‘ചൂളപോലെ കത്തുന്ന ഒരു ദിവസം’
“ചൂളപോലെ കത്തുന്ന ഒരു ദിവസം വരും.”—മലാഖി 4:1.
1. മലാഖി 4:1-നോടുള്ള ബന്ധത്തിൽ ഏതു ചോദ്യങ്ങൾ പൊന്തിവരുന്നു?
അവസാന നാളുകളിൽ, യഹോവ തന്റെ സ്മരണപുസ്തകത്തിൽ ആരുടെയെല്ലാം പേർ എഴുതുന്നുവോ അവർ സന്തുഷ്ടരായിരിക്കും. എന്നാൽ ആ പദവിക്കുള്ള യോഗ്യതയിൽ എത്താൻ പരാജയപ്പെടുന്നവരുടെ കാര്യമോ? അവർ ഭരണാധികാരികളോ കേവലം സാധാരണ ആളുകളോ ആയിരുന്നാലും, ദൈവരാജ്യ പ്രഘോഷകരെയും അവരുടെ സന്ദേശത്തെയും പുച്ഛത്തോടെ വീക്ഷിക്കുന്നുവെങ്കിൽ അവർക്കെന്തു ഭവിക്കും? കണക്കുതീർപ്പിന്റെ ഒരു ദിവസത്തെക്കുറിച്ചു മലാഖി പറയുന്നു. 4-ാം അധ്യായം 1-ാം വാക്യത്തിൽ നാം ഇങ്ങനെ വായിക്കുന്നു: “ചൂളപോലെ കത്തുന്ന ഒരു ദിവസം വരും; അപ്പോൾ അഹങ്കാരികളൊക്കെയും സകല ദുഷ്പ്രവൃത്തിക്കാരും താളടിയാകും; വരുവാനുള്ള ആ ദിവസം വേരും കൊമ്പും ശേഷിപ്പിക്കാതെ അവരെ ദഹിപ്പിച്ചുകളയും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.”
2. യഹോവയുടെ ന്യായവിധിയെ സംബന്ധിച്ചു യെഹെസ്കേൽ ഏതു വ്യക്തമായ വിവരണം നൽകുന്നു?
2 ജനതകളുടെമേലുള്ള യഹോവയുടെ ന്യായവിധിയെ മററു പ്രവാചകൻമാരും ചൂളയിലെ പൊള്ളുന്ന ചൂടിനോടു താരതമ്യപ്പെടുത്തുന്നു. യെഹെസ്കേൽ 22:19-22 എത്ര ഉചിതമായാണ് വിശ്വാസത്യാഗിയായ ക്രൈസ്തവലോകത്തിലെ മതവിഭാഗങ്ങളുടെമേലുള്ള ദൈവത്തിന്റെ ന്യായവിധിക്കു ബാധകമാകുന്നത്! അതിങ്ങനെ വായിക്കപ്പെടുന്നു: “യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ എല്ലാവരും കിട്ടമായ്തീർന്നിരിക്കകൊണ്ടു ഞാൻ നിങ്ങളെ . . . കൂട്ടും. വെള്ളിയും താമ്രവും ഇരുമ്പും കറുത്തീയവും വെളുത്തീയവും ഉലയുടെ നടുവിൽ ഇട്ടു ഊതി ഉരുക്കുന്നതുപോലെ ഞാൻ എന്റെ കോപത്തിലും എന്റെ ക്രോധത്തിലും നിങ്ങളെയും കൂട്ടിയുരുക്കും. ഞാൻ നിങ്ങളെ കൂട്ടി എന്റെ ക്രോധാഗ്നിയെ നിങ്ങളുടെമേൽ ഊതും; അങ്ങനെ നിങ്ങൾ അതിന്റെ നടുവിൽ ഉരുകിപ്പോകും. ഉലയുടെ നടുവിൽ വെള്ളി ഉരുകിപ്പോകുന്നതുപോലെ, നിങ്ങൾ അതിന്റെ നടുവിൽ ഉരുകിപ്പോകും; യഹോവയായ ഞാൻ എന്റെ ക്രോധം നിങ്ങളുടെമേൽ പകർന്നിരിക്കുന്നു എന്നു നിങ്ങൾ അറിയും.”
3, 4. (എ) പുരോഹിതവർഗം കാപട്യമുള്ള ഏത് അവകാശവാദം ഉന്നയിച്ചിരിക്കുന്നു? (ബി) എന്തു കറപുരണ്ട രേഖയാണു മതത്തിനുള്ളത്?
3 തീർച്ചയായും ശക്തമായ ഒരു ദൃഷ്ടാന്തംതന്നെ! യഹോവയുടെ വിശുദ്ധ നാമത്തിന്റെ ഉപയോഗം വേണ്ടെന്നുവെച്ചിരിക്കുന്ന, ആ നാമത്തെ ദുഷിക്കുകപോലും ചെയ്തിരിക്കുന്ന, വൈദികർ ആ കണക്കുതീർക്കലിന്റെ ദിവസത്തെ അഭിമുഖീകരിക്കേണ്ടതാണ്. ധിക്കാരപൂർവം, തങ്ങളും തങ്ങളുടെ രാഷ്ട്രീയ സഖ്യകക്ഷികളുംചേർന്നു ഭൂമിയിൽ ദൈവരാജ്യം സ്ഥാപിക്കുമെന്ന്, അല്ലെങ്കിൽ കുറഞ്ഞപക്ഷം ഭൂമിയെ വരാനിരിക്കുന്ന രാജ്യത്തിന് അനുയോജ്യമായ ഒരു സ്ഥലമാക്കിത്തീർക്കുമെന്ന് അവർ അവകാശപ്പെടുന്നു.
4 ഭയങ്കരയുദ്ധങ്ങൾ നടത്തുന്നതിൽ വിശ്വാസത്യാഗിയായ ക്രൈസ്തവലോകം രാഷ്ട്രീയ ഭരണാധിപൻമാരുമായി കൂട്ടുചേർന്നിരിക്കുന്നു. മധ്യയുഗങ്ങളിലെ കുരിശുയുദ്ധങ്ങൾ, സ്പാനിഷ് മതവിചാരണയിലെ ബലംപ്രയോഗിച്ചുള്ള മതപരിവർത്തനങ്ങൾ, 17-ാം നൂററാണ്ടിൽ യൂറോപ്പിനു വൻനാശനഷ്ടങ്ങൾ വരുത്തിയ 30-വർഷ യുദ്ധം, സ്പെയിനിൽ കത്തോലിക്കാസഭയുടെ നില ഭദ്രമാക്കുന്നതിനുവേണ്ടി നടത്തിയ 1930-കളിലെ സ്പാനിഷ് ആഭ്യന്തരയുദ്ധം എന്നിവയൊക്കെ ചരിത്രം രേഖപ്പെടുത്തുന്നുണ്ട്. നമ്മുടെ നൂററാണ്ടിലെ രണ്ടു ലോകമഹായുദ്ധങ്ങളിലാണ് ഏററവും വലിയ രക്തച്ചൊരിച്ചിൽ ഉണ്ടായത്. അന്നു കത്തോലിക്കരും പ്രൊട്ടസ്ററൻറുകാരും തങ്ങളുടെ സ്വന്തം മതങ്ങളിലെയും മററു മതങ്ങളിലെയും വിശ്വാസികളെ മത്സരബുദ്ധിയോടെ, വിവേചനാരഹിതമായി കൊന്നൊടുക്കി. കുറേക്കൂടെ അടുത്തകാലത്ത്, അയർലണ്ടിലെ കത്തോലിക്കരും പ്രൊട്ടസ്ററൻറുകാരും തമ്മിലും ഇന്ത്യയിലെ മതകക്ഷികൾ തമ്മിലും മുൻ യൂഗോസ്ലാവ്യയിലെ മതകക്ഷികൾ തമ്മിലും ഹിംസാത്മകമായ ആഭ്യന്തരപോരാട്ടങ്ങൾ നടന്നു. യഹോവയുടെ ആയിരക്കണക്കിനു വിശ്വസ്തസാക്ഷികളുടെ രക്തസാക്ഷിത്വംകൊണ്ടും രക്തപങ്കിലമാണു മതചരിത്രത്തിന്റെ ഏടുകൾ.—വെളിപ്പാടു 6:9, 10
5. വ്യാജമതത്തിന് എന്തു ന്യായവിധി ലഭിക്കും?
5 വ്യാജമതലോകസാമ്രാജ്യമായ മഹാബാബിലോന്റെയും അതിനെ പിന്തുണക്കുന്നവരുടെയുംമേലുള്ള യഹോവയുടെ ആസന്നമായ ന്യായവിധിയുടെ നീതിയെ നമുക്കു വിലമതിക്കാതിരിക്കുക വയ്യ. ഇതിന്റെ നിർവഹണത്തെക്കുറിച്ചു വെളിപ്പാടു 18:21, 24-ൽ വർണിച്ചിരിക്കുന്നു: “പിന്നെ ശക്തനായോരു ദൂതൻ തിരികല്ലോളം വലുതായോരു കല്ലു എടുത്തു സമുദ്രത്തിൽ എറിഞ്ഞു പറഞ്ഞതു: ഇങ്ങിനെ ബാബിലോൻമഹാനഗരത്തെ ഹേമത്തോടെ എറിഞ്ഞുകളയും; ഇനി അതിനെ കാണുകയില്ല. പ്രവാചകൻമാരുടെയും വിശുദ്ധൻമാരുടെയും ഭൂമിയിൽവെച്ചു കൊന്നുകളഞ്ഞ എല്ലാവരുടെയും രക്തം അവളിൽ അല്ലോ കണ്ടതു.”
6. (എ) ആരാണു താളടിപോലെയായിത്തീരേണ്ടത്, എന്തുകൊണ്ട്? (ബി) യഹോവയെ ഭയപ്പെടുന്നവർക്ക് എന്ത് ഉറപ്പുലഭിച്ചിട്ടുണ്ട്?
6 തക്കസമയത്ത് നീതിയുടെ സകല ശത്രുക്കളും ഒപ്പം അവരുടെ അനുയായികളും “താളടി”പോലെ ആയിത്തീരേണ്ടതാണ്. യഹോവയുടെ ദിവസം ഒരു ചൂളപോലെ അവരുടെയിടയിൽ കത്തും. അത് ‘വേരും കൊമ്പും ശേഷിപ്പിക്കയില്ല.’ കണക്കുതീർപ്പിന്റെ ആ ദിവസത്തിൽ, യഹോവ കുട്ടികളുടെമേൽ മേൽനോട്ടമുള്ള മാതാപിതാക്കളെ, അഥവാ വേരുകളെ, ഏതു പ്രകാരം കണക്കിടുന്നുവോ അതിനു ചേർച്ചയിലായിരിക്കും ന്യായമായും അവരുടെ കൊച്ചുകുട്ടികളോടും, അഥവാ കൊമ്പുകളോടും, ഇടപെടുക. അവരുടെ ദുഷ്കൃത്യങ്ങളെ നിലനിർത്തുന്നതിന് അവർക്കു സന്താനങ്ങൾ ശേഷിക്കുകയില്ല. എന്നാൽ, ദൈവരാജ്യ വാഗ്ദത്തങ്ങളിൽ വിശ്വാസം പ്രകടമാക്കുന്നവർ കുലുങ്ങിപ്പോകുകയില്ല. അതുകൊണ്ട്, “ഇളകാത്ത രാജ്യം പ്രാപിക്കുന്നതുകൊണ്ടു നാം നന്ദിയുള്ളവരായി ദൈവത്തിന്നു പ്രസാദം വരുമാറു ഭക്തിയോടും ഭയത്തോടുംകൂടെ സേവ ചെയ്ക. നമ്മുടെ ദൈവം ദഹിപ്പിക്കുന്ന അഗ്നിയല്ലോ,” എബ്രായർ 12:28, 29 ഉദ്ബോധിപ്പിക്കുന്നു.
യഹോവ ക്രൂരനായ ഒരു ദൈവമോ?
7. യഹോവയുടെ ന്യായവിധിയിൽ സ്നേഹം കടന്നുവരുന്നതെങ്ങനെ?
7 യഹോവ ക്രൂരനും പ്രതികാരദാഹിയുമായ ദൈവമാണെന്ന് ഇതിനർഥമുണ്ടോ? അശേഷമില്ല! 1 യോഹന്നാൻ 4:8-ൽ അപ്പോസ്തലൻ അടിസ്ഥാനപരമായ ഒരു സത്യം പ്രസ്താവിക്കുന്നു: “ദൈവം സ്നേഹം തന്നേ.” എന്നിട്ട് 16-ാം വാക്യത്തിൽ “സ്നേഹത്തിൽ വസിക്കുന്നവൻ ദൈവത്തിൽ വസിക്കുന്നു; ദൈവം അവനിലും വസിക്കുന്നു” എന്ന് ഊന്നിപ്പറയുകയും ചെയ്യുന്നു. ഈ ഭൂമിയെ സകല ദുഷ്ടതയിൽനിന്നും ശുദ്ധീകരിക്കാൻ യഹോവ ഉദ്ദേശിക്കുന്നതുതന്നെ മനുഷ്യവർഗത്തോടുള്ള അവന്റെ സ്നേഹംനിമിത്തമാണ്. സ്നേഹവാനും കരുണാസമ്പന്നനുമായ നമ്മുടെ ദൈവം പ്രഖ്യാപിക്കുന്നു: “എന്നാണ, ദുഷ്ടന്റെ മരണത്തിൽ അല്ല, ദുഷ്ടൻ തന്റെ വഴി വിട്ടുതിരിഞ്ഞു ജീവിക്കുന്നതിൽ അത്രേ എനിക്കു ഇഷ്ടമുള്ളതെന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു; നിങ്ങളുടെ ദുർമ്മാർഗ്ഗങ്ങളെ വിട്ടുതിരിവിൻ, തിരിവിൻ; . . . നിങ്ങൾ എന്തിനു മരിക്കുന്നു.”—യെഹെസ്കേൽ 33:11.
8. യോഹന്നാൻ സ്നേഹത്തിന് ഊന്നൽകൊടുത്തതെങ്ങനെ, അതേസമയംതന്നെ ഒരു ഇടിമുഴക്കപുത്രനാണെന്നും എങ്ങനെ പ്രകടമാക്കപ്പെടുന്നു?
8 യോഹന്നാൻ തത്ത്വാധിഷ്ഠിത സ്നേഹമായ അഗാപെയെ മററു മൂന്നു സുവിശേഷ എഴുത്തുകാരും മൊത്തത്തിൽ ഉപയോഗിക്കുന്നതിൽ അധികം പ്രാവശ്യം പരാമർശിക്കുന്നു. എന്നിരുന്നാലും, മർക്കോസ് 3:17-ൽ [NW] യോഹന്നാനെതന്നെ ഒരു ‘ഇടിമുഴക്കപുത്രൻ’ എന്നാണു വർണിച്ചിരിക്കുന്നത്. യഹോവയുടെ നിശ്വസ്തതയാലാണ് ഈ ഇടിമുഴക്കപുത്രൻ ബൈബിളിലെ അവസാനപുസ്തകമായ വെളിപാടിലെ പ്രാവചനിക സന്ദേശങ്ങൾ എഴുതിയത്. ന്യായവിധി നടപ്പാക്കുന്നവനായ ഒരു ദൈവമായാണു യഹോവയെ അതിൽ ചിത്രീകരിക്കുന്നത്. ‘ദൈവകോപത്തിന്റെ വലിയ ചക്ക്,’ ‘ഏഴു ക്രോധകലശം,’ ‘സർവ്വശക്തിയുള്ള ദൈവത്തിന്റെ കോപം’ എന്നിങ്ങനെയുള്ള ന്യായവിധിസംബന്ധമായ പദപ്രയോഗങ്ങൾ ഈ പുസ്തകത്തിൽ നിറയെയുണ്ട്.—വെളിപ്പാടു 14:19; 16:1; 19:15.
9. യഹോവയുടെ ന്യായവിധികളെക്കുറിച്ച് യേശു എന്തു പറഞ്ഞു, അവന്റെ പ്രവചനങ്ങൾ നിറവേറിയിരിക്കുന്നതെങ്ങനെ?
9 “അദൃശ്യനായ ദൈവത്തിന്റെ പ്രതിമ”യായ നമ്മുടെ കർത്താവായ യേശുക്രിസ്തു ഇവിടെ ഭൂമിയിലായിരുന്നപ്പോൾ ധൈര്യപൂർവം യഹോവയുടെ ന്യായവിധികൾ പ്രഖ്യാപിച്ചു. (കൊലൊസ്സ്യർ 1:15) ദൃഷ്ടാന്തത്തിന്, തന്റെ നാളിലെ കപട മതഭക്തർക്കെതിരെ അവൻ നേരിട്ടു പ്രഖ്യാപിച്ച, മത്തായി 23-ാം അധ്യായത്തിലെ ഏഴു കഷ്ടങ്ങൾതന്നെ. അവൻ ആ ശിക്ഷാവിധി ഉപസംഹരിച്ചത് ഈ വാക്കുകളോടെയായിരുന്നു: “യെരൂശലേമേ, യെരൂശലേമേ, പ്രവാചകൻമാരെ കൊല്ലുകയും നിന്റെ അടുക്കൽ അയച്ചിരിക്കുന്നവരെ കല്ലെറികയും ചെയ്യുന്നവളേ, കോഴി തന്റെ കുഞ്ഞുങ്ങളെ ചിറകിൻകീഴിൽ ചേർക്കുംപോലെ നിന്റെ മക്കളെ ചേർത്തുകൊൾവാൻ എനിക്കു എത്ര വട്ടം മനസ്സായിരുന്നു; നിങ്ങൾക്കോ മനസ്സായില്ല. നിങ്ങളുടെ ഭവനം ശൂന്യമായ്തീരും.” 37 വർഷം കഴിഞ്ഞു ടൈററസ് സൈന്യാധിപന്റെ കീഴിലുള്ള റോമൻസൈന്യം ന്യായവിധി നടപ്പാക്കി. അത് ഒരു ഭയങ്കരനാൾ ആയിരുന്നു. താമസിയാതെ പൊട്ടിപ്പുറപ്പെടാനിരിക്കുന്ന, സകല മാനുഷാനുഭവത്തിലുംവച്ച് അതി ഭയങ്കരമെന്നു തെളിയാൻ പോകുന്ന യഹോവയുടെ നാൾ സംബന്ധിച്ച് അതിനു പ്രാവചനിക സ്വഭാവമുണ്ട്.
“സൂര്യൻ” പ്രകാശിക്കുന്നു
10. “നീതിസൂര്യൻ” ദൈവജനത്തിന് ആഹ്ലാദം കൈവരുത്തുന്നതെങ്ങനെ?
10 തന്റെ ആ നാളിൽ അതിജീവകർ ഉണ്ടായിരിക്കുമെന്നു യഹോവ അറിയിക്കുന്നു. മലാഖി 4:2-ൽ “എന്റെ നാമത്തെ ഭയപ്പെടുന്ന നിങ്ങൾക്കോ നീതിസൂര്യൻ തന്റെ ചിറകിൻകീഴിൽ രോഗോപശാന്തിയോടുകൂടെ ഉദിക്കും” എന്നു പറഞ്ഞുകൊണ്ടു യഹോവതന്നെ ഇവരെക്കുറിച്ചു പരാമർശിക്കുന്നു. ആ നീതിസൂര്യൻ യേശുക്രിസ്തു അല്ലാതെ മററാരുമല്ല. അവൻ ‘ലോകത്തിന്റെ’ ആത്മീയ ‘വെളിച്ചം’ ആകുന്നു. (യോഹന്നാൻ 8:12) അവൻ എങ്ങനെയാണു പ്രകാശിക്കുന്നത്? അവൻ തന്റെ ചിറകുകളിൽ രോഗോപശാന്തിയോടെ ഉദിക്കുന്നു, ആദ്യം, ആത്മീയ രോഗോപശാന്തിക്കായിട്ട്. അതാകട്ടെ, ഇന്നുപോലും നമുക്ക് അനുഭവിക്കാവുന്നതാണ്. പിന്നീട്, സകല ജനതകളിൽനിന്നുള്ളവരുടെ ശാരീരിക “രോഗശാന്തി”ക്കായിട്ടും. അതാകട്ടെ, വരാനിരിക്കുന്ന പുതിയ ലോകത്തിലും. (മത്തായി 4:23; വെളിപ്പാടു 22:1, 2) ആലങ്കാരികമായി, മലാഖി പറയുന്നതുപോലെ, സൗഖ്യംപ്രാപിച്ചവർ തൊഴുത്തിൽനിന്ന് അഴിച്ചുവിട്ട “പശുക്കിടാക്കളെപ്പോലെ തുള്ളിച്ചാടും.” മനുഷ്യപൂർണത പ്രാപിക്കാനുള്ള പ്രതീക്ഷയോടെ ഉയിർപ്പിക്കപ്പെടുന്നവർ, പുനരുത്ഥാനം പ്രാപിക്കുന്നവർ എന്തൊരു സന്തോഷമായിരിക്കും അനുഭവിക്കുക!
11, 12. (എ) ദുഷ്ടൻമാരുടെ അവസാനം എന്തായിരിക്കും? (ബി) ദൈവജനത ദുഷ്ടൻമാരെ “ചവിട്ടിക്കളയു”ന്നതെങ്ങനെ?
11 എന്നാൽ, ദുഷ്ടൻമാരുടെ കാര്യമോ? മലാഖി 4:3-ൽ, “ഞാൻ ഉണ്ടാക്കുവാനുള്ള ദിവസത്തിൽ ദുഷ്ടൻമാർ നിങ്ങളുടെ കാലിൻ കീഴിൽ വെണ്ണീർ ആയിരിക്കകൊണ്ടു നിങ്ങൾ അവരെ ചവിട്ടിക്കളയും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു” എന്നു നാം വായിക്കുന്നു. സ്നേഹിക്കുന്നവരെ സംരക്ഷിക്കവേതന്നെ, നമ്മുടെ യോദ്ധാവാം ദൈവം ആ ക്രൂരശത്രുക്കളെ നിഗ്രഹിച്ചു ഭൂമിയെ ശുദ്ധീകരിക്കുകയും സാത്താനെയും അവന്റെ ഭൂതങ്ങളെയും ബന്ധിക്കുകയും ചെയ്തിരിക്കും.—സങ്കീർത്തനം 145:20; വെളിപ്പാടു 20:1-3.
12 ദുഷ്ടൻമാരെ നശിപ്പിക്കുന്നതിൽ ദൈവജനം പങ്കെടുക്കുന്നില്ല. അപ്പോൾ എങ്ങനെയാണ് അവർ ‘ദുഷ്ടൻമാരെ ചവിട്ടിക്കളയുക?’ ഒരു വലിയ വിജയാഘോഷത്തിൽ പങ്കുപററിക്കൊണ്ട് ആലങ്കാരികമായാണ് അവർ ഇതു ചെയ്യുന്നത്. പുറപ്പാട് 15:1-21 അത്തരമൊരു ആഘോഷത്തെ വർണിക്കുന്നുണ്ട്. ഫറവോനും അവന്റെ സൈന്യങ്ങളും ചെങ്കടലിൽ നശിച്ചതിനെ തുടർന്നാണ് അതിന്റെ അരങ്ങേററം. യെശയ്യാവു 25:3-9-ന്റെ നിവൃത്തിയായുള്ള, “ഭയങ്കരൻമാരുടെ” നിർമാർജനം കഴിയുമ്പോൾ ദൈവത്തിന്റെ പിൻവരുന്ന വാഗ്ദത്തത്തോടു ബന്ധപ്പെട്ട ഒരു വിജയവിരുന്നു നടക്കേണ്ടതാണ്: “അവൻ മരണത്തെ സദാകാലത്തേക്കും നീക്കിക്കളയും; യഹോവയായ കർത്താവു സകലമുഖങ്ങളിലുംനിന്നു കണ്ണുനീർ തുടെക്കയും തന്റെ ജനത്തിന്റെ നിന്ദ സകലഭൂമിയിലുംനിന്നു നീക്കിക്കളകയും ചെയ്യും. യഹോവയല്ലോ അരുളിച്ചെയ്തിരിക്കുന്നത്. അന്നാളിൽ: ഇതാ നമ്മുടെ ദൈവം; . . .അവൻ തന്നേ യഹോവ; അവനെയത്രേ നാം കാത്തിരുന്നതു; അവന്റെ രക്ഷയിൽ നമുക്കു ആനന്ദിച്ചു സന്തോഷിക്കാം എന്നു അവർ പറയും.” ഈ സന്തോഷത്തിൽ പ്രതികാരദാഹമോ അന്യരുടെ നാശത്തിലുള്ള നിർവൃതിയോ അല്ല, പിന്നെയോ യഹോവയുടെ നാമം വിശുദ്ധീകരിക്കപ്പെടുന്നതും ഏകീകൃത മനുഷ്യവർഗത്തിന്റെ സമാധാനപൂർണമായ നിവാസത്തിനുവേണ്ടി ഭൂമി സംശുദ്ധമാക്കപ്പെടുന്നതും കാണുന്നതിലുള്ള ആഹ്ലാദമാണുള്ളത്.
ഒരു മഹത്തായ വിദ്യാഭ്യാസപരിപാടി
13. “പുതിയ ഭൂമി”യിൽ ഏതു വിദ്യാഭ്യാസം നടക്കും?
13 ‘മോശയുടെ ന്യായപ്രമാണം . . . ഓർത്തുകൊൾവിൻ’ എന്നു മലാഖി 4:4-ൽ യഹൂദൻമാരെ ബുദ്ധ്യുപദേശിക്കുകയുണ്ടായി. അതുപോലെ, ഇന്നു നാം ഗലാത്യർ 6:2-ൽ പറഞ്ഞിരിക്കുന്ന “ക്രിസ്തുവിന്റെ ന്യായപ്രമാണം” അനുസരിക്കേണ്ടയാവശ്യമുണ്ട്. അർമഗെദ്ദോനെ അതിജീവിക്കുന്നവർക്ക് ഇതിനെ അടിസ്ഥാനപ്പെടുത്തി കൂടുതലായ നിർദേശങ്ങൾ കൊടുക്കുമെന്നുള്ളതിനു സംശയമില്ല. അവ പുനരുത്ഥാനസമയത്തു തുറക്കുന്ന, വെളിപ്പാടു 20:12-ൽ പറയുന്ന “പുസ്തകങ്ങളിൽ” സമുചിതമായി എഴുതപ്പെട്ടേക്കാം. മരിച്ചവരിൽനിന്ന് ഉയിർപ്പിക്കപ്പെടുന്നവർ “പുതിയ ഭൂമി”യിലെ ജീവിതശൈലി പിൻപററാൻ പഠിപ്പിക്കപ്പെടുമ്പോൾ അത് എത്ര മഹത്തായ ദിവസമായിരിക്കും!—വെളിപ്പാടു 21:1.
14, 15. (എ) ആധുനികകാല ഏലിയാവ് എങ്ങനെ തിരിച്ചറിയപ്പെടുന്നു? (ബി) ഏലിയാവർഗം എന്ത് ഉത്തരവാദിത്വം നിറവേററുന്നു?
14 അതു മലാഖി 4:5-ൽ രേഖപ്പെടുത്തിയിരിക്കുന്നതുപോലെ, യഹോവ പരാമർശിക്കുന്ന വിദ്യാഭ്യാസപരിപാടിയുടെ ഒരു വ്യാപിപ്പിക്കലായിരിക്കും: “യഹോവയുടെ വലുതും ഭയങ്കരവുമായ നാൾ വരുന്നതിന്നു മുമ്പെ ഞാൻ നിങ്ങൾക്കു ഏലീയാപ്രവാചകനെ അയക്കും.” ആ ആധുനികകാല ഏലിയാവ് ആരാണ്? മത്തായി 16:27, 28-ൽ പ്രകടമാക്കിയിരിക്കുന്നതുപോലെ, ‘തന്റെ രാജ്യത്തിലേക്കുള്ള സ്വന്തം വരവിനെ’ പരാമർശിക്കവേ, “മനുഷ്യപുത്രൻ തന്റെ പിതാവിന്റെ മഹത്വത്തിൽ തന്റെ ദൂതൻമാരുമായി വരും; അപ്പോൾ അവൻ ഓരോരുത്തന്നും അവനവന്റെ പ്രവൃത്തിക്കു തക്കവണ്ണം പകരം നല്കും” എന്നു യേശു പറയുകയുണ്ടായി. ആറു ദിവസം കഴിഞ്ഞു പത്രോസും യാക്കോബും യോഹന്നാനുമൊത്ത് ഒരു പർവതത്തിൽവച്ച് അവൻ “അവരുടെ മുമ്പാകെ രൂപാന്തരപ്പെട്ടു, അവന്റെ മുഖം സൂര്യനെപ്പോലെ ശോഭിച്ചു അവന്റെ വസ്ത്രം വെളിച്ചംപോലെ വെള്ളയായി തീർന്നു.” ഈ ദർശനത്തിൽ അവൻ ഒററയ്ക്കായിരുന്നോ? അല്ലായിരുന്നു, എന്തുകൊണ്ടെന്നാൽ “മോശെയും ഏലീയാവും അവനോടു സംഭാഷിക്കുന്നതായി അവർ കണ്ടു.”—മത്തായി 17:2, 3.
15 ഇതിന്റെ അർഥം എന്തായിരിക്കാം? അതു ന്യായവിധിക്കായി വരുന്ന സമയത്തെ വലിപ്പമേറിയ മോശ എന്നനിലയിൽ യേശുവിലേക്കു വിരൽചൂണ്ടി. (ആവർത്തനപുസ്തകം 18:18, 19; പ്രവൃത്തികൾ 3:19-23) അപ്പോൾ, മർമപ്രധാനമായ ഒരു വേല, യഹോവയുടെ വലുതും ഭയങ്കരവുമായ നാൾ ആഞ്ഞടിക്കുന്നതിനുമുമ്പു സർവഭൂമിയിലും രാജ്യത്തിന്റെ ഈ സുവാർത്ത പ്രസംഗിക്കുന്ന വേല, നിർവഹിക്കുന്നതിന് അവൻ ആധുനികകാല ഏലിയാവുമായി ബന്ധപ്പെടും. ഈ “ഏലിയാ”വിന്റെ വേലയെ വർണിച്ചുകൊണ്ട് മലാഖി 4:6 പ്രസ്താവിക്കുന്നു: “ഞാൻ വന്നു ഭൂമിയെ സംഹാരശപഥംകൊണ്ടു ദണ്ഡിപ്പിക്കാതിരിക്കേണ്ടതിന്നു അവൻ അപ്പൻമാരുടെ ഹൃദയം മക്കളോടും മക്കളുടെ ഹൃദയം അപ്പൻമാരോടും നിരപ്പിക്കും.” അങ്ങനെ യജമാനനായ യേശു തന്റെ സകല സ്വത്തുക്കളും ഭരമേല്പിച്ചിരിക്കുന്ന അഭിഷിക്ത ക്രിസ്ത്യാനികളാകുന്ന വിശ്വസ്തനും വിവേകിയുമായ അടിമവർഗമാണ് ഈ “ഏലിയാവ്” എന്നു തിരിച്ചറിയപ്പെടുന്നു. ഇതിൽ വിശ്വാസമുള്ള വീട്ടുകാർക്കു “തത്സമയത്തു” ആവശ്യമായ ആത്മീയ “ഭക്ഷണം” പ്രദാനംചെയ്യുന്നത് ഉൾപ്പെടുന്നു.—മത്തായി 24:45, 46, NW.
16. ഏലിയാവർഗത്തിന്റെ വേലയ്ക്കു സന്തോഷകരമായ എന്തെല്ലാം ഫലങ്ങളുണ്ടായി?
16 ആ പോഷിപ്പിക്കൽ പരിപാടിയുടെ സന്തുഷ്ടഫലങ്ങൾ നമുക്ക് ഇന്നു ലോകവ്യാപകമായി കാണാൻ കഴിയും. ഓരോ ലക്കവും 120 ഭാഷകളിൽ 1,61,00,000 പ്രതികൾ അച്ചടിക്കുന്ന വീക്ഷാഗോപുരം മാസിക “രാജ്യത്തിന്റെ ഈ സുവിശേഷം”കൊണ്ടു ഭൂമിയിൽ പ്രളയം സൃഷ്ടിക്കുകയാണ്. ഇവയിൽ 97 ഭാഷകളിലുള്ളവ ഒരേ സമയത്താണു പ്രസിദ്ധീകരിക്കുന്നത്. (മത്തായി 24:14) യഹോവയുടെ സാക്ഷികളുടെ പ്രസംഗ, പഠിപ്പിക്കൽ വേലയുടെ വിവിധ വശങ്ങളിൽ അനേകം ഭാഷകളിലുള്ള മററു പ്രസിദ്ധീകരണങ്ങളും ഉപയോഗിക്കുന്നുണ്ട്. വിശ്വസ്തനും വിവേകിയുമായ അടിമയായ ഏലിയാവർഗം “തങ്ങളുടെ ആത്മീയാവശ്യങ്ങൾ സംബന്ധിച്ചു ബോധമുള്ള” സകലർക്കും സമൃദ്ധമായി പ്രദാനംചെയ്യുന്നതിൽ ജാഗ്രത പുലർത്തുന്നു. (മത്തായി 5:3, NW) തന്നെയുമല്ല, രാജ്യപ്രത്യാശ സ്വീകരിക്കുകയും അതനുസരിച്ചു പ്രവർത്തിക്കുകയും ചെയ്യുന്നവർ വിസ്മയാവഹമായ ഒരു ലോകവ്യാപക ഐക്യത്തിൽ ബന്ധിതരാണ്. അതിൽ “സകല ജാതികളിലും ഗോത്രങ്ങളിലും വംശങ്ങളിലും ഭാഷകളിലുംനിന്നു ഉള്ളതായ . . . ഒരു മഹാപുരുഷാരം” ഉൾക്കൊള്ളുന്നു. (വെളിപ്പാടു 7:9) യഹോവ ആവശ്യപ്പെടുന്ന പരിധിയോളം ഈ വേല നിർവഹിക്കപ്പെട്ടുകഴിയുമ്പോൾ വലുതും ഭയങ്കരവുമായ യഹോവയുടെ നാളിൽ അവസാനം വരും.
17. യഹോവയുടെ ഭയങ്കരനാൾ എപ്പോൾ വന്നെത്തും?
17 എപ്പോഴാണ് ആ ഭയങ്കരനാൾ നമ്മുടെമേൽ വന്നെത്തുക? അപ്പോസ്തലനായ പൗലോസ് ഉത്തരംനൽകുന്നു: “കള്ളൻ രാത്രിയിൽ വരുമ്പോലെ കർത്താവിന്റെ നാൾ വരുന്നു എന്നു നിങ്ങൾ തന്നേ നന്നായി അറിയുന്നുവല്ലോ. അവർ സമാധാനമെന്നും നിർഭയമെന്നും [ഒരുപക്ഷേ, അസാധാരണമായൊരു വിധത്തിൽ] പറയുമ്പോൾ ഗർഭിണിക്കു പ്രസവവേദന വരുംപോലെ അവർക്കു പെട്ടെന്നു നാശം വന്നു ഭവിക്കും; അവർക്കു തെററിയൊഴിയാവതുമല്ല.”—1 തെസ്സലൊനീക്യർ 5:2, 3.
18, 19. (എ) “സമാധാനമെന്നും നിർഭയമെന്നും” പ്രഖ്യാപിക്കപ്പെടുന്നതെങ്ങനെ? (ബി) എപ്പോഴായിരിക്കും യഹോവയുടെ ജനം ആശ്വാസമനുഭവിക്കുക?
18 ഈ പ്രവചനത്തിലെ “അവർ” ആരാണ്? ഈ അക്രമാസക്തമായ ലോകത്തിന്റെ ചിന്നിച്ചിതറിയ ഘടകങ്ങളിൽനിന്നു ഒരു ഏകീകൃത പുതിയ ക്രമം പടുത്തുയർത്തുമെന്ന് അവകാശപ്പെടുന്ന രാഷ്ട്രീയ നേതാക്കൻമാരാണ് അവർ. വൻമേൻമയെല്ലാം അവകാശപ്പെട്ട് അവതരിപ്പിച്ച അവരുടെ ഉത്പന്നങ്ങളായ സർവരാജ്യസഖ്യവും ഐക്യരാഷ്ട്രങ്ങളും ഇക്കാര്യത്തിൽ പരാജയപ്പെട്ടിരിക്കുന്നു. യഹോവയുടെ പ്രവാചകൻ മുൻകൂട്ടിപ്പറഞ്ഞതുപോലെ, “സമാധാനം ഇല്ലാതിരിക്കെ, സമാധാനം സമാധാനം എന്നു” അവർ ഇപ്പോഴും പറയുകയാണ്.—യിരെമ്യാവു 6:14; 8:11; 14:13-16.
19 ഇതിനിടയിൽ, ദൈവമില്ലാത്ത ഈ ലോകത്തിന്റെ സമ്മർദങ്ങളെയും പീഡനങ്ങളെയും യഹോവയുടെ ജനം സഹിച്ചുനിൽക്കുകയാണ്. എന്നാൽ 2 തെസ്സലൊനീക്യർ 1:7, 8-ൽ പ്രസ്താവിച്ചിരിക്കുന്ന പ്രകാരം പെട്ടെന്നുതന്നെ “കർത്താവായ യേശു തന്റെ ശക്തിയുള്ള ദൂതൻമാരുമായി സ്വർഗ്ഗത്തിൽനിന്നു അഗ്നിജ്വാലയിൽ പ്രത്യക്ഷനായി ദൈവത്തെ അറിയാത്തവർക്കും നമ്മുടെ കർത്താവായ യേശുവിന്റെ സുവിശേഷം അനുസരിക്കാത്തവർക്കും പ്രതികാരം കൊടുക്കുമ്പോൾ” അവർ ആശ്വാസമനുഭവിക്കും.
20. (എ) ‘ചൂളപോലെ കത്തുന്ന’ ആ ദിവസത്തെക്കുറിച്ചു സെഫന്യാവും ഹബക്കൂക്കും എന്തു പ്രവചിക്കുന്നു? (ബി) ഈ പ്രവചനങ്ങൾ നൽകുന്ന ബുദ്ധ്യുപദേശവും പ്രോത്സാഹനവും എന്ത്?
20 അത് എത്ര പെട്ടെന്നായിരിക്കും? നമ്മിൽ പലരും ദീർഘകാലമായി കാത്തിരിക്കുകയാണ്. ഇതിനിടയിൽ അതിജീവിക്കാനിരിക്കുന്ന സൗമ്യതയുള്ള അനേകർ “അവനെ അന്വേഷിപ്പിൻ; നീതി അന്വേഷിപ്പിൻ; സൌമ്യത അന്വേഷിപ്പിൻ; പക്ഷെ നിങ്ങൾക്കു യഹോവയുടെ കോപദിവസത്തിൽ മറഞ്ഞിരിക്കാം” എന്ന സെഫന്യാവു 2:2, 3-ലെ ആഹ്വാനത്തിന് ഉത്തരം നൽകുകയാണ്. പിന്നെ, സെഫന്യാവു 3:8-ൽ ഈ ഉദ്ബോധനം ഉൾക്കൊണ്ടിരിക്കുന്നു: “അതുകൊണ്ടു ഞാൻ സാക്ഷിയായി എഴുന്നേല്ക്കുന്ന ദിവസംവരെ എനിക്കായി കാത്തിരിപ്പിൻ എന്നു യഹോവയുടെ അരുളപ്പാടു; എന്റെ ക്രോധവും എന്റെ ഉഗ്രകോപവും പകരേണ്ടതിന്നു ജാതികളെ ചേർക്കുവാനും രാജ്യങ്ങളെ കൂട്ടുവാനും ഞാൻ നിർണ്ണയിച്ചിരിക്കുന്നു.” അവസാനം അടുത്തിരിക്കുകയാണ്! യഹോവക്ക് ആ നാളും നാഴികയും അറിയാം. അവൻ തന്റെ സമയപ്പട്ടികയ്ക്കു മാററം വരുത്തുകയില്ല. നമുക്കു ക്ഷമാപൂർവം സഹിച്ചുനിൽക്കാം. എന്തെന്നാൽ, “ദർശനത്തിന്നു ഒരു അവധിവെച്ചിരിക്കുന്നു; അതു സമാപ്തിയിലേക്കു ബദ്ധപ്പെടുന്നു; സമയം തെററുകയുമില്ല; അതു വൈകിയാലും അതിന്നായി കാത്തിരിക്ക; അതു വരും നിശ്ചയം; താമസിക്കയുമില്ല.” (ഹബക്കൂക്ക് 2:3) യഹോവയുടെ ഭയങ്കര നാൾ എന്നത്തെക്കാളും വേഗത്തിൽ അടുത്തുകൊണ്ടിരിക്കുകയാണ്. ഓർക്കുക, ആ ദിവസം താമസിക്കുകയില്ല!
പുനരവലോകനം:
◻ ഭരണാധിപൻമാരെയും സാധാരണ ആളുകളെയും യഹോവയുടെ ഭയങ്കരനാൾ എങ്ങനെ ബാധിക്കും?
◻ യഹോവ ഏതുതരം ദൈവമാണ്?
◻ ദൈവജനത്തിന് ഏതുതരം വിദ്യാഭ്യാസമായിരിക്കും ലഭിക്കുക?
◻ അന്ത്യം അടുത്തിരിക്കുന്നതിന്റെ വീക്ഷണ ത്തിൽ ദൈവത്തിന്റെ പ്രവാചകൻമാർ നമ്മെ എങ്ങനെ ഉദ്ബോധിപ്പിക്കുന്നു?
[21-ാം പേജിലെ ചിത്രം]
സ്പാനിഷ് മതവിചാരണക്കാലത്ത് അനേകരെ ബലംപ്രയോഗിച്ചു കത്തോലിക്കരാക്കി
[കടപ്പാട]
The Complete Encyclopedia of Illustration/J. G. Heck