“വെളിപ്പെടുത്തപ്പെട്ട കാര്യങ്ങൾ നമുക്കുള്ളവയാകുന്നു”
“മറയ്ക്കപ്പെട്ടിരിക്കുന്ന കാര്യങ്ങൾ നമ്മുടെ ദൈവമായ യഹോവയ്ക്കുള്ളതാകുന്നു, എന്നാൽ വെളിപ്പെടുത്തപ്പെട്ട കാര്യങ്ങൾ നമുക്കുള്ളതാകുന്നു.”—ആവർത്തനം 29:29.
1, 2. (എ) മനുഷ്യവർഗ്ഗത്തിന് യഹോവയുടെ വെളിപ്പാടുകൾ അത്യാവശ്യമായിരിക്കുന്നതെന്തുകൊണ്ട്? (ബി) യഹോവ നമുക്കു ലഭ്യമാക്കിയിട്ടുള്ള വിവരങ്ങളോടുള്ള നമ്മുടെ മനോഭാവം എന്തായിരിക്കണം?
ഒരു മനുഷ്യൻ മൈൻ വിതറിയിരിക്കുന്ന ഒരു സ്ഥലത്ത് എത്തുപെട്ടിട്ട് മൈനുകൾക്കിടയിലൂടെ പുറത്തേക്കു നയിക്കുന്ന ഒരു ഭൂപടം കൈവശമുണ്ടെങ്കിൽ അയാൾ എത്ര ശ്രദ്ധാപൂർവ്വം ആ ഭൂപടം പഠിക്കുകയും അതിലെ നിർദ്ദേശങ്ങളെല്ലാം അനുസരിക്കുകയും ചെയ്യുമെന്ന് നിങ്ങൾക്ക് സങ്കൽപ്പിക്കാൻ കഴിയുമോ? അല്ലെങ്കിൽ സൗഖ്യം വരുത്താൻ കഴിയാത്ത ഒരു രോഗത്താൽ കഷ്ടപ്പെടുന്ന ഒരാളെക്കുറിച്ചു ചിന്തിക്കുക ക്രമേണ സൗഖ്യമാകുമെന്നുള്ള പ്രത്യാശനൽകുന്ന ഏററവുമൊടുവിലത്തെ എല്ലാ വൈദ്യശാസ്ത്ര കണ്ടുപിടുത്തങ്ങളെയും പിന്തുടരുന്നതിലുള്ള അയാളുടെ അത്യധികമായ താത്പര്യത്തെ നിങ്ങൾക്കു സങ്കൽപ്പിക്കാമോ? ശരി, സങ്കടകരമായ വസ്തുത നാം ഈ രണ്ടു സാഹചര്യങ്ങളിലും ആയിരിക്കുന്നു എന്നതാണ്. നമ്മെ നശിപ്പിക്കാൻ കഴിയുന്ന കുരുക്കുകളും പടുകുഴികളും നിറഞ്ഞ ഒരു ലോകത്തിലാണ് നാം ജീവിക്കുന്നത്. അവകാശപ്പെടുത്തിയ അപൂർണ്ണതയാകുന്ന മാനുഷികമായി സുഖപ്പെടുത്താൻ കഴിയാത്ത രോഗത്താൽ നാം മരിക്കുകയുമാണ്. (1 യോഹന്നാൻ 2:15-17; റോമർ 7:20, 24) കുരുക്കുകളെ തിരിച്ചറിഞ്ഞ് ഒഴിവാക്കാൻ ദൈവത്തിന് മാത്രമേ നമ്മെ സഹായിക്കാൻ കഴിയൂ, അവനു മാത്രമേ നമ്മുടെ അപൂർണ്ണതക്കുള്ള പ്രതിവിധിയുള്ളു. അതുകൊണ്ടാണു നമുക്ക് യഹോവയുടെ വെളിപ്പാടുകൾ ആവശ്യമായിരിക്കുന്നത്.
2 അതുകൊണ്ടും കൂടെയാണ് സദൃശവാക്യങ്ങൾ എന്ന പുസ്തകത്തിന്റെ നിശ്വസ്ത എഴുത്തുകാരൻ ഇങ്ങനെ ബുദ്ധിയുപദേശിച്ചത്: “നീ നിന്റെ ഹൃദയത്തെതന്നെ എന്റെ പരിജ്ഞാനത്തിൽ വ്യാപരിപ്പിക്കേണ്ടതിന് നിന്റെ ചെവി ചായിച്ച് ജ്ഞാനികളുടെ വചനങ്ങൾ കേൾക്കുക.” (സദൃശവാക്യങ്ങൾ 22:17) അതുപോലെതന്നെ, നാം സദൃശവാക്യങ്ങൾ 18:15-ൽ ഇങ്ങനെ വായിക്കുന്നു: “വിവേകിയുടെ ഹൃദയം പരിജ്ഞാനം സമ്പാദിക്കുന്നു, ജ്ഞാനികളുടെ ചെവി പരിജ്ഞാനം കണ്ടെത്താൻ ശ്രമിക്കുന്നു.” യഹോവ ലഭ്യമാക്കുന്ന ഏത് അറിവു സംബന്ധിച്ചും നമുക്ക് പുറം തിരിഞ്ഞുകളയാവുന്നതല്ല.
യഹോവയുടെ വെളിപ്പെടുത്തപ്പെട്ട രഹസ്യങ്ങൾ
3. യഹോവ തന്റെ ഉദ്ദേശ്യങ്ങൾ സംബന്ധിച്ച് എന്തു വെളിപ്പാടുകൾ ആദാമിനും ഹവ്വായിക്കും കൊടുത്തു?
3 സന്തോഷകരമെന്നു പറയട്ടെ, യഹോവ വളരെ ഉദാരമായി അറിവും വെളിപ്പെടുത്തിയിട്ടുണ്ട്. സൃഷ്ടിയുടെ സമയം മുതൽ വ്യത്യസ്ത സാഹചര്യങ്ങളിൽ തന്റെ ആരാധകർക്കാവശ്യമായിരുന്ന സകല വിവരങ്ങളും അവർക്ക് ക്രമേണ നൽകിയിരിക്കുന്നു. (സദൃശവാക്യങ്ങൾ 11:9; സഭാപ്രസംഗി 7:12) ആദിയിൽ, ഭൂമിയും അതിലെ മൃഗജാലങ്ങളും ആദാമിനും ഹവ്വായ്ക്കും അവരുടെ സന്തതികൾക്കും കീഴ്പെട്ടിരിക്കുമെന്ന് അവൻ വിശദീകരിച്ചു. (ഉല്പത്തി 1:28, 29) എന്നിരുന്നാലും, സാത്താൻ ആദാമിനെയും ഹവ്വായെയും പാപം ചെയ്യാൻ സ്വാധീനിച്ചു. ദൈവ മഹത്വത്തിനായി ദൈവോദ്ദേശ്യം എങ്ങനെ പ്രാവർത്തികമാകുമെന്നു കാണുക പ്രയാസമായിത്തീർന്നു. എന്നിരുന്നാലും, പെട്ടെന്നുതന്നെ യഹോവ കാര്യങ്ങൾ വിശദീകരിച്ചു തുടങ്ങി. കാലക്രമത്തിൽ, സാത്താന്റെയും അവന്റെ അനുഗാമികളുടെയും പ്രവൃത്തികളെ നിർവീര്യമാക്കുന്നതിന് നീതിയുള്ള ഒരു സന്താനം അഥവാ ഒരു “സന്തതി” പ്രത്യക്ഷപ്പെടുമെന്ന് അവൻ വെളിപ്പെടുത്തി.—ഉല്പത്തി 3:15.
4, 5. യഹോവ ഏതു കൂടുതലായ വെളിപ്പാടുകൾ നൽകി, അവൻ ഉപയോഗിച്ച സരണികൾ ഏതായിരുന്നു?
4 ദൈവഭയമുള്ള സ്ത്രീപുരുഷൻമാർക്ക് ആ സന്തതിയെക്കുറിച്ച് അനേകം ചോദ്യങ്ങൾ ഉണ്ടായിരുന്നിരിക്കണം. അവൻ ആരായിരിക്കും? അവൻ എപ്പോൾ വന്നെത്തും? അവൻ മനുഷ്യവർഗ്ഗത്തിന് എങ്ങനെ പ്രയോജനം ചെയ്യും? നൂററാണ്ടുകൾ കടന്നുപോയപ്പോൾ യഹോവ തന്റെ ഉദ്ദേശ്യങ്ങളെക്കുറിച്ച് കൂടുതലായ വെളിപ്പാടുകൾ നൽകി. ഒടുവിൽ അവൻ സകല ചോദ്യങ്ങൾക്കും ഉത്തരം നൽകി. പ്രളയത്തിനു മുൻപ്, സാത്താന്റെ സന്തതിക്കു വരാനിരിക്കുന്ന നാശത്തെക്കുറിച്ചു പ്രവചിക്കാൻ അവൻ ഹാനോക്കിനെ നിശ്വസ്തനാക്കി. (യൂദാ 14, 15) നമ്മുടെ പൊതുയുഗത്തിന് 2400 വർഷം മുമ്പ്, മനുഷ്യജീവനും രക്തവും വിശുദ്ധമാണെന്നുള്ള വെളിപ്പാട് അവൻ നോഹയെ ഭരമേൽപ്പിച്ചു.—വാഗ്ദത്ത സന്തതി വന്നെത്തുമ്പോൾ പരമപ്രാധാന്യമുള്ള ഒരു സത്യംതന്നെ.—ഉല്പത്തി 9:1-7.
5 നോഹയുടെ നാളിനുശേഷം, മററു വിശ്വസ്ത ഗോത്രപിതാക്കൻമാർ മുഖാന്തരം യഹോവ മർമ്മപ്രധാനമായ അറിവ് വെളിപ്പെടുത്തി. ക്രി. മു. 20-ാം നൂററാണ്ടിൽ വാഗ്ദത്ത സന്തതി തന്റെ സന്തതികളിലൊന്നായിരിക്കുമെന്ന് അബ്രാഹാം മനസ്സിലാക്കി. (ഉല്പത്തി 22:15-18) ഈ വാഗ്ദത്തം അബ്രാഹാമിന്റെ പുത്രനായ യിസഹാക്കിന്റെയും പൗത്രനായ യാക്കോബിന്റെയും (പിൽക്കാലത്ത് യിസ്രായേൽ എന്നു വിളിക്കപ്പെട്ടു) വിലതീരാത്ത സ്വത്തായിത്തീർന്നു. (ഉല്പത്തി 26:3-5; 28:13-15) പിന്നീട്, ഈ സന്തതിയായ “ശീലോ” യാക്കോബിന്റെ പുത്രനായ യഹൂദയുടെ വംശത്തിൽ ജനിക്കുന്ന ശക്തനായ ഒരു ഭരണാധികാരിയായിരിക്കുമെന്ന് യഹോവ യാക്കോബിലൂടെ വെളിപ്പെടുത്തി.—ഉല്പത്തി 49:8-10.
6. ക്രി. മു. 16-ാം നൂററാണ്ടിൽ ആർ “വെളിപ്പെടുത്തപ്പെട്ട കാര്യങ്ങളു”ടെ സരണി ആയിത്തീർന്നു, അവർ മനസ്സിലാക്കിയ ചില പുതിയ കാര്യങ്ങൾ എന്തായിരുന്നു?
6 ക്രി. മു. 16-ാം നൂററാണ്ടിൽ യഹോവ യിസ്രായേൽ മക്കളെ ഒരു ജനതയായി രൂപവൽക്കരിച്ചു. പിന്നീട് തുടർച്ചയായുള്ള സത്യത്തിന്റെ വെളിപ്പാട് ആർക്കുള്ളതായിരുന്നു? മോശെ ആ യുവ ജനതയോട് ഈ വാക്കുകളിൽ ഈ ചോദ്യത്തിന് ഉത്തരം പറഞ്ഞു: “മറയ്ക്കപ്പെട്ടിരിക്കുന്ന കാര്യങ്ങൾ നമ്മുടെ ദൈവമായ യഹോവയ്ക്കുള്ളതാകുന്നു, എന്നാൽ വെളിപ്പെടുത്തപ്പെട്ട കാര്യങ്ങൾ അനിശ്ചിതകാലത്തോളം നമുക്കും നമ്മുടെ പുത്രൻമാർക്കും ഉള്ളതാകുന്നു.” (ആവർത്തനം 29:29) അതെ, ക്രി. മു. 1513-ലെ യിസ്രായേൽജനതയുടെ ജനനശേഷം “ദൈവത്തിന്റെ വിശുദ്ധ അരുളപ്പാടുകൾ ഭരമേൽപ്പിക്കപ്പെട്ട” സരണി അതായിത്തീർന്നു. (റോമർ 3:2) അരുളപ്പാടുകളുടെ എന്തോരു പ്രളയം! ദൈവം യിസ്രായേല്യരെ ന്യായപ്രമാണ ഉടമ്പടിയിലേക്കെടുത്തു, അത് അവർ പുരോഹിതൻമാരുടെയും രാജാക്കൻമാരുടെയും ഒരു ജനതയായിത്തീരുന്നതിനുള്ള സാദ്ധ്യത വെച്ചുനീട്ടി. (പുറപ്പാട് 19:5, 6) ആ ന്യായപ്രമാണത്തിൽ പാപത്തിന്റെ കെണികളെ തിരിച്ചറിഞ്ഞ് ഒഴിവാക്കാൻ സഹായിച്ച ഒരു പെരുമാററച്ചട്ടവും തങ്ങളുടെ പാപങ്ങൾക്ക് ഒരു സൂചകാർത്ഥത്തിൽ പരിഹാരം വരുത്തുന്നതിന് മൃഗങ്ങളുടെ വിശുദ്ധരക്തം ഉപയോഗിച്ച യാഗങ്ങളുടെ ഒരു വ്യവസ്ഥയും ഉൾപ്പെട്ടിരുന്നു.
7, 8. (എ) യഹോവ വരാനിരുന്ന സന്തതിയെക്കുറിച്ച് ഏതു കൂടുതലായ വിവരം വെളിപ്പെടുത്തി? (ബി) “വെളിപ്പെടുത്തപ്പെട്ട കാര്യങ്ങൾ” എങ്ങനെ സൂക്ഷിക്കപ്പെട്ടു, അങ്ങനെയുള്ള കാര്യങ്ങൾ സംബന്ധിച്ച ശരിയായ ഗ്രാഹ്യം ആർ വെളിപ്പെടുത്തി?
7 കാലം കടന്നുപോയതോടെ, യഹോവ സന്തതിയെക്കുറിച്ച് കൂടുതൽ വെളിപ്പാടുകൾ നൽകി. ജനതകൾ സന്തതിയെ തള്ളിക്കളയുമെന്നും എന്നാൽ സന്തതി യഹോവയുടെ സഹായത്താൽ ജയം നേടുമെന്നും ദൈവം സങ്കീർത്തനക്കാരനിലൂടെ വെളിപ്പെടുത്തി. (സങ്കീർത്തനം 2:1-12) സന്തതി “സമാധാന പ്രഭു” ആയിരിക്കുമെന്നും എന്നാൽ അവൻ മററുള്ളവരുടെ പാപങ്ങൾക്കുവേണ്ടി കഷ്ടതയനുഭവിക്കുമെന്നും യെശയ്യാവിലൂടെ അവൻ വെളിപ്പെടുത്തി. (യെശയ്യാവ് 9:6; 53:3-12) ക്രി. മു. എട്ടാം നൂററാണ്ടിൽ യഹോവ സന്തതിയുടെ ജനനസ്ഥലവും ക്രി. മു. ആറാം നൂററാണ്ടിൽ അവന്റെ ശുശ്രൂഷക്കുള്ള സമയപ്പട്ടികയുംപോലും വെളിപ്പെടുത്തി.—മീഖാ 5:2; ദാനിയേൽ 9:24-27.
8 ഒടുവിൽ, “വെളിപ്പെടുത്തപ്പെട്ട കാര്യങ്ങൾ” എബ്രായ തിരുവെഴുത്തുകളുടെ 39 പുസ്തകങ്ങളായി സമാഹരിക്കപ്പെട്ടു. എന്നാൽ മിക്കപ്പോഴും അതു ആദ്യനടപടി മാത്രമായിരുന്നു എഴുതപ്പെട്ട കാര്യങ്ങൾ മിക്കപ്പോഴും മനസ്സിലാക്കാൻ പ്രയാസമായിരുന്നു, അവ എഴുതാൻ ഉപയോഗിക്കപ്പെട്ടവർക്കുപോലും! (ദാനിയേൽ 12:4, 8; 1 പത്രോസ് 1:10-12) എന്നിരുന്നാലും, ഒടുവിൽ പ്രകാശനമുണ്ടായപ്പോൾ, അത് ഏതെങ്കിലും മാനുഷിക വ്യാഖ്യാതാവിനെ ആശ്രയിച്ചിരുന്നില്ല. പ്രാവചനിക സ്വപ്നങ്ങളുടെ കാര്യത്തിലെന്നപോലെ “വ്യാഖ്യാനങ്ങൾ ദൈവത്തിനുള്ളവയാകുന്നു.”—ഉല്പത്തി 40:8.
ഒരു പുതിയ സരണി
9. “വെളിപ്പെടുത്തപ്പെട്ട കാര്യങ്ങളുടെ” സരണിയായിരിക്കുന്ന പദവി ജഡിക യിസ്രായേലിനു നഷ്ടപ്പെട്ടതെന്തുകൊണ്ട്, ഇത് എപ്പോൾ സംഭവിച്ചു?
9 യേശുക്രിസ്തു ഭൂമിയിലായിരുന്നപ്പോൾ അപ്പോഴും ദൈവത്തിന്റെ സരണി യിസ്രായേൽ ആയിരുന്നു. യഹോവയെ സേവിക്കാനാഗ്രഹിച്ച ഏതൊരുവനും തന്റെ തെരഞ്ഞെടുക്കപ്പെട്ട ജനതയോടുള്ള ബന്ധത്തിൽ അങ്ങനെ ചെയ്യേണ്ടിയിരുന്നു. (യോഹന്നാൻ 4:22) എന്നാൽ “വെളിപ്പെടുത്തപ്പെട്ട കാര്യങ്ങ”ളുടെ ഗൃഹവിചാരകൻമാർ ആയിരിക്കുന്ന പദവി ഉത്തരവാദിത്വങ്ങളും കൈവരുത്തിയതായി മോശെ പ്രകടമാക്കിയിരുന്നു. അവൻ പറഞ്ഞു: “ഈ നിയമത്തിലെ സകല വചനങ്ങളും നാം നിറവേറേറണ്ടതിന് വെളിപ്പെടുത്തപ്പെട്ട കാര്യങ്ങൾ അനിശ്ചിതകാലത്തോളം നമുക്കും നമ്മുടെ പുത്രൻമാർക്കുമുള്ളതാകുന്നു.” (ആവർത്തനം 29:29) ആ അനിശ്ചിതകാലം ക്രി. വ. 33-ൽ അവസാനിച്ചു. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ ഒരു ജനതയെന്ന നിലയിൽ യഹൂദൻമാർ ‘നിയമത്തിലെ സകല വചനങ്ങളും നിറവേററുന്നതിൽ’ പരാജയപ്പെട്ടു. വിശേഷാൽ, ന്യായപ്രമാണം ഫലത്തിൽ “ക്രിസ്തുവിലേക്കു നയിക്കുന്ന ഒരു രക്ഷാകർത്താവ്” ആയിരുന്നിട്ടും, അവൻ സന്തതിയെ യേശുക്രിസ്തുവിനെ സ്വാഗതം ചെയ്യുന്നതിൽ പരാജയപ്പെട്ടു. (ഗലാത്യർ 3:24) ഈ പരാജയം നിമിത്തം യഹോവ “വെളിപ്പെടുത്തപ്പെട്ട കാര്യങ്ങൾക്ക്” മറെറാരു സരണിയെ തെരഞ്ഞെടുത്തു.
10. യഹോവയുടെ വെളിപ്പാടുകൾക്കുള്ള പുതിയ സരണി എന്തായിരുന്നു?
10 ഈ പുതിയ സരണി ഏതായിരുന്നു? “നമ്മുടെ കർത്താവായ യേശു എന്ന ക്രിസ്തുവിനോടുള്ള ബന്ധത്തിൽ താൻ രൂപവൽക്കരിച്ച നിത്യോദ്ദേശ്യപ്രകാരം ദൈവത്തിന്റെ അത്യന്തം ബഹുവിധമായ ജ്ഞാനം സഭമുഖാന്തരം അറിയിക്കപ്പെടേണ്ടതിന്” എന്ന് എഴുതിയപ്പോൾ പൗലോസ് അത് എഫേസ്യരെ തിരിച്ചറിയിച്ചു. (എഫേസ്യർ 3:10, 11) അതെ, ക്രി. വ. 33-ലെ പെന്തക്കോസ്തിൽ ജാതമായ ക്രിസ്തീയസഭയെയായിരുന്നു പുതിയ “വെളിപ്പെടുത്തപ്പെട്ട കാര്യങ്ങൾ” ഭരമേൽപ്പിച്ചത്. ഒരു കൂട്ടമെന്ന നിലയിൽ അഭിഷിക്ത ക്രിസ്ത്യാനികൾ തക്കസമയത്ത് ആത്മീയാഹാരം പ്രദാനം ചെയ്യാൻ നിയമിക്കപ്പെട്ട “വിശ്വസ്തനും വിവേകിയുമായ അടിമ”യായി സേവിച്ചു. (മത്തായി 24:45) ഇപ്പോൾ ക്രിസ്ത്യാനികൾ “ദൈവത്തിന്റെ പാവന രഹസ്യങ്ങളുടെ ഗൃഹവിചാരകൻമാർ” ആയിരുന്നു.—1 കൊരിന്ത്യർ 4:1.
11, 12. ഈ പുതിയ സരണിയിലൂടെ നൽകിയ അത്ഭുതകരമായ ചില വെളിപ്പാടുകളിൽ ചിലത് ഏവയായിരുന്നു?
11 ഈ പുതിയ “പാവന രഹസ്യങ്ങളുടെ” കേന്ദ്രവസ്തുത വാഗ്ദത്തസന്തതിയായ യേശുക്രിസ്തു പ്രത്യക്ഷപ്പെട്ടുവെന്നതായിരുന്നു. (ഗലാത്യർ 3:16) യേശു മനുഷ്യവർഗ്ഗത്തെ ഭരിക്കാൻ അവകാശമുള്ള “ശീലോ” ആയിരുന്നു. യഹോവ അവനെ ഒടുവിൽ ഈ ഭൂമിയിൽ പരദീസാ പുനഃസ്ഥാപിക്കുന്ന രാജ്യത്തിന്റെ രാജാവായി നിയമിച്ചു. (യെശയ്യാവ് 11:1-9; ലൂക്കോസ് 1:31-33) യേശു മനുഷ്യവർഗ്ഗത്തിനുവേണ്ടിയുള്ള ഒരു മോചനദ്രവ്യമായി തന്റെ കളങ്കമേശാത്ത പൂർണ്ണജീവൻ നൽകിയ, യഹോവയുടെ നിയമിതമഹാപുരോഹിതനുമായിരുന്നു—അത് രക്തത്തിന്റെ വിശുദ്ധിയുടെ തത്വത്തിന്റെ അത്യന്തം അത്ഭുതകരമായ ഒരു പ്രയുക്തത ആയിരുന്നു. (എബ്രായർ 7:26; 9:29) അന്നു മുതൽ, ആദാം നഷ്ടപ്പെടുത്തിയിരുന്ന ആ പൂർണ്ണമാനുഷജീവൻ വീണ്ടും നേടുന്നതിനുള്ള പ്രത്യാശ വിശ്വസിക്കുന്ന മനുഷ്യവർഗ്ഗത്തിനുണ്ടായിരുന്നു.—1 യോഹന്നാൻ 2:1, 2.
12 ഈ വാഗ്ദത്തസന്തതി പഴയ ന്യായപ്രമാണ ഉടമ്പടിക്കു പകരമായ ഒരു പുതിയ ഉടമ്പടി തന്റെ അനുഗാമികളും തന്റെ സ്വർഗ്ഗീയ പിതാവും തമ്മിൽ പ്രാബല്യത്തിൽ വരുത്തുന്ന ഒരു മദ്ധ്യസ്ഥനുമായിരുന്നു. (എബ്രായർ 8:10-13; 9:15) ഈ പുതിയ ഉടമ്പടിയുടെ അടിസ്ഥാനത്തിൽ, പുതുതായി രൂപം പ്രാപിച്ച ക്രിസ്തീയസഭ ജഡികയിസ്രായേൽ ജനതക്കു പകരമായിത്തീരുകയും ഒരു ആത്മീയ യിസ്രായേലായിത്തീരുകയും ചെയ്തു, അത് യേശുവും “വെളിപ്പെടുത്തപ്പെട്ട കാര്യങ്ങളുടെ” ഗൃഹവിചാരകൻമാരും ഉൾപ്പെട്ട ഒരു ആത്മീയ “അബ്രാഹാമ്യ സന്തതി”യുമാണ്. (ഗലാത്യർ 3:29; 6:16; 1 പത്രോസ് 2:9) തന്നെയുമല്ല, ആ പുതിയ ആത്മീയയിസ്രായേലിന്റെ ഭാഗമായിത്തീരാൻ വിജാതീയർ ക്ഷണിക്കപ്പെട്ടു—അത് യഹൂദൻമാർക്ക് ചിന്തിക്കാൻപോലും കഴിയാത്ത ഒരു കാര്യമായിരുന്നു. (റോമർ 2:28, 29) യഹൂദൻമാരും യഹൂദേതരരുമുൾപ്പെട്ട ആത്മീയ യിസ്രായേൽ ഒത്തൊരുമിച്ച് ഭൂമിയിലെങ്ങും യേശുവിനു ശിഷ്യരെ ഉളവാക്കാൻ നിയോഗിക്കപ്പെട്ടു. (മത്തായി 28:19, 20) അങ്ങനെ, “വെളിപ്പെടുത്തപ്പെട്ട കാര്യങ്ങൾക്ക്” ഒരു സാർവ്വദേശീയ ഭാവം കൈവന്നു.
13. പുതിയവയായ ഈ “വെളിപ്പെടുത്തപ്പെട്ട കാര്യങ്ങൾ” ഭാവിതലമുറകൾക്കുവേണ്ടി എങ്ങനെ സൂക്ഷിക്കപ്പെട്ടു?
13 കാലക്രമത്തിൽ, ക്രിസ്തീയസഭ മുഖേന “വെളിപ്പെടുത്തപ്പെട്ട ഈ കാര്യങ്ങൾ” ക്രിസ്തീയ ഗ്രീക്ക് തിരുവെഴുത്തുകളുടെ 27 പുസ്തകങ്ങളിൽ രേഖപ്പെടുത്തപ്പെട്ടു. അവ നിശ്വസ്ത ബൈബിൾ കാനോൻ പൂർത്തിയാക്കി. എന്നാൽ വീണ്ടും, അനേകം നൂററാണ്ടുകൾ കഴിഞ്ഞുമാത്രം പൂർണ്ണമായി ഗ്രഹിക്കുന്ന യഹോവയുടെ ഉദ്ദേശ്യങ്ങൾ സംബന്ധിച്ച അനേകം പ്രവചനങ്ങൾ ഈ പുസ്തകങ്ങളിൽ ഉൾക്കൊള്ളിക്കപ്പെട്ടു. വീണ്ടും ഒരിക്കൽകൂടി തിരുവെഴുത്തുകളുടെ എഴുത്തുകാർ യഥാർത്ഥത്തിൽ അന്നുവരെ ജനിച്ചിട്ടില്ലാഞ്ഞ തലമുറകൾക്കുവേണ്ടി ശുശ്രൂഷ ചെയ്യുകയായിരുന്നു.
ഇന്ന് “വെളിപ്പെടുത്തപ്പെട്ട കാര്യങ്ങൾ”
14. വലിയ വിശ്വാസത്യാഗത്തെ തുടർന്ന് യഹോവ വീണ്ടും “വെളിപ്പെടുത്തപ്പെട്ട കാര്യങ്ങളുടെ” മേൽ എപ്പോൾ വെളിച്ചം വീശും?
14 പ്രവചിക്കപ്പെട്ടിരുന്നതുപോലെ, ക്രിസ്ത്യാനികളെന്നവകാശപ്പെട്ടവരുടെ ഇടയിൽ വലിയ വിശ്വാസത്യാഗം വികാസം പ്രാപിച്ചു. (മത്തായി 13:36-42; പ്രവൃത്തികൾ 20:29, 30) “വെളിപ്പെടുത്തപ്പെട്ട കാര്യങ്ങളെ”ക്കുറിച്ചുള്ള ഗ്രാഹ്യം മങ്ങിപ്പോയ സുദീർഘ നൂററാണ്ടുകൾ പിന്തുടർന്നു, എന്നിരുന്നാലും വിശ്വസ്തരായി നിലകൊള്ളാൻ ശ്രമിച്ചവരെ യേശു ഉപേക്ഷിച്ചില്ല. (മത്തായി 28:20) എന്നിരുന്നാലും, ഈ സാഹചര്യം എന്നേക്കും നിലനിൽക്കുകയില്ലെന്ന് യേശു വാഗ്ദത്തം ചെയ്തിരുന്നു. വ്യവസ്ഥിതിയുടെ സമാപനത്തിങ്കൽ ദുഷ്ടൻമാരും നീതിമാൻമാരും വീണ്ടും ദൃശ്യമായി വേർതിരിക്കപ്പെടും. ‘നീതിമാൻമാർ തങ്ങളുടെ പിതാവിന്റെ രാജ്യത്തിൽ സൂര്യനെപ്പോലെ പ്രശോഭിക്കും.’ (മത്തായി 13:43) ദാനിയേൽ പ്രവചിച്ചിരുന്നതുപോലെ, ‘അന്ത്യകാലത്ത് യഥാർത്ഥ പരിജ്ഞാനം സമൃദ്ധമായിത്തീരും.’ (ദാനിയേൽ 12:4) “വെളിപ്പെടുത്തപ്പെട്ട കാര്യങ്ങളുടെ” മേൽ വീണ്ടും വെളിച്ചം വീശും.
15. “വെളിപ്പെടുത്തപ്പെട്ട കാര്യങ്ങൾ” സംബന്ധിച്ച ഏററവും ഒടുവിലത്തെ ഗ്രാഹ്യത്തിനുള്ള സരണിയായി സേവിക്കുന്നതിന് ക്രൈസ്തവലോകത്തിലെ മതങ്ങൾ അയോഗ്യമെന്നു തെളിഞ്ഞിരിക്കുന്നതെന്തുകൊണ്ട്?
15 നാം 1914 മുതൽ ഈ വ്യവസ്ഥിതിയുടെ സമാപനകാലത്താണ് ജീവിക്കുന്നത്. അതുകൊണ്ട്, ഈ പുതിയ ആത്മീയ പ്രകാശത്തിനുവേണ്ടി യഹോവ ഇന്ന് ഒരു സരണിയായി ഉപയോഗിക്കുന്നത് ആരെയാണെന്നറിയുന്നത് പ്രധാനമാണ്. തീർച്ചയായും, അവൻ ക്രൈസ്തവലോകത്തിലെ വ്യവസ്ഥാപിത മതങ്ങളെ ഉപയോഗിക്കുന്നില്ല. ഇവ വലിയ വിശ്വാസത്യാഗത്തിന്റെ കാലത്ത് കുന്നുകൂടിയ തെററായ ഉപദേശങ്ങൾ കുടഞ്ഞുകളയുന്നതിന് മനസ്സില്ലാത്തവയെന്നു തെളിഞ്ഞും ഇന്ന്, അവരുടെ നേതാക്കളിൽ മിക്കവരും പുതിയ അറിവു സ്വീകരിക്കാൻ മനസ്സില്ലാത്തവിധം പാരമ്പര്യങ്ങളിലും വിശ്വാസപ്രമാണങ്ങളിലും ആശ്രയിക്കുകയാണ്, അല്ലെങ്കിൽ അവർ സംശയഗ്രസ്തരായി ബൈബിളിന്റെ നിശ്വസ്തതയെയും അതിന്റെ ധാർമ്മിക പ്രമാണങ്ങളുടെ മൂല്യത്തെയും പോലും സംശയിക്കുകയാണ്.
16. യഹോവയുടെ ആധുനികനാളിലെ സരണിയെന്നു തെളിഞ്ഞിരിക്കുന്നതാർ?
16 ദൈവരാജ്യം യഹൂദൻമാരിൽനിന്ന് എടുത്ത് “അതിന്റെ ഫലം ഉളവാക്കുന്ന ഒരു ജനത”യ്ക്ക് കൊടുക്കുമെന്ന് യേശു പറഞ്ഞു. (മത്തായി 21:43) ഒന്നാം നൂററാണ്ടിൽ അത് ആത്മീയ യിസ്രായേലിന്റെ യുവ ക്രിസ്തീയ സഭയാണെന്ന് തെളിഞ്ഞു. ഇന്ന്, ആദിമ സഭയുടേതുപോലെയുള്ള ഫലം ഉളവാക്കുന്ന ഒരു ഒററ സംഘമേയുള്ളു. ഈ ആത്മീയ യിസ്രായേല്യർ മത്തായി 24:45-47-ലെ “വിശ്വസ്തനും വിവേകിയുമായ അടിമ”വർഗ്ഗത്തിലെ അംഗങ്ങളാണ്. ആദ്യ ക്രിസ്ത്യാനികളെപ്പോലെ, ഈ അവസാനനാളിലെ ക്രിസ്ത്യാനികൾക്ക് ‘തങ്ങളുടെ വെളിച്ചം പ്രകാശിപ്പിക്കുന്നതിന്’ ഭയം ഉണ്ടായിരുന്നിട്ടില്ല. (മത്തായി 5:14-16) 1919-ൽ തുടങ്ങി അവർ രാജ്യത്തിന്റെ ഈ സുവാർത്ത ഒരു സാക്ഷ്യത്തിനായി സർവ്വലോകത്തിലും പ്രസംഗിക്കുന്ന വേല സധൈര്യം ഏറെറടുത്തു. (മത്തായി 24:14) അവർ ദൈവരാജ്യത്തിന്റെ ഫലം ഉളവാക്കിയിരിക്കുന്നതിനാൽ “ദൈവത്തിന്റെ അത്യന്തം ബഹുവിധമായ ജ്ഞാനം” സംബന്ധിച്ച് അവരെ കാലാനുസൃതരാക്കികൊണ്ട് ദൈവം അവരെ സമൃദ്ധമായി അനുഗ്രഹിച്ചിരിക്കുന്നു.—എഫേസ്യർ 3:10.
17, 18. യഹോവ തന്റെ ആധുനികനാളിലെ സരണി മുഖേന ഏതു തുടർച്ചയായ ഗ്രാഹ്യം സാദ്ധ്യമാക്കിയിരിക്കുന്നു?
17 അങ്ങനെ, ചെമ്മരിയാടുകളെയും കോലാടുകളെയും സംബന്ധിച്ച യേശുവിന്റെ വലിയ പ്രവചനം 1923-ൽ ശരിയായി മനസ്സിലാക്കപ്പെട്ടു. മുഴുലോകവും ന്യായവിധിയിൻ കീഴിലാണെന്ന് തിരിച്ചറിഞ്ഞു. (മത്തായി 25:31-46) 1925-ൽ ദൈവത്തിന്റെ ഭൗമിക ദാസൻമാർ വെളിപ്പാട് 12-ാം അദ്ധ്യായത്തിന്റെ സൂക്ഷ്മഗ്രാഹ്യമുള്ളവരായിത്തീർന്നു. 1914 എന്ന ശ്രദ്ധേയമായ വർഷത്തിൽ കൃത്യമായി എന്തുസംഭവിച്ചിരുന്നുവെന്ന് അവർ തിരിച്ചറിഞ്ഞു. 1932-ൽ അവരുടെ ഗ്രാഹ്യം പിന്നെയും ആഴമേറിയതായിത്തീർന്നു. യഹൂദൻമാരുടെ യെരൂശലേമിലേക്കുള്ള പുനഃസ്ഥിതീകരണത്തോടു ബന്ധപ്പെട്ട പ്രവചനങ്ങൾ പണ്ടേ അവിശ്വസ്തരെന്നു തെളിയുകയും പുറന്തള്ളപ്പെടുകയും ചെയ്തിരുന്ന ജഡിക യിസ്രായേലിനെ പരാമർശിക്കുന്നവയല്ല, പിന്നെയോ ക്രിസ്തീയസഭയാകുന്ന ആത്മീയയിസ്രായേലിനെ പരാമർശിക്കുന്നവയാണെന്ന് യഹോവ വെളിപ്പെടുത്തി. (റോമർ 2:28, 29) പിന്നീട് 1935-ൽ വെളിപ്പാട് 7-ാം അദ്ധ്യായത്തിലെ “മഹാപുരുഷാര”ത്തെ സംബന്ധിച്ച യോഹന്നാന്റെ ദർശനത്തിന്റെ തിരുത്തപ്പെട്ട ഗ്രാഹ്യം തങ്ങളുടെ മുമ്പാകെ സ്ഥിതിചെയ്ത വലിയ കൂട്ടിച്ചേർക്കൽവേല സംബന്ധിച്ച് അഭിഷിക്തരുടെ കണ്ണുതുറന്നു.—വെളിപ്പാട് 7:9-17.
18 “ഭൂമിയിലെ അസ്തിത്വങ്ങളുടെ കൂട്ടിച്ചേർക്കൽ” ഒടുവിൽ സഗൗരവം തുടങ്ങിയപ്പോൾ ആഗോള പ്രസംഗവേലയിൽ ഒരു മുന്നേററത്തിന് കാഞ്ചിവലിച്ചു. (എഫേസ്യർ 1:10) 1939-ൽ യുദ്ധമേഘങ്ങൾ യൂറോപ്പിൻമീതെ തടിച്ചുകൂടിയപ്പോൾ നിഷ്പക്ഷതയുടെ പ്രശ്നം പൂർവ്വാധികം വ്യക്തമാക്കപ്പെട്ടു. 1950-ൽ യെശയ്യാവ് 32:1, 2-ലെ “പ്രഭുക്കൻമാർ” ആരെന്നു ഏറെ കൃത്യമായി തിരിച്ചറിഞ്ഞു. 1962-ൽ “ശ്രേഷ്ഠാധികാരങ്ങ”ളെ ശരിയായി തിരിച്ചറിഞ്ഞു. “വെളിപ്പെടുത്തപ്പെട്ട കാര്യങ്ങളിൽ”നിന്ന് അവയോടുള്ള ക്രിസ്ത്യാനിയുടെ ഉചിതമായ ബന്ധവും മനസ്സിലായി. (റോമർ 13:1, 2) 1965-ൽ ഭൗമീകപുനരുത്ഥാനത്തെക്കുറിച്ചും അതിൽനിന്ന് ആർക്ക് പ്രയോജനംലഭിച്ചേക്കാമെന്നും വ്യക്തതയേറിയ ഗ്രാഹ്യം ലഭിച്ചു.—യോഹന്നാൻ 5:28, 29.
19. യഹോവയുടെ ഇന്നത്തെ “അടിമ”വർഗ്ഗം ദൈവവചനത്തിന്റെ യോഗ്യതയുള്ള സൂക്ഷിപ്പുകാരനെന്നു തെളിഞ്ഞിരിക്കുന്നതെങ്ങനെ?
19 മാത്രവുമല്ല, ഈ 20-ാം നൂററാണ്ടിലെ അഭിഷിക്തക്രിസ്തീയസഭ “വെളിപ്പെടുത്തപ്പെട്ട കാര്യങ്ങളുടെ” ലിഖിത സമാഹാരത്തിന്റെ, ദൈവവചനത്തിന്റെ, സമുചിത രക്ഷാധികാരിയെന്നു തെളിഞ്ഞു. ഈ സഭയിലെ പ്രതിനിധികളായ അംഗങ്ങൾ ആധുനിക ഇംഗ്ലീഷിലേക്കുള്ള ഒരു ബൈബിൾ വിവർത്തനം ഏറെറടുത്തു. ഇന്നോളം വിശുദ്ധതിരുവെഴുത്തുകളുടെ പുതിയലോകഭാഷാന്തരം 11 ഭാഷകളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നു, മൊത്തം 4,00,00,000 പ്രതികൾ അച്ചടിക്കപ്പെട്ടു. അഭിഷിക്ത ക്രിസ്ത്യാനികളുടെ “അടിമവർഗ്ഗം” സാർവ്വദേശീയ പഠിപ്പിക്കൽപരിപാടികൾ നയിക്കുകയും ബൈബിളധിഷ്ഠിത പാഠപ്പുസ്തകങ്ങളും മാസികകളും പ്രസിദ്ധീകരിക്കുകയും ചെയ്യുന്നു. അത് പ്രതിവാര മീററിംഗുകളും ക്രമമായ സമ്മേളനങ്ങളും വിവിധ സ്കൂളുകളും സംഘടിപ്പിക്കുന്നു—എല്ലാ “വെളിപ്പെടുത്തപ്പെട്ട കാര്യങ്ങളെ”ക്കുറിച്ച് സൂക്ഷ്മപരിജ്ഞാനം നേടാൻ സത്യാന്വേഷികളെ സഹായിക്കാൻ ഉദ്ദേശിക്കപ്പെട്ടവതന്നെ. സത്യമായി, “നീതിമാൻമാർ” ഇപ്പോൾ ഒരു ആത്മീയ അർത്ഥത്തിൽ “സൂര്യനെപ്പോലെ പ്രശോഭിക്കുകയും” തങ്ങളുടെ ഗൃഹവിചാരകത്വത്തിനുള്ള യോഗ്യത തെളിയിക്കുകയും ചെയ്യുന്നു.—മത്തായി 13:43.
നമ്മുടെ ഉത്തരവാദിത്തം
20, 21. (എ) യഹോവയുടെ വെളിപ്പെടുത്തപ്പെട്ട വചനത്തോട് പ്രതികരിക്കാൻ സങ്കീർത്തനക്കാരൻ എങ്ങനെ പ്രേരിപ്പിക്കപ്പെട്ടു? (ബി) അടുത്ത ലേഖനത്തിൽ ഏതു കാര്യങ്ങൾ ചർച്ചക്കെടുക്കപ്പെടും?
20 അങ്ങനെ യഹോവ നമ്മെ ഈ ലോകത്തിൽ അപകടമേഖലയിൽ ഉഴറാൻ വിട്ടിട്ടില്ല. പകരം, നമ്മുടെ പാതയെ പ്രകാശിപ്പിക്കുന്നതിനും ആത്മീയാപകടം ഒഴിവാക്കുന്നതിനു നമ്മെ സഹായിക്കുന്നതിനും അവൻ തന്റെ വചനം നമുക്കു നൽകിയിരിക്കുന്നു. (സങ്കീർത്തനം 119:105) പാപത്താലും അപൂർണ്ണതയാലും മരിക്കാനും യഹോവ നമ്മെ കൈവിട്ടിട്ടില്ല. പകരം, ഒരു പരദീസാഭൂമിയിലെ നിത്യജീവന്റെ അവസരം അവൻ തുറന്നു തന്നിരിക്കുന്നു. ഈ അവസരത്തെക്കുറിച്ചുള്ള അറിവ് അനായാസം ലഭ്യവുമാക്കിയിരിക്കുന്നു. (യോഹന്നാൻ 17:3) തന്റെ കാലത്തെ “വെളിപ്പെടുത്തപ്പെട്ട കാര്യങ്ങളെ”ക്കുറിച്ച് സംസാരിച്ചുകൊണ്ട് സങ്കീർത്തനക്കാരൻ “ഞാൻ നിന്റെ നിയമത്തെ എത്ര സ്നേഹിക്കുന്നു! ദിവസം മുഴുവൻ അത് എന്റെ ചിന്താവിഷയമാകുന്നു” എന്ന് ഉദ്ഘോഷിച്ചത് അതിശയമല്ല.—സങ്കീർത്തനം 119:97.
21 യഹോവയാൽ “വെളിപ്പെടുത്തപ്പെട്ട”തും നമ്മുടെ നാളിൽ മനസ്സിലാക്കപ്പെടുന്നതുമായ കാര്യങ്ങളെക്കുറിച്ച് നിങ്ങൾക്ക് ഈ വിധത്തിലുള്ള വിചാരമാണോ ഉള്ളത്? നിങ്ങൾ പഠിച്ച സത്യങ്ങളെ നിങ്ങൾ ആഴമായി വിലമതിക്കുന്നുണ്ടോ? തീരുമാനങ്ങൾ ചെയ്യുന്നതിനും പ്രലോഭനങ്ങളെ ഒഴിവാക്കുന്നതിനും യഹോവയെ സേവിക്കുന്നതിനും നിങ്ങളെ സഹായിക്കുന്നതിന് ഈ സത്യങ്ങളുടെ ആവശ്യം നിങ്ങൾ കാണുന്നുണ്ടോ? ഈ “വെളിപ്പെടുത്തപ്പെട്ട കാര്യങ്ങൾ “യഥാർത്ഥമായി വായിച്ചു പഠിക്കുന്നതിന് നിങ്ങൾ എത്രയധികം സമയം ചെലവഴിക്കുന്നുണ്ട്? നിങ്ങളുടെ പഠനശീലങ്ങൾ മെച്ചപ്പെടുത്തുന്നതിന് ഏതെങ്കിലും മാർഗ്ഗമുണ്ടോ? അടുത്ത ലേഖനത്തിൽ ഈ കാര്യങ്ങൾ ചർച്ചക്ക് എടുക്കപ്പെടും. (w86 5/15)
നിങ്ങൾ ഓർമ്മിക്കുന്നുവോ?
◻ യേശുവിന്റെ കാലത്തിനു മുമ്പ്, “വെളിപ്പെടുത്തപ്പെട്ട കാര്യങ്ങൾ”ക്കുള്ള ചില സരണികൾ ഏവയായിരുന്നു?
◻ ക്രി. വ. 33നു ശേഷം “വെളിപ്പെടുത്തപ്പെട്ട കാര്യങ്ങൾ” ആർക്കുള്ളതായിരുന്നു?
◻ ഈ പുതിയ സരണിയിലൂടെ നൽകിയ മർമ്മപ്രധാനമായ ചില വെളിപ്പാടുകൾ ഏവ?
◻ ഇന്ന് “വെളിപ്പെടുത്തപ്പെട്ട കാര്യങ്ങൾ” ആത്മീയയിസ്രായേല്യർക്കുള്ളതായിരിക്കേണ്ടതെന്തുകൊണ്ട്?
◻ അഭിഷിക്ത ക്രിസ്തീയസഭ യഹോവയുടെ വചനത്തിന്റെ യോഗ്യതയുള്ള സൂക്ഷിപ്പുകാരനെന്നു തെളിഞ്ഞിരിക്കുന്നതെങ്ങനെ?
[24-ാം പേജിലെ ആകർഷകവാക്യം]
അഭിഷിക്ത ക്രിസ്തീയസഭ യഹോവയുടെ വെളിപ്പാടുകളുടെ പുതിയ സൂക്ഷിപ്പുകാരനായി
[25-ാം പേജിലെ ആകർഷകവാക്യം]
അഭിഷിക്ത സാക്ഷികളായ യഹോവയുടെ “അടിമ”വർഗ്ഗം ദൈവവചനത്തിന്റെ സൂക്ഷിപ്പുകാരനെന്ന നിലയിൽ നന്നായി സേവിച്ചിരിക്കുന്നു
[22-ാം പേജിലെ ചിത്രം]
യഹോവ പുരാതന കാലത്തെ വിശ്വസ്ത മനുഷ്യരിലൂടെ മർമ്മപ്രധാനമായ അറിവു വെളിപ്പെടുത്തി