യഹോവയുടെ ദിവസം സമീപിച്ചിരിക്കുന്നു
“മൂപ്പന്മാരേ, ഇതു കേൾപ്പിൻ; ദേശത്തിലെ സകലനിവാസികളുമായുള്ളോരേ, ചെവിക്കൊൾവിൻ.”—യോവേൽ 1:2.
1, 2. യഹൂദയിലെ ഏതു സ്ഥിതിവിശേഷം നിമിത്തമാണ് ശക്തമായ പ്രവചനം നടത്താൻ യഹോവ യോവേലിനെ നിശ്വസ്തനാക്കിയത്?
“ആ ദിവസം അയ്യോ കഷ്ടം! യഹോവയുടെ ദിവസം അടുത്തിരിക്കുന്നു. അതു സർവ്വശക്തന്റെ പക്കൽനിന്നു സംഹാരംപോലെ വരുന്നു”! എത്ര ഗംഭീരമായ പ്രഖ്യാപനം! അതു തന്റെ ജനത്തിനായി യോവേൽ പ്രവാചകനിലൂടെ പ്രഖ്യാപിക്കപ്പെട്ട ദൈവത്തിന്റെ സന്ദേശമായിരുന്നു.
2 യോവേൽ 1:15-ലെ ആ വാക്കുകൾ യഹൂദയിൽവെച്ച് പൊ.യു.മു. 820-നോടടുത്തു രേഖപ്പെടുത്തപ്പെട്ടിരിക്കാനാണു സാധ്യത. അപ്പോൾ ആ ദേശം ഹരിതമനോഹരമായ കുന്നുകളാൽ അലങ്കൃതമായിരുന്നു. പഴവർഗങ്ങളും ധാന്യങ്ങളും സമൃദ്ധമായിരുന്നു. ഹരിതാഭമായ മേച്ചിൽപ്പുറങ്ങളാകട്ടെ വിശാലവുമായിരുന്നു. എങ്കിലും, എവിടെയോ വലിയ കുഴപ്പം സംഭവിച്ചിരുന്നു. ബാലാരാധന യെരൂശലേമിലും യഹൂദാദേശത്തും തഴച്ചുവളർന്നു. ആളുകൾ വ്യാജദൈവത്തിന്റെ മുമ്പിൽ കുടിച്ചുകൂത്താടി. (2 ദിനവൃത്താന്തം 21:4-6, 11 താരതമ്യം ചെയ്യുക.) ഇതെല്ലാം തുടരാൻ യഹോവ അനുവദിക്കുമായിരുന്നോ?
3. എന്തിനെക്കുറിച്ചാണ് യഹോവ മുന്നറിയിപ്പു നൽകിയത്, ജനതകൾ എന്തിനായി ഒരുങ്ങണം?
3 യോവേൽ എന്ന ബൈബിൾപുസ്തകം ഇതിനു വ്യക്തമായ ഉത്തരം നൽകുന്നു. യഹോവയാം ദൈവം തന്റെ പരമാധികാരം സംസ്ഥാപിക്കുകയും തന്റെ പവിത്രനാമം വിശുദ്ധീകരിക്കുകയും ചെയ്യുമായിരുന്നു. യഹോവയുടെ മഹാദിവസം സമീപിച്ചിരുന്നു. അന്നു ദൈവം “യഹോശാഫാത്ത് താഴ്വരയി”ലെ എല്ലാ ജനതകളുടെമേലും ന്യായവിധി നടത്തുമായിരുന്നു. (യോവേൽ 3:12) അവർ സർവശക്തനായ യഹോവയുമായി യുദ്ധത്തിന് ഒരുങ്ങട്ടെ. നാമും യഹോവയുടെ മഹാദിവസത്തെ അഭിമുഖീകരിക്കുകയാണ്. അതുകൊണ്ട് നമ്മുടെ കാലത്തെയും ഗതകാലത്തെയും സംബന്ധിച്ച യോവേലിന്റെ പ്രാവചനിക വാക്കുകൾ നമുക്കൊന്നു സൂക്ഷ്മമായി പരിശോധിക്കാം.
കീടങ്ങളുടെ ആക്രമണം
4. യോവേൽ മുന്നറിയിപ്പു നൽകിയ സംഭവം എത്ര വലുതായിരിക്കും?
4 തന്റെ പ്രവാചകൻ മുഖാന്തരം യഹോവ പറയുന്നു: “മൂപ്പന്മാരേ, ഇതു കേൾപ്പിൻ; ദേശത്തിലെ സകലനിവാസികളുമായുള്ളോരേ, ചെവിക്കൊൾവിൻ; നിങ്ങളുടെ കാലത്തോ നിങ്ങളുടെ പിതാക്കന്മാരുടെ കാലത്തോ ഇങ്ങനെ സംഭവിച്ചിട്ടുണ്ടോ? ഇതു നിങ്ങൾ നിങ്ങളുടെ മക്കളോടും നിങ്ങളുടെ മക്കൾ തങ്ങളുടെ മക്കളോടും അവരുടെ മക്കൾ വരുവാനുള്ള തലമുറയോടും വിവരിച്ചുപറയേണം.” (യോവേൽ 1:2, 3) മൂപ്പന്മാർക്കും മുഴുജനങ്ങൾക്കും തങ്ങളുടെ കാലത്തോ പൂർവപിതാക്കന്മാരുടെ കാലത്തോ സംഭവിച്ചിട്ടില്ലാത്ത ഒന്നു പ്രതീക്ഷിക്കാമായിരുന്നു. മൂന്നാമത്തെ തലമുറയോടുപോലും വിവരിക്കുമാറ് അത്ര അസാധാരണമായിരിക്കുമായിരുന്നു അത്! ആ ശ്രദ്ധേയമായ സംഭവം എന്തായിരുന്നു? അതു മനസ്സിലാക്കാൻ, നാം യോവേലിന്റെ നാളുകളിലാണെന്നു സങ്കൽപ്പിക്കാം.
5, 6. (എ) യോവേൽ പ്രവചിക്കുന്ന ബാധയെ വർണിക്കുക. (ബി) ആ ബാധയുടെ ഉറവ് ആരായിരുന്നു?
5 ശ്രദ്ധിക്കുവിൻ! യോവേൽ അകലെനിന്നൊരു ഗർജനം കേൾക്കുന്നു. ആകാശം ഇരുളുന്നു, ഇരുട്ടു വ്യാപിക്കവേ പേടിപ്പെടുത്തുന്ന ആ ശബ്ദം വർധിച്ചുവരുന്നു. പിന്നെ പുകപോലുള്ള ഒരു മേഘപടലം താണിറങ്ങുന്നു. അതു കോടിക്കണക്കിനുവരുന്ന കീടങ്ങളുടെ ഒരു സൈന്യമാണ്. എന്തൊരു വിനാശമാണ് അവ വരുത്തുന്നത്! ഇനി, യോവേൽ 1:4 പരിചിന്തിക്കുക. ഈ കീടങ്ങളാകുന്ന ആക്രമണകാരികൾ ദേശാന്തരഗമനം നടത്തുന്ന ചിറകുള്ള വെട്ടുക്കിളികൾ മാത്രമല്ല, നിശ്ചയം! ചിറകില്ലാത്ത, ഇഴഞ്ഞുനീങ്ങുന്ന വെട്ടുക്കിളികളുടെ വിശന്നുവലഞ്ഞ ഒരു സൈന്യവും വരുന്നുണ്ട്. കാറ്റത്തെത്തുന്ന ഈ വെട്ടുക്കിളികൾ പെട്ടെന്നു വരുന്നു, രഥങ്ങളുടേതുപോലുള്ള ശബ്ദമാണ് അവയ്ക്കുള്ളത്. (യോവേൽ 2:5) ഭയങ്കരമായ വിശപ്പുനിമിത്തം കോടിക്കണക്കിനുവരുന്ന ഈ വെട്ടുക്കിളികൾക്ക് ഒരു പറുദീസാസമാന ദേശം ക്ഷണനേരംകൊണ്ട് മരുഭൂമിയാക്കി മാറ്റാനാകും.
6 ലാർവാദശയിലുള്ള പുഴുക്കളോ ചിത്രശലഭങ്ങളോ ആയ ശലഭപ്പുഴുക്കളും മുന്നേറുകയാണ്. വിശന്നുവലഞ്ഞ ശലഭപ്പുഴുക്കളുടെ മഹാസൈന്യങ്ങൾക്ക് പച്ചപ്പിന്റെ അംശംപോലും ഇല്ലാതാകുംവരെ തുണ്ടുകളായി, ഓരോ ഇലകളായി ചെടികൾ തിന്നുതീർക്കാനാകും. അവ ശേഷിപ്പിക്കുന്നതിൽ അധികഭാഗവും വെട്ടുക്കിളികൾ തിന്നൊടുക്കുന്നു. വെട്ടുക്കിളികൾ അവശേഷിപ്പിക്കുന്നത് ദ്രുതവേഗത്തിൽ നീങ്ങുന്ന പാറ്റകൾ ആഹാരമാക്കുന്നു. എന്നാൽ ഇതു ശ്രദ്ധിക്കൂ: യോവേൽ 2-ാമധ്യായത്തിന്റെ 11-ാം വാക്യത്തിൽ വെട്ടുക്കിളിസൈന്യത്തെ “തന്റെ സൈന്യ”മായി ദൈവം തിരിച്ചറിയിക്കുന്നു. അതേ, ദേശത്തെ ശൂന്യമാക്കുന്ന വെട്ടുക്കിളിബാധയുടെ ഉറവ് അവനായിരുന്നു. അതു കടുത്ത ക്ഷാമത്തിനിടയാക്കുന്നു. എപ്പോൾ? “യഹോവയുടെ ദിവസ”ത്തിനു തൊട്ടുമുമ്പ്.
‘മദ്യപന്മാരേ, ഉണരുവിൻ’
7. (എ) യഹൂദയിലെ മതനേതാക്കന്മാരുടെ അവസ്ഥ എന്തായിരുന്നു? (ബി) ക്രൈസ്തവലോകത്തിലെ നേതാക്കന്മാർ ഇന്ന് യഹൂദയിലെ മതനേതാക്കന്മാരുടേതിനോടു സമാനമായ അവസ്ഥയിലായിരിക്കുന്നത് എങ്ങനെ?
7 “മദ്യപന്മാരേ, ഉണർന്നു കരവിൻ; വീഞ്ഞു കുടിക്കുന്ന ഏവരുമായുള്ളോരേ, പുതുവീഞ്ഞു നിങ്ങളുടെ വായ്ക്കു അറ്റുപോയിരിക്കയാൽ മുറയിടുവിൻ” എന്ന കൽപ്പന പുറപ്പെടുവിക്കുമ്പോൾ നിന്ദ്യമായൊരു കൂട്ടത്തെ, യഹൂദയിലെ മതനേതാക്കന്മാരെ എടുത്തുകാട്ടുന്നു. (യോവേൽ 1:5) അതേ, യഹൂദയിലെ ആത്മീയ മദ്യപാനികളോട് ‘ഉണരാൻ,’ ഗൗരവമാനസരാകാൻ ആവശ്യപ്പെട്ടു. എന്നാൽ ഇതു കേവലമൊരു പുരാതന ചരിത്രമാണെന്നു നിരൂപിക്കരുത്. യഹോവയുടെ മഹാദിവസത്തിനുമുമ്പ് ഇപ്പോൾ ക്രൈസ്തവലോകത്തിലെ പുരോഹിതവർഗം ആലങ്കാരികാർഥത്തിൽ “പുതുവീഞ്ഞു” കുടിച്ചു മത്തരായിരിക്കുകയാണ്. അതുകൊണ്ട്, അത്യുന്നതനിൽനിന്നുള്ള ഈ ആജ്ഞയെക്കുറിച്ച് അവർ ബോധവാന്മാരല്ല. യഹോവയുടെ വലുതും ഭയജനകവുമായ ദിവസം ആത്മീയമായി മത്തുപിടിച്ചതുമൂലമുള്ള മന്ദതയിൽനിന്ന് അവരെ ഉണർത്തുമ്പോൾ എന്തൊരു അമ്പരപ്പായിരിക്കും അവർക്കുണ്ടാകുക!
8, 9. (എ) വെട്ടുക്കിളികളെയും അവ വരുത്തുന്ന ബാധയുടെ ഫലത്തെയും യോവേൽ വിവരിക്കുന്നതെങ്ങനെ? (ബി) ഇന്ന് വെട്ടുക്കിളികൾ ആരെ പ്രതിനിധാനം ചെയ്യുന്നു?
8 ആ മഹാ വെട്ടുക്കിളിസൈന്യത്തെ നോക്കൂ! “ശക്തിയുള്ളതും സംഖ്യയില്ലാത്തതുമായോരു ജാതി എന്റെ ദേശത്തിന്റെ നേരെ വന്നിരിക്കുന്നു; അതിന്റെ പല്ലു സിംഹത്തിന്റെ പല്ലു; സിംഹിയുടെ അണപ്പല്ലു അതിന്നുണ്ടു. അതു എന്റെ മുന്തിരിവള്ളിയെ ശൂന്യമാക്കി എന്റെ അത്തിവൃക്ഷത്തെ ഒടിച്ചുകളഞ്ഞു; അതിനെ മുഴുവനും തോലുരിച്ചു എറിഞ്ഞുകളഞ്ഞു; അതിന്റെ കൊമ്പുകൾ വെളുത്തുപോയിരിക്കുന്നു. യൌവനത്തിലെ ഭർത്താവിനെച്ചൊല്ലി രട്ടുടുത്തിരിക്കുന്ന കന്യകയെപ്പോലെ വിലപിക്ക.”—യോവേൽ 1:6-8.
9 ഇതു യഹൂദയെ ആക്രമിക്കുന്ന വെട്ടുക്കിളികളുടെ ഒരു ‘ജാതി’യെ, ഒരു വെട്ടുക്കിളിസംഘത്തെക്കുറിച്ചുള്ള പ്രവചനമാണോ? അല്ല, അതിലുമേറെ ഇതിൽ ഉൾപ്പെട്ടിരിക്കുന്നു. യോവേൽ 1:6-ലും വെളിപ്പാടു 9:7-ലും ദൈവജനത്തെ വെട്ടുക്കിളികളായി പ്രതിനിധാനം ചെയ്തിരിക്കുന്നു. ആധുനികകാല വെട്ടുക്കിളിസൈന്യം യഹോവയുടെ അഭിഷിക്ത വെട്ടുക്കിളി സേനയല്ലാതെ മറ്റാരുമല്ല. ഇപ്പോൾ യേശുവിന്റെ “വേറെ ആടുക”ളിൽപ്പെട്ട 56,00,000-ത്തോളം പേർ അവരോടു ചേർന്നിരിക്കുന്നു. (യോഹന്നാൻ 10:16) യഹോവയുടെ ആരാധകരുടെ ഈ വൻസംഘത്തിന്റെ ഭാഗമായിരിക്കുന്നതിൽ നിങ്ങൾ ആഹ്ലാദിക്കുന്നില്ലേ?
10. യഹൂദയുടെമേൽ ഉണ്ടായ വെട്ടുക്കിളിബാധയുടെ ഫലമെന്താണ്?
10 യോവേൽ 1:9-12-ൽ ഈ വെട്ടുക്കിളിബാധയുടെ ഫലങ്ങളെക്കുറിച്ചു നാം വായിക്കുന്നു. ഒന്നിനുപുറകെ ഒന്നായി വെട്ടുക്കിളിസംഘങ്ങൾ ദേശത്തെ പൂർണമായും ശൂന്യമാക്കുന്നു. ധാന്യവും വീഞ്ഞും എണ്ണയുമില്ലാതെ അവിശ്വസ്ത പുരോഹിതന്മാർക്കു തങ്ങളുടെ പ്രവർത്തനങ്ങൾ തുടരാനാവില്ല. നിലംപോലും വിലപിക്കുന്നു, എന്തെന്നാൽ വെട്ടുക്കിളികൾ ദേശത്തെ ധാന്യമൊക്കെയും നശിപ്പിച്ചു, ഫലവൃക്ഷങ്ങളിലൊന്നും കനികൾ ശേഷിക്കുന്നില്ല. മുന്തിരിവള്ളികൾ നശിച്ചതോടെ, ആത്മീയ മദ്യപാനികൾ കൂടിയായിരുന്ന, ബാലിന്റെ വീഞ്ഞുകുടിയന്മാർക്കു വീഞ്ഞില്ലാതായി.
‘പുരോഹിതന്മാരേ, മുറയിടുവിൻ’
11, 12. (എ) ഇന്ന് ദൈവത്തിന്റെ പുരോഹിതന്മാരെന്ന് അവകാശപ്പെടുന്നത് ആർ? (ബി) ക്രൈസ്തവലോകത്തിലെ മതപുരോഹിതന്മാരുടെമേൽ ആധുനികകാല വെട്ടുക്കിളിബാധയുടെ ഫലം എങ്ങനെയുള്ളതാണ്?
11 വഴിപിഴച്ച ആ പുരോഹിതന്മാർക്കുള്ള ദൈവസന്ദേശം ശ്രദ്ധിക്കുക: “പുരോഹിതന്മാരേ, രട്ടുടുത്തു വിലപിപ്പിൻ; യാഗപീഠത്തിന്റെ ശുശ്രൂഷകന്മാരേ, മുറയിടുവിൻ.” (യോവേൽ 1:13) യോവേൽപ്രവചനത്തിന്റെ പ്രാഥമിക നിവൃത്തിയിൽ ലേവ്യപുരോഹിതന്മാർ യാഗപീഠത്തിങ്കൽ സേവിച്ചിരുന്നു. എന്നാൽ ഒടുവിലത്തെ നിവൃത്തിയിലോ? ഇന്ന്, ക്രൈസ്തവലോകത്തിലെ പുരോഹിതന്മാർ ദൈവത്തിന്റെ ശുശ്രൂഷകരാണെന്ന്, അവന്റെ ‘പുരോഹിതന്മാരാ’ണെന്ന് അവകാശപ്പെട്ടുകൊണ്ട് ദൈവത്തിന്റെ യാഗപീഠത്തിങ്കൽ സേവിക്കുന്നതിനുള്ള അധികാരം ഏറ്റെടുത്തിരിക്കുന്നു. എന്നാൽ, ദൈവത്തിന്റെ ആധുനികകാല വെട്ടുക്കിളികൾ മുന്നേറാൻ ഇടയാകുമാറ് ഇപ്പോൾ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്?
12 യഹോവയുടെ ജനം കർമനിരതരായിരിക്കുന്നത് കാണുകയും ദിവ്യന്യായവിധിയെക്കുറിച്ചുള്ള അവരുടെ മുന്നറിയിപ്പ് കേൾക്കുകയും ചെയ്യുമ്പോൾ ക്രൈസ്തവലോകത്തിലെ “പുരോഹിതന്മാർ” പരിഭ്രാന്തരാകുന്നു. രാജ്യസന്ദേശത്തിന്റെ വിനാശഫലത്താൽ വലഞ്ഞ് അവർ വിലപിക്കുകയും കോപാക്രാന്തരാകുകയും ചെയ്യുന്നു. ആടുകൾ തങ്ങളെ വിട്ടുപോകുന്നതിൽ അവർ അലമുറയിടുന്നു. തങ്ങളുടെ മേച്ചിൽസ്ഥലങ്ങൾ തരിശാക്കപ്പെടുന്നതിനാൽ, വരുമാനനഷ്ടത്തെക്കുറിച്ച് വിലപിച്ചുകൊണ്ട് രട്ടുടുത്ത് അവർ രാത്രി കഴിച്ചുകൂട്ടട്ടെ. താമസിയാതെ, അവർക്കു പുരോഹിതവൃത്തിയും നഷ്ടമാകും! വാസ്തവത്തിൽ, അവരുടെ അന്ത്യം അടുത്തിരിക്കുന്നതിനാൽ മുഴുരാത്രിയും വിലപിക്കാൻ ദൈവം അവരോടു പറയുന്നു.
13. ക്രൈസ്തവലോകം ഒന്നടങ്കം യഹോവയുടെ മുന്നറിയിപ്പിനോടു പ്രതികരിക്കുമോ?
13 യോവേൽ 1:14 പറയുന്നപ്രകാരം, അവർക്കുള്ള ഏക പ്രത്യാശ അനുതപിച്ച് “സഹായത്തിനായി യഹോവയോടു” കരഞ്ഞപേക്ഷിക്കുന്നതു മാത്രമാണ്. ക്രൈസ്തവലോകത്തിലെ പുരോഹിതവർഗം ഒന്നടങ്കം യഹോവയിലേക്കു തിരിയുമെന്നു നമുക്കു പ്രതീക്ഷിക്കാനാകുമോ? തീർച്ചയായുമില്ല! അവരുടെയിടയിലെ ചില വ്യക്തികൾ യഹോവയുടെ മുന്നറിയിപ്പിനോടു പ്രതികരിച്ചേക്കാം. എന്നാൽ ഒരു കൂട്ടമെന്നനിലയിൽ, ഈ മതനേതാക്കന്മാരുടെയും അവരുടെ ഇടവകക്കാരുടെയും ആത്മീയക്ഷാമാവസ്ഥ തീർച്ചയായും തുടരും. പ്രവാചകനായ ആമോസ് ഇങ്ങനെ മുൻകൂട്ടിപ്പറഞ്ഞു: “അപ്പത്തിന്നായുള്ള വിശപ്പല്ല വെള്ളത്തിന്നായുള്ള ദാഹവുമല്ല, യഹോവയുടെ വചനങ്ങളെ കേൾക്കേണ്ടതിന്നുള്ള വിശപ്പുതന്നേ ഞാൻ ദേശത്തേക്കു അയക്കുന്ന നാളുകൾ വരുന്നു എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.” (ആമോസ് 8:11) നേരേമറിച്ച്, “വിശ്വസ്തനും വിവേകിയുമായ അടിമ”യിലൂടെ ദൈവം സ്നേഹപുരസ്സരം നമുക്കേകുന്ന സമൃദ്ധമായ ആത്മീയ വിരുന്നിനെപ്രതി നാമെത്ര നന്ദിയുള്ളവരാണ്!—മത്തായി 24:45-47.
14. വെട്ടുക്കിളിബാധ എന്തിന്റെ മുൻകുറിയാണ്?
14 അന്ന് വെട്ടുക്കിളിബാധ ഒരു പ്രത്യേക സംഗതിയുടെ മുൻകുറി ആയിരുന്നു, ഇന്നുമതെ. എന്തിന്റെ? അതേക്കുറിച്ച് യോവേൽ നമ്മോടു വ്യക്തമായി ഇങ്ങനെ പറയുന്നു: “ആ ദിവസം അയ്യോ കഷ്ടം! യഹോവയുടെ ദിവസം അടുത്തിരിക്കുന്നു. അതു സർവ്വശക്തന്റെ പക്കൽനിന്നു സംഹാരംപോലെ വരുന്നു”! (യോവേൽ 1:15) യഹോവയുടെ വലുതും ഭയങ്കരവുമായ ദിവസം സമീപിച്ചിരിക്കുന്നുവെന്നു ദൈവത്തിന്റെ ഇന്നത്തെ വെട്ടുക്കിളിസൈന്യത്തിന്റെ ലോകവ്യാപക ആക്രമണങ്ങൾ സൂചിപ്പിക്കുന്നു. തീർച്ചയായും, ദുഷ്ടന്മാർക്കെതിരെ ദിവ്യന്യായവിധി നടപ്പാക്കിക്കൊണ്ട് അഖിലാണ്ഡ പരമാധികാരി എന്നനിലയിൽ യഹോവ വിജയിക്കുന്ന ആ പ്രത്യേക കണക്കുതീർപ്പിൻനാളിനായി പരമാർഥഹൃദയരെല്ലാം വളരെയധികം വാഞ്ഛിക്കുന്നു.
15. ദേശത്തിന്റെ ദയനീയസ്ഥിതി കണക്കിലെടുക്കുമ്പോൾ, ദിവ്യമുന്നറിയിപ്പുകൾ ചെവിക്കൊള്ളുന്നവർ എങ്ങനെ പ്രതികരിക്കുന്നു?
15 യോവേൽ 1:16-20 പ്രകടമാക്കുന്നതുപോലെ, പുരാതന യഹൂദയിൽ ഭക്ഷണം ഇല്ലാതായി. സന്തോഷവും. പണ്ടകശാലകൾ ശൂന്യമായി, കളപ്പുരകൾ ഇടിച്ചുകളയേണ്ടിവന്നു. വെട്ടുക്കിളികൾ ദേശത്തെ സസ്യങ്ങളെല്ലാം നശിപ്പിച്ചതിനാൽ, മേച്ചിൽസ്ഥലമില്ലാതെ കന്നുകാലികൾ അലഞ്ഞുഴന്നു നടന്നു. ആട്ടിൻപറ്റങ്ങൾ ചത്തൊടുങ്ങി. എന്തൊരു ദുരന്തം! അത്തരം അവസ്ഥകളിൽ യോവേലിന് എന്തു സംഭവിച്ചു? 19-ാം വാക്യമനുസരിച്ച്, അവൻ പറഞ്ഞു: “യഹോവേ, നിന്നോടു ഞാൻ വിളിച്ചപേക്ഷിക്കാം.” ഇന്നും, ദിവ്യമുന്നറിയിപ്പുകൾ ചെവിക്കൊണ്ട് പലരും യഹോവയാം ദൈവത്തെ വിശ്വാസത്തോടെ വിളിച്ചപേക്ഷിക്കുന്നു.
‘യഹോവയുടെ ദിവസം വരുന്നു’
16. “ദേശത്തിലെ സകലനിവാസികളും” നടുങ്ങിപ്പോകേണ്ടത് എന്തുകൊണ്ട്?
16 ദൈവത്തിൽനിന്നുള്ള ഈ കൽപ്പന ശ്രദ്ധിക്കൂ: “സീയോനിൽ കാഹളം ഊതുവിൻ; എന്റെ വിശുദ്ധപർവ്വതത്തിൽ അയ്യംവിളിപ്പിൻ; . . . ദേശത്തിലെ സകലനിവാസികളും നടുങ്ങിപ്പോകട്ടെ.” (യോവേൽ 2:1) എന്തിന് ഈ വിധത്തിൽ പ്രതികരിക്കണം? പ്രവചനം ഇങ്ങനെ ഉത്തരം പറയുന്നു: “യഹോവയുടെ ദിവസം വരുന്നതുകൊണ്ടും അതു അടുത്തിരിക്കുന്നതുകൊണ്ടും . . . ഇരുട്ടും അന്ധകാരവുമുള്ളോരു ദിവസം; മേഘവും കൂരിരുട്ടുമുള്ളോരു ദിവസം തന്നേ. . . . പർവ്വതങ്ങളിൽ പരന്നിരിക്കുന്ന പ്രഭാതംപോലെ.” (യോവേൽ 2:1, 2) യഹോവയുടെ മഹാദിവസത്തിന് ഒരു യഥാർഥ അടിയന്തിരതയുണ്ട്.
17. യഹൂദാദേശത്തിന്മേലും അതിലെ ജനങ്ങളുടെമേലും വെട്ടുക്കിളിബാധയുടെ ഫലം എങ്ങനെയുള്ളതായിരുന്നു?
17 നിർദയരായ വെട്ടുക്കിളികൾ യഥാർഥത്തിൽ ഏദെൻതോട്ടം പോലിരുന്ന ഒരു സ്ഥലത്തെ ശൂന്യമായ പാഴ്നിലമാക്കി മാറ്റിയപ്പോൾ പ്രവാചകന്റെ ദർശനത്തിനുണ്ടായിരുന്ന സ്വാധീനമൊന്നു വിഭാവന ചെയ്യുക. വെട്ടുക്കിളിസൈന്യത്തെക്കുറിച്ചുള്ള വർണന ശ്രദ്ധിക്കുക: “അവരുടെ രൂപം കുതിരകളുടെ രൂപംപോലെ; അവർ കുതിരച്ചേവകരെപ്പോലെ ഓടുന്നു. അവർ പർവ്വതശിഖരങ്ങളിൽ രഥങ്ങളുടെ മുഴക്കംപോലെ കുതിച്ചുചാടുന്നു; അഗ്നിജ്വാല താളടിയെ ദഹിപ്പിക്കുന്ന ശബ്ദംപോലെയും പടെക്കു നിരന്നുനില്ക്കുന്ന ശക്തിയുള്ള പടജ്ജനം പോലെയും തന്നേ. അവരുടെ മുമ്പിൽ ജാതികൾ നടുങ്ങുന്നു; സകലമുഖങ്ങളും വിളറിപ്പോകുന്നു.” (യോവേൽ 2:4-6) യോവേലിന്റെ നാളിലെ വെട്ടുക്കിളിബാധയുടെ സമയത്ത് ബാലാരാധകരുടെ മനോവേദന രൂക്ഷമായി. ഉത്കണ്ഠയുടെ ആധിക്യം അവരുടെ മുഖത്തു ദൃശ്യമായിരുന്നു.
18, 19. ഇന്ന് ദൈവജനത്തിന്റെ പ്രവർത്തനം വെട്ടുക്കിളിബാധപോലെ ആയിരുന്നിട്ടുള്ളത് എങ്ങനെ?
18 സംഘടിതരും അക്ഷീണരുമായ വെട്ടുക്കിളികളെ യാതൊന്നിനും തടുത്തുനിർത്താനായില്ല. അവർ “വീരന്മാരെപ്പോലെ” ഓടുകയും മതിലുകൾ കയറുകയും ചെയ്തു. ‘അവരിൽ ചിലർ ആയുധങ്ങൾക്കിടയിൽ വീണാലും, മറ്റുള്ളവർ താന്താന്റെ പാതയിൽ നേരെ നടക്കുന്നു.’ (യോവേൽ 2:7, 8) ദൈവത്തിന്റെ ഇന്നത്തെ ആലങ്കാരിക വെട്ടുക്കിളിസൈന്യത്തിന്റെ എത്ര വ്യക്തമായ പ്രാവചനിക ചിത്രം! ഇന്നും യഹോവയുടെ വെട്ടുക്കിളിസൈന്യം മുന്നേറിക്കൊണ്ടിരിക്കുന്നു. എതിർപ്പിന്റെ “മതിലുക”ളൊന്നും അവർക്കു തടസ്സമല്ല. ദൈവത്തോടുള്ള നിർമലതയുടെ കാര്യത്തിൽ അവർ വിട്ടുവീഴ്ച ചെയ്യുന്നില്ല. എന്നാൽ നാസി ജർമനിയിലെ ഹിറ്റ്ലറെ വാഴ്ത്താൻ വിസമ്മതിച്ച് ‘ആയുധങ്ങൾക്കിടയിൽ വീണ’ ആയിരക്കണക്കിനു സാക്ഷികളെപ്പോലെ അവർ മരണം വരിക്കാൻ മനസ്സൊരുക്കം കാട്ടുന്നു.
19 ദൈവത്തിന്റെ ആധുനികകാല വെട്ടുക്കിളിസൈന്യം ക്രൈസ്തവലോകമാകുന്ന “പട്ടണത്തിൽ” സമ്പൂർണ സാക്ഷ്യം കൊടുത്തിരിക്കുന്നു. (യോവേൽ 2:9) ലോകത്തിലുടനീളം അവർ അങ്ങനെ ചെയ്തിരിക്കുന്നു. ഇപ്പോഴും അനേകം പ്രതിബന്ധങ്ങൾ തരണം ചെയ്തുകൊണ്ട് യഹോവയുടെ സന്ദേശം പ്രഖ്യാപിക്കവേ അവർ കോടിക്കണക്കിനു ഭവനങ്ങൾ സന്ദർശിക്കുകയും തെരുവിലുള്ള ആളുകളെ സമീപിക്കുകയും ഫോണിലൂടെ ആളുകളോടു സംസാരിക്കുകയും സാധ്യമായ മറ്റു വിധങ്ങളിൽ അവരുമായി ബന്ധപ്പെടുകയും ചെയ്യുന്നു. തീർച്ചയായും, അവർ ശതകോടിക്കണക്കിനു ബൈബിൾ പ്രസിദ്ധീകരണങ്ങൾ വിതരണം ചെയ്തിരിക്കുന്നു, പരസ്യമായും വീടുതോറും അനവരതം നടത്തിക്കൊണ്ടിരിക്കുന്ന ശുശ്രൂഷയിൽ അവർ അനേകം പ്രസിദ്ധീകരണങ്ങൾ ഇനിയും വിതരണം ചെയ്യും.—പ്രവൃത്തികൾ 20:20, 21.
20. ആധുനികകാല വെട്ടുക്കിളികളെ പിന്തുണയ്ക്കുന്നത് ആർ, എന്തു ഫലങ്ങളോടെ?
20 വെട്ടുക്കിളികളുടെ ഒരു വൻസൈന്യം സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും മറയ്ക്കുന്ന ഒരു മേഘം പോലെയാണെന്നു യോവേൽ 2:10 പ്രകടമാക്കുന്നു. (യെശയ്യാവു 60:8 താരതമ്യം ചെയ്യുക.) ഈ സൈന്യത്തിന്റെ പിന്നിൽ ആരാണെന്ന കാര്യത്തിൽ എന്തെങ്കിലും സംശയമുണ്ടോ? വെട്ടുക്കിളികളുടെ ആരവത്തെയും കവിഞ്ഞ് യോവേൽ 2:11-ലെ ഈ വാക്കുകൾ നാം കേൾക്കുന്നു: “യഹോവ തന്റെ സൈന്യത്തിൻമുമ്പിൽ മേഘനാദം കേൾപ്പിക്കുന്നു; അവന്റെ പാളയം അത്യന്തം വലുതും അവന്റെ വചനം അനുഷ്ഠിക്കുന്നവൻ ശക്തിയുള്ളവനും തന്നേ; യഹോവയുടെ ദിവസം വലുതും അതിഭയങ്കരവുമാകുന്നു; സഹിക്കാകുന്നവൻ ആർ?” അതേ, തന്റെ മഹാദിവസത്തിനുമുമ്പായി യഹോവയാം ദൈവം ഇപ്പോൾ വെട്ടുക്കിളിസൈന്യത്തെ അയയ്ക്കുകയാണ്.
‘യഹോവ താമസിക്കുന്നില്ല’
21. ‘യഹോവയുടെ ദിവസം കള്ളനെപ്പോലെ വരുമ്പോൾ’ എന്തു സംഭവിക്കും?
21 യോവേലിനെപ്പോലെ പത്രൊസ് അപ്പോസ്തലനും യഹോവയുടെ മഹാദിവസത്തെക്കുറിച്ചു സംസാരിച്ചു. അവനെഴുതി: “കർത്താവിന്റെ [“യഹോവയുടെ,” NW] ദിവസമോ കള്ളനെപ്പോലെ വരും. അന്നു ആകാശം കൊടുമ്മുഴക്കത്തോടെ ഒഴിഞ്ഞുപോകും; മൂലപദാർത്ഥങ്ങൾ കത്തിയഴികയും ഭൂമിയും അതിലുള്ള പണികളും വെന്തുപോകയും ചെയ്യും.” (2 പത്രൊസ് 3:10) പിശാചായ സാത്താന്റെ സ്വാധീനത്തിൻകീഴിൽ, ദുഷ്ടഗവൺമെൻറുകളാകുന്ന “ആകാശം” ദൈവത്തിൽനിന്ന് അന്യപ്പെട്ട മനുഷ്യവർഗമാകുന്ന “ഭൂമി”ക്കുമേൽ ഭരണം നടത്തുകയാണ്. (എഫെസ്യർ 6:12; 1 യോഹന്നാൻ 5:19) യഹോവയുടെ മഹാദിവസത്തിലെ ദിവ്യക്രോധത്തിന്റെ ചൂടിനെ ഈ പ്രതീകാത്മക ആകാശവും ഭൂമിയും അതിജീവിക്കുകയില്ല. പകരം, അവയുടെ സ്ഥാനത്ത് “നാം അവന്റെ വാഗ്ദത്തപ്രകാരം” കാത്തിരിക്കുന്ന ‘നീതി വസിക്കുന്ന പുതിയ ആകാശവും പുതിയ ഭൂമി’യും വരും.—2 പത്രൊസ് 3:13.
22, 23. (എ) യഹോവ കരുണാപൂർവം പ്രകടമാക്കുന്ന ക്ഷമയോടു നാമെങ്ങനെ പ്രതികരിക്കണം? (ബി) യഹോവയുടെ ദിവസം സമീപിച്ചിരിക്കുന്നതിനാൽ നാം എങ്ങനെ പ്രതികരിക്കണം?
22 ഇന്നത്തെ ശ്രദ്ധാശൈഥില്യങ്ങളും വിശ്വാസത്തിന്റെ പരിശോധനകളുമൊക്കെ നിമിത്തം കാലം സംബന്ധിച്ച അടിയന്തിരതാബോധം നമുക്കു നഷ്ടപ്പെട്ടേക്കാം. എന്നാൽ പ്രതീകാത്മക വെട്ടുക്കിളികൾ അധികമധികം മുന്നേറിക്കൊണ്ടിരിക്കവേ, അനേകമാളുകൾ രാജ്യസന്ദേശത്തോടു പ്രതികരിക്കുന്നു. ദൈവം ഇതിനു സമയം അനുവദിച്ചിട്ടുണ്ടെങ്കിലും, അവന്റെ ക്ഷമയെ നാം താമസമായി തെറ്റിദ്ധരിക്കരുത്. “ചിലർ താമസം എന്നു വിചാരിക്കുന്നതുപോലെ കർത്താവു [“യഹോവ,” NW] തന്റെ വാഗ്ദത്തം നിവർത്തിപ്പാൻ താമസിക്കുന്നില്ല. ആരും നശിച്ചുപോകാതെ എല്ലാവരും മാനസാന്തരപ്പെടുവാൻ അവൻ ഇച്ഛിച്ചു നിങ്ങളോടു ദീർഘക്ഷമ കാണിക്കുന്നതേയുള്ളു.”—2 പത്രൊസ് 3:9.
23 നാം യഹോവയുടെ മഹാദിവസത്തിനായി കാത്തിരിക്കവേ, 2 പത്രൊസ് 3:11, 12-ൽ രേഖപ്പെടുത്തിയിരിക്കുന്ന പത്രൊസിന്റെ വാക്കുകൾ നമുക്കു ഗൗരവമായെടുക്കാം: “ഇങ്ങനെ ഇവ ഒക്കെയും അഴിവാനുള്ളതായിരിക്കയാൽ ആകാശം ചുട്ടഴിവാനും മൂലപദാർത്ഥങ്ങൾ വെന്തുരുകുവാനും ഉള്ള ദൈവദിവസത്തിന്റെ വരവു കാത്തിരുന്നും ബദ്ധപ്പെടുത്തിയുംകൊണ്ടു നിങ്ങൾ എത്ര വിശുദ്ധജീവനവും ഭക്തിയും ഉള്ളവർ ആയിരിക്കേണം.” തീർച്ചയായും, അന്ത്യം വരുന്നതിനുമുമ്പ് രാജ്യസുവാർത്ത പ്രസംഗിക്കുന്നതിൽ ക്രമമായ, അർഥവത്തായ ഒരു പങ്കുണ്ടായിരിക്കുന്നതിലൂടെ നാം യഹോവയുടെ വെട്ടുക്കിളിസൈന്യത്തിനോടൊപ്പം പോകുന്നത് ഈ പ്രവൃത്തികളിൽ ഉൾപ്പെടുന്നു.—മർക്കൊസ് 13:10.
24, 25. (എ) യഹോവയുടെ വെട്ടുക്കിളിസൈന്യത്തിന്റെ പ്രവർത്തനത്തിൽ പങ്കെടുക്കുകയെന്ന പദവിയോടു നിങ്ങളെങ്ങനെ പ്രതികരിക്കുന്നു? (ബി) അർഥവത്തായ ഏതു ചോദ്യമാണ് യോവേൽ ഉന്നയിക്കുന്നത്?
24 ദൈവത്തിന്റെ വെട്ടുക്കിളിസൈന്യത്തിന്റെ വേല യഹോവയുടെ വലുതും ഭയങ്കരവുമായ ദിവസംവരെ തുടരും. ഈ അപ്രതിരോധ്യ വെട്ടുക്കിളിസേനയുടെ അസ്തിത്വംതന്നെ യഹോവയുടെ ദിവസം സമീപിച്ചിരിക്കുന്നു എന്നതിന്റെ ശ്രദ്ധേയമായ തെളിവാണ്. യഹോവയുടെ വലുതും ഭയജനകവുമായ ദിവസത്തിനുമുമ്പത്തെ അവസാന ആക്രമണത്തിൽ ദൈവത്തിന്റെ അഭിഷിക്ത വെട്ടുക്കിളികളോടും അവരുടെ സഹകാരികളോടുമൊപ്പം സേവിക്കുന്നതിൽ നിങ്ങൾക്ക് ആഹ്ലാദമില്ലേ?
25 യഹോവയുടെ ദിവസം എത്ര വലുതായിരിക്കും! അപ്പോൾ, അതു “സഹിക്കാകുന്നവൻ ആർ?” എന്ന ചോദ്യം ഉന്നയിക്കപ്പെടുന്നതിൽ അതിശയിക്കാനില്ല. (യോവേൽ 2:11) ഈ ചോദ്യവും മറ്റു പല ചോദ്യങ്ങളും അടുത്ത രണ്ടു ലേഖനങ്ങളിൽ പരിചിന്തിക്കുന്നതായിരിക്കും.
നിങ്ങൾക്കു വിശദീകരിക്കാമോ?
◻ യഹൂദയുടെമേലുള്ള കീടബാധയെക്കുറിച്ച് യഹോവ മുന്നറിയിപ്പു നൽകിയത് എന്തുകൊണ്ട്?
◻ യോവേൽപ്രവചനത്തിന്റെ ആധുനികകാല നിവൃത്തിയിൽ ആരാണ് യഹോവയുടെ വെട്ടുക്കിളികൾ?
◻ ക്രൈസ്തവലോകത്തിലെ നേതാക്കന്മാർ വെട്ടുക്കിളിബാധയോടു പ്രതികരിക്കുന്നതെങ്ങനെ, അവരിൽ ചിലർക്ക് അതിന്റെ അനന്തരഫലങ്ങളിൽനിന്ന് എങ്ങനെ രക്ഷപ്പെടാൻ സാധിക്കും?
◻ 20-ാം നൂറ്റാണ്ടിൽ വെട്ടുക്കിളിബാധ എത്ര വ്യാപകമായിരുന്നു, എപ്പോൾവരെ അതു തുടരും?
[9-ാം പേജിലെ ചിത്രം]
വെട്ടുക്കിളിബാധ അതിനെക്കാൾ മോശമായ ഒന്നിന്റെ മുൻകുറിയായിരുന്നു
[കടപ്പാട]
ഇലരഹിത വൃക്ഷം: FAO photo/G. Singh
[10-ാം പേജിലെ ചിത്രം]
ആധുനികകാല വെട്ടുക്കിളിബാധയുടെ പിന്നിൽ യഹോവയാം ദൈവമാണുള്ളത്
[8-ാം പേജിലെ ചിത്രത്തിന് കടപ്പാട]
വെട്ടുക്കിളി: FAO photo/G. Tortoli; വെട്ടുക്കിളിക്കൂട്ടം: FAO photo/Desert Locust Survey