‘യഹോവയുടെ നാമത്തിൽ ശരണം പ്രാപിക്കുക’
‘ഞാൻ താഴ്മയുള്ളോരു ജനത്തെ ശേഷിപ്പിക്കും; അവർ യഹോവയുടെ നാമത്തിൽ ശരണം പ്രാപിക്കും.’—സെഫ. 3:12.
1, 2. ഏത് ആലങ്കാരിക കൊടുങ്കാറ്റ് മനുഷ്യരാശിയുടെമേൽ പെട്ടെന്നുതന്നെ ആഞ്ഞടിക്കും?
ശക്തമായ കാറ്റിലും മഴയിലുംപെട്ട് നനയാതിരിക്കാൻ നിങ്ങൾ എപ്പോഴെങ്കിലും വഴിയോരത്തുള്ള കടത്തിണ്ണയിൽ കയറിനിന്നിട്ടുണ്ടോ? പക്ഷേ, ഒരു ചുഴലിക്കാറ്റാണ് വരുന്നതെങ്കിൽ കടത്തിണ്ണയിൽ കയറിനിന്നിട്ട് കാര്യമില്ല. ഉറപ്പുള്ള കെട്ടിടത്തിൽത്തന്നെ അഭയം തേടണം.
2 ലോകം ഇന്നേവരെ കണ്ടിട്ടില്ലാത്ത മറ്റൊരുതരം കൊടുങ്കാറ്റ് ആഞ്ഞടിക്കാനിരിക്കുകയാണ്. ‘യഹോവയുടെ മഹാദിവസത്തിൽ’ വീശിയടിക്കാനിരിക്കുന്ന ആ ആലങ്കാരിക ‘കൊടുങ്കാറ്റ്’ (പരിശുദ്ധ ബൈബിൾ: ഈസി-റ്റു-റീഡ് വേർഷൻ) സകല മനുഷ്യരെയും ബാധിക്കും. (സെഫന്യാവു 1:14-18 വായിക്കുക.) പക്ഷേ, പെട്ടെന്നുതന്നെ വരാനിരിക്കുന്ന യഹോവയുടെ ആ “ക്രോധദിവസത്തിൽ” നമുക്ക് സംരക്ഷണം നേടാനാകും. എങ്ങനെ?
പണ്ടുകാലത്ത് വീശിയടിച്ച ‘കൊടുങ്കാറ്റുകൾ’
3. പത്തുഗോത്ര ഇസ്രായേലിന്റെമേൽ ഏതു ‘കൊടുങ്കാറ്റാണ്’ ആഞ്ഞുവീശിയത്?
3 വ്യാജമതങ്ങളുടെ നാശത്തോടെ യഹോവയുടെ ദിവസം ആരംഭിക്കും. അപ്പോൾ നാം എവിടെ ശരണം പ്രാപിക്കും? പുരാതനകാലത്തെ ദൈവജനത്തിന്റെ ചരിത്രം പരിശോധിച്ചാൽ അതിനുള്ള ഉത്തരം കണ്ടെത്താം. ബി.സി. എട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന യെശയ്യാ പ്രവാചകൻ, വിശ്വാസത്യാഗം ഭവിച്ച പത്തുഗോത്ര ഇസ്രായേലിന്റെമേൽ യഹോവ നടത്താനിരുന്ന ന്യായവിധിയെ ‘കൊടുങ്കാറ്റിനോടാണ്’ ഉപമിച്ചത്. അതു തടയാൻ ആർക്കും കഴിയുമായിരുന്നില്ല. (യെശയ്യാവു 28:1, 2 വായിക്കുക.) ബി.സി. 740-ൽ അസീറിയ പത്തുഗോത്ര രാജ്യത്തെ പിടിച്ചടക്കിയപ്പോൾ ഈ പ്രവചനം നിവൃത്തിയേറി. പത്തുഗോത്രത്തിൽ മുന്നിട്ടുനിന്നത് എഫ്രയീമായിരുന്നു.
4. ബി.സി. 607-ൽ യെഹൂദയുടെമേൽ “യഹോവയുടെ മഹാദിവസം” വന്നെത്തിയത് എങ്ങനെ?
4 അവിശ്വസ്ത ഇസ്രായേലിന്റെമേൽ ന്യായവിധി നടപ്പാക്കപ്പെട്ടതിനുശേഷം ബി.സി. 607-ൽ യെഹൂദയുടെമേലും “യഹോവയുടെ മഹാദിവസം” വന്നെത്തി. യെഹൂദാനിവാസികൾ വിശ്വാസത്യാഗികൾ ആയിത്തീർന്നതിന്റെ അനന്തരഫലമായിരുന്നു അത്. നെബൂഖദ്നേസർ രാജാവിന്റെ കീഴിലുള്ള ബാബിലോൺ സൈന്യം യെഹൂദയ്ക്കും തലസ്ഥാനനഗരിയായ യെരുശലേമിനും എതിരെ വന്നു. യെഹൂദാനിവാസികളാകട്ടെ, സഹായത്തിനായി നോക്കിയത് ഈജിപ്റ്റിലേക്കാണ്. പക്ഷേ അത് വെറും ‘വ്യാജശരണമായിരുന്നു.’ ബാബിലോണിയർ ഒരു കന്മഴയാലെന്നപോലെ ആ “ഒളിപ്പിടത്തെ” ഒഴുക്കിക്കൊണ്ടുപോയി.—യെശ. 28:14, 17.
5. വ്യാജമതങ്ങളെല്ലാം നശിപ്പിക്കപ്പെടുമ്പോൾ ദൈവജനത്തിന് എന്തു പ്രതീക്ഷിക്കാം?
5 വിശ്വാസത്യാഗം ഭവിച്ച ക്രൈസ്തവലോകത്തിന്മേൽ വരാനിരിക്കുന്ന നാശത്തിന്റെ ചെറിയ ഒരു പതിപ്പായിരുന്നു അന്ന് ആ സംഭവിച്ചത്. വ്യാജമതലോകസാമ്രാജ്യമായ ‘മഹതിയാം ബാബിലോണിന്റെ’ ശിഷ്ടഭാഗവും ഇതുപോലെ നശിപ്പിക്കപ്പെടും. സാത്താന്റെ ദുഷ്ടവ്യവസ്ഥിതിയുടെ ശേഷിക്കുന്ന ഭാഗത്തിന്റെയും ഭാവി മറ്റൊന്നായിരിക്കില്ല. എന്നാൽ യഹോവയെ ശരണമാക്കിയിരിക്കുന്നതിനാൽ അവന്റെ ജനം രക്ഷപ്രാപിക്കും.—വെളി. 7:14; 18:2, 8; 19:19-21.
എല്ലാവിധത്തിലും സംരക്ഷണം
6. യഹോവയുടെ ജനത്തിന് സംരക്ഷണം നേടാൻ കഴിയുന്നത് എങ്ങനെ?
6 ഇപ്പോൾ ഈ അന്ത്യകാലത്ത് ദൈവജനത്തിന് സംരക്ഷണം നേടാൻ കഴിയുന്നത് എങ്ങനെ? പ്രാർഥനാപൂർവം ദൈവത്തിന്റെ ‘നാമത്തെ സ്മരിക്കുകയും’ അവനെ തീക്ഷ്ണതയോടെ ‘സേവിക്കുകയും’ ചെയ്യുന്നെങ്കിൽ നമുക്ക് ആത്മീയ സംരക്ഷണം നേടാനാകും. (മലാഖി 3:16-18 വായിക്കുക.) “യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുന്ന ഏവനും രക്ഷിക്കപ്പെടും” എന്നാണ് റോമർ 10:13 പറയുന്നത്. യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുന്നതും രക്ഷയ്ക്ക് അനിവാര്യമാണെന്നു വ്യക്തം. അതെ, അവന്റെ നാമത്തെ സ്മരിക്കുകയും അതോടൊപ്പം അവനെ സേവിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു. മലാഖി പ്രവചിച്ചതുപോലെ, യഹോവയുടെ ‘നാമത്തെ സ്മരിക്കുകയും’ അവന്റെ സാക്ഷികളായി സേവിക്കുകയും ചെയ്യുന്നവരും അവനെ സേവിക്കാത്ത മറ്റുള്ളവരും തമ്മിലുള്ള വ്യത്യാസം ആത്മാർഥരായ അനേകം ആളുകൾ ഇന്നു കാണുന്നു.
7, 8. ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികൾക്ക് സംരക്ഷണം ലഭിച്ചത് എങ്ങനെ, ഇന്ന് അതിന് എന്തു സമാനതയുണ്ട്?
7 ആത്മീയ സംരക്ഷണം മാത്രമല്ല ദൈവം നമുക്ക് ഉറപ്പുനൽകുന്നത്. ശാരീരിക സംരക്ഷണവും ദൈവം തന്റെ ജനത്തിനു വാഗ്ദാനം ചെയ്യുന്നു. സെസ്റ്റ്യസ് ഗാലസിന്റെ നേതൃത്വത്തിലുള്ള റോമൻ സൈന്യം എ.ഡി. 66-ൽ യെരുശലേമിനെ ആക്രമിച്ച സംഭവത്തിൽനിന്ന് ഇതു മനസ്സിലാക്കാം. ആ കഷ്ടകാലം “ചുരുക്കപ്പെടും” എന്ന് യേശു മുൻകൂട്ടിപ്പറഞ്ഞിരുന്നു. (മത്താ. 24:15, 16, 21, 22) ഉപരോധം നിറുത്തി റോമൻ സൈന്യം അപ്രതീക്ഷിതമായി പിൻവാങ്ങിയപ്പോൾ അത് നിവൃത്തിയേറി. സത്യക്രിസ്ത്യാനികൾക്ക് രക്ഷപെടാൻ അങ്ങനെ കളമൊരുങ്ങി. നഗരവും പ്രാന്തപ്രദേശവും വിട്ട് ഓടിപ്പോകാൻ അവർക്കു കഴിഞ്ഞു. ചിലർ യോർദാൻനദി കടന്ന് കിഴക്കുള്ള മലകളിൽ അഭയം പ്രാപിച്ചു.
8 അന്നത്തെ ക്രിസ്ത്യാനികൾക്ക് സംഭവിച്ചതും ഇന്നത്തെ ദൈവജനത്തിന്റെ സാഹചര്യവും തമ്മിൽ സമാനതയുണ്ട്. അന്ന് ആ ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികൾ മലകളിൽ അഭയം തേടിയതുപോലെ ഇന്നത്തെ ദൈവദാസന്മാരും ഒരു സുരക്ഷിതസ്ഥാനത്ത് അഭയം തേടും. എന്നാൽ സത്യക്രിസ്ത്യാനികൾ ഇന്ന് ലോകമെമ്പാടും ഉള്ളതിനാൽ ഏതെങ്കിലും ഒരു പ്രത്യേക സ്ഥലത്തേക്ക് അവർ ഓടിപ്പോകേണ്ടിവരില്ല. പകരം, യഹോവയിലും അവന്റെ പർവതതുല്യമായ സംഘടനയിലും ആയിരിക്കും അവർ അഭയം പ്രാപിക്കുക. അങ്ങനെ, ‘തിരഞ്ഞെടുക്കപ്പെട്ടവരും’ അവരുടെ വിശ്വസ്ത സഹകാരികളും വിശ്വാസത്യാഗം ഭവിച്ച ക്രൈസ്തവലോകത്തിന്റെ നാശത്തെ അതിജീവിക്കും.
9. ദൈവനാമം വിസ്മൃതിയിലാഴ്ത്താൻ ആരാണ് ശ്രമിച്ചിരിക്കുന്നത്? ഒരു ഉദാഹരണം നൽകുക.
9 വിശ്വാസികളെ ആത്മീയ അന്ധകാരത്തിൽ തളച്ചിടുകയും ദൈവനാമത്തോട് വെറുപ്പുകാണിക്കുകയും ചെയ്യുന്ന ക്രൈസ്തവലോകം എന്തുകൊണ്ടും നാശം അർഹിക്കുന്നു. മധ്യയുഗത്തിൽ (എ.ഡി. 500 മുതൽ ഏതാണ്ട് എ.ഡി. 1500 വരെ) ദൈവത്തിന്റെ നാമം യൂറോപ്പിൽ വ്യാപകമായി പ്രചാരത്തിലുണ്ടായിരുന്നു. “ചതുരക്ഷരി” എന്നറിയപ്പെടുന്ന, എബ്രായ അക്ഷരങ്ങളിൽ എഴുതിയിരുന്ന ദൈവനാമത്തെ YHWH (അല്ലെങ്കിൽ JHVH) എന്നാണ് പൊതുവെ ഇംഗ്ലീഷിൽ ലിപ്യന്തരണം ചെയ്തുവരുന്നത്. നാണയങ്ങളിലും വീടുകളുടെ മുൻഭാഗത്തും പല പുസ്തകങ്ങളിലും ബൈബിളുകളിലും എന്തിന്, ചില കത്തോലിക്കാ, പ്രൊട്ടസ്റ്റന്റ് പള്ളികളിലും ആ നാമം സ്ഥാനം പിടിച്ചിരുന്നു. എന്നാൽ ദൈവനാമം ബൈബിൾ ഭാഷാന്തരങ്ങളിൽനിന്നും മറ്റെല്ലായിടത്തുനിന്നും മാറ്റാനുള്ള നീക്കങ്ങളാണ് സമീപകാലങ്ങളിൽ നടന്നുവരുന്നത്. അതിന്റെ ഒരു സൂചനയാണ് 2008 ജൂൺ 29-ന് കത്തോലിക്കാസഭ ബിഷപ്പുമാർക്ക് അയച്ച കത്ത്. അതിൽ, ചതുരക്ഷരിയും ദൈവനാമത്തിന്റെ മറ്റു രൂപങ്ങളും നീക്കി തത്സ്ഥാനത്ത് “കർത്താവ്” എന്ന് ഉപയോഗിക്കാനുള്ള നിർദേശം ഉണ്ടായിരുന്നു. മതശുശ്രൂഷകൾക്കിടയിലുള്ള പാട്ടുകളിലും പ്രാർഥനകളിലുമൊന്നും ദൈവനാമം ഉപയോഗിക്കരുതെന്ന് വത്തിക്കാൻ നിർദേശിച്ചു. ക്രൈസ്തവലോകത്തിന് അകത്തും പുറത്തും ഉള്ള മറ്റു മതനേതാക്കളും സത്യദൈവം ആരാണെന്ന് ജനങ്ങൾക്കു പറഞ്ഞുകൊടുക്കുന്നില്ല. അതുകൊണ്ട് ഇന്ന് ലക്ഷോപലക്ഷം ജനങ്ങളാണ് ദൈവം ആരാണെന്ന് അറിയാതെ ഉഴലുന്നത്.
ദിവ്യനാമത്തെ ആദരിക്കുന്നവർക്ക് സംരക്ഷണം
10. ദൈവത്തിന്റെ നാമം ഇന്ന് ആദരിക്കപ്പെടുന്നത് എങ്ങനെ?
10 മറ്റു മതസ്ഥരിൽനിന്നു വ്യത്യസ്തരായി യഹോവയുടെ സാക്ഷികൾ ദിവ്യനാമത്തെ ആദരിക്കുകയും മഹത്ത്വീകരിക്കുകയും ചെയ്യുന്നു. ആദരണീയമായ വിധത്തിൽ അത് ഉപയോഗിച്ചുകൊണ്ട് അവർ അതിനെ വിശുദ്ധീകരിക്കുന്നു. തന്നിൽ ആശ്രയിക്കുന്നവരെ യഹോവ സ്നേഹിക്കുന്നതിനാൽ അവരെ അനുഗ്രഹിക്കാനും സംരക്ഷിക്കാനും വേണ്ടി എന്തുമായിത്തീരാൻ അവൻ സന്നദ്ധനാണ്. അതെ, “തങ്കൽ ആശ്രയിക്കുന്നവരെ അവൻ അറിയുന്നു.”—നഹൂം 1:7; പ്രവൃ. 15:14.
11, 12. (എ) പുരാതന യെഹൂദയിൽ യഹോവയുടെ നാമം ഉയർത്തിപ്പിടിച്ചത് ആരാണ്? (ബി) ആധുനിക കാലത്ത് ആരാണ് അത് ചെയ്തിരിക്കുന്നത്?
11 പുരാതന യെഹൂദയിലെ മിക്കവരും വിശ്വാസത്യാഗികളായിത്തീർന്നപ്പോഴും “യഹോവയുടെ നാമത്തിൽ ശരണം” പ്രാപിച്ച ചിലർ അവിടെ ഉണ്ടായിരുന്നു. (സെഫന്യാവു 3:12, 13 വായിക്കുക.) അവിശ്വാസികളായിത്തീർന്ന യെഹൂദജനതയെ ശിക്ഷിക്കുന്നതിനായി ആ ദേശം കീഴടക്കാനും അതിലെ ജനങ്ങളെ അടിമകളായി പിടിച്ചുകൊണ്ടുപോകാനും ബാബിലോണിയരെ ദൈവം അനുവദിച്ചപ്പോൾ യിരെമ്യാവ്, ബാരൂക്, ഏബെദ്-മേലെക് എന്നിങ്ങനെ ചിലർ സംരക്ഷിക്കപ്പെട്ടു. വിശ്വാസത്യാഗം ഭവിച്ച ഒരു ജനത്തിനു “നടുവിൽ” യഹോവയുടെ നാമം ഉയർത്തിപ്പിടിച്ചവരായിരുന്നു അവർ. ബാബിലോണിയർ അടിമകളായി കൊണ്ടുപോയവരിൽ ചിലരും തങ്ങളുടെ വിശ്വസ്തത കാത്തു. ബി.സി. 539-ൽ കോരെശിന്റെ നേതൃത്വത്തിൽ മേദോ-പേർഷ്യൻ സൈന്യം ബാബിലോണിനെ കീഴടക്കി. യെഹൂദജനതയെ സ്വദേശത്തേക്കു തിരിച്ചയയ്ക്കാൻ കോരെശ് വൈകാതെ ഉത്തരവ് പുറപ്പെടുവിച്ചു.
12 സത്യാരാധനയുടെ പുനഃസ്ഥാപനത്തിനു സാക്ഷ്യംവഹിച്ച ആ ജനത്തെക്കുറിച്ച്, യഹോവ അവരെ രക്ഷിക്കുമെന്നും അവരിൽ സന്തോഷിക്കുമെന്നും സെഫന്യാവു പ്രവചിച്ചിരുന്നു. (സെഫന്യാവു 3:14-17 വായിക്കുക.) നമ്മുടെ കാലത്തും ഇത് സത്യമായി. ദൈവരാജ്യം സ്വർഗത്തിൽ സ്ഥാപിതമായശേഷം, ഭൂമിയിൽ ശേഷിച്ച വിശ്വസ്തരായ അഭിഷിക്തരെ യഹോവ മഹാബാബിലോണിന്റെ ആത്മീയ അടിമത്തത്തിൽനിന്നു വിടുവിച്ചു. ഇന്നുവരെ ‘അവൻ അവരിൽ സന്തോഷിക്കുന്നു.’
13. സകല ദേശങ്ങളിൽനിന്നുമുള്ള സൗമ്യരായവർ എന്തു സ്വാതന്ത്ര്യം ആസ്വദിക്കുന്നു?
13 ഭൂമിയിൽ എന്നേക്കും ജീവിക്കാൻ പ്രത്യാശയുള്ളവരും മഹാബാബിലോണിനു പുറത്തുകടന്നിരിക്കുന്നു; വ്യാജമതോപദേശങ്ങൾ ഉപേക്ഷിച്ചിരിക്കുന്ന അവർ ഇന്ന് ആത്മീയ സ്വാതന്ത്ര്യം ആസ്വദിക്കുകയാണ്. (വെളി. 18:4) അങ്ങനെ, ‘ഭൂമിയിലെ സകല സൗമ്യന്മാരുമായുള്ളോരേ, (യഹോവയെ) അന്വേഷിപ്പിൻ’ എന്ന സെഫന്യാവു 2:3-ലെ വാക്കുകൾ വലിയൊരളവിൽ നിവൃത്തിയേറുന്നത് നാം ഇന്നു കാണുന്നു. സ്വർഗീയ പ്രത്യാശയുള്ളവരായാലും ഭൗമിക പ്രത്യാശയുള്ളവരായാലും ശരി, സകല ദേശങ്ങളിൽനിന്നുമുള്ള സൗമ്യരായ ആളുകൾ യഹോവയുടെ നാമത്തിൽ ശരണം പ്രാപിക്കുകയാണ്.
ദിവ്യനാമം ഒരു രക്ഷാമന്ത്രമല്ല
14, 15. (എ) ചിലർ രക്ഷയ്ക്കായി എന്തിനെയെല്ലാം ശരണമാക്കിയിട്ടുണ്ട്? (ബി) രക്ഷാമന്ത്രമായി എന്ത് ഉപയോഗിക്കരുത്?
14 നിയമപെട്ടകത്തിന് തങ്ങളെ യുദ്ധത്തിൽ സംരക്ഷിക്കാനുള്ള ശക്തിയുണ്ടെന്ന് ഒരിക്കൽ ഇസ്രായേല്യർ കരുതി. (1 ശമൂ. 4:3, 10, 11) അതുപോലെ, ദൈവാലയം തങ്ങളെ ശത്രുക്കളിൽനിന്ന് രക്ഷിക്കുമെന്നു വിശ്വസിച്ച ചില ഇസ്രായേല്യർ പിൽക്കാലത്ത് ഉണ്ടായിരുന്നു. (യിരെ. 7:1-4) മഹാനായ കോൺസ്റ്റന്റൈൻ തന്റെ പടയാളികളുടെ പരിചയിൽ കയ്, റോ എന്നീ രണ്ട് അക്ഷരങ്ങൾ വരപ്പിക്കുകയുണ്ടായി; ഗ്രീക്കിൽ “ക്രിസ്തു” എന്ന വാക്കിന്റെ ആദ്യത്തെ അക്ഷരങ്ങളാണ് അവ. യുദ്ധത്തിൽ അവർക്കു സംരക്ഷണം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം അത് ചെയ്തത്. ‘മുപ്പതുവർഷ യുദ്ധത്തിൽ’ പോരാടിയ സ്വീഡനിലെ രാജാവായിരുന്ന ഗുസ്റ്റാവ് അഡോൾഫ് രണ്ടാമന്റേതെന്നു കരുതപ്പെടുന്ന ഒരു മാർച്ചട്ടയാണ് 7-ാം പേജിൽ കാണിച്ചിരിക്കുന്നത്. അതിൽ യെഹോവ (Iehova) എന്ന് എഴുതിയിരിക്കുന്നതു കാണാം.
15 ഭൂതങ്ങളുടെ ആക്രമണത്തിൽനിന്നു രക്ഷനേടാൻ ദൈവദാസന്മാർ യഹോവയുടെ നാമം ഉറക്കെ വിളിച്ച് അവനെ ശരണം പ്രാപിച്ചിട്ടുണ്ട്. എന്നുവരികിലും ദൈവനാമം എഴുതിയിട്ടുള്ള വസ്തുക്കൾക്ക് അത്ഭുതശക്തി ഉണ്ടെന്ന മട്ടിൽ സംരക്ഷണത്തിനായി അവ ഉപയോഗിക്കുന്നതു ശരിയല്ല. യഹോവയുടെ നാമത്തിൽ ശരണം പ്രാപിക്കുക എന്നാൽ അതല്ല അർഥം.
ഇന്ന് സംരക്ഷണം നേടുന്നതെങ്ങനെ?
16. ഇന്ന് നമുക്കോരോരുത്തർക്കും എങ്ങനെ ആത്മീയ സംരക്ഷണം നേടാനാകും?
16 ദൈവജനം ഒന്നാകെ അനുഭവിക്കുന്ന ആത്മീയ സുരക്ഷിതത്വം നമുക്ക് ഒരു ശരണമാണ്. (സങ്കീ. 91:1) ഈ സുരക്ഷിതവലയത്തിൽനിന്നു പുറത്തുകടക്കാൻ പ്രേരിപ്പിച്ചേക്കാവുന്ന ലോകത്തിന്റെ പ്രവണതകളെക്കുറിച്ച് “വിശ്വസ്തനും വിവേകിയുമായ അടിമ”യിലൂടെയും സഭയിലെ മൂപ്പന്മാരിലൂടെയും നമുക്ക് മുന്നറിയിപ്പുകൾ ലഭിക്കുന്നു. (മത്താ. 24:45-47; യെശ. 32:1, 2) ഭൗതികത്വ ചിന്താഗതിക്കെതിരെ എത്ര കൂടെക്കൂടെയാണ് നമുക്ക് മുന്നറിയിപ്പ് ലഭിക്കുന്നത്! അവ ആത്മീയ അപകടങ്ങളിൽനിന്നു നമ്മെ സംരക്ഷിച്ചിരിക്കുന്നു എന്നതിനു സംശയമില്ല. ‘എങ്ങനെ പോയാലും കുഴപ്പമില്ല’ എന്ന മട്ടിൽ അലംഭാവത്തോടെ ജീവിക്കുന്നവരുടെ കാര്യമോ? ദൈവസേവനത്തിൽ നിഷ്ക്രിയരാകാൻ ഇടയാക്കിയേക്കാവുന്ന ഈ മനോഭാവത്തെക്കുറിച്ച് ദൈവവചനം ഇങ്ങനെ പറയുന്നു: “ഭോഷരുടെ അലംഭാവം തങ്ങളെത്തന്നെ നശിപ്പിക്കും. എന്നാൽ, എന്റെ വാക്ക് ശ്രദ്ധിക്കുന്നവൻ സുരക്ഷിതനായിരിക്കും; അവൻ തിന്മയെ ഭയപ്പെടാതെ സ്വസ്ഥനായിരിക്കും.” (സുഭാ. [സദൃ.] 1:32, 33, പി.ഒ.സി. ബൈബിൾ) ആത്മീയ സുരക്ഷിതത്വം നഷ്ടപ്പെടാതിരിക്കണമെങ്കിൽ നാം ധാർമിക ശുദ്ധി കാത്തുസൂക്ഷിക്കുകയും വേണം.
17, 18. യഹോവയുടെ നാമത്തെ ശരണമാക്കാൻ ദശലക്ഷങ്ങളെ സഹായിക്കുന്നത് എന്താണ്?
17 ഭൂമിയിലെമ്പാടും രാജ്യസുവാർത്ത പ്രസംഗിക്കാൻ വിശ്വസ്ത അടിമ ഇന്നു പ്രോത്സാഹനം നൽകുന്നു. യേശുവിന്റെ ഈ കൽപ്പന അനുസരിക്കുന്നതിലൂടെ, യഹോവയുടെ നാമത്തിൽ ശരണം പ്രാപിക്കാൻ നമുക്ക് ആളുകളെ സഹായിക്കാനാകും. (മത്താ. 24:14; 28:19, 20) ആളുകളിൽ ഉണ്ടാകുന്ന ഒരു പരിവർത്തനത്തെക്കുറിച്ച് സെഫന്യാവു പറയുകയുണ്ടായി: “അപ്പോൾ സകലജാതികളും യഹോവയുടെ നാമത്തെ വിളിച്ചപേക്ഷിച്ചു ഏകമനസ്സോടെ അവനെ സേവിക്കേണ്ടതിന്നു ഞാൻ അവർക്കു നിർമ്മലമായുള്ള അധരങ്ങളെ വരുത്തും (“ഒരു സംശുദ്ധമായ ഭാഷ നൽകും,” ഓശാന ബൈബിൾ അടിക്കുറിപ്പ്).”—സെഫ. 3:9.
18 എന്താണ് ഈ സംശുദ്ധമായ അഥവാ നിർമലമായ ഭാഷ? യഹോവയാംദൈവത്തെയും അവന്റെ ഉദ്ദേശ്യത്തെയും കുറിച്ച് നിശ്വസ്തവചനത്തിൽ അടങ്ങിയിരിക്കുന്ന സത്യമാണ് അത്. ദൈവരാജ്യം എന്താണെന്നും അത് ദൈവത്തിന്റെ നാമം വിശുദ്ധീകരിക്കുന്നത് എങ്ങനെയെന്നും മറ്റുള്ളവർക്കു വിശദീകരിച്ചു കൊടുക്കുമ്പോഴും യഹോവയുടെ പരമാധികാരത്തിന്റെ സംസ്ഥാപനത്തിന് ഊന്നൽനൽകി സംസാരിക്കുമ്പോഴും വിശ്വസ്തരായ മനുഷ്യർ എന്നേക്കും ആസ്വദിക്കാനിരിക്കുന്ന അനുഗ്രഹങ്ങളെക്കുറിച്ച് ഉത്സാഹത്തോടെ പറയുമ്പോഴും നിങ്ങൾ ഒരർഥത്തിൽ ആ ഭാഷ സംസാരിക്കുകയാണ്. അനേകർ ഈ ആലങ്കാരിക ഭാഷ സംസാരിക്കുന്നതിന്റെ ഫലമായി ‘യഹോവയുടെ നാമത്തെ വിളിച്ചപേക്ഷിച്ച് ഏകമനസ്സോടെ അവനെ സേവിക്കേണ്ടതിന്’ കൂടുതൽ ആളുകൾ മുന്നോട്ടുവരുന്നു. അങ്ങനെ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളാണ് ഇന്ന് യഹോവയെ ശരണമാക്കുന്നത്.—സങ്കീ. 1:1, 3.
19, 20. ‘വ്യാജശരണം’ ബൈബിൾക്കാലങ്ങളിൽ വിഫലമായത് എങ്ങനെ?
19 മറികടക്കാനാവില്ല എന്നു തോന്നുന്ന പ്രശ്നങ്ങളുമായി മല്ലിടുന്നവരാണ് ലോകത്തിലുള്ള പലരും. പ്രശ്നപരിഹാരത്തിനായി ചിലർ അപൂർണ മനുഷ്യരിലേക്കു തിരിയുന്നു. രാഷ്ട്രീയ പ്രസ്ഥാനങ്ങളാണ് മറ്റു ചിലരുടെ പ്രത്യാശ. പുരാതന ഇസ്രായേല്യർ സഹായത്തിനായി അയൽരാജ്യങ്ങളിലേക്ക് തിരിയുകയും അവരുമായി സഖ്യതയിൽ ഏർപ്പെടുകയും ചെയ്തതുപോലെയാണ് അത്. എന്നാൽ ഇസ്രായേല്യർക്ക് അതുകൊണ്ട് പ്രയോജനമൊന്നുമുണ്ടായില്ല എന്ന് നമുക്കറിയാം. ഐക്യരാഷ്ട്ര സംഘടനയ്ക്കോ ഏതെങ്കിലും ഒരു രാഷ്ട്രത്തിനോ മനുഷ്യവർഗത്തിന്റെ പ്രശ്നങ്ങൾ പൂർണമായി പരിഹരിക്കാൻ കഴിയില്ല. ആ സ്ഥിതിക്ക് ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തിൽ ആശ്രയിച്ചിട്ട് കാര്യമുണ്ടോ? അവയെ ‘വ്യാജശരണം’ എന്നാണ് ബൈബിൾ പ്രാവചനികമായി വിശേഷിപ്പിച്ചത്. അവ അങ്ങനെതന്നെയാണ്. കാരണം അവയിൽ ആശ്രയിക്കുന്നവർക്കെല്ലാം നിരാശയായിരിക്കും ഫലം.—യെശയ്യാവു 28:15, 17 വായിക്കുക.
20 യഹോവയുടെ ദിവസം പെട്ടെന്നുതന്നെ ഭൂമിയുടെമേൽ കന്മഴപോലെ വന്നുപതിക്കും. അണ്വായുധ ശേഖരമോ ധനമോ ഒന്നും അന്ന് രക്ഷയ്ക്കെത്തില്ല. “കന്മഴ വ്യാജശരണത്തെ നീക്കിക്കളയും; വെള്ളം ഒളിപ്പിടത്തെ ഒഴുക്കി കൊണ്ടുപോകും” എന്ന് യെശയ്യാവു 28:17 പറയുന്നു.
21. ഈ വർഷത്തെ വാർഷിക വാക്യം അനുസരിക്കുന്നത് എന്തു പ്രയോജനം കൈവരുത്തും?
21 ഇപ്പോഴും യഹോവയുടെ മഹാദിവസത്തിലും ദൈവജനം യഹോവയിൽ അഭയം പ്രാപിക്കും; അവൻ അവരെ സംരക്ഷിക്കും. “യഹോവ മറച്ചിരിക്കുന്നു” എന്ന് അർഥമുള്ള സെഫന്യാവിന്റെ പേര് അതാണ് വ്യക്തമാക്കുന്നത്. ‘യഹോവയുടെ നാമത്തിൽ ശരണം പ്രാപിക്കുക’ എന്ന 2011-ലെ വാർഷിക വാക്യം തികച്ചും അർഥവത്താണ്. (സെഫ. 3:12) യഹോവയിൽ സമ്പൂർണമായി ആശ്രയിച്ചുകൊണ്ട് നാം ഇന്നും അവന്റെ നാമത്തെ ശരണമാക്കണം. (സങ്കീ. 9:10) “യഹോവയുടെ നാമം ബലമുള്ള ഗോപുരം; നീതിമാൻ അതിലേക്കു ഓടിച്ചെന്നു അഭയം പ്രാപിക്കുന്നു” എന്ന നിശ്വസ്ത മൊഴികൾ നമുക്കെപ്പോഴും മനസ്സിൽ സൂക്ഷിക്കാം!—സദൃ. 18:10.
ഓർമിക്കുന്നുവോ?
• യഹോവയുടെ നാമത്തിൽ നമുക്കെങ്ങനെ ഇപ്പോൾ ശരണം പ്രാപിക്കാം?
• ‘വ്യാജശരണത്തിൽ’ ആശ്രയിക്കരുതാത്തത് എന്തുകൊണ്ട്?
• ഭാവിയിൽ നമുക്ക് എന്തു സംരക്ഷണം ലഭിക്കുമെന്നു വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നു?
[6-ാം പേജിലെ ആകർഷകവാക്യം]
2011-ലെ വാർഷിക വാക്യം: ‘യഹോവയുടെ നാമത്തിൽ ശരണം പ്രാപിക്കുക.’ —സെഫന്യാവു 3:12.
[7-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
Thüringer Landesmuseum Heidecksburg Rudolstadt, Waffensammlung “Schwarzburger Zeughaus”