തിരുവെഴുത്തുകളിൽനിന്നുള്ള പാഠങ്ങൾ: മലാഖി 1:1-4:6
യഥാർത്ഥ കർത്താവ് ന്യായവിധിക്കുവേണ്ടി വരുന്നു
“ദൈവത്തെ സേവിക്കുന്നത് മൂല്യവത്തല്ല.” (മലാഖി 3:14) ക്രി. മു. അഞ്ചാം നൂററാണ്ടിൽ മലാഖി പ്രവചിച്ചപ്പോൾ ദൈവത്തിന്റെ സ്വന്തം ജനം അങ്ങനെയുള്ള സംശയം പ്രകടിപ്പിച്ചു. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ യഹൂദയിൽ, വിശേഷിച്ച് പുരോഹിതൻമാരുടെയിടയിൽ, അപലപനീയമായ അവസ്ഥകൾ സ്ഥിതി ചെയ്തിരുന്നു. അവരുടെ മുഖ്യലക്ഷ്യം സ്വാർത്ഥലാഭമായിരുന്നു. മലാഖി വളച്ചുകെട്ടില്ലാത്തതും ശക്തവുമായ ഒരു രീതിയിൽ ആ കപടഭക്തരായ മതനേതാക്കളെ തുറന്നുകാട്ടുകയും യഥാർത്ഥ കർത്താവ് ന്യായവിധിക്കുവേണ്ടി വരുന്നു എന്ന് മുന്നറിയിപ്പ് കൊടുക്കുകയും ചെയ്തു.—മലാഖി 1:6-8; 2:6-9; 3:1.
മലാഖിയുടെ പ്രവചനത്തിന് നമ്മുടെ സ്വന്തം നാളിൽ ഒരു നിവൃത്തിയുണ്ട്. അതുകൊണ്ട് അതിലടങ്ങിയിരിക്കുന്ന പാഠങ്ങൾ പരിചിന്തിക്കുന്നത് നമുക്ക് നല്ലതാണ്.
ദൈവനാമത്തെ നിന്ദിക്കുന്നു
തന്റെ ജനം തനിക്ക് ഏററ നല്ലത് അർപ്പിക്കാൻ യഹോവ പ്രതീക്ഷിക്കുന്നു. ആദ്യം ദൈവം തന്റെ ജനത്തോടുള്ള സ്നേഹം വെളിപ്പെടുത്തുന്നു. എന്നിരുന്നാലും, ജനത്തിൽ നിന്ന് കണ്ണുപൊട്ടിയതും രോഗമുള്ളതും മുടന്തുള്ളതുമായ മൃഗങ്ങളെ ബലിക്കുവേണ്ടി സ്വീകരിക്കുന്നതിനാൽ പുരോഹിതൻമാർ അവന്റെ നാമത്തെ നിന്ദിക്കുകയാണ്. സ്വസേവന തൽപ്പരരായ പുരോഹിതൻമാരിലോ അവരുടെ കൈകളുടെ വിലകുറഞ്ഞ വഴിപാടുകളിലോ യഹോവക്ക് സന്തോഷമില്ല. എന്നാൽ അവർ എന്ത് ചെയ്താലും യഹോവയുടെ “നാമം ജനതകളുടെയിടയിൽ ഭയജനകമായിരിക്കും.”—1:1-14.
ഉപദേഷ്ടാക്കളായിരിക്കുന്നവർക്ക് ഭാരിച്ച ഒരുത്തരവാദിത്വമുണ്ട്. (യാക്കോബ് 3:1) പുരോഹിതൻമാർ “അനേകർ നിയമം സംബന്ധിച്ച് ഇടറാൻ ഇടയാക്കി”യിരിക്കുന്നു. എങ്ങനെ? ജനത്തെ ദൈവനിയമം പഠിപ്പിക്കുന്നതിൽ പരാജയപ്പെട്ടതിനാലും പക്ഷപാതിത്വം കാട്ടിയതിനാലും. യഹോവ അവരോട് ഉചിതമായി കുപിതനാണ്, “ഒരു പുരോഹിതന്റെ അധരങ്ങളാണ് പരിജ്ഞാനം സൂക്ഷിക്കേണ്ടത്, നിയമമാണ് ജനം അവന്റെ വായിൽ നിന്ന് തേടേണ്ടത്.”—2:1-9.
വൈവാഹിക ക്രമീകരണത്തോട് അനാദരവ് കാട്ടുന്നവരെ യഹോവ നിസ്സാരമായി വീക്ഷിക്കുന്നില്ല. ദൈവനിയമത്തിന് വിരുദ്ധമായി യഹൂദയിലെ പുരുഷൻമാർ വിദേശഭാര്യമാരെ സ്വീകരിച്ചിരിക്കുന്നു. (ആവർത്തനം 7:3, 4) അവർ തങ്ങളുടെ യൗവനത്തിലെ ഭാര്യമാരെ ഉപേക്ഷിച്ചുകൊണ്ട് അവരോട് വഞ്ചനാത്മകമായി പെരുമാറിയിരിക്കുന്നു. യഹോവ “ഒരു വിവാഹമോചിക്കലിനെ വെറുത്തിരിക്കുന്നു” എന്ന് മലാഖി മുന്നറിയിപ്പ് കൊടുക്കുന്നു.—2:10-17.
ന്യായവിധിയും ശുദ്ധീകരണവും
യഹോവ ദുഷ്പ്രവൃത്തിയെ എന്നേക്കും പൊറുക്കുന്നില്ല. “യഥാർത്ഥ കർത്താവ്” “ഉടമ്പടിയുടെ ദൂത”നാൽ അനുഗതനായി തന്റെ ആലയത്തിലേക്ക് വരും. അവൻ ലേവി പുത്രൻമാരെ ശുദ്ധീകരിക്കയും നിർമ്മലീകരിക്കുകയും ചെയ്യും. യഹോവ ക്ഷുദ്രക്കാർക്കും വ്യഭിചാരികൾക്കും കള്ളസത്യം ചെയ്യുന്നവർക്കും വഞ്ചകർക്കും മർദ്ദകർക്കുമെതിരെ ഒരു സത്വര സാക്ഷിയായിത്തീരും.—3:1-5.
യഹോവയിൽ നിന്ന് തങ്ങളുടെ വഴിപാടുകൾ പിടിച്ചുവെക്കുന്നവർ തങ്ങളെത്തന്നെ ദരിദ്രരാക്കുകയാണ്. യഹോവക്ക് മാററമില്ല. അനുസരണംകെട്ട ജനം തന്നിലേക്ക് മടങ്ങിവരുന്നുവെങ്കിൽ അവൻ കരുണാപൂർവ്വം അവരിലേക്ക് മടങ്ങിച്ചെല്ലും. അവർ ദശാംശങ്ങളും സംഭാവനകളും കൊടുക്കാതിരുന്നതിനാൽ ദൈവത്തെ കവർച്ച ചെയ്തുകൊണ്ടിരുന്നു. എന്നാൽ അവർ ദശാംശങ്ങൾ കൊണ്ടുവരികയാണെങ്കിൽ “മേലാൽ ഞെരുക്കം ഇല്ലാതാകുന്നതുവരെ” ഒരനുഗ്രഹം നൽകുമെന്ന് യഹോവ വാഗ്ദാനം ചെയ്യുന്നു. അവർ തീർന്നുപോകാത്ത ഫലം അനുഭവിക്കും.—3:6-12.
യഹോവയുടെ കണ്ണുകൾ അവന്റെ ജനത്തിൻമേൽ ഉണ്ട്. തനിക്കെതിരെ ശക്തമായ വാക്കുകൾ പറഞ്ഞവരോട് യഹോവ വിയോജിക്കുന്നു. അതിൽനിന്ന് വ്യത്യസ്തമായി തന്നെ ഭയപ്പെടുന്നവർക്ക് അവൻ സൂക്ഷ്മ ശ്രദ്ധകൊടുക്കുന്നു. “തന്റെ നാമത്തെക്കുറിച്ച് ചിന്തിക്കുന്നവർക്കു”വേണ്ടി “ഒരു സ്മരണ പുസ്തകം” എഴുതപ്പെടും. അവന്റെ ജനം നീതിമാൻമാരും ദുഷ്ടരും തമ്മിലുള്ള വ്യത്യാസം കാണും.—3:13-18.
യഹോവയുടെ ദിവസം വരുന്നു!
യഹോവയുടെ ദിവസം ദുഷ്ടൻമാർക്ക് പൂർണ്ണനാശം വരുത്തും. യഹോവയുടെ ദിവസം വരുന്നു, ദുഷ്ടൻമാർ എരിയുന്ന തീച്ചൂളയിലെ വൈക്കോൽപോലെ ദഹിപ്പിക്കപ്പെടും. അവർ ‘വേരോ കൊമ്പോ’ ശേഷിക്കാതെ വിഴുങ്ങപ്പെടും. യഹോവയുടെ നാമത്തെ ഭയപ്പെടുന്നവരെ സംബന്ധിച്ചാണെങ്കിൽ അവർ “നീതിസൂര്യന്റെ” സൗഖ്യമാക്കൽ പ്രയോജനങ്ങൾ ആസ്വദിക്കും. ഈ ഭയജനകമായ ദിവസത്തിന്റെ വരവിനുമുമ്പ് ഒരു പുന:സ്ഥിതീകരണവേല ചെയ്യുന്നതിന് യഹോവ ഏലിയാ പ്രവാചകനെ അയക്കും.—4:1-6.
ഇന്നേക്കുള്ള പാഠങ്ങൾ: ആരാധനയുടെ കാര്യത്തിൽ തന്റെ ജനം തനിക്ക് ഏററം നല്ലത് അർപ്പിക്കാൻ യഹോവ ആവശ്യപ്പെടുന്നു. (മത്തായി 22:37, 38 താരതമ്യപ്പെടുത്തുക.) ദൈവവചനത്തിന്റെ ഉപദേഷ്ടാക്കൾക്ക് ശരിയായി പഠിപ്പിക്കാനും മററുള്ളവരെ സത്യാരാധനയിൽ നയിക്കാനുമുള്ള ഉത്തരവാദിത്തമുണ്ട്. നീതിയുടെ ദൈവത്തിന്റെ ദൃഷ്ടികൾ വിവാഹത്തോട് ശരിയായ ആദരവ് കാണിക്കാത്തവരുടെമേലും ദുഷ്പ്രവൃത്തിയിലേർപ്പെടുന്നവരുടെമേലും ഉണ്ടെന്ന് നാം ഓർക്കുന്നത് നല്ലതാണ്. നാം “യഹോവയുടെ വലുതും ഭയജനകവുമായ വരവിനു”വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുമ്പോൾ നമുക്ക് യഥാർത്ഥ കർത്താവിന്റെ ശുദ്ധീകരണത്തിന്റെയും നിർമ്മലീകരണത്തിന്റെയും പ്രക്രിയക്ക് വിനീതമായി കീഴ്പ്പെടാം! (w89 7/1)
[31-ാം പേജിലെ ചതുരം]
ബൈബിൾ വാക്യങ്ങൾ പരിശോധിക്കപ്പെടുന്നു
◆ 1:10—സ്വാർത്ഥരും പണക്കൊതിയൻമാരും ആയിരുന്ന പുരോഹിതൻമാർ വ്യക്തിപരമായ നേട്ടത്തിനുവേണ്ടി സേവിക്കയായിരുന്നു. അവർ വാതിലുകളടക്കുക അല്ലെങ്കിൽ യാഗപീഠത്തിലെ തീ കത്തിക്കുക എന്നിങ്ങനെയുള്ള നിസ്സാരമായ സേവനങ്ങൾക്കും ഫീസ് ആവശ്യപ്പെട്ടു. ‘അവരുടെ കൈകളിൽ നിന്നുള്ള വഴിപാടുകളിൽ യഹോവ പ്രസാദിക്കാ’ഞ്ഞത് അതിശയമല്ല!
◆ 1:13—വിശ്വാസമില്ലാഞ്ഞ പുരോഹിതൻമാർ ബലികളെ ക്ഷീണിപ്പിക്കുന്ന ഒരു ചടങ്ങ്, ഒരു ഭാരം, ആയി വീക്ഷിക്കാനിടയായി. അവർ യഹോവയുടെ പാവനകാര്യങ്ങളെ വെറുക്കുകയോ പുച്ഛിക്കുകയോ ചെയ്തു. നാം “നമ്മുടെ അധരങ്ങളുടെ കാളക്കുട്ടികൾ” കേവലം ഒരു ചടങ്ങായി അർപ്പിക്കപ്പെടാൻ ഒരിക്കലും അനുവദിക്കരുത്!—ഹോശയാ 14:2; എബ്രായർ 13:15.
◆ 2:13—അനേകം യഹൂദ ഭർത്താക്കൻമാർ ഒരുപക്ഷേ പ്രായം കുറഞ്ഞ വിജാതീയ സ്ത്രീകളെ വിവാഹം കഴിക്കാൻ തങ്ങളുടെ യൗവനത്തിലെ ഭാര്യമാരെ ഉപേക്ഷിക്കുകയായിരുന്നു. യഹോവയുടെ യാഗപീഠം കണ്ണുനീരുകൊണ്ട് മൂടി—ദൈവമുമ്പാകെ തങ്ങളുടെ സങ്കടം പകരാൻ വിശുദ്ധമന്ദിരത്തിലേക്ക് വന്ന പരിത്യക്തരായ ഭാര്യമാരുടെ കണ്ണുനീരുകൊണ്ട് എന്ന് സ്പഷ്ടം.—മലാഖി 2:11, 14, 16.
◆ 3:1—“യഥാർത്ഥ കർത്താവ്” യഹോവയാം ദൈവമാണ്. “ഉടമ്പടിയുടെ ദൂതൻ” യേശുക്രിസ്തുവാണ്. യേശു ആലയത്തെ ശുദ്ധീകരിച്ചപ്പോൾ ഈ പ്രവചനത്തിന് ആദ്യ നിവൃത്തിയുണ്ടായി. (മർക്കോസ് 11:15-17) അത് അവൻ നിയുക്ത രാജാവായി അഭിഷേകം ചെയ്യപ്പെട്ട ശേഷം മൂന്നര വർഷം കഴിഞ്ഞായിരുന്നു. അതുപോലെ തന്നെ, 1914-ന്റെ ശരൽക്കാലത്ത് യേശു രാജാവായി സിംഹാസനസ്ഥനാക്കപ്പെട്ട ശേഷം മൂന്നരവർഷം കഴിഞ്ഞ് അവൻ യഹോവയോടൊത്ത് ആത്മീയാലയത്തിലേക്ക് വരികയും ദൈവജനത്തിന് ശുദ്ധീകരണവും നിർമ്മലീകരണവും ആവശ്യമുള്ളതായി കണ്ടെത്തുകയും ചെയ്തു.
◆ 3:2, 3—പുരാതന ശുദ്ധീകരണ പ്രക്രിയക്ക് സമയം എടുത്തിരുന്നു. അതുകൊണ്ട് ശുദ്ധീകരിക്കുന്നയാൾ ദ്രവരൂപത്തിലുള്ള ലോഹം അത്യന്തം മിനുസമായ ഒരു കണ്ണാടിപോലെ പ്രതിഫലിക്കുന്നതുവരെയും തനിക്ക് തന്റെ പ്രതിച്ഛായ അതിൽ കാണാൻ കഴിയുന്നതുവരെയും കാത്തിരുന്നുകൊണ്ട് മിക്കപ്പോഴും “ഇരിക്കു”മായിരുന്നു. അതുപോലെതന്നെ യഹോവ അശുദ്ധമായ ഉപദേശങ്ങളെയും ആചാരങ്ങളെയും നീക്കം ചെയ്തുകൊണ്ട് ഇന്നത്തെ തന്റെ ജനത്തെ ശുദ്ധീകരിക്കുന്നതിൽ തുടർന്നിരിക്കുന്നു. ഇത് അവന്റെ പ്രതിച്ഛായയെ കൂടുതൽ കൃത്യമായി പ്രതിബിംബിപ്പിക്കാൻ അവരെ സഹായിച്ചിരിക്കുന്നു.—എഫേസ്യർ 5:1.
◆ 4:2—ഇത് ദൈവനാമത്തെ ഭയപ്പെടുന്നവർക്ക് ലഭിക്കുന്ന ഭാവി അനുഗ്രഹങ്ങളുടെ ഒരു വർണ്ണനയാണ്. മനുഷ്യകുടുംബത്തെ ബാധിച്ചിരിക്കുന്ന ശാരീരികവും മാനസ്സികവും വൈകാരികവുമായ രോഗങ്ങൾ സൗഖ്യമാക്കപ്പെടുമ്പോൾ ദൈവപ്രീതിയുടെ വെയിൽ കായുന്നതിനുള്ള പ്രത്യാശ അവർക്കുണ്ട്.—വെളിപ്പാട് 21:3, 4.
◆ 4:5—പ്രവാചകനായ ഏലിയാവ് ജീവിച്ചിരുന്നത് ഈ പ്രവചനം കൊടുക്കപ്പെടുന്നതിന് ഏതാണ്ട് 500 വർഷം മുമ്പായിരുന്നു. ക്രി. വ. ഒന്നാം നൂററാണ്ടിൽ, യേശുക്രിസ്തു മുൻകൂട്ടിപ്പറയപ്പെട്ട ഏലിയാവിന്റെ മറുഘടകമായി യോഹന്നാൻ സ്നാപകനെ തിരിച്ചറിയിച്ചു. (മത്തായി 11:12-14; മർക്കോസ് 9:11-13) എന്നിരുന്നാലും, “ഏലിയാവ്” “യഹോവയുടെ ദിവസ”ത്തിന്റെ മുന്നോടിയായിരിക്കണമായിരുന്നു, അത് ക്രിസ്തുവിന്റെ “സാന്നിദ്ധ്യ”ത്തിന്റെ ഈ കാലത്ത്, ആ പ്രവചനത്തിന് കൂടുതലായ ഒരു നിവൃത്തിയുണ്ടെന്ന് സൂചിപ്പിച്ചു.—2 തെസ്സലോനിക്യർ 2:1, 2.
[30-ാം പേജിലെ ചിത്രം]
യേശു അവന്റെ ഭൗമിക ജീവിതകാലത്ത് ആലയത്തെ ശുദ്ധീകരിച്ചു. അതുപോലെ 1918-ൽ അവൻ ദൈവജനത്തെ യഹോവയുടെ ആത്മീയ ആലയത്തിലേക്കുള്ള ശുദ്ധീകരണം പൂർത്തിയാക്കി