യഹോവയുടെ ദിവസം മനസ്സിൽ അടുപ്പിച്ചു നിറുത്തുക
വിധിയുടെ താഴ്വരയിൽ യഹോവയുടെ ദിവസം അടുത്തിരിക്കുന്നു.—യോവേൽ 3:14.
1. ആസന്നമായിരിക്കുന്നതും യഹോവ പ്രഖ്യാപിച്ചിരിക്കുന്നതുമായ വിശുദ്ധ യുദ്ധം മനുഷ്യവർഗ്ഗത്തിന്റെ “വിശുദ്ധ” യുദ്ധങ്ങളിൽ നിന്ന് വ്യത്യസ്തമായിരിക്കുന്നത് എന്തുകൊണ്ട്?
“ജനങ്ങളെ ജാതികളുടെ ഇടയിൽ ഇത് പ്രഖ്യാപിക്കുവിൻ, ‘യുദ്ധത്തെ വിശുദ്ധീകരിപ്പിൻ!’” (യോവേൽ 3:9, NW) ഒരു വിശുദ്ധ യുദ്ധത്തെയാണോ ഇത് അർത്ഥമാക്കുന്നത്? കുരിശു യുദ്ധങ്ങളിലേക്കും മതപരമായ മററു യുദ്ധങ്ങളിലേക്കും രണ്ടു ലോകയുദ്ധങ്ങളിലേക്കും—അവയിലെല്ലാം ക്രൈസ്തവ മണ്ഡലം ഒരു മുഖ്യ പങ്കു വഹിച്ചു—പിന്തിരിഞ്ഞു നോക്കുമ്പോൾ ഒരു വിശുദ്ധ യുദ്ധത്തെക്കുറിച്ചുള്ള ചിന്ത തന്നെ നമ്മെ ഞെട്ടിക്കുന്നു. എന്നുവരികിലും, യോവേൽ പ്രവചനത്തിലെ വിശുദ്ധ യുദ്ധം രാഷ്ട്രങ്ങൾക്കിടയിലെ ഒരു യുദ്ധമല്ല. അത് മതത്തെ ഒരു മറയാക്കിക്കൊണ്ട് ഭൂപ്രദേശത്തിനോ വസ്തുവകകൾക്കോ വേണ്ടി നടത്തപ്പെടുന്ന വിദ്വേഷം നിറഞ്ഞ ഒരു പോരാട്ടമല്ല. അത് നീതിയുള്ള ഒരു യുദ്ധമാണ്. അത് ഭൂമിയിൽ നിന്ന് കലഹവും ദുഷിപ്പും മർദ്ദനവും തുടച്ചു നീക്കാൻ വേണ്ടിയുള്ള ദൈവത്തിന്റെ യുദ്ധമാണ്. അത് തന്റെ സൃഷ്ടിയുടെ മുഴുമണ്ഡലത്തിലും യഹോവയുടെ നീതിപൂർവ്വകമായ പരമാധികാരം സംസ്ഥാപിക്കും. അത് ദൈവത്തിന്റെ പ്രവാചകൻമാരാൽ മുൻകൂട്ടി പറയപ്പെട്ട ആഗോള സമാധാനത്തിന്റെയും ക്ഷേമത്തിന്റെയും സന്തുഷ്ടിയുടെയും ആയിര വർഷ ഭരണത്തിലേക്ക് മനുഷ്യവർഗ്ഗത്തെ ആനയിക്കുന്നതിന് ക്രിസ്തുവിന്റെ രാജ്യത്തിന് വഴിതെളിക്കും.—സങ്കീർത്തനം 37:9-11; യെശയ്യാവ് 65:17, 18; വെളിപ്പാട് 20:6.
2, 3. (എ) യോവേൽ 3:14-ൽ മുൻകൂട്ടി പറയപ്പെട്ടിരിക്കുന്ന “യഹോവയുടെ ദിവസം” എന്താണ്? (ബി) ആ ദിവസത്തിൽ രാഷ്ട്രങ്ങൾ അഭിമുഖീകരിക്കുന്നത് അവർ അർഹിക്കുന്നതായിരിക്കുന്നത് എന്തുകൊണ്ട്?
2 അപ്പോൾ പിന്നെ യോവേൽ 3:14-ൽ മുൻകൂട്ടി പറയപ്പെട്ടിരിക്കുന്ന “യഹോവയുടെ ദിവസം” എന്താണ്? “ആ ദിവസം അയ്യോ കഷ്ടം!,” യഹോവ തന്നെ ഉൽഘോഷിക്കുന്നു, “[എന്തുകൊണ്ടെന്നാൽ, NW] യഹോവയുടെ ദിവസം അടുത്തിരിക്കുന്നു. അതു സർവ്വശക്തന്റെ പക്കൽ നിന്നു സംഹാരം പോലെ വരുന്നു.” അത് ഒരു സംഹാരമായിരിക്കുന്നത് എങ്ങനെയാണ്? പിന്നീട് പ്രവാചകൻ വിശദീകരിക്കുന്നു: “വിധിയുടെ താഴ്വരയിൽ അസംഖ്യ സമൂഹങ്ങളെ കാണുന്നു; വിധിയുടെ താഴ്വരയിൽ യഹോവയുടെ ദിവസം അടുത്തിരിക്കുന്നു.” (യോവേൽ 1:15; 3:14) സ്വർഗ്ഗത്തിന്റെയും ഭൂമിയുടെയും മേലുള്ള തന്റെ നീതിപൂർവ്വകമായ പരമാധികാരത്തെ ത്യജിച്ചു കളയുന്ന അഭക്തരായ ജനക്കൂട്ടങ്ങളുടെമേൽ യഹോവ തന്റെ ന്യായവിധികൾ നടപ്പാക്കുന്ന ദിവസം ഇതാണ്. മനുഷ്യവർഗ്ഗത്തെ നീരാളിപ്പിടുത്തത്തിൽ അമർത്തി വച്ചിരിക്കുന്ന സാത്താന്യ വ്യവസ്ഥിതി നിർമ്മൂലമാക്കാൻ യഹോവ തീരുമാനിച്ചിരിക്കുകയാണ്.—യിരെമ്യാവ് 17:5-7; 25:31-33.
3 ഭൂമിയിലെ ഈ ദുഷിച്ച വ്യവസ്ഥിതി ആ വിധിതീർപ്പിനെ അഭിമുഖീകരിക്കേണ്ടതുണ്ട്. എന്നാൽ ഈ ലോകവ്യവസ്ഥിതി യഥാർത്ഥത്തിൽ അത്ര മോശമാണോ? അതിന്റെ രേഖയിലൂടെ ഒന്നു കണ്ണോടിച്ചാൽ മതി! മത്തായി 7:16-ൽ യേശു ഒരു തത്വം പ്രസ്താവിച്ചു: “അവരുടെ ഫലങ്ങളാൽ നിങ്ങൾ അവരെ തിരിച്ചറിയും.” ലോകത്തിലെ വൻനഗരങ്ങൾ മയക്കുമരുന്നുകൾ, കുററകൃത്യങ്ങൾ, ഭീകരപ്രവർത്തനം, അധാർമ്മികത, മലിനീകരണം എന്നിവയുടെ അഴുക്കുചാലുകളായി മാറിയിട്ടില്ലേ? അനേക രാജ്യങ്ങളിൽ പുതുതായി കണ്ടെത്തപ്പെട്ട സ്വാതന്ത്ര്യങ്ങൾ രാഷ്ട്രീയ കുഴപ്പങ്ങളാലും ഭക്ഷ്യദൗർലഭ്യതയാലും ദാരിദ്ര്യത്താലും ശ്വാസം മുട്ടിക്കപ്പെടുകയാണ്. നൂറുകോടിയിലധികമാളുകൾ പട്ടിണി റേഷനെ ആശ്രയിച്ചു ജീവിക്കുന്നു. അതിനു പുറമെ മയക്കുമരുന്നുകളാലും അധാർമ്മിക ജീവിതരീതികളാലും ആളിപ്പടരാൻ ഇടയാക്കപ്പെടുന്ന എയ്ഡ്സ് എന്ന മഹാവ്യാധി ഭൂമിയുടെ വലിയൊരു ഭാഗത്തിൻമേൽ കരിനിഴൽ വീഴ്ത്തിയിരിക്കുന്നു. വിശേഷിച്ച് 1914-ൽ ഒന്നാം ലോകയുദ്ധം പൊട്ടിപ്പുറപ്പെട്ടതു മുതൽ ജീവിതത്തിന്റെ എല്ലാ വശങ്ങളിലും ലോകവ്യാപകമായിട്ട് ഒരു അധഃപതനം ഉണ്ടായിരുന്നിട്ടുണ്ട്.—2 തിമൊഥെയോസ് 3:1-5 താരതമ്യം ചെയ്യുക.
4. രാഷ്ട്രങ്ങളോട് യഹോവ എന്തു വെല്ലുവിളിയാണ് നടത്തുന്നത്?
4 എന്നിരുന്നാലും, സന്തോഷപൂർവ്വം തന്റെ വഴികളെ സംബന്ധിച്ചുള്ള പ്രബോധനം സ്വീകരിക്കുകയും തന്റെ പാതകളിൽ നടക്കുകയും ചെയ്യുന്ന ഒരു ജനത്തെ യഹോവ സകല ജനതകളിൽ നിന്നുമായി കൂട്ടിച്ചേർത്തുകൊണ്ടാണിരുന്നിട്ടുള്ളത്. ലോകത്തിനു ചുററുമുള്ള ഈ ജനം ലോകത്തിന്റെ അക്രമപരമായ വഴികളെ പരിത്യജിച്ചുകൊണ്ട് തങ്ങളുടെ വാളുകളെ കൊഴുക്കളായി അടിച്ചു തീർത്തിരിക്കുന്നു. (യെശയ്യാവ് 2:2-4) അതെ, വാളുകളെ കൊഴുക്കളായി! എന്നാൽ ഇത് യോവേൽ 3:9, 10-ൽ പ്രഖ്യാപിക്കാൻ യഹോവ ഇടയാക്കുന്ന ഘോഷണത്തിന്റെ നേരെ വിപരീതമല്ലേ? അവിടെ നാം ഇങ്ങനെ വായിക്കുന്നു: “ജനങ്ങളെ, ജനതകളുടെയിടയിൽ ഇത് വിളിച്ചുപറവിൻ, ‘യുദ്ധത്തെ വിശുദ്ധീകരിപ്പിൻ! വീരൻമാരെ ഉദ്വേഗിപ്പിപ്പിൻ! അവർ അടുത്തു വരട്ടെ! എല്ലാ യോദ്ധാക്കളും തന്നെ! നിങ്ങളുടെ കൊഴുക്കളെ വാളുകളായും നിങ്ങളുടെ കോതുകത്രികകളെ കുന്തങ്ങളായും അടിച്ചു തീർപ്പിൻ.’” (NW) ആ, തങ്ങളുടെ സംയുക്ത സൈനിക ശക്തിയെ അർമ്മഗെദ്ദോനിൽ തനിക്കെതിരെ അണിനിരത്താൻ യഹോവ ലോകത്തിലെ ഭരണാധിപൻമാരെ വെല്ലുവിളിക്കുകയാണ്. എന്നാൽ അവർക്ക് വിജയിക്കാനാവില്ല! അവർ നിലംപരിചാകുക തന്നെ ചെയ്യും!—വെളിപ്പാട് 16:16.
5. “ഭൂമിയിലെ മുന്തിരിയുടെ” വിളവെടുപ്പ് നടക്കുമ്പോൾ അതിന്റെ ഫലമെന്തായിരിക്കും?
5 പരമാധീശകർത്താവായ യഹോവക്കെതിരെ ശക്തരായ ഭരണാധിപൻമാർ ഭീകരമായ ആയുധങ്ങൾ ശേഖരിച്ചു വച്ചിരിക്കുന്നു—എന്നാൽ അത് വെറുതെയാണ്! യോവേൽ 3:13-ൽ യഹോവ കൽപ്പന കൊടുക്കുന്നു: “അരിവാൾ ഇടുവിൻ; കൊയ്ത്തിന് വിളഞ്ഞിരിക്കുന്നു. വന്നു ചവിട്ടുവിൻ; ചക്കു നിറഞ്ഞിരിക്കുന്നു; തൊട്ടികൾ കവിഞ്ഞിരിക്കുന്നു; അവരുടെ ദുഷ്ടത വലുതല്ലോ.” ആ വാക്കുകൾ വെളിപ്പാട് 14:18-20-ലേതിന് സമാനമാണ്. അവിടെ മൂർച്ചയുള്ള അരിവാൾ പിടിച്ചിരിക്കുന്ന ഒരു ദൂതന് ഈ കൽപ്പന ലഭിക്കുന്നു: “മുന്തിരിങ്ങ പഴുത്തിരിക്കുകയാൽ ഭൂമിയിലെ മുന്തിരി വള്ളിയുടെ കുല ശേഖരിക്കുക.” (NW) ആ ദൂതൻ തന്റെ മൂർച്ചയുള്ള അരിവാൾ നീട്ടി മൽസരികളായ ആ ജനതകളെ “ദൈവകോപത്തിന്റെ വലിയ മുന്തരിച്ചക്കിലേക്ക് എറിയുന്നു. ആലങ്കാരികമായി മുന്തരിച്ചക്കിൽ നിന്നുള്ള രക്തം കുതിരകളുടെ കടിവാളങ്ങളോളം ഉയരത്തിൽ 1,600 ഫർലോങ്—ഏകദേശം 180 മൈൽ—ദൂരത്തിൽ ഒഴുകുന്നു! യഹോവയെ അനാദരിക്കുന്ന ജനതകൾക്ക് എത്ര ഭീകരമായ ഒരു ഭാവിയാണുള്ളത്!
നിയമമനുസരിക്കുന്ന പൗരൻമാർ
6. രാഷ്ട്രങ്ങളെയും അവയുടെ ഭരണാധികാരികളെയും യഹോവയുടെ സാക്ഷികൾ എങ്ങനെയാണ് വീക്ഷിക്കുന്നത്?
6 യഹോവയുടെ സാക്ഷികൾ രാഷ്ട്രങ്ങളോടും അവയുടെ നിയമങ്ങളോടും ആദരവില്ലാത്തവരാണ് എന്നാണോ ഇതിന്റെയർത്ഥം? ഒരിക്കലുമല്ല! എല്ലാവർക്കും വ്യക്തമായി കാണാൻ കഴിയുന്ന ദുഷിച്ച അവസ്ഥകളെ അവർ കേവലം അപലപിക്കുകയും യഹോവയുടെ ന്യായവിധി നടപ്പാക്കാനുള്ള അത്യാസന്നമായ അവന്റെ ദിവസത്തെക്കുറിച്ച് അവർ മുന്നറിയിപ്പ് നൽകുകയും ചെയ്യുന്നു. അതേസമയം അവർ താഴ്മയോടെ റോമർ 13:1-ലെ അപ്പോസ്തലനായ പൗലോസിന്റെ കൽപ്പന അനുസരിക്കുന്നു: “ഏതു മനുഷ്യനും ശ്രേഷ്ഠാധികാരങ്ങൾക്ക് കീഴ്പ്പെട്ടിരിക്കട്ടെ.” ഈ മാനുഷ ഭരണാധിപൻമാർക്ക് അവർ ആരാധനയല്ല, അർഹമായ ബഹുമാനം നൽകുന്നു. നിയമം അനുസരിക്കുന്ന പൗരൻമാരെന്ന നിലയിൽ അവർ സത്യസന്ധതയുടെയും ശുദ്ധിയുടെയും ബൈബിൾ നിലവാരങ്ങൾ അനുസരിക്കുകയും സ്വന്തം കുടുംബങ്ങളിൽ നല്ല ധാർമ്മികത കെട്ടുപണി ചെയ്യുകയും ചെയ്യുന്നു. മററുള്ളവർക്കും ഇത് എങ്ങനെ ചെയ്യാൻ കഴിയുമെന്ന് പഠിക്കാൻ അവർ മററുള്ളവരെ സഹായിക്കുന്നു. പ്രതിഷേധ പ്രകടനങ്ങളിലോ രാഷ്ട്രീയ വിപ്ളവങ്ങളിലോ ഒന്നും ഉൾപ്പെടാതെ അവർ സമാധാനത്തോടെ ജീവിക്കുന്നു. അത്യുന്നതനായ അധികാരി, പരമാധികാര കർത്താവായ യഹോവ, ഈ ഭൂമിയിൽ പൂർണ്ണമായ സമാധാനവും നീതിയുള്ള ഭരണവും പുനഃസ്ഥാപിക്കാൻ വേണ്ടി കാത്തിരിക്കവെ മാനുഷ ശ്രേഷ്ഠാധികാരികളുടെ നിയമങ്ങൾ അനുസരിക്കുന്നതിൽ മാതൃകായോഗ്യരായിരിക്കാൻ യഹോവയുടെ സാക്ഷികൾ ശ്രമിക്കുന്നു.
അവന്റെ ന്യായവിധി നടപ്പാക്കൽ
7, 8. (എ) ഏതു വിധത്തിലാണ് രാഷ്ട്രങ്ങൾ ഉലക്കപ്പെടുകയും അന്ധകാരം അവരെ മൂടുകയും ചെയ്യുന്നത്? (ബി) ഇന്ന് യോവേൽ ആരെ ചിത്രീകരിക്കുന്നു, പൊതുലോകത്തോടുള്ള വിപരീത താരതമ്യത്തിൽ ഇവർ എങ്ങനെയാണ് അനുഗ്രഹിക്കപ്പെട്ടിരിക്കുന്നത്?
7 തന്റെ ന്യായവിധിയുടെ നടപ്പാക്കലിനെ സംബന്ധിച്ച് വ്യക്തമായ ആലങ്കാരിക ഭാഷയിൽ യഹോവ കൂടുതലായ ഈ വിവരണം നൽകുന്നു: “സൂര്യനും ചന്ദ്രനും ഇരുണ്ടുപോകും; നക്ഷത്രങ്ങൾ പ്രകാശം നൽകുകയുമില്ല. യഹോവ സീയോനിൽ നിന്ന് ഗർജ്ജിച്ചു, യെരൂശലേമിൽ നിന്ന് തന്റെ നാദം കേൾപ്പിക്കും; ആകാശവും ഭൂമിയും കുലുങ്ങിപ്പോകും; എന്നാൽ യഹോവ തന്റെ ജനത്തിന് ശരണവും ഇസ്രയേൽ മക്കൾക്ക് ദുർഗ്ഗവും ആയിരിക്കും.” (യോവേൽ 3:15, 16) മനുഷ്യവർഗ്ഗത്തിന്റെ, പ്രത്യക്ഷത്തിൽ ശോഭനവും ഐശ്വര്യപൂർണ്ണവുമായ അവസ്ഥ ഇരുളടഞ്ഞത്, അനിഷ്ട സൂചനയുള്ളതായിത്തീരും, തകർന്നുകൊണ്ടിരിക്കുന്ന ഈ ലോകവ്യവസ്ഥിതി ഇല്ലാതാകും, ഒരു ഭൂമികുലുക്കത്താലെന്നവണ്ണം തകർത്തു നശിപ്പിക്കപ്പെടും!—ഹഗ്ഗായി 2:20-22.
8 യഹോവ ഒരു ശരണവും തന്റെ ജനത്തിന് ഒരു ദുർഗ്ഗവും ആയിരിക്കുമെന്നുള്ള സന്തോഷകരമായ ഉറപ്പ് കുറിക്കൊള്ളുക! അത് എന്തുകൊണ്ടാണ്? എന്തുകൊണ്ടെന്നാൽ യഹോവയുടെ വാക്കുകൾക്ക് പ്രതികരണം കാട്ടിയിട്ടുള്ള ഏക ജനത—ഒരു അന്താരാഷ്ട്ര ജനത—അവർ മാത്രമാണ്: “ഞാൻ നിങ്ങളുടെ ദൈവമായ യഹോവയാണെന്ന് നിങ്ങൾ അറിയും.” (യോവേൽ 3:17) യോവേൽ എന്ന പേരിന്റെ അർത്ഥം “യഹോവ ദൈവമാകുന്നു” എന്നാകയാൽ യഹോവയുടെ പരമാധികാരത്തെ ധൈര്യപൂർവ്വം പ്രഖ്യാപിക്കുന്നതിനുവേണ്ടി ഇന്നു സേവനം ചെയ്തുകൊണ്ടിരിക്കുന്ന യഹോവയുടെ ആധുനികകാല അഭിഷിക്ത സാക്ഷികളെ അവൻ ഉചിതമായി ചിത്രീകരിക്കുന്നു. (മലാഖി 1:11 താരതമ്യം ചെയ്യുക.) യോവേൽ പ്രവചനത്തിന്റെ ആദ്യ വാക്കുകളിലേക്ക് തിരിഞ്ഞാൽ ഇന്നത്തെ ദൈവജനത്തിന്റെ പ്രവർത്തനങ്ങളെ അവൻ എത്ര വ്യക്തമായി മുൻകൂട്ടിപ്പറഞ്ഞിരിക്കുന്നു എന്ന് നാം കണ്ടെത്തും.
ഒരു വെട്ടുക്കിളി സൈന്യം
9, 10. (എ) യോവേൽ എന്തു ബാധ മുൻകൂട്ടിപ്പറഞ്ഞിരിക്കുന്നു? (ബി) ഒരു ബാധ സംബന്ധിച്ച യോവേലിന്റെ പ്രവചനത്തെ വെളിപ്പാട് പ്രതിധ്വനിപ്പിക്കുന്നതെങ്ങനെ, ക്രൈസ്തവമണ്ഡലത്തിൻമേൽ ഈ ബാധക്ക് എന്തു ഫലമാണ് ഉണ്ടായിരിക്കുക?
9 ഇപ്പോൾ “യോവേലിനുണ്ടായ യഹോവയുടെ അരുളപ്പാട്” ശ്രദ്ധിക്കുക: “മൂപ്പൻമാരെ, ഇത് കേൾപ്പിൻ; ദേശത്തിലെ സകല നിവാസികളുമായുള്ളോരെ, ചെവിക്കൊൾവിൻ; നിങ്ങളുടെ കാലത്തോ നിങ്ങളുടെ പിതാക്കൻമാരുടെ കാലത്തോ ഇങ്ങനെ സംഭവിച്ചിട്ടുണ്ടോ? ഇത് നിങ്ങൾ നിങ്ങളുടെ മക്കളോടും നിങ്ങളുടെ മക്കൾ തങ്ങളുടെ മക്കളോടും അവരുടെ മക്കൾ വരുവാനുള്ള തലമുറയോടും വിവരിച്ചു പറയേണം. തുള്ളൻ ശേഷിപ്പിച്ചതു വെട്ടുക്കിളി തിന്നു; വെട്ടുക്കിളി ശേഷിപ്പിച്ചതു വിട്ടിൽ തിന്നു; വിട്ടിൽ ശേഷിപ്പിച്ചതു പച്ചപ്പുഴു തിന്നു.”—യോവേൽ 1:1-4.
10 ഇത് ഒരു അസാധാരണ യുദ്ധമാണ്, എക്കാലവും സ്മരിക്കപ്പെടുന്ന ഒന്ന്. ഒന്നിനു പുറകെ മറെറാന്നായി ഷട്പദങ്ങളുടെ നിരകൾ, മുഖ്യമായും വെട്ടുക്കിളികൾ, ദേശത്തെ ശൂന്യമാക്കുന്നു. ഇതിന്റെ അർത്ഥമെന്താണ്? “അഗാധത്തിന്റെ ദൂതനായ രാജാവിന്റെ” കീഴിൽ, അത് യേശുക്രിസ്തുവല്ലാതെ മററാരുമല്ല, യഹോവ അയക്കുന്ന വെട്ടുക്കിളി ബാധയെപ്പററി വെളിപ്പാട് 9:1-12ഉം സംസാരിക്കുന്നു. അബദോൻ എന്നും (എബ്രായ) അപ്പോള്ളിയോൻ എന്നും (ഗ്രീക്ക്) ഉള്ള അവന്റെ പേരുകൾക്ക് “നാശം” എന്നും “വിനാശകൻ” എന്നുമാണ് അർത്ഥം. വ്യാജമതത്തെ പൂർണ്ണമായി തുറന്നു കാട്ടിക്കൊണ്ടും അതിൻമേലുള്ള യഹോവയുടെ പ്രതികാരം പ്രഖ്യാപിച്ചുകൊണ്ടും ക്രൈസ്തവ മണ്ഡലത്തിന്റെ മേച്ചിൽ സ്ഥലങ്ങളെ നശിപ്പിക്കാൻ കർത്താവിന്റെ ദിവസത്തിൽ പുറപ്പെടുന്ന അഭിഷിക്ത ക്രിസ്ത്യാനികളുടെ ശേഷിപ്പിനെയാണ് ഈ വെട്ടുക്കിളികൾ ചിത്രീകരിക്കുന്നത്.
11. ആധുനികകാല വെട്ടുക്കിളികൾ ശക്തീകരിക്കപ്പെട്ടിരിക്കുന്നതെങ്ങനെ, അവരുടെ ആക്രമണ ലക്ഷ്യം വിശേഷാൽ ആരാണ്?
11 വെളിപ്പാട് 9:13-21 സൂചിപ്പിക്കുന്നപ്രകാരം വെട്ടുക്കിളി ബാധയെ തുടർന്ന് ഒരു വലിയ കുതിരപ്പടയുടെ ബാധയുണ്ടാകുന്നു. ശേഷിക്കുന്ന ഏതാനും ആയിരം അഭിഷിക്ത ക്രിസ്ത്യാനികൾ 40 ലക്ഷത്തിലധികം വരുന്ന “വേറെ ആടുകളാൽ” പരിപോഷിപ്പിക്കപ്പെടുകയും അവർ ഒത്തു ചേർന്നു ചെറുക്കാനാവാത്ത ഒരു കുതിരപ്പടയായിത്തീരുകയും ചെയ്യുന്നതിനാൽ ഇന്ന് ഇത് എത്ര സത്യമാണ്! (യോഹന്നാൻ 10:16) ക്രൈസ്തവമണ്ഡലത്തിലെ വിഗ്രഹാരാധികളുടെമേലും തങ്ങളുടെ ‘കൊലപാതകങ്ങളും ആത്മവിദ്യാചാരങ്ങളും പരസംഗവും മോഷണങ്ങളും സംബന്ധിച്ച് അനുതപിക്കാത്തവരുടെമേലും’ യഹോവയുടെ കുത്തി നോവിക്കുന്ന ന്യായവിധികൾ പ്രഖ്യാപിക്കുന്നതിൽ അവർ ഒത്തുചേരുന്നു. ആർക്കെതിരെ ഈ ന്യായവിധികൾ പ്രഖ്യാപിക്കപ്പെടുന്നുവോ അവരിൽ ഈ നൂററാണ്ടിലെ നിഷ്ഠൂരമായ യുദ്ധങ്ങൾക്ക് പിന്തുണകൊടുത്തിട്ടുള്ള—കത്തോലിക്കരും പ്രോട്ടസ്ററൻറുകാരുമായ—പുരോഹിതരും സ്വവർഗ്ഗരതിക്കാരായ പുരോഹിതരും വൈകൃതശീലക്കാരായ ററി വി സുവിശേഷകരും ഉൾപ്പെടുന്നു.
12. ക്രൈസ്തവമണ്ഡലത്തിലെ നേതാക്കൻമാർ ന്യായവിധി ദൂത് സ്വീകരിക്കാൻ അർഹരായിരിക്കുന്നത് എന്തുകൊണ്ട്, മഹാബാബിലോന്റെ മറെറല്ലാ അംഗങ്ങളോടുമൊപ്പം പെട്ടെന്നുതന്നെ അവർക്ക് എന്തു സംഭവിക്കും?
12 വിശിഷ്ട വസ്ത്രധാരികളായ അത്തരം ദുഷ്ട “മാന്യൻമാരോ”ടുള്ള യഹോവയുടെ ആഹ്വാനം മുഴങ്ങിക്കേൾക്കുന്നു: “മദ്യപാൻമാരെ, ഉണർന്നു കരവിൻ; വീഞ്ഞു കടിക്കുന്ന ഏവരുമായുള്ളോരെ, പുതുവീഞ്ഞു നിങ്ങളുടെ വായ്ക്കു അററുപോയിരിക്കയാൽ മുറയിടുവിൻ.” (യോവേൽ 1:5) ഈ 20-ാം നൂററാണ്ടിൽ ക്രൈസ്തവമണ്ഡലത്തിലെ മതങ്ങൾ ദൈവവചനത്തിലെ ശുദ്ധിയുള്ള ധാർമ്മികതത്വങ്ങൾക്ക് പകരം ലോകത്തിന്റെ അനുവദനീയതയെ പ്രതിഷ്ഠിച്ചിരിക്കുന്നു. വ്യാജമതത്തിനും അതിലെ ഇടവകക്കാർക്കും ലോകത്തിന്റെ രീതികൾ നുകരുന്നത് മധുരമായി തോന്നുന്നു, എന്നാൽ ആത്മീകവും ഭൗതികവുമായ രോഗത്തിന്റെ എന്തൊരു വിളവാണ് അവർ കൊയ്തെടുത്തിരിക്കുന്നത്! പെട്ടെന്നുതന്നെ, വെളിപ്പാട് 17:16, 17-ൽ വിവരിച്ചിരിക്കുന്നപ്രകാരം രാഷ്ട്രീയ ശക്തികൾ വ്യാജമതലോകസാമ്രാജ്യമായ മഹാബാബിലോന്റെ നേരെ തിരിയുകയും അവളെ ശൂന്യയാക്കുകയും ചെയ്യുക എന്നത് ദൈവത്തിന്റെ “ചിന്ത”യായിരിക്കും. അവൾക്കെതിരെയുള്ള യഹോവയുടെ വിധിനടപ്പാക്കപ്പെടുന്നതായി കാണുമ്പോൾ മാത്രമെ അവൾ അവളുടെ മത്തുപിടിച്ച മയക്കത്തിൽ നിന്ന് “ഉണരുക”യുള്ളു.
“അസംഖ്യവും ശക്തവുമായ ഒരു ജനത”
13. വെട്ടുക്കിളി സൈന്യം “അസംഖ്യവും ശക്തവും” ആണെന്ന് ക്രൈസ്തവമണ്ഡലത്തിന് തോന്നുന്നത് ഏതു വിധത്തിലാണ്?
13 തുടർന്ന് യഹോവയുടെ പ്രവാചകൻ വെട്ടുക്കിളി സൈന്യത്തെ “അസംഖ്യവും ശക്തവുമായ ഒരു ജനത”യായി വർണ്ണിക്കുന്നു, അത് അങ്ങനെയായിരിക്കുന്നതായി മഹാബാബിലോന് തോന്നുന്നു. (യോവേൽ 2:2) ഉദാഹരണത്തിന്, ബുദ്ധമതം പ്രബലമായിരിക്കുന്ന ജപ്പാനിൽ, ക്രൈസ്തവമണ്ഡലത്തിലെ മതങ്ങൾ മതപരിവർത്തനം നടത്തുന്നതിൽ പരാജയപ്പെട്ടു എന്ന വസ്തുതയെച്ചൊല്ലി അതിലെ പുരോഹിതൻമാർ വിലപിക്കുന്നു. എന്നിരുന്നാലും ഇന്ന് 1,60,000-ലധികം വരുന്ന യഹോവയുടെ സാക്ഷികൾ ആ രാജ്യത്ത് എല്ലായിടത്തും പരക്കുകയും 2,00,000-ലധികം ഭവനങ്ങളിൽ വ്യക്തിപരമായി ബൈബിൾ അദ്ധ്യയനങ്ങൾ നടത്തുകയും ചെയ്യുന്നു. ഇററലിയിൽ 1,80,000 വരുന്ന യഹോവയുടെ സാക്ഷികൾ സംഖ്യയിൽ കത്തോലിക്കർ കഴിഞ്ഞാൽ അടുത്ത സ്ഥാനത്താണ്. യഹോവയുടെ സാക്ഷികൾ ‘ഓരോ വർഷവും സഭയിൽ നിന്ന് വിശ്വസ്തരായ 10,000 കത്തോലിക്കരെയെങ്കിലും’ തട്ടിയെടുക്കുന്നു എന്ന് ഇററലിയിലെ ഒരു കത്തോലിക്ക മോൺസിഞ്ഞോർ വിലപിച്ചതു കൊണ്ടും ഫലം ഒന്നും ഉണ്ടായിട്ടില്ല.a അത്തരം ആളുകളെ സ്വാഗതം ചെയ്യാൻ സാക്ഷികൾ സന്തോഷമുള്ളവരാണ്.—യെശയ്യാവ് 60:8, 22.
14, 15. യോവേൽ വെട്ടുക്കിളി സൈന്യത്തെ വർണ്ണിക്കുന്നത് എങ്ങനെയാണ്, ഇന്ന് അത് ഏതു വിധത്തിലാണ് നിവർത്തിയേറിയിരിക്കുന്നത്?
14 അഭിഷിക്ത ക്രിസ്ത്യാനികളുടെ വെട്ടുക്കിളി സൈന്യത്തെ വർണ്ണിച്ചുകൊണ്ട് യോവേൽ 2:7-9 ഇപ്രകാരം പ്രസ്താവിക്കുന്നു: “അവർ വീരൻമാരെപ്പോലെ ഓടുന്നു; യോദ്ധാക്കളെപ്പോലെ മതിൽ കയറുന്നു. അവർ പാതവിട്ടുമാറാതെ താന്താന്റെ വഴിയിൽ നടക്കുന്നു. അവർ തമ്മിൽ തിക്കാതെ താന്താന്റെ പാതയിൽ നേരെ നടക്കുന്നു; അവർ മുറിവേൽക്കാതെ ആയുധങ്ങളുടെ ഇടയിൽകൂടെ ചാടുന്നു. അവർ പട്ടണത്തിൽ ചാടിക്കടക്കുന്നു; മതിലിൻമേൽ ഓടുന്നു; വീടുകളിൻമേൽ കയറുന്നു; കള്ളനെപ്പോലെ കിളിവാതിലുകളിൽകൂടി കടക്കുന്നു.”
15 ഇപ്പോൾ 40ലക്ഷത്തിലധികം വരുന്ന വേറെ ആടുകളും കൂടെ ചേർന്നിട്ടുള്ള അഭിഷിക്ത “വെട്ടുക്കിളി” സൈന്യത്തിന്റെ വ്യക്തമായ ഒരു ചിത്രീകരണം തന്നെ! മതപരമായ ശത്രുതയുടെ യാതൊരു “മതിലിനും” അവരെ തടഞ്ഞുനിറുത്താൻ കഴിയുകയില്ല. ധൈര്യസമേതം അവർ പരസ്യസാക്ഷീകരണത്തിന്റെയും മററ് ക്രിസ്തീയ പ്രവർത്തനങ്ങളുടെയും ഈ “ദിനചര്യയിൽ ക്രമം തെററാതെ നടക്കുന്നു.” (ഫിലിപ്പ്യർ 3:16 താരതമ്യം ചെയ്യുക.) നാസ്സി ജർമ്മനിയിലെ കത്തോലിക്കനായ ഹിററ്ലറിന് ജയ് വിളിക്കാൻ വിസമ്മതിച്ച ആയിരക്കണക്കിന് സാക്ഷികൾ ‘ആയുധങ്ങൾക്കിടയിൽ വീണതുപോലെ’ വിശ്വാസം സംബന്ധിച്ച് വിട്ടുവീഴ്ച ചെയ്യുന്നതിനേക്കാൾ മരിക്കാൻ അവർ മനസ്സൊരുക്കമുള്ളവരായിരുന്നിട്ടുണ്ട്. തടസ്സങ്ങളെ തരണം ചെയ്തുകൊണ്ട്, വീടുതോറുമുള്ള അവരുടെ വേലയിൽ ശതകോടിക്കണക്കിന് ബൈബിൾ സാഹിത്യങ്ങൾ വിതരണം ചെയ്യുക വഴി ഒരു കള്ളനെപ്പോലെ ഭവനങ്ങളിലേക്ക് കടന്നുചെന്നുകൊണ്ട് ഈ വെട്ടുക്കിളി സൈന്യം ക്രൈസ്തവമണ്ഡലമാകുന്ന “നഗരത്തിൽ” സമഗ്രസാക്ഷ്യം നൽകിയിരിക്കുന്നു. ഇങ്ങനെയൊരു സാക്ഷ്യം നൽകുകയെന്നത് യഹോവയുടെ ഇഷ്ടമാണ്, സ്വർഗ്ഗത്തിലോ ഭൂമിയിലോ ഉള്ള യാതൊരു ശക്തിക്കും അത് തടയാനാവില്ല.—യെശയ്യാവ് 55:11.
“പരിശുദ്ധാത്മാവിനാൽ നിറഞ്ഞ്”
16, 17. (എ) യോവേൽ 2:28, 29-ലെ വാക്കുകൾക്ക് ഒരു ശ്രദ്ധേയമായ നിവൃത്തിയുണ്ടായത് എപ്പോഴാണ്? (ബി) യോവേലിന്റെ ഏതു പ്രവാചക വാക്കുകൾക്ക് ഒന്നാം നൂററാണ്ടിൽ പൂർണ്ണമായ നിവൃത്തി ഉണ്ടായില്ല?
16 യഹോവ തന്റെ സാക്ഷികളോട് പറയുന്നു: “ഞാൻ (ആത്മീയ) ഇസ്രയേലിന്റെ നടുവിൽ ഉണ്ട്; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ, മറെറാരുത്തനുമില്ല എന്ന് നിങ്ങൾ അറിയും.” (യോവേൽ 2:27) യഹോവ യോവേൽ 2:28, 29-ലെ തന്റെ വാക്കുകൾ നിവർത്തിക്കാൻ തുടങ്ങിയപ്പോൾ അവന്റെ ജനത്തിന് ഈ വിലപ്പെട്ട തിരിച്ചറിവ് ലഭിച്ചു: “ഞാൻ സകല ജഡത്തിൻമേലും എന്റെ ആത്മാവിനെ പകരും; നിങ്ങളുടെ പുത്രൻമാരും പുത്രിമാരും പ്രവചിക്കും. പൊ. യു. 33-ലെ പെന്തെക്കോസ്തിൽ യേശുവിന്റെ സമ്മേളിതരായിരുന്ന ശിഷ്യൻമാർ അഭിഷേകം ചെയ്യപ്പെടുകയും “അവരെല്ലാവരും പരിശുദ്ധാത്മാവ് നിറഞ്ഞവരായി”ത്തീരുകയും ചെയ്തപ്പോൾ ഇത് സംഭവിച്ചു. പരിശുദ്ധാത്മാവിന്റെ ശക്തിയിൽ അവർ പ്രസംഗിക്കുകയും ആ ഒരൊററദിവസം തന്നെ “ഏതാണ്ട് മൂവായിരത്തോളം ദേഹികൾ അവരോട് ചേരുകയും ചെയ്തു.”—പ്രവൃത്തികൾ 2:4, 16, 17, 41.
17 സന്തോഷകരമായ ആ സന്ദർഭത്തിൽ പത്രോസും യോവേൽ 2:30-32 ഉദ്ധരിച്ചു: “ഞാൻ ആകാശത്തിലും ഭൂമിയിലും അത്ഭുതങ്ങളെ കാണിക്കും. രക്തവും തീയും പുകത്തൂണും തന്നെ. യഹോവയുടെ വലുതും ഭയങ്കരവുമായുള്ള ദിവസം വരുംമുമ്പേ മുമ്പേ സൂര്യൻ ഇരുളായും ചന്ദ്രൻ രക്തമായും മാറിപ്പോകും. എന്നാൽ യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുന്ന ഏവനും രക്ഷിക്കപ്പെടും.” പൊ. യു. 70-ൽ യെരൂശലേം നശിപ്പിക്കപ്പെട്ടപ്പോൾ ആ വാക്കുകൾക്ക് ഭാഗികമായ ഒരു നിവൃത്തിയുണ്ടായി.
18. യോവേൽ 2:28, 29-ന്റെ വലിപ്പമേറിയ നിവൃത്തി ആരംഭിച്ചതെപ്പോഴാണ്?
18 എന്നിരുന്നാലും, യോവേൽ 2:28-32-ന് കൂടുതലായ ഒരു നിവൃത്തി ഉണ്ടാകാനിരിക്കുകയായിരുന്നു. വാസ്തവത്തിൽ, 1919 സെപ്ററംബർ മുതൽ ഈ പ്രവചനത്തിന് ഒരു ശ്രദ്ധേയമായ നിവൃത്തി ഉണ്ടായി. ആ കാലത്ത് യു. എസ്സ്. എയിൽ ഒഹായോവിലെ സീഡാർപോയിൻറിൽ യഹോവയുടെ സാക്ഷികളുടെ അവിസ്മരണീയമായ ഒരു കൺവെൻഷൻ നടന്നു. ദൈവത്തിന്റെ ആത്മാവ് വളരെ പ്രകടമായിരുന്നു, ഇന്നോളം തുടർന്നു പോന്നിട്ടുള്ള ആഗോള സാക്ഷീകരണവേല തുടങ്ങാൻ അവന്റെ അഭിഷിക്ത ദാസൻമാർ ഉത്തേജിപ്പിക്കപ്പെട്ടു. അത് എത്ര മഹത്തായ വികസനത്തിൽ കലാശിച്ചിരിക്കുന്നു! സീഡാർപോയിൻറിലെ കൺവെൻഷന് ഹാജരായിരുന്ന ഏഴായിരത്തിലധികം പേർ 1991 മാർച്ച് 30-ലെ യേശുവിന്റെ മരണത്തിന്റെ സ്മാരകാഘോഷത്തിൽ സംബന്ധിച്ച 1,06,50,158 ആയി പെരുകിയിരിക്കുന്നു. ഇവരിൽ 8,850 പേർ മാത്രമെ അഭിഷിക്ത ക്രിസ്ത്യാനികളാണെന്ന് അവകാശപ്പെട്ടുള്ളു. യഹോവയുടെ ചലനാത്മക ശക്തിയാൽ ഉളവാക്കപ്പെട്ട ഈ ആഗോള ഫലം കാണുകയിൽ ഇവർക്കെല്ലാം ഉണ്ടായ സന്തോഷം എത്ര വലുതായിരുന്നു!—യെശയ്യാവ് 40:29, 31.
19. യഹോവയുടെ ദിവസത്തിന്റെ സാമീപ്യത്തോടുള്ള വീക്ഷണത്തിൽ നമ്മിലോരോരുത്തരുടെയും മനോഭാവമെന്തായിരിക്കണം?
19 സാത്താന്യ വ്യവസ്ഥിതിയെ നശിപ്പിക്കുന്ന “യഹോവയുടെ വലുതം ഭയങ്കരവുമായുള്ള ദിവസത്തിന്റെ വരവ്” തൊട്ടു മുന്നിലാണ്. (യോവേൽ 2:31) സന്തോഷകരമെന്ന് പറയട്ടെ, “കർത്താവിന്റെ [യഹോവയുടെ, NW] നാമത്തെ വിളിച്ചപേക്ഷിക്കുന്ന ഏവനും രക്ഷിക്കപ്പെടും.” (പ്രവൃത്തികൾ 2:21) അതെങ്ങനെയാണ്? “കർത്താവിന്റെ [യഹോവയുടെ, NW] ദിവസം ഒരു കള്ളനെപ്പോലെ വരും,” എന്ന് അപ്പോസ്തലനായ പത്രോസ് പറയുന്നു. അവൻ ഇപ്രകാരം കൂട്ടിച്ചേർക്കുന്നു: “ഇങ്ങനെ ഇവ ഒക്കെയും അഴിവാനുള്ളതായിരിക്കയാൽ ആകാശം ചുട്ടഴിവാനും മൂലപദാർത്ഥങ്ങൾ വെന്തുരുകുവാനുമുള്ള ദൈവദിവസത്തിന്റെ വരവു കാത്തിരുന്നും ബദ്ധപ്പെടുത്തിയും കൊണ്ട് നിങ്ങൾ എത്ര വിശുദ്ധ ജീവിനവും ഭക്തിയും ഉള്ളവർ ആയിരിക്കേണം; യഹോവയുടെ ദിവസം ആസന്നമാണെന്നുള്ളത് മനസ്സിൽ പിടിച്ചുകൊണ്ട് നീതിയുള്ള “പുതിയ ആകാശങ്ങളും പുതിയ ഭൂമിയും” സംബന്ധിച്ച യഹോവയുടെ വാഗ്ദാനം നിവർത്തിയാകുന്നത് കാണുന്നതിലും നാം സന്തോഷിക്കും.—2 പത്രോസ് 3:10-13.
[അടിക്കുറിപ്പ്]
a ല റിപ്പബ്ലിക്ക, റോം, ഇററലി, നവംബർ 12, 1985, ല റിവിസ്ററാ ഡെൽ ക്ലേരോ ഇററാലിയാനോ, മേയ് 1985.
നിങ്ങൾക്ക് വിശദീകരിക്കാൻ കഴിയുമോ?
◻ “യഹോവയുടെ ദിവസം” എന്താണ്?
◻ യേശു ‘ഭൂമിയിലെ മുന്തിരി’ കൊയ്യുന്നത് എങ്ങനെ, എന്തുകൊണ്ട്?
◻ ഏതു വിധത്തിലാണ് 1919 മുതൽ ഒരു വെട്ടുക്കിളിബാധ ക്രൈസ്തവമണ്ഡലത്തിന് ശല്യം ചെയ്തുകൊണ്ടിരിക്കുന്നത്?
◻ പൊ. യു. 33-ലും വീണ്ടും 1919-ലും യഹോവയുടെ ആത്മാവ് അവന്റെ ജനത്തിൻമേൽ പകരപ്പെട്ടത് എങ്ങനെയായിരുന്നു?