-
വടക്കുനിന്നുള്ള ഒരു ആക്രമണംവീക്ഷാഗോപുരം (പഠനപ്പതിപ്പ്)—2020 | ഏപ്രിൽ
-
-
14. യോവേൽ 2:28, 29 എപ്പോഴാണു നിറവേറിയത്?
14 നാശത്തെക്കുറിച്ച് പ്രവചിച്ചതിനു ശേഷം യോവേൽ ഇപ്പോൾ സന്തോഷകരമായ ചില കാര്യങ്ങൾ പറയുന്നു. ദേശം വീണ്ടും ധാരാളം വിളവ് തരും എന്നതാണ് അതിലൊന്ന്. (യോവേ. 2:23-26) കുറെ കാലം കഴിഞ്ഞ് ആത്മീയാഹാരം സമൃദ്ധമായി ലഭിക്കാൻ തുടങ്ങുന്നതിനെക്കുറിച്ചും യോവേൽ പ്രവചനത്തിൽ കാണാം. അതെക്കുറിച്ച് യഹോവ പറയുന്നു: “ഞാൻ എല്ലാ തരം ആളുകളുടെ മേലും എന്റെ ആത്മാവിനെ പകരും; നിങ്ങളുടെ ആൺമക്കളും പെൺമക്കളും പ്രവചിക്കും, . . . അന്ന് എന്റെ ദാസീദാസന്മാരുടെ മേൽപോലും ഞാൻ എന്റെ ആത്മാവിനെ പകരും.” (യോവേ. 2:28, 29) ഇസ്രായേല്യർ ബാബിലോണിൽനിന്ന് സ്വദേശത്ത് മടങ്ങിയെത്തിയ ഉടനെ യഹോവ തന്റെ ആത്മാവിനെ പകർന്നില്ല. പകരം, നൂറ്റാണ്ടുകൾ കഴിഞ്ഞ്, എ.ഡി. 33-ലെ പെന്തിക്കോസ്തിലാണ് ഇതു സംഭവിച്ചത്. അതു നമുക്ക് എങ്ങനെ അറിയാം?
15. പ്രവൃത്തികൾ 2:16, 17-ൽ കാണുന്നതുപോലെ, യോവേൽ 2:28 ഉദ്ധരിച്ചപ്പോൾ പത്രോസ് എന്തു മാറ്റം വരുത്തി, അത് എന്തു സൂചിപ്പിച്ചു?
15 ആ ദിവസം അത്ഭുതകരമായ ഒരു സംഭവമുണ്ടായി. ദൈവപ്രചോദിതനായി, അപ്പോസ്തലനായ പത്രോസ് യോവേൽ 2:28, 29-നെ ആ സംഭവവുമായി ബന്ധപ്പെടുത്തി. അന്നേ ദിവസം രാവിലെ ഏകദേശം ഒൻപതു മണിയായപ്പോൾ, ചിലർക്ക് അത്ഭുതകരമായ വിധത്തിൽ പരിശുദ്ധാത്മാവിനെ പകർന്ന് കിട്ടി. അതു ലഭിച്ചവർ വ്യത്യസ്തഭാഷകളിൽ “ദൈവത്തിന്റെ മഹാകാര്യങ്ങൾ” സംസാരിക്കാൻ തുടങ്ങി. (പ്രവൃ. 2:11) ആ സാഹചര്യത്തിൽ പത്രോസ് യോവേൽ പ്രവചനത്തിലെ ഒരു ഭാഗം ഉദ്ധരിച്ചു. ദൈവാത്മാവിനാൽ പ്രചോദിതനായി, ആ ഭാഗത്തെ ചില വാക്കുകൾക്കു പകരം വേറെ ചില വാക്കുകളാണു പത്രോസ് ഉപയോഗിച്ചത്. അദ്ദേഹം വരുത്തിയ മാറ്റം നിങ്ങൾ ശ്രദ്ധിച്ചോ? (പ്രവൃത്തികൾ 2:16, 17 വായിക്കുക.) “അതിനു ശേഷം” എന്നു പറഞ്ഞ് തുടങ്ങുന്നതിനു പകരം പത്രോസ് ഇങ്ങനെയാണു പറഞ്ഞത്: “അവസാനകാലത്ത്” “എല്ലാ തരം ആളുകളുടെ മേലും” ദൈവാത്മാവ് പകരപ്പെടും. ഇവിടെ ജൂതവ്യവസ്ഥിതിയുടെ അവസാനത്തെക്കുറിച്ചാണു പത്രോസ് പറയുന്നത്. യോവേൽ 2:28, 29-ലെ പ്രവചനം കുറെ കാലം കഴിഞ്ഞാണു നിറവേറിയതെന്ന് ഇതു സൂചിപ്പിക്കുന്നു.
16. ഒന്നാം നൂറ്റാണ്ടിലെയും ഇക്കാലത്തെയും പ്രസംഗപ്രവർത്തനത്തിന്റെ മേൽ പരിശുദ്ധാത്മാവിന്റെ സ്വാധീനം എന്താണ്?
16 ഒന്നാം നൂറ്റാണ്ടിൽ ദൈവം തന്റെ ആത്മാവിനെ ക്രിസ്ത്യാനികളുടെ മേൽ പകർന്നതിനു ശേഷം അവർ വിപുലമായ വിധത്തിൽ പ്രസംഗപ്രവർത്തനം തുടങ്ങി. ഏകദേശം എ.ഡി. 61-ൽ പൗലോസ് കൊലോസ്യർക്കുള്ള കത്ത് എഴുതിയ സമയമായപ്പോഴേക്കും സന്തോഷവാർത്ത “ആകാശത്തിൻകീഴിലുള്ള എല്ലാ സൃഷ്ടികളുടെ ഇടയിലും” എത്തിയെന്നു പൗലോസിനു പറയാൻ കഴിഞ്ഞു. (കൊലോ. 1:23) പൗലോസിനും മറ്റുള്ളവർക്കും എത്തിപ്പെടാൻ കഴിയുന്ന ലോകത്തിന്റെ ഭാഗങ്ങളെയാണ് ‘എല്ലാ സൃഷ്ടികളും’ എന്നതുകൊണ്ട് പൗലോസ് ഉദ്ദേശിച്ചത്. ഇക്കാലത്ത്, യഹോവയുടെ ശക്തമായ പരിശുദ്ധാത്മാവിന്റെ സഹായത്താൽ പ്രസംഗപ്രവർത്തനം മുമ്പെന്നത്തെക്കാളും വ്യാപിച്ചിരിക്കുന്നു. അതെ, സന്തോഷവാർത്ത “ഭൂമിയുടെ അറ്റംവരെ” എത്തിയിരിക്കുന്നു.—പ്രവൃ. 13:47; “ഞാൻ . . . എന്റെ ആത്മാവിനെ പകരും” എന്ന ചതുരം കാണുക.
-