വെട്ടുക്കിളികൾ—അക്ഷരീയവും ആലങ്കാരികവും
നീളം കുറഞ്ഞ കൊമ്പുകൾ അഥവാ സ്പർശിനികളുള്ള പലതരം പുൽച്ചാടികളിൽ ഏതെങ്കിലുമൊന്നിനാണ് “വെട്ടുക്കിളി” എന്ന പദം ബാധകമാകുന്നത്, പ്രത്യേകിച്ചും വലിയ കൂട്ടത്തോടെ ദേശാന്തരഗമനം നടത്തുന്നവയ്ക്ക്. “വെട്ടുക്കിളി” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന അനേകം എബ്രായ വാക്കുകളിൽ ഏററവുമധികം ഉപയോഗിച്ചുകാണുന്നത് ആർബേഗ് എന്ന പദമാണ്. ഈ പദം പൂർണവളർച്ചയെത്തിയ, ചിറകുകളുള്ള അവസ്ഥയിൽ ദേശാന്തരഗമനം നടത്തുന്ന വെട്ടുക്കിളിയെ പരാമർശിക്കുന്നു. (ലേവ്യപുസ്തകം 11:22, NW അടിക്കുറിപ്പ്) എബ്രായ പദമായ യീലെക്ക് ചിറകുകളില്ലാത്ത, ഇഴഞ്ഞുനടക്കുന്ന വെട്ടുക്കിളിയെ കുറിക്കുന്നു, അതായത് വളർന്ന് പക്വതയെത്താത്ത ഘട്ടത്തിലുള്ള വെട്ടുക്കിളിയെ. (സങ്കീർത്തനം 105:34, NW അടിക്കുറിപ്പ്; യോവേൽ 1:4) സോലം (ഭക്ഷ്യയോഗ്യമായ വെട്ടുക്കിളി) എന്ന എബ്രായ പദം സാധ്യതയനുസരിച്ച് പറക്കുന്നതരം വെട്ടുക്കിളിയെയല്ല, പിന്നെയോ ചാടിനടക്കുന്നതരം വെട്ടുക്കിളിയെയാണു പരാമർശിക്കുന്നത്. (ലേവ്യപുസ്തകം 11:22, NW അടിക്കുറിപ്പ്) ഒരു കൂട്ടം വെട്ടുക്കിളികളെയാണു ഗോഹ്വേയ് എന്ന എബ്രായ പദം പരാമർശിക്കുന്നത്. (ആമോസ് 7:1) ഗ്രീക്കു പദമായ ആക്രിസ് ‘വെട്ടുക്കിളി ഷഡ്പദം’ എന്നും ‘വെട്ടുക്കിളി’ എന്നുമാണു പരിഭാഷ ചെയ്യപ്പെട്ടിരിക്കുന്നത്.—മത്തായി 3:4; വെളിപ്പാടു 9:7.
വെട്ടുക്കിളിക്ക് അഞ്ചു സെൻറിമീറററോ അതിൽക്കൂടുതലോ നീളമുണ്ട്. അതിനു രണ്ടു ജോടി ചിറകുകളും നടക്കാൻ നാലു കാലുകളും ചാട്ടത്തിനു വീതിയുള്ള തുടകളുള്ള നീളം കൂടിയ രണ്ടു കാലുകളുമുണ്ട്. വീതിയുള്ള സുതാര്യമായ പിൻചിറകുകൾ ഉപയോഗിക്കാത്തപ്പോൾ കട്ടിയുള്ള സ്തരം മാതിരിയിരിക്കുന്ന മുൻ ചിറകുകൾക്കടിയിൽ മടക്കിവെച്ചിരിക്കും. ചാട്ടത്തിനുള്ള കാലുകൾ ഉപയോഗിച്ച്, അതിന്റെ ശരീരനീളത്തിന്റെ പല മടങ്ങ് അകലെ ചാടാൻ ഈ പ്രാണിക്കു സാധിക്കും. (കാണുക: ഇയ്യോബ് 39:20.) അസംഖ്യമായ എണ്ണത്തെ പ്രതിനിധാനം ചെയ്യാൻ തിരുവെഴുത്തിൽ വെട്ടുക്കിളി ചിലപ്പോൾ ഉപയോഗിക്കപ്പെട്ടിരിക്കുന്നു.—ന്യായാധിപൻമാർ 6:5; 7:12; യിരെമ്യാവു 46:23; നഹൂം 3:15, 17.
“ശുദ്ധമായ” ഭക്ഷണം
ഭക്ഷിക്കാൻതക്കവണ്ണം ശുദ്ധിയുള്ളവ എന്ന നിലയിലാണ് വെട്ടുക്കിളികളെ ന്യായപ്രമാണം കണക്കാക്കുന്നത്. (ലേവ്യപുസ്തകം 11:21, 22) യോഹന്നാൻ സ്നാപകൻ വെട്ടുക്കിളിയും തേനും ഭക്ഷിച്ചാണു ജീവിച്ചത്. (മത്തായി 3:4) ധാരാളം പ്രോട്ടീനുള്ള ഇവയുടെ രുചി ചെമ്മീന്റേതോ ഞണ്ടിന്റേതോ പോലെയാണെന്ന് പറയപ്പെടുന്നു; യെരുശലേമിൽ നടത്തിയ ഒരു പരീക്ഷണത്തിൽ, മരുഭൂമിയിലെ വെട്ടുക്കിളികളിൽ 75 ശതമാനം പ്രോട്ടീൻ അടങ്ങുന്നതായി കണ്ടെത്തി. ഇന്നു ഭക്ഷ്യമായി ഉപയോഗിക്കുമ്പോൾ അവയുടെ തല, കാലുകൾ, ചിറകുകൾ, വയറ് എന്നിവ നീക്കം ചെയ്ത് ശിഷ്ടഭാഗമായ ഉരസ്സ് വേവിച്ചോ അല്ലാതെയോ കഴിക്കുന്നു.
വെട്ടുക്കിളി ബാധകൾ
ബൈബിൾ കാലങ്ങളിൽ വെട്ടുക്കിളി ബാധ ഒരു കടുത്ത വിപത്തായിരുന്നു. ചിലപ്പോൾ അത് യഹോവയുടെ ന്യായവിധിയുടെ പ്രകടനവുമായിരുന്നു. ഇതിന്റെ ഒരു ഉദാഹരണമാണു പുരാതന ഈജിപ്തിലുണ്ടായ എട്ടാമത്തെ ബാധ. (പുറപ്പാടു 10:4-6, 12-19; ആവർത്തനപുസ്തകം 28:38; 1 രാജാക്കൻമാർ 8:37; 2 ദിനവൃത്താന്തം 6:28; സങ്കീർത്തനം 78:46; 105:34) വെട്ടുക്കിളികൾ എത്തുന്നതു കാററത്താണ്, അവ വളരെ ശീഘ്രഗതിയിൽ എത്തിച്ചേരുന്നു. എന്നാൽ തിരുവെഴുത്തുകളിൽ, അവ വരുന്നതിന്റെ ഒച്ചയെ രഥങ്ങളുടേതിനോടും വൈക്കോൽ തുറുവിനു തീ പിടിക്കുന്നതിനോടും ഉപമിച്ചിരിക്കുന്നു. പത്തു കിലോമീററർ അകലെപ്പോലും അതു കേൾക്കാൻ കഴിയുമെന്നു പറയപ്പെടുന്നു. (യോവേൽ 1:4; 2:5, 25) അവയുടെ പറക്കൽ അധികവും കാററിനെ ആശ്രയിച്ചാണിരിക്കുന്നത്. കാററ് അനുകൂലമായിരിക്കുമ്പോൾ അനേകം കിലോമീറററുകൾ പിന്നിടാൻ അവയ്ക്കു കഴിയും. കരയിൽനിന്ന് 1,600-ലധികം കിലോമീററർ അകലെ സമുദ്രത്തിൽപ്പോലും വെട്ടുക്കിളിക്കൂട്ടങ്ങളെ ആളുകൾ കണ്ടിട്ടുണ്ട്. എന്നാൽ, അനുകൂലമല്ലാത്ത കാററുകൾക്ക് അവയെ വെള്ളത്തിൽ വീഴ്ത്തി കൊന്നുകളയാൻ കഴിയും. (പുറപ്പാടു 10:13, 19) പറന്നുപോകുന്ന ഒരു വലിയ വെട്ടുക്കിളിക്കൂട്ടത്തെ (1,500 മീററർ ഉയരത്തിൽവരെ എത്തുന്നു) സൂര്യപ്രകാശത്തെ മറച്ചുകളയുന്ന ഒരു മേഘത്തോടു താരതമ്യപ്പെടുത്താവുന്നതാണ്.—യോവേൽ 2:10.
വെട്ടുക്കിളികളുടെ ഒരു ആക്രമണത്തിനു പറുദീസാതുല്യമായ ഒരു പ്രദേശത്തെ മരുപ്രദേശം പോലെയാക്കാനാകും, കാരണം അവയുടെ വിശപ്പ് അത്രയ്ക്കും ആർത്തിപൂണ്ടതാണ്. (യോവേൽ 2:3) ദേശാന്തരഗമനം നടത്തുന്ന ഒരു വെട്ടുക്കിളിക്ക് ഒററ ദിവസം അതിന്റെ ശരീരഭാരത്തിനു തുല്യമായ ഭക്ഷണം അകത്താക്കാനാകും; അത് ആനുപാതികമായി ഒരു മനുഷ്യൻ കഴിക്കുന്നതിന്റെ 60-തോ 100-ഓ ഇരട്ടിയാണ്. അവ തിന്നുന്നതു ഹരിതസസ്യം മാത്രമല്ല. തുണി, കമ്പിളി, സിൽക്ക്, തുകൽ തുടങ്ങിയവയും അതിൽപ്പെടുന്നു. അവ വീടുകൾക്കുള്ളിൽ കടന്നുകൂടിയാൽ ഫർണീച്ചർ വാർണീഷ് പോലും ഒഴിവാക്കാറില്ല. ഒരു വൻകൂട്ടം വെട്ടുക്കിളികൾ ദിവസവും അകത്താക്കുന്ന ഭക്ഷണത്തിന്റെ അളവ് പതിനഞ്ചു ലക്ഷം മനുഷ്യർ കഴിക്കുന്ന ഭക്ഷണത്തിന്റെ അത്രയുംതന്നെ അളവാണെന്നു കണക്കാക്കപ്പെട്ടിരിക്കുന്നു.
സുസംഘടിതവും നല്ല അച്ചടക്കവുമുള്ള ഒരു സൈന്യത്തെപ്പോലെയാണ് വെട്ടുക്കിളിക്കൂട്ടം മുന്നേറുന്നത്. എന്നാൽ അവയ്ക്കു രാജാവോ നായകനോ ഇല്ല. ഇത് അതിന്റെ സഹജജ്ഞാനത്തിനു സാക്ഷ്യം വഹിക്കുന്നു. (സദൃശവാക്യങ്ങൾ 30:24, 27) അവയിൽ അനേകവും ചത്തുപോകുന്നെങ്കിലും ആക്രമണം അനവരതമാണ്. അവയുടെ മുന്നേററത്തെ തടുക്കാൻ ഒരുക്കുന്ന തീ ചത്ത വെട്ടുക്കിളികൾ വീണ് കെട്ടുപോകുന്നു. അവയുടെ തള്ളിക്കയററത്തെ ചെറുക്കുന്നതിൽ വെള്ളം നിറച്ച കുഴികൾ യാതൊരു പ്രയോജനവും ചെയ്യുന്നില്ല, കാരണം ചത്ത വെട്ടുക്കിളികൾ വീണ് അവയും മൂടിപ്പോകുന്നു. (യോവേൽ 2:7-9) “അവയുടെ നാശോൻമുഖമായ മുന്നേററത്തെ തടുക്കാൻ കഴിയുന്ന യാതൊരു പ്രകൃതിജന്യ ശത്രുവും ഉള്ളതായി അറിവില്ല.” ഒരു ജന്തുശാസ്ത്ര പ്രൊഫസർ എഴുതിയത് അപ്രകാരമാണ്.—ദ ന്യൂയോർക്ക് ടൈംസ് മാഗസിൻ, “വെട്ടുക്കിളി യുദ്ധം,” മേയ് 22, 1960, പേജ് 96.
അടുത്ത കാലത്തെ വെട്ടുക്കിളി ബാധകളെക്കുറിച്ചു വിവരിച്ചുകൊണ്ട് ഗെർസിമെക്സ് ആനിമൽ ലൈഫ് എൻസൈക്ലോപീഡിയ (1975, വാല്യം 2, പേ. 109, 110) ഇപ്രകാരം റിപ്പോർട്ടു ചെയ്യുന്നു: “തൊണ്ടയിൽ രോമങ്ങളുള്ള പുൽച്ചാടികളുടെ അനേകം വർഗങ്ങൾ ആഫ്രിക്കയിലും ലോകത്തിന്റെ ഇതര ഭാഗങ്ങളിലും ഇക്കാലത്തുപോലും വെട്ടുക്കിളി ബാധക്കു കാരണമാകുന്നു. ഇടയ്ക്കിടയ്ക്കുള്ള അവയുടെ വൻ പെരുപ്പവും വ്യാപകമായ ദേശാന്തരഗമനവും സമീപ കാലങ്ങളിൽ ഭക്ഷ്യവിളകൾക്കു വൻ നാശനഷ്ടം വരുത്തിവെച്ചിട്ടുണ്ട്. 1873-1875-ൽ യൂറോപ്പിലും 1874-1877-ൽ യു.എസ്.എ.യിലും ഉണ്ടായ വെട്ടുക്കിളി ആക്രമണം അതിരൂക്ഷമായിരുന്നു. . . . 1955-ൽ മൊറോക്കോയുടെ തെക്കുഭാഗത്തെ ആക്രമിച്ച ദേശാന്തരഗമനം നടത്തുന്ന വെട്ടുക്കിളികളുടെ ഒരു വൻ കൂട്ടത്തിന് 250 കിലോമീററർ നീളവും 20 കിലോമീററർ വീതിയുമുണ്ടായിരുന്നു. വീണ്ടും, 1961⁄62-ൽ ഫലപ്രദമായി ചെറുത്തുനിൽക്കാൻ കഴിയാത്ത ഒരു ആക്രമണം കൂടി ഉണ്ടായി . . . തത്ഫലമായി, അഞ്ചു ദിവസങ്ങൾക്കുള്ളിൽ വെട്ടുക്കിളികൾ 5,000 ചതുരശ്ര കിലോമീററർ പ്രദേശത്ത് നൂറ് കോടിയിലധികം ഫ്രാങ്കിന്റെ മൂല്യത്തിനു തുല്യമായ നാശനഷ്ടം വരുത്തിവെച്ചു. . . . അഞ്ചു ദിവസം കഴിഞ്ഞപ്പോഴേക്കും ദേശാന്തരഗമനം നടത്തിയ ഈ വെട്ടുക്കിളികൾ 7,000 മെട്രിക് ടൺ ഓറഞ്ച് തിന്നുതീർത്തിരുന്നു, അത് മണിക്കൂറിൽ 60,000 കിലോഗ്രാം ഓറഞ്ച് എന്നതിനു തുല്യമാണ്. ഇതു ഫ്രാൻസിലെമ്പാടും ഒരു വർഷത്തെ ഉപഭോഗത്തിലും അധികമാണ്.”
ആലങ്കാരിക പ്രയോഗം
വെട്ടുക്കിളിയുടെ ആയുസ്സ് നാലു മാസത്തിനും ആറു മാസത്തിനും ഇടയിലാണെന്നു ഗവേഷണം സൂചിപ്പിക്കുന്നു. അതുകൊണ്ട് ഉചിതമായി വെളിപ്പാടു 9:5-ലെ പ്രതീകാത്മക വെട്ടുക്കിളികൾ മനുഷ്യരെ അഞ്ചു മാസം അഥവാ അവയുടെ ജീവകാലം മുഴുവൻ ദണ്ഡിപ്പിക്കുന്നതായി പറയപ്പെട്ടിരിക്കുന്നു.
അസീറിയയുടെ പട്ടാളക്കാരെക്കുറിച്ചു വർണിക്കുമ്പോൾ, നഹൂം 3:16 വെട്ടുക്കിളി അതിന്റെ തോലുരിയുന്നതായി പരാമർശിച്ചിരിക്കുന്നു. വളർച്ചയെത്തിയ ഘട്ടത്തിലെത്താൻ ഒരു വെട്ടുക്കിളി അഞ്ചു പ്രാവശ്യം അതിന്റെ പടം പൊഴിക്കുന്നു. നഹൂം 3:17-ൽ, അസീറിയൻ കാവൽക്കാരെയും റിക്രൂട്ടിങ് ഓഫീസർമാരെയും, കല്ലുകൊണ്ടു നിർമിച്ച ആട്ടിൻതൊഴുത്തിൽ തണുപ്പുള്ള ഒരു ദിവസം വന്നു ചേക്കേറുകയും സൂര്യനുദിക്കുമ്പോൾ പറന്നുപോകുകയും ചെയ്യുന്ന വെട്ടുക്കിളികളോടു താരതമ്യം ചെയ്തിരിക്കുന്നു. ഇവിടത്തെ പ്രയോക്തി, തണുത്ത കാലാവസ്ഥ ഈ പ്രാണികളെ മരവിപ്പിക്കുന്നു എന്ന വസ്തുതയിലേക്കു വിരൽ ചൂണ്ടുന്നതായിരിക്കാം. ഇവ സൂര്യപ്രകാശത്തിൽ ചൂടു പിടിക്കുന്നതുവരെ ചുവരുകളുടെ വിള്ളലുകളിൽ ഒളിച്ചിരിക്കാൻ അത് ഇടയാക്കുന്നു. പിന്നീട് അവ പറന്നകലുന്നു. അവയ്ക്കു ശരീരം 21 ഡിഗ്രി സെൽഷ്യസ് (70 ഡിഗ്രി ഫാരൻഹീററ്) ചൂടാകുന്നതുവരെ പറക്കാനാവില്ല എന്നു റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുണ്ട്.