ഒരു രാജാവ് യഹോവയുടെ ആലയത്തെ അശുദ്ധമാക്കുന്നു
“തങ്ങളുടെ ദൈവത്തെ അറിയുന്ന ജനം ഉറെച്ചുനിന്നു വീര്യം പ്രവർത്തിക്കും.”—ദാനീയേൽ 11:32.
1, 2. രണ്ടായിരം വർഷത്തിലധികമായി മനുഷ്യചരിത്രത്തിൽ സ്ഥാനം പിടിച്ചിട്ടുള്ള നാടകീയ പോരാട്ടമേത്?
പരമാധികാരത്തിനുവേണ്ടി രണ്ടു ശത്രുരാജാക്കൻമാർ സർവശക്തിയും ഉപയോഗിച്ചു യുദ്ധം ചെയ്യുന്നു. ഈ പോരാട്ടം രണ്ടായിരം വർഷത്തിലധികമായി തുടർന്നുപോകുന്നതുകൊണ്ട് ഒരിക്കൽ ഒരാളെങ്കിൽ പിന്നെ മറെറയാൾ എന്നിങ്ങനെ ഇരുവരും മാറിമാറി തങ്ങളുടെ പ്രഭാവം കാട്ടുന്നു. നമ്മുടെ നാളുകളിൽ ഈ പോരാട്ടം ഭൂമിയിലെ മിക്കയാളുകളെയും ബാധിക്കുകയും ദൈവജനത്തിന്റെ നിർമലതയെ പരീക്ഷിക്കുകയും ചെയ്തിരിക്കുന്നു. രണ്ടു കൂട്ടരും അതുവരെ കണ്ടിട്ടില്ലാത്ത ഒരു സംഭവത്തോടെ അത് അവസാനിക്കുന്നു. പുരാതന പ്രവാചകനായ ദാനിയേലിന് ഈ നാടകീയ ചരിത്രം മുന്നമേതന്നെ വെളിപ്പെടുത്തിക്കൊടുക്കപ്പെട്ടു.—ദാനീയേൽ അധ്യായം 10 മുതൽ 12 വരെ.
2 വടക്കെ ദേശത്തെ രാജാവും തെക്കെ ദേശത്തെ രാജാവും തമ്മിലുള്ള നിരന്തര ശത്രുത സംബന്ധിച്ചാണു പ്രവചനം. “അങ്ങയുടെ ഇഷ്ടം ഭൂമിയിൽ ചെയ്യപ്പെടുമാറാകട്ടെ” (Your Will Be Done on Earth)a എന്ന പുസ്തകത്തിൽ ഇതു വിശദമായി ചർച്ച ചെയ്തിട്ടുണ്ട്. വടക്കെ ദേശത്തെ രാജാവ് ആരംഭത്തിൽ ഇസ്രയേലിനു വടക്കുള്ള സിറിയയായിരുന്നു. അതിനുശേഷം ആ റോൾ ഏറെറടുത്തതു റോം ആയിരുന്നു. ആരംഭത്തിൽ തെക്കെ ദേശത്തെ രാജാവ് ഈജിപ്ററായിരുന്നു.
അന്ത്യകാലത്തെ ഏററുമുട്ടൽ
3. ദൂതൻ പറയുന്നതനുസരിച്ച്, വടക്കെ ദേശത്തെ രാജാവിനെയും തെക്കെ ദേശത്തെ രാജാവിനെയും സംബന്ധിച്ച പ്രവചനം എപ്പോൾ ഗ്രഹിക്കാൻ കഴിയും, എങ്ങനെ?
3 ഈ സംഗതികൾ വെളിപ്പെടുത്തുന്ന ദൂതൻ ദാനിയേലിനോടു പറഞ്ഞു: “നീയോ ദാനീയേലേ, അന്ത്യകാലംവരെ ഈ വചനങ്ങളെ അടെച്ചു പുസ്തകത്തിന്നു മുദ്രയിടുക; പലരും അതിനെ പരിശോധിക്കയും ജ്ഞാനം വർദ്ധിക്കുകയും ചെയ്യും.” (ദാനീയേൽ 12:4) അതേ, പ്രവചനം ബന്ധപ്പെട്ടിരിക്കുന്നത് അന്ത്യകാലവുമായിട്ടാണ്, അതായത് 1914-ൽ ആരംഭിച്ച കാലഘട്ടവുമായിട്ട്. ഈ നിർണായക സമയത്തു പലരും തിരുവെഴുത്തുകൾ “പരിശോധിക്ക”യും പരിശുദ്ധാത്മാവിന്റെ സഹായത്താൽ ബൈബിൾ പ്രവചനത്തിന്റെ ഗ്രാഹ്യം ഉൾപ്പെടെ സത്യപരിജ്ഞാനം സമൃദ്ധമായിത്തീരുകയും ചെയ്യും. (സദൃശവാക്യങ്ങൾ 4:18) നാം ആ കാലഘട്ടത്തിൽ നാളുകൾ പിന്നിടുന്തോറും ദാനിയേൽ പ്രവചനത്തിന്റെ കൂടുതൽക്കൂടുതൽ വിശദാംശങ്ങൾ വ്യക്തമാക്കപ്പെട്ടിരിക്കയാണ്. അങ്ങനെയെങ്കിൽ “അങ്ങയുടെ ഇഷ്ടം ഭൂമിയിൽ ചെയ്യപ്പെടുമാറാകട്ടെ” എന്ന പുസ്തകം പ്രസിദ്ധീകരിച്ചു 35 വർഷം പിന്നിട്ട ഈ സമയത്ത് വടക്കെ ദേശത്തെ രാജാവിനെയും തെക്കെ ദേശത്തെ രാജാവിനെയും സംബന്ധിച്ച പ്രവചനം ഇപ്പോൾ 1993-ൽ നാം എങ്ങനെയാണു മനസ്സിലാക്കേണ്ടത്?
4, 5. (എ) വടക്കെ ദേശത്തെ രാജാവിനെയും തെക്കെ ദേശത്തെ രാജാവിനെയും സംബന്ധിച്ചുള്ള ദാനിയേലിന്റെ പ്രവചനത്തിൽ 1914 എന്ന വർഷം രേഖപ്പെടുത്തിയിരിക്കുന്നതെവിടെയാണ്? (ബി) ദൂതൻ പറയുന്നതനുസരിച്ച്, 1914-ൽ എന്തു സംഭവിക്കുമായിരുന്നു?
4 യേശു മുൻകൂട്ടിപ്പറഞ്ഞ ലോകമഹായുദ്ധവും മററു ലോകാരിഷ്ടതകളും 1914-ൽ അന്ത്യകാലത്തിന്റെ ആരംഭം കുറിച്ചു. (മത്തായി 24:3, 7, 8) ആ വർഷം രേഖപ്പെടുത്തിയിരിക്കുന്നതു ദാനിയേൽ പ്രവചനത്തിൽ നമുക്കു കണ്ടെത്താൻ കഴിയുമോ? ഉവ്വ്. അന്ത്യകാലത്തിന്റെ ആരംഭം “നിയമിത സമയ”മായി [NW] ദാനീയേൽ 11:29-ൽ പരാമർശിച്ചിരിക്കുന്നു. (“അങ്ങയുടെ ഇഷ്ടം ഭൂമിയിൽ ചെയ്യപ്പെടുമാറാകട്ടെ,” പേജുകൾ 269-70 കാണുക.) ദാനീയേൽ 4-ാം അധ്യായത്തിലെ പ്രാവചനികമായി പ്രാധാന്യമുള്ള സംഭവങ്ങളിൽ സൂചന നൽകിയിരിക്കുന്ന 2,520 വർഷങ്ങളുടെ സമാപനത്തിൽ അതു വരുന്നതുകൊണ്ട് ദാനിയേലിന്റെ കാലത്തു യഹോവ നേരത്തെതന്നെ നിയമിച്ച സമയമാണത്.
5 ദാനിയേൽ യുവാവായിരുന്നപ്പോൾ സംഭവിച്ച പൊ.യു.മു. 607-ലെ യെരൂശലേമിന്റെ നാശംമുതൽ പൊ.യു. 1914 വരെയുള്ള 2,520 വർഷകാലഘട്ടത്തെ “ജനതകളുടെ നിയമിത കാലങ്ങൾ എന്നു വിളിക്കുന്നു.” (ലൂക്കോസ് 21:24, NW) ഏത് രാഷ്ട്രീയ സംഭവങ്ങളായിരിക്കും അവയുടെ അന്ത്യത്തെ കുറിക്കുന്നത്? ഒരു ദൂതൻ ഇതു ദാനിയേലിനു വെളിപ്പെടുത്തി. ദൂതൻ ഇപ്രകാരം പറഞ്ഞു: “നിയമിക്കപ്പെട്ട കാലത്തു അവൻ [വടക്കെ ദേശത്തെ രാജാവ്] വീണ്ടും തെക്കോട്ടു വരും; എങ്കിലും മുമ്പിലത്തെപ്പോലെ സാദ്ധ്യമാകയില്ല.”—ദാനീയേൽ 11:29.
രാജാവിന്റെ ഒരു യുദ്ധം പാഴാകുന്നു
6. 1914-ൽ വടക്കെ ദേശത്തെ രാജാവ് ആരായിരുന്നു, തെക്കെ ദേശത്തെ രാജാവ് ആരായിരുന്നു?
6 1914 ആയപ്പോഴേക്കും വടക്കെ ദേശത്തെ രാജാവിന്റെ റോൾ ജർമനി ഏറെറടുത്തുകഴിഞ്ഞിരുന്നു, ആ സമയത്ത് അവിടത്തെ നേതാവ് കൈസർ വില്ഹം ആയിരുന്നു. യൂറോപ്പിൽ പൊട്ടിപ്പുറപ്പെട്ട യുദ്ധങ്ങൾ വടക്കെ ദേശത്തെ രാജാവും തെക്കെ ദേശത്തെ രാജാവും തമ്മിലുള്ള ഏററുമുട്ടലിൻ പരമ്പരയുടെ തുടർച്ചയായിരുന്നു. ഈ രണ്ടാമത്തവൻ അതായത് അപ്പോഴേക്കും ബ്രിട്ടനായിമാറിക്കഴിഞ്ഞിരുന്ന തെക്കെ ദേശത്തെ രാജാവ് പെട്ടെന്ന് ഈജിപ്ററിനെ കയ്യടക്കി, അതാകട്ടെ ആദ്യത്തെ തെക്കെദേശ രാജാവിന്റെ പ്രദേശമായിരുന്നുതാനും. യുദ്ധം മുന്നോട്ടു പോയപ്പോൾ ബ്രിട്ടന്റെ ഒരു മുൻകോളനിയായിരുന്ന അമേരിക്കൻ ഐക്യനാടുകൾ ബ്രിട്ടനോടൊപ്പം ചേർന്നു. തെക്കെ ദേശത്തെ രാജാവ് ഇപ്പോൾ ചരിത്രത്തിലെ ഏററവും ശക്തമായ സാമ്രാജ്യമായ ആംഗ്ലോ-അമേരിക്കൻ ലോക ശക്തിയായിത്തീർന്നു.
7, 8. (എ) ഒന്നാം ലോകമഹായുദ്ധത്തിൽ കാര്യങ്ങൾ “മുമ്പിലത്തെപ്പോലെ സാദ്ധ്യമാകാ”ഞ്ഞത് ഏതു വിധത്തിലായിരുന്നു? (ബി) ഒന്നാം ലോകമഹായുദ്ധത്തിന്റെ അനന്തരഫലം എന്തായിരുന്നു, എന്നാൽ പ്രവചനം പറയുന്നതനുസരിച്ച്, വടക്കെ ദേശത്തെ രാജാവു പ്രതികരിച്ചതെങ്ങനെയായിരുന്നു?
7 രണ്ടു രാജാക്കൻമാർക്കിടയിൽ മുമ്പു നടന്നിട്ടുള്ള പോരാട്ടങ്ങളിൽ വടക്കെ ദേശത്തെ രാജാവായിരുന്ന റോമാ സാമ്രാജ്യം തുടരെ ജയിച്ചുപോന്നിരുന്നു. ഇപ്രാവശ്യം ‘മുമ്പിലത്തെപ്പോലെ സാദ്ധ്യമാകയില്ല.’ എന്തുകൊണ്ടില്ല? എന്തുകൊണ്ടെന്നാൽ വടക്കെദേശത്തെ രാജാവ് യുദ്ധത്തിൽ തോററു. ഒരു കാരണം വടക്കെ ദേശത്തെ രാജാവിനു നേരെ “കിത്തീംകപ്പലുകൾ” വന്നു എന്നതായിരുന്നു. (ദാനീയേൽ 11:30) ഈ കപ്പലുകൾ എന്തായിരുന്നു? സൈപ്രസ് ആയിരുന്നു ദാനിയേലിന്റെ നാളുകളിലെ കിത്തീം. ഒന്നാം ലോകമഹായുദ്ധത്തിന്റെ ആദ്യഘട്ടത്തിൽ ബ്രിട്ടൻ സൈപ്രസിനെ കീഴടക്കി സ്വന്ത സാമ്രാജ്യത്തോടു ലയിപ്പിച്ചു. കൂടാതെ, ദി സൊൻഡർവൻ പിക്ടോറിയൽ എൻസൈക്ലോപ്പീഡിയ ഓഫ് ബൈബിൾ പറയുന്നതനുസരിച്ച്, കിത്തീം എന്ന പേര് “അതിന്റെ അർഥവ്യാപ്തിയിൽ പാ[ശ്ചാത്യ]ദേശങ്ങളെ പൊതുവെയും നാവികപ്രധാനമായ പശ്ചിമ ദേശങ്ങളെ വിശേഷിച്ചും അർഥമാക്കിയിരുന്നു.” ന്യൂ ഇൻറർനാഷണൽ വേർഷൻ “കിത്തീംകപ്പലുകൾ” എന്നതിനു പകരം “പശ്ചിമ തീരപ്രദേശത്തെ കപ്പലുകൾ” എന്ന പദപ്രയോഗം ഉപയോഗിക്കുന്നു. ഒന്നാം ലോകമഹായുദ്ധകാലത്ത്, കിത്തീംകപ്പലുകൾ യൂറോപ്പിന്റെ പശ്ചിമ തീരത്തുനിന്നു തെല്ലകന്നു കിടക്കുന്ന ബ്രിട്ടന്റെ കപ്പലുകളായിരുന്നു. പിന്നീട് ബ്രിട്ടീഷ് നാവികസേന വടക്കെ അമേരിക്കയെന്ന പശ്ചിമ ഭൂഖണ്ഡത്തിന്റെ കപ്പലുകളുമായി ചേർന്നു കൂടുതൽ ശക്തിയാർജ്ജിച്ചു.
8 ഈ ആക്രമണത്തിൽ, “ഭയപ്പെട്ടു”പോയ വടക്കെ ദേശത്തെ രാജാവ് 1918-ൽ പരാജയം ഏററുവാങ്ങി. (പി.ഒ.സി. ബൈ.) എന്നാൽ അതിൽ അവൻ തീർത്തും ഒടുങ്ങിപ്പോയില്ല. “അവൻ വ്യസനിച്ചു മടങ്ങിച്ചെന്നു, വിശുദ്ധനിയമത്തിന്നു [“വിശുദ്ധ ഉടമ്പടി,” NW] നേരെ ക്രുദ്ധിച്ചു [“ഫലപ്രദമായി,” NW] പ്രവർത്തിക്കും; അവൻ മടങ്ങിച്ചെന്നു വിശുദ്ധനിയമത്തെ ഉപേക്ഷിക്കുന്നവരെ ആദരിച്ചുകൊള്ളും.” (ദാനീയേൽ 11:30) ദൂതൻ അങ്ങനെയാണു പ്രവചിച്ചിരുന്നത്, സംഭവിച്ചതും അങ്ങനെതന്നെയായിരുന്നു.
രാജാവു ഫലപ്രദമായി പ്രവർത്തിക്കുന്നു
9. അഡോൾഫ് ഹിററ്ലറുടെ ഉയർച്ചക്കു വഴിതെളിച്ചതെന്ത്? അയാൾ ‘ഫലപ്രദമായി പ്രവർത്തിച്ചത്’ എങ്ങനെ?
9 യുദ്ധം കഴിഞ്ഞ് 1918-ൽ ജയശാലികളായ സഖ്യകക്ഷികൾ ജർമനിയുടെമേൽ അതിനെ ശിക്ഷിച്ചൊതുക്കാൻ ലക്ഷ്യമിട്ടുള്ള ഒരു സമാധാന ഉടമ്പടി അടിച്ചേൽപ്പിച്ചു, വ്യക്തമായും ജർമൻ ജനതയെ അർദ്ധപട്ടിണിയിൽ അനിശ്ചിതകാലം തളച്ചിടാൻ വേണ്ടിയായിരുന്നു അതു രൂപകൽപ്പന ചെയ്തത്. അതിന്റെ ഫലമായി, കുറെ വർഷങ്ങൾ അത്യന്തം കഠിനമായ യാതനകളിലൂടെ ഇഴഞ്ഞു നീങ്ങിയ ജർമനി, അതോടെ അഡോൾഫ് ഹിററ്ലറുടെ ഉയർച്ചക്കു പാകമായിത്തീർന്നു. 1933-ൽ പരമാധികാരിയായിത്തീർന്ന അദ്ദേഹം ഉടനെ, യേശുവിന്റെ അഭിഷിക്ത സഹോദരൻമാർ പ്രതിനിധാനം ചെയ്ത “വിശുദ്ധ ഉടമ്പടി”ക്കു നേരെ അതിരൂക്ഷമായ ആക്രമണം അഴിച്ചുവിട്ടു. വിശ്വസ്ത ക്രിസ്ത്യാനികളിൽ പലരെയും ക്രൂരമായി പീഡിപ്പിച്ചുകൊണ്ട് അയാൾ ഇക്കാര്യം ഫലപ്രദമായിത്തന്നെ നടപ്പാക്കി.
10. പിന്തുണ തേടിക്കൊണ്ടു ഹിററ്ലർ ആരെ സമീപിച്ചു, എന്തു ഫലമുണ്ടായി?
10 ഫലപ്രദമായി പ്രവർത്തിച്ചതിനാൽ ഹിററ്ലർക്കു സാമ്പത്തികവും നയതന്ത്രപരവുമായ മേഖലയിലും വിജയം കൈവരിക്കാനായി. ഏതാനും വർഷങ്ങൾക്കുള്ളിൽ അദ്ദേഹം ജർമനിയെ അവഗണിക്കാനാവാത്ത ഒരു ശക്തിയാക്കിത്തീർത്തു. “വിശുദ്ധനിയമത്തെ ഉപേക്ഷിക്കുന്നവ”ർ ഇക്കാര്യത്തിൽ അദ്ദേഹത്തെ സഹായിക്കുകയും ചെയ്തു. ആരായിരുന്നു അവർ? വ്യക്തമായും ക്രൈസ്തവലോകത്തിലെ നേതാക്കൻമാർതന്നെ, തങ്ങൾക്കു ദൈവവുമായി ഒരു ഉടമ്പടി ബന്ധം ഉണ്ടെന്ന് അവകാശപ്പെടുന്ന ഇവർ പക്ഷേ, യേശുവിന്റെ ശിഷ്യരെന്ന സ്ഥാനം പണ്ടേതന്നെ വലിച്ചെറിഞ്ഞവരാണ്. ഹിററ്ലർ “വിശുദ്ധനിയമത്തെ ഉപേക്ഷിക്കുന്നവ”രുടെ പിന്തുണക്കുവേണ്ടി അവരെ സന്ദർശിച്ചത് അയാൾക്കു നേട്ടമായി. റോമിലെ പോപ്പ് അദ്ദേഹവുമായി ഒരു ഉടമ്പടിയിലേർപ്പെട്ടു, ജർമനിയിലെ പ്രോട്ടസ്ററൻറു സഭകൾക്കൊപ്പം റോമൻ കത്തോലിക്കാ സഭ ഹിററ്ലറെ അദ്ദേഹത്തിന്റെ 12 വർഷത്തെ ഭീകരഭരണത്തിൽ പിന്തുണക്കുകയും ചെയ്തു.
11. വടക്കെ ദേശത്തെ രാജാവു “വിശുദ്ധമന്ദിര”ത്തെ “അശുദ്ധമാക്കി നിരന്തരഹോമം നിർത്തൽചെയ്തത്” എങ്ങനെ?
11 ദൂതൻ കൃത്യമായി മുൻകൂട്ടിപ്പറഞ്ഞതുപോലെ, ഹിററ്ലർ കൈവരിച്ച വൻ വിജയങ്ങൾ യുദ്ധത്തിലേക്ക് എടുത്തുചാടാൻ അയാളെ പ്രേരിപ്പിച്ചു. “അവൻ അയച്ച സൈന്യങ്ങൾ അണിനിരന്നു, വിശുദ്ധമന്ദിരമായ കോട്ടയെ അശുദ്ധമാക്കി നിരന്തരഹോമം നിർത്തൽചെയ്തു.” (ദാനീയേൽ 11:31എ) പുരാതന ഇസ്രയേലിൽ വിശുദ്ധമന്ദിരം യെരൂശലേം ദേവാലയത്തിന്റെ ഭാഗമായിരുന്നു. എന്നാൽ യഹൂദൻമാർ യേശുവിനെ തിരസ്കരിച്ചപ്പോൾ യഹോവ അവരെയും അവരുടെ ആലയത്തെയും തിരസ്കരിച്ചു. (മത്തായി 23:37–24:2) ഒന്നാം നൂററാണ്ടുമുതൽ യഹോവയുടെ ആലയം വാസ്തവത്തിൽ ആത്മീയമായ ഒന്നാണ്. അതിന്റെ അതിവിശുദ്ധമന്ദിരം സ്വർഗത്തിലും, ആത്മീയ പ്രാകാരം മുഖ്യപുരോഹിതനായ യേശുവിന്റെ അഭിഷിക്ത സഹോദരൻമാർ സേവിക്കുന്ന ഭൂമിയിലുമാണ്. 1930-കൾമുതൽ മഹാപുരുഷാരം അഭിഷിക്ത ശേഷിപ്പുമൊത്തുള്ള സഹവാസത്തിൽ ആരാധിച്ചുവരുന്നു; അതുകൊണ്ട് അവർ ‘ദൈവത്തിന്റെ ആലയത്തിൽ’ സേവിക്കുന്നുവെന്നു പറയുന്നു. (വെളിപ്പാടു 7:9, 15; 11:1, 2; എബ്രായർ 9:11, 12, 24) വടക്കെ ദേശത്തെ രാജാവിന് ആധിപത്യമുള്ള പ്രദേശങ്ങളിലെ അഭിഷിക്തശേഷിപ്പിനെയും അവരുടെ സഹകാരികളെയും നിർദയമായി പീഡിപ്പിച്ചതുകൊണ്ട് ആലയത്തിന്റെ ഭൗമിക പ്രാകാരത്തെ അവർ അശുദ്ധമാക്കി. യഹോവയുടെ നാമത്തിനർപ്പിക്കുന്ന പരസ്യയാഗം എന്ന നിരന്തരഹോമയാഗം നിന്നുപോകാൻതക്കവണ്ണം പീഡനം അത്രയ്ക്കു കഠിനമായിരുന്നു. (എബ്രായർ 13:15) എന്നിട്ടും, ഭീകരമായ യാതനകൾ വകവയ്ക്കാതെ വിശ്വസ്തരായ അഭിഷിക്ത ക്രിസ്ത്യാനികൾ “വേറെ ആടുകൾ”ക്കൊപ്പം രഹസ്യമായി പ്രസംഗവേല തുടർന്നുകൊണ്ടുപോയി എന്നു ചരിത്രം പ്രകടമാക്കുന്നു.—യോഹന്നാൻ 10:16.
“മ്ലേച്ഛ വസ്തു”
12, 13. “മ്ലേച്ഛ വസ്തു” എന്തായിരുന്നു, വിശ്വസ്തനും വിവേകിയുമായ അടിമ മുൻകൂട്ടികണ്ട പ്രകാരം അത് എപ്പോൾ, എങ്ങനെ പുനഃസ്ഥാപിതമായി?
12 രണ്ടാം ലോകമഹായുദ്ധം അവസാനിക്കാറായപ്പോഴേക്കും മറെറാരു സംഭവം കൂടി നടന്നു. അവർ “മ്ലേച്ഛബിംബത്തെ [“മ്ലേച്ഛ വസ്തു,” NW] പ്രതിഷ്ഠിക്കും.” (ദാനീയേൽ 11:31ബി) യേശുവും സൂചിപ്പിച്ച ഈ “മ്ലേച്ഛ വസ്തു” വെളിപ്പാടു പറയുന്നതനുസരിച്ച് അഗാധത്തിലേക്കു പോയ കടുഞ്ചുവപ്പു നിറമുള്ള കാട്ടുമൃഗമായ സർവരാജ്യസഖ്യമാണെന്ന് അപ്പോൾത്തന്നെ തിരിച്ചറിഞ്ഞിരുന്നു. (മത്തായി 24:15; വെളിപ്പാടു 17:8; പ്രകാശം എന്നതിന്റെ രണ്ടാം വാല്യം, പേജ് 94 കാണുക.) രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോഴായിരുന്നു അങ്ങനെ സംഭവിച്ചത്. എന്നിരുന്നാലും, 1942-ൽ യഹോവയുടെ സാക്ഷികളുടെ പുതിയ ലോക ദിവ്യാധിപത്യ സമ്മേളനത്തിൽവെച്ച് വാച്ച് ടവർ ബൈബിൾ ആൻഡ് ട്രാക്ററ് സൊസൈററിയുടെ മൂന്നാമത്തെ പ്രസിഡൻറായ നാഥാൻ എച്ച്. നോർ വെളിപ്പാടു 17-ാം അധ്യായത്തിലെ പ്രവചനം ചർച്ച ചെയ്തുകൊണ്ട് മൃഗം അഗാധത്തിൽനിന്നു വീണ്ടും പൊന്തിവരുമെന്നു മുന്നറിയിപ്പു നൽകി.
13 അദ്ദേഹത്തിന്റെ വാക്കുകളുടെ സത്യത ചരിത്രം സാക്ഷ്യപ്പെടുത്തി. 1944 ആഗസ്ററിനും ഒക്ടോബറിനും ഇടയിൽ ഐക്യനാടുകളിലെ ഡുംബാർട്ടൻ ഓക്കിൽ ഐക്യരാഷ്ട്രസഭ എന്ന് അറിയപ്പെടാനിരുന്ന സംഘടനയുടെ ഭരണവ്യവസ്ഥകളുടെ [charter] അണിയറ പ്രവർത്തനങ്ങൾ ആരംഭിച്ചു. മുൻസോവിയററ് യൂണിയൻ ഉൾപ്പെടെ 51 രാഷ്ട്രങ്ങൾ അംഗീകരിച്ച ഈ ഭരണവ്യവസ്ഥകൾ 1945 ഒക്ടോബർ 24-നു പ്രാബല്യത്തിൽ വന്നപ്പോൾ അഗാധത്തിൽനിന്നു കയറിവന്നതു ഫലത്തിൽ മരിച്ചനിലയിലായിരുന്ന സർവരാജ്യസഖ്യമായിരുന്നു.
14. വടക്കെ ദേശത്തെ രാജാവു മാറിവന്നത് എപ്പോൾ, എങ്ങനെ?
14 രണ്ടു ലോകമഹായുദ്ധങ്ങളിലും തെക്കെ ദേശത്തെ രാജാവിന്റെ മുഖ്യശത്രുവായിരുന്നു ജർമനി. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ജർമനി വിഭജിക്കപ്പെട്ടപ്പോൾ ഒരു ഭാഗം തെക്കെ ദേശത്തെ രാജാവിന്റെ ഒരു സംഖ്യകക്ഷിയായിത്തീർന്നു. ജർമനിയുടെ മറെറ പകുതി ശക്തമായ മറെറാരു സാമ്രാജ്യത്തിന്റെ ചേരിയിലുമായി. കമ്യൂണിസ്ററ് ചേരിയിലായ ജർമനിയുടെ ഭാഗം ആംഗ്ലോ-അമേരിക്കൻ സഖ്യത്തിന് എതിരെ ശക്തമായി നിലയുറപ്പിക്കുകയും ഈ രണ്ടു രാജാക്കൻമാർ തമ്മിലുള്ള പോരാട്ടം ഒരു ശീതയുദ്ധമായി പരിണമിക്കുകയും ചെയ്തു.—“അങ്ങയുടെ ഇഷ്ടം ഭൂമിയിൽ ചെയ്യപ്പെടുമാറാകട്ടെ,” 264-84 എന്നീ പേജുകൾ കാണുക.
രാജാവും ഉടമ്പടിയും
15. ‘ഉടമ്പടിക്കു വിരോധമായി ദുഷ്ടത പ്രവർത്തിക്കുന്ന’ത് ആരാണ്, വടക്കെ ദേശത്തെ രാജാവുമായി അവർക്കുണ്ടായിരുന്ന ബന്ധം എന്ത്?
15 ദൂതൻ ഇപ്പോൾ ഇങ്ങനെ പറയുന്നു: “നിയമത്തിന്നു [“ഉടമ്പടിക്കു,” NW] വിരോധമായി ദുഷ്ടത പ്രവർത്തിക്കുന്നവരെ അവൻ ഉപായംകൊണ്ടു വഷളാക്കും [“വിശ്വാസത്യാഗത്തിലേക്കു നയിക്കും,” NW].” (ദാനീയേൽ 11:32എ) ഉടമ്പടിക്ക് എതിരെ ദുഷ്ടത പ്രവർത്തിക്കുന്ന ഇവർ ആരാണ്? വീണ്ടും, അവർ ക്രൈസ്തവലോകത്തിന്റെ നേതാക്കൾ ആകാനേ ഇടയുള്ളൂ. തങ്ങൾ ക്രിസ്തീയ ജനമാണെന്ന് അവകാശപ്പെടുന്നു, എന്നാൽ അവരുടെ പ്രവൃത്തികൾ ക്രിസ്ത്യാനിത്വമെന്ന പേരിനുതന്നെ കളങ്കം ചാർത്തുന്നു. രണ്ടാം ലോകമഹായുദ്ധത്തിൽ “സോവിയററ് ഗവൺമെൻറ് മാതൃരാജ്യത്തിന്റെ പ്രതിരോധത്തിനായി സഭകളുടെ ഭൗതികവും ധാർമികവുമായ സഹായം തരപ്പെടുത്താൻ ഒരു ശ്രമം നടത്തി” എന്നു സോവിയററ് യൂണിയനിലെ മതം (Religion in the Soviet Union) എന്ന പുസ്തകത്തിൽ വൊൾട്ടർ കോളാഴ്സ് പറയുന്നു. യുദ്ധശേഷം, വടക്കെ ദേശത്തെ രാജാവായി അപ്പോഴുയർന്ന ശക്തിയുടെ ഈശ്വരനിഷേധത്തിലൂന്നിയ നയങ്ങൾ കാര്യമാക്കാതെ അതുമായുള്ള സൗഹൃദം കാത്തുസൂക്ഷിക്കാൻ സഭാനേതാക്കൾ ശ്രമിച്ചു.b അങ്ങനെ, ക്രൈസ്തവലോകം മുമ്പെന്നത്തേതിലുമധികം ഈ ലോകത്തിന്റെ ഒരു ഭാഗമായിത്തീർന്നു—യഹോവയുടെ ദൃഷ്ടിയിൽ ഒരു മ്ലേച്ഛമായ വിശ്വാസത്യാഗംതന്നെ.—യോഹന്നാൻ 17:14; യാക്കോബ് 4:4.
16, 17. “ഉൾക്കാഴ്ചയുള്ളവർ” ആരാണ്, വടക്കെ ദേശത്തെ രാജാവിൻ കീഴിൽ അവർ എങ്ങനെ പുലർന്നു പോന്നു?
16 പക്ഷേ, യഥാർഥ ക്രിസ്ത്യാനികളെ സംബന്ധിച്ചെന്ത്? “തങ്ങളുടെ ദൈവത്തെ അറിയുന്ന ജനം ഉറെച്ചുനിന്നു വീര്യം പ്രവർത്തിക്കും. ജനത്തിൽ ബുദ്ധിമാൻമാരായവർ [“ഉൾക്കാഴ്ചയുള്ളവർ,” NW] പലർക്കും ബോധം വരുത്തും; എങ്കിലും കുറെക്കാലത്തേക്കു അവർ വാൾകൊണ്ടും തീകൊണ്ടും പ്രവാസംകൊണ്ടും കവർച്ചകൊണ്ടും വീണുകൊണ്ടിരിക്കും.” (ദാനീയേൽ 11:32ബി, 33) വടക്കെ ദേശത്തെ രാജാവിനു കീഴിൽ ജീവിക്കുന്ന ക്രിസ്ത്യാനികൾ, ഉചിതമായി “ശ്രേഷ്ഠാധികാരങ്ങൾക്കു കീഴടങ്ങി”യിരിക്കുമ്പോൾത്തന്നെ ഈ ലോകത്തിന്റെ ഒരു ഭാഗമായിരിക്കുന്നില്ല. (റോമർ 13:1; യോഹന്നാൻ 18:36) കൈസറിനുള്ളതു കൈസറിനുതന്നെ തിരിച്ചുകൊടുക്കാൻ ശ്രദ്ധിക്കവേ, അവർ “ദൈവത്തിന്നുള്ളത് ദൈവത്തിന്നും കൊടു”ത്തു. (മത്തായി 22:21) ഇതുനിമിത്തം അവരുടെ നിർമലത പരീക്ഷിക്കപ്പെട്ടു.—2 തിമൊഥെയൊസ് 3:12.
17 ഫലമെന്തായിരുന്നു? അവർ ‘പിടിച്ചുനിൽക്കുക’യും ഒപ്പം ‘ഇടറിവീഴുക’യും [NW] ചെയ്തു. അവർ ഇടറിവീണത് അവർ പീഡിപ്പിക്കപ്പെടുകയും കഠിനമായി കഷ്ടം അനുഭവിക്കുകയും ചിലർ വധിക്കപ്പെടുകയും ചെയ്തുവെന്ന അർഥത്തിലാണ്. എന്നാൽ അതിൽ അവർ പിടിച്ചുനിന്നത്, അവരിൽ ഏറിയപങ്കും വിശ്വസ്തരായി നിലകൊണ്ടു എന്ന അർഥത്തിലും. അതേ, യേശുക്രിസ്തു ലോകത്തെ ജയിച്ചടക്കിയതുപോലെ അവർ ലോകത്തെ ജയിച്ചടക്കി. (യോഹന്നാൻ 16:33) കൂടാതെ, ജയിലിലോ തടങ്കൽപ്പാളയങ്ങളിലോ ആയിരുന്നിട്ടുപോലും അവർ ഒരിക്കലും പ്രസംഗവേല നിർത്തിക്കളഞ്ഞില്ല. അങ്ങനെ ചെയ്യുന്നതിൽ അവർ ‘അനേകർക്കു ഗ്രാഹ്യം പ്രദാനം ചെയ്തു’ [NW]. പീഡനമുണ്ടായിരുന്നിട്ടും, വടക്കെ ദേശത്തെ രാജാവ് ഭരിച്ച മിക്ക രാജ്യങ്ങളിലും യഹോവയുടെ സാക്ഷികളുടെ എണ്ണം വർധിച്ചു. “ഉൾക്കാഴ്ചയുള്ള”വരുടെ വിശ്വസ്തത നിമിത്തം വികസിച്ചുകൊണ്ടേയിരിക്കുന്ന “മഹാപുരുഷാര”ത്തിന്റെ ഭാഗം ആ രാജ്യങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നു.—വെളിപ്പാടു 7:9-14.
18. വടക്കെ ദേശത്തെ രാജാവിന്റെ കീഴിൽ ജീവിച്ചിരുന്ന ക്രിസ്ത്യാനികൾക്കു ലഭിച്ച “അല്പസഹായം” എന്തായിരുന്നു?
18 ദൈവജനത്തിനു നേരെയുള്ള പീഡനത്തെപ്പററി സംസാരിച്ചുകൊണ്ടു ദൂതൻ മുൻകൂട്ടിപ്പറഞ്ഞു: “വീഴുമ്പോൾ അവർ അല്പസഹായത്താൽ രക്ഷ പ്രാപിക്കും.” (ദാനീയേൽ 11:34എ) ഇത് എങ്ങനെയാണു സംഭവിച്ചത്? രണ്ടാം ലോകമഹായുദ്ധത്തിൽ തെക്കെ ദേശത്തെ രാജാവിനുണ്ടായ വിജയം ശത്രുരാജാവിന്റെ കീഴിൽ ജീവിച്ചിരുന്ന ക്രിസ്ത്യാനികൾക്ക് വലിയ ആശ്വാസം കൈവരുത്തി എന്നതായിരുന്നു ഒരു കാരണം. (വെളിപ്പാടു 12:15, 16 താരതമ്യപ്പെടുത്തുക.) പിന്നെ, വടക്കെ ദേശത്തെ രാജാവായി തുടർന്നു സേവിച്ച രാജാവു പീഡിപ്പിച്ചവർ കാലാകാലങ്ങളിൽ അതിൽനിന്നുള്ള വിടുതലും അനുഭവിച്ചുകൊണ്ടിരുന്നു. ശീതയുദ്ധത്തിന്റെ തീവ്രത കുറഞ്ഞപ്പോൾ വിശ്വസ്ത ക്രിസ്ത്യാനികൾ ഒരു തരത്തിലും ഭീഷണിയല്ല എന്നു മനസ്സിലാക്കിയ അനേകം നേതാക്കൻമാർ അവർക്കു നിയമാംഗീകാരം നൽകി.c പെരുകിക്കൊണ്ടിരുന്ന മഹാപുരുഷാരവും വൻസഹായമായി ഭവിച്ചു. മത്തായി 25:34-40-ൽ വർണിച്ചിരിക്കുന്നതുപോലെ അവർ അഭിഷിക്തരുടെ വിശ്വസ്തമായ പ്രസംഗവേലയോടു പ്രതികരിക്കുകയും അവരെ സഹായിക്കുകയും ചെയ്തിരിക്കുന്നു.
ദൈവജനത്തിന് ഒരു ശുദ്ധീകരണം
19. (എ) ചിലർ “കപടഭാവത്തോടെ അവരോടു ചേർന്ന”തെങ്ങനെ? (ബി) “അന്ത്യകാലംവരെ” എന്ന പദപ്രയോഗത്താൽ അർഥമാക്കുന്നത് എന്താണ്? (അടിക്കുറിപ്പു കാണുക.)
19 ഈ സമയത്തു ദൈവത്തെ സേവിക്കുന്നതിൽ താത്പര്യം പ്രകടമാക്കിയ എല്ലാവർക്കും ഉചിതമായ ആന്തരം ഉണ്ടായിരുന്നില്ല. ദൂതൻ ഇങ്ങനെ മുന്നറിയിപ്പു കൊടുത്തു: “പലരും കപടഭാവത്തോടെ അവരോടു ചേർന്നുകൊള്ളും. എന്നാൽ അന്ത്യകാലംവരെ അവരിൽ പരിശോധനയും ശുദ്ധീകരണവും നിർമ്മലീകരണവും സാധിക്കേണ്ടതിന്നു ബുദ്ധിമാൻമാരിൽ ചിലർ വീഴും; നിശ്ചയിക്കപ്പെട്ട കാലത്തുമാത്രം അന്തംവരും.”d (ദാനീയേൽ 11:34ബി, 35) ചിലർ സത്യത്തിൽ താത്പര്യം കാണിച്ചെങ്കിലും ദൈവത്തെ സേവിക്കാൻ ആത്മാർഥമായ സമർപ്പണം നടത്താൻ അവർക്കു മനസ്സായില്ല. സുവാർത്ത സ്വീകരിച്ചവരെന്നു തോന്നിയ മററുചിലർ വാസ്തവത്തിൽ അധികാരികളുടെ ചാരൻമാരായിരുന്നു. ഒരു രാജ്യത്തുനിന്നുള്ള റിപ്പോർട്ടിൽ നാം ഇങ്ങനെ വായിക്കുന്നു: “ഈ മനസ്സാക്ഷിയില്ലാത്ത പ്രകൃതക്കാരിൽ ചിലർ കർത്താവിന്റെ സ്ഥാപനത്തിലേക്കു നുഴഞ്ഞുകയറിയ കടുത്ത കമ്യൂണിസ്ററുകാരായിരുന്നു, വലിയ തീക്ഷ്ണത പ്രകടമാക്കിയ അവർ ഉയർന്ന സേവനപദവികളിൽ നിയമിക്കപ്പെടുകപോലും ചെയ്തു.”
20. കപടഭക്തിക്കാരായ നുഴഞ്ഞുകയററക്കാർ നിമിത്തം ചില വിശ്വസ്ത ക്രിസ്ത്യാനികൾ ഇടറി“വീഴാ”ൻ യഹോവ അനുവദിച്ചത് എന്തുകൊണ്ടായിരുന്നു?
20 നുഴഞ്ഞുകയററക്കാർ മൂലം വിശ്വസ്തരായ ചിലർ അധികാരികളുടെ കൈളിൽ അകപ്പെടാനിടയായി. അത്തരമൊരു സംഗതി സംഭവിക്കാൻ യഹോവ അനുവദിച്ചത് എന്തുകൊണ്ടായിരുന്നു? ശുദ്ധീകരണത്തിനും നിർമലീകരണത്തിനും വേണ്ടിത്തന്നെ. “താൻ അനുഭവിച്ച കഷ്ടങ്ങളാൽ അനുസരണം പഠിച്ച” യേശുവിനെപ്പോലെതന്നെ ഈ വിശ്വസ്ത ദേഹികളും തങ്ങളുടെ വിശ്വാസത്തിന്റെ പരിശോധനയിൽനിന്നു സഹിഷ്ണുത പഠിച്ചു. (എബ്രായർ 5:8; യാക്കോബ് 1:2, 3; മലാഖി 3:3 താരതമ്യപ്പെടുത്തുക.) ഇങ്ങനെ അവർ ‘ശുദ്ധീകരിക്കപ്പെടുകയും നിർമലീകരിക്കപ്പെടുകയും ശുഭ്രവർണമാക്കപ്പെടുകയും’ [NW] ചെയ്തു. തങ്ങളുടെ സഹിഷ്ണുതക്കു പ്രതിഫലം ലഭിക്കാനുള്ള നിയമിത സമയത്തെ മഹാസന്തോഷം അത്തരം വിശ്വസ്തരെ കാത്തിരിക്കുന്നു. ദാനിയേൽ പ്രവചനത്തെപ്പററി നാം കൂടുതൽ ചർച്ച ചെയ്യുമ്പോൾ നമുക്ക് അതു കാണാനാകും.
[അടിക്കുറിപ്പുകൾ]
a യഹോവയുടെ സാക്ഷികളുടെ “ദിവ്യേഷ്ട” സാർവദേശീയ സമ്മേളനത്തിൽവെച്ചു വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്ററ് സൊസൈററി 1958-ൽ പ്രസിദ്ധീകരിച്ച് ഇംഗ്ലീഷിൽ പ്രകാശനം ചെയ്തത്.
b ദ ടൊറന്റൊ സ്ററാറിൽനിന്നുള്ള ഒരു ലേഖനത്തിലേക്കു വിശേഷശ്രദ്ധ ക്ഷണിച്ചുകൊണ്ട് 1992 നവംബറിലെ വേൾഡ് പ്രസ്സ് റിവ്യു ഇങ്ങനെ പറഞ്ഞു: “കഴിഞ്ഞുപോയ പല വർഷങ്ങളിൽ തങ്ങളുടെ രാജ്യത്തിന്റെ ചരിത്രം സംബന്ധിച്ച തകർക്കാനാവാത്ത ഡസൻകണക്കിനു മിഥ്യാധാരണകൾ വസ്തുതകൾക്കു മുമ്പിൽ തകർന്നടിയുന്നതു റഷ്യാക്കാർ കണ്ടിരിക്കുന്നു. എന്നാൽ കമ്യൂണിസ്ററ് ഭരണകൂടവുമായുള്ള സഭയുടെ ചങ്ങാത്തം സംബന്ധിച്ച വെളിപ്പെടുത്തലുകൾ ആയിരുന്നു ഏററവും കനത്ത ആഘാതം ഏൽപ്പിച്ചത്.”
c 1991 ജൂലൈ 15-ലെ ദ വാച്ച്ടവർ 8-11 പേജുകൾ കാണുക.
d “അന്ത്യകാലംവരെ” എന്നത് “അന്ത്യകാലത്തിനിടയിൽ” എന്നും അർഥമാക്കാം. ഇവിടെ “വരെ” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന വാക്ക് ദാനീയേൽ 7:25-ന്റെ അരാമ്യ പാഠത്തിൽ പ്രത്യക്ഷപ്പെടുന്നു, അവിടെ അത് അർഥമാക്കുന്നത് “ഇടയിൽ” എന്നോ “[കാല]ത്തേക്കുവേണ്ടിയുള്ള” എന്നോ ആണ്. ഈ വാക്കിനു സമാനമായ അർഥം 2 രാജാക്കൻമാർ 9:22, ഇയ്യോബ് 20:5, ന്യായാധിപൻമാർ 3:26 എന്നിവിടങ്ങളിലുണ്ട്. എന്നിരുന്നാലും, ദാനീയേൽ 11:35-ന്റെ മിക്ക പരിഭാഷകളിലും അത് “വരെ” എന്നാണ് പരിഭാഷപ്പെടുത്തിയിരിക്കുന്നത്, ഇതാണു ശരിയായ ഗ്രാഹ്യമെങ്കിൽ “അന്ത്യകാലം” എന്നതിന് ഇവിടെ ദൈവജനതയുടെ സഹിച്ചുനിൽപ്പിന്റെ അന്ത്യകാലം എന്നേ അർഥം വരൂ.—“അങ്ങയുടെ ഇഷ്ടം ഭൂമിയിൽ ചെയ്യപ്പെടുമാറാകട്ടെ,” 286-ാം പേജ് താരതമ്യപ്പെടുത്തുക.
നിങ്ങൾ ഓർമിക്കുന്നുവോ?
◻ ദാനിയേൽ പ്രവചനത്തിന്റെ വ്യക്തമായ ഒരു ഗ്രാഹ്യം ലഭിക്കാൻ ഇന്നു നാം പ്രതീക്ഷിക്കേണ്ടത് എന്തുകൊണ്ട്?
◻ വടക്കെ ദേശത്തെ രാജാവ് “ക്രുദ്ധിച്ചു പ്രവർത്തി”ച്ചതെങ്ങനെ?
◻ അടിമവർഗം മുൻകൂട്ടിക്കണ്ട “മ്ലേച്ഛ വസ്തു” വീണ്ടും പ്രത്യക്ഷപ്പെട്ടതെങ്ങനെ?
◻ അഭിഷിക്തശേഷിപ്പ് ഇടറിവീണപ്പോൾ “അവർ അല്പസഹായത്താൽ രക്ഷപ്രാപി”ച്ചതെങ്ങനെ?
[15-ാം പേജിലെ ചിത്രം]
ഹിററ്ലറുടെ കീഴിൽ വടക്കെ ദേശത്തെ രാജാവു തനിക്ക് 1918-ൽ തെക്കെ ദേശത്തെ രാജാവിന്റെ കൈകളിൽനിന്നേററ പരാജയത്തിൽനിന്നു മുഴുവനായി മുക്തി നേടി
[16-ാം പേജിലെ ചിത്രം]
ക്രൈസ്തവലോകത്തിന്റെ നേതാക്കൾ വടക്കെ ദേശത്തെ രാജാവുമായി ഒരു ബന്ധം ഊട്ടിവളർത്താൻ ശ്രമിച്ചു
[കടപ്പാട്]
Zoran/Sipa Press