ദൈവത്തോടു കൂടെ നടക്കൽ—നിത്യത മനസ്സിൽ പിടിച്ചുകൊണ്ട്
‘നാം നമ്മുടെ ദൈവമായ യഹോവയുടെ നാമത്തിൽ എന്നും എന്നെന്നേക്കും നടക്കും.’—മീഖാ 4:5.
1. “നിത്യതയുടെ രാജാവ്” എന്ന് യഹോവയെ വിളിക്കാൻ കഴിയുന്നത് എന്തുകൊണ്ട്?
യഹോവയാം ദൈവത്തിന് ആരംഭം ഇല്ല. അവനെ സമുചിതമായി “നാളുകൾ സംബന്ധിച്ച് പുരാതനൻ” എന്നു വിളിച്ചിരിക്കുന്നു. കാരണം, കഴിഞ്ഞുപോയ അനന്തകാലത്തിൽ എന്നെന്നും അവൻ സ്ഥിതി ചെയ്തിരുന്നു. (ദാനീയേൽ 7:9, 13, NW) യഹോവയ്ക്ക് അനന്തമായ ഒരു ഭാവിയും ഉണ്ടായിരിക്കും. അവൻ മാത്രമാണ് “നിത്യതയുടെ രാജാവ്.” (വെളിപ്പാടു 10:6; 15:3, NW) അവന്റെ ദൃഷ്ടിയിൽ ആയിരം വർഷം “കഴിഞ്ഞുപോയ ദിവസംപോലെയും രാത്രിയിലെ ഒരു യാമംപോലെയും മാത്രം” ആണ്.—സങ്കീർത്തനം 90:4.
2. (എ) അനുസരണമുള്ള മനുഷ്യരെ സംബന്ധിച്ച ദൈവത്തിന്റെ ഉദ്ദേശ്യം എന്ത്? (ബി) നമ്മുടെ പ്രത്യാശകളും ആസൂത്രണങ്ങളും നാം എന്തിൽ കേന്ദ്രീകരിക്കണം?
2 ജീവദാതാവ് നിത്യമായി ഉള്ളവൻ ആകയാൽ, ആദ്യ മാനുഷ ദമ്പതികളായ ആദാമിനും ഹവ്വായ്ക്കും പറുദീസയിലെ അനന്തജീവന്റെ പ്രതീക്ഷ വെച്ചുനീട്ടാൻ അവനു കഴിഞ്ഞു. എന്നാൽ, അനുസരണക്കേട് നിമിത്തം ആദാം നിത്യജീവന്റെ അവകാശം നഷ്ടപ്പെടുത്തുകയും പാപവും മരണവും അവന്റെ പിൻഗാമികളിലേക്കു കടത്തിവിടുകയും ചെയ്തു. (റോമർ 5:12) എങ്കിലും, ആദാമിന്റെ മത്സരം ദൈവത്തിന്റെ ആദിമ ഉദ്ദേശ്യത്തെ വിഫലമാക്കിയില്ല. അനുസരണമുള്ള മനുഷ്യർ എന്നേക്കും ജീവിക്കുക എന്നത് യഹോവയുടെ ഇഷ്ടമാണ്. അവൻ തന്റെ ഉദ്ദേശ്യം വീഴ്ച കൂടാതെ നിവർത്തിക്കുകയും ചെയ്യും. (യെശയ്യാവു 55:11) നിത്യത മനസ്സിൽ പിടിച്ചുകൊണ്ട് യഹോവയെ സേവിക്കുന്നതിൽ നമ്മുടെ പ്രത്യാശകളും ആസൂത്രണങ്ങളും കേന്ദ്രീകരിക്കുന്നത് എത്രയോ ഉചിതമാണ്. “യഹോവയുടെ ദിവസം” മനസ്സിൽ അടുപ്പിച്ചു നിർത്താൻ നാം ആഗ്രഹിക്കുമ്പോൾത്തന്നെ, നമ്മുടെ ലക്ഷ്യം ദൈവത്തോടൊത്ത് നിത്യം നടക്കുക എന്നതാണെന്ന് ഓർക്കുന്നതു മർമപ്രധാനമാണ്.—2 പത്രൊസ് 3:12, NW.
യഹോവ തന്റെ നിയമിത സമയത്തു പ്രവർത്തിക്കുന്നു
3. തന്റെ ഉദ്ദേശ്യങ്ങൾ നിവർത്തിക്കുന്നതിന് യഹോവയ്ക്ക് ഒരു “നിയമിത സമയം” ഉണ്ടെന്ന് നമുക്ക് എങ്ങനെ അറിയാം?
3 ദൈവത്തോടു കൂടെ നടക്കുന്നവരെന്ന നിലയിൽ അവന്റെ ഹിതം നിവർത്തിക്കുന്നതിൽ നാം അതീവ താത്പര്യം ഉള്ളവരാണ്. യഹോവ വലിയ സമയപാലകൻ ആണെന്നു നമുക്ക് അറിയാം. നിയമിത സമയത്തുതന്നെ അവൻ തന്റെ ഉദ്ദേശ്യങ്ങൾ നിവർത്തിക്കുമെന്ന ഉറപ്പും നമുക്കുണ്ട്. ഉദാഹരണത്തിന്, ‘കാലസമ്പൂർണ്ണത വന്നപ്പോൾ ദൈവം തന്റെ പുത്രനെ നിയോഗിച്ചയച്ചു.’ (ഗലാത്യർ 4:4) അപ്പൊസ്തലനായ യോഹന്നാന് അടയാളങ്ങളിലൂടെ ലഭിച്ച പ്രാവചനിക കാര്യങ്ങളുടെ നിവൃത്തിക്ക് ഒരു “നിയമിത സമയം” ഉണ്ടെന്ന് അവനോടു പറയപ്പെട്ടു. (വെളിപ്പാടു 1:1-3, NW) “മരിച്ചവരെ ന്യായം വിധിക്കാനും നിയമിത സമയം” ഉണ്ട്. (വെളിപ്പാടു 11:18, NW) “ലോകത്തെ നീതിയിൽ ന്യായം വിധിപ്പാൻ [ദൈവം] ഒരു ദിവസത്തെ നിശ്ചയി”ച്ചിരിക്കുന്നു എന്ന് പറയാൻ 1,900 വർഷം മുമ്പ് പൗലൊസ് അപ്പൊസ്തലൻ നിശ്വസ്തനാക്കപ്പെട്ടു.—പ്രവൃത്തികൾ 17:31.
4. യഹോവ ഈ ദുഷ്ട വ്യവസ്ഥിതിക്ക് അറുതി വരുത്താൻ ആഗ്രഹിക്കുന്നു എന്ന് നമുക്ക് എങ്ങനെ അറിയാം?
4 യഹോവ ഈ ദുഷ്ട വ്യവസ്ഥിതിക്ക് അറുതി വരുത്തും. എന്തെന്നാൽ, ഇന്നത്തെ ലോകത്തിൽ അവന്റെ നാമം നിന്ദിക്കപ്പെടുകയാണ്. ദുഷ്ടന്മാർ തഴച്ചുവളർന്നിരിക്കുന്നു. (സങ്കീർത്തനം 92:7) വാക്കിലും പ്രവൃത്തിയിലും അവർ ദൈവത്തെ ദുഷിക്കുന്നു. തന്റെ ദാസന്മാർ വെറുക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്യുന്നതു കാണുന്നത് അവനെ വേദനിപ്പിക്കുന്നു. (സെഖര്യാവു 2:8) സാത്താന്റെ മുഴു സംഘടനയും പെട്ടെന്നുതന്നെ നശിപ്പിക്കപ്പെടണമെന്ന് യഹോവ വിധിച്ചിരിക്കുന്നതിൽ അതിശയിക്കാനില്ല! അത് എപ്പോൾ സംഭവിക്കുമെന്നു ദൈവം കൃത്യമായി നിർണയിച്ചിരിക്കുന്നു. നാം ഇപ്പോൾ “അന്ത്യകാല”ത്താണ് ജീവിച്ചിരിക്കുന്നതെന്നു ബൈബിൾ പ്രവചനങ്ങളുടെ നിവൃത്തി വ്യക്തമാക്കുന്നു. (ദാനീയേൽ 12:4) തന്നെ സ്നേഹിക്കുന്ന സകലരെയും അനുഗ്രഹിക്കുന്നതിനു ദൈവം ഉടൻതന്നെ നടപടി സ്വീകരിക്കും.
5. ലോത്തും ഹബക്കൂക്കും തങ്ങൾക്കു ചുറ്റുമുണ്ടായിരുന്ന അവസ്ഥകളെ എങ്ങനെയാണ് വീക്ഷിച്ചത്?
5 യഹോവയുടെ കഴിഞ്ഞകാല ദാസന്മാർ ദുഷ്ടതയ്ക്ക് അറുതി വന്നുകാണാൻ ആഗ്രഹിച്ചിരുന്നു. ‘നാൾതോറും അധർമ്മപ്രവൃത്തി കണ്ടും കേട്ടും [നീതിമാനായ ലോത്തിന്റെ] നീതിയുള്ള മനസ്സ് നൊന്തു.’ (2 പത്രൊസ് 2:7) തനിക്കു ചുറ്റുമുണ്ടായിരുന്ന അവസ്ഥകളിൽ ദുഃഖം തോന്നിയ പ്രവാചകനായ ഹബക്കൂക് ഇങ്ങനെ അപേക്ഷിച്ചു: “യഹോവേ, എത്രത്തോളം ഞാൻ [സഹായത്തിനായി] വിളിക്കയും നീ കേൾക്കാതിരിക്കയും ചെയ്യും? [അക്രമത്തിൽ നിന്നുള്ള രക്ഷയ്ക്കായി] ഞാൻ എത്രത്തോളം നിന്നോടു നിലവിളിക്കയും നീ രക്ഷിക്കാതിരിക്കയും ചെയ്യും? നീ എന്നെ നീതികേടു കാണുമാറാക്കുന്നതും പീഡനം വെറുതെ നോക്കുന്നതും എന്തിനു? കവർച്ചയും [അക്രമവും] എന്റെ മുമ്പിൽ ഉണ്ടു; കലഹം നടക്കുന്നു; ശണ്ഠ ഉളവായി വരും.”—ഹബക്കൂക് 1:2, 3.
6. ഹബക്കൂക്കിന്റെ പ്രാർഥനയ്ക്കു മറുപടിയായി യഹോവ എന്തു പറഞ്ഞു, അതിൽനിന്നു നമുക്ക് എന്തു പഠിക്കാൻ സാധിക്കും?
6 പിൻവരുന്ന വാക്കുകളിൽ യഹോവ ഹബക്കൂക്കിനു ഭാഗികമായി ഉത്തരം നൽകി: “ദർശനത്തിന്നു ഒരു അവധിവെച്ചിരിക്കുന്നു [“ദർശനം നിയമിത സമയത്തേക്ക് ഉള്ളതാകുന്നു,” NW]; അതു സമാപ്തിയിലേക്കു ബദ്ധപ്പെടുന്നു; സമയം തെററുകയുമില്ല; അതു വൈകിയാലും അതിന്നായി കാത്തിരിക്ക; അതു വരും നിശ്ചയം; താമസിക്കയുമില്ല.” (ഹബക്കൂക് 2:3) “നിയമിത സമയ”ത്ത് താൻ പ്രവർത്തിക്കുമെന്നാണ് ദൈവം അതിലൂടെ അറിയിച്ചത്. താമസം ഉണ്ടെന്നു തോന്നിയാലും യഹോവ തന്റെ ഉദ്ദേശ്യം വീഴ്ച കൂടാതെ നിവർത്തിക്കും!—2 പത്രൊസ് 3:9.
അക്ഷീണ ഉത്സാഹത്തോടെ സേവിക്കൽ
7. യഹോവയുടെ ദിവസം എപ്പോൾ വരുമെന്ന് യേശുവിനു കൃത്യമായി അറിയില്ലായിരുന്നു എങ്കിലും, അവൻ എങ്ങനെയാണു പ്രവർത്തിച്ചത്?
7 യഹോവ സംഭവങ്ങൾ നിവർത്തിക്കുന്ന കൃത്യ സമയം അറിയുന്നത് ദൈവത്തിന്റെ കൂടെ തീക്ഷ്ണതയോടെ നടക്കുന്നതിന് അനിവാര്യമാണോ? ആയിരിക്കുന്നില്ല. ചില ഉദാഹരണങ്ങൾ പരിചിന്തിക്കുക. സ്വർഗത്തിലെ പോലെ ഭൂമിയിലും ദൈവത്തിന്റെ ഇഷ്ടം എപ്പോൾ ചെയ്യപ്പെടുമെന്ന് അറിയാൻ യേശു അതീവ താത്പര്യം പ്രകടമാക്കി. തീർച്ചയായും പിൻവരുന്ന പ്രകാരം പ്രാർഥിക്കാൻ അവൻ തന്റെ അനുഗാമികളെ പഠിപ്പിച്ചു: “സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ; നിന്റെ രാജ്യം വരേണമേ; നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ.” (മത്തായി 6:9, 10) ഈ അപേക്ഷയ്ക്ക് ഉത്തരം ലഭിക്കുമെന്ന് യേശുവിന് അറിയാമായിരുന്നു. എങ്കിലും, അതു കൃത്യമായി എപ്പോൾ സംഭവിക്കുമെന്ന് അവന് അറിയില്ലായിരുന്നു. വ്യവസ്ഥിതിയുടെ സമാപനത്തെ കുറിച്ചുള്ള തന്റെ വലിയ പ്രവചനത്തിൽ യേശു ഇങ്ങനെ പറഞ്ഞു: “ആ നാളും നാഴികയും സംബന്ധിച്ചോ എന്റെ പിതാവു മാത്രമല്ലാതെ ആരും സ്വർഗ്ഗത്തിലെ ദൂതൻമാരും പുത്രനും കൂടെ അറിയുന്നില്ല.” (മത്തായി 24:36) ദൈവോദ്ദേശ്യത്തിന്റെ പൂർത്തീകരണത്തിൽ യേശു മുഖ്യ സ്ഥാനം വഹിക്കുന്നതിനാൽ, തന്റെ സ്വർഗീയ പിതാവിന്റെ ശത്രുക്കളെ വധിക്കുന്നതിൽ അവൻ നേരിട്ട് ഉൾപ്പെടും. എന്നാൽ, യേശു ഭൂമിയിൽ ആയിരുന്നപ്പോൾ ദൈവം എപ്പോൾ പ്രവർത്തിക്കുമെന്ന് അവനു പോലും അറിയില്ലായിരുന്നു. തന്മൂലം, യഹോവയുടെ സേവനത്തിൽ അവന്റെ തീക്ഷ്ണത കുറഞ്ഞോ? തീർച്ചയായും ഇല്ല! യേശു തീക്ഷ്ണതയോടെ ആലയം ശുദ്ധീകരിക്കുന്നതു കണ്ടപ്പോൾ “അവന്റെ ശിഷ്യൻമാർ: നിന്റെ ആലയത്തെക്കുറിച്ചുള്ള എരിവു [“തീക്ഷ്ണത,” NW] എന്നെ തിന്നുകളയുന്നു എന്നു എഴുതിയിരിക്കുന്നതു ഓർത്തു.” (യോഹന്നാൻ 2:17; സങ്കീർത്തനം 69:9) ഏതു വേല ചെയ്യാൻ യേശു അയയ്ക്കപ്പെട്ടോ അതിൽ അവൻ നല്ല തിരക്കോടെ ഏർപ്പെട്ടു. അക്ഷീണ ഉത്സാഹത്തോടെ അവൻ അതു ചെയ്തു. നിത്യതയുടെ കാഴ്ചപ്പാടോടെ അവൻ ദൈവത്തെ സേവിക്കുകയും ചെയ്തു.
8, 9. രാജ്യം യഥാസ്ഥാനത്താക്കി കൊടുക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ ശിഷ്യന്മാർക്കു ലഭിച്ച മറുപടി എന്താണ്, അവർ എങ്ങനെ പ്രതികരിച്ചു?
8 ക്രിസ്തുവിന്റെ ശിഷ്യന്മാരുടെ കാര്യത്തിലും അതു സത്യമായിരുന്നു. സ്വർഗത്തിലേക്കു പോകുന്നതിനു തൊട്ടു മുമ്പ് അവൻ അവരുമായി കൂടിവന്നു. അതേക്കുറിച്ചുള്ള വിവരണം ഇങ്ങനെ പറയുന്നു: “ഒരുമിച്ചു കൂടിയിരുന്നപ്പോൾ അവർ അവനോടു: കർത്താവേ, നീ യിസ്രായേലിന്നു ഈ കാലത്തിലോ രാജ്യം യഥാസ്ഥാനത്താക്കിക്കൊടുക്കുന്നതു എന്നു ചോദിച്ചു.” തങ്ങളുടെ യജമാനനെപ്പോലെ അവരും ദൈവരാജ്യം വന്നുകാണാൻ അതിയായി അഭിലഷിച്ചിരുന്നു. യേശു ഇങ്ങനെ മറുപടി നൽകി: “പിതാവു തന്റെ സ്വന്ത അധികാരത്തിൽ വെച്ചിട്ടുള്ള കാലങ്ങളെയോ സമയങ്ങളെയോ അറിയുന്നതു നിങ്ങൾക്കുള്ളതല്ല. എന്നാൽ പരിശുദ്ധാത്മാവു നിങ്ങളുടെ മേൽ വരുമ്പോൾ നിങ്ങൾ ശക്തി ലഭിച്ചിട്ടു യെരൂശലേമിലും യെഹൂദ്യയിൽ എല്ലാടത്തും ശമര്യയിലും ഭൂമിയുടെ അററത്തോളവും എന്റെ സാക്ഷികൾ ആകും.”—പ്രവൃത്തികൾ 1:6-8.
9 ആ മറുപടിയിൽ ശിഷ്യന്മാർ നിരാശരായി എന്നതിനു യാതൊരു സൂചനയും ഇല്ല. പകരം, അവർ പ്രസംഗ പ്രവർത്തനത്തിൽ സതീക്ഷ്ണം തിരക്കോടെ ഏർപ്പെട്ടു. ആഴ്ചകൾക്കുള്ളിൽ അവർ യെരൂശലേമിനെ തങ്ങളുടെ പഠിപ്പിക്കൽ കൊണ്ട് നിറച്ചു. (പ്രവൃത്തികൾ 5:28) 30 വർഷത്തിനുള്ളിൽ സുവാർത്ത “ആകാശത്തിൻകീഴെ സകലസൃഷ്ടികളുടെയും ഇടയിൽ” ഘോഷിക്കപ്പെട്ടിരിക്കുന്നു എന്നു പൗലൊസിനു പറയാൻ കഴിയുന്ന അളവോളം പ്രസംഗ പ്രവർത്തനം അവർ വ്യാപിപ്പിച്ചിരുന്നു. (കൊലൊസ്സ്യർ 1:23) ശിഷ്യന്മാർ തെറ്റായി പ്രതീക്ഷിച്ചതു പോലെ ‘രാജ്യം യിസ്രായേലിന് യഥാസ്ഥാനത്താക്കി’ കൊടുക്കുകയോ അവരുടെ ജീവിതകാലത്ത് അതു സ്വർഗത്തിൽ സ്ഥാപിതമാകുകയോ ചെയ്തില്ലെങ്കിലും, അവർ നിത്യതയുടെ കാഴ്ചപ്പാടോടെ യഹോവയെ സതീക്ഷ്ണം സേവിക്കുന്നതിൽ തുടർന്നു.
നമ്മുടെ ആന്തരങ്ങൾ പരിശോധിക്കൽ
10. സാത്താന്റെ വ്യവസ്ഥിതിയെ ദൈവം എപ്പോൾ നശിപ്പിക്കുമെന്ന് അറിയാതിരിക്കുന്നത് എന്തു തെളിയിക്കാൻ നമ്മെ സഹായിക്കും?
10 യഹോവയുടെ ആധുനികകാല ദാസരും ഈ ദുഷ്ട വ്യവസ്ഥിതിക്ക് അന്ത്യം വന്നുകാണാൻ അതിയായി ആഗ്രഹിക്കുന്നു. എന്നിരുന്നാലും, നമ്മുടെ മുഖ്യ താത്പര്യം ദൈവത്തിന്റെ പുതിയ ലോകത്തിലേക്കുള്ള വിടുതൽ അല്ല. യഹോവയുടെ നാമം വിശുദ്ധീകരിക്കപ്പെടുന്നതും അവന്റെ പരമാധികാരം സംസ്ഥാപിക്കപ്പെടുന്നതും കാണാനാണ് നാം ആഗ്രഹിക്കുന്നത്. അതിനാൽ, സാത്താന്റെ വ്യവസ്ഥിതി നശിപ്പിക്കപ്പെടുന്ന ‘ദിവസമോ മണിക്കൂറോ’ ദൈവം നമ്മോടു പറഞ്ഞിട്ടില്ല എന്നുള്ളതിൽ നമുക്കു സന്തോഷിക്കാൻ കഴിയും. താത്കാലികമോ സ്വാർഥപരമോ ആയ ലക്ഷ്യങ്ങൾ നിമിത്തമല്ല, മറിച്ച് ദൈവത്തെ സ്നേഹിക്കുന്നതുകൊണ്ടാണ് നാം നിത്യമായി അവനോടു കൂടെ നടക്കാൻ ദൃഢചിത്തരായിരിക്കുന്നത് എന്നതിനു തെളിവു നൽകാനും ഇതു നമ്മെ സഹായിക്കുന്നു.
11, 12. ഇയ്യോബിന്റെ അചഞ്ചലമായ വിശ്വസ്തത ഏതു വിധത്തിലാണു പരിശോധിക്കപ്പെട്ടത്, ആ വെല്ലുവിളി നമ്മോട് എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?
11 ദൈവത്തോടു നാം അചഞ്ചലമായ വിശ്വസ്തത പാലിക്കുന്നത്, നേരുള്ളവനായ ഇയ്യോബും അവനെ പോലുള്ള മനുഷ്യരും ദൈവത്തെ സേവിക്കുന്നതു സ്വാർഥ കാരണങ്ങളാലാണ് എന്ന പിശാചിന്റെ ആരോപണം തെറ്റാണെന്നു തെളിയിക്കാനും സഹായിക്കുന്നു. തന്റെ ദാസനായ ഇയ്യോബ് നിഷ്കളങ്കനും നേരുള്ളവനും ദൈവഭക്തനും ആണെന്ന് ദൈവം പറഞ്ഞപ്പോൾ സാത്താൻ ദുഷ്ടമായ ഈ ആരോപണം നടത്തി: “വെറുതെയോ ഇയ്യോബ് ദൈവഭക്തനായിരിക്കുന്നതു? നീ അവന്നും അവന്റെ വീട്ടിന്നും അവന്നുള്ള സകലത്തിന്നും ചുററും വേലി കെട്ടീട്ടില്ലയോ? നീ അവന്റെ പ്രവൃത്തിയെ അനുഗ്രഹിച്ചിരിക്കുന്നു; അവന്റെ മൃഗസമ്പത്തു ദേശത്തു പെരുകിയിരിക്കുന്നു. തൃക്കൈ നീട്ടി അവന്നുള്ളതൊക്കെയും ഒന്നു തൊടുക; അവൻ നിന്നെ മുഖത്തു നോക്കി ത്യജിച്ചുപറയും.” (ഇയ്യോബ് 1:8-11) പരിശോധിക്കപ്പെട്ടപ്പോൾ അചഞ്ചലമായ വിശ്വസ്തത പാലിച്ചുകൊണ്ട് ഇയ്യോബ് ദ്രോഹകരമായ ആ അവകാശവാദം തെറ്റാണെന്നു തെളിയിച്ചു.
12 സമാനമായി, അചഞ്ചലമായ വിശ്വസ്തതയുടെ ഗതി മുറുകെ പിടിക്കുന്നതിനാൽ, പെട്ടെന്നുതന്നെ പ്രതിഫലം ലഭിക്കാൻ പോകുന്നു എന്ന് അറിയാവുന്നതുകൊണ്ടു മാത്രമാണ് നാം ദൈവത്തെ സേവിക്കുന്നതെന്ന സാത്താന്റെ ഏതൊരു ആരോപണവും തെറ്റാണെന്നു തെളിയിക്കാൻ നമുക്കു കഴിയും. ഈ ദുഷ്ട വ്യവസ്ഥിതിയുടെ മേൽ ദൈവം പ്രതികാരം നടത്തുന്ന കൃത്യ സമയം അറിയാതിരിക്കുന്നത് നാം യഹോവയെ യഥാർഥമായും സ്നേഹിക്കുന്നുവെന്നും അവന്റെ വഴികളിൽ എന്നെന്നും നടക്കാൻ ആഗ്രഹിക്കുന്നുവെന്നും തെളിയിക്കുന്നതിന് നമുക്ക് അവസരമേകുന്നു. നാം ദൈവത്തോടു വിശ്വസ്തരാണെന്നും അവൻ സംഗതികൾ കൈകാര്യം ചെയ്യുന്ന വിധത്തെ വിശ്വസിക്കുന്നുവെന്നും അതു പ്രകടമാക്കുന്നു. തന്നെയുമല്ല, ദിവസവും മണിക്കൂറും അറിയാതിരിക്കുന്നത് നമ്മെ ജാഗരൂകരും ആത്മീയമായി ഉണർവുള്ളവരുമായി നിർത്തും. കാരണം, രാത്രിയിലെ ഒരു കള്ളനെന്നപോലെ ഏതു സമയത്തും അവസാനം വന്നേക്കാം എന്നു നാം തിരിച്ചറിയുന്നു. (മത്തായി 24:42-44) അനുദിനം യഹോവയോടു കൂടെ നടക്കുന്നതിനാൽ നാം അവന്റെ ഹൃദയത്തെ സന്തോഷിപ്പിക്കുകയും അവനെ നിന്ദിക്കുന്ന പിശാചിന് ഒരു മറുപടി കൊടുക്കുകയുമാണ് ചെയ്യുന്നത്.—സദൃശവാക്യങ്ങൾ 27:11.
നിത്യതയ്ക്കായി ആസൂത്രണം ചെയ്യുക!
13. ഭാവിക്കു വേണ്ടി ആസൂത്രണം ചെയ്യുന്നതു സംബന്ധിച്ച് ബൈബിൾ എന്തു സൂചിപ്പിക്കുന്നു?
13 ഭാവിക്കു വേണ്ടി ന്യായമായ ആസൂത്രണങ്ങൾ ചെയ്യുന്നതു ജ്ഞാനമാണെന്ന് ദൈവത്തോടു കൂടെ നടക്കുന്നവർക്ക് അറിയാം. വാർധക്യത്തിന്റെ പ്രശ്നങ്ങളും പരിമിതികളും അറിയാവുന്ന പലരും പിൽക്കാല ജീവിതത്തിൽ സാമ്പത്തിക ഭദ്രത ഉണ്ടായിരിക്കാൻ തക്കവണ്ണം തങ്ങളുടെ യുവത്വവും ശക്തിയും ശരിക്കും പ്രയോജനപ്പെടുത്താൻ ശ്രമിക്കുന്നു. അപ്പോൾ, അതിലുമേറെ പ്രധാനപ്പെട്ട നമ്മുടെ ആത്മീയ ഭാവിയുടെ കാര്യമോ? സദൃശവാക്യങ്ങൾ 21:5 (ഓശാന ബൈബിൾ) ഇപ്രകാരം പറയുന്നു: “ഉത്സാഹിയുടെ പദ്ധതികൾ നിശ്ചയമായും സമൃദ്ധിയിലേക്ക് നയിക്കും, എന്നാൽ തിടുക്കമുള്ളവരെല്ലാം ദാരിദ്ര്യത്തിലാകും.” നിത്യത മനസ്സിൽ പിടിച്ചുകൊണ്ട് ആസൂത്രണം ചെയ്യുന്നത് വാസ്തവമായും പ്രയോജനപ്രദമാണ്. ഈ വ്യവസ്ഥിതിയുടെ അവസാനം എപ്പോൾ വരുമെന്ന് നമുക്കു കൃത്യമായി അറിയില്ലാത്തതിനാൽ, നമ്മുടെ ഭാവി ആവശ്യങ്ങൾക്ക് നാം കുറെ ചിന്ത നൽകേണ്ടതുണ്ട്. എന്നാൽ നമുക്കു സമനില ഉള്ളവരായിരുന്നുകൊണ്ട് ദൈവിക താത്പര്യങ്ങൾക്കു ജീവിതത്തിൽ ഒന്നാം സ്ഥാനം നൽകാം. ദൈവഹിതത്തെ കേന്ദ്രീകരിച്ചുള്ള ജീവിതം ദീർഘവീക്ഷണമല്ല എന്ന് വിശ്വാസം കുറവുള്ളവർ നിഗമനം ചെയ്തേക്കാം. എന്നാൽ അങ്ങനെയാണോ?
14, 15. (എ) ഭാവിയിലേക്കുള്ള ആസൂത്രണങ്ങൾ സംബന്ധിച്ച് യേശു പറഞ്ഞ ദൃഷ്ടാന്തകഥ എന്താണ്? (ബി) യേശുവിന്റെ ദൃഷ്ടാന്തകഥയിലെ ധനികനു ദീർഘവീക്ഷണം ഇല്ലാതിരുന്നത് എന്തുകൊണ്ട്?
14 ഇക്കാര്യത്തിൽ വെളിച്ചം വീശുന്ന ഒരു ദൃഷ്ടാന്തകഥ യേശു പറഞ്ഞു: “ധനവാനായോരു മമനുഷ്യന്റെ ഭൂമി നന്നായി വിളഞ്ഞു. അപ്പോൾ അവൻ: ഞാൻ എന്തു ചെയ്യേണ്ടു? എന്റെ വിളവു കൂട്ടിവെപ്പാൻ സ്ഥലം പോരാ എന്നു ഉള്ളിൽ വിചാരിച്ചു. പിന്നെ അവൻ പറഞ്ഞതു: ഞാൻ ഇതു ചെയ്യും; എന്റെ കളപ്പുരകളെ പൊളിച്ചു അധികം വലിയവ പണിതു എന്റെ വിളവും വസ്തുവകയും എല്ലാം അതിൽ കൂട്ടിവെക്കും. എന്നിട്ടു എന്നോടുതന്നേ; നിനക്കു ഏറിയ ആണ്ടുകൾക്കു മതിയായ അനവധി വസ്തുവക സ്വരൂപിച്ചുവെച്ചിരിക്കുന്നു; ആശ്വസിക്ക, തിന്നുക, കുടിക്ക, ആനന്ദിക്ക എന്നു പറയും. ദൈവമോ അവനോടു: മൂഢാ, ഈ രാത്രിയിൽ നിന്റെ പ്രാണനെ നിന്നോടു ചോദിക്കും. പിന്നെ നീ ഒരുക്കിവെച്ചതു ആർക്കാകും എന്നു പറഞ്ഞു. ദൈവവിഷയമായി സമ്പന്നനാകാതെ തനിക്കു തന്നേ നിക്ഷേപിക്കുന്നവന്റെ കാര്യം ഇങ്ങനെ ആകുന്നു.”—ലൂക്കൊസ് 12:16-21.
15 ഭാവിയിൽ സാമ്പത്തിക ഭദ്രത ഉണ്ടായിരിക്കാൻ കഴിയത്തക്കവിധം ആ ധനികൻ അധ്വാനിക്കരുതായിരുന്നു എന്ന ആശയമാണോ യേശു വ്യക്തമാക്കാൻ ഉദ്ദേശിച്ചത്? അല്ല, കഠിനാധ്വാനം ചെയ്യാനാണ് തിരുവെഴുത്തുകൾ പ്രോത്സാഹിപ്പിക്കുന്നത്. (2 തെസ്സലൊനീക്യർ 3:10) ‘ദൈവവിഷയമായി സമ്പന്നനാകാൻ’ ആവശ്യമായത് ആ ധനികൻ ചെയ്തില്ല എന്നുള്ളതായിരുന്നു അയാളുടെ തെറ്റ്. അനേക വർഷങ്ങളോളം ഭൗതിക സമൃദ്ധി ആസ്വദിക്കാൻ അയാൾക്കു കഴിഞ്ഞാൽതന്നെയും ഒടുവിൽ അയാൾ മരിക്കുമായിരുന്നു. അയാളുടെ വീക്ഷണം ഹ്രസ്വമായിരുന്നു, നിത്യതയെക്കുറിച്ച് അയാൾ ചിന്തിച്ചതേയില്ല.
16. സുരക്ഷിത ഭാവിക്കായി നമുക്ക് ഉറപ്പോടെ യഹോവയിൽ ആശ്രയിക്കാൻ കഴിയുന്നത് എന്തുകൊണ്ട്?
16 നിത്യത മനസ്സിൽ പിടിച്ചുകൊണ്ട് യഹോവയോടു കൂടെ നടക്കുന്നത് പ്രായോഗികമാണ്, അതിൽ ദീർഘവീക്ഷണം ഉണ്ടുതാനും. ഭാവിക്കു വേണ്ടിയുള്ള അത്യുത്തമ ആസൂത്രണമാണ് അത്. വിദ്യാഭ്യാസം, തൊഴിൽ, കുടുംബ ഉത്തരവാദിത്വങ്ങൾ എന്നിവ സംബന്ധിച്ചു പ്രായോഗിക ആസൂത്രണങ്ങൾ നടത്തുന്നത് ജ്ഞാനമാണെന്നിരിക്കെ, യഹോവ തന്റെ വിശ്വസ്ത ദാസന്മാരെ ഒരിക്കലും ഉപേക്ഷിക്കുകയില്ല എന്ന കാര്യം നാം എപ്പോഴും ഓർക്കണം. ദാവീദ് രാജാവ് ഇങ്ങനെ പാടി: “ഞാൻ ബാലനായിരുന്നു, വൃദ്ധനായിത്തീർന്നു; നീതിമാൻ തുണയില്ലാതിരിക്കുന്നതും അവന്റെ സന്തതി ആഹാരം ഇരക്കുന്നതും ഞാൻ കണ്ടിട്ടില്ല.” (സങ്കീർത്തനം 37:25) ഒന്നാമതു രാജ്യം അന്വേഷിക്കുകയും യഹോവയുടെ നീതിനിഷ്ഠമായ വഴികളിൽ നടക്കുകയും ചെയ്യുന്നവർക്കായി ദൈവം ഭൗതികമായി കരുതുമെന്ന ഉറപ്പും യേശു നൽകി.—മത്തായി 6:33.
17. അന്ത്യം അടുത്തിരിക്കുന്നു എന്ന് നമുക്ക് എങ്ങനെ അറിയാം?
17 നിത്യത മനസ്സിൽ പിടിച്ചുകൊണ്ടാണ് നാം ദൈവത്തെ സേവിക്കുന്നതെങ്കിലും, നാം ഇപ്പോഴും യഹോവയുടെ ദിവസം മനസ്സിൽ അടുപ്പിച്ചു നിർത്തുന്നു. ബൈബിളിന്റെ പ്രവചന നിവൃത്തി ആ ദിവസം അടുത്തിരിക്കുന്നു എന്നതിനു വാചാലമായ സാക്ഷ്യം വഹിക്കുന്നു. യുദ്ധങ്ങൾ, പകർച്ചവ്യാധികൾ, ഭൂകമ്പങ്ങൾ, ക്ഷാമം, സത്യ ക്രിസ്ത്യാനികളുടെ നേർക്കുള്ള പീഡനം, ദൈവരാജ്യ സുവാർത്തയുടെ ആഗോള പ്രസംഗം തുടങ്ങിയവ ഈ നൂറ്റാണ്ടിന്റെ പ്രത്യേകതകൾ ആയിരുന്നിട്ടുണ്ട്. ഇതെല്ലാം ഈ ദുഷ്ട വ്യവസ്ഥിതിയുടെ അവസാന കാലത്തിന്റെ സവിശേഷതകൾ കൂടിയാണ്. (മത്തായി 24:7-14; ലൂക്കൊസ് 21:11) ‘സ്വസ്നേഹികളും ദ്രവ്യാഗ്രഹികളും വമ്പു പറയുന്നവരും അഹങ്കാരികളും ദൂഷകന്മാരും അമ്മയപ്പന്മാരെ അനുസരിക്കാത്തവരും നന്ദികെട്ടവരും അശുദ്ധരും വാത്സല്യമില്ലാത്തവരും ഇണങ്ങാത്തവരും ഏഷണിക്കാരും അജിതേന്ദ്രിയന്മാരും [“ആത്മനിയന്ത്രണം ഇല്ലാത്തവരും,” NW] ഉഗ്രന്മാരും സൽഗുണദ്വേഷികളും ദ്രോഹികളും ധാർഷ്ട്യക്കാരും നിഗളികളും ദൈവപ്രിയമില്ലാതെ ഭോഗപ്രിയരുമായ’ ആളുകളെക്കൊണ്ട് ഈ ലോകം നിറഞ്ഞിരിക്കുന്നു. (2 തിമൊഥെയൊസ് 3:1-5) ഈ നിർണായക അന്ത്യ നാളുകളിൽ യഹോവയുടെ ദാസന്മാരായ നമ്മുടെ ജീവിതം ദുഷ്കരമാണ്. യഹോവയുടെ രാജ്യം സകല തിന്മയും തുടച്ചുനീക്കുന്ന കാലത്തിനായി നാം എത്രയധികം കാംക്ഷിക്കുന്നു! അതുവരേക്കും, നിത്യത മനസ്സിൽ പിടിച്ചുകൊണ്ട് ദൈവത്തോടു കൂടെ നടക്കാൻ നമുക്കു ദൃഢനിശ്ചയം ഉള്ളവർ ആയിരിക്കാം.
അനന്ത ജീവനെ മനസ്സിൽ പിടിച്ചുകൊണ്ട് സേവിക്കൽ
18, 19. നിത്യത മനസ്സിൽ പിടിച്ചുകൊണ്ട് പുരാതനകാല വിശ്വസ്തർ ദൈവത്തെ സേവിച്ചുവെന്നു പ്രകടമാക്കുന്നത് എന്ത്?
18 നാം യഹോവയുടെ കൂടെ നടക്കവേ ഹാബെൽ, ഹാനോക്ക്, നോഹ, അബ്രാഹാം, സാറാ എന്നിങ്ങനെയുള്ളവരെ മനസ്സിൽ പിടിക്കാം. അവരെ കുറിച്ചു പരാമർശിച്ച ശേഷം പൗലൊസ് എഴുതി: “ഇവർ എല്ലാവരും വാഗ്ദത്തനിവൃത്തി പ്രാപിക്കാതെ ദൂരത്തുനിന്നു അതു കണ്ടു അഭിവന്ദിച്ചും ഭൂമിയിൽ തങ്ങൾ അന്യരും പരദേശികളും എന്നു ഏററുപറഞ്ഞുംകൊണ്ടു വിശ്വാസത്തിൽ മരിച്ചു.” (എബ്രായർ 11:13) ആ വിശ്വസ്തർ “അധികം നല്ലതിനെ, സ്വർഗ്ഗീയമായതിനെ തന്നേ, കാംക്ഷിച്ചിരുന്നു.” (എബ്രായർ 11:16) ദൈവത്തിന്റെ മിശിഹൈക രാജ്യ ഭരണത്തിൻ കീഴിൽ മെച്ചപ്പെട്ട ഒരു സ്ഥലത്തിനായി അവർ വിശ്വാസത്തോടെ കാത്തിരുന്നു. ആ മെച്ചപ്പെട്ട സ്ഥലത്ത്—രാജ്യ ഭരണത്തിൻ കീഴിലെ ഭൗമിക പറുദീസയിൽ—പ്രതിഫലമായി ദൈവം അവർക്കു നിത്യജീവൻ നൽകുമെന്നു നമുക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയും.—എബ്രായർ 11:39, 40.
19 ദൈവത്തെ നിത്യമായി ആരാധിക്കാനുള്ള യഹോവയുടെ ജനത്തിന്റെ ദൃഢനിശ്ചയം പ്രകടമാക്കിക്കൊണ്ട് പ്രവാചകനായ മീഖാ എഴുതി: “സകല ജാതികളും താന്താങ്ങളുടെ ദേവന്മാരുടെ നാമത്തിൽ നടക്കുന്നുവല്ലോ; നാമും നമ്മുടെ ദൈവമായ യഹോവയുടെ നാമത്തിൽ എന്നും എന്നെന്നേക്കും നടക്കും.” (മീഖാ 4:5) മരണം വരെ മീഖാ യഹോവയെ വിശ്വസ്തമായി സേവിച്ചു. പുതിയ ലോകത്തിൽ പുനരുത്ഥാനം പ്രാപിക്കുമ്പോൾ ആ പ്രവാചകൻ സകല നിത്യതയിലും ദൈവത്തോടു കൂടെ നടക്കുന്നതിൽ തുടരുമെന്നതിൽ സംശയമില്ല. പരമാന്ത്യ കാലത്തു ജീവിക്കുന്ന നമുക്ക് എത്ര നല്ലൊരു ദൃഷ്ടാന്തം!
20. നമ്മുടെ ദൃഢനിശ്ചയം എന്തായിരിക്കണം?
20 യഹോവയുടെ നാമത്തോടു നാം കാണിക്കുന്ന സ്നേഹം അവൻ വിലമതിക്കുന്നു. (എബ്രായർ 6:10) പിശാച് ഭരിക്കുന്ന ഈ ലോകത്തിൽ നമ്മുടെ അചഞ്ചല വിശ്വസ്തത കാത്തുകൊള്ളുന്നത് പ്രയാസകരമാണെന്ന് അവന് അറിയാം. എന്നാൽ, ‘ലോകം ഒഴിഞ്ഞുപോകു’മ്പോൾ ‘ദൈവേഷ്ടം ചെയ്യുന്നവൻ എന്നേക്കും ഇരിക്കും.’ (1 യോഹന്നാൻ 2:17; 5:19) അപ്പോൾ യഹോവയുടെ സഹായത്തോടെ ഓരോ ദിവസവും പരിശോധനകൾ സഹിച്ചുനിൽക്കാൻ നമുക്കു ദൃഢനിശ്ചയം ഉള്ളവരായിരിക്കാം. നമ്മുടെ ചിന്തയും ജീവിതരീതിയും സ്നേഹവാനായ നമ്മുടെ സ്വർഗീയ പിതാവ് വാഗ്ദത്തം ചെയ്തിരിക്കുന്ന അനുഗ്രഹങ്ങളിൽ നമുക്ക് കേന്ദ്രീകരിക്കാം. നിത്യത മനസ്സിൽ പിടിച്ചുകൊണ്ട് നാം ദൈവത്തോടു കൂടെ നടക്കുന്നെങ്കിൽ അവ നമുക്കു ലഭിക്കും.—യൂദാ 20, 21.
നിങ്ങൾ എങ്ങനെ പ്രതികരിക്കും?
□ അനുസരണമുള്ള മനുഷ്യരെ സംബന്ധിച്ച ദൈവത്തിന്റെ ഉദ്ദേശ്യം എന്ത്?
□ ഈ ഭക്തികെട്ട ലോകത്തിന് അന്ത്യം വരുത്താൻ ദൈവം ഇതുവരെ നടപടി എടുക്കാത്തത് എന്തുകൊണ്ട്?
□ ദൈവം എപ്പോൾ നടപടി എടുക്കും എന്നു കൃത്യമായി അറിയില്ലെന്നത് നമ്മുടെ ഉത്സാഹത്തെ തണുപ്പിക്കരുതാത്തത് എന്തുകൊണ്ട്?
□ നിത്യത മനസ്സിൽ പിടിച്ചുകൊണ്ട് ദൈവത്തോടു കൂടെ നടക്കുന്നതിന്റെ ചില പ്രയോജനങ്ങൾ എന്തെല്ലാം?
[17-ാം പേജിലെ ചിത്രം]
ദൈവത്തോടു കൂടെ നടക്കുന്നതിന് നാം ക്രിസ്തുവിന്റെ ആദിമ ശിഷ്യന്മാരെപ്പോലെ അവനെ സതീക്ഷ്ണം സേവിക്കേണ്ടതുണ്ട്