“നമുക്കും സകല ഭാരവും വിട്ടുകളയാം”
“ഞാൻ വളരെ ദുഃഖിതയും നിരുത്സാഹിതയുമാണ്,” മേരി വിലപിച്ചു. ക്രിസ്തീയ ഉത്തരവാദിത്വങ്ങളുടെ ചുമടിനെ പരാമർശിച്ചുകൊണ്ട് ഈ ക്രിസ്തീയ സ്ത്രീ ഇങ്ങനെ കൂട്ടിച്ചേർത്തു: “സുഹൃത്തുക്കൾ വാടിപ്പോകുന്നത് ഞാൻ കാണുന്നു. എനിക്കും ക്ഷീണവും സംഘർഷവും അനുഭവപ്പെടുന്നു. ദയവായി എന്തുകൊണ്ടെന്ന് മനസ്സിലാക്കാൻ എന്നെ സഹായിക്കുക.”
നിങ്ങളും സംഘർഷത്തിൻകീഴിലാണെന്ന്, നിങ്ങളുടെ ദിവ്യാധിപത്യ ഉത്തരവാദിത്വങ്ങൾ വേണ്ടവിധം നോക്കാൻ കഴിയാത്തവിധം അത്ര ക്ഷീണിതനാണെന്ന്, വിചാരിക്കുന്നുവോ? ക്രിസ്തീയശുശ്രൂഷ ഒരു ഭാരിച്ച ചുമടാണെന്ന്, വഹിക്കാൻ കഴിയാത്ത ഒരു ചുമടാണെന്ന്, ചിലപ്പോൾ തോന്നുന്നുവോ? വിശ്വസ്തരായ അനേകം ക്രിസ്ത്യാനികൾ നിരുത്സാഹത്തിന്റെ കാലഘട്ടങ്ങൾക്ക് വിധേയരാകുന്നു, എന്തുകൊണ്ടെന്നാൽ നാം നമ്മുടെ സന്തോഷത്തെ തണുപ്പിക്കാൻ കഴിയുന്ന നിഷേധാത്മക ശക്തികളാൽ നിരന്തരം ചുററപ്പെട്ടിരിക്കുകയാണ്. ഇന്ന് ഒരു യഥാർത്ഥ ക്രിസ്ത്യാനിയായിരിക്കുന്നത് തീർച്ചയായും ഒരു വെല്ലുവിളിയാണ്. അങ്ങനെ, ക്രിസ്തീയശുശ്രൂഷ ഒരു ഭാരിച്ച ചുമടാണെന്ന് ചിലർക്ക് ചിലപ്പോൾ തോന്നിയേക്കാം.
കാരണം ആരായൽ
യഹോവ നമ്മുടെമേൽ അന്യായമായ വ്യവസ്ഥകൾ വെച്ചിട്ടില്ലെന്ന് തിരുവെഴുത്തുകൾ വ്യക്തമാക്കുന്നു. ദൈവത്തിന്റെ “കല്പനകൾ ഭാരമുള്ളവയല്ല” എന്ന് അപ്പോസ്തലനായ യോഹന്നാൻ പറഞ്ഞു. (1 യോഹന്നാൻ 5:3) സമാനമായി യേശു തന്റെ അനുഗാമികളോട് ഇങ്ങനെ പറഞ്ഞു: “ഞാൻ സൗമ്യ പ്രകൃതമുള്ളവനും ഹൃദയത്തിൽ എളിമയുള്ളവനുമാകയാൽ നിങ്ങളുടെമേൽ എന്റെ നുകം എടുക്കുകയും എന്നോടു പഠിക്കുകയും ചെയ്യുക, എന്നാൽ നിങ്ങൾ നിങ്ങളുടെ ദേഹികൾക്ക് നവോൻമേഷം കണ്ടെത്തും. എന്തെന്നാൽ എന്റെ നുകം അനുകമ്പാർദ്രവും എന്റെ ചുമട് ലഘുവുമാകുന്നു.” (മത്തായി 11:29, 30, NW) യഹോവക്കായുള്ള നമ്മുടെ സേവനത്തിൽ നമുക്ക് അമിതഭാരം തോന്നണമെന്നോ ഭാരപ്പെടണമെന്നോ ഉള്ളത് അവന്റെ ഇഷ്ടമല്ല.
അപ്പോൾ ഒരു വിശ്വസ്തക്രിസ്ത്യാനി തന്റെ ക്രിസ്തീയ ഉത്തരവാദിത്വങ്ങളെ ഒരു ഭാരമുള്ള ചുമടായി വീക്ഷിക്കാനിടയായേക്കാവുന്നതെങ്ങനെ? പല വസ്തുതകൾ ഉൾപ്പെട്ടിരിക്കാനിടയുണ്ട്. അപ്പോസ്തലനായ പൗലോസിന്റെ ഈ വാക്കുകൾ ശ്രദ്ധിക്കുക: “നമുക്കും സകല ഭാരവും വിട്ടുകളയുകയും . . . നമ്മുടെ മുമ്പാകെ വെക്കപ്പെട്ടിരിക്കുന്ന ഓട്ടം സഹിഷ്ണുതയോടെ ഓടുകയും ചെയ്യാം.” (എബ്രായർ 12:1, NW) ചില സമയങ്ങളിൽ ഒരു ക്രിസ്ത്യാനി തന്റെമേൽ അനാവശ്യമായ ചുമടുകൾ വെച്ചേക്കാമെന്ന് പൗലോസിന്റെ വാക്കുകൾ സൂചിപ്പിക്കുന്നു. ഇതിൽ അവശ്യം ഗൗരവമുള്ള പാപങ്ങൾ ഉൾപ്പെട്ടിരിക്കുന്നില്ല. എന്നാൽ ഒരു ക്രിസ്ത്യാനി തീരുമാനത്തിൽ തന്റെ ജീവിതത്തെ ഗുരുതരമായി സങ്കീർണ്ണമാക്കുന്ന തെററുകൾ വരുത്തുകയും നമ്മുടെ മുമ്പാകെ വെക്കപ്പെട്ടിരിക്കുന്ന ഓട്ടം ഓടുന്നത് തനിക്ക് വളരെ പ്രയാസകരമാക്കുകയും ചെയ്തേക്കാം.
ഭൗതികവസ്തുക്കളെക്കുറിച്ചുള്ള ഒരു സന്തുലിതവീക്ഷണം
ദൃഷ്ടാന്തത്തിന്, ലൗകികജോലിയുടെ സംഗതി എടുക്കുക. അനേകം രാജ്യങ്ങളിൽ സാമ്പത്തികാവസ്ഥകൾ ഒരു ക്രിസ്ത്യാനിക്ക് ദീർഘമണിക്കൂറുകൾ ജോലിചെയ്യുകയല്ലാതെ ഗത്യന്തരമില്ലാതാക്കിയേക്കാം. എന്നാൽ മിക്കപ്പോഴും പുരോഗമിക്കുന്നതിനോ സുഖഭോഗവസ്തുക്കൾ കുന്നുകൂട്ടുന്നതിനോ വേണ്ടിമാത്രമാണ് ആളുകൾ ജോലി സ്വീകരിക്കുന്നത്. തങ്ങളുടെ യഥാർത്ഥ ആവശ്യങ്ങളെ വീണ്ടും വിലയിരുത്തിയതിന്റെ ഫലമായി തങ്ങളുടെ തൊഴിൽ സാഹചര്യത്തിൽ ക്രമീകരണങ്ങൾ വരുത്തുന്നത് ജ്ഞാനമാണെന്ന് ചില ക്രിസ്ത്യാനികൾ കണ്ടെത്തിയിരിക്കുന്നു. ഡബിയുടെയും അവളുടെ ഭർത്താവിന്റെയും കാര്യത്തിൽ വാസ്തവമിതായിരുന്നു. രണ്ടുപേരും യഹോവയുടെ സാക്ഷികളാണ്. അവൾ പറയുന്നു: “ഞങ്ങളുടെ സാമ്പത്തികസാഹചര്യത്തിന് മാററം വന്നിരുന്നു. മേലാൽ മുഴുസമയവും ജോലിചെയ്യുന്നതിൽ തുടരേണ്ടതിന്റെ യഥാർത്ഥ ആവശ്യമില്ലായിരുന്നു. എന്നാൽ അത് നിർത്തുക പ്രയാസമായിരുന്നു. പെട്ടെന്ന് വളരെയധികം ചെയ്യാനുള്ളതിന്റെ സമ്മർദ്ദം അവൾക്കനുഭവപ്പെട്ടുതുടങ്ങി. അവൾ വിശദീകരിക്കുന്നു: “വീട്ടുജോലി ചെയ്യാൻ എനിക്ക് ഇളവുകിട്ടുന്ന ഏക ദിവസം ശനിയാഴ്ചയായിരുന്നു. മിക്കപ്പോഴും വയൽസേവനത്തിനു പോകാനേ എനിക്കു തോന്നുമായിരുന്നില്ല. എനിക്ക് അതിൽ വിഷമംതോന്നി. എന്റെ മനഃസാക്ഷി എന്നെ അലട്ടി, എന്നാലും എനിക്ക് എന്റെ ജോലി ഇഷ്ടമായിരുന്നു. ഒടുവിൽ, ഞാൻ യാഥാർത്ഥ്യത്തെ അഭിമുഖീകരിക്കേണ്ടിവന്നു. ഒരു പരിഹാരമേ ഉണ്ടായിരുന്നുള്ളു. ഞാൻ ജോലി വിട്ടു.” അങ്ങനെയുള്ള ഒരു വമ്പിച്ച ക്രമീകരണം ചിലർക്ക് സാദ്ധ്യമല്ലായിരിക്കാമെന്ന് സമ്മതിക്കുന്നു. എന്നിരുന്നാലും നിങ്ങളുടെ ജോലിപ്പട്ടികയുടെ ശ്രദ്ധാപൂർവകമായ ഒരു പരിശോധന ചില മാററങ്ങളുടെ ആവശ്യം വെളിപ്പെടുത്തിയേക്കാം.
അനാവശ്യമായ ഭാരങ്ങളിൽനിന്ന് നമ്മേത്തന്നെ മോചിപ്പിക്കുന്നതിന് മററു മാർഗ്ഗങ്ങളുണ്ടായിരിക്കാം. നമ്മുടെ ഉല്ലാസയാത്രയുടെയും സ്പോർട്ട്സ് പ്രവർത്തനങ്ങളുടെയും അല്ലെങ്കിൽ റെറലിവിഷൻ കണ്ടുകൊണ്ടു ചെലവഴിക്കുന്ന സമയംഉൾപ്പെടെ മററുവിനോദങ്ങളുടെയും ആവൃത്തി കുറയ്ക്കുന്നതുസംബന്ധിച്ചെന്ത്? ഈ മണ്ഡലങ്ങളിൽ അഭിലഷണീയമായ സമനില നേടിയശേഷവും അങ്ങനെയുള്ള സമനില നിലനിർത്തുന്നതിന് നിരന്തരമായ പുനഃക്രമീകരണങ്ങൾ ആവശ്യമായിത്തീർന്നേക്കാം.
ന്യായബോധം മർമ്മപ്രധാനമാണ്
അങ്ങനെയുള്ള കാര്യങ്ങളിലെ ന്യായബോധം പുതിയ സാഹചര്യങ്ങൾ ഉയർന്നുവരുമ്പോൾ അവയോട് പൊരുത്തപ്പെടാൻ നമ്മെ സഹായിക്കും. അങ്ങനെ, നമുക്ക് നമ്മുടെ ശുശ്രൂഷയെക്കുറിച്ച് ഒരു ക്രിയാത്മകവീക്ഷണം പുലർത്താൻകഴിയും.—എഫേസ്യർ 5:15-17; ഫിലിപ്പിയർ 4:5.
നിങ്ങൾ ദൈവസേവനത്തിൽ മററുള്ളവർ ചെയ്യുന്നടത്തോളം ചെയ്യുന്നതിനുള്ള സമ്മർദ്ദത്തിൻകീഴിലാണെന്ന് കണ്ടെത്തുന്നുവോ? ഇതിനും നിങ്ങളുടെ ജീവിതത്തോട് ഉത്ക്കണ്ഠയും വൈഫല്യവും കൂട്ടാൻകഴിയും. മററുള്ളവരുടെ നല്ല മാതൃകക്ക് തീർച്ചയായും കൂടുതൽ ചെയ്യാൻ നിങ്ങളെ പ്രോൽസാഹിപ്പിക്കാൻകഴിയുമെന്നിരിക്കെ, ന്യായബോധം നിങ്ങളുടെ സ്വന്തം സാഹചര്യങ്ങൾക്കും പ്രാപ്തികൾക്കും ചേർച്ചയിൽ പ്രായോഗികമായ ലാക്കുകൾ വെക്കുന്നതിന് നിങ്ങളെ സഹായിക്കും. തിരുവെഴുത്തുകൾ നമ്മോട് ഇങ്ങനെ പറയുന്നു: “ഓരോരുത്തനും തന്റെ സ്വന്തം പ്രവൃത്തി എന്തെന്ന് തെളിയിക്കട്ടെ, അപ്പോൾ അവന് തന്നേക്കുറിച്ചുതന്നെ ആഹ്ലാദത്തിന് കാരണമുണ്ടായിരിക്കും, മറേറയാളിനോടുള്ള താരതമ്യത്തിലല്ല. എന്തെന്നാൽ ഓരോരുത്തനും തന്റെ സ്വന്തം ചുമടുവഹിക്കുമല്ലോ.”—ഗലാത്യർ 6:4, 5, NW.
തദ്ദേശീയ ആചാരങ്ങളും പാരമ്പര്യങ്ങളും നമ്മുടെ ഭാരങ്ങൾ കൂട്ടിയേക്കാം. യേശുവിന്റെ നാളിൽ മനുഷ്യർ വെച്ച അനേകം നിയമങ്ങളും പാരമ്പര്യങ്ങളും അനുസരിക്കാൻ ശ്രമിച്ചതിൽ വലഞ്ഞുപോയിരുന്നു. ഇന്ന്, യഹോവയുടെ ജനം വ്യാജമതപാരമ്പര്യങ്ങളിൽനിന്ന് സ്വതന്ത്രരാക്കപ്പെട്ടിരിക്കുന്നു. (യോഹന്നാൻ 8:32 താരതമ്യപ്പെടുത്തുക.) എന്നാലും, ഒരു ക്രിസ്ത്യാനി പ്രാദേശികാചാരങ്ങളിൽ അനുചിതമായി വ്യാപൃതരായേക്കാം. ദൃഷ്ടാന്തത്തിന്, വിവാഹങ്ങൾ പോലെയുള്ള സംഭവങ്ങൾ വിപുലമായ ആചാരങ്ങളാൽ വലയംചെയ്യപ്പെടുന്നു. ഈ ആചാരങ്ങൾ തെററല്ലായിരിക്കാം. അവ വിചിത്രമോ താത്പര്യജനകംപോലുമോ ആയിരിക്കാം. എന്നിരുന്നാലും, അങ്ങനെയുള്ള എല്ലാ കാര്യങ്ങളും അനുഷ്ഠിക്കുന്നതിന് ക്രിസ്ത്യാനികൾക്ക് സമയമോ സാമ്പത്തികവരുമാനമോ ഇല്ലായിരിക്കാം, അതു ചെയ്യാനുള്ള കഠിനശ്രമം അനാവശ്യമായ മററു ഭാരങ്ങൾ കൂട്ടിയേക്കാം.
യേശു മാർത്ത എന്നുപേരുള്ള ഒരു സ്ത്രീയെ സന്ദർശിച്ചപ്പോൾ എന്തു സംഭവിച്ചുവെന്ന് പരിചിന്തിക്കുക. അവന്റെ ദിവ്യജ്ഞാനത്തിൽനിന്ന് പൂർണ്ണമായി പ്രയോജനംനേടുന്നതിനുപകരം “മാർത്ത . . . അനേകം ചുമതലകളിൽ ശ്രദ്ധിച്ച് പതറിപ്പോയിരുന്നു.” അവൾ അനേകം വിശദാംശങ്ങളാൽ ഭാരപ്പെട്ടിരുന്നു. (ലൂക്കോസ് 10:40, NW) എന്നാൽ തന്റെ പഠിപ്പിക്കലിൽനിന്ന് പ്രയോജനംകിട്ടുന്നതിന് അവൾ കേവലം തന്റെ ഭക്ഷണക്രമീകരണങ്ങൾ ലഘൂകരിക്കേണ്ടതാണെന്ന് യേശു ദയാപൂർവം നിർദ്ദേശിച്ചു. (ലൂക്കോസ് 10:41, 42) ഇത് നല്ല വിവേചനയും ന്യായബോധവും നിങ്ങളുടെ ക്രിസ്തീയശുശ്രൂഷയിൽ ഉചിതമായ സമനില നേടുന്നതിന് നിങ്ങളെ സഹായിക്കുമെന്ന് നന്നായി വിശദമാക്കുന്നു.—യാക്കോബ് 3:17.
നിങ്ങളുടെ കൂട്ടാളികളെ തെരഞ്ഞെടുക്കുമ്പോഴും നല്ല വിവേചന ആവശ്യമാണ്. സദൃശവാക്യങ്ങൾ 27:3 ഇങ്ങനെ മുന്നറിയിപ്പുനൽകുന്നു: “കല്ലു ഘനമുള്ളതും മണൽ ഭാരമുള്ളതും ആകുന്നു; ഒരു ഭോഷന്റെ നീരസമോ ഇവ രണ്ടിലും ഘനമേറിയത്.” തീർച്ചയായും, നിങ്ങളുടെ അടുത്ത കൂട്ടാളികൾക്ക് നിങ്ങളുടെ ചിന്താരീതിയുടെമേൽ ശക്തമായ സ്വാധീനമുണ്ടായിരിക്കും. സഭയിലെ മററുള്ളവരുടെ കുററം കണ്ടുപിടിക്കാനും വിമർശിക്കാനും വേഗതയുള്ളവരോട് സംസർഗ്ഗംപുലർത്തുന്നത് നിങ്ങളിൽ നിരുത്സാഹത്തിന്റെയും നിഷേധാത്മക ചിന്തയുടെയും വിത്ത് പാകിയേക്കാം. (1 കൊരിന്ത്യർ 15:33) ഇത് ഒരു പ്രശ്നമാണെന്ന് നിങ്ങൾ തിരിച്ചറിയുന്നുവെങ്കിൽ നിങ്ങളുടെ സഹവാസങ്ങളിലെ ചില ജ്ഞാനപൂർവകമായ മാററങ്ങൾക്ക് നിങ്ങളുടെ ഭാരങ്ങളെ ലഘൂകരിക്കാൻകഴിയും.
ദൈവത്തോടുകൂടെ നടക്കുന്നതിൽ വിനീതരായിരിക്കുക
മീഖാ 6:8ൽ നാം ചിന്തോദ്ദീപകമായ ഈ ചോദ്യം കണ്ടെത്തുന്നു: “നിന്റെ ദൈവത്തോടുകൂടെ നടക്കുന്നതിൽ വിനീതനായിരിക്കാനുമല്ലാതെ യഹോവ നിന്നോട് എന്താണ് ചോദിക്കുന്നത്?” വിനയം ഒരുവന്റെ പരിമിതികളെക്കുറിച്ചുള്ള ബോധം എന്ന് നിർവചിക്കപ്പെടുന്നു. തങ്ങളുടെ പരിമിതികളെ തിരിച്ചറിയാത്തവർ വളരെയധികം ഉത്തരവാദിത്തങ്ങളാൽ തങ്ങളേത്തന്നെ ആകുലപ്പെടുത്തിയേക്കാം. ഇത് പക്വതയുള്ള ക്രിസ്ത്യാനികൾക്ക്, മേൽവിചാരകൻമാർക്കുപോലും സംഭവിക്കുകയും നിരുത്സാഹത്തിലും മടുപ്പിലും സന്തോഷനഷ്ടത്തിലും കലാശിക്കുകയും ചെയ്തിട്ടുണ്ട്. ഒരു ക്രിസ്തീയമൂപ്പനായ കെനത്ത് ഇങ്ങനെ സമ്മതിച്ചു: “ഞാൻ വിഷാദത്തിൽ വീണുപോകുന്നതായി കണ്ടു, ‘എനിക്ക് ഇതു സംഭവിക്കാൻ ഞാൻ അനുവദിക്കാൻ പോകുന്നില്ല’ എന്നു ഞാൻ പറഞ്ഞു. അതുകൊണ്ടു ഞാൻ എന്റെ ചില ഉത്തരവാദിത്വങ്ങൾ വെട്ടിച്ചുരുക്കുകയും എനിക്ക് ചെയ്യാൻ കഴിയുന്നതിൽ കേന്ദ്രീകരിക്കുകയുംചെയ്തു.
താഴ്മയുണ്ടായിരുന്ന പ്രവാചകനായിരുന്ന മോശക്കുപോലും സ്വന്തം പരിമിതികൾ തിരിച്ചറിയുന്നതിൽ പ്രയാസമുണ്ടായിരുന്നു. അതുകൊണ്ട് അവന്റെ അമ്മായിയപ്പനായിരുന്ന യിത്രോ ജനത്തിനുവേണ്ടി അവൻതന്നെ ചെയ്യാൻ ശ്രമിച്ചുകൊണ്ടിരുന്ന വേലയുടെ അമിതമായ അളവിനെക്കുറിച്ച് അവനെ വ്യക്തമായി ചിന്തിക്കാൻ സഹായിക്കേണ്ടിവന്നു. “നീ ജനത്തിനുവേണ്ടി ചെയ്യുന്ന ഈ കാര്യമെന്ത്?” യിത്രോ ചോദിച്ചു. “നീ ചെയ്യുന്ന കാര്യം നന്നല്ല. നീ . . . ക്ഷീണിച്ചുപോകും . . . ; ഈ കാര്യം നിനക്ക് അതിഭാരമാകുന്നു; ഏകനായി അതു നിവർത്തിപ്പാൻ നിനക്ക് കഴിയുന്നതല്ല. . . . പ്രാപ്തിയുള്ള പുരുഷൻമാരെ സകല ജനത്തിൽനിന്നും തെരഞ്ഞെടുത്ത് . . . നിയമിക്ക. . . . വലിയ കാര്യം ഒക്കെയും അവർ നിന്റെ അടുക്കൽ കൊണ്ടുവരട്ടെ; ചെറിയ കാര്യം ഒക്കെയും അവർതന്നെ തീർക്കട്ടെ. ഇങ്ങനെ അവർ നിന്നോടുകൂടെ വഹിക്കുന്നതിനാൽ നിനക്ക് ഭാരം കുറയും.” ഉടൻതന്നെ മോശ തന്റെ ജോലിയിൽ കുറെ മററുള്ളവർക്ക് ഏൽപ്പിച്ചുകൊടുക്കാൻ തുടങ്ങി, അങ്ങനെ വഹിക്കാൻ കഴിയാത്ത ഒരു ചുമടായിത്തീർന്നുകൊണ്ടിരുന്നതിൽനിന്ന് ആശ്വാസം കണ്ടെത്തി.—പുറപ്പാട് 18:13-26.
മറെറാരു സന്ദർഭത്തിൽ മോശ യഹോവയോട് ഇങ്ങനെ പറഞ്ഞു: “ഏകനായി ഈ സർവജനത്തെയും വഹിപ്പാൻ എന്നെക്കൊണ്ടു കഴിയുന്നതല്ല, അത് എനിക്ക് അതിഭാരമാകുന്നു.” വീണ്ടും ചുമതല ഏല്പിച്ചുകൊടുക്കുകയായിരുന്നു പരിഹാരം. നിങ്ങളും വളരെയധികം ഉത്തരവാദിത്വങ്ങളാൽ ആകുലപ്പെടുന്നതായി നിങ്ങൾ വിചാരിക്കുന്നുവെങ്കിൽ നിങ്ങളുടെ ദുരവസ്ഥക്കും ഇതായിരിക്കാം പരിഹാരം.—സംഖ്യാപുസ്തകം 11:14-17
ചുമടുവഹിക്കാൻ യഹോവ നമ്മെ സഹായിക്കുന്നു
തന്റെ നുകം അനുകമ്പാർദ്രവും ചുമട് ലഘുവുമാകുന്നുവെന്ന് യേശു പറഞ്ഞു, എന്നാൽ ഭാരമില്ലാത്തതല്ല. നമ്മുടെമേൽ എടുക്കാൻ യേശു നമ്മെ ക്ഷണിച്ച നുകം അലസതയുടെ ഒരു നുകമല്ല. അത് യേശുക്രിസ്തുവിന്റെ ഒരു ശിഷ്യനെന്നനിലയിൽ ദൈവത്തിനുവേണ്ടിയുള്ള പൂർണ്ണസമർപ്പണത്തിന്റെ ഒരു നുകമാകുന്നു.അതുകൊണ്ട് ഒരു യഥാർത്ഥക്രിസ്ത്യാനിയായിരിക്കുന്നതിനോടുകൂടെ ഒരളവിലുള്ള ഭാരമോ സമ്മർദ്ദമോ ഉണ്ടാകുന്നു. (മത്തായി 16:24-26; 19:16-29; ലൂക്കോസ് 13:24) ലോകാവസ്ഥകൾ മോശമായിത്തീരുമ്പോൾ സമ്മർദ്ദങ്ങൾ വർദ്ധിക്കും. എന്നിരുന്നാലും, മററുള്ളവർക്ക് അവനോടുകൂടെ അവന്റെ നുകത്തിൻകീഴിൽ വരാൻകഴിയുമെന്നും അവൻ അവരെ സഹായിക്കുമെന്നും അവന്റെ ക്ഷണം സൂചിപ്പിക്കുന്നതുകൊണ്ട് നമുക്ക് ക്രിയാത്മകവീക്ഷണമുണ്ടായിരിക്കുന്നതിന് കാരണമുണ്ട്.a അങ്ങനെ നാം ക്രിസ്തുവിന്റെ മാർഗ്ഗനിർദ്ദേശം അനുസരിക്കുന്നടത്തോളം കാലം അവൻ നമ്മെ സഹായിക്കുന്നതുകൊണ്ട് നമ്മുടെ ചുമട് കൈകാര്യംചെയ്യാവുന്നതായി സ്ഥിതിചെയ്യും.
തന്നെ സ്നേഹിക്കുന്നവർക്കുവേണ്ടി ദൈവം കരുതുന്നു, പ്രാർത്ഥനാപൂർവം തങ്ങളുടെ ഭാരം അവന്റെമേൽ ഇടുന്നവരുടെ ഹൃദയങ്ങളെയും മാനസികശക്തികളെയും അവൻ കാക്കുന്നു. (സങ്കീർത്തനം 55:22; ഫിലിപ്പിയർ 4:6, 7; 1 പത്രോസ് 5:6, 7) “നമുക്കുവേണ്ടി നമ്മുടെ ചുമടുകൾ അനുദിനം വഹിക്കുന്ന നമ്മുടെ രക്ഷയുടെ സത്യദൈവമായ യഹോവ വാഴ്ത്തപ്പെട്ടവനായിരിക്കട്ടെ.” (സങ്കീർത്തനം 68:19, NW) അതെ, നിങ്ങളും സകല ഭാരവും വിട്ടുകളഞ്ഞ് നിങ്ങളുടെ മുമ്പാകെ വെച്ചിരിക്കുന്ന ഓട്ടം സഹിഷ്ണുതയോടെ ഓടുന്നുവെങ്കിൽ ദൈവം നിങ്ങൾക്കുവേണ്ടിയും അനുദിനം ചുമടുകൾ വഹിക്കുമെന്ന് ഉറപ്പുണ്ടായിരിക്കുക. (w91 10/15)
[അടിക്കുറിപ്പ്]
a അടിക്കുറിപ്പിലെ വിവർത്തനം “എന്നോടുകൂടെ എന്റെ നുകത്തിൻകീഴിൽ കടക്കുക” എന്നാണ്.
[28-ാം പേജിലെ ചിത്രം]
ജ്ഞാനമുള്ള മൂപ്പൻമാർ ചില ജോലികൾ മററുള്ളവരെ ഏൽപ്പിക്കുന്നതിനും അവരുടെ ചുമടുകളുടെ പങ്കുവഹിക്കാനും സന്നദ്ധരാണ്