യഹോവയുടെ പുനഃസ്ഥിതീകരിക്കപ്പെട്ട ജനം അവനെ ഭൂവ്യാപകമായി സ്തുതിക്കുന്നു
“സകല ജനതകളും യഹോവയുടെ നാമം വിളിച്ചപേക്ഷിക്കേണ്ടതിന് . . . ഞാൻ അവർക്ക് ഒരു നിർമല ഭാഷയിലേക്കുള്ള മാറ്റം നൽകും.”—സെഫന്യാവു 3:9, NW.
1. വിനാശക സന്ദേശങ്ങൾ യഹൂദയിലും മറ്റു ദേശങ്ങളിലും നിവൃത്തിയേറിയത് എന്തുകൊണ്ട്?
എത്ര ശക്തമായ ന്യായവിധി സന്ദേശങ്ങൾ പ്രഖ്യാപിക്കാനാണ് യഹോവ സെഫന്യാവിനെ നിശ്വസ്തനാക്കിയത്! ആ വിനാശക സന്ദേശങ്ങൾ യഹൂദയിലും അതിന്റെ തലസ്ഥാനമായ യെരൂശലേമിലും നിവൃത്തിയേറി. കാരണം, നേതാക്കന്മാരും ഒരു കൂട്ടമെന്ന നിലയിൽ ജനങ്ങളും യഹോവയുടെ ഹിതമല്ല ചെയ്തുകൊണ്ടിരുന്നത്. യഹൂദയ്ക്കു മാത്രമല്ല, അയൽ ജനതകളായിരുന്ന ഫെലിസ്ത്യർക്കും മോവാബ്യർക്കും അമ്മോന്യർക്കും യഹോവയുടെ ക്രോധം അനുഭവിക്കേണ്ടി വരുമായിരുന്നു. എന്തുകൊണ്ട്? യഹോവയുടെ ജനത്തെ അവർ നൂറ്റാണ്ടുകളോളം ക്രൂരമായി എതിർത്തതു നിമിത്തം. അതേ കാരണത്താൽത്തന്നെ, ലോകശക്തി ആയിരുന്ന അസീറിയയും ഒരിക്കലും പുനഃസ്ഥാപിക്കപ്പെടാതവണ്ണം നശിപ്പിക്കപ്പെടുമായിരുന്നു.
2. സെഫന്യാവു 3:8-ൽ സാധ്യതയനുസരിച്ച് ആരെയാണ് അഭിസംബോധന ചെയ്തിരിക്കുന്നത്?
2 എന്നാൽ, ശരിയായ മനോഭാവമുണ്ടായിരുന്ന ചിലർ യഹൂദയിൽ ഉണ്ടായിരുന്നു. ദുഷ്ടന്മാരുടെമേൽ ദിവ്യ ന്യായവിധി നടന്നു കാണാൻ അവർ കാത്തിരിക്കുകയായിരുന്നു. സാധ്യതയനുസരിച്ച് അവരെയാണ് ഈ വാക്കുകളിൽ അഭിസംബോധന ചെയ്തിരിക്കുന്നത്: “അതുകൊണ്ടു ഞാൻ സാക്ഷിയായി എഴുന്നേല്ക്കുന്ന ദിവസംവരെ എനിക്കായി കാത്തിരിപ്പിൻ എന്നു യഹോവയുടെ അരുളപ്പാടു; എന്റെ ക്രോധവും എന്റെ ഉഗ്രകോപവും പകരേണ്ടതിന്നു ജാതികളെ ചേർക്കുവാനും രാജ്യങ്ങളെ കൂട്ടുവാനും ഞാൻ നിർണ്ണയിച്ചിരിക്കുന്നു; സർവ്വഭൂമിയും എന്റെ തീക്ഷ്ണതാഗ്നിക്കു ഇരയായ്തീരും.”—സെഫന്യാവു 3:8.
“ഒരു നിർമല ഭാഷ” ആർക്കുവേണ്ടി?
3. ഏതു പ്രത്യാശാ സന്ദേശം ഘോഷിക്കാനാണ് സെഫന്യാവു നിശ്വസ്തനാക്കപ്പെട്ടത്?
3 അതേ, യഹോവയിൽ നിന്നുള്ള വിനാശക സന്ദേശങ്ങൾ സെഫന്യാവ് പ്രഖ്യാപിച്ചു. എന്നാൽ വിസ്മയാവഹമായ ഒരു പ്രത്യാശാ സന്ദേശം ഉൾപ്പെടുത്താനും ആ പ്രവാചകൻ നിശ്വസ്തനാക്കപ്പെട്ടു. യഹോവയോടു വിശ്വസ്തരായി നിലകൊണ്ടവർക്ക് വളരെ ആശ്വാസം പകരുന്ന ഒന്നായിരുന്നു അത്. സെഫന്യാവു 3:9 [NW]-ൽ രേഖപ്പെടുത്തിയിരിക്കുന്നത് അനുസരിച്ച് യഹോവയാം ദൈവം ഇങ്ങനെ പ്രഖ്യാപിച്ചു: “സകല ജനതകളും യഹോവയുടെ നാമം വിളിച്ചപേക്ഷിക്കേണ്ടതിന്, അവനെ തോളോടുതോൾ ചേർന്ന് സേവിക്കേണ്ടതിന് ഞാൻ അവർക്ക് ഒരു നിർമല ഭാഷയിലേക്കുള്ള മാറ്റം നൽകും.”
4, 5. (എ) നീതികെട്ടവർക്ക് എന്തു സംഭവിക്കുമായിരുന്നു? (ബി) അതിൽനിന്ന് ആർ പ്രയോജനം അനുഭവിക്കുമായിരുന്നു, എന്തുകൊണ്ട്?
4 എന്നാൽ നിർമല ഭാഷ നൽകപ്പെടുകയില്ലാത്ത ആളുകൾ ഉണ്ടായിരിക്കുമായിരുന്നു. അവരെ കുറിച്ച് പ്രവചനം ഇങ്ങനെ പറയുന്നു: “അന്നാളിൽ ഞാൻ നിന്റെ മദ്ധ്യേനിന്നു നിന്റെ ഗർവ്വോല്ലസിതന്മാരെ നീക്കിക്കളയും.” (സെഫന്യാവു 3:11) ദൈവത്തിന്റെ നിയമങ്ങളെ പുച്ഛിച്ച് അനീതി പ്രവർത്തിച്ച ഗർവിഷ്ഠർ നീക്കം ചെയ്യപ്പെടുമായിരുന്നു. എന്നാൽ അതിൽനിന്നു പ്രയോജനം അനുഭവിക്കുന്നത് ആരായിരിക്കുമായിരുന്നു? സെഫന്യാവു 3:12, 13 ഇങ്ങനെ പ്രസ്താവിക്കുന്നു: “ഞാൻ [യഹോവ] നിന്റെ നടുവിൽ താഴ്മയും ദാരിദ്ര്യവും ഉള്ളോരു ജനത്തെ ശേഷിപ്പിക്കും; അവർ യഹോവയുടെ നാമത്തിൽ ശരണം പ്രാപിക്കും. യിസ്രായേലിൽ ശേഷിപ്പുള്ളവർ നീതികേടു പ്രവർത്തിക്കയില്ല; ഭോഷ്കുപറകയുമില്ല; ചതിവുള്ള നാവു അവരുടെ വായിൽ ഉണ്ടാകയില്ല; അവർ മേഞ്ഞുകിടക്കും; ആരും അവരെ ഭയപ്പെടുത്തുകയുമില്ല.”
5 പുരാതന ഇസ്രായേലിലെ ഒരു വിശ്വസ്ത ശേഷിപ്പ് പ്രയോജനം അനുഭവിക്കുമായിരുന്നു. എന്തുകൊണ്ട്? എന്തെന്നാൽ അവർ ഈ വാക്കുകൾക്കു ചേർച്ചയിൽ പ്രവർത്തിച്ചിരുന്നു: “യഹോവയുടെ ന്യായം പ്രവർത്തിക്കുന്നവരായി ഭൂമിയിലെ സകല സൌമ്യന്മാരുമായുള്ളോരേ, അവനെ അന്വേഷിപ്പിൻ; നീതി അന്വേഷിപ്പിൻ; സൌമ്യത അന്വേഷിപ്പിൻ; പക്ഷെ നിങ്ങൾക്കു യഹോവയുടെ കോപദിവസത്തിൽ മറഞ്ഞിരിക്കാം.”—സെഫന്യാവു 2:3.
6. സെഫന്യാ പ്രവചനത്തിന്റെ ആദ്യ നിവൃത്തിയിൽ എന്തു സംഭവിച്ചു?
6 സെഫന്യാവിന്റെ പ്രവചനത്തിന്റെ ആദ്യ നിവൃത്തിയിൽ, അവിശ്വസ്ത യഹൂദയെ കീഴടക്കാനും ജനത്തെ പ്രവാസികളാക്കാനും ബാബിലോണിയൻ ലോകശക്തിയെ അനുവദിച്ചുകൊണ്ട് പൊ.യു.മു. 607-ൽ യഹോവ ശിക്ഷ നടപ്പാക്കി. എന്നാൽ പ്രവാചകനായ യിരെമ്യാവ് ഉൾപ്പെടെയുള്ള ചിലർ രക്ഷിക്കപ്പെട്ടു. മറ്റുള്ളവർ പ്രവാസസ്ഥലത്ത് യഹോവയോടു വിശ്വസ്തരായി തുടർന്നു. പിന്നീട്, പൊ.യു.മു. 539-ൽ, കോരെശ് രാജാവിന്റെ കീഴിൽ മേദ്യരും പേർഷ്യക്കാരും ചേർന്ന് ബാബിലോണിനെ മറിച്ചിട്ടു. ഏകദേശം രണ്ടു വർഷം കഴിഞ്ഞ്, ഇസ്രായേല്യരുടെ ഒരു ശേഷിപ്പിനെ അവരുടെ സ്വദേശത്തേക്കു മടങ്ങിപ്പോകാൻ അനുവദിക്കുന്ന ഒരു ഉത്തരവ് കോരെശ് പുറപ്പെടുവിച്ചു. കാലക്രമത്തിൽ, യെരൂശലേമിലെ ആലയം പുനർനിർമിക്കപ്പെട്ടു. പുരോഹിതവർഗം വീണ്ടും ജനത്തെ ന്യായപ്രമാണം പഠിപ്പിക്കാൻ കഴിയുന്ന നിലയിലായി. (മലാഖി 2:7) പുനഃസ്ഥിതീകരിക്കപ്പെട്ട ശേഷിപ്പ് യഹോവയോടു വിശ്വസ്തർ ആയിരുന്നിടത്തോളം കാലം അവൻ അവരെ അനുഗ്രഹിച്ചു.
7, 8. സെഫന്യാവു 3:14-17-ലെ പ്രാവചനിക വാക്കുകൾ ബാധകമായത് ആർക്കാണ്, നിങ്ങൾ അങ്ങനെ പറയുന്നത് എന്തുകൊണ്ട്?
7 ആ പുനഃസ്ഥിതീകരണം ആസ്വദിക്കാനിരുന്നവരെ കുറിച്ച് സെഫന്യാവ് ഇങ്ങനെ പ്രവചിച്ചു: “സീയോൻപുത്രിയേ, ഘോഷിച്ചാനന്ദിക്ക; യിസ്രായേലേ, ആർപ്പിടുക; യെരൂശലേം പുത്രിയേ, പൂർണ്ണഹൃദയത്തോടെ സന്തോഷിച്ചുല്ലസിക്ക. യഹോവ നിന്റെ ന്യായവിധികളെ മാറ്റി, നിന്റെ ശത്രുവിനെ നീക്കിക്കളഞ്ഞിരിക്കുന്നു; യിസ്രായേലിന്റെ രാജാവായ യഹോവ നിന്റെ മദ്ധ്യേ ഇരിക്കുന്നു; ഇനി നീ അനർത്ഥം കാണുകയില്ല. അന്നാളിൽ അവർ യെരൂശലേമിനോടു: ഭയപ്പെടരുതെന്നും സീയോനോടു: അധൈര്യപ്പെടരുതെന്നും പറയും. നിന്റെ ദൈവമായ യഹോവ രക്ഷിക്കുന്ന വീരനായി നിന്റെ മദ്ധ്യേ ഇരിക്കുന്നു; അവൻ നിന്നിൽ അത്യന്തം സന്തോഷിക്കും; തന്റെ സ്നേഹത്തിൽ അവൻ മിണ്ടാതിരിക്കുന്നു; ഘോഷത്തോടെ അവൻ നിങ്കൽ ആനന്ദിക്കും.”—സെഫന്യാവു 3:14-17.
8 ബാബിലോന്യ പ്രവാസത്തിൽനിന്നു കൂട്ടിച്ചേർക്കപ്പെട്ട് തങ്ങളുടെ പൂർവികരുടെ ദേശത്തേക്കു മടങ്ങിവന്ന ശേഷിപ്പിനെ സംബന്ധിച്ചുള്ളതായിരുന്നു ആ വാക്കുകൾ. സെഫന്യാവു 3:18-20 അതു വ്യക്തമാക്കുന്നു. അവിടെ നാം ഇങ്ങനെ വായിക്കുന്നു: “ലജ്ജാഭാരം വഹിച്ചവളായ നിനക്കുള്ളവരായി സംഘത്തെ വിട്ടു ദുഃഖിക്കുന്നവരെ ഞാൻ [യഹോവ] ചേർത്തുകൊള്ളും. നിന്നെ ക്ലേശിപ്പിക്കുന്ന ഏവരോടും ഞാൻ ആ കാലത്തു ഇടപെടും; മുടന്തിനടക്കുന്നതിനെ ഞാൻ രക്ഷിക്കയും ചിതറിപ്പോയതിനെ ശേഖരിക്കയും സർവ്വഭൂമിയിലും ലജ്ജനേരിട്ടവരെ പ്രശംസയും കീർത്തിയുമാക്കിത്തീർക്കുകയും ചെയ്യും. ആ കാലത്തു ഞാൻ നിങ്ങളെ വരുത്തുകയും ആ കാലത്തു ഞാൻ നിങ്ങളെ ശേഖരിക്കയും ചെയ്യും; നിങ്ങൾ കാൺകെ ഞാൻ നിങ്ങളുടെ പ്രവാസികളെ മടക്കിവരുത്തുമ്പോൾ ഞാൻ നിങ്ങളെ ഭൂമിയിലെ സകലജാതികളുടെയും ഇടയിൽ കീർത്തിയും പ്രശംസയും ആക്കിത്തീർക്കുമെന്നു യഹോവ അരുളിച്ചെയ്യുന്നു.”
9. യഹൂദയോടുള്ള ബന്ധത്തിൽ യഹോവ തനിക്കുതന്നെ ഒരു പേരുണ്ടാക്കിയത് എങ്ങനെ?
9 ദൈവജനത്തിന്റെ ശത്രുക്കളായിരുന്ന അയൽ രാഷ്ട്രങ്ങൾക്കുണ്ടായ ഞടുക്കം ഒന്നു സങ്കൽപ്പിച്ചു നോക്കൂ! ശക്തയായ ബാബിലോൺ യഹൂദാ നിവാസികളെ പ്രവാസികളാക്കിയിരുന്നു. അവർ വിടുവിക്കപ്പെടുമെന്നു പ്രതീക്ഷിക്കാൻ പ്രത്യക്ഷത്തിൽ യാതൊരു അടിസ്ഥാനവും ഇല്ലായിരുന്നു. തന്നെയുമല്ല, അവരുടെ ദേശം ശൂന്യമായി കിടന്നിരുന്നു. എന്നാൽ 70 വർഷം കഴിഞ്ഞപ്പോൾ യഹോവയുടെ ശക്തിയാൽ അവർ സ്വദേശത്തു മടങ്ങിയെത്തി. അതേസമയം, ശത്രുരാഷ്ട്രങ്ങൾ നാശത്തിലേക്കു കൂപ്പുകുത്തുകയായിരുന്നു. ആ വിശ്വസ്ത ശേഷിപ്പിനെ തിരിച്ചുകൊണ്ടുവരികവഴി യഹോവ തനിക്കുതന്നെ എത്ര വലിയൊരു പേരാണ് ഉണ്ടാക്കിയത്! അവൻ അവരെ ‘സകലജാതികളുടെയും ഇടയിൽ കീർത്തിയും പ്രശംസയും ആക്കിത്തീർത്തു.’ യഹോവയ്ക്കും അവന്റെ നാമം വഹിച്ചവർക്കും ആ പുനഃസ്ഥിതീകരണം എത്ര മഹത്തായ പുകഴ്ചയാണ് കൈവരുത്തിയത്!
യഹോവയുടെ ആരാധന മഹത്ത്വീകരിക്കപ്പെടുന്നു
10, 11. പുനഃസ്ഥിതീകരണം സംബന്ധിച്ച സെഫന്യാവിന്റെ പ്രവചനത്തിന്റെ മുഖ്യ നിവൃത്തി എപ്പോൾ സംഭവിക്കുമായിരുന്നു, നമുക്ക് അത് എങ്ങനെ അറിയാം?
10 പൊതുയുഗം ഒന്നാം നൂറ്റാണ്ടിൽ യേശു ഇസ്രായേല്യരുടെ ഒരു ശേഷിപ്പിനെ സത്യാരാധനയിലേക്കു കൂട്ടിവരുത്തിയപ്പോൾ മറ്റൊരു പുനഃസ്ഥിതീകരണം നടന്നു. അത് വരാനിരുന്നതിന്റെ ഒരു മുൻനിഴലായിരുന്നു. കാരണം, പുനഃസ്ഥിതീകരണത്തിന്റെ മുഖ്യ നിവൃത്തി സംഭവിക്കാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. മീഖായുടെ പ്രവചനം ഇങ്ങനെ മുൻകൂട്ടിപ്പറഞ്ഞു: “അന്ത്യകാലത്തു യഹോവയുടെ ആലയം ഉള്ള പർവ്വതം പർവ്വതങ്ങളുടെ ശിഖരത്തിൽ സ്ഥാപിതവും കുന്നുകൾക്കു മീതെ ഉന്നതവുമായിരിക്കും; ജാതികൾ അതിലേക്കു ഒഴുകിച്ചെല്ലും.”—മീഖാ 4:1.
11 അത് എപ്പോൾ സംഭവിക്കുമായിരുന്നു? മീഖായുടെ പ്രവചനം പറയുന്നതുപോലെ, ‘അന്ത്യകാലത്ത്.’ (2 തിമൊഥെയൊസ് 3:1) അതേ, ഈ വ്യവസ്ഥിതിയുടെ അവസാനത്തിനു മുമ്പ്, ജനതകൾ വ്യാജദൈവങ്ങളെ ആരാധിച്ചുകൊണ്ടിരിക്കുന്ന സമയത്ത്, അതു സംഭവിക്കുമായിരുന്നു. മീഖാ 4:5 പറയുന്നു: “സകല ജാതികളും താന്താങ്ങളുടെ ദേവന്മാരുടെ നാമത്തിൽ നടക്കുന്നുവല്ലോ.” സത്യാരാധകരുടെ കാര്യമോ? മീഖായുടെ പ്രവചനം ഉത്തരം നൽകുന്നു: “നാമും നമ്മുടെ ദൈവമായ യഹോവയുടെ നാമത്തിൽ എന്നും എന്നെന്നേക്കും നടക്കും.”
12. ഈ അന്ത്യകാലത്ത് സത്യാരാധന ഉയർത്തപ്പെട്ടിരിക്കുന്നത് എങ്ങനെ?
12 അങ്ങനെ ഈ അന്ത്യകാലത്ത്, “യഹോവയുടെ ആലയം ഉള്ള പർവ്വതം പർവ്വതങ്ങളുടെ ശിഖരത്തിൽ സ്ഥാപിത”മായിരിക്കുന്നു. യഹോവയുടെ ഉന്നതമായ സത്യാരാധന മറ്റു സകലതരം മതങ്ങൾക്കും മീതെ പുനഃസ്ഥിതീകരിക്കപ്പെടുകയും ദൃഢമായി സ്ഥാപിക്കപ്പെടുകയും ഉയർത്തപ്പെടുകയും ചെയ്തിരിക്കുന്നു. “ജാതികൾ അതിലേക്കു ഒഴുകിച്ചെല്ലു”മെന്നും മീഖായുടെ പ്രവചനം മുൻകൂട്ടിപ്പറഞ്ഞു. സത്യമതം ആചരിക്കുന്നവർ “[തങ്ങളുടെ] ദൈവമായ യഹോവയുടെ നാമത്തിൽ എന്നും എന്നെന്നേക്കും നടക്കു”കയും ചെയ്യും.
13, 14. ഈ ലോകം “അന്ത്യകാലത്തു” പ്രവേശിച്ചത് എന്ന്, സത്യാരാധനയോടുള്ള ബന്ധത്തിൽ അന്നുമുതൽ എന്തു സംഭവിച്ചുകൊണ്ടിരിക്കുന്നു?
13 ലോകം 1914-ൽ അതിന്റെ ‘അന്ത്യകാലത്ത്’ അഥവാ അന്ത്യനാളുകളിൽ പ്രവേശിച്ചെന്ന് ബൈബിൾ പ്രവചനങ്ങളുടെ നിവൃത്തിയായുള്ള സംഭവങ്ങൾ വ്യക്തമാക്കുന്നു. (മർക്കൊസ് 13:4-10) സ്വർഗീയ പ്രത്യാശയുള്ള അഭിഷിക്തരുടെ ഒരു വിശ്വസ്ത ശേഷിപ്പിനെ യഹോവ സത്യാരാധനയിലേക്കു കൂട്ടിച്ചേർക്കാൻ തുടങ്ങിയെന്ന് ചരിത്രം തെളിയിക്കുന്നു. അതേത്തുടർന്ന്, ഭൂമിയിൽ എന്നേക്കും ജീവിക്കാൻ പ്രത്യാശയുള്ള ഒരു “മഹാപുരുഷാര”ത്തെ “സകല ജാതികളിലും ഗോത്രങ്ങളിലും വംശങ്ങളിലും ഭാഷകളിലുംനിന്നു” കൂട്ടിച്ചേർക്കാൻ തുടങ്ങി.—വെളിപ്പാടു 7:9.
14 യഹോവയുടെ നാമം വഹിക്കുന്നവർ, ഒന്നാം ലോകമഹായുദ്ധം മുതൽ ഇന്നുവരെയും അവന്റെ അതിശക്തമായ മാർഗനിർദേശത്തിൻ കീഴിൽ അവനെ ആരാധിക്കുന്നതിൽ മുന്നേറിയിരിക്കുന്നു. ഒന്നാം ലോകമഹായുദ്ധം കഴിഞ്ഞപ്പോൾ ഏതാനും ആയിരങ്ങൾ മാത്രമായിരുന്ന യഹോവയുടെ ആരാധകർ ഇന്ന് ഏതാണ്ട് 60 ലക്ഷമായി വർധിച്ചിരിക്കുന്നു. അവർ 235 രാജ്യങ്ങളിൽ 91,000-ത്തോളം സഭകളിലായി കൂട്ടിച്ചേർക്കപ്പെട്ടിരിക്കുന്നു. യഹോവയെ പരസ്യമായി സ്തുതിക്കുന്നതിൽ അവർ ഓരോ വർഷവും നൂറു കോടിയിൽ അധികം മണിക്കൂറുകൾ ചെലവഴിക്കുന്നു. യേശുവിന്റെ പിൻവരുന്ന പ്രാവചനിക വാക്കുകൾ നിവർത്തിക്കുന്നത് യഹോവയുടെ ഈ സാക്ഷികളാണെന്നുള്ളതു വ്യക്തമാണ്: “രാജ്യത്തിന്റെ ഈ സുവിശേഷം സകലജാതികൾക്കും സാക്ഷ്യമായി ഭൂലോകത്തിൽ ഒക്കെയും പ്രസംഗിക്കപ്പെടും; അപ്പോൾ അവസാനം വരും.”—മത്തായി 24:14.
15. സെഫന്യാവു 2:3 ഇപ്പോൾ നിവൃത്തിയേറുന്നത് എങ്ങനെ?
15 സെഫന്യാവു 3:17 ഇങ്ങനെ പ്രസ്താവിക്കുന്നു: “നിന്റെ ദൈവമായ യഹോവ രക്ഷിക്കുന്ന വീരനായി നിന്റെ മദ്ധ്യേ ഇരിക്കുന്നു.” യഹോവയുടെ ദാസന്മാർ ഈ അന്ത്യകാലത്ത് ആസ്വദിക്കുന്ന ആത്മീയ സമൃദ്ധി അവരുടെ സർവശക്തനായ ദൈവം എന്ന നിലയിൽ അവൻ ‘അവരുടെ മദ്ധ്യേ’ വസിക്കുന്നതിന്റെ നേരിട്ടുള്ള ഫലമാണ്. പൊ.യു.മു. 537-ലെ, പുരാതന യഹൂദയുടെ പുനഃസ്ഥിതീകരണ സമയത്ത് എന്നപോലെ ഇന്നും അതു സത്യമാണ്. ‘ഭൂമിയിലെ സകല സൌമ്യന്മാരുമായുള്ളോരേ, യഹോവയെ അന്വേഷിപ്പിൻ’ എന്ന സെഫന്യാവു 2:3-ലെ വാക്കുകൾക്കു നമ്മുടെ ഈ നാളിൽ ഒരു പ്രമുഖ നിവൃത്തി കാണാൻ കഴിയുന്നു. പൊ.യു.മു. 537-ൽ ‘സകലരും’ എന്നതിൽ ഉൾപ്പെട്ടിരുന്നത് പ്രവാസത്തിൽനിന്നു മടങ്ങിയെത്തിയ യഹൂദന്മാരുടെ ശേഷിപ്പായിരുന്നു. എന്നാൽ ഇന്ന് അത്, ലോകവ്യാപക പ്രസംഗവേലയോട് അനുകൂലമായി പ്രതികരിച്ചുകൊണ്ട് “യഹോവയുടെ ആലയമുള്ള പർവത”ത്തിലേക്ക് ഒഴുകിയെത്തുന്ന മുഴു ഭൂമിയിലുമുള്ള സകല ജനതകളിലെയും സൗമ്യതയുള്ള ആളുകളാണ്.
സത്യാരാധന അഭിവൃദ്ധി പ്രാപിക്കുന്നു
16. യഹോവയുടെ ദാസന്മാരുടെ ആധുനികാലത്തെ അഭിവൃദ്ധിയോട് നമ്മുടെ ശത്രുക്കളിൽ ചിലർ പ്രതികരിക്കുന്നത് എങ്ങനെയായിരിക്കാം?
16 പൊ.യു.മു. 537-ൽ ദൈവദാസന്മാർ സ്വദേശത്തു മടങ്ങിയെത്തി സത്യാരാധന പുനരാരംഭിച്ചപ്പോൾ അയൽ രാഷ്ട്രങ്ങളിലെ അനേകരും വിസ്മയിച്ചു. എന്നാൽ ആ പുനഃസ്ഥിതീകരണം താരതമ്യേന ചെറിയ അളവിലുള്ള ഒന്നായിരുന്നു. ആധുനിക നാളിലെ ദൈവജനത്തിന്റെ അതിശയകരമായ വളർച്ചയും ഐശ്വര്യവും മുന്നേറ്റവും കാണുമ്പോൾ ചിലർ, എന്തിന് ശത്രുക്കൾ പോലും, അവരെ കുറിച്ച് എന്താണു പറയുന്നതെന്ന് നിങ്ങൾക്കു വിഭാവന ചെയ്യാൻ കഴിയുമോ? ആളുകൾ യേശുവിനു ചുറ്റും തടിച്ചുകൂടുന്നതു കണ്ടപ്പോൾ പരീശന്മാർക്കു തോന്നിയതു പോലുള്ള വികാരം ആയിരിക്കണം ഈ ശത്രുക്കളിൽ ചിലർക്ക് അനുഭവപ്പെടുന്നത്. “ലോകം അവന്റെ പിന്നാലെ ആയിപ്പോയി” എന്ന് അവർ അമ്പരപ്പോടെ പറഞ്ഞു.—യോഹന്നാൻ 12:19.
17. യഹോവയുടെ സാക്ഷികളെ കുറിച്ച് ഒരു എഴുത്തുകാരൻ എന്തു പറഞ്ഞു, അവർക്ക് എന്തു വളർച്ച ഉണ്ടായിരിക്കുന്നു?
17 ഇവരും വിശ്വസിക്കുന്നു (ഇംഗ്ലീഷ്) എന്ന പുസ്തകത്തിൽ സി. എസ്. ബ്രാഡൻ ഇങ്ങനെ പ്രസ്താവിച്ചു: “യഹോവയുടെ സാക്ഷികൾ തങ്ങളുടെ സന്ദേശംകൊണ്ട് അക്ഷരീയമായിത്തന്നെ ലോകത്തെ നിറച്ചിരിക്കുന്നു. ദൈവരാജ്യസുവാർത്ത പ്രചരിപ്പിക്കാൻ മറ്റൊരു മതസംഘടനയും യഹോവയുടെ സാക്ഷികളെപ്പോലെ തീക്ഷ്ണതയും സ്ഥിരോത്സാഹവും കാണിച്ചിട്ടില്ലെന്നു സത്യസന്ധമായി പറയാവുന്നതാണ്. ഈ പ്രസ്ഥാനം സാധ്യതയനുസരിച്ച് കൂടുതൽ കൂടുതൽ കരുത്താർജിക്കും.” അദ്ദേഹം പറഞ്ഞത് എത്ര ശരിയായിരുന്നു! 50 വർഷം മുമ്പ് അദ്ദേഹം ആ വാക്കുകൾ എഴുതിയപ്പോൾ ലോകവ്യാപകമായി വെറും 3,00,000 സാക്ഷികളേ പ്രസംഗ പ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്നുള്ളൂ. അതിന്റെ ഏതാണ്ട് 20 ഇരട്ടി, അതായത് ഏകദേശം 60 ലക്ഷം, സാക്ഷികൾ സുവാർത്ത പ്രസംഗിക്കുന്ന ഇക്കാലത്ത് അദ്ദേഹം എന്തായിരിക്കും പറയുക?
18. എന്താണ് നിർമല ഭാഷ, ദൈവം അത് ആർക്കു കൊടുത്തിരിക്കുന്നു?
18 തന്റെ പ്രവാചകനിലൂടെ യഹോവ ഇങ്ങനെ വാഗ്ദാനം ചെയ്തു: “സകല ജനതകളും യഹോവയുടെ നാമം വിളിച്ചപേക്ഷിക്കേണ്ടതിന്; അവനെ തോളോടുതോൾ ചേർന്ന് സേവിക്കേണ്ടതിന്; ഞാൻ അവർക്ക് ഒരു നിർമല ഭാഷയിലേക്കുള്ള മാറ്റം നൽകും.” (സെഫന്യാവു 3:9, NW) ഈ അന്ത്യനാളുകളിൽ യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുകയും തകർക്കാനാവാത്ത സ്നേഹബന്ധത്തിൽ അവനെ ഐക്യത്തോടെ, അതേ “തോളോടുതോൾ ചേർന്ന്” സേവിക്കുകയും ചെയ്യുന്നത് യഹോവയുടെ സാക്ഷികളാണ്. അവർക്കാണ് യഹോവ നിർമല ഭാഷ നൽകിയിരിക്കുന്നത്. ദൈവത്തെയും അവന്റെ ഉദ്ദേശ്യങ്ങളെയും കുറിച്ചുള്ള സത്യം സംബന്ധിച്ച ശരിയായ ഗ്രാഹ്യം ഈ നിർമല ഭാഷയിൽ അടങ്ങിയിരിക്കുന്നു. തന്റെ പരിശുദ്ധാത്മാവിലൂടെ യഹോവ മാത്രമാണ് അതു പ്രദാനം ചെയ്യുന്നത്. (1 കൊരിന്ത്യർ 2:10) ആർക്കാണ് അവൻ പരിശുദ്ധാത്മാവിനെ നൽകിയിരിക്കുന്നത്? “തന്നെ ഭരണാധികാരിയായി അനുസരിക്കുന്നവർക്കു” മാത്രം. (പ്രവൃത്തികൾ 5:32, NW) യഹോവയുടെ സാക്ഷികൾ മാത്രമേ യഹോവയെ സകലത്തിലും തങ്ങളുടെ ഭരണാധികാരിയായി അനുസരിക്കാൻ സന്നദ്ധരായിട്ടുള്ളൂ. അതുകൊണ്ടാണ് അവർക്ക് ദൈവാത്മാവ് സ്വീകരിക്കാനും യഹോവയെയും അവന്റെ അത്ഭുതകരമായ ഉദ്ദേശ്യങ്ങളെയും കുറിച്ചുള്ള സത്യമായ നിർമല ഭാഷ സംസാരിക്കാനും കഴിയുന്നത്. വിപുലവും വർധിതവുമായ ഒരു അളവിൽ ഭൂവ്യാപകമായി യഹോവയെ സ്തുതിക്കാൻ അവർ ഈ നിർമല ഭാഷ ഉപയോഗിക്കുന്നു.
19. നിർമല ഭാഷ സംസാരിക്കുന്നതിൽ എന്ത് ഉൾപ്പെട്ടിരിക്കുന്നു?
19 നിർമല ഭാഷ സംസാരിക്കുന്നതിൽ സത്യം വിശ്വസിക്കുന്നതും അതു മറ്റുള്ളവരെ പഠിപ്പിക്കുന്നതും മാത്രമല്ല, ഒരുവന്റെ നടത്തയെ ദൈവത്തിന്റെ നിയമങ്ങളോടും തത്ത്വങ്ങളോടുമുള്ള യോജിപ്പിൽ കൊണ്ടുവരുന്നതും ഉൾപ്പെട്ടിരിക്കുന്നു. യഹോവയെ അന്വേഷിക്കുകയും നിർമല ഭാഷ സംസാരിക്കുകയും ചെയ്യുന്നതിൽ അഭിഷിക്ത ക്രിസ്ത്യാനികൾ മുൻകൈ എടുത്തിരിക്കുന്നു. എന്തെല്ലാം കാര്യങ്ങളാണ് നിർവഹിക്കപ്പെട്ടിരിക്കുന്നതെന്ന് ചിന്തിക്കുക! അഭിഷിക്തരുടെ എണ്ണം കുറഞ്ഞ് 8,700-ൽ താഴെ ആയിരിക്കുന്നു എങ്കിലും, അവരിൽപ്പെടാത്ത ഏകദേശം 60 ലക്ഷം പേർ യഹോവയെ അന്വേഷിക്കുകയും നിർമല ഭാഷ സംസാരിക്കുകയും ചെയ്തുകൊണ്ട് അവരെ അനുകരിക്കുന്നു. യേശുവിന്റെ മറുവില യാഗത്തിൽ വിശ്വാസം അർപ്പിക്കുകയും ദൈവത്തിന്റെ ആത്മീയ ആലയത്തിന്റെ ഭൗമിക പ്രാകാരത്തിൽ വിശുദ്ധ സേവനം അർപ്പിക്കുകയും ഈ നീതികെട്ട ലോകത്തിന്മേൽ പെട്ടെന്നുതന്നെ വരാനിരിക്കുന്ന “മഹോപദ്രവ”ത്തെ അതിജീവിക്കുകയും ചെയ്യുന്ന, സകല ജനതകളിൽനിന്നുമുള്ള, വർധിച്ചുകൊണ്ടിരിക്കുന്ന മഹാപുരുഷാരമാണ് അവർ.—വെളിപ്പാടു 7:9, 14, 15, NW.
20. വിശ്വസ്ത അഭിഷിക്തർക്കും മഹാപുരുഷാരത്തിൽ പെടുന്നവർക്കും എന്തു ഭാവിയാണുള്ളത്?
20 ദൈവത്തിന്റെ നീതിനിഷ്ഠമായ പുതിയ ലോകത്തിലേക്ക് മഹാപുരുഷാരം ആനയിക്കപ്പെടും. (2 പത്രൊസ് 3:13) യേശുക്രിസ്തുവും അവനോടൊപ്പം രാജാക്കന്മാരും പുരോഹിതന്മാരുമായി സേവിക്കാൻ സ്വർഗീയ ജീവനിലേക്ക് ഉയർപ്പിക്കപ്പെടുന്ന 1,44,000 അഭിഷിക്തരും ഉൾപ്പെടുന്നതാണ് പുതിയ ഭരണസമിതി. (റോമർ 8:16, 17; വെളിപ്പാടു 7:4; 20:6) മഹോപദ്രവത്തെ അതിജീവിക്കുന്നവർ ഭൂമിയെ ഒരു പറുദീസയാക്കാൻ പ്രവർത്തിക്കുകയും ദൈവദത്ത നിർമല ഭാഷ സംസാരിക്കുന്നതിൽ തുടരുകയും ചെയ്യും. പിൻവരുന്ന വാക്കുകൾ തത്ത്വത്തിൽ അവർക്കു ബാധകമാണ്: “നിന്റെ മക്കൾ എല്ലാവരും യഹോവയാൽ ഉപദേശിക്കപ്പെട്ടവരും നിന്റെ മക്കളുടെ സമാധാനം വലിയതും ആയിരിക്കും. നീതിയാൽ നീ സ്ഥിരമായി നില്ക്കും.”—യെശയ്യാവു 54:13, 14.
ചരിത്രത്തിലെ ഏറ്റവും വലിയ പഠിപ്പിക്കൽ വേല
21, 22. (എ) പ്രവൃത്തികൾ 24:15-ൽ സൂചിപ്പിച്ചിരിക്കുന്നതു പോലെ, ആരെ നിർമല ഭാഷ പഠിപ്പിക്കേണ്ടതുണ്ട്? (ബി) രാജ്യഭരണത്തിൻ കീഴിൽ ഏത് അനുപമമായ പഠിപ്പിക്കൽ വേല നടക്കും?
21 പുതിയ ലോകത്തിൽ നിർമല ഭാഷ പഠിക്കാൻ അവസരം ലഭിക്കുന്ന വലിയൊരു കൂട്ടം ആളുകളെ കുറിച്ചാണ് പ്രവൃത്തികൾ 24:15 പറഞ്ഞിരിക്കുന്നത്. അത് ഇങ്ങനെ പ്രസ്താവിക്കുന്നു: “നീതിമാന്മാരുടെയും നീതികെട്ടവരുടെയും പുനരുത്ഥാനം ഉണ്ടാകും.” കഴിഞ്ഞകാലത്ത് യഹോവയെ കുറിച്ചുള്ള സൂക്ഷ്മപരിജ്ഞാനം ലഭിക്കാതെ മരിച്ചുപോയ ശതകോടിക്കണക്കിന് ആളുകളുണ്ട്. ക്രമീകൃതമായ ഒരു രീതിയിൽ അവൻ അവരെ ജീവനിലേക്കു തിരികെ കൊണ്ടുവരും. പുനരുത്ഥാനം പ്രാപിച്ചു വരുന്ന അവരെയും നിർമല ഭാഷ പഠിപ്പിക്കേണ്ടതുണ്ട്.
22 ആ വലിയ പഠിപ്പിക്കൽ വേലയിൽ പങ്കെടുക്കാൻ കഴിയുന്നത് എത്രയോ മഹത്തായ ഒരു പദവിയായിരിക്കും! അത് മാനവചരിത്രത്തിലെ ഏറ്റവും വലിയ പഠിപ്പിക്കൽ വേല ആയിരിക്കും. യേശുവിന്റെ നന്മനിറഞ്ഞ രാജ്യ ഭരണത്തിൽ കീഴിൽ ആയിരിക്കും ഇതെല്ലാം നിർവഹിക്കപ്പെടുക. തത്ഫലമായി മനുഷ്യവർഗം കാലാന്തരത്തിൽ യെശയ്യാവു 11:9-ന്റെ നിവൃത്തി കാണും. അത് ഇങ്ങനെ പറയുന്നു: ‘സമുദ്രം വെള്ളംകൊണ്ടു നിറഞ്ഞിരിക്കുന്നതുപോലെ ഭൂമി യഹോവയുടെ പരിജ്ഞാനംകൊണ്ടു പൂർണ്ണമായിരിക്കും.’
23. യഹോവയുടെ ജനം എന്ന നിലയിൽ നാം വളരെ വലിയ പദവി ആസ്വദിക്കുന്നുവെന്ന് നിങ്ങൾ പറയുന്നത് എന്തുകൊണ്ട്?
23 യഹോവയെ കുറിച്ചുള്ള പരിജ്ഞാനംകൊണ്ട് ഭൂമി വാസ്തവമായും നിറയുന്ന വിസ്മയാവഹമായ ആ കാലത്തിനായി ഈ അന്ത്യനാളുകളിൽ ഒരുങ്ങാൻ കഴിയുന്നത് നമ്മെ സംബന്ധിച്ചിടത്തോളം എത്ര വലിയ ഒരു പദവിയാണ്! സെഫന്യാവു 3:20-ൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രാവചനിക വാക്കുകളുടെ നിവൃത്തി അനുഭവിക്കുന്ന ദൈവജനം എന്ന നിലയിൽ നാം ഇപ്പോൾത്തന്നെ എത്ര വലിയ പദവിയാണ് ആസ്വദിക്കുന്നത്! ആ വാക്യത്തിൽ നാം യഹോവ നൽകുന്ന ഈ ഉറപ്പ് കാണുന്നു: ‘ഞാൻ നിങ്ങളെ ഭൂമിയിലെ സകലജാതികളുടെയും ഇടയിൽ കീർത്തിയും പ്രശംസയും ആക്കിത്തീർക്കും.’
നിങ്ങൾ എങ്ങനെ പ്രതികരിക്കും?
• പുനഃസ്ഥിതീകരണം സംബന്ധിച്ച സെഫന്യാവിന്റെ പ്രവചനത്തിന് ഏതെല്ലാം നിവൃത്തികൾ ഉണ്ടായിരുന്നിട്ടുണ്ട്?
• ഈ അന്ത്യകാലത്ത് സത്യാരാധന അഭിവൃദ്ധി പ്രാപിച്ചിട്ടുള്ളത് എങ്ങനെ?
• പുതിയ ലോകത്തിൽ ഏതു വലിയ പഠിപ്പിക്കൽ വേല നടക്കും?
[25-ാം പേജിലെ ചിത്രം]
സത്യാരാധന പുനഃസ്ഥാപിക്കാൻ യഹോവയുടെ ജനം സ്വദേശത്തേക്കു മടങ്ങി. അതിന് ഇന്നുള്ള പ്രാധാന്യം നിങ്ങൾക്ക് അറിയാമോ?
[26-ാം പേജിലെ ചിത്രങ്ങൾ]
“നിർമല ഭാഷ” സംസാരിക്കുകവഴി യഹോവയുടെ സാക്ഷികൾ ബൈബിളിലെ ആശ്വാസ സന്ദേശം ആളുകളെ അറിയിക്കുന്നു