അധ്യായം 102
കഴുതക്കുട്ടിയുടെ പുറത്തിരുന്ന് യരുശലേമിലേക്കു രാജാവ് വരുന്നു
മത്തായി 21:1-11, 14-17; മർക്കോസ് 11:1-11; ലൂക്കോസ് 19:29-44; യോഹന്നാൻ 12:12-19
ജയഘോഷത്തോടെ യേശു യരുശലേമിലേക്ക് വരുന്നു
യരുശലേമിന്റെ നാശം മുൻകൂട്ടിപ്പറഞ്ഞിരുന്നു
പിറ്റേന്നു പകൽ, നീസാൻ 9, ഞായറാഴ്ച. യേശുവും ശിഷ്യന്മാരും ബഥാന്യ വിട്ട് യരുശലേമിലേക്കു പോകുകയാണ്. ഒലിവുമലയിലുള്ള ബേത്ത്ഫാഗയിൽ എത്തിയപ്പോൾ യേശു തന്റെ രണ്ടു ശിഷ്യന്മാരോട് ഇങ്ങനെ പറഞ്ഞു:
“ആ കാണുന്ന ഗ്രാമത്തിലേക്കു പോകുക. അവിടെ എത്തുമ്പോൾത്തന്നെ, ഒരു കഴുതയെയും അതിന്റെ കുട്ടിയെയും കെട്ടിയിട്ടിരിക്കുന്നതു കാണും. അവയെ അഴിച്ച് എന്റെ അടുത്ത് കൊണ്ടുവരുക. ആരെങ്കിലും വല്ലതും ചോദിച്ചാൽ, ‘കർത്താവിന് ഇവയെ ആവശ്യമുണ്ട് ’ എന്നു പറഞ്ഞാൽ മതി. ഉടൻതന്നെ അയാൾ അവയെ വിട്ടുതരും.”—മത്തായി 21:2, 3.
യേശു നൽകിയ നിർദേശങ്ങളിൽ ഒരു ബൈബിൾപ്രവചനം അടങ്ങിയിരുന്നു എന്ന കാര്യം ശിഷ്യന്മാർ അപ്പോൾ മനസ്സിലാക്കിയിരുന്നില്ല. എന്നാൽ സെഖര്യയുടെ പ്രവചനത്തിന്റെ നിവൃത്തിയായിരുന്നു ഇതെന്ന് പിന്നീട് അവർ ഗ്രഹിച്ചു. ദൈവം വാഗ്ദാനം ചെയ്ത രാജാവ് യരുശലേമിലേക്കു ‘താഴ്മയോടെ കഴുതപ്പുറത്ത് വരും. കഴുതക്കുട്ടിയുടെ, പെൺകഴുതയുടെ കുട്ടിയുടെ, പുറത്ത് കയറി വരും’ എന്ന് സെഖര്യ പ്രവചിച്ചിരുന്നു.—സെഖര്യ 9:9.
ബേത്ത്ഫാഗയിൽ എത്തിയ ശിഷ്യന്മാർ അവിടെയുണ്ടായിരുന്ന ഒരു കഴുതയെയും അതിന്റെ കുട്ടിയെയും അഴിക്കാൻ തുടങ്ങിയപ്പോൾ അവിടെ നിന്ന ചിലർ ചോദിച്ചു: “നിങ്ങൾ എന്താണ് ഈ ചെയ്യുന്നത്, കഴുതക്കുട്ടിയെ അഴിക്കുന്നോ?” (മർക്കോസ് 11:5) എന്നാൽ ഇവ കർത്താവിനുവേണ്ടിയാണെന്നു പറഞ്ഞപ്പോൾ അവയെ കൊണ്ടുപോകാൻ അവർ ശിഷ്യന്മാരെ അനുവദിച്ചു. ശിഷ്യന്മാർ അവരുടെ പുറങ്കുപ്പായം കഴുതയുടെയും കുട്ടിയുടെയും പുറത്തിട്ടു. എന്നാൽ യേശു കഴുതക്കുട്ടിയുടെ പുറത്താണ് കയറിയത്.
യരുശലേമിലേക്കു യേശു വന്നപ്പോൾ ജനം കൂടാൻതുടങ്ങി. പലരും അവരുടെ പുറങ്കുപ്പായങ്ങൾ വഴിയിൽ വിരിച്ചു. മറ്റു ചിലർ “പറമ്പിൽനിന്ന് പച്ചിലക്കൊമ്പുകൾ” വെട്ടിക്കൊണ്ടുവന്നു നിലത്തു വിരിച്ചു. അവർ ഇങ്ങനെ ആർത്തുവിളിക്കുന്നുണ്ടായിരുന്നു: “ഓശാന! യഹോവയുടെ നാമത്തിൽ വരുന്നവൻ അനുഗൃഹീതൻ! നമ്മുടെ പിതാവായ ദാവീദിന്റെ വരുവാനുള്ള രാജ്യം അനുഗ്രഹിക്കപ്പെട്ടത്!” (മർക്കോസ് 11:8-10) പരീശന്മാർക്ക് ഇതൊക്കെ കണ്ടിട്ട് ഒട്ടും സഹിച്ചില്ല. അവർ യേശുവിനോട്: “ഗുരുവേ, അങ്ങയുടെ ശിഷ്യന്മാരെ ശകാരിക്കുക” എന്നു പറഞ്ഞു. എന്നാൽ യേശു പറഞ്ഞു: “ഒരു കാര്യം ഞാൻ പറയാം, ഇവർ മിണ്ടാതിരുന്നാൽ ഈ കല്ലുകൾ ആർത്തുവിളിക്കും.”—ലൂക്കോസ് 19:39, 40.
യരുശലേമിനെ നോക്കി കരഞ്ഞുകൊണ്ട് യേശു ഇങ്ങനെ പറഞ്ഞു: “സമാധാനത്തിനുള്ള മാർഗങ്ങൾ ഇന്നെങ്കിലും നീ ഒന്നു തിരിച്ചറിഞ്ഞെങ്കിൽ കൊള്ളാമായിരുന്നു! എന്നാൽ ഇപ്പോൾ അതു നിന്റെ കണ്ണുകൾക്കു മറഞ്ഞിരിക്കുകയാണല്ലോ.” മനഃപൂർവം അനുസരണക്കേടു കാണിച്ചതിന് യരുശലേം വില ഒടുക്കേണ്ടിവരും. യേശു ഇങ്ങനെ മുൻകൂട്ടി പറഞ്ഞു: “നിന്റെ ശത്രുക്കൾ നിനക്കു ചുറ്റും കൂർത്ത മരത്തൂണുകൾകൊണ്ട് കോട്ട കെട്ടി നിന്നെ വളഞ്ഞ് എല്ലാ വശത്തുനിന്നും നിന്നെ ഉപരോധിക്കുന്ന കാലം വരാൻപോകുന്നു. അവർ നിന്നെയും നിന്റെ മതിൽക്കെട്ടിനുള്ളിൽ കഴിയുന്ന നിന്റെ മക്കളെയും നിലംപരിചാക്കും. ഒരു കല്ലിന്മേൽ അവർ മറ്റൊരു കല്ല് അവശേഷിപ്പിക്കില്ല.” (ലൂക്കോസ് 19:42-44) യേശുവിന്റെ വാക്കുകൾപോലെതന്നെ എ.ഡി. 70 എന്ന വർഷം യരുശലേമിന്റെ നാശം സംഭവിക്കുന്നു.
യേശു യരുശലേമിൽ എത്തിയപ്പോൾ ‘നഗരത്തിലാകെ ബഹളമായി. “ഇത് ആരാണ് ”’ എന്ന് അവരെല്ലാം ചോദിക്കാൻതുടങ്ങി. “ഇതു ഗലീലയിലെ നസറെത്തിൽനിന്നുള്ള പ്രവാചകനായ യേശുവാണ് ” എന്നു ജനക്കൂട്ടം പറയുന്നുണ്ടായിരുന്നു. (മത്തായി 21:10, 11) യേശു ലാസറിനെ ഉയിർപ്പിച്ചത് കണ്ടിട്ടുള്ള ജനക്കൂട്ടത്തിലെ ചിലർ, ആ അത്ഭുതത്തെക്കുറിച്ച് മറ്റുള്ളവരോടു പറയാൻതുടങ്ങി. പരീശന്മാർ ഇപ്പോൾ എന്തു ചെയ്യണമെന്ന് അറിയാതെ വിഷമിക്കുന്നു. അവർ അന്യോന്യം ഇങ്ങനെ പറയുന്നു: “ലോകം മുഴുവൻ ഇവന്റെ പിന്നാലെയാണ്.”—യോഹന്നാൻ 12:18, 19.
യരുശലേമിൽ വരുമ്പോൾ പതിവുള്ളതുപോലെ യേശു ദേവാലയത്തിൽ പഠിപ്പിക്കാൻ പോകുന്നു. അവിടെ അന്ധരെയും മുടന്തരെയും യേശു സുഖപ്പെടുത്തുന്നു. യേശു ചെയ്യുന്ന കാര്യങ്ങളും “ദാവീദുപുത്രനു രക്ഷ നൽകണേ” എന്നു ദേവാലയത്തിൽ കുട്ടികൾ ആർത്തുവിളിക്കുന്നതും കണ്ടപ്പോൾ മുഖ്യപുരോഹിതന്മാരും ശാസ്ത്രിമാരും ദേഷ്യപ്പെട്ട് യേശുവിനോട്, “ഇവർ പറയുന്നതു നീ കേൾക്കുന്നില്ലേ” എന്നു ചോദിച്ചു. യേശു അവരോട്, “‘ശിശുക്കളുടെയും മുലകുടിക്കുന്നവരുടെയും വായിൽനിന്ന് നീ സ്തുതി പൊഴിക്കുന്നു’ എന്നു നിങ്ങൾ ഒരിക്കലും വായിച്ചിട്ടില്ലേ” എന്നു ചോദിച്ചു.—മത്തായി 21:15, 16.
ദേവാലയത്തിൽ നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങളൊക്കെ യേശു നിരീക്ഷിച്ചു. സമയം വൈകിയതിനാൽ അപ്പോസ്തലന്മാരോടൊപ്പം യേശു അവിടെനിന്ന് തിരിക്കുന്നു. നീസാൻ 10 തുടങ്ങുന്നതിനു മുമ്പേ ബഥാന്യയിലേക്കു യേശു പോകുന്നു. ഞായറാഴ്ച രാത്രി അവിടെ തങ്ങുന്നു.