ബൈബിൾ പുസ്തക നമ്പർ 39—മലാഖി
എഴുത്തുകാരൻ: മലാഖി
എഴുതിയ സ്ഥലം: യെരുശലേം
എഴുത്തു പൂർത്തിയായത്: പൊ.യു.മു. 443-നുശേഷം
1. യഹോവക്കുവേണ്ടിയുളള മലാഖിയുടെ തീക്ഷ്ണതയെ സൂചിപ്പിക്കുന്നത് എന്ത്?
മലാഖി ആരായിരുന്നു? അവന്റെ പൈതൃകചരിത്രത്തെയോ വ്യക്തിപരമായ ചരിത്രത്തെയോ സംബന്ധിച്ചു യാതൊരു വസ്തുതയും രേഖപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും, അവന്റെ പ്രവചനത്തിന്റെ ധ്വനിയിൽനിന്ന് അവൻ യഹോവയാം ദൈവത്തോടുളള ഭക്തിയിൽ അത്യന്തം തീക്ഷ്ണതയുളളവനും അവന്റെ നാമത്തെയും നിർമലാരാധനയെയും ഉയർത്തിപ്പിടിക്കുന്നവനുമായിരുന്നുവെന്നും ദൈവത്തെ സേവിക്കുന്നതായി അവകാശപ്പെട്ടിട്ടും തങ്ങളേത്തന്നെമാത്രം സേവിക്കുന്നവരോട് അവനു ശക്തമായ രോഷം തോന്നിയെന്നും സുവ്യക്തമാണ്. അവന്റെ പ്രവചനത്തിന്റെ നാല് അധ്യായങ്ങളിൽ യഹോവയുടെ നാമം 48 പ്രാവശ്യം പറയുന്നു.
2. മലാഖിയുടെ പേരിന്റെ അർഥം എന്തായിരിക്കാൻ സാധ്യതയുണ്ട്, പ്രത്യക്ഷത്തിൽ എപ്പോഴാണ് അവൻ ജീവിച്ചിരുന്നത്?
2 എബ്രായയിൽ അവന്റെ പേർ മാലാഖി എന്നാണ്. അതിന്റെ അർഥം “എന്റെ സന്ദേശവാഹകൻ” എന്നായിരിക്കാൻ സാധ്യതയുണ്ട്. എബ്രായ തിരുവെഴുത്തുകളും സെപ്ററുവജിൻറും പുസ്തകങ്ങളുടെ കാലാനുക്രമവുമെല്ലാം മലാഖിയെ 12 ചെറിയ പ്രവാചകൻമാർ എന്നു വിളിക്കപ്പെടുന്നവയുടെ അവസാനത്തിൽ വെക്കുന്നു. മഹാ സിന്നഗോഗിന്റെ പാരമ്പര്യപ്രകാരം അവൻ ഹഗ്ഗായി, സെഖര്യാവ് എന്നീ പ്രവാചകൻമാർക്കുശേഷം ജീവിച്ചിരുന്നു, നെഹെമ്യാവിന്റെ ഒരു സമകാലീനനുമായിരുന്നു.
3. മലാഖിയുടെ പ്രവചനം പൊ.യു.മു. 443-നുശേഷമാണ് എഴുതപ്പെട്ടതെന്ന് എന്തു സൂചിപ്പിക്കുന്നു?
3 പ്രവചനം എപ്പോഴാണ് എഴുതപ്പെട്ടത്? അത് ഒരു ഗവർണറുടെ ഭരണകാലത്തായിരുന്നു, ആ വസ്തുത അതിനെ യഹൂദയുടെ 70 വർഷത്തെ ശൂന്യകാലത്തിനുശേഷമുളള യെരുശലേമിന്റെ പുനഃസ്ഥാപനകാലത്താക്കുന്നു. (മലാ. 1:8) എന്നാൽ ഏതു ഗവർണർ? ആലയസേവനത്തെക്കുറിച്ചു പറയുകയും ആലയം നിർമിക്കുന്നതിനെക്കുറിച്ചു പരാമർശിക്കാതിരിക്കുകയും ചെയ്യുന്നതുകൊണ്ട് അതു ഗവർണറായ സെരുബ്ബാബേലിന്റെ കാലശേഷമായിരിക്കണം. അവന്റെ ഉദ്യോഗകാലത്താണ് ആലയം പൂർത്തിയാക്കപ്പെട്ടത്. ഈ കാലഘട്ടത്തിൽ വേറെ ഒരു ഗവർണറെക്കുറിച്ചു മാത്രമേ തിരുവെഴുത്തുകളിൽ പറയുന്നുളളു, അവൻ നെഹെമ്യാവാണ്. പ്രവചനം നെഹെമ്യാവിന്റെ കാലത്തിനു യോജിക്കുന്നുവോ? യെരുശലേമിന്റെയും അതിന്റെ മതിലിന്റെയും പുനർനിർമാണത്തെക്കുറിച്ചു യാതൊന്നും മലാഖിയിൽ പറയുന്നില്ല, അങ്ങനെ നെഹെമ്യാവിന്റെ ഭരണകാലത്തിന്റെ ആദ്യഭാഗം ഒഴിവാകുന്നു. എന്നിരുന്നാലും അർഥഹ്ശഷ്ടാവ് രാജാവിന്റെ വാഴ്ചയുടെ 32-ാമാണ്ടായ പൊ.യു.മു. 443-ൽ ബാബിലോനിലേക്കു നെഹെമ്യാവിനെ തിരികെവിളിച്ച ശേഷം അവൻ രണ്ടാം പ്രാവശ്യം യെരുശലേമിലേക്കു വന്നപ്പോൾ നിലവിലുണ്ടായിരുന്ന സാഹചര്യത്തോടു മലാഖിയെ ബന്ധിപ്പിച്ചുകൊണ്ടു പുരോഹിതൻമാരുടെ ദുഷ്പെരുമാററത്തെക്കുറിച്ചു വളരെയധികം പറയുന്നുണ്ട്. (മലാ. 2:1; നെഹെ. 13:6) മലാഖിയിലും നെഹെമ്യാവിലുമുളള സമാനഭാഗങ്ങൾ പ്രവചനം ഈ പ്രത്യേകകാലത്തിനു ബാധകമാകുന്നുവെന്നു പ്രകടമാക്കുന്നു.—മലാ. 2:4-8, 11, 12—നെഹെ. 13:11, 15, 23-26; മലാ. 3:8-10—നെഹെ. 13:10-12.
4. മലാഖിയുടെ പുസ്തകം വിശ്വാസ്യവും നിശ്വസ്തവുമാണെന്നു തെളിയിക്കുന്നത് എന്ത്?
4 മലാഖിയുടെ പുസ്തകത്തെ എല്ലായ്പോഴും യഹൂദൻമാർ വിശ്വാസ്യമായി അംഗീകരിച്ചിട്ടുണ്ട്. ക്രിസ്തീയ ഗ്രീക്ക് തിരുവെഴുത്തുകളിലെ അതിൽനിന്നുളള ഉദ്ധരണികൾ മലാഖി നിശ്വസ്തമാണെന്നും ക്രിസ്തീയസഭ അംഗീകരിച്ചിരുന്ന എബ്രായ തിരുവെഴുത്തുകളുടെ ഭാഗമാണെന്നും തെളിയിക്കുന്നു, അവയിൽ പലതും അതിലെ പ്രവചനത്തിന്റെ നിവൃത്തികളെ കാണിക്കുന്നു.—മലാ. 1:2, 3—റോമ. 9:13; മലാ. 3:1—മത്താ. 11:10-ഉം ലൂക്കൊ. 1:76-ഉം 7:27-ഉം; മലാ. 4:5, 6—മത്താ. 11:14-ഉം 17:10-13-ഉം, മർക്കൊ. 9:11-13-ഉം ലൂക്കൊ. 1:17-ഉം.
5. ഏത് അധമമായ ആത്മീയാവസ്ഥ മലാഖിയുടെ പ്രവചനത്തിനു പ്രേരണയേകി?
5 ആലയത്തിന്റെ പുനർനിർമാണസമയത്തു ഹഗ്ഗായി പ്രവാചകനും സെഖര്യാ പ്രവാചകനും ഉണർത്തിയ മതപരമായ തീക്ഷ്ണതയും ഉത്സാഹവും തണുത്തുപോയിരുന്നുവെന്നു മലാഖിയുടെ പ്രവചനം സൂചിപ്പിക്കുന്നു. പുരോഹിതൻമാർ അശ്രദ്ധരും അഹങ്കാരികളും സ്വയനീതിക്കാരുമായിത്തീർന്നിരുന്നു. ആലയസേവനങ്ങൾ പരിഹാസ്യമായിത്തീർന്നിരുന്നു. ദൈവത്തിന് ഇസ്രായേലിൽ താത്പര്യമില്ലെന്നുളള ഒരു തോന്നലിനാൽ ദശാംശങ്ങളും വഴിപാടുകളും കുറഞ്ഞുപോയിരുന്നു. സെരുബ്ബാബേലിൽ കേന്ദ്രീകരിച്ചിരുന്ന പ്രതീക്ഷകൾ സഫലമായിരുന്നില്ല. ചില പ്രതീക്ഷകൾക്കു വിരുദ്ധമായി മിശിഹാ വന്നിരുന്നില്ല. യഹൂദൻമാരുടെ ആത്മീയാവസ്ഥ വളരെ അധമമായിരുന്നു. പ്രോത്സാഹനത്തിനും പ്രത്യാശക്കും എന്ത് അടിസ്ഥാനമുണ്ടായിരുന്നു? തങ്ങളുടെ യഥാർഥ അവസ്ഥയെക്കുറിച്ചു ജനങ്ങളെ എങ്ങനെ ബോധവാൻമാരാക്കാനും നീതിയിലേക്കു മടങ്ങിവരാൻ തക്കവണ്ണം ഉണർത്താനും കഴിയും? മലാഖിയുടെ പ്രവചനം ഉത്തരം നൽകി.
6. മലാഖിയുടെ എഴുത്തിന്റെ ശൈലി എന്താണ്?
6 മലാഖിയുടെ എഴുത്തിന്റെ ശൈലി വളച്ചുകെട്ടില്ലാത്തതും ശക്തവുമാണ്. അവൻ ആദ്യം വിഷയം പ്രസ്താവിക്കുകയും അനന്തരം താൻ സംബോധന ചെയ്യുന്നവരുടെ തടസ്സവാദങ്ങൾക്ക് ഉത്തരം കൊടുക്കുകയും ചെയ്യുന്നു. ഒടുവിൽ, അവൻ തന്റെ ആദ്യ വിഷയം വീണ്ടും തറപ്പിച്ചുപറയുന്നു. ഇത് അവന്റെ വാദത്തിനു ശക്തിയും സ്പഷ്ടതയും കൂട്ടുന്നു. വാചാലതയുടെ ഉന്നതമേഖലകളിലേക്ക് ഉയരുന്നതിനുപകരം അവൻ ത്വരിതമായ, ശക്തമായി വാദോൻമുഖമായ, ഒരു ശൈലി ഉപയോഗിക്കുന്നു.
മലാഖിയുടെ ഉളളടക്കം
7. യഹോവ ഏതു സ്നേഹവും ദ്വേഷവും പ്രകടമാക്കുന്നു?
7 പുരോഹിതൻമാരോടുളള യഹോവയുടെ കൽപ്പന (1:1–2:17). യഹോവ ആദ്യം തന്റെ ജനത്തോടുളള സ്നേഹം പ്രകടമാക്കുന്നു. അവൻ യാക്കോബിനെ സ്നേഹിക്കുകയും ഏശാവിനെ ദ്വേഷിക്കുകയും ചെയ്തിരിക്കുന്നു. ഏദോം അതിന്റെ ശൂന്യമാക്കപ്പെട്ട സ്ഥലങ്ങളെ പണിയാൻ ശ്രമിക്കട്ടെ; യഹോവ അവയെ പൊളിക്കും, അവ “ദുഷ്ടപ്രദേശം,” യഹോവയാൽ അപലപിക്കപ്പെട്ട ജനം എന്നു വിളിക്കപ്പെടുകയും ചെയ്യും, എന്തുകൊണ്ടെന്നാൽ യഹോവ “യിസ്രായേലിന്റെ അതിരിന്നപ്പുറത്തോളം വലിയവൻ” ആകും.—1:4, 5.
8. പുരോഹിതൻമാർ യഹോവയുടെ മേശയെ എങ്ങനെ മലിനമാക്കിയിരിക്കുന്നു, അവരുടെമേൽ ഒരു ശാപം വരാനിരിക്കുന്നത് എന്തുകൊണ്ട്?
8 ഇപ്പോൾ യഹോവ ‘തന്റെ നാമത്തെ തുച്ഛീകരിക്കുന്ന പുരോഹിതൻമാരെ’ നേരിട്ടു സംബോധന ചെയ്യുന്നു. അവർ തങ്ങളേത്തന്നെ ന്യായീകരിക്കാൻ ശ്രമിക്കുമ്പോൾ യഹോവ കണ്ണുപൊട്ടിയതും മുടന്തുളളതും രോഗം ബാധിച്ചതുമായ അവരുടെ യാഗങ്ങളിലേക്കു വിരൽചൂണ്ടുന്നു, ഗവർണർപോലും അങ്ങനെയുളള കാഴ്ചകളെ അംഗീകരിക്കുമോയെന്ന് അവൻ ചോദിക്കുന്നു. യഹോവക്ക് അവയിൽ സന്തോഷമില്ല. അവന്റെ നാമം ജനതകളുടെ ഇടയിൽ ഉയർത്തപ്പെടണം, എന്നാൽ ഈ മനുഷ്യർ “യഹോവയുടെ മേശ മലിനമായിരിക്കുന്നു” എന്നു പറഞ്ഞുകൊണ്ട് അവനെ അശുദ്ധനാക്കുകയാണ്. വിലകെട്ട യാഗങ്ങൾ അർപ്പിച്ചുകൊണ്ട് അവർ സൂത്രത്തിൽ തങ്ങളുടെ പ്രതിജ്ഞകളെ അതിലംഘിച്ചിരിക്കുന്നതുകൊണ്ട് അവരുടെമേൽ ഒരു ശാപം വരും. “ഞാൻ മഹാരാജാവല്ലോ; എന്റെ നാമം ജാതികളുടെ ഇടയിൽ ഭയങ്കരമായിരിക്കുന്നു എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.”—1:6, 12, 14.
9. പുരോഹിതൻമാർ എന്തിൽ പരാജയപ്പെട്ടിരിക്കുന്നു, അവർ യഹോവയുടെ വിശുദ്ധിയെ ദുഷിപ്പിച്ചിരിക്കുന്നത് എങ്ങനെ?
9 യഹോവ ഇപ്പോൾ പുരോഹിതൻമാർക്ക് ഒരു കൽപ്പന കൊടുക്കുന്നു, അവർ ഈ ബുദ്ധ്യുപദേശം ഗൗരവമായി എടുക്കുന്നില്ലെങ്കിൽ അവൻ അവരുടെമേലും അവരുടെ അനുഗ്രഹങ്ങളുടെമേലും ഒരു ശാപം അയയ്ക്കും. ലേവിയുടെ ഉടമ്പടി പാലിക്കുന്നതിലുളള അവരുടെ പരാജയം നിമിത്തം അവരുടെ പെരുന്നാളുകളിലെ കാഷ്ഠം അവൻ അവരുടെ മുഖങ്ങളിലേക്കു തെറിപ്പിക്കും. “പുരോഹിതൻ സൈന്യങ്ങളുടെ യഹോവയുടെ ദൂതനാകയാൽ അവന്റെ അധരങ്ങൾ പരിജ്ഞാനം സൂക്ഷിച്ചുവെക്കേണ്ടതും ഉപദേശം അവനോടു ചോദിച്ചു പഠിക്കേണ്ടതും അല്ലോ.” (2:7) മലാഖി ഇസ്രായേലിന്റെയും യഹൂദയുടെയും വലിയ പാപം ഏററുപറയുന്നു. അവർ അന്യോന്യം വഞ്ചനാത്മകമായി ഇടപെടുകയും ഒരു അന്യദൈവത്തിന്റെ പുത്രിയെ മണവാട്ടിയായി സ്വീകരിച്ചുകൊണ്ടു തങ്ങളുടെ പിതാവും സ്രഷ്ടാവുമായ യഹോവയുടെ വിശുദ്ധിയെ ദുഷിപ്പിക്കുകയും ചെയ്തിരിക്കുന്നു. അവർ യഹോവയെ മുഷിപ്പിക്കുന്നതിൽ അങ്ങേയററംവരെ പോയിരിക്കുന്നു. അവർ “ന്യായവിധിയുടെ ദൈവം എവിടെ?” എന്നു ചോദിക്കുകപോലും ചെയ്തിരിക്കുന്നു.—2:17.
10. ഏതു ന്യായവിധിവേലക്കുവേണ്ടി കർത്താവു തന്റെ ആലയത്തിലേക്കു വരുന്നു?
10 യഥാർഥ കർത്താവും സന്ദേശവാഹകനും (3:1-18). പ്രവചനം ഇപ്പോൾ “സൈന്യങ്ങളുടെ യഹോവ”യുടെ വാക്കുകളിൽ ഒരു പാരമ്യത്തിലെത്തുന്നു: “എനിക്കു മുമ്പായി വഴിനിരത്തേണ്ടതിന്നു ഞാൻ എന്റെ ദൂതനെ അയക്കുന്നു. നിങ്ങൾ അന്വേഷിക്കുന്ന കർത്താവും നിങ്ങൾ ഇഷ്ടപ്പെടുന്ന നിയമദൂതനുമായവൻ [“ഉടമ്പടിയുടെ സന്ദേശവാഹകനും,” NW] പെട്ടെന്നു തന്റെ മന്ദിരത്തിലേക്കു വരും. ഇതാ അവൻ വരുന്നു.” (3:1) ഒരു സംശോധകനെന്ന നിലയിൽ അവൻ ലേവിപുത്രൻമാരെ ശുദ്ധീകരിക്കുകയും അവനെ ഭയപ്പെട്ടിട്ടില്ലാത്ത ദുഷ്ടർക്കെതിരെ ഒരു ശീഘ്രസാക്ഷിയായിരിക്കുകയും ചെയ്യും. യഹോവക്കു മാററമുണ്ടാകുന്നില്ല. അവർ യാക്കോബിന്റെ പുത്രൻമാരാകയാൽ അവനിലേക്കു മടങ്ങിവരുന്നുവെങ്കിൽ അവൻ കരുണാപൂർവം അവരിലേക്കു മടങ്ങിച്ചെല്ലും.
11. അവർ ഇപ്പോൾ ദൈവത്തെ എങ്ങനെ പരീക്ഷിക്കണം, എന്തനുഗ്രഹങ്ങൾ തുടർന്നുണ്ടാകും?
11 അവർ ദൈവത്തെ കവർച്ചചെയ്തുകൊണ്ടാണിരുന്നിട്ടുളളത്, എന്നാൽ ഇപ്പോൾ, അവൻ ആകാശങ്ങളുടെ കിളിവാതിലുകളിൽനിന്നു തികവുളള അനുഗ്രഹം പകരുമെന്ന ഉറപ്പോടെ തന്റെ ആലയത്തിൽ ആഹാരമുണ്ടാകേണ്ടതിന് അവരുടെ ദശാംശങ്ങൾ കളപ്പുരയിലേക്കു കൊണ്ടുവന്നുകൊണ്ട് അവർ അവനെ പരീക്ഷിക്കട്ടെ. അവർ സകല ജനതകളും സന്തുഷ്ടർ എന്നു പ്രഖ്യാപിക്കുന്ന ഒരു ഉല്ലാസദേശമായിത്തീരും. യഹോവയെ ഭയപ്പെടുന്നവർ അന്യോന്യം സംസാരിച്ചുകൊണ്ടാണിരുന്നിട്ടുളളത്, യഹോവ കേൾക്കുകയും ശ്രദ്ധിക്കുകയും ചെയ്തിരിക്കുന്നു. “യഹോവാഭക്തൻമാർക്കും അവന്റെ നാമത്തെ സ്മരിക്കുന്നവർക്കും വേണ്ടി അവന്റെ സന്നിധിയിൽ ഒരു സ്മരണപുസ്തകം എഴുതിവെച്ചിരിക്കുന്നു.” (3:16) ഒരു പ്രത്യേകസ്വത്ത് ഉളവാക്കാനുളള ദിവസത്തിൽ അവർ തീർച്ചയായും യഹോവയുടേതായിത്തീരും.
12. യഹോവയുടെ ഭയങ്കരമായ ദിവസത്തെസംബന്ധിച്ച് എന്തു വാഗ്ദത്തംചെയ്യപ്പെട്ടിരിക്കുന്നു?
12 യഹോവയുടെ വലുതും ഭയങ്കരവുമായ ദിവസം (4:1-6). ഇതു വേരോ കൊമ്പോ ശേഷിപ്പിക്കാതെ ദുഷ്ടരെ വിഴുങ്ങിക്കളയുന്ന വരാനുളള ദിവസമാണ്. എന്നാൽ യഹോവയുടെ നാമത്തെ ഭയപ്പെടുന്നവർക്കുവേണ്ടി നീതിസൂര്യൻ പ്രകാശിക്കും, അവർ സൗഖ്യം പ്രാപിക്കും. മോശയുടെ ന്യായപ്രമാണം ഓർക്കാൻ യഹോവ അവരെ ബുദ്ധ്യുപദേശിക്കുന്നു. തന്റെ വലുതും ഭയങ്കരവുമായ ദിവസത്തിനുമുമ്പു താൻ ഏലിയാപ്രവാചകനെ അയയ്ക്കുമെന്നു യഹോവ വാഗ്ദത്തംചെയ്യുന്നു. “ഞാൻ വന്നു ഭൂമിയെ സംഹാരശപഥംകൊണ്ടു ദണ്ഡിപ്പിക്കാതിരിക്കേണ്ടതിന്നു അവൻ അപ്പൻമാരുടെ ഹൃദയം മക്കളോടും മക്കളുടെ ഹൃദയം അപ്പൻമാരോടും നിരപ്പിക്കും.”—4:6.
എന്തുകൊണ്ടു പ്രയോജനപ്രദം
13. മലാഖിക്ക് (എ) യഹോവയുടെ കരുണയെയും സ്നേഹത്തെയുംകുറിച്ച് (ബി) ദൈവവചനം പഠിപ്പിക്കുന്നവരുടെ ഉത്തരവാദിത്വത്തെക്കുറിച്ച് (സി) ദൈവത്തിന്റെ നിയമങ്ങളെയും തത്ത്വങ്ങളെയും ലംഘിക്കുന്നവരെക്കുറിച്ച് എന്തു പറയാനുണ്ട്?
13 മലാഖിയുടെ പുസ്തകം യഹോവയാം ദൈവത്തിന്റെ മാററമില്ലാത്ത തത്ത്വങ്ങളും കരുണാപൂർവകമായ സ്നേഹവും ഗ്രഹിക്കുന്നതിനു സഹായിക്കുന്നു. തുടക്കത്തിൽത്തന്നെ അതു തന്റെ ജനമായ “യാക്കോബി”നോടുളള യഹോവയുടെ വലിയ സ്നേഹത്തെ ഊന്നിപ്പറയുന്നു. അവൻ യാക്കോബിൻപുത്രൻമാരോട് ഇങ്ങനെ പ്രഖ്യാപിച്ചു: “യഹോവയായ ഞാൻ മാറാത്തവൻ.” തന്റെ ജനത്തിന്റെ മഹാദുഷ്ടത ഗണ്യമാക്കാതെ, അവർ തന്നിലേക്കു മടങ്ങിവരുകയാണെങ്കിൽ അവരുടെ അടുക്കലേക്കു മടങ്ങിച്ചെല്ലാൻ അവൻ സന്നദ്ധനായിരുന്നു. തീർച്ചയായും കരുണാസമ്പന്നനായ ഒരു ദൈവം! (മലാ. 1:2; 3:6, 7; റോമ. 11:28; പുറ. 34:6, 7) പുരോഹിതന്റെ അധരങ്ങൾ “പരിജ്ഞാനം സൂക്ഷിച്ചുവെക്കേണ്ട”താണെന്നു മലാഖി മുഖാന്തരം യഹോവ ഊന്നിപ്പറഞ്ഞു. ദൈവവചനത്തിന്റെ പഠിപ്പിക്കൽ ഭരമേൽപ്പിക്കപ്പെട്ടിരിക്കുന്ന എല്ലാവരും ഈ ആശയം ശ്രദ്ധിക്കുകയും അവർ പ്രദാനംചെയ്യുന്നതു സൂക്ഷ്മപരിജ്ഞാനമാണെന്ന് ഉറപ്പുവരുത്തുകയും വേണം. (മലാ. 2:7; ഫിലി. 1:9-11; യാക്കോബ് 3:1 താരതമ്യം ചെയ്യുക.) കപടഭക്തരെ, “ദോഷം പ്രവർത്തിക്കുന്ന ഏവനും യഹോവെക്കു ഇഷ്ടമുളളവൻ ആകുന്നു” എന്നു വിചാരിക്കുന്നവരെ, യഹോവ വച്ചുപൊറുപ്പിക്കുന്നില്ല. ഈ മഹാരാജാവിനു വഴിപാടിന്റെ ഒരു നാട്യം മാത്രം കാണിച്ചുകൊണ്ടു യഹോവയെ കബളിപ്പിക്കാൻ കഴിയുമെന്ന് ആരും വിചാരിക്കരുത്. (മലാ. 2:17; 1:14; കൊലൊ. 3:23, 24) തന്റെ നീതിയുളള നിയമങ്ങളെയും തത്ത്വങ്ങളെയും ലംഘിക്കുന്നവർക്കെല്ലാമെതിരെ യഹോവ ഒരു ശീഘ്ര സാക്ഷിയായിരിക്കും; ദുഷ്ടമായി പെരുമാറിയിട്ടു രക്ഷപ്പെടാമെന്ന് ആരും പ്രതീക്ഷിക്കരുത്. യഹോവ അവരെ ന്യായംവിധിക്കും. (മലാ. 3:5; എബ്രാ. 10:30, 31) യഹോവ തങ്ങളുടെ പ്രവൃത്തികളെ ഓർക്കുമെന്നും പ്രതിഫലം നൽകുമെന്നും നീതിമാൻമാർക്കു പൂർണമായ ഉറപ്പുണ്ടായിരിക്കാവുന്നതാണ്. യേശു ചെയ്തതുപോലെതന്നെ അവർ മോശയുടെ ന്യായപ്രമാണത്തിനു ശ്രദ്ധ കൊടുക്കണം, എന്തുകൊണ്ടെന്നാൽ അവനിൽ നിവൃത്തിയേറിയ അനേകം കാര്യങ്ങൾ അതിൽ അടങ്ങിയിരിക്കുന്നു.—മലാ. 3:16; 4:4; ലൂക്കൊ. 24:44, 45.
14. (എ) മലാഖി വിശേഷിച്ച് എന്തിലേക്കു മുമ്പോട്ടു വിരൽചൂണ്ടുന്നു? (ബി) പൊ.യു. ഒന്നാം നൂററാണ്ടിൽ മലാഖി 3:1-ന് എങ്ങനെ നിവൃത്തിയുണ്ടായി?
14 നിശ്വസ്ത എബ്രായ തിരുവെഴുത്തുകളുടെ അവസാനത്തെ പുസ്തകമെന്ന നിലയിൽ മലാഖി മിശിഹായുടെ വരവിനെ ചുഴലംചെയ്യുന്ന സംഭവങ്ങളിലേക്കു വിരൽചൂണ്ടുന്നു. നാലിൽപ്പരം നൂററാണ്ടു കഴിഞ്ഞുളള അവന്റെ വരവാണു ക്രിസ്തീയ ഗ്രീക്ക് തിരുവെഴുത്തുകളുടെ എഴുത്തിനു കാരണമായത്. മലാഖി 3:1-ൽ രേഖപ്പെടുത്തിയിരിക്കുന്നപ്രകാരം സൈന്യങ്ങളുടെ യഹോവ ഇങ്ങനെ പറഞ്ഞു: “എനിക്കു മുമ്പായി വഴിനിരത്തേണ്ടതിന്നു ഞാൻ എന്റെ ദൂതനെ അയക്കുന്നു.” നിശ്വസ്തതയിൽ സംസാരിച്ചുകൊണ്ടു വൃദ്ധനായ സെഖര്യാവ് ഇതിനു തന്റെ പുത്രനായ യോഹന്നാൻസ്നാപകനിൽ ഒരു നിവൃത്തി ഉണ്ടെന്നു പ്രകടമാക്കി. (ലൂക്കൊ. 1:76) അതേസമയം, “സ്ത്രീകളിൽനിന്നു ജനിച്ചവരിൽ യോഹന്നാൻസ്നാപകനെക്കാൾ വലിയവൻ ആരും എഴുന്നേററിട്ടില്ല; സ്വർഗ്ഗരാജ്യത്തിൽ ഏററവും ചെറിയവനോ അവനിലും വലിയവൻ” എന്നു പ്രസ്താവിച്ചുകൊണ്ടു യേശുക്രിസ്തു ഇതിനെ സ്ഥിരീകരിച്ചു. മലാഖി മുൻകൂട്ടിപ്പറഞ്ഞതുപോലെ ‘വഴി ഒരുക്കുന്നതിനാണ്’ യോഹന്നാൻ അയയ്ക്കപ്പെട്ടത്. തന്നിമിത്തം പിന്നീട് ഒരു രാജ്യത്തിനുവേണ്ടി യേശു ഉടമ്പടിചെയ്തവരിൽ അവൻ ഉൾപ്പെട്ടില്ല.—മത്താ. 11:7-12; ലൂക്കൊ. 7:27, 28; 22:28-30.
15. മലാഖിയുടെ പ്രവചനത്തിലെ ‘ഏലിയാവ്’ ആരാണ്?
15 അനന്തരം, മലാഖി 4:5, 6-ൽ യഹോവ ഇങ്ങനെ വാഗ്ദാനംചെയ്തു: “യഹോവയുടെ വലുതും ഭയങ്കരവുമായ നാൾ വരുന്നതിന്നു മുമ്പെ ഞാൻ നിങ്ങൾക്കു ഏലിയാപ്രവാചകനെ അയക്കും.” ഈ ‘ഏലിയാവ്’ ആരാണ്? യേശുവും സെഖര്യാവിനു പ്രത്യക്ഷപ്പെട്ട ദൂതനും ഈ വാക്കുകൾ യോഹന്നാൻ സ്നാപകനു ബാധകമാക്കുന്നു, “സകലവും യഥാസ്ഥാനത്താക്കു”ന്നവനും മിശിഹായെ സ്വീകരിക്കാൻ “ഒരുക്കമുളേളാരു ജനത്തെ കർത്താവിന്നുവേണ്ടി [“യഹോവക്കുവേണ്ടി,” NW] ഒരുക്കു”ന്നവനും അവനാണെന്നു പ്രകടമാക്കിക്കൊണ്ടുതന്നെ. എന്നിരുന്നാലും, ‘ഏലിയാവ്’ “യഹോവയുടെ വലുതും ഭയങ്കരവുമായ” ദിവസത്തിന്റെ മുന്നോടിയാണെന്നു മലാഖി പറയുകയും അങ്ങനെ പിന്നെയും ഒരു ന്യായവിധിദിവസത്തിലെ ഭാവി നിവൃത്തിയെ സൂചിപ്പിക്കുകയും ചെയ്യുന്നു.—മത്താ. 17:11; ലൂക്കൊ. 1:17; മത്താ. 11:14; മർക്കൊ. 9:12.
16. മലാഖി ഏത് അനുഗൃഹീത ദിവസത്തിലേക്കു മുമ്പോട്ടു വിരൽചൂണ്ടുന്നു, അവൻ ഏത് ഊഷ്മളമായ പ്രോത്സാഹനം നൽകുന്നു?
16 ആ ദിവസത്തിലേക്കു മുന്നോട്ടു നോക്കിക്കൊണ്ടു സൈന്യങ്ങളുടെ യഹോവ പറയുന്നു: “സൂര്യന്റെ ഉദയംമുതൽ അസ്തമനംവരെ എന്റെ നാമം ജാതികളുടെ ഇടയിൽ വലുതാകുന്നു. . . . ഞാൻ മഹാരാജാവല്ലോ; എന്റെ നാമം ജാതികളുടെ ഇടയിൽ ഭയങ്കരമായിരിക്കുന്നു.” തീർച്ചയായും ഭയങ്കരം! എന്തെന്നാൽ ‘ആ ദിവസം ചൂളപോലെ എരിയും; അഹങ്കാരികളൊക്കെയും സകല ദുഷ്പ്രവൃത്തിക്കാരും താളടിയാകും.’ എന്നിരുന്നാലും, യഹോവയുടെ നാമത്തെ ഭയപ്പെടുന്നവർ സന്തുഷ്ടരാകുന്നു, എന്തുകൊണ്ടെന്നാൽ അവർക്കു “നീതിസൂര്യൻ തന്റെ ചിറകിൻകീഴിൽ രോഗോപശാന്തിയോടുകൂടെ ഉദിക്കും.” ഇതു മനുഷ്യകുടുംബത്തിലെ അനുസരണമുളളവർ പൂർണമായി—ആത്മീയമായും വൈകാരികമായും മാനസികമായും ശാരീരികമായും—സൗഖ്യമാക്കപ്പെടുന്ന സന്തുഷ്ടകാലത്തിൽ കേന്ദ്രീകരിക്കുന്നു. (വെളി. 21:3, 4) ആ മഹത്തും അനുഗൃഹീതവുമായ നാളിലേക്കു വിരൽചൂണ്ടുമ്പോൾ മലാഖി യഹോവയുടെ ആലയത്തിലേക്കു നമ്മുടെ വഴിപാടുകൾ കൊണ്ടുവരുന്നതിൽ മുഴുഹൃദയവും അർപ്പിക്കുന്നവരായിരിക്കാൻ നമ്മെ പ്രോത്സാഹിപ്പിക്കുന്നു: “ഞാൻ നിങ്ങൾക്കു ആകാശത്തിന്റെ കിളിവാതിലുകളെ തുറന്നു, സ്ഥലം പോരാതെവരുവോളം നിങ്ങളുടെമേൽ അനുഗ്രഹം പകരുകയില്ലയോ? എന്നിങ്ങനെ നിങ്ങൾ ഇതിനാൽ എന്നെ പരീക്ഷിപ്പിൻ എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.”—മലാ. 1:11, 14; 4:1, 2; 3:10.
17. മലാഖിയുടെ മുന്നറിയിപ്പുകളെ ശുഭാപ്തിവിശ്വാസത്തിനുളള ഏത് ആഹ്വാനംകൊണ്ടു മയപ്പെടുത്തുന്നു?
17 ‘ഭൂമിയെ നാശത്തിന് അർപ്പിക്കുന്നതിനെ’ക്കുറിച്ചു തുടർന്നു മുന്നറിയിപ്പു കൊടുക്കുമ്പോൾത്തന്നെ “നിങ്ങൾ മനോഹരമായോരു ദേശം ആയിരിക്കയാൽ സകല ജാതികളും നിങ്ങളെ ഭാഗ്യവാൻമാർ എന്നു പറയും” എന്ന യഹോവയുടെ ജനത്തോടുളള അവന്റെ വാക്കുകൾക്കനുസൃതമായി പ്രവാചകൻമാരുടെ ഈ അവസാനത്തെ പുസ്തകം ശുഭാപ്തിവിശ്വാസത്തിനും സന്തോഷിക്കലിനും ആഹ്വാനംചെയ്യുന്നു.—4:6; 3:12.