യഹോവയുടെ ന്യായവിധി ദിവസം അടുത്തിരിക്കുന്നു!
“യഹോവയുടെ മഹാദിവസം അടുത്തിരിക്കുന്നു; അതു അടുത്തു അത്യന്തം ബദ്ധപ്പെട്ടുവരുന്നു.”—സെഫന്യാവു 1:14.
1. ദൈവം സെഫന്യാവിലൂടെ ഏതു മുന്നറിയിപ്പു മുഴക്കി?
യഹോവയാം ദൈവം പെട്ടെന്നുതന്നെ ദുഷ്ടന്മാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ പോകുകയാണ്. ശ്രദ്ധിക്കൂ! ഇതാണ് അവന്റെ മുന്നറിയിപ്പ്: “ഞാൻ മനുഷ്യരെ . . . സംഹരിക്കും; . . . ഞാൻ ഭൂതലത്തിൽനിന്നു മനുഷ്യനെ ഛേദിച്ചുകളയും.” (സെഫന്യാവു 1:3) പരമാധീശ കർത്താവായ യഹോവ തന്റെ പ്രവാചകനായ സെഫന്യാവിലൂടെയാണ് ആ വാക്കുകൾ പ്രഖ്യാപിച്ചത്. വിശ്വസ്ത രാജാവായ ഹിസ്കീയാവിന്റെ പ്രപൗത്രപുത്രൻ ആയിരുന്നിരിക്കണം സെഫന്യാവ്. യോശീയാ രാജാവിന്റെ കാലത്തു നടത്തപ്പെട്ട ആ പ്രഖ്യാപനം യഹൂദാ ദേശത്തെ ദുഷ്ടന്മാർക്ക് ശുഭസൂചകമായിരുന്നില്ല.
2. യോശീയാവിന്റെ നടപടികൾ യഹോവയുടെ ന്യായവിധി ദിവസത്തെ തടയുമായിരുന്നില്ലാഞ്ഞത് എന്തുകൊണ്ട്?
2 യഹൂദാ ദേശത്തുനിന്നു വ്യാജാരാധന തുടച്ചുനീക്കേണ്ടതിന്റെ ആവശ്യം സംബന്ധിച്ച് കൂടുതൽ ബോധവാനായിത്തീരാൻ സെഫന്യാവിന്റെ ധീരമായ പ്രവചിക്കൽ യുവാവായ യോശീയാവിനെ സഹായിച്ചു എന്നതിൽ സംശയമില്ല. എന്നിരുന്നാലും, ദേശത്തുനിന്നു വ്യാജാരാധനയെ ഉന്മൂലനം ചെയ്യാനുള്ള യോശീയാവിന്റെ നടപടികൾ ജനത്തിനിടയിൽനിന്ന് സകല ദുഷ്ടതയും തുടച്ചുമാറ്റുന്നതിൽ വിജയിച്ചില്ല. അവന്റെ മുത്തശ്ശനായ മനശ്ശെ രാജാവ് ‘യെരൂശലേമിനെ കുറ്റമില്ലാത്ത രക്തംകൊണ്ടു നിറെക്കുക’ വഴി ചെയ്ത പാപങ്ങൾക്ക് അവ പരിഹാരം വരുത്തിയതുമില്ല. (2 രാജാക്കന്മാർ 24:3, 4; 2 ദിനവൃത്താന്തം 34:3) അതുകൊണ്ട്, യഹോവയുടെ ന്യായവിധി ദിവസം തീർച്ചയായും വന്നെത്തുമായിരുന്നു.
3. “യഹോവയുടെ കോപദിവസ”ത്തെ അതിജീവിക്കാൻ സാധിക്കും എന്ന് നമുക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയുന്നത് എന്തുകൊണ്ട്?
3 എന്നിരുന്നാലും ആ ഭയാനക ദിനത്തിൽ അതിജീവകർ ഉണ്ടായിരിക്കുമായിരുന്നു. ആയതിനാൽ, ദൈവത്തിന്റെ പ്രവാചകൻ ഇങ്ങനെ ഉദ്ബോധിപ്പിച്ചു: “നിർണ്ണയം ഫലിക്കുന്നതിന്നു മുമ്പെ—ദിവസം പതിർപോലെ പാറിപ്പോകുന്നു—യഹോവയുടെ ഉഗ്രകോപം നിങ്ങളുടെ മേൽ വരുന്നതിന്നു മുമ്പെ, യഹോവയുടെ കോപദിവസം നിങ്ങളുടെ മേൽ വരുന്നതിന്നു മുമ്പെ, കൂടിവരുവിൻ; അതേ, കൂടിവരുവിൻ! യഹോവയുടെ ന്യായം പ്രവർത്തിക്കുന്നവരായി ഭൂമിയിലെ സകല സൌമ്യന്മാരുമായുള്ളോരേ, അവനെ അന്വേഷിപ്പിൻ; നീതി അന്വേഷിപ്പിൻ; സൌമ്യത അന്വേഷിപ്പിൻ; പക്ഷെ നിങ്ങൾക്കു യഹോവയുടെ കോപദിവസത്തിൽ മറഞ്ഞിരിക്കാം.” (സെഫന്യാവു 2:1-3) യഹോവയുടെ ന്യായവിധി ദിവസത്തെ അതിജീവിക്കാനുള്ള പ്രത്യാശ മനസ്സിൽ പിടിച്ചുകൊണ്ട് നമുക്ക് ബൈബിൾ പുസ്തകമായ സെഫന്യാവിലെ വിവരണം പരിചിന്തിക്കാം. പൊ.യു.മു. 648-നും മുമ്പ് യഹൂദയിൽവെച്ച് എഴുതപ്പെട്ട ആ പുസ്തകം നാം നിശ്ചയമായും ശ്രദ്ധ നൽകേണ്ട ദൈവത്തിന്റെ ‘പ്രാവചനിക വചനത്തിന്റെ’ ഭാഗമാണ്.—2 പത്രൊസ് 1:19, NW.
യഹോവ കൈ നീട്ടിയിരിക്കുന്നു
4, 5. യഹൂദയിലെ ദുഷ്ടന്മാരുടെ മേൽ സെഫന്യാവു 1:1-3 നിവൃത്തിയേറിയത് എങ്ങനെ?
4 സെഫന്യാവിനുള്ള “യഹോവയുടെ അരുളപ്പാടു” മുമ്പ് ഉദ്ധരിച്ച മുന്നറിയിപ്പോടെയാണ് തുടങ്ങുന്നത്. ദൈവം ഇങ്ങനെ പ്രഖ്യാപിക്കുന്നു: “ഞാൻ ഭൂതലത്തിൽനിന്നു സകലത്തെയും സംഹരിച്ചുകളയും എന്നു യഹോവയുടെ അരുളപ്പാടു. ഞാൻ മനുഷ്യരെയും മൃഗങ്ങളെയും സംഹരിക്കും; ഞാൻ ആകാശത്തിലെ പറവജാതിയെയും സമുദ്രത്തിലെ മത്സ്യങ്ങളെയും ദുഷ്ടന്മാരോടുകൂടെ ഇടർച്ചകളെയും സംഹരിക്കും; ഞാൻ ഭൂതലത്തിൽനിന്നു മനുഷ്യനെ ഛേദിച്ചുകളയും എന്നു യഹോവയുടെ അരുളപ്പാടു.”—സെഫന്യാവു 1:1-3.
5 അതേ, യഹൂദാ ദേശത്തെ കടുത്ത ദുഷ്ടതയ്ക്ക് യഹോവ അന്തം വരുത്താൻ പോകുകയായിരുന്നു. എന്നാൽ ‘ഭൂതലത്തിൽനിന്നു സകലത്തെയും സംഹരിക്കാൻ’ യഹോവ ആരെയാണ് ഉപയോഗിക്കുമായിരുന്നത്? സെഫന്യാവ് പ്രവചിച്ചത്, പൊ.യു.മു. 659-ൽ ഭരണം തുടങ്ങിയ യോശീയാ രാജാവിന്റെ വാഴ്ചയുടെ ആദ്യ ഘട്ടത്തിൽ ആയിരിക്കാനാണ് സാധ്യത. ആയതിനാൽ പൊ.യു.മു. 607-ൽ യഹൂദയും അതിന്റെ തലസ്ഥാന നഗരിയായ യെരൂശലേമും ബാബിലോണിയരുടെ കൈകളാൽ നശിപ്പിക്കപ്പെട്ടപ്പോൾ ആ പ്രാവചനിക വാക്കുകൾക്ക് ഒരു നിവൃത്തിയുണ്ടായി. അന്ന് യഹൂദയിൽ ദുഷ്ടന്മാരുടെ ‘സംഹാരം’ നടന്നു.
6-8. സെഫന്യാവു 1:4-6-ൽ എന്താണ് മുൻകൂട്ടി പറഞ്ഞത്, പുരാതന യഹൂദയിൽ അതു നിവൃത്തിയേറിയത് എങ്ങനെ?
6 വ്യാജാരാധകർക്ക് എതിരെയുള്ള യഹോവയുടെ നടപടികൾ മുൻകൂട്ടി പറഞ്ഞുകൊണ്ട് സെഫന്യാവു 1:4-6 ഇങ്ങനെ പറയുന്നു: “ഞാൻ യെഹൂദയുടെ മേലും യെരൂശലേമിലെ സകലനിവാസികളുടെ മേലും കൈ നീട്ടും; ഞാൻ ഈ സ്ഥലത്തുനിന്നു ബാലിന്റെ ശേഷിപ്പിനെയും പുരോഹിതന്മാരോടു കൂടെ പൂജാരികളുടെ പേരിനെയും മേൽപുരകളിൽ ആകാശത്തിലെ സൈന്യത്തെ നമസ്കരിക്കുന്നവരെയും യഹോവയെച്ചൊല്ലിയും മല്ക്കാമിനെച്ചൊല്ലിയും സത്യം ചെയ്തു നമസ്കരിക്കുന്നവരെയും യഹോവയെ വിട്ടു പിന്മാറിയവരെയും യഹോവയെ അന്വേഷിക്കയോ അവനെക്കുറിച്ചു ചോദിക്കയോ ചെയ്യാത്തവരെയും ഛേദിച്ചുകളയും.”
7 യഹൂദയിലെയും യെരൂശലേമിലെയും നിവാസികൾക്ക് എതിരെ യഹോവ തന്റെ കൈ നീട്ടി. കനാന്യരുടെ ഫലപുഷ്ടി ദേവനായ ബാലിന്റെ ആരാധകരെ ഛേദിച്ചുകളയാൻ അവൻ ദൃഢനിശ്ചയം ചെയ്തിരുന്നു. അനേകം പ്രാദേശിക ദേവന്മാർ ബാൽ എന്ന പേരിൽ അറിയപ്പെട്ടിരുന്നു. കാരണം, അവയ്ക്ക് അതതു പ്രദേശങ്ങളുടെ മേൽ സ്വാധീനമുണ്ടെന്ന് അവയുടെ ആരാധകർ വിശ്വസിച്ചിരുന്നു. ദൃഷ്ടാന്തത്തിന്, പെയോർ മലയിൽ മോവാബ്യരും മിദ്യാന്യരും ആരാധിച്ചിരുന്ന ബാൽ ഉണ്ടായിരുന്നു. (സംഖ്യാപുസ്തകം 25:1, 3, 6) മുഴു യഹൂദയിൽനിന്നും ബാലിന്റെ പുരോഹിതന്മാരെയും അവരുമായി സഖിത്വം പുലർത്തിക്കൊണ്ട് ദൈവനിയമം ലംഘിച്ചിരുന്ന അവിശ്വസ്തരായ ലേവ്യ പുരോഹിതന്മാരെയും യഹോവ ഛേദിച്ചുകളയുമായിരുന്നു.—പുറപ്പാടു 20:2, 3.
8 “ആകാശത്തിലെ സൈന്യത്തെ നമസ്കരിക്കുന്നവരെയും” ദൈവം ഛേദിച്ചുകളയുമായിരുന്നു. ജ്യോതിഷത്തിലും സൂര്യാരാധനയിലും ഏർപ്പെട്ടിരുന്നവരെ കുറിച്ചുള്ള ഒരു പരാമർശമായിരിക്കാം ഇത്. (2 രാജാക്കന്മാർ 23:11; യിരെമ്യാവു 19:13; 32:29) “യഹോവയെച്ചൊല്ലിയും മല്ക്കാമിനെച്ചൊല്ലിയും സത്യം ചെയ്തു”കൊണ്ട്, സത്യാരാധനയെ വ്യാജമതവുമായി കൂട്ടിക്കലർത്താൻ ശ്രമിക്കുന്നവരുടെ നേർക്കും ദൈവക്രോധം ജ്വലിക്കുമായിരുന്നു. അമോന്യരുടെ മുഖ്യ ദേവനായിരുന്ന മോലേക്കിന്റെ മറ്റൊരു പേരായിരിക്കാം മല്ക്കാം. മോലേക്കിന്റെ ആരാധനയിൽ ശിശുബലി ഉൾപ്പെട്ടിരുന്നു.—1 രാജാക്കന്മാർ 11:5; യിരെമ്യാവു 32:35.
ക്രൈസ്തലോകത്തിന്റെ നാശം ആസന്നം!
9. (എ) ക്രൈസ്തവലോകം എന്തു കുറ്റം വഹിക്കുന്നു? (ബി) യഹൂദയിലെ അവിശ്വസ്തരായ ആളുകളിൽനിന്നു വ്യത്യസ്തരായി നാം എന്തു ചെയ്യാൻ ദൃഢനിശ്ചയം ഉള്ളവരായിരിക്കണം?
9 വ്യാജാരാധനയിലും ജ്യോതിഷത്തിലും മുങ്ങിക്കുളിച്ചു നിൽക്കുന്ന ക്രൈസ്തവലോകത്തെ കുറിച്ച് ഇതെല്ലാം നമ്മെ ഓർമിപ്പിച്ചേക്കാം. പുരോഹിതവർഗത്തിന്റെ പിന്തുണയോടെ നടന്ന, യുദ്ധമാകുന്ന ബലിപീഠത്തിൽ ദശലക്ഷങ്ങളുടെ ജീവൻ ബലി കഴിച്ചതിൽ ക്രൈസ്തവലോകം വഹിച്ച പങ്ക് എത്രയോ മ്ലേച്ഛമാണ്! യഹോവയെ അന്വേഷിക്കുകയോ അവന്റെ മാർഗനിർദേശം തേടുകയോ ചെയ്യാതെ ഉദാസീനരായി “യഹോവയെ വിട്ടു പിന്മാറിയ” യഹൂദയിലെ അവിശ്വസ്തരായ വ്യക്തികളെപ്പോലെ നമുക്ക് ഒരിക്കലും ആകാതിരിക്കാം. പകരം, നമുക്ക് യഹോവയോടുള്ള ദൃഢവിശ്വസ്തത നിലനിറുത്താം.
10. സെഫന്യാവു 1:7-ന്റെ പ്രാവചനിക അർഥം നിങ്ങൾ എങ്ങനെ വിശദീകരിക്കും?
10 യഹൂദയിലെ ദുഷ്പ്രവൃത്തിക്കാർക്കും ഇക്കാലത്തെ ദുഷ്ടന്മാർക്കും നന്നായി യോജിക്കുന്നവയാണ് പ്രവാചകന്റെ തുടർന്നുള്ള വാക്കുകൾ. സെഫന്യാവു 1:7 ഇങ്ങനെ പറയുന്നു: “യഹോവയായ കർത്താവിന്റെ സന്നിധിയിൽ മിണ്ടാതിരിക്ക; യഹോവയുടെ ദിവസം അടുത്തിരിക്കുന്നു; യഹോവ ഒരു യാഗസദ്യ ഒരുക്കി താൻ ക്ഷണിച്ചവരെ വിശുദ്ധീകരിച്ചുമിരിക്കുന്നു.” ‘ക്ഷണിക്കപ്പെട്ടവർ’ സാധ്യതയനുസരിച്ച് യഹൂദയുടെ ശത്രുക്കളായ കൽദയർ ആണ്. ‘യാഗസദ്യ’യോ യഹൂദയും അതിന്റെ തലസ്ഥാന നഗരവും. അങ്ങനെ, യെരൂശലേമിനെ നശിപ്പിക്കാനുള്ള ദൈവോദ്ദേശ്യം സെഫന്യാവു പ്രഖ്യാപിക്കുന്നു. ഈ പ്രവചനം ക്രൈസ്തവലോകത്തിന്റെ നാശത്തിലേക്കും വിരൽ ചൂണ്ടുന്നു. ദൈവത്തിന്റെ ന്യായവിധി ദിവസം ഇപ്പോൾ ആസന്നമായിരിക്കുന്ന സ്ഥിതിക്ക്, വാസ്തവത്തിൽ മുഴു ലോകവും ‘പരമാധീശ കർത്താവായ യഹോവയുടെ മുമ്പാകെ മിണ്ടാതിരുന്ന്’ യേശുവിന്റെ അഭിഷിക്ത അനുഗാമികളായ “ചെറിയ ആട്ടിൻകൂട്ട”വും അവരുടെ സഹകാരികളായ “വേറെ ആടുക”ളും മുഖാന്തരം അവൻ പറയുന്ന കാര്യങ്ങൾക്ക് ശ്രദ്ധ കൊടുക്കണം. (ലൂക്കൊസ് 12:32; യോഹന്നാൻ 10:16) അതു ശ്രദ്ധിക്കാൻ കൂട്ടാക്കാതെ ദൈവരാജ്യ ഭരണത്തിന് എതിരെ നിലകൊള്ളുന്ന സകലരും നശിപ്പിക്കപ്പെടുകതന്നെ ചെയ്യും.—സങ്കീർത്തനം 2:1, 2.
പെട്ടെന്നുതന്നെ മുറയിടലിന്റെ ഒരു ദിവസം!
11. സെഫന്യാവു 1:8-11-ന്റെ സാരാംശം എന്ത്?
11 യഹോവയുടെ ദിവസത്തെ കുറിച്ച് സെഫന്യാവു 1:8-11 തുടർന്ന് ഇങ്ങനെ പറയുന്നു: “എന്നാൽ യഹോവയുടെ യാഗസദ്യയുള്ള ദിവസത്തിൽ ഞാൻ പ്രഭുക്കന്മാരെയും രാജകുമാരന്മാരെയും അന്യദേശവസ്ത്രം ധരിച്ചിരിക്കുന്ന ഏവരെയും സന്ദർശിക്കും. അന്നാളിൽ ഞാൻ ഉമ്മരപ്പടി ചാടിക്കടക്കുന്ന ഏവരെയും സാഹസവും വഞ്ചനയുംകൊണ്ടു തങ്ങളുടെ യജമാനന്മാരുടെ വീടുകളെ നിറെക്കുന്നവരെയും സന്ദർശിക്കും. അന്നാളിൽ മത്സ്യഗോപുരത്തിൽനിന്നു ഉറക്കെയുള്ളോരു നിലവിളിയും രണ്ടാമത്തെ നഗരാംശത്തിൽനിന്നു ഒരു മുറവിളിയും കുന്നുകളിൽനിന്നു ഒരു ഝടഝടനാദവും ഉണ്ടാകും എന്നു യഹോവയുടെ അരുളപ്പാടു. മക്തേശ്നിവാസികളേ, മുറയിടുവിൻ; വ്യാപാരിജനം ഒക്കെയും നശിച്ചുപോയല്ലോ; സകല ദ്രവ്യവാഹകന്മാരും ഛേദിക്കപ്പെട്ടിരിക്കുന്നു.”
12. ചിലർ ‘അന്യദേശവസ്ത്രം ധരിച്ചിരിക്കുന്നു’ എന്നതിന്റെ അർഥമെന്ത്?
12 യോശീയാ രാജാവിനു ശേഷം യെഹോവാഹാസും യെഹോയാക്കീമും യെഹോയാഖീനും രാജാക്കന്മാർ ആകുമായിരുന്നു. അതിനുശേഷം രാജാവാകുമായിരുന്ന സിദെക്കീയാവിന്റെ ഭരണകാലത്ത് യെരൂശലേം നശിപ്പിക്കപ്പെടുമായിരുന്നു. ദേശം അത്തരം ഒരു ദുരന്തത്തെ അഭിമുഖീകരിക്കുക ആയിരുന്നെങ്കിലും ചിലർ ‘അന്യദേശവസ്ത്രം ധരിച്ചു’കൊണ്ട് സാധ്യതയനുസരിച്ച് അയൽരാജ്യങ്ങളുടെ അംഗീകാരം തേടാൻ ശ്രമിച്ചു. സമാനമായി ഇന്ന് അനേകർ തങ്ങൾ യഹോവയുടെ സംഘടനയുടെ ഭാഗമല്ലെന്ന് വ്യത്യസ്ത വിധങ്ങളിൽ പ്രകടമാക്കുന്നു. പ്രകടമായും സാത്താന്റെ സംഘടനയുടെ ഭാഗമായ അവർക്കു ശിക്ഷ ലഭിക്കാതിരിക്കുകയില്ല.
13. സെഫന്യാവിന്റെ പ്രവചനം അനുസരിച്ച്, ബാബിലോന്യർ യെരൂശലേമിനെ ആക്രമിക്കുമ്പോൾ എന്തു സംഭവിക്കുമായിരുന്നു?
13 യഹൂദയുടെ കണക്കുതീർപ്പിനുള്ള ‘ആ നാൾ,’ തന്റെ ശത്രുക്കളുടെ മേൽ ന്യായവിധി നടപ്പാക്കാനും ദുഷ്ടതയ്ക്ക് അറുതി വരുത്താനും തന്റെ പരമാധികാരം തെളിയിക്കാനുമുള്ള യഹോവയുടെ ദിവസവുമായി ഒത്തുവരുന്നു. ബാബിലോണിയർ യെരൂശലേമിനെ ആക്രമിക്കുമ്പോൾ “മത്സ്യഗോപുരത്തിൽനിന്നു” ഉച്ചത്തിലുള്ള ഒരു നിലവിളി ഉണ്ടാകുമായിരുന്നു. മത്സ്യ കമ്പോളത്തിന് അടുത്ത് ആയിരുന്നതുകൊണ്ടാകാം അതിന് ആ പേരു ലഭിച്ചത്. (നെഹെമ്യാവു 13:16) ബാബിലോണിയൻ സൈന്യം രണ്ടാമത്തെ നഗരാംശം എന്നു വിളിക്കപ്പെടുന്ന സ്ഥലത്ത് പ്രവേശിക്കുമായിരുന്നു. ‘കുന്നുകളിൽനിന്നുള്ള ഝടഝടനാദം,’ ആഞ്ഞടുക്കുന്ന കൽദയരുടെ ശബ്ദത്തെയാകാം പരാമർശിക്കുന്നത്. മക്തേശ് നിവാസികൾ ‘മുറയിടു’മായിരുന്നു. വടക്കുള്ള തൈറോപിയൻ താഴ്വര ആയിരിക്കാം ഈ മക്തേശ്. അവിടത്തെ നിവാസികൾ മുറയിടുന്നത് എന്തുകൊണ്ടായിരിക്കും? “ദ്രവ്യവാഹകന്മാരു”ടെ പ്രവർത്തനങ്ങൾ ഉൾപ്പെടെ അവിടത്തെ മുഴു വ്യാപാര പ്രവർത്തനങ്ങളും നിലയ്ക്കുമായിരുന്നതിനാലാണ് അത്.
14. തന്നെ ആരാധിക്കുന്നു എന്ന് അവകാശപ്പെടുന്നവരെ ദൈവം എത്ര സൂക്ഷ്മമായി പരിശോധിക്കുമായിരുന്നു?
14 യഹോവയെ ആരാധിക്കുന്നു എന്ന് അവകാശപ്പെടുന്നവരെ അവൻ എത്ര സൂക്ഷ്മമായി പരിശോധിക്കുമായിരുന്നു? പ്രവചനം ഇങ്ങനെ തുടരുന്നു: “ആ കാലത്തു ഞാൻ യെരൂശലേമിനെ വിളക്കു കത്തിച്ചു ശോധന കഴിക്കയും മട്ടിന്മേൽ ഉറെച്ചുകിടന്നു: യഹോവ ഗുണമോ ദോഷമോ ചെയ്കയില്ല എന്നു ഹൃദയത്തിൽ പറയുന്ന പുരുഷന്മാരെ സന്ദർശിക്കയും ചെയ്യും. അങ്ങനെ അവരുടെ സമ്പത്തു കവർച്ചയും അവരുടെ വീടുകൾ ശൂന്യവും ആയ്തീരും; അവർ വീടു പണിയും, പാർക്കയില്ലതാനും; അവർ മുന്തിരിത്തോട്ടം ഉണ്ടാക്കും വീഞ്ഞു കുടിക്കയില്ലതാനും.”—സെഫന്യാവു 1:12, 13.
15. (എ) യെരൂശലേമിലെ വിശ്വാസത്യാഗികളായ പുരോഹിതന്മാർക്ക് എന്തു സംഭവിക്കാൻ പോകുകയായിരുന്നു? (ബി) ഇന്ന് വ്യാജമതം ആചരിക്കുന്നവർക്ക് എന്തു സംഭവിക്കും?
15 യെരൂശലേമിലെ വിശ്വാസത്യാഗികളായ പുരോഹിതന്മാർ യഹോവയുടെ ആരാധനയെ പുറജാതീയ ആരാധനയുമായി കൂട്ടിക്കലർത്തുകയായിരുന്നു. അവർക്കു സുരക്ഷിതത്വം തോന്നിയിരുന്നെങ്കിലും, അവർ അഭയം തേടിയിരിക്കുന്ന ആത്മീയ അന്ധകാരത്തെ കീറിമുറിക്കുന്ന, ഉജ്ജ്വല ശോഭയുള്ള ഒരു വിളക്കുകൊണ്ട് എന്നപോലെ ദൈവം അവരെ തിരഞ്ഞുപിടിക്കുമായിരുന്നു. ദിവ്യ ന്യായവിധിയുടെ പ്രഖ്യാപനത്തിൽനിന്നോ അതിന്റെ നിർവഹണത്തിൽനിന്നോ ആരും രക്ഷപ്പെടുമായിരുന്നില്ല. ഭരണിയിൽ അടിയുന്ന വീഞ്ഞിന്റെ മട്ടുപോലെ ആയിരുന്നു ഉദാസീനരായ ആ വിശ്വാസത്യാഗികൾ. മാനുഷ കാര്യാദികളിലുള്ള ദിവ്യ ഇടപെടൽ സംബന്ധിച്ച ഏതെങ്കിലും പ്രഖ്യാപനത്താൽ അസ്വസ്ഥരാക്കപ്പെടാൻ അവർ ആഗ്രഹിച്ചില്ല. എന്നാൽ അവരുടെ മേലുള്ള ദിവ്യന്യായവിധിയിൽനിന്ന് അവർ രക്ഷപ്പെടുമായിരുന്നില്ല. സമാനമായി, ക്രൈസ്തവലോകത്തിലെ അംഗങ്ങളും യഹോവയുടെ ആരാധന വിട്ടുപോയ വിശ്വാസത്യാഗികളും ഉൾപ്പെടെ ഇന്ന് വ്യാജമതം ആചരിക്കുന്ന ആരും രക്ഷപ്പെടില്ല. ഇത് “അന്ത്യകാല”മാണെന്നുള്ള വസ്തുത നിഷേധിച്ചുകൊണ്ട് അവർ, “യഹോവ ഗുണമോ ദോഷമോ ചെയ്കയില്ല” എന്നു തങ്ങളുടെ ഹൃദയങ്ങളിൽ പറയുന്നു. എന്നാൽ അവർക്കു എത്ര തെറ്റിപ്പോയിരിക്കുന്നു!—2 തിമൊഥെയൊസ് 3:1-5; 2 പത്രൊസ് 3:3, 4, 10.
16. യഹൂദയുടെ മേൽ ദിവ്യന്യായവിധി നടപ്പാക്കപ്പെടുമ്പോൾ എന്തു സംഭവിക്കുമായിരുന്നു, അതേക്കുറിച്ചുള്ള അറിവ് നമ്മെ എങ്ങനെ ബാധിക്കണം?
16 ബാബിലോണിയർ യഹൂദയിലെ വിശ്വാസത്യാഗികളുടെ സമ്പത്ത് കൊള്ളയടിക്കുകയും വീടുകൾ നശിപ്പിക്കുകയും മുന്തിരിഫലം കൊണ്ടുപോകുകയും ചെയ്യുമെന്ന് അവർക്കു മുന്നറിയിപ്പു ലഭിച്ചിരുന്നു. യഹൂദയുടെമേൽ ദിവ്യ ന്യായവിധി നടപ്പാക്കപ്പെടുമ്പോൾ ഭൗതിക വസ്തുക്കൾക്ക് യാതൊരു വിലയും ഉണ്ടായിരിക്കുമായിരുന്നില്ല. യഹോവയുടെ ന്യായവിധി ദിവസം ഈ വ്യവസ്ഥിതിയുടെമേൽ വരുമ്പോഴും അതുതന്നെ ആയിരിക്കും സംഭവിക്കുക. ആയതിനാൽ, നമുക്ക് ആത്മീയ വീക്ഷണം ഉള്ളവരായി, യഹോവയുടെ സേവനത്തെ ജീവിതത്തിൽ പ്രഥമ സ്ഥാനത്തു പ്രതിഷ്ഠിച്ചുകൊണ്ട് “സ്വർഗ്ഗത്തിൽ നിക്ഷേപം സ്വരൂപി”ക്കാം!—മത്തായി 6:19-21, 33.
“യഹോവയുടെ മഹാദിവസം അടുത്തിരിക്കുന്നു”
17. സെഫന്യാവു 1:14-16 അനുസരിച്ച് യഹോവയുടെ ന്യായവിധി ദിവസം എത്ര ആസന്നമാണ്?
17 യഹോവയുടെ ന്യായവിധി ദിവസം എത്ര ആസന്നമാണ്? സെഫന്യാവു 1:14-16 പറയുന്ന പ്രകാരം, ദൈവം ഈ ഉറപ്പ് നൽകുന്നു: “യഹോവയുടെ മഹാദിവസം അടുത്തിരിക്കുന്നു; അതു അടുത്തു അത്യന്തം ബദ്ധപ്പെട്ടുവരുന്നു [“വേഗത്തിൽ വരുന്നു,” NW]; കേട്ടോ, യഹോവയുടെ ദിവസം! വീരൻ അവിടെ കഠിനമായി നിലവിളിക്കുന്നു. ആ ദിവസം ക്രോധദിവസം, കഷ്ടവും സങ്കടവും ഉള്ള ദിവസം, ശൂന്യതയും നാശവും ഉള്ള ദിവസം ഇരുട്ടും അന്ധകാരവും ഉള്ള ദിവസം, മേഘവും മൂടലും ഉള്ള ദിവസം, ഉറപ്പുള്ള പട്ടണങ്ങൾക്കും ഉയരമുള്ള കൊത്തളങ്ങൾക്കും വിരോധമായി കാഹളനാദവും ആരവവും ഉള്ള ദിവസം തന്നേ.”
18. യഹോവയുടെ ന്യായവിധി ദിവസം വളരെ അകലെയാണെന്നു നാം നിഗമനം ചെയ്യരുതാത്തത് എന്തുകൊണ്ട്?
18 “യഹോവയുടെ മഹാദിവസം അടുത്തിരിക്കുന്നു” എന്ന മുന്നറിയിപ്പ് യഹൂദയിലെ പാപികളായ പുരോഹിതന്മാർക്കും രാജകുമാരന്മാർക്കും ജനങ്ങൾക്കും ലഭിക്കുകയുണ്ടായി. യഹൂദയെ സംബന്ധിച്ചിടത്തോളം ‘യഹോവയുടെ ദിവസം അത്യന്തം വേഗത്തിൽ വരുമായിരുന്നു.’ സമാനമായി നമ്മുടെ ഈ കാലത്ത്, ദുഷ്ടന്മാരുടെ മേലുള്ള യഹോവയുടെ ന്യായവിധി ഒരു വിദൂര ഭാവിയിലേ സംഭവിക്കുകയുള്ളുവെന്ന് ആരും വിചാരിക്കാതിരിക്കട്ടെ. യഹൂദയ്ക്കെതിരെ ദൈവം സത്വരം നടപടി സ്വീകരിച്ചതുപോലെ, ഈ വ്യവസ്ഥിതിയുടെ മേലുള്ള അവന്റെ ന്യായവിധി ദിവസവും ‘അത്യന്തം വേഗത്തിൽ’ വരും. (വെളിപ്പാടു 16:14, 16) യഹോവയുടെ സാക്ഷികൾ നൽകുന്ന അവന്റെ മുന്നറിയിപ്പുകൾ അവഗണിക്കുകയും സത്യാരാധന സ്വീകരിക്കാൻ പരാജയപ്പെടുകയും ചെയ്യുന്ന സകലർക്കും അത് എത്രയോ കയ്പേറിയ ഒരു ദിവസമായിരിക്കും!
19, 20. (എ) യഹൂദയുടെയും യെരൂശലേമിന്റെയും മേലുള്ള യഹോവയുടെ ക്രോധപ്രകടനത്തിന്റെ ചില സവിശേഷതകൾ ഏവ ആയിരുന്നു? (ബി) യഹോവ ഈ വ്യവസ്ഥിതിയിലെ ദുഷ്ടന്മാരെ മാത്രം നശിപ്പിക്കാനിരിക്കുന്നതിന്റെ വീക്ഷണത്തിൽ ഉയർന്നുവരുന്ന ചോദ്യങ്ങൾ ഏവ?
19 യഹൂദയുടെയും യെരൂശലേമിന്റെയുംമേൽ യഹോവ തന്റെ ക്രോധം ചൊരിഞ്ഞ ദിവസം “കഷ്ടവും സങ്കടവും ഉള്ള ദിവസ”മായിരുന്നു. ബാബിലോണിയൻ ആക്രമണകാരികൾ യഹൂദാ നിവാസികൾക്ക് വളരെയേറെ ദുരിതങ്ങൾ വരുത്തിവെച്ചു. നാശത്തെയും മരണത്തെയും മുഖാമുഖം കാണുമ്പോഴുള്ള തീവ്രമായ മാനസിക വ്യഥ അവർ അനുഭവിച്ചു. “ശൂന്യതയും നാശവും ഉള്ള” ആ ദിവസം ഇരുട്ടും അന്ധകാരവും മേഘവും മൂടലും ഉള്ള ഒരു ദിവസവും ആയിരുന്നു. ആലങ്കാരികമായി മാത്രമല്ല അക്ഷരീയമായും അതു സത്യമായിരുന്നിരിക്കാം. കാരണം അന്ന് എല്ലായിടത്തും പുകയും കൂട്ടസംഹാരവും ഉണ്ടായിരുന്നു. അതു ‘കാഹളനാദത്തിന്റെയും ആരവത്തിന്റെയും ഒരു ദിവസ’മായിരുന്നു. എന്നാൽ മുന്നറിയിപ്പുകൾ വ്യർഥമായി ഭവിച്ചു.
20 ആക്രമിച്ചു മുന്നേറിയ ബാബിലോണിയർ യന്ത്രമുട്ടികൾകൊണ്ട് “ഉയരമുള്ള കൊത്തളങ്ങ”ളെ മറിച്ചിട്ടപ്പോൾ കാവൽക്കാർക്കു നിസ്സഹായരായി നോക്കിനിൽക്കാനേ കഴിഞ്ഞുള്ളൂ. സമാനമായി ഇന്നത്തെ ദുഷ്ടവ്യവസ്ഥിതിക്കു സംരക്ഷണമായി ഉതകുന്ന കോട്ടകൾ ദൈവത്തിന്റെ സ്വർഗീയ ആയുധപ്പുരയിലെ ആയുധങ്ങൾക്കു മുന്നിൽ നിഷ്പ്രഭമായിത്തീരും. ദുഷ്ടന്മാരെ മാത്രം നശിപ്പിക്കാനായിരിക്കും ദൈവം അവ ഉപയോഗിക്കുക. അതു സംഭവിക്കുമ്പോൾ അതിജീവിക്കാനാകുമെന്ന പ്രത്യാശ നിങ്ങൾക്കുണ്ടോ? ‘തന്നെ സ്നേഹിക്കുന്ന ഏവരേയും പരിപാലിക്കുകയും എന്നാൽ സകലദുഷ്ടന്മാരെയും നശിപ്പിക്കുകയും’ ചെയ്യുന്ന യഹോവയുടെ പക്ഷത്ത് ആയിരിക്കാൻ നിങ്ങൾ ഉറച്ച നിലപാട് എടുത്തിട്ടുണ്ടോ?—സങ്കീർത്തനം 145:20.
21, 22. സെഫന്യാവു 1:17, 18 നമ്മുടെ നാളിൽ എങ്ങനെ നിവൃത്തിയേറും?
21 എത്ര ഭീതിദമായ ഒരു ന്യായവിധി ദിവസത്തെ കുറിച്ചാണു സെഫന്യാവു 1:17, 18-ൽ മുൻകൂട്ടി പറഞ്ഞിരിക്കുന്നത്! അവിടെ യഹോവയാം ദൈവം ഇങ്ങനെ പറയുന്നു: “മനുഷ്യർ കുരുടന്മാരെപ്പോലെ നടക്കത്തക്കവണ്ണം ഞാൻ അവർക്കു കഷ്ടത വരുത്തും; അവർ യഹോവയോടു പാപം ചെയ്തുവല്ലോ; അവരുടെ രക്തം പൊടിപോലെയും അവരുടെ മാംസം കാഷ്ടംപോലെയും ചൊരിയും. യഹോവയുടെ ക്രോധദിവസത്തിൽ അവരുടെ വെള്ളിക്കും പൊന്നിന്നും അവരെ രക്ഷിപ്പാൻ കഴികയില്ല; സർവ്വഭൂമിയും അവന്റെ തീക്ഷ്ണതാഗ്നിക്കു ഇരയായ്തീരും; സകല ഭൂവാസികൾക്കും അവൻ ശീഘ്രസംഹാരം വരുത്തും.”
22 സെഫന്യാവിന്റെ നാളിലേതുപോലെ, തന്റെ മുന്നറിയിപ്പിനു ചെവി കൊടുക്കാത്ത “സകല ഭൂവാസിക”ളുടെയും മേൽ യഹോവ പെട്ടെന്നുതന്നെ കഷ്ടത വരുത്തും. എന്തെന്നാൽ അവർ ദൈവത്തിന് എതിരെ പാപം ചെയ്യുന്നു. രക്ഷാമാർഗം കണ്ടെത്താൻ കഴിയാതെ അവർ അന്ധന്മാരെപ്പോലെ നിസ്സഹായരായി ചുറ്റിത്തിരിയും. യഹോവയുടെ ന്യായവിധി ദിവസത്തിൽ “അവരുടെ രക്തം” യാതൊരു വിലയുമില്ലാതെ ‘പൊടിപോലെ ചൊരിയപ്പെടും.’ അവരുടെ അന്ത്യം തീർച്ചയായും ലജ്ജാകരമായിരിക്കും. എന്തെന്നാൽ ദൈവം ഭൂമിയിലെ ഈ ദുഷ്ടന്മാരുടെ മാംസം, എന്തിന് ആന്തരാവയവങ്ങൾ പോലും, ‘കാഷ്ടം പോലെ’ ചിതറിക്കും.
23. ദുഷ്പ്രവൃത്തിക്കാർ “യഹോവയുടെ ക്രോധദിവസത്തിൽ” രക്ഷപ്പെടുകയില്ലെങ്കിലും, സെഫന്യാവിന്റെ പ്രവചനം എന്തു പ്രത്യാശ വെച്ചുനീട്ടുന്നു?
23 ദൈവത്തിനും അവന്റെ ജനത്തിനും എതിരെ പോരാടുന്നവരെ ആർക്കും രക്ഷിക്കാനാവില്ല. വെള്ളിക്കോ പൊന്നിനോ യഹൂദയിലെ ദുഷ്പ്രവൃത്തിക്കാരെ രക്ഷിക്കാനായില്ല. സമാനമായി, ക്രൈസ്തവലോകത്തിന്റെയും ശേഷിക്കുന്ന ദുഷ്ടവ്യവസ്ഥിതിയുടെയും മേലുള്ള “യഹോവയുടെ ക്രോധദിവസത്തിൽ” സംരക്ഷണമോ രക്ഷയോ പ്രദാനം ചെയ്യാൻ കുന്നുകൂട്ടി വെച്ചിരിക്കുന്ന ധനത്തിനോ കൈക്കൂലിക്കോ സാധിക്കില്ല. ആ അന്തിമ ന്യായവിധി ദിവസത്തിൽ ദൈവം ദുഷ്ടന്മാരെ പാടേ തുടച്ചുനീക്കവെ, “സർവ്വഭൂമിയും” അവന്റെ തീക്ഷ്ണതാഗ്നിക്ക് ഇരയായ്ത്തീരും. ദൈവത്തിന്റെ പ്രാവചനിക വചനത്തിൽ വിശ്വാസം ഉള്ളതിനാൽ, നാം ഇപ്പോൾ “അന്ത്യകാല”ത്തിന്റെ പരമാന്ത്യത്തിലാണെന്ന് നമുക്കു ബോധ്യമുണ്ട്. (ദാനീയേൽ 12:4) യഹോവയുടെ ന്യായവിധി ദിവസം അടുത്തെത്തിയിരിക്കുന്നു. അവൻ പെട്ടെന്നുതന്നെ തന്റെ ശത്രുക്കളുടെമേൽ പ്രതികാരം നടത്തും. എന്നാൽ സെഫന്യാവിന്റെ പ്രവചനം വിടുതലിന്റെ പ്രത്യാശയും വെച്ചുനീട്ടുന്നു. അപ്പോൾ, യഹോവയുടെ കോപദിവസത്തിൽ മറഞ്ഞിരിക്കാൻ നാം എന്താണു ചെയ്യേണ്ടത്?
നിങ്ങൾ എങ്ങനെ പ്രതികരിക്കും?
• സെഫന്യാവിന്റെ പ്രവചനം യഹൂദയുടെയും യെരൂശലേമിന്റെയും മേൽ നിവൃത്തിയേറിയത് എങ്ങനെ?
• ക്രൈസ്തവലോകത്തിനും നമ്മുടെ നാളിലെ സകല ദുഷ്ടന്മാർക്കും എന്തു സംഭവിക്കാനിരിക്കുന്നു?
• യഹോവയുടെ ന്യായവിധി ദിവസം വിദൂര ഭാവിയിലേ വരികയുള്ളൂ എന്നു നാം കരുതാൻ പാടില്ലാത്തത് എന്തുകൊണ്ട്?
[13-ാം പേജിലെ ചിത്രം]
യഹോവയുടെ ന്യായവിധി ദിവസം ആസന്നമാണെന്ന് സെഫന്യാവ് സധൈര്യം പ്രഖ്യാപിച്ചു
[കടപ്പാട്]
ജയിംസ് രാജാവിന്റെ ഭാഷാന്തരവും പരിഷ്കൃത ഭാഷാന്തരങ്ങളും അടങ്ങിയ സെൽഫ്-പ്രൊനൗൺസിങ്ങ് എഡിഷൻ ഓഫ് ദ ഹോളി ബൈബിൾ
[15-ാം പേജിലെ ചിത്രം]
പൊ.യു.മു. 607-ൽ ബാബിലോന്യരുടെ കരങ്ങളാൽ യഹൂദയുടെയും യെരൂശലേമിന്റെയും മേൽ യഹോവയുടെ ദിവസം വന്നു
[16-ാം പേജിലെ ചിത്രം]
യഹോവ ദുഷ്ടന്മാരെ നശിപ്പിക്കുമ്പോൾ അതിജീവിക്കാനാകുമെന്ന പ്രത്യാശ നിങ്ങൾക്കുണ്ടോ?