സ്നേഹത്തോടെ ദൈവത്തിന്റെ ആട്ടിൻകൂട്ടത്തെ മേയിക്കൽ
“നിങ്ങളുടെ വിചാരണയിലുള്ള ദൈവത്തിന്റെ ആട്ടിൻകൂട്ടത്തെ മേയിച്ചുകൊൾവിൻ.”—1 പത്രൊസ് 5:2.
1, 2. യഹോവയുടെ പ്രമുഖഗുണം എന്താണ്, അത് എങ്ങനെ പ്രകടമാകുന്നു?
വിശുദ്ധ തിരുവെഴുത്തുകളിലുടനീളം, സ്നേഹമാണു ദൈവത്തിന്റെ പ്രമുഖ ഗുണമെന്നു വ്യക്തമാക്കിയിരിക്കുന്നു. “ദൈവം സ്നേഹം തന്നേ” എന്ന് 1 യോഹന്നാൻ 4:8 പ്രസ്താവിക്കുന്നു. അവന്റെ സ്നേഹം പ്രവർത്തനത്തിൽ പ്രത്യക്ഷമാകുന്നതുകൊണ്ട്, ദൈവം ‘നിങ്ങൾക്കായി കരുതുന്നു’ എന്ന് 1 പത്രൊസ് 5:7 പറയുന്നു. ബൈബിളിൽ, യഹോവ തന്റെ ജനത്തിനുവേണ്ടി കരുതുന്ന വിധത്തെ സ്നേഹമുള്ള ഒരിടയൻ തന്റെ ആടുകൾക്കുവേണ്ടി ആർദ്രതയോടെ കരുതുന്ന വിധത്തോട് ഉപമിക്കുന്നു: “ഇതാ, യഹോവയായ കർത്താവു . . . തന്റെ ആട്ടിൻകൂട്ടത്തെ മേയിക്കയും കുഞ്ഞാടുകളെ ഭുജത്തിൽ എടുത്തു മാർവ്വിടത്തിൽ ചേർത്തു വഹിക്കയും തള്ളകളെ പതുക്കെ നടത്തുകയും ചെയ്യും.” (യെശയ്യാവു 40:10, 11) “യഹോവ എന്റെ ഇടയനാകുന്നു; എനിക്കു മുട്ടുണ്ടാകയില്ല” എന്നു പറയാൻ കഴിഞ്ഞതിൽ ദാവീദിന് എത്ര ആശ്വാസം തോന്നി!—സങ്കീർത്തനം 23:1.
2 ദൈവപ്രീതിയുള്ള ആളുകളെ ബൈബിൾ ചെമ്മരിയാടുകളോട് ഉപമിക്കുന്നത് ഉചിതമാണ്, എന്തെന്നാൽ ചെമ്മരിയാടുകൾ പ്രശാന്തതയും കീഴ്വഴക്കവും കരുതുന്ന ഇടയനോട് അനുസരണവും ഉള്ളവയാണ്. ഒരു സ്നേഹമുള്ള ഇടയനെന്ന നിലയിൽ യഹോവ ആടുതുല്യരായ തന്റെ ജനത്തിനുവേണ്ടി വളരെയധികം കരുതുന്നു. അവർക്കുവേണ്ടി ഭൗതികമായും ആത്മീയമായും പ്രദാനം ചെയ്തുകൊണ്ടും തന്റെ ആഗതമായിക്കൊണ്ടിരിക്കുന്ന നീതിയുള്ള പുതിയ ലോകത്തിലേക്ക് അവരെ ഈ ദുഷ്ടലോകത്തിന്റെ വിഷമംപിടിച്ച അന്ത്യനാളുകളിലൂടെ നയിച്ചുകൊണ്ടും അവൻ അതു പ്രകടമാക്കുന്നു.—2 തിമൊഥെയൊസ് 3:1-5, 13; മത്തായി 6:31-34; 10:28-31; 2 പത്രൊസ് 3:13.
3. യഹോവ തന്റെ ആടുകൾക്കുവേണ്ടി കരുതുന്ന വിധത്തെ സങ്കീർത്തനക്കാരൻ വർണിച്ചതെങ്ങനെ?
3 തന്റെ ആടുകൾക്കുവേണ്ടിയുള്ള യഹോവയുടെ സ്നേഹപൂർവകമായ കരുതൽ കുറിക്കൊള്ളുക: “യഹോവയുടെ കണ്ണു നീതിമാൻമാരുടെ മേലും അവന്റെ ചെവി അവരുടെ നിലവിളിക്കും തുറന്നിരിക്കുന്നു. . . . നീതിമാൻമാർ നിലവിളിച്ചു; യഹോവ കേട്ടു. സകല കഷ്ടങ്ങളിൽനിന്നും അവരെ വിടുവിച്ചു. ഹൃദയം നുറുങ്ങിയവർക്കു യഹോവ സമീപസ്ഥൻ; മനസ്സു തകർന്നവരെ അവൻ രക്ഷിക്കുന്നു. നീതിമാന്റെ അനർത്ഥങ്ങൾ അസംഖ്യമാകുന്നു; അവ എല്ലാററിൽനിന്നും യഹോവ അവനെ വിടുവിക്കുന്നു.” (സങ്കീർത്തനം 34:15-19) ചെമ്മരിയാടുതുല്യരായ തന്റെ ജനത്തിനുവേണ്ടി സാർവത്രിക ഇടയൻ പ്രദാനം ചെയ്യുന്നത് എത്ര വലിയ ആശ്വാസമാണ്!
നല്ല ഇടയന്റെ ദൃഷ്ടാന്തം
4. ദൈവത്തിന്റെ ആട്ടിൻകൂട്ടത്തെ പരിപാലിക്കുന്നതിൽ യേശുവിന്റെ പങ്കെന്താണ്?
4 ദൈവപുത്രനായ യേശു തന്റെ പിതാവിൽനിന്നു നല്ലവണ്ണം പഠിച്ചു, എന്തെന്നാൽ ബൈബിൾ യേശുവിനെ “നല്ല ഇടയൻ” എന്നു വിളിക്കുന്നു. (യോഹന്നാൻ 10:11-16) ദൈവത്തിന്റെ ആട്ടിൻകൂട്ടത്തിനുള്ള അവന്റെ മർമ്മപ്രധാന സേവനം വെളിപാട് 7-ാം അധ്യായത്തിൽ സൂചിപ്പിച്ചിരിക്കുന്നു. നമ്മുടെ നാളിലെ ദൈവത്തിന്റെ ദാസൻമാരെ 9-ാം വാക്യം “സകല ജാതികളിലും ഗോത്രങ്ങളിലും വംശങ്ങളിലും ഭാഷകളിലുംനിന്നുള്ള . . . ഒരു മഹാപുരുഷാരം” എന്നു വിളിക്കുന്നു. അതിനുശേഷം 17-ാം വാക്യം പ്രസ്താവിക്കുന്നു: “കുഞ്ഞാടു [യേശു] അവരെ മേച്ചു ജീവജലത്തിന്റെ ഉറവുകളിലേക്കു നടത്തുകയും ദൈവം താൻ അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടച്ചുകളകയും ചെയ്യും.” യേശു ദൈവത്തിന്റെ ആടുകളെ നിത്യജീവനിലേക്കു നയിക്കുന്ന സത്യത്തിന്റെ ജലത്തിങ്കലേക്കു നടത്തുന്നു. (യോഹന്നാൻ 17:3) യേശു ദൈവത്തോടുള്ള കീഴ്പ്പെടലിന്റെ മുഖ്യദൃഷ്ടാന്തം ആയിരിക്കുന്നതിനാൽ അവന്റെ സ്വന്തം ആടുതുല്യഗുണങ്ങളെ സൂചിപ്പിച്ചുകൊണ്ട്, അവനെ “കുഞ്ഞാടു” എന്നു വിളിക്കുന്നതു ഗൗനിക്കുക.
5. യേശു ആളുകളെക്കുറിച്ച് എങ്ങനെ വിചാരിച്ചു?
5 ഭൂമിയിൽ യേശു ആളുകളുടെയിടയിൽ ജീവിക്കുകയും അവരുടെ പരിതാപകരമായ അവസ്ഥ കാണുകയും ചെയ്തു. അവരുടെ ദുരവസ്ഥയോട് അവൻ പ്രതികരിച്ചതെങ്ങനെ? “അവൻ പുരുഷാരത്തെ ഇടയനില്ലാത്ത ആടുകളെപ്പോലെ കുഴഞ്ഞവരും ചിന്നിയവരുമായി കണ്ടിട്ടു അവരെക്കുറിച്ചു മനസ്സലിഞ്ഞു”. (മത്തായി 9:36) ഇടയനില്ലാത്ത ആടുകൾ കവർച്ചക്കാരുടെ കയ്യാൽ വളരെ കഷ്ടപ്പെടുന്നു, കരുതാത്ത ഇടയൻമാരുള്ള ആടുകളും അങ്ങനെതന്നെ. എന്നാൽ യേശു വളരെയധികം കരുതൽ ചെയ്തു, എന്തെന്നാൽ അവൻ പറഞ്ഞു: “അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ, എല്ലാവരും എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും. ഞാൻ സൌമ്യതയും താഴ്മയും ഉള്ളവൻ ആകയാൽ എന്റെ നുകം ഏററുകൊണ്ടു എന്നോടു പഠിപ്പിൻ, എന്നാൽ നിങ്ങളുടെ ആത്മാക്കൾക്കു ആശ്വാസം കണ്ടെത്തും. എന്റെ നുകം മൃദുവും എന്റെ ചുമടു ലഘുവുമാകുന്നു.”—മത്തായി 11:28-30.
6. ചവിട്ടിമെതിക്കപ്പെട്ടവരോട് യേശു എന്തു പരിഗണന പ്രകടമാക്കി?
6 യേശു ആളുകളോടു സ്നേഹപൂർവം ഇടപെടുമെന്നു ബൈബിൾ പ്രവചനം മുൻകൂട്ടി പറഞ്ഞു: ‘ഹൃദയം തകർന്നവരെ മുറികെട്ടുവാനും ദുഃഖിതൻമാരെയൊക്കെയും ആശ്വസിപ്പിപ്പാനും യഹോവ എന്നെ അഭിഷേകം ചെയ്തിരിക്കുന്നു.’ (യെശയ്യാവു 61:1, 2; ലൂക്കൊസ് 4:17-21) യേശു ഒരിക്കലും ദരിദ്രരെയും ഭാഗ്യദോഷികളെയും അവജ്ഞയോടെ വീക്ഷിച്ചില്ല. പകരം, അവൻ യെശയ്യാവു 42:3 നിറവേററി: “ചതഞ്ഞ ഓട അവൻ ഒടിച്ചുകളകയില്ല; പുകയുന്ന തിരി കെടുത്തുകളകയില്ല”. (താരതമ്യം ചെയ്യുക: മത്തായി 12:17-21.) ദുരിതമനുഭവിക്കുന്നവർ ചതഞ്ഞ ഓടക്കുഴൽ പോലെ, എണ്ണയില്ലാത്തതുകൊണ്ട് കെടാൻ പോകുന്ന വിളക്കിന്റെ തിരിപോലെ ആണ്. അവരുടെ ദയനീയാവസ്ഥ തിരിച്ചറിഞ്ഞ് യേശു അവരോട് അനുകമ്പ കാണിക്കുകയും അവരെ ആത്മീയമായും ശാരീരികമായും സൗഖ്യമാക്കിക്കൊണ്ട് അവർക്കു ബലവും പ്രത്യാശയും പകർന്നുകൊടുക്കുകയും ചെയ്തു.—മത്തായി 4:23.
7. തന്നോടു പ്രതികരിച്ച ആളുകളെ യേശു എവിടേക്കു നയിച്ചു?
7 ചെമ്മരിയാടുതുല്യരായ ആളുകൾ വളരെപ്പേർ യേശുവിനോടു പ്രതികരിച്ചു. അവന്റെ പഠിപ്പിക്കൽ വളരെ ആകർഷകമായിരുന്നു, തന്നിമിത്തം അവനെ അറസ്ററു ചെയ്യാൻ അയച്ച ഉദ്യോഗസ്ഥർ ഇപ്രകാരം റിപ്പോർട്ടുചെയ്തു: “ഈ മനുഷ്യൻ സംസാരിക്കുന്നതുപോലെ ആരും ഒരുനാളും സംസാരിച്ചിട്ടില്ല.” (യോഹന്നാൻ 7:46) എന്തിന്, കപടഭക്തരായ മതനേതാക്കൾ ഇപ്രകാരം പരാതിപ്പെട്ടു: “ലോകം അവന്റെ പിന്നാലെ ആയിപ്പോയി.” (യോഹന്നാൻ 12:19) എന്നാൽ യേശു തനിക്കുതന്നെ മാനമോ മഹത്ത്വമോ ആഗ്രഹിച്ചില്ല. അവൻ ആളുകളെ തന്റെ പിതാവിലേക്കു തിരിച്ചുവിട്ടു. യഹോവയെ അവന്റെ ആദരണീയ ഗുണങ്ങൾ നിമിത്തം സ്നേഹത്തിൽനിന്നു സേവിക്കാൻ അവൻ അവരെ പഠിപ്പിച്ചു: “നിന്റെ ദൈവമായ കർത്താവിനെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണശക്തിയോടും പൂർണ്ണമനസ്സോടും കൂടെ സ്നേഹിക്കണം”.—ലൂക്കൊസ് 10:27, 28.
8. ദൈവത്തിന്റെ ജനം അവനു നൽകുന്ന അനുസരണം മററുള്ളവർ ലോകഭരണാധികാരികൾക്കു നൽകുന്നതിൽനിന്നു വ്യത്യസ്തമായിരിക്കുന്നതെങ്ങനെ?
8 ചെമ്മരിയാടുതുല്യരായ ആളുകൾ അവനോടുള്ള അവരുടെ സ്നേഹത്തിൽ അധിഷ്ഠിതമായി അവന്റെ സാർവത്രിക പരമാധികാരത്തെ പിന്താങ്ങുന്നതിനാൽ യഹോവ മഹത്ത്വപ്പെടുന്നു. അവന്റെ പ്രിയങ്കരമായ ഗുണങ്ങളെക്കുറിച്ചുള്ള അവരുടെ പരിജ്ഞാനം നിമിത്തം അവനെ സേവിക്കാൻ അവർ മനസ്സോടെ തിരഞ്ഞെടുത്തു. ഭയത്തിൽനിന്നോ മനസ്സില്ലാമനസ്സോടെയോ എന്തെങ്കിലും സങ്കുചിത ആന്തരം ഉണ്ടായിരിക്കുന്നതുകൊണ്ടോ മാത്രം പ്രജകളുടെ അനുസരണം ലഭിക്കുന്ന ഈ ലോകത്തിലെ നേതാക്കൻമാരിൽനിന്ന് എത്ര വ്യത്യസ്തം! റോമൻ കത്തോലിക്കാ സഭയുടെ ഒരു പാപ്പായെക്കുറിച്ചു പറഞ്ഞത് യഹോവയെയോ യേശുവിനെയോ സംബന്ധിച്ച് ഒരിക്കലും പറയാൻ കഴിയില്ല: “അദ്ദേഹത്തെ അനേകർ പുകഴ്ത്തി, എല്ലാവരും ഭയപ്പെട്ടു, ആരും സ്നേഹിച്ചില്ല.”—പീററർ ഡി റോസയുടെ, ക്രിസ്തുവിന്റെ വികാരിമാർ—പാപ്പാധിപത്യത്തിന്റെ ഇരുണ്ട വശം (ഇംഗ്ലീഷ്).
ഇസ്രായേലിലെ ക്രൂരരായ ഇടയൻമാർ
9, 10. പുരാതന ഇസ്രായേലിലെയും ഒന്നാം നൂററാണ്ടിലെയും നായകൻമാരെ വർണിക്കുക.
9 യേശുവിന്റെ നാളിൽ ഇസ്രായേലിലെ മതനേതാക്കൾക്ക് ആടുകളോട് യാതൊരു സ്നേഹവും ഉണ്ടായിരുന്നില്ല. അവർ യേശുവിനെപ്പോലെ അല്ലായിരുന്നു. അവർ ഇസ്രായേലിലെ മുൻകാല ഭരണാധികാരികളെപ്പോലെ ആയിരുന്നു, അവരെക്കുറിച്ച് യഹോവ ഇപ്രകാരം പറഞ്ഞു: “തങ്ങളെത്തന്നേ മേയിക്കുന്ന യിസ്രായേലിന്റെ ഇടയൻമാർക്കു അയ്യോ കഷ്ടം! ആടുകളെ അല്ലയോ ഇടയൻമാർ മേയിക്കെണ്ടതു? . . . നിങ്ങൾ ബലഹീനമായതിനെ ശക്തീകരിക്കയോ ദീനം പിടിച്ചതിനെ ചികിത്സിക്കയോ ഒടിഞ്ഞതിനെ മുറിവുകെട്ടുകയോ ചിതറിപ്പോയതിനെ തിരിച്ചുവരുത്തുകയോ കാണാതെപോയതിനെ അന്വേഷിക്കയോ ചെയ്യാതെ കഠിനതയോടും ക്രൂരതയോടും കൂടെ അവയെ ഭരിച്ചിരിക്കുന്നു.”—യെഹെസ്കേൽ 34:2-4.
10 ആ രാഷ്ട്രീയ ഇടയൻമാരെപ്പോലെ, ഒന്നാം നൂററാണ്ടിലെ യഹൂദ മതനേതാക്കൾ കഠിനഹൃദയരായിരുന്നു. (ലൂക്കൊസ് 11:47-52) ഇതിന് ഉദാഹരണമെന്നോണം, കള്ളൻമാരുടെ കയ്യിൽ അകപ്പെട്ടവനും പ്രഹരമേററ് അർദ്ധപ്രാണനായി വഴിവക്കിൽ ഉപേക്ഷിക്കപ്പെട്ടവനുമായ ഒരു യഹൂദനെക്കുറിച്ച് യേശു പറഞ്ഞു. ഒരു ഇസ്രായേല്യപുരോഹിതൻ അതുവഴി വന്നു, എന്നാൽ യഹൂദനെ കണ്ടപ്പോൾ അയാൾ വഴിയുടെ മറുവശത്തുകൂടെ കടന്നുപോയി. ഒരു ലേവ്യനും അതുതന്നെ ചെയ്തു. അപ്പോൾ ഒരു ഇസ്രായേല്യേതരൻ, നിന്ദിതനായ ഒരു ശമര്യക്കാരൻ അതുവഴി വരുകയും പീഡിതനോടു മനസ്സലിവു കാണിക്കുകയും ചെയ്തു. അയാൾ അവന്റെ മുറിവുകൾ കെട്ടി, ഒരു മൃഗത്തിന്റെ പുറത്തുകയററി സത്രത്തിൽ എത്തിച്ചു, അവനുവേണ്ടി കരുതൽചെയ്തു. അയാൾ സത്രംസൂക്ഷിപ്പുകാരനു പണം കൊടുക്കുകയും കൂടുതലായി വരുന്ന ചെലവുകൾ വീട്ടുന്നതിനു തിരിച്ചുവരുമെന്നു പറയുകയും ചെയ്തു.—ലൂക്കൊസ് 10:30-37.
11, 12. (എ) മതനേതാക്കളുടെ ദുഷ്ടത യേശുവിന്റെ നാളിൽ പാരമ്യത്തിൽ എത്തിയതെങ്ങനെ? (ബി) ഒടുവിൽ റോമാക്കാർ മതനേതാക്കളോട് എന്തു ചെയ്തു?
11 യേശുവിന്റെ നാളിലെ മതനേതാക്കൾ വളരെ ദുഷിച്ചവരായിരുന്നു. അതുകൊണ്ട്, യേശു ലാസറിനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചപ്പോൾ പ്രധാന പുരോഹിതൻമാരും പരീശൻമാരും സന്നദ്രിം വിളിച്ചുകൂട്ടി ഇപ്രകാരം പറഞ്ഞു: “നാം എന്തു ചെയ്യേണ്ടു? ഈ മനുഷ്യൻ [യേശു] വളരെ അടയാളങ്ങൾ ചെയ്യുന്നുവല്ലോ. അവനെ ഇങ്ങനെ വിട്ടേച്ചാൽ എല്ലാവരും അവനിൽ വിശ്വസിക്കും; റോമക്കാരും വന്നു നമ്മുടെ സ്ഥലത്തെയും ജനത്തെയും എടുത്തുകളയും”. (യോഹന്നാൻ 11:47, 48) മരിച്ച മനുഷ്യനുവേണ്ടി യേശു ചെയ്ത നൻമ അവർ കണക്കിലെടുത്തില്ല. അവർ തങ്ങളുടെ സ്ഥാനങ്ങൾ സംബന്ധിച്ച് ഉത്ക്കണ്ഠാകുലരായിരുന്നു. അതുകൊണ്ട്, “അന്നുമുതൽ അവർ അവനെ [യേശുവിനെ] കൊല്ലുവാൻ ആലോചിച്ചു.”—യോഹന്നാൻ 11:53.
12 അവരുടെ ദുഷ്ടത കൂട്ടുന്നതിന്, പ്രധാന പുരോഹിതൻമാർ അപ്പോൾ “അവൻ ഹേതുവായി അനേകം യഹൂദൻമാർ ചെന്നു യേശുവിൽ വിശ്വസിക്കയാൽ ലാസരെയും കൊല്ലേണം എന്നു . . . ആലോചിച്ചു.” (യോഹന്നാൻ 12:10, 11) തങ്ങളുടെ സ്ഥാനങ്ങൾ സംരക്ഷിക്കാനുള്ള അവരുടെ സ്വാർഥ ശ്രമങ്ങൾ വിഫലമായിരുന്നു, എന്തെന്നാൽ “നിങ്ങളുടെ ഭവനം ശൂന്യമായിത്തീരും” എന്ന് യേശു അവരോടു പറഞ്ഞിരുന്നു. (മത്തായി 23:38) ആ വാക്കുകളുടെ നിവൃത്തിയായി, ആ തലമുറയിൽ റോമാക്കാർ വരുകയും ‘അവരുടെ സ്ഥലത്തെയും ജനതയെയും’ അതുപോലെതന്നെ അവരുടെ ജീവനെയും നശിപ്പിക്കുകയും ചെയ്തു.
ക്രിസ്തീയസഭയിലെ സ്നേഹമുള്ള ഇടയൻമാർ
13. തന്റെ ആട്ടിൻകൂട്ടത്തെ മേയിക്കാൻ ആരെ അയക്കുമെന്ന് യഹോവ വാഗ്ദത്തം ചെയ്തു?
13 തന്റെ ആട്ടിൻകൂട്ടത്തെ പരിപാലിക്കാൻ യഹോവ ക്രൂരരും സ്വാർഥരുമായ ഇടയൻമാർക്കു പകരം നല്ല ഇടയനായ യേശുവിനെ എഴുന്നേൽപ്പിക്കുമായിരുന്നു. ആടുകളെ പരിപാലിക്കാൻ സ്നേഹമുള്ള കീഴിടയൻമാരെ എഴുന്നേൽപ്പിക്കുമെന്നും അവൻ വാഗ്ദത്തം ചെയ്തു: “അവയെ മേയിക്കേണ്ടതിന്നു ഞാൻ ഇടയൻമാരെ നിയമിക്കും; അവ ഇനി പേടിക്കയില്ല”. (യിരെമ്യാവു 23:4) അവ്വണ്ണം, ഒന്നാം നൂററാണ്ടിലെ ക്രിസ്തീയ സഭകളിലെപ്പോലെ ഇന്നും “പട്ടണംതോറും മൂപ്പൻമാരെ ആക്കി”വെക്കുന്നു. (തീത്തൊസ് 1:5) തിരുവെഴുത്തുകളിൽ വിവരിച്ചിരിക്കുന്ന യോഗ്യതകളിൽ എത്തിച്ചേരുന്ന ആത്മീയമായി പ്രായമേറിയവരായ ഈ പുരുഷൻമാർ ‘ആട്ടിൻകൂട്ടത്തെ മേയിക്കേണ്ടതാണ്’.—1 പത്രൊസ് 5:2; 1 തിമൊഥെയൊസ് 3:1-7; തീത്തൊസ് 1:7-9.
14, 15. (എ) ഏതു മനോഭാവം വളർത്തിയെടുക്കുന്നതു പ്രയാസകരമായി ശിഷ്യൻമാർ കണ്ടെത്തി? (ബി) മൂപ്പൻമാർ താഴ്മയുള്ള ദാസൻമാരായിരിക്കണമെന്ന് അവരെ കാണിച്ചുകൊടുക്കാൻ യേശു എന്തു ചെയ്തു?
14 ആടുകളെ പരിപാലിക്കുന്നതിൽ, മൂപ്പൻമാർക്ക് “സകലത്തിനും മുമ്പെ” അവയോട് “ഉററ സ്നേഹം” ഉണ്ടായിരിക്കണം. (1 പത്രൊസ് 4:8) എന്നാൽ സ്ഥാനവും പ്രശസ്തിയും സംബന്ധിച്ചു വളരെ താത്പര്യമുള്ളവരായിരുന്നതിനാൽ യേശുവിന്റെ ശിഷ്യൻമാർ ഇതു പഠിക്കണമായിരുന്നു. അതുകൊണ്ട്, “ഈ എന്റെ പുത്രൻമാർ ഇരുവരും നിന്റെ രാജ്യത്തിൽ ഒരുത്തൻ നിന്റെ വലത്തും ഒരുത്തൻ ഇടത്തും ഇരിപ്പാൻ അരുളിച്ചെയ്യേണമേ” എന്നു രണ്ടു ശിഷ്യൻമാരുടെ അമ്മ യേശുവിനോടു പറഞ്ഞപ്പോൾ മററു ശിഷ്യൻമാർ രോഷാകുലരായി. യേശു അവരോടു പറഞ്ഞു: “ജാതികളുടെ അധിപൻമാർ അവരിൽ കർത്തൃത്വം ചെയ്യുന്നു എന്നും മഹത്തുക്കൾ അവരുടെമേൽ അധികാരം നടത്തുന്നു എന്നും നിങ്ങൾ അറിയുന്നു. നിങ്ങളിൽ അങ്ങനെ അരുതു; നിങ്ങളിൽ മഹാൻ ആകുവാൻ ഇച്ഛിക്കുന്നവനെല്ലാം നിങ്ങളുടെ ശുശ്രൂഷക്കാരൻ ആകേണം. നിങ്ങളിൽ ഒന്നാമൻ ആകുവാൻ ഇച്ഛിക്കുന്നവനെല്ലാം നിങ്ങളുടെ ദാസൻ ആകേണം.”—മത്തായി 20:20-28.
15 മറെറാരു സന്ദർഭത്തിൽ, ശിഷ്യൻമാർ “തങ്ങളുടെ ഇടയിൽ വലിയവൻ ആർ എന്നു വഴിയിൽവെച്ചു വാദിച്ച”ശേഷം യേശു അവരോടു പറഞ്ഞു: “ഒരുവൻ മുമ്പൻ ആകുവാൻ ഇച്ഛിച്ചാൽ അവൻ എല്ലാവരിലും ഒടുക്കത്തവനും എല്ലാവർക്കും ശുശ്രൂഷകനും ആകേണം”. (മർക്കൊസ് 9:34, 35) മനസ്സിന്റെ എളിമയും സേവിക്കാനുള്ള മനസ്സൊരുക്കവും അവരുടെ വ്യക്തിത്വത്തിന്റെ ഭാഗമായിത്തീരേണ്ടിയിരുന്നു. എങ്കിലും ശിഷ്യൻമാർക്ക് ആ ആശയങ്ങൾ പ്രാവർത്തികമാക്കാൻ വിഷമമായിരുന്നു, എന്തുകൊണ്ടെന്നാൽ യേശു മരിച്ചതിന്റെ തലേ രാത്രിയിൽത്തന്നെ അവന്റെ ഒടുവിലത്തെ അത്താഴസമയത്ത് ആരാണു വലിയവൻ എന്നതിനെച്ചൊല്ലി അവരുടെ ഇടയിൽ “ഒരു ചൂടുപിടിച്ച തർക്കം” ഉണ്ടായി! ഒരു മൂപ്പൻ ആട്ടിൻകൂട്ടത്തെ എങ്ങനെ സേവിക്കണമെന്ന് യേശു അവർക്കു കാണിച്ചുകൊടുത്ത ശേഷവും അതു സംഭവിച്ചു; അവൻ തന്നെത്താൻ താഴ്ത്തി അവരുടെ കാലുകൾ കഴുകിയിരുന്നു. അവൻ പറഞ്ഞു: “കർത്താവും ഗുരുവുമായ ഞാൻ നിങ്ങളുടെ കാൽ കഴുകി എങ്കിൽ നിങ്ങളും തമ്മിൽ തമ്മിൽ കാൽ കഴുകേണ്ടതാകുന്നു. ഞാൻ നിങ്ങൾക്കു ചെയ്തതുപോലെ നിങ്ങളും ചെയ്യേണ്ടതിന്നു ഞാൻ നിങ്ങൾക്കു ദൃഷ്ടാന്തം തന്നിരിക്കുന്നു.”—ലൂക്കോസ് 22:24, NW; യോഹന്നാൻ 13:14, 15.
16. 1899-ൽ, മൂപ്പൻമാരുടെ ഏററവും പ്രധാനപ്പെട്ട ഗുണം സംബന്ധിച്ച് വാച്ച് ടവർ എന്ത് അഭിപ്രായങ്ങൾ പറഞ്ഞു?
16 മൂപ്പൻമാർ ഇതുപോലെ ആയിരിക്കണമെന്ന് യഹോവയുടെ സാക്ഷികൾ എല്ലായ്പോഴും പഠിപ്പിച്ചിട്ടുണ്ട്. ഏതാണ്ട് ഒരു നൂററാണ്ടു മുമ്പ്, 1899 ഏപ്രിൽ 1-ലെ വാച്ച് ടവർ 1 കൊരിന്ത്യർ 13:1-8-ലെ വാക്കുകൾ സൂചിപ്പിച്ചശേഷം പറഞ്ഞു: “അറിവും വാക്ചാതുര്യവുമല്ല ഏററവും പ്രധാനപ്പെട്ട പരിശോധനകൾ എന്ന് അപ്പോസ്തലൻ വ്യക്തമായി ചൂണ്ടിക്കാണിക്കുന്നു, പിന്നെയോ ഹൃദയത്തിൽനിന്നു വരുന്നതും മുഴുജീവിത ഗതിയിലും വ്യാപിച്ചുകിടക്കുന്നതും നമ്മുടെ മർത്ത്യശരീരങ്ങളെ പ്രവർത്തിപ്പിക്കുന്നതും പ്രചോദിപ്പിക്കുന്നതുമായ സ്നേഹമാണ് യഥാർഥ പരിശോധന—നമ്മുടെ ദിവ്യബന്ധത്തിന്റെ യഥാർഥ തെളിവുതന്നെ. . . . സഭയുടെ ഒരു ദാസനായി വിശുദ്ധകാര്യങ്ങളിൽ ശുശ്രൂഷിക്കുന്നതിനു സ്വീകരിക്കപ്പെടുന്ന ഏതൊരാളിലും നോക്കേണ്ട മുന്തിയ സ്വഭാവവിശേഷം എല്ലാററിലും പ്രഥമമായി സ്നേഹത്തിന്റെ ആത്മാവായിരിക്കണം.” താഴ്മയോടെ സ്നേഹത്തിൽനിന്നു സേവിക്കുകയില്ലാത്ത പുരുഷൻമാർ “സുരക്ഷിതരല്ലാത്ത ഉപദേഷ്ടാക്കളാണ്, നൻമയെക്കാളധികം ദ്രോഹം ചെയ്യാനും സാദ്ധ്യതയുണ്ട്” എന്ന് അതു കുറിക്കൊണ്ടു.—1 കൊരിന്ത്യർ 8:1.
17. മൂപ്പൻമാർക്കുണ്ടായിരിക്കേണ്ട ഗുണങ്ങളെ ബൈബിൾ ഊന്നിപ്പറയുന്നതെങ്ങനെ?
17 അതുകൊണ്ട് പ്രായമേറിയ പുരുഷൻമാർ ആടുകളുടെമേൽ ‘കർത്തൃത്വം’ നടത്തരുത്. (1 പത്രൊസ് 5:3) പകരം, “തമ്മിൽ ദയയും മനസ്സലിവുമുള്ളവരായി”രിക്കുന്നതിൽ അവർ നേതൃത്വമെടുക്കേണ്ടതാണ്. (എഫെസ്യർ 4:32) പൗലോസ് ഊന്നിപ്പറഞ്ഞു: “മനസ്സലിവു, ദയ, താഴ്മ, സൌമ്യത, ദീർഘക്ഷമ എന്നിവ ധരിച്ചുകൊണ്ടു . . . എല്ലാററിന്നും മീതെ സമ്പൂർണ്ണതയുടെ ബന്ധമായ സ്നേഹം ധരിപ്പിൻ.”—കൊലൊസ്സ്യർ 3:12-14.
18. (എ) ആടുകളോട് ഇടപെടുന്നതിൽ പൗലോസ് ഏത് ഉത്തമ ദൃഷ്ടാന്തം വെച്ചു? (ബി) മൂപ്പൻമാർ ആടുകളുടെ ആവശ്യങ്ങളെ അവഗണിക്കരുതാത്തതെന്തുകൊണ്ട്?
18 പൗലോസ് ഇതു ചെയ്യാൻ പഠിച്ചു, അവൻ ഇപ്രകാരം പറയുന്നു: “ഒരു അമ്മ തന്റെ കുഞ്ഞുങ്ങളെ പോററുംപോലെ ഞങ്ങൾ നിങ്ങളുടെ ഇടയിൽ ആർദ്രതയുള്ളവരായിരുന്നു. ഇങ്ങനെ ഞങ്ങൾ നിങ്ങളെ ഓമനിച്ചുകൊണ്ടു നിങ്ങൾക്കു ദൈവത്തിന്റെ സുവിശേഷം പ്രസംഗിപ്പാൻ മാത്രമല്ല, നിങ്ങൾ ഞങ്ങൾക്കു പ്രിയരാകയാൽ ഞങ്ങളുടെ പ്രാണനുംകൂടെ വെച്ചുതരുവാൻ ഒരുക്കമായിരുന്നു.” (1 തെസ്സലൊനീക്യർ 2:7, 8) അതിനോടു യോജിപ്പിൽ അവൻ പറഞ്ഞു: “ഉൾക്കരുത്തില്ലാത്തവരെ ധൈര്യപ്പെടുത്തുവിൻ; ബലഹീനരെ താങ്ങുവിൻ; എല്ലാവരോടും ദീർഘക്ഷമ കാണിപ്പിൻ.” (1 തെസ്സലൊനീക്യർ 5:14) ആടുകൾ കൊണ്ടുവന്നേക്കാവുന്ന പ്രശ്നം ഏതുതരത്തിലുള്ളതായിരുന്നാലും മൂപ്പൻമാർ സദൃശവാക്യങ്ങൾ 21:13 ഓർമിക്കണം: “എളിയവന്റെ നിലവിളിക്കു ചെവി പൊത്തിക്കളയുന്നവൻ താനും വിളിച്ചപേക്ഷിക്കും; ഉത്തരം ലഭിക്കയില്ല.”
19. സ്നേഹമുള്ള ഇടയൻമാർ ഒരു അനുഗ്രഹമാകുന്നതെന്തുകൊണ്ട്, അത്തരം സ്നേഹത്തോട് ആടുകൾ എങ്ങനെ പ്രതികരിക്കുന്നു?
19 സ്നേഹപൂർവം ആട്ടിൻകൂട്ടത്തെ മേയിക്കുന്ന പ്രായമേറിയ പുരുഷൻമാർ ആടുകൾക്ക് ഒരു അനുഗ്രഹമാണ്. യെശയ്യാവു 32:2 ഇങ്ങനെ മുൻകൂട്ടി പറഞ്ഞു: “ഓരോരുത്തൻ കാററിന്നു ഒരു മറവും പിശറിന്നു ഒരു സങ്കേതവും ആയി വരണ്ട നിലത്തു നീർത്തോടുകൾപോലെയും ക്ഷീണമുള്ള ദേശത്തു ഒരു വമ്പാറയുടെ തണൽപോലെയും ഇരിക്കും.” ഇന്നു നമ്മുടെ മൂപ്പൻമാരിൽ അനേകരും നവോൻമേഷത്തിന്റെ ആ മനോഹര ചിത്രത്തോടു ചേർച്ചയിൽ പ്രവർത്തിക്കുന്നു എന്നറിയുന്നതിൽ നാം സന്തുഷ്ടരാണ്. പിൻവരുന്ന തത്ത്വം ബാധകമാക്കാൻ അവർ പഠിച്ചിരിക്കുന്നു: “സഹോദരപ്രീതിയിൽ തമ്മിൽ സ്ഥായിപൂണ്ടു ബഹുമാനിക്കുന്നതിൽ അന്യോന്യം മുന്നിട്ടുകൊൾവിൻ.” (റോമർ 12:10) മൂപ്പൻമാർ ഇത്തരം സ്നേഹവും താഴ്മയും പ്രകടമാക്കുമ്പോൾ, “അവരുടെ വേലനിമിത്തം ഏററവും സ്നേഹത്തോടെ വിചാരി”ച്ചുകൊണ്ട് ആടുകൾ പ്രതികരിക്കുന്നു.—1 തെസ്സലൊനീക്യർ 5:12, 13.
ഇച്ഛാസ്വാതന്ത്ര്യത്തിന്റെ ഉപയോഗത്തെ ആദരിക്കുക
20. ഇച്ഛാസ്വാതന്ത്ര്യത്തെ മൂപ്പൻമാർ ആദരിക്കേണ്ടതെന്തുകൊണ്ട്?
20 സ്വന്തം തീരുമാനങ്ങൾ എടുക്കുന്നതിന് ഇച്ഛാസ്വാതന്ത്ര്യത്തോടെ യഹോവ മനുഷ്യരെ സൃഷ്ടിച്ചു. മൂപ്പൻമാർ ബുദ്ധ്യുപദേശിക്കുക മാത്രമല്ല, ശിക്ഷണം കൊടുക്കുകപോലും ചെയ്യണമെന്നിരിക്കെ, അവർ മറെറാരാളുടെ ജീവിതമോ വിശ്വാസമോ ഏറെറടുക്കേണ്ട ആവശ്യമില്ല. പൗലോസ് പറഞ്ഞു: “നിങ്ങളുടെ വിശ്വാസത്തിൻമേൽ ഞങ്ങൾ യജമാനൻമാരാണെന്നല്ല, പിന്നെയോ നിങ്ങളുടെ സന്തോഷത്തിനായി ഞങ്ങൾ കൂട്ടുവേലക്കാരാണ്, എന്തെന്നാൽ നിങ്ങളുടെ വിശ്വാസത്താലാണു നിങ്ങൾ നിൽക്കുന്നത്.” (2 കൊരിന്ത്യർ 1:24, NW) അതേ, ‘ഓരോരുത്തൻ താന്താന്റെ ചുമടു ചുമക്കും.’ (ഗലാത്യർ 6:5) യഹോവ അവന്റെ നിയമങ്ങളുടെയും തത്ത്വങ്ങളുടെയും അതിരുകൾക്കുള്ളിൽ നമുക്കു വളരെയധികം സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്. അതുകൊണ്ട്, തിരുവെഴുത്തു തത്ത്വങ്ങൾ ലംഘിക്കപ്പെടാത്തടത്തു ചട്ടങ്ങൾ വെക്കുന്നതു മൂപ്പൻമാർ ഒഴിവാക്കണം. അവർ തങ്ങളുടെ വ്യക്തിപരമായ ആശയങ്ങൾ സിദ്ധാന്തമായി പറയുന്നതിനോ അത്തരം വീക്ഷണങ്ങളോട് ആരെങ്കിലും വിയോജിക്കുന്നെങ്കിൽ തങ്ങളുടെ മിഥ്യാഭിമാനം രംഗപ്രവേശം ചെയ്യാൻ അനുവദിക്കുന്നതിനോ ഉള്ള ഏതു പ്രവണതയെയും ചെറുത്തുനിൽക്കണം.—2 കൊരിന്ത്യർ 3:17; 1 പത്രൊസ് 2:16.
21. ഫിലേമോനോടുള്ള പൗലോസിന്റെ മനോഭാവത്തിൽനിന്ന് എന്തു പഠിക്കാൻ കഴിയും?
21 പൗലോസ് റോമിൽ തടവിലായിരുന്നപ്പോൾ, ഏഷ്യാ മൈനറിലെ കൊലോസ്യയിൽ ഒരു അടിമയുടെ ഉടമസ്ഥനായിരുന്ന ഫിലേമോൻ എന്ന ഒരു ക്രിസ്ത്യാനിയോട് എങ്ങനെ പെരുമാറിയെന്നു കുറിക്കൊള്ളുക. ഫിലേമോന്റെ അടിമയായിരുന്ന ഒനേസിമൊസ് റോമിലേക്ക് ഒളിച്ചോടി ഒരു ക്രിസ്ത്യാനിയായിത്തീർന്നു പൗലോസിനെ സഹായിക്കുകയായിരുന്നു. പൗലോസ് ഫിലേമോന് എഴുതി: “സുവിശേഷംനിമിത്തമുള്ള തടവിൽ എന്നെ ശുശ്രൂഷിക്കേണ്ടതിന്നു അവനെ നിനക്കു പകരം എന്റെ അടുക്കൽ തന്നേ നിർത്തിക്കൊൾവാൻ എനിക്കു ആഗ്രഹമുണ്ടായിരുന്നു. എങ്കിലും നിന്റെ ഗുണം നിർബ്ബന്ധത്താൽ എന്നപോലെ അല്ല, മനസ്സോടെ ആകേണ്ടതിന്നു നിന്റെ സമ്മതംകൂടാതെ ഒന്നും ചെയ്യാൻ എനിക്കു മനസ്സില്ലായിരുന്നു.” (ഫിലേമോൻ 13, 14) ഒരു ക്രിസ്തീയ സഹോദരൻ എന്നനിലയിൽ അവനോടു പെരുമാറാൻ ഫിലേമോനോട് അഭ്യർഥിച്ചുകൊണ്ടു പൗലോസ് ഒനേസിമൊസിനെ തിരിച്ചയച്ചു. ആട്ടിൻകൂട്ടം തന്റേതല്ല, ദൈവത്തിന്റേതാണെന്നു പൗലോസ് അറിഞ്ഞിരുന്നു. അവൻ അതിന്റെ യജമാനനല്ല പിന്നെയോ ദാസൻ ആയിരുന്നു. പൗലോസ് ഫിലേമോനോട് ആജ്ഞാപിച്ചില്ല; അവൻ അവന്റെ ഇച്ഛാസ്വാതന്ത്ര്യത്തെ ആദരിച്ചു.
22. (എ) തങ്ങളുടെ സ്ഥാനം എന്താണെന്നു മൂപ്പൻമാർ മനസ്സിലാക്കണം? (ബി) ഏതുതരം സ്ഥാപനത്തെയാണ് യഹോവ വളർത്തിക്കൊണ്ടുവരുന്നത്?
22 ദൈവസ്ഥാപനം വളരുന്നതനുസരിച്ച്, കൂടുതൽ മൂപ്പൻമാർ നിയമിക്കപ്പെടുന്നു. അവരും അതുപോലെതന്നെ കൂടുതൽ അനുഭവപരിചയമുള്ള മൂപ്പൻമാരും തങ്ങളുടെ സ്ഥാനം ഒരു വിനീത സേവനത്തിന്റേതാണെന്നു മനസ്സിലാക്കണം. ഈ വിധത്തിൽ, ദൈവം തന്റെ സ്ഥാപനത്തെ പുതിയ ലോകത്തിലേക്കു നയിക്കവേ, അവൻ ആഗ്രഹിക്കുന്ന വിധത്തിൽ—കാര്യക്ഷമതക്കുവേണ്ടി സ്നേഹവും അനുകമ്പയും ബലികഴിക്കാതെതന്നെ സുസംഘടിതമായി അതു തുടർന്നു വളരും. അങ്ങനെ, “ദൈവത്തെ സ്നേഹിക്കുന്നവർക്കു . . . സകലവും നൻമക്കായി കൂടിവ്യാപരിക്കുന്നു” എന്നതിന്റെ തെളിവ് അതിൽ നിരീക്ഷിക്കുന്ന ചെമ്മരിയാടുതുല്യർക്ക് അവന്റെ സ്ഥാപനം കൂടുതൽ കൂടുതൽ ആകർഷകമായിത്തീരും. അതാണു സ്നേഹത്തിൽ അടിസ്ഥാനപ്പെട്ടിരിക്കുന്ന ഒരു സ്ഥാപനത്തിൽനിന്നു പ്രതീക്ഷിക്കേണ്ടത്, എന്തുകൊണ്ടെന്നാൽ “സ്നേഹം ഒരുനാളും ഉതിർന്നുപോകയില്ല.”—റോമർ 8:28; 1 കൊരിന്ത്യർ 13:8.
നിങ്ങൾ എങ്ങനെ ഉത്തരം നൽകും?
◻ തന്റെ ജനത്തിനുവേണ്ടിയുള്ള യഹോവയുടെ കരുതലിനെ ബൈബിൾ വർണിക്കുന്നതെങ്ങനെ?
◻ ദൈവത്തിന്റെ ആട്ടിൻകൂട്ടത്തെ പരിപാലിക്കുന്നതിൽ യേശു എന്തു പങ്കു വഹിക്കുന്നു?
◻ മൂപ്പൻമാർക്ക് ഏതു മുഖ്യഗുണവിശേഷം ഉണ്ടായിരിക്കണം?
◻ മൂപ്പൻമാർ ആടുകളുടെ ഇച്ഛാസ്വാതന്ത്ര്യത്തെ പരിഗണിക്കേണ്ടതെന്തുകൊണ്ട്?
[16-ാം പേജിലെ ചിത്രം]
“നല്ല ഇടയൻ” ആയ യേശു അനുകമ്പ പ്രകടമാക്കി
[17-ാം പേജിലെ ചിത്രം]
ദുഷിച്ച മതനേതാക്കൾ യേശുവിനെ കൊല്ലാൻ ഗൂഢാലോചന നടത്തി