ഒരു ‘ദുഷ്ടതലമുറ’യിൽനിന്നുള്ള രക്ഷ
“അവിശ്വാസവും കോട്ടവുമുള്ള തലമുറയേ, എത്രത്തോളം ഞാൻ നിങ്ങളോടുകൂടെ ഇരുന്നു നിങ്ങളെ സഹിക്കും?”—ലൂക്കൊസ് 9:41.
1. (എ) ദുരന്തങ്ങൾ തിങ്ങിനിറഞ്ഞ നമ്മുടെ കാലങ്ങൾ എന്ത് അർഥമാക്കുന്നു? (ബി) അതിജീവകരെക്കുറിച്ചു തിരുവെഴുത്തുകൾ എന്തു പറയുന്നു?
ദുരന്തങ്ങൾ തിങ്ങിനിറഞ്ഞ കാലങ്ങളിലാണു നാം ജീവിക്കുന്നത്. ഭൂകമ്പങ്ങൾ, പ്രളയങ്ങൾ, ക്ഷാമങ്ങൾ, രോഗം, നിയമരാഹിത്യം, ബോംബുവർഷങ്ങൾ, ഭയാനക യുദ്ധങ്ങൾ. ഇവയെക്കാൾ വലിയ മറ്റു ദുരന്തങ്ങളിലും നമ്മുടെ 20-ാം നൂറ്റാണ്ടിൽ മനുഷ്യവർഗം കുടുങ്ങിയിട്ടുണ്ട്. എന്നാൽ എല്ലാറ്റിലുംവെച്ച് ഏറ്റവും വലിയ വിപത്തു സമീപ ഭാവിയിൽ സംഭവിക്കാനിരിക്കുന്നതേയുള്ളൂ. അത് എന്താണ്? “ലോകാരംഭംമുതൽ ഇന്നുവരെയും സംഭവിച്ചിട്ടില്ലാത്തതും ഇനിമേൽ സംഭവിക്കാത്തതും ആയ വലിയ കഷ്ടം [“മഹോപദ്രവം,” NW].” (മത്തായി 24:21) എന്നാൽ അനേകർക്കും സന്തുഷ്ടമായ ഒരു ഭാവിക്കായി നോക്കിപ്പാർത്തിരിക്കാൻ കഴിയും! എന്തുകൊണ്ട്? എന്തെന്നാൽ “സകല ജാതികളിലും ഗോത്രങ്ങളിലും വംശങ്ങളിലും ഭാഷകളിലുംനിന്നുള്ളതായി ആർക്കും എണ്ണിക്കൂടാത്ത ഒരു മഹാപുരുഷാര”ത്തെക്കുറിച്ച് ദൈവത്തിന്റെതന്നെ വചനം വർണിക്കുന്നു. “ഇവർ മഹാകഷ്ടത്തിൽനിന്നു [“മഹോപദ്രവത്തിൽനിന്നു,” NW] വന്നവർ; . . . ഇനി അവർക്കു വിശക്കയില്ല ദാഹിക്കയും ഇല്ല; . . . ദൈവം താൻ അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളകയും ചെയ്യും.”—വെളിപ്പാടു 7:1, 9, 14-17.
2. മത്തായി 24, മർക്കൊസ് 13, ലൂക്കൊസ് 21 എന്നിവയിലെ പ്രാരംഭവാക്യങ്ങൾക്ക് ഉണ്ടായ പ്രാരംഭ പ്രാവചനിക നിവൃത്തി എന്ത്?
2 മത്തായി 24:3-22, NW, മർക്കൊസ് 13:3-20, ലൂക്കൊസ് 21:7-24 എന്നിവിടങ്ങളിലെ നിശ്വസ്തരേഖ “വ്യവസ്ഥിതിയുടെ സമാപന”ത്തെക്കുറിച്ചുള്ള പ്രാവചനിക വിവരണം അവതരിപ്പിക്കുന്നുണ്ട്.a നമ്മുടെ പൊതുയുഗം ഒന്നാം നൂറ്റാണ്ടിലെ ദുഷിച്ച യഹൂദ വ്യവസ്ഥിതിയുടെമേൽ ഈ പ്രവചനത്തിന് ഒരു പ്രാരംഭനിവൃത്തി ഉണ്ടായിരുന്നു. മുമ്പെങ്ങും സംഭവിച്ചിട്ടില്ലാത്ത വിധത്തിലുള്ള “മഹോപദ്രവം” യഹൂദന്മാർക്കു നേരിട്ടതായിരുന്നു അതിന്റെ പാരമ്യം. യെരുശലേം ദൈവാലയത്തെ കേന്ദ്രീകരിച്ചു നിലനിന്നിരുന്ന മതപരവും രാഷ്ട്രീയവുമായ മുഴു സംവിധാനവും തകർത്തുനശിപ്പിക്കപ്പെട്ടു. പിന്നീട് അത് ഒരിക്കലും പുനഃസ്ഥാപിതമായില്ല.
3. നാം ഇന്ന് യേശുവിന്റെ പ്രവചനത്തിനു ചെവികൊടുക്കണമെന്നത് അടിയന്തിരമായിരിക്കുന്നത് എന്തുകൊണ്ട്?
3 യേശുവിന്റെ പ്രവചനത്തിന്റെ പ്രാരംഭ നിവൃത്തിയിലേക്കു നയിച്ച സാഹചര്യങ്ങൾ നമുക്കിപ്പോൾ പരിചിന്തിക്കാം. ഇന്നത്തെ സമാന്തര നിവൃത്തി മെച്ചമായി മനസ്സിലാക്കാൻ ഇതു നമ്മെ സഹായിക്കും. മുഴു മനുഷ്യവർഗത്തിനും വരാനിരിക്കുന്ന ഉപദ്രവങ്ങളിലേക്കും ഏറ്റവും വലിയ ഉപദ്രവത്തെ അതിജീവിക്കുന്നതിന് ഇപ്പോൾ ക്രിയാത്മക നടപടി എടുക്കുന്നത് എത്ര അടിയന്തിരമാണെന്ന് അതു നമുക്കു കാണിച്ചുതരും.—റോമർ 10:9-13; 15:4; 1 കൊരിന്ത്യർ 10:11; 15:58.
“അവസാനം”—എപ്പോൾ?
4, 5. (എ) പൊ.യു. ഒന്നാം നൂറ്റാണ്ടിൽ ദൈവഭയമുള്ള യഹൂദന്മാർ ദാനീയേൽ 9:24-27-ലെ പ്രവചനത്തിൽ തത്പരരായിരുന്നത് എന്തുകൊണ്ട്? (ബി) ഈ പ്രവചനം നിവൃത്തിയേറിയതെങ്ങനെ?
4 പൊ.യു.മു. (പൊതുയുഗത്തിനുമുമ്പ്) ഏതാണ്ട് 539-ൽ, വർഷങ്ങളുടെ “എഴുപതു ആഴ്ച” കാലഘട്ടത്തിലെ അവസാന “ആഴ്ച”യിൽ നടക്കാനിരുന്ന സംഭവങ്ങളെക്കുറിച്ചുള്ള ഒരു ദർശനം ദൈവത്തിന്റെ പ്രവാചകനായ ദാനിയേലിനു ലഭിച്ചു. (ദാനീയേൽ 9:24-27) പേർഷ്യൻ രാജാവായ അർത്ഥാഹ്ശഷ്ടാവ് യെരുശലേം നഗരം വീണ്ടും പണിയാൻ കൽപ്പന പുറപ്പെടുവിച്ച പൊ.യു.മു. 455-ലായിരുന്നു ഈ “ആഴ്ച”കൾ ആരംഭിച്ചത്. മിശിഹായായ യേശുക്രിസ്തു സ്നാപനവും അഭിഷേകവും സ്വീകരിച്ച് രംഗപ്രവേശം ചെയ്ത പൊ.യു. (പൊതുയുഗം) 29-ൽ അവസാനത്തെ “ആഴ്ച” ആരംഭിച്ചു.b പൊ.യു. ഒന്നാം നൂറ്റാണ്ടിലെ ദൈവഭയമുള്ള യഹൂദന്മാർ ദാനിയേൽ പ്രവചനത്തിന്റെ ഈ സമയസവിശേഷതയെക്കുറിച്ചു ശരിക്കും ബോധവാൻമാരായിരുന്നു. ഉദാഹരണത്തിന്, പൊ.യു. 29-ൽ സ്നാപക യോഹന്നാന്റെ പ്രസംഗം കേൾക്കാൻ തടിച്ചുകൂടിയ ജനക്കൂട്ടത്തെക്കുറിച്ചു ലൂക്കൊസ് 3:15 (പി.ഒ.സി. ബൈബിൾ) പ്രസ്താവിക്കുന്നു: “പ്രതീക്ഷയോടെയിരുന്ന ജനമെല്ലാം ഇവൻതന്നെയോ ക്രിസ്തു എന്നു യോഹന്നാനെപ്പറ്റി ചിന്തിച്ചുതുടങ്ങി.”
5 യഹൂദന്മാർക്കു നീട്ടിക്കൊടുത്ത പ്രത്യേക പ്രീതിയുടേതായ ഏഴു വർഷങ്ങളായിരുന്നു 70-ാമത്തെ “ആഴ്ച.” പൊ.യു. 29-ൽ ആരംഭിച്ച പ്രസ്തുത ആഴ്ചയിൽ യേശുവിന്റെ സ്നാപനവും ശുശ്രൂഷയും പൊ.യു. 33-ൽ “ആഴ്ചവട്ടത്തിന്റെ മദ്ധ്യേ” നടന്ന ബലിമരണവും തുടർന്നു പൊ.യു. 36 വരെയുള്ള ‘ആഴ്ചവട്ടത്തിന്റെ’ മറ്റേ ‘പകുതി’യും ഉൾപ്പെട്ടിരുന്നു. യേശുവിന്റെ അഭിഷിക്ത ശിഷ്യന്മാരായിത്തീരാനുള്ള അവസരം ദൈവഭയമുള്ള യഹൂദന്മാർക്കും യഹൂദമതപരിവർത്തിതർക്കും മാത്രമായി നീട്ടിക്കൊടുത്തിരുന്ന “ആഴ്ച”യും അതുതന്നെ. മുൻകൂട്ടി അറിഞ്ഞിരുന്നില്ലാത്ത ഒരു തീയതിയിൽ, അതായത് പൊ.യു. 70-ൽ, ടൈറ്റസിന്റെ നേതൃത്വത്തിലെത്തിയ റോമൻ സൈന്യം വിശ്വാസത്യാഗം ഭവിച്ച യഹൂദവ്യവസ്ഥിതിയെ തകർത്തുതരിപ്പണമാക്കി.—ദാനീയേൽ 9:26, 27.
6. (എ) പൊ.യു. 66-ൽ “മ്ലേച്ഛവസ്തു” പ്രവർത്തനം തുടങ്ങിയതെങ്ങനെ, ക്രിസ്ത്യാനികൾ പ്രതികരിച്ചതെങ്ങനെ?
6 അങ്ങനെ യെരുശലേമിലെ ആലയത്തെ മലിനമാക്കുകയും ദൈവത്തിന്റെ സ്വന്തം പുത്രനെ വധിക്കാൻ ഗൂഢാലോചന നടത്തുകയും ചെയ്ത യഹൂദ പൗരോഹിത്യം തുടച്ചുനീക്കപ്പെട്ടു. ഒപ്പം ദേശീയവും ഗോത്രപരവുമായ രേഖകളും നശിച്ചു. അതിനുശേഷം, പൗരോഹിത്യപരമോ രാജകീയമോ ആയ പൈതൃകം നിയമപരമായി അവകാശപ്പെടാൻ ഒരു യഹൂദനും കഴിയാതായി. എന്നാൽ സന്തോഷകരമെന്നു പറയട്ടെ, യഹോവയാം ദൈവത്തിന്റെ “സൽഗുണങ്ങളെ ഘോഷി”ക്കാനുള്ള രാജകീയ പൗരോഹിത്യം എന്നനിലയിൽ അഭിഷിക്തരായ ആത്മീയ യഹൂദന്മാർ വേർതിരിക്കപ്പെട്ടു. (1 പത്രൊസ് 2:9) പൊ.യു. 66-ൽ റോമൻ സൈന്യം ആദ്യം യെരുശലേമിനെ ഉപരോധിച്ച് ആലയമേഖലയിലേക്കു തുരന്നുകയറിപ്പറ്റുകപോലും ചെയ്തപ്പോൾ ആ സൈനിക ശക്തിയെ ‘ദാനീയേൽ പ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തതുപോലെ വിശുദ്ധസ്ഥലത്തുനിൽക്കുന്ന, ശൂന്യമാക്കുന്ന മ്ലേച്ഛ വസ്തു’വായി ക്രിസ്ത്യാനികൾ തിരിച്ചറിഞ്ഞു. യേശുവിന്റെ പ്രാവചനിക കൽപ്പന അനുസരിച്ചുകൊണ്ട്, യെരുശലേമിലെയും യഹൂദ്യയിലെയും ക്രിസ്ത്യാനികൾ സംരക്ഷണാർഥം പർവതപ്രദേശങ്ങളിലേക്കു പലായനം ചെയ്തു.—മത്തായി 24:15, 16, NW; ലൂക്കൊസ് 21:20, 21.
7, 8. ക്രിസ്ത്യാനികൾ എന്ത് “അടയാളം” നിരീക്ഷിച്ചു, എന്നാൽ അവർ എന്ത് അറിഞ്ഞില്ല?
7 ദാനിയേൽ പ്രവചനനിവൃത്തി നിരീക്ഷിച്ച ആ വിശ്വസ്ത യഹൂദ ക്രിസ്ത്യാനികൾ ‘വ്യവസ്ഥിതിയുടെ സമാപനത്തിന്റെ അടയാള’ത്തിന്റെ ഭാഗമായി യേശു മുൻകൂട്ടിപ്പറഞ്ഞ ഘോരയുദ്ധങ്ങൾ, ക്ഷാമങ്ങൾ, മഹാമാരികൾ, ഭൂകമ്പങ്ങൾ, നിയമരാഹിത്യം എന്നിവയ്ക്കെല്ലാം ദൃക്സാക്ഷികളായിരുന്നു. (മത്തായി 24:3, NW) എന്നാൽ യഹോവ ആ ദുഷിച്ച വ്യവസ്ഥിതിയുടെമേലുള്ള ന്യായവിധി വാസ്തവത്തിൽ എപ്പോൾ നിർവഹിക്കുമെന്നു യേശു അവരോടു പറഞ്ഞിരുന്നോ? ഇല്ല. ഭാവിയിലുള്ള തന്റെ രാജകീയ സാന്നിധ്യത്തിന്റെ പാരമ്യത്തെക്കുറിച്ച് അവൻ പ്രവചിച്ചത് തീർച്ചയായും ഒന്നാം നൂറ്റാണ്ടിലെ “മഹോപദ്രവ”ത്തിനും ബാധകമാകമായി: “ആ നാളും നാഴികയും സംബന്ധിച്ചോ എന്റെ പിതാവു മാത്രമല്ലാതെ ആരും സ്വർഗ്ഗത്തിലെ ദൂതന്മാരും പുത്രനും കൂടെ അറിയുന്നില്ല.”—മത്തായി 24:36.
8 മിശിഹായായി യേശു പ്രത്യക്ഷമാകുന്ന കാലയളവു യഹൂദന്മാർക്കു ദാനിയേൽ പ്രവചനം നോക്കി കണക്കാക്കാമായിരുന്നു. (ദാനീയേൽ 9:25) എങ്കിലും വിശ്വാസത്യാഗികളായ യഹൂദ വ്യവസ്ഥിതിയെ അവസാനം ശൂന്യമാക്കിയ “വലിയ കഷ്ട”ത്തിനുള്ള യാതൊരു തീയതിയും അവർക്കു കൊടുത്തിരുന്നില്ല. യെരുശലേമിന്റെയും അതിന്റെ ആലയത്തിന്റെയും നാശത്തിനു ശേഷം മാത്രമേ തീയതി പൊ.യു. 70 ആണെന്ന് അവർ അറിഞ്ഞുള്ളൂ. എന്നിരുന്നാലും, “ഇതൊക്കെയും സംഭവിക്കുവോളം ഈ തലമുറ ഒഴിഞ്ഞുപോകയില്ല” എന്ന യേശുവിന്റെ പ്രാവചനിക വാക്കുകളെക്കുറിച്ച് അവർ ബോധവാന്മാരായിരുന്നു. (മത്തായി 24:34) വ്യക്തമായും, ഇവിടുത്തെ “തലമുറ” എന്ന പ്രയോഗം സഭാപ്രസംഗി 1:4-ലേതിൽനിന്നു വ്യത്യസ്തമാണ്. ഒരു കാലഘട്ടംകൊണ്ട് ഒന്നിനുപിറകെ ഒന്നായി വന്നുപോകുന്ന തലമുറകളെക്കുറിച്ചാണ് അവിടെ പറയുന്നത്.
“ഈ തലമുറ”—അത് എന്താണ്?
9. ലെക്സിക്കനുകൾ ഗ്രീക്കു പദമായ ജെനെയായെ നിർവചിക്കുന്നതെങ്ങനെ?
9 ഒലിവ് മലയിൽ യേശുവിനോടൊപ്പമിരുന്നിരുന്ന നാലു ശിഷ്യന്മാർ “വ്യവസ്ഥിതിയുടെ സമാപന”ത്തെക്കുറിച്ച് അവൻ പ്രവചിക്കുന്നതു കേട്ടപ്പോൾ, “ഈ തലമുറ” എന്ന പ്രയോഗത്തെ അവർ എങ്ങനെയായിരിക്കും മനസ്സിലാക്കിയിരിക്കുക? സുവിശേഷങ്ങളിൽ “തലമുറ” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്നത് ജെനെയാ എന്ന ഗ്രീക്കു പദത്തെയാണ്. “അക്ഷരീയമായി ഒരു പൊതുവായ പൂർവികനിൽനിന്നു വന്നിട്ടുള്ളവർ” എന്നാണു നിലവിലിരിക്കുന്ന നിഘണ്ടുകൾ അതിനെ നിർവചിക്കുന്നത്. (വാൾട്ടർ ബാവരുടെ ഗ്രീക്ക്-ഇംഗ്ലീഷ് ലെക്സിക്കൻ ഓഫ് ദ ന്യൂ ടെസ്റ്റമെൻറ്) “ജനിപ്പിക്കപ്പെട്ടിരിക്കുന്നത്, ഒരു കുടുംബം; . . . ഒരു വംശാവലിയിൽ ഒന്നിനുപിറകെ ഒന്നായി വരുന്ന അംഗങ്ങൾ . . . അല്ലെങ്കിൽ ആളുകളുടെ ഒരു വർഗത്തെ സംബന്ധിച്ച . . . ഒരേ സമയത്തു ജീവിക്കുന്ന മനുഷ്യരുടെ മുഴുകൂട്ടത്തെ സംബന്ധിച്ച, മത്താ. 24:34; മർക്കൊസ് 13:30; ലൂക്കൊസ് 1:48; 21:32; ഫിലി. 2:15, കൂടാതെ അതേ കാലഘട്ടത്തു ജീവിച്ചിരുന്ന യഹൂദവർഗത്തിൽപ്പെട്ടവരെ സംബന്ധിച്ചു വിശേഷിച്ചും.” (ഡബ്ളിയു. ഇ. വൈനിന്റെ എക്സ്പോസിറ്ററി ഡിക്ഷനറി ഓഫ് ന്യൂ ടെസ്റ്റമെൻറ് വേർഡ്സ്) “ജനിപ്പിക്കപ്പെട്ടിരിക്കുന്നത്, ഒരേ ഉറവിൽ, ഒരേ കുടുംബത്തിൽനിന്നുള്ള മനുഷ്യർ; . . . ഒരേ സമയത്തു ജീവിക്കുന്ന മനുഷ്യരുടെ മുഴുകൂട്ടം: മത്താ. xxiv. 34; മർക്കൊ. xiii. 30; ലൂക്കൊ. i. 48 . . . ഒരേ കാലഘട്ടത്തിൽ ജീവിക്കുന്ന യഹൂദ വർഗത്തോടുള്ള ബന്ധത്തിൽ വിശേഷിച്ചും ഉപയോഗിക്കപ്പെടുന്നു.”—എച്ച്. തായറുടെ ഗ്രീക്ക്-ഇംഗ്ലീഷ് ലെക്സിക്കൻ ഓഫ് ദ ന്യൂ ടെസ്റ്റമെൻറ്.
10. (എ) രണ്ടു പ്രാമാണിക ഗ്രന്ഥങ്ങൾ മത്തായി 24:34-നെ പരാമർശിച്ച് ഒരേ രീതിയിലുള്ള ഏതു നിർവചനമാണു നൽകുന്നത്? (ബി) ഒരു ദൈവശാസ്ത്ര നിഘണ്ടുവും ചില ബൈബിൾ പരിഭാഷകളും ഈ നിർവചനത്തെ പിന്തുണയ്ക്കുന്നതെങ്ങനെ?
10 അങ്ങനെ “ഈ തലമുറ”യെ (ഹെ ജെനെയാ ഹൗറ്റെ) “ഒരേസമയത്തു ജീവിക്കുന്ന മനുഷ്യരുടെ മുഴുകൂട്ട”മായി നിർവചിക്കുന്നതിൽ വൈനും തായറും മത്തായി 24:34-നെ പരാമർശിക്കുന്നു. തിയോളജിക്കൽ ഡിക്ഷനറി ഓഫ് ദ ന്യൂ ടെസ്റ്റമെൻറ് (1964) ഈ നിർവചനത്തെ പിന്താങ്ങുകയും ചെയ്യുന്നു. അത് ഇങ്ങനെ പ്രസ്താവിക്കുന്നു: “‘തലമുറ’ എന്ന യേശുവിന്റെ പ്രയോഗം അവന്റെ പരിപൂർണ ഉദ്ദേശ്യത്തെ പ്രതിഫലിപ്പിക്കുന്നു: അവൻ മുഴു ജനങ്ങളെയും ലക്ഷ്യംവയ്ക്കുന്നു. അവരുടെ പാപകാഠിന്യത്തെക്കുറിച്ച് അവൻ ബോധവാനാണ്.” യേശു ഭൂമിയിലായിരുന്നപ്പോൾ യഹൂദജനതയിൽ “പാപകാഠിന്യം” യഥാർഥത്തിൽ വ്യക്തമായിരുന്നു. ഇന്നത്തെ വ്യവസ്ഥിതിയുടെ മുഖമുദ്രയും അതുതന്നെ.c
11. (എ) ഹെ ജെനെയാ ഹൗറ്റെ എങ്ങനെ ബാധകമാക്കണമെന്നു നിശ്ചയിക്കുന്നതിൽ നമ്മെ പ്രാഥമികമായി നയിക്കേണ്ട ആധികാരികത എന്ത്? (ബി) ആധികാരികതയുള്ള ഈ വ്യക്തി പ്രസ്തുത പദം ഉപയോഗിച്ചതെങ്ങനെ?
11 തീർച്ചയായും, ഇക്കാര്യം പഠിക്കുന്ന ക്രിസ്ത്യാനികൾ തങ്ങളുടെ ചിന്തയെ ക്രമപ്പെടുത്തുന്നത്, യേശുവിന്റെ വാക്കുകൾ റിപ്പോർട്ടു ചെയ്തപ്പോൾ ഗ്രീക്കു പദപ്രയോഗമായ ഹെ ജെനെയാ ഹൗറ്റെയെ, അഥവാ “ഈ തലമുറ”യെ നിശ്വസ്ത സുവിശേഷ എഴുത്തുകാർ എങ്ങനെ ഉപയോഗിച്ചുവെന്നു നോക്കിയിട്ടാണ്. പൂർവാപരയോജിപ്പോടെ നിഷേധാത്മകമായ വിധത്തിലാണ് ഈ പ്രയോഗം ഉപയോഗിച്ചിരിക്കുന്നത്. അങ്ങനെ, യേശു യഹൂദ മതനേതാക്കന്മാരെ “പാമ്പുകളേ, സർപ്പസന്തതികളേ” എന്നു വിളിക്കുകയും “ഈ തലമുറ”മേൽ ഗിഹെന്നാ ന്യായവിധി നിർവഹണം നടക്കുമെന്നു തുടർന്നു പറയുകയും ചെയ്തു. (മത്തായി 23:33, 36) എന്നാൽ, കപടഭക്തരായ പുരോഹിതവർഗത്തിനുവേണ്ടി മാത്രമുള്ളതായിരുന്നോ ഈ ന്യായവിധി? അല്ലേയല്ല. അനേകം സന്ദർഭങ്ങളിൽ “ഈ തലമുറ” എന്ന പ്രയോഗത്തെ പൂർവാപരയോജിപ്പിൽ വളരെ വ്യാപകമായ അർഥത്തിൽ ബാധകമാക്കിക്കൊണ്ട് അതേക്കുറിച്ചു യേശു സംസാരിക്കുന്നത് അവന്റെ ശിഷ്യന്മാർ കേൾക്കുകയുണ്ടായി. അത് എന്തായിരുന്നു?
‘ഈ ദുഷ്ടതലമുറ’
12. ശിഷ്യന്മാർ ശ്രദ്ധിച്ചുകൊണ്ടിരിക്കുമ്പോൾ, യേശു “പുരുഷാര”ത്തെ “ഈ തലമുറ”യുമായി ബന്ധപ്പെടുത്തിയതെങ്ങനെ?
12 പൊ.യു. 31-ൽ യേശു ഗലീലിയിലെ തന്റെ മഹത്തായ ശുശ്രൂഷയിൽ, പെസഹാ കഴിഞ്ഞ് അധികം താമസിയാതെ “പുരുഷാര”ത്തോട് ഇങ്ങനെ പറയുന്നതായി ശിഷ്യന്മാർ കേട്ടു: “ഈ തലമുറയെ ഏതിനോടു ഉപമിക്കേണ്ടു? ചന്തസ്ഥലങ്ങളിൽ ഇരുന്നു ചങ്ങാതികളോടു: ഞങ്ങൾ നിങ്ങൾക്കായി കുഴലൂതി, നിങ്ങൾ നൃത്തംചെയ്തില്ല; ഞങ്ങൾ വിലാപം പാടി, നിങ്ങൾ മാറത്തടിച്ചില്ല; എന്നു വിളിച്ചുപറയുന്ന കുട്ടികളോടു അതു തുല്യം. [സ്നാപക] യോഹന്നാൻ തിന്നുകയും കുടിക്കയും ചെയ്യാത്തവനായി വന്നു; അവന്നു ഭൂതമുണ്ടെന്നു അവർ പറയുന്നു. മനുഷ്യപുത്രൻ [യേശു] തിന്നും കുടിച്ചുംകൊണ്ടു വന്നു; തിന്നിയും കുടിയനുമായ മനുഷ്യൻ; ചുങ്കക്കാരുടെയും പാപികളുടെയും സ്നേഹിതൻ എന്നു അവർ പറയുന്നു.” തത്ത്വദീക്ഷയില്ലാത്ത ആ “പുരുഷാര”ത്തെ പ്രീതിപ്പെടുത്തുന്ന ഒന്നായിരുന്നില്ല അത്!—മത്തായി 11:7, 16-19.
13. തന്റെ ശിഷ്യന്മാരുടെ സാന്നിധ്യത്തിൽ, യേശു ‘ഈ ദുഷ്ടതലമുറ’യായി തിരിച്ചറിയിച്ച് കുറ്റംവിധിച്ചത് ആരെ?
13 പിന്നെയും കുറച്ചുനാൾ കഴിഞ്ഞ് പൊ.യു. 31-ൽ, യേശുവും ശിഷ്യന്മാരും ഗലീലയിലെ രണ്ടാമത്തെ പ്രസംഗപര്യടനത്തിന് ഇറങ്ങിത്തിരിച്ചപ്പോൾ, “ശാസ്ത്രിമാരിലും പരീശന്മാരിലും ചിലർ” യേശുവിനോട് ഒരു അടയാളം ആവശ്യപ്പെട്ടു. അവരോടും അവിടെ സന്നിഹിതരായിരുന്ന “പുരുഷാര”ത്തോടുമായി അവൻ പറഞ്ഞു: “ദോഷവും വ്യഭിചാരവുമുള്ള തലമുറ അടയാളം തിരയുന്നു; യോനാപ്രവാചകന്റെ അടയാളമല്ലാതെ അതിന്നു അടയാളം ലഭിക്കയില്ല. യോനാ കടലാനയുടെ വയറ്റിൽ മൂന്നു രാവും പകലും ഇരുന്നതുപോലെ മനുഷ്യപുത്രൻ മൂന്നു രാവും മൂന്നു പകലും ഭൂമിയുടെ ഉള്ളിൽ ഇരിക്കും. . . . ഈ ദുഷ്ടതലമുറെക്കും അങ്ങനെ ഭവിക്കും.” (മത്തായി 12:38-46) വ്യക്തമായും, യേശുവിന്റെ മരണത്തിലും പുനരുത്ഥാനത്തിലും നിറവേറിയ അടയാളം ഒരിക്കലും മനസ്സിലാക്കാഞ്ഞ മതനേതാക്കന്മാരും “പുരുഷാര”വും ‘ഈ ദുഷ്ടതലമുറ’യിൽ ഉൾപ്പെട്ടിരുന്നു.d
14. സദൂക്യരെയും പരീശന്മാരെയും കുറിച്ചു യേശു എന്തു കുറ്റാരോപണം നടത്തുന്നതു ശിഷ്യന്മാർ കേട്ടു?
14 പൊ.യു. 32-ലെ പെസഹായ്ക്കുശേഷം, യേശുവും ശിഷ്യന്മാരും മഗദൻ എന്ന ഗലീലിയാ പ്രദേശത്തേക്കു വന്നപ്പോൾ, സദൂക്യരും പരീശന്മാരും യേശുവിനോടു വീണ്ടും ഒരു അടയാളം ആവശ്യപ്പെട്ടു. അവൻ അവരോട് ആവർത്തിച്ചുപറഞ്ഞു: “ദോഷവും വ്യഭിചാരവുമുള്ള തലമുറ അടയാളം തിരയുന്നു; യോനായുടെ അടയാളമല്ലാതെ അതിന്നു അടയാളം ലഭിക്കയില്ല.” (മത്തായി 16:1-4) ‘ഈ ദുഷ്ടതലമുറ’ എന്നു യേശു കുറ്റംവിധിച്ച അവിശ്വസ്ത “പുരുഷാര”ത്തിനിടയിലെ നേതാക്കൻമാർ എന്നനിലയിൽ ആ മതകപടഭക്തർ തീർച്ചയായും ഏറ്റവും നിന്ദ്യരായിരുന്നു.
15. രൂപാന്തരീകരണത്തിനു തൊട്ടു മുമ്പും പിമ്പും, ‘ഈ തലമുറ’യുമായി യേശുവും ശിഷ്യന്മാരും എന്ത് ഏറ്റുമുട്ടലിനെ അഭിമുഖീകരിച്ചു?
15 ഗലീലയിലെ ശുശ്രൂഷയുടെ അവസാനം യേശു പുരുഷാരത്തെയും ശിഷ്യന്മാരെയും അടുക്കൽ വിളിച്ച് അവരോടു പറഞ്ഞു: “വ്യഭിചാരവും പാപവും ഉള്ള ഈ തലമുറയിൽ ആരെങ്കിലും എന്നെയും എന്റെ വചനങ്ങളെയും കുറിച്ചു നാണിച്ചാൽ അവനെക്കുറിച്ചു മനുഷ്യപുത്രനും . . . നാണിക്കും.” (മർക്കൊസ് 8:34, 38) അതുകൊണ്ട് “വ്യഭിചാരവും പാപവും ഉള്ള ഈ തലമുറ” വ്യക്തമായും ആ സമയത്തെ അനുതാപമില്ലാത്ത യഹൂദ ജനക്കൂട്ടമായിരുന്നു. ഏതാനും ദിവസങ്ങൾക്കുശേഷം, യേശുവിന്റെ രൂപാന്തരീകരണത്തിനുശേഷം, യേശുവും ശിഷ്യന്മാരും “പുരുഷാരത്തിന്റെ അടുക്കൽ വന്നു.” അപ്പോൾ തന്റെ മകനെ സുഖപ്പെടുത്തണമേ എന്ന് ഒരു മനുഷ്യൻ അവനോട് അഭ്യർഥിച്ചു. “അവിശ്വാസവും കോട്ടവുമുള്ള തലമുറയേ, എത്രത്തോളം ഞാൻ നിങ്ങളോടുകൂടെ ഇരിക്കും? എത്രത്തോളം നിങ്ങളെ സഹിക്കും?” എന്നു യേശു അഭിപ്രായപ്പെട്ടു.—മത്തായി 17:14-17; ലൂക്കൊസ് 9:37-41.
16. (എ) യഹൂദയിൽ “പുരുഷാര”ത്തെക്കുറിച്ചുള്ള ഏതു കുറ്റാരോപണം യേശു ആവർത്തിച്ചു? (ബി) “ഈ തലമുറ” എല്ലാ കുറ്റകൃത്യങ്ങളിലുംവെച്ച് ഏറ്റവും ഹീനമായതു ചെയ്തിരിക്കുന്നതെങ്ങനെ?
16 പൊ.യു. 32-ലെ കൂടാരപ്പെരുന്നാൾ കഴിഞ്ഞ്, സാധ്യതയനുസരിച്ച് യഹൂദയിൽവെച്ച് യേശുവിനുചുറ്റും “പുരുഷാരം തിങ്ങിക്കൂടിയപ്പോൾ” “ഈ തലമുറ ദോഷമുള്ള തലമുറയാകുന്നു; അതു അടയാളം അന്വേഷിക്കുന്നു; യോനായുടെ അടയാളമല്ലാതെ അതിന്നു ഒരു അടയാളവും കൊടുക്കയില്ല” എന്നു പറഞ്ഞുകൊണ്ട് അവരെക്കുറിച്ചുള്ള കുറ്റാരോപണം അവൻ ആവർത്തിച്ചു. (ലൂക്കൊസ് 11:29) ഒടുവിൽ, മതനേതാക്കന്മാർ യേശുവിനെ വിചാരണയ്ക്കായി കൊണ്ടുവന്നപ്പോൾ, പീലാത്തോസ് അവനെ വിട്ടയയ്ക്കാൻ തുനിഞ്ഞതായിരുന്നു. വിവരണം ഇങ്ങനെ പറയുന്നു: “ബറാബ്ബാസിനെ ചോദിപ്പാനും യേശുവിനെ നശിപ്പിപ്പാനും മഹാപുരോഹിതന്മാരും മൂപ്പന്മാരും പുരുഷാരത്തെ സമ്മതിപ്പിച്ചു. . . . പീലാത്തൊസ് അവരോടു: എന്നാൽ ക്രിസ്തു എന്ന യേശുവിനെ എന്തു ചെയ്യേണ്ടു എന്നു ചോദിച്ചതിന്നു: അവനെ ക്രൂശിക്കേണം എന്നു എല്ലാവരും പറഞ്ഞു. അവൻ ചെയ്ത ദോഷം എന്തു എന്നു അവൻ ചോദിച്ചു. അവനെ ക്രൂശിക്കേണം എന്നു അവർ ഏറ്റവും നിലവിളിച്ചു പറഞ്ഞു.” ആ ‘ദുഷ്ടതലമുറ’ യേശുവിന്റെ രക്തത്തിനായി മുറവിളികൂട്ടുകയായിരുന്നു!—മത്തായി 27:20-25.
17. പെന്തക്കോസ്തു നാളിൽ പത്രോസിന്റെ പ്രസംഗത്തോട് “ഈ വക്രതയുള്ള തലമുറ”യിലെ ചിലർ പ്രതികരിച്ചതെങ്ങനെ?
17 ‘വിശ്വാസരഹിതവും ദോഷവുമുള്ള ആ തലുമുറ’യെ ഇളക്കിവിട്ടത് അവരുടെ മതനേതാക്കന്മാരായിരുന്നു. അങ്ങനെ യേശുക്രിസ്തുവിനെ വധിക്കുന്നതിൽ അത് ഒരു നിർണായക പങ്കു വഹിച്ചു. അമ്പതു ദിവസം കഴിഞ്ഞ്, പൊ.യു. 33-ലെ പെന്തക്കോസ്തിൽ ശിഷ്യന്മാർക്കു പരിശുദ്ധാത്മാവു ലഭിക്കുകയും വ്യത്യസ്ത ഭാഷകളിൽ സംസാരിക്കാൻ തുടങ്ങുകയും ചെയ്തു. ആരവംകേട്ട് “പുരുഷാരം വന്നുകൂടി.” അപ്പോൾ പത്രോസ് അപ്പോസ്തലൻ അവരെ “യെഹൂദാപുരുഷന്മാരും യെരൂശലേമിൽ പാർക്കുന്ന എല്ലാവരുമായുള്ളോരേ” എന്ന് അഭിസംബോധന ചെയ്തുകൊണ്ടു പറഞ്ഞു: “യേശുവിനെ . . . നിങ്ങൾ . . . അധർമ്മികളുടെ കയ്യാൽ തറെച്ചു കൊന്നു.” അതു കേട്ട ചിലർ പ്രതികരിച്ചത് എങ്ങനെയായിരുന്നു? “അവർ[ക്കു] ഹൃദയത്തിൽ കുത്തുകൊണ്ടു.” അപ്പോൾ പത്രോസ് അവരോട് അനുതപിക്കാൻ ആവശ്യപ്പെട്ടു. “മറ്റു പല വാക്കുകളാലും അവൻ സാക്ഷ്യംപറഞ്ഞു അവരെ പ്രബോധിപ്പിച്ചു; ഈ വക്രതയുള്ള തലമുറയിൽനിന്നു രക്ഷിക്കപ്പെടുവിൻ എന്നു പറഞ്ഞു.” അതിനോടു പ്രതികരിച്ചുകൊണ്ട്, മൂവായിരത്തോളംപേർ ‘അവന്റെ വാക്കു കൈക്കൊണ്ടു സ്നാനം ഏറ്റു.’—പ്രവൃത്തികൾ 2:6, 14, 23, 37, 40, 41.
“ഈ തലമുറ”യെ തിരിച്ചറിയൽ
18. “ഈ തലമുറ” എന്ന യേശുവിന്റെ പദപ്രയോഗം പൂർവാപരയോജിപ്പിൽ എന്തിനെ പരാമർശിക്കുന്നു?
18 അപ്പോൾ, തന്റെ ശിഷ്യന്മാരുടെ സാന്നിധ്യത്തിൽ യേശു കൂടെക്കൂടെ പരാമർശിച്ച “തലമുറ” എന്താണ്? “ഇതൊക്കെയും സംഭവിക്കുവോളം ഈ തലമുറ ഒഴിഞ്ഞുപോകയില്ല” എന്ന അവന്റെ വാക്കുകൾ കേട്ട് അവർ മനസ്സിലാക്കിയത് എന്തായിരുന്നു? തീർച്ചയായും, യഹൂദ ജനതയുടെ ഭാഗമായ “കുരുടരായ വഴികാട്ടിക”ളും ഉൾപ്പെട്ട സമകാലീന ജനക്കൂട്ടത്തിനു പൂർവാപരയോജിപ്പിൽ യേശു ബാധകമാക്കിയ “ഈ തലമുറ” എന്ന സ്ഥിരം പദപ്രയോഗത്തിൽനിന്ന് അവൻ വ്യതിചലിക്കുകയായിരുന്നില്ല. (മത്തായി 15:14) യേശു മുൻകൂട്ടിപ്പറഞ്ഞ എല്ലാ അരിഷ്ടതകളും അനുഭവിച്ച “ഈ തലമുറ” യെരുശലേമിൽ സംഭവിച്ച അനുപമമായ ഒരു “വലിയ കഷ്ട”ത്തിൽ ഒഴിഞ്ഞുപോയി.—മത്തായി 24:21, 34.
19. യഹൂദ വ്യവസ്ഥിതിയുടെ “ആകാശവും ഭൂമിയും” എപ്പോൾ, എങ്ങനെ ഒഴിഞ്ഞുപോയി?
19 ഒന്നാം നൂറ്റാണ്ടിൽ, യഹൂദ ജനത്തെ ന്യായംവിധിക്കുകയായിരുന്നു യഹോവ. ക്രിസ്തുവിലൂടെയുള്ള യഹോവയുടെ ദയാപുരസ്സരമായ കരുതലിൽ വിശ്വാസം പ്രകടമാക്കാനിടയായ അനുതപിച്ചവർ ആ “മഹോപദ്രവ”ത്തിൽനിന്നു രക്ഷിക്കപ്പെട്ടു. യേശു പറഞ്ഞതുപോലെതന്നെ, പ്രവചിക്കപ്പെട്ട എല്ലാ സംഗതികളും സംഭവിച്ചു. അന്നു യഹൂദ വ്യവസ്ഥിതിയുടെ “ആകാശവും ഭൂമിയും”—മതനേതാക്കന്മാരും ആളുകളുടെ ദുഷ്ടസമൂഹവും ഉൾപ്പെട്ട മുഴു ജനതയും—ഒഴിഞ്ഞുപോയി. യഹോവ ന്യായവിധി നിർവഹിക്കുകതന്നെ ചെയ്തു!—മത്തായി 24:35; 2 പത്രൊസ് 3:7 താരതമ്യം ചെയ്യുക.
20. എല്ലാ ക്രിസ്ത്യാനികൾക്കും അടിയന്തിരതയോടെ ബാധകമാകുന്ന സമയോചിത അനുശാസനമെന്ത്?
20 “തലമുറ”യുടെയോ ‘കാലങ്ങളുടെയോ സമയങ്ങളുടെയോ’ ദൈർഘ്യം കണക്കാക്കാൻ ശ്രമിക്കുന്നതിലല്ല, മറിച്ച് സമകാലീന ദുഷ്ടതലമുറയിൽനിന്നു വേറിട്ടുനിന്ന് തീക്ഷ്ണതയോടെ ദൈവേഷ്ടം ചെയ്യുന്നതിലായിരുന്നു തങ്ങളുടെ രക്ഷ ആശ്രയിച്ചിരുന്നത് എന്നു യേശുവിന്റെ പ്രാവചനിക വാക്കുകൾക്കു ശ്രദ്ധകൊടുത്തിരുന്ന ആ യഹൂദന്മാർ തിരിച്ചറിഞ്ഞു. യേശുവിന്റെ പ്രവചനത്തിന്റെ അവസാന വാക്കുകൾ നമ്മുടെ നാളിലെ വലിയ നിവൃത്തിക്കാണു ബാധകമാകുന്നതെങ്കിലും, ഒന്നാം നൂറ്റാണ്ടിലെ യഹൂദ ക്രിസ്ത്യാനികളും പ്രസ്തുത അനുശാസനത്തിനു ചെവി കൊടുക്കണമായിരുന്നു: “ആകയാൽ ഈ സംഭവിപ്പാനുള്ള എല്ലാറ്റിന്നും ഒഴിഞ്ഞുപോകുവാനും മനുഷ്യപുത്രന്റെ മുമ്പിൽ നില്പാനും നിങ്ങൾ പ്രാപ്തരാകേണ്ടതിന്നു സദാകാലവും ഉണർന്നും പ്രാർഥിച്ചുംകൊണ്ടിരിപ്പിൻ.”—ലൂക്കൊസ് 21:32-36; പ്രവൃത്തികൾ 1:6-8.
21. സമീപ ഭാവിയിൽ പെട്ടെന്നുള്ള എന്തു സംഭവവികാസം നമുക്കു പ്രതീക്ഷിക്കാനാവും?
21 ഇന്ന്, “യഹോവയുടെ മഹാദിവസം അടുത്തിരിക്കുന്നു; അതു അടുത്തു അത്യന്തം ബദ്ധപ്പെട്ടുവരുന്നു.” (സെഫന്യാവു 1:14-18; യെശയ്യാവു 13:9, 13) പെട്ടെന്ന്, യഹോവ സ്വയം മുൻനിർണയിച്ചിട്ടുള്ള ‘നാളിലും നാഴിക’യിലും, ലോകത്തിന്റെ മതപരവും രാഷ്ട്രീയവും വാണിജ്യപരവുമായ ഘടകങ്ങളുടെമേലും “ദോഷവും വ്യഭിചാരവുമുള്ള” ഈ സമകാലീന “തലമുറ”യുടെമേലും അവന്റെ ക്രോധം ചൊരിയപ്പെടും. (മത്തായി 12:39; 24:36; വെളിപ്പാടു 7:1-3, 9, 14) ആ “വലിയ കഷ്ട”ത്തിൽനിന്നു നിങ്ങൾക്ക് എങ്ങനെ രക്ഷപ്പെടാനാവും? ഞങ്ങളുടെ അടുത്ത ലേഖനം അതിന് ഉത്തരം നൽകുകയും ഭാവിയിലേക്കുള്ള മഹത്തായ പ്രത്യാശയെക്കുറിച്ചു പറയുകയും ചെയ്യും.
[അടിക്കുറിപ്പുകൾ]
a ഈ പ്രവചനത്തിന്റെ വിശദമായ ഒരു രൂപരേഖയ്ക്ക്, ദയവായി 1994 ഫെബ്രുവരി 15 വീക്ഷാഗോപുരത്തിന്റെ 14, 15 പേജുകളിലുള്ള ചാർട്ടു കാണുക.
b വർഷങ്ങളുടെ “ആഴ്ച”കളെക്കുറിച്ചു കൂടുതലായ വിവരങ്ങൾക്കു വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി പ്രസിദ്ധീകരിച്ച ബൈബിൾ—ദൈവത്തിന്റെ വചനമോ അതോ മനുഷ്യന്റേതോ [ഇംഗ്ലീഷ്] എന്ന പുസ്തകത്തിന്റെ 130-2 പേജുകൾ കാണുക.
c ചില ബൈബിളുകൾ മത്തായി 24:34-ലെ ഹെ ജെനെയാ ഹൗറ്റെയെ പിൻവരുന്നപ്രകാരം പരിഭാഷപ്പെടുത്തുന്നു: “ഈ ജനം” (ഡബ്ളിയു. എഫ്. ബെക്കിന്റെ ദ ഹോളി ബൈബിൾ ഇൻ ദ ലാംങ്ഗ്വേജ് ഓഫ് ടുഡേ [1976]); “ഈ ജനത” (കെ. എസ്. വൂസ്റ്റിന്റെ ദ ന്യൂ ടെസ്റ്റമെൻറ്—ആൻ എക്സ്പാൻറഡ് ട്രാൻസ്ലേഷൻ [1961]); “ഈ ജനം” (ഡി. എച്ച്. സ്റ്റേണിന്റെ ജ്യൂയിഷ് ന്യൂ ടെസ്റ്റമെൻറ് [1979]).
d അവിശ്വസ്തരായ ഈ “പുരുഷാര”ത്തെ അഹങ്കാരികളായ മതനേതാക്കന്മാർ സഹവസിക്കാൻ കൂട്ടാക്കാതിരുന്ന, എന്നാൽ യേശുവിനു “മനസ്സലിഞ്ഞ” അംഹാരെറ്റ്സുമായി, അല്ലെങ്കിൽ “നിലത്തെ ആളുകളു”മായി തുലനം ചെയ്യാനാവില്ല.—മത്തായി 9:36; യോഹന്നാൻ 7:49.
നിങ്ങൾ എങ്ങനെ ഉത്തരം പറയും?
◻ ദാനീയേൽ 9:24-27-ന്റെ നിവൃത്തിയിൽനിന്നു നാം എന്തു മനസ്സിലാക്കുന്നു?
◻ ബൈബിളിൽ ഉപയോഗിച്ചിരിക്കുന്നതുപോലെ, നിലവിലിരിക്കുന്ന നിഘണ്ടുകൾ “ഈ തലമുറ”യെ നിർവചിക്കുന്നതെങ്ങനെ?
◻ “തലമുറ” എന്ന പദം യേശു പൂർവാപരയോജിപ്പിൽ ഉപയോഗിച്ചതെങ്ങനെ?
◻ മത്തായി 24:34, 35 ഒന്നാം നൂറ്റാണ്ടിൽ നിവൃത്തിയേറിയതെങ്ങനെ?
[12-ാം പേജിലെ ചിത്രം]
യേശു “ഈ തലമുറ”യെ താന്തോന്നികളായ കുട്ടികളുടെ കൂട്ടത്തോടു താരതമ്യപ്പെടുത്തി
[15-ാം പേജിലെ ചിത്രം]
ദുഷ്ട യഹൂദവ്യവസ്ഥിതിയിന്മേൽ ന്യായവിധി നടപ്പാക്കുന്ന സമയം മുന്നമേ അറിഞ്ഞിരുന്നതു യഹോവ മാത്രം