“നിന്റെ കരങ്ങൾ തളരാതിരിക്കട്ടെ”
“നിന്റെ കരങ്ങൾ തളരാതിരിക്കട്ടെ. നിന്റെ ദൈവമായ യഹോവ നിന്റെ മധ്യേ ഉണ്ട്. ശക്തനായ ഒരുവനെപ്പോലെ അവൻ രക്ഷിക്കും.”—സെഫന്യാവ് 3:16, 17, NW.
1. സെഫന്യാവിന്റെ പ്രവചനത്തെക്കുറിച്ച് ഒരു ബൈബിൾ പണ്ഡിതൻ എന്താണു പ്രസ്താവിച്ചത്?
സെഫന്യാവിന്റെ പ്രവചനം പൊ.യു.മു. ഏഴും ആറും നൂറ്റാണ്ടുകളിലുണ്ടായ അതിന്റെ ആദ്യ നിവൃത്തിക്കും വളരെ അപ്പുറത്തേക്കു വിരൽ ചൂണ്ടി. സെഫന്യാവിന്റെ പ്രവചനത്തെക്കുറിച്ചുള്ള തന്റെ ഭാഷ്യത്തിൽ പ്രൊഫസർ സി. എഫ്. കെയ്ൽ ഇങ്ങനെ എഴുതി: “സെഫന്യാവിന്റെ പ്രവചനം . . . തുടങ്ങുന്നതു മുഴു ലോകത്തിന്മേലുമുള്ള സാർവത്രിക ന്യായവിധിയുടെ പ്രസിദ്ധമാക്കലോടെ മാത്രമല്ല, യഹൂദയുടെ പാപങ്ങൾ നിമിത്തം അതിന്മേലും യഹോവയുടെ ജനത്തോടുള്ള ശത്രുത നിമിത്തം ജനതകളാകുന്ന ലോകത്തിന്മേലും ഭവിക്കാൻ പോകുന്ന ന്യായവിധി അതിൽനിന്നാണ് ഉദയം കൊള്ളുന്നത്; യഹോവയുടെ വലുതും ഭയങ്കരവുമായ ദിവസത്തെക്കുറിച്ച് ആ പ്രവചനത്തിലെമ്പാടും പ്രതിപാദ്യമുണ്ട്.”
2. സെഫന്യാവിന്റെ നാളിലെ അവസ്ഥയും ഇന്നു ക്രൈസ്തവലോകത്തിനുള്ളിലെ അവസ്ഥയും തമ്മിൽ എന്തു സമാനതകളുണ്ട്?
2 ഇന്ന്, സെഫന്യാവിന്റെ നാളിലേതിനെക്കാൾ വളരെ വ്യാപകമായ ഒരളവിൽ നാശത്തിനു രാഷ്ട്രങ്ങളെ കൂട്ടിച്ചേർക്കുക എന്നതാണു യഹോവയുടെ ന്യായത്തീർപ്പ്. (സെഫന്യാവു 3:8) ക്രിസ്തീയമെന്ന് അവകാശപ്പെടുന്ന ആ ജനതകളാണു ദൈവത്തിന്റെ ദൃഷ്ടിയിൽ പ്രത്യേകിച്ചും കുറ്റം വഹിക്കുന്നത്. യഹോവയോടുള്ള അവിശ്വസ്തത നിമിത്തം യെരുശലേമിനു ഭയങ്കരമായ ഒരു വില ഒടുക്കേണ്ടിവന്നതുപോലെ, ക്രൈസ്തവലോകം അതിന്റെ തോന്ന്യാസം നിമിത്തം ദൈവത്തോടു മറുപടി പറയേണ്ടിവരും. സെഫന്യാവിന്റെ നാളിലെ യഹൂദയ്ക്കും യെരുശലേമിനുമെതിരെ ഉച്ചരിക്കപ്പെട്ട ദിവ്യ ന്യായവിധികൾ ക്രൈസ്തവലോകത്തിലെ സഭകൾക്കും മതവിഭാഗങ്ങൾക്കും കൂടുതൽ ശക്തിയോടെ ബാധകമാകുന്നു. അവർ ദൈവത്തെ നിന്ദിക്കുന്നതരം ഉപദേശങ്ങളാൽ സത്യാരാധനയെ മലിനമാക്കുകകൂടി ചെയ്തിരിക്കുന്നു, അവയിൽ പലതിനും പുറജാതീയ ഉത്ഭവമാണുള്ളത്. അവർ തങ്ങളുടെ ആരോഗ്യവാന്മാരായ ലക്ഷക്കണക്കിനു പുത്രന്മാരെ യുദ്ധമെന്ന ആധുനിക ബലിപീഠത്തിൽ കുരുതികൊടുത്തിരിക്കുന്നു. മാത്രമോ, പ്രതിമാതൃക യെരുശലേം നിവാസികൾ ക്രിസ്ത്യാനിത്വം എന്നു വിളിക്കപ്പെടുന്നതിനെ ജ്യോതിഷം, ആത്മവിദ്യാചാരങ്ങൾ, അധമമായ ലൈംഗിക അധാർമികത, ബാൽ ആരാധനയ്ക്കു സമാനമായ കാര്യങ്ങൾ ഇത്യാദിയുമായി കൂട്ടിക്കലർത്തുന്നു.—സെഫന്യാവു 1:4, 5.
3. ഇന്നത്തെ അനേകം ലൗകിക നേതാക്കന്മാരെയും രാഷ്ട്രീയ ഗവൺമെൻറുകളെയും കുറിച്ച് എന്തു പറയാൻ കഴിയും, സെഫന്യാവ് എന്തു പ്രവചിച്ചു?
3 ക്രൈസ്തവലോകത്തിലെ പല രാഷ്ട്രീയ നേതാക്കന്മാരും സഭയിൽ ശ്രദ്ധിക്കപ്പെടാൻ വളരെയധികം ആഗ്രഹിക്കുന്നു. എന്നാൽ യഹൂദയിലെ “പ്രഭുക്കന്മാ”രെപ്പോലെ, അവരിലനേകരും “ഗർജ്ജിക്കുന്ന സിംഹങ്ങ”ളെപ്പോലെയും കൊടിയ “ചെന്നായ്ക്ക”ളെപ്പോലെയും ജനങ്ങളെ ചൂഷണം ചെയ്യുന്നു. (സെഫന്യാവു 3:1-3) അത്തരക്കാരുടെ രാഷ്ട്രീയ കിങ്കരന്മാർ ‘അക്രമവും വഞ്ചനയുംകൊണ്ടു തങ്ങളുടെ യജമാനന്മാരുടെ വീടുകൾ നിറെക്കുകയാണ്.’ (സെഫന്യാവു 1:9) കൈക്കൂലിയും അഴിമതിയും നടമാടുന്നു. ക്രൈസ്തവലോകത്തിന് അകത്തും പുറത്തുമുള്ള രാഷ്ട്രീയ ഗവൺമെൻറുകളെ സംബന്ധിച്ചാണെങ്കിൽ, അവയിൽ വർധിച്ചുവരുന്ന ഒരു കൂട്ടം സൈന്യങ്ങളുടെ യഹോവയുടെ ജനമായ അവന്റെ സാക്ഷികൾക്കെതിരെ ‘വീമ്പിളക്കുക’യും അവരെ ഒരു നിന്ദിത “മതവിഭാഗ”മായി കാണുകയും ചെയ്യുന്നു. (സെഫന്യാവു 2:8; പ്രവൃത്തികൾ 24:5, 14, NW) അത്തരം രാഷ്ട്രീയ നേതാക്കന്മാരെയും അവരുടെ അനുഗാമികളെയും കുറിച്ചു സെഫന്യാവ് ഇങ്ങനെ പ്രവചിച്ചു: “യഹോവയുടെ ക്രോധദിവസത്തിൽ അവരുടെ വെള്ളിക്കും പൊന്നിന്നും അവരെ രക്ഷിപ്പാൻ കഴികയില്ല; സർവ്വഭൂമിയും അവന്റെ തീക്ഷ്ണതാഗ്നിക്കു ഇരയായ്തീരും; സകല ഭൂവാസികൾക്കും അവൻ ശീഘ്രസംഹാരം വരുത്തും.”—സെഫന്യാവു 1:18.
“യഹോവയുടെ കോപദിവസത്തിൽ മറഞ്ഞിരിക്കാം”
4. യഹോവയുടെ മഹാദിവസത്തെ അതിജീവിക്കുന്നവർ ഉണ്ടായിരിക്കുമെന്ന് എന്തു പ്രകടമാക്കുന്നു, അവർ എന്തു ചെയ്യണം?
4 പൊ.യു.മു. ഏഴാം നൂറ്റാണ്ടിൽ യഹൂദാ നിവാസികളെല്ലാവരും തുടച്ചുനീക്കപ്പെട്ടില്ല. സമാനമായി, യഹോവയുടെ മഹാദിവസത്തെ അതിജീവിക്കുന്നവർ ഉണ്ടായിരിക്കും. അത്തരക്കാരോടു തന്റെ പ്രവാചകനായ സെഫന്യാവ് മുഖാന്തരം യഹോവ ഇങ്ങനെ പ്രസ്താവിച്ചു: “നിർണ്ണയം ഫലിക്കുന്നതിന്നു മുമ്പെ—ദിവസം പതിർപോലെ പാറിപ്പോകുന്നു—യഹോവയുടെ ഉഗ്രകോപം നിങ്ങളുടെ മേൽ വരുന്നതിന്നു മുമ്പെ, യഹോവയുടെ കോപദിവസം നിങ്ങളുടെ മേൽ വരുന്നതിന്നു മുമ്പെ, കൂടിവരുവിൻ; അതേ, കൂടിവരുവിൻ! യഹോവയുടെ ന്യായം പ്രവർത്തിക്കുന്നവരായി ഭൂമിയിലെ സകല സൌമ്യരുമായുള്ളോരേ, അവനെ അന്വേഷിപ്പിൻ; നീതി അന്വേഷിപ്പിൻ; സൌമ്യത അന്വേഷിപ്പിൻ; പക്ഷെ നിങ്ങൾക്കു യഹോവയുടെ കോപദിവസത്തിൽ മറഞ്ഞിരിക്കാം.”—സെഫന്യാവു 2:1-3.
5. ഈ അന്ത്യകാലത്ത്, സെഫന്യാവിന്റെ മുന്നറിയിപ്പിന് ആദ്യം ചെവി കൊടുത്തവർ ആരായിരുന്നു, യഹോവ അവരെ എങ്ങനെ ഉപയോഗിച്ചിരിക്കുന്നു?
5 ഈ ലോകാന്ത്യകാലത്ത്, ഈ പ്രാവചനിക ക്ഷണത്തിന് ആദ്യം ചെവികൊടുത്തവർ അഭിഷിക്ത ക്രിസ്ത്യാനികളായ ആത്മീയ ഇസ്രായേല്യരുടെ ശേഷിപ്പായിരുന്നു. (റോമർ 2:28, 29; 9:6; ഗലാത്യർ 6:16) നീതിയും സൗമ്യതയും അന്വേഷിക്കുകയും യഹോവയുടെ ന്യായത്തീർപ്പുകളോട് ആദരവു കാണിക്കുകയും ചെയ്തതിനാൽ, അവർ വ്യാജമത ലോകസാമ്രാജ്യമായ മഹാബാബിലോനിൽനിന്നു വിടുവിക്കപ്പെടുകയും 1919-ൽ ദിവ്യ പ്രീതിയിലേക്കു പുനഃസ്ഥിതീകരിക്കപ്പെടുകയും ചെയ്തു. അപ്പോൾ മുതൽ, പ്രത്യേകിച്ച് 1922 മുതൽ, ഈ വിശ്വസ്ത ശേഷിപ്പ് ക്രൈസ്തവലോകത്തിലെ സഭകൾക്കും മതവിഭാഗങ്ങൾക്കും രാഷ്ട്രീയ ജനതകൾക്കുമെതിരെ യഹോവയുടെ ന്യായവിധികൾ പ്രസംഗിച്ചുകൊണ്ടാണിരുന്നിട്ടുള്ളത്.
6. (എ) വിശ്വസ്ത ശേഷിപ്പിനെക്കുറിച്ച് സെഫന്യാവ് എന്താണു പ്രവചിച്ചത്? (ബി) ഈ പ്രവചനം എങ്ങനെ നിവർത്തിച്ചിരിക്കുന്നു?
6 ഈ വിശ്വസ്ത ശേഷിപ്പിനെക്കുറിച്ചു സെഫന്യാവ് ഇങ്ങനെ പ്രവചിച്ചു: “ഞാൻ നിന്റെ നടുവിൽ താഴ്മയും ദാരിദ്ര്യവും ഉള്ളോരു ജനത്തെ ശേഷിപ്പിക്കും; അവർ യഹോവയുടെ നാമത്തിൽ ശരണം പ്രാപിക്കും. യിസ്രായേലിൽ ശേഷിപ്പുള്ളവർ നീതികേടു പ്രവർത്തിക്കയില്ല; ഭോഷ്കു പറകയുമില്ല; ചതിവുള്ള നാവു അവരുടെ വായിൽ ഉണ്ടാകയില്ല; അവർ മേഞ്ഞുകിടക്കും; ആരും അവരെ ഭയപ്പെടുത്തുകയുമില്ല.” (സെഫന്യാവു 3:12, 13) ഈ അഭിഷിക്ത ക്രിസ്ത്യാനികൾ എല്ലായ്പോഴും, യഹോവയുടെ നാമത്തിനു മുൻതൂക്കം കൊടുത്തിട്ടുണ്ട്, പ്രത്യേകിച്ച് അവർ യഹോവയുടെ സാക്ഷികൾ എന്ന നാമം സ്വീകരിച്ച 1931 മുതൽ. (യെശയ്യാവു 43:10-12) യഹോവയുടെ പരമാധികാരം സംബന്ധിച്ച വിവാദവിഷയം എടുത്തുകാട്ടിക്കൊണ്ട് അവർ ദിവ്യനാമത്തെ ബഹുമാനിച്ചിരിക്കുന്നു, അത് അവരെ സംബന്ധിച്ചിടത്തോളം ഒരു സങ്കേതമെന്നു തെളിഞ്ഞിരിക്കുന്നു. (സദൃശവാക്യങ്ങൾ 18:10) യഹോവ അവരെ ആത്മീയമായ വിധത്തിൽ സമൃദ്ധമായി പോഷിപ്പിച്ചിരിക്കുന്നു, അവർ ഭീതി കൂടാതെ ആത്മീയ പറുദീസയിൽ വസിക്കുകയും ചെയ്യുന്നു.—സെഫന്യാവു 3:16, 17.
“ഭൂമിയിലെ സകലജാതികളുടെയും ഇടയിൽ കീർത്തിയും പ്രശംസയും”
7, 8. (എ) ആത്മീയ ഇസ്രായേലിന്റെ ശേഷിപ്പിൻമേൽ കൂടുതലായ ഏതു പ്രവചനം നിവൃത്തിയേറിയിരിക്കുന്നു? (ബി) ലക്ഷക്കണക്കിനാളുകൾ എന്താണു തിരിച്ചറിയാനിടയായിരിക്കുന്നത്, ഇക്കാര്യത്തിൽ നിങ്ങളുടെ സ്വന്തം വികാരങ്ങൾ എന്തെല്ലാമാണ്?
7 യഹോവയുടെ നാമത്തോടും അവന്റെ വചനത്തിലെ നീതിനിഷ്ഠമായ തത്ത്വങ്ങളോടും ശേഷിപ്പിനുള്ള ആഴമായ പ്രിയം ശ്രദ്ധിക്കപ്പെടാതെ പോയിട്ടില്ല. ശേഷിപ്പിന്റെ നടത്തയും ഈ ലോകത്തിലെ രാഷ്ട്രീയ-മത നേതൃത്വത്തിന്റെ അഴിമതിയും കാപട്യവും തമ്മിലുള്ള അന്തരം ആത്മാർഥരായ ആളുകൾ കാണാനിടയായിത്തീർന്നിരിക്കുന്നു. “[ആത്മീയ] യിസ്രായേലിൽ ശേഷിപ്പുള്ളവരെ” യഹോവ അനുഗ്രഹിച്ചിരിക്കുന്നു. തന്റെ നാമം വഹിക്കുകയെന്ന പദവി നൽകി അവൻ അവരെ ബഹുമാനിച്ചിരിക്കുന്നുവെന്നു മാത്രമല്ല ഭൂമിയിലെ ജനങ്ങളുടെ ഇടയിൽ അവർക്ക് ഒരു സത്പേരുണ്ടായിരിക്കാൻ അവൻ ഇടയാക്കുകയും ചെയ്തിരിക്കുന്നു. ഇതു സെഫന്യാവ് പ്രവചിച്ചതുപോലെയാണ്: “ആ കാലത്തു ഞാൻ നിങ്ങളെ വരുത്തുകയും ആ കാലത്തു ഞാൻ നിങ്ങളെ ശേഖരിക്കയും ചെയ്യും; നിങ്ങൾ കാൺങ്കെ ഞാൻ നിങ്ങളുടെ പ്രവാസികളെ മടക്കിവരുത്തുമ്പോൾ ഞാൻ നിങ്ങളെ ഭൂമിയിലെ സകലജാതികളുടെയും ഇടയിൽ കീർത്തിയും പ്രശംസയും ആക്കിത്തീർക്കുമെന്നു യഹോവ അരുളിച്ചെയ്യുന്നു.”—സെഫന്യാവു 3:20.
8 1935 മുതൽ അക്ഷരാർഥത്തിൽ ലക്ഷക്കണക്കിനാളുകൾ, ശേഷിപ്പിന്റെമേൽ യഹോവയുടെ അനുഗ്രഹമുണ്ടെന്നു തിരിച്ചറിയാനിടയായിത്തീർന്നിരിക്കുന്നു. “ദൈവം നിങ്ങളോടുകൂടെ ഉണ്ടെന്നു ഞങ്ങൾ കേട്ടിരിക്കയാൽ ഞങ്ങൾ നിങ്ങളോടുകൂടെ പോരുന്നു” എന്നു പറഞ്ഞുകൊണ്ട് അവർ സന്തോഷത്തോടെ ഈ ആത്മീയ യഹൂദരെ അഥവാ ഇസ്രായേല്യരെ പിൻപറ്റുന്നു. (സെഖര്യാവു 8:23) ഈ “വേറെ ആടുകൾ” അഭിഷിക്ത ശേഷിപ്പിൽ കാണുന്നത് “തന്റെ [ഭൗമിക] സ്വത്തുക്കളുടെയെല്ലാം മേൽ” ക്രിസ്തു ആക്കിവെച്ചിരിക്കുന്ന “വിശ്വസ്തനും വിവേകിയുമായ അടിമ”യെയാണ്. ഈ അടിമവർഗം “തക്കസമയത്ത്” ഒരുക്കിത്തരുന്ന ആത്മീയ ഭക്ഷണത്തിൽ അവർ നന്ദിയോടെ പങ്കുപറ്റുന്നു.—യോഹന്നാൻ 10:16; മത്തായി 24:45-47, NW.
9. ഏതു “ഭാഷ”യാണു ലക്ഷക്കണക്കിനാളുകൾ സംസാരിക്കാൻ പഠിച്ചിരിക്കുന്നത്, ഏതു വലിയ വേലയിലാണ് വേറെ ആടുകൾ അഭിഷിക്ത ശേഷിപ്പിനോടൊത്തു “തോളോടുതോൾ” ചേർന്നു സേവിക്കുന്നത്?
9 ശേഷിപ്പിനോടൊപ്പം നിന്നുകൊണ്ടു ലക്ഷങ്ങൾ വരുന്ന ഈ വേറെ ആടുകൾ “നിർമല ഭാഷ”യ്ക്കു ചേർച്ചയിൽ ജീവിക്കാനും സംസാരിക്കാനും പഠിക്കുകയാണ്.a യഹോവ സെഫന്യാവിലൂടെ ഇങ്ങനെ പ്രവചിച്ചു: “ജനങ്ങളെല്ലാം യഹോവയുടെ നാമത്തെ വിളിക്കേണ്ടതിന്, തോളോടുതോൾ ചേർന്ന് അവനെ സേവിക്കേണ്ടതിന്, നിർമല ഭാഷയിലേക്കുള്ള ഒരു മാറ്റം അപ്പോൾ ഞാൻ അവർക്കു കൊടുക്കും.” (സെഫന്യാവ് 3:9, NW) അതേ, “രാജ്യത്തിന്റെ ഈ സുവിശേഷം സകലജാതികൾക്കും സാക്ഷ്യമായി” പ്രസംഗിക്കുകയെന്ന അടിയന്തിര വേലയിൽ “ചെറിയ ആട്ടിൻകൂട്ട”മായ അഭിഷിക്താംഗങ്ങളോടു തോളോടുതോൾ ചേർന്ന് വേറെ ആടുകൾ ഐക്യത്തോടെ യഹോവയെ സേവിക്കുകയാണ്.—ലൂക്കൊസ് 12:32; മത്തായി 24:14.
‘യഹോവയുടെ ദിവസം വരും’
10. എന്തിനെക്കുറിച്ചാണ് അഭിഷിക്ത ശേഷിപ്പിന് എല്ലായ്പോഴും ഉറപ്പ് ഉണ്ടായിരുന്നിട്ടുള്ളത്, മാത്രമല്ല ഒരു വർഗമെന്ന നിലയിൽ അവർ എന്തു കാണാനായി ജീവിച്ചിരിക്കും?
10 അഭിഷിക്ത ശേഷിപ്പ് അപ്പോസ്തലനായ പത്രോസിന്റെ ഈ നിശ്വസ്ത പ്രസ്താവന സദാ മനസ്സിൽ പിടിച്ചിട്ടുണ്ട്: “ചിലർ താമസം എന്നു വിചാരിക്കുന്നതുപോലെ കർത്താവു [“യഹോവ,” NW] തന്റെ വാഗ്ദത്തം നിവർത്തിപ്പാൻ താമസിക്കുന്നില്ല. ആരും നശിച്ചുപോകാതെ എല്ലാവരും മാനസാന്തരപ്പെടുവാൻ അവൻ ഇച്ഛിച്ചു നിങ്ങളോടു ദീർഘക്ഷമ കാണിക്കുന്നതേയുള്ളൂ. കർത്താവിന്റെ [“യഹോവയുടെ,” NW] ദിവസമോ കള്ളനെപ്പോലെ വരും.” (2 പത്രൊസ് 3:9, 10) യഹോവയുടെ ദിവസം നമ്മുടെ കാലത്തു വരുന്നതു സംബന്ധിച്ചു വിശ്വസ്ത അടിമവർഗത്തിൽപ്പെട്ട അംഗങ്ങൾ ഒരിക്കലും സംശയങ്ങൾ വെച്ചുപുലർത്തിയിട്ടില്ല. പ്രതിമാതൃക യെരുശലേമായ ക്രൈസ്തവലോകത്തിനെതിരെയും മഹാബാബിലോന്റെ ശിഷ്ട ഭാഗത്തിനെതിരെയും ദൈവത്തിന്റെ ന്യായവിധികൾ നടപ്പാക്കുന്നതോടെ ആ മഹാദിവസം ആരംഭിക്കും.—സെഫന്യാവു 1:2-4; വെളിപ്പാടു 17:1, 5; 19:1, 2.
11, 12. (എ) സെഫന്യാവിന്റെ പ്രവചനത്തിന്റെ വേറെ ഏതു ഭാഗമാണു ശേഷിപ്പിന്റെമേൽ നിവർത്തിച്ചുകൊണ്ടിരുന്നിട്ടുള്ളത്? (ബി) “നിന്റെ കരങ്ങൾ തളരാതിരിക്കട്ടെ” എന്ന ആഹ്വാനത്തിന് അഭിഷിക്ത ശേഷിപ്പ് എങ്ങനെയാണു ചെവി കൊടുത്തിരിക്കുന്നത്?
11 വിശ്വസ്ത ശേഷിപ്പ്, 1919-ൽ വ്യാജമത ലോകസാമ്രാജ്യമായ മഹാബാബിലോന്റെ ആത്മീയ അടിമത്തത്തിൽനിന്നു വിടുവിക്കപ്പെട്ടതിൽ ആനന്ദിക്കുന്നു. അവർ സെഫന്യാവിന്റെ പ്രവചനത്തിന്റെ നിവൃത്തി അനുഭവിച്ചറിഞ്ഞിരിക്കുന്നു: “സീയോൻപുത്രിയേ, ഘോഷിച്ചാനന്ദിക്ക; യിസ്രായേലേ, ആർപ്പിടുക; യേരുശലേം പുത്രിയേ, പൂർണ്ണഹൃദയത്തോടെ സന്തോഷിച്ചുല്ലസിക്ക. യഹോവ നിന്റെ ന്യായവിധികളെ മാറ്റി, നിന്റെ ശത്രുവിനെ നീക്കിക്കളഞ്ഞിരിക്കുന്നു; യിസ്രായേലിന്റെ രാജാവായ യഹോവ നിന്റെ മദ്ധ്യേ ഇരിക്കുന്നു; ഇനി നീ അനർത്ഥം കാണുകയില്ല. അന്നാളിൽ അവർ യെരുശലേമിനോടു: ഭയപ്പെടരുതെന്നും സീയോനോടു: അധൈര്യപ്പെടരുതെന്നും പറയും. [“സീയോനേ, ഭയപ്പെടരുത്. നിന്റെ കരങ്ങൾ തളരാതിരിക്കട്ടെ,” NW] നിന്റെ ദൈവമായ യഹോവ രക്ഷിക്കുന്ന വീരനായി നിന്റെ മദ്ധ്യേ ഇരിക്കുന്നു.”—സെഫന്യാവു 3:14-17.
12 യഹോവ തങ്ങളുടെ മധ്യേ ഉണ്ടെന്നുള്ള ബോധ്യവും ധാരാളം തെളിവും ഉള്ളതുകൊണ്ട്, അഭിഷിക്ത ശേഷിപ്പ് തങ്ങളുടെ ദിവ്യ നിയോഗം നിവർത്തിക്കുന്നതിൽ നിർഭയം മുന്നേറിയിരിക്കുന്നു. അവർ സുവാർത്ത പ്രസംഗിക്കുകയും ക്രൈസ്തവലോകത്തിനും മഹാ ബാബിലോന്റെ ശിഷ്ട ഭാഗത്തിനും സാത്താന്റെ മുഴു ദുഷ്ട വ്യവസ്ഥിതിക്കുമെതിരെ യഹോവയുടെ ന്യായവിധികൾ അറിയിക്കുകയും ചെയ്തിരിക്കുന്നു. എല്ലാത്തരം വൈതരണികളും ഉണ്ടായിരുന്നിട്ടും 1919 മുതലുള്ള ദശകങ്ങളിൽ “സീയോനേ, ഭയപ്പെടരുതു. നിന്റെ കരങ്ങൾ തളരാതിരിക്കട്ടെ” എന്ന ദിവ്യ കൽപ്പന അവർ അനുസരിച്ചിരിക്കുന്നു. യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്ന ശതകോടിക്കണക്കിനു ലഘുലേഖകളും മാസികകളും പുസ്തകങ്ങളും ചെറുപുസ്തകങ്ങളും വിതരണം ചെയ്യുന്നതിൽ അവർ അലസരായിരുന്നിട്ടില്ല. 1935 മുതൽ അവരുടെ പക്ഷത്തേക്കു തടിച്ചുകൂടിയിരിക്കുന്ന വേറെ ആടുകൾക്ക് അവർ വിശ്വാസപ്രചോദിതമായ മാതൃകയാണ്.
“നിന്റെ കരങ്ങൾ തളരാതിരിക്കട്ടെ”
13, 14. (എ) ചില യഹൂദന്മാർ യഹോവയെ സേവിക്കുന്നതിൽനിന്നു പിൻവാങ്ങിയത് എന്തുകൊണ്ടായിരുന്നു, അതെങ്ങനെയാണു പ്രത്യക്ഷമായത്? (ബി) നാം എന്തു ചെയ്യുന്നതാണു ജ്ഞാനപൂർവമല്ലാത്തത്, ഏതു വേലയിലാണു നമ്മുടെ കരങ്ങൾ തളരാൻ നാം അനുവദിക്കരുതാത്തത്?
13 യഹോവയുടെ മഹാ ദിവസത്തിനായി നാം ‘കാത്തിരിക്കു’മ്പോൾ സെഫന്യാവിന്റെ പ്രവചനത്തിൽനിന്നു നമുക്കെങ്ങനെ പ്രായോഗിക സഹായം നേടാൻ സാധിക്കും? ഒന്നാമതായി, യഹോവയുടെ ദിവസത്തിന്റെ സാമീപ്യം സംബന്ധിച്ചു സംശയങ്ങൾ വെച്ചുപുലർത്തിയിരുന്നതിനാൽ സെഫന്യാവിന്റെ നാളിൽ യഹോവയെ അനുസരിക്കുന്നതിൽനിന്നു പിന്തിരിഞ്ഞുപോയ യഹൂദരെപ്പോലെ ആയിത്തീരുന്നതു സംബന്ധിച്ചു നാം ജാഗ്രതയുള്ളവരായിരിക്കണം. അത്തരം യഹൂദർ തങ്ങളുടെ സംശയങ്ങൾ അവശ്യം തുറന്നു പ്രകടിപ്പിച്ചില്ല, എന്നാൽ യഹോവയുടെ മഹാദിവസം സമീപമാണെന്ന് അവർ യഥാർഥത്തിൽ വിശ്വസിച്ചിരുന്നില്ലെന്ന് അവരുടെ പ്രവർത്തനഗതി വെളിപ്പെടുത്തി. യഹോവയ്ക്കായി കാത്തിരിക്കുന്നതിനു പകരം സമ്പത്തു കുന്നുകൂട്ടുന്നതിലാണ് അവർ ശ്രദ്ധ കേന്ദ്രീകരിച്ചത്.—സെഫന്യാവു 1:12, 13; 3:8.
14 നമ്മുടെ ഹൃദയങ്ങളിൽ സംശയങ്ങൾ വേരുപിടിക്കാനുള്ള സമയമല്ല ഇത്. യഹോവയുടെ ദിവസം ഇനിയും അകലെയാണെന്നു മനസ്സിലോ ഹൃദയത്തിലോ ചിന്തിക്കുന്നതു ബുദ്ധിശൂന്യമായ ഒരു സംഗതിയായിരിക്കും. (2 പത്രൊസ് 3:1-4, 10) യഹോവയെ അനുസരിക്കുന്നതിൽനിന്നു പിൻമാറുന്നത് അല്ലെങ്കിൽ അവന്റെ സേവനത്തിൽ ‘നമ്മുടെ കരങ്ങൾ തളരാൻ അനുവദിക്കുന്നത്’ നാം ഒഴിവാക്കണം. “സുവിശേഷം” പ്രസംഗിക്കുമ്പോൾ “മടിയുള്ള കൈകൊണ്ടു പ്രവർത്തി”ക്കാതിരിക്കുന്നത് ഇതിൽ ഉൾപ്പെടുന്നു.—സദൃശവാക്യങ്ങൾ 10:4; മർക്കൊസ് 13:10.
ഉദാസീനതയ്ക്കെതിരെ പോരാടൽ
15. യഹോവയുടെ സേവനത്തിൽ നമ്മെ അലസരാക്കിത്തീർക്കാൻ എന്തിനു കഴിയും, ഈ പ്രശ്നത്തെക്കുറിച്ച് എങ്ങനെയാണു സെഫന്യാവിന്റെ പ്രവചനത്തിൽ മുൻകൂട്ടിപ്പറഞ്ഞിരുന്നത്?
15 രണ്ടാമതായി, ഉദാസീനതയുടെ ദുർബലീകരിക്കുന്ന ഫലങ്ങൾക്കെതിരെ നാം ജാഗരൂകരായിരിക്കണം. പല പാശ്ചാത്യ രാജ്യങ്ങളിലും ആത്മീയ കാര്യങ്ങൾ സംബന്ധിച്ച താത്പര്യമില്ലായ്മ സുവാർത്ത പ്രസംഗിക്കുന്ന ചിലരുടെ ഇടയിൽ നിരുത്സാഹത്തിന് ഒരു കാരണമായിത്തീരാവുന്നതാണ്. സെഫന്യാവിന്റെ നാളിൽ അത്തരം ഉദാസീനത നിലവിലുണ്ടായിരുന്നു. തന്റെ പ്രവാചകനിലൂടെ യഹോവ ഇങ്ങനെ പ്രസ്താവിച്ചു: ‘യഹോവ ഗുണമോ ദോഷമോ ചെയ്കയില്ല എന്നു ഹൃദയത്തിൽ പറയുന്ന പുരുഷന്മാരെ ഞാൻ സന്ദർശിക്കും.’ (സെഫന്യാവു 1:12) “വികാരശൂന്യമായ ഉദാസീനതയിലേക്കോ മനുഷ്യവർഗത്തിന്റെ കാര്യാദികളിൽ ഒരു ഉയർന്ന ശക്തി ഏതെങ്കിലും തരത്തിൽ ഇടപെടുന്നതു സംബന്ധിച്ചുള്ള വിശ്വാസമില്ലായ്മയിലേക്കു പോലുമോ ആണ്ടുപോയിരിക്കുന്ന” ആളുകളെ ഇതു പരാമർശിക്കുന്നതായി കേംബ്രിഡ്ജ് ബൈബിൾ ഫോർ സ്കൂൾസ് ആൻഡ് കോളെജസ് എന്ന പ്രസിദ്ധീകരണത്തിൽ ആ ബൈബിൾ ഭാഗത്തെക്കുറിച്ച് എഴുതവേ എ. ബി. ഡേവിഡ്സൺ പ്രസ്താവിച്ചു.
16.ക്രൈസ്തവലോകത്തിലെ അനേകം സഭാംഗങ്ങളുടെ ഇടയിൽ നിലവിലുള്ള മാനസികാവസ്ഥ എന്താണ്, എന്നാൽ യഹോവ നമുക്ക് എന്തു പ്രോത്സാഹനം നൽകുന്നു?
16 ഭൂമിയുടെ അനേകം ഭാഗങ്ങളിൽ, പ്രത്യേകിച്ച് ഏറെ സമ്പന്നമായ രാഷ്ട്രങ്ങളിൽ, പ്രബലമായുള്ള ഒരു മനോഭാവമാണ് ഉദാസീനത. ക്രൈസ്തവലോകത്തിലെ സഭാംഗങ്ങൾ പോലും, നമ്മുടെ നാളിൽ യഹോവയാം ദൈവം മനുഷ്യ കാര്യാദികളിൽ ഇടപെടുമെന്നു വിശ്വസിക്കുന്നില്ലതന്നെ. സന്ദേഹം കലർന്ന ഒരു ചിരി പ്രദർശിപ്പിച്ചുകൊണ്ടോ “എനിക്കു താത്പര്യമില്ല!” എന്ന ഹ്രസ്വമായ മറുപടി പറഞ്ഞുകൊണ്ടോ രാജ്യസുവാർത്ത അവരുടെ പക്കൽ എത്തിക്കാനുള്ള ശ്രമങ്ങളെ അവർ തള്ളിക്കളയുന്നു. ഈ അവസ്ഥകളിൻകീഴിൽ, സാക്ഷീകരണ വേലയിൽ സ്ഥിരോത്സാഹം കാട്ടുക എന്നത് ഒരു യഥാർഥ വെല്ലുവിളിയായിരിക്കാൻ കഴിയും. അതു നമ്മുടെ സഹിഷ്ണുതയെ പരിശോധിക്കുന്നു. ‘അധൈര്യപ്പെടരുത്. [“നിന്റെ കരങ്ങൾ തളരാതിരിക്കട്ടെ,” NW] നിന്റെ ദൈവമായ യഹോവ രക്ഷിക്കുന്ന വീരനായി നിന്റെ മദ്ധ്യേ ഇരിക്കുന്നു; അവൻ നിന്നിൽ അത്യന്തം സന്തോഷിക്കും; തന്റെ സ്നേഹത്തിൽ അവൻ മിണ്ടാതിരിക്കുന്നു; ഘോഷത്തോടെ അവൻ നിങ്കൽ ആനന്ദിക്കും’ എന്നു പറഞ്ഞുകൊണ്ടു സെഫന്യാവിന്റെ പ്രവചനത്തിലൂടെ യഹോവ തന്റെ വിശ്വസ്ത ജനത്തെ ഊർജസ്വലരാക്കുന്നു.—സെഫന്യാവു 3:16, 17.
17.വേറെ ആടുകളുടെ ഇടയിലുള്ള പുതിയവർ എന്തു നല്ല ദൃഷ്ടാന്തം പിൻപറ്റണം, എങ്ങനെ?
17 ഈ അന്ത്യനാളുകളിൽ ശേഷിപ്പും അതുപോലെതന്നെ വേറെ ആടുകളുടെ ഇടയിലെ പ്രായമുള്ളവരും വമ്പിച്ച ഒരു കൂട്ടിച്ചേർക്കൽ വേല നടത്തിയിരിക്കുന്നു എന്നത് യഹോവയുടെ സാക്ഷികളുടെ ആധുനികകാല ചരിത്രത്തിലെ ഒരു വസ്തുതയാണ്. ഈ വിശ്വസ്ത ക്രിസ്ത്യാനികളെല്ലാം പതിറ്റാണ്ടുകളിലുടനീളം സഹിഷ്ണുത കാട്ടിയിട്ടുണ്ട്. ക്രൈസ്തവലോകത്തിലെ ഭൂരിപക്ഷത്തിന്റെ ഭാഗത്തെ ഉദാസീനത തങ്ങളെ നിരുത്സാഹപ്പെടുത്താൻ അവർ അനുവദിച്ചിട്ടില്ല. അതുകൊണ്ട്, ഇന്നു മിക്ക ദേശങ്ങളിലും വളരെയധികം പ്രബലമായിരിക്കുന്ന, ആത്മീയ കാര്യങ്ങളോടുള്ള ഉദാസീനത നിമിത്തം വേറെ ആടുകളുടെ ഇടയിലുള്ള പുതിയവർ സ്വയം നിരുത്സാഹിതരാകാതിരിക്കട്ടെ. തങ്ങളുടെ ‘കരങ്ങൾ തളരാൻ’ അല്ലെങ്കിൽ അലസരായിരിക്കാൻ അവർ ഒരിക്കലും അനുവദിക്കാതിരിക്കട്ടെ. യഹോവയുടെ ദിവസത്തെയും അതേത്തുടർന്നു വരാൻപോകുന്ന അനുഗ്രഹങ്ങളെയും കുറിച്ചു പഠിക്കുന്നതിനു ചെമ്മരിയാടുതുല്യരായ ആളുകളെ സഹായിക്കാൻ പ്രത്യേകം രൂപസംവിധാനം ചെയ്തിരിക്കുന്ന വീക്ഷാഗോപരവും ഉണരുക!യും മറ്റു നല്ല പ്രസിദ്ധീകരണങ്ങളും സമർപ്പിക്കാനുള്ള എല്ലാ അവസരവും അവർ ഉപയോഗപ്പെടുത്തട്ടെ.
ആ മഹാദിവസത്തിനായി കാത്തിരിക്കവേ മുന്നേറുവിൻ!
18, 19. (എ) സഹിച്ചുനിൽക്കാനുള്ള എന്തു പ്രോത്സാഹനമാണ് മത്തായി 24:13-ലും യെശയ്യാവു 35:3, 4-ലും നാം കാണുന്നത്? (ബി) യഹോവയുടെ സേവനത്തിൽ ഐക്യത്തോടെ മുന്നേറുകയാണെങ്കിൽ നാം എങ്ങനെ അനുഗ്രഹിക്കപ്പെടും?
18 “അവസാനത്തോളം സഹിച്ചുനില്ക്കുന്നവൻ രക്ഷിക്കപ്പെടും” എന്നു യേശു പ്രസ്താവിച്ചു. (മത്തായി 24:13) അതുകൊണ്ട്, നാം യഹോവയുടെ മഹാദിവസത്തിനായി കാത്തിരിക്കുമ്പോൾ ‘തളർന്ന കൈക’ളോ ‘കുഴഞ്ഞ മുഴങ്കാലുക’ളോ ഉണ്ടായിരിക്കാൻ പാടില്ല. (യെശയ്യാവു 35:3, 4) യഹോവയെക്കുറിച്ച് ഉറപ്പേകുംവിധം സെഫന്യാവിന്റെ പ്രവചനം ഇങ്ങനെ പ്രസ്താവിക്കുന്നു: “ശക്തനായ ഒരുവനെപ്പോലെ അവൻ രക്ഷിക്കും.” (സെഫന്യാവ് 3:17, NW) അതേ, തന്റെ ജനത്തിനെതിരെ ‘വമ്പു കാട്ടി’ക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ ജനതകളെ തകർത്തു തരിപ്പണമാക്കാൻ യഹോവ തന്റെ പുത്രനു കൽപ്പന കൊടുക്കവേ, “മഹോപദ്രവ”ത്തിന്റെ അന്തിമ ഘട്ടത്തിലൂടെ “മഹാപുരുഷാര”ത്തെ അവൻ രക്ഷിക്കും.—വെളിപ്പാടു 7:9, 14; സെഫന്യാവു 2:10, 11; സങ്കീർത്തനം 2:7-9.
19 യഹോവയുടെ ആ മഹാദിവസം സമീപിക്കവേ, “തോളോടുതോൾ” ചേർന്ന് അവനെ സേവിച്ചുകൊണ്ട് ഉത്സാഹപൂർവം നമുക്കു മുന്നേറാം. (സെഫന്യാവ് 3:9, NW) അങ്ങനെ ചെയ്യുന്നതിനാൽ, നാമും എണ്ണമറ്റ മറ്റുള്ളവരും ‘യഹോവയുടെ കോപദിവസത്തിൽ മറഞ്ഞിരിക്കാ’വുന്ന ഒരു സ്ഥാനത്തായിരിക്കും. അങ്ങനെ നാം അവന്റെ പവിത്ര നാമത്തിന്റെ വിശുദ്ധീകരണത്തിനു സാക്ഷ്യം വഹിക്കുകയും ചെയ്യും.
[അടിക്കുറിപ്പ]
a “നിർമല ഭാഷ”യെക്കുറിച്ചുള്ള ഒരു പൂർണ ചർച്ചയ്ക്കായി വീക്ഷാഗോപുരത്തിന്റെ 1991 ഏപ്രിൽ 1 ലക്കത്തിന്റെ 20-5 പേജുകളും 1991 മേയ് 1 ലക്കത്തിന്റെ 10-20 പേജുകളും കാണുക.
പുനരവലോകനം
◻ ഏതെല്ലാം കാര്യങ്ങളിലാണു ക്രൈസ്തവലോകത്തിനുള്ളിലെ മതസ്ഥിതിവിശേഷം സെഫന്യാവിന്റെ നാളിലേതിനോട് ഒത്തുവരുന്നത്?
◻ ഇന്നത്തെ അനേകം രാഷ്ട്രീയ നേതാക്കന്മാർക്കും സെഫന്യാവിന്റെ കാലത്തെ ലൗകിക “പ്രഭുക്കന്മാ”രോടു സമാനതയുള്ളത് എങ്ങനെ?
◻ സെഫന്യാവിന്റെ പ്രവചനത്തിലെ ഏതെല്ലാം വാഗ്ദത്തങ്ങൾ ശേഷിപ്പിൽ നിറവേറിയിരിക്കുന്നു?
◻ ദശലക്ഷക്കണക്കിനാളുകൾ തിരിച്ചറിയാനിടയായിരിക്കുന്നത് എന്താണ്?
◻ യഹോവയുടെ സേവനത്തിൽ നമ്മുടെ കരങ്ങൾ തളരാൻ അനുവദിക്കരുതാത്തത് എന്തുകൊണ്ട്?
[15-ാം പേജിലെ ചിത്രം]
സെഫന്യാവിനെപ്പോലെ, അഭിഷിക്ത ക്രിസ്ത്യാനികളുടെ വിശ്വസ്ത ശേഷിപ്പ് യഹോവയുടെ ന്യായവിധികൾ നിർഭയം പ്രഘോഷിച്ചുകൊണ്ടാണിരുന്നിട്ടുള്ളത്
[18-ാം പേജിലെ ചിത്രം]
ആളുകളുടെ ഉദാസീനത തങ്ങളെ നിരുത്സാഹപ്പെടുത്താൻ “വേറെ ആടുകൾ” അനുവദിച്ചിട്ടില്ല