പഠനലേഖനം 50
നല്ല ഇടയന്റെ ശബ്ദം കേട്ടനുസരിക്കുക
‘അവ എന്റെ ശബ്ദം കേട്ടനുസരിക്കും.’—യോഹ. 10:16.
ഗീതം 3 ഞങ്ങളുടെ പ്രത്യാശ, ഞങ്ങളുടെ ആശ്രയം, ഞങ്ങളുടെ ധൈര്യം
പൂർവാവലോകനംa
1. യേശു തന്റെ അനുഗാമികളെ ആടുകളോട് താരതമ്യപ്പെടുത്തിയതിന്റെ ഒരു കാരണമെന്താണ്?
ശിഷ്യന്മാരോടുള്ള തന്റെ ബന്ധത്തെ യേശു താരതമ്യം ചെയ്തത് ഒരു ഇടയനും ആടുകളും തമ്മിലുള്ള അടുപ്പത്തോടാണ്. (യോഹ. 10:14) ആ താരതമ്യം നന്നായി ചേരും. ആടുകൾക്ക് അവയുടെ ഇടയന്റെ ശബ്ദം അറിയാം. അയാൾ പറയുന്നത് അവ അനുസരിക്കുകയും ചെയ്യും. ഒരു വിനോദസഞ്ചാരി തനിക്കുണ്ടായ ഒരു അനുഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ്: “ഞങ്ങളുടെ കൂട്ടത്തിലുള്ള ചിലർക്ക് ആടുകളുടെ ഫോട്ടോ എടുക്കണമെന്നു തോന്നി. പക്ഷേ എത്ര വിളിച്ചിട്ടും അവ അടുത്തേക്കു വരുന്നില്ല. അതിനു കാരണമുണ്ട്, അവയ്ക്ക് ഞങ്ങളുടെ ശബ്ദം പരിചയമില്ലല്ലോ. അപ്പോഴാണ് അവയുടെ ഇടയൻ ആ വഴി വന്നത്. ആ പയ്യന്റെ ശബ്ദം കേട്ട ഉടനെ എല്ലാംകൂടെ അവന്റെ പുറകേ പോയി.”
2-3. (എ) യേശുവിന്റെ അനുഗാമികൾക്ക് ഇന്ന് എങ്ങനെയാണു യേശുവിന്റെ ശബ്ദം കേട്ടനുസരിക്കാനാകുന്നത്? (ബി) ഈ ലേഖനത്തിലും അടുത്ത ലേഖനത്തിലും നമ്മൾ എന്താണു പഠിക്കാൻപോകുന്നത്?
2 ആ വിനോദസഞ്ചാരിയുടെ വാക്കുകൾ യേശു തന്റെ ആടുകളെക്കുറിച്ച്, അതായത് തന്റെ ശിഷ്യന്മാരെക്കുറിച്ച്, പറഞ്ഞ കാര്യം നമ്മുടെ ഓർമയിലേക്കു കൊണ്ടുവരുന്നു. യേശു പറഞ്ഞു: ‘അവ എന്റെ ശബ്ദം കേട്ടനുസരിക്കും.’ (യോഹ. 10:16) പക്ഷേ യേശു സ്വർഗത്തിലല്ലേ, പിന്നെ എങ്ങനെയാണ് നമുക്ക് ഇപ്പോൾ യേശുവിന്റെ ശബ്ദം കേട്ടനുസരിക്കാനാകുന്നത്? യേശു പഠിപ്പിച്ച കാര്യങ്ങൾക്കു ചേർച്ചയിൽ ജീവിക്കുന്നതിലൂടെ.—മത്താ. 7:24, 25.
3 യേശു പഠിപ്പിച്ച ചില കാര്യങ്ങളെക്കുറിച്ച് ഈ ലേഖനത്തിലും അടുത്തതിലും നമ്മൾ ചർച്ച ചെയ്യും. അവയിൽ ചിലതു നമ്മളോടു ചെയ്യാൻ പറഞ്ഞവയും മറ്റു ചിലതു ചെയ്യരുത് എന്നു പറഞ്ഞവയും ആണ്. അതിൽ ആദ്യം നോക്കുന്നത്, നമ്മുടെ ഇടയൻ ചെയ്യരുതെന്നു പറഞ്ഞ രണ്ടു കാര്യങ്ങളാണ്.
‘ഉത്കണ്ഠപ്പെടുന്നത് ഒഴിവാക്കുക’
4. ലൂക്കോസ് 12:29 അനുസരിച്ച് നമ്മളെ ‘ഉത്കണ്ഠപ്പെടുത്തിയേക്കാവുന്ന’ ചില കാര്യങ്ങൾ എന്തൊക്കെയാണ്?
4 ലൂക്കോസ് 12:29 വായിക്കുക. തങ്ങളുടെ ജീവിതാവശ്യങ്ങളെക്കുറിച്ച് ‘ഉത്കണ്ഠപ്പെടുന്നത് ഒഴിവാക്കാൻ’ യേശു തന്റെ അനുഗാമികളോടു പറഞ്ഞു. യേശുവിന്റെ ഉപദേശങ്ങൾ എപ്പോഴും ഏറ്റവും നല്ലതും ശരിയും ആണെന്നു നമുക്ക് അറിയാം. അവ അനുസരിക്കണമെന്നു നമുക്ക് ആഗ്രഹമുണ്ട്. പക്ഷേ, എപ്പോഴും അത് അത്ര എളുപ്പമായിരിക്കണമെന്നില്ല. എന്തുകൊണ്ട്?
5. ജീവിതാവശ്യങ്ങളെക്കുറിച്ച് പലരും ഉത്കണ്ഠപ്പെട്ടേക്കാവുന്നത് എന്തുകൊണ്ട്?
5 ഭക്ഷണം, വസ്ത്രം, താമസസൗകര്യം തുടങ്ങി നമുക്കു ജീവിക്കാൻവേണ്ട കാര്യങ്ങളെ ഓർത്ത് പലർക്കും ഉത്കണ്ഠ തോന്നാറുണ്ട്. ചിലർ താമസിക്കുന്ന ദേശങ്ങളിലെ സാമ്പത്തികസ്ഥിതി വളരെ മോശമായിരിക്കാം. കുടുംബം പോറ്റാനുള്ള പണം കണ്ടെത്താൻ അവർ ഒരുപാടു കഷ്ടപ്പെടുന്നുണ്ടാകും. അതല്ലെങ്കിൽ കുടുംബം നോക്കിയിരുന്ന വ്യക്തിയുടെ മരണം മറ്റു കുടുംബാംഗങ്ങളെ സാമ്പത്തികമായി ബുദ്ധിമുട്ടിലാക്കിയിരിക്കാം. ഇനി, കോവിഡ്-19 മഹാമാരി കാരണം പലർക്കും ജോലി നഷ്ടപ്പെട്ടു. (സഭാ. 9:11) ഇവയോ ഇതുപോലുള്ള മറ്റെന്തെങ്കിലും പ്രശ്നമോ നമ്മുടെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ടെങ്കിൽ നമുക്ക് എങ്ങനെ യേശു പറഞ്ഞതുപോലെ ഉത്കണ്ഠപ്പെടുന്നത് ഒഴിവാക്കാനാകും?
6. ഒരിക്കൽ പത്രോസ് അപ്പോസ്തലന് എന്തു സംഭവിച്ചെന്നു വിവരിക്കുക.
6 ഒരിക്കൽ പത്രോസ് അപ്പോസ്തലനും മറ്റ് അപ്പോസ്തലന്മാരും ഗലീലക്കടലിലൂടെ വള്ളത്തിൽ പോകുകയായിരുന്നു. ആ സമയത്ത് ഒരു കൊടുങ്കാറ്റ് വീശി. അപ്പോൾ യേശു വെള്ളത്തിനു മുകളിലൂടെ നടന്ന് അവരുടെ അടുത്തേക്കു വന്നു. അതു കണ്ടപ്പോൾ പത്രോസ് പറഞ്ഞു: “കർത്താവേ, അത്അങ്ങാണെങ്കിൽ, വെള്ളത്തിനു മുകളിലൂടെ നടന്ന് അങ്ങയുടെ അടുത്ത് വരാൻ എന്നോടു കല്പിക്കണേ.” ഉടനെ, “വരൂ” എന്ന് യേശു പറഞ്ഞു. അപ്പോൾ പത്രോസ് വള്ളത്തിൽനിന്ന് ഇറങ്ങി “വെള്ളത്തിനു മുകളിലൂടെ യേശുവിന്റെ അടുത്തേക്കു നടന്നു.” അടുത്തതായി എന്താണ് സംഭവിച്ചത്? “ആഞ്ഞുവീശുന്ന കൊടുങ്കാറ്റു കണ്ടപ്പോൾ പത്രോസ് ആകെ പേടിച്ചുപോയി. താഴ്ന്നുതുടങ്ങിയ പത്രോസ്, ‘കർത്താവേ, എന്നെ രക്ഷിക്കണേ’ എന്നു നിലവിളിച്ചു.” യേശു ഉടനെ കൈ നീട്ടി പത്രോസിനെ രക്ഷിച്ചു. പത്രോസിന്റെ ശ്രദ്ധ യേശുവിൽത്തന്നെയായിരുന്ന സമയത്ത് ആ ഇളകിമറിയുന്ന കടലിനു മുകളിലൂടെ നടക്കാൻ പത്രോസിനു കഴിഞ്ഞു എന്നോർക്കുക. എന്നാൽ ശ്രദ്ധ കൊടുങ്കാറ്റിലേക്കായപ്പോൾ അദ്ദേഹത്തിന് ആകെപ്പാടെ സംശയവും പേടിയും ഒക്കെ തോന്നി. അദ്ദേഹം വെള്ളത്തിൽ താഴാനും തുടങ്ങി.—മത്താ. 14:24-31.
7. പത്രോസിന്റെ അനുഭവത്തിൽനിന്ന് നമുക്ക് എന്തു പഠിക്കാം?
7 പത്രോസിന്റെ അനുഭവത്തിൽനിന്ന് നമുക്ക് എന്തു പഠിക്കാം? വള്ളത്തിൽനിന്ന് ഇറങ്ങി കടലിന്റെ മുകളിലൂടെ നടന്നുതുടങ്ങിയപ്പോൾ ആ കൊടുങ്കാറ്റ് കണ്ട് താൻ പേടിക്കുമെന്നോ മുങ്ങിത്താഴാൻ തുടങ്ങുമെന്നോ പത്രോസ് ചിന്തിച്ചതേ ഇല്ല. വെള്ളത്തിനു മുകളിലൂടെത്തന്നെ നടന്ന് യേശുവിന്റെ അടുത്ത് എത്താനാണു പത്രോസ് ആഗ്രഹിച്ചത്. എന്നാൽ തന്റെ ആ ലക്ഷ്യത്തിൽനിന്ന് ശ്രദ്ധ മാറാതെ നോക്കാൻ പത്രോസ് പരാജയപ്പെട്ടു. ഇന്നു നമ്മുടെ ജീവിതത്തിലും കൊടുങ്കാറ്റുപോലെയുള്ള വലിയ പ്രശ്നങ്ങൾ ഉണ്ടായേക്കാം. അപ്പോൾ നമ്മുടെ ശ്രദ്ധ യഹോവയിൽനിന്നും യഹോവയുടെ വാഗ്ദാനങ്ങളിൽനിന്നും മാറിപ്പോയാൽ നമ്മളും ആത്മീയമായി മുങ്ങിത്താഴാൻതുടങ്ങും. വെള്ളത്തിനു മുകളിലൂടെ നടക്കാൻ പത്രോസിനു വിശ്വാസം ആവശ്യമായിരുന്നതുപോലെ ജീവിതത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങളെ നേരിടാൻ നമുക്കും വിശ്വാസം വേണം. യഹോവയിലും നമ്മളെ സഹായിക്കാനുള്ള യഹോവയുടെ കഴിവിലും ആയിരിക്കണം നമ്മുടെ മുഴുശ്രദ്ധയും. അതിന് എങ്ങനെ കഴിയും?
8. നമ്മുടെ ജീവിതാവശ്യങ്ങളെക്കുറിച്ച് ഓർത്ത് അമിതമായി ഉത്കണ്ഠപ്പെടാതിരിക്കാൻ നമ്മളെ എന്തു സഹായിക്കും?
8 പ്രശ്നങ്ങളെക്കുറിച്ച് ഉത്കണ്ഠപ്പെടുന്നതിനു പകരം യഹോവ സഹായിക്കുമെന്ന ഉറച്ച ബോധ്യമുള്ളവരായിരിക്കണം നമ്മൾ. യഹോവയ്ക്കു നമ്മൾ ജീവിതത്തിൽ ഒന്നാം സ്ഥാനം നൽകുകയാണെങ്കിൽ നമ്മുടെ മറ്റ് ആവശ്യങ്ങൾക്കുവേണ്ടി കരുതുമെന്നു സ്നേഹവാനായ നമ്മുടെ സ്വർഗീയപിതാവ് ഉറപ്പുതന്നിട്ടുണ്ട്. (മത്താ. 6:32, 33) യഹോവ എല്ലാ കാലത്തും ആ വാക്കു പാലിച്ചിട്ടുണ്ട്. (ആവ. 8:4, 15, 16; സങ്കീ. 37:25) യഹോവ പക്ഷികൾക്കും പൂക്കൾക്കും വേണ്ടതു നൽകുന്നുണ്ടെങ്കിൽ നമുക്കുവേണ്ടി കരുതാതിരിക്കുമോ? അപ്പോൾപ്പിന്നെ, എന്തു തിന്നും, എന്തു ധരിക്കും എന്നൊക്കെ ഓർത്ത് നമ്മൾ ഉത്കണ്ഠപ്പെടേണ്ടതുണ്ടോ? (മത്താ. 6:26-30; ഫിലി. 4:6, 7) സ്നേഹമുള്ളതുകൊണ്ട് മാതാപിതാക്കൾ മക്കൾക്കുവേണ്ടി കരുതുന്നതുപോലെ തന്റെ ജനത്തോടുള്ള സ്നേഹം അവരുടെ ആവശ്യങ്ങൾക്കുവേണ്ടി കരുതാൻ നമ്മുടെ സ്വർഗീയപിതാവിനെ പ്രേരിപ്പിക്കുന്നു. അതുകൊണ്ട്, യഹോവ നമുക്കു വേണ്ടതു ചെയ്തുതരും എന്ന് നമുക്കു തീർച്ചയായും ഉറപ്പുള്ളവരായിരിക്കാം.
9. ഒരു ദമ്പതികൾക്കുണ്ടായ അനുഭവത്തിൽനിന്ന് നമുക്ക് എന്തു പഠിക്കാം?
9 നമ്മുടെ ജീവിതാവശ്യങ്ങൾക്കുവേണ്ടി യഹോവ കരുതുമെന്നു തെളിയിക്കുന്ന ഒരു അനുഭവം മുഴുസമയസേവനത്തിലുള്ള ഒരു ദമ്പതികൾക്കുണ്ടായി. ഒരു അഭയാർഥി ക്യാമ്പിൽ നമ്മുടെ ചില സഹോദരിമാർ കഴിയുന്നുണ്ടായിരുന്നു. ആ ദമ്പതികൾ ഒരു മണിക്കൂറിലേറെ സമയം തങ്ങളുടെ പഴയ കാർ ഓടിച്ച് അവിടെ ചെന്ന് ആ സഹോദരിമാരെ മീറ്റിങ്ങിനു കൂട്ടിക്കൊണ്ടുവന്നു. സഹോദരൻ പറയുന്നു: “മീറ്റിങ്ങു കഴിഞ്ഞ് വീട്ടിൽ വന്ന് ഭക്ഷണം കഴിച്ചിട്ടു പോകാമെന്നു ഞങ്ങൾ സഹോദരിമാരോടു പറഞ്ഞു. പക്ഷേ അതു കഴിഞ്ഞപ്പോഴാണ് ഓർത്തത്, അവർക്കു കൊടുക്കാൻ വീട്ടിൽ ഒന്നും ഇല്ലെന്ന്.” പിന്നെ എന്തു സംഭവിച്ചു? സഹോദരൻ പറയുന്നു: “വീട്ടിൽ എത്തിയപ്പോൾ വാതിലിനു മുന്നിൽ രണ്ടു വലിയ ബാഗു നിറയെ ഭക്ഷണസാധനങ്ങളിരിക്കുന്നു. ആരാ അത് അവിടെ കൊണ്ടുവെച്ചതെന്നു ഞങ്ങൾക്ക് അറിയില്ല. പക്ഷേ ഒരു കാര്യം ഞങ്ങൾക്ക് ഉറപ്പായിരുന്നു, യഹോവ ഞങ്ങൾക്കുവേണ്ടി കരുതി.” കുറച്ച് കാലം കഴിഞ്ഞ് ആ ദമ്പതികളുടെ കാറ് കേടായി. പ്രസംഗപ്രവർത്തനത്തിനു പോകാൻ ആ കാറ് അവർക്കു വേണം. പക്ഷേ അതു നന്നാക്കാനുള്ള പണം അവരുടെ കൈയിൽ ഇല്ലായിരുന്നു. അതു ശരിയാക്കുന്നതിന് എന്തു ചെലവുവരും എന്നറിയാൻ അവർ അതൊരു വർക്ക്ഷോപ്പിൽ കൊണ്ടുപോയി. അപ്പോൾ അതുവഴി വന്ന ഒരു മനുഷ്യൻ ചോദിച്ചു: “ഇത് ആരുടെ കാറാണ്?” അതു തന്റെ കാറാണെന്നും അത് ഇപ്പോൾ കേടായിരിക്കുകയാണെന്നും സഹോദരൻ പറഞ്ഞു. അപ്പോൾ ആ മനുഷ്യൻ പറഞ്ഞു: “എന്റെ ഭാര്യക്ക് ഇതുപോലെതന്നെയുള്ള ഒരു കാറ്, അതും ഇതേ നിറത്തിലുള്ളത്, വേണമെന്ന് ഒരു ആഗ്രഹമുണ്ട്. കാറിന്റെ കേടൊന്നും ഒരു പ്രശ്നമല്ല. ഇതിന് എത്ര വേണം?” സഹോദരൻ ആ കാറ് അദ്ദേഹത്തിനു വിറ്റു. വേറൊരു കാറ് മേടിക്കാനുള്ള പണവും കിട്ടി. സഹോദരൻ പറയുന്നു: “ഞങ്ങൾക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കാനാകില്ല. ഇതു യാദൃച്ഛികമായി സംഭവിച്ചതല്ലെന്നു ഞങ്ങൾക്ക് അറിയാം. ശരിക്കും യഹോവയാണു ഞങ്ങളെ സഹായിച്ചത്.”
10. ജീവിതാവശ്യങ്ങളെക്കുറിച്ച് ഉത്കണ്ഠപ്പെടാതിരിക്കാൻ സങ്കീർത്തനം 37:5 നമ്മളെ സഹായിക്കുന്നത് എങ്ങനെ?
10 അതുകൊണ്ട് ഒരു കാര്യം ഓർക്കുക: നമ്മൾ നല്ല ഇടയന്റെ വാക്കുകൾ കേട്ടനുസരിക്കുകയും ജീവിതാവശ്യങ്ങളെക്കുറിച്ച് ഓർത്ത് അമിതമായി ഉത്കണ്ഠപ്പെടാതിരിക്കുകയും ചെയ്യുന്നെങ്കിൽ യഹോവ നമുക്കുവേണ്ടി പ്രവർത്തിക്കും. (സങ്കീർത്തനം 37:5 വായിക്കുക; 1 പത്രോ. 5:7) ഇതുവരെ കുടുംബനാഥനെയോ അല്ലെങ്കിൽ കുടുംബത്തിലെ ജോലിയുള്ള ഒരംഗത്തെയോ ആയിരിക്കാം നമ്മുടെ ആവശ്യങ്ങൾക്കുവേണ്ടി കരുതാൻ യഹോവ ഉപയോഗിച്ചത്. എന്നാൽ നമ്മൾ അഞ്ചാം ഖണ്ഡികയിൽ കണ്ടതുപോലെ സാഹചര്യങ്ങൾ എപ്പോൾ വേണമെങ്കിലും മാറിയേക്കാം. കുടുംബനാഥനു ജോലി ചെയ്യാൻ പറ്റാത്ത ഒരു സാഹചര്യം വരുകയോ നമുക്കു ജോലി നഷ്ടപ്പെടുകയോ ഒക്കെ ചെയ്താലും മറ്റ് ഏതെങ്കിലും വിധത്തിൽ യഹോവ നമുക്കുവേണ്ടി കരുതും, അക്കാര്യം ഉറപ്പാണ്. നമ്മളോടു ചെയ്യരുതെന്ന് നല്ല ഇടയൻ പറഞ്ഞിരിക്കുന്ന രണ്ടാമത്തെ കാര്യത്തെക്കുറിച്ച് നമുക്ക് ഇനി നോക്കാം.
“വിധിക്കുന്നതു നിറുത്തുക”
11. മത്തായി 7:1, 2 അനുസരിച്ച്, എന്തു ചെയ്യുന്നതു നിറുത്താനാണു യേശു നമ്മളോടു പറയുന്നത്, അതത്ര എളുപ്പമല്ലാത്തത് എന്തുകൊണ്ട്?
11 മത്തായി 7:1, 2 വായിക്കുക. തന്റെ കേൾവിക്കാർ അപൂർണരായതുകൊണ്ട് അവർക്കു മറ്റുള്ളവരുടെ കുറ്റം കണ്ടുപിടിക്കാനുള്ള ഒരു പ്രവണത ഉണ്ടായിരിക്കുമെന്നു യേശുവിന് അറിയാമായിരുന്നു. അതുകൊണ്ടാണ് യേശു അവരോട്, “വിധിക്കുന്നതു നിറുത്തുക” എന്നു പറഞ്ഞത്. സഹവിശ്വാസികളെ വിധിക്കാതിരിക്കാൻ നമ്മൾ പരമാവധി ശ്രമിക്കുന്നുണ്ടാകും. പക്ഷേ നമ്മൾ എല്ലാവരും അപൂർണരാണല്ലോ. ഇടയ്ക്കൊക്കെ മറ്റുള്ളവരുടെ കുറ്റം കണ്ടുപിടിക്കുന്ന രീതി നമുക്കുണ്ടെന്നു കണ്ടാൽ എന്തു ചെയ്യാം? യേശു പറയുന്നതു കേട്ടനുസരിക്കുക. വിധിക്കുന്നതു നിറുത്താൻ കഠിനശ്രമം ചെയ്യുക.
12-13. മറ്റുള്ളവരെ വിധിക്കുന്നതിനോടുള്ള ബന്ധത്തിൽ യഹോവയുടെ മാതൃകയിൽനിന്ന് നമുക്ക് എന്തു പഠിക്കാം?
12 ഇക്കാര്യത്തിൽ യഹോവയിൽനിന്ന് നമുക്കു പലതും പഠിക്കാം. ആളുകളുടെ നല്ല ഗുണങ്ങളാണ് യഹോവ ശ്രദ്ധിക്കുന്നത്. ദാവീദ് രാജാവിനോട് യഹോവ ഇടപെട്ട വിധംതന്നെ അതിന് ഒരു ഉദാഹരണമാണ്. വലിയ പല തെറ്റുകളും ചെയ്ത ആളായിരുന്നു ദാവീദ്. അദ്ദേഹം ബത്ത്-ശേബയുമായി വ്യഭിചാരം ചെയ്തു, തുടർന്ന് അവരുടെ ഭർത്താവിനെ കൊല്ലിച്ചു. (2 ശമു. 11:2-4, 14, 15, 24) ദാവീദ് അങ്ങനെ ചെയ്തത് അദ്ദേഹത്തെ മാത്രമല്ല അദ്ദേഹത്തിന്റെ കുടുംബത്തെ മുഴുവൻ കഷ്ടത്തിലാക്കി. (2 ശമു. 12:10, 11) മറ്റൊരു അവസരത്തിൽ, ദാവീദ് ഇസ്രായേൽ സൈന്യത്തെ എണ്ണാൻ ഉത്തരവിട്ടു. ശരിക്കും അതു നിയമവിരുദ്ധമായിരുന്നു. അങ്ങനെ ചെയ്തതിലൂടെ താൻ യഹോവയിൽ പൂർണമായി ആശ്രയിക്കുന്നില്ലെന്നാണു ദാവീദ് കാണിച്ചത്. വളരെ വലിയൊരു സൈന്യമുള്ളതുകൊണ്ട് ഒന്നും പേടിക്കാനില്ലെന്നു ചിന്തിച്ച് അഹങ്കരിച്ചിട്ടായിരിക്കാം ദാവീദ് അതിനു മുതിർന്നത്. ദാവീദിന്റെ ആ പ്രവൃത്തി കാരണം മാരകമായ പകർച്ചവ്യാധി പിടിപെട്ട് മരിച്ചത് 70,000 ഇസ്രായേല്യരാണ്.—2 ശമു. 24:1-4, 10-15.
13 നിങ്ങൾ അന്ന് ഇസ്രായേലിൽ ഉണ്ടായിരുന്നെങ്കിൽ ദാവീദിനെക്കുറിച്ച് എന്തു ചിന്തിക്കുമായിരുന്നു? യഹോവയുടെ കരുണയ്ക്കു ദാവീദ് അർഹനല്ലെന്നു നിങ്ങൾ വിധിക്കുമായിരുന്നോ? യഹോവ അങ്ങനെ ചിന്തിച്ചില്ല. യഹോവ ശ്രദ്ധിച്ചത്, തെറ്റു ചെയ്തെങ്കിലും ദാവീദ് ആത്മാർഥമായി പശ്ചാത്തപിച്ചല്ലോ, ഇത്രയും കാലം വളരെ വിശ്വസ്തനായിരുന്നല്ലോ എന്നീ കാര്യങ്ങളാണ്. അതുകൊണ്ടുതന്നെ യഹോവ ദാവീദിന്റെ വലിയ തെറ്റുകൾപോലും ക്ഷമിക്കാൻ തയ്യാറായി. ദാവീദ് തന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ടെന്നും ശരി ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടെന്നും യഹോവയ്ക്ക് അറിയാമായിരുന്നു. നമ്മുടെ കാര്യത്തിലും യഹോവ അങ്ങനെതന്നെയാണു ചെയ്യുന്നത്. നമ്മുടെ ഓരോരുത്തരുടെയും നല്ല ഗുണങ്ങളും പ്രവൃത്തികളും ആണ് യഹോവ ശ്രദ്ധിക്കുന്നത്. അത് ഓർക്കുമ്പോൾ നിങ്ങൾക്ക് യഹോവയോടു നന്ദി തോന്നുന്നില്ലേ?—1 രാജാ. 9:4; 1 ദിന. 29:10, 17.
14. മറ്റുള്ളവരെ വിധിക്കുന്നതു നിറുത്താൻ നമുക്ക് എങ്ങനെ കഴിയും?
14 അപൂർണമനുഷ്യരോട് യഹോവ ഇത്രമാത്രം ദയ കാണിക്കുന്നുണ്ടെങ്കിൽ പരസ്പരം തെറ്റുകൾ ക്ഷമിക്കാനും മറ്റുള്ളവരിലെ നന്മ കാണാനും നമ്മൾ ശ്രമിക്കേണ്ടതല്ലേ? മറ്റുള്ളവരുടെ കുറ്റവും കുറവും ഒക്കെ കാണാനും അവരെ വിമർശിക്കാനും പൊതുവേ എളുപ്പമാണ്. എന്നാൽ യഹോവയെ അനുകരിക്കുന്ന ഒരാൾ മറ്റുള്ളവരിലെ കുറവുകളൊക്കെ കണ്ടാലും അവരുമായി ഒത്തുപോകാൻ തയ്യാറാകും. ചെത്തി മിനുക്കാത്ത വജ്രക്കല്ലിന് ഒരു ഭംഗിയും കാണില്ല. എന്നാൽ ബുദ്ധിയുള്ള ഒരാൾ അതിന്റെ ഇപ്പോഴുള്ള അവസ്ഥയെക്കാൾ അതു ചെത്തി മിനുക്കിയെടുത്താലുള്ള അതിന്റെ ഭംഗിയും മൂല്യവും ഒക്കെ തിരിച്ചറിയും. അതുപോലെ മറ്റുള്ളവരുടെ കുറവുകളെക്കാൾ അവരുടെ നല്ല ഗുണങ്ങൾ കാണാൻ നമുക്കു കഴിയണം. അങ്ങനെ ചെയ്യുമ്പോൾ നമ്മൾ യഹോവയെയും യേശുവിനെയും അനുകരിക്കുകയാണ്.
15. ആളുകളുടെ സാഹചര്യം മനസ്സിലാക്കുന്നത് അവരെ വിധിക്കാതിരിക്കാൻ നമ്മളെ എങ്ങനെ സഹായിക്കും?
15 ഇനി, മറ്റുള്ളവരെ വിധിക്കാതിരിക്കാൻ നമുക്കു വേറെ എന്തുകൂടി ചെയ്യാം? അവരുടെ ജീവിതം ഒന്നു ഭാവനയിൽ കാണാൻ ശ്രമിക്കുക. അതിന് ഒരു ഉദാഹരണം നോക്കാം. ഒരിക്കൽ ദരിദ്രയായ ഒരു വിധവ ആലയത്തിലെ സംഭാവനപ്പെട്ടിയിൽ തീരെ മൂല്യം കുറഞ്ഞ രണ്ടു ചെറുതുട്ടുകൾ ഇടുന്നതു യേശു കണ്ടു. “ആ സ്ത്രീക്കു കുറച്ചുകൂടി വലിയ തുക സംഭാവന ഇടാൻ പാടില്ലായിരുന്നോ” എന്നു യേശു ചോദിച്ചില്ല. അവർ ഇട്ട തുക എത്രയായിരുന്നു എന്നതിനല്ല യേശു പ്രാധാന്യം കൊടുത്തത്. പകരം, ആ വിധവ എന്തുകൊണ്ടാണു സംഭാവന ഇട്ടത്, അവരുടെ ജീവിതസാഹചര്യം എങ്ങനെയുള്ളതാണ് എന്നിവയൊക്കെയാണു യേശു കണക്കിലെടുത്തത്. കഴിവിന്റെ പരമാവധി കൊടുത്ത ആ വിധവയുടെ പ്രവൃത്തിയെ യേശു അഭിനന്ദിക്കുകയും ചെയ്തു.—ലൂക്കോ. 21:1-4.
16. വെറോണിക്ക സഹോദരിയുടെ അനുഭവത്തിൽനിന്ന് നമുക്ക് എന്തു പഠിക്കാം?
16 മറ്റുള്ളവരുടെ സാഹചര്യം മനസ്സിലാക്കേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന ഒരു അനുഭവം നോക്കാം. വെറോണിക്ക എന്ന സഹോദരിയുടെ സഭയിൽ ഒറ്റയ്ക്കുള്ള ഒരു അമ്മയും മകനും ഉണ്ടായിരുന്നു. വെറോണിക്ക സഹോദരി പറയുന്നു: “അവർ മീറ്റിങ്ങിനും പ്രസംഗപ്രവർത്തനത്തിനും ഒന്നും പതിവായി വരുന്നില്ലല്ലോ എന്നു ഞാൻ പലപ്പോഴും ചിന്തിക്കുമായിരുന്നു. അതുകൊണ്ടുതന്നെ അവരെ തീരെ ആത്മീയത ഇല്ലാത്തവരായിട്ടാണു ഞാൻ കണക്കാക്കിയിരുന്നത്. അങ്ങനെയിരിക്കെയാണു ഞാൻ ഒരു ദിവസം ആ സഹോദരിയുടെകൂടെ പ്രസംഗപ്രവർത്തനത്തിനു പോകുന്നത്. മാനസിക വളർച്ചയില്ലാത്ത തന്റെ മകനെ നോക്കുന്നതിന്റെ ബുദ്ധിമുട്ടുകളെക്കുറിച്ചൊക്കെ സഹോദരി അന്ന് എന്നോടു പറഞ്ഞു. കുടുംബത്തിനുവേണ്ടി കരുതാനും ആത്മീയപ്രവർത്തനങ്ങൾ നന്നായി ചെയ്യാനും സഹോദരി കഴിവിന്റെ പരമാവധി ശ്രമിക്കുന്നുണ്ടായിരുന്നു. മകന്റെ ആരോഗ്യപ്രശ്നങ്ങൾ കാരണം ചിലപ്പോഴൊക്കെ സഹോദരിക്കു മറ്റൊരു സഭയിൽ മീറ്റിങ്ങ് കൂടേണ്ടിവരാറുണ്ട്. സഹോദരി എത്രമാത്രം കഷ്ടപ്പെടുന്നുണ്ടെന്ന് അന്നാണു ഞാൻ അറിയുന്നത്. യഹോവയെ സേവിക്കുന്നതിനുവേണ്ടി സഹോദരി ചെയ്യുന്ന കാര്യങ്ങളെക്കുറിച്ചെല്ലാം ഓർക്കുമ്പോൾ സഹോദരിയോട് എനിക്കു ശരിക്കും സ്നേഹവും ആദരവും തോന്നുന്നു.”
17. യാക്കോബ് 2:8 നമ്മളോട് എന്താണ് ആവശ്യപ്പെടുന്നത്, നമുക്ക് അത് എങ്ങനെ ചെയ്യാം?
17 ഒരു സഹോദരനെയോ സഹോദരിയെയോ നമ്മൾ മനസ്സുകൊണ്ട് മോശക്കാരായി വിധിച്ചിട്ടുണ്ടെങ്കിൽ ഇപ്പോൾ എന്തു ചെയ്യണം? നമ്മൾ നമ്മുടെ സഹോദരങ്ങളെ സ്നേഹിക്കാൻ കടപ്പെട്ടവരാണെന്ന് ഓർക്കണം. (യാക്കോബ് 2:8 വായിക്കുക.) മറ്റുള്ളവരെ വിധിക്കുന്നതു നിറുത്താൻ സഹായിക്കണേ എന്ന് യഹോവയോട് ആത്മാർഥമായി പ്രാർഥിക്കുകയും വേണം. കൂടാതെ, നമ്മൾ ആരെക്കുറിച്ചാണോ മോശമായി ചിന്തിച്ചത് അവരോടു സംസാരിക്കാൻ മുൻകൈയെടുത്തുകൊണ്ട് പ്രാർഥനയ്ക്കു ചേർച്ചയിൽ പ്രവർത്തിക്കുന്നതും പ്രധാനമാണ്. അവരോടു സംസാരിക്കുന്നത് അവരുടെ സാഹചര്യങ്ങൾ മനസ്സിലാക്കാൻ നമ്മളെ സഹായിക്കും. ഒരുപക്ഷേ പ്രസംഗപ്രവർത്തനത്തിന് ഒരുമിച്ചു പോകാനോ ഒരു നേരത്തെ ഭക്ഷണത്തിനോ നമുക്ക് അവരെ ക്ഷണിക്കാനാകും. സഹോദരങ്ങളോട് ഒപ്പമായിരിക്കുകയും അവരോടു സംസാരിക്കുകയും ഒക്കെ ചെയ്യുമ്പോൾ യഹോവയെയും യേശുവിനെയും പോലെ അവരിലെ നന്മ കാണാൻ നമുക്കു ശ്രമിക്കാം. അങ്ങനെ ചെയ്യുമ്പോൾ മറ്റുള്ളവരെ വിധിക്കുന്നതു നിറുത്തുക എന്നു പറഞ്ഞ നല്ല ഇടയന്റെ വാക്കു നമ്മൾ കേട്ടനുസരിക്കുകയായിരിക്കും.
18. നമ്മൾ നല്ല ഇടയന്റെ ശബ്ദം കേട്ടനുസരിക്കുന്നെന്നു നമുക്ക് എങ്ങനെ തെളിയിക്കാം?
18 ആടുകൾ അവയുടെ ഇടയന്റെ ശബ്ദം കേട്ടനുസരിക്കുന്നതുപോലെ ഇന്നു ക്രിസ്ത്യാനികളും യേശുവിന്റെ ശബ്ദം കേട്ടനുസരിക്കുന്നു. ജീവിതാവശ്യങ്ങളെക്കുറിച്ച് ഓർത്ത് ഉത്കണ്ഠപ്പെടുന്നത് ഒഴിവാക്കാനും മറ്റുള്ളവരെ വിധിക്കുന്നതു നിറുത്താനും നമ്മൾ പരമാവധി ശ്രമിക്കുന്നെങ്കിൽ യഹോവയും യേശുവും നമ്മുടെ ശ്രമങ്ങളെ അനുഗ്രഹിക്കും. നമ്മൾ ‘ചെറിയ ആട്ടിൻകൂട്ടത്തിന്റെ’ ഭാഗമോ ‘വേറെ ആടുകളുടെ’ ഭാഗമോ ആയാലും നല്ല ഇടയന്റെ ശബ്ദം കേൾക്കുകയും അനുസരിക്കുകയും ചെയ്യുന്നതിൽ നമുക്കു തുടരാം. (ലൂക്കോ. 12:32; യോഹ. 10:11, 14, 16) അടുത്ത ലേഖനത്തിൽ നമ്മൾ പഠിക്കാൻപോകുന്നത്, തന്റെ അനുഗാമികളോടു ചെയ്യാൻ യേശു പറഞ്ഞ രണ്ടു കാര്യങ്ങളെക്കുറിച്ചാണ്.
ഗീതം 101 ഐക്യത്തിൽ പ്രവർത്തിക്കാം
a തന്റെ ആടുകൾ തന്റെ ശബ്ദം കേട്ടനുസരിക്കുമെന്നു പറഞ്ഞപ്പോൾ യേശു എന്താണ് ഉദ്ദേശിച്ചത്? താൻ പഠിപ്പിച്ച കാര്യങ്ങൾ ശിഷ്യന്മാർ ശ്രദ്ധിക്കുകയും ജീവിതത്തിൽ പ്രാവർത്തികമാക്കുകയും ചെയ്യുമെന്ന്. യേശു പഠിപ്പിച്ച പ്രധാനപ്പെട്ട രണ്ടു കാര്യങ്ങളാണു നമ്മൾ ഈ ലേഖനത്തിൽ കാണാൻപോകുന്നത്. ഒന്ന്, നമ്മുടെ ജീവിതാവശ്യങ്ങളെക്കുറിച്ച് ഉത്കണ്ഠപ്പെടുന്നത് ഒഴിവാക്കുക. രണ്ട്, മറ്റുള്ളവരെ വിധിക്കുന്നതു നിറുത്തുക. ഈ രണ്ടു നിർദേശങ്ങൾ നമുക്ക് എങ്ങനെ അനുസരിക്കാമെന്നു നോക്കാം.
b ചിത്രക്കുറിപ്പ്: ഒരു സഹോദരനു ജോലി നഷ്ടപ്പെട്ടു, കുടുംബാംഗങ്ങൾക്കു വേണ്ടതെല്ലാം വാങ്ങാനുള്ള പണമില്ല, വീടു മാറേണ്ടതായും വരുന്നു. ശ്രദ്ധിച്ചില്ലെങ്കിൽ ഉത്കണ്ഠ കാരണം യഹോവയ്ക്കു ജീവിതത്തിൽ ഒന്നാം സ്ഥാനം നൽകാൻ അദ്ദേഹത്തിനു കഴിയാതെപോയേക്കാം.
c ചിത്രക്കുറിപ്പ്: ഒരു സഹോദരൻ മീറ്റിങ്ങിനു താമസിച്ച് വരുന്നു. പക്ഷേ സഹോദരൻ അനൗപചാരികമായി സാക്ഷീകരിച്ചുകൊണ്ടും പ്രായമായ ഒരാളെ സഹായിച്ചുകൊണ്ടും രാജ്യഹാൾ വൃത്തിയാക്കുന്നതിൽ പങ്കെടുത്തുകൊണ്ടും നല്ല ഗുണങ്ങൾ കാണിക്കുന്നു.