‘സ്നാനം കഴിപ്പിച്ചു ശിഷ്യരാക്കുവിൻ’
“ആകയാൽ നിങ്ങൾ പുറപ്പെട്ടു . . . സ്നാനം കഴിപ്പിച്ചും ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ.”—മത്തായി 28:19, 20.
1. ഇസ്രായേൽ ജനത സീനായി പർവതത്തിന്റെ അടിവാരത്തിൽവെച്ച് എന്തു തീരുമാനം ചെയ്തു?
ഏകദേശം 3,500 വർഷംമുമ്പ് ഒരു ജനത ഒന്നടങ്കം ദൈവത്തോട് ഒരു പ്രതിജ്ഞ ചെയ്തു. സീനായി പർവതത്തിന്റെ അടിവാരത്തിൽ കൂടിവന്ന ഇസ്രായേല്യർ പരസ്യമായി ഇങ്ങനെ പ്രഖ്യാപിച്ചു: “യഹോവ കല്പിച്ചതൊക്കെയും ഞങ്ങൾ ചെയ്യും.” ആ നിമിഷംമുതൽ അവർ ദൈവത്തിനു സമർപ്പിക്കപ്പെട്ട ജനം—അവന്റെ ‘പ്രത്യേകസമ്പത്ത്’—ആയിത്തീർന്നു. (പുറപ്പാടു 19:5, 8; 24:3) അങ്ങനെ, ദിവ്യസംരക്ഷണം ആസ്വദിക്കുന്നതിനും “പാലും തേനും ഒഴുകുന്ന” ഒരു ദേശത്ത് തലമുറതലമുറയായി ജീവിക്കുന്നതിനും വേണ്ടി അവർ നോക്കിപ്പാർത്തിരുന്നു.—ലേവ്യപുസ്തകം 20:24.
2. ദൈവവുമായി എങ്ങനെയുള്ള ഒരു ബന്ധം ആസ്വദിക്കാൻ ഇന്നു മനുഷ്യർക്കു കഴിയും?
2 എന്നിരുന്നാലും സങ്കീർത്തനക്കാരനായ ആസാഫ് വെളിപ്പെടുത്തുന്നപ്രകാരം, ഇസ്രായേല്യർ “ദൈവത്തിന്റെ നിയമം പ്രമാണിച്ചില്ല.” അവർ “അവന്റെ ന്യായപ്രമാണത്തെ ഉപേക്ഷിച്ചുനടന്നു.” (സങ്കീർത്തനം 78:10) തങ്ങളുടെ പൂർവപിതാക്കന്മാർ യഹോവയ്ക്കു കൊടുത്ത വാക്കു നിറവേറ്റുന്നതിൽ അവർ പരാജയപ്പെട്ടു. ഒടുവിൽ ആ ജനതയ്ക്ക് ദൈവവുമായുണ്ടായിരുന്ന അനുപമ ബന്ധം നഷ്ടമായി. (സഭാപ്രസംഗി 5:4; മത്തായി 23:37, 38) അതുകൊണ്ട്, “തന്റെ നാമത്തിന്നായി ജാതികളിൽനിന്നു ഒരു ജനത്തെ എടുത്തുകൊൾവാൻ” ദൈവം നിശ്ചയിച്ചു. (പ്രവൃത്തികൾ 15:14) ഈ അന്ത്യനാളുകളിൽ, “സകല ജാതികളിലും ഗോത്രങ്ങളിലും വംശങ്ങളിലും ഭാഷകളിലുംനിന്നു ഉള്ളതായി ആർക്കും എണ്ണിക്കൂടാത്ത ഒരു മഹാപുരുഷാര”ത്തെ അവൻ കൂട്ടിച്ചേർത്തുകൊണ്ടിരിക്കുകയാണ്. “രക്ഷ എന്നുള്ളതു സിംഹാസനത്തിൽ ഇരിക്കുന്നവനായ നമ്മുടെ ദൈവത്തിന്റെയും കുഞ്ഞാടിന്റെയും ദാനം” എന്ന് ഈ മഹാപുരുഷാരം സന്തോഷത്തോടെ ഉദ്ഘോഷിക്കുന്നു.—വെളിപ്പാടു 7:9, 10.
3. ദൈവവുമായി വ്യക്തിപരമായ ബന്ധത്തിലേക്കു വരാൻ ഒരു വ്യക്തി ഏതെല്ലാം പടികൾ സ്വീകരിക്കണം?
3 യഹോവയുമായി അത്തരം വിലയേറിയ ബന്ധം ആസ്വദിക്കുന്നവരുടെ കൂട്ടത്തിൽ ആയിരിക്കുന്നതിന് ഒരുവൻ സ്വന്തം ജീവിതം യഹോവയ്ക്കു സമർപ്പിക്കുകയും അതിന്റെ പ്രതീകമെന്ന നിലയിൽ പരസ്യമായി ജലസ്നാപനം ഏൽക്കുകയും വേണം. അങ്ങനെ ചെയ്യുന്നത് ശിഷ്യന്മാർക്ക് യേശു നേരിട്ടു നൽകിയ പിൻവരുന്ന കൽപ്പനയോടുള്ള അനുസരണമായിരിക്കും: “ആകയാൽ നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ.” (മത്തായി 28:19, 20) മോശെ “നിയമപുസ്തകം” വായിച്ചപ്പോൾ ഇസ്രായേല്യർ അതു ശ്രദ്ധിച്ചുകേട്ടു. (പുറപ്പാടു 24:3, 7, 8) അതിലൂടെ, യഹോവയോടുള്ള തങ്ങളുടെ കടപ്പാടുകൾ അവർ തിരിച്ചറിഞ്ഞു. സമാനമായി ഇന്ന് ഒരു വ്യക്തി സ്നാപനമേൽക്കുന്നതിനുമുമ്പ് ദൈവവചനമായ ബൈബിളിലൂടെ വെളിപ്പെടുത്തിയിരിക്കുന്ന ദൈവോദ്ദേശ്യത്തെക്കുറിച്ചുള്ള സൂക്ഷ്മപരിജ്ഞാനം സമ്പാദിക്കേണ്ടത് അനിവാര്യമാണ്.
4. സ്നാപനത്തിനു യോഗ്യത നേടാൻ ഒരു വ്യക്തി എന്തു ചെയ്യണം? (മുകളിലുള്ള ചതുരവും കാണുക.)
4 തന്റെ ശിഷ്യന്മാർ സ്നാപനമേൽക്കുന്നതിനു മുമ്പായി അവരുടെ വിശ്വാസത്തിനു ശക്തമായ ഒരു അടിസ്ഥാനം ഉണ്ടായിരിക്കണമെന്ന് യേശു ആഗ്രഹിച്ചുവെന്നതു വ്യക്തമാണ്. പുറപ്പെട്ടു ചെന്ന് ആളുകളെ ശിഷ്യരാക്കാൻ മാത്രമല്ല, ‘താൻ കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിക്കാനും’ അവൻ തന്റെ അനുഗാമികളെ ഉദ്ബോധിപ്പിച്ചു. (മത്തായി 7:24, 25; എഫെസ്യർ 3:17-19) അതിനാൽ സാധാരണഗതിയിൽ, മാസങ്ങളോളമോ ഒന്നോ രണ്ടോ വർഷം പോലുമോ ബൈബിൾ പഠിച്ചതിനുശേഷമാണ് വ്യക്തികൾ സ്നാപനത്തിനു യോഗ്യത സമ്പാദിക്കുന്നത്, എടുത്തുചാടിയോ പൂർണ ബോധ്യം കൂടാതെയോ ഒരു തീരുമാനം എടുക്കുന്നത് ഒഴിവാക്കാൻ അത് അവരെ സഹായിക്കുന്നു. സ്നാപനത്തിനുമുമ്പ്, സുപ്രധാനമായ രണ്ടു ചോദ്യങ്ങൾക്ക് സ്നാപനാർഥികൾ “ഉവ്വ്” എന്ന് ഉത്തരം പറയുന്നു. നമ്മുടെ ‘ഉവ്വ്’ എന്ന വാക്ക് ‘ഉവ്വ്’ എന്നും ‘ഇല്ല’ എന്ന വാക്ക് ‘ഇല്ല’ എന്നും ആയിരിക്കട്ടെയെന്ന് യേശു പ്രത്യേകം പറഞ്ഞിരിക്കുന്ന സ്ഥിതിക്ക്, സ്നാപന സമയത്തെ ഈ രണ്ടു ചോദ്യങ്ങൾ വിശദമായി പുനരവലോകനം ചെയ്യുന്നത് നമുക്കെല്ലാവർക്കും പ്രയോജനം ചെയ്യും.—മത്തായി 5:37.
അനുതാപവും സമർപ്പണവും
5. സ്നാപനത്തിനു മുമ്പായി ചോദിക്കുന്ന ആദ്യ ചോദ്യം അടിസ്ഥാനപരമായ ഏതു രണ്ടു പടികൾ എടുത്തുകാട്ടുന്നു?
5 സ്നാപനവേളയിൽ ചോദിക്കുന്ന ആദ്യ ചോദ്യം സ്നാപനാർഥി മുൻ ജീവിതരീതി സംബന്ധിച്ച് അനുതപിക്കുകയും യഹോവയുടെ ഹിതം ചെയ്യാൻ തന്നെത്തന്നെ അവനു സമർപ്പിക്കുകയും ചെയ്തിരിക്കുന്നുവോ എന്നതാണ്. ഈ ചോദ്യം, സ്നാപനത്തിനു മുമ്പായി ഒരുവൻ സ്വീകരിക്കേണ്ട മർമപ്രധാനമായ രണ്ടു പടികൾ എടുത്തുകാട്ടുന്നു, അനുതാപവും സമർപ്പണവും.
6, 7. (എ) സ്നാപനമേൽക്കാൻ ആഗ്രഹിക്കുന്ന സകലരും അനുതപിക്കേണ്ടതു പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്? (ബി) അനുതാപത്തെത്തുടർന്ന് ജീവിതത്തിൽ എന്തു മാറ്റങ്ങൾ വരുത്തണം?
6 സ്നാപനമേൽക്കുന്നതിനു മുമ്പായി ഒരു വ്യക്തി അനുതപിക്കേണ്ടതു പ്രധാനമായിരിക്കുന്നത് എന്തുകൊണ്ടാണ്? പൗലൊസ് അപ്പൊസ്തലൻ ഇങ്ങനെ വിശദീകരിക്കുന്നു: “നാം എല്ലാവരും മുമ്പെ നമ്മുടെ ജഡമോഹങ്ങളിൽ നടന്നു.” (എഫെസ്യർ 2:3) ദൈവേഷ്ടം സംബന്ധിച്ച സൂക്ഷ്മപരിജ്ഞാനം നേടുന്നതിനുമുമ്പ്, മറ്റുള്ളവരെപ്പോലെ ലോകത്തിന്റെ മൂല്യങ്ങൾക്കും നിലവാരങ്ങൾക്കും ചേർച്ചയിൽ നാം ജീവിതം നയിച്ചു. നമ്മുടെ ജീവിതഗതി, ഈ വ്യവസ്ഥിതിയുടെ ദൈവമായ സാത്താന്റെ നിയന്ത്രണത്തിലായിരുന്നു. (2 കൊരിന്ത്യർ 4:4) എന്നാൽ ദൈവേഷ്ടം തിരിച്ചറിയുന്നതോടെ, “മനുഷ്യരുടെ മോഹങ്ങൾക്കല്ല, ദൈവത്തിന്റെ ഇഷ്ടത്തി”നായി ജീവിക്കാൻ നാം ദൃഢനിശ്ചയം ചെയ്യുന്നു.—1 പത്രൊസ് 4:2.
7 ഈ പുതിയ ജീവിതരീതി നിരവധി അനുഗ്രഹങ്ങൾ കൈവരുത്തുന്നു. സർവോപരി, യഹോവയുമായി അമൂല്യമായ ഒരു ബന്ധം സ്ഥാപിക്കാൻ അതു വഴിതുറക്കുന്നു. ദൈവത്തിന്റെ “കൂടാര”ത്തിലും “വിശുദ്ധപർവ്വത”ത്തിലും പ്രവേശിക്കാനുള്ള ഒരു ക്ഷണമെന്ന നിലയിലാണ് ദാവീദ് മഹത്തായ ആ പദവിയെ പരാമർശിക്കുന്നത്. (സങ്കീർത്തനം 15:1) എല്ലാവർക്കും യഹോവ ആ ക്ഷണം നൽകുകയില്ലെന്നതു യുക്തിസഹമാണ്. “നിഷ്കളങ്ക”രായി നടന്നു “നീതി പ്രവർത്തിക്കയും ഹൃദയപൂർവ്വം സത്യം സംസാരിക്കയും ചെയ്യുന്ന”വർക്കു മാത്രമുള്ളതാണ് അത്. (സങ്കീർത്തനം 15:2) അത്തരം യോഗ്യത നേടുന്നതിന്, നമ്മുടെ പൂർവകാല സ്വഭാവത്തിലും വ്യക്തിത്വത്തിലും ചില മാറ്റങ്ങൾ വരുത്തേണ്ടതുണ്ടായിരിക്കാം. (1 കൊരിന്ത്യർ 6:9-11; കൊലൊസ്സ്യർ 3:5-10) അത്തരം മാറ്റം വരുത്താൻ അനുതാപം—മുൻ ജീവിതഗതി സംബന്ധിച്ചുള്ള ആഴമായ പശ്ചാത്താപവും യഹോവയെ പ്രസാദിപ്പിക്കാനുള്ള ദൃഢനിശ്ചയവും—നമ്മെ പ്രചോദിപ്പിക്കും. സ്വാർഥവും ലോകത്തിന്റെ വഴികൾക്കു ചേർച്ചയിലുള്ളതുമായ ജീവിതരീതി ഉപേക്ഷിച്ചുകൊണ്ടും ദൈവത്തെ പ്രസാദിപ്പിക്കാൻ പരിശ്രമിച്ചുകൊണ്ടും ജീവിതത്തിൽ സമ്പൂർണമായ ഒരു മാറ്റം വരുത്താൻ അത് ഒരുവനെ പ്രേരിപ്പിക്കുന്നു.—പ്രവൃത്തികൾ 3:19.
8. നാം സമർപ്പണം നടത്തുന്നത് എങ്ങനെ, സ്നാപനവുമായി അത് എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?
8 സ്നാപനാർഥികളോടു ചോദിക്കുന്ന ആദ്യ ചോദ്യത്തിന്റെ രണ്ടാം ഭാഗം, അവർ യഹോവയുടെ ഹിതം ചെയ്യാൻ തങ്ങളെത്തന്നെ അവനു സമർപ്പിച്ചിരിക്കുന്നുവോ എന്നതാണ്. സ്നാപനത്തിനു മുമ്പായി കൈക്കൊള്ളേണ്ട അനിവാര്യമായ ഒരു പടിയാണ് സമർപ്പണം. നമ്മുടെ ജീവിതം യേശുക്രിസ്തുവിലൂടെ യഹോവയ്ക്കു വിട്ടുകൊടുക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ടുള്ള പ്രാർഥനയിലാണ് നാം അപ്രകാരം ചെയ്യുന്നത്. (റോമർ 14:7, 8; 2 കൊരിന്ത്യർ 5:15) അപ്പോൾ യഹോവ നമ്മുടെ കർത്താവും ഉടയവനും ആയിത്തീരുകയും യേശുവിനെപ്പോലെ ദൈവേഷ്ടം ചെയ്യുന്നതിൽ നാം സന്തോഷം കണ്ടെത്തുകയും ചെയ്യും. (സങ്കീർത്തനം 40:8; എഫെസ്യർ 6:6) ജീവിതത്തിൽ ഒരിക്കൽമാത്രമാണ് ഗൗരവമേറിയ ഈ വാഗ്ദാനം നാം യഹോവയ്ക്കു നൽകുന്നത്. എന്നിരുന്നാലും സമർപ്പണം എന്നത് നാം സ്വകാര്യമായി കൈക്കൊള്ളുന്ന ഒരു പടിയാണ്. അതുകൊണ്ട്, സ്നാപനമേൽക്കുന്ന ദിവസം പരസ്യമായി അക്കാര്യം പ്രഖ്യാപിക്കുമ്പോൾ നമ്മുടെ സ്വർഗീയ പിതാവിന്റെ മുമ്പാകെ ഭയഭക്തിപൂർവം നാം നടത്തിയിരിക്കുന്ന ആ സമർപ്പണത്തെക്കുറിച്ച് എല്ലാവരും അറിയാൻ ഇടവരും.—റോമർ 10:10.
9, 10. (എ) ദൈവേഷ്ടം ചെയ്യുന്നതിൽ എന്ത് ഉൾപ്പെട്ടിരിക്കുന്നു? (ബി) നാസി അധികാരികൾക്കുപോലും നമ്മുടെ സമർപ്പണത്തിന്റെ ആഴത്തെക്കുറിച്ചു ബോധ്യമുണ്ടായിരുന്നെന്ന് എന്തു തെളിയിക്കുന്നു?
9 യേശുവിന്റെ ദൃഷ്ടാന്തത്തിനു ചേർച്ചയിൽ ദൈവേഷ്ടം ചെയ്യുന്നതിൽ എന്ത് ഉൾപ്പെട്ടിരിക്കുന്നു? ശിഷ്യന്മാരോട് യേശു ഇങ്ങനെ പറഞ്ഞു: “ഒരുത്തൻ എന്റെ പിന്നാലെ വരുവാൻ ഇച്ഛിച്ചാൽ തന്നെത്താൻ ത്യജിച്ചു, തന്റെ ക്രൂശു എടുത്തു എന്നെ അനുഗമിക്കട്ടെ [“തന്റെ ദണ്ഡനസ്തംഭം എടുത്ത് തുടർച്ചയായി എന്നെ അനുഗമിക്കട്ടെ,” NW].” (മത്തായി 16:24) നാം ചെയ്യേണ്ട മൂന്നു കാര്യങ്ങൾ അവൻ ഇവിടെ ചൂണ്ടിക്കാട്ടുന്നു. ആദ്യമായി നാം നമ്മെത്തന്നെ “ത്യജി”ക്കുന്നു. മറ്റു വാക്കുകളിൽ പറഞ്ഞാൽ, സ്വാർഥവും അപൂർണവുമായ ചായ്വുകൾ തള്ളിക്കളഞ്ഞുകൊണ്ട് ദൈവത്തിന്റെ ബുദ്ധിയുപദേശവും മാർഗനിർദേശവും നാം കൈക്കൊള്ളുന്നു. രണ്ടാമതായി, നാം ‘നമ്മുടെ ദണ്ഡനസ്തംഭം എടുക്കുന്നു.’ ദണ്ഡനസ്തംഭം യേശുവിന്റെ നാളിൽ അപമാനത്തിന്റെയും കഷ്ടപ്പാടിന്റെയും പ്രതീകമായിരുന്നു. ക്രിസ്ത്യാനികളെന്ന നിലയിൽ, സുവിശേഷത്തിനുവേണ്ടി ഇടയ്ക്കെല്ലാം കഷ്ടങ്ങൾ സഹിക്കേണ്ടിവരുമെന്ന് നാം തിരിച്ചറിയുന്നു. (2 തിമൊഥെയൊസ് 1:8) ലോകം നമ്മെ പരിഹസിക്കുകയോ കുറ്റംവിധിക്കുകയോ ചെയ്താൽപ്പോലും, ദൈവത്തിനു പ്രസാദകരമായ വിധത്തിൽ പ്രവർത്തിക്കുകയാണെന്ന തിരിച്ചറിവിൽ സന്തോഷിച്ചുകൊണ്ട് യേശുവിനെപ്പോലെ നാം “അപമാനം അലക്ഷ്യ”മാക്കുന്നു. (എബ്രായർ 12:2) ഒടുവിൽ, യേശുവിനെ നാം “തുടർച്ചയായി” അനുഗമിക്കുന്നു.—സങ്കീർത്തനം 73:26; 119:44; 145:2.
10 ദൈവത്തിനു സമ്പൂർണ സേവനം അർപ്പിക്കാൻ യഹോവയുടെ സാക്ഷികൾ തങ്ങളെത്തന്നെ അവനു സമർപ്പിച്ചിരിക്കുന്നുവെന്ന വസ്തുത എതിരാളികളിൽ ചിലർക്കുപോലും ബോധ്യമുള്ള കാര്യമാണ്. ഉദാഹരണത്തിന്, നാസി ജർമനിയിലെ ബൂകെൻവൊൾഡ് തടങ്കൽപ്പാളയത്തിലുണ്ടായിരുന്ന, വിശ്വാസം തള്ളിപ്പറയാൻ വിസമ്മതിച്ച സാക്ഷികളോട് പിൻവരുന്ന അച്ചടിച്ച പ്രസ്താവനയിൽ ഒപ്പുവെക്കാൻ ആവശ്യപ്പെടുകയുണ്ടായി: “അർപ്പിതനായ ഒരു ബൈബിൾ വിദ്യാർഥി എന്ന എന്റെ നിലയ്ക്കു യാതൊരു മാറ്റവുമില്ല, യഹോവയോടു ഞാൻ ചെയ്തിരിക്കുന്ന പ്രതിജ്ഞ ഒരിക്കലും ലംഘിക്കുകയുമില്ല.” സമർപ്പിതരായ എല്ലാ വിശ്വസ്ത ദൈവദാസരുടെയും മനോഭാവമാണ് ഇതു വ്യക്തമായി പ്രതിഫലിപ്പിക്കുന്നത്!—പ്രവൃത്തികൾ 5:32.
യഹോവയുടെ സാക്ഷികളിൽ ഒരാളായി തിരിച്ചറിയിക്കപ്പെടുന്ന
11. സ്നാപനമേൽക്കുന്ന വ്യക്തിക്ക് എന്തു പദവി ലഭിക്കുന്നു?
11 രണ്ടാമത്തെ ചോദ്യത്തിൽ ഉൾപ്പെട്ടിരിക്കുന്ന ഒരു സംഗതി, യഹോവയുടെ സാക്ഷികളിൽപ്പെട്ട ഒരു വ്യക്തിയായി സ്നാപനം തന്നെ തിരിച്ചറിയിക്കുന്നു എന്ന വസ്തുത സ്നാപനാർഥി മനസ്സിലാക്കുന്നുവോ എന്നതാണ്. സ്നാപനമേറ്റുകഴിയുമ്പോൾ അദ്ദേഹം യഹോവയുടെ നാമം വഹിക്കുന്ന ഒരു നിയമിത ശുശ്രൂഷകൻ ആയിത്തീരുന്നു. ഇതു വലിയ ഒരു പദവിയും ഒപ്പം ഗൗരവമേറിയ ഒരു ഉത്തരവാദിത്വവുമാണ്. യഹോവയോടു വിശ്വസ്തനായി തുടരുന്നപക്ഷം, ശാശ്വതമായ രക്ഷ ലഭിക്കുമെന്ന പ്രത്യാശയും സ്നാപനമേൽക്കുന്ന വ്യക്തിക്കുണ്ടായിരിക്കാൻ കഴിയും.—മത്തായി 24:13.
12. യഹോവയുടെ നാമം വഹിക്കുകയെന്ന ബഹുമതിക്കൊപ്പം ഏത് ഉത്തരവാദിത്വം നമ്മുടെമേൽ വരുന്നു?
12 സർവശക്തനാം ദൈവമായ യഹോവയുടെ നാമം വഹിക്കുകയെന്നത് ഒരതുല്യ പദവിയാണെന്നതിൽ സംശയമില്ല. പ്രവാചകനായ മീഖാ ഇങ്ങനെ പറഞ്ഞു: “സകല ജാതികളും താന്താങ്ങളുടെ ദേവന്മാരുടെ നാമത്തിൽ നടക്കുന്നുവല്ലോ; നാമും നമ്മുടെ ദൈവമായ യഹോവയുടെ നാമത്തിൽ എന്നും എന്നെന്നേക്കും നടക്കും.” (മീഖാ 4:5) എന്നിരുന്നാലും ഈ ബഹുമതിക്കൊപ്പം ഒരു ഉത്തരവാദിത്വം നമ്മുടെമേൽ വരുന്നു. നാം വഹിക്കുന്ന നാമത്തിനു മഹത്ത്വം കരേറ്റുന്ന വിധത്തിൽ ജീവിതം നയിക്കാൻ നാം ശ്രമിക്കണം. റോമിലുള്ള ക്രിസ്ത്യാനികളെ പൗലൊസ് ഓർമിപ്പിച്ചതുപോലെ, ഒരു വ്യക്തി മറ്റുള്ളവരെ പഠിപ്പിക്കുന്നതിനു ചേർച്ചയിൽ ജീവിക്കുന്നില്ലെങ്കിൽ ദൈവനാമം “ദുഷിക്കപ്പെ”ടും അഥവാ നിന്ദിക്കപ്പെടും.—റോമർ 2:21-24.
13. യഹോവയുടെ സമർപ്പിത ദാസർക്ക് തങ്ങളുടെ ദൈവത്തിന്റെ സാക്ഷികളായിരിക്കാനുള്ള ഉത്തരവാദിത്വം ഉള്ളത് എന്തുകൊണ്ട്?
13 യഹോവയുടെ സാക്ഷികളിൽ ഒരുവനായിത്തീരുന്ന വ്യക്തിക്ക് താൻ ആരാധിക്കുന്ന ദൈവത്തിനു സാക്ഷ്യം വഹിക്കാനുള്ള ഉത്തരവാദിത്വവും ഉണ്ട്. തന്റെ ശാശ്വത ദൈവികത്വം മറ്റുള്ളവർക്കു മുമ്പാകെ ഉയർത്തിപ്പിടിക്കുന്ന സാക്ഷികൾ ആയിത്തീരാൻ സമർപ്പിത ജനതയായ ഇസ്രായേലിനെ യഹോവ ആഹ്വാനം ചെയ്തു. (യെശയ്യാവു 43:10-12, 21) എന്നാൽ അങ്ങനെ പ്രവർത്തിക്കുന്നതിൽ ആ ജനത പരാജയപ്പെട്ടു, ഒടുവിൽ യഹോവ അവരെ തള്ളിക്കളയുകയും ചെയ്തു. ഇന്ന്, യഹോവയ്ക്കു സാക്ഷ്യം വഹിക്കാനുള്ള പദവി ലഭിച്ചിരിക്കുന്നതിൽ സത്യക്രിസ്ത്യാനികളായ നാം അഭിമാനിക്കുന്നു. നാം യഹോവയെ സ്നേഹിക്കുകയും അവന്റെ നാമം വിശുദ്ധീകരിക്കപ്പെടുന്നതു കാണാൻ വാഞ്ഛിക്കുകയും ചെയ്യുന്നതുകൊണ്ടാണ് നാം അവനു സാക്ഷ്യം വഹിക്കുന്നത്. നമ്മുടെ സ്വർഗീയ പിതാവിനെയും അവന്റെ ഉദ്ദേശ്യത്തെയും കുറിച്ചു മനസ്സിലാക്കിയിരിക്കുന്ന നമുക്ക് എങ്ങനെ നിശ്ശബ്ദരായിരിക്കാൻ കഴിയും? “നിർബന്ധം എന്റെ മേൽ കിടക്കുന്നു. ഞാൻ സുവിശേഷം അറിയിക്കുന്നില്ല എങ്കിൽ എനിക്കു അയ്യോ കഷ്ടം!” എന്നു പറഞ്ഞ പൗലൊസ് അപ്പൊസ്തലന്റെ വികാരമാണ് ഇക്കാര്യത്തിൽ നമുക്കുള്ളത്.—1 കൊരിന്ത്യർ 9:16.
14, 15. (എ) നമ്മുടെ ആത്മീയ വളർച്ചയിൽ യഹോവയുടെ സംഘടന എന്തു പങ്കുവഹിക്കുന്നു? (ബി) നമ്മുടെ ആത്മീയ ക്ഷേമത്തിന് എന്തെല്ലാം ക്രമീകരണങ്ങൾ ചെയ്യപ്പെട്ടിരിക്കുന്നു?
14 രണ്ടാമത്തെ ചോദ്യം, യഹോവയുടെ ആത്മാവിനാൽ നയിക്കപ്പെടുന്ന സംഘടനയോടൊത്തു പ്രവർത്തിക്കാനുള്ള ഉത്തരവാദിത്വം തങ്ങൾക്കുണ്ടെന്നും സ്നാപനാർഥികളെ ഓർമിപ്പിക്കുന്നു. ഒറ്റപ്പെട്ടുനിന്നുകൊണ്ട് ദൈവത്തെ സേവിക്കാൻ നമുക്കാവില്ല, മുഴു“സഹോദരവർഗ്ഗ”ത്തിന്റെയും സഹായവും പിന്തുണയും പ്രോത്സാഹനവും നമുക്ക് ആവശ്യമാണ്. (1 പത്രൊസ് 2:17; 1 കൊരിന്ത്യർ 12:12, 13) നമ്മുടെ ആത്മീയ വളർച്ചയിൽ ദൈവസംഘടന നിർണായക പങ്കുവഹിക്കുന്നു. സൂക്ഷ്മപരിജ്ഞാനത്തിൽ വർധിച്ചുവരാനും പ്രശ്നങ്ങൾ നേരിടുമ്പോൾ ജ്ഞാനപൂർവം പ്രവർത്തിക്കാനും ദൈവവുമായി ഉറ്റബന്ധം നട്ടുവളർത്താനും നമ്മെ സഹായിക്കുന്ന ബൈബിൾ പ്രസിദ്ധീകരണങ്ങൾ സംഘടന നിർലോഭം പ്രദാനം ചെയ്യുന്നു. മക്കളെ പോറ്റിവളർത്തുന്ന ഒരമ്മയെപ്പോലെ “വിശ്വസ്തനും വിവേകിയുമായ അടിമ,” നമ്മുടെ ആത്മീയ ക്ഷേമത്തിനായി കാലാനുസൃതമായ ആത്മീയ ഭക്ഷണം സമൃദ്ധമായി വിളമ്പിത്തരുന്നു.—മത്തായി 24:45-47, NW; 1 തെസ്സലൊനീക്യർ 2:7, 8.
15 യഹോവയുടെ വിശ്വസ്ത സാക്ഷികൾ ആയിരിക്കാൻ ആവശ്യമായ പരിശീലനവും പ്രോത്സാഹനവും വാരം തോറുമുള്ള യോഗങ്ങളിൽ അവന്റെ ജനത്തിനു ലഭിക്കുന്നു. (എബ്രായർ 10:24, 25) പൊതുജനങ്ങളോടു സംസാരിക്കാൻ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ നമ്മെ പഠിപ്പിക്കുന്നു. അതേസമയം സേവനയോഗം, നമ്മുടെ സന്ദേശം ഫലപ്രദമായി അവതരിപ്പിക്കാൻ നമ്മെ പരിശീലിപ്പിക്കുന്നു. യഹോവയുടെ ആത്മാവ് അവന്റെ സംഘടനയെ സജീവമായി നയിക്കുന്നുവെന്നു കാണാൻ നമ്മുടെ യോഗങ്ങളും വ്യക്തിപരമായ ബൈബിൾ പഠനവും നമ്മെ സഹായിക്കും. തുടർച്ചയായ അത്തരം ക്രമീകരണങ്ങളിലൂടെ ദൈവം, അപകടങ്ങളെക്കുറിച്ചു നമുക്കു മുന്നറിയിപ്പു നൽകുകയും സമർഥരായ ശുശ്രൂഷകരായിരിക്കാൻ നമ്മെ പരിശീലിപ്പിക്കുകയും ആത്മീയമായി ഉണർന്നിരിക്കാൻ നമ്മെ സഹായിക്കുകയും ചെയ്യുന്നു.—സങ്കീർത്തനം 19:7, 8, 11; 1 തെസ്സലൊനീക്യർ 5:6, 11; 1 തിമൊഥെയൊസ് 4:13.
സ്നാപനത്തിനു പ്രേരിപ്പിക്കുന്ന ആന്തരം
16. ജീവിതം യഹോവയ്ക്കു സമർപ്പിക്കാൻ നമ്മെ എന്തു പ്രേരിപ്പിക്കുന്നു?
16 സ്നാപനത്തിനു മുമ്പായി ചോദിക്കുന്ന രണ്ടു ചോദ്യങ്ങളും ജലസ്നാപനത്തിന്റെ പ്രാധാന്യത്തെയും അതു കൈവരുത്തുന്ന ഉത്തരവാദിത്വങ്ങളെയും കുറിച്ചു സ്നാപനാർഥികളെ ഓർമിപ്പിക്കുന്നെന്ന് നമ്മൾ കണ്ടു. ആ സ്ഥിതിക്ക്, സ്നാപനമേൽക്കാൻ തീരുമാനിക്കുന്നതിന് അവരെ പ്രേരിപ്പിക്കുന്ന സംഗതി എന്തായിരിക്കണം? ആരെങ്കിലും നിർബന്ധിക്കുന്നതുകൊണ്ടല്ല, പിന്നെയോ യഹോവ നമ്മെ “ആകർഷി”ക്കുന്നതുകൊണ്ടാണ് നാം സ്നാപനമേറ്റ ശിഷ്യന്മാരായിത്തീരുന്നത്. (യോഹന്നാൻ 6:44) “ദൈവം സ്നേഹം” ആയിരിക്കുന്നതിനാൽ അവന്റെ ആധിപത്യം അധിഷ്ഠിതമായിരിക്കുന്നത് സ്നേഹത്തിലാണ്, തന്നെ അനുസരിക്കാൻ അവൻ സൃഷ്ടികളെ നിർബന്ധിക്കുന്നില്ല. (1 യോഹന്നാൻ 4:8) യഹോവയുടെ ആർദ്ര ഗുണങ്ങളും അവൻ നമ്മോട് ഇടപെടുന്ന വിധവുമാണ് നമ്മെ അവനിലേക്ക് ആകർഷിക്കുന്നത്. തന്റെ ഏകജാതപുത്രനെ നമുക്കായി നൽകിക്കൊണ്ട് മഹത്തായ ഒരു ഭാവിജീവിതം അവൻ നമുക്കു വാഗ്ദാനം ചെയ്തിരിക്കുന്നു. (യോഹന്നാൻ 3:16) അതെല്ലാം, ജീവിതം യഹോവയ്ക്കു സമർപ്പിക്കാൻ നമ്മെ പ്രചോദിപ്പിക്കുന്നു.—സദൃശവാക്യങ്ങൾ 3:9; 2 കൊരിന്ത്യർ 5:14, 15.
17. നാം നമ്മെത്തന്നെ സമർപ്പിക്കുന്നത് ആർക്കാണ്, എന്തിനല്ല?
17 നാം നമ്മെത്തന്നെ സമർപ്പിക്കുന്നത് യഹോവയാം ദൈവത്തിനാണ്—ഏതെങ്കിലുമൊരു പ്രത്യയശാസ്ത്രത്തിനോ ദൗത്യത്തിനോ അല്ല. തന്റെ ജനത്തിനു ദൈവം നിയമിച്ചുകൊടുക്കുന്ന വേലയിൽ മാറ്റമുണ്ടായേക്കാം, എന്നാൽ അവനോടുള്ള അവരുടെ സമർപ്പണത്തിനു മാറ്റമില്ല. ഉദാഹരണത്തിന്, അവൻ അബ്രാഹാമിനോട് ആവശ്യപ്പെട്ട കാര്യം യിരെമ്യാവിനോട് ആവശ്യപ്പെട്ടതിൽനിന്ന് ഏറെ വ്യത്യസ്തമായിരുന്നു. (ഉല്പത്തി 13:17, 18; യിരെമ്യാവു 1:6, 7) എങ്കിലും, ദൈവം തങ്ങൾക്കു നൽകിയ പ്രത്യേക ദൗത്യം അവർ ഇരുവരും നിറവേറ്റി, കാരണം അവർ യഹോവയെ സ്നേഹിക്കുകയും വിശ്വസ്തതയോടെ അവന്റെ ഇഷ്ടം ചെയ്യാൻ ആഗ്രഹിക്കുകയും ചെയ്തു. ഈ അന്ത്യനാളുകളിൽ, ക്രിസ്തുവിന്റെ സ്നാപനമേറ്റ എല്ലാ അനുഗാമികളും രാജ്യസുവാർത്ത പ്രസംഗിക്കാനും ശിഷ്യരെ ഉളവാക്കാനുമുള്ള അവന്റെ കൽപ്പന അനുസരിക്കുന്നു. (മത്തായി 24:14; 28:19, 20) ആത്മാർഥതയോടെ ആ വേല ചെയ്യുന്നത്, നാം നമ്മുടെ സ്വർഗീയ പിതാവിനെ സ്നേഹിക്കുന്നുവെന്നും നാം യഥാർഥമായും അവനു സമർപ്പിക്കപ്പെട്ടിരിക്കുന്നുവെന്നും പ്രകടിപ്പിക്കാനുള്ള നല്ലൊരു മാർഗമാണ്.—1 യോഹന്നാൻ 5:3.
18, 19. (എ) സ്നാപനമേൽക്കുന്നതിലൂടെ നാം പരസ്യമായി എന്തു പ്രഖ്യാപിക്കുന്നു? (ബി) അടുത്ത ലേഖനത്തിൽ നാം എന്തു പരിചിന്തിക്കും?
18 സ്നാപനം അനേകം അനുഗ്രഹങ്ങളിലേക്കു വഴിതുറക്കുന്നുവെന്നതിനു സംശയമില്ല. എന്നാൽ വളരെ ചിന്തിച്ചു ചെയ്യേണ്ട, ഗൗരവാവഹമായ ഒരു പടിയാണ് അത്. (ലൂക്കൊസ് 14:26-33) മറ്റെല്ലാ ഉത്തരവാദിത്വങ്ങളെക്കാളും പ്രാധാന്യം അർഹിക്കുന്ന ഒരു തീരുമാനത്തിന്റെ പ്രകടനമാണ് അത്. (ലൂക്കൊസ് 9:62) യഥാർഥത്തിൽ, സ്നാപനമേൽക്കുമ്പോൾ നാം പിൻവരുന്ന പരസ്യ പ്രഖ്യാപനം നടത്തുകയാണു ചെയ്യുന്നത്: “ഈ ദൈവം എന്നും എന്നേക്കും നമ്മുടെ ദൈവമാകുന്നു; അവൻ നമ്മെ ജീവപര്യന്തം വഴിനടത്തും.”—സങ്കീർത്തനം 48:14.
19 അടുത്ത ലേഖനം, ജലസ്നാപനത്തോടുള്ള ബന്ധത്തിൽ ഉയർന്നുവന്നേക്കാവുന്ന കൂടുതലായ ചോദ്യങ്ങൾ പരിചിന്തിക്കും. സ്നാപനമേൽക്കുന്നതിൽനിന്നു മാറിനിൽക്കാൻ ഒരു വ്യക്തിക്ക് സാധുവായ കാരണങ്ങളുണ്ടായിരിക്കുമോ? ഇക്കാര്യത്തിൽ പ്രായത്തിന് എന്തെങ്കിലും പ്രാധാന്യമുണ്ടോ? സ്നാപനവേളയുടെ അന്തസ്സിനു ചേരുംവിധം പ്രവർത്തിക്കാൻ എല്ലാവർക്കും എങ്ങനെ കഴിയും?
നിങ്ങൾക്കു വിശദീകരിക്കാമോ?
• സ്നാപനത്തിനു മുമ്പായി ഓരോ ക്രിസ്ത്യാനിയും അനുതപിക്കേണ്ടതു പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
• ദൈവത്തിനുള്ള സമർപ്പണത്തിൽ എന്ത് ഉൾപ്പെട്ടിരിക്കുന്നു?
• യഹോവയുടെ നാമം വഹിക്കുന്നതിനുള്ള ബഹുമതി നമുക്ക് എന്ത് ഉത്തരവാദിത്വം കൈവരുത്തുന്നു?
• സ്നാപനമേൽക്കാനുള്ള തീരുമാനമെടുക്കാൻ നമ്മെ പ്രേരിപ്പിക്കുന്നത് എന്തായിരിക്കണം?
[22-ാം പേജിലെ ചതുരം/ചിത്രം]
സ്നാപനത്തിനു മുമ്പുള്ള രണ്ടു ചോദ്യങ്ങൾ
യേശുക്രിസ്തുവിന്റെ ബലിയുടെ അടിസ്ഥാനത്തിൽ, നിങ്ങൾ സ്വന്ത പാപങ്ങൾ സംബന്ധിച്ച് അനുതപിക്കുകയും യഹോവയുടെ ഹിതം ചെയ്യാൻ നിങ്ങളെത്തന്നെ അവനു സമർപ്പിക്കുകയും ചെയ്തിരിക്കുന്നുവോ?
നിങ്ങളുടെ സമർപ്പണവും സ്നാപനവും, നിങ്ങളെ ദൈവാത്മ നടത്തിപ്പുള്ള സംഘടനയുമായുള്ള സഹവാസത്തിൽ യഹോവയുടെ സാക്ഷികളിൽപ്പെട്ട ഒരു വ്യക്തിയായി തിരിച്ചറിയിക്കുന്നുവെന്ന് നിങ്ങൾ മനസ്സിലാക്കുന്നുവോ?
[23-ാം പേജിലെ ചിത്രം]
പ്രാർഥനയിൽ നാം യഹോവയ്ക്കു നൽകുന്ന ഗൗരവമേറിയ വാഗ്ദാനമാണ് സമർപ്പണം
[25-ാം പേജിലെ ചിത്രം]
ദൈവത്തിനുള്ള നമ്മുടെ സമർപ്പണത്തിന്റെ പ്രകടനമാണ് പ്രസംഗപ്രവർത്തനം