അധ്യായം 39
ഒരു പ്രതികരണവും ഇല്ലാത്ത തലമുറയുടെ കാര്യം കഷ്ടം!
മത്തായി 11:16-30; ലൂക്കോസ് 7:31-35
യേശു ചില നഗരങ്ങളെ അപലപിക്കുന്നു
യേശു ആശ്വാസവും ഉന്മേഷവും വാഗ്ദാനം ചെയ്യുന്നു
സ്നാപകയോഹന്നാനെക്കുറിച്ച് യേശുവിനു വലിയ മതിപ്പാണ്. പക്ഷേ മിക്കവരും യോഹന്നാനെ എങ്ങനെയാണു കാണുന്നത്? യേശു പറയുന്നു: “ഈ തലമുറ . . . ചന്തസ്ഥലങ്ങളിൽ ഇരുന്ന് കളിക്കൂട്ടുകാരോട് ഇങ്ങനെ വിളിച്ചുപറയുന്ന കുട്ടികളെപ്പോലെയാണ്: ‘ഞങ്ങൾ നിങ്ങൾക്കായി കുഴലൂതി, നിങ്ങളോ നൃത്തം ചെയ്തില്ല. ഞങ്ങൾ വിലാപഗീതം പാടി, നിങ്ങളോ നെഞ്ചത്തടിച്ചില്ല.’”—മത്തായി 11:16, 17.
എന്താണ് യേശു അർഥമാക്കുന്നത്? യേശുതന്നെ അതു വിശദീകരിക്കുന്നു: “യോഹന്നാൻ തിന്നാത്തവനും കുടിക്കാത്തവനും ആയി വന്നപ്പോൾ, ‘അവനു ഭൂതബാധയുണ്ട് ’ എന്ന് ആളുകൾ പറഞ്ഞു. എന്നാൽ മനുഷ്യപുത്രൻ തിന്നുകയും കുടിക്കുകയും ചെയ്യുന്നവനായി വന്നപ്പോൾ ‘ഇതാ! തീറ്റിപ്രിയനും വീഞ്ഞുകുടിയനും ആയ മനുഷ്യൻ, നികുതിപിരിവുകാരുടെയും പാപികളുടെയും കൂട്ടുകാരൻ’ എന്ന് അവർ പറഞ്ഞു.” (മത്തായി 11:18, 19) യോഹന്നാനാണെങ്കിൽ വീഞ്ഞുപോലും തൊടാതെ ഒരു നാസീരായി ലളിതജീവിതം നയിക്കുന്നു. എന്നിട്ടും അദ്ദേഹത്തിനു ഭൂതബാധയുണ്ടെന്ന് ആളുകൾ പറയുന്നു. (സംഖ്യ 6:2, 3; ലൂക്കോസ് 1:15) അതേസമയം യേശു മറ്റെല്ലാവരെയുംപോലെ ജീവിക്കുന്നു. വളരെ മിതമായ രീതിയിലാണു തിന്നുകയും കുടിക്കുകയും ചെയ്യുന്നത്. പക്ഷേ യേശു അങ്ങേയറ്റം പോകുന്നെന്നാണ് ആരോപണം. ഒരു വിധത്തിലും ആളുകളെ തൃപ്തിപ്പെടുത്താൻ പറ്റില്ലെന്നു തോന്നുന്നു.
ചന്തസ്ഥലത്തെ കുട്ടികളോടാണു യേശു ഈ തലമുറയെ ഉപമിക്കുന്നത്. മറ്റു കുട്ടികൾ കുഴലൂതുമ്പോൾ നൃത്തം ചെയ്യാനോ മറ്റുള്ളവർ വിലാപഗീതം പാടുമ്പോൾ കൂടെ കരയാനോ അവർ കൂട്ടാക്കുന്നില്ല. “പക്ഷേ ജ്ഞാനം അതിന്റെ പ്രവൃത്തികളാൽ നീതിയുള്ളതെന്നു തെളിയും” എന്നു യേശു പറയുന്നു. (മത്തായി 11:16, 19) അതെ, യേശുവിന്റെയും യോഹന്നാന്റെയും ‘പ്രവൃത്തികൾ’ അവർക്കെതിരെയുള്ള ആരോപണങ്ങൾ തെറ്റാണെന്നു തെളിയിക്കുന്നു.
ഒരു പ്രതികരണവും ഇല്ലാത്തവരെന്ന് ആ തലമുറയെക്കുറിച്ച് പറഞ്ഞശേഷം യേശു കോരസീൻ, ബേത്ത്സയിദ, കഫർന്നഹൂം എന്നീ നഗരങ്ങളുടെ കാര്യം എടുത്തുപറയുന്നു. അവിടെ യേശു പല അത്ഭുതപ്രവൃത്തികളും ചെയ്തിരുന്നു. ആ അത്ഭുതങ്ങൾ ഫൊയ്നിക്യനഗരങ്ങളായ സോരിലും സീദോനിലും ചെയ്തിരുന്നെങ്കിൽ അവർ മാനസാന്തരപ്പെടുമായിരുന്നെന്നു യേശു പറയുന്നു. കഫർന്നഹൂമിനെക്കുറിച്ചും യേശു സംസാരിക്കുന്നു. അവിടെ താമസിച്ചുകൊണ്ടാണു യേശു കുറച്ചുകാലം പ്രവർത്തിച്ചത്. എന്നിട്ടും യേശുവിനെ ശ്രദ്ധിക്കാൻ മിക്കവരും കൂട്ടാക്കിയില്ല. ആ നഗരത്തെക്കുറിച്ച് യേശു പറയുന്നത് “ന്യായവിധിദിവസം സൊദോമിനു ലഭിക്കുന്ന വിധിയെക്കാൾ കടുത്തതായിരിക്കും” അതിന്റെ വിധി എന്നാണ്.—മത്തായി 11:24.
തുടർന്ന്, വിലയേറിയ ആത്മീയസത്യങ്ങൾ “ജ്ഞാനികളിൽനിന്നും ബുദ്ധിശാലികളിൽനിന്നും” മറച്ചുവെച്ചിട്ട് അവ ചെറിയ കുട്ടികളെപ്പോലുള്ള എളിയവർക്കു വെളിപ്പെടുത്തിക്കൊടുത്തതിന് യേശു തന്റെ പിതാവിനെ സ്തുതിക്കുന്നു. (മത്തായി 11:25) യേശു അവർക്ക് ഹൃദ്യമായ ഒരു ക്ഷണം നൽകുന്നു: “കഷ്ടപ്പെടുന്നവരേ, ഭാരങ്ങൾ ചുമന്ന് വലയുന്നവരേ, നിങ്ങളെല്ലാവരും എന്റെ അടുത്ത് വരൂ; ഞാൻ നിങ്ങൾക്ക് ഉന്മേഷം പകരാം. എന്റെ നുകം വഹിച്ച് എന്നിൽനിന്ന് പഠിക്കൂ. ഞാൻ സൗമ്യനും താഴ്മയുള്ളവനും ആയതുകൊണ്ട് നിങ്ങൾക്ക് ഉന്മേഷം കിട്ടും; കാരണം, എന്റെ നുകം മൃദുവും എന്റെ ചുമടു ഭാരം കുറഞ്ഞതും ആണ്.”—മത്തായി 11:28-30.
യേശു എങ്ങനെയാണ് ഉന്മേഷം പകരുന്നത്? പാരമ്പര്യങ്ങൾ പിൻപറ്റാൻ നിർബന്ധിച്ചുകൊണ്ട് മതനേതാക്കന്മാർ ആളുകളെ ഭാരപ്പെടുത്തിയിരുന്നു. അവർ വെച്ച ശബത്തുനിയമങ്ങൾ കടുത്ത നിയന്ത്രണങ്ങളോടുകൂടിയവയായിരുന്നു. ഇവ ആളുകളെ വിഷമിപ്പിച്ചു. എന്നാൽ ദൈവത്തെക്കുറിച്ചുള്ള സത്യങ്ങൾ പഠിപ്പിച്ചുകൊണ്ട് യേശു അവർക്ക് ഉന്മേഷം പകർന്നു. പാരമ്പര്യങ്ങളുടെ ഒരു കണികപോലുമില്ലാത്തവയായിരുന്നു ആ സത്യങ്ങൾ. കൂടാതെ രാഷ്ട്രീയാധികാരികളുടെ ആധിപത്യത്തിൻകീഴിൽ ഞെരുങ്ങുന്നവർക്കും പാപഭാരത്താൽ കഷ്ടപ്പെടുന്നവർക്കും യേശു ആശ്വാസത്തിന്റെ വഴി കാണിച്ചുകൊടുക്കുന്നു. അതെ, അവരുടെ പാപങ്ങൾ എങ്ങനെ ക്ഷമിച്ചു കിട്ടുമെന്നും അവർക്ക് എങ്ങനെ ദൈവവുമായി സമാധാനത്തിലാകാമെന്നും യേശു വെളിപ്പെടുത്തുന്നു.
യേശുവിന്റെ മൃദുവായ നുകം സ്വീകരിക്കുന്ന എല്ലാവർക്കും തങ്ങളെത്തന്നെ ദൈവത്തിനു സമർപ്പിക്കാം. അവർക്ക് അനുകമ്പയും കരുണയും ഉള്ള സ്വർഗീയപിതാവിനെ സേവിക്കാം. അത് ഒരിക്കലും ഒരു ഭാരമല്ല. കാരണം ദൈവത്തിന്റെ നിയമങ്ങൾ ഭാരമുള്ളവയല്ല.—1 യോഹന്നാൻ 5:3.