സകലരും യഹോവയെ മഹത്ത്വപ്പെടുത്തട്ടെ!
‘നിങ്ങൾ കിഴക്കു യഹോവയെ മഹത്വപ്പെടുത്തുവിൻ.’—യെശയ്യാവു 24:15.
1. യഹോവയുടെ പ്രവാചകന്മാർ അവന്റെ നാമത്തെ എങ്ങനെയാണു കരുതിയത്, ഇന്നു ക്രൈസ്തവലോകത്തിലുള്ള ഏതു മനോഭാവത്തിൽനിന്ന് അതു വിഭിന്നമാണ്?
യഹോവ—ദൈവത്തിന്റെ വിശ്രുത നാമം! ആ നാമത്തിൽ സംസാരിക്കാൻ പുരാതനകാലത്തെ വിശ്വസ്ത പ്രവാചകന്മാർക്ക് എത്ര സന്തോഷമായിരുന്നു! തങ്ങളുടെ പരമാധീശ കർത്താവായ യഹോവയെ അവർ ആഹ്ലാദത്തോടെ മഹത്ത്വപ്പെടുത്തി. അവന്റെ നാമം അവനെ മഹാ ഉദ്ദേഷ്ടാവ് എന്നനിലയിൽ തിരിച്ചറിയിക്കുന്നു. (യെശയ്യാവു 40:5; യിരെമ്യാവു 10:6, 10; യെഹെസ്കേൽ 36:23) ചെറിയ പ്രവാചകന്മാർ എന്നു വിളിക്കപ്പെട്ടവർ പോലും ഉച്ചസ്വരത്തിൽ യഹോവയ്ക്കു മഹത്ത്വമേകി. അവരിലൊരുവനായിരുന്നു ഹഗ്ഗായി. വെറും 38 വാക്യങ്ങളുള്ള ഹഗ്ഗായിയുടെ പുസ്തകത്തിൽ ദൈവനാമം 35 പ്രാവശ്യം ഉപയോഗിച്ചിരിക്കുന്നു. ക്രൈസ്തവലോകത്തിലെ അതിശ്രേഷ്ഠ അപ്പോസ്തലന്മാർ തങ്ങളുടെ ബൈബിൾ ഭാഷാന്തരങ്ങളിൽ പരിഭാഷപ്പെടുത്തുന്നതുപോലെ യഹോവ എന്ന വിശിഷ്ട നാമത്തിന്റെ സ്ഥാനത്ത് “കർത്താവ്” എന്നു ചേർക്കുമ്പോൾ, അത്തരം പ്രവചനം ഓജസറ്റതായിത്തീരുന്നു.—2 കൊരിന്ത്യർ 11:5 താരതമ്യം ചെയ്യുക.
2, 3. (എ) ഇസ്രായേലിന്റെ പുനഃസ്ഥിതീകരണം സംബന്ധിച്ച ഒരു ശ്രദ്ധേയമായ പ്രവചനം എങ്ങനെ നിവൃത്തിയായി? (ബി) യഹൂദശേഷിപ്പും അവരുടെ സഹകാരികളും ഏതു സന്തോഷത്തിൽ പങ്കുപറ്റി?
2 യെശയ്യാവു 12:2-ൽ ആ നാമത്തിന്റെ ഇരട്ട രൂപം ഉപയോഗിച്ചിരിക്കുന്നു.a പ്രവാചകൻ ഇങ്ങനെ പ്രഘോഷിക്കുന്നു: “ഇതാ, ദൈവം എന്റെ രക്ഷ; യഹോവയായ യാഹ് എന്റെ ബലവും എന്റെ ഗീതവും ആയിരിക്കകൊണ്ടും അവൻ എന്റെ രക്ഷയായ്തീർന്നിരിക്കകൊണ്ടും ഞാൻ ഭയപ്പെടാതെ ആശ്രയിക്കും.” (യെശയ്യാവു 26:4 കൂടെ കാണുക.) അങ്ങനെ, ബാബിലോന്യ പ്രവാസത്തിൽനിന്ന് ഇസ്രായേലിനെ വിടുവിക്കുന്നതിന് 200-ഓളം വർഷങ്ങൾക്കു മുമ്പ്, താൻ അവരുടെ ശക്തനായ രക്ഷകനാണെന്നു പ്രവാചകനായ യെശയ്യാവിലൂടെ യഹോവയായ യാഹ് ഉറപ്പു നൽകുകയായിരുന്നു. ആ പ്രവാസം പൊ.യു.മു. (പൊതുയുഗത്തിനുമുമ്പ്) 607 മുതൽ പൊ.യു.മു. 537 വരെ നീണ്ടുനിൽക്കേണ്ടിയിരുന്നു. യെശയ്യാവ് ഇങ്ങനെയും എഴുതി: “യഹോവയായ ഞാൻ സകലവും ഉണ്ടാക്കുന്നു; . . . കോരെശ് എന്റെ ഇടയൻ അവൻ എന്റെ ഹിതമൊക്കെയും നിവർത്തിക്കും എന്നും യെരൂശലേം പണിയപ്പെടും, മന്ദിരത്തിന്നു അടിസ്ഥാനം ഇടും എന്നും ഞാൻ കല്പിക്കുന്നു.” ഈ കോരെശ് ആരായിരുന്നു? പേർഷ്യയുടെ രാജാവായ കോരെശാണ് അവനെന്നു തെളിഞ്ഞതു ശ്രദ്ധേയമായിരുന്നു. അവൻ പൊ.യു.മു. 539-ൽ ബാബിലോനെ ജയിച്ചടക്കി.—യെശയ്യാവു 44:24, 28.
3 യെശയ്യാവ് രേഖപ്പെടുത്തിയ യഹോവയുടെ വാക്കുകളുടെ നിവൃത്തിയായി കോരെശ്, ബന്ദികളായ ഇസ്രായേല്യർക്ക് ഈ കൽപ്പന നൽകി: “നിങ്ങളിൽ അവന്റെ ജനമായിട്ടു ആരെങ്കിലും ഉണ്ടെങ്കിൽ അവന്റെ ദൈവം അവനോടുകൂടെ ഇരിക്കുമാറാകട്ടെ; അവൻ യെഹൂദയിലെ യെരൂശലേമിലേക്കു യാത്രപുറപ്പെട്ടു യിസ്രായേലിന്റെ ദൈവമായ യഹോവെക്കു ആലയം പണിയട്ടെ; അവനല്ലോ യെരൂശലേമിലെ ദൈവം.” അതീവ സന്തുഷ്ടരായ ഒരു യഹൂദശേഷിപ്പ് ഇസ്രായേല്യേതര നെഥിനിമിനോടും ശലോമോന്റെ ദാസന്മാരുടെ പുത്രന്മാരോടുമൊപ്പം യെരൂശലേമിലേക്കു മടങ്ങി. പൊ.യു.മു. 537-ലെ കൂടാരപ്പെരുന്നാൾ ആഘോഷിക്കത്തക്കവണ്ണം യഥാസമയത്ത് എത്തിച്ചേർന്ന അവർ യഹോവയുടെ ബലിപീഠത്തിൽ അവനു യാഗങ്ങൾ അർപ്പിച്ചു. പിറ്റേ വർഷം, രണ്ടാം മാസം യഹോവയെ സ്തുതിച്ച്, അത്യുച്ചത്തിൽ ആർത്തുഘോഷിച്ചുകൊണ്ട് അവർ രണ്ടാമത്തെ ആലയത്തിനുള്ള അസ്തിവാരമിട്ടു.—എസ്രാ 1:1-4; 2:1, 2, 43, 55; 3:1-6, 8, 10-13.
4. യെശയ്യാവു 35-ഉം 55-ഉം അധ്യായങ്ങൾ ഒരു യാഥാർഥ്യമായിത്തീർന്നതെങ്ങനെ?
4 യഹോവയുടെ പുനഃസ്ഥിതീകരണ പ്രവചനം മഹത്ത്വപൂർണമായ വിധത്തിൽ ഇസ്രായേലിൽ നിവൃത്തിയേറേണ്ടിയിരുന്നു: “മരുഭൂമിയും വരണ്ട നിലവും ആനന്ദിക്കും; നിർജ്ജനപ്രദേശം ഉല്ലസിച്ചു പനിനീർപുഷ്പം പോലെ പൂക്കും. . . . അവർ യഹോവയുടെ മഹത്വവും നമ്മുടെ ദൈവത്തിന്റെ തേജസ്സും കാണും.” “നിങ്ങൾ സന്തോഷത്തോടെ പുറപ്പെടും; സമാധാനത്തോടെ നിങ്ങളെ പറഞ്ഞയക്കും; മലകളും കുന്നുകളും നിങ്ങളുടെ മുമ്പിൽ പൊട്ടി ആർക്കും; . . . അതു യഹോവെക്കു ഒരു കീർത്തിയായും ഛേദിക്കപ്പെടാത്ത ശാശ്വതമായോരു അടയാളമായും ഇരിക്കും.”—യെശയ്യാവു 35:1, 2; 55:12, 13.
5. ഇസ്രായേലിന്റെ സന്തോഷം താത്കാലികമായിരുന്നത് എന്തുകൊണ്ട്?
5 എങ്കിലും, ആ സന്തോഷം താത്കാലികമായിരുന്നു. അയൽവാസികളായ ജനങ്ങൾ ആലയനിർമാണത്തിനു സമ്മിശ്രവിശ്വാസത്തിന്റേതായ സഖ്യം തേടി. ആദ്യമൊക്കെ യഹൂദർ ഉറച്ചുനിന്നു. അവർ ഇങ്ങനെ പ്രഖ്യാപിച്ചു: “ഞങ്ങളുടെ ദൈവത്തിന്റെ ആലയം പണിയുന്നതിൽ നിങ്ങൾക്കു ഞങ്ങളുമായി കാര്യമൊന്നുമില്ല; പാർസിരാജാവായ കോരെശ്രാജാവു ഞങ്ങളോടു കല്പിച്ചതുപോലെ ഞങ്ങൾ തന്നേ യിസ്രായേലിന്റെ ദൈവമായ യഹോവെക്കു അതു പണിതുകൊള്ളാം.” ആ അയൽക്കാർ ബദ്ധവിരോധികളായി മാറി. അവർ “യെഹൂദാജനത്തിന്നു ധൈര്യക്ഷയം വരുത്തി പണിയാതിരിക്കേണ്ടതിന്നു അവരെ പേടിപ്പിച്ചു.” അതു മാത്രമല്ല, അവർ കോരെശിന്റെ പിൻഗാമിയായ അർഥഹ്ശഷ്ടാവിന് തെറ്റായ വിവരങ്ങൾ നൽകി. അങ്ങനെ ആലയനിർമാണം നിരോധിക്കുന്നതിന് അവൻ കൽപ്പന പുറപ്പെടുവിക്കുകയും ചെയ്തു. (എസ്രാ 4:1-24) 17 വർഷത്തോളം വേല സ്തംഭിച്ചു. ദുഃഖകരമെന്നു പറയട്ടെ, അക്കാലത്ത് യഹൂദർ ഭൗതികത്വ ജീവിതഗതിയിലേക്ക് വീണുപോയി.
“സൈന്യങ്ങളുടെ യഹോവ” സംസാരിക്കുന്നു
6. (എ) ഇസ്രായേലിലെ സാഹചര്യത്തോട് യഹോവ എങ്ങനെ പ്രതികരിച്ചു? (ബി) ഹഗ്ഗായിയുടെ നാമത്തിന്റെ പ്രത്യക്ഷ അർഥം ഉചിതമായിരിക്കുന്നത് എന്തുകൊണ്ട്?
6 അപ്പോൾപോലും, യഹൂദരിൽ ഉത്തരവാദിത്വങ്ങൾ സംബന്ധിച്ച് ഉണർവുണ്ടാക്കുന്നതിന് പ്രവാചകന്മാരെ, പ്രത്യേകിച്ച് ഹഗ്ഗായിയെയും സെഖര്യാവിനെയും, അയച്ചുകൊണ്ട് യഹോവ ‘തന്റെ ബലവും ശക്തിയും’ പ്രകടമാക്കി. ഹഗ്ഗായിയുടെ പേര് ഉത്സവത്തോടു ബന്ധപ്പെട്ടിരുന്നു, കാരണം “ഉത്സവനാളിൽ ജനിച്ചവൻ” എന്ന് അതിന് അർഥമുള്ളതായി തോന്നുന്നു. അവൻ പ്രവചിക്കൽ തുടങ്ങിയത് കൂടാരപ്പെരുന്നാൾ മാസത്തിന്റെ ഒന്നാം ദിവസമായിരുന്നുവെന്നത് ഉചിതമായിരുന്നു. ആ സമയത്ത് “വേണ്ടുംവണ്ണം സന്തോഷിക്കേണ”മെന്ന് യഹൂദന്മാരോട് ആവശ്യപ്പെട്ടിരുന്നു. (ആവർത്തനപുസ്തകം 16:15) ഹഗ്ഗായിയിലൂടെ, 112 ദിവസം നീണ്ടുനിന്ന കാലയളവിൽ, യഹോവ നാലു സന്ദേശങ്ങൾ നൽകി.—ഹഗ്ഗായി 1:1; 2:1, 10, 20.
7. ഹഗ്ഗായിയുടെ പ്രാരംഭവാക്കുകൾ നമുക്കു പ്രോത്സാഹനമായിരിക്കേണ്ടത് എങ്ങനെയാണ്?
7 തന്റെ പ്രവചനം അവതരിപ്പിച്ചുകൊണ്ട് ഹഗ്ഗായി ഇപ്രകാരം പറഞ്ഞു: “സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു.” (ഹഗ്ഗായി 1:2എ) ആ ‘സൈന്യങ്ങൾ’ ആരായിരിക്കും? അവർ യഹോവയുടെ ദൂതസംഘങ്ങളാണ്. ബൈബിളിൽ ചിലപ്പോൾ സേനകൾ എന്ന് അവയെ പരാമർശിച്ചിരിക്കുന്നു. (ഇയ്യോബ് 1:6; 2:1; സങ്കീർത്തനം 103:20, 21; മത്തായി 26:53) ഭൂമിയിൽ സത്യാരാധന പുനഃസ്ഥാപിക്കുകയെന്ന നമ്മുടെ വേലയ്ക്കു നേതൃത്വം നൽകാൻ പരമാധീശകർത്താവായ യഹോവതന്നെ ഈ അദൃശ്യസേനകളെ ഉപയോഗിക്കുന്നുവെന്നത് ഇന്നു നമുക്കു പ്രോത്സാഹനമേകുന്നില്ലേ?—2 രാജാക്കന്മാർ 6:15-17 താരതമ്യം ചെയ്യുക.
8. ഇസ്രായേലിനെ ഏതു വീക്ഷണഗതി സ്വാധീനിച്ചു, ഫലമെന്തായിരുന്നു?
8 ഹഗ്ഗായിയുടെ ആദ്യ സന്ദേശത്തിന്റെ ഉള്ളടക്കമെന്തായിരുന്നു? ജനം ഇങ്ങനെ പറഞ്ഞിരുന്നു: ‘യഹോവയുടെ ആലയം പണിവാനുള്ള കാലം വന്നിട്ടില്ല.’ ദിവ്യാരാധനയുടെ പുനഃസ്ഥിതീകരണത്തെ പ്രതിനിധീകരിക്കുന്ന ആലയനിർമാണം മേലാൽ അവരുടെ മുഖ്യതാത്പര്യമല്ലാതായി. തങ്ങൾക്കായി കൊട്ടാരസമാന ഭവനങ്ങൾ പണിയുന്നതിലേക്ക് അവർ തിരിഞ്ഞു. ഭൗതികത്വ വീക്ഷണം യഹോവയുടെ ആരാധനയോടുള്ള അവരുടെ ഉത്സാഹത്തിനു മങ്ങലേൽപ്പിച്ചു. തത്ഫലമായി, അവന്റെ അനുഗ്രഹം ലഭിക്കാതായി, അവരുടെ വയലുകൾ ഫലം തരാതായി, അവർക്ക് അതിശൈത്യത്തെ ചെറുക്കാൻ വസ്ത്രമില്ലാതായി. അവരുടെ വരുമാനം തുച്ഛമായിത്തീർന്നിരുന്നു, പാടേ തുളകൾ വീണ സഞ്ചിയിൽ പണം ഇടുന്നതുപോലെ ആയിരുന്നു അത്.—ഹഗ്ഗായി 1:2ബി-6.
9. ശക്തവും പരിപുഷ്ടിപ്പെടുത്തുന്നതുമായ ഏത് അനുശാസനമാണ് യഹോവ നൽകിയത്?
9 “നിങ്ങളുടെ വഴികളെ വിചാരിച്ചുനോക്കുവിൻ” എന്ന് രണ്ടു തവണ യഹോവ ശക്തമായ അനുശാസനം നൽകി. സ്പഷ്ടമായും, യെരുശലേമിന്റെ ഗവർണറായ സെരുബ്ബാബേലും മഹാപുരോഹിതനായ യോശുവയുംb പ്രതികരിച്ചു. “തങ്ങളുടെ ദൈവമായ യഹോവയുടെ വാക്കും തങ്ങളുടെ ദൈവമായ യഹോവയുടെ നിയോഗത്തിന്നു ഒത്തവണ്ണം ഹഗ്ഗായിപ്രവാചകന്റെ വചനങ്ങളും കേട്ടനുസരി”ക്കാൻ അവർ ജനത്തെയെല്ലാം പ്രോത്സാഹിപ്പിച്ചു. “ജനം യഹോവയെ ഭയപ്പെടുകയും ചെയ്തു.” മാത്രമല്ല, “യഹോവയുടെ ദൂതനായ ഹഗ്ഗായി യഹോവയുടെ ദൂതായി ജനത്തോടു: ഞാൻ നിങ്ങളോടു കൂടെ ഉണ്ടെന്നു യഹോവയുടെ അരുളപ്പാടു എന്നു പറഞ്ഞു.”—ഹഗ്ഗായി 1:5, 7-14.
10. ഇസ്രായേലിനു വേണ്ടി യഹോവ തന്റെ ശക്തി എങ്ങനെയാണ് ഉപയോഗിച്ചത്?
10 യെരുശലേമിലുണ്ടായിരുന്ന ചില പ്രായമേറിയവർ, പുതുക്കിപ്പണിത ആലയത്തിന്റെ മഹത്ത്വം നേരത്തെ ഉണ്ടായിരുന്ന ആലയത്തിന്റെ മഹത്ത്വത്തോടുള്ള താരതമ്യത്തിൽ “ഏതുമില്ല” എന്നു കരുതിയിരിക്കാനിടയുണ്ട്. എന്നിരുന്നാലും, ഏതാണ്ട് 51 ദിവസത്തിനുശേഷം രണ്ടാമത്തെ സന്ദേശം പ്രഘോഷിക്കാൻ യഹോവ ഹഗ്ഗായിയെ പ്രേരിപ്പിച്ചു: “ഇപ്പോഴോ സെരുബ്ബാബേലേ, ധൈര്യപ്പെടുക എന്നു യഹോവയുടെ അരുളപ്പാടു; മഹാപുരോഹിതനായി യഹോസാദാക്കിന്റെ മകനായ യോശുവേ, ധൈര്യപ്പെടുക; ദേശത്തിലെ സകലജനവുമായുള്ളോരേ, ധൈര്യപ്പെട്ടു വേല ചെയ്വിൻ എന്നു യഹോവയുടെ അരുളപ്പാടു; ഞാൻ നിങ്ങളോടുകൂടെ ഉണ്ടല്ലോ എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു. . . . നിങ്ങൾ ഭയപ്പെടേണ്ടാ.” യഥാസമയത്ത് ‘ആകാശത്തെയും ഭൂമിയെയും ഇളക്കാൻ’ തന്റെ സർവശക്തി ഉപയോഗിക്കാനിരുന്ന യഹോവ, എല്ലാ എതിർപ്പിനെയും, ചക്രവർത്തിയുടെ നിരോധനത്തെപോലും തരണം ചെയ്യുന്നുവെന്ന് ഉറപ്പു വരുത്തി. അഞ്ചു വർഷത്തിനുള്ളിൽ ആലയനിർമാണത്തിനു മഹത്തായ വിജയത്തോടെ പരിസമാപ്തി കുറിച്ചു.—ഹഗ്ഗായി 2:3-6.
11. ദൈവം രണ്ടാമത്തെ ആലയത്തെ ‘കൂടുതലായ മഹത്വം’കൊണ്ട് നിറച്ചതെങ്ങനെ?
11 അപ്പോൾ ശ്രദ്ധേയമായ ഒരു വാഗ്ദത്തം നിവൃത്തിയായി: ‘സകല ജാതികളുടെയും മനോഹരവസ്തു [‘അഭികാമ്യ വസ്തുക്കൾ,’ NW] വരും; ഞാൻ ഈ ആലയത്തെ മഹത്വപൂർണ്ണമാക്കും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.’ (ഹഗ്ഗായി 2:7) ആ ‘അഭികാമ്യ വസ്തുക്കൾ,’ അവന്റെ പ്രൗഢമായ സാന്നിധ്യത്തിന്റെ മഹത്ത്വം പ്രതിഫലിപ്പിച്ച ആ ആലയത്തിൽ ആരാധനയ്ക്കായി വന്ന ഇസ്രായേല്യേതരർ ആണെന്നു തെളിഞ്ഞു. പുനർനിർമിച്ച ഈ ആലയം ശലോമോന്റെ നാളിൽ പണികഴിപ്പിച്ച ആലയത്തോടുള്ള താരതമ്യത്തിൽ എങ്ങനെയുള്ളതായിരുന്നു? “ഈ ആലയത്തിന്റെ പിന്നത്തെ മഹത്വം മുമ്പിലേത്തതിലും വലുതായിരിക്കും” എന്ന് ദൈവത്തിന്റെ പ്രവാചകൻ ഉദ്ഘോഷിച്ചു. (ഹഗ്ഗായി 2:9) ആ പ്രവചനത്തിന്റെ ആദ്യ നിവൃത്തിയെടുത്താൽ, പുനർനിർമിച്ച ആലയം ആദ്യത്തെ ആലയത്തെക്കാൾ ദീർഘകാലം നിലനിന്നു. പൊ.യു. (പൊതുയുഗം) 29-ൽ മിശിഹാ പ്രത്യക്ഷപ്പെട്ടപ്പോഴും അതു നിലവിലുണ്ടായിരുന്നു. തന്നെയുമല്ല, മിശിഹാ അവിടെ സത്യം പ്രസംഗിച്ചപ്പോൾ അതിനു മഹത്ത്വം കൈവന്നു.
12. ആദ്യത്തെ രണ്ട് ആലയങ്ങൾ എന്ത് ഉദ്ദേശ്യത്തിന് ഉതകി?
12 മിശിഹായുടെ പൗരോഹിത്യ സേവനത്തിന്റെ മുഖ്യവശങ്ങളെ മുൻനിഴലാക്കുന്നതിലും മിശിഹായുടെ യഥാർഥ പ്രത്യക്ഷതവരെ ഭൂമിയിൽ യഹോവയുടെ ശുദ്ധാരാധന സജീവമായി നിലനിർത്തുന്നതിലും, യെരുശലേമിലെ ഒന്നാമത്തെയും രണ്ടാമത്തെയും ആലയങ്ങൾ മർമപ്രധാനമായ ഒരു ഉദ്ദേശ്യത്തിന് ഉതകി.—എബ്രായർ 10:1.
മഹത്ത്വമാർന്ന ആത്മീയ ആലയം
13. (എ) ആത്മീയ ആലയം സംബന്ധിച്ച എന്തെല്ലാം സംഭവവികാസങ്ങൾ പൊ.യു. 29 മുതൽ 33 വരെ അരങ്ങേറി? (ബി) ഈ സംഭവവികാസങ്ങളിൽ യേശുവിന്റെ മറുവിലയാഗം പ്രധാനമായ എന്തു പങ്കു വഹിച്ചു?
13 ഹഗ്ഗായിയുടെ പുനഃസ്ഥിതീകരണ പ്രവചനത്തിനു പിൽക്കാലങ്ങളിൽ പ്രത്യേക അർഥമുണ്ടോ? തീർച്ചയായും! യെരുശലേമിലെ പുനർനിർമിക്കപ്പെട്ട ആലയം ഭൂമിയിലെ മുഴു സത്യാരാധനയുടെയും സിരാകേന്ദ്രമായിത്തീർന്നു. എന്നാൽ വളരെ മഹത്ത്വമേറിയ ആത്മീയ ആലയത്തിന്റെ ഒരു പൂർവചിത്രം അതു പ്രദാനം ചെയ്തു. അതു പ്രവർത്തിക്കാൻ തുടങ്ങിയത്, യോർദാൻ നദിയിലെ യേശുവിന്റെ സ്നാപനസമയത്ത് മഹാപുരോഹിതനായി യേശുവിനെ യഹോവ അഭിഷേകം ചെയ്യുകയും പരിശുദ്ധാത്മാവ് ഒരു പ്രാവിനെപ്പോലെ അവന്റെമേൽ ഇറങ്ങിവരുകയും ചെയ്ത പൊ.യു. 29-ലായിരുന്നു. (മത്തായി 3:16) ബലിമരണത്തോടെ തന്റെ ഭൗമിക ശുശ്രൂഷ പൂർത്തിയാക്കിയശേഷം, ആലയത്തിന്റെ അതിവിശുദ്ധത്താൽ ചിത്രീകരിക്കപ്പെട്ട സ്വർഗത്തിലേക്ക് യേശു പുനരുത്ഥാനം ചെയ്തു. അവിടെവെച്ച് അവൻ തന്റെ ബലിയുടെ മൂല്യം യഹോവയ്ക്കു സമർപ്പിച്ചു. അത് അവന്റെ ശിഷ്യന്മാരുടെ പാപങ്ങളെ മൂടുന്ന ഒരു മറുവിലയായി വർത്തിക്കുകയും അവരെ യഹോവയുടെ ആത്മീയ ആലയത്തിലെ ഉപപുരോഹിതന്മാരാക്കി അഭിഷേകം ചെയ്യുന്നതിനുള്ള മാർഗം പൊ.യു. 33-ലെ പെന്തക്കോസ്തിൽ തുറന്നുകൊടുക്കുകയും ചെയ്തു. ഭൂമിയാകുന്ന ആലയപ്രാകാരത്തിൽ മരണത്തോളമുള്ള അവരുടെ വിശ്വസ്ത ശുശ്രൂഷ, തുടർന്നുള്ള പൗരോഹിത്യ സേവനത്തിനായി ഒരു ഭാവി സ്വർഗീയ പുനരുത്ഥാനത്തിലേക്കു നയിക്കും.
14. (എ) ആദിമ ക്രിസ്തീയ സഭയുടെ തീക്ഷ്ണമായ പ്രവർത്തനം എത്ര സന്തോഷഭരിതമായിരുന്നു? (ബി) ഈ സന്തോഷം താത്കാലികമായിരുന്നത് എന്തുകൊണ്ട്?
14 അനുതാപമുള്ള ആയിരക്കണക്കിനു യഹൂദന്മാരും, പിന്നീട് വിജാതീയരും, ക്രിസ്തീയ സഭയിലേക്കു തടിച്ചുകൂടി. ഭൂമിമേൽ ഭരണം നടത്താൻ പോകുന്ന ദൈവരാജ്യത്തെക്കുറിച്ചുള്ള സുവാർത്താഘോഷണത്തിൽ അവർ പങ്കെടുക്കുകയും ചെയ്തു. ഏതാണ്ട് 30 വർഷത്തിനുശേഷം, “ആകാശത്തിൻകീഴെ സകലസൃഷ്ടികളുടെയും ഇടയിൽ” സുവാർത്ത പ്രസംഗിച്ചിരിക്കുന്നതായി പൗലൊസ് അപ്പോസ്തലനു പ്രസ്താവിക്കാൻ കഴിഞ്ഞു. (കൊലൊസ്സ്യർ 1:23) എന്നാൽ അപ്പോസ്തലന്മാരുടെ മരണത്തെത്തുടർന്നു വലിയ വിശ്വാസത്യാഗം രംഗപ്രവേശം ചെയ്തു, അങ്ങനെ സത്യത്തിന്റെ ദീപം മങ്ങിക്കത്താൻ തുടങ്ങി. പുറജാതീയ പഠിപ്പിക്കലുകളിലും തത്ത്വചിന്തകളിലും അധിഷ്ഠിതമായ ക്രൈസ്തവലോകത്തിന്റെ വിഭാഗീയ ചിന്താഗതി യഥാർഥ ക്രിസ്ത്യാനിത്വത്തിന്റെമേൽ നിഴൽ പരത്തി.—പ്രവൃത്തികൾ 20:29, 30.
15, 16. (എ) 1914-ൽ പ്രവചനം നിവൃത്തിയായത് എങ്ങനെ? (ബി) 19-ാം നൂറ്റാണ്ടിന്റെ അവസാനത്തിലും 20-ാം നൂറ്റാണ്ടിന്റെ ആരംഭത്തിലും പ്രത്യേകതയായിരുന്നത് ഏതു കൂട്ടിച്ചേർക്കലാണ്?
15 നൂറ്റാണ്ടുകൾ കടന്നുപോയി. 1870-കളിൽ ഒരു കൂട്ടം ആത്മാർഥ ക്രിസ്ത്യാനികൾ ബൈബിളിന്റെ സൂക്ഷ്മമായ പഠനത്തിൽ ഏർപ്പെട്ടുതുടങ്ങി. “ജാതികളുടെ കാലം” അവസാനിക്കുന്ന വർഷമായി 1914-നെ അവർ തിരുവെഴുത്തിൽനിന്നു ചൂണ്ടിക്കാട്ടാൻ തുടങ്ങി. അന്നായിരുന്നു ക്രിസ്തുയേശു, ഭൂമിയുടെ മിശിഹൈക രാജാവെന്ന നിലയിൽ “അവകാശമുള്ളവൻ,” സ്വർഗീയ സിംഹാസനാരോഹണം ചെയ്തതോടെ പ്രതീകാത്മകമായ ഏഴു “കാലം” (മൃഗസമാന മനുഷ്യഭരണത്തിന്റെ 2,520 വർഷങ്ങൾ) അവസാനിച്ചത്. (ലൂക്കൊസ് 21:24; ദാനീയേൽ 4:25; യെഹെസ്കേൽ 21:26, 27) ഇന്ന് യഹോവയുടെ സാക്ഷികൾ എന്നറിയപ്പെടുന്ന ഈ ബൈബിൾ വിദ്യാർഥികൾ, സമീപിച്ചിരിക്കുന്ന രാജ്യത്തെക്കുറിച്ചുള്ള സുവാർത്ത ഭൂമിയിലെമ്പാടും സജീവമായി വ്യാപിപ്പിക്കുന്നതിൽ ഏർപ്പെട്ടിരിക്കുന്നു, പ്രത്യേകിച്ചും 1919 മുതൽ. യു.എസ്.എ.-യിലെ ഒഹായോയിലുള്ള സീഡാർ പോയിൻറിൽ നടന്ന കൺവെൻഷനിൽ പുറപ്പെടുവിച്ച ആഹ്വാനത്തോട് ഇവരിൽ ഏതാനും സഹസ്രം സാക്ഷികൾ പ്രതികരിച്ചത് 1919-ലായിരുന്നു. 1935 എന്ന വർഷംവരെ അവരുടെ സംഖ്യ കൂടിവന്നു. ആ വർഷം 56,153 പേരാണ് വയൽസേവനം റിപ്പോർട്ടു ചെയ്തത്. ആ വർഷം യേശുവിന്റെ മരണത്തിന്റെ വാർഷിക സ്മാരകാഘോഷത്തിൽ അപ്പവും വീഞ്ഞുമാകുന്ന ചിഹ്നങ്ങളിൽ പങ്കുപറ്റുകവഴി 52,465 പേർ, യഹോവയുടെ വലിയ ആത്മീയ ആലയത്തിന്റെ സ്വർഗീയ ഭാഗത്ത് ക്രിസ്തുവിനോടൊപ്പം പുരോഹിതന്മാരായിത്തീരുകയെന്ന പ്രതീക്ഷയെ പ്രതീകപ്പെടുത്തിയിരുന്നു. അവനോടൊപ്പം മിശിഹൈക രാജ്യത്തിൽ സഹരാജാക്കന്മാരായും സേവിക്കാനുള്ളവരാണവർ.—ലൂക്കൊസ് 22:29, 30; റോമർ 8:15-17.
16 എന്നാൽ ഈ അഭിഷിക്ത ക്രിസ്ത്യാനികളുടെ മൊത്ത സംഖ്യ 1,44,000-മായി പരിമിതപ്പെട്ടിരിക്കുന്നുവെന്ന് വെളിപ്പാടു 7:4-8-ഉം 14:1-4-ഉം പ്രകടമാക്കുന്നു. അവരിൽ അനേകരും ഒന്നാം നൂറ്റാണ്ടിൽ വലിയ വിശ്വാസത്യാഗം നുഴഞ്ഞുകയറുന്നതിനു മുമ്പുതന്നെ കൂട്ടിച്ചേർക്കപ്പെട്ടു. 19-ാം നൂറ്റാണ്ടിന്റെ അവസാനംമുതൽ 20-ാം നൂറ്റാണ്ടുവരെ, യഹോവയുടെ വചനമാകുന്ന ജലത്താൽ ശുദ്ധീകരിക്കപ്പെട്ടവരുടെ കൂട്ടിച്ചേർപ്പ് അവൻ പൂർത്തീകരിക്കുകയായിരുന്നു. യേശുവിന്റെ പാപപരിഹാരയാഗത്തിലുള്ള വിശ്വാസത്തിലൂടെ നീതിമാന്മാരായി പ്രഖ്യാപിക്കപ്പെട്ട അവർ, 1,44,000 എന്ന പൂർണ സംഖ്യ തികയ്ക്കുന്ന അഭിഷിക്ത ക്രിസ്ത്യാനികളായി ഒടുവിൽ മുദ്ര വയ്ക്കപ്പെട്ടിരിക്കുന്നു.
17. (എ) 1930-കൾമുതൽ ഏതു കൂട്ടിച്ചേർക്കൽ നടന്നിരിക്കുന്നു? (ബി) ഇവിടെ യോഹന്നാൻ 3:30-ന് പ്രാധാന്യമുള്ളത് എന്തുകൊണ്ട്? (ലൂക്കൊസ് 7:28 കൂടെ കാണുക.)
17 മുഴു അഭിഷിക്തരെയും തിരഞ്ഞെടുത്തുകഴിയുമ്പോൾ എന്തു സംഭവിക്കുന്നു? 1935-ൽ യു.എസ്.എ.-യിലെ വാഷിങ്ടൺ ഡി.സി.-യിൽ ഒരു സുപ്രധാന കൺവെൻഷൻ നടന്നു. വെളിപ്പാടു 7:9-17-ലെ “മഹാപുരുഷാരം” 1,44,000-ത്തിനു “ശേഷം” തിരിച്ചറിയിക്കപ്പെടുന്നതും പറുദീസാഭൂമിയിലെ നിത്യജീവന്റെ പ്രത്യാശയുള്ളതുമായ ഒരു കൂട്ടമാണ് എന്ന് അറിയിക്കുകയുണ്ടായി. അഭിഷിക്ത യേശുവിനെ വ്യക്തമായി തിരിച്ചറിയിച്ചശേഷം, “വേറെ ആടുക”ളിൽ ഒരുവനെന്ന നിലയിൽ ഭൂമിയിൽ പുനരുത്ഥാനം ലഭിക്കാൻ പോകുന്ന യോഹന്നാൻ സ്നാപകൻ മിശിഹായെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “അവൻ വളരേണം, ഞാനോ കുറയേണം.” (യോഹന്നാൻ 1:29; 3:30; 10:16; മത്തായി 11:11) 1,44,000-ത്തിന്റെ ഭാഗമാകാൻ പോകുന്നവരുടെ വർധിച്ചുവരുന്ന ഒരു കൂട്ടത്തെ തിരഞ്ഞെടുക്കുന്ന വേല യേശു ഏറ്റെടുത്തപ്പോൾ മിശിഹായ്ക്കു വേണ്ടി ശിഷ്യരെ ഒരുക്കുകയെന്ന യോഹന്നാൻ സ്നാപകന്റെ വേല അവസാനിക്കുകയായിരുന്നു. 1930-കളിൽ മറിച്ചാണു സംഭവിച്ചത്. 1,44,000-ത്തിന്റെ ഭാഗമായി ‘വിളിക്കപ്പെടുകയും തിരിഞ്ഞെടുക്കപ്പെടുകയും’ ചെയ്തവരുടെ സംഖ്യ കുറഞ്ഞുതുടങ്ങി. എന്നാൽ, “വേറെ ആടുക”ളുടെ “മഹാപുരുഷാര”ത്തിന്റെ സംഖ്യ വൻതോതിൽ കൂടാൻ തുടങ്ങി. ഈ ലോകദുഷ്ടവ്യവസ്ഥിതി അർമഗെദോനിലെ അതിന്റെ അവസാനത്തിലേക്ക് അടുക്കവേ മഹാപുരുഷാരത്തിന്റെ സംഖ്യ വർധിച്ചുകൊണ്ടിരിക്കുന്നു.—വെളിപ്പാടു 17:14ബി.
18. (എ) “ഇപ്പോൾ ജീവിക്കുന്ന ദശലക്ഷങ്ങൾ ഒരിക്കലും മരിക്കയില്ല” എന്നു നമുക്ക് ഉറപ്പോടെ പ്രതീക്ഷിക്കാൻ കഴിയുന്നത് എന്തുകൊണ്ട്? (ബി) ഹഗ്ഗായി 2:4-ന് നാം ഉത്സാഹത്തോടെ ചെവി കൊടുക്കേണ്ടത് എന്തുകൊണ്ട്?
18 1920-കളുടെ ആരംഭത്തിൽ യഹോവയുടെ സാക്ഷികളുടെ ശ്രദ്ധേയമായ ഒരു പരസ്യപ്രസംഗത്തിന്റെ വിഷയം “ഇപ്പോൾ ജീവിക്കുന്ന ദശലക്ഷങ്ങൾ ഒരിക്കലും മരിക്കയില്ല” എന്നതായിരുന്നു. ഇത് അക്കാലത്തെ അമിതമായ ആത്മവിശ്വാസം പ്രതിഫലിപ്പിച്ചിരുന്നിരിക്കാം. എന്നാൽ ഇന്ന് പൂർണമായ ഉറപ്പോടെ ആ പ്രസ്താവന നടത്താൻ സാധിക്കും. ബൈബിൾ പ്രവചനത്തിന്റെ വർധിച്ചുവരുന്ന വെളിച്ചവും മരിച്ചുകൊണ്ടിരിക്കുന്ന ഈ ലോകത്തിന്റെ അരാജകത്വവും സാത്താന്റെ വ്യവസ്ഥിതിയുടെ അവസാനം വളരെ, വളരെ അടുത്തായിരിക്കുന്നുവെന്ന് ഉച്ചത്തിൽ ഘോഷിക്കുന്നു! 1996-ലെ സ്മാരകത്തിൽ 1,29,21,933 പേർ സംബന്ധിച്ചതായി സ്മാരക റിപ്പോർട്ട് പ്രകടമാക്കുന്നു. അവരിൽ വെറും 8,757 (.068 ശതമാനം) മാത്രമേ ചിഹ്നങ്ങളിൽ പങ്കുപറ്റിക്കൊണ്ട് തങ്ങളുടെ സ്വർഗീയ പ്രത്യാശ സൂചിപ്പിച്ചുള്ളൂ. സത്യാരാധനയുടെ പുനഃസ്ഥിതീകരണം പൂർത്തീകരണത്തോട് അടുത്തുകൊണ്ടിരിക്കുന്നു. എന്നാൽ ആ വേലയിൽ നമുക്കൊരിക്കലും അലസരാകാതിരിക്കാം. അതേ, ഹഗ്ഗായി 2:4 ഇങ്ങനെ പ്രസ്താവിക്കുന്നു: “ദേശത്തിലെ സകലജനവുമായുള്ളോരേ, ധൈര്യപ്പെട്ടു വേല ചെയ്വിൻ എന്നു യഹോവയുടെ അരുളപ്പാടു; ഞാൻ നിങ്ങളോടുകൂടെ ഉണ്ടല്ലോ എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു.” ഭൗതികത്വത്തിന്റെയോ ലൗകികതയുടെയോ യാതൊരു സമ്മർദവും യഹോവയുടെ വേലയോടുള്ള നമ്മുടെ തീക്ഷ്ണതയെ മന്ദീഭവിപ്പിക്കാതിരിക്കാൻ നമുക്കു ദൃഢനിശ്ചയമുള്ളവരായിരിക്കാം!—1 യോഹന്നാൻ 2:15-17.
19. ഹഗ്ഗായി 2:6, 7-ന്റെ നിവൃത്തിയിൽ നമുക്ക് എങ്ങനെ പങ്കെടുക്കാവുന്നതാണ്?
19 ഹഗ്ഗായി 2:6, 7-ന്റെ ആധുനികകാല നിവൃത്തിയിൽ പങ്കുപറ്റുകയെന്ന നമ്മുടെ പദവി സന്തോഷകരമാണ്: “സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇനി കുറഞ്ഞോന്നു കഴിഞ്ഞിട്ടു ഞാൻ ആകാശത്തെയും ഭൂമിയെയും കടലിനെയും കരയെയും ഇളക്കും. ഞാൻ സകല ജാതികളെയും ഇളക്കും; സകല ജാതികളുടെയും മനോഹരവസ്തു വരികയും ചെയ്യും; ഞാൻ ഈ ആലയത്തെ മഹത്വപൂർണ്ണമാക്കും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.” 20-ാം നൂറ്റാണ്ടിലെ ഈ ലോകത്തിലുടനീളം അത്യാഗ്രഹവും അഴിമതിയും വിദ്വേഷവും കൊടികുത്തിവാഴുന്നു. അതു തീർച്ചയായും അതിന്റെ അന്ത്യനാളുകളിലാണ്. തന്റെ സാക്ഷികളെക്കൊണ്ട് ‘തന്റെ പ്രതികാരദിവസം പ്രസിദ്ധമാക്കുക’വഴി യഹോവ ഇപ്പോൾത്തന്നെ അതിനെ ‘ഇളക്കാൻ’ തുടങ്ങിയിരിക്കുന്നു. (യെശയ്യാവു 61:2) ഈ ലോകം അർമഗെദോനിൽ നശിക്കുന്നതോടെ ആ പ്രാഥമിക ഇളക്കൽ പാരമ്യത്തിലെത്തും. എന്നാൽ ആ സമയത്തിനു മുമ്പ്, തന്റെ സേവനത്തിനായി യഹോവ “സകല ജാതികളുടെയും മനോഹരവസ്തു”വിനെ, ഭൂമിയിലെ സൗമ്യതയുള്ള, ചെമ്മരിയാടുതുല്യരായ ആളുകളെ, കൂട്ടിച്ചേർത്തുകൊണ്ടിരിക്കുകയാണ്. (യോഹന്നാൻ 6:44) ഈ “മഹാപുരുഷാരം” ഇപ്പോൾ അവന്റെ ആരാധനാലയത്തിന്റെ ഭൗമിക പ്രാകാരത്തിൽ ‘വിശുദ്ധ സേവനം അർപ്പിക്കുന്നു.’—വെളിപ്പാടു 7:9, 15, NW.
20. ഏറ്റവും അമൂല്യമായ സമ്പത്ത് എവിടെ കണ്ടെത്താം?
20 യഹോവയുടെ ആത്മീയ ആലയത്തിലുള്ള സേവനം ഏതു ഭൗതിക സമ്പത്തിനെക്കാളും വിലയേറിയ നേട്ടം കൈവരുത്തുന്നു. (സദൃശവാക്യങ്ങൾ 2:1-6; 3:13, 14; മത്തായി 6:19-21) തന്നെയുമല്ല, ഹഗ്ഗായി 2:9 ഇപ്രകാരം പ്രസ്താവിക്കുന്നു: “ഈ ആലയത്തിന്റെ പിന്നത്തെ മഹത്വം മുമ്പിലേത്തതിലും വലുതായിരിക്കും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു; ഈ സ്ഥലത്തു ഞാൻ സമാധാനം നല്കും എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു.” ഇന്നു നമ്മെ സംബന്ധിച്ചിടത്തോളം ഈ വാക്കുകളുടെ അർഥമെന്താണ്? ഞങ്ങളുടെ അടുത്ത ലേഖനം അതേക്കുറിച്ചു പറയും.
[അടിക്കുറിപ്പുകൾ]
a “യഹോവയായ യാഹ്” എന്ന പ്രയോഗം പ്രത്യേക ഊന്നലിനുവേണ്ടിയാണ് ഉപയോഗിച്ചിരിക്കുന്നത്. തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്ച (ഇംഗ്ലീഷ്), വാല്യം 1, പേജ് 1248 കാണുക.
b എസ്രായിലും മറ്റു ബൈബിൾ പുസ്തകങ്ങളിലും യേശുവ എന്നാണ്.
പുനരവലോകനത്തിനുള്ള ചോദ്യങ്ങൾ
◻ യഹോവയുടെ നാമം സംബന്ധിച്ചു പ്രവാചകന്മാരുടെ ഏതു ദൃഷ്ടാന്തം നാം പിൻപറ്റണം?
◻ പുനഃസ്ഥിതീകരിക്കപ്പെട്ട ഇസ്രായേലിനുള്ള യഹോവയുടെ ശക്തമായ സന്ദേശത്തിൽനിന്നു നമുക്ക് എന്തു പ്രോത്സാഹനം ലഭിക്കുന്നു?
◻ മഹത്ത്വമാർന്ന ഏത് ആത്മീയ ആലയമാണ് ഇന്നു പ്രവർത്തനത്തിലിരിക്കുന്നത്?
◻ 19-ഉം 20-ഉം നൂറ്റാണ്ടുകളിൽ ഏതു കൂട്ടിച്ചേർക്കലുകൾ അനുക്രമമായി നടന്നിരിക്കുന്നു, എന്തു മഹത്തായ പ്രതീക്ഷ കാഴ്ചപ്പാടിൽ നിർത്തിക്കൊണ്ട്?
[7-ാം പേജിലെ ചിത്രം]
യഹോവയുടെ സ്വർഗീയ സൈന്യങ്ങൾ ഭൂമിയിലെ അവന്റെ സാക്ഷികളെ നയിക്കുകയും നിലനിർത്തുകയും ചെയ്യുന്നു