ലക്കങ്ങൾ കാണുക: 1995 ഒക്ടോബർ 15 ലക്കം 23-28 പേജുകൾ; 2008 ജനുവരി 15 ലക്കം 20-24 പേജുകൾ; 2008 ജൂലൈ 15 ലക്കം 17-21 പേജുകൾ; 2013 ജൂലൈ 15 ലക്കം 9-14 പേജുകൾ.