‘യേശുക്രിസ്തു കർത്താവാകുന്നു’—എങ്ങനെ, എപ്പോൾ?
“കർത്താവ് എന്റെ കർത്താവിനോട് അരുൾ ചെയ്തു, ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുവോളം, നീ എന്റെ വലതുഭാഗത്ത് ഇരിക്കുക.” ജയിംസ് രാജാവിന്റെ ഭാഷാന്തരം സങ്കീർത്തനം 110:1 പരിഭാഷപ്പെടുത്തിയിരിക്കുന്നത് ഈ വിധത്തിലാണ്. ഇവിടെപ്പറഞ്ഞിരിക്കുന്ന ആദ്യത്തെ “കർത്താവ്” [“the LORD”] ആരാണ്? ആരോടാണ് അവൻ സംസാരിക്കുന്നത്?
എബ്രായ തിരുവെഴുത്തുകളുടെ കുറേക്കൂടെ കൃത്യതയുള്ള ഒരു ഭാഷാന്തരം ഒന്നാമത്തെ ചോദ്യത്തിനു പെട്ടെന്ന് ഉത്തരം നൽകുന്നു. അവിടെ പറയുന്നത് “എന്റെ കർത്താവിനോടുള്ള യഹോവയുടെ അരുളപ്പാട്: . . . ” എന്നാണ്. അതുകൊണ്ട്, ഇംഗ്ലീഷിൽ വല്യക്ഷരങ്ങളിലുള്ള “കർത്താവ്” [“LORD”] സർവശക്തനാം ദൈവമായ യഹോവയെ പരാമർശിക്കുന്നു. ജയിംസ് രാജാവിന്റെ ഭാഷാന്തരം “Lord”-നു പകരം “LORD” എന്ന പദം ഉപയോഗിച്ചുകൊണ്ടു ദിവ്യനാമത്തെ തിരിച്ചറിയിക്കുന്നുവെങ്കിലും സ്ഥാനപ്പേരിന്റെ കാര്യത്തിൽ ആശയക്കുഴപ്പമുണ്ടാക്കിയ ആദ്യത്തെ പരിഭാഷയായിരുന്നില്ല അത്. എബ്രായഭാഷയിൽനിന്നു വിവർത്തനം ചെയ്തിരിക്കുന്ന ഗ്രീക്ക് സെപ്ററുവജിൻറ് അതിന്റെ പിൽക്കാല പകർപ്പുകളിൽ യഹോവയെ പരാമർശിക്കുന്നതിന് “കർത്താവ്” [“Lord”] എന്ന് ഉപയോഗിച്ചിരിക്കുന്നു. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ, ചതുരക്ഷരി (יהוה) അഥവാ ദിവ്യനാമത്തിനുപകരം “കർത്താവ്” [“Lord”] എന്ന സ്ഥാനപ്പേര് ഉപയോഗിക്കുകയാണുണ്ടായത്. പണ്ഡിതനായ എ. ഇ. ഗാർവി ഇപ്രകാരം പറയുന്നു: “യഹൂദ സിന്നഗോഗിൽ തിരുവെഴുത്തുകൾ വായിക്കുമ്പോൾ ഉടമ്പടിപ്രകാരമുള്ള നാമമായ യാഹ്വെ [യഹോവ] എന്നതിനുപകരം “കർത്താവ്” [kýri·os] എന്ന ശീർഷകമാണ് ഉപയോഗിച്ചുപോന്നിരുന്നത് എന്ന വസ്തുത ഈ ശീർഷകം ഉപയോഗിക്കുന്നതിന്റെ കാരണം വിശദീകരിക്കുന്നു.”
യഹോവയാം ദൈവത്തെ ബൈബിൾ “പരമാധികാരിയാം കർത്താ”വായി തിരിച്ചറിയിക്കുന്നു. (ഉല്പത്തി 15:2, 8; പ്രവൃത്തികൾ 4:24, NW; വെളിപ്പാടു 6:10) അവനെ “കർത്താവ്” എന്നും “സർവ്വഭൂമിയുടെയും നാഥ”ൻ [“കർത്താവ്”, NW] എന്നും വിളിക്കുന്നു. (പുറപ്പാട് 23:17; യോശുവ 3:13; വെളിപ്പാടു 11:4) എങ്കിൽപ്പിന്നെ സങ്കീർത്തനം 110:1-ൽ കൊടുത്തിരിക്കുന്ന മറേറ “കർത്താവ്” ആരാണ്? യഹോവ അവനെ ‘കർത്താവാ’യി അംഗീകരിക്കാനിടയായതെങ്ങനെ?
യേശുക്രിസ്തു “കർത്താവ്”
നാലു സുവിശേഷങ്ങളിലും യേശുവിനെ “കർത്താവ്” [“Lord”] എന്നാണ് അഭിസംബോധന ചെയ്തിരിക്കുന്നത്. ഏററവും കൂടുതൽ ആവർത്തി ലൂക്കോസിന്റെയും യോഹന്നാന്റെയും സുവിശേഷങ്ങളിലാണ്. പൊ.യു. (പൊതുയുഗം) ഒന്നാം നൂററാണ്ടിൽ ഈ സ്ഥാനപ്പേര് ആദരവും മര്യാദയും സൂചിപ്പിക്കുന്ന ഒന്നായിരുന്നു. ഇത് “സാർ” എന്നതിനു തുല്യമാണ്. (യോഹന്നാൻ 12:21; 20:15, രാജ്യവരിമധ്യ ഭാഷാന്തരം) മർക്കോസിന്റെ സുവിശേഷത്തിൽ യേശുവിനെ അഭിസംബോധന ചെയ്യുന്നതിനു “ഗുരു” അല്ലെങ്കിൽ റബ്ബൂനീ എന്ന പദമാണു കൂടുതൽ തവണ ഉപയോഗിച്ചിരിക്കുന്നത്. (മർക്കൊസ് 10:51 ലൂക്കൊസ് 18:41-മായി താരതമ്യം ചെയ്യുക.) ദമാസ്കോസിലേക്കുള്ള വഴിയിൽവച്ച് “നീ ആരാകുന്നു, കർത്താവേ” എന്നുള്ള പൗലോസിന്റെ ചോദ്യത്തിനും ഉപചാരപൂർവമുള്ള അന്വേഷണത്തിന്റെ അതേ ധ്വനിയാണുള്ളത്. (പ്രവൃത്തികൾ 9:5) എന്നാൽ യേശുവിന്റെ അനുഗാമികൾ തങ്ങളുടെ നായകനെ അറിയാൻ ഇടയായപ്പോൾ “കർത്താവ്” എന്ന സ്ഥാനപ്പേർ അവർ ഉപയോഗിച്ചതിനു വെറും ആദരവിനെക്കാൾ അധികം അർഥമുണ്ടായിരുന്നു.
യേശുവിന്റെ മരണത്തിനും പുനരുത്ഥാനത്തിനും ശേഷം എന്നാൽ, സ്വർഗാരോഹണത്തിനുമുമ്പ് തന്റെ ശിഷ്യൻമാർക്കു പ്രത്യക്ഷനായിട്ട് വിസ്മയകരമായ ഈ അറിയിപ്പു നൽകി: “സ്വർഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും എനിക്കു നല്കപ്പെട്ടിരിക്കുന്നു.” (മത്തായി 28:18) പിന്നീട്, പെന്തക്കോസ്തുനാളിൽ പകരപ്പെട്ട പരിശുദ്ധാത്മാവിന്റെ സ്വാധീനത്തിൻകീഴിൽ പത്രോസ് സങ്കീർത്തനം 110:1 പരാമർശിച്ചുകൊണ്ടു പറഞ്ഞു: “ആകയാൽ നിങ്ങൾ ക്രൂശിച്ച ഈ യേശുവിനെ തന്നേ ദൈവം കർത്താവും ക്രിസ്തുവുമാക്കിവെച്ചു എന്നു യിസ്രായേൽഗൃഹം ഒക്കെയും നിശ്ചയമായി അറിഞ്ഞുകൊള്ളട്ടെ.” (പ്രവൃത്തികൾ 2:34-36) ദണ്ഡന സ്തംഭത്തിൽ വരിച്ച നിന്ദ്യമായ മരണത്തോളം വിശ്വസ്തനായി നിലകൊണ്ടതിന്റെ ഫലമായി യേശുവിനെ ഉയിർപ്പിക്കയും ഏററവും ഉന്നതമായ പ്രതിഫലം അവനു നൽകുകയും ചെയ്തു. അതിനുശേഷം അവൻ സ്വർഗത്തിലുള്ള തന്റെ കർത്തൃത്വത്തിലേക്കു പ്രവേശിച്ചു.
ദൈവം അവനെ [ക്രിസ്തുവിനെ] “സ്വർഗ്ഗത്തിൽ തന്റെ വലത്തുഭാഗത്തു എല്ലാ വാഴ്ചെക്കും അധികാരത്തിന്നും ശക്തിക്കും കർത്തൃത്വത്തിന്നും ഈ ലോകത്തിൽ മാത്രമല്ല വരുവാനുള്ളതിലും വിളിക്കപ്പെടുന്ന സകല നാമത്തിന്നും അത്യന്തം മീതെ ഇരുത്തുകയും” ചെയ്തു എന്നു പറഞ്ഞുകൊണ്ട് അപ്പോസ്തലനായ പൗലോസ് പത്രോസിന്റെ വാക്കുകൾ സ്ഥിരീകരിച്ചു. (എഫെസ്യർ 1:20) യേശുക്രിസ്തുവിന്റെ കർത്തൃത്വം മറെറല്ലാ കർത്തൃത്വത്തിനും മേലാണ്. പുതിയ ലോകത്തിലും അതു തുടരും. (1 തിമൊഥെയൊസ് 6:15) അവനെ “ഏററവും ഉയർത്തി” അവനു “സകലനാമത്തിന്നും മേലായ നാമം നല്കി” അതുകൊണ്ട്, “യേശുക്രിസ്തു കർത്താവു എന്നു പിതാവായ ദൈവത്തിന്റെ മഹത്വത്തിനായി” സകലരും അംഗീകരിക്കേണ്ടതുണ്ട്. (ഫിലിപ്പിയർ 2:9-11) അങ്ങനെ സങ്കീർത്തനം 110:1-ന്റെ രണ്ടാം ഭാഗം നിറവേറി. “ദൂതൻമാരും അധികാരങ്ങളും ശക്തികളും” യേശുക്രിസ്തുവിന്റെ കർത്തൃത്വത്തിനു കീഴ്പെട്ടിരിക്കുന്നു.—1 പത്രൊസ് 3:22; എബ്രായർ 8:1.
എബ്രായ തിരുവെഴുത്തുകളിൽ “കർത്താധികർത്താവു” എന്ന പ്രയോഗം യഹോവക്കു മാത്രമേ ബാധകമാകൂ. (ആവർത്തനപുസ്തകം 10:17; സങ്കീർത്തനം 136:2, 3) എന്നാൽ പത്രോസ് നിശ്വസ്തനായി ക്രിസ്തുയേശുവിനെക്കുറിച്ച്, “അവൻ എല്ലാവരുടെയും കർത്താവായ യേശുക്രിസ്തു [അഥവാ “നമ്മുടെയെല്ലാം കർത്താവ്,” ഗുഡ്സ്പീഡ്]” എന്നു പറഞ്ഞു. (പ്രവൃത്തികൾ 10:36) അവൻ “മരിച്ചവർക്കും ജീവിച്ചിരിക്കുന്നവർക്കും കർത്താവു”തന്നെയെന്നതു തികച്ചും വാസ്തവമാണ്. (റോമർ 14:8, 9) യേശുവിന്റെ വിലയേറിയ രക്തത്താൽ വിലയ്ക്കു വാങ്ങിയ പ്രജകളെന്ന നിലയിൽ ക്രിസ്ത്യാനികൾ യേശുക്രിസ്തുവിനെ കർത്താവും ഉടമസ്ഥനുമായി സത്വരം അംഗീകരിക്കുകയും മനസ്സോടെ അനുസരണ കാണിക്കുകയും ചെയ്യുന്നു. പൊ.യു. 33 മുതൽ രാജാധിരാജാവും കർത്താധികർത്താവുമെന്ന നിലയിൽ യേശുക്രിസ്തു തന്റെ സഭയുടെമേൽ വാഴുകയായിരുന്നു. എന്നാൽ ഇപ്പോൾ, 1914 മുതൽ രാജാവെന്ന നിലയിൽ തന്റെ ശത്രുക്കളെ “പാദപീഠ”മാക്കിക്കൊണ്ടു ഭരിക്കുന്നതിനുള്ള അധികാരം അവനു നൽകപ്പെട്ടിരിക്കയാണ്. അവൻ ‘ശത്രുക്കളുടെ മദ്ധ്യേ വാഴുന്നതിനുള്ള’ സമയം സമാഗതമായിരിക്കുന്നു. ഇതെല്ലാം സങ്കീർത്തനം 110:1, 2-ന്റെ നിവൃത്തിക്കു ചേർച്ചയിലാണ്.—എബ്രായർ 2:5-8; വെളിപ്പാടു 17:14; 19:16.
അങ്ങനെയെങ്കിൽ, “എന്റെ പിതാവു സകലവും എങ്കൽ ഭരമേല്പിച്ചിരിക്കുന്നു” എന്ന് യേശു മരണത്തിനും പുനരുത്ഥാനത്തിനും മുമ്പു പറഞ്ഞ വാക്കുകൾ എപ്രകാരം മനസ്സിലാക്കേണ്ടതുണ്ട്. (മത്തായി 11:25-27; ലൂക്കൊസ് 10:21, 22) ഇത്, നേരത്തെ ചർച്ചചെയ്തതുപോലുള്ള അത്ര വിശാലമായ ഒരു പ്രസ്താവന അല്ല. ലൗകികമായി ജ്ഞാനികളായവരിൽനിന്നു മറഞ്ഞിരിക്കുന്ന, എന്നാൽ യേശു പിതാവിനെ “മുഴുവനായി” അറിയുന്നതിനാൽ അവനിലൂടെ വെളിപ്പെടുത്തിക്കൊടുത്ത ജ്ഞാനത്തെക്കുറിച്ചായിരുന്നു യേശു സംസാരിച്ചുകൊണ്ടിരുന്നത് എന്നു മത്തായിയുടെയും ലൂക്കോസിന്റെയും തിരുവെഴുത്തുകളുടെ സന്ദർഭം വെളിപ്പെടുത്തുന്നു. അവൻ ജലസ്നാപനമേൽക്കുകയും ദൈവത്തിന്റെ ആത്മപുത്രനായി അഭിഷേകം ചെയ്യപ്പെടുകയും ചെയ്തപ്പോൾ തന്റെ മനുഷ്യ-പൂർവ അസ്തിത്വത്തെക്കുറിച്ചും അതോടൊപ്പമുണ്ടായിരുന്ന സകലവിധ ജ്ഞാനത്തെക്കുറിച്ചും യേശുവിന് അനുസ്മരിക്കാൻ കഴിഞ്ഞു. എന്നാൽ ഇത് പിന്നീടുണ്ടായ കർത്തൃത്വത്തിൽനിന്നു വ്യത്യസ്തമായിരുന്നു.—യോഹന്നാൻ 3:34, 35.
യേശുക്രിസ്തുവിനെ കർത്താവായി തിരിച്ചറിയിക്കുന്നു
ഗ്രീക്കു തിരുവെഴുത്തുകളുടെ ചില ഭാഷാന്തരങ്ങൾ “കർത്താവ്” എന്നു വ്യക്തമായി യഹോവയെ സൂചിപ്പിക്കുന്ന എബ്രായ തിരുവെഴുത്തുകളിൽനിന്നുള്ള ഉദ്ധരണികൾ വിവർത്തനം ചെയ്യുമ്പോൾ കുഴപ്പം സൃഷ്ടിക്കുന്നു. ദൃഷ്ടാന്തത്തിന്, ജയിംസ് രാജാവിന്റെ ഭാഷാന്തരത്തിലോ അല്ലെങ്കിൽ ദ ന്യൂ ജറൂസലേം ബൈബിളിലോ ലൂക്കൊസ് 4:19-ഉം യെശയ്യാവു 61:2-ഉം തമ്മിൽ താരതമ്യം ചെയ്യുക. ചിലയാളുകൾ, യേശു യഥാർഥത്തിൽ യഹോവയിൽനിന്ന് ആ സ്ഥാനപ്പേര് വീണ്ടെടുത്തിരിക്കുന്നുവെന്നും ജഡത്തിലായിരുന്ന യേശു യഹോവയായിരുന്നു എന്നും വാദിക്കുന്നു. എന്നാൽ, ഈ വാദഗതിക്ക് തിരുവെഴുത്തുപരമായി യാതൊരു പിന്തുണയുമില്ല. യഹോവയാം ദൈവവും അവന്റെ പുത്രനായ യേശുക്രിസ്തുവും വ്യത്യസ്തരാണെന്നു വളരെ വ്യക്തമായി തിരിച്ചറിയിക്കുന്നു. യേശു തന്റെ പിതാവിന്റെ നാമം വെളിപ്പെടുത്തുകയും അവനെ പ്രതിനിധീകരിക്കുകയും ചെയ്തു.—യോഹന്നാൻ 5:36, 37.
താഴെ കൊടുത്തിരിക്കുന്ന ഉദാഹരണങ്ങളിൽ എബ്രായ തിരുവെഴുത്തുകളിൽനിന്നുള്ള ഉദ്ധരണി ഗ്രീക്കു തിരുവെഴുത്തുകളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് എപ്രകാരമെന്നു കാണുക. സങ്കീർത്തനം 2:1, 2-ൽനിന്ന് എടുത്തുദ്ധരിച്ചിരിക്കുന്ന പ്രവൃത്തികൾ 4:24-27-ൽ രണ്ടുപേരെയും അതായത്, യഹോവയാം ദൈവത്തെയും അവന്റെ അഭിഷിക്തനെയും അഥവാ മിശിഹായെയും കുറിച്ചു സൂചിപ്പിച്ചിട്ടുണ്ട്. റോമർ 11:33, 34-ന്റെ സന്ദർഭം യെശയ്യാവു 40:13, 14 എടുത്തുദ്ധരിച്ചുകൊണ്ട് സകല ജ്ഞാനത്തിന്റെയും അറിവിന്റെയും ഉറവിടമായ ദൈവത്തെയാണു വളരെ വ്യക്തമായി പരാമർശിക്കുന്നത്. “യഹോവയുടെ മനസ്സ് അറിഞ്ഞവൻ ആർ” [NW] എന്ന് കൊരിന്ത്യ സഭയ്ക്ക് എഴുതുമ്പോൾ പൗലോസ് ആ ഉദ്ധരണി ആവർത്തിക്കുന്നു. അതിനുശേഷം “നാമോ ക്രിസ്തുവിന്റെ മനസ്സുള്ളവർ ആകുന്നു” എന്ന് അവൻ കൂട്ടിച്ചേർക്കുന്നു. കർത്താവായ യേശു തന്റെ അനുഗാമികൾക്ക് പ്രധാനപ്പെട്ട അനേകം കാര്യങ്ങളിൽ യഹോവയുടെ മനസ്സ് എന്തെന്നു വെളിപ്പെടുത്തിക്കൊടുത്തു.—1 കൊരിന്ത്യർ 2:16.
ചിലപ്പോൾ എബ്രായ തിരുവെഴുത്തുകളിലെ ഒരു വാക്യം യഹോവയെ പരാമർശിച്ചുകൊണ്ടുള്ളതാണെങ്കിലും അവൻ അധികാരം യേശുക്രിസ്തുവിൽ ഭരമേൽപ്പിക്കുകയും അവനെ അധികാരപ്പെടുത്തുകയും ചെയ്തതു നിമിത്തം അത് യേശുവിൽ നിവൃത്തിയേറിയിട്ടുണ്ട്. ഉദാഹരണത്തിന് “യഹോവ നല്ലവൻ എന്നു രുചിച്ചറിവിൻ” എന്നു പറഞ്ഞുകൊണ്ടു സങ്കീർത്തനം 34:8 നമ്മെ ക്ഷണിക്കുന്നു. എന്നാൽ പത്രോസ്, “കർത്താവു ദയാലു എന്നു നിങ്ങൾ ആസ്വദിച്ചിട്ടുണ്ടല്ലോ” എന്നു പറഞ്ഞുകൊണ്ട് ഇത് യേശുക്രിസ്തുവിൽ ബാധകമാക്കി. (1 പത്രൊസ് 2:3) ഈ വസ്തുത യേശുക്രിസ്തുവിന്റെ കാര്യത്തിലും ശരിയാണ് എന്നത് ഒരു തത്ത്വത്തിലൂടെ പൗലോസ് കാണിക്കുകയാണ്. യഹോവയാം ദൈവത്തെയും യേശുക്രിസ്തുവിനെയുംകുറിച്ചുള്ള അറിവു നേടുകയും അതിനനുസൃതമായി പ്രവർത്തിക്കുകയും ചെയ്യുന്നതിലൂടെ ക്രിസ്ത്യാനികൾക്കു പിതാവിൽനിന്നും പുത്രനിൽനിന്നും സമൃദ്ധമായ അനുഗ്രഹങ്ങൾ ആസ്വദിക്കാനാവും. (യോഹന്നാൻ 17:3) പത്രോസിന്റെ ഈ പ്രയോഗം പരമാധീശ കർത്താവായ യഹോവയെയും കർത്താവായ യേശുക്രിസ്തുവിനെയും ഒരു വ്യക്തിയാക്കിത്തീർക്കുന്നില്ല.—കാണുക: 1 പത്രൊസ് 2:3-നുവേണ്ടി കൊടുത്തിരിക്കുന്ന അടിക്കുറിപ്പ്.
“പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു. യേശുക്രിസ്തു എന്ന ഏക കർത്താവും നമുക്കു ഉണ്ടു; അവൻമുഖാന്തരം സകലവും അവൻ മുഖാന്തരം നാമും ആകുന്നു” എന്നു പറഞ്ഞുകൊണ്ട് അപ്പോസ്തലനായ പൗലോസ് യഹോവയാം ദൈവവും തന്റെ പുത്രനായ യേശുക്രിസ്തുവും തമ്മിലുള്ള ആപേക്ഷിക ബന്ധങ്ങൾ വളരെ വ്യക്തമായി വെളിപ്പെടുത്തി. (1 കൊരിന്ത്യർ 8:6; 12:5, 6) എഫേസോസിലുള്ള സഭയ്ക്ക് പൗലോസ്, “കർത്താവു ഒരുവൻ” എന്ന് യേശുക്രിസ്തുവിനെ സൂചിപ്പിച്ചുകൊണ്ട് എഴുതിയപ്പോൾ ‘എല്ലാവർക്കും ദൈവവും പിതാവുമായ ഒരുവ’നിൽനിന്നു തീർത്തും വ്യത്യസ്തനാണ് അവനെന്നു വെളിപ്പെടുത്തി.—എഫെസ്യർ 4:5, 6.
യഹോവ സകലത്തിനുംമേലായുള്ള പരമോന്നതൻ
വെളിപ്പാടു 11:15-ലെ വാക്കുകൾ 1914 മുതൽ സത്യമാണെന്നു തെളിഞ്ഞു: “ലോക രാജത്വം നമ്മുടെ കർത്താവിന്നും [യഹോവയാം ദൈവം] അവന്റെ ക്രിസ്തുവിന്നും ആയിത്തീർന്നിരിക്കുന്നു; അവൻ എന്നെന്നേക്കും വാഴും എന്നു സ്വർഗ്ഗത്തിൽ ഒരു മഹാഘോഷം ഉണ്ടായി.” ദ ന്യൂ ഇൻറർനാഷണൽ ഡിക്ഷനറി ഓഫ് ന്യൂ ടെസ്ററമെൻറ് തിയോളജി (2-ാം വാല്യം, 514-ാം പേജ്) പിൻവരുന്ന വിധം പറയുന്നു: “ക്രിസ്തു എല്ലാ ശക്തികളെയും കീഴ്പെടുത്തിയശേഷം (1 കൊരി. 15:25), അവൻ തന്നെയും പിതാവായ ദൈവത്തിനു കീഴ്പ്പെട്ടിരിക്കും. അങ്ങനെ യേശുവിന്റെ കർത്തൃത്വം അതിന്റെ ലക്ഷ്യപ്രാപ്തിയിലെത്തുകയും ദൈവം സകലത്തിനും സകലവും ആകുകയും ചെയ്യും (1 കൊരി. 15:28).” യേശുക്രിസ്തുവിന്റെ സഹസ്രാബ്ദ വാഴ്ചയുടെ ഒടുവിൽ അവനെ മുമ്പു ഭരമേൽപ്പിച്ചിരുന്ന ശക്തിയും അധികാരവും തന്റെ പിതാവായ സർവശക്തനാം ദൈവത്തിനു തിരിച്ചേൽപ്പിക്കും. അങ്ങനെ “നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവ”മായ യഹോവക്കു മഹത്ത്വവും ആരാധനയും കൃത്യമായി നൽകപ്പെടുന്നു.—എഫെസ്യർ 1:17.
യേശു ഇപ്പോൾ കർത്താധികർത്താവാണ് എങ്കിലും ഒരിക്കലും അവനെ ദൈവാധിദൈവം എന്നു വിളിക്കുന്നില്ല. യഹോവ അഖിലാണ്ഡത്തിന്റെ പരമാധികാരിയായി നിലകൊള്ളുന്നു. ഈ വിധത്തിൽ യഹോവ “സകലത്തിലും സകലവും” ആകും. (1 കൊരിന്ത്യർ 15:28) യേശുവിന്റെ കർത്തൃത്വം ക്രിസ്തീയ സഭയുടെ ശിരസ്സ് എന്ന നിലയിൽ അവനു ശരിയായ സ്ഥാനം നൽകുന്നു. ഈ ലോകത്തിന്റെ ഉന്നതതലങ്ങളിൽ ശക്തരായ “കർത്താക്കൻമാരെ” നാം കണ്ടേക്കാം. എങ്കിലും, നാം നമ്മുടെ ആത്മവിശ്വാസം കർത്താധികർത്താവിൽ വയ്ക്കുന്നു. അങ്ങനെ, ഉന്നതവും ഉയർത്തപ്പെട്ടതുമായ സ്ഥാനത്തിരിക്കുമ്പോൾപോലും “ദൈവം സകലത്തിനുംമീതെ ഭരിക്കേണ്ടതിന്” യേശുക്രിസ്തു തന്റെ പിതാവിനു കീഴ്പെട്ടിരിക്കുന്നു. (1 കൊരിന്ത്യർ 15:28, ദ ട്രാൻസ്ലേറേറഴ്സ് ന്യൂ ടെസ്ററമെൻറ്) ശിഷ്യൻമാർ യേശുവിനെ കർത്താവായി അംഗീകരിച്ചിട്ടും അവർ പിൻപററുന്നതിനുവേണ്ടി എളിമയുടെ എത്ര മികച്ച ദൃഷ്ടാന്തമാണ് അവൻ വെച്ചത്!
[30-ാം പേജിലെ ചതുരം]
“പുതിയനിയമത്തിന്റെ എഴുത്തുകാർ ദൈവത്തെക്കുറിച്ചു പറയുമ്പോൾ അവർ അർഥമാക്കുന്നത് നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായവനെയാണ്. അവർ യേശുക്രിസ്തുവിനെക്കുറിച്ചു പറയുമ്പോൾ ദൈവമെന്ന നിലയിൽ അവനെക്കുറിച്ചു സംസാരിക്കുകയോ ചിന്തിക്കുകപോലുമോ ചെയ്യുന്നില്ല. അവൻ ദൈവത്തിന്റെ ക്രിസ്തുവും ദൈവത്തിന്റെ പുത്രനും ദൈവത്തിന്റെ ജ്ഞാനവും ദൈവത്തിന്റെ വചനവുമാണ്. നൈസിയൻ സിദ്ധാന്തത്തോട് ഏററവും അടുത്ത് ഒത്തുവരുന്ന വിശുദ്ധ യോഹന്നാന്റെ ആമുഖംപോലും, യേശു ദൈവത്തിനു കീഴ്പെട്ടിരിക്കുന്നു എന്നു യോഹന്നാന്റെ സുവിശേഷത്തിലൊട്ടാകെ പറയുന്ന സ്പഷ്ടമായ പഠിപ്പിക്കലിന്റെ വെളിച്ചത്തിൽ വായിക്കേണ്ടതുണ്ട്; ഗ്രീക്കിൽ [the·oś] എന്നത് ഉപപദം കൂടാതെയാണ് എഴുതിയിരിക്കുന്നത്. അതിനാൽ, ആമുഖം ഇംഗ്ലീഷിൽ കാണുന്നപോലെ അത്ര വ്യക്തമല്ല.”—“യേശുക്രിസ്തുവിന്റെ ദിവ്യത്വം,” [ഇംഗ്ലീഷ്] ജോൺ മാർട്ടൻ ക്രീഡിനാലുള്ളത്.