പഠനലേഖനം 12
സെഖര്യ കണ്ടതു നിങ്ങൾക്കു കാണാനാകുന്നുണ്ടോ?
“‘സൈന്യത്താലോ ശക്തിയാലോ അല്ല, എന്റെ ആത്മാവിനാൽ’ എന്നു സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നു.”—സെഖ. 4:6.
ഗീതം 73 ധൈര്യം തരേണമേ
ചുരുക്കംa
1. ബാബിലോണിൽ അടിമകളായിരുന്ന ജൂതന്മാർക്കു സന്തോഷകരമായ എന്തു വാർത്തയാണു കേൾക്കാനായത്?
ജൂതന്മാർ വർഷങ്ങളായി ബാബിലോണിൽ അടിമകളായിരുന്നു. അങ്ങനെയിരിക്കെ ഇസ്രായേല്യരെ വിട്ടയയ്ക്കാൻ യഹോവ “പേർഷ്യൻ രാജാവായ കോരെശിന്റെ . . . മനസ്സുണർത്തി.” ജൂതന്മാർക്കു സ്വന്തം ദേശത്തേക്കു മടങ്ങിപ്പോകാനും ‘ഇസ്രായേലിന്റെ ദൈവത്തിന്റെ ഭവനം പുതുക്കിപ്പണിയാനും’ അനുവാദം നൽകിക്കൊണ്ട് രാജാവ് ഒരു വിളംബരം നടത്തി. (എസ്ര 1:1, 3) അതു കേട്ടപ്പോൾ അവർക്ക് എത്രമാത്രം ആവേശം തോന്നിക്കാണും! കാരണം അതിലൂടെ അവർക്കു ദൈവം നൽകിയ ദേശത്തുവെച്ച് യഹോവയെ വീണ്ടും ആരാധിക്കാനാകുമായിരുന്നു.
2. യരുശലേമിൽ തിരിച്ചെത്തിയ ജൂതന്മാർക്ക് എന്തു ചെയ്യാൻ കഴിഞ്ഞു?
2 ബാബിലോണിൽനിന്നുള്ള ജൂതന്മാരുടെ ആദ്യകൂട്ടം ബി.സി. 537-ൽ യരുശലേമിൽ എത്തിച്ചേർന്നു. മുമ്പ് തെക്കേ രാജ്യമായ യഹൂദയുടെ തലസ്ഥാനമായിരുന്നു യരുശലേം. തിരിച്ചെത്തിയ ജൂതന്മാർ പെട്ടെന്നുതന്നെ ദേവാലയത്തിന്റെ പണി തുടങ്ങി. അങ്ങനെ ബി.സി. 536-ൽ അതിന്റെ അടിസ്ഥാനം പണിത് പൂർത്തിയാക്കി.
3. ജൂതന്മാർക്ക് എന്ത് എതിർപ്പാണ് ഉണ്ടായത്?
3 അടിസ്ഥാനം ഇട്ടതിനു ശേഷം ആലയത്തിന്റെ പണി തുടങ്ങിയപ്പോഴേക്കും ചുറ്റുമുള്ള ജനതകളിൽനിന്ന് അവർക്കു കടുത്ത എതിർപ്പു നേരിട്ടു. ആ ആളുകൾ “ദേവാലയം പണിയുന്ന യഹൂദാജനത്തെ നിരുത്സാഹപ്പെടുത്താനും അവരുടെ മനസ്സിടിച്ചുകളയാനും” ശ്രമിച്ചുകൊണ്ടിരുന്നു. (എസ്ര 4:4) എന്നാൽ കാര്യങ്ങൾ പിന്നെയും വഷളായി. ബി.സി. 522-ൽ അർഥഹ്ശഷ്ട പേർഷ്യയിലെ പുതിയ രാജാവായി.b അധികാരത്തിൽ വന്ന ഈ മാറ്റം എതിരാളികൾ നന്നായി മുതലെടുത്തു. ‘നിയമത്തിന്റെ പേരും പറഞ്ഞ് കുഴപ്പങ്ങൾ ഉണ്ടാക്കി’ പണി നിറുത്തിക്കാൻ അവർ തീരുമാനിച്ചു. (സങ്കീ. 94:20) ജൂതന്മാരെക്കുറിച്ച് കുറെ നുണകളൊക്കെ പറഞ്ഞുകൊണ്ട് അവർ അർഥഹ്ശഷ്ട രാജാവിന് ഒരു കത്ത് എഴുതി. ജൂതന്മാർ രാജാവിനെ ധിക്കരിക്കാൻ പദ്ധതിയിടുകയാണെന്നും അവർ അതിൽ എഴുതിയിരുന്നു. (എസ്ര 4:11-16) രാജാവ് അവരുടെ നുണകൾ വിശ്വസിക്കുകയും ദേവാലയത്തിന്റെ പണി നിരോധിക്കുകയും ചെയ്തു. (എസ്ര 4:17-23) സന്തോഷത്തോടെ ദേവാലയത്തിന്റെ പണി തുടങ്ങിയ ജൂതന്മാർ അങ്ങനെ ആ പണി നിറുത്തിവെച്ചു.—എസ്ര 4:24.
4. എതിരാളികൾ ദേവാലയത്തിന്റെ പണി തടസ്സപ്പെടുത്തിയപ്പോൾ യഹോവ എന്തു ചെയ്തു? (യശയ്യ 55:11)
4 ചുറ്റുമുള്ള ജനതകളിലെ ആളുകളും പേർഷ്യൻ ഗവൺമെന്റിന്റെ ചില അധികാരികളും എങ്ങനെയും ദേവാലയത്തിന്റെ പണി നിറുത്തിക്കാൻ തീരുമാനിച്ചുറച്ചിരുന്നു. എന്നാൽ ജൂതന്മാർ ആലയത്തിന്റെ പണി പൂർത്തിയാക്കണമെന്നത് യഹോവയുടെ ഉദ്ദേശ്യമായിരുന്നു. യഹോവ എപ്പോഴും തന്റെ ഉദ്ദേശ്യം നിറവേറ്റും. (യശയ്യ 55:11 വായിക്കുക.) ആ ജൂതന്മാരെ പ്രോത്സാഹിപ്പിക്കാനായി യഹോവ ധീരനായ സെഖര്യയെ തന്റെ പ്രവാചകനായി തിരഞ്ഞെടുത്തു. എന്നിട്ട് യഹോവ അദ്ദേഹത്തെ ആവേശകരമായ എട്ടു ദർശനങ്ങൾ കാണിച്ചു. അദ്ദേഹം അതു ജനത്തോടു പറയണമായിരുന്നു. എതിരാളികളെ അവർ പേടിക്കേണ്ടതില്ലെന്നും യഹോവ ആഗ്രഹിക്കുന്നതുപോലെതന്നെ ധൈര്യത്തോടെ പണിയുമായി മുന്നോട്ടുപോകാനാകുമെന്നും ആ ദർശനങ്ങൾ അവർക്ക് ഉറപ്പുനൽകി. അഞ്ചാമത്തെ ദർശനത്തിൽ ഒരു തണ്ടുവിളക്കും രണ്ട് ഒലിവ് മരങ്ങളും ആണ് സെഖര്യ കണ്ടത്.
5. ഈ ലേഖനത്തിൽ നമ്മൾ എന്തു പഠിക്കും?
5 നമുക്കെല്ലാം ഇടയ്ക്കു നിരുത്സാഹം തോന്നാറുണ്ട്. ചിലപ്പോൾ എതിർപ്പു നേരിട്ടേക്കാം, അല്ലെങ്കിൽ നമ്മുടെ സാഹചര്യങ്ങൾ മാറിയേക്കാം. അതുമല്ലെങ്കിൽ കിട്ടുന്ന ചില നിർദേശങ്ങൾ സ്വീകരിക്കാൻ നമുക്കു ബുദ്ധിമുട്ടു തോന്നിയേക്കാം. ഇത്തരം സന്ദർഭങ്ങളിലും നമുക്ക് എങ്ങനെ യഹോവയെ വിശ്വസ്തമായി സേവിക്കാനാകും? സെഖര്യക്ക് യഹോവ നൽകിയ അഞ്ചാമത്തെ ദർശനം ജൂതന്മാർക്കു വലിയൊരു പ്രോത്സാഹനമായിരുന്നു. ആ ദർശനത്തെക്കുറിച്ച് പഠിക്കുന്നതു നമുക്കും ഒരു പ്രോത്സാഹനമാണ്. അത് എങ്ങനെയാണെന്ന് ഈ ലേഖനത്തിലൂടെ നമ്മൾ കാണും.
ആളുകൾ നമ്മളെ എതിർക്കുമ്പോൾ
6. സെഖര്യ 4:1-3-ൽ പറഞ്ഞിരിക്കുന്ന തണ്ടുവിളക്കിനെയും രണ്ട് ഒലിവ് മരങ്ങളെയും കുറിച്ചുള്ള ദർശനം ജൂതന്മാർക്കു ധൈര്യം നൽകിയത് എങ്ങനെ? (പുറംതാളിലെ ചിത്രം കാണുക.)
6 സെഖര്യ 4:1-3 വായിക്കുക. എതിർപ്പുകളൊക്കെയുണ്ടെങ്കിലും ധൈര്യത്തോടെ ദേവാലയത്തിന്റെ പണി മുന്നോട്ടു കൊണ്ടുപോകാൻ തണ്ടുവിളക്കിനെയും ഒലിവ് മരങ്ങളെയും കുറിച്ചുള്ള ആ ദർശനം ജൂതന്മാരെ സഹായിച്ചു. എങ്ങനെ? തണ്ടുവിളക്കു കത്തിനിൽക്കാനുള്ള എണ്ണ ആ രണ്ട് ഒലിവ് മരങ്ങളിൽനിന്ന് തുടർച്ചയായി കിട്ടുന്നുണ്ടായിരുന്നുവെന്ന കാര്യം നിങ്ങൾ ശ്രദ്ധിച്ചോ? ആ മരങ്ങളിൽനിന്നുള്ള എണ്ണ ആദ്യം ഒരു പാത്രത്തിലേക്കു വീണിട്ട് അവിടെനിന്ന് തണ്ടുവിളക്കിലെ ഏഴു ദീപങ്ങളിലേക്ക് ഒഴുകിയിരുന്നു. ഇങ്ങനെ തുടർച്ചയായി എണ്ണ കിട്ടിയിരുന്നതുകൊണ്ട് ആ വിളക്കിലെ തീ കെട്ടുപോകുന്നില്ലായിരുന്നു. സെഖര്യ ചോദിച്ചു: “എന്താണ് ഇവയുടെ അർഥം?” അപ്പോൾ ദൈവദൂതൻ യഹോവയിൽനിന്നുള്ള ഈ സന്ദേശം അദ്ദേഹത്തെ അറിയിച്ചു: “‘സൈന്യത്താലോ ശക്തിയാലോ അല്ല, എന്റെ ആത്മാവിനാൽ’ എന്നു സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നു.” (സെഖ. 4:4, 6) മരങ്ങളിൽനിന്നുള്ള എണ്ണ യഹോവയുടെ ശക്തമായ പരിശുദ്ധാത്മാവിനെയാണ് അർഥമാക്കിയത്. ആ എണ്ണ വിളക്കിലേക്കു തുടർച്ചയായി ഒഴുകിയിരുന്നതുപോലെ യഹോവയുടെ പരിശുദ്ധാത്മാവിന്റെ നിലയ്ക്കാത്ത സഹായം അവർക്കു കിട്ടുമായിരുന്നു. ദൈവാത്മാവിന്റെ ശക്തിക്കു മുന്നിൽ ആ പേർഷ്യൻ സൈന്യത്തിന്റെ ശക്തി ഒന്നുമല്ലായിരുന്നു. ദേവാലയം പണിയുന്നവരോടൊപ്പം യഹോവയുണ്ടായിരുന്നതുകൊണ്ട് ആരൊക്കെ എതിർത്താലും ആ പണി പൂർത്തിയാക്കാനാകുമായിരുന്നു. ആ സന്ദേശം അവർക്ക് എത്രമാത്രം ധൈര്യം നൽകിയിരിക്കണം! അതുകൊണ്ട് ആ ജൂതന്മാർ ഇത്രയും ചെയ്താൽ മതിയായിരുന്നു: യഹോവയിൽ ആശ്രയിച്ചുകൊണ്ട് വീണ്ടും പണി തുടങ്ങുക. അതുതന്നെയാണ് അവർ ചെയ്തത്. നിരോധനമുണ്ടായിരുന്നെങ്കിലും അവർ വീണ്ടും പണി തുടങ്ങി.
7. ദേവാലയം പണിതുകൊണ്ടിരുന്ന ജൂതന്മാർക്ക് ആശ്വാസം നൽകുന്ന എന്തു മാറ്റമാണു വന്നത്?
7 ദേവാലയം പണിയുന്നവർക്ക് ആശ്വാസം നൽകുന്ന ഒരു മാറ്റം സംഭവിച്ചു. എന്തായിരുന്നു അത്? ഒരു പുതിയ രാജാവ് പേർഷ്യയിൽ അധികാരത്തിൽ വന്നു. ദാര്യാവേശ് ഒന്നാമനായിരുന്നു അത്. അദ്ദേഹത്തിന്റെ ഭരണത്തിന്റെ രണ്ടാം വർഷം, അതായത് ബി.സി. 520-ൽ, ആലയംപണി നിരോധിച്ചുകൊണ്ടുള്ള കല്പന നിയമവിരുദ്ധമാണെന്ന് അദ്ദേഹം കണ്ടെത്തി. അതുകൊണ്ട് അദ്ദേഹം ആ പണി പൂർത്തിയാക്കാനുള്ള അനുവാദം നൽകി. (എസ്ര 6:1-3) രാജാവിന്റെ ആ തീരുമാനം എല്ലാവരെയും അതിശയിപ്പിച്ചു. എന്നാൽ ആലയംപണിക്ക് അംഗീകാരം നൽകുക മാത്രമല്ല അദ്ദേഹം ചെയ്തത്. ചുറ്റുമുള്ള ജനതകളോട് ആലയംപണി തടസ്സപ്പെടുത്തരുതെന്നും പണവും മറ്റു വസ്തുക്കളും നൽകി പണിയെ പിന്തുണയ്ക്കണമെന്നും അദ്ദേഹം ഉത്തരവിട്ടു. (എസ്ര 6:7-12) അങ്ങനെ ജൂതന്മാർക്ക് ഏതാണ്ടു നാലു വർഷംകൊണ്ട്, ബി.സി. 515-ൽ, ആലയത്തിന്റെ പണി പൂർത്തിയാക്കാൻ കഴിഞ്ഞു.—എസ്ര 6:15.
8. എതിർപ്പുകൾ ഉണ്ടാകുമ്പോഴും നിങ്ങൾക്ക് എങ്ങനെ ധൈര്യമുള്ളവരായിരിക്കാം?
8 ഇന്നും യഹോവയുടെ ആരാധകർക്കു പല തരത്തിലുള്ള എതിർപ്പുകൾ നേരിടുന്നുണ്ട്. ഉദാഹരണത്തിന്, ചില രാജ്യങ്ങളിൽ അധികാരികൾ നമ്മുടെ പ്രവർത്തനത്തിനു നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. അത്തരം സ്ഥലങ്ങളിൽ സഹോദരങ്ങളെ അറസ്റ്റു ചെയ്ത് ചിലപ്പോഴൊക്കെ ‘ഗവർണർമാരുടെയും രാജാക്കന്മാരുടെയും മുന്നിൽ ഹാജരാക്കുന്നു.’ അതിലൂടെ നമ്മുടെ വിശ്വാസത്തെക്കുറിച്ച് പറയാനുള്ള അവസരം അവർക്കു ലഭിക്കുന്നു. (മത്താ. 10:17, 18) ചില സന്ദർഭങ്ങളിൽ പുതിയ ഗവൺമെന്റ് അധികാരത്തിൽ വരുന്ന സമയത്ത് സഹോദരങ്ങൾക്ക് കുറച്ചൊക്കെ ആരാധനാസ്വാതന്ത്ര്യം കിട്ടാറുണ്ട്. മറ്റു ചിലപ്പോൾ നല്ല മനസ്സുള്ള ജഡ്ജിമാർ നമുക്ക് ആരാധനാസ്വാതന്ത്ര്യം കിട്ടുന്ന വിധത്തിലുള്ള തീരുമാനങ്ങളെടുത്തേക്കാം. ഇനി, വേറെ ചില സഹോദരങ്ങൾക്കു മറ്റു രീതിയിലുള്ള എതിർപ്പാണു നേരിടുന്നത്. അവർ താമസിക്കുന്ന രാജ്യങ്ങളിൽ ആരാധനാസ്വാതന്ത്ര്യമുണ്ടെങ്കിലും അവർക്കു കുടുംബാംഗങ്ങളിൽനിന്നുള്ള എതിർപ്പു നേരിടേണ്ടിവരുന്നു. (മത്താ. 10:32-36) എന്നാൽ പലപ്പോഴും എതിർക്കുന്നതുകൊണ്ട് കാര്യമില്ലെന്നു മനസ്സിലാക്കിയിട്ട് അവർ അങ്ങനെ ചെയ്യുന്നതു നിറുത്തിയിട്ടുണ്ട്. അവരിൽ ചിലർ പിന്നീടു വളരെ ഉത്സാഹമുള്ള സാക്ഷികളായിത്തീർന്നിട്ടുപോലുമുണ്ട്. എപ്പോഴും ഒരു കാര്യം ഓർക്കുക: എതിർപ്പു നേരിട്ടാലും യഹോവയെ സേവിക്കുന്നതു നിറുത്തിക്കളയരുത്. ധൈര്യമുള്ളവരായിരിക്കുക, യഹോവ നിങ്ങളുടെകൂടെയുണ്ട്. യഹോവ തന്റെ പരിശുദ്ധാത്മാവിനെ നിങ്ങൾക്കു തരും. അതുകൊണ്ട് പേടിക്കേണ്ടാ!
സാഹചര്യങ്ങൾ മാറുമ്പോൾ
9. പുതിയ ആലയത്തിന്റെ അടിസ്ഥാനം ഇട്ടപ്പോൾ ചില ജൂതന്മാർ കരഞ്ഞത് എന്തുകൊണ്ട്?
9 പുതിയ ആലയത്തിന് അടിസ്ഥാനം ഇടുന്നതു കണ്ടപ്പോൾ വൃദ്ധരായ പല ജൂതന്മാരും ഉറക്കെ കരഞ്ഞു. (എസ്ര 3:12) കാരണം ശലോമോൻ രാജാവ് നിർമിച്ച അതിമനോഹരമായ ആലയം അവർ കണ്ടിട്ടുണ്ടായിരുന്നു. അതുമായി ‘താരതമ്യപ്പെടുത്തുമ്പോൾ ഈ പുതിയ ആലയം ഒന്നുമല്ലെന്ന്’ അവർക്കു തോന്നി. (ഹഗ്ഗാ. 2:2, 3) അത് അവർക്ക് ഒട്ടും സഹിക്കാനായില്ല. എന്നാൽ സെഖര്യക്കു കിട്ടിയ ദർശനം അവരുടെ സങ്കടമൊക്കെ മാറാൻ സഹായിക്കുമായിരുന്നു. എങ്ങനെ?
10. സെഖര്യ 4:8-10-ൽ കാണുന്ന ദൂതന്റെ വാക്കുകൾ ജൂതന്മാരുടെ സങ്കടം മാറാൻ സഹായിച്ചത് എങ്ങനെ?
10 സെഖര്യ 4:8-10 വായിക്കുക. ജൂതന്മാർ “ആഹ്ലാദിക്കുകയും (ജൂതഗവർണറായ) സെരുബ്ബാബേലിന്റെ കൈയിൽ തൂക്കുകട്ട കാണുകയും ചെയ്യും” എന്നു ദൈവദൂതൻ പറഞ്ഞതിന്റെ അർഥം എന്തായിരുന്നു? ഭിത്തിയും മറ്റും നേരെയാണോ പണിതിരിക്കുന്നതെന്ന് ഉറപ്പുവരുത്താൻ ഉപയോഗിക്കുന്ന ഉപകരണമാണു തൂക്കുകട്ട. പഴയ ആലയത്തോടുള്ള താരതമ്യത്തിൽ പുതിയതു ചെറുതാണെന്നു ദൈവജനത്തിനു തോന്നിയാലും ഇതിന്റെ പണി പൂർത്തിയാകുമെന്നും യഹോവ ആഗ്രഹിക്കുന്നതുപോലുള്ള ഒന്നായിരിക്കും അതെന്നും ദൂതന്റെ വാക്കുകൾ സൂചിപ്പിച്ചു. ഇങ്ങനെയൊരു ആലയമുണ്ടായിരിക്കുന്നതിൽ യഹോവ സന്തോഷിക്കുന്നുണ്ടെങ്കിൽ ദൈവജനവും അതിൽ സന്തോഷിക്കേണ്ടതല്ലേ? ആലയത്തിന്റെ വലുപ്പമല്ല, യഹോവയുടെ ഇഷ്ടമനുസരിച്ച് അവിടെ ആരാധന നടക്കുന്നുണ്ടോ എന്നതാണ് യഹോവയ്ക്ക് ഏറ്റവും പ്രധാനം. യഹോവയ്ക്ക് ഇഷ്ടമുള്ള വിധത്തിൽ ആരാധന നടത്തുന്നതിലാണു ജൂതന്മാരുടെ മുഖ്യശ്രദ്ധയെങ്കിൽ അവർക്ക് യഹോവയുടെ അംഗീകാരമുണ്ടാകും. അതോടെ അവരുടെ സന്തോഷം തിരികെ കിട്ടുകയും ചെയ്യുമായിരുന്നു.
11. എന്തൊക്കെ കാരണങ്ങളാൽ യഹോവയുടെ ആരാധകരിൽ ചിലർക്ക് ഇന്നു നിരാശ തോന്നിയേക്കാം?
11 സാഹചര്യങ്ങൾക്കു മാറ്റം വരുമ്പോൾ അത് ഉൾക്കൊള്ളാൻ നമുക്കൊക്കെ പ്രയാസം തോന്നിയേക്കാം. ഉദാഹരണത്തിന്, ചില പ്രത്യേക മുഴുസമയസേവകർ വർഷങ്ങളായി ഒരേ നിയമനത്തിലായിരുന്നു. അവർക്ക് ഇപ്പോൾ പുതിയ ഒരു നിയമനം ലഭിക്കുന്നു. ഇനി, മറ്റു ചിലർക്കു പ്രായം കൂടിയതുകൊണ്ട് അവർ വർഷങ്ങളോളം വളരെ സന്തോഷത്തോടെ ചെയ്തുകൊണ്ടിരുന്ന ചില ഉത്തരവാദിത്വങ്ങൾ ഉപേക്ഷിക്കേണ്ടിവന്നിട്ടുണ്ട്. ഇത്തരത്തിൽ മാറ്റം കിട്ടുമ്പോൾ വിഷമം തോന്നുന്നതു സ്വാഭാവികമാണ്. ആദ്യമൊക്കെ നമുക്ക് ആ തീരുമാനത്തോടു യോജിക്കാനോ എന്തുകൊണ്ട് അങ്ങനെയൊരു തീരുമാനമെടുത്തെന്നു മനസ്സിലാക്കാനോ കഴിഞ്ഞെന്നുവരില്ല. കാരണം ആ പഴയ നിയമനം നമ്മൾ അത്രമാത്രം ഇഷ്ടപ്പെട്ടിരുന്നു. ഇനി, ഈ പുതിയ നിയമനത്തിൽ യഹോവയ്ക്കുവേണ്ടി അധികമൊന്നും ചെയ്യാനാകുന്നില്ലല്ലോ എന്നോർത്തും നമുക്കു നിരാശ തോന്നിയേക്കാം. (സുഭാ. 24:10) എന്നാൽ മാറിയ സാഹചര്യത്തിലും നമ്മുടെ ഏറ്റവും നല്ലത് യഹോവയ്ക്കു നൽകാൻ സെഖര്യയുടെ ഈ ദർശനം നമ്മളെ എങ്ങനെ സഹായിക്കും?
12. സാഹചര്യങ്ങൾക്കു മാറ്റമുണ്ടാകുമ്പോഴുള്ള വിഷമത്തെ മറികടക്കാൻ സെഖര്യയുടെ ദർശനം നമ്മളെ എങ്ങനെ സഹായിക്കും?
12 സാഹചര്യങ്ങൾക്കു മാറ്റം വരുമ്പോൾ അതിനെ യഹോവ കാണുന്നതുപോലെ കാണുകയാണെങ്കിൽ നമുക്ക് അതുമായി പൊരുത്തപ്പെടാൻ എളുപ്പമായിരിക്കും. യഹോവ ഇന്നു വലിയവലിയ കാര്യങ്ങളാണു ചെയ്യുന്നത്. ഇങ്ങനെയൊരു സമയത്ത് യഹോവയുടെ സഹപ്രവർത്തകരായിരിക്കാനുള്ള വലിയൊരു അവസരമാണു നമുക്കുള്ളത്. (1 കൊരി. 3:9) നമ്മുടെ നിയമനത്തിൽ മാറ്റം വന്നേക്കാം. എന്നാൽ യഹോവയ്ക്കു നമ്മളോടുള്ള സ്നേഹത്തിനു മാറ്റം വരില്ല. അതുകൊണ്ട് നിങ്ങളുടെ നിയമനത്തിൽ ഒരു മാറ്റമുണ്ടാകുമ്പോൾ എന്തിനാണ് എനിക്ക് ഇങ്ങനെയൊരു മാറ്റം തന്നത് എന്നു ചിന്തിച്ച് സമയം പാഴാക്കരുത്. “കഴിഞ്ഞ കാലം” ഇപ്പോഴത്തെക്കാൾ നല്ലതായിരുന്നെന്നു ചിന്തിക്കുന്നതിനു പകരം പുതിയ നിയമനത്തിന്റെ നല്ല വശങ്ങൾ കാണാൻ സഹായിക്കണേ എന്ന് യഹോവയോടു പ്രാർഥിക്കുക. (സഭാ. 7:10) നിങ്ങൾക്ക് ഇപ്പോൾ ചെയ്യാൻ പറ്റാത്ത കാര്യങ്ങളിലല്ല, ചെയ്യാൻ പറ്റുന്ന കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. അങ്ങനെ ചെയ്യുന്നത് എത്ര പ്രധാനമാണെന്നാണു സെഖര്യയുടെ ദർശനം നമ്മളെ പഠിപ്പിക്കുന്നത്. അപ്പോൾ സാഹചര്യങ്ങൾ മാറിയാലും സന്തോഷത്തോടെ, വിശ്വസ്തമായി നമ്മൾ യഹോവയെ സേവിക്കും.
നിർദേശങ്ങൾ അനുസരിക്കാൻ ബുദ്ധിമുട്ടു തോന്നുമ്പോൾ
13. ദേവാലയത്തിന്റെ പണി വീണ്ടും തുടങ്ങാനുള്ള നിർദേശം അത്ര ശരിയായില്ലെന്നു ചില ജൂതന്മാർക്കു തോന്നിയത് എന്തുകൊണ്ടാണ്?
13 ദേവാലയത്തിന്റെ പണി രാജാവ് നിരോധിച്ചെങ്കിലും മഹാപുരോഹിതനായ യേശുവയും (യോശുവ) ഗവർണറായ സെരുബ്ബാബേലും ‘ദൈവഭവനത്തിന്റെ പണി വീണ്ടും തുടങ്ങി.’ (എസ്ര 5:1, 2) ദൈവജനത്തിനു നേതൃത്വമെടുത്തിരുന്ന അവരുടെ ആ തീരുമാനം അത്ര ശരിയായില്ലെന്നു ചില ജൂതന്മാരെങ്കിലും ചിന്തിച്ചുകാണും. കാരണം ദേവാലയത്തിന്റെ പണി ഒളിച്ച് ചെയ്യാൻ പറ്റുന്ന ഒന്നായിരുന്നില്ല. പണിയെക്കുറിച്ച് അറിയുമ്പോൾ ശത്രുക്കൾ അതു തടസ്സപ്പെടുത്താൻ ശ്രമിക്കുമെന്ന് ഉറപ്പായിരുന്നു. അത്തരമൊരു സാഹചര്യത്തിൽ തങ്ങൾക്ക് യഹോവയുടെ പിന്തുണയുണ്ടെന്ന ഉറപ്പ് നേതൃത്വം വഹിച്ചിരുന്ന യോശുവയ്ക്കും സെരുബ്ബാബേലിനും ആവശ്യമായിരുന്നു. അവർക്ക് അതു ലഭിക്കുകയും ചെയ്തു. എങ്ങനെ?
14. സെഖര്യ 4:12, 14 പറയുന്നതനുസരിച്ച് മഹാപുരോഹിതനായ യോശുവയ്ക്കും ഗവർണറായ സെരുബ്ബാബേലിനും എന്ത് ഉറപ്പു ലഭിച്ചു?
14 സെഖര്യ 4:12, 14 വായിക്കുക. സെഖര്യയുടെ ദർശനത്തിന്റെ ഈ ഭാഗത്ത് ദൈവദൂതൻ പ്രവാചകന് ഒരു കാര്യം വെളിപ്പെടുത്തിക്കൊടുത്തു. ആ രണ്ട് ഒലിവ് മരങ്ങൾ ചിത്രീകരിക്കുന്നത് ‘രണ്ട് അഭിഷിക്തരെയാണ്,’ യോശുവയെയും സെരുബ്ബാബേലിനെയും. ആ രണ്ടു പേരും ആലങ്കാരികമായി ‘മുഴുഭൂമിയുടെയും നാഥന്റെ, അതായത് യഹോവയുടെ, അരികിൽ നിൽക്കുന്നതായി’ ദൂതൻ പറഞ്ഞു. എത്ര വലിയൊരു പദവിയായിരുന്നു അത്! യഹോവയ്ക്ക് അവരിൽ വിശ്വാസമുണ്ടായിരുന്നു. അതുകൊണ്ട് ആ ജൂതന്മാരും അവരെ വിശ്വസിക്കണമായിരുന്നു. അനുസരിക്കാൻ ബുദ്ധിമുട്ടു തോന്നുമ്പോഴും അവർ ആവശ്യപ്പെടുന്ന കാര്യങ്ങൾ ചെയ്യണമായിരുന്നു.
15. യഹോവ തന്റെ വചനത്തിലൂടെ തരുന്ന നിർദേശങ്ങളെ വിലമതിക്കുന്നെന്നു നമുക്ക് എങ്ങനെ തെളിയിക്കാം?
15 യഹോവ ഇന്നും പല വിധങ്ങളിൽ നമുക്കു നിർദേശങ്ങൾ തരുന്നുണ്ട്. ഒരു വിധം, തന്റെ വചനമായ ബൈബിളിലൂടെയാണ്. നമ്മൾ എങ്ങനെയാണ് യഹോവയെ ആരാധിക്കേണ്ടതെന്ന് അതിലൂടെ യഹോവ നമ്മളോടു പറയുന്നുണ്ട്. അതിലെ നിർദേശങ്ങൾ വിലമതിക്കുന്നെന്നു നമുക്ക് എങ്ങനെ കാണിക്കാം? ബൈബിൾ ശ്രദ്ധയോടെ വായിക്കാനും പഠിക്കാനും സമയമെടുത്തുകൊണ്ട് അതു ചെയ്യാം. നമുക്കു നമ്മളോടുതന്നെ ഇങ്ങനെ ചോദിക്കാം: ‘ബൈബിളോ നമ്മുടെ ഏതെങ്കിലും പ്രസിദ്ധീകരണമോ വായിക്കുമ്പോൾ ഇടയ്ക്ക് ഒന്നു നിറുത്തിയിട്ട് ഞാൻ അതിനെക്കുറിച്ച് ആഴത്തിൽ ചിന്തിക്കാറുണ്ടോ? മനസ്സിലാക്കാൻ പ്രയാസമുള്ള ബൈബിൾസത്യങ്ങൾ പഠിക്കാൻവേണ്ടി ഞാൻ കൂടുതൽ ശ്രമം ചെയ്യാറുണ്ടോ? അതോ അത്തരം ഭാഗങ്ങൾ ഞാൻ ഓടിച്ച് വായിച്ചുതീർക്കുകയാണോ ചെയ്യുന്നത്?’ (2 പത്രോ. 3:16) യഹോവ പഠിപ്പിക്കുന്ന കാര്യങ്ങളെക്കുറിച്ച് സമയമെടുത്ത് ചിന്തിക്കുകയാണെങ്കിൽ ആ നിർദേശങ്ങൾ അനുസരിക്കാനും പ്രസംഗപ്രവർത്തനം നന്നായി ചെയ്യാനും നമുക്കു കഴിയും.—1 തിമൊ. 4:15, 16.
16. “വിശ്വസ്തനും വിവേകിയും ആയ അടിമ” തരുന്ന ഒരു നിർദേശം നമുക്കു പൂർണമായി മനസ്സിലായില്ലെങ്കിൽപ്പോലും അത് അനുസരിക്കാൻ നമ്മളെ എന്തു സഹായിക്കും?
16 യഹോവ നമുക്കു നിർദേശങ്ങൾ തരുന്ന മറ്റൊരു വിധം ‘വിശ്വസ്തനും വിവേകിയും ആയ അടിമയിലൂടെയാണ്.’ (മത്താ. 24:45) ചിലപ്പോൾ ഈ അടിമ നൽകുന്ന നിർദേശങ്ങൾ നമുക്കു മുഴുവനായി മനസ്സിലാകണമെന്നില്ല. ഉദാഹരണത്തിന്, ഒരു പ്രകൃതിദുരന്തം ഉണ്ടായാൽ രക്ഷപ്പെടാനായി നമ്മൾ എന്തൊക്കെ ചെയ്യണമെന്ന നിർദേശങ്ങൾ അടിമ തന്നേക്കാം. എന്നാൽ അങ്ങനെയൊരു ദുരന്തം നമ്മുടെ പ്രദേശത്ത് ഒരിക്കലും ഉണ്ടാകില്ല എന്നായിരിക്കാം നമ്മൾ ചിന്തിക്കുന്നത്. അതല്ലെങ്കിൽ ഒരു മഹാമാരിയുടെ സമയത്ത് സംഘടന തരുന്ന നിർദേശങ്ങൾ കേൾക്കുമ്പോൾ ‘ഇത്രയൊക്കെ ശ്രദ്ധിക്കേണ്ടതുണ്ടോ’ എന്നു നമ്മൾ ചിന്തിച്ചേക്കാം. കിട്ടിയ നിർദേശങ്ങൾ അനുസരിക്കുന്നത് അത്ര എളുപ്പമല്ലെന്നു തോന്നിയാൽ നമുക്ക് എന്തു ചെയ്യാം? അങ്ങനെ തോന്നുന്നുണ്ടെങ്കിൽ യോശുവയിൽനിന്നും സെരുബ്ബാബേലിൽനിന്നും നിർദേശങ്ങൾ ലഭിച്ചപ്പോൾ അവ അനുസരിച്ചത് ഇസ്രായേല്യർക്ക് എങ്ങനെ പ്രയോജനം ചെയ്തെന്നു നമുക്കു ചിന്തിക്കാം. ഇനി, ചില സന്ദർഭങ്ങളിൽ ദൈവജനത്തിനു കിട്ടിയ നിർദേശങ്ങൾ മനുഷ്യകാഴ്ചപ്പാടിൽ അത്ര പ്രായോഗികമല്ലായിരുന്നു. എന്നാൽ അവ അനുസരിച്ചത് അവരുടെ ജീവൻ രക്ഷിച്ചു. അത്തരത്തിലുള്ള ബൈബിൾവിവരണങ്ങളെക്കുറിച്ച് ഓർക്കുന്നതും നമുക്കു പ്രയോജനം ചെയ്യും.—ന്യായാ. 7:7; 8:10.
സെഖര്യ കണ്ടതു നിങ്ങളും കാണുക
17. സെഖര്യയുടെ അഞ്ചാമത്തെ ദർശനത്തെക്കുറിച്ച് മനസ്സിലാക്കിയത് ആ ജൂതന്മാരെ എങ്ങനെ സഹായിച്ചു?
17 സെഖര്യക്കു കിട്ടിയ അഞ്ചാമത്തെ ദർശനം വളരെ ചെറിയ ഒന്നായിരുന്നു. എന്നാൽ തങ്ങളുടെ ജോലിയും ആരാധനയും ഉത്സാഹത്തോടെ മുന്നോട്ടു കൊണ്ടുപോകാൻ ആ ജൂതന്മാരെ സഹായിക്കുന്നതായിരുന്നു അത്. ദർശനത്തിൽനിന്ന് പഠിച്ച കാര്യങ്ങൾ അവർ ജീവിതത്തിൽ പ്രാവർത്തികമാക്കിയപ്പോൾ അവർക്ക് യഹോവയുടെ പിന്തുണയും സഹായവും കിട്ടി. അവരുടെ ജോലി തുടരാനും സന്തോഷം വീണ്ടെടുക്കാനും യഹോവ തന്റെ പരിശുദ്ധാത്മാവിലൂടെ അവരെ സഹായിച്ചു.—എസ്ര 6:16.
18. സെഖര്യയുടെ ദർശനം നിങ്ങൾക്ക് എങ്ങനെ പ്രയോജനം ചെയ്യും?
18 തണ്ടുവിളക്കിനെയും രണ്ട് ഒലിവ് മരങ്ങളെയും കുറിച്ച് സെഖര്യ കണ്ട ദർശനം നിങ്ങളുടെ ജീവിതത്തിലും ശരിക്കും പ്രയോജനം ചെയ്യും. നമ്മൾ കണ്ടതുപോലെ അതെക്കുറിച്ച് പഠിക്കുന്നത് എതിർപ്പുകളെ നേരിടാനുള്ള ശക്തി നിങ്ങൾക്കു തരും. സാഹചര്യങ്ങൾക്കു മാറ്റം വരുമ്പോഴും സന്തോഷമുള്ളവരായിരിക്കാൻ സഹായിക്കും. മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ള ചില നിർദേശങ്ങൾ കിട്ടുമ്പോഴും അവയിൽ വിശ്വാസമർപ്പിച്ചുകൊണ്ട് അനുസരിക്കാൻ നിങ്ങളെ പ്രേരിപ്പിക്കും. ജീവിതത്തിൽ ചില പ്രതിസന്ധികളൊക്കെ നേരിടുമ്പോൾ നിങ്ങൾ എന്തു ചെയ്യണം? ഒന്നാമതായി സെഖര്യ കണ്ടതു കാണുക, അതായത് യഹോവ തന്റെ ജനത്തിനുവേണ്ടി കരുതുന്നു എന്നതിന്റെ തെളിവുകൾ. എന്നിട്ട് നിങ്ങൾ കണ്ടതിനു ചേർച്ചയിൽ പ്രവർത്തിക്കുക. യഹോവയിൽ ആശ്രയിക്കുകയും മുഴുഹൃദയത്തോടെ യഹോവയെ ആരാധിക്കുകയും ചെയ്യുക. (മത്താ. 22:37) അങ്ങനെ ചെയ്താൽ സന്തോഷത്തോടെ എന്നെന്നും യഹോവയെ സേവിക്കാൻ യഹോവ നിങ്ങളെ സഹായിക്കും.—കൊലോ. 1:10, 11.
ഗീതം 7 യഹോവ നമ്മുടെ ബലം
a യഹോവ സെഖര്യ പ്രവാചകന് ആവേശം പകരുന്ന കുറെ ദർശനങ്ങൾ കാണിച്ചുകൊടുത്തു. ആ ദർശനങ്ങൾ, പ്രശ്നങ്ങൾക്കിടയിലും ശുദ്ധാരാധന പുനഃസ്ഥാപിക്കാനുള്ള ശക്തി സെഖര്യക്കും ദൈവജനത്തിനും നൽകി. പ്രശ്നങ്ങൾ ഉണ്ടാകുമ്പോഴും യഹോവയെ വിശ്വസ്തമായി സേവിക്കാൻ അവ നമ്മളെയും സഹായിക്കും. സെഖര്യ കണ്ട ഒരു ദർശനത്തെക്കുറിച്ചാണു നമ്മൾ ഈ ലേഖനത്തിൽ ചർച്ച ചെയ്യാൻപോകുന്നത്. വിളക്കുതണ്ടും ഒലിവ് മരങ്ങളും ഉൾപ്പെട്ട ആ ദർശനത്തിൽനിന്ന് നമുക്ക് എന്തൊക്കെ വിലപ്പെട്ട പാഠങ്ങൾ പഠിക്കാനാകുമെന്നു നോക്കാം.
b വർഷങ്ങൾക്കു ശേഷം നെഹമ്യ ഗവർണറായിരുന്ന സമയത്തും ഒരു അർഥഹ്ശഷ്ട രാജാവ് ഭരണം നടത്തിയിരുന്നു. അദ്ദേഹം ജൂതന്മാരോടു വളരെ ദയയുള്ളയാളായിരുന്നു.
c ചിത്രത്തിന്റെ വിവരണം: പ്രായംകൊണ്ടും ആരോഗ്യപ്രശ്നങ്ങൾകൊണ്ടും തന്റെ സാഹചര്യത്തിനു മാറ്റം വന്നപ്പോൾ അതുമായി പൊരുത്തപ്പെടേണ്ടതിന്റെ ആവശ്യം ഒരു സഹോദരൻ തിരിച്ചറിയുന്നു.
d ചിത്രത്തിന്റെ വിവരണം: യോശുവയെയും സെരുബ്ബാബേലിനെയും സഹായിച്ചതുപോലെ യഹോവ ഇന്നു ‘വിശ്വസ്തനും വിവേകിയും ആയ അടിമയെ’ പിന്തുണയ്ക്കുന്നതിനെക്കുറിച്ച് ഒരു സഹോദരി ചിന്തിക്കുന്നു.