യേശുവിന്റെ ജീവിതവും ശുശ്രൂഷയും
കൂടുതൽ പ്രബോധനത്താൽ അനുഗ്രഹിക്കപ്പെടുന്നു
ശിഷ്യൻമാർക്ക് വിതക്കാരന്റെ ദൃഷ്ടാന്തത്തിന്റെ ഒരു വിശദീകരണം കിട്ടിക്കഴിഞ്ഞതേയുണ്ടായിരുന്നുള്ളു. എന്നാൽ ഇപ്പോൾ അവർ കൂടുതൽ പഠിക്കാനാഗ്രഹിക്കുന്നു. “വയലിലെ കളകളുടെ ദൃഷ്ടാന്തം ഞങ്ങൾക്കു വിശദീകരിച്ചുതരേണമേ” എന്ന് അവർ അപേക്ഷിക്കുന്നു.
ശിഷ്യൻമാരുടെ മനോഭാവം കടൽത്തീരത്തെ ശേഷിച്ച ജനക്കൂട്ടത്തിന്റേതിൽനിന്ന് എത്ര വ്യത്യസ്തം! ദൃഷ്ടാന്തങ്ങളിൽ വിവരിക്കപ്പെട്ടിരുന്ന കാര്യങ്ങളുടെ ബാഹ്യരൂപത്തിൽമാത്രം തൃപ്തിപ്പെടുകയാൽ ദൃഷ്ടാന്തങ്ങൾക്കു പിന്നിലെ അർത്ഥം മനസ്സിലാക്കാനുള്ള ഒരു ആത്മാർത്ഥമായ ആഗ്രഹം ആ ആളുകൾക്കില്ലായിരുന്നു. ആ കടൽത്തീരത്തെ സദസ്സും ജിജ്ഞാസുക്കളായ തന്റെ ശിഷ്യൻമാരുമായുള്ള വ്യത്യാസം കാണിച്ചുകൊണ്ട് യേശു പറയുന്നു:
“നിങ്ങൾ അളന്നുകൊടുക്കുന്ന അളവിനാൽ നിങ്ങൾക്ക് അളന്നുകിട്ടും, അതെ, നിങ്ങൾക്കു കൂടുതൽ കൂട്ടപ്പെടും.” ശിഷ്യൻമാർ യേശുവിന് ആത്മാർത്ഥമായ താല്പര്യവും ശ്രദ്ധയും അളന്നുകൊടുക്കുന്നു, തന്നിമിത്തം കൂടുതൽ പ്രബോധനത്താൽ അവർ അനുഗ്രഹിക്കപ്പെടുന്നു. അങ്ങനെ, തന്റെ ശിഷ്യൻമാരുടെ അന്വേഷണത്തിന് ഉത്തരമായി യേശു വിശദീകരിക്കുന്നു:
“നല്ല വിത്തിന്റെ വിതക്കാരൻ മനുഷ്യപുത്രനാണ്; വയൽ ലോകമാണ്; നല്ല വിത്തിനെസംബന്ധിച്ചാണെങ്കിൽ, അവ രാജ്യത്തിന്റെ പുത്രൻമാരാണ്; എന്നാൽ കളകൾ ദുഷ്ടന്റെ പുത്രൻമാരാണ്, അവ വിതച്ച ശത്രു പിശാചാണ്. കൊയ്ത്ത് ഒരു വ്യവസ്ഥിതിയുടെ സമാപനമാണ്, കൊയ്ത്തുകാർ ദൂതൻമാരാണ്.”
തന്റെ ദൃഷ്ടാന്തത്തിന്റെ ഓരോ വശത്തെയും തിരിച്ചറിയിച്ചശേഷം യേശു ഫലം വർണ്ണിക്കുന്നു. അവൻ പറയുന്നപ്രകാരം വ്യവസ്ഥിതിയുടെ സമാപനത്തിങ്കൽ “കൊയ്ത്തുകാർ” അഥവാ ദൂതൻമാർ യഥാർത്ഥ “രാജ്യത്തിന്റെ പുത്രൻമാരിൽ”നിന്ന് കളതുല്യരായ കൃത്രിമക്രിസ്ത്യാനികളെ വേർതിരിക്കും. പിന്നീട് “ദുഷ്ടന്റെ പുത്രൻമാർ” നാശത്തിനുവേണ്ടി അടയാളമിടപ്പെടും, എന്നാൽ ദൈവരാജ്യത്തിന്റെ പുത്രൻമാരായ “നീതിമാൻമാർ” തങ്ങളുടെ പിതാവിന്റെ രാജ്യത്തിൽ ഉജ്ജ്വലമായി തിളങ്ങും.
യേശു പിന്നീട് ജിജ്ഞാസുക്കളായ തന്റെ ശിഷ്യൻമാരെ മൂന്നു ദൃഷ്ടാന്തങ്ങൾകൂടെ പറഞ്ഞ് അനുഗ്രഹിക്കുന്നു. ആദ്യമായി അവൻ പറയുന്നു: “സ്വർഗ്ഗരാജ്യം വയലിൽ ഒളിച്ചുവെച്ചിരുന്ന ഒരു നിധി പോലെയാണ്, അത് ഒരു മനുഷ്യൻ കണ്ട് ഒളിച്ചുവെച്ചു; തനിക്കുള്ള സന്തോഷത്താൽ അവൻ പോകുകയും തനിക്കുള്ള വകകൾ വിററ് ആ വയൽ വാങ്ങുകയും ചെയ്യുന്നു.”
അവൻ തുടരുന്നു: “വീണ്ടും സ്വർഗ്ഗരാജ്യം നല്ല മുത്തുകൾ അന്വേഷിക്കുന്ന ഒരു സഞ്ചാരവ്യാപാരിയെപ്പോലെയാണ്. ഉയർന്ന വിലയുള്ള ഒരു മുത്തു കണ്ടപ്പോൾ അയാൾ പോയി തനിക്കുണ്ടായിരുന്ന വസ്തുക്കളെല്ലാം വിററ് അതു വാങ്ങി.”
യേശുതന്നെ മറഞ്ഞിരിക്കുന്ന നിധി കണ്ടെത്തുന്ന മനുഷ്യനെപ്പോലെയും ഉയർന്നവിലയുള്ള ഒരു മുത്തു കണ്ടെത്തുന്ന വ്യാപാരിയെപ്പോലെയുമാണ്. അവൻ സ്വർഗ്ഗത്തിലെ ബഹുമാന്യപദവി വിട്ട് ഒരു താണ മനുഷ്യനായിത്തീർന്നുകൊണ്ട് തനിക്കുള്ളതെല്ലാം വിററു. അനന്തരം ഭൂമിയിലെ ഒരു മനുഷ്യനെന്ന നിലയിൽ അവൻ നിന്ദയും ദ്വേഷപൂർവകമായ പീഡനവും സഹിക്കുകയും ദൈവരാജ്യത്തിന്റെ ഭരണാധികാരിയായിത്തീരാൻ യോഗ്യനെന്നു തെളിയിക്കുകയും ചെയ്യുന്നു.
ഒന്നുകിൽ ക്രിസ്തുവിനോടുകൂടെ സഹഭരണാധിപനോ അല്ലെങ്കിൽ ഒരു ഭൗമികരാജ്യപ്രജയോ ആയിരിക്കുന്ന മഹത്തായ പദവി ലഭിക്കാൻ സകലവും വിൽക്കുന്നതിനുള്ള വെല്ലുവിളി യേശുവിന്റെ ശിഷ്യൻമാരുടെ മുമ്പാകെയും വെക്കപ്പെട്ടിരിക്കുന്നു. നാം ദൈവരാജ്യത്തിൽ ഒരു പങ്കുലഭിക്കുന്നത് ഒരു വിലതീരാത്ത നിധിയോ ഒരു വിലപ്പെട്ട മുത്തോ പോലെ വിലയേറിയതായി പരിഗണിക്കുമോ?
ഒടുവിൽ, യേശു “സ്വർഗ്ഗരാജ്യ”ത്തെ സകല തരം മത്സ്യങ്ങളെയും ശേഖരിക്കുന്ന ഒരു കോരുവലയോട് ഉപമിക്കുന്നു. മത്സ്യങ്ങൾ വേർതിരിക്കപ്പെടുമ്പോൾ കൊള്ളുകയില്ലാത്തവ തള്ളപ്പെടുന്നു, എന്നാൽ നല്ലത് സൂക്ഷിക്കപ്പെടുന്നു. അങ്ങനെയായിരിക്കും വ്യവസ്ഥിതിയുടെ സമാപനത്തിങ്കലെന്ന് യേശു പറയുന്നു; ദൂതൻമാർ നീതിമാൻമാരുടെ ഇടയിൽനിന്ന് ദുഷ്ടൻമാരെ വേർതിരിക്കുകയും അവരെ നിർമ്മൂലനാശത്തിനായി മാററിനിർത്തുകയും ചെയ്യും.
യേശുതന്നെ തന്റെ ആദിമശിഷ്യൻമാരെ “മനുഷ്യരെ വീശിപ്പിടിക്കുന്നവർ” എന്നു വിളിച്ചുകൊണ്ട് ഈ മത്സ്യബന്ധനപദ്ധതി തുടങ്ങുന്നു. ദൂതൻമാരുടെ മേൽനോട്ടത്തിൽ മത്സ്യബന്ധനവേല നൂററാണ്ടുകളിൽ തുടരുന്നു. ഒടുവിൽ ക്രിസ്തീയമെന്ന് അഭിമാനിക്കുന്ന ഭൂമിയിലെ സ്ഥാപനങ്ങളായ “കോരുവല” വലിച്ചുകയററാനുള്ള സമയമായി.
കൊള്ളുകയില്ലാത്ത മത്സ്യങ്ങൾ നാശത്തിലേക്കു തള്ളപ്പെടുന്നുവെങ്കിലും നന്ദിപൂർവം നമുക്ക് സൂക്ഷിക്കപ്പെടുന്ന ‘നല്ല മത്സ്യങ്ങളിൽ’ ഉൾപ്പെടാൻ കഴിയും. കൂടുതൽ അറിവിനും ഗ്രാഹ്യത്തിനുമായി യേശുവിന്റെ ശിഷ്യൻമാരെപ്പോലെ അതേ ആത്മാർത്ഥമായ ആഗ്രഹം പ്രകടമാക്കുന്നതിനാൽ നാം കൂടുതൽ പ്രബോധനത്താൽ മാത്രമല്ല, പിന്നെയോ നിത്യജീവന്റെ ദൈവാനുഗ്രഹത്താലും അനുഗൃഹീതരാകും. മത്തായി 13:36-52; 4:19; മർക്കോസ് 4:24, 25.
◆ യേശുവിന്റെ ശിഷ്യൻമാർ കടൽതീരത്തെ ജനക്കൂട്ടത്തിൽനിന്ന് വ്യത്യസ്തരായിരിക്കുന്നതെങ്ങനെ?
◆ വയലിലെ വിതക്കാരനും വയലും നല്ല വിത്തും ശത്രുവും കൊയ്ത്തും കൊയ്ത്തുകാരും ആരെ അല്ലെങ്കിൽ എന്തിനെ പ്രതിനിധാനംചെയ്യുന്നു?
◆ യേശു കൂടുതലായ ഏതു മൂന്നു ദൃഷ്ടാന്തങ്ങൾ പറഞ്ഞു, നമുക്ക് അവയിൽനിന്ന് എന്ത് പഠിക്കാൻ കഴിയും? (w87 4/15)