യഹോവ താമസിക്കുകയില്ല
“അതു [ദർശനം] വൈകിയാലും അതിന്നായി കാത്തിരിക്ക; അതു വരും നിശ്ചയം; താമസിക്കയുമില്ല.”—ഹബക്കൂക് 2:3.
1. യഹോവയുടെ ജനം എന്തു ദൃഢനിശ്ചയമാണു പ്രകടമാക്കിയിട്ടുള്ളത്, എന്തു ചെയ്യാൻ അത് അവരെ പ്രേരിപ്പിച്ചിരിക്കുന്നു?
‘ഞാൻ കൊത്തളത്തിൽനിന്നു കാവൽ കാത്തുകൊള്ളും.’ ദൈവത്തിന്റെ പ്രവാചകനായ ഹബക്കൂകിന്റെ ദൃഢനിശ്ചയമായിരുന്നു അത്. (ഹബക്കൂക് 2:1) 20-ാം നൂറ്റാണ്ടിലെ യഹോവയുടെ സാക്ഷികൾ അതേ ദൃഢനിശ്ചയം പ്രകടമാക്കിയിട്ടുണ്ട്. അക്കാരണത്താൽ, 1922-ൽ നടന്ന ഒരു സുപ്രധാന കൺവെൻഷനിലെ പിൻവരുന്ന ആഹ്വാനത്തോട് അവർ സതീക്ഷ്ണം പ്രതികരിക്കുകയുണ്ടായി: “ഇതു സർവദിവസങ്ങളിലും വെച്ച് മഹാദിവസമാണ്. ഇതാ, രാജാവു വാഴുന്നു! നിങ്ങൾ അവന്റെ പരസ്യ പ്രചാരകരാണ്. അതുകൊണ്ട്, രാജാവിനെയും അവന്റെ രാജ്യത്തെയും പ്രസിദ്ധമാക്കുവിൻ, പ്രസിദ്ധമാക്കുവിൻ, പ്രസിദ്ധമാക്കുവിൻ.”
2. ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം, സജീവമായ പ്രവർത്തനത്തിലേക്കു പുനഃസ്ഥിതീകരിക്കപ്പെട്ടപ്പോൾ അഭിഷിക്ത ക്രിസ്ത്യാനികൾക്ക് എന്തു പ്രഖ്യാപിക്കാൻ കഴിഞ്ഞു?
2 ഒന്നാം ലോക മഹായുദ്ധത്തിനു ശേഷം, യഹോവ വിശ്വസ്ത അഭിഷിക്ത ശേഷിപ്പിനെ സജീവമായ പ്രവർത്തനത്തിന്റെ ഒരു അവസ്ഥയിലേക്കു പുനഃസ്ഥിതീകരിച്ചു. ഹബക്കൂകിനെ പോലെ അവർ ഓരോരുത്തർക്കും ഇങ്ങനെ പ്രഖ്യാപിക്കാൻ കഴിഞ്ഞു: “ഞാൻ കൊത്തളത്തിൽനിന്നു കാവൽകാത്തുകൊണ്ടു: അവൻ എന്നോടു എന്തരുളിച്ചെയ്യും എന്നു . . . കാണേണ്ടതിന്നു ദൃഷ്ടിവെക്കും.” ഇവിടത്തെ ‘ദൃഷ്ടിവെക്കുക,’ ‘കാവൽ കാക്കുക’ എന്നിവയ്ക്കുള്ള എബ്രായ പദങ്ങൾ നിരവധി പ്രവചനങ്ങളിൽ ആവർത്തിക്കുന്നുണ്ട്.
‘അത് താമസിക്കയില്ല’
3. നാം സദാ ഉണർന്നിരിക്കേണ്ടത് എന്തുകൊണ്ട്?
3 ഇന്ന് യഹോവയുടെ സാക്ഷികൾ ദൈവത്തിന്റെ മുന്നറിയിപ്പു മുഴക്കവെ, യേശുവിന്റെ മഹാപ്രവചനത്തിലെ ഉപസംഹാര വാക്കുകൾക്ക് അവർ നിതാന്ത ജാഗ്രതയോടെ ചെവി കൊടുക്കേണ്ടതുണ്ട്: “യജമാനൻ സന്ധ്യെക്കോ അർദ്ധരാത്രിക്കോ കോഴികൂകുന്ന നേരത്തോ രാവിലെയോ എപ്പോൾ വരും എന്നു അറിയായ്കകൊണ്ടു, അവൻ പെട്ടെന്നു വന്നു നിങ്ങളെ ഉറങ്ങുന്നവരായി കണ്ടെത്താതിരിക്കേണ്ടതിന്നു ഉണർന്നിരിപ്പിൻ. ഞാൻ നിങ്ങളോടു പറയുന്നതോ എല്ലാവരോടും പറയുന്നു: ഉണർന്നിരിപ്പിൻ.” (മർക്കൊസ് 13:35-37) ഹബക്കൂകിനെ പോലെ, യേശുവിന്റെ വാക്കുകൾക്കു ചേർച്ചയിൽ നാം സദാ ഉണർന്നിരിക്കേണ്ടതുണ്ട്!
4. നമ്മുടെ ഇന്നത്തെ സ്ഥിതിവിശേഷം, പൊ.യു.മു. 628-ലെ ഹബക്കൂകിന്റെ സ്ഥിതിവിശേഷത്തോടു സമാനമായിരിക്കുന്നത് എങ്ങനെ?
4 സാധ്യതയനുസരിച്ച്, ബാബിലോൺ പ്രമുഖ ലോകശക്തി ആകുന്നതിനു മുമ്പ്, പൊ.യു.മു. 628-നോട് അടുത്താണ് ഹബക്കൂക് തന്റെ പ്രവചനം എഴുതി പൂർത്തിയാക്കിയത്. വിശ്വാസത്യാഗം ഭവിച്ച യെരൂശലേമിനെ കുറിച്ചുള്ള യഹോവയുടെ ന്യായവിധി സന്ദേശങ്ങൾ പ്രഖ്യാപിക്കപ്പെടാൻ തുടങ്ങിയിട്ട് വർഷങ്ങൾ കഴിഞ്ഞിരുന്നു. എന്നാൽ ആ ന്യായവിധി എപ്പോൾ നടക്കും എന്നതു സംബന്ധിച്ച് വ്യക്തമായ സൂചനയൊന്നും ഇല്ലായിരുന്നു. വെറും 21 വർഷം കഴിയുമ്പോൾ അതു സംഭവിക്കുമെന്നും യഹോവ ഉപയോഗിക്കുന്ന വധനിർവാഹകൻ ബാബിലോൺ ആയിരിക്കുമെന്നും ആർ വിശ്വസിക്കുമായിരുന്നു? സമാനമായി ഇന്ന്, ഈ വ്യവസ്ഥിതിയുടെ അവസാനത്തിനായി നിശ്ചയിച്ചിരിക്കുന്ന ‘നാളും നാഴികയും’ നമുക്ക് അറിയില്ല. എന്നാൽ, യേശു നമുക്ക് ഈ മുന്നറിയിപ്പു നൽകിയിരിക്കുന്നു: “നിങ്ങൾ നിനെക്കാത്ത നാഴികയിൽ മനുഷ്യപുത്രൻ വരുന്നതുകൊണ്ടു നിങ്ങളും ഒരുങ്ങിയിരിപ്പിൻ.”—മത്തായി 24:36, 44.
5. ഹബക്കൂക് 2:2, 3-ൽ രേഖപ്പെടുത്തിയിരിക്കുന്ന ദൈവത്തിന്റെ വാക്കുകൾ സംബന്ധിച്ചു പ്രത്യേകാൽ പ്രോത്സാഹജനകം ആയിരിക്കുന്നത് എന്ത്?
5 നല്ല കാരണത്തോടെ തന്നെയാണ് യഹോവ ഹബക്കൂകിന് ഉത്തേജകമായ ഈ നിയമനം നൽകിയത്: “നീ ദർശനം എഴുതുക; ഓടിച്ചു വായിപ്പാൻ തക്കവണ്ണം അതു പലകയിൽ തെളിവായി വരെക്കുക. ദർശനത്തിന്നു ഒരു അവധിവെച്ചിരിക്കുന്നു; അതു സമാപ്തിയിലേക്കു ബദ്ധപ്പെടുന്നു; സമയം തെററുകയുമില്ല; അതു വൈകിയാലും അതിന്നായി കാത്തിരിക്ക; അതു വരും നിശ്ചയം; താമസിക്കയുമില്ല.” (ഹബക്കൂക് 2:2, 3) ലോകമെങ്ങും ഇന്ന് ദുഷ്ടതയും അക്രമവും ഏറ്റവും വർധിച്ചിരിക്കുന്നു. “യഹോവയുടെ വലുതും ഭയങ്കരവുമായുള്ള ദിവസ”ത്തോടു നാം വളരെ അടുത്തിരിക്കുന്നു എന്നാണ് അതു സൂചിപ്പിക്കുന്നത്. (യോവേൽ 2:31) ‘താമസിക്കയില്ല’ എന്ന യഹോവയുടെ ഉറപ്പേകുന്ന വാക്കുകൾ തീർച്ചയായും പ്രോത്സാഹജനകമാണ്!
6. ആസന്നമായ സംഹാരവിധിയുടെ നാളിനെ നമുക്ക് എങ്ങനെ അതിജീവിക്കാവുന്നതാണ്?
6 അപ്പോൾ, ആസന്നമായ സംഹാരവിധിയുടെ നാളിനെ നാം എങ്ങനെയാണ് അതിജീവിക്കുക? നീതിയുള്ളവരും നീതികെട്ടവരും തമ്മിലുള്ള അന്തരം എടുത്തുകാട്ടിക്കൊണ്ട് യഹോവ ഉത്തരം നൽകുന്നു: “അവന്റെ മനസ്സു അവനിൽ അഹങ്കരിച്ചിരിക്കുന്നു; അതു നേരുള്ളതല്ല; നീതിമാനോ വിശ്വാസത്താൽ ജീവിച്ചിരിക്കും.” (ഹബക്കൂക് 2:4) അഹങ്കാരികളും അത്യാഗ്രഹികളുമായ ഭരണാധിപന്മാരും ആളുകളും നിർദോഷികളായ ദശലക്ഷക്കണക്കിന് ആളുകളുടെ രക്തംകൊണ്ട് ആധുനിക ചരിത്രത്തിന്റെ ഏടുകളെ കളങ്കപ്പെടുത്തിയിരിക്കുന്നു, രണ്ടു ലോകയുദ്ധങ്ങളിലും വംശീയ കശാപ്പുകളിലുമാണ് അത് ഏറ്റവുമധികം പ്രകടമായത്. അതിൽനിന്നു വ്യത്യസ്തമായി, ദൈവത്തിന്റെ സമാധാനപ്രിയരായ അഭിഷിക്ത ദാസന്മാർ വിശ്വസ്തത പാലിച്ചുകൊണ്ട് കഷ്ടം സഹിച്ചിരിക്കുന്നു. “വിശ്വസ്തതാപൂർവം പെരുമാറുന്ന നീതിയുള്ള ജനത”യാണ് അവർ. (ഓശാന ബൈബിൾ) ആ ജനതയും അവരുടെ സഹകാരികളായ “വേറെ ആടുക”ളും പിൻവരുന്ന പ്രബോധനം അനുസരിക്കുന്നു: “യഹോവയാം യാഹിൽ ശാശ്വതമായോരു പാറ ഉള്ളതിനാൽ യഹോവയിൽ എന്നേക്കും ആശ്രയിപ്പിൻ.”—യെശയ്യാവു 26:2-4; യോഹന്നാൻ 10:16.
7. പൗലൊസ് ഹബക്കൂക് 2:4 ഉദ്ധരിച്ചുകൊണ്ട് പറഞ്ഞതിനു ചേർച്ചയിൽ നാം എന്തു ചെയ്യണം?
7 എബ്രായ ക്രിസ്ത്യാനികൾക്ക് എഴുതിയ ലേഖനത്തിൽ, പൗലൊസ് അപ്പൊസ്തലൻ ഹബക്കൂക് 2:4 ഉദ്ധരിച്ചുകൊണ്ട് യഹോവയുടെ ജനത്തോട് ഇങ്ങനെ പറയുന്നു: ‘ദൈവേഷ്ടം ചെയ്തു വാഗ്ദത്തം പ്രാപിപ്പാൻ സഹിഷ്ണുത നിങ്ങൾക്കു ആവശ്യം. “ഇനി എത്രയും അല്പകാലം കഴിഞ്ഞിട്ടു വരുവാനുള്ളവൻ വരും താമസിക്കയുമില്ല.” എന്നാൽ, “എന്റെ നീതിമാൻ വിശ്വാസത്താൽ ജീവിക്കും; പിൻമാറുന്നു എങ്കിൽ എന്റെ ഉള്ളത്തിന്നു അവനിൽ പ്രസാദമില്ല.”’ (എബ്രായർ 10:36-38) മന്ദീഭവിക്കാനോ സാത്താന്റെ ലോകത്തിലെ ഭൗതികാസക്തവും സുഖാസക്തവുമായ വഴികളുടെ കെണികളിൽ അകപ്പെടാനോ ഉള്ള സമയമല്ല ഇത്. ശേഷിച്ചിരിക്കുന്ന “അല്പകാലം” തീരുന്നതുവരെ നാം എന്തു ചെയ്യണം? യഹോവയുടെ വിശുദ്ധ ജനതയുടെ ഭാഗമായ നാം പൗലൊസിനെ പോലെ, ‘പിമ്പിലുള്ളതു മറക്കുകയും മുമ്പിലുള്ള’ നിത്യജീവൻ എന്ന ‘ലാക്കിലേക്ക്’ ഓടുകയും വേണം. (ഫിലിപ്പിയർ 3:13, 14) കൂടാതെ, യേശുവിനെ പോലെ ‘നമ്മുടെ മുമ്പിൽ വെച്ചിരിക്കുന്ന സന്തോഷം ഓർത്ത് കഷ്ടം സഹിക്കുകയും’ വേണം.—എബ്രായർ 12:2.
8. ഹബക്കൂക് 2:5-ൽ പരാമർശിച്ചിരിക്കുന്ന “മനുഷ്യൻ” ആരാണ്, അവൻ വിജയിക്കുകയില്ലാത്തത് എന്തുകൊണ്ട്?
8 യഹോവയുടെ ദാസന്മാരിൽനിന്നു വ്യത്യസ്തമായി, തന്റെ ‘വായ് പാതാളംപോലെ വിസ്താര’മാക്കിയാലും ലക്ഷ്യത്തിൽ എത്തിച്ചേരാൻ പരാജയപ്പെടുന്ന “ശരീരശേഷിയുള്ള മനുഷ്യ”നെ ഹബക്കൂക് 2:5 (NW) വിവരിക്കുന്നു. ‘തൃപ്തിപ്പെടാത്ത ഈ മനുഷ്യൻ’ ആരാണ്? ഇന്നത്തെ രാഷ്ട്രീയ ശക്തികളെ—അതിൽ ഫാസിസമോ നാസിസമോ കമ്മ്യൂണിസമോ ജനാധിപത്യം പോലുമോ ഉൾപ്പെടാം—പ്രതിനിധാനം ചെയ്യുന്ന ഈ സംയുക്ത “മനുഷ്യൻ,” ഹബക്കൂകിന്റെ നാളിലെ ബാബിലോണിന് ഉണ്ടായിരുന്ന അതേ അത്യാർത്തിയോടെ, തന്റെ ദേശങ്ങൾ വിശാലമാക്കാൻ യുദ്ധങ്ങൾ നടത്തുന്നു. അവൻ നിഷ്കളങ്കരെ കൊണ്ട് ഷീയോളിനെ, ശവക്കുഴിയെ, നിറയ്ക്കുകയും ചെയ്യുന്നു. എന്നാൽ, തനിക്ക് ഉണ്ടെന്ന് സ്വയം തോന്നുന്ന പ്രാമുഖ്യത്താൽ മത്തു പിടിച്ചിരിക്കുന്ന സാത്താന്റെ ലോകത്തിലെ വഞ്ചകനായ ഈ സംയുക്ത “മനുഷ്യൻ” ‘സകല ജാതികളെയും സകല വംശങ്ങളെയും തന്റെ അടുക്കൽ ചേർക്കാനുള്ള’ ശ്രമത്തിൽ വിജയിക്കുന്നില്ല. മുഴു മനുഷ്യവർഗത്തെയും ഒന്നിപ്പിക്കാൻ യഹോവയ്ക്കു മാത്രമേ സാധിക്കൂ, തന്റെ മിശിഹൈക രാജ്യം മുഖാന്തരം അവൻ അതു നിർവഹിക്കുകയും ചെയ്യും.—മത്തായി 6:9, 10.
അഞ്ച് വൻ കഷ്ടങ്ങളിൽ ആദ്യത്തേത്
9, 10. (എ) ഹബക്കൂക് മുഖാന്തരം യഹോവ എന്തു പ്രഖ്യാപിക്കാൻ തുടങ്ങുന്നു? (ബി) നീതിനിഷ്ഠമല്ലാത്ത സമ്പാദനത്തിന്റെ കാര്യത്തിൽ, ഇന്നത്തെ സ്ഥിതിവിശേഷം എന്താണ്?
9 യഹോവ തന്റെ പ്രവാചകൻ മുഖാന്തരം, അഞ്ചു കഷ്ടങ്ങളുടെ ഒരു പരമ്പര അറിയിക്കാൻ തുടങ്ങുന്നു. ദൈവത്തിന്റെ വിശ്വസ്ത ആരാധകർക്കു വസിക്കാനായി ഭൂമിയെ ഒരുക്കുന്നതിന്റെ ഭാഗമായി നടപ്പാക്കേണ്ട ന്യായവിധികളാണ് അവ. അത്തരം നീതിഹൃദയർ യഹോവ നൽകുന്ന ഒരു ‘പഴഞ്ചൊല്ല് ചൊല്ലുന്നു.’ ഹബക്കൂക് 2:6-ൽ നാം ഇങ്ങനെ വായിക്കുന്നു. “തന്റെതല്ലാത്തതു വർദ്ധിപ്പിക്കയും—എത്രത്തോളം?—പണയപണ്ടം ചുമന്നു കൂട്ടുകയും ചെയ്യുന്നവന്നു അയ്യോ കഷ്ടം.”
10 നീതിനിഷ്ഠമല്ലാത്ത സമ്പാദനത്തെ കുറിച്ചാണ് ഇവിടെ എടുത്തു പറഞ്ഞിരിക്കുന്നത്. നമുക്കു ചുറ്റുമുള്ള ലോകത്തിൽ സമ്പന്നർ അതിസമ്പന്നർ ആയിത്തീരുന്നു, ദരിദ്രർ അതിദരിദ്രരും. മയക്കുമരുന്നു വ്യാപാരികളും തട്ടിപ്പുകാരും വളരെ സ്വത്തുക്കൾ വാരിക്കൂട്ടുമ്പോൾ സാധാരണക്കാർ പലരും പട്ടിണി കിടക്കുന്നു. ലോകത്തിലെ ജനങ്ങളിൽ നാലിലൊന്നും ദാരിദ്ര്യ രേഖയ്ക്കു താഴെ ജീവിക്കുന്നതായി പറയപ്പെടുന്നു. പല രാജ്യങ്ങളിലെയും ജീവിതാവസ്ഥകൾ ഞെട്ടിക്കുന്നതാണ്. ഭൂമിയിൽ നീതി ഉണ്ടായി കാണാൻ ആഗ്രഹിക്കുന്നവർ ഈ അസമത്വങ്ങൾ ‘എത്രകാലമായി’ പെരുകിക്കൊണ്ടിരിക്കുന്നു എന്നു ചോദിച്ചുപോകുന്നു! എന്നാൽ, അന്ത്യം ആസന്നമാണ്! തീർച്ചയായും, ദർശനം ‘താമസിക്കയില്ല.’
11. മനുഷ്യരക്തം ചിന്തുന്നതു സംബന്ധിച്ച് ഹബക്കൂക് എന്തു പറയുന്നു, ഇന്നു ഭൂമിയിൽ വളരെയധികം രക്തപാതകം ഉണ്ട് എന്നു പറയാവുന്നത് എന്തുകൊണ്ട്?
11 ദുഷ്ടനോടു പ്രവാചകൻ പറയുന്നു: “നീ പലജാതികളോടും കവർച്ച ചെയ്തതുകൊണ്ടു ജാതികളിൽ ശേഷിപ്പുള്ളവരൊക്കെയും മനുഷ്യരുടെ രക്തംനിമിത്തവും നീ ദേശത്തോടും നഗരത്തോടും അതിന്റെ സകലനിവാസികളോടും ചെയ്ത സാഹസം നിമിത്തവും നിന്നോടും കവർച്ച ചെയ്യും.” (ഹബക്കൂക് 2:8) ഇന്നു ഭൂമിയിൽ എത്രയധികം രക്തപാതകമാണു നാം കാണുന്നത്! യേശു വ്യക്തമായി ഇങ്ങനെ പ്രസ്താവിച്ചു: “വാൾ എടുക്കുന്നവർ ഒക്കെയും വാളാൽ നശിച്ചുപോകും.” (മത്തായി 26:52) രക്തക്കൊതി പൂണ്ട രാഷ്ട്രങ്ങളും വംശീയ കൂട്ടങ്ങളും ഈ 20-ാം നൂറ്റാണ്ടിൽ മാത്രം പത്തു കോടിയിലധികം മനുഷ്യരെ കൊന്നൊടുക്കിയിരിക്കുന്നു. ഈ രക്തച്ചൊരിച്ചിൽ നടത്തുന്നവർക്ക് അയ്യോ, കഷ്ടം!
രണ്ടാമത്തെ കഷ്ടം
12. ഹബക്കൂക് രേഖപ്പെടുത്തുന്ന രണ്ടാമത്തെ കഷ്ടം എന്ത്, ദുരാദായം കൊണ്ട് യാതൊരു പ്രയോജനവും ഉണ്ടാകാൻ പോകുന്നില്ല എന്ന് ഉറപ്പുണ്ടായിരിക്കാൻ കഴിയുന്നത് എങ്ങനെ?
12 രണ്ടാമത്തെ കഷ്ടം ഹബക്കൂക് 2:9-11-ലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. “അനർത്ഥത്തിൽനിന്നു വിടുവിക്കപ്പെടുവാൻ തക്കവണ്ണം ഉയരത്തിൽ കൂടുവെക്കേണ്ടതിന്നു തന്റെ വീട്ടിന്നുവേണ്ടി ദുരാദായം ആഗ്രഹിക്കുന്ന” ആളുടെ മേലാണ് ആ കഷ്ടം വരുന്നത്. സങ്കീർത്തനക്കാരൻ വ്യക്തമാക്കുന്നതു പോലെ, ദുരാദായം കൊണ്ട് യാതൊരു ഗുണവും ഉണ്ടാകാൻ പോകുന്നില്ല: “ഒരുത്തൻ ധനവാനായിത്തീർന്നാലും അവന്റെ ഭവനത്തിന്റെ മഹത്വം വർദ്ധിച്ചാലും നീ ഭയപ്പെടരുതു. അവൻ മരിക്കുമ്പോൾ യാതൊന്നും കൊണ്ടുപോകയില്ല; അവന്റെ മഹത്വം അവനെ പിൻചെല്ലുകയുമില്ല.” (സങ്കീർത്തനം 49:16, 17) പൗലൊസ് അപ്പൊസ്തലന്റെ ജ്ഞാനമേറിയ ഉപദേശവും ശ്രദ്ധേയമാണ്: “ഈ ലോകത്തിലെ ധനവാന്മാരോടു ഉന്നതഭാവം കൂടാതെയിരിപ്പാനും നിശ്ചയമില്ലാത്ത ധനത്തിലല്ല, നമുക്കു സകലവും ധാരാളമായി അനുഭവിപ്പാൻ തരുന്ന ദൈവത്തിൽ ആശ വെപ്പാനും . . . ആജ്ഞാപിക്ക.”—1 തിമൊഥെയൊസ് 6:17-19.
13. നാം ദൈവത്തിന്റെ മുന്നറിയിപ്പു മുഴക്കുന്നതിൽ തുടരേണ്ടത് എന്തുകൊണ്ട്?
13 ഇന്നു ദൈവത്തിന്റെ ന്യായവിധി സന്ദേശങ്ങൾ പ്രഖ്യാപിക്കുന്നത് എത്ര പ്രധാനമാണ്! ആളുകൾ യേശുവിനെ “കർത്താവിന്റെ നാമത്തിൽ വരുന്ന രാജാവു” എന്ന് വാഴ്ത്തിയപ്പോൾ പരീശന്മാർ അതിനെ എതിർത്തു. അപ്പോൾ യേശു ഇങ്ങനെ പറഞ്ഞു: “ഇവർ മിണ്ടാതിരുന്നാൽ കല്ലുകൾ ആർത്തുവിളിക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു.” (ലൂക്കൊസ് 19:38-40) സമാനമായി, ഇന്നു ദൈവജനം ലോകത്തിലെ ദുഷ്ടത തുറന്നുകാട്ടുന്നതിൽ പരാജയപ്പെട്ടാൽ, ‘ചുവരിൽനിന്നു കല്ലു നിലവിളിക്കും.’ (ഹബക്കൂക് 2:11) അതുകൊണ്ട്, നമുക്കു സധൈര്യം ദൈവത്തിന്റെ മുന്നറിയിപ്പു മുഴക്കുന്നതിൽ തുടരാം!
മൂന്നാമത്തെ കഷ്ടവും രക്തപാതകവും
14. ലോകത്തിലെ മതങ്ങൾ ഏതു രക്തപാതകത്തിന് ഉത്തരവാദികളാണ്?
14 ഹബക്കൂക് മുഖാന്തരം അറിയിക്കുന്ന മൂന്നാമത്തെ കഷ്ടം രക്തപാതകത്തോടു ബന്ധപ്പെട്ടതാണ്. ഹബക്കൂക് 2:12 ഇങ്ങനെ പറയുന്നു: “രക്തപാതകംകൊണ്ടു പട്ടണം പണിയുകയും നീതികേടുകൊണ്ടു നഗരം സ്ഥാപിക്കയും ചെയ്യുന്നവന്നു അയ്യോ കഷ്ടം!” ഈ വ്യവസ്ഥിതിയിൽ, അനീതിയും രക്തച്ചൊരിച്ചിലും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ശ്രദ്ധേയമായി, ചരിത്രത്തിലെ ഏറ്റവും ഹീനമായ രക്തച്ചൊരിച്ചിലുകൾക്ക് ഉത്തരവാദികൾ മതങ്ങൾ ആയിരുന്നിട്ടുണ്ട്. ഇതു മനസ്സിലാക്കാൻ ഏതാനും ചില സംഭവങ്ങൾ മാത്രം പരിചിന്തിച്ചാൽ മതി: ക്രിസ്ത്യാനികൾ എന്നു വിളിക്കപ്പെടുന്നവരും മുസ്ലീങ്ങളും തമ്മിൽ ഏറ്റുമുട്ടിയ കുരിശുയുദ്ധങ്ങൾ; സ്പെയിനിലെയും ലാറ്റിൻ അമേരിക്കയിലെയും കത്തോലിക്കാ മതവിചാരണ; പ്രൊട്ടസ്റ്റന്റുകാരും കത്തോലിക്കരും തമ്മിൽ മുപ്പതു വർഷക്കാലം യൂറോപ്പിൽ അരങ്ങേറിയ യുദ്ധം; ക്രൈസ്തവലോകത്തിൽ ആരംഭിച്ച, ഏറ്റവും രക്തപങ്കിലമായ നമ്മുടെ നൂറ്റാണ്ടിലെ രണ്ടു ലോകയുദ്ധങ്ങൾ.
15. (എ) സഭയുടെ പിന്തുണയോടെ അല്ലെങ്കിൽ സമ്മതത്തോടെ രാഷ്ട്രങ്ങൾ എന്തു ചെയ്യുന്നതിൽ തുടരുന്നു? (ബി) ഐക്യരാഷ്ട്ര സംഘടനയ്ക്ക് ഇന്നു ലോകത്തിൽ നടക്കുന്ന ആയുധീകരണം അവസാനിപ്പിക്കാൻ കഴിയുമോ?
15 യൂറോപ്പിലെ ദശലക്ഷക്കണക്കിന് യഹൂദന്മാരെയും മറ്റു നിർദോഷികളെയും നാസികൾ കൂട്ടക്കൊല ചെയ്തതായിരുന്നു രണ്ടാം ലോകമഹായുദ്ധത്തിലെ അതിഹീന കൃത്യങ്ങളിൽ ഒന്ന്. നാസി മരണപാളയങ്ങളിലേക്ക് ലക്ഷക്കണക്കിനു ബലിയാടുകളെ അയയ്ക്കുന്നതിനെ എതിർക്കാൻ തങ്ങൾ പരാജയപ്പെട്ടതായി ഫ്രാൻസിലെ കത്തോലിക്കാ പുരോഹിതവർഗം ഈ അടുത്ത കാലത്ത് ഏറ്റുപറഞ്ഞതേ ഉള്ളൂ. എന്നിട്ടും സഭകളുടെ പിന്തുണയോടെ അല്ലെങ്കിൽ അംഗീകാരത്തോടെ രാഷ്ട്രങ്ങൾ രക്തച്ചൊരിച്ചിലിനായി തയ്യാറെടുത്തുകൊണ്ടിരിക്കുന്നു. റഷ്യൻ ഓർത്തഡോക്സ് സഭയെ കുറിച്ചു പറയവെ, ടൈം മാസിക (അന്താരാഷ്ട്ര പതിപ്പ്) അടുത്തയിടെ ഇങ്ങനെ പ്രസ്താവിച്ചു: “ഒരിക്കൽ അചിന്തനീയമായിരുന്ന ഒരു രംഗത്തും നവോത്ഥാന സഭ നിർണായക സ്വാധീനം ചെലുത്തുന്നു, റഷ്യൻ യുദ്ധയന്ത്രത്തിന്മേൽ. . . . ജെറ്റ് പോർവിമാനങ്ങളെയും ബാരക്കുകളെയും അനുഗ്രഹിക്കുന്നത് ഒരു അനുദിന ചടങ്ങ് ആയിത്തീർന്നിരിക്കുന്നു. നവംബറിൽ റഷ്യൻ സഭാ ഭരണസമിതിയുടെ ആസ്ഥാനമായ ഡാനിലോവ്സ്കി സന്ന്യാസ ആശ്രമത്തിൽ വെച്ച് സഭ, റഷ്യയിലെ ന്യൂക്ലിയർ ആയുധശേഖരത്തെ വിശുദ്ധീകരിക്കുക പോലും ചെയ്തു.” ഈ ലോകം പൈശാചികമായ യുദ്ധായുധങ്ങൾ കൊണ്ട് വീണ്ടും സജ്ജമാകുന്നതിനെ ഐക്യരാഷ്ട്രങ്ങൾക്കു തടയാൻ കഴിയുമോ? അശേഷമില്ല! ലണ്ടനിലെ ഗാർഡിയൻ ദിനപത്രം പറയുന്നതനുസരിച്ച്, നോബൽസമ്മാന ജേതാവായ ഒരു വ്യക്തി ഇപ്രകാരം അഭിപ്രായപ്പെട്ടു: “വാസ്തവത്തിൽ അസ്വസ്ഥമാക്കുന്ന സംഗതി, ഐക്യരാഷ്ട്ര രക്ഷാസമിതിയിലെ അഞ്ചു സ്ഥിരാംഗങ്ങൾ തന്നെയാണ് ലോകത്തിൽ ഏറ്റവും കൂടുതൽ ആയുധങ്ങൾ വിതരണം ചെയ്യുന്നത് എന്നതാണ്.”
16. യുദ്ധക്കൊതി പൂണ്ട രാഷ്ട്രങ്ങളെ യഹോവ എന്തു ചെയ്യും?
16 യുദ്ധക്കൊതി പൂണ്ട രാഷ്ട്രങ്ങളുടെ മേൽ ദൈവം ന്യായവിധി നടത്തുമോ? ഹബക്കൂക് 2:13 ഇപ്രകാരം പ്രസ്താവിക്കുന്നു: “ജാതികൾ തീക്കു ഇരയാകുവാൻ അദ്ധ്വാനിക്കുന്നതും വംശങ്ങൾ വെറുതെ തളർന്നുപോകുന്നതും സൈന്യങ്ങളുടെ യഹോവയുടെ ഹിതത്താൽ അല്ലയോ?” “സൈന്യങ്ങളുടെ യഹോവ”! അതേ, യഹോവയ്ക്ക് ഒരു സ്വർഗീയ ദൂത സൈന്യമുണ്ട്. ആ സൈന്യത്തെ ഉപയോഗിച്ച്, യുദ്ധപ്രിയരായ ആളുകളെയും രാഷ്ട്രങ്ങളെയും അവൻ നശിപ്പിക്കും!
17. ദുഷ്ട ദേശീയ കൂട്ടങ്ങളുടെ മേൽ യഹോവ ന്യായവിധി നടപ്പാക്കിക്കഴിയുമ്പോൾ അവനെ കുറിച്ചുള്ള പരിജ്ഞാനം ഭൂമിയിൽ എത്രത്തോളം നിറയും?
17 ആ ദുഷ്ട ദേശീയ കൂട്ടങ്ങളുടെ മേൽ യഹോവ ന്യായവിധി നടത്തിക്കഴിഞ്ഞ് എന്താണു സംഭവിക്കുക? ഹബക്കൂക് 2:14 അതിന് ഉത്തരം നൽകുന്നു: “വെള്ളം സമുദ്രത്തിൽ നിറഞ്ഞിരിക്കുന്നതുപോലെ ഭൂമി യഹോവയുടെ മഹത്വത്തിന്റെ പരിജ്ഞാനത്താൽ പൂർണ്ണമാകും.” എത്ര മഹത്തായ ഒരു പ്രത്യാശ! അർമഗെദോനിൽ യഹോവയുടെ പരമാധികാരം എന്നേക്കുമായി സംസ്ഥാപിക്കപ്പെടും. (വെളിപ്പാടു 16:16) ‘തന്റെ പാദസ്ഥാനത്തെ,’ നാം ജീവിക്കുന്ന ഈ ഭൂമിയെ, താൻ ‘മഹത്വീകരിക്കും’ എന്ന് ദൈവം ഉറപ്പു നൽകുന്നു. (യെശയ്യാവു 60:13) ജീവിക്കേണ്ട വിധം സംബന്ധിച്ച ദൈവത്തിന്റെ മാർഗം മുഴു മനുഷ്യവർഗവും പഠിക്കും. അങ്ങനെ, സമുദ്രം വെള്ളംകൊണ്ടു നിറയുന്നതുപോലെ യഹോവയുടെ മഹത്ത്വപൂർണമായ ഉദ്ദേശ്യങ്ങളെ കുറിച്ചുള്ള പരിജ്ഞാനംകൊണ്ടു ഭൂമി നിറയും.
നാലാമത്തെയും അഞ്ചാമത്തെയും കഷ്ടങ്ങൾ
18. ഹബക്കൂക് മുഖാന്തരം അറിയിച്ചിരിക്കുന്ന നാലാമത്തെ കഷ്ടം എന്താണ്, ഇന്നത്തെ ലോകത്തിന്റെ ധാർമിക അവസ്ഥ അതിനെ എങ്ങനെ പ്രതിഫലിപ്പിക്കുന്നു?
18 നാലാമത്തെ കഷ്ടം, പിൻവരുന്ന വാക്കുകളിൽ, ഹബക്കൂക് 2:15-ൽ വർണിക്കപ്പെടുന്നു: “കൂട്ടുകാരുടെ നഗ്നത കാണേണ്ടതിന്നു അവർക്കു കുടിപ്പാൻ കൊടുക്കയും നഞ്ചു കൂട്ടിക്കലർത്തി ലഹരിപിടിപ്പിക്കയും ചെയ്യുന്നവന്നു അയ്യോ കഷ്ടം!” ആധുനിക ലോകത്തിന്റെ, യാതൊരു നിയന്ത്രണവുമില്ലാത്ത, വഴിപിഴച്ച അവസ്ഥയെ ആണ് ഇതു സൂചിപ്പിക്കുന്നത്. ധാർമികമായി കുത്തഴിഞ്ഞ വീക്ഷണമുള്ള മതഘടകങ്ങളുടെ പിന്തുണയോടു കൂടിയ അതിന്റെ അധാർമികത കൂടുതൽ ആഴങ്ങളിലേക്കു കൂപ്പുകുത്തിയിരിക്കുന്നു. എയ്ഡ്സ് പോലുള്ള പകർച്ചവ്യാധികളും മറ്റു ലൈംഗിക രോഗങ്ങളും ഭൂമിയിലെങ്ങും പെരുകിയിരിക്കുന്നു. ‘യഹോവയുടെ മഹത്വ’ത്തെ കുറിച്ചു ചിന്തിക്കുന്നതിനു പകരം, ഇന്നത്തെ ‘ഞാൻ മുമ്പൻ’ മനോഭാവമുള്ള തലമുറ അധമത്വത്തിലേക്കു കൂടുതൽ കൂടുതൽ ആണ്ടുപോകുകയും അങ്ങനെ ദൈവത്തിന്റെ ന്യായവിധിക്കു തങ്ങളെത്തന്നെ അർഹരാക്കുകയും ചെയ്യുന്നു. ‘മഹത്വംകൊണ്ടല്ല, ലജ്ജകൊണ്ടു പൂർത്തിവന്നിരിക്കുന്ന’ കുറ്റകൃത്യ സ്വഭാവമുള്ള ഈ ലോകം, അതിനെ സംബന്ധിച്ച ദൈവഹിതത്തെ പ്രതിനിധാനം ചെയ്യുന്ന യഹോവയുടെ ക്രോധകലശത്തിൽനിന്നു കുടിക്കാറായിരിക്കുകയാണ്. ‘അതിന്റെ മഹത്വത്തിന്മേൽ അവമാനം ഭവിക്കും.’—ഹബക്കൂക് 2:16
19. ഹബക്കൂക് അറിയിക്കുന്ന അഞ്ചാമത്തെ കഷ്ടത്തിന്റെ ആമുഖം എന്തിനോടു ബന്ധപ്പെട്ടിരിക്കുന്നു, ആ വാക്കുകൾ ഇന്നത്തെ ലോകത്തിൽ അർഥവത്തായിരിക്കുന്നത് എന്തുകൊണ്ട്?
19 അഞ്ചാമത്തെ കഷ്ടത്തിന്റെ ആമുഖം, വിഗ്രഹാരാധനയ്ക്ക് എതിരെയുള്ള ശക്തമായ ഒരു മുന്നറിയിപ്പാണ്. പിൻവരുന്ന ശക്തമായ വാക്കുകൾ യഹോവ പ്രവാചകൻ മുഖാന്തരം പ്രഖ്യാപിക്കുന്നു: “മരത്തോടു: ഉണരുക എന്നും ഊമക്കല്ലിനോടു: എഴുന്നേല്ക്ക എന്നും പറയുന്നവന്നു അയ്യോ കഷ്ടം! അതു ഉപദേശിക്കുമോ? അതു പൊന്നും വെള്ളിയും പൊതിഞ്ഞിരിക്കുന്നു; അതിന്റെ ഉള്ളിൽ ശ്വാസം ഒട്ടും ഇല്ലല്ലോ.” (ഹബക്കൂക് 2:19) ക്രൈസ്തവലോകത്തിലും പുറജാതി ലോകത്തിലും പെട്ട ആളുകൾ കുരിശുകൾ, മറിയയുടെ രൂപങ്ങൾ, വിഗ്രഹങ്ങൾ, മനുഷ്യന്റെയും മൃഗത്തിന്റെയും മറ്റു സാദൃശ്യ രൂപങ്ങൾ എന്നിവയുടെയൊക്കെ മുമ്പാകെ ഇന്നുവരെ കുമ്പിട്ടിരിക്കുന്നു. യഹോവ ന്യായം വിധിക്കാൻ വരുമ്പോൾ ഇവയൊന്നും അവയുടെ ആരാധകരെ രക്ഷിക്കാനായി ഉണരുകയില്ല. സ്വർണവും വെള്ളിയും കൊണ്ടുള്ള അവയുടെ കവചങ്ങൾ, നിത്യദൈവമായ യഹോവയുടെ തേജസ്സിനോടും അവന്റെ ജീവനുള്ള സൃഷ്ടികളുടെ മഹത്ത്വത്തോടുമുള്ള താരതമ്യത്തിൽ പൂർണമായും വ്യർഥമായിത്തീരും. യഹോവയുടെ അതുല്യ നാമത്തെ നമുക്ക് എന്നെന്നേക്കും വാഴ്ത്താം!
20. ഏത് ആലയ ക്രമീകരണത്തിൽ സന്തോഷത്തോടെ സേവിക്കുന്നതിനുള്ള പദവിയാണു നമുക്കുള്ളത്?
20 അതേ, നമ്മുടെ ദൈവമായ യഹോവ സർവ സ്തുതിക്കും അർഹനാണ്. അവനോട് ആഴമായ ആദരവു കാട്ടിക്കൊണ്ട് വിഗ്രഹാരാധനയ്ക്ക് എതിരെയുള്ള ആ ശക്തമായ മുന്നറിയിപ്പിനു നമുക്കു ചെവി കൊടുക്കാം. എന്നാൽ ശ്രദ്ധിക്കുക! യഹോവ ഇപ്പോഴും സംസാരിക്കുകയാണ്: “യഹോവ തന്റെ വിശുദ്ധമന്ദിരത്തിൽ ഉണ്ടു; സർവ്വ ഭൂമിയും അവന്റെ സന്നിധിയിൽ മൌനമായിരിക്കട്ടെ.” (ഹബക്കൂക് 2:20) യെരൂശലേമിലെ ആലയത്തെ കുറിച്ചാണു പ്രവാചകൻ ചിന്തിച്ചത് എന്നു സ്പഷ്ടം. എന്നിരുന്നാലും, നമ്മുടെ കർത്താവായ യേശുക്രിസ്തു മഹാപുരോഹിതനായി അവരോധിക്കപ്പെട്ടിരിക്കുന്ന മഹത്ത്വമേറിയ ആത്മീയ ആലയ ക്രമീകരണത്തിൽ ആരാധിക്കാനുള്ള പദവി ഇന്നു നമുക്കുണ്ട്. മഹനീയ നാമം വഹിക്കുന്ന യഹോവയാം ദൈവത്തിനു ബഹുമാനം നൽകിക്കൊണ്ട് ആ ആലയത്തിന്റെ ഈ ഭൗമിക പ്രാകാരത്തിൽ നാം കൂടിവരുകയും സേവിക്കുകയും പ്രാർഥിക്കുകയും ചെയ്യുന്നു. നമ്മുടെ സ്നേഹവാനായ സ്വർഗീയ പിതാവിനു ഹൃദയംഗമമായ ആരാധന അർപ്പിക്കുന്നതിൽ നാം എത്രയധികം സന്തോഷിക്കുന്നു!
നിങ്ങൾ ഓർമിക്കുന്നുവോ?
• ‘താമസിക്കുകയില്ല’ എന്ന യഹോവയുടെ വാക്കുകളെ നിങ്ങൾ എങ്ങനെ വീക്ഷിക്കുന്നു?
• ഹബക്കൂക് മുഖാന്തരം ദൈവം അറിയിച്ചിരിക്കുന്ന കഷ്ടങ്ങൾക്ക് നമ്മുടെ നാളിലുള്ള പ്രസക്തി എന്താണ്?
• നാം എന്തുകൊണ്ട് യഹോവയുടെ മുന്നറിയിപ്പു മുഴക്കുന്നതിൽ തുടരണം?
• ഏത് ആലയത്തിന്റെ പ്രാകാരത്തിൽ സേവിക്കുന്നതിനുള്ള പദവിയാണ് നമുക്കുള്ളത്?
[15-ാം പേജിലെ ചിത്രങ്ങൾ]
ഹബക്കൂകിനെ പോലെ, ഇന്നത്തെ ദൈവദാസന്മാർക്ക് യഹോവ താമസിക്കുകയില്ല എന്ന് അറിയാം
[18-ാം പേജിലെ ചിത്രങ്ങൾ]
യഹോവയുടെ ആത്മീയ ആലയത്തിന്റെ പ്രാകാരത്തിൽ അവനെ ആരാധിക്കാനുള്ള പദവിയെ നിങ്ങൾ വിലമതിക്കുന്നുണ്ടോ?
[16-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
U.S. Army photo