യഹോവ സമാധാനവും സത്യവും സമൃദ്ധമായി നൽകുന്നു
“ഞാൻ . . . അവരെ സൌഖ്യമാക്കുകയും സമാധാനത്തിന്റെയും സത്യത്തിന്റെയും സമൃദ്ധി അവർക്കു വെളിപ്പെടുത്തുകയും ചെയ്യും.”—യിരെമ്യാവു 33:6.
1, 2. (എ) സമാധാനത്തിന്റെ കാര്യത്തിൽ ജനതകളെ സംബന്ധിച്ച വസ്തുതകളെന്ത്? (ബി) പൊ.യു.മു. 607-ൽ സമാധാനം സംബന്ധിച്ചു യഹോവ ഇസ്രായേല്യരെ എന്തു പാഠമാണു പഠിപ്പിച്ചത്?
സമാധാനം! എത്ര അഭികാമ്യമാണത്, എങ്കിലും മാനവ ചരിത്രത്തിൽ അത് എത്രയോ വിരളമായിരിക്കുന്നു! പ്രത്യേകിച്ചും 20-ാം നൂറ്റാണ്ട്, അതു സമാധാനത്തിന്റെ ശതകമായിരുന്നിട്ടേയില്ല. മറിച്ച്, അതു മാനവ ചരിത്രത്തിലേക്കുംവച്ച് ഏറ്റവും നാശകരമായ രണ്ടു യുദ്ധങ്ങൾക്കു സാക്ഷ്യം വഹിച്ചിരിക്കുന്നു. ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം ലോകസമാധാനം നിലനിർത്തുന്നതിനുവേണ്ടി സർവരാജ്യസഖ്യം രൂപീകൃതമായി. ആ സംഘടന ഒരു പരാജയമായിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം, അതേ ലക്ഷ്യത്തോടെ ഐക്യരാഷ്ട്ര സംഘടന സ്ഥാപിക്കപ്പെട്ടു. അതും എത്രകണ്ടു പരാജയമാണെന്നു കാണാൻ ദിനപ്പത്രങ്ങൾ വായിച്ചാൽ മതിയാകും.
2 മാനവ സംഘടനകൾക്കു സമാധാനം കൈവരിക്കാനാവില്ലെന്നതു നമ്മെ അതിശയിപ്പിക്കണോ? വേണ്ടേ വേണ്ട. 2,500-ലധികം വർഷംമുമ്പ്, ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ജനമായ ഇസ്രായേല്യരെ ഇക്കാര്യത്തിൽ ഒരു പാഠം പഠിപ്പിക്കുകയുണ്ടായി. പൊ.യു.മു. (പൊതുയുഗത്തിനുമുമ്പ്) ഏഴാം നൂറ്റാണ്ടിൽ പ്രബല ലോകശക്തിയായിരുന്ന ബാബിലോൻ ഇസ്രായേലിന്റെ സമാധാനത്തിനു ഭീഷണിയുയർത്തി. സമാധാനത്തിനുവേണ്ടി ഇസ്രായേൽ ഈജിപ്തിനെ ആശ്രയിച്ചു. ഈജിപ്ത് അതിൽ പരാജയപ്പെട്ടു. (യിരെമ്യാവു 37:5-8; യെഹെസ്കേൽ 17:11-15) പൊ.യു.മു. 607-ൽ ബാബിലോന്യ സൈന്യം യെരുശലേമിന്റെ മതിലുകൾ തകർക്കുകയും യഹോവയുടെ ആലയം കത്തിക്കുകയും ചെയ്തു. അങ്ങനെ, മനുഷ്യ സംഘടനകളിൽ ആശ്രയിക്കുന്നതിലെ നിഷ്ഫലത സംബന്ധിച്ചു കയ്പ്പേറിയ വിധത്തിൽ ഇസ്രായേൽ മനസ്സിലാക്കി. സമാധാനം ആസ്വദിക്കുന്നതിനു പകരം ആ ജനത ബാബിലോനിൽ പ്രവാസത്തിലേക്കു പോകാൻ നിർബന്ധിതരായി.—2 ദിനവൃത്താന്തം 36:17-21.
3. യിരെമ്യാവ് മുഖാന്തരം നൽകിയ യഹോവയുടെ വാക്കുകളുടെ നിവൃത്തിയെന്നവണ്ണം ചരിത്രപരമായ എന്തു സംഭവങ്ങളാണ് ഇസ്രായേല്യരെ സമാധാനം സംബന്ധിച്ച മർമപ്രധാനമായ രണ്ടാം പാഠം പഠിപ്പിച്ചത്?
3 എന്നിരുന്നാലും, ഇസ്രായേലിനു സമാധാനം കൈവരുത്തുന്നതു താനാണ് അല്ലാതെ ഈജിപ്തല്ല എന്നു യെരുശലേമിന്റെ പതനത്തിനുമുമ്പുതന്നെ യഹോവ വെളിപ്പെടുത്തിയിരുന്നു. “ഞാൻ . . . അവരെ സൌഖ്യമാക്കുകയും സമാധാനത്തിന്റെയും സത്യത്തിന്റെയും സമൃദ്ധി അവർക്കു വെളിപ്പെടുത്തുകയും ചെയ്യും. ഞാൻ യെഹൂദയുടെ പ്രവാസികളെയും യിസ്രായേലിന്റെ പ്രവാസികളെയും മടക്കിവരുത്തി പണ്ടത്തെപ്പോലെ അവർക്കു അഭിവൃദ്ധി വരുത്തും” എന്നു യിരെമ്യാവ് മുഖാന്തരം അവൻ വാഗ്ദാനം ചെയ്തു. (യിരെമ്യാവു 33:6, 7) പൊ.യു.മു. 539-ൽ ബാബിലോൻ പിടിച്ചടക്കപ്പെടുകയും ഇസ്രായേല്യ പ്രവാസികൾ മോചിപ്പിക്കപ്പെടുകയും ചെയ്തപ്പോൾ യഹോവയുടെ വാഗ്ദത്തം നിറവേറാൻ തുടങ്ങി. (2 ദിനവൃത്താന്തം 36:22, 23) പൊ.യു.മു. 537-ന്റെ അവസാന പകുതിയോടെ ഒരു കൂട്ടം ഇസ്രായേല്യർ 70 വർഷത്തിനിടയിൽ ആദ്യമായി ഇസ്രായേൽ മണ്ണിൽ കൂടാരപെരുന്നാൾ ആഘോഷിച്ചു! ആ ഉത്സവത്തിനു ശേഷം അവർ യഹോവയുടെ ആലയം പുനർനിർമിക്കാൻ ഇറങ്ങിത്തിരിച്ചു. അതു സംബന്ധിച്ച് അവരുടെ വികാരമെന്തായിരുന്നു? “അവർ യഹോവയെ സ്തുതിക്കുമ്പോൾ യഹോവയുടെ ആലയത്തിന്റെ അടിസ്ഥാനം ഇട്ടതുകൊണ്ടു ജനമെല്ലാം അത്യുച്ചത്തിൽ ആർത്തുഘോഷിച്ചു” എന്നു വൃത്താന്തം പറയുന്നു.—എസ്രാ 3:11.
4. ആലയനിർമാണ വേലയിലേർപ്പെടുന്നതിനു യഹോവ എങ്ങനെയാണ് ഇസ്രായേല്യരെ ഉത്സാഹിപ്പിച്ചത്, സമാധാനം സംബന്ധിച്ച് എന്തു വാഗ്ദാനമാണ് അവൻ നൽകിയത്?
4 എങ്കിലും, സന്തോഷഭരിതമായ ആ തുടക്കത്തിനു ശേഷം, എതിരാളികൾ നിമിത്തം ഇസ്രായേൽ നിരുത്സാഹിതരാവുകയും ആലയനിർമാണം നിർത്തിവയ്ക്കുകയും ചെയ്തു. ഏതാനും വർഷങ്ങൾക്കുശേഷം, പുനർനിർമാണ വേല പൂർത്തിയാക്കുന്നതിന് ഇസ്രായേല്യരെ ഉത്സാഹിപ്പിക്കാൻ യഹോവ പ്രവാചകന്മാരായ ഹഗ്ഗായിയെയും സെഖര്യാവിനെയും നിയുക്തരാക്കി. പണിയപ്പെടാനിരുന്ന ആലയത്തെക്കുറിച്ച്, ‘ഈ ആലയത്തിന്റെ പിന്നത്തെ മഹത്വം മുമ്പിലത്തേതിലും വലുതായിരിക്കും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു; ഈ സ്ഥലത്തു ഞാൻ സമാധാനം നൽകും’ എന്ന ഹഗ്ഗായിയുടെ വാക്കുകൾ കേൾക്കാൻ കഴിഞ്ഞത് അവരെ സംബന്ധിച്ചിടത്തോളം എത്ര രോമാഞ്ചജനകമായിരുന്നിരിക്കണം!—ഹഗ്ഗായി 2:9.
യഹോവ തന്റെ വാഗ്ദത്തങ്ങൾ നിവർത്തിക്കുന്നു
5. സെഖര്യാവിന്റെ എട്ടാം അധ്യായത്തിന്റെ സവിശേഷതയെന്താണ്?
5 പൊ.യു.മു. ആറാം നൂറ്റാണ്ടിൽ ദൈവജനത്തെ ബലിഷ്ഠരാക്കിയ ധാരാളം നിശ്വസ്ത ദർശനങ്ങളെയും പ്രവചനങ്ങളെയും കുറിച്ചു സെഖര്യാവു എന്ന ബൈബിൾ പുസ്തകത്തിൽ നാം വായിക്കുന്നു. ഇതേ പ്രവചനങ്ങൾ ഇന്നു നമുക്കും യഹോവയുടെ പിന്തുണ ഉറപ്പേകുന്നതിൽ തുടരുന്നു. നമ്മുടെ നാളിലും യഹോവ തന്റെ ജനത്തിനു സമാധാനമേകുമെന്നു വിശ്വസിക്കുന്നതിന് അവ നമുക്കു സകല കാരണവും പ്രദാനംചെയ്യുന്നു. ഉദാഹരണത്തിന്, പ്രവാചകനായ സെഖര്യാവ്, തന്റെ നാമം വഹിക്കുന്ന പുസ്തകത്തിന്റെ എട്ടാം അധ്യായത്തിൽ, ‘യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു’ എന്ന വാക്കുകൾ പത്തു പ്രാവശ്യം ഉരിയാടുന്നു. ഓരോ പ്രാവശ്യവും ആ പദപ്രയോഗം ദൈവജനത്തിന്റെ സമാധാനവുമായി ബന്ധപ്പെട്ട ഒരു ദിവ്യ അരുളപ്പാട് അവതരിപ്പിക്കുന്നു. ഈ വാഗ്ദത്തങ്ങളിൽ ചിലതു പണ്ട് സെഖര്യാവിന്റെ നാളിൽ നിവൃത്തിയേറുകയുണ്ടായി. അവയെല്ലാം നിവൃത്തിയേറിക്കഴിഞ്ഞിരിക്കുകയോ ഇന്നു നിവൃത്തിയേറിക്കൊണ്ടിരിക്കുകയോ ആണ്.
“ഞാൻ . . . സീയോന്നുവേണ്ടി എരിയുന്നു”
6, 7. ഏതെല്ലാം വിധങ്ങളിലാണു യഹോവ ‘മഹാ ക്രോധത്തോടെ സീയോന്നുവേണ്ടി എരിയുക’യുണ്ടായത്?
6 സെഖര്യാവു 8:2-ലാണ് ആ പദപ്രയോഗം ആദ്യമായി കാണുന്നത്. അവിടെ നാം ഇങ്ങനെ വായിക്കുന്നു: “സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ മഹാ തീക്ഷ്ണതയോടെ സീയോന്നുവേണ്ടി എരിയുന്നു. ഞാൻ അതിന്നുവേണ്ടി മഹാക്രോധത്തോടെ എരിയുന്നു.” തന്റെ ജനത്തിനുവേണ്ടി എരിവുള്ളവനായിരിക്കാൻ, വലിയ തീക്ഷ്ണതയുള്ളവനായിരിക്കാനുള്ള യഹോവയുടെ വാഗ്ദാനം അർഥമാക്കിയത് അവൻ അവരുടെ സമാധാനം പുനഃസ്ഥാപിക്കുന്ന കാര്യത്തിൽ ജാഗ്രതയുള്ളവനായിരിക്കുമായിരുന്നു എന്നാണ്. സ്വദേശത്തേക്കുള്ള ഇസ്രായേലിന്റെ പുനഃസ്ഥാപനവും ആലയത്തിന്റെ പുനർനിർമാണവും ആ തീക്ഷ്ണതയുടെ തെളിവായിരുന്നു.
7 എന്നാൽ, യഹോവയുടെ ജനത്തെ എതിർത്തവരെക്കുറിച്ചെന്ത്? തന്റെ ജനത്തെപ്രതിയുള്ള അവന്റെ തീക്ഷ്ണതയ്ക്കു തുല്യമായിരിക്കും ഈ ശത്രുക്കളോടുള്ള അവന്റെ ‘മഹാക്രോധം.’ ശക്തമായിരുന്ന, എന്നാൽ ഇപ്പോൾ നിലംപരിചായ ബാബിലോന്റെ ദുർഗതിയെക്കുറിച്ച്, പുനർനിർമിത ആലയത്തിൽ ആരാധന നടത്തിയപ്പോൾ വിശ്വസ്ത യഹൂദർക്ക് അയവിറക്കാൻ കഴിഞ്ഞു. ആലയം പുനർനിർമിക്കുന്നതിനു തടയിടാൻ ശ്രമിച്ച ശത്രുക്കൾക്കു ഭവിച്ച കനത്ത പരാജയത്തെക്കുറിച്ച് അനുസ്മരിക്കുന്നതിനും അവർക്കു കഴിഞ്ഞു. (എസ്രാ 4:1-6; 6:3) കൂടാതെ, യഹോവ തന്റെ വാഗ്ദത്തം നിവർത്തിച്ചതുകൊണ്ട് അവനു നന്ദിപറയാനും അവർക്കു കഴിഞ്ഞു. അവന്റെ തീക്ഷ്ണത അവരെ വിജയശ്രീലാളിതരാക്കി!
“സത്യ നഗരം”
8. മുൻകാലങ്ങളിൽനിന്നു വിരുദ്ധമായി, സെഖര്യാവിന്റെ നാളിൽ യെരുശലേം എങ്ങനെയായിരുന്നു സത്യനഗരമായി തീരുമായിരുന്നത്?
8 സെഖര്യാവ് രണ്ടാം തവണ ഇങ്ങനെ എഴുതുന്നു: “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു.” ഈ അവസരത്തിൽ യഹോവയുടെ വാക്കുകൾ എന്താണ്? “ഞാൻ സീയോനിലേക്കു മടങ്ങിവന്നു യെരൂശലേമിന്റെ മദ്ധ്യേ വസിക്കും; യെരൂശലേമിന്നു സത്യ നഗരം എന്നും സൈന്യങ്ങളുടെ യഹോവയുടെ പർവ്വതത്തിന്നു വിശുദ്ധപർവ്വതം എന്നും പേർ പറയും.” (സെഖര്യാവു 8:3) പൊ.യു.മു. 607-നു മുമ്പുള്ള കാലത്തു യെരുശലേം ഒരു വിധത്തിലും ഒരു സത്യ നഗരമായിരുന്നില്ല. അവളുടെ പുരോഹിതന്മാരും പ്രവാചകന്മാരും അഴിമതിക്കാരായിരുന്നു, അവളുടെ ജനം അവിശ്വസ്തരും. (യിരെമ്യാവു 6:13; 7:29-34; 13:23-27) ഇപ്പോൾ ദൈവജനം നിർമലാരാധനയോടുള്ള തങ്ങളുടെ പ്രതിബദ്ധത പ്രകടമാക്കിക്കൊണ്ട് ആലയം പുനർനിർമിക്കുകയായിരുന്നു. ആത്മീയ അർഥത്തിൽ, യഹോവ വീണ്ടും ഒരിക്കൽക്കൂടി യെരുശലേമിന്റെമേൽ ആവസിച്ചു. നിർമലാരാധനയുടെ സത്യങ്ങളെക്കുറിച്ചു വീണ്ടും അവളുടെയിടയിൽ സംസാരമുണ്ടായി. തന്മൂലം, യെരുശലേമിനെ “സത്യ നഗരം” എന്നു വിളിക്കാൻ കഴിഞ്ഞു. അവളുടെ ഉന്നത സ്ഥാനത്തെ, “യഹോവയുടെ പർവ്വത”മെന്നു പേർവിളിക്കാൻ കഴിഞ്ഞു.
9. ‘ദൈവത്തിന്റെ യിസ്രായേൽ’ 1919-ൽ തങ്ങളുടെ അവസ്ഥയിൽ എന്തു ഗണ്യമായ മാറ്റമാണ് അനുഭവിച്ചത്?
9 ഈ രണ്ട് അരുളപ്പാടുകളും പുരാതന ഇസ്രായേല്യരുടെ കാര്യത്തിൽ അർഥവത്തായിരുന്നെങ്കിലും, 20-ാം നൂറ്റാണ്ട് അതിന്റെ സമാപ്തിയിലേക്കു കടക്കവേ അവ നമുക്കും വളരെയധികം അർഥവത്താണ്. ഏതാണ്ട് 80 വർഷങ്ങൾക്കുമുമ്പ്, ഒന്നാം ലോകമഹായുദ്ധകാലത്തു “ദൈവത്തിന്റെ യിസ്രായേലി”നെ പ്രതിനിധാനം ചെയ്ത, ഏതാനും ആയിരങ്ങൾ വരുന്ന അഭിഷിക്തർ, പുരാതന ഇസ്രായേൽ ബാബിലോനിൽ പ്രവാസത്തിലേക്കു പോയതുപോലെതന്നെ, ആത്മീയ പ്രവാസത്തിലേക്കു പോവുകയുണ്ടായി. (ഗലാത്യർ 6:16) പ്രാവചനിക അർഥത്തിൽ, തെരുവിൽ കിടക്കുന്ന മൃതശരീരങ്ങളായി അവർ വർണിക്കപ്പെട്ടു. എന്നിട്ടും, യഹോവയെ “ആത്മാവിലും സത്യത്തിലും” ആരാധിക്കാനുള്ള ആത്മാർഥമായ ആഗ്രഹം അവർക്കുണ്ടായിരുന്നു. (യോഹന്നാൻ 4:24) അതുകൊണ്ട്, 1919-ൽ അവരെ ആത്മീയമായി മരിച്ച അവസ്ഥയിൽനിന്ന് ഉയിർപ്പിച്ചുകൊണ്ടു യഹോവ അവരെ പ്രവാസത്തിൽനിന്നു മോചിപ്പിച്ചു. (വെളിപ്പാടു 11:7-13) അങ്ങനെ, “ഒരു ദേശം ഒരു ദിവസംകൊണ്ടു പിറക്കുമോ? ഒരു ജാതി ഒന്നായിട്ടുതന്നേ ജനിക്കുമോ?” എന്ന യെശയ്യാവിന്റെ പ്രാവചനിക ചോദ്യത്തിനു യഹോവ ഉറച്ച ശബ്ദത്തിൽ ഉവ്വ് എന്ന് ഉത്തരം നൽകി. (യെശയ്യാവു 66:8) 1919-ൽ യഹോവയുടെ ജനം വീണ്ടുമൊരിക്കൽക്കൂടി തങ്ങളുടെ സ്വന്തം “ദേശ”ത്ത് അഥവാ ഭൂമിയിലെ ആത്മീയ സ്ഥിതിയിൽ ഒരു ആത്മീയ ജനതയായി നിലവിൽവന്നു.
10. അഭിഷിക്ത ക്രിസ്ത്യാനികൾ 1919 മുതൽ തങ്ങളുടെ ‘ദേശത്ത്’ എന്ത് അനുഗ്രഹങ്ങളാണ് ആസ്വദിച്ചുകൊണ്ടിരിക്കുന്നത്?
10 ആ ദേശത്തു സുരക്ഷിതരായിരുന്നുകൊണ്ട് അഭിഷിക്ത ക്രിസ്ത്യാനികൾ യഹോവയുടെ വലിയ ആത്മീയ ആലയത്തിൽ സേവനമനുഷ്ഠിച്ചു. യേശുവിന്റെ ഭൗമിക സ്വത്തുക്കൾ കാത്തുസൂക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് “വിശ്വസ്തനും വിവേകിയുമായ അടിമ”യായി അവർ നിയോഗിക്കപ്പെട്ടു. 20-ാം നൂറ്റാണ്ട് അതിന്റെ സമാപ്തിയോട് അടുക്കവേ, ഇപ്പോഴും അവർ ആ പദവി ആസ്വദിക്കുന്നു. (മത്തായി 24:45-47) “സമാധാനത്തിന്റെ ദൈവം” യഹോവയാണെന്ന പാഠം അവർ നന്നായി പഠിച്ചിരിക്കുന്നു.—1 തെസ്സലൊനീക്യർ 5:23.
11. ക്രൈസ്തവലോകത്തിലെ മതനേതാക്കന്മാർ തങ്ങൾ ദൈവജനത്തിന്റെ ശത്രുക്കളാണെന്നു സ്വയം തെളിയിച്ചിരിക്കുന്നതെങ്ങനെ?
11 എന്നാൽ, ദൈവത്തിന്റെ ഇസ്രായേലിന്റെ ശത്രുക്കളെക്കുറിച്ചെന്ത്? എതിരാളികൾക്കെതിരെയുള്ള യഹോവയുടെ ക്രോധത്തിനു സമമാണു തന്റെ ജനത്തെപ്രതിയുള്ള അവന്റെ തീക്ഷ്ണത. ഒന്നാം ലോകമഹായുദ്ധകാലത്തു ക്രൈസ്തവലോകത്തിലെ മതനേതാക്കന്മാർ, സത്യം സംസാരിക്കുന്ന ഈ ചെറിയ കൂട്ടം ക്രിസ്ത്യാനികളെ ഇല്ലായ്മ ചെയ്യുന്നതിനുള്ള ഉദ്യമത്തിൽ—അവർ അതിൽ പരാജയപ്പെട്ടു—അതിഘോരമായ സമ്മർദങ്ങൾ അവരുടെമേൽ ചെലുത്തി. രണ്ടാം ലോകമഹായുദ്ധകാലത്തു ക്രൈസ്തവലോകത്തിലെ ശുശ്രൂഷകർ ഒരു കാര്യത്തിൽ മാത്രമേ ഐകമത്യമുള്ളവരായിരുന്നുള്ളൂ: യുദ്ധത്തിൽ ഇരുപക്ഷക്കാരും യഹോവയുടെ സാക്ഷികളെ അടിച്ചമർത്തുന്നതിനു ഗവണ്മെൻറുകളെ പ്രേരിപ്പിക്കുകയുണ്ടായി. ഇന്നും, യഹോവയുടെ സാക്ഷികളുടെ പ്രസംഗവേലയിൽ നിയന്ത്രണം ഏർപ്പെടുത്തുന്നതിനോ അതു നിരോധിക്കുന്നതിനോ വേണ്ടി മതനേതാക്കന്മാർ അനേക ദേശങ്ങളിലും ഗവണ്മെൻറുകളെ ചൂടുപിടിപ്പിക്കുകയാണ്.
12, 13. ക്രൈസ്തവലോകത്തിനെതിരെ യഹോവയുടെ ക്രോധം എങ്ങനെയാണു പ്രകടമാക്കിയിരിക്കുന്നത്?
12 യഹോവ ഇതു ശ്രദ്ധിക്കാതിരുന്നിട്ടില്ല. ഒന്നാം ലോകമഹായുദ്ധത്തിനുശേഷം ക്രൈസ്തവലോകവും മഹാബാബിലോന്റെ ശേഷിച്ച ഭാഗവും ഒരു പതനം അനുഭവിച്ചറിഞ്ഞു. (വെളിപ്പാടു 14:8) ക്രൈസ്തവലോകത്തിന്റെ ആത്മീയമായി മരിച്ച അവസ്ഥ പരസ്യമായി വെളിപ്പെടുത്തുകയും അവളുടെ വരാൻപോകുന്ന നാശത്തെക്കുറിച്ചു മുന്നറിയിപ്പു നൽകുകയും ചെയ്തുകൊണ്ട് 1922 മുതൽ പ്രതീകാത്മക ബാധകളുടെ ഒരു പരമ്പരതന്നെ അവളുടെ മേൽ പകർന്നപ്പോൾ അവളുടെ വീഴ്ചയുടെ നിജസ്ഥിതി പരസ്യമായി. (വെളിപ്പാടു 8:7–9:21) ഈ ബാധകൾ തുടർന്നും പകരുന്നുവെന്നതിന്റെ തെളിവായി “വ്യാജമതത്തിന്റെ അന്ത്യം അടുത്തിരിക്കുന്നു” എന്ന പ്രസംഗം 1995 ഏപ്രിൽ 23-ന് ലോകവ്യാപകമായി നടത്തപ്പെടുകയും അതേത്തുടർന്നു രാജ്യവാർത്തയുടെ ഒരു പ്രത്യേക ലക്കത്തിന്റെ കോടിക്കണക്കിനു പ്രതികൾ വിതരണം ചെയ്യപ്പെടുകയുമുണ്ടായി.
13 ഇന്നു ക്രൈസ്തവലോകം ഒരു പരിതാപാവസ്ഥയിലാണ്. 20-ാം നൂറ്റാണ്ടിലുടനീളം അവളുടെ പുരോഹിതരാലും ശുശ്രൂഷകരാലും അനുഗ്രഹിക്കപ്പെട്ട ഘോര യുദ്ധങ്ങളിൽ അവളുടെ അംഗങ്ങൾ പരസ്പരം കൊന്നൊടുക്കിയിട്ടുണ്ട്. ചില ദേശങ്ങളിൽ അവൾക്ക് ഒട്ടുംതന്നെ സ്വാധീനമില്ല. മഹാബാബിലോന്റെ ശേഷിച്ചവരോടൊപ്പം അവളും നാശത്തിനായി നിയോഗിക്കപ്പെട്ടിരിക്കുകയാണ്.—വെളിപ്പാടു 18:21.
യഹോവയുടെ ജനത്തിനു സമാധാനം
14. സമാധാനമുള്ള ഒരു ജനത്തെക്കുറിച്ച് എന്തു പ്രാവചനിക വാഗ്ചിത്രമാണു നൽകിയിരിക്കുന്നത്?
14 നേരേമറിച്ച്, യഹോവയുടെ ജനം 1996 എന്ന ഈ വർഷം, തങ്ങളുടെ പുനഃസ്ഥാപിത ദേശത്തു സമൃദ്ധമായ സമാധാനം ആസ്വദിക്കുന്നു. അതു യഹോവയുടെ മൂന്നാമത്തെ അരുളപ്പാടിൽ വർണിച്ചിരിക്കുന്നതുപോലെയാണ്: “സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇനിയും യെരൂശലേമിന്റെ വീഥികളിൽ വൃദ്ധന്മാരും വൃദ്ധമാരും ഇരിക്കും; വാർധക്യംനിമിത്തം ഓരോരുത്തൻ കയ്യിൽ വടി പിടിക്കും. നഗരത്തിന്റെ വീഥികൾ ആൺകുട്ടികളെയും പെൺകുട്ടികളെയും കൊണ്ടു നിറഞ്ഞിരിക്കും; അവർ അതിന്റെ വീഥികളിൽ കളിച്ചുകൊണ്ടിരിക്കും.”—സെഖര്യാവു 8:4, 5.
15. ജനതകളുടെ യുദ്ധങ്ങൾക്കു മധ്യേയും യഹോവയുടെ ദാസർ എന്തു സമാധാനമാണ് ആസ്വദിച്ചിരിക്കുന്നത്?
15 യുദ്ധകലുഷിതമായിരിക്കുന്ന ഈ ലോകത്തു പ്രധാനപ്പെട്ട എന്തോ ഒരു സംഗതിയെ ഇമ്പമേകുന്ന ആ വാഗ്ചിത്രം അവതരിപ്പിക്കുന്നു—സമാധാനമുള്ള ഒരു ജനം. “ദൂരസ്ഥന്നും സമീപസ്ഥന്നും സമാധാനം, സമാധാനം എന്നും ഞാൻ അവനെ സൌഖ്യമാക്കും എന്നും യഹോവ അരുളിച്ചെയ്യുന്നു. . . . ദുഷ്ടന്മാർക്കു സമാധാനമില്ല എന്നു എന്റെ ദൈവം അരുളിച്ചെയ്യുന്നു” എന്ന യെശയ്യാവിന്റെ പ്രാവചനിക വാക്കുകൾ 1919 മുതൽ നിവൃത്തിയേറിക്കൊണ്ടിരിക്കുകയാണ്. (യെശയ്യാവു 57:19-21) തീർച്ചയായും, യഹോവയുടെ ജനത്തിനു ലോകത്തിന്റെ ഭാഗമല്ലാതിരിക്കുമ്പോഴും ജനതകളുടെ പ്രക്ഷോഭത്താൽ ബാധിക്കപ്പെടാതിരിക്കാനാവില്ല. (യോഹന്നാൻ 17:15, 16) ചില ദേശങ്ങളിൽ അവർ കഠിനമായ പ്രയാസങ്ങൾ സഹിക്കുന്നു, ചിലർ വധിക്കപ്പെടുകപോലും ചെയ്തിട്ടുണ്ട്. എങ്കിലും, യഥാർഥ ക്രിസ്ത്യാനികൾക്കു രണ്ടു പ്രധാന വിധങ്ങളിൽ സമാധാനമുണ്ട്. ഒന്നാമതായി, തങ്ങളുടെ “കർത്താവായ യേശുക്രിസ്തുമൂലം [അവർക്കു] ദൈവത്തോടു സമാധാനം ഉണ്ടു.” (റോമർ 5:1) രണ്ടാമതായി, അവർക്ക് അവരുടെ ഇടയിൽത്തന്നെ സമാധാനമുണ്ട്. അവർ ‘ഉയരത്തിൽനിന്നുള്ള ജ്ഞാനം’ നട്ടുവളർത്തുന്നു, അത് “ഒന്നാമതു നിർമ്മലവും പിന്നെ സമാധാനവും” ആകുന്നു. (യാക്കോബ് 3:17; ഗലാത്യർ 5:22-24) കൂടാതെ, ‘സൌമ്യതയുള്ളവർ ഭൂമിയെ കൈവശമാക്കി, സമാധാന സമൃദ്ധിയിൽ ആനന്ദിക്കുന്ന’ സമയത്തു തികഞ്ഞ അർഥത്തിൽ സമാധാനം ആസ്വദിക്കുന്നതിന് അവർ നോക്കിപ്പാർത്തിരിക്കുന്നു.—സങ്കീർത്തനം 37:11.
16, 17. (എ) “വൃദ്ധന്മാരും വൃദ്ധമാരും,” ‘ആൺകുട്ടികളും പെൺകുട്ടികളും’ എങ്ങനെയാണു യഹോവയുടെ സ്ഥാപനത്തെ ബലപ്പെടുത്തിയിരിക്കുന്നത്? (ബി) എന്താണു യഹോവയുടെ ജനത്തിന്റെ സമാധാനം പ്രകടമാക്കുന്നത്?
16 യഹോവയുടെ സ്ഥാപനത്തിന്റെ ആദ്യകാല വിജയങ്ങളെപ്പറ്റി ഓർമിക്കുന്ന അഭിഷിക്തരായ “വൃദ്ധന്മാരും വൃദ്ധമാരും” യഹോവയുടെ ജനത്തിനിടയിൽ ഇപ്പോഴുമുണ്ട്. അവരുടെ വിശ്വസ്തതയും സഹിഷ്ണുതയും അങ്ങേയറ്റം വിലമതിക്കപ്പെടുന്നു. 1930-കളിലെ നീറിപ്പുകഞ്ഞിരുന്ന നാളുകളിലും രണ്ടാം ലോകമഹായുദ്ധകാലത്തും അതേത്തുടർന്നുണ്ടായ പുരോഗതിയുടെ ആവേശഭരിതമായ നാളുകളിലും യുവ അഭിഷിക്തരാണു നേതൃത്വം വഹിച്ചത്. കൂടാതെ, 1935 മുതൽ പ്രത്യേകിച്ചും “വേറെ ആടുക”ളുടെ “മഹാപുരുഷാര”വും സ്വയം പ്രത്യക്ഷമായിരിക്കുന്നു. (വെളിപ്പാടു 7:9; യോഹന്നാൻ 10:16) അഭിഷിക്ത ക്രിസ്ത്യാനികൾക്കു പ്രായംചെല്ലുകയും അവർ എണ്ണത്തിൽ കുറയുകയും ചെയ്യുന്നതനുസരിച്ച് വേറെ ആടുകൾ പ്രസംഗവേല ഏറ്റെടുക്കുകയും ഭൂവ്യാപകമായി അതു വ്യാപിപ്പിക്കുകയും ചെയ്തിരിക്കുന്നു. സമീപ വർഷങ്ങളിലായി ദൈവജനത്തിന്റെ ദേശത്തേക്കു വേറെ ആടുകൾ വളരെയധികമായി എത്തുകയാണ്. എന്തിന്, കഴിഞ്ഞവർഷം തന്നെ 3,38,491 പേരാണു യഹോവയ്ക്കുള്ള തങ്ങളുടെ സമർപ്പണത്തിന്റെ പ്രതീകമായി സ്നാപനമേറ്റത്! ആത്മീയ അർഥത്തിൽ, അത്തരം പുതിയവർ തീർച്ചയായും വളരെ ചെറുപ്പംതന്നെ. ‘സിംഹാസനത്തിലിരിക്കുന്നവനായ നമ്മുടെ ദൈവത്തിന്നും കുഞ്ഞാടിന്നും’ നന്ദിനിറഞ്ഞ സ്തുതിഗീതങ്ങൾ അർപ്പിക്കാനുള്ളവരുടെ സംഖ്യ വർധിപ്പിക്കവേ അവരുടെ ഉന്മേഷവും ഉത്സാഹവും നിറഞ്ഞുകവിയുകയാണ്.—വെളിപ്പാടു 7:10.
17 ഇന്ന്, ‘നഗരവീഥികൾ ആൺകുട്ടികളെയും പെൺകുട്ടികളെയും കൊണ്ട്,’ യുവസഹജമായ ഊർജസ്വലതയുള്ള സാക്ഷികളെക്കൊണ്ട്, ‘നിറഞ്ഞിരിക്കുകയാണ്.’ 1995 സേവനവർഷം 232 രാജ്യങ്ങളിലും സമുദ്ര ദ്വീപുകളിലുംനിന്നു റിപ്പോർട്ടുകൾ ലഭിക്കുകയുണ്ടായി. എന്നാൽ അഭിഷിക്തരുടെയും വേറെ ആടുകളുടെയും ഇടയിൽ ഏതെങ്കിലും വിധത്തിലുള്ള കിടമത്സരമോ വർഗാന്തര വിദ്വേഷമോ അനുചിതമായ അസൂയയോ ഇല്ല. സകലരും സ്നേഹത്തിൽ ഏകീകൃതരായി, ആത്മീയമായി ഒരുമിച്ചു വളരുന്നു. യഹോവയുടെ സാക്ഷികളുടെ ലോകവ്യാപക സാഹോദര്യം തീർച്ചയായും ലോകരംഗത്ത് അനുപമമാണ്.—കൊലൊസ്സ്യർ 3:14; 1 പത്രൊസ് 2:17.
യഹോവയ്ക്ക് അത്യന്തം പ്രയാസകരമോ?
18, 19. മനുഷ്യരുടെ വീക്ഷണത്തിൽ വളരെ പ്രയാസകരമെന്നു തോന്നിച്ചേക്കാവുന്ന എന്തു കാര്യമാണ് യഹോവ 1919 മുതലുള്ള വർഷങ്ങളിൽ സാധിച്ചിരിക്കുന്നത്?
18 മുമ്പ്, 1918-ൽ, ആത്മീയ പ്രവാസത്തിലായിരുന്ന, നിരുത്സാഹിതരായിരുന്ന ഏതാനും ആയിരങ്ങൾ മാത്രം അഭിഷിക്ത ശേഷിപ്പിന്റെ ഭാഗമായിരുന്നപ്പോൾ, ആർക്കും ആ സംഭവങ്ങൾ ഏതു ഗതിയിലേക്കു നയിക്കുമെന്നു മുൻകൂട്ടി കാണാൻ കഴിഞ്ഞില്ല. എന്നുവരികിലും, അതു യഹോവയ്ക്കറിയാമായിരുന്നു. അവന്റെ നാലാമത്തെ പ്രാവചനിക അരുളപ്പാട് അതു സ്ഥിരീകരിക്കുന്നു: “സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: അതു ഈ കാലത്തിൽ ഈ ജനത്തിന്റെ ശേഷിപ്പുള്ളവർക്കു അതിശയമായി [“പ്രയാസകരമായി,” NW] തോന്നുന്നു എങ്കിൽ എനിക്കും അതിശയമായി [“പ്രയാസകരമായി,” NW] തോന്നുമോ എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു.”—സെഖര്യാവു 8:6.
19 മുന്നിൽ കിടന്നിരുന്ന വേലയ്ക്കായി 1919-ൽ യഹോവയുടെ ആത്മാവു തന്റെ ജനത്തിന് ഉണർവേകി. എങ്കിലും, യഹോവയുടെ ആരാധകരുടെ ചെറിയ സംഘടനയോടു പറ്റിനിൽക്കുന്നതിനു വിശ്വാസം ആവശ്യമായിരുന്നു. അവരുടെ സംഖ്യ തീരെ കുറവായിരുന്നു, സംഗതികൾ ഒന്നും വ്യക്തവുമായിരുന്നില്ല. എന്നിരുന്നാലും, അൽപ്പാൽപ്പമായി യഹോവ അവരെ സംഘടനാപരമായി ബലപ്പെടുത്തുകയും സുവാർത്ത പ്രസംഗിക്കുന്നതിനും ശിഷ്യരെയുളവാക്കുന്നതിനും ഉള്ള ക്രിസ്തീയ വേലയ്ക്ക് അവരെ സജ്ജരാക്കുകയും ചെയ്തു. (യെശയ്യാവു 60:17, 19; മത്തായി 24:14; 28:19, 20) ക്രമേണ, നിഷ്പക്ഷത, സാർവത്രിക പരമാധികാരം എന്നിങ്ങനെയുള്ള മർമപ്രധാന വിഷയങ്ങൾ വിവേചിച്ചറിയുന്നതിന് അവൻ അവരെ സഹായിച്ചു. സാക്ഷികളുടെ ആ ചെറിയ കൂട്ടം മുഖാന്തരം തന്റെ ഹിതം നടപ്പാക്കുന്നതു യഹോവയ്ക്ക് അത്യന്തം പ്രയാസകരമായിരുന്നോ? തീർച്ചയായും അല്ല എന്നുതന്നെയാണ് ഉത്തരം! ഈ മാസികയുടെ 12 മുതൽ 15 വരെയുള്ള പേജുകളിൽ കൊടുത്തിരിക്കുന്ന 1995 സേവനവർഷത്തിലെ യഹോവയുടെ സാക്ഷികളുടെ പ്രവർത്തനത്തിന്റെ ചാർട്ട് അതിനു സാക്ഷ്യം വഹിക്കുന്നു.
‘ഞാൻ അവർക്കു ദൈവമായിരിക്കും’
20. ദൈവജനത്തിന്റെ കൂട്ടിച്ചേർക്കൽ എത്ര വ്യാപകമായിരിക്കുമെന്നായിരുന്നു പ്രവചിക്കപ്പെട്ടിരുന്നത്?
20 അഞ്ചാമത്തെ അരുളപ്പാട് ഇന്നു യഹോവയുടെ സാക്ഷികളുടെ സന്തുഷ്ടമായ അവസ്ഥയെ കൂടുതലായി കാണിക്കുന്നു: “സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ എന്റെ ജനത്തെ ഉദയദേശത്തുനിന്നും അസ്തമയദേശത്തുനിന്നും രക്ഷിക്കും. ഞാൻ അവരെ കൊണ്ടുവരും; അവർ യെരൂശലേമിൽ പാർക്കും; സത്യത്തിലും നീതിയിലും അവർ എനിക്കു ജനമായും ഞാൻ അവർക്കു ദൈവമായും ഇരിക്കും.”—സെഖര്യാവു 8:7, 8.
21. യഹോവയുടെ ജനത്തിന്റെ സമൃദ്ധമായ സമാധാനം ഏതു വിധങ്ങളിലാണു നിലനിർത്തിപ്പോരുകയും വ്യാപകമാക്കുകയും ചെയ്തിരിക്കുന്നത്?
21 ലോകവ്യാപകമായി, ‘ഉദയദേശത്തും’ ‘അസ്തമയദേശത്തും’ സുവാർത്ത പ്രസംഗിക്കപ്പെട്ടിരിക്കുന്നുവെന്നു നമുക്ക് 1996-ൽ നിസന്ദേഹം പറയാൻ കഴിയും. സകല ജനതകളിലും നിന്നുള്ളവർ ശിഷ്യരാക്കപ്പെട്ടിട്ടുണ്ട്. “നിന്റെ മക്കൾ എല്ലാവരും യഹോവയാൽ ഉപദേശിക്കപ്പെട്ടവരും നിന്റെ മക്കളുടെ സമാധാനം വലിയതും ആയിരിക്കും” എന്ന യഹോവയുടെ പ്രവചനത്തിന്റെ നിവൃത്തി അവർ കണ്ടിരിക്കുന്നു. (യെശയ്യാവു 54:13) നാം യഹോവയാൽ പഠിപ്പിക്കപ്പെടുന്നതുകൊണ്ടു നമുക്കു സമാധാനമുണ്ട്. ആ ലക്ഷ്യത്തെ മുൻനിർത്തി, 300-ലധികം ഭാഷകളിൽ സാഹിത്യങ്ങൾ പ്രസിദ്ധീകരിക്കുന്നുണ്ട്. കഴിഞ്ഞവർഷം മാത്രമായി 21 ഭാഷകൾ ചേർക്കപ്പെടുകയുണ്ടായി. ഇപ്പോൾ 111 ഭാഷകളിൽ ഏകകാലികമായി വീക്ഷാഗോപുരം മാസികയും 54 ഭാഷകളിൽ ഉണരുക!യും പ്രസിദ്ധീകരിക്കുന്നു. ദേശീയവും സാർവദേശീയവുമായ കൺവെൻഷനുകൾ ദൈവജനത്തിനുള്ള സമാധാനത്തിന്റെ പരസ്യ പ്രകടനമാണ്. വാരംതോറുമുള്ള യോഗങ്ങൾ നമ്മെ ഏകീകൃതരാക്കുകയും ഉറച്ചു നിലകൊള്ളുന്നതിന് ആവശ്യമായ പ്രോത്സാഹനമേകുകയും ചെയ്യുന്നു. (എബ്രായർ 10:23-25) അതേ, യഹോവ തന്റെ ജനത്തെ “സത്യത്തിലും നീതിയിലും” പഠിപ്പിക്കുകയാണ്. അവൻ തന്റെ ജനത്തിനു സമാധാനം നൽകുന്നു. സമൃദ്ധമായ ആ സമാധാനത്തിൽ പങ്കുപറ്റാൻ കഴിയുന്നതിൽ നാം എത്ര അനുഗൃഹീതരാണ്!
നിങ്ങൾക്കു വിശദീകരിക്കാനാവുമോ?
◻ ആധുനികനാളിൽ യഹോവ എങ്ങനെയാണു തന്റെ ജനത്തിനുവേണ്ടി ‘മഹാക്രോധത്തോടെ എരിയു’കയുണ്ടായത്?
◻ യുദ്ധകലുഷിതമായ ദേശങ്ങളിൽപ്പോലും യഹോവയുടെ ജനം സമാധാനം ആസ്വദിക്കുന്നത് എങ്ങനെ?
◻ ഏതു വിധത്തിലാണു ‘നഗരത്തിന്റെ വീഥികൾ ആൺകുട്ടികളെയും പെൺകുട്ടികളെയും കൊണ്ടു നിറഞ്ഞിരിക്കു’ന്നത്?
◻ യഹോവയുടെ ജനം അവനാൽ പഠിപ്പിക്കപ്പെടേണ്ടതിന് എന്തു കരുതലുകളാണു ചെയ്യപ്പെട്ടിരിക്കുന്നത്?
[12-15 പേജുകളിലെ ചാർട്ട്]
യഹോവയുടെ സാക്ഷികളുടെ 1995 സേവനവർഷത്തിലെ ലോകവ്യാപക റിപ്പോർട്ട്
(പൂർണരൂപത്തിൽ കാണുന്നതിനു പ്രസിദ്ധീകരണം നോക്കുക.)
[8,9 പേജുകളിലെ ചിത്രം]
സമാധാനത്തിന്റെ വിശ്വസനീയമായ ഏക ഉറവിടം യഹോവയാണെന്നു പൊ.യു.മു. ആറാം നൂറ്റാണ്ടിൽ ആലയം പുനർനിർമിച്ച വിശ്വസ്ത യഹൂദർ മനസ്സിലാക്കി