അപ്പോസ്തലിക പിൻതുടർച്ച
നിർവ്വചനം: പന്ത്രണ്ട് അപ്പോസ്തലൻമാർക്ക് ദിവ്യനിയമനത്താൽ അധികാരം ലഭിച്ച പിൻഗാമികളുണ്ടെന്നുളള പഠിപ്പിക്കൽ. റോമൻ കത്തോലിക്കാസഭയിൽ, ഒരു സംഘമെന്ന നിലയിൽ മെത്രാൻമാർ അപ്പോസ്തലൻമാരുടെ പിൻഗാമികളാണെന്ന് പറയപ്പെടുന്നു. പോപ്പ് പത്രോസിന്റെ പിൻഗാമിയാണെന്നും അവകാശപ്പെടുന്നു. റോമൻ പാപ്പാമാർ മുഴുസഭയുടെയുംമേൽ യേശു ശ്രേഷ്ഠാധികാരം കൊടുത്തതായി പറയപ്പെടുന്ന പത്രോസിന്റെ നേരിട്ടുളള പിൻഗാമിയും അതേ സ്ഥാനവും ഉത്തരവാദിത്തങ്ങളും ഉളളവനുമാണെന്നാണ് അവകാശവാദം. ഇത് ഒരു ബൈബിൾ ഉപദേശമല്ല.
സഭ പണിയപ്പെട്ട “പാറ” പത്രോസായിരുന്നുവോ?
മത്താ. 16:18, JB: “ഞാൻ ഇപ്പോൾ നിന്നോട് പറയുന്നു: നീ പത്രോസാകുന്നു, ഈ പാറമേൽ ഞാൻ എന്റെ സഭയെ പണിയും. അധോലോകഗോപുരങ്ങൾക്ക് ഒരിക്കലും അതിനെതിരെ പ്രബലപ്പെടാൻ കഴികയില്ല.” (സന്ദർഭത്തിൽനിന്ന് [13, 20 വാക്യങ്ങൾ] യേശു ആരാണ് എന്നതിനെ കേന്ദ്രീകരിച്ചാണ് ചർച്ച എന്നു കാണുക.)
അപ്പോസ്തലൻമാരായ പത്രോസും പൗലോസും “പാറ,” “മൂലക്കല്ല്” ആരായിരിക്കുന്നതായിട്ടാണ് മനസ്സിലാക്കിയത്?
പ്രവൃ. 4:8-11, JB: “പത്രോസ് പരിശുദ്ധാത്മാവ് നിറഞ്ഞവനായി അവരെ സംബോധന ചെയ്തു, ‘ജനത്തിന്റെ ഭരണാധിപൻമാരും മൂപ്പൻമാരുമായുളേളാരെ! . . . നിങ്ങൾ ക്രൂശിച്ചവനും ദൈവം മരിച്ചവരിൽനിന്ന് ഉയർപ്പിച്ചവനുമായ നസ്രായനായ യേശുക്രിസ്തുവിന്റെ നാമത്തിൽ അല്ലാതെ മററാരുടെയും നാമത്തിലല്ല ഈ മനുഷ്യന് പൂർണ്ണാരോഗ്യവാനായി ഇന്ന് ഇവിടെ നിങ്ങളുടെ മുമ്പിൽ നിൽക്കാൻ സാധിക്കുന്നത്. പണിക്കാരായ നിങ്ങൾ തളളിക്കളഞ്ഞതെങ്കിലും മുഖ്യകല്ലാണെന്ന് [“മൂലക്കല്ല്,” NAB] തെളിഞ്ഞത് ഇവൻതന്നെ.’”
1 പത്രോ. 2:4-8 JB: “ജീവനുളള കല്ലുകൾ എന്ന നിലയിൽ ഒരു ആത്മീയ ഭവനമായി . . . പണിയപ്പെടേണ്ടതിന് നിങ്ങൾ അവന്റെ [കർത്താവായ യേശുക്രിസ്തു] അടുത്തു ചെല്ലുവിൻ. തിരുവെഴുത്തുകൾ പറയുംപ്രകാരം: ഞാൻ തെരഞ്ഞെടുത്തിരിക്കുന്ന ഒരു മൂലക്കല്ല് ഞാൻ സീയോനിൽ സ്ഥാപിച്ചിരിക്കുന്നതു എങ്ങനെയെന്നു കാണുക, അതിൽ ആശ്രയം വയ്ക്കുന്നവൻ നിരാശനാവുകയില്ല. അതിന്റെ അർത്ഥം വിശ്വാസികളായ നിങ്ങൾക്ക് അതു വിലപ്പെട്ടതാണ് എന്നാണ്; എന്നാൽ അവിശ്വാസികൾക്ക് പണിക്കാർ തളളിക്കളഞ്ഞ കല്ലുതന്നെ മുഖ്യകല്ല്, ഇടർച്ചക്കല്ല്, മനുഷ്യരെ ഇടിച്ചുകളയുന്ന പാറ ആണെന്ന് തെളിഞ്ഞിരിക്കുന്നു.”
എഫേ. 2:20, JB: “നിങ്ങൾ അപ്പോസ്തലൻമാരും പ്രവാചകൻമാരും അടിസ്ഥാനങ്ങളായിരിക്കുന്ന ഒരു കെട്ടിടത്തിന്റെ ഭാഗമാണ്; യേശുക്രിസ്തുതന്നെയാണ് അതിന്റെ മുഖ്യ മൂലക്കല്ല്.”
(കത്തോലിക്കാ സഭയാൽ ഒരു പുണ്യവാനായി വീക്ഷിക്കപ്പെട്ട) അഗസ്ററിന്റെ വിശ്വാസം എന്തായിരുന്നു?
“എന്റെ പൗരോഹിത്യത്തിന്റെ അതേ കാലഘട്ടത്തിൽ ഡൊണാത്തൂസിന്റെ ഒരു കത്തിനെതിരെ ഞാനും ഒരു പുസ്തകമെഴുതി . . . ഈ പുസ്തകത്തിന്റെ ഒരു ഭാഗത്തു അപ്പോസ്തലനായ പത്രോസിനെപ്പററി ഞാൻ ഇപ്രകാരം പറഞ്ഞു: ‘ഒരു പാറമേൽ എന്ന പോലെ അവന്റെമേൽ സഭ പണിയപ്പെട്ടു.’ . . . എന്നാൽ പിന്നീട് വളരെ കൂടെക്കൂടെ കർത്താവ് പറഞ്ഞതെന്താണെന്ന് ഞാൻ ഇപ്രകാരം വിശദീകരിച്ചുവെന്ന് എനിക്കറിയാം: ‘നീ പത്രോസാകുന്നു, ഈ പാറമേൽ ഞാൻ എന്റെ സഭയെ പണിയും,’ എന്നത് ‘നീ ജീവനുളള ദൈവത്തിന്റെ പുത്രനായ ക്രിസ്തു ആകുന്നു’ എന്നു പത്രോസ് ആരെ ഏററു പറഞ്ഞുവോ അവന്റെമേൽ പണിയപ്പെടുന്നതായി മനസ്സിലാക്കേണ്ടതാണ്. ഈ പാറയെ അനുഗമിക്കാൻ വിളിക്കപ്പെട്ട പത്രോസ് ഈ പാറമേൽ പണിയപ്പെട്ട സഭയെ പ്രതിനിധാനം ചെയ്തു, അവൻ ‘സ്വർഗ്ഗരാജ്യത്തിന്റെ താക്കോലുകൾ’ സ്വീകരിച്ചിരിക്കുന്നു. എന്തുകൊണ്ടെന്നാൽ നീ പത്രോസ് ആകുന്നു എന്നാണ്, നീ പാറയാകുന്നു എന്നല്ല അവനോട് പറയപ്പെട്ടത്. എന്നാൽ ‘പാറ ക്രിസ്തുവായിരുന്നു.’ അവനെ ഏററുപറയുകയിൽ, മുഴു സഭയും ചെയ്യുന്നതുപോലെ തന്നെ, ശീമോൻ, പത്രോസ് എന്നു വിളിക്കപ്പെട്ടു.”—ദി ഫാദേർസ് ഓഫ് ദി ചർച്ച്—സെൻറ് അഗസ്ററിൻ, ദി റിട്രാക്റേറഷൻസ് (വാഷിംഗ്ടൺ, ഡി. സി.; 1968) മേരി ഐ. ബോഗനാൽ തർജ്ജമ ചെയ്യപ്പെട്ടത്, ബുക്ക് 1, പേ. 90.
തങ്ങളുടെയിടയിൽ പത്രോസിന് പ്രഥമ സ്ഥാനം ഉണ്ടായിരുന്നതായി മററ് അപ്പോസ്തലൻമാർ വീക്ഷിച്ചോ?
ലൂക്കോ. 22:24-26, JB: “ആരെയാകുന്നു ഏററം വലിയവനായി എണ്ണേണ്ടത് എന്നതിനെക്കുറിച്ച് അവർക്കിടയിൽ [അപ്പോസ്തലൻമാർ] ഒരു തർക്കവും ഉണ്ടായി, എന്നാൽ അവൻ അവരോട് പറഞ്ഞു, ‘പുറജാതികൾക്കിടയിൽ രാജാക്കൻമാരാണ് അവരുടെമേൽ കർത്തൃത്വം നടത്തുന്നത്, അവരുടെമേൽ അധികാരമുളളവർ ഉപകാരികൾ എന്നു വിളിക്കപ്പെടുന്നു. നിങ്ങളുടെ ഇടയിൽ അങ്ങനെയായിരിക്കരുത്.’” (പത്രോസ് “പാറ”യായിരുന്നെങ്കിൽ “ആരെയാണ് ഏററം വലിയവനായി എണ്ണേണ്ടത്” എന്ന തർക്കം ഉണ്ടാകുമായിരുന്നോ?)
സഭയുടെ ശിരസ്സായിരിക്കുന്ന യേശുക്രിസ്തു ജീവനോടിരിക്കുന്നതിനാൽ അവന് പിന്തുടർച്ചക്കാരെ ആവശ്യമുണ്ടോ?
എബ്രാ. 7:23-25, JB: “അവരിൽ ഓരോരുത്തർക്കും മരണംമൂലം അന്ത്യം സംഭവിച്ചതിനാൽ [ഇസ്രായേലിൽ] മററു പുരോഹിതൻമാർ വലിയ ഒരു സംഖ്യ ഉണ്ടായിരുന്നു; എന്നാൽ ഇവനാകട്ടെ [യേശുക്രിസ്തു] എന്നേക്കും ഇരിക്കുന്നതുകൊണ്ട് അവന്റെ പൗരോഹിത്യത്തിന് നഷ്ടപ്പെടാൻ കഴിയുകയില്ല. അപ്പോൾ താൻ മുഖാന്തരം ദൈവത്തിങ്കലേക്ക് വരുന്ന സകലർക്കും വേണ്ടി പക്ഷവാദം ചെയ്യാൻ എന്നേക്കും ജീവിച്ചിരിക്കുന്നവനാകയാൽ രക്ഷിപ്പാനുളള അവന്റെ ശക്തി സുനിശ്ചിതമാണെന്ന് സിദ്ധിക്കുന്നു.”
റോമ. 6:9, JB: “നമുക്ക് അറിയാവുന്നതുപോലെ മരിച്ചവരുടെ ഇടയിൽനിന്ന് ഉയർപ്പിക്കപ്പെട്ട ക്രിസ്തു വീണ്ടും ഒരിക്കലും മരിക്കുകയില്ല.”
എഫേ. 5:23, JB: “ക്രിസ്തു സഭയുടെ ശിരസ്സാകുന്നു.”
പത്രോസിന് ഭരമേൽപ്പിക്കപ്പെട്ട “താക്കോലുകൾ” എന്തായിരുന്നു?
മത്താ. 16:19, JB: “സ്വർഗ്ഗരാജ്യത്തിന്റെ താക്കോലുകൾ ഞാൻ നിനക്ക് തരും: ഭൂമിയിൽ നീ കെട്ടുന്നതെല്ലാം സ്വർഗ്ഗത്തിൽ കെട്ടപ്പെട്ടതായി പരിഗണിക്കപ്പെടും; ഭൂമിയിൽ നീ അഴിക്കുന്നതെല്ലാം സ്വർഗ്ഗത്തിൽ അഴിക്കപ്പെട്ടതായി പരിഗണിക്കപ്പെടും.”
മനുഷ്യർക്ക് പദവികളും അവസരങ്ങളും തുറന്നുകൊടുക്കുന്നതിന് താൻ തന്നെ ഉപയോഗിക്കുന്ന ഒരു പ്രതീകാത്മക താക്കോലിനെ വെളിപ്പാട് പുസ്തകത്തിൽ യേശു പരാമർശിച്ചു
വെളി. 3:7, 8, JB: “ദാവീദിന്റെ താക്കോലുളളവനായി വിശുദ്ധനും വിശ്വസ്തനുമായവന്റെ സന്ദേശം ഇതാകുന്നു, തന്നിമിത്തം അവൻ തുറക്കുമ്പോൾ ആർക്കും അടക്കാൻ കഴികയില്ല, അവൻ അടക്കുമ്പോൾ ആർക്കും തുറക്കാൻ കഴികയില്ല: . . . ആർക്കും അടയ്ക്കാൻ കഴിയാത്ത ഒരു വാതിൽ ഞാൻ നിങ്ങൾക്ക് മുൻപിൽ തുറന്നിരിക്കുന്നു.”
സ്വർഗ്ഗീയരാജ്യത്തിൽ പ്രവേശിക്കാനുളള ലക്ഷ്യത്തിൽ ദൈവാത്മാവിനെ സ്വീകരിക്കുന്നതിനുളള അവസരം (യഹൂദർക്കും ശമര്യർക്കും പുറജാതികൾക്കും) തുറന്നു കൊടുക്കുന്നതിന് തന്നെ ഭരമേൽപ്പിച്ച “താക്കോലുകൾ” പത്രോസ് ഉപയോഗിച്ചു
പ്രവൃ. 2:14-39, JB: “പത്രോസ് പതിനൊന്നുപേരോടുകൂടെ എഴുന്നേററ് നിന്ന് ഉറക്കെ അവരോട് പറഞ്ഞത്: ‘യഹൂദ പുരുഷൻമാരും യെരൂശലേമിൽ പാർക്കുന്ന എല്ലാവരുമായുളേളാരെ . . . നിങ്ങൾ ക്രൂശിച്ച ഈ യേശുവിനെ ദൈവം കർത്താവും ക്രിസ്തുവുമാക്കിവച്ചിരിക്കുന്നു.’ ഇതു കേൾക്കയിൽ അവർ ഹൃദയത്തിൽ കുത്തുകൊണ്ടവരായിട്ട് പത്രോസിനോടും ശേഷം അപ്പോസ്തലൻമാരോടും ‘സഹോദരൻമാരേ ഞങ്ങൾ എന്തു ചെയ്യണം’ എന്നു ചോദിച്ചു. ‘നിങ്ങൾ അനുതപിക്കണം, നിങ്ങളുടെ പാപങ്ങളുടെ മോചനത്തിനായി ഓരോരുത്തരും യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാപനം ഏൽക്കണം, അപ്പോൾ പരിശുദ്ധാത്മാവ് എന്ന ദാനം നിങ്ങൾക്ക് ലഭിക്കും. വാഗ്ദത്തം ചെയ്യപ്പെട്ടതു നിങ്ങൾക്കും നിങ്ങളുടെ മക്കൾക്കും നമ്മുടെ ദൈവമായ കർത്താവ് തന്റെ അടുക്കലേക്ക് വിളിച്ചുവരുത്തുന്ന എല്ലാവർക്കും വേണ്ടിയാണല്ലോ’ എന്ന് പത്രോസ് ഉത്തരം പറഞ്ഞു.”
പ്രവൃ. 8:14-17, JB: “ശമര്യർ ദൈവവചനം സ്വീകരിച്ചു എന്ന് യെരൂശലേമിലുളള അപ്പോസ്തലൻമാർ കേട്ടപ്പോൾ അവർ പത്രോസിനെയും യോഹന്നാനെയും അവരുടെ അടുക്കൽ അയച്ചു. അവർ അവിടെ ചെന്ന് ശമര്യർക്കു പരിശുദ്ധാത്മാവ് ലഭിക്കേണ്ടതിന് അവർക്കായി പ്രാർത്ഥിച്ചു. എന്തെന്നാൽ അന്നുവരെ അവരിൽ ആരുടെമേലും അവൻ വന്നിരുന്നില്ല: അവർ കർത്താവായ യേശുവിന്റെ നാമത്തിൽ സ്നാപനം കഴിപ്പിക്കപ്പെട്ടതേ ഉണ്ടായിരുന്നുളളു. അനന്തരം അവർ അവരുടെമേൽ കൈകൾ വെച്ചു, അവർക്കു പരിശുദ്ധാത്മാവു ലഭിച്ചു.” (പത്രോസാണ് ഈ സന്ദർഭത്തിൽ നേതൃത്വമെടുത്തിരുന്നത് എന്ന് 20-ാം വാക്യം സൂചിപ്പിക്കുന്നു.)
പ്രവൃ. 10:24-48, JB: “പിറേറന്നാൾ അവർ കൈസര്യയിൽ എത്തി, കൊർന്നേല്യൊസ് [പരിച്ഛേദന ഏൽക്കാത്ത ഒരു വിജാതീയൻ] അവർക്കുവേണ്ടി കാത്തിരിക്കുകയായിരുന്നു. . . . പത്രോസ് അവരോട് സംസാരിച്ചു . . . പത്രോസ് സംസാരിച്ചുകൊണ്ടിരിക്കുമ്പോൾതന്നെ കേട്ടുകൊണ്ടിരുന്ന എല്ലാവരുടെമേലും പരിശുദ്ധാത്മാവ് വന്നു.”
സ്വർഗ്ഗം, പത്രോസ് തീരുമാനങ്ങൾ ചെയ്യാൻ വേണ്ടി കാത്തിരിക്കുകയും അവൻ നയിച്ച വഴിയേ നീങ്ങുകയും ചെയ്തോ?
പ്രവൃ. 2:4, 14, JB: “എല്ലാവരും പരിശുദ്ധാത്മാവ് നിറഞ്ഞവരായിത്തീരുകയും പരിശുദ്ധാത്മാവ് സംസാരിപ്പാൻ വരം നൽകിയതുപോലെ അന്യഭാഷകളിൽ സംസാരിക്കാൻ തുടങ്ങുകയും ചെയ്തു. . . . അപ്പോൾ [സഭയുടെ ശിരസ്സായ ക്രിസ്തു പരിശുദ്ധാത്മാവ് മുഖാന്തരം അവർക്ക് ഉത്തേജനം നൽകിയശേഷം] പത്രോസ് പതിനൊന്നുപേരോടുകൂടെ എഴുന്നേററു നിന്ന് അവരെ സംബോധന ചെയ്തു.” (33-ാം വാക്യം കാണുക.)
പ്രവൃ. 10:19, 20, JB: “‘ചില പുരുഷൻമാർ നിന്നെ കാണാൻ വന്നിരിക്കുന്നു വേഗത്തിൽ ഇറങ്ങിച്ചെല്ലുക, അവരോടുകൂടെ [വിജാതീയനായ കൊർന്നേല്യൊസിന്റെ ഭവനത്തിലേക്ക്] പോകാൻ മടിക്കേണ്ട; വരാൻ അവരോട് ആവശ്യപ്പെട്ടത് ഞാനാണ്’ എന്ന് ആത്മാവ് അവനോട് [പത്രോസ്] പറയേണ്ടി വന്നു.”
മത്താ. 18:18, 19 താരതമ്യം ചെയ്യുക.
രാജ്യത്തിൽ പ്രവേശിക്കാൻ യോഗ്യൻ ആരെന്ന് വിധിക്കുന്നത് പത്രോസാണോ?
2 തിമൊ. 4:1, JB: “ക്രിസ്തുയേശു . . . ജീവിച്ചിരിക്കുന്നവരുടെയും മരിച്ചവരുടെയും ന്യായാധിപതിയായിരിക്കേണ്ടതാണ്.”
2 തിമൊ. 4:8, JB: “ഇനിയും എനിക്കു ലഭിക്കാനിരിക്കുന്നത് എനിക്കായി കരുതിവച്ചിരിക്കുന്ന നീതിയുടെ കിരീടമാണ്, അതു നീതിയുളള ന്യായാധിപതിയായ കർത്താവ് [യേശുക്രിസ്തു] ആ ദിവസത്തിൽ എനിക്കു തരും; എനിക്കു മാത്രമല്ല അവന്റെ പ്രത്യക്ഷതക്കായി കാത്തിരുന്ന എല്ലാവർക്കും.”
പത്രോസ് റോമിലായിരുന്നോ?
തിരുവെഴുത്തുകളിലെ ഒൻപത് വാക്യങ്ങൾ റോമിനെ പരാമർശിക്കുന്നു; അവയിൽ ഒന്നു പോലും പത്രോസ് അവിടെയായിരുന്നു എന്ന് പറയുന്നില്ല. 1 പത്രോസ് 5:13 അവൻ ബാബിലോണിലായിരുന്നു എന്ന് കാണിക്കുന്നു. അതു റോമിനെ സംബന്ധിച്ച നിഗൂഢമായ ഒരു പരാമർശനമായിരുന്നോ? അവൻ ബാബിലോണിലായിരുന്നത് യഹൂദരോട് പ്രസംഗിക്കാനുളള അവന്റെ നിയോഗത്തോട് (ഗലാത്യർ 2:9-ൽ സൂചിപ്പിക്കുന്ന പ്രകാരം) യോജിപ്പിലാണ്, കാരണം പുരാതന ബാബിലോൺ നഗരത്തിലും സമീപപ്രദേശങ്ങളിലും യഹൂദൻമാരുടെ ഒരു വലിയ സംഖ്യയുണ്ടായിരുന്നു. ദി എൻസൈക്ലോപ്പീഡിയാ യൂദേയിക്ക (യെരൂശലേം, 1971, വാല്യം 15, കോളം 755), ബാബിലോണിയൻ തൽമൂദിന്റെ നിർമ്മാണത്തെപ്പററി ചർച്ചചെയ്യുകയിൽ പൊതുയുഗത്തിൽ ഉണ്ടായിരുന്ന “ബാബിലോണിലെ വലിയ അക്കാഡമികളെ” പരാമർശിക്കുന്നു.
പത്രോസ് മുതൽ ആധുനിക നാളിലെ പാപ്പാമാർവരെ ഇടമുറിയാത്ത പിൻതുടർച്ചയുടെ രേഖയുണ്ടോ?
ഈശോസഭാ വൈദികനായ ജോൺ മക്കെൻസി, നോട്ടർ ഡാമിൽ ദൈവശാസ്ത്ര പ്രൊഫസ്സറായിരിക്കെ ഇപ്രകാരം എഴുതി: “സഭാധികാര പിന്തുടർച്ചയിലെ മുഴു ശൃംഖലയുടെയും ചരിത്രപരമായ തെളിവ് ഇല്ല.”—ദി റോമൻ കാത്തലിക് ചർച്ച് (ന്യൂയോർക്ക്, 1969), പേ. 4.
ദി ന്യൂ കാത്തലിക് എൻസൈക്ലോപ്പീഡിയ ഇപ്രകാരം സമ്മതിച്ചു പറയുന്നു: “ . . . രേഖകളുടെ ദൗർലഭ്യം മെത്രാൻ സ്ഥാനത്തിന്റെ ആദ്യകാലവികാസം സംബന്ധിച്ച് വളരെ കാര്യങ്ങൾ അവ്യക്തമായി വിട്ടിരിക്കുന്നു . . . “—(1967), വാല്യം 1, പേ. 696.
ദിവ്യനിയമനം സംബന്ധിച്ച് അവകാശവാദം പുറപ്പെടുവിക്കുന്നവർ ദൈവത്തെയും ക്രിസ്തുവിനെയും അനുസരിക്കുന്നില്ലെങ്കിൽ ആ അവകാശവാദത്തിന് ഒരു അർത്ഥവുമില്ല
മത്താ. 7:21-23, JB: “‘കർത്താവേ, കർത്താവേ’ എന്ന് എന്നോട് പറയുന്നവരല്ല മറിച്ച് സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവനത്രേ സ്വർഗ്ഗരാജ്യത്തിൽ കടക്കുന്നത്. ‘കർത്താവേ, കർത്താവേ, ഞങ്ങൾ നിന്റെ നാമത്തിൽ പ്രവചിക്കുകയും നിന്റെ നാമത്തിൽ ഭൂതങ്ങളെ പുറത്താക്കുകയും നിന്റെ നാമത്തിൽ അനേകം അത്ഭുതങ്ങൾ പ്രവർത്തിക്കുകയും ചെയ്തില്ലയോ’ എന്ന് പലരും ആ നാൾ വരുമ്പോൾ എന്നോട് പറയും. അപ്പോൾ ഞാൻ അവരുടെ മുഖത്തു നോക്കി പറയും: ഞാൻ നിങ്ങളെ ഒരു നാളും അറിഞ്ഞിട്ടില്ല; ദുഷ്ടൻമാരെ എന്നെ വിട്ടുപോകുവിൻ!”
യിരെമ്യാവ് 7:9-15 കൂടെ കാണുക.
അപ്പോസ്തലൻമാരുടെ പിൻഗാമികളാണെന്ന് അവകാശപ്പെടുന്നവർ യേശുക്രിസ്തുവിന്റെയും അപ്പോസ്തലൻമാരുടെയും ഉപദേശങ്ങളോടും അനുഷ്ഠാനങ്ങളോടും പററി നിന്നിട്ടുണ്ടോ?
ഒരു കത്തോലിക്കാ നിഘണ്ടു ഇപ്രകാരം പ്രസ്താവിക്കുന്നു: “റോമാസഭ അപ്പോസ്തലികമാണ്, എന്തുകൊണ്ടെന്നാൽ അവളുടെ ഉപദേശം ഒരിക്കലായി അപ്പോസ്തലൻമാർക്ക് വെളിപ്പെടുത്തപ്പെട്ട വിശ്വാസമാണ്, ആ വിശ്വാസത്തോട് യാതൊന്നും കൂട്ടാതെയും അതിൽനിന്ന് യാതൊന്നും എടുത്തുകളയാതെയും അവൾ അതു കാക്കുകയും വിശദീകരിക്കുകയും ചെയ്യുന്നു.” (ലണ്ടൻ, 1957, ഡബ്ലിയു. ഇ. ആഡിസ് ആൻഡ് ററി. ആർനോൾഡ്, പേ. 176) വസ്തുതകൾ അതിനോട് യോജിക്കുന്നുവോ?
ദൈവത്തിന്റെ താദാത്മ്യം
“ക്രിസ്തുമതത്തിന്റെ കേന്ദ്ര വിശ്വാസപ്രമാണത്തെ അർത്ഥമാക്കാൻ ഉപയോഗിച്ചിരിക്കുന്ന പദമാണ് ത്രിത്വം.”—ദി കാത്തലിക് എൻസൈക്ലോപ്പീഡിയ (1912), വാല്യം XV, പേ. 47.
“ത്രിത്വം എന്ന വാക്കോ കൃത്യമായി ആ ഉപദേശമോ പുതിയ നിയമത്തിൽ കാണപ്പെടുന്നില്ല . . . ആ വിശ്വാസപ്രമാണം പല നൂററാണ്ടുകളിലൂടെയും അനേകം തർക്കങ്ങളിലൂടെയും ക്രമേണ വികാസം പ്രാപിച്ചതാണ്.”—ദി ന്യൂ എൻസൈക്ലോപ്പീഡിയ ബ്രിട്ടാനിക്ക (1976), മൈക്രോപ്പീഡിയ, വാല്യം X, പേ. 126.
“പുതിയ നിയമത്തിലെ ത്രിത്വോപദേശത്തെപ്പററി ചില ഗൗരവതരമായ വ്യവസ്ഥകൾ വയ്ക്കാതെ ഒരുവൻ സംസാരിക്കരുതെന്ന് കൂടുതൽ കൂടുതൽ കത്തോലിക്കരുൾപ്പെടെയുളള ബൈബിൾ വ്യാഖ്യാതാക്കൾക്കും ബൈബിൾ ദൈവശാസ്ത്രജ്ഞൻമാർക്കുമിടയിൽ ഒരു ധാരണയുണ്ടായിട്ടുണ്ട്. അതുപോലെതന്നെ ഒരുവൻ വ്യവസ്ഥവയ്ക്കാതെ ത്രിത്വോപദേശത്തെപ്പററി സംസാരിക്കുമ്പോൾ ഒരുവൻ ക്രിസ്ത്യാനിത്വത്തിന്റെ ഉത്ഭവകാലത്തുനിന്ന് നാലാം നൂററാണ്ടിന്റെ അവസാന ചതുർഥാംശത്തിലേക്ക് നീങ്ങിയിരിക്കുന്നു എന്ന് സമാനമായ ഒരു ധാരണയും വിശ്വാസ സത്യങ്ങൾ സംബന്ധിച്ച ചരിത്രകാരൻമാരുടെയും വ്യവസ്ഥാപിത ദൈവശാസ്ത്രജ്ഞൻമാരുടെയും ഇടയിൽ ഉണ്ടായിട്ടുണ്ട്.”—ന്യൂ കാത്തലിക് എൻസൈക്ലോപ്പീഡിയ (1967), വാല്യം XIV, പേ. 295.
പുരോഹിതൻമാരുടെ ബ്രഹ്മചര്യം
സാച്ചെർഡോത്താലിസ് സെലിബാത്തൂസ് (പൗരോഹിത്യ ബ്രഹ്മചര്യം, 1967), എന്ന തന്റെ ചാക്രിക ലേഖനത്തിൽ പോൾ VI-ാമൻ പാപ്പാ ബ്രഹ്മചര്യം പുരോഹിതൻമാർക്കുളള ഒരു നിബന്ധനയായി സ്ഥിരീകരിച്ചു, എന്നാൽ “ക്രിസ്തുവിന്റെയും അപ്പോസ്തലൻമാരുടെയും പഠിപ്പിക്കൽ കാത്തുസൂക്ഷിച്ചിരിക്കുന്ന പുതിയ നിയമത്തിൽ . . . വിശുദ്ധ ശുശ്രൂഷകരുടെ ബ്രഹ്മചര്യം വ്യക്തമായി ആവശ്യപ്പെടുന്നില്ല” എന്ന് അദ്ദേഹം സമ്മതിച്ചു പറഞ്ഞു, “ . . . തന്റെ അപ്പോസ്തലൻമാരെ തെരഞ്ഞെടുക്കുന്നതിൽ യേശു തന്നെ അതൊരു അവശ്യയോഗ്യതയാക്കിയില്ല, ആദിമ ക്രിസ്തീയ സമൂഹങ്ങളിൽ അദ്ധ്യക്ഷത വഹിച്ചവർക്ക് അപ്പോസ്തലൻമാരും അതു നിർബ്ബന്ധമാക്കിയില്ല.”—ദി പേപ്പൽ എൻസൈക്ലിക്കൽസ് 1958-1981 (ഫാൾസ് ചർച്ച്, വ.; 1981), പേ. 204.
1 കൊരി. 9:5, NAB: “ശേഷം അപ്പോസ്തലൻമാരെയും കർത്താവിന്റെ സഹോദരൻമാരെയും കേഫാവിനെയുംപോലെ വിശ്വാസിയായ ഒരു സ്ത്രീയെ വിവാഹം കഴിക്കാൻ ഞങ്ങൾക്ക് അവകാശമില്ലയോ?” (“കേഫാവ്” എന്നത് പത്രോസിന് നൽകപ്പെട്ടിരിക്കുന്ന ഒരു അരാമ്യ നാമമാണ്; യോഹന്നാൻ 1:42 കാണുക. ശീമോന്റെ അല്ലെങ്കിൽ പത്രോസിന്റെ അമ്മാവിയമ്മയെപ്പററി പരാമർശിക്കുന്ന മർക്കോസ് 1:29-31 കൂടെ കാണുക.)
1 തിമൊ. 3:2, Dy: “അതുകൊണ്ട് ഒരു മെത്രാൻ . . . ഏകഭാര്യയുടെ ഭർത്താവായിരിക്കുന്നത് ഉചിതമാണ്. [“ഒരിക്കൽ മാത്രം വിവാഹം ചെയ്തയാൾ,” NAB].”
ക്രിസ്തീയ യുഗത്തിന് മുൻപ് ബുദ്ധമതം അതിലെ പുരോഹിതൻമാരും സന്യാസികളും ബ്രഹ്മചര്യം പാലിക്കണമെന്ന് നിഷ്ക്കർഷിച്ചു. (ക്രിസ്തീയ സഭയിലെ പൗരോഹിത്യ ബ്രഹ്മചര്യത്തിന്റെ ചരിത്രം, [ഇംഗ്ലീഷ്] ലണ്ടൻ, 1932, നാലാം പതിപ്പ്, പരിഷ്ക്കരിച്ചത്, ഹെൻറി. സി. ലീ, പേ. 6) അതിനു മുൻപ് പോലും എ. ഹിസ്ലോപ്പിനാലുളള ദി ററു ബാബിലോൺസ് പറയുന്നതനുസരിച്ച് ബാബിലോണിലെ പൗരോഹിത്യവർഗ്ഗത്തിലെ ഉന്നതസ്ഥാനീയർ ബ്രഹ്മചര്യം അനുഷ്ഠിക്കേണ്ടതുണ്ടായിരുന്നു.—(ന്യൂയോർക്ക്, 1943), പേ. 219.
1 തിമൊ. 4:1-3, JB: “എന്നാൽ അന്ത്യകാലത്ത് വിശ്വാസം ത്യജിക്കുകയും വഞ്ചകാത്മാക്കളെയും പിശാചുക്കളിൽ നിന്ന് വരുന്ന ഉപദേശങ്ങളെയും ശ്രദ്ധിക്കാൻ ഇഷ്ടപ്പെടുകയും ചെയ്യുന്ന ചിലർ ഉണ്ടായിരിക്കുമെന്ന് ആത്മാവ് വ്യക്തമായി പറഞ്ഞിരിക്കുന്നു; . . . വിവാഹം വിലക്കപ്പെട്ടിരിക്കുന്നു എന്ന് അവർ പറയും.”
ലോകത്തിൽനിന്ന് വേർപെട്ടു നിൽക്കൽ
പോൾ ആറാമൻ പാപ്പാ 1965-ൽ ഐക്യരാഷ്ട്രങ്ങളെ അഭിസംബോധന ചെയ്യുകയിൽ ഇപ്രകാരം പറഞ്ഞു: “ഐക്യത്തിനും സമാധാനത്തിനും വേണ്ടിയുളള അന്തിമ പ്രത്യാശയെന്ന നിലയിൽ ഭൂമിയിലെ ജനങ്ങൾ ഐക്യരാഷ്ട്രങ്ങളിലേക്ക് നോക്കുന്നു; എന്റെതിനോടൊപ്പം അവരുടെയും ആദരവും പ്രത്യാശയും ഇവിടെ കാഴ്ചവയ്ക്കാൻ ഞാൻ ധൈര്യപ്പെടുകയാണ്.”—പാപ്പായുടെ സന്ദർശനം [ഇംഗ്ലീഷ്] (ന്യൂയോർക്ക്, 1965), റൈറം-ലൈഫ് സ്പെഷ്യൽ റിപ്പോർട്ട്, പേ. 26.
യോഹ. 15:19, JB: “[യേശുക്രിസ്തു പറഞ്ഞു:] നിങ്ങൾ ലോകത്തിന്റെതായിരുന്നെങ്കിൽ ലോകം അതിന്റെ സ്വന്തമെന്നപോലെ നിങ്ങളെ സ്നേഹിക്കുമായിരുന്നു; എന്നാൽ നിങ്ങൾ ലോകത്തിന്റെതായിരിക്കാത്തതിനാൽ, എന്റെ തെരഞ്ഞെടുപ്പ് നിങ്ങളെ ലോകത്തിൽ നിന്ന് പിൻവലിച്ചതിനാൽ, ലോകം നിങ്ങളെ വെറുക്കുന്നു.”
യാക്കോ. 4:4, JB: “ലോകത്തെ നിങ്ങളുടെ സ്നേഹിതനാക്കുന്നത് ദൈവത്തെ നിങ്ങളുടെ ശത്രുവാക്കുന്നുവെന്ന് നിങ്ങൾ തിരിച്ചറിയുന്നില്ലയോ?”
യുദ്ധായുധങ്ങളുടെ ഉപയോഗം
കത്തോലിക്കാ ചരിത്രകാരനായ ഇ. ഐ. വാററ്കിൻ എഴുതുന്നു: “ഇതു സമ്മതിക്കുക വേദനാജനകമാണെങ്കിലും തങ്ങളുടെ രാജ്യത്തെ ഗവൺമെൻറുകൾ നടത്തിയിട്ടുളള എല്ലാ യുദ്ധങ്ങളെയും മെത്രാൻമാർ എന്നും പിന്താങ്ങിയിട്ടുണ്ട് എന്ന ചരിത്രപരമായ വസ്തുത വ്യാജമായ നല്ല ദൃഷ്ടാന്തം വയ്ക്കാനുളള താൽപ്പര്യത്തിലും സത്യസന്ധമല്ലാത്ത ഭക്തിയുടെ പേരിലും നമുക്ക് നിഷേധിക്കാനാവില്ല. ദേശീയ സഭാ നേതൃത്വം ഏതെങ്കിലും യുദ്ധം അനീതിയാണ് എന്ന് പറഞ്ഞ് അതിനെ കുററം വിധിച്ചതായുളള ഒരൊററ സന്ദർഭം പോലും വാസ്തവത്തിൽ എനിക്ക് അറിഞ്ഞുകൂടാ . . . ഔദ്യോഗിക സിദ്ധാന്തം എന്തുതന്നെയായിരുന്നാലും പ്രയോഗത്തിൽ കത്തോലിക്കാ മെത്രാൻമാർ യുദ്ധ സമയത്ത് അനുസരിച്ചിട്ടുളള തത്വം ‘എന്റെ രാജ്യം എല്ലായ്പ്പോഴും ശരി’ എന്നതുതന്നെ ആയിരുന്നിട്ടുണ്ട്.”—മോറൽസ് ആൻഡ് മിസൈൽസ് (ലണ്ടൻ, 1959), ചാൾസ്. എസ്. തോംസൺ എഡിററ് ചെയ്തത്, പേ. 57, 58.
മത്താ. 26:52, JB: “യേശു അപ്പോൾ പറഞ്ഞു, ‘നിന്റെ വാൾ തിരികെ വയ്ക്കുക, എന്തുകൊണ്ടെന്നാൽ വാൾ എടുക്കുന്നവനെല്ലാം വാളാൽ മരിക്കും.’”
1 യോഹ. 3:10-12, JB: “ഈ വിധത്തിൽ ദൈവത്തിന്റെ മക്കളെയും പിശാചിന്റെ മക്കളെയും നമുക്ക് തിരിച്ചറിയാം: തന്റെ സഹോദരനെ സ്നേഹിക്കാത്ത ആരും . . . ദൈവത്തിന്റെ കുട്ടിയല്ല . . . ദുഷ്ടനായവന്റേതായി തന്റെ സഹോദരന്റെ കഴുത്തറുത്ത കയീനെപ്പോലെയായിരിക്കാതെ നാം അന്യോന്യം സ്നേഹിക്കണം.”
മേൽപറഞ്ഞതിന്റെ വെളിച്ചത്തിൽ, അപ്പോസ്തലൻമാരുടെ പിൻഗാമികൾ എന്ന് അവകാശപ്പെടുന്നവർ ക്രിസ്തുവും അപ്പോസ്തലൻമാരും ചെയ്തതുപോലെ പഠിപ്പിക്കുകയും പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ടോ?