‘നീതിമാന്മാർ സൂര്യനെപ്പോലെ പ്രകാശിക്കും’
“അന്നു നീതിമാന്മാർ തങ്ങളുടെ പിതാവിന്റെ രാജ്യത്തിൽ സൂര്യനെപ്പോലെ പ്രകാശിക്കും.” —മത്താ. 13:43.
1. രാജ്യത്തിന്റെ ഏതെല്ലാം വശങ്ങളാണ് യേശു ദൃഷ്ടാന്തങ്ങളിലൂടെ വിശദീകരിച്ചത്?
ദൈവരാജ്യത്തിന്റെ വിവിധ വശങ്ങൾ വിശദീകരിക്കാനായി യേശു പല ദൃഷ്ടാന്തങ്ങൾ ഉപയോഗിക്കുകയുണ്ടായി. യേശു “ജനക്കൂട്ടത്തോട് ദൃഷ്ടാന്തങ്ങളിലൂടെ സംസാരിച്ചു. ദൃഷ്ടാന്തങ്ങളിലൂടെയല്ലാതെ അവൻ അവരോട് ഒന്നും പറയുമായിരുന്നില്ല” എന്ന് നാം വായിക്കുന്നു. (മത്താ. 13:34) ഒരാൾ രാജ്യസന്ദേശം സ്വീകരിക്കുന്നത് അയാളുടെ ഹൃദയനിലയെ ആശ്രയിച്ചിരിക്കുന്നു എന്ന് രാജ്യസത്യത്തിന്റെ വിത്ത് വിതയ്ക്കുന്നതിനെക്കുറിച്ചുള്ള ദൃഷ്ടാന്തങ്ങളിലൊന്നിൽ യേശു വ്യക്തമാക്കി. രാജ്യസത്യം സ്വീകരിച്ച് ഒരാൾ പുരോഗമിക്കുന്നതിൽ യഹോവയ്ക്കുള്ള പങ്കിനെക്കുറിച്ചുള്ളതായിരുന്നു മറ്റൊന്ന്. (മർക്കോ. 4:3-9, 26-29) രാജ്യസത്യം സ്വീകരിക്കുന്നവരുടെ എണ്ണത്തിലുണ്ടാകുന്ന അഭൂതപൂർവമായ വളർച്ച തുടക്കത്തിൽ കാണാനാകില്ലെന്ന് യേശു മറ്റൊരു ദൃഷ്ടാന്തത്തിൽ വ്യക്തമാക്കി. (മത്താ. 13:31-33) രാജ്യസന്ദേശത്തോട് അനുകൂലമായി പ്രതികരിക്കുന്ന എല്ലാവരും രാജ്യത്തിന്റെ പ്രജകളായിരിക്കാൻ യോഗ്യരായിത്തീരുകയില്ല എന്ന കാര്യവും യേശു മറ്റൊരു ദൃഷ്ടാന്തത്തിൽ സൂചിപ്പിച്ചു.—മത്താ. 13:47-50.a
2. ഗോതമ്പിന്റെയും കളകളുടെയും ദൃഷ്ടാന്തത്തിൽ നല്ല വിത്ത് എന്തിനെ കുറിക്കുന്നു?
2 എന്നാൽ തന്നോടൊപ്പം രാജ്യം ഭരിക്കാനുള്ളവരുടെ കൂട്ടിച്ചേർക്കലിനെ കുറിച്ചുള്ളതായിരുന്നു യേശു പറഞ്ഞ മറ്റൊരു ദൃഷ്ടാന്തം. ഗോതമ്പിന്റെയും കളകളുടെയും ദൃഷ്ടാന്തം എന്നാണ് അത് അറിയപ്പെടുന്നത്. മത്തായി 13-ാം അധ്യായത്തിൽ നാം അത് കാണുന്നു. മുമ്പ് മറ്റൊരു ദൃഷ്ടാന്തത്തിൽ, വിത്ത് “രാജ്യത്തിന്റെ വചനം” ആണെന്ന് യേശു പറഞ്ഞിരുന്നു. എന്നാൽ ഈ ദൃഷ്ടാന്തത്തിൽ നല്ല വിത്ത് “രാജ്യത്തിന്റെ പുത്രന്മാർ” ആണെന്ന് യേശു വ്യക്തമാക്കി. (മത്താ. 13:19, 38) ഇവർ രാജ്യത്തിന്റെ പ്രജകളല്ല, മറിച്ച് രാജ്യത്തിന്റെ “പുത്രന്മാർ” അഥവാ അവകാശികൾ ആണ്.—റോമ. 8:14-17; ഗലാത്യർ 4:6, 7 വായിക്കുക.
ഗോതമ്പിന്റെയും കളകളുടെയും ദൃഷ്ടാന്തം
3. ദൃഷ്ടാന്തത്തിലെ വീട്ടുടയവൻ എന്തു പ്രശ്നം നേരിടുന്നു, അതിനെ എങ്ങനെ കൈകാര്യം ചെയ്യാനാണ് അദ്ദേഹം തീരുമാനിക്കുന്നത്?
3 യേശു പറഞ്ഞ ദൃഷ്ടാന്തം ഇതാണ്: “സ്വർഗരാജ്യം, തന്റെ വയലിൽ നല്ല വിത്തു വിതച്ച ഒരു മനുഷ്യനോടു സദൃശം. ആളുകൾ ഉറക്കമായപ്പോൾ അവന്റെ ശത്രു വന്ന് ഗോതമ്പിന്റെ ഇടയിൽ കള വിതച്ചിട്ടു പൊയ്ക്കളഞ്ഞു. ഗോതമ്പു മുളച്ചുവളർന്നു കതിരായപ്പോൾ കളയും പ്രത്യക്ഷപ്പെട്ടു. വീട്ടുടയവന്റെ വേലക്കാർ വന്ന് അവനോട്, ‘യജമാനനേ, നീ നല്ല വിത്തല്ലയോ വയലിൽ വിതച്ചത്? പിന്നെ കളകൾ എങ്ങനെ വന്നു?’ എന്നു ചോദിച്ചു. അവൻ അവരോട്, ‘ഇത് ഒരു ശത്രു ചെയ്തതാകുന്നു’ എന്നു പറഞ്ഞു. അപ്പോൾ അവർ, ‘ഞങ്ങൾ ചെന്ന് അത് പറിച്ചുകൂട്ടട്ടെയോ?’ എന്നു ചോദിച്ചു. അതിന് അവൻ പറഞ്ഞതെന്തെന്നാൽ: ‘അതുവേണ്ട; കളകൾ പറിക്കുമ്പോൾ ഗോതമ്പുകൂടെ പിഴുതുപോരും. കൊയ്ത്തുകാലംവരെ രണ്ടും ഒന്നിച്ചുവളരട്ടെ. അപ്പോൾ ഞാൻ കൊയ്ത്തുകാരോട്, ആദ്യം കളകൾ പറിച്ചുകൂട്ടി ചുട്ടുകളയേണ്ടതിന് കെട്ടുകളാക്കുവിൻ എന്നും പിന്നെ ഗോതമ്പ് എന്റെ കളപ്പുരയിൽ കൂട്ടിവെക്കുവിൻ എന്നും കൽപ്പിക്കും.’”—മത്താ. 13:24-30.
4. (എ) ദൃഷ്ടാന്തത്തിലെ മനുഷ്യൻ ആരാണ്? (ബി) എപ്പോൾ, എങ്ങനെയാണ് യേശു വിത്ത് വിതയ്ക്കാൻ തുടങ്ങിയത്?
4 നല്ല വിത്ത് വിതച്ച മനുഷ്യൻ ആരാണ്? ആ മനുഷ്യൻ ആരാണെന്ന് യേശു പിന്നീട് ശിഷ്യന്മാരോട് പറഞ്ഞു: “നല്ല വിത്ത് വിതയ്ക്കുന്നവൻ മനുഷ്യപുത്രൻ.” (മത്താ. 13:37) ‘മനുഷ്യപുത്രനായ’ യേശു ഭൂമിയിലെ തന്റെ മൂന്നര വർഷം നീണ്ടുനിന്ന ശുശ്രൂഷക്കാലത്തുടനീളം വിത്ത് വിതയ്ക്കാനായി നിലം ഒരുക്കുകയായിരുന്നു. (മത്താ. 8:20; 25:31; 26:64) എ.ഡി. 33-ലെ പെന്തെക്കൊസ്ത് മുതൽ അവൻ “രാജ്യത്തിന്റെ പുത്രന്മാർ” എന്ന നല്ല വിത്ത് വിതയ്ക്കാൻ തുടങ്ങി. യഹോവയുടെ പ്രതിനിധിയായി യേശു ശിഷ്യന്മാരുടെമേൽ പരിശുദ്ധാത്മാവിനെ പകർന്നുകൊണ്ട് അവരെ ദൈവപുത്രന്മാരായി അഭിഷേകം ചെയ്തപ്പോഴാണ് സാധ്യതയനുസരിച്ച് വിത തുടങ്ങിയത്.b (പ്രവൃ. 2:33) നല്ല വിത്ത് മുളച്ച് ഗോതമ്പു ചെടിയായി വളർന്നു. യേശുവിനോടൊപ്പം അവന്റെ രാജ്യത്തിൽ അവകാശികളും രാജാക്കന്മാരും ആകാനുള്ളവരെയെല്ലാം കാലക്രമത്തിൽ കൂട്ടിച്ചേർക്കുകയായിരുന്നു നല്ല വിത്ത് വിതച്ചതിന്റെ ഉദ്ദേശ്യം എന്ന് അത് കാണിക്കുന്നു.
5. ദൃഷ്ടാന്തത്തിലെ ശത്രു ആരാണ്? കളകൾ ആരെ ചിത്രീകരിക്കുന്നു?
5 യേശു പറഞ്ഞ ദൃഷ്ടാന്തത്തിൽ ശത്രു ആരാണ്? കളകൾ ആരെയാണ് ചിത്രീകരിക്കുന്നത്? ശത്രു “പിശാച്” ആണെന്ന് യേശു പറഞ്ഞു. കളകൾ, “ദുഷ്ടനായവന്റെ പുത്രന്മാർ” ആണ്. (മത്താ. 13:25, 38, 39) ഡാർണെൽ എന്നറിയപ്പെടുന്ന ഒരുതരം ചെടിയെയായിരിക്കണം യേശു കള എന്നു പരാമർശിച്ചത്. വിഷമുള്ള ഈ ചെടി പൂർണവളർച്ചയെത്തുന്നതിനുമുമ്പ് ഗോതമ്പു ചെടിപോലെ തോന്നും. രാജ്യത്തിന്റെ പുത്രന്മാരാണെന്ന് അവകാശവാദം നടത്തുന്ന, എന്നാൽ യഥാർഥ ഫലം പുറപ്പെടുവിക്കാതെ പേരിനു മാത്രം ക്രിസ്ത്യാനികളായിരിക്കുന്നവരെ ഇത് എത്ര നന്നായി ചിത്രീകരിക്കുന്നു! ക്രിസ്തുവിന്റെ അനുഗാമികളാണെന്ന് അവകാശപ്പെടുന്ന ഈ കപട ക്രിസ്ത്യാനികൾ ശരിക്കും, പിശാചായ സാത്താന്റെ “സന്തതി”യാണ്.—ഉല്പ. 3:15.
6. കളകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങിയത് എപ്പോഴാണ്? ആളുകൾ അപ്പോൾ ‘ഉറക്കമായത്’ ഏതർഥത്തിലാണ്?
6 കള സമാന ക്രിസ്ത്യാനികൾ പ്രത്യക്ഷപ്പെടാൻ തുടങ്ങിയത് എപ്പോഴാണ്? “ആളുകൾ ഉറക്കമായപ്പോൾ” എന്ന് യേശു പറഞ്ഞു. (മത്താ. 13:25) എപ്പോഴായിരുന്നു അത്? എഫെസൊസിലെ മൂപ്പന്മാരോടുള്ള പൗലോസിന്റെ വാക്കുകളിൽ അതിനുള്ള ഉത്തരമുണ്ട്: “എന്റെ വേർപാടിനുശേഷം, ആട്ടിൻകൂട്ടത്തോട് ആർദ്രത കാണിക്കാത്ത കൊടിയ ചെന്നായ്ക്കൾ നിങ്ങളുടെ ഇടയിലേക്കു കടക്കുമെന്ന് ഞാൻ അറിയുന്നു. ശിഷ്യന്മാരെ തങ്ങളുടെ പിന്നാലെ വശീകരിച്ചുകൊണ്ടുപോകാനായി ഉപദേശങ്ങളെ വളച്ചൊടിക്കുന്ന പുരുഷന്മാർ നിങ്ങളുടെ ഇടയിൽനിന്നുതന്നെ എഴുന്നേൽക്കും.” (പ്രവൃ. 20:29, 30) ജാഗ്രതയോടിരിക്കാൻ തുടർന്ന് അവൻ ആ മൂപ്പന്മാരെ ഉദ്ബോധിപ്പിച്ചു. വിശ്വാസത്യാഗത്തിന് “പ്രതിബന്ധമായി” നിന്നിരുന്ന അപ്പൊസ്തലന്മാർ മരണനിദ്ര പ്രാപിക്കാൻ തുടങ്ങിയതോടെ ക്രിസ്ത്യാനികളിൽ പലരും ആത്മീയ മയക്കത്തിലേക്കു വഴുതിവീണു. (2 തെസ്സലോനിക്യർ 2:3, 6-8 വായിക്കുക.) കൊടിയ വിശ്വാസത്യാഗം ആരംഭിച്ചത് അപ്പോഴാണ്.
7. ഗോതമ്പിൽ ചിലത് കളകളായി മാറിയോ? വിശദീകരിക്കുക.
7 ഗോതമ്പ് കളകളായിമാറി എന്നല്ല ഗോതമ്പിനിടയിൽ കളകൾ വിതച്ചു എന്നാണ് യേശു പറഞ്ഞത്. സത്യക്രിസ്ത്യാനികൾ വിശ്വാസത്യാഗികളാകുന്നതിനെക്കുറിച്ചുള്ളതല്ല ഈ ദൃഷ്ടാന്തമെന്ന് ഇതിൽനിന്നു മനസ്സിലാക്കാം. മറിച്ച്, ദുഷ്ടമനുഷ്യരെ ക്രിസ്തീയ സഭയിലേക്കു കടത്തിവിട്ടുകൊണ്ട് അതിനെ ദുഷിപ്പിക്കാൻ സാത്താൻ നടത്തിയ ശ്രമത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. അപ്പൊസ്തലന്മാരിൽവെച്ച് അവസാനം മരിച്ച യോഹന്നാന് പ്രായമായപ്പോഴേക്കും ഈ വിശ്വാസത്യാഗം വളരെ പ്രകടമായിരുന്നു.—2 പത്രോ. 2:1-3; 1 യോഹ. 2:18.
“കൊയ്ത്തുകാലംവരെ രണ്ടും ഒന്നിച്ചുവളരട്ടെ”
8, 9. (എ) വീട്ടുടയവൻ വേലക്കാർക്കു കൊടുത്ത നിർദേശം മനസ്സിലാക്കാൻ യേശുവിന്റെ ശിഷ്യന്മാർക്ക് കഴിഞ്ഞത് എന്തുകൊണ്ട്? (ബി) ഗോതമ്പും കളകളും ഒന്നിച്ചുവളരട്ടെ എന്നു പറഞ്ഞത് നിവൃത്തിയേറിയത് എങ്ങനെ?
8 വേലക്കാർ വന്ന് വീട്ടുടയവനെ പ്രശ്നം ധരിപ്പിക്കുന്നു. ‘ഞങ്ങൾ ചെന്ന് കളകൾ പറിച്ചുകൂട്ടട്ടെയോ?’ എന്ന് അവർ ചോദിക്കുന്നു. (മത്താ. 13:27, 28) വീട്ടുടയവൻ അവർക്കു നൽകിയ മറുപടി വിചിത്രമായി തോന്നിയേക്കാം. കൊയ്ത്തുകാലംവരെ ഗോതമ്പും കളകളും ഒന്നിച്ചുവളരട്ടെ എന്ന് വീട്ടുടയവൻ വേലക്കാരോടു പറയുന്നു. യേശുവിന്റെ ശിഷ്യന്മാർക്ക് വീട്ടുടയവൻ പറഞ്ഞതിന്റെ അർഥം മനസ്സിലാകുമായിരുന്നു. കാരണം, ഗോതമ്പ് ചെടിയും ഡാർണെൽ ചെടിയും തമ്മിൽ തിരിച്ചറിയാൻ പ്രയാസമാണെന്ന് അവർക്കറിയാമായിരുന്നു. സാധാരണയായി, ഡാർണെൽ ചെടിയുടെ വേരുകൾ ഗോതമ്പു ചെടിയുടെ വേരുമായി ചുറ്റിപ്പിണഞ്ഞാണ് വളരുന്നതെന്ന കാര്യം കൃഷിചെയ്ത് പരിചയമുള്ളവർക്ക് അറിയാം.c വെറുതെയല്ല അവരോട് കാത്തിരിക്കാൻ വീട്ടുടയവൻ പറഞ്ഞത്!
9 സമാനമായി കഴിഞ്ഞ നൂറ്റാണ്ടുകളിൽ ക്രൈസ്തവലോകത്തിലെ വിവിധ മതവിഭാഗങ്ങൾ വലിയൊരളവിൽ കള മുളപ്പിച്ചു. ആദ്യം റോമൻ കത്തോലിക്കാ, ഓർത്തഡോക്സ് സഭകളും പിന്നീട് എണ്ണമറ്റ പ്രൊട്ടസ്റ്റന്റ് വിഭാഗങ്ങളും അതിൽ വലിയൊരു പങ്കുവഹിച്ചു. എന്നാൽ ലോകമാകുന്ന വയലിൽ ആ സമയത്ത് ഗോതമ്പുമണികളും വിതയ്ക്കപ്പെട്ടിരുന്നു; പക്ഷേ അവ എണ്ണത്തിൽ കുറവായിരുന്നു. ദൃഷ്ടാന്തത്തിലെ വീട്ടുടയവൻ ചെടികൾ വളർന്ന് കൊയ്ത്തിനു പാകമാകുന്നതുവരെ ക്ഷമയോടെ കാത്തിരുന്നു. കൊയ്ത്തുകാലം താരതമ്യേന ചുരുങ്ങിയതാണെങ്കിലും അതിനായി ദീർഘകാലം കാത്തിരിക്കേണ്ടതുണ്ടായിരുന്നു.
കാത്തിരുന്ന കൊയ്ത്തുകാലം
10, 11. (എ) എപ്പോഴാണ് കൊയ്ത്തു നടക്കുന്നത്? (ബി) പ്രതീകാത്മക ഗോതമ്പ് എങ്ങനെയാണ് യഹോവയുടെ കളപ്പുരയിൽ ശേഖരിക്കപ്പെടുന്നത്?
10 യേശു പറഞ്ഞു: “കൊയ്ത്ത് യുഗസമാപ്തി. കൊയ്യുന്നവർ ദൂതന്മാർ.” (മത്താ. 13:39) ഈ ദുഷ്ടവ്യവസ്ഥിതിയുടെ അവസാന നാളുകളിൽ രാജ്യത്തിന്റെ പുത്രന്മാരെ കളസമാനരായ ആളുകളിൽനിന്ന് വേർതിരിച്ച് കൂട്ടിച്ചേർക്കുന്ന പ്രവർത്തനം നടക്കുന്നു. പത്രോസ് അപ്പൊസ്തലൻ അതിനെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ന്യായവിധിക്കുള്ള സമയം ആഗതമായിരിക്കുന്നു; അതു ദൈവഭവനത്തിൽനിന്നുതന്നെ ആരംഭിക്കും; അതു നമ്മിലാണു തുടങ്ങുന്നതെങ്കിൽ ദൈവത്തിന്റെ സുവിശേഷം അനുസരിക്കാത്തവരുടെ ഗതി എന്താകും?”—1 പത്രോ. 4:17.
11 അന്ത്യനാളുകൾ, അതായത് “യുഗസമാപ്തി”യുടെ നാളുകൾ ആരംഭിച്ച് അധികം താമസിയാതെ, യഥാർഥ ക്രിസ്ത്യാനികളാണെന്ന് അവകാശപ്പെട്ടിരുന്നവരുടെമേൽ ന്യായവിധി ആരംഭിച്ചു. അവരിൽ ‘രാജ്യത്തിന്റെ പുത്രന്മാരും’ ‘ദുഷ്ടന്റെ പുത്രന്മാരും’ ഉണ്ടായിരുന്നു. കൊയ്ത്തു തുടങ്ങിയപ്പോൾ “ആദ്യം” മഹതിയാം ബാബിലോൺ വീണു. “പിന്നെ” രാജ്യത്തിന്റെ പുത്രന്മാരെ കൂട്ടിച്ചേർക്കാൻ തുടങ്ങി. (മത്താ. 13:30) പ്രതീകാത്മക ഗോതമ്പ് ഇന്ന് എങ്ങനെയാണ് യഹോവയുടെ കളപ്പുരയിൽ ശേഖരിക്കപ്പെടുന്നത്? കൊയ്തെടുക്കപ്പെട്ട ഇവർക്ക് ഒന്നുകിൽ സ്വർഗീയ പ്രതിഫലം ലഭിച്ചു. അല്ലെങ്കിൽ അവർ പുനഃസ്ഥിതീകരിക്കപ്പെട്ട ക്രിസ്തീയ സഭയിലേക്ക് കൂട്ടിവരുത്തപ്പെട്ടു; അവിടെ അവർക്ക് ദൈവത്തിന്റെ സംരക്ഷണവും പ്രീതിയും ലഭിക്കുന്നു.
12. കൊയ്ത്ത് എത്രനാൾ തുടരും?
12 ന്യായവിധി എത്രനാൾ തുടരും? യേശു അതിനെ “കൊയ്ത്തുകാലം” എന്നു വിളിച്ചു. അതുകൊണ്ട് അത് കുറച്ചു കാലം നീണ്ടുനിൽക്കും. (വെളി. 14:15, 16) വ്യക്തികളെന്ന നിലയിലുള്ള അഭിഷിക്തരുടെ ന്യായവിധി അന്ത്യകാലത്തുടനീളം നടക്കുന്നുണ്ട്. അവർ അന്തിമമായി മുദ്രയേൽക്കുന്നതുവരെ ഇതു തുടരും.—വെളി. 7:1-4.
13. കളകൾ ഇടർച്ചയ്ക്ക് ഇടയാക്കുന്നത് എങ്ങനെ, അധർമം പ്രവർത്തിക്കുന്നത് എങ്ങനെ?
13 രാജ്യത്തിൽനിന്ന് കൂട്ടിച്ചേർത്ത് എറിഞ്ഞുകളയുന്നത് ആരെയാണ്? അവർ ഇടർച്ചയ്ക്ക് ഇടയാക്കുന്നതും അധർമം പ്രവർത്തിക്കുന്നതും എങ്ങനെയാണ്? (മത്താ. 13:41, 42) ക്രൈസ്തവലോകത്തിലെ കളസമാനരായ വൈദികർ ദൈവനിന്ദാകരമായ പഠിപ്പിക്കലുകളിലൂടെ നൂറ്റാണ്ടുകളായി ദശലക്ഷങ്ങളെ വഴിതെറ്റിച്ചിരിക്കുന്നു. അഗ്നിനരകത്തിലെ നിത്യദണ്ഡനം, ആളുകളെ കുഴപ്പിക്കുന്ന ദുർഗ്രഹമായ ത്രിത്വവിശ്വാസം എന്നിവ “ഇടർച്ചയ്ക്ക് ഇടയാക്കുന്ന” അത്തരം ചില പഠിപ്പിക്കലുകളാണ്. ലോകവുമായുള്ള അധമമായ കൂട്ടുകെട്ടിലൂടെയും ഞെട്ടിക്കുന്ന അധാർമികതയിലൂടെയും മതനേതാക്കന്മാരിൽ പലരും അജഗണങ്ങൾക്ക് മോശമായ മാതൃകവെച്ചിരിക്കുന്നു. (യാക്കോ. 4:4) എന്നുതന്നെയല്ല, ക്രൈസ്തവലോകം അതിലെ അംഗങ്ങൾക്കിടയിൽ അധാർമികത വെച്ചുപൊറുപ്പിക്കാൻ യാതൊരു മടിയും കാണിക്കുന്നില്ല. (യൂദാ 4 വായിക്കുക.) കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ഭക്തിയുടെ പരിവേഷം നിലനിറുത്തുന്നതിൽ അവർ ഒട്ടും പിന്നിലല്ല. ഇത്തരം കളകളിൽനിന്നും ഇടർച്ചയ്ക്ക് ഇടയാക്കുന്ന പഠിപ്പിക്കലുകളിൽനിന്നും വേർതിരിക്കപ്പെട്ടിരിക്കുന്നതിൽ രാജ്യത്തിന്റെ പുത്രന്മാർ എത്ര സന്തോഷമുള്ളവരാണ്!
14. കളകളെപ്പോലുള്ളവർ കരയുകയും പല്ലുകടിക്കുകയും ചെയ്യുന്നത് ഏതർഥത്തിലാണ്?
14 കളകളെപ്പോലുള്ളവർ കരയുകയും പല്ലുകടിക്കുകയും ചെയ്യുന്നത് ഏതർഥത്തിലാണ്? (മത്താ. 13:42) കളകളുടെ, അഥവാ ‘ദുഷ്ടന്റെ പുത്രന്മാരുടെ’ ദുഷിച്ച സ്വാധീനവും വിഷലിപ്തമായ പഠിപ്പിക്കലുകളും “രാജ്യത്തിന്റെ പുത്രന്മാർ” വെളിച്ചത്തുകൊണ്ടുവന്നിരിക്കുന്നു. അത് അവർക്ക് ഒരു ദണ്ഡനംപോലെയാണ്. മാത്രമല്ല, ഇടവകാംഗങ്ങളിൽനിന്നുള്ള പിന്തുണ കുറഞ്ഞുവരുന്നതും അവരുടെമേലുള്ള സ്വാധീനം നഷ്ടപ്പെടുന്നതും നിമിത്തം “ദുഷ്ടന്റെ പുത്രന്മാർ” വിലപിക്കുന്നു.—യെശയ്യാവു 65:13, 14 വായിക്കുക.
15. കളകൾ തീയിലിട്ടു ചുട്ടുകളയുന്നത് ഏതർഥത്തിലാണ്?
15 “കളകൾ പറിച്ചുകൂട്ടി തീയിലിട്ടു ചുട്ടുകളയുന്നത്” ഏതർഥത്തിലാണ്? (മത്താ. 13:40) കളകൾക്ക് ഒടുവിൽ എന്തു സംഭവിക്കും എന്ന് ഈ വാക്കുകളിൽനിന്ന് മനസ്സിലാക്കാം. അവർ തീച്ചൂളയിലേക്ക് എറിയപ്പെടുന്നു എന്നത് അവരെ കാത്തിരിക്കുന്നത് നിത്യനാശമാണെന്ന് സൂചിപ്പിക്കുന്നു. (വെളി. 20:14; 21:8) ഈ കപട ക്രിസ്ത്യാനികൾ ‘മഹാകഷ്ടത്തിന്റെ’ സമയത്ത് നിർമൂലമാക്കപ്പെടും.—മത്താ. 24:21.
അവർ “സൂര്യനെപ്പോലെ പ്രകാശിക്കും”
16, 17. ദൈവമന്ദിരത്തെക്കുറിച്ച് മലാഖി എന്തു പ്രവചിച്ചു? അത് എങ്ങനെയാണ് നിവൃത്തിയേറാൻ തുടങ്ങിയത്?
16 ഗോതമ്പുതുല്യരായവർ ‘സൂര്യനെപ്പോലെ പ്രകാശിക്കുന്നത്’ എപ്പോഴാണ്? (മത്താ. 13:43) ദൈവമന്ദിരത്തിന്റെ ശുദ്ധീകരണത്തെക്കുറിച്ച് മലാഖി ഇങ്ങനെ പ്രവചിച്ചു: “എനിക്കു മുമ്പായി വഴി നിരത്തേണ്ടതിന്നു ഞാൻ എന്റെ ദൂതനെ അയക്കുന്നു. നിങ്ങൾ അന്വേഷിക്കുന്ന കർത്താവും നിങ്ങൾ ഇഷ്ടപ്പെടുന്ന നിയമദൂതനുമായവൻ പെട്ടെന്നു തന്റെ മന്ദിരത്തിലേക്കു വരും; ഇതാ, അവൻ വരുന്നു എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. എന്നാൽ അവൻ വരുന്ന ദിവസത്തെ ആർക്കു സഹിക്കാം? അവൻ പ്രത്യക്ഷനാകുമ്പോൾ ആർ നിലനിൽക്കും? അവൻ ഊതിക്കഴിക്കുന്നവന്റെ തീ പോലെയും അലക്കുന്നവരുടെ ചാരവെള്ളംപോലെയും ആയിരിക്കും. അവൻ ഊതിക്കഴിക്കുന്നവനെപ്പോലെയും വെള്ളി ശുദ്ധിവരുത്തുന്നവനെപ്പോലെയും ഇരുന്നുകൊണ്ടു ലേവിപുത്രന്മാരെ ശുദ്ധീകരിച്ചു പൊന്നുപോലെയും വെള്ളിപോലെയും നിർമ്മലീകരിക്കും; അങ്ങനെ അവർ നീതിയിൽ യഹോവെക്കു വഴിപാടു അർപ്പിക്കും.”—മലാ. 3:1-3.
17 ആധുനിക നാളിൽ ഈ പ്രവചനം തെളിവനുസരിച്ച് 1918-ലാണ് നിവൃത്തിയേറാൻ തുടങ്ങിയത്. അന്ന് യഹോവ ‘നിയമദൂതനായ’ യേശുക്രിസ്തുവിനൊപ്പം ആത്മീയ ആലയത്തിൽ പരിശോധനയ്ക്കായി വന്നു. ഈ ശുദ്ധീകരണം പൂർത്തിയാകുമ്പോൾ എന്തു സംഭവിക്കും എന്ന് മലാഖി പറഞ്ഞു: “അപ്പോൾ നിങ്ങൾ നീതിമാനും ദുഷ്ടനും തമ്മിലും ദൈവത്തെ സേവിക്കുന്നവനും സേവിക്കാത്തവനും തമ്മിലുള്ള വ്യത്യാസം വീണ്ടും കാണും.” (മലാ. 3:18) ഉത്സാഹം വീണ്ടെടുത്ത സത്യക്രിസ്ത്യാനികൾ അക്കാലത്ത് തങ്ങളുടെ പ്രവർത്തനം ത്വരിതപ്പെടുത്തി. കൊയ്ത്തുകാലം ആരംഭിച്ചു എന്നതിന്റെ തെളിവായിരുന്നു അത്.
18. നമ്മുടെ കാലത്ത് എന്തു സംഭവിക്കുമെന്നാണ് ദാനീയേൽ പ്രവചിച്ചത്?
18 പ്രവാചകനായ ദാനീയേൽ നമ്മുടെ കാലത്തെക്കുറിച്ച് ഇങ്ങനെ പ്രവചിച്ചു: “ബുദ്ധിമാന്മാർ ആകാശമണ്ഡലത്തിന്റെ പ്രഭപോലെയും പലരെയും നീതിയിലേക്കു തിരിക്കുന്നവർ നക്ഷത്രങ്ങളെപ്പോലെയും എന്നും എന്നേക്കും പ്രകാശിക്കും.” (ദാനീ. 12:3) ഇത്രയേറെ പ്രഭചൊരിയുന്ന ഇവർ ആരാണ്? ഗോതമ്പിന്റെയും കളകളുടെയും ദൃഷ്ടാന്തത്തിൽ യേശു പരാമർശിച്ച ഗോതമ്പുതുല്യരായ അഭിഷിക്ത ക്രിസ്ത്യാനികളാണ് അവർ. കളസമാനരായ കപട ക്രിസ്ത്യാനികൾ ‘പറിച്ചുകൂട്ടപ്പെടുന്നത്,’ ചെമ്മരിയാടു തുല്യരായ വർധിച്ചുവരുന്ന ഒരു മഹാപുരുഷാരം തിരിച്ചറിഞ്ഞിരിക്കുന്നു. ദൈവരാജ്യത്തിന്റെ ഈ ഭാവി പ്രജകൾ ആത്മീയ ഇസ്രായേലിന്റെ ശേഷിപ്പിനോടു ചേരുന്നതിനാൽ അന്ധകാരം നിറഞ്ഞ ഈ ലോകത്ത് അവർക്കും പ്രകാശം പരത്താനാകുന്നു.—സെഖ. 8:23; മത്താ. 5:14-16; ഫിലി. 2:15.
19, 20. “രാജ്യത്തിന്റെ പുത്രന്മാർ” അത്യാകാംക്ഷയോടെ കാത്തിരിക്കുന്നത് എന്തിനുവേണ്ടിയാണ്? അടുത്ത ലേഖനത്തിൽ നാം എന്ത് ചർച്ചചെയ്യും?
19 മഹത്തായ സ്വർഗീയ പ്രതിഫലത്തിനായി “രാജ്യത്തിന്റെ പുത്രന്മാർ” ഇന്ന് അത്യാകാംക്ഷയോടെ കാത്തിരിക്കുകയാണ്. (റോമ. 8:18, 19; 1 കൊരി. 15:53; ഫിലി. 1:21-24) പക്ഷേ ആ സമയംവരേക്കും അവർ വിശ്വസ്തരായി തുടരണം, പ്രകാശം പരത്തിക്കൊണ്ടിരിക്കണം, ‘ദുഷ്ടന്റെ പുത്രന്മാരിൽനിന്ന്’ വ്യത്യസ്തരായി നിൽക്കണം. (മത്താ. 13:38; വെളി. 2:10) നമ്മുടെ നാളിൽ ഈ പ്രതീകാത്മക കളകളെ ‘പറിച്ചുകൂട്ടുന്നതിന്റെ’ ഫലങ്ങൾ കാണാനായിരിക്കുന്നതിൽ നാം എത്ര സന്തോഷമുള്ളവരാണ്!
20 എന്നാൽ രാജ്യത്തിന്റെ പുത്രന്മാരും രാജ്യത്തിന്റെ പ്രജകളായി ഭൂമിയിൽ നിത്യം ജീവിക്കാൻ പ്രത്യാശയുള്ള വർധിച്ചുവരുന്ന മഹാപുരുഷാരവും തമ്മിൽ എന്തു ബന്ധമാണുള്ളത്? അടുത്ത ലേഖനം ഈ ചോദ്യത്തിന് ഉത്തരം നൽകും.
[അടിക്കുറിപ്പുകൾ]
a ഈ ദൃഷ്ടാന്തങ്ങളെക്കുറിച്ചുള്ള കൂടുതലായ വിശദാംശങ്ങൾക്ക് 2008 ജൂലൈ 15 വീക്ഷാഗോപുരത്തിന്റെ 12-21 പേജുകൾ കാണുക.
b ഈ ദൃഷ്ടാന്തത്തിൽ, അഭിഷിക്തരായിത്തീരാനുള്ള പുതിയവരെ കൂട്ടിച്ചേർക്കുന്ന പ്രസംഗ-ശിഷ്യരാക്കൽ വേലയെ അല്ല വിത്ത് വിതയ്ക്കുന്നത് അർഥമാക്കുന്നത്. കാരണം, വയലിൽ വിതച്ച നല്ല വിത്ത് “രാജ്യത്തിന്റെ പുത്രന്മാർ” ആയിത്തീരും എന്നല്ല, അത് രാജ്യത്തിന്റെ പുത്രന്മാർ ആണെന്നാണ് യേശു പറഞ്ഞത്. ലോകമാകുന്ന വയലിൽ രാജ്യത്തിന്റെ പുത്രന്മാരെ അഭിഷേകം ചെയ്യുന്നതിനെയാണ് വിത്തു വിതയ്ക്കൽ അർഥമാക്കുന്നത്.
c ഡാർണെൽ ചെടിയുടെ വേരുകൾ ഗോതമ്പു ചെടിയുടെ വേരുമായി ചുറ്റിപ്പിണഞ്ഞ് വളരുന്നതുകൊണ്ട് കൊയ്ത്തിനുമുമ്പ് അത് പറിച്ചുമാറ്റാൻ ശ്രമിച്ചാൽ ഗോതമ്പു ചെടിയും പിഴുതുപോരും.—തിരുവെഴുത്തുകളിൽനിന്നുള്ള ഉൾക്കാഴ്ച (ഇംഗ്ലീഷ്) വാല്യം 1, പേജ് 1178 കാണുക.
നിങ്ങൾ ഓർമിക്കുന്നുവോ?
ഗോതമ്പിന്റെയും കളകളുടെയും ദൃഷ്ടാന്തത്തിൽ പിൻവരുന്നവ എന്തിനെ കുറിക്കുന്നു?
• നല്ല വിത്ത്
• വിതക്കാരൻ
• വിത്ത് വിതയ്ക്കുന്നത്
• ശത്രു
• കളകൾ
• കൊയ്ത്തുകാലം
• കളപ്പുര
• കരച്ചിലും പല്ലുകടിയും
• തീച്ചൂള
[20-ാം പേജിലെ ചിത്രങ്ങൾ]
എ.ഡി. 33-ലെ പെന്തെക്കൊസ്ത് നാളിലാണ് നല്ല വിത്ത് വിതയ്ക്കാൻ തുടങ്ങിയത്
[23-ാം പേജിലെ ചിത്രം]
പ്രതീകാത്മക ഗോതമ്പ് ഇപ്പോൾ യഹോവയുടെ കളപ്പുരയിൽ ശേഖരിക്കപ്പെടുകയാണ്
[കടപ്പാട]
Pictorial Archive (Near Eastern History) Est.