യേശുവിന്റെ ജീവിതവും ശുശ്രൂഷയും
ഒരു മനുഷ്യനെ അശുദ്ധനാക്കുന്നതെന്ത്?
യേശുവിനോടുള്ള എതിർപ്പ് ശക്തമായിത്തീരുന്നു. തന്റെ ശിഷ്യൻമാരിലനേകർ വിട്ടുപിരിയുന്നുവെന്നു മാത്രമല്ല, യഹൂദ്യയിലെ യഹൂദൻമാർ അവനെ കൊല്ലാൻ ശ്രമിക്കുകയും ചെയ്യുന്നു, അവൻ ക്രി.വ. 31ലെ പെസഹാസമയത്ത് യരൂശലേമിലായിരുന്നപ്പോൾ അവർ ചെയ്തതുപോലെതന്നെ.
ഇപ്പോൾ ക്രി.വ. 32 ആയിരിക്കുകയാണ്. സാദ്ധ്യതയനുസരിച്ച് പെസഹായിക്ക് ഹാജരാകണമെന്നുള്ള ദൈവത്തിന്റെ വ്യവസ്ഥക്കനുയോജ്യമായി യേശു യരൂശലേമിലേക്ക് പെസഹായിക്കുവേണ്ടി പോകുന്നു. എന്നിരുന്നാലും, തന്റെ ജീവൻ അപകടത്തിലായിരുന്നതിനാൽ അവൻ ജാഗ്രതയോടെയാണ് പോകുന്നത്. പിന്നീട് അവൻ ഗലീലയിലേക്കു മടങ്ങുന്നു.
യരൂശലേമിൽനിന്ന് പരീശൻമാരും ശാസ്ത്രിമാരും അവന്റെ അടുക്കൽ വരുമ്പോൾ ഒരുപക്ഷേ അവൻ കഫർന്നഹൂമിലാണ്. അവർ മതപരമായ നിയമലംഘനം സംബന്ധിച്ച് അവനിൽ കുററമാരോപിക്കാൻ കാരണം തേടുകയാണ്. “നിന്റെ ശിഷ്യൻമാർ മുൻകാലങ്ങളിലെ മനുഷ്യരുടെ പാരമ്പര്യങ്ങളെ ലംഘിക്കുന്നതെന്തുകൊണ്ട്?,” അവർ അന്വേഷിക്കുന്നു. “ദൃഷ്ടാന്തത്തിന്, ഭക്ഷണം കഴിക്കാൻ പോകുമ്പോൾ അവർ കൈകൾ കഴുകുന്നില്ലല്ലോ.” ഇതു ദൈവം ആവശ്യപ്പെട്ട ഒന്നല്ല, എന്നിരുന്നാലും ഈ പാരമ്പര്യാനുഷ്ഠാനം നിർവഹിക്കാത്തത് ഒരു ഗൗരവമുള്ള കുററമാണെന്ന് പരീശൻമാർ പരിഗണിക്കുന്നു. പാരമ്പര്യത്തിൽ കൈമുട്ടുവരെ കഴുകുന്നതും ഉൾപ്പെടുന്നു.
അവരുടെ കുററാരോപണത്തിന് മറുപടിപറയാതെ, യേശു അവരുടെ ദുഷ്ടവും മനഃപൂർവവുമായ ദൈവനിയമലംഘനത്തിലേക്കു വിരൽചൂണ്ടുന്നു. “നിങ്ങളും നിങ്ങളുടെ പാരമ്പര്യം നിമിത്തം ദൈവകല്പനയെ ലംഘിക്കുന്നതെന്തുകൊണ്ട്?,” അവൻ അറിയാനാഗ്രഹിക്കുന്നു. “ദൃഷ്ടാന്തത്തിന്, ‘നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്കുക’ എന്നും ‘അപ്പനെയോ അമ്മയെയോ പുലഭ്യംപറയുന്നവൻ മരണത്തിൽ കലാശിക്കട്ടെ’ എന്നും ദൈവം പറഞ്ഞു. എന്നാൽ നിങ്ങൾ പറയുകയാണ്, ‘ആരെങ്കിലും തന്റെ അപ്പനോടോ അമ്മയോടോ: “എന്നിൽ നിന്ന് നിങ്ങൾക്ക് പ്രയോജനംകിട്ടേണ്ടതായി എനിക്കുള്ളതെന്തും ദൈവത്തിന് അർപ്പിക്കപ്പെട്ട വഴിപാടാണ്” എന്നു പറയുന്ന ഏവനും തന്റെ പിതാവിനെ അശേഷം ബഹുമാനിക്കരുത്.’”
തീർച്ചയായും, ദൈവത്തിന് വഴിപാടായി അർപ്പിച്ച പണമോ വസ്തുവോ മറെറന്തെങ്കിലുമോ ആലയത്തിന്റെ വകയാണെന്ന് പരീശൻമാർ പഠിപ്പിക്കുന്നു, അത് മറെറന്തെങ്കിലും ഉദ്ദേശ്യത്തിൽ ഉപയോഗിക്കാവുന്നതല്ല. ഏതായാലും, യഥാർത്ഥത്തിൽ, സമർപ്പിതവഴിപാട് അതു സമർപ്പിച്ച ആൾതന്നെ സൂക്ഷിക്കുന്നു. ഈ വിധത്തിൽ തന്റെ പണമോ വസ്തുവോ കേവലം “കൊർബാൻ”—ദൈവത്തിനോ ആലയത്തിനോ സമർപ്പിക്കപ്പെട്ട ഒരു വഴിപാട്—ആണെന്ന് പറയുന്ന ഒരു പുത്രൻ അരിഷ്ടതയിലായിരിക്കാവുന്ന വൃദ്ധ മാതാപിതാക്കളെ സഹായിക്കാനുള്ള ഉത്തരവാദിത്തങ്ങളിൽനിന്ന് ഒഴിഞ്ഞുമാറുന്നു.
പരീശൻമാർ ദൈവനിയമത്തെ ദുഷ്ടമായി വളച്ചൊടിക്കുന്നതിൽ ഉചിതമായി രോഷംപൂണ്ട് യേശു പറയുന്നു: “നിങ്ങൾ നിങ്ങളുടെ പാരമ്പര്യംനിമിത്തം ദൈവവചനത്തെ അസാധുവാക്കിയിരിക്കുന്നു. കപടഭക്തരേ, ‘ഈ ജനം തങ്ങളുടെ അധരങ്ങൾകൊണ്ട് എന്നെ ബഹുമാനിക്കുന്നു, എന്നാൽ അവരുടെ ഹൃദയം എന്നിൽനിന്ന് വളരെ അകന്നിരിക്കുന്നു. അവർ ഉപദേശങ്ങളെന്ന നിലയിൽ മനുഷ്യരുടെ കല്പനകൾ പഠിപ്പിക്കുന്നതുകൊണ്ട് അവർ എന്നെ ആരാധിച്ചുകൊണ്ടിരിക്കുന്നത് വ്യർത്ഥമായിട്ടാണ്’എന്നു പറഞ്ഞപ്പോൾ യെശയ്യാവ് നിങ്ങളെക്കുറിച്ചു ഉചിതമായി പ്രവചിച്ചു.”
ഒരുപക്ഷേ യേശുവിനെ ചോദ്യംചെയ്യാൻ പരീശൻമാരെ അനുവദിക്കുന്നതിന് ജനക്കൂട്ടം പിൻമാറിയിരുന്നു. ഇപ്പോൾ, യേശുവിന്റെ ശക്തമായ വിമർശനത്തിന് പരീശൻമാർക്ക് ഉത്തരമില്ലാഞ്ഞപ്പോൾ അവൻ ജനക്കൂട്ടത്തെ അരികിൽ വിളിക്കുന്നു. “ഞാൻ പറയുന്നതു ശ്രദ്ധിക്കുകയും അർത്ഥം മനസ്സിലാക്കുകയും ചെയ്യുക,” അവൻ പറയുന്നു. പുറത്തുനിന്ന് ഒരു മനുഷ്യനിലേക്കു കടക്കുന്ന യാതൊന്നിനും അവനെ മലിനപ്പെടുത്താൻ കഴികയില്ല; എന്നാൽ ഒരു മനുഷ്യനിൽ നിന്നു പുറപ്പെടുന്നതാണ് അവനെ മലിനപ്പെടുത്തുന്ന കാര്യങ്ങൾ.”
പിന്നീട് അവർ ഒരു വീട്ടിൽ പ്രവേശിക്കുമ്പോൾ, അവന്റെ ശിഷ്യൻമാർ ചോദിക്കുന്നു: “നീ പറഞ്ഞതു കേട്ടതിൽ പരീശൻമാർ ഇടറിപ്പോയെന്ന് നിനക്കറിയാമോ?”
യേശു ഉത്തരം പറയുന്നു: “എന്റെ സ്വർഗ്ഗീയപിതാവ് നട്ടിട്ടില്ലാത്ത ഏതു ചെടിയും പിഴുതുമാററപ്പെടും. അവരെ വിടുക. അവർ കുരുടൻമാരായ വഴികാട്ടികളാകുന്നു. അപ്പോൾ കുരുടനായ ഒരു മനുഷ്യൻ ഒരു കുരുടനെ വഴിനടത്തിയാൽ ഇരുവരും കുഴിയിൽ വീഴും.”
ഒരു മനുഷ്യനെ മലിനപ്പെടുത്തുന്നതുസംബന്ധിച്ച് ശിഷ്യൻമാർക്കുവേണ്ടി പത്രോസ് വിശദീകരണം ചോദിക്കുമ്പോൾ യേശു അതിശയിച്ചതായി തോന്നുന്നു. “നിനക്കും ഇതുവരെ ഗ്രാഹ്യംലഭിച്ചില്ലേ?” യേശു പ്രതിവചിക്കുന്നു. “വായിലേക്കു പ്രവേശിക്കുന്ന സകലതും കുടലിലേക്കു പോകുന്നുവെന്നും അഴുക്കു കുഴിയിലേക്കു തള്ളപ്പെടുന്നുവെന്നും നിനക്ക് അറിവില്ലേ? എന്നിരുന്നാലും, വായിൽനിന്നു പുറപ്പെടുന്നവ ഹൃദയത്തിൽനിന്നു വരുന്നു, അവയാണ് ഒരു മനുഷ്യനെ മലിനപ്പെടുത്തുന്നത്. ദൃഷ്ടാന്തത്തിന്, ഹൃദയത്തിൽനിന്ന് ദുഷ്ട ന്യായവാദങ്ങളും കൊലപാതകങ്ങളും വ്യഭിചാരങ്ങളും ദുർവൃത്തികളും മോഷണങ്ങളും കള്ളസാക്ഷ്യങ്ങളും ദൈവദൂഷണങ്ങളും വരുന്നു. ഇവയാണ് ഒരു മനുഷ്യനെ മലിനപ്പെടുത്തുന്നത്, എന്നാൽ കഴുകാത്ത കൈകൾകൊണ്ടു ഭക്ഷണം കഴിക്കുന്നത് ഒരു മനുഷ്യനെ മലിനപ്പെടുത്തുന്നില്ല.”
യേശു ഇവിടെ സാധാരണഗതിയിലുള്ള ശുചിത്വത്തെ നിരുത്സാഹപ്പെടുത്തുകയായിരുന്നില്ല. ആഹാരം പാചകംചെയ്യുന്നതിനോ ഭക്ഷണം കഴിക്കുന്നതിനോ മുമ്പ് ഒരു വ്യക്തി തന്റെ കൈകൾ കഴുകേണ്ടതില്ലെന്ന് അവൻ വാദിക്കുകയല്ല. പകരം, തിരുവെഴുത്തുവിരുദ്ധ പാരമ്പര്യങ്ങൾക്കുവേണ്ടി കടുംപിടുത്തം പിടിച്ചുകൊണ്ട് ദൈവത്തിന്റെ നീതിയുള്ള നിയമങ്ങളെ മറികടക്കാൻ കപടപൂർവം ശ്രമിക്കുന്ന മതനേതാക്കൻമാരെ യേശു കുററംവിധിക്കുകയാണ്. അതെ, ഒരു മനുഷ്യനെ മലിനപ്പെടുത്തുന്നത് ദുഷ്പ്രവൃത്തികളാണ്. അവ ഒരു വ്യക്തിയുടെ ഹൃദയത്തിൽനിന്നാണ് ഉത്ഭവിക്കുന്നതെന്ന് യേശു പ്രകടമാക്കുന്നു. യോഹന്നാൻ 7:1; ആവർത്തനം 16:16; മത്തായി 15:1-20; മർക്കോസ് 7:1-23; പുറപ്പാട് 20:12; 21:17; യെശയ്യാവ് 29:13.
◆ യേശു ഇപ്പോൾ ഏത് എതിർപ്പിനെ അഭിമുഖീകരിക്കുന്നു?
◆ പരീശൻമാർ എന്തു കുററാരോപണം നടത്തുന്നു, എന്നാൽ യേശു പറയുന്നതനുസരിച്ച്, പരീശൻമാർ എങ്ങനെ ദൈവനിയമത്തെ മനഃപൂർവം ലംഘിക്കുന്നു?
◆ മനുഷ്യനെ മലിനപ്പെടുത്തുന്നത് ഏതു വസ്തുക്കളാണെന്ന് യേശു വെളിപ്പെടുത്തുന്നു? (w87 11⁄1)