ദൈവസമാധാന സന്ദേശവാഹകർ സന്തുഷ്ടരെന്നു പ്രഖ്യാപിക്കപ്പെടുന്നു
“യഹോവയാൽ വീണ്ടെടുക്കപ്പെട്ടവർ മടങ്ങി ഉല്ലാസഘോഷത്തോടെ സീയോനിലേക്കു വരും; നിത്യാനന്ദം അവരുടെ തലമേൽ ഉണ്ടായിരിക്കും.”—യെശയ്യാവു 35:10.
1. ലോകം എന്തിനുവേണ്ടി വലയുകയാണ്?
മുമ്പെന്നത്തെക്കാളുപരി മനുഷ്യവർഗം ഇന്ന് ഒരു സുവാർത്താ സന്ദേശവാഹകനുവേണ്ടി വലയുകയാണ്. ദൈവത്തെയും അവന്റെ ഉദ്ദേശ്യങ്ങളെയും കുറിച്ചുള്ള സത്യം ആരെങ്കിലും പറയേണ്ടതിന്റെ അടിയന്തിര ആവശ്യമുണ്ട്, വരാനിരിക്കുന്ന നാശത്തെക്കുറിച്ചു ദുഷ്ടന്മാർക്കു മുന്നറിയിപ്പു കൊടുക്കുകയും ദൈവസമാധാനം കണ്ടെത്താൻ പരമാർഥഹൃദയരെ സഹായിക്കുകയും ചെയ്യുന്ന ധൈര്യശാലിയായ ഒരു സാക്ഷിയെ ആവശ്യമാണ്.
2, 3. ഇസ്രായേലിന്റെ കാര്യത്തിൽ, എങ്ങനെയാണ് ആമോസ് 3:7-ൽ രേഖപ്പെടുത്തിയിരിക്കുന്ന തന്റെ വാഗ്ദാനം യഹോവ നിവർത്തിച്ചത്?
2 ഇസ്രായേലിന്റെ നാളുകളിൽ, അത്തരം സന്ദേശവാഹകരെ അയയ്ക്കുമെന്നു യഹോവ വാഗ്ദാനം ചെയ്തു. പൊ.യു.മു. 9-ാം നൂറ്റാണ്ടിന്റെ ഒടുവിൽ ആമോസ് പ്രവാചകൻ പറഞ്ഞു: “യഹോവയായ കർത്താവു പ്രവാചകന്മാരായ തന്റെ ദാസന്മാർക്കു തന്റെ രഹസ്യം വെളിപ്പെടുത്താതെ ഒരു കാര്യവും ചെയ്കയില്ല.” (ആമോസ് 3:7) ഈ പ്രഖ്യാപനത്തെത്തുടർന്നുള്ള നൂറ്റാണ്ടുകളിൽ, യഹോവ അനേകം വീര്യപ്രവൃത്തികൾ നിർവഹിച്ചു. ഉദാഹരണത്തിന്, പൊ.യു.മു. 607-ൽ, തന്റെ ജനം മത്സരികളും രക്തപാതകികളുമായിരുന്നതുകൊണ്ട് യഹോവ അവർക്കു കർശനമായ ശിക്ഷണം നൽകി. ഇസ്രായേലിന്റെ കഷ്ടപ്പാടുകൾ കണ്ട് ആഹ്ലാദിച്ച അയൽജനതകളെയും അവൻ ശിക്ഷിച്ചു. (യിരെമ്യാവു, അധ്യായം 46-49) പിന്നെ, പൊ.യു.മു. 539-ൽ യഹോവ പ്രബല ലോകശക്തിയായ ബാബിലോനെ വീഴ്ത്തി. തത്ഫലമായി, പൊ.യു.മു. 537-ൽ ഇസ്രായേലിന്റെ ഒരു ശേഷിപ്പ് ആലയം പുനർനിർമിക്കുന്നതിനായി സ്വദേശത്തേക്കു മടങ്ങി.—2 ദിനവൃത്താന്തം 36:22, 23.
3 ഇവ ഭൂമിയെ ഉലയ്ക്കുന്ന സംഭവങ്ങളായിരുന്നു. ആമോസിന്റെ വാക്കുകളോടുള്ള ചേർച്ചയിൽ, യഹോവ സംഭവിക്കാനിരുന്ന കാര്യങ്ങളെക്കുറിച്ചു തന്റെ സന്ദേശവാഹകരായി സേവിച്ചിരുന്ന പ്രവാചകന്മാർക്ക് മുന്നമേതന്നെ വെളിപ്പെടുത്തിക്കൊടുക്കുകയും അവരിലൂടെ ഇസ്രായേലിനു മുന്നറിയിപ്പു കൊടുക്കുകയും ചെയ്തു. പൊ.യു.മു. 8-ാം നൂറ്റാണ്ടിന്റെ മധ്യത്തിൽ, അവൻ യെശയ്യാവിനെ അയച്ചു. പൊ.യു.മു. 7-ാം നൂറ്റാണ്ടിന്റെ മധ്യത്തിൽ, അവൻ യിരെമ്യാവിനെ അയച്ചു. പിന്നെയും, ആ നൂറ്റാണ്ടിന്റെ അവസാനമായപ്പോഴേക്കും അവൻ യെഹെസ്കേലിനെ അയച്ചു. ഇവരും മറ്റു വിശ്വസ്ത പ്രവാചകന്മാരും യഹോവയുടെ ഉദ്ദേശ്യങ്ങളെക്കുറിച്ചു പൂർണമായ സാക്ഷ്യം നൽകി.
ദൈവത്തിന്റെ ഇന്നത്തെ സന്ദേശവാഹകരെ തിരിച്ചറിയൽ
4. മനുഷ്യവർഗത്തിനു സമാധാന സന്ദേശവാഹകരെ ആവശ്യമുണ്ടെന്ന് എന്തു പ്രകടമാക്കുന്നു?
4 ഇന്നത്തെ കാര്യമോ? മനുഷ്യസമൂഹത്തിന്റെ അധഃപതനം കാണുമ്പോൾ എന്തോ ഭയങ്കര സംഗതി സംഭവിക്കാൻ പോകുകയാണെന്നു ലോകത്തിൽ അനേകർക്കും തോന്നുന്നുണ്ട്. ക്രൈസ്തവലോകത്തിലെ കാപട്യവും കൊടും ദുഷ്ടതയും കാണുമ്പോൾ നീതിസ്നേഹികളുടെ ഹൃദയം നോവുന്നു. യഹോവ യെഹെസ്കേൽ മുഖാന്തരം മുൻകൂട്ടിപ്പറഞ്ഞതുപോലെ, അവർ “അതിൽ നടക്കുന്ന സകലമ്ലേച്ഛതകളുംനിമിത്തം നെടുവീർപ്പിട്ടു കരയു”കയാണ്. (യെഹെസ്കേൽ 9:4) എന്നാൽ യഹോവയുടെ ഉദ്ദേശ്യങ്ങളെന്താണെന്ന് അനേകരും തിരിച്ചറിയുന്നില്ല. അവരോട് അതിനെക്കുറിച്ചു പറയേണ്ടതുണ്ട്.
5. നമ്മുടെ നാളിൽ സന്ദേശവാഹകർ ഉണ്ടായിരിക്കുമെന്ന് യേശു പ്രകടമാക്കിയതെങ്ങനെ?
5 യെശയ്യാവ്, യിരെമ്യാവ്, യെഹെസ്കേൽ എന്നിവരുടേതുപോലുള്ള നിർഭയ മനോഭാവത്തോടെ ഇന്നാരെങ്കിലും സംസാരിക്കുന്നുണ്ടോ? ഒരു കൂട്ടർ അതു ചെയ്യുമെന്ന് യേശു സൂചിപ്പിക്കുകയുണ്ടായി. നമ്മുടെ നാളിലെ സംഭവങ്ങളെക്കുറിച്ചു പ്രവചിച്ചപ്പോൾ, അവൻ പറഞ്ഞു: “രാജ്യത്തിന്റെ ഈ സുവിശേഷം സകലജാതികൾക്കും സാക്ഷ്യമായി ഭൂലോകത്തിൽ ഒക്കെയും പ്രസംഗിക്കപ്പെടും; അപ്പോൾ അവസാനം വരും.” (മത്തായി 24:14) സന്ദേശവാഹകനായി, സുവാർത്താ പ്രസംഗകനായി സേവിച്ചുകൊണ്ട് ഇന്ന് ആരാണ് ആ പ്രവചനം നിവർത്തിക്കുന്നത്? നമ്മുടെ നാളും പുരാതന ഇസ്രായേലിന്റെ കാലവും തമ്മിലുള്ള സാദൃശ്യങ്ങൾ ആ ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ നമ്മെ സഹായിക്കും.
6. (എ) ഒന്നാം ലോകമഹായുദ്ധകാലത്ത് “ദൈവത്തിന്റെ യിസ്രായേലി”നുണ്ടായ അനുഭവങ്ങൾ വർണിക്കുക. (ബി) യെഹെസ്കേൽ 11:17 പുരാതന ഇസ്രായേലിന്മേൽ നിവൃത്തിയേറിയതെങ്ങനെ?
6 ബാബിലോനിൽ ഇസ്രായേലിനു സംഭവിച്ചതുപോലെ, ഒന്നാം ലോകമഹായുദ്ധത്തിന്റെ ഇരുണ്ട നാളുകളിൽ യഹോവയുടെ ആധുനികകാല ജനം, “ദൈവത്തിന്റെ” അഭിഷിക്ത “യിസ്രായേലി”ന്റെ ശേഷിപ്പ്, അടിമത്തത്തിലായി. (ഗലാത്യർ 6:16) ഏറ്റവും പ്രമുഖവും നിന്ദാർഹവുമായ ഭാഗമായിരിക്കുന്ന ക്രൈസ്തവലോകമുൾപ്പെട്ട ലോകവ്യാജമത മിശ്രിതമായ മഹാബാബിലോനിൽ അവർ ആത്മീയ പ്രവാസം അനുഭവിച്ചു. എന്നിരുന്നാലും, അവർ പരിത്യജിക്കപ്പെട്ടില്ലെന്നു യെഹെസ്കേലിനുള്ള യഹോവയുടെ വാക്കുകൾ പ്രകടമാക്കി. അവൻ പറഞ്ഞു: “ഞാൻ നിങ്ങളെ ജാതികളിൽനിന്നു ശേഖരിച്ചു, നിങ്ങൾ ചിതറിപ്പോയിരിക്കുന്ന രാജ്യങ്ങളിൽനിന്നു കൂട്ടിച്ചേർത്തു യിസ്രായേൽദേശം നിങ്ങൾക്കു തരും.” (യെഹെസ്കേൽ 11:17) പുരാതന ഇസ്രായേലിനോടുള്ള ആ വാഗ്ദത്തം നിവർത്തിക്കുന്നതിനുവേണ്ടി, യഹോവ പേർഷ്യയിലെ കോരെശിനെ എഴുന്നേൽപ്പിച്ചു. അവൻ ലോകശക്തിയായ ബാബിലോനെ മറിച്ചിട്ട് ഇസ്രായേല്യ ശേഷിപ്പിനു സ്വദേശത്തേക്കു മടങ്ങിപ്പോകാനുള്ള വഴി തുറന്നുകൊടുത്തു. ഇന്നത്തെ കാര്യമോ?
7. മഹാബാബിലോനെതിരെ യേശു പ്രവർത്തിച്ചിരിക്കുന്നുവെന്ന് 1919-ലെ ഏതു സംഭവം പ്രകടമാക്കി? വിശദീകരിക്കുക.
7 ഈ നൂറ്റാണ്ടിന്റെ ആദ്യഭാഗത്ത്, വലിയ കോരെശ് പ്രവർത്തിച്ചുവെന്നതിനു ശക്തമായ തെളിവുണ്ട്. അവൻ ആരായിരുന്നു? 1914-ൽ സ്വർഗീയ രാജ്യത്തു സിംഹാസനസ്ഥനായ യേശുക്രിസ്തുതന്നെ. അഭിഷിക്ത ക്രിസ്ത്യാനികൾ ആത്മീയ അടിമത്തത്തിൽനിന്നു മോചിതരാക്കപ്പെടുകയും തങ്ങളുടെ ആത്മീയ അവസ്ഥയായ “ദേശ”ത്തേക്കു തിരിച്ചുപോകുകയും ചെയ്ത 1919 എന്ന വർഷം ഈ മഹാരാജാവു ഭൂമിയിലെ തന്റെ അഭിഷിക്ത സഹോദരങ്ങളോടു പ്രീതി കാണിച്ചു. (യെശയ്യാവു 66:8; വെളിപ്പാടു 18:4) അങ്ങനെ യെഹെസ്കേൽ 11:17-ന് ഒരു ആധുനികകാല നിവൃത്തിയുണ്ടായി. പുരാതന നാളിൽ, ഇസ്രായേല്യർക്കു തങ്ങളുടെ സ്വദേശത്തേക്കു തിരിച്ചുപോകുന്നതിനു ബാബിലോൻ വീഴണമായിരുന്നു. ആധുനികനാളിൽ ദൈവത്തിന്റെ ഇസ്രായേൽ പുനഃസ്ഥാപിതമായത് മഹാബാബിലോന് വലിയ കോരെശിന്റെ കൈകളാൽ വീഴ്ച നേരിട്ടുവെന്നതിനുള്ള തെളിവാണ്. വെളിപ്പാടു 14-ാം അധ്യായത്തിലെ രണ്ടാമത്തെ ദൂതൻ ഈ വീഴ്ചയെ അറിയിക്കുന്നുണ്ട്, അവൻ ഉച്ചത്തിൽ വിളിച്ചുപറഞ്ഞു: “വീണുപോയി; തന്റെ ദുർന്നടപ്പിന്റെ ക്രോധമദ്യം സകലജാതികളെയും കുടിപ്പിച്ച മഹതിയാം ബാബിലോൻ വീണുപോയി.” (വെളിപ്പാടു 14:8) മഹാബാബിലോന്, പ്രത്യേകിച്ച് ക്രൈസ്തവലോകത്തിന്, അതെന്തൊരു തിരിച്ചടിയായിരുന്നു! സത്യക്രിസ്ത്യാനികൾക്ക്, അതെന്തൊരു അനുഗ്രഹമായിരുന്നു!
8. 1919-ലെ വിടുതലിനുശേഷം ദൈവജനത്തിനുണ്ടായ സന്തുഷ്ടിയെ യെഹെസ്കേലിന്റെ പുസ്തകം വർണിക്കുന്നതെങ്ങനെ?
8 യെഹെസ്കേൽ 11:18-20-ൽ, പുനഃസ്ഥാപനത്തിനുശേഷം ദൈവജനത അനുഭവിക്കുന്ന സന്തോഷത്തെ പ്രവാചകൻ വർണിക്കുന്നതു നാം വായിക്കുന്നു. അവന്റെ വാക്കുകളുടെ ആദ്യ നിവൃത്തി എസ്രായുടെയും നെഹെമ്യാവിന്റെയും നാളുകളിൽ ഇസ്രായേലിനു ശുദ്ധീകരണമുണ്ടാകുമെന്ന് അർഥമാക്കി. ആധുനിക നിവൃത്തിയും സമാനമായൊരു സംഗതി അർഥമാക്കി. എങ്ങനെയെന്നു നമുക്കു നോക്കാം. യഹോവ പറയുന്നു: “അവർ [സ്വദേശത്ത്] വന്നു, അതിലെ സകലമലിനബിംബങ്ങളെയും മ്ലേച്ഛവിഗ്രഹങ്ങളെയും അവിടെനിന്നു നീക്കിക്കളയും.” പ്രവചിച്ചിരുന്നതുപോലെ, 1919 മുതൽ, യഹോവ തന്റെ ജനത്തെ ശുദ്ധീകരിക്കുകയും തന്നെ സേവിക്കാൻ അവരെ പുനഃശക്തീകരിക്കുകയും ചെയ്തിരിക്കുന്നു. അവർ തങ്ങളുടെ ആത്മീയ പരിസ്ഥിതിയിൽനിന്ന് ദൈവദൃഷ്ടിയിൽ മലിനമായ എല്ലാ ബാബിലോന്യ ആചാരങ്ങളും പഠിപ്പിക്കലുകളും ഉപേക്ഷിക്കാൻ തുടങ്ങി.
9. 1919 മുതൽ യഹോവ തന്റെ ജനത്തിനു ശ്രദ്ധേയമായ ഏതെല്ലാം അനുഗ്രഹങ്ങൾ നൽകി?
9 പിന്നെ 19-ാം വാക്യമനുസരിച്ച്, യഹോവ തുടർന്നിങ്ങനെ പറയുന്നു: “ഞാൻ അവർക്കു വേറൊരു ഹൃദയത്തെ നല്കുകയും പുതിയൊരു ആത്മാവിനെ ഉള്ളിൽ ആക്കുകയും ചെയ്യും; കല്ലായുള്ള ഹൃദയം ഞാൻ അവരുടെ ജഡത്തിൽനിന്നു നീക്കി മാംസമായുള്ള ഹൃദയം അവർക്കു കൊടുക്കും.” ഈ വാക്കുകളോടുള്ള ചേർച്ചയിൽ 1919-ൽ യഹോവ അഭിഷിക്ത ദാസന്മാരെ ഏകീകരിച്ച് തന്നെ “തോളോടു തോൾ”ചേർന്നു സേവിക്കേണ്ടതിന്, പ്രതീകാത്മകമായി പറഞ്ഞാൽ, അവർക്ക് ‘ഒരു ഹൃദയം’ നൽകി. (സെഫന്യാവു 3:9, NW) കൂടാതെ, സാക്ഷീകരണവേലയിൽ തന്റെ ജനത്തെ ഊർജസ്വലരാക്കാനും ഗലാത്യർ 5:22, 23-ൽ വർണിച്ചിരിക്കുന്ന നല്ല ഫലങ്ങൾ അവരിൽ ഉളവാക്കാനും യഹോവ തന്റെ ജനത്തിനു പരിശുദ്ധാത്മാവിനെ നൽകി. പ്രതികരിക്കാത്ത, കല്ലുപോലത്തെ ഹൃദയത്തിനുപകരം യഹോവ അവർക്കു മൃദുവും വഴക്കമുള്ളതും അനുസരണമുള്ളതുമായ ഒരു ഹൃദയം, തന്റെ ഹിതത്തോടു പ്രതികരിക്കുന്ന ഒരു ഹൃദയം, നൽകി.
10. 1919 മുതൽ തന്റെ പുനഃസ്ഥാപിത ജനത്തെ യഹോവ അനുഗ്രഹിച്ചിരിക്കുന്നതെന്തുകൊണ്ട്?
10 അവൻ എന്തിനാണിതു ചെയ്തത്? യഹോവതന്നെ അതു വിശദമാക്കുന്നുണ്ട്. നാം യെഹെസ്കേൽ 11:19, 20-ൽ വായിക്കുന്നു: “അവർ എന്റെ ചട്ടങ്ങളിൽ നടന്നു എന്റെ വിധികളെ പ്രമാണിച്ചു ആചരിക്കേണ്ടതിന്നു . . . അവർ എനിക്കു ജനമായും ഞാൻ അവർക്കു ദൈവമായും ഇരിക്കും.” സ്വന്തം ആശയങ്ങൾ പിൻപറ്റുന്നതിനുപകരം, ദൈവത്തിന്റെ ഇസ്രായേൽ യഹോവയുടെ നിയമം അനുസരിക്കാൻ പഠിച്ചു. അവർ മനുഷ്യഭയം കൂടാതെ ദൈവഹിതം നിവർത്തിക്കാൻ പഠിച്ചു. അങ്ങനെ, അവർ ക്രൈസ്തവലോകത്തിലെ വ്യാജക്രിസ്ത്യാനികളിൽനിന്നു വ്യത്യസ്തരായി മികച്ചുനിന്നു. അവർ യഹോവയുടെ ജനമായിരുന്നു. അതുകൊണ്ടുതന്നെ, യഹോവ അവരെ തന്റെ സന്ദേശവാഹകനായി, “വിശ്വസ്തനും വിവേകിയുമായ അടിമ”യായി ഉപയോഗിക്കാൻ തയ്യാറായി.—മത്തായി 24:45-47, NW.
ദൈവത്തിന്റെ സന്ദേശവാഹകരുടെ സന്തുഷ്ടി
11. യഹോവയുടെ ജനത്തിന്റെ സന്തുഷ്ടിയെ യെശയ്യാവിന്റെ പുസ്തകം വർണിക്കുന്നതെങ്ങനെ?
11 തങ്ങൾ ആസ്വദിച്ച അനുഗൃഹീത സ്ഥാനം തിരിച്ചറിഞ്ഞപ്പോൾ അവർക്കുണ്ടായ സന്തോഷം നിങ്ങൾക്കു ഭാവനയിൽ കാണാനാകുമോ? ഒരു കൂട്ടമെന്ന നിലയിൽ അവർ യെശയ്യാവു 61:10-ലെ വാക്കുകൾ പ്രതിധ്വനിപ്പിച്ചു: “ഞാൻ യഹോവയിൽ ഏററവും ആനന്ദിക്കും; എന്റെ ഉള്ളം എന്റെ ദൈവത്തിൽ ഘോഷിച്ചുല്ലസിക്കും.” യെശയ്യാവു 35:10-ലെ വാഗ്ദാനം അവരുടെമേൽ നിവർത്തിച്ചു: “യഹോവയാൽ വീണ്ടെടുക്കപ്പെട്ടവർ മടങ്ങി ഉല്ലാസഘോഷത്തോടെ സീയോനിലേക്കു വരും; നിത്യാനന്ദം അവരുടെ തലമേൽ ഉണ്ടായിരിക്കും; അവർ ആനന്ദവും സന്തോഷവും പ്രാപിക്കും; ദുഃഖവും നെടുവീർപ്പും ഓടിപ്പോകും.” സകലമനുഷ്യരോടും സുവാർത്ത പ്രസംഗിക്കാനുള്ള ദൗത്യം ഏറ്റെടുത്ത 1919-ൽ യഹോവയുടെ ദൈവസമാധാന സന്ദേശവാഹകരുടെ സന്തുഷ്ടി അങ്ങനെയുള്ളതായിരുന്നു. അന്നുമുതൽ ഇന്നുവരെ, അവർ ഈ ഉദ്യമത്തിൽനിന്നു പിന്മാറിയിട്ടില്ല, മാത്രമോ അവരുടെ സന്തുഷ്ടി വർധിച്ചിട്ടേയുള്ളൂ. ഗിരിപ്രഭാഷണത്തിൽ യേശു പ്രസ്താവിച്ചു: “സമാധാനം ഉണ്ടാക്കുന്നവർ ഭാഗ്യവാൻമാർ; അവർ ദൈവത്തിന്റെ പുത്രൻമാർ എന്നു വിളിക്കപ്പെടും.” (മത്തായി 5:9, NW അടിക്കുറിപ്പ്) 1919 മുതൽ ഇന്നുവരെ “ദൈവത്തിന്റെ” അഭിഷിക്ത “പുത്രൻമാ”ർക്ക് ആ പ്രഖ്യാപനം സത്യമാണെന്നു ബോധ്യമായിട്ടുണ്ട്.
12, 13. (എ) യഹോവയെ സേവിക്കുന്നതിൽ ദൈവത്തിന്റെ ഇസ്രായേലിനോടു ചേർന്നത് ആരാണ്, അവർ എന്തു വേല ചെയ്തു? (ബി) യഹോവയുടെ അഭിഷിക്ത ദാസന്മാർ ഏതു മഹത്തായ സന്തോഷം അനുഭവിച്ചിരിക്കുന്നു?
12 വർഷങ്ങൾ കടന്നുപോയതോടെ, ദൈവത്തിന്റെ ഇസ്രായേലിന്റെ എണ്ണം വർധിച്ചു. അഭിഷിക്തരിൽ ശേഷിക്കുന്നവരുടെ കൂട്ടിച്ചേർപ്പ് 1930-കൾവരെ തുടർന്നു. അന്നാണ് ആ കൂട്ടിച്ചേർപ്പ് സമാപ്തിയോടടുത്തത്. സുവാർത്ത പ്രസംഗിക്കുന്നവരുടെ എണ്ണത്തിലുണ്ടായ വർധനവ് അന്ന് അവസാനിച്ചോ? തീർച്ചയായുമില്ല. ഭൗമിക പ്രത്യാശയുള്ള ക്രിസ്ത്യാനികളുടെ ഒരു മഹാപുരുഷാരം അതിനോടകംതന്നെ അഭിഷിക്തരോടൊപ്പം സഹവസിക്കാനും അവരോടൊപ്പം പ്രസംഗവേലയിൽ പങ്കുപറ്റാനും തുടങ്ങിയിരുന്നു. അപ്പോസ്തലനായ യോഹന്നാൻ ഈ മഹാപുരുഷാരത്തെ ഒരു ദർശനത്തിൽ കണ്ടു. അവൻ അവരെ വർണിക്കുന്ന വിധം ശ്രദ്ധേയമാണ്: “അവർ ദൈവത്തിന്റെ സിംഹാസനത്തിൻമുമ്പിൽ ഇരുന്നു അവന്റെ ആലയത്തിൽ രാപ്പകൽ അവനെ ആരാധിക്കുന്നു.” (വെളിപ്പാടു 7:15) അതേ, മഹാപുരുഷാരം ദൈവത്തെ സേവിക്കുന്നതിൽ തിരക്കോടെ ഏർപ്പെട്ടു. തത്ഫലമായി, 1935-നുശേഷം അഭിഷിക്തരുടെ എണ്ണം കുറയാൻ തുടങ്ങിയപ്പോൾ, ഈ വിശ്വസ്ത സഹകാരികൾ സാക്ഷീകരണവേലയുടെ ആക്കം വർധിപ്പിച്ചു.
13 ഈ വിധത്തിൽ യെശയ്യാവു 60:3, 4 നിവൃത്തിയേറി: “ജാതികൾ നിന്റെ പ്രകാശത്തിലേക്കും രാജാക്കന്മാർ നിന്റെ ഉദയശോഭയിലേക്കും വരും. നീ തല പൊക്കി ചുററും നോക്കുക; അവർ എല്ലാവരും ഒന്നിച്ചുകൂടി നിന്റെ അടുക്കൽ വരുന്നു; നിന്റെ പുത്രന്മാർ ദൂരത്തുനിന്നു വരും; നിന്റെ പുത്രിമാരെ പാർശ്വത്തിങ്കൽ വഹിച്ചുകൊണ്ടു വരും.” ഈ സംഭവവികാസങ്ങൾ ദൈവത്തിന്റെ ഇസ്രായേലിനു കൈവരുത്തിയ സന്തുഷ്ടി യെശയ്യാവു 60:5-ൽ മനോഹരമായി വർണിച്ചിരിക്കുന്നു. നാമിങ്ങനെ വായിക്കുന്നു: “അപ്പോൾ നീ കണ്ടു ശോഭിക്കും; നിന്റെ ഹൃദയം പിടെച്ചു വികസിക്കും; സമുദ്രത്തിന്റെ ധനം നിന്റെ അടുക്കൽ ചേരും; ജാതികളുടെ സമ്പത്തു നിന്റെ അടുക്കൽ വരും.”
യഹോവയുടെ സ്ഥാപനം മുന്നോട്ടു കുതിക്കുന്നു
14. (എ) യെഹെസ്കേലിനു സ്വർഗീയ സംഗതികളെക്കുറിച്ചുള്ള ഏതു ദർശനം ലഭിച്ചു, അവന് എന്തു കൽപ്പന ലഭിച്ചു? (ബി) ആധുനിക നാളിലെ യഹോവയുടെ ജനത എന്തു തിരിച്ചറിഞ്ഞു, അവർക്ക് എന്തു കടപ്പാടു തോന്നി?
14 പൊ.യു.മു. 613-ൽ, യെഹെസ്കേൽ യഹോവയുടെ സ്വർഗീയ, രഥസമാന സ്ഥാപനം മുന്നോട്ടു കുതിക്കുന്നതു ദർശനത്തിൽ കണ്ടു. (യെഹെസ്കേൽ 1:4-28) അതിനുശേഷം, യഹോവ അവനോടു പറഞ്ഞു: “മനുഷ്യപുത്രാ, നീ യിസ്രായേൽഗൃഹത്തിന്റെ അടുക്കൽ ചെന്നു എന്റെ വചനങ്ങളെ അവരോടു പ്രസ്താവിക്ക.” (യെഹെസ്കേൽ 3:4) 1997 എന്ന ഈ വർഷത്തിൽ, യഹോവയുടെ സ്വർഗീയ സ്ഥാപനം ദൈവോദ്ദേശ്യങ്ങൾ നിവർത്തിക്കുന്നതിനായി ഇപ്പോഴും അപ്രതിരോധ്യമാംവിധം മുന്നേറുന്നതു നാം കാണുന്നു. അതുകൊണ്ട്, ആ ഉദ്ദേശ്യങ്ങളെക്കുറിച്ചു മറ്റുള്ളവരോടു പറയാൻ നമുക്കിപ്പോഴും പ്രചോദനം തോന്നുന്നു. യെഹെസ്കേലിന്റെ നാളിൽ, അവൻ സംസാരിച്ചത് യഹോവ നേരിട്ടു നിശ്വസ്തമാക്കിയ വാക്കുകളായിരുന്നു. ഇന്ന് നാം സംസാരിക്കുന്നതാകട്ടെ, യഹോവയുടെ നിശ്വസ്ത വചനമായ ബൈബിളിൽനിന്നുള്ള വാക്കുകളും. ആ പുസ്തകത്തിൽ മനുഷ്യവർഗത്തിനായി എത്ര അത്ഭുതകരമായ സന്ദേശമാണുള്ളത്! ഭാവിയെക്കുറിച്ച് അനേകരും വ്യാകുലപ്പെടുമ്പോൾ, അവർ വിചാരിക്കുന്നതിനെക്കാളും അവസ്ഥകൾ ഏറെ വഷളാണെന്നും അതേസമയം ഏറെ മെച്ചപ്പെട്ടതാണെന്നും ബൈബിൾ പ്രകടമാക്കുന്നു.
15. അവസ്ഥകൾ അനേകരും വിചാരിക്കുന്നതിനെക്കാൾ വഷളായിരിക്കുന്നതെന്തുകൊണ്ട്?
15 സ്ഥിതിഗതികൾ വഷളാണെന്നു പറയാൻ കാരണം നാം മുൻ ലേഖനങ്ങളിൽ കണ്ടതുപോലെ ക്രൈസ്തവലോകവും മറ്റു വ്യാജമതങ്ങളും, പൊ.യു.മു. 607-ലെ യെരൂശലേമിന്റെ സമ്പൂർണ നാശത്തിലെപോലെ, താമസിയാതെ നശിപ്പിക്കപ്പെടുമെന്നതിനാലാണ്. അതിലുപരി, വെളിപ്പാടു പുസ്തകത്തിൽ ഏഴു തലയും പത്തു കൊമ്പുമുള്ള കാട്ടുമൃഗമായി ചിത്രീകരിച്ചിരിക്കുന്ന ആഗോള രാഷ്ട്രീയ വ്യവസ്ഥിതിയും, യെരൂശലേമിന്റെ പുറജാതിക്കാരായ അയൽക്കാരിൽ അനേകർക്കും സംഭവിച്ചതുപോലെ, തുടച്ചുനീക്കപ്പെടാൻ പോകുകയാണ്. (വെളിപ്പാടു 13:1, 2; 19:19-21) യെഹെസ്കേലിന്റെ നാളിൽ, യെരൂശലേമിന്റെ ആസന്നമായ നാശം സൃഷ്ടിച്ച ഭീതിയെക്കുറിച്ചു യഹോവ ഒരു സജീവ വർണന നൽകി. എന്നാൽ ഈ ലോകത്തിന്റെ നാശം അടുത്തെത്തിയെന്ന് ആളുകൾ മനസ്സിലാക്കുമ്പോൾ ആ വാക്കുകൾ കൂടുതൽ അന്വർഥമാകും. യഹോവ യെഹെസ്കേലിനോടു പറഞ്ഞു: “നീയോ, മനുഷ്യപുത്രാ, നിന്റെ നടു ഒടികെ നെടുവീർപ്പിടുക; അവർ കാൺകെ കഠിനമായി നെടുവീർപ്പിടുക. എന്തിന്നു നെടുവീർപ്പിടുന്നു എന്നു അവർ നിന്നോടു ചോദിച്ചാൽ നീ ഉത്തരം പറയേണ്ടതു: ഒരു വർത്തമാനംനിമിത്തം [“ഒരു വാർത്ത നിമിത്തം,” പി.ഒ.സി. ബൈബിൾ] തന്നേ; അതു സംഭവിക്കുമ്പോൾ സകലഹൃദയവും ഉരുകിപ്പോകും, എല്ലാകൈകളും കുഴഞ്ഞു പോകും, ഏതു മനസ്സും കലങ്ങിപ്പോകും, എല്ലാമുഴങ്കാലും വെള്ളം പോലെ ഒഴുകിപ്പോകും; അതു വന്നുകഴിഞ്ഞു എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.” (യെഹെസ്കേൽ 21:6, 7; മത്തായി 24:30) ഭയജനകമായ സംഭവങ്ങൾ ഉടനടി അരങ്ങേറും. സഹമനുഷ്യരോടു നമുക്കുള്ള ആഴമായ താത്പര്യം, മുന്നറിയിപ്പു മുഴക്കാൻ, യഹോവയുടെ വരുവാനിരിക്കുന്ന ക്രോധത്തെക്കുറിച്ചുള്ള “വാർത്ത” പറയാൻ, നമ്മെ പ്രേരിപ്പിക്കുന്നു.
16. സൗമ്യർക്ക്, അനേകരും വിചാരിക്കുന്നതിനെക്കാൾ മെച്ചമായ അവസ്ഥകളുള്ളതെന്തുകൊണ്ട്?
16 അതേസമയം, മിക്കയാളുകൾക്കും വിഭാവന ചെയ്യാനാകാത്തവിധം സൗമ്യർക്കു സ്ഥിതിഗതികൾ മെച്ചപ്പെടാൻ പോകുകയാണ്. ഏതു വിധത്തിൽ? യേശുക്രിസ്തു നമ്മുടെ പാപങ്ങൾക്കുവേണ്ടി മരിച്ച് ഇപ്പോൾ ദൈവരാജ്യത്തിന്റെ രാജാവായി വാഴുന്നുവെന്നതിനാൽ. (1 തിമൊഥെയൊസ് 1:15; വെളിപ്പാടു 11:15) മനുഷ്യവർഗത്തിന്റെ അപരിഹാര്യമെന്നു തോന്നുന്ന പ്രശ്നങ്ങൾ ആ സ്വർഗീയ രാജ്യത്തിലൂടെ ഉടൻ പരിഹരിക്കപ്പെടും. മരണവും രോഗവും അഴിമതിയും വിശപ്പും കുറ്റകൃത്യങ്ങളും മേലാൽ ഉണ്ടായിരിക്കുകയില്ല. യാതൊരു ഉറവിൽനിന്നുമുള്ള എതിർപ്പില്ലാതെ, ദൈവരാജ്യം പറുദീസാഭൂമിമേൽ വാഴ്ചനടത്തും. (വെളിപ്പാടു 21:3, 4) മനുഷ്യവർഗം ദൈവസമാധാനം—യഹോവയാം ദൈവത്തോടും സഹമനുഷ്യരോടും സമാധാനപൂർണമായ ബന്ധം—ആസ്വദിക്കും.—സങ്കീർത്തനം 72:7.
17. ഏതു വർധനവുകൾ ദൈവസമാധാന സന്ദേശവാഹകരുടെ ഹൃദയത്തിന് ആഹ്ലാദം കൈവരുത്തുന്നു?
17 ലോകത്തിന്റെ ചില ഭാഗങ്ങളിൽ, സൗമ്യരുടെ ശ്രദ്ധേയമാംവിധം വലിയ കൂട്ടങ്ങൾ ദൈവസമാധാനത്തിന്റെ ഈ സന്ദേശത്തോടു പ്രതികരിക്കുകയാണ്. ഏതാനും ഉദാഹരണങ്ങൾ പറയാം. കഴിഞ്ഞ വർഷം യൂക്രെയിനിൽ പ്രസാധകരുടെ എണ്ണത്തിൽ 17 ശതമാനം വർധനവ് റിപ്പോർട്ടു ചെയ്തു. മൊസാമ്പിക്ക് 17 ശതമാനവും ലിത്വാനിയ 29 ശതമാനവും വർധനവു റിപ്പോർട്ടു ചെയ്തു. റഷ്യയിൽ 31 ശതമാനത്തിന്റെ വർധനവുണ്ടായപ്പോൾ അൽബേനിയയിൽ 52 ശതമാനമായിരുന്നു പ്രസാധകരുടെ വർധനവ്. ഈ വർധനവുകൾ സൂചിപ്പിക്കുന്നത് ദൈവസമാധാനം ആസ്വദിക്കാൻ ആഗ്രഹിക്കുന്നവരും നീതിക്കായി നിലപാടു സ്വീകരിച്ചിരിക്കുന്നവരുമായ പതിനായിരക്കണക്കിനു പരമാർഥഹൃദയർ ഉണ്ടെന്നാണ്. ദ്രുതഗതിയിലുള്ള അത്തരം വളർച്ച മുഴുക്രിസ്തീയ സഹോദരവർഗത്തിനും സന്തോഷം കൈവരുത്തുന്നു.
18. ആളുകൾ ശ്രദ്ധിച്ചാലും ഇല്ലെങ്കിലും നമ്മുടെ മനോഭാവം എന്തായിരിക്കണം?
18 നിങ്ങൾ പാർക്കുന്നിടത്തെ ആളുകൾ സത്വരം പ്രതികരിക്കാൻ മനസ്സുള്ളവരാണോ? എങ്കിൽ, നിങ്ങളോടൊപ്പം ഞങ്ങളും ആഹ്ലാദിക്കുന്നു. ചില സ്ഥലങ്ങളിൽ, മണിക്കൂറുകൾ കഠിനവേല ചെയ്താലേ ഒരു താത്പര്യക്കാരനെയെങ്കിലും കണ്ടെത്താനാകൂ. അത്തരം പ്രദേശങ്ങളിൽ സേവിക്കുന്നവർ മടുപ്പോ നിരാശയോ പ്രകടമാക്കുന്നുണ്ടോ? ഇല്ല. സഹയഹൂദരോടു പ്രസംഗിക്കാൻ ദൈവം യുവപ്രവാചകനായ യെഹെസ്കേലിനെ നിയമിച്ചപ്പോൾ ദൈവം അവനോടു പറഞ്ഞ വാക്കുകൾ യഹോവയുടെ സാക്ഷികൾ അനുസ്മരിക്കുന്നു: “കേട്ടാലും കേൾക്കാഞ്ഞാലും—അവർ മത്സരഗൃഹമല്ലോ—തങ്ങളുടെ ഇടയിൽ ഒരു പ്രവാചകൻ ഉണ്ടായിരുന്നു എന്നു അവർ അറിയേണം.” (യെഹെസ്കേൽ 2:5) ആളുകൾ പ്രതികരിച്ചാലും ഇല്ലെങ്കിലും യെഹെസ്കേലിനെപ്പോലെ, നാം ദൈവസമാധാനത്തെക്കുറിച്ച് അവരോടു പറഞ്ഞുകൊണ്ടിരിക്കുന്നു. അവർ അതു ശ്രദ്ധിച്ചാൽ, നാം ആനന്ദിക്കും. അവർ അതു നിരാകരിച്ചാലും നമ്മെ പരിഹസിച്ചാലും പീഡിപ്പിച്ചാലും നാമതു വിട്ടുകളയുകയില്ല. കാരണം നാം യഹോവയെ സ്നേഹിക്കുന്നു. “സ്നേഹം . . . എല്ലാം സഹിക്കുന്നു” എന്നു ബൈബിൾ പറയുന്നു. (1 കൊരിന്ത്യർ 13:4, 7) നാം സഹിഷ്ണുതയോടെ പ്രസംഗിക്കുന്നതുകൊണ്ട്, യഹോവയുടെ സാക്ഷികൾ ആരെന്ന് ആളുകൾക്കറിയാം. അവർക്കു നമ്മുടെ സന്ദേശമറിയാം. അന്ത്യം വരുമ്പോൾ, ദൈവസമാധാനം ആസ്വദിക്കാൻ തങ്ങളെ സഹായിക്കാനാണ് യഹോവയുടെ സാക്ഷികൾ ശ്രമിച്ചത് എന്ന് അവർ മനസ്സിലാക്കും.
19. സത്യദൈവത്തിന്റെ ദാസന്മാരെന്ന നിലയിൽ, നാം ഏതു പദവിയെ മതിപ്പോടെ കരുതുന്നു?
19 യഹോവയെ സേവിക്കുന്നതിനെക്കാൾ വലിയ പദവിയുണ്ടോ? ഇല്ല! ദൈവവുമായുള്ള നമ്മുടെ ബന്ധത്തിൽനിന്നും നാമവന്റെ ഹിതം നിവർത്തിക്കുകയാണെന്ന അറിവിൽനിന്നുമാണ് നമുക്ക് ഏറ്റവും വലിയ സന്തോഷം ലഭിക്കുന്നത്. “ജയഘോഷം അറിയുന്ന ജനത്തിന്നു ഭാഗ്യം; യഹോവേ, അവർ നിന്റെ മുഖപ്രകാശത്തിൽ നടക്കും.” (സങ്കീർത്തനം 89:15) മനുഷ്യവർഗത്തിനു ദൈവസമാധാനത്തിന്റെ സന്ദേശവാഹകരായിരിക്കുന്നതിലെ സന്തോഷത്തെ നമുക്ക് എന്നും മതിപ്പോടെ കരുതാം. വേല പൂർത്തിയായെന്നു യഹോവ പറയുന്നതുവരെ നമുക്ക് ഈ വേലയിൽ ശുഷ്കാന്തിയോടെ പങ്കെടുക്കാം.
നിങ്ങൾ ഓർമിക്കുന്നുവോ?
□ ഇന്ന് ദൈവത്തിന്റെ സമാധാന സന്ദേശവാഹകർ ആരാണ്?
□ 1919-ൽ മഹാബാബിലോനു വീഴ്ച നേരിട്ടെന്നു നമുക്കെങ്ങനെ അറിയാം?
□ “മഹാപുരുഷാര”ത്തിന്റെ മുഖ്യ താത്പര്യമെന്ത്?
□ ഭാവി ഇന്നു മിക്കവരും വിചാരിക്കുന്നതിനെക്കാൾ ഇരുളടഞ്ഞതായിരിക്കുന്നത് എന്തുകൊണ്ട്?
□ നീതിമാന്മാർ വിചാരിക്കുന്നതിനെക്കാൾ അവരുടെ ഭാവി മെച്ചമായിരിക്കാവുന്നതെന്തുകൊണ്ട്?
[21-ാം പേജിലെ ചിത്രം]
മനുഷ്യസമൂഹത്തിന്റെ അധഃപതനം കാണുമ്പോൾ, എന്തോ ഭയങ്കര സംഗതി സംഭവിക്കാൻ പോകുകയാണെന്ന് അനേകർക്കും തോന്നുന്നു
[23-ാം പേജിലെ ചിത്രങ്ങൾ]
ദൈവസമാധാന സന്ദേശവാഹകരാണ് ഇന്നു ഭൂമിയിലേക്കും ഏറ്റവും സന്തുഷ്ടർ