അധ്യായം 31
ശബത്തിൽ കതിർ പറിക്കുന്നു
മത്തായി 12:1-8; മർക്കോസ് 2:23-28; ലൂക്കോസ് 6:1-5
ശബത്തിൽ ശിഷ്യന്മാർ കതിർ പറിക്കുന്നു
യേശു “ശബത്തിനും കർത്താവാണ് ”
യേശുവും ശിഷ്യന്മാരും ഇപ്പോൾ വടക്ക് ഗലീലയിലേക്കു പോകുകയാണ്. വസന്തകാലമാണ് ഇത്. വയലിലെ ചെടികളിൽ കതിരിട്ടിരിക്കുന്നു. വിശന്നപ്പോൾ ശിഷ്യന്മാർ കുറച്ച് ധാന്യക്കതിർ പറിച്ച് തിന്നുന്നു. പക്ഷേ അതൊരു ശബത്തുദിവസമാണ്. അവർ ഈ ചെയ്യുന്നത് പരീശന്മാർ നിരീക്ഷിക്കുന്നുണ്ട്.
ഓർക്കുന്നില്ലേ, ശബത്ത് ലംഘിച്ചെന്ന് ആരോപിച്ച് യരുശലേമിലെ ചില ജൂതന്മാർ യേശുവിനെ കൊല്ലാൻ ആലോചിച്ചത് ഈയിടെയാണ്. ഇപ്പോൾ ശിഷ്യന്മാർ ചെയ്തതിനെക്കുറിച്ച് ആരോപണവുമായി പരീശന്മാർ രംഗത്തെത്തുന്നു. “കണ്ടോ! നിന്റെ ശിഷ്യന്മാർ ശബത്തിൽ ചെയ്യാൻ പാടില്ലാത്ത കാര്യം ചെയ്യുന്നു.”—മത്തായി 12:2.
കതിർ പറിച്ച് കൈയിലിട്ട് തിരുമ്മുന്നതു കൊയ്യുകയും മെതിക്കുകയും ചെയ്യുന്നതിനു തുല്യമാണെന്നാണ് പരീശന്മാരുടെ വാദം. (പുറപ്പാട് 34:21) എന്താണ് ജോലി എന്നതിനെക്കുറിച്ചുള്ള അവരുടെ ഈ അതിരുകടന്ന വ്യാഖ്യാനം ശബത്താചരണം ഒരു ഭാരമാക്കുന്നു. ശരിക്കും ശബത്ത് സന്തോഷിക്കാനും ആത്മീയശക്തി നേടാനും ഉള്ള ഒരു ദിവസമായിരിക്കാനാണ് ആദ്യം ഉദ്ദേശിച്ചിരുന്നത്. തന്റെ ശബത്തുനിയമം ഇത്തരത്തിൽ വളച്ചൊടിക്കാൻ യഹോവ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. അതുകൊണ്ട് അവരുടെ ചിന്ത എത്ര തെറ്റാണെന്നു യേശു ഉദാഹരണസഹിതം വ്യക്തമാക്കുന്നു.
ദാവീദിന്റെയും കൂട്ടരുടെയും ദൃഷ്ടാന്തമാണു യേശു പറയുന്ന ഒരു തെളിവ്. അവർക്കു വിശന്നപ്പോൾ അവർ വിശുദ്ധകൂടാരത്തിൽ ചെന്ന് കാഴ്ചയപ്പം വാങ്ങി കഴിച്ചു. യഹോവയുടെ സന്നിധിയിൽ പുതിയ അപ്പം വെച്ചപ്പോൾ മാറ്റിയ അപ്പമായിരുന്നു അവ. സാധാരണഗതിയിൽ അതു പുരോഹിതന്മാർക്കുള്ളതാണ്. എന്നിട്ടും ആ സാഹചര്യത്തിൽ ദാവീദും കൂടെയുള്ളവരും അതു കഴിച്ചതിന് ആരും അവരെ കുറ്റപ്പെടുത്തിയില്ല.—ലേവ്യ 24:5-9; 1 ശമുവേൽ 21:1-6.
മറ്റൊരു ഉദാഹരണവും യേശു പറയുന്നു: “പുരോഹിതന്മാർ ദേവാലയത്തിൽ ശബത്തുദിവസം ജോലി ചെയ്യുന്നുണ്ടെങ്കിലും അവർ കുറ്റമില്ലാത്തവരായിരിക്കുമെന്നു നിയമത്തിൽ നിങ്ങൾ വായിച്ചിട്ടില്ലേ?” ശബത്തുദിവസംപോലും പുരോഹിതന്മാർ ബലി അർപ്പിക്കാൻവേണ്ടി മൃഗങ്ങളെ കൊല്ലുന്നു, ആലയത്തിൽ മറ്റു ജോലികളും ചെയ്യുന്നു; അതാണ് യേശു ഇവിടെ ഉദ്ദേശിക്കുന്നത്. എന്നിട്ട് യേശു പറയുന്നു: “എന്നാൽ ഞാൻ നിങ്ങളോടു പറയുന്നു: ദേവാലയത്തെക്കാൾ ശ്രേഷ്ഠതയുള്ളവനാണ് ഇവിടെയുള്ളത്.”—മത്തായി 12:5, 6; സംഖ്യ 28:9.
താൻ പറയുന്ന ആശയം തെളിയിക്കാൻ വീണ്ടും തിരുവെഴുത്തുകൾ ഉപയോഗിച്ചുകൊണ്ട് യേശു പറയുന്നു: “‘ബലിയല്ല, കരുണയാണു ഞാൻ ആഗ്രഹിക്കുന്നത് ’ എന്നതിന്റെ അർഥം നിങ്ങൾ മനസ്സിലാക്കിയിരുന്നെങ്കിൽ കുറ്റമില്ലാത്തവരെ നിങ്ങൾ കുറ്റം വിധിക്കില്ലായിരുന്നു.” എന്നിട്ട് അവസാനമായി ഇങ്ങനെയും പറയുന്നു: “മനുഷ്യപുത്രൻ ശബത്തിനു കർത്താവാണ്.” യേശുവിന്റെ വരാനിരിക്കുന്ന സമാധാനപൂർണമായ ആയിരംവർഷഭരണത്തെയാണ് ഇവിടെ ഉദ്ദേശിക്കുന്നത്.—മത്തായി 12:7, 8; ഹോശേയ 6:6.
മനുഷ്യർ കാലങ്ങളായി സാത്താന്റെ കീഴിൽ ദുഷ്കരമായ അടിമത്തം സഹിക്കുകയാണ്. അക്രമവും യുദ്ധവും വർധിച്ചുവരുന്നു. പക്ഷേ, ക്രിസ്തുവിന്റെ വലിയ ശബത്തുഭരണത്തിൻകീഴിൽ കാര്യങ്ങൾ എത്ര വ്യത്യസ്തമായിരിക്കും! നമ്മൾ ഏറെ ആഗ്രഹിക്കുന്ന, നമുക്ക് ഏറെ ആവശ്യമുള്ള വിശ്രമം അന്നു കിട്ടും!