പാഠം 36
എല്ലാ കാര്യങ്ങളിലും സത്യസന്ധരായിരിക്കുക
സത്യസന്ധരായവരെ കൂട്ടുകാരാക്കാനാണ് എല്ലാവരും ആഗ്രഹിക്കുക. യഹോവ സുഹൃത്തുക്കളാക്കാൻ ആഗ്രഹിക്കുന്നതും അങ്ങനെയുള്ളവരെയാണ്. എന്നാൽ നമുക്കു ചുറ്റുമുള്ള മിക്ക ആളുകളും സത്യസന്ധരല്ല. അതുകൊണ്ടുതന്നെ സത്യസന്ധരായിരിക്കുക കുറച്ചു ബുദ്ധിമുട്ടാണ്. എന്നാൽ എല്ലാ കാര്യങ്ങളിലും സത്യസന്ധരായിരിക്കുന്നതുകൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടോ?
1. സത്യസന്ധരായിരിക്കേണ്ടതിന്റെ ഏറ്റവും പ്രധാനപ്പെട്ട കാരണം എന്താണ്?
മറ്റുള്ളവരോടു സത്യസന്ധരായിരിക്കുമ്പോൾ യഹോവയെ സ്നേഹിക്കുന്നുണ്ടെന്നും ബഹുമാനിക്കുന്നുണ്ടെന്നും നമ്മൾ തെളിയിക്കുകയാണ്. നമ്മൾ ചിന്തിക്കുന്നതും ചെയ്യുന്നതും ആയ എല്ലാ കാര്യങ്ങളും യഹോവയ്ക്കു നന്നായി അറിയാം. (എബ്രായർ 4:13) എല്ലാ കാര്യങ്ങളിലും നമ്മൾ സത്യസന്ധരായിരിക്കുമ്പോൾ യഹോവയ്ക്കു വളരെ സന്തോഷം തോന്നും. ദൈവവചനം ഇങ്ങനെ പറയുന്നു: “യഹോവ വഞ്ചകരെ വെറുക്കുന്നു, നേരുള്ളവരെയാണു ദൈവം ഉറ്റസുഹൃത്തുക്കളാക്കുന്നത്.”—സുഭാഷിതങ്ങൾ 3:32.
2. സത്യസന്ധരായിരിക്കാൻ കഴിയുന്ന ചില വിധങ്ങൾ ഏതൊക്കെയാണ്?
നമ്മൾ ‘പരസ്പരം സത്യം പറയാനാണ്’ യഹോവ ആഗ്രഹിക്കുന്നത്. (സെഖര്യ 8:16, 17) എന്താണ് അതിന്റെ അർഥം? നമ്മൾ കുടുംബാംഗങ്ങളോടോ സഹജോലിക്കാരോടോ സഭയിലെ സഹോദരീസഹോദരന്മാരോടോ ഗവൺമെന്റ് അധികാരികളോടോ, ആരോടു സംസാരിക്കുമ്പോഴും നുണ പറയരുത്. അവർക്കു തെറ്റായ വിവരങ്ങൾ കൊടുക്കുകയും അരുത്. സത്യസന്ധരായ വ്യക്തികൾ മോഷ്ടിക്കില്ല, മറ്റുള്ളവരെ വഞ്ചിക്കില്ല. (സുഭാഷിതങ്ങൾ 24:28; എഫെസ്യർ 4:28 എന്നീ വാക്യങ്ങൾ വായിക്കുക.) കൂടാതെ, അവർ എല്ലാ നികുതികളും കൃത്യമായി കൊടുക്കും. (റോമർ 13:5-7) ഈ പറഞ്ഞ കാര്യങ്ങളിലും മറ്റ് “എല്ലാത്തിലും സത്യസന്ധരായിരിക്കാൻ” നമ്മൾ ആഗ്രഹിക്കുന്നു.—എബ്രായർ 13:18.
3. സത്യസന്ധരായിരിക്കുന്നതിന്റെ പ്രയോജനങ്ങൾ എന്തെല്ലാമാണ്?
സത്യസന്ധരാണെന്ന പേരുണ്ടെങ്കിൽ മറ്റുള്ളവർ നമ്മളെ വിശ്വസിക്കും. കുടുംബാംഗങ്ങൾക്കിടയിൽ ഉള്ളതുപോലുള്ള ഒരു സ്നേഹത്തിന്റെയും സുരക്ഷിതത്വത്തിന്റെയും അന്തരീക്ഷം സഭയിൽ നിലനിറുത്താനാകും. നമുക്കു നല്ല ഒരു മനസ്സാക്ഷി ഉണ്ടായിരിക്കും. നമ്മുടെ സത്യസന്ധത ‘ദൈവത്തിന്റെ പഠിപ്പിക്കലിന് എല്ലാ വിധത്തിലും ഒരു അലങ്കാരമാകുകയും’ ചെയ്യും. അങ്ങനെ മറ്റുള്ളവർക്കും സത്യദൈവത്തെ അറിയാൻ ആഗ്രഹം തോന്നും.—തീത്തോസ് 2:10.
ആഴത്തിൽ പഠിക്കാൻ
യഹോവയുമായുള്ള നമ്മുടെ ബന്ധത്തിൽ സത്യസന്ധതയ്ക്ക് എത്രത്തോളം പ്രാധാന്യമുണ്ട്? ജീവിതത്തിന്റെ വ്യത്യസ്ത മേഖലകളിൽ എങ്ങനെ സത്യസന്ധരായിരിക്കാൻ കഴിയും? ഇക്കാര്യങ്ങൾ നോക്കാം.
4. സത്യസന്ധത യഹോവയെ സന്തോഷിപ്പിക്കും
സങ്കീർത്തനം 44:21; മലാഖി 3:16 എന്നീ വാക്യങ്ങൾ വായിക്കുക. എന്നിട്ട് ഈ ചോദ്യങ്ങൾ ചർച്ച ചെയ്യുക:
സത്യം മറച്ചുവെക്കാൻ കഴിയുമെന്നു ചിന്തിക്കുന്നതു ശരിയല്ലാത്തത് എന്തുകൊണ്ട്?
ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളിൽപ്പോലും നമ്മൾ സത്യം പറയുമ്പോൾ യഹോവയ്ക്ക് എന്താണ് തോന്നുന്നത്?
5. എപ്പോഴും സത്യസന്ധരായിരിക്കുക
എപ്പോഴും സത്യസന്ധരായിരിക്കാൻ കഴിയില്ല എന്നാണു പലരും വിചാരിക്കുന്നത്. എന്നാൽ എപ്പോഴും സത്യസന്ധരായിരിക്കേണ്ടത് എന്തുകൊണ്ടാണെന്നു നോക്കാം. വീഡിയോ കാണുക.
എബ്രായർ 13:18 വായിക്കുക. എന്നിട്ട് താഴെപ്പറയുന്ന സാഹചര്യങ്ങളിൽ എങ്ങനെ സത്യസന്ധരായിരിക്കാൻ കഴിയും എന്നു ചർച്ച ചെയ്യുക:
വീട്ടിൽ.
സ്കൂളിലും ജോലിസ്ഥലത്തും.
മറ്റ് അവസരങ്ങളിൽ.
6. സത്യസന്ധത നമുക്കു പ്രയോജനം ചെയ്യുന്നു
സത്യസന്ധരായിരിക്കുമ്പോൾ ചില പ്രശ്നങ്ങളൊക്കെ നേരിടേണ്ടി വന്നേക്കാം. പക്ഷേ അവസാനം നമുക്ക് അത് ഗുണമേ ചെയ്യൂ. സത്യം പറയുന്നതാണ് ഏറ്റവും നല്ല വഴി. സങ്കീർത്തനം 34:12-16 വായിക്കുക. എന്നിട്ട് ഈ ചോദ്യം ചർച്ച ചെയ്യുക:
സത്യസന്ധരായിരിക്കുന്നത് ജീവിതത്തിൽ ഗുണം ചെയ്യുന്നത് എങ്ങനെ?
സത്യസന്ധരായിരിക്കുന്ന ഭാര്യാഭർത്താക്കന്മാരുടെ വിവാഹബന്ധം ശക്തമായിരിക്കും
സത്യസന്ധരായ ജോലിക്കാരെ തൊഴിലുടമ വിശ്വസിക്കും
സത്യസന്ധരായ വ്യക്തികൾക്ക് ഗവൺമെന്റ് അധികാരികൾക്കിടയിൽ നല്ലൊരു പേരുണ്ടായിരിക്കും
ആരെങ്കിലും ഇങ്ങനെ പറഞ്ഞാൽ: “ആർക്കും ദോഷംവരാത്ത ചില നുണകളൊക്കെ പറയുന്നതുകൊണ്ട് ഒരു കുഴപ്പവുമില്ല.”
യഹോവ എല്ലാ നുണകളും വെറുക്കുന്നുണ്ടോ, എന്തുകൊണ്ട്?
ചുരുക്കത്തിൽ
തന്റെ സുഹൃത്തുക്കൾ സംസാരത്തിലും പ്രവൃത്തിയിലും എല്ലായ്പോഴും സത്യസന്ധരായിരിക്കാൻ യഹോവ ആഗ്രഹിക്കുന്നു.
ഓർക്കുന്നുണ്ടോ?
സത്യസന്ധരായിരിക്കാൻ കഴിയുന്ന ചില വിധങ്ങൾ ഏതൊക്കെയാണ്?
സത്യം മറച്ചുവെക്കാൻ ശ്രമിക്കുന്നത് ശരിയല്ലാത്തത് എന്തുകൊണ്ട്?
എപ്പോഴും സത്യസന്ധരായിരിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? എന്തുകൊണ്ട്?
കൂടുതൽ മനസ്സിലാക്കാൻ
മാതാപിതാക്കൾക്ക് എങ്ങനെ കുട്ടികളെ സത്യസന്ധരായിരിക്കാൻ പഠിപ്പിക്കാം?
വാക്കു പാലിക്കുന്നതുകൊണ്ട് നമുക്കു കിട്ടുന്ന പ്രയോജനങ്ങൾ എന്തൊക്കെയാണ്?
നമ്മൾ അടയ്ക്കുന്ന നികുതി ചിലപ്പോൾ ശരിയായ കാര്യങ്ങൾക്കുവേണ്ടിയല്ല ഉപയോഗിക്കുന്നതെങ്കിൽപ്പോലും നമ്മൾ നികുതി അടയ്ക്കേണ്ടത് എന്തുകൊണ്ട്?
തട്ടിപ്പുകാരനായ ഒരു വ്യക്തി എങ്ങനെയാണ് പിന്നീട് സത്യസന്ധനായത്?
“യഹോവ കരുണയും ക്ഷമയും ഉള്ള ദൈവമാണെന്നു ഞാൻ പഠിച്ചു” (വീക്ഷാഗോപുരം 2015 ജൂലൈ 1)