നിങ്ങൾ ഓർമിക്കുന്നുവോ?
വീക്ഷാഗോപുരത്തിന്റെ അടുത്തകാലത്തെ ലക്കങ്ങളുടെ വായന നിങ്ങൾ ആസ്വദിച്ചോ? എങ്കിൽ, പിൻവരുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ നിങ്ങൾക്കാകുമോ എന്നു നോക്കുക:
• മീഖായുടെ പുസ്തകത്തിൽ എത്ര അധ്യായങ്ങൾ ഉണ്ട്, അത് എഴുതപ്പെട്ടത് എപ്പോൾ, അപ്പോഴത്തെ സാഹചര്യം എന്തായിരുന്നു?
മീഖായുടെ പുസ്തകത്തിൽ ഏഴ് അധ്യായങ്ങൾ ഉണ്ട്. പൊ.യു.മു. എട്ടാം നൂറ്റാണ്ടിലാണ് മീഖാ പ്രവാചകൻ അത് എഴുതിയത്. ആ സമയത്ത് ദൈവത്തിന്റെ ഉടമ്പടി ജനത ഇസ്രായേൽ, യഹൂദ എന്നിങ്ങനെ രണ്ടു രാജ്യങ്ങളായി വിഭജിക്കപ്പെട്ടിരുന്നു.—8/15, പേജ് 9.
• മീഖാ 6:8 അനുസരിച്ച് ദൈവം നമ്മിൽനിന്ന് ആവശ്യപ്പെടുന്നത് എന്ത്?
നാം ‘ന്യായം പ്രവർത്തിക്കണം.’ ദൈവം കാര്യങ്ങൾ ചെയ്യുന്ന വിധമാണ് ന്യായത്തിന്റെ മാനദണ്ഡം. അതുകൊണ്ട് സത്യസന്ധതയും വിശ്വസ്തതയും സംബന്ധിച്ച അവന്റെ നിലവാരങ്ങളെ നാം ഉയർത്തിപ്പിടിക്കേണ്ടതുണ്ട്. ‘ദയയെ സ്നേഹിക്കാൻ’ (NW) അവൻ നമ്മോടു പറയുന്നു. ദുരന്തങ്ങൾ ആഞ്ഞടിക്കുന്നതു പോലെയുള്ള സന്ദർഭങ്ങളിൽ മറ്റുള്ളവരുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞു പ്രവർത്തിച്ചുകൊണ്ട് ക്രിസ്ത്യാനികൾ സ്നേഹദയ പ്രകടമാക്കിയിട്ടുണ്ട്. ഇനി, ‘യഹോവയുടെ സന്നിധിയിൽ എളിമയോടെ നടക്കുന്നതിന്’ (NW) നാം നമ്മുടെ പരിമിതികൾ തിരിച്ചറിഞ്ഞ് അവനിൽ ആശ്രയം അർപ്പിക്കേണ്ടതുണ്ട്.—8/15, പേജ് 20-2.
• തൊഴിൽ നഷ്ടമാകുന്ന സാഹചര്യത്തിൽ ഒരു ക്രിസ്ത്യാനിക്ക് എന്തു ചെയ്യാൻ കഴിഞ്ഞേക്കും?
സ്വന്തം ജീവിതശൈലി പുനഃപരിശോധിക്കുന്നത് ബുദ്ധിയായിരിക്കും. കുറേക്കൂടെ ചെറിയ ഒരു വീട്ടിലേക്കു താമസം മാറിക്കൊണ്ടോ തന്റെ പക്കലുള്ള അനാവശ്യ വസ്തുവകകൾ വേണ്ടെന്നു വെച്ചുകൊണ്ടോ ജീവിതം ലളിതമാക്കുക സാധ്യമായിരുന്നേക്കാം. ദൈവത്തിന്റെ സഹായത്താൽ ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കുമെന്നു വിശ്വസിച്ചുകൊണ്ട് ദൈനംദിന ആവശ്യങ്ങൾ സംബന്ധിച്ച് ഉത്കണ്ഠാകുലരാകുന്നത് നിറുത്തേണ്ടത് അത്യന്താപേക്ഷിതമാണ്. (മത്തായി 6:33, 34)—9/1, പേജ് 14-15.
• വിവാഹ സമ്മാനങ്ങൾ കൊടുക്കുമ്പോഴും വാങ്ങുമ്പോഴും നാം എന്തു മനസ്സിൽ പിടിക്കണം?
വിലകൂടിയ സമ്മാനങ്ങളുടെ ആവശ്യമില്ല, അതാരും പ്രതീക്ഷിക്കുകയും ചെയ്യരുത്. ദാതാവിന്റെ ഹൃദയനിലയാണ് ഏറ്റവും പ്രധാനം. (ലൂക്കൊസ് 21:1-4) സമ്മാനം നൽകിയ വ്യക്തിയുടെ പേര് സദസ്സിന്റെ മുമ്പാകെ വിളിച്ചുപറയുന്നത് ദയാപൂർവകമായ ഒരു നടപടി ആയിരിക്കുകയില്ല. അങ്ങനെ ചെയ്യുന്നത് ആ വ്യക്തിക്ക് അസ്വസ്ഥതയും ജാള്യവും തോന്നാൻ ഇടയാക്കിയേക്കാം. (മത്തായി 6:3)—9/1, പേജ് 29.
• നാം ഇടവിടാതെ പ്രാർഥിക്കേണ്ടത് എന്തുകൊണ്ട്?
നിരന്തര പ്രാർഥനയ്ക്ക് ദൈവവുമായുള്ള നമ്മുടെ ബന്ധം ശക്തമാക്കാനും കഠിന പരിശോധനകളെ നേരിടാൻ നമ്മെ സഹായിക്കാനും കഴിയും. സന്ദർഭവും ആവശ്യവും അനുസരിച്ച് പ്രാർഥനയുടെ ദൈർഘ്യം നിശ്ചയിക്കാവുന്നതാണ്. പ്രാർഥന വിശ്വാസം വർധിപ്പിക്കുന്നു, പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ സഹായിക്കുന്നു.—9/15, പേജ് 15-18.
• ചില ഭാഷാന്തരങ്ങൾ 1 കൊരിന്ത്യർ 15:29-ൽ ‘മരിച്ചവർക്കുവേണ്ടിയുള്ള സ്നാപനത്തെ’ കുറിച്ചു പരാമർശിക്കുന്നു, ഇത് നാം എങ്ങനെ മനസ്സിലാക്കണം?
ക്രിസ്തുവിനെപ്പോലെ, നിർമലതാ പാലകരെന്ന നിലയിൽ മരിക്കേണ്ടിവരുന്ന ഒരു ജീവിതഗതിയിലേക്ക് അഭിഷിക്ത ക്രിസ്ത്യാനികൾ സ്നാപനമേൽക്കുന്നു എന്നാണ് പൗലൊസ് അപ്പൊസ്തലൻ അർഥമാക്കിയത്. പിന്നീട് ക്രിസ്തുവിനെ പോലെ അവർ ആത്മജീവനിലേക്ക് ഉയിർപ്പിക്കപ്പെടുന്നു.—10/1, പേജ് 29.
• ക്രിസ്ത്യാനി ആയിത്തീരുന്നതിൽ 1 കൊരിന്ത്യർ 6:9-11-ൽ പരാമർശിച്ചിരിക്കുന്ന തെറ്റുകൾ ഒഴിവാക്കുന്നതിലധികം ഉൾപ്പെട്ടിരിക്കുന്നുവെന്ന് നമുക്ക് എങ്ങനെ അറിയാം?
ദുർന്നടപ്പ്, വിഗ്രഹാരാധന, മദ്യപാനം എന്നിങ്ങനെയുള്ള തെറ്റുകൾ കേവലം ഒഴിവാക്കണമെന്നു പറയുകയായിരുന്നില്ല അപ്പൊസ്തലനായ പൗലൊസ്. കൂടുതലായ മാറ്റങ്ങൾ ആവശ്യമായി വന്നേക്കാമെന്നു സൂചിപ്പിച്ചുകൊണ്ട് അവൻ അടുത്ത വാക്യത്തിൽ ഇങ്ങനെ പറഞ്ഞു: “എല്ലാം എനിക്കു നിയമാനുസൃതമാണ്; എന്നാൽ, എല്ലാം പ്രയോജനകരമല്ല.”—10/15, പേജ് 18-19.
• ദൈവത്തിന്റെ ഹൃദയത്തെ സന്തോഷിപ്പിച്ച പുരാതന കാലത്തെ ചില സ്ത്രീകൾ ആരെല്ലാം?
ഇസ്രായേല്യർക്കു ജനിക്കുന്ന ആൺകുഞ്ഞുങ്ങളെയെല്ലാം കൊന്നുകളയണമെന്ന ഫറവോന്റെ കൽപ്പന അനുസരിക്കാൻ വിസമ്മതിച്ച സൂതികർമ്മിണികളായ ശിപ്രായും പൂവായും അവരിൽ പെടുന്നു. (പുറപ്പാടു 1:15-20) ഒരു കനാന്യ വേശ്യ ആയിരുന്ന രാഹാബ് രണ്ട് ഇസ്രായേല്യ ഒറ്റുകാരെ സംരക്ഷിച്ചു. (യോശുവ 2:1-13; 6:22, 23) വിവേകം പ്രകടമാക്കിക്കൊണ്ട് അബീഗയിൽ അനേകരുടെ ജീവൻ രക്ഷിക്കുകയും ദാവീദിനെ രക്തപാതകത്തിൽനിന്നു തടയുകയും ചെയ്തു. (1 ശമൂവേൽ 25:2-35) ഇന്നത്തെ സ്ത്രീകൾക്ക് അനുകരിക്കാൻ പറ്റിയ മാതൃകകളാണ് അവർ.—11/1, പേജ് 8-11.
• സീസെരയുമായി “ആകാശത്തുനിന്നു നക്ഷത്രങ്ങൾ പൊരുതു” എന്ന് ന്യായാധിപന്മാർ 5:20-ൽ പറഞ്ഞിരിക്കുന്നത് ഏത് അർഥത്തിൽ?
ഇത് ദിവ്യസഹായത്തെ കുറിക്കുന്നുവെന്ന് ചിലർ അഭിപ്രായപ്പെടുന്നു. മറ്റു ചിലരുടെ അഭിപ്രായം ഇത് ദൂത സഹായത്തെയോ ഉൽക്കാവർഷത്തെയോ സീസെര ആശ്രയം വെച്ച ജ്യോതിഷ പ്രവചനങ്ങൾ നടക്കാതെ പോയതിനെയോ കുറിക്കുന്നു എന്നാണ്. ബൈബിൾ ഇതു സംബന്ധിച്ച് വിശദീകരണങ്ങളൊന്നും നൽകുന്നില്ലാത്തതിനാൽ, ഇസ്രായേൽ സൈന്യത്തിനുവേണ്ടി ഏതെങ്കിലും തരത്തിലുള്ള ദിവ്യ ഇടപെടൽ ഉണ്ടായതിനെയാണ് ഇതു സൂചിപ്പിക്കുന്നതെന്ന് നമുക്കു കരുതാവുന്നതാണ്.—11/15, പേജ് 30.
• മതത്തോടുള്ള നിസ്സംഗതയും വിരക്തിയും ഗോളമെമ്പാടും പടർന്നുപിടിച്ചിരിക്കുന്ന ഈ സമയത്തും ഇത്രയേറെ ആളുകൾ തങ്ങൾക്കു ദൈവത്തിൽ വിശ്വാസമുണ്ടെന്നു കാണിക്കുന്നത് എന്തുകൊണ്ടാണ്?
ചിലർ പള്ളിയിൽ പോകുന്നത് മനഃശാന്തി തേടിയാണ്. മറ്റു ചിലർ മരണാനന്തരം നിത്യമായ ജീവിതം കിട്ടുമെന്ന പ്രതീക്ഷയിലോ ആരോഗ്യം, സമ്പത്ത്, വിജയം എന്നിവയ്ക്കു വേണ്ടിയോ അങ്ങനെ ചെയ്യുന്നു. ചിലയിടങ്ങളിൽ, കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം മുതലാളിത്ത ചിന്താഗതിക്കു വഴിമാറിയപ്പോൾ ഉണ്ടായ ആത്മീയ ശൂന്യത നികത്താൻ ആളുകൾ ശ്രമിക്കുന്നു. ഈ കാര്യങ്ങളൊക്കെ മനസ്സിലാക്കിയിരിക്കുന്നത് അർഥവത്തായ സംഭാഷണങ്ങൾക്കു തുടക്കമിടാൻ ഒരു ക്രിസ്ത്യാനിയെ സഹായിക്കും.—12/1, പേജ് 3.