അധ്യായം 18
കർത്താവിന്റെ ദിവസത്തിൽ ഭൂകമ്പങ്ങൾ
1, 2. (എ) ഒരു കഠിന ഭൂകമ്പം അനുഭവിക്കുന്നത് എങ്ങനെയിരിക്കും? (ബി) ആറാം മുദ്ര തുറക്കുമ്പോൾ യോഹന്നാൻ എന്തു വർണിക്കുന്നു?
നിങ്ങൾ എന്നെങ്കിലും ഒരു കഠിന ഭൂകമ്പം അനുഭവിച്ചിട്ടുണ്ടോ? അതു സന്തോഷകരമായ ഒരനുഭവമല്ല. ഒരു വലിയ ഭൂചലനം അസ്വസ്ഥതയുണ്ടാക്കുന്ന ഒരു കുലുക്കത്തോടെയും ഒരു മൂളൽശബ്ദത്തോടെയും തുടങ്ങിയേക്കാം. നിങ്ങൾ ഒരു സുരക്ഷിതസ്ഥാനത്തേക്ക്—ഒരുപക്ഷേ ഒരു ഡെസ്ക്കിനടിയിലേക്കു—നീങ്ങുമ്പോൾ ഇടവിട്ടുളള ആട്ടം വഷളായേക്കാം. അല്ലെങ്കിൽ പാത്രങ്ങളും ഉപകരണങ്ങളും കെട്ടിടം തന്നെയും തകർത്തുകൊണ്ട് അതു പെട്ടെന്നുളള ഒരു ആഘാതമായി വന്നേക്കാം. വീണ്ടും നാശം വിതച്ചുകൊണ്ടും ദുരിതം വർധിപ്പിച്ചുകൊണ്ടും കൂടെക്കൂടെ ഉണ്ടാകുന്ന അനന്തരകമ്പനങ്ങൾ നിമിത്തം നാശനഷ്ടം വളരെ വിപത്കരമായേക്കാം.
2 ഇതു മനസ്സിൽ പിടിച്ചുകൊണ്ട് ആറാം മുദ്ര തുറക്കുമ്പോൾ യോഹന്നാൻ എന്തു വർണിക്കുന്നുവെന്നു പരിചിന്തിക്കുക: “ആറാം മുദ്ര പൊട്ടിച്ചപ്പോൾ വലിയോരു ഭൂകമ്പം ഉണ്ടായി.” (വെളിപ്പാടു 6:12എ) ഇതു മററു മുദ്രകൾ തുറക്കുന്ന അതേ കാലഘട്ടത്തിൽ തന്നെ സംഭവിക്കേണ്ടതാണ്. കർത്താവിന്റെ ദിവസത്തിൽ എപ്പോഴാണ് ഈ ഭൂകമ്പം സംഭവിക്കുന്നത്, അത് ഏതുതരം ഭൂകമ്പമാണ്?—വെളിപാട് 1:10.
3. (എ) തന്റെ സാന്നിധ്യത്തിന്റെ അടയാളം സംബന്ധിച്ച പ്രവചനത്തിൽ യേശു ഏതു സംഭവങ്ങൾ മുൻകൂട്ടി പറഞ്ഞു? (ബി) വെളിപ്പാടു 6:12-ലെ വലിയ ആലങ്കാരിക ഭൂകമ്പത്തോട് അക്ഷരാർഥ ഭൂകമ്പങ്ങൾ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?
3 ബൈബിളിൽ പല പ്രാവശ്യം അക്ഷരീയവും ആലങ്കാരികവുമായ ഭൂകമ്പങ്ങളെപ്പററി പറയുന്നുണ്ട്. രാജ്യാധികാരത്തിലുളള തന്റെ സാന്നിധ്യത്തിന്റെ അടയാളം സംബന്ധിച്ച തന്റെ വലിയ പ്രവചനത്തിൽ യേശു ‘ഭൂകമ്പം അവിടവിടെ ഉണ്ടാകും’ എന്നു മുൻകൂട്ടിപ്പറഞ്ഞു. ഇവ “ഈററുനോവിന്റെ ആരംഭ”ത്തിന്റെ ഭാഗം ആയിരിക്കും. ഭൂമിയിലെ ജനസംഖ്യ 1914-നു ശേഷം ശതകോടികളായി കുതിച്ചുയർന്നതോടെ അക്ഷരാർഥ ഭൂകമ്പങ്ങൾ നമ്മുടെ കാലത്തെ ദുരിതങ്ങളിൽ ഗണ്യമായ പങ്കു വഹിച്ചിരിക്കുന്നു. (മത്തായി 24:3, 7, 8) എന്നുവരികിലും, അവ പ്രവചനം നിറവേററുന്നെങ്കിൽപോലും ആ ഭൂകമ്പങ്ങൾ സ്വാഭാവികമായ പ്രകൃതിവിപത്തുകളായിരുന്നു. അവ വെളിപ്പാടു 6:12-ലെ വലിയ പ്രതീകാത്മക ഭൂകമ്പത്തിന്റെ മുന്നോടികൾ ആണ്. വാസ്തവത്തിൽ, സാത്താന്റെ ഭൗമ മാനുഷ വ്യവസ്ഥിതിയെ അതിന്റെ അടിസ്ഥാനങ്ങൾ വരെ ഇളക്കുന്ന മുൻ പ്രകമ്പനങ്ങളുടെ ഒരു പരമ്പരയുടെ വിനാശകരമായ ഒരു പര്യവസാനമായി ഇതു വരുന്നു.a
മനുഷ്യസമുദായത്തിലെ പ്രകമ്പനങ്ങൾ
4. (എ) വിപത്കരമായ സംഭവങ്ങൾ 1914-ൽ തുടങ്ങുമെന്ന് എന്നു മുതൽ യഹോവയുടെ ജനം പ്രതീക്ഷിച്ചിരുന്നു? (ബി) 1914 ഏതു കാലഘട്ടത്തിന്റെ അവസാനത്തെ കുറിക്കും?
4 യഹോവയുടെ ജനം 1870-കളുടെ മധ്യം മുതൽ 1914-ൽ വിപത്കരമായ സംഭവങ്ങൾ തുടങ്ങുമെന്നും വിജാതീയരുടെ കാലങ്ങളുടെ അവസാനത്തെ അടയാളപ്പെടുത്തുമെന്നും പ്രതീക്ഷിച്ചിരുന്നു. ഇത് പൊ.യു.മു. 607-ൽ നടന്ന യെരുശലേമിലെ ദാവീദിക രാജ്യത്തിന്റെ മറിച്ചിടൽ മുതൽ പൊ.യു. 1914-ൽ നടന്ന സ്വർഗീയ യെരുശലേമിലെ യേശുവിന്റെ സിംഹാസനാരോഹണം വരെ നീണ്ടുകിടക്കുന്ന ‘ഏഴു കാലങ്ങളുടെ’ (2,520 വർഷങ്ങൾ) കാലഘട്ടമാണ്.—ദാനീയേൽ 4:24, 25; ലൂക്കോസ് 21:24, കിങ് ജയിംസ് വേർഷൻ.b
5. (എ) സൊസൈററിയുടെ ആദ്യ പ്രസിഡൻറ് 1914 ഒക്ടോബർ 2-ന് ഏതു പ്രഖ്യാപനം നടത്തി? (ബി) 1914-നു ശേഷം ഏതു രാഷ്ട്രീയ സംക്ഷോഭങ്ങൾ ഉണ്ടായി?
5 അങ്ങനെ, 1914 ഒക്ടോബർ 2-ലെ പ്രഭാതത്തിൽ വാച്ച് ടവർ സൊസൈററിയുടെ ആദ്യ പ്രസിഡൻറായിരുന്ന സി. ററി. റസ്സൽ ന്യൂയോർക്കിലെ ബ്രുക്ലിൻ ബെഥേൽ കുടുംബത്തോടുകൂടെ പ്രഭാതാരാധനക്കു വന്നപ്പോൾ ഈ നാടകീയ പ്രഖ്യാപനം നടത്തി: “വിജാതീയരുടെ കാലങ്ങൾ തീർന്നിരിക്കുന്നു; അവരുടെ രാജാക്കൻമാർക്കു തങ്ങളുടെ നാൾ കഴിഞ്ഞിരിക്കുന്നു.” വാസ്തവത്തിൽ, 1914-ൽ തുടങ്ങിയ ലോകവ്യാപക സംക്ഷോഭം വളരെ ദൂരവ്യാപകമായിരുന്നു, തന്നിമിത്തം ദീർഘകാലമായി നിലനിന്നിരുന്ന പല രാജത്വങ്ങളും അപ്രത്യക്ഷമായി. ബോൾഷേവിക് വിപ്ലവത്തിൽ 1917-ലെ സാർ ഭരണത്തിന്റെ മറിച്ചിടൽ മാർക്സിസവും മുതലാളിത്വവും തമ്മിലുളള ഇന്നത്തെ ഏററുമുട്ടലിലേക്കു നയിച്ചു. രാഷ്ട്രീയ മാററത്തിന്റെ പ്രകമ്പനങ്ങൾ ഭൂവ്യാപകമായി മനുഷ്യസമുദായത്തെ ശല്യപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ഇന്നു പല ഗവൺമെൻറുകളും ഒന്നോ രണ്ടോ വർഷത്തിലധികം അതിജീവിക്കാൻ പരാജയപ്പെടുന്നു. രാഷ്ട്രീയ ലോകത്തിലെ സ്ഥിരതയുടെ അഭാവം ഇററലിയുടെ സംഗതിയിൽ ദൃഷ്ടാന്തീകരിക്കപ്പെടുന്നു. രണ്ടാം ലോകമഹായുദ്ധശേഷം വന്ന 42 വർഷങ്ങളിൽ അവിടെ 47 പുതിയ ഗവൺമെൻറുകൾ ഉണ്ടായി. എന്നാൽ അത്തരം മുൻ പ്രകമ്പനങ്ങൾ ഭരണപരമായ ഒരു ഇളക്കത്തിന്റെ മുന്നോടി മാത്രമാണ്. ഫലമോ? ദൈവരാജ്യം ഭൂമിയുടെ മൊത്തം ഭരണം ഏറെറടുക്കും.—യെശയ്യാവു 9:6, 7.
6. (എ) എച്ച്. ജി. വെൽസ് അതിപ്രധാനമായ പുതിയ യുഗത്തെ വർണിച്ചതെങ്ങനെ? (ബി) ഒരു തത്ത്വചിന്തകനും ഒരു രാജ്യതന്ത്രജ്ഞനും 1914 മുതലുളള കാലഘട്ടത്തെക്കുറിച്ച് എന്തെഴുതി?
6 പുതിയതും അതിപ്രധാനവുമായ ഒരു കാലഘട്ടത്തിന്റെ തുടക്കമെന്നനിലയിൽ ചരിത്രകാരൻമാരും തത്ത്വചിന്തകരും രാഷ്ട്രീയ നേതാക്കളും 1914 എന്ന വർഷത്തിലേക്കു വിരൽചൂണ്ടിയിട്ടുണ്ട്. ആ കാലഘട്ടത്തിലേക്കു 17 വർഷം കടന്നുചെന്നപ്പോൾ ചരിത്രകാരനായ എച്ച്. ജി. വെൽസ് ഇപ്രകാരം അഭിപ്രായപ്പെട്ടു: “പ്രവാചകൻ മനോഹരമായ കാര്യങ്ങൾ സന്തോഷത്തോടെ പ്രവചിക്കും. എന്നാൽ താൻ കാണുന്നതു പറയുക എന്നതാണ് അയാളുടെ ചുമതല. ഇപ്പോഴും പടയാളികളും ദേശസ്നേഹികളും അമിതപലിശക്കാരും സാമ്പത്തിക സാഹസികരും ദൃഢമായി നിയന്ത്രിക്കുന്ന ഒരു ലോകത്തെ അയാൾ കാണുന്നു; അവശേഷിക്കുന്ന വ്യക്തിസ്വാതന്ത്ര്യങ്ങൾ വളരെവേഗം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നതും കയ്പേറിയ വർഗ സമരങ്ങളിലേക്ക് എടുത്തുചാടുന്നതും പുതിയ യുദ്ധങ്ങൾക്കായി ഒരുങ്ങുന്നതുമായ വിദ്വേഷത്തിനും സംശയത്തിനും വിധേയമായ ഒരു ലോകത്തെത്തന്നെ.” തത്ത്വചിന്തകനായ ബെർട്രൻറ് റസ്സൽ 1953-ൽ ഇപ്രകാരം എഴുതി: “ലോകത്തിലെ പ്രവണതകൾ സംബന്ധിച്ച് അറിവുളള ഏതൊരാളും 1914 മുതൽ എക്കാലത്തും, എന്നത്തേതിലും വലിയ വിപത്തിലേക്കുളള വിധികല്പിതവും മുൻനിർണിതവുമായ നീക്കംപോലെ തോന്നുന്ന കാര്യങ്ങൾ സംബന്ധിച്ചു വളരെ അസ്വസ്ഥനായിരിക്കുന്നു . . . അവർ മാനവരാശിയെ ഒരു ഗ്രീക്ക് ദുരന്ത നാടകത്തിൽ കുപിതരായ ദൈവങ്ങളാൽ നയിക്കപ്പെടുന്നവനും വിധിയുടെമേൽ ജയം നേടാൻ ഒരിക്കലും കഴിയാത്തവനുമായ വീരനേപ്പോലെ കാണുന്നു.” നമ്മുടെ 20-ാം നൂററാണ്ടിന്റെ സമാധാനപൂർണമായ തുടക്കം സ്മരിച്ചുകൊണ്ട് രാജ്യതന്ത്രജ്ഞനായ ഹരോൾഡ് മാക്മില്ലൻ 1980-ൽ ഇപ്രകാരം പറഞ്ഞു: “സകലവും അധികമധികം മെച്ചമാവുകയായിരുന്നു. ഞാൻ ജനിച്ചുവീണ ലോകം ഇതായിരുന്നു. . . . പെട്ടെന്ന്, അപ്രതീക്ഷിതമായി 1914-ലെ ഒരു പ്രഭാതത്തിൽ സകലവും ഒരു അവസാനത്തിലേക്കു വന്നു.”
7-9. (എ) ഏതു സംക്ഷോഭങ്ങൾ 1914 മുതൽ മനുഷ്യസമുദായത്തെ വിറപ്പിച്ചിരിക്കുന്നു? (ബി) യേശുവിന്റെ സാന്നിധ്യകാലത്തെ മനുഷ്യസമുദായത്തിലെ സംക്ഷോഭങ്ങളിൽ ഒടുവിൽ മനുഷ്യവർഗത്തിനിടയിലെ ഏതു സംഭവങ്ങൾ കൂടി ഉൾപ്പെടും?
7 രണ്ടാം ലോകമഹായുദ്ധം ഇളക്കങ്ങളുടെ മറെറാരു തരംഗം ഉളവാക്കി. നാം ഈ നൂററാണ്ടിന്റെ അവസാനത്തെ സമീപിക്കവേ ചെറിയ യുദ്ധങ്ങൾ ഭൂമിയെ ഇളക്കുന്നതിൽ തുടരുകയും ചെയ്യുന്നു. എന്നാൽ ഈ വ്യവസ്ഥിതി അത്രത്തോളം ചെല്ലുമോ? ഒരു ന്യൂക്ലിയർ കൂട്ടക്കൊലയുടെ ഭീഷണി അനേകരെ സംശയാലുക്കളാക്കിയിരിക്കുന്നു. സന്തോഷകരമെന്നുപറയട്ടെ, പരിഹാരം മനുഷ്യനിലല്ല, അവന്റെ സ്രഷ്ടാവിൽ ആശ്രയിച്ചിരിക്കുന്നു.—യിരെമ്യാവു 17:5.
8 യുദ്ധങ്ങൾക്കു പുറമേ മററു കാര്യങ്ങളും 1914 മുതൽ മനുഷ്യസമുദായത്തെ അതിന്റെ അടിസ്ഥാനങ്ങളോളം ഇളക്കിയിട്ടുണ്ട്. അങ്ങേയററം ആഘാതമുണ്ടാക്കുന്ന സംക്ഷോഭങ്ങളിൽ ഒന്നിന് 1929 ഒക്ടോബർ 29-ലെ യു.എസ്. ഓഹരിവിപണിയുടെ തകർച്ച കാഞ്ചി വലിച്ചുവിട്ടു. ഇത് എല്ലാ മുതലാളിത്ത രാജ്യങ്ങളെയും ബാധിച്ച വലിയ സാമ്പത്തിക മാന്ദ്യത്തിലേക്കു നയിച്ചു. ആ മാന്ദ്യം 1932-നും 1934-നും ഇടക്ക് അവസാനിച്ചെങ്കിലും നാം ഇപ്പോഴും അതിന്റെ ഫലങ്ങൾ അനുഭവിക്കുന്നു. സാമ്പത്തികമായി ദീനം പിടിച്ച ഒരു ലോകത്തെ 1929 മുതൽ ഉപായ പദ്ധതികൾകൊണ്ട് ഓട്ടയടച്ചു നിലനിർത്തിയിരിക്കുന്നു. ഭരണകൂടങ്ങൾ സാമ്പത്തിക കമ്മി വരുത്തുന്നതിൽ വ്യാപൃതരാകുന്നു. ആയിരത്തിത്തൊളളായിരത്തി എഴുപത്തിമൂന്നിലെ എണ്ണപ്രതിസന്ധിയും 1987-ലെ ഓഹരി വിപണിയുടെ പതനവും സാമ്പത്തിക സാമ്രാജ്യത്തിന്റെ കുലുക്കങ്ങൾ വർധിപ്പിച്ചു. അതേസമയം ലക്ഷക്കണക്കിന് ആളുകൾ അധികവും കടം വാങ്ങുന്നു. നിരവധി ആളുകൾ സാമ്പത്തിക തന്ത്രങ്ങൾക്കും എളുപ്പം ധനികരാകാനുളള പദ്ധതികൾക്കും ഭാഗ്യക്കുറികൾക്കും മററു ചൂതുകളി കൗശലങ്ങൾക്കും ഇരകളായിത്തീരുന്നു, ജനങ്ങളെ സംരക്ഷിക്കേണ്ട ഭരണകൂടങ്ങൾതന്നെ അവയിൽ പലതും നടത്തുകയും ചെയ്യുന്നു. ക്രൈസ്തവലോകത്തിലെ ടെലിവിഷൻ സുവിശേഷകർ പോലും അവരുടെ ബഹുകോടി ഡോളർ പങ്കിനുവേണ്ടി കൈ നീട്ടുന്നു!—താരതമ്യം ചെയ്യുക: യിരെമ്യാവു 5:26-31.
9 ആദ്യകാലത്ത്, സാമ്പത്തിക കുഴപ്പങ്ങൾ അധികാരം പിടിച്ചെടുക്കാൻ മുസോളനിക്കും ഹിററ്ലർക്കും വഴി തുറന്നുകൊടുക്കുകയുണ്ടായി. മഹാബാബിലോൻ അവരുടെ പ്രീതി നേടാൻ ഒട്ടും സമയം പാഴാക്കിയില്ല, വത്തിക്കാൻ 1929-ൽ ഇററലിയുമായും 1933-ൽ ജർമനിയുമായും ഉടമ്പടി ഒപ്പുവെക്കുകയും ചെയ്തു. (വെളിപ്പാടു 17:5) തുടർന്നുവന്ന അന്ധകാര ദിനങ്ങൾ തീർച്ചയായും തന്റെ സാന്നിധ്യത്തെക്കുറിച്ചുളള യേശുവിന്റെ പ്രവചന നിവൃത്തിയുടെ ഭാഗമായിരുന്നു, “പോംവഴിയറിയാത്ത ജനതകളുടെ അതിവേദന” ഉൾപ്പെടുമെന്നും “ആളുകൾ നിവസിത ഭൂമിയിൽ സംഭവിക്കുന്ന കാര്യങ്ങൾ സംബന്ധിച്ച ഭയത്താലും പ്രതീക്ഷയാലും മോഹാലസ്യപ്പെടും” എന്നും അവൻ പറഞ്ഞു. (ലൂക്കോസ് 21:7-9, 25-31, NW)c അതെ, 1914-ൽ മനുഷ്യസമുദായത്തെ ഇളക്കാൻ തുടങ്ങിയ കമ്പനങ്ങൾ ശക്തമായ അനന്തരകമ്പനങ്ങളോടെ തുടർന്നിരിക്കുന്നു.
യഹോവ കുറെ ഇളക്കം വരുത്തുന്നു
10. (എ) മനുഷ്യകാര്യാദികളിൽ ഇത്രയധികം പ്രകമ്പനങ്ങൾ ഉളളതെന്തുകൊണ്ട്? (ബി) യഹോവ എന്തു ചെയ്തുകൊണ്ടിരിക്കുന്നു, എന്തിനുളള തയ്യാറെടുപ്പിൽ?
10 മനുഷ്യകാര്യാദികളിലെ അത്തരം പ്രകമ്പനങ്ങൾ തന്റെ സ്വന്തം കാലടിയെ നയിക്കാനുളള മമനുഷ്യന്റെ അപ്രാപ്തിയുടെ ഫലമാണ്. (യിരെമ്യാവു 10:23) അതിനു പുറമേ, “ഭൂതലത്തെ മുഴുവൻ തെററിച്ചുകളയുന്ന” സാത്താൻ ആകുന്ന ആ പഴയ പാമ്പ് യഹോവയുടെ ആരാധനയിൽനിന്നു മുഴുമനുഷ്യവർഗത്തെയും പിന്തിരിപ്പിക്കാനുളള തന്റെ അന്തിമ സാഹസിക ശ്രമത്തിൽ കഷ്ടങ്ങൾ വരുത്തുകയാണ്. ആധുനിക സാങ്കേതികവിദ്യ ഭൂമി ഒരൊററ അയൽപക്കമായി ചുരുങ്ങാൻ ഇടയാക്കിയിരിക്കുന്നു, അവിടെ ദേശീയവും വർഗീയവുമായ വിദ്വേഷങ്ങൾ മനുഷ്യസമുദായത്തെ അതിന്റെ അടിസ്ഥാനങ്ങൾ വരെ ഉലയ്ക്കുകയാണ്, പേരിൽ മാത്രമുളള ഐക്യരാഷ്ട്രങ്ങൾക്ക് ഫലകരമായ ഒരു പരിഹാരവും കണ്ടെത്താൻ കഴിയില്ല. മുമ്പൊരിക്കലും ഇല്ലാഞ്ഞ അളവിൽ മനുഷ്യൻ അവന്റെ ദ്രോഹത്തിനായി മനുഷ്യന്റെമേൽ ആധിപത്യം നടത്തുന്നു. (വെളിപ്പാടു 12:9, 12; സഭാപ്രസംഗി 8:9) എന്നുവരികിലും, ആകാശത്തിന്റെയും ഭൂമിയുടെയും നിർമാതാവായ പരമാധികാരകർത്താവായ യഹോവ ഒരിക്കൽ എന്നേക്കുമായി ഭൂമിയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുളള തയ്യാറെടുപ്പിൽ കഴിഞ്ഞ 70-ലധികം വർഷമായി തന്റെ സ്വന്തം രീതിയിലുളള ഇളക്കൽ നടത്തിക്കൊണ്ടിരിക്കുന്നു. അതെങ്ങനെ?
11. (എ) ഹഗ്ഗായി 2:6, 7-ൽ ഏതു ഇളക്കലിനെ വർണിച്ചിരിക്കുന്നു? (ബി) ഹഗ്ഗായിയുടെ പ്രവചനം എങ്ങനെ നിവൃത്തിയേറിക്കൊണ്ടിരിക്കുന്നു?
11 ഹഗ്ഗായി 2:6, 7-ൽ നാം വായിക്കുന്നു: “സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇനി കുറഞ്ഞോന്നു കഴിഞ്ഞിട്ടു ഞാൻ ആകാശത്തെയും ഭൂമിയെയും കടലിനെയും കരയെയും ഇളക്കും. ഞാൻ സകല ജാതികളെയും ഇളക്കും; സകല ജാതികളുടെയും മനോഹരവസ്തു വരികയും ചെയ്യും; ഞാൻ ഈ ആലയത്തെ മഹത്വപൂർണ്ണമാക്കും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.” വിശേഷിച്ചും 1919 മുതൽ, ഭൂമിയിൽ മനുഷ്യസമുദായത്തിന്റെ എല്ലാ ഘടകങ്ങളിലും തന്റെ സാക്ഷികൾ തന്റെ ന്യായവിധികൾ പ്രഘോഷിക്കാൻ യഹോവ ഇടയാക്കിയിരിക്കുന്നു. ഈ ആഗോള മുന്നറിയിപ്പിനാൽ സാത്താന്റെ ലോകവ്യവസ്ഥിതി ഇളക്കപ്പെട്ടിരിക്കുന്നു.d മുന്നറിയിപ്പു രൂക്ഷമാകുമ്പോൾ ദൈവഭയമുളള മനുഷ്യരായ “മനോഹരവസ്തു”ക്കൾ ജനതകളിൽനിന്നു തങ്ങളേത്തന്നെ വേർപെടുത്താൻ ഉത്തേജിപ്പിക്കപ്പെട്ടിരിക്കുന്നു. അവർ സാത്താന്റെ സ്ഥാപനത്തിലെ പ്രകമ്പനത്താൽ തെറിച്ചു പുറത്തുപോകുന്നുവെന്നല്ല. പിന്നെയോ അവർ അവസ്ഥ തിരിച്ചറിഞ്ഞപ്പോൾ, യഹോവയുടെ ആരാധനാലയത്തെ മഹത്ത്വം കൊണ്ടു നിറക്കാൻ അഭിഷിക്ത യോഹന്നാൻവർഗത്തോടുകൂടെ പങ്കെടുക്കുന്നതിന് അവർ സ്വന്തമായി തീരുമാനമെടുക്കുന്നു. ഇത് എങ്ങനെ സാധിക്കുന്നു? ദൈവത്തിന്റെ സ്ഥാപിതമായ രാജ്യത്തിന്റെ സുവാർത്ത പ്രസംഗിക്കുന്ന തീക്ഷ്ണമായ പ്രവർത്തനത്താൽത്തന്നെ. (മത്തായി 24:14) യേശുവും അവന്റെ അഭിഷിക്ത അനുഗാമികളും ചേർന്നുളള ഈ രാജ്യം “ഇളകാത്ത രാജ്യം” എന്നനിലയിൽ യഹോവയുടെ മഹത്ത്വത്തിനായി എന്നും നിലനിൽക്കും.—എബ്രായർ 12:26-29.
12. മത്തായി 24:14-ൽ മുൻകൂട്ടിപ്പറഞ്ഞിരുന്ന പ്രസംഗത്തോട് നിങ്ങൾ പ്രതികരിക്കാൻ തുടങ്ങിയിട്ടുണ്ടെങ്കിൽ വെളിപ്പാടു 6:12-ലെ വലിയ ഭൂകമ്പം സംഭവിക്കുന്നതിനു മുമ്പ് നിങ്ങൾ എന്തു ചെയ്യണം?
12 നിങ്ങൾ ആ പ്രസംഗത്തോടു പ്രതികരിക്കാൻ തുടങ്ങിയിട്ടുളള ഒരാളാണോ? ഒരുപക്ഷേ നിങ്ങൾ ഇക്കഴിഞ്ഞ വർഷങ്ങളിൽ യേശുവിന്റെ മരണത്തിന്റെ സ്മാരകാഘോഷത്തിൽ സംബന്ധിച്ച ലക്ഷങ്ങളിൽ ഉൾപ്പെടുന്നുവോ? അങ്ങനെയെങ്കിൽ, ബൈബിൾ സത്യത്തിന്റെ പഠനത്തിൽ പുരോഗതി പ്രാപിക്കുന്നതിൽ തുടരുക. (2 തിമൊഥെയൊസ് 2:15; 3:16, 17) സാത്താന്റെ നാശത്തിനു വിധിക്കപ്പെട്ട മനുഷ്യവ്യവസ്ഥിതിയുടെ ദുഷിച്ച ജീവിതരീതി പൂർണമായി ഒഴിവാക്കുക! വിപത്കരമായ അന്തിമ “ഭൂകമ്പം” സാത്താന്റെ മുഴുലോകത്തെയും തകർത്തു തരിപ്പണമാക്കുന്നതിനുമുമ്പ് പുതിയലോക ക്രിസ്തീയ സമുദായത്തിലേക്കു വന്ന് അതിന്റെ പ്രവർത്തനത്തിൽ പൂർണമായി പങ്കെടുക്കുക. എന്നാൽ ആ വലിയ ഭൂകമ്പം എന്താണ്? നമുക്കിപ്പോൾ മനസ്സിലാക്കാം.
വലിയ ഭൂകമ്പം!
13. വലിയ ഭൂകമ്പം മനുഷ്യാനുഭവത്തിൽ തീർത്തും പുതുതായിരിക്കുന്നത് ഏതു വിധത്തിലാണ്?
13 അതെ, ഈ നിർണായക അന്ത്യനാളുകൾ അക്ഷരീയവും ആലങ്കാരികവുമായ ഭൂകമ്പങ്ങളുടെ ഒരു കാലമായിരുന്നിട്ടുണ്ട്. (2 തിമൊഥെയൊസ് 3:1) എന്നാൽ യോഹന്നാൻ ആറാം മുദ്ര തുറക്കുമ്പോൾ കാണുന്ന അന്തിമമായ വലിയ ചലനം ഈ പ്രകമ്പനങ്ങളിലൊന്നുമല്ല. മുന്നമേയുളള പ്രകമ്പനങ്ങളുടെ കാലം അവസാനിച്ചിരിക്കുന്നു. ഇപ്പോൾ മനുഷ്യാനുഭവത്തിൽ തീർത്തും പുതുതായ ഒരു വലിയ ഭൂകമ്പം വരുന്നു. അതിന്റെ സംക്ഷോഭങ്ങളും വിക്ഷോഭങ്ങളും റിക്ടർ സ്കെയിൽകൊണ്ടോ മറേറതെങ്കിലും മനുഷ്യ അളവുകോൽകൊണ്ടോ അളക്കാൻ കഴിയാതവണ്ണം അതു വളരെ വലിയതാണ്. ഇതു പ്രാദേശികമായ ഒരു നടുക്കമല്ല, പിന്നെയോ മുഴു “ഭൂമി”യേയും, അതായത് അധഃപതിച്ച മനുഷ്യസമുദായത്തെ മുഴുവനും ശൂന്യമാക്കുന്ന വിപത്കരമായ ഒരു കുലുക്കമാണ്.
14. (എ) ഏതു പ്രവചനം ഒരു വലിയ ഭൂകമ്പത്തെയും അതിന്റെ ഫലങ്ങളെയും മുൻകൂട്ടിപ്പറയുന്നു? (ബി) യോവേലിന്റെ പ്രവചനവും വെളിപ്പാടു 6:12, 13-ഉം എന്തിനെയായിരിക്കണം പരാമർശിക്കുന്നത്?
14 യഹോവയുടെ മററു പ്രവാചകൻമാരും അത്തരത്തിലുളള ഒരു ഭൂകമ്പത്തെക്കുറിച്ചും അതിന്റെ വിപത്കരമായ പരിണതഫലങ്ങളെക്കുറിച്ചും മുൻകൂട്ടി പറഞ്ഞു. ദൃഷ്ടാന്തത്തിന്, പൊ.യു.മു. ഏതാണ്ട് 820-ൽ, “യഹോവയുടെ വലുതും ഭയങ്കരവുമായുളള ദിവസം” വരുന്നതിനെക്കുറിച്ച് യോവേൽ സംസാരിച്ചു, അപ്പോൾ “സൂര്യൻ ഇരുളായും ചന്ദ്രൻ രക്തമായും മാറിപ്പോകും” എന്നു പറഞ്ഞുകൊണ്ടുതന്നെ. പിന്നീട് അവൻ ഈ വാക്കുകൾ കൂട്ടിച്ചേർക്കുന്നു: “വിധിയുടെ താഴ്വരയിൽ അസംഖ്യസമൂഹങ്ങളെ കാണുന്നു; വിധിയുടെ താഴ്വരയിൽ യഹോവയുടെ ദിവസം അടുത്തിരിക്കുന്നു. സൂര്യനും ചന്ദ്രനും ഇരുണ്ടുപോകും; നക്ഷത്രങ്ങൾ പ്രകാശം നല്കുകയുമില്ല. യഹോവ സീയോനിൽനിന്നു ഗർജ്ജിച്ചു, യെരൂശലേമിൽനിന്നു തന്റെ നാദം കേൾപ്പിക്കും; ആകാശവും ഭൂമിയും കുലുങ്ങിപ്പോകും; എന്നാൽ യഹോവ തന്റെ ജനത്തിന്നു ശരണവും യിസ്രായേൽമക്കൾക്കു ദുർഗ്ഗവുമായിരിക്കും.” (യോവേൽ 2:31; 3:14-16) ഈ ഇളക്കൽ മഹോപദ്രവത്തിലെ യഹോവയുടെ ന്യായവിധി നിർവഹണത്തിനു മാത്രമേ ബാധകമാകാൻ കഴിയൂ. (മത്തായി 24:21) അതുകൊണ്ട് വെളിപ്പാടു 6:12, 13-ലെ സമാന്തര വിവരണത്തിന് യുക്ത്യാനുസരണം അതേ പ്രയുക്തി തന്നെയാണുളളത്.—ഇവകൂടെ കാണുക: യിരെമ്യാവു 10:10; സെഫന്യാവു 1:14, 15.
15. പ്രവാചകനായ ഹബക്കൂക്ക് ഏതു ശക്തമായ കുലുക്കം മുൻകൂട്ടിപ്പറഞ്ഞു?
15 യോവേലിനുശേഷം ഏകദേശം 200 വർഷം കഴിഞ്ഞ്, ഹബക്കൂക്ക് പ്രവാചകൻ പ്രാർഥനയിൽ തന്റെ ദൈവത്തോട് ഇപ്രകാരം പറഞ്ഞു: “യഹോവേ, ഞാൻ നിന്റെ കേൾവി കേട്ടു ഭയപ്പെട്ടുപോയി; യഹോവേ, ആണ്ടുകൾ കഴിയുംമുമ്പെ നിന്റെ പ്രവൃത്തിയെ ജീവിപ്പിക്കേണമേ; ആണ്ടുകൾ കഴിയുംമുമ്പെ അതിനെ വെളിപ്പെടുത്തേണമേ; ക്രോധത്തിങ്കൽ കരുണ ഓർക്കേണമേ.” ആ “ക്രോധം” എന്തായിരിക്കും? ഹബക്കൂക്ക് മഹോപദ്രവത്തിന്റെ ഒരു വ്യക്തമായ വർണന തുടർന്നു നൽകുന്നു, യഹോവയെക്കുറിച്ച് ഇപ്രകാരം പറഞ്ഞുകൊണ്ടു തന്നെ: “അവൻ നിന്നു ഭൂമിയെ കുലുക്കുന്നു; അവൻ നോക്കി ജാതികളെ ചിതറിക്കുന്നു. . . . ക്രോധത്തോടെ നീ ഭൂമിയിൽ ചവിട്ടുന്നു; കോപത്തോടെ ജാതികളെ മെതിക്കുന്നു. എങ്കിലും ഞാൻ യഹോവയിൽ ആനന്ദിക്കും; എന്റെ രക്ഷയുടെ ദൈവത്തിൽ ഘോഷിച്ചുല്ലസിക്കും.” (ഹബക്കൂക്ക് 3:1, 2, 6, 12, 18) യഹോവ ജനതകളെ മെതിക്കുമ്പോൾ അവൻ മുഴു ഭൂമിയിലും എന്തൊരു ശക്തമായ കുലുക്കം സൃഷ്ടിക്കും!
16. (എ) സാത്താൻ ദൈവജനത്തിൻമേൽ അന്തിമ ആക്രമണം നടത്തുന്ന കാലത്തെക്കുറിച്ചു പ്രവാചകനായ എസെക്കിയേൽ എന്തു മുൻകൂട്ടിപ്പറഞ്ഞു? (ബി) വെളിപ്പാടു 6:12-ലെ വലിയ ഭൂകമ്പത്തിന്റെ ഫലമെന്ത്?
16 മാഗോഗിലെ ഗോഗ് (താഴ്ത്തപ്പെട്ട സാത്താൻ) ദൈവജനത്തിൻമേൽ തന്റെ അന്തിമ ആക്രമണം നടത്തുമ്പോൾ യഹോവ “യിസ്രായേൽദേശത്തു ഒരു വലിയ ഭൂകമ്പം” സംഭവിക്കാൻ ഇടയാക്കുമെന്ന് എസെക്കിയേലും മുൻകൂട്ടി പറഞ്ഞു. (യെഹെസ്കേൽ 38:18, 19) അക്ഷരാർഥ ഭൂകമ്പങ്ങൾ ഉൾപ്പെട്ടിരിക്കാമെങ്കിലും, വെളിപാട് അടയാളങ്ങളിൽ അവതരിപ്പിക്കപ്പെട്ടുവെന്നു നാം ഓർക്കണം. ഈ പ്രവചനവും ഉദ്ധരിച്ച മററു പ്രവചനങ്ങളും അങ്ങേയററം പ്രതീകാത്മകമാണ്. അതുകൊണ്ട്, ആറാം മുദ്രയുടെ തുറക്കൽ ഈ ഭൗമിക വ്യവസ്ഥിതിയുടെ എല്ലാ ഇളക്കങ്ങളുടെയും ഉച്ചാവസ്ഥയെ വെളിപ്പെടുത്തുന്നതായി തോന്നുന്നു—യഹോവയാം ദൈവത്തിന്റെ പരമാധികാരത്തെ എതിർക്കുന്ന എല്ലാ മനുഷ്യരും നശിപ്പിക്കപ്പെടുന്ന വലിയ ഭൂകമ്പം തന്നെ.
ഒരു അന്ധകാരകാലം
17. വലിയ ഭൂകമ്പം സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും എങ്ങനെ ബാധിക്കുന്നു?
17 യോഹന്നാൻ തുടർന്നു പ്രകടമാക്കുന്നപ്രകാരം വലിയ ഭൂകമ്പത്തെ തുടർന്ന് സ്വർഗങ്ങൾ പോലും ഉൾപ്പെടുന്ന ഭീതിപ്പെടുത്തുന്ന സംഭവങ്ങൾ ഉണ്ടാകുന്നു. അവൻ പറയുന്നു: “സൂര്യൻ കരിമ്പടംപോലെ കറുത്തു; ചന്ദ്രൻ മുഴുവനും രക്തതുല്യമായിത്തീർന്നു. അത്തിവൃക്ഷം പെരുങ്കാററുകൊണ്ടു കുലുങ്ങീട്ടു കായി ഉതിർക്കുമ്പോലെ ആകാശത്തിലെ നക്ഷത്രങ്ങൾ ഭൂമിയിൽ വീണു.” (വെളിപ്പാടു 6:12ബി, 13) ഞെട്ടൽ ഉളവാക്കുന്ന എന്തൊരു സംഭവം! ആ പ്രവചനം അക്ഷരാർഥത്തിൽ നിവൃത്തിയേറിയാൽ ഉണ്ടാകുന്ന ഭയജനകമായ അന്ധകാരം നിങ്ങൾക്ക് ഊഹിക്കാൻ കഴിയുമോ? പകൽസമയത്ത് ഊഷ്മളമായ, ആശ്വാസകരമായ സൂര്യപ്രകാശം ഇല്ല! രാത്രിയിൽ രജതവർണമായ, ഹിതകരമായ ചന്ദ്രപ്രകാശം ഇല്ല! ആകാശത്തിന്റെ മൃദുലമായ പശ്ചാത്തലത്തിൽ കോടിക്കണക്കിനു നക്ഷത്രങ്ങൾ മേലാൽ മിന്നിത്തിളങ്ങുന്നില്ല. പകരം, തണുത്ത, കഠോരമായ ഇരുട്ടു മാത്രം.—താരതമ്യം ചെയ്യുക: മത്തായി 24:29.
18. പൊ.യു.മു. 607-ൽ യെരുശലേമിന്റെ കാര്യത്തിൽ ‘ആകാശം കറുത്തു’പോയത് എങ്ങനെ?
18 ഒരു ആത്മീയ അർഥത്തിൽ പുരാതന ഇസ്രായേലിൽ അത്തരം ഒരു അന്ധകാരം മുൻകൂട്ടി പറയപ്പെട്ടു. യിരെമ്യാവ് ഇപ്രകാരം മുന്നറിയിപ്പു നൽകി: “ദേശമൊക്കെയും ശൂന്യമാകും; എങ്കിലും ഞാൻ മുഴുവനായി മുടിച്ചുകളകയില്ല. ഇതുനിമിത്തം ഭൂമി വിലപിക്കും; മീതെ ആകാശം കറുത്തുപോകും.” (യിരെമ്യാവു 4:27, 28) പൊ.യു.മു. 607-ൽ ആ പ്രവചനം നിവൃത്തിയേറിയപ്പോൾ യഹോവയുടെ ജനത്തിനു കാര്യങ്ങൾ തീർച്ചയായും ഇരുണ്ടതായിരുന്നു. അവരുടെ തലസ്ഥാന നഗരമായ യെരുശലേം ബാബിലോന്യരുടെ കൈവശമായി. അവരുടെ ആലയം നശിപ്പിക്കപ്പെട്ടു, ദേശം ഉപേക്ഷിക്കപ്പെട്ടു. അവർക്ക് ആകാശത്തിൽനിന്ന് ആശ്വാസകരമായ ഒരു വെളിച്ചവും ഇല്ലായിരുന്നു. പിന്നെയോ, അത് യിരെമ്യാവ് ദുഃഖത്തോടെ യഹോവയോടു പറഞ്ഞതുപോലെയായിരുന്നു: “നീ കൊന്നുകളഞ്ഞു, നീ യാതൊരു അനുകമ്പയും കാണിച്ചില്ല. പ്രാർത്ഥന കടക്കാതവണ്ണം നീ മേഘംകൊണ്ടു നിന്നേത്തന്നെ മറെച്ചു.” (വിലാപങ്ങൾ 3:43, 44) യെരുശലേമിനെ സംബന്ധിച്ചിടത്തോളം ആകാശത്തിലെ ആ അന്ധകാരം മരണത്തെയും നാശത്തെയും അർഥമാക്കി.
19. (എ) പുരാതന ബാബിലോന്റെ സംഗതിയിൽ ദൈവത്തിന്റെ പ്രവാചകനായ യെശയ്യാവ് ആകാശങ്ങളിലെ ഒരു അന്ധകാരത്തെ വർണിക്കുന്നതെങ്ങനെ? (ബി) യെശയ്യാവിന്റെ പ്രവചനം എപ്പോൾ എങ്ങനെ നിവൃത്തിയേറി?
19 പിന്നീട് ആകാശങ്ങളിലെ സമാനമായ ഒരു അന്ധകാരം പുരാതന ബാബിലോന് നാശത്തെ അർഥമാക്കി. ഇതേക്കുറിച്ച് ഇപ്രകാരം എഴുതാൻ ദൈവത്തിന്റെ പ്രവാചകൻ നിശ്വസ്തനാക്കപ്പെട്ടു: “ദേശത്തെ ശൂന്യമാക്കുവാനും പാപികളെ അതിൽനിന്നു മുടിച്ചുകളവാനും യഹോവയുടെ ദിവസം ക്രൂരമായിട്ടു ക്രോധത്തോടും അതികോപത്തോടും കൂടെ വരുന്നു. ആകാശത്തിലെ നക്ഷത്രങ്ങളും നക്ഷത്രരാശികളും പ്രകാശം തരികയില്ല; സൂര്യൻ ഉദയത്തിങ്കൽ തന്നേ ഇരുണ്ടുപോകും; ചന്ദ്രൻ പ്രകാശം നല്കുകയുമില്ല. ഞാൻ ഭൂതലത്തെ ദോഷംനിമിത്തവും ദുഷ്ടൻമാരെ അവരുടെ അകൃത്യംനിമിത്തവും സന്ദർശിക്കും”. (യെശയ്യാവു 13:9-11) ഈ പ്രവചനം പൊ.യു.മു. 539-ൽ നിവൃത്തിയേറി, ബാബിലോൻ മേദ്യരുടെയും പേർഷ്യരുടെയും മുമ്പാകെ നിലംപതിച്ചപ്പോൾ തന്നെ. ബാബിലോൻ ലോകശക്തിയെന്ന നിലയിലുളള അവളുടെ സ്ഥാനത്തുനിന്നും എന്നെന്നേക്കുമായി വീണപ്പോൾ അവൾക്കുണ്ടായ ഇരുട്ടിനെ, നിരാശയെ, ആശ്വാസദായകമായ വെളിച്ചത്തിന്റെ അഭാവത്തെ അതു നന്നായി വർണിക്കുന്നു.
20. വലിയ ഭൂകമ്പം ആഞ്ഞടിക്കുമ്പോൾ ഈ വ്യവസ്ഥിതിക്ക് ഏതു ഭയജനകമായ അനുഭവം ഉണ്ടാകാനിരിക്കുന്നു?
20 അതുപോലെതന്നെ, വലിയ ഭൂകമ്പം ആഞ്ഞടിക്കുമ്പോൾ ഈ മുഴു ലോകവ്യവസ്ഥിതിയും പൂർണമായ അന്ധകാരത്തിന്റെ നിരാശയിൽ മുങ്ങിപ്പോകും. സാത്താന്റെ ഭൗമിക വ്യവസ്ഥിതിയുടെ ശോഭയുളള നക്ഷത്രങ്ങൾ യാതൊരു പ്രതീക്ഷാകിരണവും അയക്കുകയില്ല. ഇപ്പോൾതന്നെ ഭൂമിയിലെ, വിശേഷാൽ ക്രൈസ്തവ ലോകത്തിലെ, രാഷ്ട്രീയ നേതാക്കൻമാർ അവരുടെ അഴിമതിക്കും നുണയ്ക്കും ദുർമാർഗ ജീവിതരീതിക്കും കുപ്രസിദ്ധരാണ്. (യെശയ്യാവു 28:14-19) മേലിൽ ഒരിക്കലും അവരെ വിശ്വസിക്കാൻ കഴിയില്ല. യഹോവ ന്യായവിധി നടത്തുമ്പോൾ അവരുടെ മിന്നുന്ന വെളിച്ചം പൂർണഗ്രഹണാവസ്ഥയിൽ ആകും. ഭൂമിയുടെ കാര്യങ്ങളിലെ അവരുടെ ചന്ദ്രസമാന സ്വാധീനം രക്തപങ്കിലമായി, മാരകമായി തുറന്നുകാട്ടപ്പെടും. അവരുടെ ലൗകിക സൂപ്പർസ്ററാറുകൾ വീഴുന്ന ഉൽക്കകളെപ്പോലെ നശിപ്പിക്കപ്പെടുകയും പെരുങ്കാററത്തു പഴുക്കാത്ത അത്തിക്കായ്കൾ പോലെ ചിതറിക്കപ്പെടുകയും ചെയ്യും. “ലോകാരംഭംമുതൽ ഇന്നുവരെയും സംഭവിച്ചിട്ടില്ലാത്തതും ഇനിമേൽ സംഭവിക്കാത്തതും ആയ വലിയ കഷ്ട”ത്തിൽ നമ്മുടെ മുഴുഗോളവും വിറെക്കും. (മത്തായി 24:21) എന്തൊരു ഭയജനകമായ പ്രതീക്ഷ!
“ആകാശം” മാറിപ്പോകുന്നു
21. തന്റെ ദർശനത്തിൽ “ആകാശ”ത്തെയും “എല്ലാമല”യെയും എല്ലാ ‘ദ്വീപി’നെയും സംബന്ധിച്ച് യോഹന്നാൻ എന്തു കാണുന്നു?
21 യോഹന്നാന്റെ ദർശനം തുടരുന്നു: “പുസ്തകച്ചുരുൾ ചുരുട്ടുംപോലെ ആകാശം മാറിപ്പോയി; എല്ലാമലയും ദ്വീപും സ്വസ്ഥാനത്തുനിന്നു ഇളകിപ്പോയി.” (വെളിപ്പാടു 6:14) വ്യക്തമായും, ഇവ അക്ഷരാർഥ ആകാശങ്ങളോ അക്ഷരാർഥ പർവതങ്ങളും ദ്വീപുകളുമോ അല്ല. എന്നാൽ അവ എന്തിനെ പ്രതീകപ്പെടുത്തുന്നു?
22. ഏദോമിൽ “ഒരു ചുരുൾപോലെ” ഏതുതരം ‘ആകാശം ചുരുട്ട’പ്പെട്ടു?
22 സകല ജനതകൾക്കും എതിരെയുളള യഹോവയുടെ ക്രോധത്തെക്കുറിച്ചു പറയുന്ന സമാനമായ ഒരു പ്രവചനം “ആകാശം” സംബന്ധിച്ചു മനസ്സിലാക്കാൻ നമ്മെ സഹായിക്കുന്നു: “ആകാശത്തിലെ സൈന്യമെല്ലാം അലിഞ്ഞുപോകും; ആകാശവും ഒരു ചുരുൾപോലെ ചുരുണ്ടുപോകും.” (യെശയ്യാവു 34:4) വിശേഷിച്ചും ഏദോം അതനുഭവിക്കേണ്ടിയിരുന്നു. എങ്ങനെ? പൊ.യു.മു. 607-ൽ യെരുശലേമിന്റെ നാശത്തിനുശേഷം ഉടനെ ബാബിലോന്യർ അവളെ പിടിച്ചടക്കി. ആ സമയത്ത് അക്ഷരാർഥ ആകാശങ്ങളിൽ ശ്രദ്ധേയമായ സംഭവങ്ങളൊന്നും സംഭവിച്ചതായി രേഖപ്പെടുത്തിയിട്ടില്ല. എന്നാൽ ഏദോമിന്റെ “ആകാശ”ങ്ങളിൽe വിപത്കരമായ സംഭവങ്ങൾ ഉണ്ടായി. അവളുടെ മാനുഷ ഭരണാധികാരികൾ അവരുടെ ഉയർന്ന ആകാശസമാന സ്ഥാനത്തുനിന്നു താഴ്ത്തപ്പെട്ടു. (യെശയ്യാവു 34:5) മേലാൽ ആർക്കും ഉപയോഗമില്ലാത്ത ഒരു പഴയ ചുരുൾപോലെ അവർ ‘ചുരുട്ടി’ നീക്കപ്പെട്ടു.
23. ‘ഒരു ചുരുൾപോലെ മാറിപ്പോകുന്ന’ “ആകാശം” എന്താണ്, പത്രോസിന്റെ വാക്കുകൾ ഈ ഗ്രാഹ്യത്തെ സ്ഥിരീകരിക്കുന്നതെങ്ങനെ?
23 അങ്ങനെ, ‘ഒരു ചുരുൾപോലെ മാറിപ്പോകേണ്ട’ “ആകാശം” ഈ ഭൂമിയുടെമേൽ ഭരിക്കുന്ന ദൈവവിരുദ്ധ ഗവൺമെൻറുകളെ അർഥമാക്കുന്നു. വെളളക്കുതിരപ്പുറത്തെ സർവജേതാവായ സവാരിക്കാരൻ അവയെ പൂർണമായും നീക്കം ചെയ്യും. (വെളിപ്പാടു 19:11-16, 19-21) ആറാം മുദ്രയുടെ തുറക്കൽ അർഥമാക്കിയ സംഭവങ്ങളിലേക്കു മുന്നോട്ടു നോക്കിയപ്പോൾ അപ്പോസ്തലനായ പത്രോസ് പറഞ്ഞത് ഇതിനെ സ്ഥിരീകരിക്കുന്നു: “ഇപ്പോഴത്തെ ആകാശവും ഭൂമിയും . . . തീക്കായി സൂക്ഷിച്ചും ന്യായവിധിയും ഭക്തികെട്ട മനുഷ്യരുടെ നാശവും സംഭവിപ്പാനുളള ദിവസത്തേക്കു കാത്തുമിരിക്കുന്നു.” (ചെരിച്ചെഴുത്ത് ഞങ്ങളുടേത്. [2 പത്രൊസ് 3:7]) എന്നാൽ “എല്ലാമലയും ദ്വീപും സ്വസ്ഥാനത്തുനിന്നു ഇളകിപ്പോയി” എന്ന പദപ്രയോഗത്തെ സംബന്ധിച്ചെന്ത്?
24. (എ) ബൈബിൾ പ്രവചനത്തിൽ, എപ്പോഴാണ് പർവതങ്ങളും ദ്വീപുകളും ഇളകുകയോ, ഉലയുകയോ ചെയ്യുന്നതായി പറയപ്പെട്ടിരിക്കുന്നത്? (ബി) നിനെവേ നിലംപതിച്ചപ്പോൾ ‘പർവ്വതങ്ങൾ കുലുങ്ങിയത്’ എങ്ങനെ?
24 വലിയ രാഷ്ട്രീയ സംക്ഷോഭത്തിന്റെ കാലത്തു പർവതങ്ങളും ദ്വീപുകളും ഇളകുകയോ അല്ലാത്തപക്ഷം ഉലയുകയോ ചെയ്യുമെന്ന് ബൈബിൾ പ്രവചനത്തിൽ പ്രസ്താവിച്ചിരിക്കുന്നു. ഉദാഹരണത്തിന്, നിനെവേക്കെതിരെയുളള യഹോവയുടെ ന്യായവിധികളെക്കുറിച്ചു മുൻകൂട്ടി പറയുമ്പോൾ പ്രവാചകനായ നഹൂം ഇപ്രകാരം എഴുതി: “അവന്റെ മുമ്പിൽ പർവ്വതങ്ങൾ കുലുങ്ങുന്നു; കുന്നുകൾ ഉരുകിപ്പോകുന്നു; അവന്റെ സന്നിധിയിൽ ഭൂമി ഞെട്ടിപ്പോകുന്നു”. (നഹൂം 1:5) പൊ.യു.മു. 632-ൽ നിനെവേ നിലംപതിച്ചപ്പോൾ അക്ഷരാർഥ പർവതങ്ങളുടെ തകർച്ച ഉണ്ടായതിന് യാതൊരു രേഖയുമില്ല. എന്നാൽ ഫലത്തിൽ പർവതസമാനമായി തോന്നിയ ഒരു ലോകശക്തി പെട്ടെന്നു തകർന്നുപോയി.—താരതമ്യം ചെയ്യുക: യിരെമ്യാവു 4:24.
25. ഈ വ്യവസ്ഥിതിയുടെ വരാൻ പോകുന്ന അവസാനത്തിൽ “എല്ലാ മലയും ദ്വീപും” അവയുടെ സ്ഥാനത്തു നിന്നു നീക്കപ്പെടുന്നതെങ്ങനെ?
25 അതുകൊണ്ട്, ആറാം മുദ്രയുടെ തുറക്കലിൽ പരാമർശിച്ചിരിക്കുന്ന “എല്ലാമലയും ദ്വീപും” യുക്ത്യാനുസൃതം മനുഷ്യവർഗത്തിൽ പലർക്കും വളരെ സ്ഥിരതയുളളതായി തോന്നിയിട്ടുളള ഈ ലോകത്തിലെ രാഷ്ട്രീയ ഗവൺമെൻറുകളും അനുബന്ധസ്ഥാപനങ്ങളും ആയിരിക്കും. മുമ്പ് അവയിൽ ആശ്രയിച്ചിരുന്നവർക്കു ഭീതിയും അമ്പരപ്പും വരുത്തിക്കൊണ്ട് അവ അതിന്റെ സ്ഥാനത്തുനിന്നും ഇളക്കിമാററപ്പെടും. പ്രവചനം തുടർന്നു പറയുന്നതുപോലെ, യഹോവയുടെയും അവന്റെ പുത്രന്റെയും ക്രോധത്തിന്റെ മഹാദിവസം—സാത്താന്റെ സ്ഥാപനത്തെ മുഴുവൻ നീക്കം ചെയ്യുന്ന അന്തിമ ഇളക്കൽ—പ്രതികാരത്തോടെ വന്നിരിക്കുന്നുവെന്നതിനു സംശയമുണ്ടായിരിക്കുകയില്ല.
“ഞങ്ങളുടെമേൽ വീണു ഞങ്ങളെ മറെപ്പിൻ”
26. ദൈവത്തിന്റെ പരമാധികാരത്തെ എതിർക്കുന്ന മനുഷ്യർ അവരുടെ ഭീതിയിൽ എങ്ങനെ പ്രവർത്തിക്കും, ഏതു ഭീതിവാക്ക് അവർ ഉച്ചരിക്കും?
26 യോഹന്നാന്റെ വാക്കുകൾ തുടരുന്നു: “ഭൂമിയിലെ രാജാക്കൻമാരും മഹത്തുക്കളും സഹസ്രാധിപൻമാരും ധനവാൻമാരും ബലവാൻമാരും സകലദാസനും സ്വതന്ത്രനും ഗുഹകളിലും മലപ്പാറകളിലും ഒളിച്ചുകൊണ്ടു മലകളോടും പാറകളോടും; ഞങ്ങളുടെമേൽ വീഴുവിൻ; സിംഹാസനത്തിൽ ഇരിക്കുന്നവന്റെ മുഖം കാണാതവണ്ണവും കുഞ്ഞാട്ടിന്റെ കോപം തട്ടാതവണ്ണവും ഞങ്ങളെ മറെപ്പിൻ. അവരുടെ മഹാകോപദിവസം വന്നു; ആർക്കു നില്പാൻ കഴിയും എന്നു പറഞ്ഞു”.—വെളിപ്പാടു 6:15-17.
27. ശമര്യയിലെ അവിശ്വസ്ത ഇസ്രായേല്യർ എന്തു നിലവിളി നടത്തി, ആ വാക്കുകൾ എങ്ങനെ നിവൃത്തിയേറി?
27 ഹോശേയ ഇസ്രായേലിൽ വടക്കേ രാജ്യത്തിന്റെ തലസ്ഥാനമായ ശമര്യക്കെതിരെ യഹോവയുടെ ന്യായവിധി പ്രഖ്യാപിച്ചപ്പോൾ, അവൻ പറഞ്ഞു: “യിസ്രായേലിന്റെ പാപമായിരിക്കുന്ന ആവെനിലെ പൂജാഗിരികൾ നശിച്ചുപോകും; മുളളും പറക്കാരയും അവരുടെ ബലിപീഠങ്ങളിൻമേൽ മുളെക്കും; അവർ മലകളോടു: ഞങ്ങളുടെമേൽ വീഴുവിൻ എന്നും പറയും.” (ഹോശേയ 10:8) ഈ വാക്കുകൾ എങ്ങനെ നിവൃത്തിയേറി? കൊളളാം, ശമര്യ പൊ.യു.മു. 740-ൽ ക്രൂരരായ അസീറിയക്കാരുടെ മുമ്പാകെ നിലംപതിച്ചപ്പോൾ ഇസ്രായേല്യർക്ക് ഓടിപ്പോകാൻ യാതൊരിടവുമില്ലായിരുന്നു. ഹോശേയയുടെ വാക്കുകൾ കീഴടക്കപ്പെട്ട ജനത്തിന് അനുഭവപ്പെട്ട നിസ്സഹായതയുടെയും കഠിന ഭീതിയുടെയും അപമാനത്തിന്റെയും തോന്നൽ പ്രകടമാക്കുന്നു. ശമര്യയിലെ അക്ഷരാർഥ മലകൾക്കോ പർവതസമാന സ്ഥാപനങ്ങൾക്കോ കഴിഞ്ഞ കാലത്ത് അവ എത്ര സുസ്ഥിരമെന്നു തോന്നിയിരുന്നെങ്കിൽ പോലും അവരെ സംരക്ഷിക്കാൻ കഴിഞ്ഞില്ല.
28. (എ) യെരുശലേമിലെ സ്ത്രീകൾക്ക് യേശു എന്തു മുന്നറിയിപ്പു നൽകി? (ബി) യേശുവിന്റെ മുന്നറിയിപ്പ് എങ്ങനെ നിവൃത്തിയേറി?
28 അതുപോലെതന്നെ, റോമൻ പടയാളികൾ യേശുവിനെ വധിക്കാൻ കൊണ്ടുപോയപ്പോൾ അവൻ യെരുശലേമിലെ സ്ത്രീകളെ സംബോധന ചെയ്തുകൊണ്ട് പറഞ്ഞു: “മച്ചികളും പ്രസവിക്കാത്ത ഉദരങ്ങളും കുടിപ്പിക്കാത്ത മുലകളും ഭാഗ്യമുളളവ എന്നു പറയുന്ന കാലം വരുന്നു. അന്നു മലകളോടു: ഞങ്ങളുടെ മേൽ വീഴുവിൻ എന്നും കുന്നുകളോടു: ഞങ്ങളെ മൂടുവിൻ എന്നും പറഞ്ഞുതുടങ്ങും.” (ലൂക്കൊസ് 23:29, 30) റോമാക്കാരാൽ പൊ.യു. 70-ൽ യെരുശലേമിനുണ്ടായ നാശത്തിനു വ്യക്തമായ രേഖകളുണ്ട്, യേശുവിന്റെ വാക്കുകൾക്കു ഹോശേയയുടേതിനോടു സമാനമായ ഒരു അർഥമുണ്ടായിരുന്നു എന്നുളളതു സ്പഷ്ടമാണ്. അപ്പോൾ യഹൂദ്യയിൽ തങ്ങിയ യഹൂദൻമാർക്ക് ഒളിക്കാൻ സ്ഥലമില്ലായിരുന്നു. യെരുശലേമിൽ അവർ ഒളിക്കാൻ ശ്രമിച്ചിടത്തൊന്നും അഥവാ പർവതമുകളിലുളള മസാഡാ കോട്ടയിലേക്ക് അവർ പലായനം ചെയ്തപ്പോൾ പോലും യഹോവയുടെ ന്യായവിധിയുടെ ആ ഉഗ്രമായ പ്രകടനത്തിൽ നിന്നും അവർക്കു രക്ഷപെടാൻ കഴിഞ്ഞില്ല.
29. (എ) യഹോവയുടെ ക്രോധദിവസം വരുമ്പോൾ ഈ വ്യവസ്ഥിതിയെ പിന്താങ്ങാൻ പ്രതിബദ്ധരായവരുടെ ഭാഗധേയം എന്തായിരിക്കും? (ബി) യഹോവ തന്റെ ക്രോധം പ്രകടമാക്കുമ്പോൾ യേശുവിന്റെ ഏതു പ്രവചനം നിവൃത്തിയേറും?
29 ഇപ്പോൾ ആറാം മുദ്രയുടെ തുറക്കൽ, യഹോവയുടെ വരാൻ പോകുന്ന കോപദിവസത്തിലും സമാനമായ ചിലതു സംഭവിക്കുമെന്നു പ്രകടമാക്കിയിരിക്കുന്നു. ഈ വ്യവസ്ഥിതിയുടെ അന്തിമ ഇളക്കലിൽ അതിനെ പിന്താങ്ങാൻ പ്രതിബദ്ധരായവർ നിരാശയോടെ ഒരു ഒളിസ്ഥലം അന്വേഷിക്കും, എന്നാൽ അവർ ഒന്നും കണ്ടെത്തുകയില്ലതാനും. വ്യാജമതമായ മഹാബാബിലോൻ അവരെ ഇപ്പോൾതന്നെ ദാരുണമായി പരാജയപ്പെടുത്തിയിരിക്കുന്നു. അക്ഷരാർഥ പർവതങ്ങളിലെ ഗുഹകളോ പ്രതീകാത്മക, പർവ്വതസമാന രാഷ്ട്രീയ-വ്യാവസായിക സ്ഥാപനങ്ങളോ സാമ്പത്തിക സുരക്ഷിതത്വമോ മറേറതെങ്കിലും തരം സഹായമോ നൽകുകയില്ല. യഹോവയുടെ കോപത്തിൽനിന്ന് യാതൊന്നും അവരെ മറയ്ക്കുകയില്ല. അവരുടെ ഭീതിയെ യേശു നന്നായി വർണിക്കുകയുണ്ടായി: “അപ്പോൾ മനുഷ്യപുത്രന്റെ അടയാളം ആകാശത്തു വിളങ്ങും; അന്നു ഭൂമിയിലെ സകലഗോത്രങ്ങളും പ്രലാപിച്ചുംകൊണ്ടു, മനുഷ്യപുത്രൻ ആകാശത്തിലെ മേഘങ്ങളിൻമേൽ മഹാശക്തിയോടും തേജസ്സോടുംകൂടെ വരുന്നതു കാണും.”—മത്തായി 24:30.
30. (എ) “ആർക്കു നില്പാൻ കഴിയും” എന്ന ചോദ്യത്താൽ എന്തു സൂചിപ്പിക്കുന്നു? (ബി) യഹോവയുടെ ന്യായവിധിസമയത്ത് ആർക്കെങ്കിലും നിൽപ്പാൻ കഴിയുമോ?
30 അതെ, വെളളക്കുതിരപ്പുറത്തെ വിജയശ്രീലാളിതനായ സവാരിക്കാരന്റെ അധികാരം അംഗീകരിക്കാൻ വിസമ്മതിച്ചവർ തങ്ങളുടെ കുററം സമ്മതിക്കാൻ നിർബന്ധിതരാക്കപ്പെടും. സാത്താന്റെ ലോകം നീങ്ങിപ്പോകുമ്പോൾ, മനസ്സോടെ സർപ്പത്തിന്റെ സന്തതിയുടെ ഭാഗമായിട്ടുളള മനുഷ്യർ നാശത്തെ അഭിമുഖീകരിക്കും. (ഉല്പത്തി 3:15; 1 യോഹന്നാൻ 2:17) ഫലത്തിൽ, “ആർക്കു നില്പാൻ കഴിയും” എന്ന് അനേകർ ചോദിക്കത്തക്കവണ്ണമായിരിക്കും അന്നത്തെ ലോകാവസ്ഥ. യഹോവയുടെ ആ ന്യായവിധി ദിവസത്തിൽ അവന്റെ മുമ്പാകെ അംഗീകാരയോഗ്യരായി ഒരുത്തനും നിൽപ്പാൻ കഴിയില്ലെന്ന് അവർ പ്രത്യക്ഷത്തിൽ സങ്കൽപ്പിക്കും. എന്നാൽ വെളിപാട് പുസ്തകം തുടർന്നു പ്രകടമാക്കുന്നതുപോലെ അവർക്കു തെററു പററിയിരിക്കും.
[അടിക്കുറിപ്പുകൾ]
a അക്ഷരാർഥ ഭൂകമ്പങ്ങൾക്കു തൊട്ടുമുമ്പ് പലപ്പോഴും ഭൂതലത്തിൽ ചലനങ്ങൾ ഉണ്ടാകുന്നു, യഥാർഥ ഭൂകമ്പം സംഭവിക്കുന്നതുവരെ മനുഷ്യർ സംശയാലുക്കൾ അല്ലായിരിക്കാമെങ്കിലും അതു നായ്ക്കൾ കുരയ്ക്കുന്നതിനോ വിറളി പിടിക്കുന്നതിനോ ഇടയാക്കുകയും മററു മൃഗങ്ങൾക്കും മത്സ്യങ്ങൾക്കും പരിഭ്രമം ഉണ്ടാക്കുകയും ചെയ്യുന്നു.—എവേക്ക്! ജൂലൈ 8, 1982, പേജ് 14 കാണുക.
b വിശദമായ വിവരണത്തിന് 22, 24 പേജുകൾ കാണുക.
c ലൂക്കൊസ് 21:25, 28, 31-ലെ വചനങ്ങൾ 1895 മുതൽ 1931 വരെ 35-ലധികം വർഷം വാച്ച്ടവർ മാസികയുടെ പുറംചട്ടയിൽ, ഇളകിമറിയുന്ന കടലിൻമീതെ പ്രക്ഷുബ്ധമായ ആകാശങ്ങളെ പ്രകാശിപ്പിക്കുന്ന ലൈററ്ഹൗസിന്റെ പശ്ചാത്തലത്തിൽ ഉദ്ധരിച്ചിരുന്നു.
d ഉദാഹരണത്തിന്, 1931-ൽ ഒരു പ്രത്യേക പ്രസ്ഥാനമായി യഹോവയുടെ സാക്ഷികൾ രാജ്യം, ലോകത്തിന്റെ പ്രത്യാശ (ഇംഗ്ലീഷ്) എന്ന ചെറുപുസ്തകത്തിന്റെ അനേകായിരം പ്രതികൾ ഭൂമിയിലുടനീളം വൈദികർക്കും രാഷ്ട്രീയക്കാർക്കും വ്യാപാരികൾക്കും വ്യക്തിപരമായി വിതരണം ചെയ്തു.
e “ആകാശം” എന്ന വാക്കിന്റെ സമാനമായ ഒരു ഉപയോഗത്തിൽ യെശയ്യാവു 65:17, 18-ലെ “പുതിയ ആകാശ”ത്തിന്റെ പ്രവചനത്തിന്, ബാബിലോന്യ പ്രവാസത്തിൽ നിന്ന് യഹൂദൻമാർ മടങ്ങിവന്നശേഷം വാഗ്ദത്ത ദേശത്തു സ്ഥാപിതമായ, ഗവർണറായ സെരൂബാബേലും മഹാപുരോഹിതനായ യോശുവയും ഉൾപ്പെടുന്ന പുതിയ ഭരണവ്യവസ്ഥയിൽ അതിന്റെ ആദ്യനിവൃത്തിയുണ്ടായി.—2 ദിനവൃത്താന്തം 36:23; എസ്രാ 5:1, 2; യെശയ്യാവു 44:28.
[105-ാം പേജിലെ ചതുരം]
1914 മുൻകൂട്ടിക്കണ്ടു
“ക്രി.മു. 606-ലായിരുന്നു ദൈവത്തിന്റെ രാജത്വം അവസാനിച്ചത്, കിരീടം നീക്കപ്പെട്ടത്, മുഴുഭൂമിയും വിജാതീയർക്കു നൽകപ്പെട്ടത്. ക്രി.മു. 606 മുതൽ 2520 വർഷങ്ങൾ ക്രി.വ. 1914-ൽ അവസാനിക്കും.”f—1877-ൽ പ്രസിദ്ധീകരിച്ച മൂന്നു ലോകം (ഇംഗ്ലീഷ്), പേജ് 83.
“‘വിജാതീയരുടെ കാലങ്ങൾ’ ക്രി.മു. 606 മുതൽ ക്രി.വ. 1914 വരെയുളള 2520 വർഷങ്ങളുടെ ഒരു കാലഘട്ടമാണെന്നുളളതിന്റെ ബൈബിൾ തെളിവ് വ്യക്തവും ശക്തവുമാണ്.”—സി. ററി. റസ്സൽ എഴുതി 1889-ൽ പ്രസിദ്ധീകരിച്ച വേദാധ്യയന പത്രിക (ഇംഗ്ലീഷ്), വാല്യം 2, പേജ് 79.
ചാൾസ് റെറയ്സ് റസ്സലും അദ്ദേഹത്തിന്റെ സഹബൈബിൾ വിദ്യാർഥികളും 1914-ൽ വിജാതീയരുടെ കാലങ്ങൾ അഥവാ ജനതകളുടെ നിയമിത കാലങ്ങൾ അവസാനിക്കുമെന്നു പതിററാണ്ടുകൾക്കു മുമ്പു മനസ്സിലാക്കി. (ലൂക്കൊസ് 21:24) ആ ആദിമ നാളുകളിൽ ഇതെന്തർഥമാക്കുമെന്ന് അവർ പൂർണമായി ഗ്രഹിച്ചില്ലെങ്കിലും 1914 ലോകചരിത്രത്തിൽ ഒരു നിർണായക തീയതിയായിരിക്കുമെന്ന് അവർക്കു ബോധ്യപ്പെട്ടിരുന്നു. വർത്തമാനപ്പത്രത്തിൽ നിന്നുളള പിൻവരുന്ന ഉദ്ധരണി ശ്രദ്ധിക്കുക:
“യൂറോപ്പിൽ പൊട്ടിപ്പുറപ്പെട്ട ഭീകരയുദ്ധം അസാധാരണമായ ഒരു പ്രവചനം നിറവേററി. കഴിഞ്ഞ കാൽനൂററാണ്ടുകാലം പ്രസംഗകരിലൂടെയും അച്ചടിച്ച സാഹിത്യത്തിലൂടെയും ‘സഹസ്രാബ്ദോദയക്കാർ’ എന്നു നന്നായി അറിയപ്പെട്ടിരുന്ന ‘അന്തർദേശീയ ബൈബിൾ വിദ്യാർഥികൾ’ ബൈബിളിൽ മുൻകൂട്ടിപ്പറഞ്ഞിരിക്കുന്ന ക്രോധദിവസം 1914-ൽ തുടങ്ങുമെന്നു ലോകത്തെ അറിയിച്ചുകൊണ്ടിരുന്നു. ‘1914-ലേക്ക് നോക്കുക!’ എന്നതായിരുന്നു, നൂറുകണക്കിനു സഞ്ചാരസുവിശേഷകരുടെ മുറവിളി.”—ന്യൂയോർക്കിലെ ഒരു പത്രമായ ദ വേൾഡ് 1914 ആഗസ്ററ് 30.
[അടിക്കുറിപ്പുകൾ]
f “ക്രി.മു.”-നും “ക്രി.വ.”-നും ഇടയ്ക്ക് ഒരു പൂജ്യം വർഷം ഇല്ലെന്ന സംഗതി ആ ബൈബിൾ വിദ്യാർഥികൾ തിരിച്ചറിഞ്ഞിരുന്നില്ലെന്നുളളത് ദൈവാനുഗ്രഹം തന്നെ. പിൽക്കാലത്ത്, ഗവേഷണം ക്രി.മു. 606, ക്രി.മു. 607 ആയി പുന:ക്രമീകരിക്കേണ്ടത് ആവശ്യമാക്കിയപ്പോൾ പൂജ്യം വർഷവും നീക്കപ്പെട്ടു, അങ്ങനെ “ക്രി.വ. 1914” എന്ന പ്രവചനം കൃത്യമായി സ്ഥിതി ചെയ്തു.—വാച്ച് ടവർ സൊസൈററി 1943-ൽ പ്രസിദ്ധീകരിച്ച “സത്യം നിങ്ങളെ സ്വതന്ത്രരാക്കും” (ഇംഗ്ലീഷ്) എന്ന പുസ്തകത്തിന്റെ 239-ാം പേജ് കാണുക.
[106-ാം പേജിലെ ചതുരം]
1914—ഒരു വഴിത്തിരിവ്
കോപ്പൻഹേഗനിൽ 1987-ൽ പ്രസിദ്ധീകരിച്ച പൊളിററിക്കൻസ് വേൾഡ് ഹിസ്റററി—ദ പവർ ആൻഡ് മീനിങ് ഓഫ് ഹിസ്റററി എന്ന ഗ്രന്ഥം 40-ാം പേജിൽ പിൻവരുന്ന നിരീക്ഷണം കുറിക്കുന്നു:
“അഭിവൃദ്ധി സംബന്ധിച്ച 19-ാം നൂററാണ്ടിലെ വിശ്വാസത്തിന് 1914-ൽ മാരകമായ പ്രഹരമേററു. യുദ്ധം തുടങ്ങുന്നതിന്റെ തലേവർഷം ഡാനീഷ് ചരിത്രകാരനും രാജ്യതന്ത്രജ്ഞനുമായ പീററർ മഞ്ച് ശുഭാപ്തി വിശ്വാസത്തോടെ ഇങ്ങനെ എഴുതി: ‘സകല തെളിവും യൂറോപ്പിലെ വൻശക്തികൾ തമ്മിലുളള ഒരു യുദ്ധത്തിന്റെ സംഭവ്യതക്ക് എതിരാണ്. “യുദ്ധത്തിന്റെ അപകടവും” ഭാവിയിൽ അപ്രത്യക്ഷമാകും, 1871-നുശേഷം പലപ്പോഴും അത് അപ്രത്യക്ഷമായിട്ടുളളതുപോലെ തന്നെ.’
“ഇതിനു വിരുദ്ധമായി നാം അദ്ദേഹത്തിന്റെ പിൽക്കാല ഓർമക്കുറിപ്പുകളിൽ വായിക്കുന്നു: ‘1914-ലെ യുദ്ധത്തിന്റെ പൊട്ടിപ്പുറപ്പെടൽ മാനവചരിത്രത്തിലെ വലിയ വഴിത്തിരിവാണ്. ന്യായമായ സുരക്ഷിതത്വത്തിൽ തൊഴിൽ ചെയ്യാൻ കഴിയുമായിരുന്ന പുരോഗതിയുടെ ഒരു ശോഭന കാലഘട്ടത്തിൽനിന്ന് എല്ലായിടത്തും അരക്ഷിതാവസ്ഥയോടെ വിനാശത്തിന്റെയും ഭീതിയുടെയും വിദ്വേഷത്തിന്റെയും ഒരു യുഗത്തിലേക്കു നാം പ്രവേശിച്ചു. ആ സമയത്ത് നമ്മുടെമേൽ നിപതിച്ച അന്ധകാരം മനുഷ്യൻ സഹസ്രാബ്ദങ്ങൾകൊണ്ടു മെനഞ്ഞെടുത്ത മുഴു സാംസ്കാരിക ഘടനയുടെയും സ്ഥിരമായ നാശത്തെ അർഥമാക്കുമോയെന്ന് ആർക്കും പറയാൻ കഴിഞ്ഞില്ല, ഇന്നുപോലും ആർക്കും പറയാൻ കഴിയുകയുമില്ല.’”
[110-ാം പേജിലെ ചിത്രം]
‘എല്ലാ മലയും സ്വസ്ഥാനത്തുനിന്ന് ഇളകിപ്പോയി’
[111-ാം പേജിലെ ചിത്രം]
അവർ ഗുഹകളിൽ തങ്ങളെത്തന്നെ ഒളിപ്പിച്ചു