സ്നേഹത്താൽ ഏകീകൃതർ വാർഷിക യോഗ റിപ്പോർട്ട്
ഐക്യനാടുകളിലെ ജേഴ്സി നഗരത്തിലുള്ള യഹോവയുടെ സാക്ഷികളുടെ സമ്മേളനഹാൾ; 2009 ഒക്ടോബർ 3 രാവിലെ 5,000-ത്തിലധികം പേർ അവിടെ വന്നുചേർന്നു. വാച്ച് ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി ഓഫ് പെൻസിൽവേനിയയുടെ 125-ാം വാർഷിക യോഗത്തിൽ സംബന്ധിക്കാൻ എത്തിയ അവരെല്ലാം ആവേശഭരിതരായിരുന്നു. ഐക്യനാടുകളിലെ മൂന്നു ബെഥേൽ സമുച്ചയങ്ങളിലും കാനഡ ബെഥേലിലുമുള്ള ആയിരക്കണക്കിന് മറ്റാളുകൾക്ക് ഈ പരിപാടികൾ കാണാനും കേൾക്കാനും ഉള്ള ക്രമീകരണങ്ങൾ മുന്നമേ ചെയ്യുകയുണ്ടായി. യഹോവയോടുള്ള സ്നേഹത്താൽ ഏകീകൃതരായ മൊത്തം 13,235 പേർ അങ്ങനെ ഈ മൂന്നുമണിക്കൂർ നീണ്ടുനിന്ന പരിപാടി ആസ്വദിച്ചു.
ഭരണസംഘാംഗമായ ജഫ്രി ജാക്സൺ ആയിരുന്നു പരിപാടിയുടെ അധ്യക്ഷൻ. ബെഥേൽ അംഗങ്ങളുടെ ഒരു ഗായകസംഘത്തെ പരിചയപ്പെടുത്തിക്കൊണ്ടാണ് പരിപാടികൾ ആരംഭിച്ചത്. ഈ ഗായകസംഘത്തെ നയിച്ച ഡേവിഡ് സ്പ്ലെയ്ൻ (ഭരണസംഘത്തിലെ മറ്റൊരു അംഗം) സത്യാരാധനയിൽ സംഗീതത്തിന്റെ പ്രാധാന്യം ഹ്രസ്വമായി ചർച്ചചെയ്തു. പുതിയ പാട്ടുപുസ്തകത്തിലെ പാട്ടുകൾ പാടിയ ഈ ഗായകസംഘത്തോടൊപ്പം മൂന്നുപാട്ടുകൾ പാടാനുള്ള അവസരം സദസ്യർക്ക് ലഭിച്ചു. ആദ്യം ഗായകസംഘം അവ ആലപിച്ചു, തുടർന്ന് ഗായകസംഘവും സദസ്സും ഒന്നിച്ച് ആലപിച്ചു. ഇത് വിശേഷപ്പെട്ട ഒരു കൂടിവരവ് ആയതിനാലാണ് ഒരു ഗായകസംഘത്തെ ഉപയോഗിച്ചത്. ക്രിസ്തീയ യോഗങ്ങളിലും സമ്മേളനങ്ങളിലും കൺവെൻഷനുകളിലും ഇങ്ങനെ ചെയ്യാൻ പ്രതീക്ഷിക്കുന്നില്ല.
ബ്രാഞ്ചുകളിൽനിന്നുള്ള റിപ്പോർട്ടുകൾ
വിവിധ ബ്രാഞ്ചുകളിൽനിന്നു സന്ദർശിക്കാനെത്തിയ ബ്രാഞ്ച് കമ്മിറ്റി അംഗങ്ങൾ അഞ്ചുബ്രാഞ്ചുകളിൽനിന്നുള്ള റിപ്പോർട്ടുകൾ നൽകി. കാനഡയിലേക്കും ഐക്യനാടുകളിലേക്കും വേണ്ട മാസികകളിലധികവും താമസിയാതെ കാനഡയിൽ അച്ചടിച്ചുതുടങ്ങുമെന്ന് കെന്നത്ത് ലിറ്റിൽ പറഞ്ഞു. ഇതുനിമിത്തം ആ ബ്രാഞ്ചിലെ അച്ചടിജോലികൾ പത്തുമടങ്ങ് വർധിക്കും; പുതുതായി വാങ്ങിയ അച്ചടിയന്ത്രം ദിവസം രണ്ടുഷിഫ്റ്റുകളായി 16 മണിക്കൂർ പ്രവർത്തിക്കേണ്ടിവരും.
ഡൊമിനിക്കൻ റിപ്പബ്ലിക്കിലെ രാജ്യവേലയെക്കുറിച്ച് റേയ്നർ തോംപ്സണും നൈജീരിയയിലെ പ്രവർത്തനത്തെക്കുറിച്ച് ആൽബർട്ട് ഓലീയും സംസാരിച്ചു. പതിറ്റാണ്ടുകൾ നീണ്ടുനിന്ന പീഡനത്തിനുശേഷം 1992-ൽ യഹോവയുടെ സാക്ഷികൾക്ക് മൊസാമ്പിക്കിൽ നിയമാംഗീകാരം ലഭിച്ചതിനെക്കുറിച്ച് എമിൽ ക്രിറ്റ്സിംഗർ പറഞ്ഞു. ഈ മൂന്നുരാജ്യങ്ങളിലും പ്രസാധകരുടെ എണ്ണത്തിൽ അടുത്തകാലത്ത് വലിയ വർധന ഉണ്ടായി. ഓസ്ട്രേലിയ ബ്രാഞ്ചിന്റെ കീഴിലുള്ള ഈസ്റ്റ് റ്റിമോറിലെ പുരോഗതിയെക്കുറിച്ചാണ് വിവ് മോറിറ്റ്സ് സംസാരിച്ചത്.
ഭരണസംഘത്തിന്റെ കമ്മിറ്റികൾ
1976 മുതൽ, യഹോവയുടെ സാക്ഷികളുടെ പ്രവർത്തനങ്ങളെല്ലാം ഭരണസംഘത്തിന്റെ ആറുകമ്മിറ്റികളുടെ മേൽനോട്ടത്തിൻകീഴിലായി. പിന്നീട് വേറെ ആട്ടിൻകൂട്ടത്തിൽപ്പെട്ടവർ അവർക്ക് സഹായികളായി നിയമിക്കപ്പെട്ടു. ഇപ്പോൾ 23 പേർ സഹായികളായി സേവിക്കുന്നു. അവരിൽ ആറുപേരുമായി അഭിമുഖം നടത്തി. ഈ ആറുപേർ മൊത്തം 341 വർഷം മുഴുസമയ ശുശ്രൂഷയിൽ ചെലവഴിച്ചിട്ടുണ്ട്, അതായത് ഒരാൾ ശരാശരി 57 വർഷം.
1943 മുതൽ ബെഥേലിൽ സേവിക്കുന്ന ഡോൺ ആഡംസ്, കോ-ഓർഡിനേറ്റേഴ്സ് കമ്മിറ്റിയെക്കുറിച്ച് വിശദീകരിച്ചു. മറ്റ് അഞ്ചുകമ്മിറ്റികളുടെ കോ-ഓർഡിനേറ്റർമാർ ചേർന്ന ഈ കമ്മിറ്റി അവയെല്ലാം ശരിയാംവണ്ണം യോജിപ്പിൽ പ്രവർത്തിക്കുന്നെന്ന് ഉറപ്പുവരുത്തുന്നു. ലോകത്തെവിടെയുമുള്ള യഹോവയുടെ ജനം നേരിടുന്ന പീഡനം, കോടതിക്കേസുകൾ, വിപത്തുകൾ, അടിയന്തിര ശ്രദ്ധയർഹിക്കുന്ന മറ്റു കാര്യങ്ങൾ എന്നിവ ഈ കമ്മിറ്റിയാണ് കൈകാര്യംചെയ്യുന്നത്.
ലോകമെമ്പാടുമുള്ള 19,851 ബെഥേൽ അംഗങ്ങളുടെ ആത്മീയവും ഭൗതികവുമായ ക്ഷേമത്തിനു മേൽനോട്ടം വഹിക്കുന്ന പേഴ്സണൽ കമ്മിറ്റിയെക്കുറിച്ച് ഡാൻ മോൽച്ചെൻ സംസാരിച്ചു. ബ്രാഞ്ചുകൾക്ക് ആവശ്യമായ സാധനസാമഗ്രികൾ വാങ്ങുന്നതിന് പബ്ലിഷിങ് കമ്മിറ്റി എങ്ങനെ മേൽനോട്ടം വഹിക്കുന്നെന്നാണ് ഡേവിഡ് സിംഗ്ലെയർ പറഞ്ഞത്. 60 വർഷത്തോളമായി ബെഥേലിൽ സേവിക്കുന്ന റോബേർട്ട് വോളെനാകട്ടെ, വയലിലെയും സഭയിലെയും പ്രവർത്തനങ്ങൾക്ക് സർവീസ് കമ്മിറ്റി മേൽനോട്ടം വഹിക്കുന്നതിനെക്കുറിച്ചു വിശദീകരിച്ചു. കൺവെൻഷൻ പരിപാടികൾ തയ്യാറാക്കുന്നതിൽ ടീച്ചിങ് കമ്മിറ്റി എത്രമാത്രം കഠിനാധ്വാനം ചെയ്യുന്നു എന്നതിനെക്കുറിച്ചാണ് വില്യം മലെൻഫോണ്ട് വിവരിച്ചത്. അവസാനമായി, നമ്മുടെ പ്രസിദ്ധീകരണങ്ങൾക്കു വേണ്ട വിവരങ്ങൾ ശ്രദ്ധാപൂർവം തയ്യാറാക്കി നൽകുന്നതിന് റൈറ്റിങ് കമ്മിറ്റി മേൽനോട്ടം വഹിക്കുന്നത് എങ്ങനെയെന്ന് ജോൺ വിസ്ചക് വ്യക്തമാക്കി.a
2010-ലെ വാർഷിക വാക്യം—സ്നേഹത്തെക്കുറിച്ച്
അടുത്ത മൂന്നുപ്രസംഗങ്ങൾ നടത്തിയത് ഭരണസംഘത്തിലെ അംഗങ്ങളാണ്. “മറ്റുള്ളവർ നിങ്ങളെ സ്നേഹിക്കാൻ ആഗ്രഹിക്കുന്നില്ലേ?” എന്നു ചോദിച്ചുകൊണ്ടാണ് ഗെരിറ്റ് ലോഷ് പ്രസംഗം തുടങ്ങിയത്. സ്നേഹിക്കപ്പെടുക എന്നത് മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളിൽ ഒന്നാണ്; സ്നേഹം നമ്മെയെല്ലാം പരിപോഷിപ്പിക്കും. നാം അസ്തിത്വത്തിൽ വന്നതുതന്നെ സ്നേഹംമൂലമാണ്; കാരണം നിസ്സ്വാർഥ സ്നേഹമാണ് നമ്മെ സൃഷ്ടിക്കാൻ യഹോവയെ പ്രേരിപ്പിച്ചത്. പ്രസംഗ-പഠിപ്പിക്കൽ വേലയ്ക്ക് നമ്മെ മുഖ്യമായും പ്രചോദിപ്പിക്കുന്നത് യഹോവയോടുള്ള സ്നേഹമാണ്.
തത്ത്വങ്ങളാൽ നയിക്കപ്പെടുന്ന സ്നേഹം, അയൽക്കാരോടു മാത്രമുള്ളതല്ല ശത്രുക്കളോടുമുള്ള സ്നേഹമാണ്. (മത്താ. 5:43-45) യേശു നമുക്കുവേണ്ടി സഹിച്ച യാതനകളെക്കുറിച്ചു ചിന്തിക്കാൻ അദ്ദേഹം സദസ്സിനെ പ്രോത്സാഹിപ്പിക്കുകയുണ്ടായി: അവനു ചാട്ടകൊണ്ടുള്ള അടിയേറ്റു, ആളുകൾ അവനെ തുപ്പി, പരിഹസിച്ചു, മുറിവേൽപ്പിച്ചു. ഇതെല്ലാം സഹിക്കേണ്ടിവന്നിട്ടും തന്നെ സ്തംഭത്തിലേറ്റിയ ഭടന്മാർക്കുവേണ്ടി അവൻ പ്രാർഥിച്ചു. യേശുവിനെ കൂടുതൽ സ്നേഹിക്കാൻ ഇതു നമ്മെ പ്രചോദിപ്പിക്കുന്നില്ലേ? തുടർന്ന് ലോഷ് സഹോദരൻ 2010-ലെ വാർഷിക വാക്യം എന്താണെന്ന് അറിയിച്ചു: 1 കൊരിന്ത്യർ 13:7, 8, ‘സ്നേഹം എല്ലാം സഹിക്കുന്നു. സ്നേഹം ഒരിക്കലും നിലച്ചുപോകുകയില്ല.’ നിത്യം ജീവിക്കാൻ മാത്രമല്ല നിത്യം സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ഉള്ള പ്രത്യാശയാണ് നമുക്കുള്ളത്.
നിങ്ങളുടെ ‘ഇന്ധന ടാങ്ക്’ കാലിയാണോ?
ഒരു ദൃഷ്ടാന്തം പറഞ്ഞുകൊണ്ടാണ് സാമുവെൽ ഹെർഡ് തന്റെ പ്രസംഗം തുടങ്ങിയത്. 50 കിലോമീറ്റർ വരുന്ന ഒരു യാത്രയ്ക്കായി സുഹൃത്ത് നിങ്ങളെ കൂട്ടിക്കൊണ്ടുപോകുന്നെന്നു കരുതുക. യാത്രയ്ക്കിടയിൽ, ടാങ്കിൽ ഇന്ധനം തീർന്നതായി ഇന്ധനമാപിനി നോക്കിയപ്പോൾ നിങ്ങൾക്കു മനസ്സിലായി. അക്കാര്യം നിങ്ങൾ, വണ്ടി ഓടിക്കുന്ന സുഹൃത്തിന്റെ ശ്രദ്ധയിൽപ്പെടുത്തുന്നു. അപ്പോൾ അദ്ദേഹത്തിന്റെ മറുപടി ‘അതു സാരമില്ല, നാലുലിറ്റർ കൂടി ടാങ്കിൽ ഉണ്ട്’ എന്നായിരുന്നു. പക്ഷേ, പെട്ടെന്നുതന്നെ ടാങ്ക് കാലിയാകുന്നു. ആവശ്യത്തിന് ഇന്ധനം നിറയ്ക്കാതെ യാത്രചെയ്ത് വഴിയിൽ കിടക്കേണ്ടിവരുമോ എന്നു പരീക്ഷിച്ചുനോക്കുന്നത് ബുദ്ധിയാണോ? അതിലും എത്രയോ ഭേദമാണ് ടാങ്ക് നിറച്ചശേഷം യാത്രചെയ്യുന്നത്! ആലങ്കാരികമായി പറഞ്ഞാൽ, നാം എപ്പോഴും ‘ടാങ്ക്’ നിറയെ ഇന്ധനം കരുതണം, ഇവിടെ ഇന്ധനം യഹോവയെക്കുറിച്ചുള്ള പരിജ്ഞാനം ആണ്.
അതെ, നാം ‘ടാങ്കിൽ’ ആവശ്യത്തിന് ഇന്ധനം നിറയ്ക്കണം, അതും ക്രമമായി. നാലുവിധത്തിൽ നമുക്ക് അതു ചെയ്യാനാകും. ഒന്നാമത്, വ്യക്തിപരമായ പഠനം വേണം. ബൈബിൾ ദിവസവും വായിച്ചുകൊണ്ട് അതിലെ വിവരങ്ങളുമായി പരിചിതരാകുക. ബൈബിൾ വെറുതെ വായിച്ചുപോകുന്നതിനു പകരം കാര്യങ്ങൾ മനസ്സിലാക്കി വായിക്കണം. രണ്ടാമത്, കുടുംബാരാധനയ്ക്കായുള്ള സായാഹ്നം നന്നായി ഉപയോഗിക്കുക. ഈ ക്രമീകരണം പ്രയോജനപ്പെടുത്തിക്കൊണ്ട് വാരന്തോറും ‘ടാങ്ക്’ നിറയെ നിങ്ങൾ ഇന്ധനം നിറയ്ക്കാറുണ്ടോ? അതോ നിങ്ങളുടെ ‘ടാങ്ക്’ ഏറെക്കുറെ കാലിയാണോ? മൂന്നാമത്, സഭയോടൊത്തുള്ള പഠനവും യോഗഹാജരും. നാലാമത്, ശല്യങ്ങളൊന്നുമില്ലാതെ സ്വസ്ഥമായിരുന്ന് യഹോവയുടെ വഴികളെക്കുറിച്ച് ധ്യാനിക്കുക. “ഞാൻ പണ്ടത്തെ നാളുകളെ ഓർക്കുന്നു; നിന്റെ സകലപ്രവൃത്തികളെയും ഞാൻ ധ്യാനിക്കുന്നു” എന്ന് സങ്കീർത്തനം 143:5 പറയുന്നു.
“നീതിമാന്മാർ . . . പ്രകാശിക്കും”
ജോൺ ബാർ ആണ് അവസാനത്തെ പ്രസംഗം നടത്തിയത്. ഗോതമ്പിനെയും കളയെയും കുറിച്ചുള്ള യേശുവിന്റെ ദൃഷ്ടാന്തം വിശദീകരിച്ചുകൊണ്ടുള്ളതായിരുന്നു ആ പ്രസംഗം. (മത്താ. 13:24-30, 38, 43) ‘രാജ്യത്തിന്റെ പുത്രന്മാരെ’ കൂട്ടിച്ചേർക്കുകയും ചുട്ടുകളയേണ്ടതിന് കളകളെ വേർതിരിക്കുകയും ചെയ്യുന്ന “കൊയ്ത്തുകാല”ത്തെക്കുറിച്ചാണ് ആ ദൃഷ്ടാന്തത്തിൽ പറഞ്ഞിരിക്കുന്നത്.
ഈ കൂട്ടിച്ചേർക്കൽ വേല എക്കാലവും തുടരുകയില്ല എന്ന് ബാർ സഹോദരൻ പറഞ്ഞു. “ഇവയെല്ലാം സംഭവിക്കുവോളം ഈ തലമുറ ഒരുപ്രകാരത്തിലും നീങ്ങിപ്പോകുകയില്ല” എന്ന മത്തായി 24:34-ലെ വാക്കുകൾ അദ്ദേഹം പരാമർശിച്ചു. അദ്ദേഹം രണ്ടുപ്രാവശ്യം പിൻവരുന്ന പ്രസ്താവന വായിച്ചു: “1914-ൽ അടയാളം ദൃശ്യമായപ്പോൾ ഉണ്ടായിരുന്ന അഭിഷിക്തരും അവരെല്ലാം മരിക്കുന്നതിനുമുമ്പ് അഭിഷിക്തരായി, മഹാകഷ്ടത്തിന്റെ ആരംഭത്തിനു ദൃക്സാക്ഷികളാകുന്ന അഭിഷിക്തരും അടങ്ങുന്നതാണ് ‘ഈ തലമുറ.’” “ഈ തലമുറ”യുടെ കൃത്യമായ ദൈർഘ്യം നമുക്കറിയില്ല. എന്നാൽ മേൽപ്പറഞ്ഞ രണ്ടുകൂട്ടവും ഉൾപ്പെടുന്നതാണ് “ഈ തലമുറ.” അഭിഷിക്തർ വ്യത്യസ്ത പ്രായക്കാരാണെങ്കിലും തലമുറയിൽ ഉൾപ്പെടുന്ന രണ്ടുകൂട്ടത്തിൽപ്പെട്ടവർ അന്ത്യനാളുകളിൽ എപ്പോഴെങ്കിലും ഒരേ സമയത്ത് ജീവിച്ചിരിക്കുന്നവരാണ്. 1914-ൽ ഉണ്ടായിരുന്ന അഭിഷിക്തരിൽ ചിലരും, അവർ ജീവിച്ചിരിക്കെ അഭിഷിക്തരായി മഹാകഷ്ടം തുടങ്ങുന്നതുവരെ ജീവിച്ചിരിക്കുന്നവരും ചേർന്നതാണല്ലോ “തലമുറ.” “ഈ തലമുറ”യിലെ പ്രായം കുറഞ്ഞ രണ്ടാമത്തെ കൂട്ടർ മരിച്ചുതീരുന്നതിനുമുമ്പ് മഹാകഷ്ടം ആരംഭിക്കുമെന്ന് അറിയുന്നത് എത്ര ആശ്വാസദായകമാണ്!
“രാജ്യത്തിന്റെ പുത്രന്മാർ” സ്വർഗീയ പ്രതിഫലത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. വാസ്തവത്തിൽ, നാമെല്ലാവരും അന്ത്യത്തോളം പ്രകാശിച്ചുകൊണ്ട് വിശ്വസ്തരായി തുടരേണ്ടിയിരിക്കുന്നു. “ഗോതമ്പ്” കളപ്പുരയിൽ കൂട്ടിച്ചേർക്കുന്നതിനു ദൃക്സാക്ഷികളാകാൻ നമുക്ക് ഇന്നു കഴിയുന്നത് എത്ര വലിയ പദവിയാണ്!
ഈ വാർഷിക യോഗം ഒരു ഗീതത്തോടും ഭരണസംഘത്തിലെ തിയോഡർ ജാരറ്റ്സിന്റെ പ്രാർഥനയോടും കൂടെ സമാപിച്ചു. എത്ര പ്രോത്സാഹനം പകരുന്ന പരിപാടികളായിരുന്നു അവ!
[അടിക്കുറിപ്പ്]
a ഭരണസംഘത്തിന്റെ ആറുകമ്മിറ്റികളുടെ പ്രവർത്തനത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ 2008 മേയ് 15 ലക്കം വീക്ഷാഗോപുരത്തിന്റെ 29-ാം പേജിൽ കാണാനാകും.
[5-ാം പേജിലെ ചതുരം]
മൂപ്പന്മാർക്കുള്ള സ്കൂൾ
സഭാ മൂപ്പന്മാർക്ക് തുടർച്ചയായ പരിശീലനം നൽകുമെന്ന കാര്യം ഭരണസംഘത്തിലെ മറ്റൊരു അംഗമായ ആന്തൊണി മോറിസ് അറിയിക്കുകയുണ്ടായി. ന്യൂയോർക്കിലെ പാറ്റേഴ്സണിലുള്ള വിദ്യാഭ്യാസ കേന്ദ്രത്തിൽ 2008-ന്റെ പ്രാരംഭദശയിൽ ഐക്യനാടുകളിലെ മൂപ്പന്മാർക്കുവേണ്ടി ഒരു സ്കൂൾ തുടങ്ങിയിരുന്നു. അതിന്റെ 72-ാമത്തെ ക്ലാസ് ഈ വാർഷിക യോഗത്തിനുമുമ്പ് അവസാനിച്ചതേ ഉണ്ടായിരുന്നുള്ളൂ. മൊത്തം 6,720 മൂപ്പന്മാർക്ക് അതുവരെ പരിശീലനം നൽകി. എന്നാൽ ഇനിയും ധാരാളം ചെയ്യാനുണ്ട്; ഐക്യനാടുകളിൽമാത്രം 86,000-ത്തിലധികം മൂപ്പന്മാർ ഉണ്ട്. അതുകൊണ്ട് ന്യൂയോർക്കിലെ ബ്രുക്ലിനിൽ 2009 ഡിസംബർ 7-ന് മറ്റൊരു സ്കൂൾ ആരംഭിക്കാൻ ഭരണസംഘം അനുമതി നൽകി.
നാല് സഞ്ചാരമേൽവിചാരകന്മാർക്ക് അധ്യാപകരാകാനുള്ള പരിശീലനം പാറ്റേഴ്സണിൽവെച്ച് രണ്ടുമാസംകൊണ്ട് നൽകും. പരിശീലനം നേടിയ ഇവരെ ബ്രുക്ലിനിൽ പഠിപ്പിക്കാനായി അയയ്ക്കും. തുടർന്ന് മറ്റു നാലുപേർക്ക് പരിശീലനം നൽകും. അതിനുശേഷം, ഇവർ ബ്രുക്ലിനിൽ പഠിപ്പിക്കും. അവിടേക്കു പോയ ആദ്യത്തെ നാലുപേർ അപ്പോൾ സമ്മേളനഹാളുകളിലും രാജ്യഹാളുകളിലും ഉള്ള സ്കൂളുകളിൽ പഠിപ്പിക്കാൻ പോകും. ഐക്യനാടുകളിലെ ആറ് ഇംഗ്ലീഷ് സ്കൂളുകളിൽ ഓരോ ആഴ്ചയും പഠിപ്പിക്കാൻ വേണ്ട 12 അധ്യാപകരെ ഇങ്ങനെ പരിശീലിപ്പിക്കും. സ്പാനിഷിൽ ക്ലാസ്സെടുക്കാനായി പിന്നീട് നാലുപേരെ പരിശീലിപ്പിക്കും. ഇപ്പോഴുള്ള രാജ്യശുശ്രൂഷാ സ്കൂളിനു പകരമായിരിക്കില്ല ഈ സ്കൂൾ. മൂപ്പന്മാരുടെ ആത്മീയത മെച്ചപ്പെടുത്തുക എന്നതാണ് ഈ സ്കൂളിന്റെ ലക്ഷ്യം. സമ്മേളനഹാളുകളിലും രാജ്യഹാളുകളിലും വെച്ച് ലോകമെമ്പാടുമുള്ള ബ്രാഞ്ചുകൾ, 2011 സേവനവർഷത്തിൽ ഈ സ്കൂൾ നടത്തിത്തുടങ്ങും.
[4-ാം പേജിലെ ചിത്രങ്ങൾ]
“യഹോവയെ പാടിസ്തുതിക്കുവിൻ” എന്ന പുതിയ പാട്ടുപുസ്തകത്തിലെ ഗീതങ്ങൾ ആലപിച്ചുകൊണ്ട് വാർഷിക യോഗം ആരംഭിച്ചു