തിരുവെഴുത്തുകളിൽനിന്നുള്ള പാഠങ്ങൾ: നഹൂം 1:1-3:19
ദൈവം പ്രതികാരം ചെയ്യുമ്പോൾ രക്ഷ സാദ്ധ്യം
“അൽപ്പകാലംകൂടെ കഴിഞ്ഞാൽ ദുഷ്ടൻ മേലാൽ ഉണ്ടായിരിക്കയില്ല.” (സങ്കീർത്തനം 37:10) ഈ വാക്കുകൾ നിവർത്തിക്കപ്പെടുമെന്ന് നഹൂമും ഹബക്കൂക്കും എഴുതിയ ബൈബിൾപുസ്തകങ്ങളിൽ ശക്തമായി പ്രകടമാക്കപ്പെട്ടിരിക്കുന്നു. ഈ ധീരപുരുഷൻമാർ ക്രി.മു. ഏഴാം നൂററാണ്ടിന്റെ ഒടുവിൽ യഹൂദാരാജ്യത്തുവെച്ചാണ് തങ്ങളുടെ പ്രവചനങ്ങളുടെ രേഖ പൂർത്തിയാക്കിയത്.
ഒന്നാമതായി, നഹൂം പ്രഖ്യാപിച്ച ദൈവത്തിന്റെ പ്രവചനം പരിചിന്തിക്കുക. അതിൽ എന്തു പാഠങ്ങൾ ഉൾക്കൊണ്ടിരിക്കുന്നു?
ദൈവത്തിന്റെ പ്രതികാരം തീർച്ച
യഹോവ സമ്പൂർണ്ണഭക്തി ആവശ്യപ്പെടുന്നു. (പുറപ്പാട് 20:5) അസ്സീറിയായുടെ തലസ്ഥാനമായ നിനവേക്കെതിരായ ഒരു പ്രഖ്യാപനത്തിൽ യഹോവ തനിക്ക് അത്തരം ഭക്തി അർപ്പിക്കാത്തവരുടെമേൽ പ്രതികാരം ചെയ്യുമെന്ന് നഹൂം പ്രകടമാക്കുന്നു. എന്തിന്, അവന്റെ മുമ്പിൽ പർവതങ്ങൾ കുലുങ്ങുന്നു, മലകൾ ഉരുകുന്നു, ഭൂമി കീഴ്മേൽ മറിയുന്നു! അവന്റെ കോപത്തിൻചൂട് ആർക്കു സഹിച്ചുനിൽക്കാൻകഴിയും?—1:1-6.
ഒരു അഭയമെന്ന നിലയിൽ നമുക്ക് യഹോവയെ ആശ്രയിക്കാൻ കഴിയും. അതെ, തന്നിൽ അഭയംതേടുന്നവരെ യഹോവ കാത്തുസൂക്ഷിക്കുന്നു. തന്റെ ശത്രുക്കൾ ഉൻമൂലനംചെയ്യപ്പെടുമ്പോൾ കഷ്ടത രണ്ടാം പ്രാവശ്യം പൊങ്ങിവരുകയില്ല. യഹൂദക്ക് സമാധാന സുവാർത്തയുണ്ട്, എന്തുകൊണ്ടെന്നാൽ സത്യാരാധന നിർബാധം തുടരും.—1:7-2:2
നീതികെട്ട ആളുകൾ വിജയിക്കുകയില്ല. ഇത് നിനവേയിക്ക് സംഭവിച്ചതിൽനിന്ന് സ്പഷ്ടമാണ്. ബന്ദികളോടുള്ള അവളുടെ ക്രൂരപെരുമാററം അവളെ “രക്തച്ചൊരിച്ചിലിന്റെ നഗര”മാക്കിത്തീർത്തു. ശക്തമായി കോട്ടകെട്ടിയുറപ്പിക്കപ്പെട്ടിരുന്ന ഈ നഗരം അതിന്റെ ചുവരുകൾക്കു പിന്നിൽ ഒരു സിംഹക്കുഴിപോലെ സുരക്ഷിതമെന്നു തോന്നി. എന്നാൽ ദൈവത്തിന്റെ കൽപ്പനയാൽ, നിനവേ പുരാതന നോ-അമ്മോന് അഥവാ നൈൽനദിയിലെ തീബസിന് വരുത്തിയ അതേ ഭാഗധേയംതന്നെ അനുഭവിക്കും. അസ്സീറിയായുടെ തലസ്ഥാനം അവളുടെ പാപങ്ങൾനിമിത്തം ശൂന്യമാക്കപ്പെടും. ബാബിലോന്യ രാജാവായ നബോപ്പലാസറിന്റെയും മേദ്യനായ സയാക്സറെസിന്റെയും സംയുക്തസൈന്യങ്ങൾ ക്രി.മു. 632-ൽ നിനവേയെ പിടിച്ചടക്കിയപ്പോൾ ഈ പ്രവചനത്തിനു നിവൃത്തിയുണ്ടായി.—2:3-3:19. (w89 5/15)
തിരുവെഴുത്തുകളിൽനിന്നുള്ള പാഠങ്ങൾ: ഹബക്കൂക്ക് 1:1-3:19
യഹോവ തന്റെ തക്ക സമയത്ത് ക്രൂര മർദ്ദകർക്കെതിരെ നടപടിയെടുക്കുമെന്ന് ഹബക്കൂക്ക് മനസ്സിലാക്കി. എന്നാൽ ‘നീതിമാൻ തന്റെ വിശ്വസ്തതയാൽ തുടർന്നു ജീവിക്കും.’ (2:4) എന്നിരുന്നാലും ഈ പ്രവചനത്തിൽ നിന്ന് നമുക്ക് കൂടുതലായി എന്തു പാഠങ്ങൾ പഠിക്കാൻ കഴിയും?
വിശ്വാസമുള്ളവർക്കു രക്ഷ
യഹോവ തന്റെ ദാസൻമാരുടെ യാചനകൾ ശ്രദ്ധിക്കുന്നു. ഹബക്കൂക്ക് ചോദിക്കുന്നു: “യഹോവേ ഞാനെത്രത്തോളം സഹായത്തിനായി നിലവിളിക്കുകയും നീ കേൾക്കാതിരിക്കയും ചെയ്യണം?” അതെ, നീതിയില്ല, ദുഷ്ടൻമാർ നീതിമാൻമാരെ വളയുന്നു. എന്നാൽ ദൈവം കേൾക്കതന്നെ ചെയ്യുന്നു. അവൻ തന്റെ ശിക്ഷക്കുള്ള ഏജൻസിയായി “കൽദയരെ എഴുന്നേൽപ്പിക്കുന്നു.” എന്നാൽ അവന് എങ്ങനെ യുദ്ധപ്രിയമുള്ള ഒരു ശക്തിയെ ഉപയോഗിക്കാൻ കഴിയും? പ്രവാചകൻ ഒരു ശാസന പ്രതീക്ഷിച്ചുകൊണ്ട് ദൈവത്തിന്റെ ഉത്തരത്തിനായി കാത്തിരിക്കുന്നു.—1:1-2:1.
നീതിമാൻമാരും വിശ്വസ്തരും മാത്രം തുടർന്ന് ജീവിക്കും. യഹോവ ഇതിനെ കുറിച്ച് ഹബക്കൂക്കിന് ഉറപ്പുകൊടുക്കുന്നു. ഒരു താമസമുണ്ടെന്ന് തോന്നിയേക്കാമെങ്കിലും ദൈവത്തിന്റെ നിയമിതസമയത്ത് പ്രവാചകദർശനം “കണിശമായും നിവർത്തിക്കും.” ജനതകളെ കൊള്ളയടിച്ചുകൊണ്ടിരിക്കുന്ന അഹംഭാവിയായ ശത്രു തന്റെ ലാക്കു നേടുകയില്ല. തീർച്ചയായും, കൽദയർ ശിക്ഷിക്കപ്പെടാതെ പോകുകയില്ല.—2:2-5.
ദുഷ്ടൻമാർക്ക് ഹാ കഷ്ടം!
നീതികെട്ട ലാഭവും അക്രമവും വിഗ്രഹാരാധനയും ഒഴിവാക്കുക. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ ദുരാദായം ഉണ്ടാക്കിക്കൊണ്ട് സ്വന്തമല്ലാത്തതു പെരുക്കുകയും രക്തച്ചൊരിച്ചിലിനാൽ ഒരു നഗരം പണിയുകയും ലജ്ജാവഹമായ പരാജയത്തിന്റെ പാനപാത്രം മററുള്ളവരെ ഹിംസാത്മകമായി കുടിപ്പിക്കുകയും ജീവനില്ലാത്ത വിഗ്രഹങ്ങളിൽ ആശ്രയിക്കുകയും ചെയ്യുന്നവന് കഷ്ടം സുനിശ്ചിതമാണ്. ദൈവം അത്തരക്കാരുടെ പ്രവൃത്തിയെ നാസ്തിയാക്കും. സർവഭൂമിയും യഹോവയുടെ മഹത്വം അറിയാനിടയാക്കപ്പെടും, അവന്റെ മുമ്പിൽ സകലരും ആദരവോടെ മൗനമായി നിൽക്കണം.—2:6-20.
രക്ഷക്കുവേണ്ടി ക്ഷമാപൂർവം യഹോവക്കായി കാത്തിരിക്കുക. ഹബക്കൂക്ക് ദൈവശക്തിയുടെ മുൻ പ്രത്യക്ഷതകളെ ഓർമ്മിക്കുന്നു. മററുള്ളവയുടെ കൂട്ടത്തിൽ യഹോവ ജനതകളെ കോപത്തിൽ ചവിട്ടിമെതിച്ചുകൊണ്ട് ഭൂമിയിലൂടെ അഭിഗമിച്ചു. അവൻ തന്റെ ജനത്തിന്റെ രക്ഷക്കുവേണ്ടിയും മുന്നോട്ടുനീങ്ങി. ഹബക്കൂക്ക് നിസ്സഹായനായി “കഷ്ടദിവസത്തിനുവേണ്ടി ശാന്തമായി കാത്തിരിക്കാൻ” ദൃഢനിശ്ചയംചെയ്തിരിക്കുകയാണ്. അഭിമുഖീകരിക്കേണ്ട കഷ്ടനാളുകളെ ഗണ്യമാക്കാതെ അവൻ യഹോവയിൽ ആഹ്ലാദിക്കുകയും തന്റെ രക്ഷയുടെ ദൈവത്തിൽ സന്തോഷിക്കുകയും ചെയ്യും.—3:1-19. (w89 5/15)
30-ാം പേജിലെ ചതുരം]
ബൈബിൾവാക്യങ്ങൾ പരിശോധിക്കപ്പെടുന്നു
● 1:4—ബാശാൻ, കർമ്മേൽ, ലബാനോൻ എന്നിവ ഭംഗിയും ഫലപുഷ്ടിയും ഉൽപ്പാദനക്ഷമതയുമുള്ള പ്രദേശങ്ങളായിരുന്നു. അവ വാടിപ്പോകുന്നത് അവയിൽ ആശ്രയിച്ചവർക്ക് ദുരന്തം കൈവരുത്തുമായിരുന്നു. ഇത് യഹോവയുടെ ക്രോധത്തിന്റെ പകരലിന്റെ കാഠിന്യത്തെ ഊന്നിപ്പറയുന്നു.
● 1:10—നിനവെ കെട്ടുപിണഞ്ഞുകിടക്കുന്ന മുള്ളുകൾ പോലെ തുളച്ചുകയറാൻ പററാത്തതാണെന്ന് സ്വയം കരുതി. അവൾക്ക് അതിമോഹത്താൽ മത്തുപിടിച്ചിരുന്നു. എന്നാൽ തീ ഉണങ്ങിയ വൈക്കോലിനെ തിന്നുകളയുന്നതുപോലെതന്നെ അനായാസം അവൾ വിഴുങ്ങപ്പെടും. അതുപോലെതന്നെ, ദൈവത്തിന്റെ ആധുനിക നാളിലെ ശത്രുക്കൾ യഹോവയുടെ അഗ്നിമയമായ ന്യായവിധികളെ ചെറുത്തുനിൽക്കുകയില്ല.
● 2:6—നിനവെയുടെമേലുള്ള ആക്രമണസമയത്തെ കനത്ത മഴനിമിത്തം ടൈഗ്രീസ് നദി കവിഞ്ഞൊഴുകി. ഇത് നഗരത്തിന്റെ ഒരു ഭാഗത്തെ വെള്ളത്തിൽ മുക്കുകയും മതിലിന്റെ ഒരു ഭാഗത്തെ ഇടിച്ചുകളയുകയും ചെയ്തു. അങ്ങനെ, ജേതാക്കൾക്ക് അസീറിയൻ തലസ്ഥാനം പിടിച്ചെടുക്കുക എളുപ്പമായിത്തീർന്നു.
● 2:11-13—കാട്ടുമൃഗങ്ങളെപ്പോലെ അസീറിയാക്കാർ ജനതകളെ ഭയപ്പെടുത്തുകയും ഇരയാക്കുകയും ചെയ്തു. സിംഹം ഒരു ദേശീയ ചിഹ്നമായിരുന്നു എന്നും തോന്നുന്നു. സിംഹങ്ങളുടെ അനേകം പ്രതിമകൾ നിനവെയുടെ ശൂന്യശിഷ്ടങ്ങളിൽ കണ്ടെത്തപ്പെട്ടിട്ടുണ്ട്.
● 3:3, 4—ഒരു വേശ്യയെപ്പോലെ നിനവെ സഖിത്വത്തിന്റെ സാന്ത്വകവാഗ്ദത്തങ്ങളാലും സഹായ വാഗ്ദാനങ്ങളാലും ജനതകളെ വഞ്ചിച്ചു. എന്നാൽ അങ്ങനെ കെണിയിൽ അകപ്പെട്ടവർ, യഹൂദാരാജാവായ ആഹാസിന്റെ കാര്യത്തിൽ പ്രകടമാക്കപ്പെട്ടതുപോലെ, അവളുടെ മർദ്ദകനുകത്തിൻകീഴിൽ പെട്ടെന്നുതന്നെ വേദന അനുഭവിച്ചു. 2 ദിനവൃത്താന്തം 28:16, 20, 21.
[31-ാം പേജിലെ ചതുരം]
ബൈബിൾവാക്യങ്ങൾ പരിശോധിക്കപ്പെടുന്നു
● 1:2-4—തിൻമയെ പൊറുക്കാത്ത ഒരു ദൈവമെന്ന നിലയിൽ യഹോവയിലുള്ള ഹബക്കൂക്കിന്റെ വിശ്വാസം ദുഷ്ടത പ്രബലപ്പെടുന്നതെന്തുകൊണ്ടെന്ന് ചോദിക്കാൻ അവനെ പ്രേരിപ്പിച്ചു. തന്റെ ചിന്തയെ ശരിയാക്കാൻ അവൻ സന്നദ്ധനായിരുന്നു. (2:1) ചില കാര്യങ്ങൾ അനുവദിക്കപ്പെടുന്നതെന്തുകൊണ്ടെന്ന് നാം അതിശയിക്കുമ്പോൾ യഹോവയുടെ നീതിയിലുള്ള നമ്മുടെ വിശ്വാസവും സമനില പാലിക്കുന്നതിനും അവനെ കാത്തിരിക്കുന്നതിനും നമ്മെ സഹായിക്കേണ്ടതാണ്.—സങ്കീർത്തനം 42:5, 11.
● 2:5—ബാബിലോന്യർ ജനതകളെ ജയിച്ചടക്കാൻ തന്റെ യുദ്ധയന്ത്രത്തെ ഉപയോഗിച്ച ഒരു സംയുക്ത മനുഷ്യനായിരുന്നു. കൂടുതൽ ഇരകൾക്കുവേണ്ടി എല്ലായ്പ്പോഴും തയ്യാറായിനിൽക്കുന്ന ഷിയോളിനെയും മരണത്തെയുംപോലെ അവൻ കൂടുതലായ സൈനികദിഗ്വിജയങ്ങൾ ആഗ്രഹിച്ചു. (സദൃശവാക്യങ്ങൾ 30:15, 16 താരതമ്യപ്പെടുത്തുക.) കനത്ത കുടിയാൽ സ്വാധീനിക്കപ്പെട്ടതുപോലെ, അവൻ വിജയത്താൽ ഗർവിഷ്ഠനായി. എന്നാൽ ബാബിലോൻ ക്രി.മു. 539-ൽ വീണപ്പോൾ അവന്റെ ദിഗ്വിജയ യുദ്ധങ്ങൾ അവസാനിച്ചു.
● 3:13—ദൈവത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട അഭിഷിക്ത ജനമായിരുന്ന ഇസ്രായേൽ ജനത ദൈവത്തിന്റെ രക്ഷാശക്തി മിക്കപ്പോഴും അനുഭവിച്ചറിഞ്ഞിരുന്നു. (സങ്കീർത്തനം 28:8, 9) കാലക്രമത്തിൽ, അത് ദൈവത്തിന്റെ സ്വർഗ്ഗീയ “സ്ത്രീ”യുടെ “സന്തതി”യായ മശിഹായെ ഉളവാക്കി. (ഉൽപ്പത്തി 3:15) യഹോവ യേശുവിന്റെ ആത്മാഭിഷിക്തശിഷ്യൻമാരുടെ ശേഷിപ്പായി “സന്തതിയിൽ” ശേഷിച്ചിരിക്കുന്ന അംഗങ്ങളെയും സാത്താനാലും ജനതകളാലുമുള്ള ആക്രമണത്തിൽനിന്ന് രക്ഷിക്കും.—വെളിപ്പാട് 12:17.
[30-ാം പേജിലെ ചിത്രം]
പുരാവസ്തുശാസ്ത്രജ്ഞനായ ഏ.എച്ച്. ലേയാഡ് വരച്ച അസീറിയൻ കൊട്ടാരത്തിന്റെ ഒരു ചിത്രം