കാലലക്ഷണങ്ങൾ നിങ്ങൾ വിവേചിക്കുന്നുവോ?
സായാഹ്നത്തിലെ ചെമ്മാനം നാവികന് ആനന്ദം; പുലർകാലത്തെ ചെമ്മാനം നാവികർക്ക് മുന്നറിയിപ്പ് എന്നിങ്ങനെ കാലാവസ്ഥയെക്കുറിച്ചുള്ള പഴഞ്ചൊല്ലുകൾ മിക്കവാറും എല്ലാ ദേശങ്ങളിലുംതന്നെ ഉണ്ട്. ഇത്തരത്തിലുള്ള കാലാവസ്ഥ പ്രതീക്ഷിക്കാവുന്നതിന്റെ ശാസ്ത്രീയ കാരണങ്ങൾ ഇന്ന് അന്തരീക്ഷശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്.
യേശുവിന്റെ നാളിലും ആളുകൾ ആകാശത്തെ നോക്കി കാലാവസ്ഥാ വ്യതിയാനങ്ങൾ മനസ്സിലാക്കിയിരുന്നു. ചില യഹൂദന്മാരോട് യേശു ഒരിക്കൽ ഇങ്ങനെ പറഞ്ഞു: “സന്ധ്യാസമയത്തു ആകാശം ചുവന്നുകണ്ടാൽ നല്ല തെളിവാകും എന്നും രാവിലെ ആകാശം മൂടി ചുവന്നുകണ്ടാൽ ഇന്നു മഴക്കോൾ ഉണ്ടാകും എന്നും നിങ്ങൾ പറയുന്നു. ആകാശത്തിന്റെ ഭാവം വിവേചിപ്പാൻ നിങ്ങൾ അറിയുന്നു.” തുടർന്ന് യേശു അവരോട് ശ്രദ്ധേയമായ ഒരു ചോദ്യം ചോദിച്ചു: “എന്നാൽ കാലലക്ഷണങ്ങളെ വിവേചിപ്പാൻ [നിങ്ങൾക്കു] കഴികയില്ലയോ?”—മത്തായി 16:2-4.
എന്തായിരുന്നു യേശു പറഞ്ഞ ‘കാലലക്ഷണങ്ങൾ?’ അവൻ ദൈവത്താൽ അയയ്ക്കപ്പെട്ട യഥാർഥ മിശിഹായാണ് എന്നതിന്റെ വ്യക്തമായ നിരവധി സൂചനകളായിരുന്നു അവ. ആകാശത്തിന്റെ ചെമപ്പുപോലെതന്നെ അവന്റെ പ്രവൃത്തികളും വ്യക്തമായി തിരിച്ചറിയാനാകുമായിരുന്നു. എന്നിരുന്നാലും ഭൂരിപക്ഷം യഹൂദന്മാരും മിശിഹാ വന്നിരിക്കുന്നു എന്നതിന്റെ അടയാളങ്ങളെ അവഗണിച്ചുകളഞ്ഞു. അവയാകട്ടെ കാലാവസ്ഥ വ്യതിയാനങ്ങളെക്കാൾ പ്രധാനമായി വിവേചിച്ചറിയേണ്ടവയായിരുന്നു.
സമാനമായി ഇന്നും, അക്ഷരീയ മാനത്തിന്റെ നിറത്തെക്കാൾ പ്രധാനമായി തിരിച്ചറിയേണ്ട ഒരടയാളമുണ്ട്. ഒരു മെച്ചപ്പെട്ട ലോകത്തിന്റെ ആഗമനത്തിനായി ഈ ദുഷ്ടലോകം നശിപ്പിക്കപ്പെടേണ്ടതുണ്ടെന്ന് യേശു വ്യക്തമാക്കി. അതിനു മുന്നോടിയായുള്ള ഒരു സംയുക്ത അടയാളത്തെക്കുറിച്ച്, അതായത് ഏകകാലികമായി അരങ്ങേറുന്ന കുറെ സംഭവങ്ങളെക്കുറിച്ച് അവൻ പറഞ്ഞു. അവയിൽ രണ്ടെണ്ണമാണ് ലോകവ്യാപകമായി ഉണ്ടാകുന്ന യുദ്ധങ്ങളും ക്ഷാമങ്ങളും. ഇവയൊക്കെയും ദൈവത്തിന്റെ ഇടപെടലിനുള്ള സമയം സമീപിച്ചിരിക്കുന്നുവെന്നതിന്റെ തെളിവാണെന്ന് യേശു വ്യക്തമാക്കുകയുണ്ടായി.—മത്തായി 24:3-21.
പ്രസ്തുത ‘കാലലക്ഷണങ്ങൾ’ നിങ്ങൾക്കു കാണാനാകുന്നുണ്ടോ?