നമ്മുടെ നാളിലേക്കുള്ള ദൈവത്തിന്റെ പ്രാവചനിക വചനത്തിനു ശ്രദ്ധ കൊടുക്കുക
“മനുഷ്യപുത്രാ, ഗ്രഹിച്ചുകൊൾക; ഈ ദർശനം അന്ത്യകാലത്തേക്കുള്ളതാകുന്നു.”—ദാനീയേൽ 8:17.
1. നമ്മുടെ നാളിനെ കുറിച്ചുള്ള ഏതു കാര്യം മുഴു മനുഷ്യവർഗവും അറിയാൻ യഹോവ ആഗ്രഹിക്കുന്നു?
യഹോവ രഹസ്യങ്ങളെ വെളിപ്പെടുത്തുന്നവനാണ്. അതുകൊണ്ട് അവൻ ഭാവി സംഭവങ്ങളെ കുറിച്ചുള്ള വിവരങ്ങൾ സ്വകാര്യമാക്കി വെക്കുന്നില്ല. നാം ‘അന്ത്യകാലത്തിന്റെ’ പരമാന്ത്യത്തിലാണു ജീവിക്കുന്നതെന്ന് എല്ലാവരും അറിയാൻ വാസ്തവത്തിൽ അവൻ ആഗ്രഹിക്കുന്നു. ഇപ്പോൾ ഭൂമിയിൽ ജീവിക്കുന്ന 600 കോടി ആളുകൾക്ക് എത്ര മർമപ്രധാനമായ വാർത്തയാണ് അത്!
2. ആളുകൾ മനുഷ്യവർഗത്തിന്റെ ഭാവിയെ കുറിച്ച് ഉത്കണ്ഠയുള്ളവർ ആയിരിക്കുന്നത് എന്തുകൊണ്ട്?
2 ഈ ലോകം അതിന്റെ അന്ത്യത്തോട് അടുത്തിരിക്കുന്നു എന്നതിൽ എന്തെങ്കിലും സംശയമുണ്ടോ? മനുഷ്യനു ചന്ദ്രനിൽ നടക്കാൻ കഴിയും, എന്നാൽ ഈ ഗ്രഹത്തിന്റെ പല ഭാഗങ്ങളിലും തെരുവിലൂടെ ഭയം കൂടാതെ നടക്കാൻ അവനു സാധിക്കില്ല. ആധുനിക സാധനസാമഗ്രികൾകൊണ്ട് ഒരു ഭവനം നിറയ്ക്കാൻ അവനു കഴിയും, എന്നാൽ കുടുംബത്തകർച്ചയുടെ വേലിയേറ്റത്തെ തടഞ്ഞുനിർത്താൻ അവനു കഴിയുന്നില്ല. വിജ്ഞാനയുഗം കൊണ്ടുവരാൻ അവനു കഴിയും, എന്നാൽ പരസ്പര സമാധാനത്തോടെ ജീവിക്കാൻ ആളുകളെ പഠിപ്പിക്കാൻ അവനു കഴിയില്ല. നാം അന്ത്യകാലത്താണു ജീവിക്കുന്നത് എന്നതിന്റെ നിരവധി തിരുവെഴുത്തു തെളിവുകളെ പിന്താങ്ങുന്നവയാണ് ഈ പരാജയങ്ങൾ.
3. “അന്ത്യകാലം” എന്ന പദപ്രയോഗം ഭൂമിയിൽ ആദ്യമായി ഉപയോഗിച്ചത് എന്നായിരുന്നു?
3 “അന്ത്യകാലം” എന്ന ശ്രദ്ധേയമായ ആ പദപ്രയോഗം ഏകദേശം 2,600 വർഷം മുമ്പ് ഗബ്രിയേൽ ദൂതനാണ് ആദ്യമായി ഭൂമിയിൽ ഉപയോഗിച്ചത്. “മനുഷ്യപുത്രാ, ഗ്രഹിച്ചുകൊൾക; ഈ ദർശനം അന്ത്യകാലത്തേക്കുള്ളതാകുന്നു” എന്നു ഗബ്രിയേൽ പറയുന്നതു ദൈവത്തിന്റെ പ്രവാചകൻ ഭയപ്പാടോടെ കേട്ടു.—ദാനീയേൽ 8:17.
ഇതാണ് “അന്ത്യകാലം”
4. ഈ അന്ത്യകാലത്തെ മറ്റ് ഏതു വിധങ്ങളിലും ബൈബിളിൽ പരാമർശിക്കുന്നുണ്ട്?
4 “അന്ത്യകാലം,” “നിയമിത അന്ത്യകാലം” എന്നീ പ്രയോഗങ്ങൾ ദാനീയേൽ പുസ്തകത്തിൽ ആറു പ്രാവശ്യം കാണാം. (ദാനീയേൽ 8:17, 19; 11:35, 40; 12:4, 9, NW) പൗലൊസ് അപ്പൊസ്തലൻ മുൻകൂട്ടി പറഞ്ഞ “അന്ത്യനാളു”കളോടു ബന്ധപ്പെട്ടതാണ് അവ. (2 തിമൊഥെയൊസ് 3:1-5, NW) യേശുക്രിസ്തു ഇതേ കാലഘട്ടത്തെ സിംഹാസനസ്ഥനായ സ്വർഗീയ രാജാവ് എന്ന നിലയിലുള്ള തന്റെ “സാന്നിധ്യം” എന്നു പരാമർശിച്ചു.—മത്തായി 24:37-39, NW.
5, 6. അന്ത്യകാലത്ത് ആരാണ് ‘പരിശോധന’ നടത്തിയിരിക്കുന്നത്, അതിന്റെ ഫലമെന്താണ്?
5 ദാനീയേൽ 12:4 ഇങ്ങനെ പ്രസ്താവിക്കുന്നു: “നീയോ ദാനീയേലേ, അന്ത്യകാലംവരെ ഈ വചനങ്ങളെ അടെച്ചു പുസ്തകത്തിന്നു മുദ്രയിടുക; പലരും അതിനെ പരിശോധിക്കയും ജ്ഞാനം വർദ്ധിക്കുകയും ചെയ്യും.” ദാനീയേൽ എഴുതിയ മിക്ക കാര്യങ്ങളും നൂറ്റാണ്ടുകളോളം മനുഷ്യർക്കു മനസ്സിലാക്കാൻ കഴിയാത്തവിധം അടച്ചു മുദ്രയിട്ടിരുന്നു. എന്നാൽ ഇന്നോ?
6 ഈ അന്ത്യകാലത്ത് പല വിശ്വസ്ത ക്രിസ്ത്യാനികളും ദൈവവചനമായ ബൈബിളിന്റെ പേജുകൾ ‘പരിശോധിച്ചിരിക്കുന്നു.’ ഫലമോ? അവരുടെ ശ്രമങ്ങളെ യഹോവ അനുഗ്രഹിച്ചിരിക്കുന്നതിനാൽ ഇന്ന് യഥാർഥ പരിജ്ഞാനം വളരെ സമൃദ്ധമായി ലഭ്യമാണ്. ഉദാഹരണത്തിന്, യഹോവ തന്റെ അഭിഷിക്ത സാക്ഷികളെ ഉൾക്കാഴ്ച നൽകി അനുഗ്രഹിച്ചതു നിമിത്തം അവർക്ക് യേശുക്രിസ്തു 1914-ൽ സ്വർഗീയ രാജാവ് ആയിത്തീർന്നു എന്ന വസ്തുത മനസ്സിലാക്കാൻ കഴിഞ്ഞു. 2 പത്രൊസ് 1:19-21-ൽ രേഖപ്പെടുത്തിയിരിക്കുന്ന അപ്പൊസ്തലന്റെ വാക്കുകൾക്കു ചേർച്ചയിൽ, അത്തരം അഭിഷിക്തരും അവരുടെ വിശ്വസ്ത സഹകാരികളും ‘പ്രാവചനിക വചനത്തിനു ശ്രദ്ധ കൊടുക്കുന്നു’ (NW). ഇത് അന്ത്യകാലം ആണെന്ന് അവർക്കു പൂർണ ബോധ്യമുണ്ട്.
7. ദാനീയേൽ പുസ്തകത്തെ അനുപമമാക്കുന്ന ചില വിവരണങ്ങൾ ഏവ?
7 ദാനീയേൽ പുസ്തകം പല വിധങ്ങളിൽ അനുപമമാണ്. അതിലെ ചില വിവരണങ്ങൾ ഇവയാണ്: തന്നെ അന്ധാളിപ്പിക്കുന്ന സ്വപ്നം വെളിപ്പെടുത്താനും വ്യാഖ്യാനിക്കാനും കഴിയാത്തതിനാൽ തന്റെ വിദ്വാന്മാരെ നശിപ്പിച്ചുകളയുമെന്ന് ഒരു രാജാവു ഭീഷണി മുഴക്കുന്നു. എന്നാൽ, യഹോവയുടെ പ്രവാചകൻ ആ ദുർഗ്രഹ സ്വപ്നം വ്യാഖ്യാനിക്കുന്നു. ഒരു പടുകൂറ്റൻ പ്രതിമയെ ആരാധിക്കാൻ വിസമ്മതിക്കുന്ന മൂന്നു യുവാക്കളെ അത്യധികം ചൂടുപിടിപ്പിച്ച ഒരു ചൂളയിലേക്ക് എറിയുന്നുവെങ്കിലും അവർ യാതൊരു പരിക്കുമേൽക്കാതെ അതിജീവിക്കുന്നു. ആഘോഷപൂർവകമായ ഒരു വിരുന്നിന്റെ സമയത്ത്, ഒരു കൈപ്പത്തി നിഗൂഢമായ വാക്കുകൾ ഒരു കൊട്ടാര ഭിത്തിയിൽ എഴുതുന്നത് നൂറുകണക്കിന് ആളുകൾ കാണുന്നു. ദുഷ്ടരായ ഉപജാപകർ വൃദ്ധനായ ഒരു മനുഷ്യൻ സിംഹങ്ങളുടെ കുഴിയിൽ എറിയപ്പെടാൻ ഇടയാക്കുന്നു, എന്നാൽ ഒരു പോറൽപോലും ഏൽക്കാതെ അദ്ദേഹം പുറത്തു വരുന്നു. ദൈവത്തിന്റെ ഒരു പ്രവാചകൻ ഒരു ദർശനത്തിൽ നാലു മൃഗങ്ങളെ കാണുന്നു, അന്ത്യകാലം വരെ നീളുന്ന പ്രാവചനിക പ്രാധാന്യം അവയ്ക്കു നൽകപ്പെടുന്നു.
8, 9. ദാനീയേൽ പുസ്തകത്തിന് നമുക്കു പ്രയോജനം ചെയ്യാൻ കഴിയുന്നത് എങ്ങനെ, വിശേഷിച്ചും ഇന്ന്, ഈ അന്ത്യകാലത്ത്?
8 വ്യക്തമായും, ദാനീയേൽ പുസ്തകത്തിൽ വളരെ വ്യത്യസ്തങ്ങളായ രണ്ട് ഇഴകൾ അടങ്ങിയിരിക്കുന്നു—ഒന്ന് വിവരണാത്മകവും മറ്റേത് പ്രാവചനികവും. രണ്ടിനും നമ്മുടെ വിശ്വാസത്തെ കെട്ടുപണി ചെയ്യാൻ കഴിയും. ദൈവത്തോടു ദൃഢമായ വിശ്വസ്തത പുലർത്തുന്നവരെ യഹോവയാം ദൈവം അനുഗ്രഹിക്കുന്നു എന്ന് വിവരണാത്മക ഭാഗം പ്രകടമാക്കുന്നു. നൂറ്റാണ്ടുകൾക്ക്—സഹസ്രാബ്ദങ്ങൾക്കു പോലും—മുമ്പേതന്നെ ചരിത്രത്തിന്റെ ഗതി എന്തായിരിക്കും എന്ന് യഹോവയ്ക്ക് അറിയാമെന്ന വസ്തുത പ്രകടമാക്കിക്കൊണ്ട് പ്രാവചനിക ഭാഗങ്ങൾ വിശ്വാസത്തെ കെട്ടുപണി ചെയ്യുന്നു.
9 ദാനീയേൽ രേഖപ്പെടുത്തിയ വിവിധ പ്രവചനങ്ങൾ ദൈവരാജ്യത്തിലേക്കു ശ്രദ്ധ ക്ഷണിക്കുന്നു. അത്തരം പ്രവചനങ്ങളുടെ നിവൃത്തി കാണുമ്പോൾ നമ്മുടെ വിശ്വാസവും നാം അന്ത്യകാലത്താണു ജീവിക്കുന്നതെന്ന ബോധ്യവും ബലപ്പെടുന്നു. എന്നാൽ, ദാനീയേലിന്റെ പേരുള്ള പുസ്തകത്തിലെ പ്രവചനങ്ങളുടെ നിവൃത്തി എന്നു തോന്നുന്ന സംഭവങ്ങൾ നടന്ന ശേഷമാണു വാസ്തവത്തിൽ അവ എഴുതപ്പെട്ടതെന്നു പറഞ്ഞുകൊണ്ട് ചില വിമർശകർ ആ പുസ്തകത്തെ ആക്രമിക്കുന്നു. അത്തരം അവകാശവാദങ്ങൾ സത്യമാണെങ്കിൽ, അന്ത്യകാലത്തെ കുറിച്ച് ദാനീയേൽ പുസ്തകം മുൻകൂട്ടി പറഞ്ഞ കാര്യങ്ങൾ സംബന്ധിച്ച് ഗൗരവതരമായ ചോദ്യങ്ങൾ അത് ഉയർത്തും. പുസ്തകത്തിലെ വിവരണാത്മക ഭാഗത്തെയും സന്ദേഹവാദികൾ ചോദ്യം ചെയ്യുന്നു. അതുകൊണ്ട് നമുക്ക് അവ പരിശോധിച്ചു നോക്കാം.
വിചാരണയിൽ!
10. ദാനീയേൽ പുസ്തകം കുറ്റം ചുമത്തപ്പെട്ട നിലയിൽ ആയിരിക്കുന്നത് ഏത് അർഥത്തിൽ?
10 നിങ്ങൾ ഒരു കോടതിയിൽ ഒരു വിചാരണ നിരീക്ഷിക്കുകയാണെന്നു കരുതുക. പ്രതി വഞ്ചനാക്കുറ്റം ചെയ്തെന്നു വാദിഭാഗം വക്കീൽ തറപ്പിച്ചു പറയുന്നു. പൊ.യു.മു. ഏഴും ആറും നൂറ്റാണ്ടുകളിൽ ജീവിച്ചിരുന്ന ഒരു എബ്രായ പ്രവാചകൻ എഴുതിയ ഒരു ആധികാരിക ഗ്രന്ഥം എന്ന നിലയിൽ ദാനീയേൽ പുസ്തകം സ്വയം പരിചയപ്പെടുത്തുന്നു. എന്നാൽ ആ പുസ്തകം ഒരു തട്ടിപ്പാണെന്ന് വിമർശകർ തറപ്പിച്ചു പറയുന്നു. പുസ്തകത്തിലെ വിവരണാത്മക ഭാഗം ചരിത്ര വസ്തുതയുമായി യോജിക്കുന്നുണ്ടോ എന്നു നമുക്ക് ആദ്യം പരിശോധിക്കാം.
11, 12. ബേൽശസ്സർ വെറുമൊരു കാൽപ്പനിക കഥാപാത്രം ആണെന്നുള്ള ആരോപണത്തിന് എന്തു സംഭവിച്ചു?
11 ജീവിച്ചിരുന്നിട്ടില്ലാത്ത ചക്രവർത്തിയായി കരുതപ്പെട്ടിരുന്ന ബേൽശസ്സറിന്റെ കാര്യം പരിചിന്തിക്കുക. പൊ.യു.മു. 539-ൽ ബാബിലോൺ നഗരം മറിച്ചിടപ്പെട്ടപ്പോൾ അവിടെ ഭരണം നടത്തിയിരുന്നത് ബേൽശസ്സർ ആയിരുന്നുവെന്ന് ദാനീയേൽ 5-ാം അധ്യായം പ്രകടമാക്കുന്നു. ഈ സംഗതിയെ വിമർശകർ വെല്ലുവിളിച്ചു. കാരണം, ബേൽശസ്സറിന്റെ പേര് ബൈബിളിലല്ലാതെ മറ്റെങ്ങും കാണാനില്ലായിരുന്നു. പകരം, ബാബിലോണിലെ അവസാനത്തെ രാജാവ് നബോണിഡസ് ആണെന്ന് പുരാതന ചരിത്രകാരന്മാർ പറയുന്നു.
12 എന്നിരുന്നാലും 1854-ൽ, ഇന്നത്തെ ഇറാക്കിലുള്ള ഊർ എന്ന പുരാതന ബാബിലോൺ നഗരത്തിന്റെ അവശിഷ്ടങ്ങളിൽനിന്ന് ചെറിയ ചില കളിമൺ സിലിണ്ടറുകൾ കുഴിച്ചെടുത്തു. ഈ ക്യൂനിഫോം രേഖകളിൽ നബോണിഡസ് രാജാവിന്റെ ഒരു പ്രാർഥനയുണ്ട്. അതിൽ, അദ്ദേഹം “എന്റെ മൂത്ത മകനായ ബെൽ-സർ-ഊസർ” എന്നു പരാമർശിക്കുന്നുണ്ട്. ഇതു ദാനീയേൽ പുസ്തകത്തിലെ ബേൽശസ്സർ ആണെന്നു വിമർശകർ പോലും സമ്മതിക്കേണ്ടി വന്നു. അതുകൊണ്ട് “ജീവിച്ചിരുന്നിട്ടില്ലാത്ത ചക്രവർത്തി” വാസ്തവത്തിൽ ജീവിച്ചിരുന്നവൻ ആയിരുന്നു. ലൗകിക കൃതികളിൽ അതുവരെ അറിയപ്പെട്ടിരുന്നില്ലെന്നു മാത്രം. ദാനീയേലിന്റെ ലിഖിതങ്ങൾ തികച്ചും ആധികാരികമാണെന്നു തെളിയിക്കുന്ന അനേകം സംഗതികളിൽ ഒന്നു മാത്രമാണ് ഇത്. ദാനീയേൽ പുസ്തകം തീർച്ചയായും ദൈവവചനത്തിന്റെ ഭാഗമാണെന്ന് ഇത്തരം തെളിവുകൾ പ്രകടമാക്കുന്നു. ആയതിനാൽ അത് ഈ അന്ത്യകാലത്ത് നമ്മുടെ അവധാനപൂർവകമായ ശ്രദ്ധ അർഹിക്കുന്നു.
13, 14. ആരായിരുന്നു നെബൂഖദ്നേസർ, അവൻ പ്രധാനമായും ഏതു വ്യാജ ദേവന്റെ ഭക്തനായിരുന്നു?
13 ലോകശക്തികളുടെ പ്രയാണവും അവയുടെ ചില ഭരണാധിപന്മാരുടെ പ്രവൃത്തികളും അടങ്ങുന്ന പ്രവചനങ്ങൾ ദാനീയേൽ പുസ്തകത്തിന്റെ ഒരു ഭാഗമാണ്. ആ ഭരണാധിപന്മാരിൽ ഒരുവനെ ഒരു സാമ്രാജ്യം കെട്ടിപ്പടുത്ത യോദ്ധാവ് എന്നു വിളിക്കാവുന്നതാണ്. ബാബിലോണിന്റെ കിരീടാവകാശി എന്ന നിലയിൽ അവനും സൈന്യവും കർക്കെമീശിൽ വെച്ച് ഈജിപ്തിലെ ഫറവോനായ നെഖോയുടെ സൈന്യങ്ങളെ തകർത്തു തരിപ്പണമാക്കി. എന്നാൽ ജയശാലിയായ ആ രാജകുമാരനു ലഭിച്ച ഒരു സന്ദേശം അന്തിമ പോരാട്ടം തന്റെ ജനറൽമാരെ ഏൽപ്പിച്ചിട്ടു മടങ്ങിപ്പോകാൻ അദ്ദേഹത്തെ നിർബന്ധിതനാക്കി. തന്റെ പിതാവായ നെബോപോളസ്സർ മരിച്ചു എന്നറിഞ്ഞപ്പോൾ നെബൂഖദ്നേസർ എന്ന ആ യുവാവ് പൊ.യു.മു. 624-ൽ രാജാവായി അധികാരമേറ്റു. 43 വർഷത്തെ തന്റെ ഭരണകാലത്ത് അദ്ദേഹം, ഒരിക്കൽ അസീറിയയുടെ കൈവശമായിരുന്ന പ്രദേശങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് ഒരു സാമ്രാജ്യം സ്ഥാപിക്കുകയും തന്റെ ആധിപത്യം ഈജിപ്തിന്റെ അതിർത്തി വരെ സിറിയയിലേക്കും പാലസ്തീനിലേക്കും വ്യാപിപ്പിക്കുകയും ചെയ്തു.
14 നെബൂഖദ്നേസറിന്റെ മതഭക്തി പ്രധാനമായും ബാബിലോണിലെ മുഖ്യ ദേവനായ മർദൂക്കിനോട് ആയിരുന്നു. തന്റെ യുദ്ധജയങ്ങൾക്കെല്ലാമുള്ള ബഹുമതി അവൻ മർദൂക്കിനു നൽകി. ബാബിലോണിൽ നെബൂഖദ്നേസർ മർദൂക്കിനും മറ്റു നിരവധി ബാബിലോണിയൻ ദേവന്മാർക്കും ക്ഷേത്രങ്ങൾ നിർമിക്കുകയും നിലവിൽ ഉണ്ടായിരുന്നവയെ മോടിപിടിപ്പിക്കുകയും ചെയ്തു. ഈ ബാബിലോണിയൻ രാജാവ് ദൂരാ സമഭൂമിയിൽ സ്ഥാപിച്ച സ്വർണ ബിംബം മർദൂക്കിനു സമർപ്പിച്ചത് ആയിരിക്കാം. (ദാനീയേൽ 3:1, 2) തന്റെ സൈനിക നീക്കങ്ങൾ ആസൂത്രണം ചെയ്യാൻ നെബൂഖദ്നേസർ ആഭിചാരത്തിൽ വളരെയധികം ആശ്രയിച്ചിരുന്നതായി തോന്നുന്നു.
15, 16. നെബൂഖദ്നേസർ ബാബിലോണിനു വേണ്ടി എന്തു ചെയ്തു, അതിന്റെ മാഹാത്മ്യത്തെ കുറിച്ചു വമ്പു പറഞ്ഞപ്പോൾ അവന് എന്തു സംഭവിച്ചു?
15 തന്റെ പിതാവു തുടങ്ങിവെച്ച കൂറ്റൻ ഇരട്ടമതിലിന്റെ പണി പൂർത്തിയാക്കിക്കൊണ്ട് നെബൂഖദ്നേസർ തലസ്ഥാനനഗരിയെ പ്രത്യക്ഷത്തിൽ ജയിച്ചടക്കാനാവാത്തത് ആക്കിത്തീർത്തു. സ്വദേശത്തെ കുന്നുകളും വനങ്ങളും ഇഷ്ടപ്പെട്ടിരുന്ന തന്റെ മേദ്യ രാജ്ഞിയെ തൃപ്തിപ്പെടുത്താനാണ് നെബൂഖദ്നേസർ തൂങ്ങുന്ന ഉദ്യാനങ്ങൾ നിർമിച്ചത് എന്നു പറയപ്പെടുന്നു—അതു പ്രാചീന ലോകത്തിലെ ഏഴ് അത്ഭുതങ്ങളിൽ ഒന്നായി കരുതപ്പെടുന്നു. അദ്ദേഹം ബാബിലോണിനെ മതിലുകളോടു കൂടിയ അക്കാലത്തെ ഏറ്റവും വലിയ നഗരമാക്കിത്തീർത്തു. വ്യാജാരാധനയുടെ ആ ആസ്ഥാനത്തെ കുറിച്ച് അവൻ എത്ര ഊറ്റംകൊണ്ടിരുന്നു!
16 “ഇതു ഞാൻ . . . പണിത മഹതിയാം ബാബേൽ അല്ലയോ”? എന്ന് നെബൂഖദ്നേസർ ഒരിക്കൽ വമ്പു പറഞ്ഞു. എങ്കിലും, ദാനീയേൽ 4:30-36 അനുസരിച്ച് “ഈ വാക്കു രാജാവിന്റെ വായിൽ ഇരിക്കുമ്പോൾ തന്നേ” അവനു ബുദ്ധിഭ്രമം പിടിപെട്ടു. ദാനീയേൽ മുൻകൂട്ടി പറഞ്ഞതുപോലെ തന്നെ, ഭരിക്കാൻ ശേഷിയില്ലാതെ അവൻ ഏഴു വർഷത്തേക്കു പുല്ലു തിന്നു ജീവിച്ചു. പിന്നെ അവനു രാജ്യം തിരികെ ലഭിച്ചു. ഇതിന്റെയെല്ലാം പ്രാവചനിക പ്രാധാന്യം നിങ്ങൾക്ക് അറിയാമോ? ഇതിന്റെ മുഖ്യ നിവൃത്തി നമ്മെ അന്ത്യകാലം വരെ എത്തിക്കുന്നത് എങ്ങനെയെന്ന് നിങ്ങൾക്കു വിശദീകരിക്കാമോ?
പ്രാവചനിക ഇഴകൾ കണ്ടെത്തൽ
17. ലോക ഭരണാധിപൻ എന്ന നിലയിലുള്ള നെബൂഖദ്നേസറിന്റെ ഭരണത്തിന്റെ രണ്ടാം വർഷത്തിൽ യഹോവ അവനു നൽകിയ പ്രാവചനിക സ്വപ്നം നിങ്ങൾ എങ്ങനെ വിവരിക്കും?
17 ദാനീയേൽ പുസ്തകത്തിലെ ചില പ്രാവചനിക ഇഴകൾ നമുക്ക് ഇപ്പോൾ പരിശോധിക്കാം. ബൈബിൾ പ്രവചനത്തിലെ ലോക ഭരണാധിപൻ എന്ന നിലയിലുള്ള നെബൂഖദ്നേസറിന്റെ ഭരണത്തിന്റെ രണ്ടാം വർഷത്തിൽ (പൊ.യു.മു. 606/605) ദൈവം അവന് ഭയപ്പെടുത്തുന്ന ഒരു സ്വപ്നം നൽകി. ദാനീയേൽ 2-ാം അധ്യായം അനുസരിച്ച്, ആ സ്വപ്നത്തിൽ ഒരു കൂറ്റൻ ബിംബം ഉൾപ്പെട്ടിരുന്നു. അതിന്റെ തല പൊന്നു കൊണ്ടുള്ളതും നെഞ്ചും കൈകളും വെള്ളി കൊണ്ടുള്ളതും വയറും തുടകളും താമ്രം കൊണ്ടുള്ളതും കാലുകൾ ഇരുമ്പു കൊണ്ടുള്ളതും പാദങ്ങൾ ഇരുമ്പും കളിമണ്ണും കലർന്നുള്ളതും ആയിരുന്നു. ഈ ബിംബത്തിന്റെ വ്യത്യസ്ത ഭാഗങ്ങൾ എന്തിനെയാണു പ്രതിനിധാനം ചെയ്തത്?
18. സ്വപ്നത്തിലെ ബിംബത്തിന്റെ പൊന്നുകൊണ്ടുള്ള തലയും, വെള്ളികൊണ്ടുള്ള നെഞ്ചും കൈകളും, താമ്രംകൊണ്ടുള്ള വയറും തുടകളും എന്തിനെയാണു പ്രതിനിധാനം ചെയ്തത്?
18 ദൈവത്തിന്റെ പ്രവാചകൻ നെബൂഖദ്നേസറിനോട് ഇങ്ങനെ പറഞ്ഞു: “രാജാവേ, . . . പൊന്നുകൊണ്ടുള്ള തല തിരുമനസ്സുകൊണ്ടു തന്നേ.” (ദാനീയേൽ 2:37, 38) ബാബിലോന്യ സാമ്രാജ്യത്തെ ഭരിച്ച ഒരു രാജവംശത്തിന്റെ തലവൻ ആയിരുന്നു നെബൂഖദ്നേസർ. ബിംബത്തിന്റെ വെള്ളികൊണ്ടുള്ള നെഞ്ചിനാലും കൈകളാലും പ്രതിനിധാനം ചെയ്യപ്പെട്ട മേദോ-പേർഷ്യ ബാബിലോണിനെ കീഴടക്കി. തുടർന്ന്, താമ്രംകൊണ്ടുള്ള വയറിനാലും തുടകളാലും പ്രതിനിധാനം ചെയ്യപ്പെട്ട ഗ്രീക്കു സാമ്രാജ്യം രംഗത്തു വന്നു. ആ ലോകശക്തിയുടെ ആരംഭം എങ്ങനെ ആയിരുന്നു?
19, 20. ആരായിരുന്നു മഹാനായ അലക്സാണ്ടർ, ഗ്രീസിനെ ഒരു ലോകശക്തി ആക്കുന്നതിൽ അദ്ദേഹം എന്തു പങ്കു വഹിച്ചു?
19 പൊ.യു.മു. നാലാം നൂറ്റാണ്ടിൽ, ഒരു യുവാവ് ദാനീയേൽ പ്രവചനത്തിന്റെ നിവൃത്തിയിൽ സുപ്രധാനമായ ഒരു പങ്കു വഹിച്ചു. അവൻ ജനിച്ചത് പൊ.യു.മു. 356-ൽ ആയിരുന്നു. ലോകം അവനെ മഹാനായ അലക്സാണ്ടർ എന്നു വിളിക്കാനിടയായി. പിതാവായ ഫിലിപ്പ് വധിക്കപ്പെട്ടപ്പോൾ, പൊ.യു.മു. 336-ൽ 20-വയസ്സുള്ള അലക്സാണ്ടർ മാസിഡോണിയയുടെ രാജ്യഭരണം ഏറ്റെടുത്തു.
20 പൊ.യു.മു. 334 മേയ് ആദ്യം, അലക്സാണ്ടർ ദിഗ്വിജയങ്ങൾക്കു തുടക്കം കുറിച്ചു. 30,000 കാലാൾ പടയാളികളും 5,000 കുതിരപ്പടയാളികളും ഉൾപ്പെട്ട ചെറുതെങ്കിലും മികച്ച ഒരു സൈന്യം അദ്ദേഹത്തിന് ഉണ്ടായിരുന്നു. പൊ.യു.മു. 334-ൽ, വടക്കുപടിഞ്ഞാറൻ ഏഷ്യാമൈനറിലെ (ഇപ്പോൾ ടർക്കി) ഗ്രനൈക്കസ് നദിക്ക് അരികെ വെച്ച് അലക്സാണ്ടർ പേർഷ്യക്കാർക്കെതിരെ തന്റെ ആദ്യത്തെ യുദ്ധത്തിൽ ജയിച്ചു. പൊ.യു.മു. 326 ആയപ്പോഴേക്കും, ഈ അക്ഷീണ ജേതാവ് പേർഷ്യക്കാരെ ജയിച്ചടക്കുകയും കിഴക്കോട്ട്, ഇന്നത്തെ പാകിസ്ഥാനിലുള്ള സിന്ധുനദി വരെ എത്തുകയും ചെയ്തു. എന്നാൽ ബാബിലോണിൽ ആയിരിക്കെ അലക്സാണ്ടർ തന്റെ അവസാന യുദ്ധത്തിൽ പരാജയമടഞ്ഞു. പൊ.യു.മു. 323 ജൂൺ 13-ന്, വെറും 32 വർഷവും 8 മാസവും ജീവിച്ച അദ്ദേഹം ഏറ്റവും കരുത്തനായ ശത്രുവിന്, അതായത് മരണത്തിന്, അടിയറവു പറഞ്ഞു. (1 കൊരിന്ത്യർ 15:55) എന്നാൽ അദ്ദേഹത്തിന്റെ ദിഗ്വിജയങ്ങളിലൂടെ, ദാനീയേൽ പ്രവചനം മുൻകൂട്ടി പറഞ്ഞതു പോലെ, ഗ്രീസ് ഒരു ലോകശക്തി ആയിത്തീർന്നിരുന്നു.
21. സ്വപ്നത്തിലെ ബിംബത്തിന്റെ ഇരുമ്പു കാലുകൾ റോമാ സാമ്രാജ്യത്തിനു പുറമെ, മറ്റ് ഏത് ലോകശക്തിയെയും ചിത്രീകരിച്ചു?
21 ആ കൂറ്റൻ ബിംബത്തിന്റെ ഇരുമ്പു കൊണ്ടുള്ള കാലുകൾ എന്തിനെയാണു പ്രതിനിധാനം ചെയ്യുന്നത്? ഗ്രീക്കു സാമ്രാജ്യത്തെ തകർത്തു തരിപ്പണമാക്കിയത് ഇരുമ്പുതുല്യമായ റോം ആയിരുന്നു. യേശുക്രിസ്തു ഘോഷിച്ച ദൈവരാജ്യത്തോട് യാതൊരു ആദരവും പ്രകടമാക്കാതെ റോമാക്കാർ പൊ.യു. 33-ൽ യേശുവിനെ ഒരു ദണ്ഡനസ്തംഭത്തിൽ വധിച്ചു. സത്യക്രിസ്ത്യാനിത്വത്തെ നശിപ്പിക്കാനുള്ള ശ്രമത്തിൽ റോം യേശുവിന്റെ ശിഷ്യന്മാരെ പീഡിപ്പിച്ചു. എന്നാൽ, നെബൂഖദ്നേസറിന്റെ സ്വപ്നത്തിലെ ഇരുമ്പു കാലുകൾ റോമാ സാമ്രാജ്യത്തെ മാത്രമല്ല അതിന്റെ രാഷ്ട്രീയ ശാഖയായ ആംഗ്ലോ-അമേരിക്കൻ ലോകശക്തിയെയും ചിത്രീകരിച്ചു.
22. ഇപ്പോൾ അന്ത്യകാലം വളരെയേറെ പിന്നിട്ടിരിക്കുന്നുവെന്നു മനസ്സിലാക്കാൻ സ്വപ്നത്തിലെ ബിംബം നമ്മെ സഹായിക്കുന്നത് എങ്ങനെ?
22 ഇപ്പോൾ അന്ത്യകാലം വളരെയേറെ പിന്നിട്ടിരിക്കുന്നുവെന്ന് ശ്രദ്ധാപൂർവകമായ പഠനം വ്യക്തമാക്കുന്നു. എന്തെന്നാൽ നാം സ്വപ്നത്തിലെ ബിംബത്തിന്റെ ഇരുമ്പും കളിമണ്ണും കൊണ്ടുള്ള പാദത്തിങ്കൽ എത്തിച്ചേർന്നിരിക്കുന്നു. ഇന്നത്തെ ചില ഗവൺമെന്റുകൾ ഇരുമ്പു സമാനമാണ്, അഥവാ ഏകാധിപത്യപരമാണ്. എന്നാൽ മറ്റുള്ളവ കളിമൺ സമാനമാണ്. “മനുഷ്യവർഗ സന്തതി”യെ മെനഞ്ഞിരിക്കുന്ന കളിമണ്ണിന് ഉടഞ്ഞുപോകുന്ന സ്വഭാവം ഉണ്ടെങ്കിലും, തങ്ങളെ ഭരിക്കുന്ന ഗവൺമെന്റുകളിൽ സ്വാധീനം ചെലുത്താൻ സാധാരണ ജനങ്ങളെ അനുവദിക്കാൻ ഇരുമ്പുസമാന ഭരണാധിപത്യങ്ങൾ നിർബന്ധിതരായിത്തീർന്നിട്ടുണ്ട്. (ദാനീയേൽ 2:43, NW; ഇയ്യോബ് 10:9) ഇരിമ്പും കളിമണ്ണും തമ്മിൽ കൂടിച്ചേരാത്തതുപോലെ തന്നെ ഏകാധിപത്യ ഭരണവും സാധാരണ ജനങ്ങളും തമ്മിൽ ചേരുന്നില്ല. എന്നാൽ, രാഷ്ട്രീയമായി ശിഥിലീഭവിച്ച ഈ ലോകത്തെ ദൈവരാജ്യം പെട്ടെന്നുതന്നെ നശിപ്പിക്കും.—ദാനീയേൽ 2:44.
23. ബേൽശസ്സറിന്റെ വാഴ്ചയുടെ ഒന്നാം ആണ്ടിൽ ദാനീയേൽ കണ്ട സ്വപ്നങ്ങളെയും ദർശനങ്ങളെയും നിങ്ങൾ എങ്ങനെ വർണിക്കും?
23 ദാനീയേലിന്റെ രസകരമായ പ്രവചനത്തിന്റെ 7-ാം അധ്യായവും നമ്മെ അന്ത്യകാലത്തേക്കു കൊണ്ടുവരുന്നു. ബാബിലോന്യ രാജാവായ ബേൽശസ്സറിന്റെ ഒന്നാം വർഷത്തെ ഒരു സംഭവം അതു വിവരിക്കുന്നു. അപ്പോൾ 70-കളിൽ ആയിരുന്ന ദാനീയേൽ “ഒരു സ്വപ്നം കണ്ടു . . . കിടക്കയിൽവെച്ചു ദർശനങ്ങൾ ഉണ്ടായി.” ആ ദർശനങ്ങൾ അവനെ എത്ര ഭയപ്പെടുത്തിയിരിക്കണം! അവൻ വിളിച്ചുപറയുന്നു: “ആകാശത്തിലെ നാലു കാററും മഹാസമുദ്രത്തിന്റെ നേരെ അടിക്കുന്നതു ഞാൻ കണ്ടു. അപ്പോൾ തമ്മിൽ ഭേദിച്ചിരിക്കുന്ന നാലു മഹാമൃഗങ്ങൾ സമുദ്രത്തിൽനിന്നു കരേറിവന്നു.” (ദാനീയേൽ 7:1-8, 15) എത്ര അസാധാരണമായ മൃഗങ്ങൾ! ഒന്നാമത്തേത് ചിറകുള്ള ഒരു സിംഹമാണ്, രണ്ടാമത്തേത് ഒരു കരടിയെ പോലെയാണ്. പിന്നെ വരുന്നത് നാലു ചിറകുകളും നാലു തലകളുമുള്ള ഒരു പുള്ളിപ്പുലി ആണ്! അസാധാരണ ശക്തിയുള്ള നാലാമത്തെ മൃഗത്തിന് വലിയ ഇരുമ്പു പല്ലുകളും പത്തു കൊമ്പുകളും ഉണ്ട്. ആ പത്തു കൊമ്പുകൾക്കിടയിൽ ഒരു “ചെറിയ” കൊമ്പ് മുളച്ചുവരുന്നു. അതിന് “മനുഷ്യന്റെ കണ്ണുപോലെ കണ്ണും വമ്പു പറയുന്ന വായും ഉണ്ടായിരുന്നു.” എത്ര വിചിത്രമായ ജീവികൾ!
24. ദാനീയേൽ 7:9-14 അനുസരിച്ച്, ദാനീയേൽ സ്വർഗത്തിൽ എന്താണു കാണുന്നത്, ആ ദർശനം എന്തിലേക്കാണു വിരൽ ചൂണ്ടുന്നത്?
24 അടുത്തതായി ദാനീയേലിന്റെ ദർശനങ്ങൾ സ്വർഗത്തിലേക്കു തിരിയുന്നു. (ദാനീയേൽ 7:9-14) “നാളുകളിൽ പുരാതനനായ” (NW) യഹോവയാം ദൈവം മഹത്ത്വമുള്ള സിംഹാസനത്തിൽ ന്യായാധിപൻ എന്ന നിലയിൽ ഇരിക്കുന്നതായി കാണുന്നു. ‘ആയിരമായിരം പേർ അവനു ശുശ്രൂഷ ചെയ്യുന്നു; പതിനായിരം പതിനായിരം പേർ അവന്റെ മുമ്പാകെ നിൽക്കുന്നു.’ മൃഗങ്ങളെ പ്രതികൂലമായി ന്യായം വിധിച്ചുകൊണ്ട് ദൈവം അവയിൽനിന്നു ഭരണാധിപത്യം എടുത്തുമാറ്റുകയും നാലാമത്തെ മൃഗത്തെ നശിപ്പിക്കുകയും ചെയ്യുന്നു. ‘വംശങ്ങളുടെയും ജാതികളുടെയും ഭാഷക്കാരുടെയും’ മേലുള്ള നിലനിൽക്കുന്ന ഭരണാധിപത്യം ‘മനുഷ്യപുത്രനോടു സദൃശനായ ഒരുവനു’ നൽകുന്നു. ഇത് അന്ത്യകാലത്തേക്കും മനുഷ്യപുത്രനായ യേശുക്രിസ്തുവിന്റെ 1914-ലെ സിംഹാസനാരോഹണത്തിലേക്കും വിരൽ ചൂണ്ടുന്നു.
25, 26. നാം ദാനീയേൽ പുസ്തകം വായിക്കുമ്പോൾ ഏതു ചോദ്യങ്ങൾ ഉയർന്നുവന്നേക്കാം, അതിന് ഉത്തരമേകാൻ ഏതു പ്രസിദ്ധീകരണത്തിനു നമ്മെ സഹായിക്കാനാകും?
25 ദാനീയേൽ പുസ്തകത്തിന്റെ വായനക്കാർക്ക് ചോദ്യങ്ങൾ ഉണ്ടായിരിക്കുമെന്ന് ഉറപ്പാണ്. ഉദാഹരണത്തിന്, ദാനീയേൽ 7-ാം അധ്യായത്തിലെ നാലു മൃഗങ്ങൾ പ്രതിനിധാനം ചെയ്യുന്നത് എന്തിനെയാണ്? ദാനീയേൽ 9:24-27-ലെ “എഴുപതു ആഴ്ചവട്ട”ത്തെ കുറിച്ചുള്ള പ്രവചനത്തിന്റെ വിശദീകരണം എന്താണ്? ദാനീയേൽ 11-ാം അധ്യായത്തെയും ‘തെക്കേ ദേശത്തെ രാജാവും’ ‘വടക്കേ ദേശത്തെ രാജാവും’ തമ്മിലുള്ള പ്രാവചനിക സംഘട്ടനത്തെയും കുറിച്ചെന്ത്? അന്ത്യകാലത്തെ ഈ രാജാക്കന്മാരിൽ നിന്ന് നമുക്ക് എന്തു പ്രതീക്ഷിക്കാൻ കഴിയും?
26 അത്തരം കാര്യങ്ങൾ സംബന്ധിച്ച്, യഹോവ ഭൂമിയിലെ തന്റെ അഭിഷിക്ത ദാസന്മാർക്ക്, ദാനീയേൽ 7:18-ൽ ‘അത്യുന്നതന്റെ വിശുദ്ധന്മാർ’ എന്നു വിളിക്കപ്പെട്ടിരിക്കുന്നവർക്ക്, ഉൾക്കാഴ്ച നൽകിയിരിക്കുന്നു. ദാനീയേൽ പ്രവാചകന്റെ നിശ്വസ്ത ലിഖിതങ്ങൾ സംബന്ധിച്ച കൂടുതലായ ഉൾക്കാഴ്ച നമുക്കെല്ലാവർക്കും നേടാൻ കഴിയേണ്ടതിന് “വിശ്വസ്തനും വിവേകിയുമായ അടിമ” ദാനീയേൽ പ്രവചനത്തിനു ശ്രദ്ധ കൊടുപ്പിൻ! എന്ന ശീർഷകത്തിലുള്ള ഒരു പുതിയ പുസ്തകം പ്രകാശനം ചെയ്തിരിക്കുന്നു. (മത്താ. 24:45, NW) മനോഹരമായ ചിത്രങ്ങൾ അടങ്ങിയ 320 പേജുള്ള ഈ പ്രസിദ്ധീകരണത്തിൽ ദാനീയേൽ പുസ്തകത്തിലെ മുഴുഭാഗങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ അടങ്ങിയിരിക്കുന്നു. പ്രിയ പ്രവാചകനായ ദാനീയേൽ രേഖപ്പെടുത്തിയ വിശ്വാസത്തെ കെട്ടുപണി ചെയ്യുന്ന ഓരോ പ്രവചനത്തെയും ഓരോ വിവരണത്തെയും കുറിച്ച് ഇതു പ്രതിപാദിക്കുന്നു.
നമ്മുടെ നാളിലേക്കുള്ള യഥാർഥ അർഥം
27, 28. (എ) ദാനീയേൽ പുസ്തകത്തിലെ പ്രവചനങ്ങളുടെ നിവൃത്തി സംബന്ധിച്ച യാഥാർഥ്യം എന്ത്? (ബി) നാം ഏതു കാലഘട്ടത്തിലാണു ജീവിക്കുന്നത്, നാം എന്തു ചെയ്യണം?
27 ഈ സുപ്രധാന ആശയം പരിചിന്തിക്കുക: ഏതാനും വിശദാംശങ്ങൾ ഒഴികെ ദാനീയേൽ പുസ്തകത്തിലെ എല്ലാ പ്രവചനങ്ങളും നിവൃത്തിയേറി കഴിഞ്ഞിരിക്കുന്നു. ഉദാഹരണത്തിന്, ദാനീയേൽ രണ്ടാം അധ്യായത്തിൽ വിവരിച്ചിരിക്കുന്ന സ്വപ്നത്തിലെ ബിംബത്തിന്റെ പാദങ്ങൾ ചിത്രീകരിക്കുന്ന ലോക സ്ഥിതിവിശേഷം നാം ഇപ്പോൾത്തന്നെ കാണുന്നു. മിശിഹൈക രാജാവായ യേശുക്രിസ്തു 1914-ൽ സിംഹാസനാരോഹണം ചെയ്തതോടെ ദാനീയേൽ 4-ാം അധ്യായത്തിലെ വൃക്ഷക്കുറ്റിയുടെ ബന്ധനം നീക്കം ചെയ്യപ്പെട്ടിരിക്കുന്നു. അതേ, ദാനീയേൽ 7-ാം അധ്യായത്തിൽ മുൻകൂട്ടി പറഞ്ഞതു പോലെ, നാളുകളിൽ പുരാതനൻ അന്ന് മനുഷ്യപുത്രനു ഭരണാധിപത്യം നൽകി.—ദാനീയേൽ 7:13, 14; മത്തായി 16:27–17:9.
28 ദാനീയേൽ 8-ാം അധ്യായത്തിലെ 2,300 ദിവസങ്ങളും അതുപോലെ തന്നെ 12-ാം അധ്യായത്തിലെ 1,290 ദിവസങ്ങളും 1,335 ദിവസങ്ങളും കാലത്തിന്റെ നീരൊഴുക്കിൽ കടന്നുപോയിരിക്കുന്നു. ‘വടക്കേ ദേശത്തെ രാജാവും’ ‘തെക്കേ ദേശത്തെ രാജാവും’ തമ്മിലുള്ള പോരാട്ടം അതിന്റെ അന്തിമ ഘട്ടങ്ങളിൽ എത്തിയിരിക്കുന്നു എന്ന് ദാനീയേൽ 11-ാം അധ്യായത്തിന്റെ ഒരു പഠനം വെളിപ്പെടുത്തുന്നു. അന്ത്യകാലം ഇപ്പോൾ വളരെയേറെ പിന്നിട്ടിരിക്കുന്നു എന്നതിന്റെ തിരുവെഴുത്തുപരമായ തെളിവിന് ഇവയെല്ലാം ആക്കംകൂട്ടുന്നു. കാലത്തിന്റെ നീരൊഴുക്കിലെ നമ്മുടെ അനുപമമായ സ്ഥാനം പരിഗണിക്കുമ്പോൾ, നാം എന്തു ചെയ്യാൻ ദൃഢനിശ്ചയം ഉള്ളവരായിരിക്കണം? നിസ്സംശയമായും, നാം യഹോവയാം ദൈവത്തിന്റെ പ്രാവചനിക വചനത്തിനു ശ്രദ്ധ കൊടുക്കണം.
നിങ്ങൾ എങ്ങനെ ഉത്തരം പറയും?
• നമ്മുടെ നാളിനെ കുറിച്ച് മുഴു മനുഷ്യവർഗവും എന്ത് അറിയാൻ ദൈവം ആഗ്രഹിക്കുന്നു?
• ദാനീയേൽ പുസ്തകത്തിന് നമ്മുടെ വിശ്വാസം കെട്ടുപണിചെയ്യാൻ കഴിയുന്നത് എങ്ങനെ?
• നെബൂഖദ്നേസറിന്റെ സ്വപ്നത്തിലെ ബിംബത്തിന്റെ സവിശേഷതകൾ എന്തെല്ലാമായിരുന്നു, അവ എന്തിനെ പ്രതീകപ്പെടുത്തി?
• ദാനീയേൽ പുസ്തകത്തിൽ കാണുന്ന പ്രവചനങ്ങളുടെ നിവൃത്തിയുടെ കാര്യത്തിൽ ശ്രദ്ധേയമായിരിക്കുന്ന സംഗതി എന്ത്?