അധ്യായം 56
ഒരാളെ ശരിക്കും അശുദ്ധനാക്കുന്നത് എന്താണ്?
മത്തായി 15:1-20; മർക്കോസ് 7:1-23; യോഹന്നാൻ 7:1
യേശു മനുഷ്യപാരമ്പര്യങ്ങളുടെ തനിനിറം വെളിച്ചത്തുകൊണ്ടുവരുന്നു
എ.ഡി. 32-ലെ പെസഹ അടുത്തുവരുമ്പോൾ യേശു ഗലീലയിൽ പഠിപ്പിക്കുന്നതിന്റെ തിരക്കിലാണ്. എന്നിട്ട് പെസഹ ആഘോഷിക്കാൻവേണ്ടി സാധ്യതയനുസരിച്ച് യരുശലേമിലേക്കു പോകുന്നു. ദൈവനിയമം ആവശ്യപ്പെടുന്ന ഒരു കാര്യമാണ് അത്. യേശു പക്ഷേ, വളരെ സൂക്ഷിച്ചാണു പോകുന്നത്. കാരണം ജൂതന്മാർ യേശുവിനെ കൊല്ലാൻ നോക്കുന്നുണ്ട്. (യോഹന്നാൻ 7:1) പെസഹയ്ക്കു ശേഷം യേശു ഗലീലയിലേക്കു മടങ്ങിവരുന്നു.
യരുശലേമിൽനിന്നുള്ള പരീശന്മാരും ശാസ്ത്രിമാരും യേശുവിന്റെ അടുത്ത് വരുമ്പോൾ യേശു സാധ്യതയനുസരിച്ച് കഫർന്നഹൂമിലാണ്. അവർ എന്തിനാണു വരുന്നത്? മതപരമായ ഒരു കുറ്റം യേശുവിൽ കണ്ടെത്താൻ വഴി തേടുകയാണ് അവർ. “നിന്റെ ശിഷ്യന്മാർ പൂർവികരുടെ പാരമ്പര്യം മറികടക്കുന്നത് എന്താണ്? ഉദാഹരണത്തിന്, ഭക്ഷണം കഴിക്കുന്നതിനു മുമ്പ് അവർ കൈ കഴുകുന്നില്ല,” അവർ പറയുന്നു. (മത്തായി 15:2) ‘കൈകൾ മുട്ടുവരെ കഴുകുന്ന’ ഒരു ആചാരം അനുസരിക്കാൻ ദൈവം ഒരിക്കലും തന്റെ ജനത്തോട് ആവശ്യപ്പെട്ടിട്ടില്ല. (മർക്കോസ് 7:3) പക്ഷേ, അങ്ങനെ ചെയ്യാതിരിക്കുന്നത് വളരെ ഗൗരവമുള്ള തെറ്റായിട്ടാണ് പരീശന്മാർ കാണുന്നത്.
അവരുടെ കുറ്റാരോപണത്തിനു നേരിട്ട് ഉത്തരം കൊടുക്കുന്നതിനു പകരം അവർ മനഃപൂർവം ദൈവനിയമം ലംഘിക്കുന്നത് എങ്ങനെയെന്നു യേശു ചൂണ്ടിക്കാണിക്കുന്നു. “നിങ്ങൾ എന്തിനാണു പാരമ്പര്യത്തിന്റെ പേര് പറഞ്ഞ് ദൈവകല്പന മറികടക്കുന്നത്,” യേശു ചോദിക്കുന്നു. “ഉദാഹരണത്തിന്, ‘നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്കണം’ എന്നും ‘അപ്പനെയോ അമ്മയെയോ നിന്ദിച്ച് സംസാരിക്കുന്നവനെ കൊന്നുകളയണം’ എന്നും ദൈവം പറഞ്ഞല്ലോ. എന്നാൽ നിങ്ങൾ പറയുന്നു: ‘ആരെങ്കിലും അപ്പനോടോ അമ്മയോടോ, “നിങ്ങൾക്ക് ഉപകാരപ്പെടുന്നതായി എന്റെ കൈയിലുള്ളതെല്ലാം ഞാൻ ദൈവത്തിനു നേർന്നിരിക്കുന്നു” എന്നു പറഞ്ഞാൽ, പിന്നെ അയാൾ അപ്പനെ ബഹുമാനിക്കേണ്ടതേ ഇല്ല.’”—മത്തായി 15:3-6; പുറപ്പാട് 20:12; 21:17.
പണമോ വസ്തുവകകളോ മറ്റെന്തെങ്കിലുമോ ഒരിക്കൽ ദൈവത്തിനു സമർപ്പിച്ചാൽ അത് ആലയത്തിന് അവകാശപ്പെട്ടതാണ്, അതുകൊണ്ട് അതു മറ്റു കാര്യങ്ങൾക്കുവേണ്ടി ഉപയോഗിക്കാൻ പറ്റില്ല എന്നാണു പരീശന്മാർ പറയുന്നത്. വാസ്തവത്തിൽ അതെല്ലാം അപ്പോഴും ആ വ്യക്തിയുടെ കൈവശംതന്നെയുണ്ട്. ഉദാഹരണത്തിന്, തന്റെ പണമോ വസ്തുവകയോ “കൊർബാനാണ്,” അതായത് ദൈവത്തിനോ ആലയത്തിനോ നേർന്നതാണ്, എന്ന് ഒരു മകൻ പറയുന്നെന്നിരിക്കട്ടെ. അതിന്റെ മേലുള്ള അധികാരം ആലയത്തിനാണത്രേ. വാസ്തവത്തിൽ ആ പണം അല്ലെങ്കിൽ വസ്തുവക മകന് അപ്പോഴും ഉപയോഗിക്കാം. എന്നിട്ടും വൃദ്ധരോ സഹായം ആവശ്യമുള്ളവരോ ആയ മാതാപിതാക്കൾക്കുവേണ്ടി അത് ഉപയോഗിക്കാൻ പറ്റില്ലെന്നാണ് അയാളുടെ വാദം. അങ്ങനെ അവരെ നോക്കാനുള്ള ഉത്തരവാദിത്വം അയാൾ അവഗണിക്കുന്നു.—മർക്കോസ് 7:11.
ദൈവനിയമത്തെ ഇത്തരത്തിൽ വളച്ചൊടിക്കുന്നതു കണ്ട് യേശുവിനു നല്ല ദേഷ്യം വരുന്നു. യേശു പറയുന്നു: “പാരമ്പര്യത്തിന്റെ പേര് പറഞ്ഞ് നിങ്ങൾ ദൈവവചനത്തിനു വില കല്പിക്കാതിരിക്കുന്നു. കപടഭക്തരേ, നിങ്ങളെക്കുറിച്ച് യശയ്യ ഇങ്ങനെ പ്രവചിച്ചത് എത്ര ശരിയാണ്: ‘ഈ ജനം വായ്കൊണ്ട് എന്നെ ബഹുമാനിക്കുന്നു; എന്നാൽ അവരുടെ ഹൃദയം എന്നിൽനിന്ന് വളരെ അകലെയാണ്. അവർ എന്നെ ആരാധിക്കുന്നതുകൊണ്ട് ഒരു പ്രയോജനവുമില്ല. കാരണം മനുഷ്യരുടെ കല്പനകളാണ് അവർ ഉപദേശങ്ങളായി പഠിപ്പിക്കുന്നത്.’” യേശു ഇത്ര ശക്തമായ ഭാഷയിൽ കുറ്റപ്പെടുത്തിയിട്ടും പരീശന്മാർക്ക് ഒരു കുലുക്കവുമില്ല. അതുകൊണ്ട് യേശു ജനക്കൂട്ടത്തെ തന്റെ അടുത്തേക്കു വിളിച്ച് അവരോടു പറയുന്നു: “നിങ്ങൾ കേട്ട് ഇതിന്റെ സാരം മനസ്സിലാക്കൂ: ഒരു വ്യക്തിയുടെ വായിലേക്കു പോകുന്നതല്ല, വായിൽനിന്ന് വരുന്നതാണ് അയാളെ അശുദ്ധനാക്കുന്നത്.”—മത്തായി 15:6-11; യശയ്യ 29:13.
പിന്നീട് അവർ ഒരു വീട്ടിലായിരിക്കുമ്പോൾ ശിഷ്യന്മാർ യേശുവിനോട്, “അങ്ങ് പറഞ്ഞതു കേട്ട് പരീശന്മാർക്കു ദേഷ്യം വന്നെന്നു തോന്നുന്നു” എന്നു പറയുന്നു. അപ്പോൾ യേശു അവരോടു പറയുന്നു: “സ്വർഗസ്ഥനായ എന്റെ പിതാവ് നടാത്ത എല്ലാ ചെടിയും വേരോടെ പറിച്ചുകളയുന്ന സമയം വരും. അവരെ നോക്കേണ്ടാ. അവർ അന്ധരായ വഴികാട്ടികളാണ്. അന്ധൻ അന്ധനെ വഴി കാട്ടിയാൽ രണ്ടു പേരും കുഴിയിൽ വീഴും.”—മത്തായി 15:12-14.
ഒരാളെ അശുദ്ധനാക്കുന്നത് എന്താണ് എന്നതിനെക്കുറിച്ച് പത്രോസ് ചോദിക്കുമ്പോൾ യേശുവിന് അതിശയം തോന്നുന്നു. വാസ്തവത്തിൽ എല്ലാ ശിഷ്യന്മാർക്കുംവേണ്ടിയാണ് പത്രോസ് ആ ചോദ്യം ചോദിക്കുന്നത്. യേശു പറയുന്നു: “വായിലേക്കു പോകുന്നതെന്തും വയറ്റിൽ ചെന്നിട്ട് പുറത്തേക്കു പോകുമെന്നു നിങ്ങൾക്ക് അറിയില്ലേ? എന്നാൽ വായിൽനിന്ന് വരുന്നതെല്ലാം ഹൃദയത്തിൽനിന്നാണു വരുന്നത്. അതാണ് ഒരു മനുഷ്യനെ അശുദ്ധനാക്കുന്നത്. ഉദാഹരണത്തിന്, ദുഷ്ടചിന്തകൾ, കൊലപാതകം, വ്യഭിചാരം, ലൈംഗിക അധാർമികത, മോഷണം, കള്ളസാക്ഷ്യം, ദൈവനിന്ദ എന്നിവയെല്ലാം ഹൃദയത്തിൽനിന്നാണു വരുന്നത്. ഇവയാണ് ഒരു മനുഷ്യനെ അശുദ്ധനാക്കുന്നത്. അല്ലാതെ കഴുകാത്ത കൈകൊണ്ട് ഭക്ഷണം കഴിക്കുന്നതല്ല.”—മത്തായി 15:17-20.
നമ്മൾ സാധാരണ പാലിക്കേണ്ട ശുചിത്വശീലങ്ങൾ പാലിക്കേണ്ടാ എന്നോ ആഹാരം ഉണ്ടാക്കുന്നതിനോ കഴിക്കുന്നതിനോ മുമ്പ് കൈ കഴുകേണ്ടാ എന്നോ അല്ല യേശു ഉദ്ദേശിക്കുന്നത്. മറിച്ച് മതനേതാക്കന്മാരുടെ കാപട്യത്തെ തുറന്നുകാട്ടുകയാണു യേശു. കാരണം മനുഷ്യപാരമ്പര്യങ്ങൾക്കു കൂടുതൽ പ്രാധാന്യം കൊടുത്തുകൊണ്ട് എങ്ങനെയും ദൈവത്തിന്റെ നീതിയുള്ള നിയമങ്ങൾ അവഗണിക്കാനുള്ള വഴി തേടുകയാണ് അവർ. വാസ്തവത്തിൽ, ഹൃദയത്തിൽനിന്ന് വരുന്ന ദുഷ്പ്രവൃത്തികളാണ് ഒരാളെ അശുദ്ധനാക്കുന്നത്.