‘ഇപ്പോഴോ നിങ്ങൾ ദൈവത്തിന്റെ ജനമാകുന്നു’
“മുമ്പു നിങ്ങൾ ഒരു ജനമായിരുന്നില്ല; ഇപ്പോഴോ ദൈവത്തിന്റെ ജനമാകുന്നു.” —1 പത്രോ. 2:10.
1, 2. എ.ഡി. 33-ലെ പെന്തെക്കൊസ്ത് ദിവസം എന്തു മാറ്റമാണുണ്ടായത്, ആരാണ് യഹോവയുടെ പുതിയ ജനത്തിന്റെ അംഗങ്ങളായിത്തീർന്നത്? (ലേഖനാരംഭത്തിലെ ചിത്രം കാണുക.)
എ.ഡി. 33-ലെ പെന്തെക്കൊസ്ത് ദിവസം. ഭൂമിയിൽ യഹോവയുടെ ജനത്തിന്റെ ചരിത്രത്തിലെ ഒരു നാഴികക്കല്ലായിരുന്നു ആ ദിനം. കാര്യങ്ങൾക്ക് അടിമുടി ഒരു മാറ്റം! അന്ന് യഹോവ തന്റെ ആത്മാവിനാൽ പുതിയ ഒരു ജനതയെ ജനിപ്പിച്ചു. ആത്മീയ ഇസ്രായേൽ അഥവാ “ദൈവത്തിന്റെ ഇസ്രായേ”ൽ ആയിരുന്നു അത്. (ഗലാ. 6:16) അബ്രാഹാമിന്റെ കാലം മുതൽ അന്നോളം പുരുഷപ്രജകളുടെ ജഡികപരിച്ഛേദനയായിരുന്നു ദൈവജനത്തെ തിരിച്ചറിയിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ആദ്യമായി അതിനു മാറ്റം വന്നിരിക്കുന്നു. ആ പുതിയ ജനതയിലെ ഓരോ അംഗത്തെയും കുറിച്ച് “അവന്റെ പരിച്ഛേദന . . . ആത്മാവിനാലുള്ള ഹൃദയപരിച്ഛേദനയത്രേ” എന്ന് പൗലോസ് എഴുതി.—റോമ. 2:29.
2 അപ്പൊസ്തലന്മാരും ക്രിസ്തുവിന്റെ നൂറിലേറെ മറ്റു ശിഷ്യന്മാരും അന്ന് യെരുശലേമിലെ മാളികമുറിയിൽ കൂടിവന്നിരുന്നു. അവർ ദൈവത്തിന്റെ ഈ പുതിയ ജനതയുടെ ആദ്യത്തെ അംഗങ്ങളായിത്തീർന്നു. (പ്രവൃ. 1:12-15) അവർ പരിശുദ്ധാത്മാവിനാൽ അഭിഷിക്തരാകുകയും ദൈവത്തിന്റെ ആത്മജനനം പ്രാപിച്ച പുത്രന്മാരായിത്തീരുകയും ചെയ്തു. (റോമ. 8:15, 16; 2 കൊരി. 1:21) ഈ സംഭവം പുതിയ ഉടമ്പടി നിലവിൽ വന്നു എന്നതിന് തെളിവു നൽകി. ക്രിസ്തു എന്ന മധ്യസ്ഥൻ മുഖാന്തരം അവന്റെ ജീവരക്തത്താൽ ഉറപ്പിക്കപ്പെട്ടതായിരുന്നു ആ ഉടമ്പടി. (ലൂക്കോ. 22:20; എബ്രായർ 9:15 വായിക്കുക.) അങ്ങനെ ഈ ശിഷ്യന്മാർ പുതിയ ഒരു രാഷ്ട്രത്തിന്റെ, യഹോവയുടെ പുതിയ ജനതയുടെ, അംഗങ്ങളായിത്തീർന്നു. യഹൂദന്മാരുടെ വാരോത്സവം അഥവാ പെന്തെക്കൊസ്ത് ആചരിക്കാനായി റോമാസാമ്രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽനിന്ന് അന്ന് അനേകർ യെരുശലേമിൽ വന്നുചേർന്നിരുന്നു. അവരിൽ യഹൂദന്മാരും യഹൂദ മതപരിവർത്തിതരും ഉണ്ടായിരുന്നു. അവരോടെല്ലാം വ്യത്യസ്തഭാഷകളിൽ സുവിശേഷിക്കാൻ പരിശുദ്ധാത്മാവ് ആത്മാഭിഷിക്ത ക്രിസ്ത്യാനികളെ പ്രാപ്തരാക്കി. അവർ പ്രസംഗിച്ച “ദൈവത്തിന്റെ മഹാകാര്യങ്ങൾ” ഓരോരുത്തർക്കും സ്വന്തഭാഷയിൽ കേൾക്കാനും മനസ്സിലാക്കാനും സാധിച്ചു.—പ്രവൃ. 2:1-11.
ദൈവത്തിന്റെ പുതിയ ജനം
3-5. (എ) പെന്തെക്കൊസ്ത് ദിവസം പത്രോസ് എന്താണ് യഹൂദന്മാരോട് പറഞ്ഞത്? (ബി) പുതിയ ജനതയുടെ ആദ്യകാല വളർച്ച എങ്ങനെയായിരുന്നു?
3 യഹൂദന്മാർക്കും യഹൂദമതം സ്വീകരിച്ചവർക്കും ക്രിസ്തീയസഭയാകുന്ന പുതിയ ജനതയുടെ അംഗങ്ങളായിത്തീരുന്നതിന് വാതിൽ തുറക്കാൻ യഹോവ പത്രോസിനെ ഉപയോഗിച്ചു. യേശുവിനെ “കർത്താവും ക്രിസ്തുവും” ആയി അംഗീകരിക്കാൻ പെന്തെക്കൊസ്ത് ദിവസം പത്രോസ് യഹൂദന്മാരോട് ധൈര്യസമേതം ആവശ്യപ്പെട്ടു. കാരണം അവർ “സ്തംഭത്തിൽ തറച്ചുകൊന്ന . . . യേശുവിനെ ദൈവം കർത്താവും ക്രിസ്തുവും ആക്കിവെച്ചു.” തങ്ങൾ എന്തു ചെയ്യണമെന്ന് ആ ജനം പത്രോസിനോട് ചോദിച്ചപ്പോൾ അവൻ ഇങ്ങനെ ഉത്തരം നൽകി: “നിങ്ങളുടെ പാപങ്ങൾ ക്ഷമിച്ചുകിട്ടേണ്ടതിന് മാനസാന്തരപ്പെട്ടു നിങ്ങൾ ഓരോരുത്തരും യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനമേൽക്കുവിൻ; അപ്പോൾ പരിശുദ്ധാത്മാവ് എന്ന ദാനം നിങ്ങൾക്കു ലഭിക്കും.” (പ്രവൃ. 2:22, 23, 36-38) ആ ദിവസം 3000-ത്തോളം പേർ ആത്മീയ ഇസ്രായേലെന്ന പുതിയ ജനതയുടെ അംഗങ്ങളായിത്തീർന്നു. (പ്രവൃ. 2:41) അപ്പൊസ്തലന്മാരുടെ തീക്ഷ്ണമായ പ്രവർത്തനം തുടർന്നങ്ങോട്ട് കൂടുതൽ ഫലം ഉത്പാദിപ്പിച്ചു. (പ്രവൃ. 6:7) ആ പുതിയ ജനത എണ്ണത്തിൽ പെരുകുകയായിരുന്നു.
4 പിന്നീട് പ്രസംഗപ്രവർത്തനം ശമര്യയിലേക്കും വ്യാപിച്ചു. അതും വിജയകരമായിരുന്നു. അവിടെ സുവിശേഷകനായ ഫിലിപ്പോസ് അനേകരെ സ്നാനപ്പെടുത്തി. എങ്കിലും അവർക്ക് അപ്പോൾത്തന്നെ പരിശുദ്ധാത്മാവ് ലഭിച്ചില്ല. യെരുശലേമിലെ ഭരണസംഘം അപ്പൊസ്തലന്മാരായ പത്രോസിനെയും യോഹന്നാനെയും ശമര്യയിലെ ആ പുതുശിഷ്യരുടെ അടുക്കലേക്ക് അയച്ചു. “അവർ അവരുടെമേൽ കൈവെച്ചു; അവർക്കു പരിശുദ്ധാത്മാവ് ലഭിച്ചു.” (പ്രവൃ. 8:5, 6, 14-17) അങ്ങനെ, ഈ ശമര്യക്കാരും ആത്മീയ ഇസ്രായേലിലെ ആത്മാഭിഷിക്ത അംഗങ്ങളായിത്തീർന്നു.
5 പുതിയ ജനതയായ ആത്മീയ ഇസ്രായേലിന്റെ ഭാഗമാകുന്നതിന് മറ്റൊരു കൂട്ടത്തിന് അവസരം നൽകാൻ എ.ഡി. 36-ൽ യഹോവ പത്രോസിനെ വീണ്ടും ഉപയോഗിച്ചു. റോമൻ ശതാധിപനായ കൊർന്നേല്യൊസിനോടും അവന്റെ ബന്ധുക്കളോടും സുഹൃത്തുക്കളോടും പ്രസംഗിച്ചപ്പോഴായിരുന്നു ഇതു സംഭവിച്ചത്. (പ്രവൃ. 10:22, 24, 34, 35) ബൈബിൾരേഖ ഇങ്ങനെ പ്രസ്താവിക്കുന്നു: “പത്രോസ് . . . സംസാരിച്ചുകൊണ്ടിരിക്കുമ്പോൾത്തന്നെ വചനം കേട്ടുകൊണ്ടിരുന്ന (യഹൂദന്മാരല്ലാഞ്ഞ) എല്ലാവരുടെയുംമേൽ പരിശുദ്ധാത്മാവ് വന്നു. . . . പത്രോസിനോടുകൂടെ വന്ന പരിച്ഛേദനയേറ്റവരായ വിശ്വസ്ത സഹോദരന്മാർ ഇതു കണ്ടപ്പോൾ പരിശുദ്ധാത്മാവ് എന്ന ദാനം വിജാതീയരുടെമേലും പകരപ്പെട്ടുവെന്നറിഞ്ഞ് വിസ്മയിച്ചു.” (പ്രവൃ. 10:44-46) അങ്ങനെ, പരിച്ഛേദനയേൽക്കാത്ത വിജാതീയരായ വിശ്വാസികൾക്കും ആത്മീയ ഇസ്രായേലാകുന്ന പുതിയ ജനതയിൽ അംഗങ്ങളാകാനുള്ള അവസരം കൈവന്നു.
‘അവന്റെ നാമത്തിനായി ഒരു ജനം’
6, 7. പുതിയ ജനതയിലെ അംഗങ്ങൾ ‘(യഹോവയുടെ) നാമത്തിനായുള്ള ഒരു ജനം’ എന്ന നിലയിൽ ഏതു വിധങ്ങളിലായിരുന്നു പ്രവർത്തിക്കേണ്ടിയിരുന്നത്, അവർ അത് ഏത് അളവോളം ചെയ്തു?
6 എ.ഡി. 49-ൽ നടന്ന ഭരണസംഘത്തിന്റെ ഒരു യോഗത്തിൽ ശിഷ്യനായ യാക്കോബ് ഇങ്ങനെ പ്രസ്താവിച്ചു: “ദൈവം തന്റെ നാമത്തിനായി വിജാതീയരിൽനിന്ന് ഒരു ജനത്തെ എടുക്കാനായി അവരിലേക്ക് ആദ്യമായി ശ്രദ്ധതിരിച്ചതിനെക്കുറിച്ച് ശിമ്യോൻ (പത്രോസ്) നന്നായി വിവരിച്ചുവല്ലോ.” (പ്രവൃ. 15:14) യഹോവയുടെ നാമം വഹിക്കുന്ന ഈ പുതിയ ജനത്തിൽ യഹൂദരും യഹൂദരല്ലാത്ത വിശ്വാസികളും ഉൾപ്പെട്ടിരുന്നു. (റോമ. 11:25, 26എ) പിന്നീട് പത്രോസ് ഇങ്ങനെ എഴുതി: “മുമ്പു നിങ്ങൾ ഒരു ജനമായിരുന്നില്ല; ഇപ്പോഴോ ദൈവത്തിന്റെ ജനമാകുന്നു.” അവരുടെ ദൗത്യം വ്യക്തമാക്കിക്കൊണ്ട് പത്രോസ് ഇങ്ങനെ പ്രസ്താവിച്ചു: ‘നിങ്ങളോ അന്ധകാരത്തിൽനിന്ന് തന്റെ അത്ഭുതപ്രകാശത്തിലേക്ക് നിങ്ങളെ വിളിച്ചവന്റെ സദ്ഗുണങ്ങളെ ഘോഷിക്കേണ്ടതിന്, “തിരഞ്ഞെടുക്കപ്പെട്ട ഒരു വർഗവും രാജകീയ പുരോഹിതഗണവും വിശുദ്ധജനതയും ദൈവത്തിന്റെ സ്വന്തജനവും” ആകുന്നു.’ (1 പത്രോ. 2:9, 10) തങ്ങൾ പ്രതിനിധീകരിച്ച ദൈവത്തെ അവർ പരസ്യമായി സ്തുതിക്കുകയും അവന്റെ നാമത്തെ മഹത്വപ്പെടുത്തുകയും ചെയ്യേണ്ടതുണ്ടായിരുന്നു. അവർ അഖിലാണ്ഡപരമാധികാരിയായ യഹോവയുടെ ധീരരായ സാക്ഷികൾ ആയിരിക്കേണ്ടിയിരുന്നു.
7 ജഡിക ഇസ്രായേലിനെപ്പോലെതന്നെ ആത്മീയ ഇസ്രായേലിനെയും യഹോവ വിളിച്ചിരിക്കുന്നത് ‘ഞാൻ എന്റെ സ്തുതിയെ വിവരിക്കാനായി എനിക്കു വേണ്ടി നിർമ്മിച്ചിരിക്കുന്ന ജനം’ എന്നാണ്. (യെശ. 43:21) അക്കാലത്ത് ആരാധിക്കപ്പെട്ടിരുന്ന വ്യാജദൈവങ്ങളെയെല്ലാം തുറന്നുകാണിച്ചുകൊണ്ട് ആദിമക്രിസ്ത്യാനികൾ യഹോവയാണ് ഏകസത്യദൈവം എന്ന് സധൈര്യം പ്രഖ്യാപിച്ചു. (1 തെസ്സ. 1:9) അവർ “യെരുശലേമിലും യെഹൂദ്യയിൽ എല്ലായിടത്തും ശമര്യയിലും ഭൂമിയുടെ അറ്റംവരെയും” യഹോവയ്ക്കും യേശുവിനും സാക്ഷ്യം നൽകി.—പ്രവൃ. 1:8; കൊലോ. 1:23.
8. ഒന്നാം നൂറ്റാണ്ടിലെ ദൈവജനത്തിന് അപ്പൊസ്തലനായ പൗലോസ് എന്തു മുന്നറിയിപ്പ് നൽകി?
8 ഒന്നാം നൂറ്റാണ്ടിൽ, ‘(യഹോവയുടെ) നാമത്തിനായുള്ള ജനത്തിലെ’ നിർഭയനായ ഒരു അംഗമായിരുന്നു അപ്പൊസ്തലനായ പൗലോസ്. പുറജാതീയ തത്ത്വചിന്തകരുടെ മുമ്പാകെ അവൻ യഹോവയുടെ പരമാധികാരത്തെ ധൈര്യത്തോടെ ഉയർത്തിപ്പിടിച്ചു. “ലോകവും അതിലുള്ളതൊക്കെയും ഉണ്ടാക്കിയ ദൈവം സ്വർഗത്തിനും ഭൂമിക്കും നാഥനാ”ണ് എന്ന് അവൻ പറഞ്ഞു. (പ്രവൃ. 17:18, 23-25) തന്റെ മൂന്നാമത്തെ മിഷനറിയാത്രയുടെ അവസാനത്തോട് അടുത്ത് ദൈവത്തിന്റെ നാമത്തിനായുള്ള ജനത്തിലെ അംഗങ്ങൾക്ക് അവൻ ഇങ്ങനെ മുന്നറിയിപ്പു നൽകി: “എന്റെ വേർപാടിനുശേഷം, ആട്ടിൻകൂട്ടത്തോട് ആർദ്രത കാണിക്കാത്ത കൊടിയ ചെന്നായ്ക്കൾ നിങ്ങളുടെ ഇടയിലേക്കു കടക്കുമെന്ന് ഞാൻ അറിയുന്നു. ശിഷ്യന്മാരെ തങ്ങളുടെ പിന്നാലെ വശീകരിച്ചുകൊണ്ടുപോകാനായി ഉപദേശങ്ങളെ വളച്ചൊടിക്കുന്ന പുരുഷന്മാർ നിങ്ങളുടെ ഇടയിൽനിന്നുതന്നെ എഴുന്നേൽക്കും.” (പ്രവൃ. 20:29, 30) മുൻകൂട്ടിപ്പറഞ്ഞിരുന്ന ഈ വിശ്വാസത്യാഗം ഒന്നാം നൂറ്റാണ്ടിന്റെ അവസാനത്തോടെ വളർന്നുതുടങ്ങിയിരുന്നു.—1 യോഹ. 2:18, 19.
9. അപ്പൊസ്തലന്മാരുടെ മരണശേഷം ‘(യഹോവയുടെ) നാമത്തിനായുള്ള ജനത്തിന്’ എന്ത് സംഭവിച്ചു?
9 അപ്പൊസ്തലന്മാരുടെ മരണത്തിനു ശേഷം വിശ്വാസത്യാഗം പടർന്നു പന്തലിക്കുകയും ക്രൈസ്തവലോക സഭകൾ അതിൽ രൂപംകൊള്ളുകയും ചെയ്തു. ‘(യഹോവയുടെ) നാമത്തിനായുള്ള ഒരു ജനം’ എന്നു തെളിയിക്കുന്നതിനുപകരം വിശ്വാസത്യാഗികളായ ക്രിസ്ത്യാനികൾ അവരുടെ നിരവധി ബൈബിൾ ഭാഷാന്തരങ്ങളിൽനിന്ന് ദൈവനാമം നീക്കിക്കളയുകപോലും ചെയ്തു. അവർ പല പുറജാതീയ ആചാരാനുഷ്ഠാനങ്ങൾ സ്വീകരിക്കുകയും, തിരുവെഴുത്തുവിരുദ്ധമായ പഠിപ്പിക്കലുകളാലും ‘വിശുദ്ധയുദ്ധങ്ങളാലും’ അധാർമികമായ നടത്തയാലും ദൈവത്തെ അപമാനിക്കുകയും ചെയ്തിരിക്കുന്നു. അങ്ങനെ നൂറ്റാണ്ടുകളോളം യഹോവയ്ക്ക് ഭൂമിയിൽ സ്വന്തം ‘നാമത്തിനായുള്ള’ ഒരു സംഘടിതജനം ഉണ്ടായിരുന്നില്ല, അങ്ങിങ്ങായി ഏതാനും വിശ്വസ്ത ആരാധകർ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ദൈവജനത്തിന്റെ പുനർജനനം
10, 11. (എ) ഗോതമ്പിന്റെയും കളകളുടെയും ഉപമയിൽ യേശു എന്ത് മുൻകൂട്ടിപ്പറഞ്ഞു? (ബി) യേശുവിന്റെ ഉപമ 1914-നു ശേഷം എങ്ങനെ നിവൃത്തിയേറി, അതിന്റെ ഫലമെന്തായിരുന്നു?
10 വിശ്വാസത്യാഗത്തിന്റെ ഫലമായി ഉളവാകുന്ന ആത്മീയ അർഥത്തിലുള്ള ഒരു രാത്രിയെക്കുറിച്ച് ഗോതമ്പിന്റെയും കളകളുടെയും ഉപമയിൽ യേശു മുൻകൂട്ടിപ്പറഞ്ഞു. മനുഷ്യപുത്രൻ വിതച്ച ഗോതമ്പിനിടയിൽ, ‘ആളുകൾ ഉറക്കമാകുമ്പോൾ’ പിശാച് കളകൾ വിതയ്ക്കുമെന്ന് അവൻ പറഞ്ഞു. “യുഗസമാപ്തി”യോളം അവ രണ്ടും ഒരുമിച്ചു വളരുമായിരുന്നു. ‘നല്ല വിത്ത് രാജ്യത്തിന്റെ പുത്രന്മാരും കളകൾ ദുഷ്ടനായവന്റെ പുത്രന്മാരും’ ആണെന്ന് യേശു വിശദീകരിച്ചു. അന്ത്യകാലത്ത് മനുഷ്യപുത്രൻ പ്രതീകാത്മക ഗോതമ്പിൽനിന്നും കളകളെ വേർതിരിക്കാൻ ‘കൊയ്ത്തുകാരായ’ ദൂതന്മാരെ അയയ്ക്കും. അവർ രാജ്യത്തിന്റെ പുത്രന്മാരെ ശേഖരിക്കും. (മത്താ. 13:24-30, 36-43) ഇതെല്ലാം എങ്ങനെ നിവൃത്തിയേറി? ഭൂമിയിൽ യഹോവയ്ക്കായി ഒരു ജനമുണ്ടായിരിക്കുന്നതുമായി ഇത് എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?
11 “യുഗസമാപ്തി” 1914-ൽ ആരംഭിച്ചു. ആ സമയത്ത് ഭൂമിയിൽ അഭിഷിക്തക്രിസ്ത്യാനികൾ ഏതാനും ആയിരങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആ വർഷം പൊട്ടിപ്പുറപ്പെട്ട യുദ്ധത്തിന്റെ സമയത്തും ഈ “രാജ്യത്തിന്റെ പുത്രന്മാർ” മഹതിയാം ബാബിലോണിന്റെ ആത്മീയ അടിമത്തത്തിൽ തുടർന്നു. 1919-ൽ യഹോവ അവരെ വിടുവിച്ചു. അങ്ങനെ വ്യാജക്രിസ്ത്യാനികളായ ‘കളകളും’ സത്യക്രിസ്ത്യാനികളും തമ്മിലുള്ള വ്യത്യാസം വ്യക്തമായി. “രാജ്യത്തിന്റെ പുത്രന്മാ”രെ ഒരു സംഘടിതജനമായി അവൻ കൂട്ടിച്ചേർത്തു. ഇത് യെശയ്യാവിന്റെ പിൻവരുന്ന പ്രവചനത്തിന്റെ നിവൃത്തിയായിരുന്നു: “ഒരു ദേശം ഒരു ദിവസംകൊണ്ടു പിറക്കുമോ? ഒരു ജാതി ഒന്നായിട്ടു തന്നേ ജനിക്കുമോ? സീയോനോ നോവുകിട്ടിയ ഉടൻ തന്നേ മക്കളെ പ്രസവിച്ചിരിക്കുന്നു.” (യെശ. 66:8) യഹോവയുടെ സംഘടനയുടെ, ദൈവദൂതന്മാരടങ്ങിയ സ്വർഗീയഭാഗമായ സീയോൻ ഭൂമിയിൽ ആത്മാഭിഷിക്ത പുത്രന്മാരെ ഒരു ജനതയായി സംഘടിപ്പിച്ചതിനെയാണ് ‘സീയോൻ മക്കളെ പ്രസവിച്ചു’ എന്ന് പറഞ്ഞിരിക്കുന്നത്.
12. ‘(യഹോവയുടെ) നാമത്തിനായുള്ള ജനമാണ്’ തങ്ങളെന്ന് ഇന്ന് അഭിഷിക്തർ തെളിയിച്ചിരിക്കുന്നത് എങ്ങനെ?
12 ആദിമക്രിസ്ത്യാനികളെപ്പോലെ “രാജ്യത്തിന്റെ (അഭിഷിക്ത)പുത്രന്മാർ” യഹോവയുടെ സാക്ഷികളായ ഒരു ജനമായി വർത്തിക്കണമായിരുന്നു. (യെശയ്യാവു 43:1, 10, 11 വായിക്കുക.) അങ്ങനെ, ‘രാജ്യത്തിന്റെ സുവിശേഷം സകല ജനതകൾക്കും സാക്ഷ്യത്തിനായി’ പ്രസംഗിക്കുന്നതിനാലും ക്രിസ്തീയനടത്തയാലും അവർ മറ്റുള്ളവരിൽനിന്ന് വ്യത്യസ്തരായി നിലകൊള്ളുമായിരുന്നു. (മത്താ. 24:14; ഫിലി. 2:15) ഈ വിധത്തിൽ അനേകരെ, ദശലക്ഷങ്ങളെത്തന്നെ, അവർ യഹോവയുടെ മുമ്പാകെ നീതിയുള്ള ഒരു നിലയിലേക്ക് കൊണ്ടുവന്നിരിക്കുന്നു.—ദാനീയേൽ 12:3 വായിക്കുക.
“ഞങ്ങൾ നിങ്ങളോടുകൂടെ പോരുന്നു”
13, 14. യഹോവയ്ക്കു പ്രസാദകരമായ വിധത്തിൽ അവനെ ആരാധിക്കാനും സേവിക്കാനും ആത്മീയ ഇസ്രായേല്യരല്ലാത്തവർ എന്തു ചെയ്യണം, ബൈബിൾപ്രവചനത്തിൽ ഇത് എങ്ങനെയാണ് മുൻകൂട്ടിപ്പറഞ്ഞിരിക്കുന്നത്?
13 പുരാതന ഇസ്രായേലിലുണ്ടായിരുന്ന പരദേശികളുടെ ആരാധന യഹോവ സ്വീകരിക്കുമായിരുന്നെന്നും എന്നാൽ അവർ അതിന് യഹോവയുടെ ഉടമ്പടിജനവുമായി അടുത്തു സഹവസിക്കേണ്ടിയിരുന്നെന്നും മുൻലേഖനത്തിൽ നാം കണ്ടു. (1 രാജാ. 8:41-43) സമാനമായി ഇന്ന്, ആത്മീയ ഇസ്രായേല്യരല്ലാത്തവർ യഹോവയുടെ ജനത്തോടൊപ്പം, അതായത് “രാജ്യത്തിന്റെ പുത്രന്മാ”രായ യഹോവയുടെ അഭിഷിക്ത സാക്ഷികളോടൊപ്പം സഹവസിക്കണം.
14 ഈ അന്ത്യനാളുകളിൽ യഹോവയുടെ ജനത്തോടൊപ്പം അവനെ ആരാധിക്കാൻ അനേകം ജനങ്ങൾ കൂടിവരുമെന്ന് പുരാതന കാലത്തെ രണ്ട് പ്രവാചകന്മാർ മുൻകൂട്ടിപ്പറഞ്ഞിരുന്നു. യെശയ്യാവ് ഇങ്ങനെ പ്രവചിച്ചു: “അനേകവംശങ്ങളും ചെന്നു: വരുവിൻ, നമുക്കു യഹോവയുടെ പർവ്വതത്തിലേക്കു, യാക്കോബിൻ ദൈവത്തിന്റെ ആലയത്തിലേക്കു കയറിച്ചെല്ലാം; അവൻ നമുക്കു തന്റെ വഴികളെ ഉപദേശിച്ചുതരികയും നാം അവന്റെ പാതകളിൽ നടക്കയും ചെയ്യും എന്നു പറയും. സീയോനിൽനിന്നു ഉപദേശവും യെരൂശലേമിൽനിന്നു യഹോവയുടെ വചനവും പുറപ്പെടും.” (യെശ. 2:2, 3) സമാനമായി സെഖര്യാവും ഇങ്ങനെ പ്രവചിച്ചു: “അനേകജാതികളും ബഹുവംശങ്ങളും യെരൂശലേമിൽ സൈന്യങ്ങളുടെ യഹോവയെ അന്വേഷിപ്പാനും യഹോവയെ പ്രസാദിപ്പിപ്പാനും വരും.” സെഖര്യാവ് അവരെ ‘ജാതികളുടെ സകലഭാഷകളിലുംനിന്നുള്ള പത്തുപേർ’ എന്നു വർണിച്ചു. പ്രതീകാത്മക അർഥത്തിൽ അവർ ആത്മീയ ഇസ്രായേലിന്റെ വസ്ത്രാഗ്രം പിടിച്ച്, “ദൈവം നിങ്ങളോടുകൂടെ ഉണ്ടെന്നു ഞങ്ങൾ കേട്ടിരിക്കയാൽ ഞങ്ങൾ നിങ്ങളോടുകൂടെ പോരുന്നു” എന്നു പറയും.—സെഖ. 8:20-23.
15. ഏതു വേലയിലാണ് “വേറെ ആടുകൾ” ആത്മീയ ഇസ്രായേല്യരോടു‘കൂടെ പോകുന്നത്?’
15 “വേറെ ആടുകൾ” ഇന്ന് രാജ്യപ്രസംഗ വേലയിൽ ആത്മീയ ഇസ്രായേല്യരോടു‘കൂടെ പോകുകയാണ്.’ (മർക്കോ. 13:10) അവർ “നല്ല ഇടയ”നായ ക്രിസ്തുയേശുവിൻകീഴിൽ അഭിഷിക്തരോടൊപ്പം “ഒരാട്ടിൻകൂട്ട”മെന്ന നിലയിൽ ദൈവജനത്തിന്റെ ഒരു ഭാഗമായിത്തീരുന്നു.—യോഹന്നാൻ 10:14-16 വായിക്കുക.
യഹോവയുടെ ജനത്തിന്റെ ഇടയിൽ സംരക്ഷണം കണ്ടെത്തുക
16. “മഹാകഷ്ട”ത്തിന്റെ അന്തിമഭാഗത്തിലേക്ക് യഹോവ എങ്ങനെ കാര്യങ്ങൾ നയിക്കും?
16 മഹതിയാം ബാബിലോണിന്റെ നാശത്തിനു ശേഷം യഹോവയുടെ ജനത്തിനു നേരെ അതിശക്തമായ ഒരു ആക്രമണമുണ്ടാകും. ആ സാഹചര്യത്തിൽ യഹോവ തന്റെ ദാസന്മാർക്ക് പ്രദാനം ചെയ്യുന്ന സംരക്ഷണത്തിൻകീഴിൽ നാം ആയിരിക്കേണ്ടതുണ്ട്. ഈ ആക്രമണം “മഹാകഷ്ട”ത്തിന്റെ അന്തിമഭാഗത്തിനു തിരികൊളുത്തുന്നതിനാൽ യഹോവ തന്നെയായിരിക്കും അതിന് കളമൊരുക്കുന്നതും കൃത്യസമയം തീരുമാനിക്കുന്നതും. (മത്താ. 24:21; യെഹെ. 38:2-4) “ജാതികളുടെ ഇടയിൽനിന്നു ശേഖരിക്കപ്പെട്ട” യഹോവയുടെ ജനത്തെ ഗോഗ് ആ സമയത്ത് ആക്രമിക്കും. (യെഹെ. 38:10-12) ഗോഗിനും അവന്റെ കൂട്ടത്തിനും എതിരെയുള്ള തന്റെ ന്യായവിധികൾ നടപ്പാക്കാനും തന്റെ ജനത്തെ സംരക്ഷിക്കാനും യഹോവ അപ്പോൾ ഉടൻ ഇടപെടും. യഹോവ തന്റെ പരമാധികാരം മഹത്വീകരിക്കുകയും തന്റെ നാമം വിശുദ്ധീകരിക്കുകയും ചെയ്യും. അവൻ ഇങ്ങനെ പറയുന്നു: “ഞാൻ . . . പല ജാതികളും കാൺകെ എന്നെത്തന്നേ വെളിപ്പെടുത്തുകയും ഞാൻ യഹോവ എന്നു അവർ അറികയും ചെയ്യും.”—യെഹെ. 38:18-23.
17, 18. (എ) ഗോഗ് യഹോവയുടെ ജനത്തെ ആക്രമിക്കുമ്പോൾ എന്തു നിർദേശങ്ങൾ അവർക്കു ലഭിക്കും? (ബി) യഹോവയുടെ സംരക്ഷണം നമുക്കു ലഭിക്കണമെങ്കിൽ നാം എന്തു ചെയ്യണം?
17 ഗോഗ് തന്റെ ആക്രമണം ആരംഭിക്കുമ്പോൾ യഹോവ തന്റെ ദാസരോട് പറയും: “എന്റെ ജനമേ, വന്നു നിന്റെ അറകളിൽ കടന്നു വാതിലുകളെ അടെക്ക; ക്രോധം കടന്നുപോകുവോളം അല്പനേരത്തേക്കു ഒളിച്ചിരിക്ക.” (യെശ. 26:20) ആ നിർണായകസമയത്ത് യഹോവ നമുക്ക് ജീവരക്ഷാകരമായ നിർദേശങ്ങൾ നൽകും. ഈ ആലങ്കാരിക ‘അറകൾക്ക്’ പ്രാദേശിക സഭകളുമായി ബന്ധമുണ്ടായിരിക്കാനിടയുണ്ട്.
18 ഇന്ന് യഹോവയ്ക്ക് ഭൂമിയിൽ ഒരു ജനമുണ്ടെന്നും ആ ജനത്തെ അവൻ സഭകളായി സംഘടിപ്പിച്ചിരിക്കുകയാണെന്നും തിരിച്ചറിയുന്നെങ്കിൽ മാത്രമേ മഹാകഷ്ടത്തിന്റെ സമയത്ത് യഹോവ നൽകുന്ന സംരക്ഷണത്തിൽനിന്ന് നമുക്ക് പ്രയോജനം അനുഭവിക്കാൻ കഴിയുകയുള്ളൂ. നാം യഹോവയുടെ ജനത്തിന്റെ പക്ഷത്ത് നിലയുറപ്പിക്കുകയും പ്രാദേശിക സഭയോട് ചേർന്നുനിൽക്കുകയും വേണം. സങ്കീർത്തനക്കാരനെപ്പോലെ നമുക്കും മുഴുഹൃദയാ ഇങ്ങനെ ഘോഷിക്കാം: “രക്ഷ യഹോവെക്കുള്ളതാകുന്നു; നിന്റെ അനുഗ്രഹം നിന്റെ ജനത്തിന്മേൽ വരുമാറാകട്ടെ.”—സങ്കീ. 3:8.