പരമോന്നത നാമത്തിന്റെ രഹസ്യം ചുരുളഴിയുന്നു
മുസ്ലീങ്ങളുടെ ഖുർആനും ക്രിസ്ത്യാനികളുടെ ബൈബിളും പരമോന്നത നാമത്തെ പരാമർശിക്കുന്നു എന്നതു രസാവഹമാണ്. ഈ ചർച്ച ആ പരമോന്നത നാമത്തിന്റെ അർഥവും പ്രാധാന്യവും വിശദീകരിക്കുന്നു. ആ നാമം മുഴുമനുഷ്യവർഗത്തെയും ഇവിടെ ഭൂമിയിലുള്ള നമ്മുടെ ഭാവിയെയും എങ്ങനെ ബാധിക്കുമെന്നുകൂടി ഇതു പ്രകടമാക്കുന്നു.
ലക്ഷക്കണക്കിനു സ്ത്രീപുരുഷൻമാർ ഈ ഭൂമിയിൽ ജീവിച്ചു മരിച്ചുപോയിട്ടുണ്ട്. മിക്കവരുടെയും കാര്യത്തിൽ, അവരുടെ പേരുകൾ അവരോടൊപ്പം മരിക്കുകയും അവരെ കുറിച്ചുള്ള ഓർമ മങ്ങിമറയുകയും ചെയ്തിരിക്കുന്നു. എന്നാൽ അവിസന്ന, എഡിസൺ, പാസ്ചർ, ബിഥോവൻ, ഗാന്ധി, ന്യൂട്ടൻ എന്നിവരുടേതു പോലുള്ള പേരുകൾ ജീവിക്കുന്നു. നേട്ടങ്ങൾ, കണ്ടെത്തലുകൾ, നൂതനസൃഷ്ടികൾ എന്നിവയ്ക്ക് ഉത്തരവാദികളായവരുമായി ബന്ധപ്പെട്ടുകിടക്കുന്ന പേരുകളാണിവ.
എന്നിരുന്നാലും മറെറല്ലാററിനെക്കാളും മഹത്തായ ഒരു നാമമുണ്ട്. അഖിലാണ്ഡത്തിൽ എവിടെയും, കഴിഞ്ഞുപോയതും ഇപ്പോഴുള്ളതുമായ സകല അത്ഭുതങ്ങളും അതുമായി ബന്ധപ്പെട്ടുകിടക്കുന്നു. എന്തിന്, സുദീർഘവും സന്തുഷ്ടവും ആയ ഒരു ജീവിതത്തിനുവേണ്ടിയുള്ള മനുഷ്യവർഗത്തിന്റെ പ്രത്യാശ ഈ നാമവുമായി ബന്ധപ്പെട്ടുകിടക്കുന്നു!
ഈ നാമം അറിയാൻ അനേകർ ആഗ്രഹിച്ചിട്ടുണ്ട്. അവർ അത് അന്വേഷിക്കുകയും അതു സംബന്ധിച്ച് ആരായുകയും ചെയ്തിട്ടുണ്ട്. എന്നാൽ അവർ അതു കണ്ടെത്തിയിട്ടില്ല. അത് അവർക്ക് എന്നും ഒരു രഹസ്യമായിരുന്നു. വാസ്തവത്തിൽ അതിന്റെ ഉടമസ്ഥൻതന്നെ അതു വെളിപ്പെടുത്തുന്നില്ലെങ്കിൽ ഒരാൾക്കും ഈ നാമം കണ്ടെത്താനാവില്ല. സന്തോഷകരമെന്നു പറയട്ടെ, ഈ കിടയററ നാമം സംബന്ധിച്ച രഹസ്യം ചുരുളഴിഞ്ഞിരിക്കുന്നു. ദൈവത്തിൽ വിശ്വസിക്കുന്നവർ അവിടുത്തെ അറിയുന്നതിനുവേണ്ടി അവിടുന്നുതന്നെ ഇതു ചെയ്തിരിക്കുന്നു. അവിടുന്നു തന്റെ നാമം ആദാമിനു വെളിപ്പെടുത്തി, അതിനുശേഷം അബ്രഹാമിനും മോശക്കും പുരാതന നാളിലെ അവിടുത്തെ മററു ദാസൻമാർക്കും അതു വെളിപ്പെടുത്തി.
പരമോന്നത നാമം തേടി
“ഗ്രന്ഥത്തിൽനിന്നും അറിവ് തനിക്ക് ഉണ്ടായിരുന്ന” ഒരുവനെ സംബന്ധിച്ചു ഖുർആൻ പറയുന്നു. (27:40) ഈ വാക്യം വിശദീകരിക്കവേ, താഫ്സർ ജലാൽയൻ എന്നറിയപ്പെടുന്ന ഒരു വ്യാഖ്യാനം ഇങ്ങനെ പറയുന്നു: “ബാർക്കിയയുടെ മകനായ ആസാഫ് നീതിമാനായ ഒരു മനുഷ്യനായിരുന്നു. അദ്ദേഹത്തിനു ദൈവത്തിന്റെ പരമോന്നത നാമം അറിയാമായിരുന്നു, അത് വിളിച്ചപേക്ഷിച്ചപ്പോഴെല്ലാം അദ്ദേഹത്തിന് ഉത്തരം ലഭിച്ചിരുന്നു.” ഇതു നമ്മെ അനുസ്മരിപ്പിക്കുന്നത് “അങ്ങനെ അവർ യഹോവ എന്നു നാമമുള്ള നീ മാത്രം സർവ്വഭൂമിക്കുംമീതെ അത്യുന്നതൻ എന്നു അറിയും” എന്നു സങ്കീർത്തനം 83:18-ൽ പ്രസ്താവിച്ച ബൈബിൾ എഴുത്തുകാരനായ ആസാഫിനെയാണ്.
ഖുർആൻ 17:2-ൽ നാം ഇങ്ങനെ വായിക്കുന്നു: “മൂസായ്ക്ക് നാം ഗ്രന്ഥത്തെ നൽകുകയും, അത് നാം ഇസ്രായീൽസന്തതികൾക്ക് ഒരു മാർഗ്ഗദർശനമാക്കുകയും ചെയ്തു.” ആ തിരുവെഴുത്തുകളിൽ മോശ ഇപ്രകാരം പറഞ്ഞുകൊണ്ടു ദൈവത്തെ സംബോധന ചെയ്യുന്നു: “ഞാൻ യിസ്രായേൽമക്കളുടെ അടുക്കൽ ചെന്നു: നിങ്ങളുടെ പിതാക്കൻമാരുടെ ദൈവം എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു എന്നു പറയുമ്പോൾ: അവന്റെ നാമം എന്തെന്നു അവർ എന്നോടു ചോദിച്ചാൽ ഞാൻ അവരോടു എന്തു പറയേണം എന്നു ചോദിച്ചു.” ഇങ്ങനെ പറഞ്ഞുകൊണ്ടു ദൈവം മോശക്ക് ഉത്തരമരുളി: “നീ യിസ്രായേൽമക്കളോടു ഇപ്രകാരം പറയേണം: അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവുമായി, നിങ്ങളുടെ പിതാക്കൻമാരുടെ ദൈവമായ യഹോവ എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു; ഇതു എന്നേക്കും എന്റെ നാമവും തലമുറതലമുറയായി എന്റെ ജ്ഞാപകവും ആകുന്നു.”—പുറപ്പാടു 3:13, 15.
പുരാതന നാളുകളിൽ ഇസ്രയേല്യർക്കു ദൈവത്തിന്റെ ഈ മഹത്തായ നാമം അറിയാമായിരുന്നു. തങ്ങളുടെ സ്വന്തം പേരിന്റെ ഒരു ഭാഗമായിപ്പോലും അവർ അതിനെ ഉപയോഗിച്ചിരുന്നു. “ദൈവത്തിന്റെ ദാസൻ” എന്നർഥമുള്ള അബ്ദുള്ള എന്ന പേർ ഇപ്പോൾ ആളുകൾക്കുള്ളതുപോലെ പുരാതന ഇസ്രയേലിലെ ആളുകൾക്കു “യഹോവയുടെ ദാസൻ” എന്നർഥമുള്ള ഓബദ്യാവ് എന്നു പേരുണ്ടായിരുന്നു. പ്രവാചകനായ മോശയുടെ മാതാവിനു പേരിട്ടത് യോഖേബെദ് എന്നായിരുന്നു, അതിന്റെ അർഥം മിക്കവാറും “യഹോവയാകുന്നു മഹത്ത്വം” എന്നാണ്. യോഹന്നാൻ എന്ന പേരിനർഥം “യഹോവ കാരുണ്യവാനായിരുന്നിരിക്കുന്നു” എന്നാണ്. പ്രവാചകനായ ഏലിയായുടെ പേരിന്റെ അർഥമാകട്ടെ “എന്റെ ദൈവം യഹോവയാണ്” എന്നും.
പ്രവാചകൻമാർ ഈ മഹത്തായ നാമം അറിയുകയും ആഴമായ ആദരവോടെ അത് ഉപയോഗിക്കുകയും ചെയ്തിരുന്നു. തിരുവെഴുത്തുകളിൽ അത് 7,000-ത്തിൽ കൂടുതൽ പ്രാവശ്യം കാണപ്പെടുന്നു. മറിയയുടെ പുത്രനായ യേശുക്രിസ്തു പിതാവിനോടുള്ള തന്റെ പ്രാർഥനയിൽ പിൻവരുന്ന പ്രകാരം പറഞ്ഞുകൊണ്ട് അതിനു മുൻതൂക്കം കൊടുത്തു: “നീ ലോകത്തിൽനിന്നു എനിക്കു തന്നിട്ടുള്ള മനുഷ്യർക്കു ഞാൻ നിന്റെ നാമം വെളിപ്പെടുത്തിയിരിക്കുന്നു . . . നീ എന്നെ സ്നേഹിക്കുന്ന സ്നേഹം അവരിൽ ആകുവാനും ഞാൻ നിന്റെ നാമം അവർക്കു വെളിപ്പെടുത്തിയിരിക്കുന്നു.” (യോഹന്നാൻ 17:6, 26) ബൈദാവീയുടെ വിഖ്യാതമായ ഖുർആൻ വ്യാഖ്യാനത്തിൽ ഖുർആൻ 2:87-നെ സംബന്ധിച്ച് അദ്ദേഹം പരാമർശിക്കുകയിൽ യേശു “മരിച്ച വ്യക്തികളെ ദൈവത്തിന്റെ പരമോന്നത നാമത്താൽ പുനരുജ്ജീവിപ്പിക്കുക” പതിവായിരുന്നു എന്നു പറയുന്നുണ്ട്.
ആ സ്ഥിതിക്ക്, ആ നാമം ഒരു രഹസ്യമായിത്തീരാൻ ഇടയാക്കിയതെന്താണ്? നാമോരോരുത്തരുടെയും ഭാവിയുമായി അതിന് എന്തു ബന്ധമാണുള്ളത്?
നാമം എങ്ങനെ ഒരു രഹസ്യമായിത്തീർന്നു?
എബ്രായയിലെ “യഹോവ” എന്നതിന്റെ അർഥം “അല്ലാഹു” (ദൈവം) എന്നാണെന്നു ചിലർ വിചാരിക്കുന്നു. എന്നാൽ “അല്ലാഹു” എന്നതിന്റെ എബ്രായ തുല്യപദമായ “എലോഹ” (ദൈവം) എന്നതിന്റെ പൂജകബഹുവചനരൂപം എലോഹിം ആകുന്നു, ഇതു പ്രതാപസൂചകമായ പ്രയോഗമാണ്. യഹൂദൻമാരുടെ ഇടയിൽ രൂപംകൊണ്ട ഒരു അന്ധവിശ്വാസം യഹോവ എന്ന ദിവ്യനാമം ഉച്ചരിക്കുന്നതിൽനിന്ന് അവരെ തടഞ്ഞു. അതുകൊണ്ട്, അവർ തിരുവെഴുത്തുകൾ വായിക്കുമ്പോൾ ദിവ്യനാമം കണ്ടാൽ അദോനായി എന്നു വായിച്ചുവിടുന്നത് അവരുടെ ഒരു രീതിയായിത്തീർന്നു, അതിന്റെ അർഥമാകട്ടെ “കർത്താവ്” എന്നും. ചില സ്ഥലങ്ങളിൽ മൂല എബ്രായ പാഠത്തിലെ “യഹോവ” എന്നതിനെ അവർ അദോനായി എന്നു മാററി എഴുതുകപോലും ചെയ്തു.
ക്രൈസ്തവലോകത്തിലെ മതനേതാക്കൻമാർ അതേ രീതി അവലംബിച്ചു. അവർ യഹോവ എന്ന നാമത്തിന്റെ സ്ഥാനത്തു “ദൈവം” (അറബിയിൽ “അല്ലാഹു”) എന്നും “കർത്താവ്” എന്നും വെച്ചു. അതു തിരുവെഴുത്തുകളിൽ അടിസ്ഥാനമില്ലാത്ത ത്രിത്വമെന്ന വ്യാജോപദേശത്തിന്റെ വികാസത്തിനു വളംവെച്ചു. ഇതു നിമിത്തം ദശലക്ഷക്കണക്കിനാളുകൾ തെററിദ്ധാരണയിൽ യേശുവിനെയും പരിശുദ്ധാത്മാവിനെയും ആരാധിക്കുകയും അവരെ ദൈവത്തോടു തുല്യരായി കണക്കാക്കുകയും ചെയ്യുന്നു.a
യഹൂദ-ക്രൈസ്തവ മതനേതാക്കൻമാർ പരമോന്നത നാമത്തെ സംബന്ധിച്ച വ്യാപകമായ അജ്ഞതയ്ക്കു കുററം പേറുന്നു. എന്നാൽ “എന്റെ മഹത്തായ നാമത്തെ ഞാൻ വിശുദ്ധീകരിക്കും; . . . ഞാൻ യഹോവ എന്നു അവർ [“ജനതകൾ,” NW] അറിയും” എന്നു ദൈവം പ്രവചിച്ചിരിക്കുന്നു. അതേ, യഹോവ സകല ജനതകൾക്കിടയിലും തന്റെ നാമം അറിയിക്കും. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ അവിടുന്നു കേവലം യഹൂദൻമാരുടെയോ ഏതെങ്കിലും ഒരു പ്രത്യേക ജാതിയുടെയോ ജനതയുടെയോ ദൈവമല്ല. യഹോവ സകല മനുഷ്യവർഗത്തിന്റെയും ദൈവമാണ്.—യെഹെസ്കേൽ 36:23; ഉല്പത്തി 22:18; സങ്കീർത്തനം 145:21; മലാഖി 1:11.
പരമോന്നത നാമവും നമ്മുടെ ഭാവിയും
“കർത്താവിന്റെ [“യഹോവയുടെ,” NW] നാമത്തെ വിളിച്ചപേക്ഷിക്കുന്ന ഏവനും രക്ഷിക്കപ്പെടും” എന്നു തിരുവെഴുത്തുകൾ പറയുന്നു. (റോമർ 10:13) ന്യായവിധി ദിവസത്തിങ്കലെ നമ്മുടെ രക്ഷ ദൈവനാമത്തെക്കുറിച്ചുള്ള നമ്മുടെ അറിവുമായി ബന്ധപ്പെട്ടിരിക്കും. അവിടുത്തെ നാമം അറിയുന്നതിൽ, അവിടുത്തെ ഗുണങ്ങൾ, വേലകൾ, ഉദ്ദേശ്യങ്ങൾ എന്നിവ അറിയുന്നതും അവിടുത്തെ ഉന്നത നിലവാരങ്ങൾക്കു ചേർച്ചയിൽ ജീവിക്കുന്നതും ഉൾപ്പെടുന്നു. ഉദാഹരണത്തിന്, അബ്രഹാം ദൈവത്തിന്റെ നാമം അറിയുകയും വിളിച്ചപേക്ഷിക്കുകയും ചെയ്തിരുന്നു. അതിന്റെ ഫലമായി അദ്ദേഹം ദൈവവുമായി ഒരു നല്ല ബന്ധം ആസ്വദിക്കുകയും ദൈവത്തിൽ വിശ്വാസം പ്രകടമാക്കി അവിടുത്തെ ആശ്രയിക്കുകയും അനുസരിക്കുകയും ചെയ്തു. അങ്ങനെ അബ്രഹാം ദൈവത്തിന്റെ സ്നേഹിതനായിത്തീർന്നു. അതുപോലെ, ദൈവനാമം അറിയുന്നതു നമ്മെ അവിടുത്തോട് അടുപ്പിക്കുകയും അവിടുത്തെ സ്നേഹത്തോടു പററിനിന്നുകൊണ്ടു ദൈവവുമായി ഒരു വ്യക്തിപരമായ ബന്ധം വളർത്തിയെടുക്കാൻ നമ്മെ സഹായിക്കുകയും ചെയ്യുന്നു.—ഉല്പത്തി 12:8; സങ്കീർത്തനം 9:10; സദൃശവാക്യങ്ങൾ 18:10; യാക്കോബ് 2:23.
ബൈബിളിൽ നാം ഇങ്ങനെ വായിക്കുന്നു: “യഹോവ ശ്രദ്ധവെച്ചു കേട്ടു; യഹോവാഭക്തൻമാർക്കും അവന്റെ നാമത്തെ സ്മരിക്കുന്നവർക്കും വേണ്ടി അവന്റെ സന്നിധിയിൽ ഒരു സ്മരണപുസ്തകം എഴുതിവെച്ചിരിക്കുന്നു.” (മലാഖി 3:16) നാം പരമോന്നത നാമത്തെ സംബന്ധിച്ച് എന്തിനു ‘പരിചിന്തിക്കണം’? യഹോവ എന്ന നാമത്തിന്റെ അക്ഷരീയ അർഥം “ആയിത്തീരാൻ അവിടുന്ന് ഇടയാക്കുന്നു” എന്നാണ്. ഇതു തന്നെത്തന്നേ വാഗ്ദാനങ്ങൾ നിവർത്തിക്കുന്നവൻ ആയിത്തീരാൻ ഇടയാക്കുന്ന ഒരുവനായി യഹോവയെ വെളിപ്പെടുത്തുന്നു. അവിടുന്നു തന്റെ ഉദ്ദേശ്യങ്ങളെ എല്ലായ്പോഴും പൂർത്തീകരണത്തിലേക്കു കൊണ്ടുവരുന്നു. അവിടുന്ന് ഉത്തമമായ സകല ഗുണഗണങ്ങളുമുള്ള ഏക സ്രഷ്ടാവും സർവശക്തനുമായ ദൈവമാണ്. ദൈവത്തിന്റെ ദിവ്യസ്വഭാവത്തെ അതിന്റെ തികവോടെ വർണിക്കാൻ കഴിയുന്ന ഒരൊററ വാക്കും ഇല്ല. എന്നാൽ ദൈവം തനിക്കുവേണ്ടി തെരഞ്ഞെടുത്ത യഹോവ എന്ന മഹത്തായ നാമം അവിടുത്തെ സകല ഗുണങ്ങളെയും സ്വഭാവവിശേഷങ്ങളെയും ഉദ്ദേശ്യങ്ങളെയും സംബന്ധിച്ചു നമ്മെ അനുസ്മരിപ്പിക്കുന്നു.
തിരുവെഴുത്തുകളിൽ ദൈവം മനുഷ്യവർഗത്തെപ്രതിയുള്ള തന്റെ ഉദ്ദേശ്യങ്ങൾ സംബന്ധിച്ചു നമ്മോടു പറയുന്നു. പറുദീസയിൽ ശാശ്വതമായൊരു സന്തുഷ്ട ജീവിതം അസ്വദിക്കുന്നതിനുവേണ്ടി യഹോവയാം ദൈവം മനുഷ്യനെ സൃഷ്ടിച്ചു. സ്നേഹത്തിലും സമാധാനത്തിലും ഏകീകൃതരായി എല്ലാ ആളുകളും ഒരു കുടുംബമായിത്തീരണം എന്നതാണു മനുഷ്യവർഗത്തെ സംബന്ധിച്ച അവിടുത്തെ അഭീഷ്ടം. സ്നേഹവാനായ ദൈവം സമീപഭാവിയിൽ ഈ ഉദ്ദേശ്യം നിവർത്തിക്കും.—മത്തായി 24:3-14, 32-42; 1 യോഹന്നാൻ 4:14-21.
ദൈവം മനുഷ്യവർഗത്തിന്റെ യാതനകൾക്കുള്ള കാരണങ്ങൾ വിശദീകരിക്കുകയും രക്ഷ സാധ്യമാണെന്നു പ്രകടമാക്കുകയും ചെയ്യുന്നു. (വെളിപ്പാടു 21:4) സങ്കീർത്തനം 37:10, 11-ൽ നാം ഇങ്ങനെ വായിക്കുന്നു: “കുറഞ്ഞോന്നു കഴിഞ്ഞിട്ടു ദുഷ്ടൻ ഇല്ല; നീ അവന്റെ ഇടം സൂക്ഷിച്ചുനോക്കും; അവനെ കാണുകയില്ല. എന്നാൽ സൌമ്യതയുള്ളവർ ഭൂമിയെ കൈവശമാക്കും; സമാധാന സമൃദ്ധിയിൽ അവർ ആനന്ദിക്കും.”—ഖുർആൻ 21:105 കൂടി കാണുക.
അതേ, തന്റെ മഹത്തായ നാമത്താൽ ദൈവം അറിയപ്പെടും. അവിടുന്നു യഹോവയാണെന്നു ജനതകൾ അറിയേണ്ടിവരും. പരമോന്നത നാമത്തെ അറിയുന്നതും അതിനായി സാക്ഷിനിൽക്കുന്നതും അതിനോടു പററിനിൽക്കുന്നതും എന്തൊരു അത്ഭുതകരമായ പദവിയാണ്! ആ വിധത്തിൽ ദൈവത്തിന്റെ സന്തോഷകരമായ ഉദ്ദേശ്യം നമ്മിൽ ഓരോരുത്തരിലും നിവർത്തിയാകും: “അവൻ എന്നോടു പററിയിരിക്കയാൽ ഞാൻ അവനെ വിടുവിക്കും; അവൻ എന്റെ നാമത്തെ അറികയാൽ ഞാൻ അവനെ ഉയർത്തും. അവൻ എന്നെ വിളിച്ചപേക്ഷിക്കും; ഞാൻ അവന്നു ഉത്തരമരുളും; . . . ദീർഘായുസ്സുകൊണ്ടു ഞാൻ അവന്നു തൃപ്തിവരുത്തും; എന്റെ രക്ഷയെ അവന്നു കാണിച്ചുകൊടുക്കും.”—സങ്കീർത്തനം 91:14-16.
[അടിക്കുറിപ്പ്]
a ത്രിത്വം ഒരു ബൈബിൾ ഉപദേശമല്ല എന്നതിനുള്ള തെളിവിന് 1989-ൽ വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്ററ് സൊസൈററി പ്രസിദ്ധീകരിച്ച നിങ്ങൾ ത്രിത്വത്തിൽ വിശ്വസിക്കണമോ? എന്ന ലഘുപത്രിക കാണുക.
[5-ാം പേജിലെ ചിത്രം]
കത്തുന്ന മുൾപ്പടർപ്പിൽ നിന്നുകൊണ്ട് ‘അബ്രഹാമിന്റെ ദൈവമായ യഹോവ’യായി മോശക്കു ദൈവം സ്വയം തിരിച്ചറിയിച്ചു
[കടപ്പാട്]
Moses and the Burning Bush, by W. Thomas, Sr.