വിധിയുടെ താഴ്വരയിൽ ന്യായവിധി നടപ്പാക്കപ്പെടുന്നു
“ജാതികൾ . . . യഹോശാഫാത്ത് താഴ്വരയിലേക്കു പുറപ്പെടട്ടെ. അവിടെ ഞാൻ . . . സകലജാതികളെയും ന്യായം വിധിക്കേണ്ടതിന്നു ഇരിക്കും.”—യോവേൽ 3:12.
1. “വിധിയുടെ താഴ്വരയിൽ” വൻ സമൂഹങ്ങൾ കൂടിയിരിക്കുന്നതായി യോവേൽ കാണുന്നതെന്തുകൊണ്ട്?
‘വിധിയുടെ താഴ്വരയിൽ അസംഖ്യസമൂഹങ്ങളെ കാണുന്നു!’ യോവേൽ 3:14-ലാണ് നാം ആ ഉജ്ജ്വലമായ വാക്കുകൾ വായിക്കുന്നത്. എന്തിനാണ് ഈ ജനതതി ഒരുമിച്ചുകൂടിയിരിക്കുന്നത്? യോവേൽ ഉത്തരം നൽകുന്നു: “യഹോവയുടെ ദിവസം അടുത്തിരിക്കുന്നു.” അത് യഹോവയുടെ വലിയ പ്രതികാരദിവസമാണ്, ക്രിസ്തുയേശുവിൻ കീഴിലെ സ്ഥാപിത ദൈവരാജ്യത്തെ തള്ളിക്കളഞ്ഞിരിക്കുന്നവരുടെമേൽ ന്യായവിധി നിർവഹിക്കുന്നതിനുള്ള ദിവസം. അവസാനം, വെളിപ്പാടു 7-ാം അധ്യായത്തിലെ “നാലു ദൂതന്മാർ” “ഭൂമിയിലെ നാലു കാറ്റി”ന്മേലുമുള്ള പിടി വിടാറായിരിക്കുകയാണ്. തത്ഫലമായി, ‘ലോകാരംഭംമുതൽ ഇന്നുവരെ സംഭവിച്ചിട്ടില്ലാത്തതും ഇനിമേൽ സംഭവിക്കാത്തതുമായ വലിയ കഷ്ടം ഉണ്ടാകും.’—വെളിപ്പാടു 7:1; മത്തായി 24:21.
2. (എ) യഹോവ ന്യായവിധി നടത്തുന്ന സ്ഥലത്തെ “യഹോശാഫാത്ത് താഴ്വര” എന്നു സമുചിതമായി വിളിച്ചിരിക്കുന്നത് എന്തുകൊണ്ട്? (ബി) ആക്രമിക്കപ്പെട്ടപ്പോൾ യഹോശാഫാത്ത് ഉചിതമായി പ്രതികരിച്ചത് എങ്ങനെ?
2 യോവേൽ 3:12-ൽ ഈ ന്യായവിധി നിർവഹണത്തിനുള്ള സ്ഥലത്തെ “യഹോശാഫാത്ത് താഴ്വര” എന്നു വിളിച്ചിരിക്കുന്നു. സമുചിതമായി, യഹൂദയുടെ ചരിത്രത്തിലെ പ്രക്ഷുബ്ധമായ ഒരു കാലഘട്ടത്തിൽ, “യഹോവയാണ് ന്യായാധിപൻ” എന്ന് അർഥമുള്ള പേരോടുകൂടിയ യെഹോശാഫാത്ത് എന്ന നല്ല രാജാവിനുവേണ്ടി യഹോവ അവിടെ ന്യായവിധി നടത്തി. അപ്പോൾ നടന്ന കാര്യങ്ങളെക്കുറിച്ചു പരിചിന്തിക്കുന്നത് നമ്മുടെ കാലത്ത് എന്താണു സംഭവിക്കാൻ പോകുന്നതെന്ന് മെച്ചമായി മനസ്സിലാക്കാൻ നമ്മെ സഹായിക്കും. ആ ചരിത്രം 2 ദിനവൃത്താന്തം 20-ാം അധ്യായത്തിൽ കാണാം. “മോവാബ്യരും അമ്മോന്യരും അവരോടുകൂടെ മെയൂന്യരിൽ ചിലരും യെഹോശാഫാത്തിന്റെ നേരെ യുദ്ധത്തിന്നു വന്നു”വെന്ന് ആ അധ്യായത്തിന്റെ 1-ാം വാക്യത്തിൽ നാം വായിക്കുന്നു. യെഹോശാഫാത്ത് എങ്ങനെയാണു പ്രതികരിച്ചത്? പ്രതിസന്ധിഘട്ടത്തിൽ യഹോവയുടെ വിശ്വസ്ത ദാസർ എല്ലായ്പോഴും ചെയ്യാറുള്ളതുതന്നെ അവനും ചെയ്തു. അവൻ മാർഗനിർദേശത്തിനായി യഹോവയിങ്കലേക്കു തിരിഞ്ഞ് ഉള്ളുരുകി പ്രാർഥിച്ചു: “ഞങ്ങളുടെ ദൈവമേ, നീ അവരെ ന്യായം വിധിക്കയില്ലയോ? ഞങ്ങളുടെ നേരെ വരുന്ന ഈ വലിയ സമൂഹത്തോടെതിർപ്പാൻ ഞങ്ങൾക്കു ശക്തിയില്ല; എന്തു ചെയ്യേണ്ടു എന്നു അറിയുന്നതുമില്ല; എങ്കിലും ഞങ്ങളുടെ കണ്ണുകൾ നിങ്കലേക്കു തിരിഞ്ഞിരിക്കുന്നു.”—2 ദിനവൃത്താന്തം 20:12.
യഹോവ പ്രാർഥനയ്ക്ക് ഉത്തരമേകുന്നു
3. അയൽ ജനതകളിൽനിന്ന് ആക്രമണമുണ്ടായപ്പോൾ യഹോവ യഹൂദയ്ക്ക് എന്തു നിർദേശങ്ങളാണു കൊടുത്തത്?
3 ‘യെഹൂദ്യർ ഒക്കെയും അവരുടെ കുഞ്ഞുങ്ങളോടും ഭാര്യമാരോടും മക്കളോടും കൂടെ യഹോവയുടെ സന്നിധിയിൽ നിൽക്കവേ’ യഹോവ ഉത്തരമേകി. (2 ദിനവൃത്താന്തം 20:13) ഇന്ന് അവൻ “വിശ്വസ്തനും വിവേകിയുമായ അടിമ”യെ ഉപയോഗിക്കുന്നതുപോലെ, പ്രാർഥന കേൾക്കുന്ന ആ മഹാനുഭാവൻ സമ്മേളിതർക്ക് ഉത്തരം നൽകാൻ ലേവ്യപ്രവാചകനായ യഹസീയേലിനെ അധികാരപ്പെടുത്തി. (മത്തായി 24:45) നാം ഇങ്ങനെ വായിക്കുന്നു: “യഹോവ ഇപ്രകാരം നിങ്ങളോടു അരുളിച്ചെയ്യുന്നു: ഈ വലിയ സമൂഹം നിമിത്തം ഭയപ്പെടരുതു, ഭ്രമിക്കയും അരുതു; യുദ്ധം നിങ്ങളുടേതല്ല, ദൈവത്തിന്റെതത്രേ. . . . ഈ പടയിൽ പൊരുതുവാൻ നിങ്ങൾക്കു ആവശ്യം ഇല്ല; . . . നിങ്ങൾ സ്ഥിരമായി നിന്നു യഹോവ നിങ്ങൾക്കു വരുത്തുന്ന രക്ഷ കണ്ടുകൊൾവിൻ; ഭയപ്പെടരുതു, ഭ്രമിക്കയും അരുതു; നാളെ അവരുടെ നേരെ ചെല്ലുവിൻ; യഹോവ നിങ്ങളോടുകൂടെ ഉണ്ടു.”—2 ദിനവൃത്താന്തം 20:15-17.
4. ശത്രുവിന്റെ വെല്ലുവിളി നേരിട്ടപ്പോൾ തന്റെ ജനം കയ്യുംകെട്ടിയിരിക്കാനല്ല, മറിച്ച് ഏതു വിധത്തിൽ കർമനിരതരായിരിക്കാൻ യഹോവ ആവശ്യപ്പെട്ടു?
4 അത്ഭുതകരമായ വിടുതൽ പ്രതീക്ഷിച്ച് യെഹോശാഫാത്ത് രാജാവും അവന്റെ ജനവും വെറുതെയിരിക്കാനല്ല യഹോവ ആവശ്യപ്പെട്ടത്. ശത്രുവിന്റെ വെല്ലുവിളി നേരിടുന്നതിനായി അവർ മുൻകൈ എടുക്കണമായിരുന്നു. രാജാവും ‘യെഹൂദ്യർ ഒക്കെയും അവരുടെ കുഞ്ഞുങ്ങളും ഭാര്യമാരും മക്കളും’ അനുസരണയോടെ അതിരാവിലെ എഴുന്നേറ്റ് ശത്രുസൈന്യത്തെ നേരിടാൻ പുറപ്പെട്ടുകൊണ്ട് തങ്ങളുടെ ശക്തമായ വിശ്വാസം പ്രകടമാക്കി. “നിങ്ങളുടെ ദൈവമായ യഹോവയിൽ വിശ്വസിപ്പിൻ; എന്നാൽ നിങ്ങൾ ഉറെച്ചുനില്ക്കും; അവന്റെ പ്രവാചകന്മാരേയും വിശ്വസിപ്പിൻ; എന്നാൽ നിങ്ങൾ കൃതാർത്ഥരാകും” എന്നു പറഞ്ഞുകൊണ്ട് വഴിയിൽവെച്ച് രാജാവ് ദിവ്യാധിപത്യ നിർദേശങ്ങളും പ്രോത്സാഹനവും കൊടുത്തുകൊണ്ടിരുന്നു. (2 ദിനവൃത്താന്തം 20:20) യഹോവയിലുള്ള വിശ്വാസം! അവന്റെ പ്രവാചകന്മാരിലുള്ള വിശ്വാസം! അതായിരുന്നു വിജയത്തിന്റെ അടിസ്ഥാനം. അതുപോലെ നാം ഇന്ന് യഹോവയുടെ സേവനത്തിൽ ഊർജസ്വലരായി തുടരവേ, അവൻ നമ്മുടെ വിശ്വാസത്തെ വിജയശ്രീലാളിതമാക്കുമോയെന്ന് നമുക്കൊരിക്കലും സംശയിക്കാതിരിക്കാം!
5. യഹോവയുടെ സാക്ഷികൾ അവനെ സ്തുതിക്കവേ ഇന്ന് എങ്ങനെ പ്രവർത്തനനിരതരായിരിക്കുന്നു?
5 യെഹോശാഫാത്തിന്റെ നാളിലെ യഹൂദരെപ്പോലെ, നാം ‘യഹോവയെ സ്തുതിക്കണം, അവന്റെ ദയ എന്നേക്കും ഉള്ളതാണ്.’ നാം എങ്ങനെയാണ് ഈ സ്തുതി അർപ്പിക്കുന്നത്? തീക്ഷ്ണതയുള്ള രാജ്യപ്രസംഗത്താൽ! ആ യഹൂദ്യർ “പാടി സ്തുതിച്ചു തുടങ്ങി”യതുപോലെ നാം നമ്മുടെ വിശ്വാസത്തിനു ചേർച്ചയിൽ പ്രവർത്തിക്കുന്നു. (2 ദിനവൃത്താന്തം 20:21, 22) അതേ, യഹോവ നമ്മുടെ ശത്രുക്കൾക്കെതിരായി നടപടി കൈക്കൊള്ളാൻ തയ്യാറെടുക്കവേ സമാനമായ ഉത്കൃഷ്ട വിശ്വാസം നമുക്കും പ്രകടമാക്കാം! പാത നീണ്ടുനീണ്ട് പോകുന്നപോലെ തോന്നിയാലും, ഇന്നു ഭൂമിയിലെ പ്രക്ഷുബ്ധമായ സ്ഥലങ്ങളിലെ അവന്റെ ജയശാലികളെപ്പോലെ സഹിച്ചുനിൽക്കാനും വിശ്വാസത്തിൽ ഊർജസ്വലരായിരിക്കാനും നമുക്കു ദൃഢനിശ്ചയമുള്ളവരായിരിക്കാം. യഹോവയുടെ സാക്ഷികളുടെ വാർഷികപുസ്തകം 1998 റിപ്പോർട്ടു ചെയ്യുന്നതുപോലെ, കഠിനമായ പീഡനങ്ങളും അക്രമങ്ങളും ക്ഷാമവും മോശമായ സാമ്പത്തികാവസ്ഥകളുമുള്ള ചില ദേശങ്ങളിൽ ദൈവത്തിന്റെ വിശ്വസ്ത ദാസർ ശ്രദ്ധേയമായ ഫലങ്ങൾ കൈവരിക്കുന്നു.
യഹോവ തന്റെ ജനത്തെ രക്ഷിക്കുന്നു
6. ഇന്ന് വിശ്വസ്തരായിരിക്കാൻ ശക്തമായ വിശ്വാസം നമ്മെ സഹായിക്കുന്നതെങ്ങനെ?
6 യഹൂദയ്ക്കു ചുറ്റുമുള്ള ഭക്തികെട്ട ജാതികൾ യഹോവയുടെ ദാസന്മാരെ വളയാൻ ശ്രമിച്ചെങ്കിലും അവന് സ്തുതികൾ ആലപിച്ചുകൊണ്ട് അവർ മാതൃകായോഗ്യമായ വിശ്വാസത്തോടെ പ്രതികരിക്കുകയാണുണ്ടായത്. ഇന്ന് നമുക്കും അതേ വിശ്വാസം പ്രകടിപ്പിക്കാനാകും. സാത്താന്റെ കുടില തന്ത്രങ്ങൾക്കു തുളച്ചുകടക്കാൻ ഇടംകൊടുക്കാതെ, ജീവിതത്തിൽ യഹോവയ്ക്കു സ്തുതി കരേറ്റുന്ന പ്രവൃത്തികളിൽ മുഴുകിക്കൊണ്ട് നാം നമ്മുടെ ആത്മീയ പടച്ചട്ട ബലപ്പെടുത്തുന്നു. (എഫെസ്യർ 6:11) നമുക്കു ചുറ്റുമുള്ള, മരിച്ചുകൊണ്ടിരിക്കുന്ന ഈ ലോകത്തിന്റെ മുഖമുദ്രയായ അധമമായ വിനോദം, ഭൗതികത്വചിന്താഗതി, ഉദാസീനത എന്നിവയാൽ ശ്രദ്ധ പതറിപ്പോകുന്നതിനുള്ള പ്രലോഭനത്തെ ശക്തമായ വിശ്വാസം ചെറുത്തുനിൽക്കും. “തക്കസമയത്ത്” പ്രദാനം ചെയ്യപ്പെടുന്ന ആത്മീയ ഭക്ഷണത്താൽ നിരന്തരം പോഷിതരാകവേ, “വിശ്വസ്തനും വിവേകിയുമായ അടിമ”യോടൊപ്പം വിശ്വസ്തതയോടെ സേവിക്കുന്നതിൽ തുടരാൻ ഈ അജയ്യ വിശ്വാസം നമ്മെ പ്രാപ്തരാക്കും.—മത്തായി 24:45, NW.
7. തങ്ങൾക്കെതിരെയുള്ള നാനാവിധ ആക്രമണങ്ങളോട് യഹോവയുടെ സാക്ഷികൾ എങ്ങനെ പ്രതികരിച്ചിരിക്കുന്നു?
7 മത്തായി 24:48-51-ലെ ‘ദുഷ്ടദാസ’ന്റെ മനോഭാവമുള്ളവർ ഇളക്കിവിടുന്ന വിദ്വേഷപൂരിത പ്രചരണങ്ങൾക്കെതിരെ ഉറച്ചുനിലകൊള്ളുന്നതിന് ബൈബിളധിഷ്ഠിത വിശ്വാസം നമ്മെ ശക്തരാക്കും. ഈ പ്രവചനത്തിന്റെ ശ്രദ്ധേയമായ നിവൃത്തിയെന്നോണം വിശ്വാസത്യാഗികൾ ഇന്ന് അനേകം രാജ്യങ്ങളിൽ സജീവമായി നുണപ്രചരണം നടത്തുകയും രാഷ്ട്രങ്ങളിലെ അധികാരസ്ഥാനങ്ങളിലുള്ള ചിലരുമായി ഒത്തുകളി നടത്തുകയും ചെയ്യുന്നു. ഉചിതമായിരിക്കുന്നിടത്ത്, ഫിലിപ്പിയർ 1:7-ൽ (NW) വർണിച്ചിരിക്കുന്നതുപോലെ ‘സുവാർത്തയ്ക്കുവേണ്ടി പ്രതിവാദം നടത്തുകയും അതു നിയമപരമായി സ്ഥാപിക്കുകയും ചെയ്തുകൊണ്ട്’ യഹോവയുടെ സാക്ഷികൾ പ്രതികരിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, 1996 സെപ്റ്റംബർ 26-ാം തീയതി ഗ്രീസിൽനിന്നുള്ള ഒരു കേസിൽ, സ്ട്രാസ്ബർഗിലുള്ള യൂറോപ്യൻ മനുഷ്യാവകാശ കോടതിയിലെ ഒമ്പതു ജഡ്ജിമാർ ഐകകണ്ഠ്യേന ഇങ്ങനെ പ്രഖ്യാപിച്ചു: “യഹോവയുടെ സാക്ഷികൾ ‘അറിയപ്പെടുന്ന മത’ത്തിന്റെ നിർവചനത്തിനുള്ളിൽ വരുന്നുണ്ട്.” തന്നിമിത്തം, അവർക്കു ചിന്താസ്വാതന്ത്ര്യവും മനസ്സാക്ഷിസ്വാതന്ത്ര്യവും വിശ്വാസസ്വാതന്ത്ര്യവും തങ്ങളുടെ വിശ്വാസം പ്രചരിപ്പിക്കുന്നതിനുള്ള അവകാശവുമുണ്ട്. വിശ്വാസത്യാഗികളെക്കുറിച്ചു ദൈവത്തിന്റെ ന്യായവിധി ഇങ്ങനെ പ്രഖ്യാപിക്കുന്നു: “സ്വന്ത ഛർദ്ദിക്കു തിരിഞ്ഞ നായെന്നും കുളിച്ചിട്ടു ചളിയിൽ ഉരുളുവാൻ തിരിഞ്ഞ പന്നിയെന്നും ഉള്ള സത്യമായ പഴഞ്ചൊല്ലുപോലെ അവർക്കു സംഭവിച്ചു.”—2 പത്രൊസ് 2:22.
8. യെഹോശാഫാത്തിന്റെ നാളിൽ തന്റെ ജനത്തിന്റെ ശത്രുക്കൾക്കെതിരെ യഹോവ എപ്രകാരം ന്യായവിധി നടത്തി?
8 യെഹോശാഫാത്തിന്റെ നാളിൽ തന്റെ ജനത്തെ ദ്രോഹിക്കാൻ ആഗ്രഹിച്ചവർക്കെതിരെ യഹോവ ന്യായവിധി നടപ്പാക്കി. അതേക്കുറിച്ചു നാം വായിക്കുന്നു: “യഹോവ യെഹൂദെക്കു വിരോധമായി വന്ന അമ്മോന്യരുടെയും മോവാബ്യരുടെയും സേയീർപർവ്വതക്കാരുടെയും നേരെ പതിയിരിപ്പുകാരെ വരുത്തി; അങ്ങനെ അവർ തോറ്റുപോയി. അമ്മോന്യരും മോവാബ്യരും സേയീർപർവ്വതനിവാസികളോടു എതിർത്തു അവരെ നിർമ്മൂലമാക്കി നശിപ്പിച്ചു; സേയീർനിവാസികളെ സംഹരിച്ചശേഷം അവർ അന്യോന്യം നശിപ്പിച്ചു.” (2 ദിനവൃത്താന്തം 20:22, 23) യഹൂദ്യർ ആ പ്രദേശത്തിനു ബെരാഖാതാഴ്വര എന്നു പേരിട്ടു. ബെരാഖായുടെ അർഥം “അനുഗ്രഹം” എന്നാണ്. ആധുനിക നാളിലും, യഹോവ തന്റെ ശത്രുക്കളുടെമേൽ ന്യായവിധി നടത്തുന്നത് അവന്റെ സ്വന്തം ജനത്തിന് അനുഗ്രഹങ്ങളിൽ കലാശിക്കും.
9, 10. യഹോവയുടെ പ്രതികൂല ന്യായവിധിക്ക് അർഹരാണെന്ന് സ്വയം പ്രകടമാക്കിയിരിക്കുന്നതാർ?
9 ആർക്കാണ് ആധുനികനാളിൽ യഹോവയിൽനിന്നുള്ള പ്രതികൂല ന്യായവിധി ഉണ്ടാകുക എന്നു നാം ചോദിച്ചേക്കാം. ഉത്തരത്തിനായി നാം വീണ്ടും യോവേൽ 3-ാം അധ്യായത്തിലേക്കു പോകേണ്ടിയിരിക്കുന്നു. യോവേൽ 3:3 തന്റെ ജനത്തിന്റെ ശത്രുക്കളെക്കുറിച്ച്, “ഒരു ബാലനെ ഒരു വേശ്യക്കു വേണ്ടി കൊടുക്കയും ഒരു ബാലയെ വിറ്റു വീഞ്ഞുകുടിക്കയും” ചെയ്യുന്നവരെക്കുറിച്ചു പറയുന്നു. അതേ, അവർ ദൈവദാസന്മാരെ തങ്ങളെക്കാൾ തീരെ താണവരായി വീക്ഷിക്കുന്നു, അവരുടെ കുട്ടികളുടെ മൂല്യം ഒരു വേശ്യക്കു കൊടുക്കുന്ന കൂലിയെക്കാൾ അല്ലെങ്കിൽ ഒരു പാത്രം വീഞ്ഞിന്റെ വിലയെക്കാളധികം കണക്കാക്കുന്നില്ല. അതിന് അവർ ഉത്തരം പറയേണ്ടിവരും.
10 സമാനമായി ന്യായവിധിക്ക് അർഹരാണ് ആത്മീയ വ്യഭിചാരം ചെയ്യുന്നവരും. (വെളിപ്പാടു 17:3-6) സമീപ കാലങ്ങളിൽ പൂർവയൂറോപ്പിൽ ജനക്കൂട്ടത്തെ ഇളക്കിവിടുന്ന ചില മതനേതാക്കന്മാരെപ്പോലെ, യഹോവയുടെ സാക്ഷികളെ പീഡിപ്പിക്കാനും അവരുടെ പ്രവർത്തനത്തിനു വിഘ്നം സൃഷ്ടിക്കാനും രാഷ്ട്രീയ ശക്തികളെ പ്രേരിപ്പിക്കുന്നവർ പ്രത്യേകിച്ചും കുറ്റക്കാരാണ്. അത്തരം ദുഷ്ടത പ്രവർത്തിക്കുന്നവർക്കെതിരെ നടപടിയെടുക്കാനുള്ള ദൃഢനിശ്ചയം യഹോവ പ്രകടമാക്കുന്നു.—യോവേൽ 3:4-8.
‘വിശുദ്ധയുദ്ധത്തിന് ഒരുങ്ങുവിൻ’
11. യുദ്ധത്തിനായി യഹോവ തന്റെ ശത്രുക്കളെ വെല്ലുവിളിക്കുന്നതെങ്ങനെ?
11 അടുത്തതായി, ജനതകളുടെ ഇടയിൽ ഒരു വെല്ലുവിളി ഘോഷിക്കാൻ യഹോവ തന്റെ ജനത്തെ ആഹ്വാനം ചെയ്യുന്നു: “വിശുദ്ധയുദ്ധത്തിന്നു ഒരുങ്ങിക്കൊൾവിൻ! വീരന്മാരെ ഉദ്യോഗിപ്പിപ്പിൻ! സകല യോദ്ധാക്കളും അടുത്തുവന്നു പുറപ്പെടട്ടെ.” (യോവേൽ 3:9) ഒരു അസാധാരണ യുദ്ധത്തിന്റെ—നീതിനിഷ്ഠമായ യുദ്ധത്തിന്റെ—പ്രഖ്യാപനമാണിത്. സത്യത്താൽ വ്യാജത്തെ നേരിട്ടുകൊണ്ട് യഹോവയുടെ വിശ്വസ്ത സാക്ഷികൾ നുണപ്രചരണങ്ങളോടു പ്രതികരിക്കവേ അവർ ആത്മീയ ആയുധങ്ങളിൽ ആശ്രയിക്കുന്നു. (2 കൊരിന്ത്യർ 10:4; എഫെസ്യർ 6:17) ദൈവം പെട്ടെന്നുതന്നെ “സർവ്വശക്തനായ ദൈവത്തിന്റെ മഹാദിവസത്തിലെ യുദ്ധ”ത്തെ വിശുദ്ധീകരിക്കും. ദൈവത്തിന്റെ പരമാധികാരത്തെ എതിർക്കുന്ന സകലരെയും അതു ഭൂമിയിൽനിന്നു നീക്കിക്കളയും. ഭൂമിയിലെ അവന്റെ ജനതയ്ക്ക് അതിൽ ശാരീരികമായ പങ്കുണ്ടായിരിക്കുകയില്ല. അക്ഷരാർഥത്തിലും ആലങ്കാരികാർഥത്തിലും അവർ “തങ്ങളുടെ വാളുകളെ കൊഴുക്കളായും കുന്തങ്ങളെ വാക്കത്തികളായും അടിച്ചുതീർ”ത്തിരിക്കുന്നു. (യെശയ്യാവു 2:4) അതേസമയം, നേർവിപരീതം പ്രവർത്തിക്കാൻ യഹോവ എതിർപക്ഷത്തെ ജനതകളെ വെല്ലുവിളിക്കുന്നു: “നിങ്ങളുടെ കൊഴുക്കളെ വാളുകളായും വാക്കത്തികളെ കുന്തങ്ങളായും അടിപ്പിൻ!” (യോവേൽ 3:10) തങ്ങളുടെ സകല ആയുധശേഖരങ്ങളുമുപയോഗിച്ച് ഏറ്റുമുട്ടാൻ അവൻ അവരെ ക്ഷണിക്കുകയാണ്. എന്നാൽ അവർക്കു വിജയിക്കാനാവില്ല. എന്തെന്നാൽ യുദ്ധവും യുദ്ധവിജയവും യഹോവയ്ക്കുള്ളതാണ്!
12, 13. (എ) ശീതസമരം അവസാനിച്ചിട്ടും തങ്ങൾ യുദ്ധസന്നദ്ധരാണെന്നു പല രാഷ്ട്രങ്ങളും പ്രകടമാക്കിയിരിക്കുന്നത് എങ്ങനെ? (ബി) രാഷ്ട്രങ്ങൾ എന്തിനായി ഒരുങ്ങിയിട്ടില്ല?
12 1990-കളുടെ ആരംഭത്തിൽ, ശീതസമരം അവസാനിച്ചുവെന്നു രാഷ്ട്രങ്ങൾ പ്രഖ്യാപിച്ചു. അതിന്റെ കാഴ്ചപ്പാടിൽ, സമാധാനവും സുരക്ഷിതത്വവും കൈവരിക്കുകയെന്ന ഐക്യരാഷ്ട്രങ്ങളുടെ പ്രാഥമിക ലക്ഷ്യം സഫലമായോ? അശേഷമില്ല! ഇറാക്ക്, കോംഗോ ജനാധിപത്യ റിപ്പബ്ലിക്ക്, ബുറുണ്ടി, മുൻ യൂഗോസ്ലാവിയ, ലൈബീരിയ, സൊമാലിയ, റുവാണ്ട എന്നിവിടങ്ങളിൽ ഈയിടെയുണ്ടായ സംഭവങ്ങൾ നമ്മോട് എന്താണ് പറയുന്നത്? യിരെമ്യാവു 6:14-ലെ വാക്കുകളിൽ, “സമാധാനം ഇല്ലാതിരിക്കെ, സമാധാനം സമാധാനം” എന്ന് അവർ പറയുന്നു.
13 സമഗ്രയുദ്ധങ്ങൾ ചിലയിടങ്ങളിലൊക്കെ നിലച്ചിട്ടുണ്ടെങ്കിലും, സങ്കീർണ യുദ്ധായുധങ്ങൾ നിർമിക്കുന്നതിൽ യുഎൻ അംഗരാഷ്ട്രങ്ങൾ ഇപ്പോഴും പരസ്പരം മത്സരിക്കുകയാണ്. ചില രാജ്യങ്ങൾ ഇപ്പോഴും അണ്വായുധശേഖരം സൂക്ഷിക്കുന്നു. മറ്റു ചില രാഷ്ട്രങ്ങൾ കൂട്ട നാശത്തിനുള്ള രാസായുധങ്ങളോ ബാക്ടീരിയകളെ ഉപയോഗപ്പെടുത്തിയുള്ള ആയുധങ്ങളോ വികസിപ്പിക്കുന്നു. ഈ രാഷ്ട്രങ്ങളെല്ലാം അർമഗെദോൻ എന്നു വിളിക്കപ്പെടുന്ന പ്രതീകാത്മക സ്ഥലത്ത് കൂടിവരവേ, യഹോവ അവരെ വെല്ലുവിളിക്കുന്നു: “ദുർബ്ബലൻ തന്നെത്താൻ വീരനായി മതിക്കട്ടെ. ചുറ്റുമുള്ള സകലജാതികളുമായുള്ളോരേ, ബദ്ധപ്പെട്ടു വന്നുകൂടുവിൻ!” അപ്പോൾ യോവേൽ ഇടയ്ക്കു കയറി തന്റെ അഭ്യർഥന നടത്തുന്നു: “യഹോവേ, അവിടേക്കു നിന്റെ വീരന്മാരെ ഇറങ്ങുമാറാക്കേണമേ.” (ചെരിച്ചെഴുത്തു ഞങ്ങളുടേത്.)—യോവേൽ 3:10, 11.
യഹോവ സ്വന്തജനത്തെ സംരക്ഷിക്കുന്നു
14. ആരാണ് യഹോവയുടെ വീരന്മാർ?
14 ആരാണു യഹോവയുടെ വീരന്മാർ? ബൈബിളിൽ ഏതാണ്ട് 280 പ്രാവശ്യം സത്യദൈവത്തെ “സൈന്യങ്ങളുടെ യഹോവ” എന്നു വിളിച്ചിരിക്കുന്നു. (2 രാജാക്കന്മാർ 3:14) ഈ സൈന്യങ്ങൾ യഹോവയുടെ കൽപ്പനയനുസരിക്കാൻ സജ്ജരായി നിൽക്കുന്ന സ്വർഗീയ ദൂതവൃന്ദമാണ്. അരാമ്യർക്ക് എലീശയെ പിടിക്കാൻ കഴിയാത്തതിന്റെ കാരണം എന്തെന്നു മനസ്സിലാക്കാൻ യഹോവ ഒടുവിൽ എലീശയുടെ സേവകന്റെ കണ്ണു തുറന്നു: “എലീശയുടെ ചുറ്റും അഗ്നിമയമായ കുതിരകളും രഥങ്ങളുംകൊണ്ടു മല നിറഞ്ഞിരിക്കുന്നതു അവൻ കണ്ടു.” (2 രാജാക്കന്മാർ 6:17) “പന്ത്രണ്ടു ലെഗ്യോനിലും അധികം ദൂതൻമാരെ” പിതാവിനോട് ആവശ്യപ്പെടാൻ തനിക്കാകുമായിരുന്നെന്ന് യേശു പറഞ്ഞു. (മത്തായി 26:53) അർമഗെദോനിൽ ന്യായവിധി നടപ്പാക്കാൻ സവാരി ചെയ്യുന്ന യേശുവിനെ വർണിച്ചുകൊണ്ട്, വെളിപ്പാടു പ്രസ്താവിക്കുന്നു: “സ്വർഗ്ഗത്തിലെ സൈന്യം നിർമ്മലവും ശുഭ്രവുമായ വിശേഷവസ്ത്രം ധരിച്ചു വെള്ളക്കുതിരപ്പുറത്തു കയറി അവനെ അനുഗമിച്ചു. ജാതികളെ വെട്ടുവാൻ അവന്റെ വായിൽനിന്നു മൂർച്ചയുള്ള വാൾ പുറപ്പെടുന്നു; അവൻ ഇരിമ്പുകോൽ കൊണ്ടു അവരെ മേയ്ക്കും; സർവ്വശക്തിയുള്ള ദൈവത്തിന്റെ കോപവും ക്രോധവുമായ മദ്യത്തിന്റെ ചക്കു അവൻ മെതിക്കുന്നു.” (വെളിപ്പാടു 19:14, 15) ആ പ്രതീകാത്മക മുന്തിരിച്ചക്കിനെ വ്യക്തമായ വാക്കുകളിൽ “ദൈവകോപത്തിന്റെ വലിയ ചക്ക്” എന്ന് വർണിച്ചിരിക്കുന്നു.—വെളിപ്പാടു 14:17-20.
15. രാഷ്ട്രങ്ങൾക്കെതിരെയുള്ള യഹോവയുടെ യുദ്ധത്തെ യോവേൽ വർണിക്കുന്നതെങ്ങനെ?
15 അപ്പോൾ, ദൈവത്തിന്റെ സ്വന്തം വീരന്മാരെ ഇറക്കാനുള്ള യോവേലിന്റെ അപേക്ഷയ്ക്കു യഹോവ ഉത്തരം നൽകുന്നതെങ്ങനെയാണ്? അത് ഈ വാക്കുകളിൽ വ്യക്തമായി വിവരിച്ചിരിക്കുന്നു: “ജാതികൾ ഉണർന്നു യഹോശാഫാത്ത് താഴ്വരയിലേക്കു പുറപ്പെടട്ടെ. അവിടെ ഞാൻ ചുറ്റുമുള്ള സകലജാതികളെയും ന്യായം വിധിക്കേണ്ടതിന്നു ഇരിക്കും. അരിവാൾ ഇടുവിൻ; കൊയ്ത്തിന്നു വിളഞ്ഞിരിക്കുന്നു; വന്നു ചവിട്ടുവിൻ; ചക്കു നിറഞ്ഞിരിക്കുന്നു; തൊട്ടികൾ കവിഞ്ഞിരിക്കുന്നു; അവരുടെ ദുഷ്ടത വലുതല്ലോ. വിധിയുടെ താഴ്വരയിൽ അസംഖ്യസമൂഹങ്ങളെ കാണുന്നു; വിധിയുടെ താഴ്വരയിൽ യഹോവയുടെ ദിവസം അടുത്തിരിക്കുന്നു. സൂര്യനും ചന്ദ്രനും ഇരുണ്ടുപോകും; നക്ഷത്രങ്ങൾ പ്രകാശം നല്കുകയുമില്ല. യഹോവ സീയോനിൽനിന്നു ഗർജ്ജിച്ചു, യെരൂശലേമിൽനിന്നു തന്റെ നാദം കേൾപ്പിക്കും; ആകാശവും ഭൂമിയും കുലുങ്ങിപ്പോകും.”—യോവേൽ 3:12-16.
16. യഹോവയുടെ പ്രതികൂല ന്യായവിധിക്ക് ഇരയാകുന്നവരിൽ ആരുൾപ്പെടും?
16 യെഹോശാഫാത്ത് എന്നതിന് “യഹോവയാണ് ന്യായാധിപൻ” എന്ന് ഉറപ്പായും അർഥമുള്ളതുപോലെ, നമ്മുടെ ദൈവമായ യഹോവ ഉറപ്പായും ന്യായവിധി നിർവഹിച്ച് തന്റെ പരമാധികാരം സംസ്ഥാപിക്കും. പ്രതികൂല ന്യായവിധി ലഭിക്കുന്നവരെ ‘വിധിയുടെ താഴ്വരയിലെ അസംഖ്യസമൂഹങ്ങ’ളായി പ്രവചനം വർണിക്കുന്നു. വ്യാജമതത്തിന്റെ ശേഷിക്കുന്ന ഏതൊരു വക്താക്കളും ആ സമൂഹത്തിൽ ഉണ്ടായിരിക്കും. ‘ഭയത്തോടെ യഹോവയെ സേവിക്കുന്ന’തിനെക്കാൾ ഈ ലോകത്തിലെ ദുഷിച്ച വ്യവസ്ഥിതിയെ ഇഷ്ടപ്പെട്ട ജാതികളും വംശങ്ങളും ഭൂമിയിലെ രാജാക്കന്മാരും അധിപതികളും എന്നു രണ്ടാം സങ്കീർത്തനത്തിൽ വർണിച്ചിരിക്കുന്നവരും അതിലുൾപ്പെടും. ഇവരെല്ലാം ‘പുത്രനെ ചുംബിക്കാൻ’ വിസമ്മതിക്കുന്നു. (സങ്കീർത്തനം 2:1, 2, 11, 12) അവർ യേശുവിനെ യഹോവയുടെ സഹരാജാവായി അംഗീകരിക്കുന്നില്ല. കൂടാതെ, തേജസ്വിയായ രാജാവ് “കോലാടുക”ളെന്നു വിധിക്കുന്ന സകലരും നാശത്തിനായി അടയാളമിടപ്പെടുന്ന സമൂഹത്തിൽപ്പെടും. (മത്തായി 25:33, 41) സ്വർഗീയ യെരൂശലേമിൽനിന്നു ഗർജിക്കുന്നതിനുള്ള യഹോവയുടെ നിയമിത സമയത്ത്, അവന്റെ നിയമിത രാജാധിരാജാവ് ആ ന്യായവിധി നിർവഹിക്കുന്നതിനായി പുറപ്പെടും. ആകാശവും ഭൂമിയും തീർച്ചയായും വിറയ്ക്കും! എന്നാൽ, “യഹോവ തന്റെ ജനത്തിന്നു ശരണവും യിസ്രായേൽമക്കൾക്കു ദുർഗ്ഗവും ആയിരിക്കും” എന്ന ഉറപ്പ് നമുക്കു ലഭിച്ചിരിക്കുന്നു.—യോവേൽ 3:16.
17, 18. മഹോപദ്രവത്തെ അതിജീവിക്കുന്നവരായി തിരിച്ചറിയിച്ചിരിക്കുന്നത് ആരെ, എങ്ങനെയുള്ള അവസ്ഥകൾ അവർ ആസ്വദിക്കും?
17 യേശുവിന്റെ രക്തത്തിന്റെ വീണ്ടെടുപ്പുവിലയിൽ വിശ്വാസം പ്രകടമാക്കുന്നവർ ചേർന്ന “ഒരു മഹാപുരുഷാര”മായി വെളിപ്പാടു 7:9-17 മഹോപദ്രവത്തെ അതിജീവിക്കുന്നവരെ തിരിച്ചറിയിക്കുന്നു. യോവേൽപ്രവചനത്തിലെ അസംഖ്യസമൂഹത്തിനു പ്രതികൂല ന്യായവിധി ലഭിക്കുമ്പോൾ, ഇവർക്കു യഹോവയുടെ ദിവസത്തിൽ സംരക്ഷണം ലഭിക്കും. അതിജീവകരോടു യോവേൽ പറയുന്നു: “ഞാൻ എന്റെ വിശുദ്ധപർവ്വതമായ സീയോനിൽ”—യഹോവയുടെ സ്വർഗീയ നിവാസസ്ഥാനത്ത്—“വസിക്കുന്നവനായി നിങ്ങളുടെ ദൈവമായ യഹോവ എന്നു നിങ്ങൾ അറിയും.”—യോവേൽ 3:17എ.
18 പിന്നീട്, ദൈവത്തിന്റെ സ്വർഗീയ രാജ്യത്തിന്റെ ഭരണമേഖല “വിശുദ്ധമായിരിക്കും; അന്യജാതിക്കാർ ഇനി അതിൽക്കൂടി കടക്കയുമില്ല” എന്നു പ്രവചനം നമ്മെ അറിയിക്കുന്നു. (യോവേൽ 3:17ബി) സ്വർഗത്തിലും ആ സ്വർഗീയ രാജ്യത്തിന്റെ ഭൗമിക മണ്ഡലത്തിലും അപരിചിതരായി ആരുമുണ്ടായിരിക്കില്ല. കാരണം, എല്ലാവരും നിർമലാരാധനയിൽ ഏകീകൃതരായിരിക്കും.
19. യഹോവയുടെ ജനത്തിന്റെ ഇന്നത്തെ പറുദീസാസന്തോഷത്തെ യോവേൽ വർണിക്കുന്നതെങ്ങനെ?
19 ഇക്കാലത്തുപോലും, ഭൂമിയിൽ യഹോവയുടെ ജനത്തിനിടയിൽ സമാധാനസമൃദ്ധിയുണ്ട്. അവർ ഐക്യത്തോടെ 230-ലധികം ദേശങ്ങളിലായി 300-ലേറെ വ്യത്യസ്ത ഭാഷകളിൽ അവന്റെ ന്യായവിധികൾ ഘോഷിക്കുന്നു. അവരുടെ സമൃദ്ധിയെക്കുറിച്ച് യോവേൽ ഭംഗ്യന്തരേണ വർണിക്കുന്നു: “അന്നാളിൽ പർവ്വതങ്ങൾ പുതുവീഞ്ഞു പൊഴിക്കും; കുന്നുകൾ പാൽ ഒഴുക്കും; യെഹൂദയിലെ എല്ലാതോടുകളും വെള്ളം ഒഴുക്കും.” (യോവേൽ 3:18) അതേ, യഹോവ ഭൂമിയിലെ തന്റെ സ്തുതിപാഠകരുടെമേൽ സന്തോഷാനുഗ്രഹങ്ങളും സമൃദ്ധിയും ചൊരിഞ്ഞുകൊണ്ടിരിക്കും. അതോടൊപ്പം അവൻ അമൂല്യ സത്യത്തിന്റെ ഒഴുക്ക് വർധിച്ചുവരുമാറാക്കുകയും ചെയ്യും. വിധിയുടെ താഴ്വരയിൽ യഹോവയുടെ പരമാധികാരം പൂർണമായും സംസ്ഥാപിക്കപ്പെടും. തന്റെ വീണ്ടെടുക്കപ്പെട്ട ജനതയുടെ മധ്യേ അവൻ നിത്യമായി വസിക്കവേ എങ്ങും സന്തുഷ്ടി കളിയാടും.—വെളിപ്പാടു 21:3, 4.
നിങ്ങൾ ഓർമിക്കുന്നുവോ?
◻ യെഹോശാഫാത്തിന്റെ നാളിൽ യഹോവ തന്റെ ജനത്തെ രക്ഷിച്ചതെങ്ങനെ?
◻ ‘വിധിയുടെ താഴ്വരയിലെ’ നാശത്തിന് അർഹരായി യഹോവ ന്യായം വിധിക്കുന്നത് ആരെയാണ്?
◻ ആരാണ് ദൈവത്തിന്റെ വീരന്മാർ, അന്തിമ പോരാട്ടത്തിൽ അവർ എന്തു പങ്കു വഹിക്കും?
◻ വിശ്വസ്ത ആരാധകർ ആസ്വദിക്കുന്ന സന്തോഷങ്ങൾ എന്തൊക്കെ?
[21-ാം പേജിലെ ചിത്രം]
‘ഭയപ്പെടരുത്, യുദ്ധം നിങ്ങളുടേതല്ല, ദൈവത്തിന്റെതത്രേ’ എന്ന് യഹൂദയോടു പറയപ്പെട്ടു
[23-ാം പേജിലെ ചിത്രം]
‘കൊഴുക്കളെ വാളുകളായി അടിച്ചുതീർക്കാൻ’ യഹോവ തന്റെ ശത്രുക്കളെ വെല്ലുവിളിക്കുന്നു
[24-ാം പേജിലെ ചിത്രം]
മഹോപദ്രവത്തെ അതിജീവിക്കുന്ന ഒരു മഹാപുരുഷാരത്തെ ബൈബിൾ തിരിച്ചറിയിക്കുന്നു