അധ്യായം 43
സ്വർഗരാജ്യത്തെക്കുറിച്ചുള്ള ദൃഷ്ടാന്തങ്ങൾ
മത്തായി 13:1-53; മർക്കോസ് 4:1-34; ലൂക്കോസ് 8:4-18
യേശു സ്വർഗരാജ്യത്തെക്കുറിച്ചുള്ള ദൃഷ്ടാന്തങ്ങൾ പറയുന്നു
പരീശന്മാരെ ശകാരിക്കുന്ന സമയത്ത് യേശു സാധ്യതയനുസരിച്ച് കഫർന്നഹൂമിലാണ്. ആ ദിവസംതന്നെ കുറെ കഴിഞ്ഞ് യേശു വീട്ടിൽനിന്ന് ഇറങ്ങി അടുത്തുള്ള ഗലീല കടൽത്തീരത്തേക്കു പോകുന്നു. അവിടെ വലിയൊരു ജനക്കൂട്ടം വന്നുകൂടുന്നു. അപ്പോൾ യേശു ഒരു വള്ളത്തിൽ കയറി കരയിൽനിന്ന് അൽപ്പം മാറി ഇരുന്ന് സ്വർഗരാജ്യത്തെക്കുറിച്ച് അവരെ പഠിപ്പിക്കാൻതുടങ്ങുന്നു. കുറെ ദൃഷ്ടാന്തങ്ങൾ അഥവാ ഉപമകൾ ഉപയോഗിച്ചാണു യേശു പഠിപ്പിക്കുന്നത്. യേശു പറയുന്ന മിക്ക കാര്യങ്ങളുടെയും പശ്ചാത്തലവും പ്രത്യേകതകളും കേൾവിക്കാർക്കു പരിചയമുള്ളവയാണ്. അതുകൊണ്ടുതന്നെ രാജ്യത്തിന്റെ വ്യത്യസ്ത വശങ്ങളെക്കുറിച്ച് അവർക്കു പെട്ടെന്നു മനസ്സിലാകുന്നു.
ആദ്യം യേശു പറയുന്നതു വിത്തു വിതയ്ക്കുന്ന ഒരു വിതക്കാരനെക്കുറിച്ചാണ്. കുറെ വിത്ത് വഴിയരികിൽ വീണിട്ട് പക്ഷികൾ അവ തിന്നുകളയുന്നു. ചിലത് അധികം മണ്ണില്ലാത്ത പാറസ്ഥലത്താണു വീഴുന്നത്. വേരു മുളയ്ക്കുന്നെങ്കിലും ആഴത്തിൽ ഇറങ്ങാൻ പറ്റുന്നില്ല. അങ്ങനെ വെയിലത്ത് അതു വാടിപ്പോകുന്നു. വേറെ കുറച്ച് വിത്ത് മുൾച്ചെടികൾക്കിടയിൽ വീഴുന്നു. മുൾച്ചെടികൾ വളരുമ്പോൾ അവയെ ഞെരുക്കിക്കളയുന്നു. അവസാനം, കുറെ വിത്ത് നല്ല നിലത്ത് വീഴുന്നു. അവ ഫലം തരുന്നു. “ചിലത് 100 മേനിയും ചിലത് 60 മേനിയും വേറെ ചിലത് 30 മേനിയും.”—മത്തായി 13:8.
മറ്റൊരു ദൃഷ്ടാന്തത്തിൽ യേശു രാജ്യത്തെ, ഒരു മനുഷ്യൻ വിത്ത് വിതയ്ക്കുന്നതിനോടു താരതമ്യം ചെയ്യുന്നു. ആ മനുഷ്യൻ ഉറങ്ങിയാലും ശരി, ഉണർന്നിരുന്നാലും ശരി, വിത്ത് വളരുന്നു. പക്ഷേ “എങ്ങനെയെന്ന് അയാൾ അറിയുന്നില്ല.” (മർക്കോസ് 4:27) അതു തനിയെ വളർന്ന് ധാന്യം വിളയുന്നു. അയാൾക്ക് അതു കൊയ്യാനാകുന്നു.
വിതയ്ക്കുന്നതിനെക്കുറിച്ചുള്ള മൂന്നാമതൊരു ദൃഷ്ടാന്തവും യേശു പറയുന്നു. ഒരു മനുഷ്യൻ നല്ല വിത്ത് വിതയ്ക്കുന്നു. പക്ഷേ “ആളുകൾ ഉറക്കമായപ്പോൾ” ശത്രു വന്ന് ഗോതമ്പിന്റെ ഇടയിൽ കളകൾ വിതച്ചിട്ട് പൊയ്ക്കളയുന്നു. കളകൾ പറിച്ച് മാറ്റണോ എന്ന് അയാളുടെ അടിമകൾ ചെന്ന് ചോദിക്കുന്നു. അയാൾ പറയുന്നു: “വേണ്ടാ; കളകൾ പറിക്കുമ്പോൾ ഗോതമ്പുംകൂടെ പിഴുതുപോരും. കൊയ്ത്തുവരെ രണ്ടും ഒന്നിച്ച് വളരട്ടെ. ആ സമയത്ത് ഞാൻ കൊയ്ത്തുകാരോട്, ആദ്യം കളകൾ പറിച്ചുകൂട്ടി ചുട്ടുകളയേണ്ടതിനു കെട്ടുകളാക്കാനും പിന്നെ ഗോതമ്പ് എന്റെ സംഭരണശാലയിൽ ശേഖരിക്കാനും പറയും.”—മത്തായി 13:24-30.
യേശുവിന്റെ കേൾവിക്കാരിൽ പലർക്കും കൃഷിയെക്കുറിച്ച് അറിയാം. പരക്കെ അറിയാവുന്ന മറ്റൊരു കാര്യത്തെക്കുറിച്ചും യേശു പറയുന്നു, ചെറിയ കടുകുമണിയെക്കുറിച്ച്. അതു വളർന്ന് ഒരു മരമാകുന്നു, പക്ഷികൾക്കു ചേക്കേറാൻ പാകത്തിന് അത്ര വലുതാണ് അത്. ആ കടുകുമണിയെക്കുറിച്ച് യേശു പറയുന്നു: “സ്വർഗരാജ്യം ഒരു മനുഷ്യൻ അയാളുടെ വയലിൽ വിതച്ച കടുകുമണിപോലെയാണ്.” (മത്തായി 13:31) യേശു ഇവിടെ സസ്യശാസ്ത്രം പഠിപ്പിക്കുകയായിരുന്നില്ല. അസാധാരണമായ വളർച്ചയെക്കുറിച്ച്, അതായത് വളരെ ചെറുതായ ഒന്നിന് എങ്ങനെ വളർന്ന് വളരെ വലുതാകാം അല്ലെങ്കിൽ വികസിക്കാം എന്നതിനെക്കുറിച്ച്, പറയുകയായിരുന്നു.
കേൾവിക്കാരിൽ പലർക്കും പരിചയമുള്ള മറ്റൊരു കാര്യത്തെക്കുറിച്ചാണ് അടുത്തതായി യേശു പറയുന്നത്. “പുളിപ്പിക്കാൻ ഉപയോഗിക്കുന്ന മാവുപോലെയാണ് ” സ്വർഗരാജ്യം എന്നു യേശു പറയുന്നു. “ഒരു സ്ത്രീ അത് എടുത്ത് മൂന്നു സെയാ മാവിൽ കലർത്തി”വെക്കുന്നു. (മത്തായി 13:33) പുളിക്കുന്ന വിധം നമുക്കു കാണാൻ കഴിയില്ല. പക്ഷേ, അതു മാവിനെ മുഴുവൻ പുളിപ്പിച്ച് അതു പൊങ്ങാൻ ഇടയാക്കുന്നു. പെട്ടെന്നു തിരിച്ചറിയാൻ പറ്റാത്ത വലിയ വർധനവും മാറ്റങ്ങളും അതു വരുത്തുന്നു.
ഈ ദൃഷ്ടാന്തങ്ങൾ പറഞ്ഞിട്ട് യേശു ജനക്കൂട്ടത്തെ പിരിച്ചുവിടുന്നു. എന്നിട്ട് താമസിക്കുന്ന വീട്ടിൽ വരുന്നു. ഉടനെ ശിഷ്യന്മാർ അടുത്ത് വരുന്നു. യേശു പറഞ്ഞതിന്റെ ഒക്കെ അർഥം എന്താണെന്ന് അവർക്ക് അറിയണം.
യേശുവിന്റെ ദൃഷ്ടാന്തങ്ങളിൽനിന്ന് പ്രയോജനം നേടുന്നു
യേശു ദൃഷ്ടാന്തങ്ങൾ പറയുന്നത് ശിഷ്യന്മാർ മുമ്പും കേട്ടിട്ടുണ്ട്. പക്ഷേ, ഒറ്റയടിക്ക് ഇത്രയധികം ദൃഷ്ടാന്തങ്ങൾ പറയുന്നത് ആദ്യമായിട്ടാണ്. അവർ യേശുവിനോട്, “അങ്ങ് എന്തിനാണ് അവരോടു ദൃഷ്ടാന്തങ്ങൾ ഉപയോഗിച്ച് സംസാരിക്കുന്നത് ” എന്നു ചോദിക്കുന്നു.—മത്തായി 13:10.
ഒരു കാരണം ബൈബിൾപ്രവചനങ്ങൾ നിറവേറണം എന്നതാണ്. മത്തായിയുടെ വിവരണം പറയുന്നു: “ദൃഷ്ടാന്തങ്ങൾ കൂടാതെ യേശു അവരോട് ഒന്നും പറയാറില്ലായിരുന്നു. അങ്ങനെ ഈ പ്രവാചകവചനം നിറവേറി: ‘ഞാൻ ദൃഷ്ടാന്തങ്ങൾ ഉപയോഗിച്ച് സംസാരിക്കും. തുടക്കംമുതൽ മറഞ്ഞിരിക്കുന്നവ ഞാൻ പ്രസിദ്ധമാക്കും.’”—മത്തായി 13:34, 35; സങ്കീർത്തനം 78:2.
പക്ഷേ യേശു ദൃഷ്ടാന്തങ്ങൾ ഉപയോഗിച്ചതിനു വേറെയും കാരണമുണ്ട്. അതിലൂടെ ആളുകളുടെ മനോഭാവം വെളിപ്പെടും. യേശു നല്ലനല്ല കഥകൾ പറയും, അത്ഭുതങ്ങൾ ചെയ്യും എന്നതിന്റെ പേരിൽ മാത്രമാണു പലരും യേശുവിൽ താത്പര്യം കാണിച്ചത്. കർത്താവായി അനുസരിക്കേണ്ട വ്യക്തിയായിട്ടോ നിസ്സ്വാർഥമായി അനുഗമിക്കേണ്ട ആളായിട്ടോ അവർ യേശുവിനെ കണക്കാക്കുന്നില്ല. (ലൂക്കോസ് 6:46, 47) കാര്യങ്ങൾ വീക്ഷിക്കുന്ന വിധത്തിനോ ജീവിതം നയിക്കുന്ന രീതിക്കോ എന്തെങ്കിലും മാറ്റം വരുത്താൻ അവർക്കു താത്പര്യമില്ല. സന്ദേശം ഹൃദയത്തിൽ അത്രത്തോളം ആഴത്തിലേക്ക് ഇറങ്ങിച്ചെല്ലാൻ അവർ ആഗ്രഹിക്കുന്നില്ല.
ശിഷ്യന്മാരുടെ ചോദ്യത്തിന് യേശു ഇങ്ങനെ മറുപടി പറയുന്നു: “അതുകൊണ്ടാണ് ഞാൻ ദൃഷ്ടാന്തങ്ങൾ ഉപയോഗിച്ച് അവരോടു സംസാരിക്കുന്നത്. കാരണം അവർ നോക്കുന്നുണ്ട്. പക്ഷേ അതുകൊണ്ട് ഒരു കാര്യവുമില്ല. അവർ കേൾക്കുന്നുണ്ട്. പക്ഷേ അതുകൊണ്ട് ഒരു ഗുണവുമില്ല. പറയുന്നതിന്റെ സാരം അവർ മനസ്സിലാക്കുന്നുമില്ല. അങ്ങനെ യശയ്യയുടെ ഈ പ്രവചനം അവരിൽ നിറവേറുകയാണ്: ‘. . . ഈ ജനത്തിന്റെ ഹൃദയം തഴമ്പിച്ചിരിക്കുന്നു.’”—മത്തായി 13:13-15; യശയ്യ 6:9, 10.
പക്ഷേ, യേശു പറഞ്ഞത് കേട്ടുകൊണ്ടിരുന്ന എല്ലാവരുടെയും കാര്യത്തിൽ ഇതു സത്യമല്ല. യേശു പറയുന്നു: “നിങ്ങളുടെ കണ്ണുകൾ കാണുന്നതുകൊണ്ടും ചെവികൾ കേൾക്കുന്നതുകൊണ്ടും അവ അനുഗ്രഹിക്കപ്പെട്ടതാണ്. കാരണം അനേകം പ്രവാചകന്മാരും നീതിമാന്മാരും നിങ്ങൾ കാണുന്നതു കാണാൻ ആഗ്രഹിച്ചിട്ടും കണ്ടില്ല, നിങ്ങൾ കേൾക്കുന്നതു കേൾക്കാൻ ആഗ്രഹിച്ചിട്ടും കേട്ടില്ല എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു.”—മത്തായി 13:16, 17.
അതെ, 12 അപ്പോസ്തലന്മാരും വിശ്വസ്തരായ ശിഷ്യന്മാരും യേശു പറയുന്നതു സ്വീകരിക്കാൻ മനസ്സൊരുക്കമുള്ളവരായിരുന്നു. അതുകൊണ്ട് യേശു പറയുന്നു: “സ്വർഗരാജ്യത്തിന്റെ പാവനരഹസ്യങ്ങൾ മനസ്സിലാക്കാൻ നിങ്ങളെ അനുവദിച്ചിരിക്കുന്നു. പക്ഷേ അവരെ അനുവദിച്ചിട്ടില്ല.” (മത്തായി 13:11) കാര്യങ്ങൾ മനസ്സിലാക്കാൻ ശിഷ്യന്മാർ ആത്മാർഥമായി ആഗ്രഹിച്ചതുകൊണ്ട് യേശു അവർക്കു വിതക്കാരന്റെ ദൃഷ്ടാന്തം വിശദീകരിച്ചുകൊടുക്കുന്നു.
യേശു പറയുന്നു: “വിത്ത് ദൈവവചനം.” (ലൂക്കോസ് 8:11) മണ്ണ് ഹൃദയമാണ്. ഈ ദൃഷ്ടാന്തത്തിന്റെ അർഥം മനസ്സിലാക്കാൻ സഹായിക്കുന്ന സുപ്രധാനമായ ഒരു സംഗതിയാണ് അത്.
വഴിയരികിൽ, ആളുകൾ ചവിട്ടി നടന്ന് തറഞ്ഞുകിടക്കുന്ന മണ്ണിൽ വീണ വിത്തിനെക്കുറിച്ച് യേശു പറയുന്നു: “ചിലർ ആ വചനം കേൾക്കുന്നെങ്കിലും അവർ വിശ്വസിച്ച് രക്ഷ നേടാതിരിക്കാൻ പിശാച് വന്ന് അവരുടെ ഹൃദയങ്ങളിൽനിന്ന് വചനം എടുത്തുകളയുന്നു.” (ലൂക്കോസ് 8:12) പാറസ്ഥലത്ത് വീണ വിത്തിനെക്കുറിച്ച് പറയുമ്പോൾ യേശു അർഥമാക്കുന്നത്, വചനം സന്തോഷത്തോടെ സ്വീകരിക്കുന്നെങ്കിലും ആഴത്തിൽ വേരുപിടിക്കാത്ത ഹൃദയനിലയുള്ളവരെയാണ്. “ദൈവവചനത്തിന്റെ പേരിൽ കഷ്ടതയോ ഉപദ്രവമോ ഉണ്ടാകുമ്പോൾ” അവർ വീണുപോകുന്നു. അതെ, “പരീക്ഷണങ്ങളുടെ സമയത്ത് ” ഒരുപക്ഷേ, കുടുംബാംഗങ്ങളിൽനിന്നോ മറ്റുള്ളവരിൽനിന്നോ എതിർപ്പ് ഉണ്ടാകുമ്പോൾ, അവർ വീണുപോകുന്നു.—മത്തായി 13:21; ലൂക്കോസ് 8:13.
മുള്ളുകൾക്കിടയിൽ വീഴുന്ന വിത്തിന്റെ കാര്യമോ? ഇതു വചനം കേട്ട ആളുകളെക്കുറിച്ചാണ് എന്നു യേശു ശിഷ്യന്മാരോടു പറയുന്നു. “ഈ വ്യവസ്ഥിതിയിലെ ഉത്കണ്ഠകളും ധനത്തിന്റെ വഞ്ചകശക്തിയും” അവരെ ഞെരുക്കിക്കളയുന്നു. (മത്തായി 13:22) വചനം അവരുടെ ഹൃദയത്തിലുണ്ടായിരുന്നു, പക്ഷേ ഇപ്പോൾ അതു ഞെരിഞ്ഞമർന്ന് ഫലം കായ്ക്കാത്ത സ്ഥിതിയിലായി.
അവസാനമായി യേശു പറയുന്നതു നല്ല മണ്ണിനെക്കുറിച്ചാണ്. വചനം കേട്ട് അതു ഹൃദയത്തിൽ സ്വീകരിക്കുന്ന, അതിന്റെ ശരിക്കുള്ള അർഥം മനസ്സിലാക്കുന്ന, ആളുകളെയാണു യേശു ഉദ്ദേശിക്കുന്നത്. ഫലമോ? അവർ ‘ഫലം പുറപ്പെടുവിക്കുന്നു.’ പ്രായം, ആരോഗ്യസ്ഥിതി എന്നിങ്ങനെ ഓരോരുത്തരുടെയും സാഹചര്യം വ്യത്യസ്തമാണ്. അതുകൊണ്ട് എല്ലാവർക്കും ഒരേ രീതിയിൽ ചെയ്യാൻ പറ്റുന്നില്ല. ചിലർ 100 മേനിയും ചിലർ 60 മേനിയും വേറെ ചിലർ 30 മേനിയും വിളവ് ഉത്പാദിപ്പിക്കുന്നു. അതെ, “ആത്മാർഥതയുള്ള നല്ലൊരു ഹൃദയത്തോടെ ദൈവവചനം കേട്ടിട്ട് ഉള്ളിൽ സംഗ്രഹിക്കുകയും സഹിച്ചുനിന്ന് ഫലം പുറപ്പെടുവിക്കുകയും ചെയ്യുന്ന”വർക്ക് ദൈവത്തെ സേവിക്കുന്നതിന്റെ അനുഗ്രഹങ്ങൾ കിട്ടുന്നു.—ലൂക്കോസ് 8:15.
യേശു പഠിപ്പിച്ച കാര്യങ്ങളുടെ വിശദീകരണം തേടി വന്ന ശിഷ്യന്മാർക്ക് ആ വാക്കുകൾ കേട്ടപ്പോൾ എത്ര സന്തോഷം തോന്നിക്കാണും! ആ ദൃഷ്ടാന്തങ്ങളെക്കുറിച്ച് കുറെക്കൂടി ആഴത്തിലുള്ള ഗ്രാഹ്യം അവർക്കു കിട്ടിയിരിക്കുന്നു. ഈ ദൃഷ്ടാന്തങ്ങളുടെ അർഥം അവർ മനസ്സിലാക്കാൻ യേശു ആഗ്രഹിക്കുന്നു. കാരണം അപ്പോഴല്ലേ ഈ സത്യങ്ങൾ മറ്റുള്ളവർക്കു പറഞ്ഞുകൊടുക്കാൻ അവർക്കു കഴിയൂ. യേശു ചോദിക്കുന്നു: “വിളക്കു കത്തിച്ച് ആരെങ്കിലും കൊട്ടയുടെ കീഴെയോ കട്ടിലിന്റെ അടിയിലോ വെക്കാറുണ്ടോ? വിളക്കുതണ്ടിലല്ലേ വെക്കുക?” എന്നിട്ട് യേശു പറയുന്നു: “കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ.”—മർക്കോസ് 4:21-23.
കൂടുതൽ നിർദേശങ്ങൾ നൽകുന്നു
വിതക്കാരനെക്കുറിച്ചുള്ള ദൃഷ്ടാന്തത്തിന്റെ വിശദീകരണം കിട്ടിക്കഴിഞ്ഞപ്പോൾ കൂടുതൽ അറിയാൻ ശിഷ്യന്മാർക്ക് ആഗ്രഹമായി. “വയലിലെ കളകളുടെ ദൃഷ്ടാന്തം ഞങ്ങൾക്കു വിശദീകരിച്ചുതരാമോ” എന്ന് അവർ ചോദിക്കുന്നു.—മത്തായി 13:36.
ആ ചോദ്യം ചോദിച്ചതിലൂടെ, കടൽത്തീരത്ത് ഉണ്ടായിരുന്ന മറ്റുള്ളവരിൽനിന്ന് വ്യത്യസ്തമായ ഒരു മനോഭാവമാണു തങ്ങൾക്കുള്ളതെന്ന് അവർ കാണിച്ചു. തെളിവനുസരിച്ച് ആ ആളുകളും യേശു പറഞ്ഞതെല്ലാം കേട്ടതാണ്. പക്ഷേ, ആ ദൃഷ്ടാന്തങ്ങളുടെ അർഥമോ യേശു എന്തിനുവേണ്ടിയാണ് അതു പറഞ്ഞതെന്നോ അറിയാൻ അവർക്കു താത്പര്യമില്ല. ദൃഷ്ടാന്തംകൊണ്ടുതന്നെ അവർ തൃപ്തരാണ്. കടൽത്തീരത്ത് കൂടിവന്ന മറ്റാളുകളും കൂടുതൽ പഠിക്കാനുള്ള ആഗ്രഹത്തോടെ തന്റെ അടുക്കൽ വന്ന ശിഷ്യന്മാരും തമ്മിലുള്ള വ്യത്യാസം എടുത്തുകാണിച്ചുകൊണ്ട് യേശു പറയുന്നു:
“കേൾക്കുന്ന കാര്യങ്ങൾക്കു ശ്രദ്ധ കൊടുക്കുക. നിങ്ങൾ അളന്നുകൊടുക്കുന്ന പാത്രംകൊണ്ടുതന്നെ നിങ്ങൾക്കും അളന്നുകിട്ടും; അതിൽ അധികവും കിട്ടും.” (മർക്കോസ് 4:24) യേശു പറയുന്ന കാര്യങ്ങൾക്കു ശിഷ്യന്മാർ നല്ല ശ്രദ്ധ കൊടുക്കുന്നു. അവർ ആത്മാർഥമായ താത്പര്യവും ശ്രദ്ധയും യേശുവിന് അളന്നുകൊടുക്കുന്നു, അപ്പോൾ കൂടുതൽ നിർദേശങ്ങളും ഗ്രാഹ്യവും കിട്ടുന്നതിന്റെ അനുഗ്രഹം അവർക്ക് ആസ്വദിക്കാനാകുന്നു. ഗോതമ്പിനെയും കളയെയും കുറിച്ചുള്ള ദൃഷ്ടാന്തത്തെപ്പറ്റി ശിഷ്യന്മാർ ചോദിച്ചപ്പോൾ യേശു നൽകുന്ന വിശദീകരണം അതിന് ഒരു ഉദാഹരണമാണ്. യേശു പറയുന്നു:
“നല്ല വിത്തു വിതയ്ക്കുന്നവൻ മനുഷ്യപുത്രൻ. വയൽ ലോകം. നല്ല വിത്തു ദൈവരാജ്യത്തിന്റെ പുത്രന്മാർ. കളകളോ ദുഷ്ടന്റെ പുത്രന്മാർ. കളകൾ വിതച്ച ശത്രു പിശാച്. കൊയ്ത്ത്, വ്യവസ്ഥിതിയുടെ അവസാനകാലം. കൊയ്യുന്നവർ ദൂതന്മാർ.”—മത്തായി 13:37-39.
ആ ദൃഷ്ടാന്തത്തിന്റെ ഓരോ ഭാഗത്തെയും കുറിച്ച് പറഞ്ഞശേഷം എന്തായിരിക്കും സംഭവിക്കാൻപോകുന്നതെന്നു യേശു വിശദീകരിക്കുന്നു. വ്യവസ്ഥിതിയുടെ അവസാനകാലത്ത് കൊയ്ത്തുകാർ അഥവാ ദൂതന്മാർ യഥാർഥത്തിലുള്ള “രാജ്യത്തിന്റെ പുത്രന്മാ”രിൽനിന്ന് കളയ്ക്കു തുല്യരായ ആളുകളെ, അഥവാ ക്രിസ്ത്യാനികളെന്നു ഭാവിക്കുന്നവരെ വേർതിരിക്കും. പക്ഷേ, “നീതിമാന്മാ”രെ കൂട്ടിച്ചേർക്കും. അവർ പിന്നീട് “പിതാവിന്റെ രാജ്യത്തിൽ സൂര്യനെപ്പോലെ പ്രകാശിക്കും.” “ദുഷ്ടന്റെ പുത്രന്മാ”രുടെ കാര്യമോ? നാശമായിരിക്കും അവർക്കു കിട്ടാൻപോകുന്നത്. ‘കരയാനും നിരാശയോടെ പല്ലിറുമ്മാനും’ അവർക്കു ന്യായമായ കാരണമുണ്ട്.—മത്തായി 13:41-43.
ശിഷ്യന്മാർക്ക് യേശുവിൽനിന്ന് മൂന്നു ദൃഷ്ടാന്തങ്ങൾകൂടി കേൾക്കാനുള്ള അവസരം കിട്ടി. ഒന്നാമതായി യേശു പറയുന്നു: “സ്വർഗരാജ്യം വയലിൽ മറഞ്ഞിരിക്കുന്ന ഒരു നിധിപോലെയാണ്. ഒരു മനുഷ്യൻ അതു കണ്ടപ്പോൾ അവിടെത്തന്നെ ഒളിപ്പിച്ചുവെച്ചിട്ട് സന്തോഷത്തോടെ പോയി തനിക്കുള്ളതെല്ലാം വിറ്റ് ആ വയൽ വാങ്ങി.”—മത്തായി 13:44.
യേശു ഇങ്ങനെയും പറയുന്നു: “സ്വർഗരാജ്യം മേന്മയേറിയ മുത്തുകൾ തേടി സഞ്ചരിക്കുന്ന ഒരു വ്യാപാരിയെപ്പോലെയാണ്. അയാൾ വിലയേറിയ ഒരു മുത്തു കണ്ടെത്തിയപ്പോൾ പോയി ഉടൻതന്നെ തനിക്കുള്ളതെല്ലാം വിറ്റ് അതു വാങ്ങി.”—മത്തായി 13:45, 46.
ശരിക്കും മൂല്യമുള്ള ഒന്നിനുവേണ്ടി ത്യാഗം ചെയ്യാനുള്ള ഒരാളുടെ മനസ്സൊരുക്കത്തെയാണ് ഈ രണ്ടു ദൃഷ്ടാന്തത്തിലും യേശു എടുത്തുകാണിക്കുന്നത്. വിലയേറിയ ഒരു മുത്തു വാങ്ങാൻവേണ്ടി ആ വ്യാപാരി ഉടനടി “തനിക്കുള്ളതെല്ലാം” വിൽക്കുന്നു. വിലയേറിയ മുത്തിനെക്കുറിച്ചുള്ള ആ ദൃഷ്ടാന്തം യേശുവിന്റെ ശിഷ്യന്മാർക്കു മനസ്സിലാകും. വയലിൽ മറഞ്ഞിരിക്കുന്ന നിധി കാണുമ്പോൾ ഒരു മനുഷ്യൻ അതു വാങ്ങാൻ ‘തനിക്കുള്ളതെല്ലാം വിൽക്കുന്നു.’ ഈ രണ്ടു ദൃഷ്ടാന്തത്തിലും വിലയേറിയ ഒന്ന് ലഭ്യമായിരിക്കുന്നതിനെക്കുറിച്ച് യേശു പറയുന്നു. അമൂല്യമായി കാണേണ്ടതും കൈവശമാക്കേണ്ടതും ആയ ഒന്നാണത്. ആത്മീയാവശ്യങ്ങൾ തൃപ്തിപ്പെടുത്താൻവേണ്ടി ഒരാൾ ചെയ്യുന്ന ത്യാഗത്തോട് ഇതിനെ ഉപമിക്കാം. (മത്തായി 5:3) യേശുവിന്റെ ഈ ദൃഷ്ടാന്തങ്ങൾ കേട്ടുകൊണ്ടിരിക്കുന്ന ചിലർ, അപ്പോൾത്തന്നെ ആത്മീയാവശ്യങ്ങൾ തൃപ്തിപ്പെടുത്താനും യേശുവിന്റെ യഥാർഥ അനുഗാമികളായിരിക്കാനും വലിയ ത്യാഗങ്ങൾ ചെയ്തവരാണ്.—മത്തായി 4:19, 20; 19:27.
അവസാനമായി യേശു സ്വർഗരാജ്യത്തെ ഒരു വലയോട്, എല്ലാ തരം മീനുകളെയും പിടിക്കുന്ന ഒരു വലയോട്, ഉപമിക്കുന്നു. (മത്തായി 13:47) മീനുകളെ വേർതിരിക്കുമ്പോൾ അവയിൽ നല്ലവ പാത്രങ്ങളിൽ ശേഖരിക്കുന്നു. കൊള്ളാത്തവ എറിഞ്ഞുകളയുന്നു. വ്യവസ്ഥിതിയുടെ അവസാനകാലത്തും ഇതുപോലെതന്നെയായിരിക്കുമെന്നു യേശു പറയുന്നു—ദൂതന്മാർ നീതിമാന്മാരിൽനിന്ന് ദുഷ്ടന്മാരെ വേർതിരിക്കും.
“മനുഷ്യരെ പിടിക്കുന്നവരാക്കാം” എന്നു പറഞ്ഞ് യേശു ആദ്യത്തെ ശിഷ്യന്മാരെ വിളിച്ചപ്പോൾ യേശുതന്നെ ആത്മീയാർഥത്തിൽ മീൻപിടിക്കുകയായിരുന്നു. (മർക്കോസ് 1:17) പക്ഷേ വലയെക്കുറിച്ചുള്ള ദൃഷ്ടാന്തം ശരിക്കും ഭാവിയിൽ, “വ്യവസ്ഥിതിയുടെ അവസാനകാലത്ത് ” നടക്കുന്നതാണെന്നു യേശു പറയുന്നു. (മത്തായി 13:49) അങ്ങനെ, യേശു പറയുന്നതു കേട്ടുകൊണ്ടിരിക്കുന്ന അപ്പോസ്തലന്മാർക്കും ശിഷ്യന്മാർക്കും ഒരു കാര്യം മനസ്സിലാകുന്നു, വളരെ രസകരമായ പലതും ഭാവിയിൽ നടക്കാനിരിപ്പുണ്ട്.
യേശു വള്ളത്തിൽ ഇരുന്ന് പറഞ്ഞ ദൃഷ്ടാന്തങ്ങൾ കേട്ടവർ ഇപ്പോൾ ആത്മീയാർഥത്തിൽ കൂടുതൽ സമ്പന്നരായി. “ശിഷ്യന്മാരുടെകൂടെ തനിച്ചായിരിക്കുമ്പോൾ യേശു അവർക്ക് എല്ലാം വിശദീകരിച്ചുകൊടു”ക്കാൻ മനസ്സുകാണിക്കുന്നു. (മർക്കോസ് 4:34) “തന്റെ അമൂല്യവസ്തുക്കളുടെ ശേഖരത്തിൽനിന്ന് പുതിയതും പഴയതും പുറത്തെടുക്കുന്ന ഒരു വീട്ടുകാരനെപ്പോലെയാണ് ” യേശു. (മത്തായി 13:52) തന്റെ പഠിപ്പിക്കൽ പ്രാപ്തി പ്രദർശിപ്പിക്കാനല്ല യേശു ഈ ദൃഷ്ടാന്തങ്ങൾ പറയുന്നത്. പകരം അമൂല്യനിധിപോലെയുള്ള സത്യങ്ങൾ ശിഷ്യന്മാർക്കു പറഞ്ഞുകൊടുക്കുകയാണ് യേശു. ശരിക്കും പറഞ്ഞാൽ യേശുവിനെപ്പോലെ ഒരു ‘ഉപദേഷ്ടാവ് ’ വേറെയില്ല.