നമ്മൾ യഹോവയ്ക്കുള്ളവരാണ്
“യഹോവ ദൈവമായുള്ള ജനത, തന്റെ സ്വത്തായി ദൈവം തിരഞ്ഞെടുത്ത ജനം, സന്തുഷ്ടർ.”—സങ്കീ. 33:12.
1. എല്ലാത്തിന്റെയും ഉടമസ്ഥൻ യഹോവയാണെന്നു പറയാവുന്നത് എന്തുകൊണ്ട്? (ലേഖനാരംഭത്തിലെ ചിത്രം കാണുക.)
സകലവും യഹോവയുടേതാണ്. “ആകാശവും ആകാശങ്ങളുടെ ആകാശവും ഭൂമിയും അതിലുള്ളതൊക്കെയും” യഹോവയുടെ സ്വന്തമാണ്. (ആവ. 10:14; വെളി. 4:11) മനുഷ്യരെ സൃഷ്ടിച്ചത് യഹോവയായതുകൊണ്ട് എല്ലാ മനുഷ്യരും യഹോവയ്ക്കുള്ളവരാണ്. (സങ്കീ. 100:3) എങ്കിലും മനുഷ്യചരിത്രം പരിശോധിച്ചാൽ, ഒരു പ്രത്യേകവിധത്തിൽ തന്റെ സ്വന്തമായിരിക്കാൻ ദൈവം ചിലരെ തിരഞ്ഞെടുത്തിരിക്കുന്നതായി കാണാം.
2. യഹോവയുടെ ‘പ്രത്യേകസ്വത്തായി’ ബൈബിൾ തിരിച്ചറിയിച്ചിരിക്കുന്നത് ആരെയൊക്കെയാണ്?
2 ഉദാഹരണത്തിന്, 135-ാം സങ്കീർത്തനം പുരാതന ഇസ്രായേലിലെ വിശ്വസ്തരായ ആരാധകരെ യഹോവയുടെ ‘പ്രത്യേകസ്വത്ത്’ എന്നു വിളിക്കുന്നുണ്ട്. (സങ്കീ. 135: 4) ഇസ്രായേല്യരല്ലാത്ത ചിലരും യഹോവയുടെ ജനത്തിന്റെ ഭാഗമായിത്തീരുമെന്നു ഹോശേയയുടെ പുസ്തകം മുൻകൂട്ടിപ്പറഞ്ഞു. (ഹോശേ. 2:23) ക്രിസ്തുവിനോടൊപ്പം ഭരിക്കാനുള്ള ‘വിശുദ്ധജനതയുടെ’ കൂട്ടത്തിൽ ഇസ്രായേല്യരല്ലാത്തവരെയും യഹോവ തിരഞ്ഞെടുക്കാൻ തുടങ്ങിയപ്പോൾ ഹോശേയയുടെ ഈ പ്രവചനം നിറവേറി. (പ്രവൃ. 10:45; റോമ. 9:23-26; 1 പത്രോ. 2:9, 10) ഈ “വിശുദ്ധജനത” വളരെ വിശിഷ്ടമായ ഒരു വിധത്തിൽ യഹോവയുടെ ‘പ്രത്യേകസ്വത്താണ്.’ അവർ പരിശുദ്ധാത്മാവിനാൽ അഭിഷേകം പ്രാപിച്ചവരും സ്വർഗീയജീവനുവേണ്ടി തിരഞ്ഞെടുക്കപ്പെട്ടവരും ആണ്. ഭൂമിയിൽ ജീവിക്കാൻ പ്രത്യാശയുള്ള, ബഹുഭൂരിപക്ഷംവരുന്ന ക്രിസ്ത്യാനികളുടെ കാര്യമോ? യഹോവ അവരെയും തന്റെ ‘ജനമെന്നും’ താൻ ‘തിരഞ്ഞെടുത്തവരെന്നും’ വിളിക്കുന്നു.—യശ. 65:22.
3. (എ) ഇന്ന് യഹോവയുമായി ഒരു അടുത്ത ബന്ധം ആസ്വദിക്കുന്നത് ആരാണ്? (ബി) ഈ ലേഖനത്തിൽ നമ്മൾ എന്തു പഠിക്കും?
3 ഇന്ന്, സ്വർഗീയപ്രത്യാശയുള്ള ‘ചെറിയ ആട്ടിൻകൂട്ടവും’ ഭൂമിയിൽ ജീവിക്കാൻ പ്രത്യാശയുള്ള “വേറെ ആടുകളും” ഒരുമിച്ച് ‘ഒറ്റ ആട്ടിൻകൂട്ടമായി’ യഹോവയെ സേവിക്കുന്നു. യഹോവ അവരെ വളരെ മൂല്യമുള്ളവരായിട്ടാണു കാണുന്നത്. (ലൂക്കോ. 12:32; യോഹ. 10:16) യഹോവയുമായി ഇത്ര അടുത്ത ബന്ധത്തിലേക്കു വരാൻ അനുവദിച്ചതിനു നമ്മൾ എത്ര നന്ദിയുള്ളവരാണ്! ജീവിതത്തിലൂടെ ആ നന്ദി കാണിക്കാൻ കഴിയുന്ന ചില വിധങ്ങൾ ഈ ലേഖനം ചർച്ച ചെയ്യും.
ജീവിതം യഹോവയ്ക്കു സമർപ്പിച്ചുകൊണ്ട്
4. യഹോവയുമായി ഒരു ബന്ധം സാധ്യമായതിനു നന്ദി കാണിക്കാവുന്ന ഒരു വിധം ഏതാണ്, സമാനമായ ഒരു കാര്യം യേശു എങ്ങനെയാണു ചെയ്തത്?
4 മുഴുഹൃദയത്തോടെ നമ്മളെത്തന്നെ യഹോവയ്ക്കു സമർപ്പിക്കുകയും സ്നാനപ്പെടുകയും ചെയ്തുകൊണ്ട് നമ്മൾ യഹോവയോടുള്ള നന്ദി കാണിക്കുന്നു. സ്നാനപ്പെടുമ്പോൾ യഹോവയ്ക്കുള്ളവരാണെന്നും യഹോവയെ പൂർണമായി അനുസരിക്കാൻ മനസ്സൊരുക്കമുള്ളവരാണെന്നും നമ്മൾ പരസ്യമായി കാണിക്കുകയാണ്. (എബ്രാ. 12:9) സമാനമായ കാര്യമാണു സ്നാനസമയത്ത് യേശുവും ചെയ്തത്. ഒരർഥത്തിൽ യഹോവയോടു യേശു ഇങ്ങനെ പറയുകയായിരുന്നു: “എന്റെ ദൈവമേ, അങ്ങയുടെ ഇഷ്ടം ചെയ്യാനല്ലോ എന്റെ ആഗ്രഹം.” (സങ്കീ. 40:7, 8, അടിക്കുറിപ്പ്) ദൈവത്തിനു സമർപ്പിച്ചിരുന്ന ഒരു ജനതയുടെ ഭാഗമായിട്ടാണു ജനിച്ചതെങ്കിലും യേശു യഹോവയുടെ ഇഷ്ടം ചെയ്യാനായി തന്നെത്തന്നെ സമർപ്പിച്ചു.
5, 6. (എ) യേശു സ്നാനമേറ്റപ്പോൾ യഹോവ എന്താണു പറഞ്ഞത്? (ബി) എല്ലാം യഹോവയുടേതാണെങ്കിലും നമ്മുടെ സമർപ്പണത്തെ യഹോവ വിലമതിക്കുന്നത് എന്തുകൊണ്ടാണെന്ന് ഒരു ഉദാഹരണത്തിലൂടെ വിശദീകരിക്കുക.
5 യേശു സ്നാനമേറ്റതിനെ യഹോവ എങ്ങനെയാണു വീക്ഷിച്ചത്? ബൈബിൾവിവരണം പറയുന്നു: “സ്നാനമേറ്റ ഉടനെ, യേശു വെള്ളത്തിൽനിന്ന് കയറുമ്പോൾ ആകാശം തുറന്നു. ദൈവത്തിന്റെ ആത്മാവ് പ്രാവുപോലെ യേശുവിന്റെ മേൽ ഇറങ്ങിവരുന്നതു യോഹന്നാൻ കണ്ടു. ‘ഇവൻ എന്റെ പ്രിയപുത്രൻ, ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു’ എന്ന് ആകാശത്തുനിന്ന് ഒരു ശബ്ദവും ഉണ്ടായി.” (മത്താ. 3:16, 17) യേശു അപ്പോൾത്തന്നെ സ്വർഗീയപിതാവിന്റെ സ്വത്തായിരുന്നു. എങ്കിലും തന്റെ ഇഷ്ടം ചെയ്യുന്നതിനു മാത്രമായി ജീവിതം മാറ്റിവെക്കാൻ മകൻ മനസ്സു കാണിച്ചത് യഹോവയെ സന്തോഷിപ്പിച്ചു. ഇതുപോലെ നമ്മളും ജീവിതം യഹോവയ്ക്കു സമർപ്പിക്കുന്നത് യഹോവയെ സന്തോഷിപ്പിക്കുന്നു. ധാരാളം അനുഗ്രഹങ്ങൾ നൽകി യഹോവ നമ്മളെ ആദരിക്കുകയും ചെയ്യും.—സങ്കീ. 149:4.
6 ഉദാഹരണത്തിന്, ഒരു മനുഷ്യനു മനോഹരമായ പൂക്കൾ നിറഞ്ഞ ഒരു പൂന്തോട്ടമുണ്ടെന്നു വിചാരിക്കുക. ഒരു ദിവസം അദ്ദേഹത്തിന്റെ കുഞ്ഞുമകൾ തോട്ടത്തിൽനിന്ന് ഒരു പൂവ് ഇറുത്ത് അദ്ദേഹത്തിനു സമ്മാനമായി നൽകി. ആ പിതാവ് ഇങ്ങനെ ചിന്തിക്കുമോ: ‘ഈ പൂവ് എന്റേതുതന്നെയല്ലേ? ഇത് എടുത്ത് എനിക്കു തന്നാൽ ഒരു സമ്മാനമാകുമോ?’ സ്നേഹമുള്ള ഒരു പിതാവ് അങ്ങനെ ചിന്തിക്കുകപോലുമില്ല. തന്റെ കുഞ്ഞുമകൾക്കു തന്നോടുള്ള സ്നേഹമാണ് ആ പൂവിൽ അദ്ദേഹം കാണുന്നത്, അദ്ദേഹത്തിനു വളരെ സന്തോഷം തോന്നും. തോട്ടത്തിലെ മറ്റെല്ലാ പൂക്കളെക്കാളും തന്റെ മകൾ തന്ന പൂവിനെ അദ്ദേഹം വിലയുള്ളതായി കാണും. സമാനമായി, നമ്മൾ പൂർണമായി നമ്മളെത്തന്നെ യഹോവയ്ക്കു വിട്ടുകൊടുക്കുമ്പോൾ യഹോവയും ഇതുപോലെ സന്തോഷിക്കില്ലേ?—പുറ. 34:14.
7. തന്നെ മനസ്സോടെ സേവിക്കുന്നവരെപ്പറ്റി യഹോവയ്ക്ക് എന്താണു തോന്നുന്നതെന്നു മലാഖി പ്രവാചകൻ എങ്ങനെയാണു വിശദീകരിക്കുന്നത്?
7 മലാഖി 3:16 വായിക്കുക. നിങ്ങൾ ഇതേവരെ സമർപ്പിക്കുകയും സ്നാനമേൽക്കുകയും ചെയ്തിട്ടില്ലെങ്കിൽ അതിന്റെ പ്രാധാന്യത്തെക്കുറിച്ച് ചിന്തിക്കണം. ഉരുവായ നിമിഷംമുതൽ മനുഷ്യവർഗത്തിലെ മറ്റ് എല്ലാവരെയുംപോലെ നിങ്ങളും യഹോവയുടേതാണ്. എന്നാൽ ഒന്നു ചിന്തിക്കുക, യഹോവയുടെ പരമാധികാരത്തെ അംഗീകരിക്കുന്നെന്നു കാണിച്ചുകൊണ്ട് യഹോവയുടെ ഇഷ്ടം ചെയ്യുന്നതിനായി നിങ്ങളെത്തന്നെ സമർപ്പിക്കുമ്പോൾ അത് യഹോവയെ എത്രയധികം സന്തോഷിപ്പിക്കും! (സുഭാ. 23:15) തന്നെ മനസ്സോടെ സേവിക്കുന്നവർക്ക് യഹോവയുടെ അംഗീകാരമുണ്ടായിരിക്കും, അവരുടെ പേരുകൾ തന്റെ “ഓർമപ്പുസ്തകത്തിൽ” എഴുതുകയും ചെയ്യും.
8, 9. യഹോവയുടെ “ഓർമപ്പുസ്തകത്തിൽ” പേരുള്ളവരിൽനിന്ന് യഹോവ എന്താണു പ്രതീക്ഷിക്കുന്നത്?
8 നമ്മുടെ പേര് യഹോവയുടെ “ഓർമപ്പുസ്തകത്തിൽ” നിലനിൽക്കണമെങ്കിൽ നമ്മൾ ചില കാര്യങ്ങൾ ചെയ്യണം. നമ്മൾ ‘യഹോവയെ ഭയപ്പെടുകയും ദൈവനാമത്തെക്കുറിച്ച് ധ്യാനിക്കുകയും’ വേണമെന്നു മലാഖി പറയുന്നു. മറ്റൊരാൾക്കോ മറ്റൊരു വസ്തുവിനോ, ആരാധനയും ഭക്തിയും കൊടുക്കുന്നെങ്കിൽ നമ്മുടെ പേര് യഹോവയുടെ പുസ്തകത്തിൽനിന്ന് നീക്കം ചെയ്യപ്പെടും.—പുറ. 32:33; സങ്കീ. 69:28.
9 അതുകൊണ്ട് യഹോവയ്ക്കു സമർപ്പണം നടത്തുന്നതിൽ കേവലം ഒരു വാക്കു കൊടുക്കുന്നതിലും സ്നാനപ്പെടുന്നതിലും കൂടുതൽ കാര്യങ്ങൾ ഉൾപ്പെടുന്നു. ഇതൊക്കെ നിമിഷനേരംകൊണ്ട് കഴിഞ്ഞുപോകും. എന്നാൽ സത്യാരാധന ഒരു ജീവിതരീതിയാണ്. യഹോവയുടെ പക്ഷത്ത് നിൽക്കുന്നവരായ നമ്മൾ ജീവിച്ചിരിക്കുന്നിടത്തോളം കാലം, ഓരോ ദിവസവും യഹോവയെ അനുസരിക്കണം.—1 പത്രോ. 4:1, 2.
ലോകത്തിന്റെ മോഹങ്ങൾ തള്ളിക്കളഞ്ഞുകൊണ്ട്
10. യഹോവയെ സേവിക്കുന്നവരും അല്ലാത്തവരും തമ്മിൽ പ്രകടമായ എന്തു വ്യത്യാസമുണ്ടായിരിക്കണം?
10 കഴിഞ്ഞ ലേഖനത്തിൽ കയീനെയും ശലോമോനെയും ഇസ്രായേല്യരെയും കുറിച്ചുള്ള ബൈബിൾവിവരണങ്ങൾ നമ്മൾ ചിന്തിച്ചു. അവർ എല്ലാവരും യഹോവയെ ആരാധിക്കുന്നെന്ന് അവകാശപ്പെട്ടവരാണ്. പക്ഷേ അവർ യഹോവയ്ക്കു സമ്പൂർണഭക്തി കൊടുത്തില്ല. യഹോവയ്ക്കുള്ളവർ തിന്മയെ വെറുത്തുകൊണ്ട് നീതിയുടെ പക്ഷത്ത് ഉറച്ചുനിൽക്കണമെന്ന് ഇവരുടെ ദൃഷ്ടാന്തങ്ങൾ വ്യക്തമായി കാണിച്ചുതരുന്നു. (റോമ. 12:9) ‘ഓർമപ്പുസ്തകത്തെക്കുറിച്ച്’ മലാഖി പരാമർശിച്ചശേഷം, “നീതിമാനും ദുഷ്ടനും തമ്മിലും ദൈവത്തെ സേവിക്കുന്നവനും സേവിക്കാത്തവനും തമ്മിലും ഉള്ള” വ്യത്യാസത്തെക്കുറിച്ച് യഹോവ പറഞ്ഞതു തികച്ചും ഉചിതമാണ്.—മലാ. 3:18.
11. നമ്മൾ യഹോവയ്ക്കു സമ്പൂർണഭക്തി കൊടുക്കുന്നെന്നു മറ്റുള്ളവർ വ്യക്തമായി അറിയേണ്ടത് എന്തുകൊണ്ട്?
11 തന്റെ ജനമായി നമ്മളെ തിരഞ്ഞെടുത്തതിന് യഹോവയോടു നന്ദി കാണിക്കാൻ കഴിയുന്ന മറ്റൊരു കാര്യം ഇതാണ്: നമ്മുടെ ആത്മീയപുരോഗതി ‘എല്ലാവർക്കും വ്യക്തമായി കാണാൻ’ കഴിയണം. (1 തിമൊ. 4:15; മത്താ. 5:16) നിങ്ങളോടുതന്നെ ചോദിക്കുക: ‘ഞാൻ എല്ലാ കാര്യത്തിലും യഹോവയോടു വിശ്വസ്തത പുലർത്തുന്നുണ്ടെന്നു മറ്റുള്ളവർക്കു പ്രകടമാണോ? യഹോവയുടെ ഒരു സാക്ഷിയാണെന്നു മറ്റുള്ളവരെ അറിയിക്കാൻ കിട്ടുന്ന അവസരങ്ങൾക്കായി ഞാൻ നോക്കിയിരിക്കുന്നുണ്ടോ?’ സ്വന്തം ജനമായി യഹോവ നമ്മളെ തിരഞ്ഞെടുത്തിട്ട്, നമ്മൾ യഹോവയുടേതാണെന്നു തിരിച്ചറിയിക്കാൻ മടി കാണിക്കുന്നെങ്കിൽ യഹോവയ്ക്ക് എത്രമാത്രം ദുഃഖം തോന്നും!—സങ്കീ. 119:46; മർക്കോസ് 8:38 വായിക്കുക.
12, 13. ചിലർ യഹോവയുടെ സാക്ഷികളാണോ അല്ലയോ എന്നു തിരിച്ചറിയാൻ ബുദ്ധിമുട്ടായിരിക്കുന്നത് എന്തുകൊണ്ട്?
12 സങ്കടകരമെന്നു പറയട്ടെ, ചിലർ ‘ലോകത്തിന്റെ ആത്മാവിനെ’ അനുകരിക്കുന്നതുകൊണ്ട് അവർ ‘ദൈവത്തെ സേവിക്കുന്നവരാണോ സേവിക്കാത്തവരാണോ’ എന്നു വ്യക്തമായി പറയാൻ കഴിയുന്നില്ല. (1 കൊരി. 2:12) ‘ജഡമോഹങ്ങൾ’ തൃപ്തിപ്പെടുത്താൻ ഒരുവനെ പ്രേരിപ്പിക്കുന്നതാണു ലോകത്തിന്റെ ആത്മാവ്. (എഫെ. 2:3) ഉദാഹരണത്തിന്, വസ്ത്രധാരണത്തെക്കുറിച്ച് നമുക്ക് എത്ര കൂടെക്കൂടെ ബുദ്ധിയുപദേശം ലഭിച്ചിട്ടുണ്ട്! എന്നിട്ടും മാന്യമല്ലാത്ത വസ്ത്രധാരണവും ചമയവും ആണ് ചിലർ ഇപ്പോഴും ഇഷ്ടപ്പെടുന്നത്. ഇറുകിപ്പിടിച്ചതും ശരീരഭാഗങ്ങൾ പ്രദർശിപ്പിക്കുന്നതും ആയ വസ്ത്രങ്ങളാണ് അവർ ധരിക്കുന്നത്. ക്രിസ്തീയകൂടിവരവുകൾക്കുപോലും അവർ അങ്ങനെയാണു വരുന്നത്! മറ്റു ചിലർ മുടി വെട്ടുന്നതിലും മുടി ചീകുന്നതിലും അങ്ങേയറ്റത്തെ ഫാഷൻ അവലംബിക്കുന്നു. (1 തിമൊ. 2:9, 10) ഫലമോ? ഒരു കൂട്ടത്തിലായിരിക്കുമ്പോൾ അവർ യഹോവയ്ക്കുള്ളവരാണോ അതോ ‘ലോകത്തിന്റെ സുഹൃത്തുക്കളാണോ’ എന്നു തിരിച്ചറിയുക ബുദ്ധിമുട്ടാണ്.—യാക്കോ. 4:4.
13 മറ്റു ചില കാര്യങ്ങളിലും സാക്ഷികളിൽ ചിലർ ലോകത്തിന്റെ രീതികൾ ഉപേക്ഷിച്ചിട്ടില്ല. കൂടിവരവുകളിലെ ചില തരം ഡാൻസും മറ്റു പ്രവർത്തനങ്ങളും ക്രിസ്ത്യാനികൾക്കു സ്വീകാര്യമായിരിക്കുന്ന എല്ലാ അതിർവരമ്പുകളും ലംഘിക്കുന്നതാണ്. ആത്മീയവ്യക്തികൾക്ക് ഒട്ടും ചേരാത്ത വിധത്തിലുള്ള സ്വന്തം ഫോട്ടോകളും അഭിപ്രായങ്ങളും സോഷ്യൽമീഡിയയിൽ അവർ പോസ്റ്റ് ചെയ്യാറുണ്ട്. ഒരുപക്ഷേ ഏതെങ്കിലും ഗുരുതരമായ പാപം ചെയ്തതിന്റെ പേരിൽ അവർക്കെതിരെ ക്രിസ്തീയസഭയിൽ ശിക്ഷണനടപടികളൊന്നും എടുത്തിട്ടില്ലായിരിക്കാം. പക്ഷേ നല്ല പെരുമാറ്റം കാത്തുസൂക്ഷിക്കാൻ കഠിനമായി ശ്രമിക്കുന്ന, യഹോവയുടെ ജനത്തിന് ഇടയിലെ അവരുടെ സമപ്രായക്കാർക്ക് ഇത്തരക്കാർ മോശമായ സ്വാധീനമായേക്കാം.—1 പത്രോസ് 2:11, 12 വായിക്കുക.
14. യഹോവയുമായുള്ള നമ്മുടെ പ്രത്യേകബന്ധം സംരക്ഷിക്കാൻ നമ്മൾ എന്തു ചെയ്യണം?
14 “ജഡത്തിന്റെ മോഹം, കണ്ണിന്റെ മോഹം, വസ്തുവകകൾ പൊങ്ങച്ചത്തോടെ പ്രദർശിപ്പിക്കൽ” ഇക്കാര്യങ്ങളെല്ലാം ലോകം അത്യുത്സാഹത്തോടെ ഉന്നമിപ്പിക്കുകയാണ്. (1 യോഹ. 2:16) എന്നാൽ നമ്മൾ യഹോവയ്ക്കുള്ളവരായതുകൊണ്ട് “അഭക്തിയും ലൗകികമോഹങ്ങളും തള്ളിക്കളഞ്ഞ് സുബോധത്തോടെയും നീതിനിഷ്ഠയോടെയും ദൈവഭക്തിയോടെയും ഈ വ്യവസ്ഥിതിയിൽ ജീവിക്കാൻ” നമ്മളോട് ആവശ്യപ്പെട്ടിരിക്കുന്നു. (തീത്തോ. 2:12) നമ്മുടെ സംസാരം, തീറ്റി, കുടി, വസ്ത്രധാരണം, ചമയം, ജോലി എന്നുവേണ്ട എല്ലാ കാര്യങ്ങളിലും നമ്മളെ നിരീക്ഷിക്കുന്നവർക്കു നമ്മൾ യഹോവയ്ക്കുള്ളവരാണെന്നു മനസ്സിലാകണം.—1 കൊരിന്ത്യർ 10:31, 32 വായിക്കുക.
‘പരസ്പരം അഗാധമായി സ്നേഹിച്ചുകൊണ്ട്’
15. നമ്മൾ സഹാരാധകരോടു ദയയോടെയും സ്നേഹത്തോടെയും ഇടപെടേണ്ടത് എന്തുകൊണ്ട്?
15 സഹാരാധകരോട് എങ്ങനെ ഇടപെടുന്നു എന്നതും യഹോവയുമായുള്ള സൗഹൃദത്തെ നമ്മൾ വിലപ്പെട്ടതായി കാണുന്നുണ്ടോ എന്നു തെളിയിക്കും. അവരും യഹോവയ്ക്കുള്ളവരാണ്. അക്കാര്യം എപ്പോഴും നമ്മുടെ മനസ്സിലുണ്ടെങ്കിൽ നമ്മൾ ദയയോടെയും സ്നേഹത്തോടെയും സഹോദരങ്ങളോട് ഇടപെടും. (1 തെസ്സ. 5:15) യേശു ശിഷ്യന്മാരോട് ഇങ്ങനെ പറഞ്ഞു: “നിങ്ങളുടെ ഇടയിൽ സ്നേഹമുണ്ടെങ്കിൽ, നിങ്ങൾ എന്റെ ശിഷ്യന്മാരാണെന്ന് എല്ലാവരും അറിയും.”—യോഹ. 13:35.
16. തന്റെ ജനത്തെ യഹോവ എത്ര കരുതലോടെയാണു കാണുന്നതെന്നു മനസ്സിലാക്കാൻ മോശയുടെ നിയമത്തിലെ ഒരു ഉദാഹരണം പറയുക.
16 സഹോദരങ്ങളോടു നമ്മൾ എങ്ങനെ ഇടപെടണമെന്നു മനസ്സിലാക്കാൻ ഇക്കാര്യം ചിന്തിക്കുക. യഹോവയുടെ ആലയത്തിലെ ഉപകരണങ്ങൾ സത്യാരാധനയ്ക്കുവേണ്ടി മാത്രമായി വേർതിരിച്ചവയായിരുന്നു. ഈ ഉപകരണങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണമെന്നു മോശയുടെ നിയമത്തിൽ വ്യക്തമായ നിർദേശങ്ങൾ നൽകിയിരുന്നു. അതു ലംഘിക്കുന്നവർക്കു മരണശിക്ഷയാണു ലഭിച്ചിരുന്നത്. (സംഖ്യ 1:50, 51) തന്റെ ആരാധനയിൽ ഉപയോഗിച്ചിരുന്ന ജീവനില്ലാത്ത ഉപകരണങ്ങളുടെ കാര്യത്തിൽ യഹോവ അത്ര ശ്രദ്ധിച്ചെങ്കിൽ സ്വന്തം ജനമായി തിരഞ്ഞെടുത്തിരിക്കുന്ന, തനിക്കു സമർപ്പിച്ചിരിക്കുന്ന വിശ്വസ്തരായ ആരാധകരുടെ ക്ഷേമത്തിൽ യഹോവ എത്ര ശ്രദ്ധയുള്ളവനായിരിക്കും! ഒരിക്കൽ യഹോവ തന്റെ ജനത്തോടു സംസാരിച്ചപ്പോൾ ഇങ്ങനെ പറഞ്ഞു: “നിങ്ങളെ തൊടുന്നവൻ എന്റെ കണ്ണിലെ കൃഷ്ണമണിയെ തൊടുന്നു.”—സെഖ. 2:8.
17. യഹോവ ‘ശ്രദ്ധയോടെ കേട്ടുകൊണ്ടിരിക്കുന്നത്’ എന്താണ്?
17 തന്റെ ജനം തമ്മിൽത്തമ്മിൽ സംസാരിക്കുകയും ഇടപെടുകയും ചെയ്യുന്നത് യഹോവ ‘ശ്രദ്ധയോടെ കേട്ടുകൊണ്ടിരിക്കുകയാണ്’ എന്നു മലാഖി എഴുതി. (മലാ. 3:16) തീർച്ചയായും “യഹോവ തനിക്കുള്ളവരെ അറിയുന്നു.” (2 തിമൊ. 2:19) നമ്മൾ പറയുന്നതും ചെയ്യുന്നതും ആയ ഓരോ കാര്യവും യഹോവ അറിയുന്നുണ്ട്. (എബ്രാ. 4:13) നമ്മൾ ദയയോടെയല്ല സഹാരാധകരോട് ഇടപെടുന്നതെങ്കിൽ യഹോവ അതു ശ്രദ്ധിക്കും. അതേസമയം നമ്മൾ ആതിഥ്യവും ഔദാര്യവും ക്ഷമയും ദയയും കാണിക്കുമ്പോൾ അതും യഹോവയുടെ കണ്ണിൽപ്പെടാതെ പോകില്ലെന്ന കാര്യത്തിൽ നമുക്ക് ഉറപ്പുണ്ടായിരിക്കാം.—എബ്രാ. 13:16; 1 പത്രോ. 4:8, 9.
“യഹോവ തന്റെ ജനത്തെ ഉപേക്ഷിക്കില്ല”
18. യഹോവയുടെ ജനമായിരിക്കാനുള്ള പദവി തന്നതിനു നമുക്ക് എങ്ങനെ നന്ദി കാണിക്കാം?
18 തന്റെ ജനമായിരിക്കാനുള്ള പദവി തന്നതിന് യഹോവയോടു നന്ദി കാണിക്കാൻ നമ്മളെല്ലാം അതിയായി ആഗ്രഹിക്കുന്നു. നമ്മളെത്തന്നെ യഹോവയ്ക്കു സ്വമനസ്സാലെ സമർപ്പിച്ചുകൊണ്ട് നമ്മൾ യഹോവയ്ക്കുള്ളവരാണെന്ന കാര്യം അംഗീകരിക്കുന്നു. അതാണു ജ്ഞാനമെന്നു നമുക്ക് അറിയാം. “വക്രതയുള്ളതും വഴിപിഴച്ചതും ആയ ഒരു തലമുറയിൽ” ആണ് നമ്മൾ ജീവിക്കുന്നത്. എങ്കിലും “കുറ്റമറ്റവരും നിഷ്കളങ്കരും ആയി” നമ്മൾ ‘ഈ ലോകത്തിൽ ജ്യോതിസ്സുകളെപ്പോലെ പ്രകാശിക്കുന്നത്’ മറ്റുള്ളവർ കാണണമെന്നു നമ്മൾ ആഗ്രഹിക്കുന്നു. (ഫിലി. 2:15) മോശമായതിന് എതിരെ നമ്മൾ ഒരു ഉറച്ച നിലപാടെടുക്കുന്നു. (യാക്കോ. 4:7) അതുപോലെ, സഹാരാധകരും യഹോവയ്ക്കുള്ളവരാണെന്നു മനസ്സിലാക്കിക്കൊണ്ട് അവരെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു.—റോമ. 12:10.
19. തനിക്കുള്ളവർക്ക് യഹോവ എങ്ങനെയാണു പ്രതിഫലം കൊടുക്കുന്നത്?
19 “യഹോവ തന്റെ ജനത്തെ ഉപേക്ഷിക്കില്ല” എന്നു ബൈബിൾ വാഗ്ദാനം ചെയ്യുന്നു. (സങ്കീ. 94:14) ഇത് ഉറപ്പുള്ള ഒരു വാഗ്ദാനമാണ്, എന്തൊക്കെ സംഭവിച്ചാലും യഹോവ നമ്മുടെകൂടെയുണ്ടായിരിക്കും. യഹോവയ്ക്കു നമ്മളോടുള്ള സ്നേഹത്തെ തടയാൻ മരണത്തിനുപോലുമാകില്ല. (റോമ. 8:38, 39) “ജീവിക്കുന്നെങ്കിൽ നമ്മൾ യഹോവയ്ക്കുവേണ്ടി ജീവിക്കുന്നു. മരിക്കുന്നെങ്കിൽ നമ്മൾ യഹോവയ്ക്കുവേണ്ടി മരിക്കുന്നു. അതുകൊണ്ട് ജീവിച്ചാലും മരിച്ചാലും നമ്മൾ യഹോവയ്ക്കുള്ളവരാണ്.” (റോമ. 14:8) മരിച്ചുപോയ തന്റെ വിശ്വസ്തരായ എല്ലാ സുഹൃത്തുക്കളെയും യഹോവ തിരികെ കൊണ്ടുവരുന്ന ദിവസത്തിനായി നമ്മൾ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. (മത്താ. 22:32) ഇപ്പോൾപ്പോലും നമ്മൾ അനേകം അനുഗ്രഹങ്ങൾ ആസ്വദിക്കുന്നുണ്ട്. ബൈബിൾ പറയുന്നു: “യഹോവ ദൈവമായുള്ള ജനത, തന്റെ സ്വത്തായി ദൈവം തിരഞ്ഞെടുത്ത ജനം, സന്തുഷ്ടർ.”—സങ്കീ. 33:12.